ഫുൾസ്റ്റോപ്പിൽ നിന്നു പോയ ആ കഥയിൽ നിന്ന് അയാൾ സ്വതന്ത്രനായിരിക്കുന്നു. അഥവാ ആ കറുത്ത കുത്ത് കവച്ചു വച്ച് ഇറങ്ങിപ്പോരാൻ അയാൾക്കു കഴിഞ്ഞിരിക്കുന്നു. കഥയിൽ അയാളുടെ പേര് അബ്രഹാം എന്നായിരുന്നു.
തൊഴിൽ നഷ്ടപ്പെട്ടതോടെ അബ്രഹാമിന്റെ ജീവിതം പ്രതിസന്ധിയിലായി. ക്രിസ്ത്യാനിയായ അയാളെ ഇഷ്ടപ്പെട്ട് അഗ്രഹാരം ഉപേക്ഷിച്ച് പോന്ന ആനന്ദത്തെയും അവളിലുണ്ടായ കുട്ടികളെയും പോറ്റാൻ വഴിയില്ലാതായി. ബീഫ് വിരോധിയായ ആനന്ദത്തിന്റെ വെറുപ്പും എതിർപ്പും അവഗണിച്ച് അബ്രഹാം ബീഫു കച്ചവടത്തിന് ഇറങ്ങുന്നിടത്താണ് ആ കഥ നിന്നത്. ഇനിയെന്ത് എന്ന് പ്രവചിക്കാനാവാത്ത ആ അവസാനത്തിൽ ഇക്കഴിഞ്ഞ ആറു വർഷമായി അബ്രഹാമും നിൽക്കുകയായിരുന്നു.
ആ കഥയുടെ കാലത്ത് ബീഫ് നിരോധനം വലിയ ചർച്ചയായിരുന്നതു കൊണ്ടാകും കഥാകൃത്ത് ബീഫ് വിഷയത്തിൽ കൊണ്ടു വന്ന് കഥ നിറുത്തിയത്. എഴുത്തുകാരൻ എന്ന നിലയിൽ അങ്ങനെ സമകാലികനായി എന്ന് അയാൾക്ക് സമാധാനമായിക്കാണും. പ്രാരാബ്ധക്കാരനായ അബ്രഹാമിന്റെ പ്രശ്നങ്ങൾ തീർന്നോ ഇല്ലേ എന്നൊന്നും അയാൾ ആലോചിച്ചു കാണില്ല. രാഷ്ട്രീയക്കാരോ സാമൂഹിക പരിഷ്‌കർത്താക്കളോ ഭരിക്കുന്നവരോ ആ കഥ വായിച്ചിരിക്കാനും ഇടയില്ല. പ്രശസ്തിയുടെ വൃത്തം അൽപ്പം കൂടി വികസിച്ചതിന്റെ ആനന്ദത്തോടെ എഴുത്തുകാരൻ ആ കഥ വിട്ട് അടുത്ത കഥയിലേക്കും അതിനടുത്ത കഥയിലേക്കും പോയി. പിന്നീട് അയാൾ എഴുതിയ കഥകളിലൊന്നും ദരിദ്രന്റെ ജീവിതവുമില്ലായിരുന്നു. ചുരുക്കത്തിൽ അബ്രഹാമിന്റെ പ്രശ്നങ്ങൾ പരിഹൃതമാകാതെ ആ ഫുൾസ്റ്റോപ്പിനകത്തു തന്നെ തിങ്ങി നിറഞ്ഞു നിന്നു.
ഇക്കാലത്തിനിടയിൽ അബ്രഹാമിന് പിന്നീടെന്തു സംഭവിച്ചു എന്നറിയാൻ യാതൊരു ഉത്സാഹവും കാണിക്കാതെ വായനക്കാരും മറ്റു പല കഥകളിലേക്കും നീങ്ങി.
എന്നാൽ ഇപ്പോൾ ആ എഴുത്തുകാരൻ അബ്രഹാമിലേക്കു തിരിച്ചു വരുന്നു. മറ്റൊരു കഥയിൽ അയാളെ പ്രതിഷ്ഠിക്കാനായി. ഇത് എന്റെ തന്നെ പഴയ കഥയിലെ അബ്രഹാമാണ്, ഇയാളെ തന്നെയാണ് ഞാൻ പുതിയ കഥയിലേക്ക് എടുക്കുന്നത് എന്നൊന്നും എഴുത്തുകാരൻ ചിന്തിച്ചുകാണില്ല. അയാൾക്ക് മറ്റൊരു ആശയം കിട്ടിയപ്പോൾ, അതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോൾ ആ ആലോചനയിൽ ഉണ്ടായ രൂപമാതൃകകൾ അബ്രഹാമിനു നന്നേ ഇണങ്ങി വന്നതാകും.
എന്നാൽ ഭാര്യക്കും അവൾ പ്രതിനിധാനം ചെയ്യുന്ന വലിയൊരു പരമ്പരാഗത ജനവിഭാഗത്തിനും തെല്ലും യോജിപ്പില്ലാത്ത ബീഫു കച്ചവടം എന്ന പ്രവൃത്തിയിലേക്കിറങ്ങുന്നിടത്ത് നിശ്ചലനായിപ്പോയ അബ്രഹാമിന് പുതിയ കഥയിലേക്കുള്ള പുനർജന്മം പകർന്ന ആവേശം ചെറുതല്ല.
പുതിയ കഥയിലെ ഒരു ഘട്ടത്തിൽ, നഗരത്തിലെ ഒരു ഹോട്ടലിനു മുന്നിലെ കമ്പിക്കാലിനടുത്ത് സഹദേവൻ എന്നയാളെ കാത്തു നിൽക്കുകയാണിപ്പോൾ അബ്രഹാം.
സഹദേവനിലൂടെ പുതിയൊരു ജീവിതം കൈവരുമെന്ന ഒരു പ്രതീക്ഷ അയാളുടെ ഉള്ളിൽ എഴുത്തുകാരൻ തിരി തെളിച്ചു വെച്ചിട്ടുണ്ട്. എന്തായാലും ഒരു പുനർജീവിതം കൈവന്നിരിക്കുന്നു എന്നതിലും, ഈ ജന്മത്തിൽ തനിക്ക് ജയന്തൻ എന്ന പേരാണ് കിട്ടിയിരിക്കുന്നത് എന്നതിലും അബ്രഹാം വലിയ ആശ്വാസം കണ്ടെത്തുന്നുണ്ട്. അബ്രഹാം എന്ന പേരടക്കം പഴയ ജന്മത്തെ സംബന്ധിച്ചതൊക്കെ അയാൾ മറന്നു കളയാൻ തന്നെ തീരുമാനിച്ചിരുന്നു. പ്രാരാബ്ധം പിടിച്ച ജീവിതത്തിൽ നിന്നുമൊരു മാറ്റം ഉണ്ടാവുക എന്നത് ചെറിയ കാര്യമല്ലല്ലോ
""ശരി..ശരി. ആശ്വസിക്കാൻ വരട്ടെ; ഒന്നു നോക്കിയിട്ടു മതി. എഴുത്തുകാരുടെ കാര്യമാണ്''.
- സഹദേവനെ കാത്ത് കാലു കഴച്ചു നിൽക്കുമ്പോൾ അബ്രഹാം എന്ന ജയന്തൻ സ്വയം നിയന്ത്രിച്ചു.
എങ്കിലും ഈ കഥയിലും ഗതികേടുകാരനാവാനാണ് വിധിയെങ്കിൽ അതു കഷ്ടം തന്നെയെന്നും ഓരോരോ കാലങ്ങളിൽ ഓരോ കഥകളിൽ ഇതേ വേഷം തന്നെയാണ് കിട്ടിയത് എന്നും ജയന്തൻ ഓർത്തു. പണ്ടൊരു എഴുത്തുകാരന്റെ കഥയിൽ അയാൾ പാവപ്പെട്ട ഒരു സ്‌കൂൾ വാധ്യാരായിരുന്നു.
ശമ്പളം തരാത്ത മാനേജരും വീട്ടിലെ തീരാത്ത പട്ടിണിയും. വിശപ്പു സഹിക്കാനാകാതെ ഗതികെട്ട് ക്ലാസ്സിലെ കുട്ടിയുടെ ചോറു കട്ടു തിന്നേണ്ടി വന്നു മാതൃകാ അധ്യാപകനായ അയാൾക്ക്.
മറ്റൊരു എഴുത്തുകാരന്റെ കഥയിൽ പട്ടിണി സഹിക്കാതെ അയാൾ പുലയത്വം വെടിഞ്ഞ് വെന്തീഞ്ഞ ഇട്ട് ക്രിസ്ത്യാനിയായി. പക്ഷേ കുർബാനയുടെ നേരത്ത് അകലെയുള്ള കടയിൽ നിന്ന് എന്തെങ്കിലും വാങ്ങാൻ പറഞ്ഞു വിട്ട്, ഒരിക്കലും കുർബാന കൂടാനാവാത്ത വിധം, അഥവാ പള്ളിയിൽ നല്ല നസ്രാണികൾക്കൊപ്പം നിൽക്കാനിടവരാത്ത വിധം അച്ചൻ പതിവായിട്ട് അയാളെ പറ്റിച്ചു. ഒടുക്കം അച്ചന് നേരേ വെന്തീഞ്ഞ പൊട്ടിച്ച് വലിച്ചെറിഞ്ഞ് അയാൾ പോന്നു.
പിന്നെയുമൊരു കഥയിൽ അയാൾക്ക് വിശപ്പും അതിനപ്പുറം, പട്ടിണിയിൽ മരിച്ചു പോയ മകളുടെ ഓർമകളും ഉള്ളിലടക്കിക്കൊണ്ട് ബാക്കി വന്നൊരു കല്യാണസദ്യയുടെ വിഭവമത്രയും ഒരു വലിയ കുഴിയിലാക്കി മൂടുക എന്ന ഗതികെട്ട വേല ചെയ്യേണ്ടി വന്നു.
അതിനൊക്കെ പുറമേയാണ് ഈ എഴുത്തുകാരന്റെ കഥയിൽ അയാൾ അബ്രഹാമെന്ന ജീവിക്കാൻ ഗതിയില്ലാത്തവനായതും ഒടുക്കം ജീവിക്കാൻ പോത്തുവെട്ടുകാരനായതും.
പാതയിലൂടെ വലിയ കാറുകൾ പൊയ്ക്കൊണ്ടിരുന്നു. ഹോട്ടലിനു മുന്നിൽ ഭക്ഷണം കഴിക്കാൻ ആളുകൾ പരസ്പരം കൃത്യമായ അകലം പാലിച്ചു കൊണ്ടും മുഖം മൂടി വച്ചും അക്ഷമരായി നിൽക്കുന്നുണ്ട്. മിക്കവരും തന്നെ വിലയേറിയ വസ്ത്രം ആണ് ധരിച്ചിരുന്നത്. അയാൾ തനിക്കു കിട്ടിയിരിക്കുന്ന വസ്ത്രത്തിലേക്കു നോക്കി. അബ്രഹാം ഉൾപ്പെടെ എല്ലാ ദരിദ്രരുടേയും ദേഹത്തു കാണുന്ന നിറം മങ്ങിയ, മുഷിവും ചുളിവും ഉള്ള വേഷം തന്നെ. മുഷിവിന്റെ ഗന്ധവുമുണ്ട്. മാറ്റമില്ലാത്തിടത്ത് നാറ്റമുണ്ടാകും. അതു സ്വാഭാവികമാണ്. ആ നിലയ്ക്ക് ഇതും ഒരു പ്രാരാബ്ധക്കാരന്റെ ജീവിതമായിരിക്കും എന്നുറപ്പായി. മിക്കവാറും ഈ മഹാമാരിക്കാലത്ത് നാട്ടുജോലികൾ കുറഞ്ഞതിനാൽ ജീവിതം ഞെരുക്കത്തിലായ ഒരുവനാകാം.
കഥയ്ക്കുള്ള വിത്തു കിട്ടാൻ കാലത്തിലേക്കും ലോകത്തിലേക്കും കണ്ണുനട്ടിരിക്കുന്ന ശീലമുള്ള എഴുത്തുകാരിൽ പെട്ടവനായതു കൊണ്ട് നിലവിൽ ആ കഥാകൃത്ത് വീണ്ടും തന്നെപ്പോലുള്ള ഒരു ഇല്ലവല്ലായ്മക്കാരനിലേക്കു തന്നെ തിരിച്ചെത്തിയതിൽ വിശേഷിച്ചൊന്നുമില്ല.
എന്തിനു കേവലമൊരു എഴുത്തുകാരനെ പറയുന്നു- ലോകത്തെ പരമോന്നത എഴുത്തുകാരനായ ദൈവം പോലും തന്നെപ്പോലുള്ളവരെ നിലനിർത്തിപ്പോരുകയാണല്ലോ എന്ന് അയാൾ ഓർത്തു. യുദ്ധത്തിൽ, ക്ഷാമത്തിൽ, ഭൂകമ്പത്തിൽ, പ്രളയത്തിൽ, സ്ഫോടനത്തിൽ ഒക്കെ ഇല്ലാതായി പോകുന്നത് തന്നെപ്പോലുള്ളവർ തന്നെയാണെന്നും, രക്ഷിക്കാൻ ചെറുവിരൽ പോലും അനക്കാത്ത എഴുത്തുകാരൻ എന്ന ദൈവം അഥവാ ചെകുത്താൻ ഇതാ വീണ്ടുമൊരു പട്ടിണിക്കഥയിലേക്ക് തന്നെ വഴി നടത്തുകയാണെന്നും ഒക്കെയുള്ള വിചാരങ്ങൾ അബ്രഹാമിൽ നിന്നും പുതിയ കഥയിലെ ജയന്തനിലേക്കു പരിവർത്തനപ്പെടാൻ ഉള്ള ശ്രമത്തിനിടയിലും അയാളെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ -
അതാ, സഹദേവൻ!-
കെ.എൽ 42 എസ് ആയിരത്തിയൊന്ന് എന്ന നമ്പറുള്ള പുതുപുത്തൻ വമ്പൻ കാറിൽ. കൊള്ളാം നല്ല നമ്പറാണ്. ഭാഗ്യം വരവറിയിക്കുകയാണോ!
സഹദേവന്റെ പത്തു വിരലിലും മോതിരമുണ്ട്. തിളങ്ങുന്ന ഐവറി കളറിലുള്ള പട്ടു കുർത്തയും പച്ചക്കരയും ഇളം മഞ്ഞ നിറമുള്ള ഡബിൾ മുണ്ടുമാണ് ധരിച്ചിരുന്നത്. കഥ തുടങ്ങിക്കഴിഞ്ഞിരുന്നതിനാൽ എഴുത്തുകാരന്റെ ഇംഗിതമനുസരിച്ച് പെരുമാറുന്നതിന്റെ ഭാഗമായി ജയന്തൻ സഹദേവൻ പറയുന്നതു പോലെ ഒക്കെ ചെയ്തു.
ആദ്യമായി സഹദേവൻ അയാളെ കാറിലേക്കു നയിച്ചപ്പോൾ ജയന്തൻ അയാളെ പിന്തുടർന്നു. ഇതു ശരിയല്ലെന്ന് ജയന്തന്റെ മനസ്സു പറയുന്നുണ്ടായിരുന്നു. ഒരുമിച്ച് ഒരേ ബഞ്ചിലിരുന്നു പഠിച്ചിരുന്നവനാണ് സഹദേവൻ. ഇന്ന് വലിയൊരു പണച്ചാക്കായിരിക്കുന്നു. എന്നു വച്ച് അവനെ അഥവാ അവനെ പോലെ ഉള്ളവരെ ഇപ്പോഴും അനുധാവനം ചെയ്യേണ്ടി വരുന്നത് അപമാനകരം തന്നെയാണ്. പാവപ്പെട്ടവനും അവന്റേതായ ഒരു വില നൽകാൻ ഇപ്പോഴും എഴുത്തുകാർ മടിക്കുന്നതെന്തിന്?- ജയന്തൻ നീരസത്തോടെ ഓർത്തു. പണവും സാമൂഹികമായ അംഗീകാരവും തന്നെയാണ് മഹത്തായ കാര്യമെന്നത് എഴുത്തുകാരും സമ്മതിച്ചു കൊടുക്കുന്നതിൽ അയാൾക്കു പുച്ഛം തോന്നി.
കാറിന്റെ ഡോർ തുറന്ന് സഹദേവൻ അയാളെ അകത്തേക്കു കയറ്റിയിരുത്തി. എ.സിയുടെ തണുപ്പ്, ആ വലിയ കാറിലെ എവിടെ നിന്നോ ഉയരുന്ന പരിമളം - അരികിൽ സകല സമൃദ്ധിയോടും കൂടി നിറഞ്ഞിരിക്കുന്ന സഹദേവൻ - ഒക്കെയും നാളിതുവരെ എഴുതപ്പെട്ട എല്ലാ ഇല്ലായ്മ കഥകളിലെയും ഗതിപിടിക്കാത്ത ദരിദ്രനായകനിലേക്കു തന്നെ അനുനിമിഷം താഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന് ജയന്തൻ അറിഞ്ഞു. അതിൽ നിന്നു കുതറി മാറാൻ മനസ്സു കൊണ്ട് അയാൾ ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ സഹദേവൻ പറഞ്ഞു:""ജയന്താ, നിന്റെ വിവരങ്ങൾ കൂടുതലായി അന്വേഷിച്ച് അറിഞ്ഞിട്ടു തന്നെയാണ് ഞാനീ കൂടിക്കാഴ്ചയ്ക്കു എത്തിയത്. എട്ടു മുതൽ പത്തു വരെ ഒരുമിച്ച് ഒരേ ബഞ്ചിലിരുന്നു പഠിച്ചവരാണ് നമ്മൾ. അന്നു നമ്മൾ ഒരേ തരക്കാരാണ്. എന്റെ വീട്ടിലെ സ്ഥിതിയായിരുന്നു പിന്നെയും ഭേദം. ഞാൻ നായരായത് കുറച്ചൊക്കെ എനിക്കു ഗുണം ചെയ്തിരുന്നു. നിന്റെ കാര്യത്തിൽ അങ്ങനെയല്ലാത്തതു വലിയൊരു ഗതികേടു തന്നെയായിരുന്നല്ലോ''.
അതു കേട്ടപ്പോൾ എഴുത്തുകാരൻ ഈ കഥയിൽ തന്നെ ദളിതനാക്കിയിരിക്കുകയാണെന്ന് ജയന്തനു മനസ്സിലായി. മാർക്കറ്റ് അനുസരിച്ച് ചേറ്റാനുള്ള അയാളുടെ മിടുക്കിനെ ജയന്തനു നമിക്കാൻ തോന്നി.
""തമാശയല്ല ജയന്താ ജാതിയിലൊക്കെ വലിയ കാര്യമുണ്ട്. അതു പോകട്ടെ. ഞാനേതായാലും രക്ഷപ്പെട്ട സ്ഥിതിക്ക് നിനക്കും കൂടി ഒരു വഴി കാണിച്ചു തരാമെന്നു കരുതുകയാണ്. പെൺമക്കളെ ഇറക്കണ്ടേ നിനക്ക്. അല്ലെങ്കിൽ തന്നെ തടിമില്ലിലെ കൂലിപ്പണി കൊണ്ട് എന്തു സാധിക്കും? കോവിഡു കാലത്ത് പണിയും കുറഞ്ഞു കൂലിയും കുറഞ്ഞു. ഭാര്യ ചെറുപ്പമാണെങ്കിലും, അവൾക്ക് നിസ്സാര വേതനത്തിന് ചെമ്മീൻ കിള്ളിക്കൊടുക്കുന്ന പണിയുണ്ടെങ്കിലും നീ എങ്ങാനും മില്ലിൽ തല കറങ്ങി വീണോ യന്ത്രത്തിനിടയിൽ കൈയോ കാലോ പെട്ട് ചോര വാർന്നോ പെട്ടെന്നു മരിച്ചു പോയാൽ അവളെ കൊണ്ടാകുമോ പെങ്കൊച്ചുങ്ങളെ കെട്ടിച്ചു വിടാൻ? അതു കൊണ്ട് ഞാൻ പറയുന്നത്-''
സഹദേവൻ ഒന്നു നിർത്തി സീറ്റിനു പുറകിലെ കെയ്സിൽ നിന്നു ഫ്ളാസ്‌ക് എടുത്ത് ഒരൽപ്പം ചൂടുവെള്ളം പകർന്ന് പോക്കറ്റിൽ നിന്നുമൊരു ഗുളികയെടുത്തു വിഴുങ്ങി. പിന്നാലേ വെള്ളവും മൊത്തി.
ഒരുപക്ഷേ, ഇതിനു വേണ്ടിയാകണം കഴിഞ്ഞ ദിവസം കച്ചേരിമൈതാനിയിൽ വച്ച് ഒരുപാടു കൊല്ലങ്ങൾക്കു ശേഷം സഹദേവനുമായി ഒരു കൂടിക്കാഴ്ച എഴുത്തുകാരൻ തരപ്പെടുത്തിയത് എന്ന് ജയന്തൻ ഓർത്തു. തൊഴിലില്ലായ്മയും മറ്റും പരിഗണിച്ച് നഗരത്തിലെ മുന്തിയ ഏതോ ക്ലബ്ബുകാർ നൽകുന്ന അരി വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ നിലയിൽ സഹദേവനെയും ആദ്യത്തെ അരി പാക്കറ്റ് വാങ്ങാൻ തെരഞ്ഞടുക്കപ്പെട്ടവനായി ജയന്തനെയും എഴുത്തുകാരൻ കൂട്ടിമുട്ടിച്ചിരുന്നു. സഹദേവനും ജയന്തനുമായി സ്വകാര്യത്തിലൊന്നു സംസാരിക്കാൻ ഇട വരുത്തുകയും ചെയ്തിരുന്നു. ഇഷ്ടമില്ലാതിരുന്നിട്ടും എഴുത്തുകാരന്റെ പ്രേരണയ്ക്കു വഴങ്ങി ജയന്തന് തന്റെ സ്ഥിതി പറയേണ്ടി വരികയും ചെയ്തിരുന്നു.""ഞാനതിനൊക്കെ ഒരു വഴി കണ്ടിട്ടുണ്ട് ജയന്താ. ഇനി നിനക്കു വച്ചടി കേറ്റമാ ''
ഫ്ളാസ്‌ക് തിരികെ അടച്ചു കൊണ്ട് സഹദേവൻ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു.
വെറുതേ, നിർവികാരമായി ജയന്തൻ സഹദേവനെ നോക്കിയിരുന്നു. സൗഭാഗ്യത്തിന്റെ ഒരു വലിയ സാധ്യത ഒന്നോ രണ്ടോ വാക്കുകളിലൂടെ കാണിച്ചു കൊടുത്തിട്ടും ജയന്തന്റെ മുഖത്ത് ഒരു തെളിച്ചവുമില്ലാത്തതു കണ്ടപ്പോൾ സഹദേവൻ ഒന്നു കൂടി വിശദമാക്കി.
""നിനക്കൊരു സ്ഥിര വരുമാനത്തിനുള്ള വഴി ഞാൻ ശരിയാക്കുന്നു. അതീ പിടിച്ച് നീയങ്ങു കേറി രക്ഷപ്പെട്ടോളും. അതു പറയാനാ ഞാനീ കൂടിക്കാഴ്ച തരപ്പെടുത്തിയത്''
ജയന്തന്റെ മുഖത്തൊരു നേർത്ത മന്ദഹാസം തെളിഞ്ഞപ്പോൾ സഹദേവന് ആശ്വാസമായി. പക്ഷേ, അത് ആ കേട്ടത് ഓർത്തിട്ടായിരുന്നില്ല. ഈ കൂടിക്കാഴ്ച തരപ്പെടുത്തിയത് താനാണെന്ന സഹദേവന്റെ വാദം കേട്ടതു കൊണ്ടാണ്. തനിക്കും സഹദേവനും അപ്പുറം അദൃശ്യതയിൽ ഒരെഴുത്തുകാരനുള്ളത് സഹദേവന് അറിയില്ലല്ലോ. അല്ലെങ്കിൽ തന്നെ സഹദേവന് അത് അറിയേണ്ടതില്ലല്ലോ. കൈ ഞൊടിച്ചാൽ എന്തും മുന്നിലെത്തുന്നവർക്ക് സ്വന്തം സാന്നിധ്യം ഒഴിച്ച് മറ്റെല്ലാം അപ്രസക്തമായിരിക്കുമല്ലോ.
ഒപ്പം തന്നെ എഴുത്തുകാരൻ ഇക്കഥയിൽ എന്തു കെണിയാണ് തനിക്ക് സഹദേവനിലൂടെ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ഒരു കൗതുകവും ആ മന്ദഹാസത്തിനു പിന്നിലുണ്ട്. ദുരന്തപൂർണ്ണമായ ഒരു കഥാന്ത്യത്തിനു മുമ്പുള്ള പ്രത്യാശയുടെ മിന്നാട്ടമാകാം ഈ സഹദേവന്റെ വാഗ്ദാനമെന്നും ജയന്തന് തോന്നി. പറയ്, പറഞ്ഞു തുലയ്ക്ക് എന്ന മട്ടിൽ തന്നെ സഹദേവനു കാതു കൊടുത്ത് അയാൾ ഇരുന്നത് അതു കൊണ്ടാണ്.
ഒന്നു മുരടനക്കിയിട്ട് സഹദേവൻ കാറിനുള്ളിൽ മറ്റാരോ ഉള്ളതു പോലെ, അയാൾ കേൾക്കരുത് എന്ന പോലെ ശബ്ദം വളരെ താഴ്ത്തി കാര്യം പറഞ്ഞു. പലകാലങ്ങളിലെ പല പല ദാരിദ്ര്യകഥകളിലെ നായകൻമാരിലൂടെ അബ്രഹാമിലെത്തി ഇപ്പോൾ ജയന്തനിലേക്കും നീളുന്ന ഒരു നിർഭാഗ്യ ജീവിതാവസ്ഥയുടെ നിലവാരം സ്ഥിരമായി തന്നെ ഉയർത്താൻ പോന്ന ഒന്നാന്തരം ഒരു ആശയം!
അഗമ്യഗമനം വിഷയമാക്കിയുള്ള കഥകൾ എഴുതി ഉണ്ടാക്കുക. അത് ഭാര്യയെ കൊണ്ട് നല്ല വികാരഭരിതമായി വായിപ്പിച്ച് റെക്കോഡ് ചെയ്ത് സഹദേവന് എത്തിച്ചു കൊടുക്കുക. ആഴ്ചയിൽ മൂന്നോ മുപ്പതോ ആകാം. മതി. ഇത്രയും ചെയ്താൽ മാത്രം മതി. ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത് ആദ്യ മണിക്കൂറിൽ തന്നെ ലക്ഷങ്ങളാവും വ്യുവേഴ്സ്! കിറുകൃത്യമായി ഒരു വലിയ തുക സഹദേവൻ ജയന്തന്റെ അക്കൗണ്ടിലിടും. ജയന്തനു വട്ടിപ്പലിശക്കാരിൽ നിന്നു കഴുത്ത് ഊരിയെടുക്കാനാവും. ചിട്ടി ചേർന്നോ മറ്റോ ധനം സ്വരൂപിച്ച് വൈകാതെ തന്നെ പെങ്കൊച്ചുങ്ങളെ അതുങ്ങളുടേതായ നല്ല ജീവിതങ്ങളിലേക്ക് കൈപിടിച്ചിറക്കാനാവും.
""പക്ഷേ ഐറ്റം മുടങ്ങാതെ എത്തിക്കണം. ത്രെഡ് ഒക്കെ വേണേ തരാം. നീ എഴുതിയാൽ മതി. എന്നാൽ ഒരു കാരണവശാലും നിന്റെ ശബ്ദത്തിൽ വായിക്കരുത്. ഭാര്യയെക്കൊണ്ടോ, നീപറഞ്ഞാൽ എന്തും ചെയ്യുന്ന പെണ്ണുങ്ങളാരെങ്കിലുമുണ്ടെങ്കിൽ അവരെ കൊണ്ടോ വായിപ്പിക്കണം. പെൺശബ്ദത്തിനാണ് നല്ല മാർക്കറ്റ്. ഓകേ-?''
വലിയൊരു പ്രകാശം തന്നെ ജയന്തന്റെ മുഖത്തുണ്ടായി. ഇക്കാലത്തിനിടയിൽ ഒരെഴുത്തുകാരനോടും തോന്നിയിട്ടില്ലാത്ത കൃതജഞതയുടെ വെളിച്ചമായിരുന്നു അത്. ഇതാദ്യമായി തനിക്കൊരു സമ്പന്ന ലോകം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു!
സഹദേവൻ മറുപടിക്കായി കാത്തിരിക്കുകയാണ്. അയാളുടെ മിനുത്ത ചെവികളിലെ രോമങ്ങളൊക്കെ എഴുന്നു നിൽക്കുകയാണ്. എന്താ പറയേണ്ടത് എന്നതിനെ കുറിച്ച് എഴുത്തുകാരനിൽ നിന്നും ഒരു നിർദേശവും കിട്ടുന്നില്ല. വീണ്ടും ഒരു ചെറിയ പ്രതീക്ഷ ജയന്തനിൽ ഉണ്ടായി. ഒരു തലയാട്ടൽ കൊണ്ട് ഗതികെട്ട ഒരു ജീവിതം മാറുമെങ്കിൽ മാറട്ടെ എന്ന് എഴുത്തുകാരിൽ ഒരാൾ എങ്കിലും ആഗ്രഹിച്ചു കൂടെന്നില്ലല്ലോ.
""ശരി, ഒന്നു നോക്കിക്കളയാം സഹദേവാ'' എന്നു തന്നെ പറയാൻ ജയന്തൻ ഓങ്ങിയ നേരത്ത് അദൃശ്യമായ ഒരു കൈ അയാളുടെ വാ പൊത്തിപ്പിടിച്ചു. ജയന്തന് ശരിക്കും ശ്വാസം മുട്ടി. ഒരു നിമിഷത്തിനു ശേഷം വാ തുറക്കപ്പെട്ട് ശ്വാസവും ബോധവും തിരികെ കിട്ടിയപ്പോൾ ജയന്തൻ പറഞ്ഞ മറുപടി അയാൾ പറയാനുദ്ദേശിച്ചതിനു നേരേ വിരുദ്ധമായതാണ്. അതു കേട്ട് സഹദേവന്റെ മുഖം ചുളുങ്ങി. കരുവാളിച്ചു.""ങ്ഹും'' എന്ന് അരിശത്തോടെ ശബ്ദമുണ്ടാക്കിയിട്ട് സഹദേവൻ ജയന്തന് തെരുവിന്റെ നട്ടുച്ചയിലേക്കു ഡോർ തുറന്നു കൊടുത്തു. ""അന്തസ്സും അഭിമാനവുമൊക്കെ കാശുകാർക്കേ പറഞ്ഞിട്ടുള്ളെടാ. ഈ കെട്ട കാലത്ത് നിന്നെപ്പോലുള്ള ദരിദ്രവാസികൾ ദുരഭിമാനോം കൊണ്ടു നടന്നാൽ വയറു കാഞ്ഞ് ചാവുകയേ ഉള്ളു''.
പൊള്ളുന്ന നിരത്തിലേക്കു കാലു വച്ചപ്പോൾ വീണ്ടും നരകജീവിതത്തിന്റെ ദുർഗന്ധമത്രയും ജയന്തന് അനുഭവപ്പെട്ടു. സ്വർഗലോകത്തിന്റെ സുഗന്ധവുമായിട്ടാവട്ടെ കെ.എൽ 42 എസ് ആയിരത്തിയൊന്ന് ഒറ്റക്കുതിപ്പിൽ പോവുകയും ചെയ്തിരിക്കുന്നു. നെടുവീർപ്പോടെ തെരുവിൽ ജയന്തൻ നിന്നു. അരോടെന്നില്ലാതെ ജയന്തൻ ചോദിച്ചു. ""ഇനിയെന്ത്?, അഥവാ ഇനിയുമെന്ത്?''
എഴുത്തുകാരനിൽ നിന്നുള്ള അടുത്ത നിർദേശം കാത്തു നിൽക്കുമ്പോൾ ഈ കഥയിലും ഇനിയങ്ങോട്ട് വലിയ പ്രതീക്ഷക്കൊന്നും വഴിയില്ലെന്ന് ജയന്തനു തോന്നിയിരുന്നു. എന്നാലും ഇനി അയാൾ ആ ഒടുക്കത്തെ ഫുൾസ്റ്റോപ്പ് ഇടുന്നതു വരെയുള്ള കാര്യങ്ങൾ മൊത്തത്തിലൊന്ന് അറിഞ്ഞിട്ടു മതി ബാക്കി എന്ന് കരുതി ജയന്തൻ പാതയോരത്തെ ആളൊഴിഞ്ഞ വെയ്റ്റിങ് ഷെഡ്ഡിലേക്കു കയറി പൊടി പിടിച്ച സിമന്റു ബഞ്ചിൽ നീണ്ടു നിവർന്നു കിടന്നു.
സഹദേവനോട് "യെസ്' പറയാനാണ് എഴുത്തുകാരൻ തോന്നിച്ചിരുന്നതെങ്കിൽ തന്നെ അതിലെ പെൺശബ്ദം നൽകാൻ മായ സമ്മതിക്കുമായിരുന്നോ എന്ന് ജയന്തൻ സംശയിച്ചു. അവളുടെ ശബ്ദമൊക്കെ നല്ലതാണ്. നാൽപ്പത്തിമൂന്നു വയസ്സു തോന്നിക്കുകയേ ഇല്ല. നേർത്തൊരു മാധുര്യവും അൽപ്പം വികാരഭരിതവുമായ ശബ്ദം തന്നെയാണത്. അവൾ സമ്മതിക്കാതിരിക്കാനും വഴിയില്ലായിരുന്നു. പലിശക്കാരുടെ നോട്ടമിപ്പോൾ സ്വന്തം പെൺ മക്കളുടെ മാറത്താണല്ലോ.
പറഞ്ഞിട്ടെന്തു കാര്യം.
എഴുത്തുകാരനെയല്ലാ, ലോകത്തെ എല്ലാ എഴുത്തുകാരെയും മനസ്സുരുകി പ്രാകിയിട്ട് ഒരു മയക്കത്തിലേക്കു ചായുമ്പോൾ കാത്തുവച്ചിരിക്കുന്നത് നരകമാണെങ്കിൽ തന്നെ അതൊന്നു മുന്നേ കാണാൻ കഴിഞ്ഞാൽ കൊള്ളാമായിരുന്നു എന്ന് ജയന്തൻ പിറുപിറുത്തു. അത് എഴുത്തുകാരൻ കേട്ടോ എന്തോ.
എന്തായാലും മയക്കത്തിൽ ആ കാഴ്ച ജയന്തന് തെളിഞ്ഞു വന്നു. നട്ടുച്ചയുടെ കാളുന്ന വെയിൽനിന്ന് കണ്ണറിയാതെ തന്റെ ചെറിയ വീട്ടിലേക്കു ചെന്ന ജയന്തന് കണ്ണിലെ ഇരുട്ടു മാറാതെ തന്നെ, വീട്ടിലേക്കു കയറാതെ തന്നെ, സംഭവിച്ചതൊക്കെയും മനസ്സിലാക്കാനായി. കാറ്റിന് ഒരു കൂട്ടമരണത്തിന്റെ മണമടിക്കുന്നു.
മുറ്റത്തു തന്നെ നിന്ന് അയാൾ സ്വയം ചോദിച്ചു: മായയും രണ്ടു പെൺമക്കളും അവസാനിച്ചിരിക്കുന്നു എന്ന തോന്നൽ വാസ്തവമെങ്കിൽ എങ്ങനെയാവും അവർ എല്ലാം അവസാനിപ്പിച്ചത്? കെട്ടിത്തൂങ്ങി? വിഷം ഉപ്പുമാവിൽ കലർത്തി? അല്ലെങ്കിൽ പലിശക്കാരുടെ കൂട്ട ബലാൽസംഗത്തിൽ? അതിനിരയായിത്തന്നെയോ ശേഷം അതിന്റെ അവമതി സഹിക്കാനാവാതെയോ?
എന്തായാലും ആ കാഴ്ച കാണാൻ നിൽക്കാതെ ജയന്തൻ മയക്കത്തിൽ നിന്നും തെരുവിന്റെ ഉച്ചവെയിലേക്കു കണ്ണു തുറന്ന് എഴുന്നേറ്റിരുന്നു. കഷ്ടം. നൂറ്റൊന്ന് ആവർത്തിച്ചു പഴകിയ രംഗത്തിൽ തന്നെ കഥ കൊണ്ടെത്തിക്കാൻ പോവുകയാണ് ആ എഴുത്തുകാരൻ. വ്യത്യസ്തമായ ഒരു വഴി കണ്ടെത്താൻ അയാൾ ഒട്ടും മിനക്കെടുന്നില്ലല്ലോ. വായനക്കാർക്ക് ഇതൊക്കെ മതിയെന്നാണോ?
അതിലും ഭേദം മറ്റൊരു അവസാനമാണ് ജയന്തനു തോന്നിയത്. വീട്ടിലേക്കു ചെല്ലുമ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു. മായയും മക്കളും അകത്തുണ്ടാവുമെന്നറിയാവുന്നതിനാൽ കോളിങ് ബെല്ലടിക്കുന്നു. മറുപടിയില്ല. അൽപസമയം കഴിഞ്ഞു. വാതിൽ തുറന്ന് വലിച്ചു വാരിയുടുത്ത ഉടുപുടവയോടെ മായ പുറത്തേക്കു വന്ന് മുറ്റമാകെ പരതി നോക്കുന്നു.
ആരാ- എന്ന് അകത്തെ മുറിയിൽ നിന്നൊരു പതിഞ്ഞ പുരുഷശബ്ദം കേൾക്കുന്നു. ആവോ, ആരേയും കാണുന്നില്ലാ എന്ന് പറഞ്ഞ് തൊട്ടുമുന്നിൽ നിൽക്കുന്ന തന്നെ കാണാതെ തന്നെ വീണ്ടും അകത്തേക്കു കയറി അവൾ വാതിലടക്കുന്നു. ഉമ്മറത്ത് അപരിചിതമായ രണ്ടു ജോടി ചെരുപ്പുകൾ കൂടി കിടക്കുന്നതു കണ്ടപ്പോൾ അകത്തേക്കു കയറാനോ പെൺമക്കളുടെ സ്ഥിതി കൂടി അറിയാനോ തനിക്ക് തോന്നാതാവുന്നു. എന്ന്, എപ്പോൾ, എവിടെ വച്ച്, എങ്ങനെയാണ് താൻ മരിച്ചു പോയതെന്ന സന്ദേഹത്തോടെ മാത്രം മുറ്റത്തു നിന്നു പോകുന്നു.
-അത്ര കേമമായ അന്ത്യമൊന്നുമല്ല ഇതെങ്കിലും എഴുത്തുകാരൻ ഉണ്ടാക്കി വച്ചിരിക്കുന്ന പതിവു തട്ടിക്കൂട്ട് ക്ലൈമാക്സിനേക്കാൾ ഭേദമായിരിക്കുമെന്ന് ജയന്തനു തോന്നി.
ങാ- അതെന്തെങ്കിലുമാകട്ടെ, എങ്ങനെയും ഈ കഥയിൽ നിന്നും പുറത്തു കടക്കേണ്ടിയിരിക്കുന്നു. ഇനി ഒരു പട്ടിണിക്കഥയിലും നായകനാവാൻ ഇട വരാത്ത വിധം.
ഇഴഞ്ഞ് വലഞ്ഞ് തെണ്ടി തിരിഞ്ഞ് മാത്രം ഉള്ളതാവണം തങ്ങൾക്കു ജീവിതമെന്ന് തീരുമാനിക്കുന്ന ദൈവമോ ചെകുത്താനോ എന്നു തിട്ടമില്ലാത്ത ആ മഹാനായ എഴുത്തുകാരന്റെ മുഖത്തു തുപ്പിയിട്ട് ഒരു ദിവസമെങ്കിൽ ഒരു ദിവസം സഹദേവനെപ്പോലെ ജീവിക്കണം. അതിന് സഹദേവനെ കാണണം. കെ.എൽ 42 എസ് ആയിരത്തി ഒന്ന്. അതൊരു ഭാഗ്യനമ്പർ തന്നെ.
ജയന്തൻ പുതിയൊരു ഉന്മേഷത്തോടെ എഴുന്നേറ്റു.
പക്ഷേ, ഒരടി മുന്നോട്ടു വയ്ക്കാനാവുന്നില്ല. തെരുവിലേക്ക് കുതിച്ചു നീങ്ങാൻ ശ്രമിച്ചിട്ടും പറ്റുന്നില്ല. പിന്നിൽ നിന്നൊരു പിടുത്തം. തിരിഞ്ഞു നോക്കിയപ്പോൾ മയക്കത്തിൽ കണ്ട ആ ദുരന്തക്കാഴ്ചയിലേക്കുള്ള വഴി തെളിഞ്ഞു കിടക്കുന്നതു കണ്ടു. ആ വഴിയുടെ അറ്റത്ത് മായയും പെൺമക്കളായ ദീപയും ദീപ്തിയും കയർ കുരുക്കിലേക്കു തല വെക്കാനോങ്ങി നിൽക്കുന്നതും കണ്ടു.
""എടോ പൊട്ടാ, അതിലും നല്ല എൻഡുണ്ട് . ഞാൻ പറഞ്ഞു തരാം. അതായാലും തനിക്കു നല്ല കയ്യടി കിട്ടും''.- എന്നൊക്കെ ജയന്തൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നിട്ടും പിടി മുറുകിയതേയുള്ളു. ""സഹദേവാ..'' എന്നുറക്കെ അലറി വിളിച്ചു കൊണ്ട് കുതറി അയാൾ സർവശക്തിയുമെടുത്ത് തെരുവിലേക്ക് ഓടാൻ ആഞ്ഞു. അപ്പോൾ അദൃശ്യമായ രണ്ടു കൈകൾ അയാളെ അങ്ങനെ തന്നെ പൊക്കിയെടുത്ത് ചുരുട്ടിക്കൂട്ടി അയാളുടെ ആ ചെറിയ വീട്ടുമുറ്റത്തേക്കു തന്നെ വലിച്ചെറിഞ്ഞിട്ടു. വീട്ടിനകത്തു നിന്നും ചാവുമണം വന്ന് മൂക്കിൽ തട്ടിയ നിമിഷം ഫുൾസ്റ്റോപ്പ് വീണു. ▮