ആഷ് അഷിത

ശോഭ കൊലക്കേസ്

കുറെ നേരം കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും മണം പിടിച്ചും മതിയാവുമ്പോൾ അവൾ ബാഗിൽ നിന്നും അവളുടെ അമ്മച്ചി അടുപ്പിൽ വരട്ടിയെടുത്ത പോത്തിറച്ചിയും വെള്ളയപ്പവും പുറത്തെടുക്കും. അവളെ രുചി നോക്കിയ അതേ ആർത്തിയോടെ ബിജു അതെല്ലാം തിന്നുതീർക്കുന്നത് നോക്കി അവൾ പേരമരത്തിന്റെ ചില്ലയിൽ കയറിയിരിക്കും. 

ഴച്ചുനിൽക്കുന്ന റബ്ബർ മരങ്ങളുടെ ഇടയിൽ കൂനിപ്പിടിച്ചിരിക്കുന്നതിനാൽ താഴെയുള്ള മൺറോഡിൽ നിന്നും നോക്കുമ്പോൾ അങ്ങനെയൊരു വീട് അവിടെ ഉള്ളതായി തോന്നില്ല. ഇടവിളയായ കാപ്പിച്ചെടികൾ മത്തുപിടിച്ച് പൂത്തുലഞ്ഞതിന്റെ മണം വീടിനോടടുക്കും തോറും കൂടിവരുന്നത് ബിജു ശ്രദ്ധിച്ചു.

രണ്ടാഴ്ച മുമ്പ് ബേസിച്ചായന്റെ കൂടെ വന്നപ്പോൾ കണ്ട പഴഞ്ചൻനിറമല്ല വീടിനിപ്പോൾ. ‘നമ്മുടെ സാജുമോന്റെ പണിക്കാര് ഒറ്റദിവസം കൊണ്ടല്ലേ തൂപ്പും തുടപ്പും പെയിന്റടിയും തീർത്തേച്ച് പോയത്. ബംഗാളികൾക്കാണേൽ  പ്രേതത്തേം ഭൂതത്തേം ഒന്നും പേടിയുമില്ലേ...’, ബേസിച്ചായൻ ചുമരിലെ പുത്തൻപെയിന്റിൽ വിരലുരച്ച് മണത്തുനോക്കി. അങ്ങേരുടെ കാനഡയിലുള്ള പെങ്ങൾ ബെൻസിയുടെ പേരിലുള്ള പറമ്പാണ്.

‘കേട്ടോ മോനേ...’, അയാൾ രഹസ്യം പറയാനുള്ള ഒരുക്കത്തിന്റെ ഭാഗമായി വെള്ളമുണ്ടിന്റെ മടിക്കുത്ത് അഴിച്ചു. മരങ്ങൾക്കിടയിലൂടെ പിശുക്കിത്തെളിഞ്ഞ ആകാശത്തിലേക്ക് നോക്കി കുരിശ് വരച്ചു.
‘മോന് ഇതിലൊന്നും വിശ്വാസമില്ലെന്ന് പറഞ്ഞാലും ഞങ്ങടെ ചെല രീതികളൊക്കെ പാലിക്കണമല്ലോ... പള്ളീന്ന് കൊണ്ടുവന്ന ആന്നാൻവെള്ളം ഞാനും സാജുമോനും കൂടെ എല്ലാടത്തും തളിച്ചിരുന്നു കേട്ടോ. എന്തൊക്കെ പറഞ്ഞാലും ആറേഴു കൊല്ലം അടച്ചിട്ടതല്ലാരുന്നോ... അച്ചൻ വരാമെന്നേറ്റതാരുന്നു. പക്ഷെ വിളിക്കാൻ ചെന്നപ്പോ കാലിനൊരു ഏനക്കേട് പറഞ്ഞു. ഈ കയറ്റം കേറാൻ ഇച്ചിരെ മെനെക്കേടാണല്ലോ. സാജുമോൻ പറയുന്നേ സിനിമേലൊക്കെ കാണുന്ന പോലെ പ്രേതത്തെ ഓടിക്കാനുള്ള പാങ്ങൊന്നും നമ്മടെ അച്ഛനില്ലെന്നാ ...’

സാജുമോൻ ബംഗാളികളെ വെച്ച് കോൺട്രാക്ട് പണി ചെയ്ത് അപ്പനേക്കാൾ വലിയ മുതലാളിയായിട്ടുണ്ട്.

മൊസൈക്കിട്ട നീളൻ വരാന്ത ഉണ്ടെങ്കിലും അത് ഗ്രില്ലിട്ടടച്ചിരിക്കുകയാണ്. കിണറിനെ ചുറ്റി വലിയ രീതിയിൽ കാട് വളർന്നിട്ടുണ്ട്. വീട്ടിലേയ്ക്ക് കയറിവരുന്നവർക്ക് അവഗണിക്കാൻ പറ്റാത്ത സ്ഥാനത്താണ് കിണർ. വല പോലെ പാഷൻഫ്രൂട്ടിന്റെ വള്ളികൾ അള്ളിപ്പിടിച്ചു കിടക്കുന്നു.
‘കിണറ് നന്നാക്കിയെടുക്കാൻ ഇച്ചിരെ കൂടെ സമയം വേണമെന്നാണ് സാജുമോൻ പറയുന്നേ...തൽക്കാലം വെള്ളം നമ്മുടെ പറമ്പിലെ കിണറ്റീന്ന് ഇങ്ങോട്ട് കണക്ട് ചെയ്തിട്ടുണ്ട്...’, ബേസിച്ചായൻ നിന്നിടത്ത് നിന്ന് വിളിച്ചുപറഞ്ഞു.
കയ്യിലുണ്ടായിരുന്ന രണ്ടു ബാഗുകളും ബിജു ചവിട്ടുപടിയിലേയ്ക്ക് കയറ്റിവെച്ചപ്പോൾ ബേസിച്ചായൻ ഓട്ടോക്കാരനെ കൂവി വിളിച്ചു. മുകളിലേയ്ക്ക് വണ്ടി കേറ്റാൻ തന്നെ അയാൾക്ക് മടിയായിരുന്നു, ‘മോനെ ഒരു കൈ സഹായം കൊടുത്തേ...’

ഓട്ടോക്കാരന്റെ നോട്ടം മുറ്റത്തോട് ചേർന്നുകിടക്കുന്ന കിണറിലോട്ട് ആയിരുന്നു. അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴത്തി ശോഭയും ഒന്നര വയസ്സുള്ള മകളും കിണറ്റിൽ ചത്തുപൊങ്ങിയതിന് ശേഷം ആ വഴി നടക്കാൻ തന്നെ ആളുകൾക്ക് പേടിയായിരുന്നു. അയാൾ ഉള്ളിലേയ്ക്ക് കയറാൻ മടിച്ച് വട്ടം തിരിയുന്നത് കണ്ടപ്പോൾ ബിജു തന്നെ രണ്ടു ബാഗുകളും കയ്യിലെടുത്ത് ഉള്ളിലേയ്ക്ക് കയറി.

‘ഹാ നിങ്ങള് കരാട്ടെക്കാരനാണെന്ന് ഞാനങ്ങ് മറന്നുപോയി കേട്ടോ...’, ബേസിച്ചായൻ ഉച്ചത്തിൽ ചിരിക്കുകയും ഓട്ടോക്കാരനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കുകയും ചെയ്തു.
ആ ടൗണിലെ ആദ്യത്തെ കരാട്ടെ സെന്റർ തുടങ്ങിയ ആളാണ് ബിജു. അത് കയറി ക്ലിക്ക് ആയപ്പോൾ അയാൾ അതിനോട് ചേർന്ന മുറി കൂടെ വാടകയ്ക്കെടുത്ത് ഒരു ജിമ്മും തുടങ്ങി. അന്നാട്ടിലെ ചോര തിളയ്ക്കുന്ന പ്രായക്കാർ സൽമാൻഖാന്റെയും ബാബു ആന്റണിയുടെയുമൊക്കെ മസിൽ നോക്കി വെള്ളമിറക്കി കഴിയുകയായിരുന്നു. ആ വർഷം മിസ്റ്റർ കേരള ആയിരുന്ന അബു സലിമിന്റെ മസിൽ വീർപ്പിച്ച ചിത്രമായിരുന്നു കടയുടെ പരസ്യബോർഡിൽ. അയാൾ ബിജുവിന്റെ കൂട്ടുകാരനാണെന്നൊരു കഥയും ആരോ പറഞ്ഞുപരത്തിയിരുന്നു. യഥാർഥത്തിൽ കട തന്നെ ആയാളുടേത് ആണെന്നും സിനിമകളിലൊക്കെ വില്ലൻ വേഷം ചെയ്യുന്ന തിരക്കായതിനാൽ ബിജുവിനെ മേൽനോട്ടം എൽപ്പിച്ചതാണെന്നും ചിലർ പറഞ്ഞു. അതിന്റെ പേരിൽ രണ്ടുമൂന്ന് ആവേശപ്പിള്ളേര് വന്നുചേർന്നത് കൊണ്ട് ബിജു അത് തിരുത്താനും പോയില്ല. ഒരു തട്ടുകേട് പറ്റിയത് ബെൻസിയുമായുള്ള ഇടപാട് നാട്ടിൽ പാട്ടായപ്പോളാണ്. കുറച്ചപ്പുറത്ത് ഓടാനും തൂങ്ങിക്കിടക്കാനുമൊക്കെയുള്ള ഉപകരണങ്ങളുമായി പുതിയ ജിം കൂടെ വന്നപ്പോൾ ബിജുവിന് പിടിച്ചുനിൽക്കാൻ പറ്റാതായി. വാടകക്കാശ് തികയാതെ വന്നപ്പോൾ അയാൾക്ക് ജിം പൂട്ടേണ്ടിവന്നു. ഇപ്പോൾ സ്കൂൾപ്പിള്ളേരുടെ ബലത്തിലാണ് കരാട്ടെ സെന്റർ നിന്നുപോകുന്നത്.

അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ബിജു ബാഗുകൾ വെച്ചത്. ഒറ്റത്തടി ആയതിനാൽ വീട്ടിലെ മൂന്ന് മുറികളും ആവശ്യം വരില്ലെന്ന് അയാൾ ബേസിച്ചായനോട് പറഞ്ഞിരുന്നു.
‘വാടകയൊന്നും തന്നില്ലേലും വേണ്ടിയേല. മോനെത്ര നാള് വേണേലും താമസിച്ചോ...’ എന്നായിരുന്നു അച്ചായന്റെ നിലപാട്.
ചങ്കുറപ്പൊള്ള ഒരുത്തൻ വന്ന് താമസിച്ചാൽ വീടിന്റെ പേരുദോഷം മാറുമെന്നും ആളുകൾ പഴയ കഥകളൊക്കെ മറന്നുകഴിയുമ്പോൾ പറമ്പടക്കം കച്ചവടമാക്കണമെന്നുമാണ് പുള്ളിക്കാരന്റെ പ്ലാൻ.

പോകാൻ നേരത്ത് അയാൾ ബാഗിൽ നിന്നും ഗ്ലെൻഫിഡിച്ചിന്റെ കുപ്പി പുറത്തെടുത്തു, ‘കഴിഞ്ഞ വരവിന് ബെൻസി കാനഡേന്നു കൊണ്ടുവന്നതാ. ഇന്നലെ വിളിച്ചെച്ച് നിനക്ക് തന്നേയ്ക്കാൻ പറഞ്ഞു...ഇതൊന്ന് പിടിപ്പിച്ച് ഉറങ്ങ്യ പിന്നെ ആന കുത്തിയാലും എഴുന്നേൽക്കത്തില്ല കേട്ടോ...’

അയാൾ ആവശ്യത്തിൽ കൂടുതൽ സ്നേഹത്തോടെ ബിജുവിന്റെ തോളത്ത് പിടിച്ചു കുലുക്കി. പണ്ട് ബെൻസിയുടെ പേരും പറഞ്ഞ് അയാളും കുടുംബക്കാരും പരിപ്പിളക്കിയതിന്റെ ഓർമ്മ വന്ന് കുത്തിയെങ്കിലും ബിജു ഇച്ചിരെ സന്തോഷമഭിനയിച്ച് നിന്നു. പഴയ ശത്രുതയെല്ലാം പടിക്കപ്പുറത്ത് വെച്ച് വന്ന മട്ടായിരുന്നു ബേസിച്ചായനും.

‘എനിക്കിതിന്റെയൊന്നും ആവശ്യമില്ല ഇച്ചായാ...തടി വിയർത്താൽ പിന്നെ താനേ ഉറക്കം വരുമെന്നേ...’, കുപ്പി തിരിച്ചും മറിച്ചും നോക്കിയിട്ട് തിരികെ കൊടുക്കേണ്ട കാര്യമില്ലെന്ന് ബിജു തീരുമാനിച്ചു. തനിക്ക് കുപ്പി നല്കാൻ ബെൻസി അങ്ങേരെ തന്നെ എൽപ്പിച്ചത് ഓർത്തപ്പോൾ അയാളുടെ ഉള്ളിലൊരു സന്തോഷം നുരപൊങ്ങി.

കഴിഞ്ഞ തവണ വന്നപ്പോൾ ബെൻസിയെ ബിജുവും കണ്ടിരുന്നു. പഴയ ജിം ഉണ്ടായിരുന്നിടത്തെ തയ്യൽക്കടയിൽ ബ്ലൌസ് തയ്പ്പിക്കാനെന്നും പറഞ്ഞു വന്നതാണ്. പണ്ട് പച്ചിലക്കൊമ്പ് പോലെ പിടച്ചുനിന്നിരുന്നവൾ ഇപ്പോൾ കുടം കമഴ്ത്തിവെച്ച പോലെയായിരിക്കുന്നു. എട്ടോ പത്തോ പടവുകൾ കയറിയിട്ട് അവൾ പന്നിയെ പോലെ അണയ്ക്കുന്നതും വിയർക്കുന്നതും ബിജു കടയുടെ ഇടവരാന്തയിൽ നിന്നും നോക്കിനിന്നു. അവൾക്ക് അയാളേക്കാൾ മൂന്ന് വയസ്സിന്റെ  മൂപ്പുണ്ടായിരുന്നു. പഠിക്കുന്ന കാലത്തെ പോലെ തന്നെ മുന്നിലെ മുടി സ്വൽപ്പം കുന്നുപോലെ പൊക്കി കുതിരവാൽ കെട്ടിവെച്ചിരിക്കുന്നു.  മുഖം ചെമ്പരത്തിയായി ചുവന്ന്  പ്രായത്തെ വെല്ലുവിളിക്കുന്നുണ്ട്.  വെറ്റ് ടിഷ്യൂ എടുത്ത് വിയർപ്പൊപ്പി, ഇനിയും സ്റ്റെപ്പുകൾ കയറണമല്ലോ എന്ന വേവലാതിയോടെ അവൾ മുകളിലേക്ക് നോക്കി.   അയാൾ പെട്ടെന്ന് കടയുടെ ഉള്ളിലേയ്ക്ക് വലിഞ്ഞു.

രാവിലത്തെ ബാച്ച് പോയാൽ പിന്നെ വൈകുന്നേരം വരെ അയാൾക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. കടയുടെ മൂലയ്ക്ക് കാർഡ്ബോർഡ് വെച്ചു മുറിച്ചെടുത്ത ഇടത്തായിരുന്നു അയാൾ കുറെ നാളായി താമസം. ബെൻസിയുടെ കൂടെ  പിടിക്കപ്പെട്ടതിന് ശേഷം അയാൾക്ക്  വീട്ടിലേക്ക് കയറിച്ചെല്ലാൻ പറ്റിയിട്ടില്ല.
ബെൻസിയുടെ കെട്ടിയവൻ  പീറ്റർ  ബിജുവിന്റെ വീട്ടിൽ  പോയി നെഞ്ചത്തടിച്ച് നിലവിളിയായിരുന്നു. അന്ന് തന്നെ ബിജുവിന്റെ  അച്ഛൻ വിളക്കിത്തലരാഘവൻ കലി മൂത്ത്, കിട്ടിയ പെട്ടിയിൽ അയാളുടെ തുണികളും പുസ്തകങ്ങളും കുത്തി നിറച്ച് കടയിൽ കൊണ്ടു വന്നു തള്ളി.  എന്നിട്ടും അരിശം തീരാതെ അയാൾ റേഷൻകാർഡിൽ നിന്നും മകന്റെ പേരും  വെട്ടിച്ചു. 

ബിജു അടുക്കടുക്കായി വെച്ചിട്ടുള്ള അഗത ക്രിസ്റ്റിയുടെ പുസ്തകങ്ങളിൽ നിന്നും നറുക്കെടുക്കുന്ന പോലെ ഒന്ന് വലിച്ചെടുത്തു. ഓറിയന്റ് എക്സ്പ്രസ്സിലെ കൊലപാതകത്തിൽ പക്ഷെ അയാൾക്ക് മനസ്സ് കൊരുത്തുവെയ്ക്കാൻ പറ്റിയില്ല. 

അപ്പുറത്ത് നിന്നും ബെൻസിയുടെ ഒച്ച കേൾക്കുന്നുണ്ടെന്ന തോന്നലിൽ അയാൾ ജനലിനോട് ചെവി ചേർത്തുവെച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും അവളുടെ ചിരിയ്ക്ക് ഗോലികൾ തറയിൽ ചിതറിവീഴുന്നതിന്റെ താളമുണ്ടെന്ന് അയാൾ ലജജയോടെ ഓർത്തു.

ബെൻസി താനിവിടെ ഉണ്ടാകുമെന്നറിഞ്ഞിട്ടായിരിക്കും ആ  കടയിൽ തന്നെ വന്നതെന്ന് അയാൾ വിചാരിച്ചു. ആരെങ്കിലും കാണുമെന്ന പേടി എപ്പോളും അയാൾക്കായിരുന്നു. അവൾക്ക് ഒന്നിനും കൂസലുണ്ടായിരുന്നില്ല.

ബെൻസി ആണ് സ്കൂൾ വിട്ട് വരുന്ന വഴി കനാലിൽ ചാടി പുളയ്ക്കുമ്പോൾ മീൻ പോലെ നീന്തിവന്ന് ബിജുവിന്റെ വായിലേയ്ക്ക് വെള്ളം തുപ്പിയത്. മീനുകൾ അങ്ങനെയാണ്  കിസ്സടിക്കുന്നതെന്ന് പിറ്റേന്ന് കണ്ടപ്പോൾ തല പൊക്കാൻ മടിച്ചുനിന്നിരുന്ന ബിജുവിന്റെ ചെവിയിൽ അവൾ പറഞ്ഞു.
അവളാണ് അവരുടെ വീടിന്റെ പുറകിലുള്ള ചെറിയ തോട് ബിജുവിന് കാണിച്ചുകൊടുത്തത്. അത് കടന്ന് കുത്തനെ കയറിയാൽ  പഴയ തറവാട് വീടാണ്. ബെൻസിയുടെ അപ്പൻ ഗൾഫിൽ നിന്നുണ്ടാക്കിയ കാശ് വെച്ച് റോഡിനോട് ചേർന്ന് പുത്തൻവീട് വെച്ചതിനാൽ പഴയത് ഒഴിഞ്ഞുകിടക്കുകയാണ്.  മനുഷ്യരുടെ ഉപദ്രവം ഇല്ലാത്തതിനാൽ അതിന്റെ ചുറ്റും മരങ്ങളും പൊന്തകളും  തോന്നിയ പോലെ കാടുകയറിയിരുന്നു.

ഉമ്മ വെയ്ക്കാൻ തോന്നുമ്പോളെല്ലാം ബെൻസി ബിജുവിനെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോവും. വവ്വാലുകൾ കൂട്ടത്തോടെ വന്നുകൂടുന്ന ഒരു ആൽമരം അവിടെ ഉണ്ടായിരുന്നു. വവ്വാലുകൾ മരിച്ചവരുടെ ആത്മാക്കൾ ആണെന്ന് അവൻ അവളെ പറഞ്ഞുപേടിപ്പിക്കാൻ നോക്കിയിരുന്നു. അവറ്റകളുടെ ചിറകടിയൊച്ച കൂടി വരുന്ന സന്ധ്യകളിൽ അവൾ അവനെ പുറകിൽ നിന്നും തോണ്ടും,  “നിനക്ക്  പ്രേതത്തെ പേടിയുണ്ടോടാ?”
അവന്റെ വിറ  കാണുമ്പോൾ അവൾക്ക് പ്രേമം കൂടും.   
മൊസൈക്കിട്ട നീളൻ വരാന്തയുടെ തണുപ്പിൽ കിടക്കുമ്പോൾ ഒരിക്കൽ ബിജു മടിയോടെ അവളോട് ചോദിച്ചു, “ അതേയ്...കല്യാണം കഴിച്ചിട്ട് പോരേ ഇങ്ങനെയൊക്കെ.." 
“ന്നാ നീ കല്യാണം കഴിച്ചിട്ട് ചെയ്തോ...എനിക്ക് അത്രേം കാലമൊന്നും കാത്തുനില്ക്കാൻ മേലാഞ്ഞിട്ടാ.. നീ മസില് പിടിക്കാതെ കിടന്നു തന്നാൽ മതി..”    

കുറെ നേരം കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും മണം പിടിച്ചും മതിയാവുമ്പോൾ അവൾ ബാഗിൽ നിന്നും അവളുടെ അമ്മച്ചി അടുപ്പിൽ വരട്ടിയെടുത്ത പോത്തിറച്ചിയും വെള്ളയപ്പവും പുറത്തെടുക്കും. അവളെ രുചി നോക്കിയ അതേ ആർത്തിയോടെ ബിജു അതെല്ലാം തിന്നുതീർക്കുന്നത് നോക്കി അവൾ പേരമരത്തിന്റെ ചില്ലയിൽ കയറിയിരിക്കും.  മരത്തിൽ നിന്നും പറിച്ചെടുക്കാതെ ഇളംപേരയ്ക്കകൾ  കടിച്ചുനോക്കുന്നത് അവളുടെ പതിവായിരുന്നു.  

“ഡാ നീ ആരെ കെട്ടിയാലും നിനക്കിനി ആ രുചി പിടിക്കില്ല...”, അവളിൽ നിന്നും നനഞ്ഞുപൊങ്ങിയ ഒരു വൈകുന്നേരം ബിജുവിനോട് അവൾ പറഞ്ഞു.

ബിജു പ്രീഡിഗ്രി കഷ്ടിച്ചു പാസ്സായതേ ഉണ്ടായിരുന്നുള്ളൂ.
“ഞാൻ ബെൻസിയെ മാത്രേ കെട്ടത്തുള്ളൂ..”, ബിജു നെറുകയിൽ തൊട്ട് സത്യം ചെയ്തപ്പോൾ ബെൻസിക്ക് ചിരി നിർത്താൻ പറ്റിയില്ല. അന്ന് പതിവിലും കൂടുതൽ സമയം അവളവനെ ഒട്ടിക്കിടന്നു.  

ബെൻസി വീട്ടിലേയ്ക്ക് കയറിപ്പോയപ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.  അവളെ നോക്കി നിൽക്കുമ്പോൾ ഒരു കൈ വന്ന് ബിജുവിന്റെ കഴുത്തിൽ പിടുത്തമിട്ടു, “കേറിക്കേറി  എന്റെ പറമ്പിൽ കേറി കളിക്കുന്നോടാ കഴുവേർടെ മോനേ”, ബേസിച്ചായൻ മുരണ്ടുകൊണ്ട് പിടിമുറുക്കി. ശ്വാസം മുട്ടി കുഴഞ്ഞുവീണ ബിജുവിനെ അയാൾ കലിയടങ്ങും വരും ചവുട്ടിക്കൂട്ടി.

അത് കഴിഞ്ഞുള്ള ഞായറാഴ്ച ടൗണിൽ ബാർ അറ്റാച്ച്ഡ്  ഹോട്ടലും പെട്രോൾ പമ്പുമുള്ള പീറ്ററുമായി ബെൻസിയുടെ മനസ്സമ്മതം നടന്നു. അവളുടെ കല്യാണം വരെയുള്ള ദിവസങ്ങൾ ബിജു കഴിച്ചുകൂട്ടിയത് ഏതെങ്കിലും ദിവസം ബെൻസി ഒളിച്ചോടാമെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി വരുന്നത് സ്വപ്നം കണ്ടുകൊണ്ടായിരുന്നു.  ശരിക്കും  അങ്ങനെ വല്ലതും അവൾ ചെയ്യുമോ എന്ന പേടിയിൽ ബിജു പുറത്തുള്ള ചുറ്റിക്കറക്കം കുറച്ചിരുന്നു.  നാട് മൊത്തം അണിഞ്ഞൊരുങ്ങി പള്ളിക്കല്യാണം കൂടാൻ പോയപ്പോൾ ബിജു അവളുടെ പഴയ വീടിനടുത്തുള്ള പോച്ചയിൽ കമഴ്ന്നുകിടന്ന് വൈകുന്നേരം വരെ കരഞ്ഞുതീർത്തു. കല്യാണം കഴിഞ്ഞ ബെൻസി നഴ്സായി. മാർത്തോമക്കാരുടെ ആശുപത്രിയിൽ ജോലിക്ക് കയറി.

കാനഡയിലേക്ക് പോകുന്നതിന്റെ മുമ്പുള്ള  പള്ളിപ്പെരുന്നാളിന്  വീട്ടിൽ വന്ന ബെൻസിയെ ബിജു കാണുന്നത് അപ്രതീക്ഷിതമായാണ്.  കരുവാറ്റപ്പള്ളിയിലേയ്ക്ക് യഹൂദയെ വാഴ്ത്തിപ്പാടി പോകുന്ന റാസക്കാരുടെ കൂട്ടത്തിൽ   ബാർഗണ്ടിച്ചുവപ്പുള്ള സാരിക്കാരിയെ വഴിയരികിൽ നിൽക്കുകയായിരുന്ന ബിജുവിന്റെ കണ്ണുകൾ തേടിപ്പിടിച്ചു.  നാടിനെ വിശുദ്ധീകരിക്കാനുള്ള കുരിശുപ്രദക്ഷിണമാണ്.   എല്ലാ ചുണ്ടുകളും ‘സ്വർഗ്ഗരാജ്യ സിംഹാസനമേറി സ്ഥിതി ചെയ്യുന്നവനേ ...
സർവ്വ ചരാചര പാലകനേ...
സ്വസുതനെ ഭൂമിയിലയച്ചവനേ...
മംഗളമായി തീരണമീ റാസാ…’
എന്ന ഈണത്തിൽ അനങ്ങുന്നു. 

ബെൻസിയുടെയും ബിജുവിന്റെയും  കണ്ണുകൾ ഇടഞ്ഞു. അവളുടെ ചുണ്ടുകളിൽ നിന്നും പ്രാർത്ഥന ചോർന്നുപോയി. അവളൊരു ചിരിയിൽ  പൂത്തുലഞ്ഞത് ബിജു ശരിക്കും കണ്ടു. അടുത്തെത്തിയപ്പോൾ അവൾ വരി തെറ്റി വീണ പോലെ അവനിലേക്ക് ചാഞ്ഞു. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് സാരിപ്പെണ്ണുങ്ങളുടെ കൂട്ടത്തിൽ അലിഞ്ഞു ചേരുകയും ചെയ്തു. എന്തൊരു പെണ്ണാണ്! ബിജുവിന്റെ ഹൃദയം നാളുകൾക്ക് ശേഷം തുള്ളിത്തുളുമ്പി. 

ആൾക്കൂട്ടം പാട്ടിനൊപ്പം ഒഴുകിപ്പോയപ്പോൾ ബിജുവും വരി ചേർന്നു നടന്നു. പള്ളിമുറ്റത്ത് ചെണ്ടമേളക്കാർ താളം പിടിച്ചുതുടങ്ങിയപ്പോൾ സ്വന്തം കൊച്ചിന്റെ കയ്യിൽ അവളൊരു കടലാസുകഷ്ണം ബിജുവിന് കൊടുത്തയച്ചു.
ബിജു ഒരു പരിചയക്കാരനെ തപ്പിപ്പിടിച്ച് ബൈക്ക് കടം വാങ്ങി.  ബെൻസി മതിലിന്റെ നിഴലിൽ മറഞ്ഞുനില്ക്കുന്നുണ്ടായിരുന്നു. ആകാശത്തെ പല നിറങ്ങളിൽ പൊങ്ങിപ്പടരുന്ന വെടിക്കെട്ടിന്റെ അത്ഭുതങ്ങൾ നോക്കി ആളുകൾ നിന്നപ്പോൾ, ബെൻസി ബിജുവിനെ പ്രേമത്തോടെ ചുറ്റിപ്പിടിച്ചു.  അവർ ആളൊഴിഞ്ഞ ഇരുട്ടിലൂടെ പറന്നു.
ബെൻസിയുടെ പുത്തൻവീട്ടിലെ മുറിയിലേക്ക് ബിജു ആദ്യമായാണ് കയറുന്നത്. അവൾ വീട്ടിൽ ആകെയുണ്ടായിരുന്ന നക്ഷത്രവെളിച്ചവും കെടുത്തി. ബെൻസി തന്റെ ശരീരത്തിൽ സൃഷ്ടിക്കാൻ പോകുന്ന കൊച്ചുഭൂകമ്പങ്ങൾക്ക് വേണ്ടി ബിജു കൈകൾ വിടർത്തി മലർന്നുകിടന്നു.

അവർ ഒരു ചെറുമയക്കത്തിൽ പെട്ടുപോയിരുന്നു. വാതിലിൽ തുരുതുരെയുള്ള മുട്ടു കേട്ട് ബെൻസി ചാടിയെണീറ്റു.  ബിജുവിനെയും കൊണ്ട് അവൾ അടുക്കളയിലേയ്ക്ക് ഓടി. വാതിൽ തുറന്ന് അയാളെ പുറത്തേയ്ക്ക് തള്ളി. വീടിന് ചുറ്റുമുള്ള നിഴലുകൾ ജാഗരൂകരായി.


തുണിയില്ലാതെ മുറ്റത്തേയ്ക്ക് വീണ ബിജുവിന്റെ മീതെ ബേസിച്ചായന്റെ ആദ്യത്തെ അടി വീണു. കള്ള് മണക്കുന്ന പച്ചത്തെറി പറഞ്ഞുകൊണ്ട് അയാൾ ബിജുവിന്റെ മർമ്മസ്ഥലത്ത് പിടിമുറുക്കി, “....ഇനിയിതു പൊങ്ങരുത്...കേട്ടോഡാ’’

വർഷങ്ങളോളം ജീവിതത്തെ കുത്തിപ്പഴുപ്പിച്ച ആ പിടുത്തം ഓർത്തപ്പോൾ ബിജുവിന് വീണ്ടും കടച്ചിൽ അനുഭവപ്പെട്ടു. മൂത്രമൊഴിക്കണമെന്ന തോന്നലിൽ എണീറ്റപ്പോളാണ് ബെൻസി കടയിലേക്ക് കയറിവന്നത്.
ഒരു നിമിഷം അയാളുടെ ശരീരം മരവിച്ചുപോയി.
“ഡാ നീ ഇവിടെ ഒളിച്ചിരിക്കുവാന്നോ?”, ബെൻസി ഇന്നലെ കണ്ടുപിരിഞ്ഞ കൂട്ടുകാരെ പോലെ അയാളുടെ തോളിൽ തൊട്ടു. അവളുടെ വിയർപ്പുമണം പൊങ്ങി. 
അവളുടെ കൈ ഇറങ്ങിവന്ന് അയാളുടെ നെഞ്ചിൽ ഒരു നിമിഷം തങ്ങി. മസിലിൽ ഇടിച്ചുനോക്കിയിട്ട് അവൾ ചിരിച്ചു.
“നീ പെണ്ണ് കെട്ടാത്തത് കൊണ്ട് ഇങ്ങനെയൊര് ഗുണമുണ്ടായി...” 
 അവൾ കർട്ടൻ നീക്കി നോക്കി. പുസ്തകക്കൂനയ്ക്കിടയിലെ ചെറിയ കിടക്കയും തേയിലവെള്ളം തിളപ്പിക്കാനുപയോഗിക്കുന്ന സ്‌ടൗവും കണ്ടപ്പോൾ അവൾ ചോദിച്ചു, “നീ ഇവടെ തന്നെയാന്നോ കിടപ്പും കഴിപ്പീരുമൊക്കെ?”
അങ്ങനെ ജീവിക്കുന്നതിൽ ആദ്യമായി അയാൾക്ക് നാണക്കേട് തോന്നി.
“നിനക്ക് ഇപ്പോളും പ്രേതത്തെ പേടിയുണ്ടോടാ?”
അവൾ അയാളോട് ചേർന്നുനിന്നു. ശരീരത്തിലൂടെ മിന്നൽ പാഞ്ഞത് അയാൾ ആനന്ദത്തോടെ തിരിച്ചറിഞ്ഞു. അയാളുടെ ചെവിയ്ക്കരികിലെ വെള്ള പടർന്ന മുടികളിലൂടെ അവൾ കയ്യോടിച്ചു.  

 പഴയ  തറവാടുവീട് അവളുടെ പേരിലാണെന്ന് ബിജുവിനും അറിയാമായിരുന്നു.  ഒരു കൊല്ലം കൂടി കഴിഞ്ഞാൽ കാനഡയിലെ പാർപ്പ് നിർത്തി തിരിച്ചുവരാനാണ് അവളുടെ പ്ലാൻ.
“ആ വീടൊന്ന് നന്നാക്കി എടുക്കണം...ചിലപ്പോ ഒരു ശുദ്ധിക്കലശം തന്നെ വേണ്ടിവരും. അത് നിന്നെയങ്ങു  എൽപ്പിച്ചിരിക്കുന്നു...”
പീറ്റർ വേറെ കല്യാണം കഴിച്ചെന്ന് അവൾ ചിരിയോടെ പറഞ്ഞു. 

അവൾ തന്റെ വലിയ ശരീരം കുട്ടിക്കിടക്കയിൽ ഒതുക്കിവെച്ചു. അയാൾ വിറയലോടെ അവളുടെ വിയർപ്പ് ഒപ്പിയെടുത്തു. 

ബിജു അടുക്കളയിലേയ്ക്കുള്ള അത്യാവശ്യസാധനങ്ങളും പുസ്തകങ്ങളും മാത്രമേ ബാഗിൽ നിന്നും പുറത്തെടുത്തിരുന്നുള്ളൂ. അലമാരിയിൽ പുസ്തകങ്ങൾ ഒതുക്കിവെച്ചപ്പോളേക്കും പാതിരാ ആയി. കിടന്നയുടനെ ഉറങ്ങിപ്പോവുകയും ചെയ്തു. രാവിലെ വീടാകെ മാറിയിരിക്കുന്നതായി അയാൾക്ക് തോന്നി. മുറ്റത്തെ ചപ്പിലകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. പണ്ട് ബെൻസിയുടെ കൂടെ കെട്ടിപ്പിടിക്കാൻ വരുന്ന കാലത്ത് റബ്ബറിന് പകരം പേരാലും മാവും പ്ലാവുമൊക്കെയായിരുന്നു ചുറ്റും.  അടുക്കളയിൽ കട്ടൻകാപ്പി തിളപ്പിച്ചുകുടിക്കുമ്പോൾ ആരോ വീട്ടിൽ വന്നുപോയിട്ടുണ്ടെന്ന്  തോന്നൽ അയാൾക്കുണ്ടായി. മുമ്പ് താമസിച്ചിരുന്നവരെ കുറിച്ച് ഒന്നും ഓർക്കാനേ പോകേണ്ടെന്ന് അയാൾ തീരുമാനിച്ചിരുന്നു. എന്നിട്ടും കിണറിന്റെ നേരെ അയാളുടെ നോട്ടം പാളിപ്പോയി.   

ശോഭയെ ദൂരെ നിന്നും കണ്ട ഓർമ്മയേ അയാൾക്കുണ്ടായിരുന്നുള്ളൂ. അവളുടെ ഭർത്താവ് സെൽവപ്പാണ്ടി തിരുപ്പൂരിലെ ഫാക്ടറികളിൽ നിന്നും കൊണ്ടുവരുന്ന തുണികൾ വാങ്ങാൻ ചന്തയിൽ എല്ലാ ബുധനാഴ്ച്ചയും ആളുകൾ കാത്തുനിന്നിരുന്നു. 

പല നിറമുള്ള കൈലികളും തോർത്തുകളും ബനിയൻതുണി കൊണ്ടുള്ള കുട്ടിയുടുപ്പുകളും വളരെ വിലകുറച്ചായിരുന്നു അയാൾ  വിറ്റിരുന്നത്.  ബേസിച്ചായൻ പഴയ തറവാട് ചെറിയ മിനുക്കുപണി നടത്തി അവർക്ക് വാടകയ്ക്ക് കൊടുത്തു. ശോഭ ഇടയ്ക്കൊക്കെ ഭർത്താവിനെ സഹായിക്കാൻ ചന്തയിൽ വന്നിരുന്നു. അവളുടെ നിറവും ചേലും കണ്ട് സുന്ദരിക്കോതയെന്ന് പെണ്ണുങ്ങൾ അസൂയപ്പെട്ടു.  ഹലുവക്കറുപ്പുള്ള സെൽവപ്പാണ്ടിയുടെ കൂടെയുള്ള  ചെന്താമരയിൽ നിന്നും കണ്ണെടുക്കാനാവാതെ ചന്തയിലെ ആണുങ്ങൾ വലഞ്ഞു. 

ഇടയ്ക്ക് ശോഭയെ കുറെ നാൾ കാണാതായി. ആണുങ്ങളുടെ  ശല്യം കാരണം തിരിച്ചുപോയെന്നൊരു വർത്തമാനം നാട്ടിലുണ്ടായിരുന്നു. സെൽവപ്പാണ്ടി ചന്തയ്ക്കടുത്ത് കടമുറി വാടകയ്‌ക്കെടുത്ത് തുണിക്കച്ചവടം തുടങ്ങിയ ശേഷമാണ് ശോഭ തിരിച്ചെത്തുന്നത്. കൂടെ ഒന്നര വയസ്സുള്ള ഒരു പെൺക്കുട്ടിയും ഉണ്ടായിരുന്നു. അതിന്റെ ഭംഗിയിൽ അതിശയപ്പെട്ടവരെല്ലാം സെൽവപ്പാണ്ടിയുടെ കൊച്ചല്ലെന്ന് തീർച്ചപ്പെടുത്തി.

ചന്തയിലേക്കിറങ്ങാത്ത ശോഭയെ ഒരു നോക്ക് കാണാൻ വേണ്ടി ചില ചെറുപ്പക്കാർ വീടിനെ ചുറ്റിയുള്ള ഇടവഴിയിലൂടെ രാവിലെയും വൈകുന്നേരവും ഓട്ടം പതിവാക്കിയിരുന്നു. സെക്കന്റ് ഷോ കഴിഞ്ഞ് ബിജു ആ വഴിയിലൂടെ വീട്ടിലേയ്ക്ക് ഷോർട്ടുകട്ടടിച്ചതിന്റെ പിറ്റേന്നാണ് ശോഭയും കൊച്ചും കിണറ്റിൽ ചാടി മരിച്ചെന്ന വാർത്ത വന്നത്. രാത്രി പത്തു മണിക്ക് കടയടച്ചിട്ട് വന്നപ്പോൾ കിണറ്റിൽ കണ്ടെന്നാണ് സെൽവപ്പാണ്ടിയുടെ മൊഴി.   

ശവം കിടക്കുന്ന കിടപ്പ് കണ്ടിട്ട് കൊലപാതകമാണെന്ന് സംശയം പോലീസ് പറഞ്ഞെങ്കിലും വേറെ തെളിവൊന്നും കിട്ടിയില്ല. സിസ്റ്റർ അഭയക്കേസിന്റെ ഓർമ്മയിൽ കുറച്ച് നാട്ടുകാർ സമരം ചെയ്ത് സീബിഐയെയും വരുത്തി. അവർക്കും ശോഭയുടെ കഴുത്തിലെ മുറിവ് ആരുണ്ടാക്കി എന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല.  എത്ര കൊല്ലം കഴിഞ്ഞാലും കൊന്നവനെ കിട്ടാത്തത് കൊണ്ട് പ്രേതങ്ങൾ വിട്ടുപോവില്ലെന്ന് പറഞ്ഞു ബിജുവിനെ പലരും പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു.   മരിച്ചുകഴിഞ്ഞാൽ പിന്നെന്താണെന്ന് മനുഷ്യർക്ക് ഉറപ്പിച്ചു  പറയാൻ പറ്റാത്ത കാലത്തോളം പ്രേതകഥകൾക്ക് ഡിമാന്റ് കാണുമെന്ന് ബെൻസി പറഞ്ഞത് ബിജു ഓർത്തു.  

അന്നേരം തന്നെ ബേസിച്ചായന്റെ വിളി വന്നു. അങ്ങേരുടെ വീട്ടിൽ പണിയെടുക്കുന്ന മെഴ്സിയമ്മയെ രാവിലെ മുറ്റം തൂക്കാൻ പറഞ്ഞുവിട്ടിരുന്നു. അടച്ചിട്ട മുറികൾ  വൃത്തിയാക്കാൻ അവർ നാളെ വരും. 

 “ഡേയ്... രാത്രി ഉറക്കത്തിന് കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ..ഹല്ല.. കുറെ നാള് കഴിഞ്ഞിട്ടല്ലേ ആളും അനക്കവും..”, ഫോൺ വെയ്ക്കും മുമ്പ് അയാൾ ചോദിച്ചു. 
കൂടെ വന്ന രണ്ട് തവണയും ബേസിച്ചായൻ വീട്ടിലേയ്ക്ക് കേറാൻ മടിച്ചത് ബിജു ശ്രദ്ധിച്ചിരുന്നു. 

“എന്തായാലും നമുക്കൊന്ന് കൂടണം... അതിനാ ഞാൻ കുപ്പി ആദ്യമേ അങ്ങ് തന്നത്. പക  തീർക്കാനായാലും  പറഞ്ഞുതീർക്കാനായാലും മദ്യത്തേക്കാൾ വല്യ മധ്യസ്ഥരില്ല എന്നല്ലേ...”
വൈകിട്ട് ബേസിച്ചായൻ പറഞ്ഞുവിട്ടതനുസരിച്ച് സാജുവും രണ്ട് പയ്യന്മാരും വീട്ടുവളപ്പിലൊക്കെ നടന്നുനോക്കി കുറച്ച് നേരം കാര്യം പറഞ്ഞിരുന്നു.  ചന്തയിലൊക്കെ ബിജുവണ്ണന്റെ ചങ്കുറപ്പിനെക്കുറിച്ചാണ് സംസാരമെന്ന് ഒരുത്തൻ പറഞ്ഞു. തട്ടിപ്പോയാൽ പിന്നെന്താണെന്ന് ആർക്കും ഉറപ്പില്ലാത്തത് കൊണ്ടാണ് പ്രേതങ്ങളൊക്കെ ജീവിച്ചുപോകുന്നതെന്ന തത്വം ബിജു അവരോടും പങ്കുവെച്ചു.

പിറ്റേന്ന് മെഴ്സിയമ്മ വന്നപ്പോൾ ബിജു രണ്ടുമുറികളും തുറന്നു.  
മുടിയപ്പാടെ വെളുത്തുപോയതൊഴിച്ചാൽ അറുപത്തഞ്ച്  കഴിഞ്ഞതിന്റെ ഏനക്കേടൊന്നും അവർക്കുണ്ടായിരുന്നില്ല. സെൽവപ്പാണ്ടിയും പെണ്ണുമ്പിള്ളയും താമസത്തിന് വന്നപ്പോളും വീട് വൃത്തിയാക്കാൻ സഹായിച്ചിരുന്നെന്ന് അവർ പറഞ്ഞു.

ശോഭയുടെ മുഖത്ത് ആളുകളെ മയക്കുന്ന ഒരു ചിരി എപ്പോളുമുണ്ടായിരുന്നെന്നും സ്വയം ചാടി ചാവാൻ ഒരു സാദ്ധ്യതയുമില്ലെന്ന് അവർ കട്ടായം പറഞ്ഞു.
“എന്നെ വല്യേ കാര്യമാരുന്നു കെട്ടോ. എനിക്ക് തമിഴ് അത്ര പിടിപാടില്ലാത്തോണ്ട് കഥകളൊന്നും ചോദിച്ചറിയാൻ പറ്റിയില്ല.   മുന്തിയ ഏതോ വീട്ടിലെ ആയിരുന്നൂന്ന് ഒറപ്പാ. ഇന്നാട്ടിലെ ഒരുവിധപ്പെട്ട ആമ്പിറന്നോൻമാരെല്ലാം അതിനെ നോക്കി വെള്ളമിറക്കിയിട്ടുണ്ട്.. കൊച്ചിന് ഓർമ്മ ഇല്ലിയോ?”
 ബിജു ഓർമ്മയുണ്ടെന്ന് തലയാട്ടി.

ഭിത്തിയിലെ കുഞ്ഞലമാര തുടയ്ക്കുന്നതിനിടയിലാണ് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പാസ്പോർട്ട് ഫോട്ടോ മെഴ്സിയമ്മക്ക് കിട്ടിയത്.
“കണ്ടോ..സിൽമാനടി ഉണ്ണിമേരിയെ പോലെ ഇല്ലേ..വെറുതെ ആണോ ആ ബേസിയൊക്കെ...”, പറഞ്ഞതും അവർ വെപ്രാളത്തോടെ വാ പൊത്തി.
അവർ പണി സ്വിച്ചിട്ട പോലെ നിർത്തി. ബേസിയുടെ കെട്ടിയവൾ ചന്തയിൽ പോകാൻ പറഞ്ഞേൽപ്പിച്ചിരുന്നത് ഇപ്പോളാണ് ഓർത്തതെന്നും  പറഞ്ഞു പോകാനൊരുങ്ങി. 
ചപ്പിലിടാതെ ആ ഫോട്ടോ അവർ ജനലിന്റെ ഓട്ടയിൽ തിരുകിവെയ്ക്കുന്നത് ബിജു കാണാത്തതുപോലെ നിന്നു.
അന്ന് ഉച്ച കഴിഞ്ഞപ്പോളേക്കും അയാൾക്ക് പനി പോലെ വന്നു.
പൊടിയനക്കിയിട്ടത് കൊണ്ടാവുമെന്ന് കരുതി അയാൾ ബെൻസിയുടെ കുപ്പി പൊട്ടിച്ച് രണ്ട് പെഗ്ഗടിച്ചു. അതിന്റെ ബലത്തിൽ തള്ള ബാക്കി വെച്ചിട്ട് പോയ പണികളെല്ലാം തീർത്തു. അത് കഴിഞ്ഞപ്പോളേക്കും കഠിനമായി ദേഹവേദന അയാളെ വീഴ്ത്തി. ചുട്ടുപൊള്ളുന്ന ലാവയിലേക്ക് ശരീരം എടുത്തെറിയപ്പെട്ടത് പോലെയായിരുന്നു. ബോധത്തിനും അബോധത്തിനും ഇടയ്ക്ക് അറ്റമില്ലെന്ന് തോന്നിപ്പിച്ച ഒരു തുരങ്കത്തിൽ അയാൾ കുറെ നേരം കിടന്നു.  

കുപ്പിവളകളണിഞ്ഞ കൈകൾ വന്ന് അയാളുടെ  നെറുകയിൽ നനഞ്ഞ തുണി വെച്ചു. ചൂട് ഒപ്പിയെടുക്കുമ്പോൾ മെടഞ്ഞിട്ട മുടിയെ ചുറ്റിപ്പടർന്ന  ചെണ്ടുമല്ലിപ്പൂക്കൾ അപ്പോൾ വിരിഞ്ഞത് പോലെ മണം പൊഴിച്ചു. രഹസ്യം പറയുന്ന ഒച്ചയിൽ അവൾ ജീവിച്ചിരുന്ന കാലത്തെ കഥകൾ പറഞ്ഞുകൊണ്ടിരുന്നു.  അതിലൊന്നും ശ്രദ്ധിക്കാതെ ഒരു കൊച്ചുക്കുട്ടി അയാളുടെ കാൽച്ചുവട്ടിലിരുന്ന് പുസ്തകങ്ങൾ കയ്യിലെടുത്ത് കളിക്കുന്നുണ്ടായിരുന്നു. 
ഇടയ്ക്ക് കുട്ടി അയാളുടെ കാൽവിരലുകൾ പിടിച്ചുവലിച്ചു. അയാൾ നിലവിളിയോടെ ഞെട്ടിയുണർന്നു. മുറിയ്ക്കുള്ളിൽ കുഞ്ഞുങ്ങളണിയുന്ന പൌഡറിന്റെയും ചെണ്ടുമല്ലിയുടെയും മണം തങ്ങി നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി. 
അയാൾ ചാടിയെണീറ്റ് ജനൽ തുറന്നിട്ടു.
അന്ന് പകൽ മുഴുവൻ അയാൾ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി.
വെയിൽ മങ്ങിയപ്പോൾ പുറത്തുപോയി കുറച്ച് ബീഫ് ഉലർത്തിയതും ചീനിയും  വാങ്ങിവന്നു. ബേസിച്ചായനെ വിളിച്ചപ്പോൾ അയാൾ പള്ളിലച്ചനെ കാണാനിറങ്ങിയതായിരുന്നു. 
“അച്ചായോ...ഈ വഴിക്കോന്ന് ഇറങ്ങണേ...നമുക്കിന്ന് ഗ്ലെൻഫിഡിച്ചിന്റെ കാര്യത്തിലൊരു തീരുമാനമാക്കണം’’, ഉള്ളിൽ കലിപ്പൊന്നും ഇല്ലാത്ത മട്ടിൽ മിണ്ടിയെങ്കിലും ബിജു വെള്ളമടിക്കാൻ വിളിക്കുമെന്ന് ബേസിച്ചായൻ വിചാരിച്ചിരുന്നില്ല.    

ചെയ്യുന്ന പാപങ്ങളൊക്കെ അപ്പപ്പോൾ തന്നെ മറന്ന് വിശുദ്ധനായി ജീവിക്കുന്ന മനുഷ്യനായിരുന്നു ബേസി. ബിജു പെണ്ണ് കെട്ടാതെ ജീവിക്കുന്നത് താൻ കാരണമാണെന്നൊരു വർത്തമാനം നാട്ടിലുള്ളത് അയാളുടെ ഉള്ളിലും ഒരു കരടായി കിടപ്പുണ്ടായിരുന്നു. ഒരു കുപ്പി കൊണ്ട് അവന്റെ പ്രാക്ക് തീർക്കാൻ പറ്റിയല്ലോ എന്നോർത്തപ്പോൾ അയാൾ കർത്താവിന് വീണ്ടും സ്തുതി പറഞ്ഞു.    

വരുന്ന വഴി കാർ വീട്ടിലിട്ടിട്ട് അയാൾ നിലാവെട്ടത്തിലൂടെ നടന്നു.  ആ വീട്ടിലേയ്ക്കുള്ള വഴി ഇരുട്ടിലും അയാൾക്ക് മനഃപാഠമായിരുന്നു.  ബേസിച്ചായന്റെ നിഴൽ  മരങ്ങൾക്കിടയിലൂടെ  നടന്നുവരുന്നതും നോക്കി ബിജു കിണറിനരികിൽ നിന്നു. ചെണ്ടുമല്ലിപ്പൂക്കളുടെയും കുട്ടിപൌഡറിന്റെയും മണമുള്ള കാറ്റ് പാഞ്ഞുവന്ന് അയാളുടെ വട്ടം ചുറ്റി നിന്നു. 

ബേസിച്ചായൻ  കിതപ്പോടെ  കുന്നുകയറി. 


Summary: ആഷ് അഷിത എഴുതിയ കഥ


ആഷ് അഷിത

കവി, കഥാകൃത്ത്​, വിവർത്തക. ടൈംസ് ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ. മഷ്‌റൂം ക്യാറ്റ്സ് (നോവൽ), ജെന്നിഫറും പൂച്ചക്കണ്ണുകളും (കഥ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments