സോഫി

വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ സേവ്യർ അലക്സിനും ഞങ്ങൾക്കുമിടയിൽ സാധാരണ സംഭവിക്കാവുന്നതുപോലെ ഒന്നും നടന്നില്ല.

തോക്കെടുക്കാൻ അരയിലേക്കുപോയ അയാളുടെ കൈകൾ അവിടെത്തന്നെ നിശ്ചലമായി. അലറി വന്ന പുഴുത്ത തെറി ഞെരിയുന്ന പല്ലുകൾക്കു പിറകിൽ തടഞ്ഞുകെട്ടുപോയി. നായയുടേതെന്നവണ്ണം അയാളുടെ മൂക്ക് വിടർന്നു. അസാധാരണമായ ആ ഗന്ധമായിരിക്കും കാരണം. തുറന്നുവിട്ട പാചകവാതകത്തിന്റേതെന്ന് ധരിച്ചുപോയാൽ തെറ്റു പറയാനാവില്ല. കാലങ്ങൾകൊണ്ട് അടിഞ്ഞുകൂടിയ സംശയത്തിൽ ജാഗരൂകനായ അയാളുടെ കണ്ണുകൾ ചുറ്റിലും സാധ്യമായ അപകടങ്ങളുടെ ഒളിയിടങ്ങൾ തേടി.

വാതിൽ തുറക്കാൻ കുറ്റി താഴ്ത്തിക്കൊടുത്ത സോഫി പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപോലെ പതുക്കെ നടന്നുപോയി രണ്ടു ഗ്ലാസ്സിൽ വൈനൊഴിച്ച് ഒന്ന് മൊത്തി, അടുത്തത് അയാൾക്കെന്ന മട്ടിൽ അരച്ചുമരിൽ ഏറ്റവും മൃദുവായി വെച്ചു. ആ കൂസലില്ലായ്മയും അയാളെ അത്ഭുതപ്പെടുത്തിക്കാണണം. ഞാനാകട്ടെ, ഇത്ര അടുത്ത്, തൊട്ടടുത്ത് അയാളെക്കാണുന്നതിന്റെ അമ്പരപ്പും കൗതുകവും മുഖത്തു കൂടിക്കുഴഞ്ഞ് സോഫയിൽ അനക്കമറ്റിരിപ്പാണ് താനും. അവിടെ നിറഞ്ഞുനിന്നത് എന്തിന്റെ മണമെന്ന് എനിക്കുമറിയില്ല, വരുമ്പോഴൊക്കെ പലതരം മണങ്ങളുടെ, വെളിച്ചങ്ങളുടെ ഇടയിൽ ചുറ്റിപ്പോകാറുള്ളതുകൊണ്ട് ഞാനതോർത്ത് അത്ഭുതപ്പെട്ടതുമില്ല. അയാളെ സംബന്ധിച്ച് പക്ഷേ, ഇപ്പൊഴാ വീട് കഴിഞ്ഞദിവസം ഔദ്യോഗിക ടൂറിന് പോകുമ്പോൾ വിട്ടിട്ടു പോയ ഒന്നല്ല. ഒന്നിച്ച് കത്തിച്ചാമ്പലാക്കാന് കെണിയൊരുക്കി കാത്തിരിക്കുകയാണോ എന്ന് സംശയിച്ചതിൽ അയാളെ കുറ്റം പറയാനാവില്ല.

സേവ്യർ അലക്സ് അടുക്കളയിലും മുറികളിലും ചുറ്റിനടന്നുനോക്കുകയും പേടിക്കത്തക്കതൊന്നും കാണാഞ്ഞിട്ട് ജനലുകൾ വലിച്ച് തുറന്നിടുകയും ചെയ്തു. അത്രയും ചെയ്യുന്നതിനെടുത്ത സമയം പക്ഷേ, വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഒറ്റയടിക്കു തീർക്കുക എന്ന കാര്യം നടക്കാതായതോടെ ഉന്നം പിടിക്കുന്നതുപോലെയല്ലാതെ അയാൾക്ക് ഞങ്ങളുടെ മുഖത്തേക്ക് നോക്കേണ്ടിവന്നു. അത്തരം ഒരവസ്ഥയിൽ പ്രതീക്ഷിക്കാവുന്ന വെപ്രാളമോ പേടിയോ മുഖത്തുകാണാത്തത് അയാളെ അരിശംകൊള്ളിച്ചിട്ടുണ്ടാകും. അല്ലെങ്കിൽ നിസ്സഹായനാക്കിക്കാണും. രണ്ടായാലും അത് ഞങ്ങൾക്കിടയിലെ സമയത്തെ നീട്ടിത്തരികയാണ്. ആ സമയം പ്രധാനമായിരുന്നു. അതില്ലായിരുന്നെങ്കിൽ എനിക്കിതൊന്നും പറയാനാകുമായിരുന്നില്ല, ഈ കഥ പോലുമുണ്ടാകുമായിരുന്നില്ല.

കുറച്ചുനേരത്തെ നോട്ടത്തിനും ആലോചനക്കും ശേഷം തോക്കുപിടിച്ച കൈകൊണ്ട് നെറ്റിതുടച്ച് അയാൾ പുറത്തേക്കുപോയി. വാതിലടഞ്ഞു. പുറത്തുള്ള ബഹളം പതുക്കെ ഇല്ലാതാകുന്നത് കേട്ടു. അയാൾ തന്റെ അധികാരം പുറത്തെടുത്തിട്ടുണ്ടാവണം. ആവേശത്തിൽ ഓടിക്കൂടിയവർക്ക് അതിനെ ചെറുക്കാനുള്ള കെൽപ്പൊന്നുമില്ല. ഇനി പുറത്ത് ബാക്കിയുള്ളത് സ്വന്തം കൂട്ടാളികൾ മാത്രം. അവസാനത്തെ ഉറപ്പും കിട്ടാതെ അവർ പോകില്ല.

വാതിൽ വീണ്ടും തുറന്നടയുന്നു. അങ്ങനെ ഞങ്ങൾ മൂന്നുപേർ: ഒറ്റമുറിയിൽ, മൂന്നു ലോകങ്ങളിലെന്നപോലെ. മേശപ്പുറത്ത് ചാരിനിന്ന് അയാൾ ഒരു സിഗരറ്റ് കത്തിച്ചു. തലയുയർത്തി, നട്ടെല്ലുനിവർത്തി എന്തിനും തയ്യാറെന്ന പ്രസരിപ്പോടെ ഞാനിരുന്നു. സോഫി, ഡൈനിങ്ചെയറിലേക്ക് ഒരു കാൽ നീട്ടിവെച്ച് പിറകോട്ട് ചാഞ്ഞ്, ഞങ്ങൾക്കു പുറകിൽ,

പക്ഷേ, ഒന്നും സംഭവിക്കുന്നില്ല.
ചോദ്യങ്ങളില്ല, പറച്ചിലില്ല.
അയാൾക്കല്ലാതെ മറ്റാർക്കാണ് ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാൻ സാധിക്കുക. ഒരു ചെളിക്കുഴിയിൽനിന്ന് വേർപെട്ടുപോരുന്ന ആയാസമനുഭവിച്ചുകൊണ്ട് അയാൾ അരയിൽനിന്നും തോക്കെടുത്ത് മേശപ്പുറത്ത് വെച്ചു. അത് പറയാതെ മനസ്സിലാക്കേണ്ട ഒരു നിർദ്ദേശമാണ്.

സോഫി ഉറക്കത്തിൽനിന്നു വിളിച്ചെഴുന്നേല്പിച്ച പോലെ കണ്ണുമിഴിച്ചു. പിന്നെ പഴയതിലും ചാഞ്ഞിരുന്നു കോട്ടുവായിട്ടു. അവളൊന്നും പറയാൻ പോകുന്നില്ല. താല്പര്യമില്ലാത്ത കാര്യത്തിൽ അവൾ കല്ലാണ്. അപ്പോൾ എന്റെ ഊഴമാണ്. അല്ലെങ്കിലും എനിക്കാണല്ലോ നിങ്ങളോട് ചിലത് പറയാനുള്ളത്. ഞാൻ തുടങ്ങട്ടെ:

കേട്ടതും കണ്ടതും സത്യമല്ല എന്നൊന്നും ഞാൻ പറയുന്നില്ല. അതൊക്കെയും സത്യം തന്നെ. തല്ക്കാലം അതങ്ങ് മാറ്റിവെക്കാം. എനിക്കു പറയാനുള്ളത് പക്ഷേ, അതിനപ്പുറത്തുള്ള ചില കാര്യങ്ങളാണ്. തീർത്തും വ്യക്തിപരം. ഒന്നു ചികഞ്ഞുനോക്കിയാൽ നിങ്ങളെന്നെ അറിയും, നേരിട്ടല്ലെങ്കിലും. അതു വഴിയേ പറയാം. ആറുമാസത്തോളമായി ഞാൻ ഇവിടെയുണ്ട്. കൃത്യം പറഞ്ഞാൽ പൌലോസുചേട്ടൻ നിങ്ങൾക്കുവേണ്ടി ഈ വീടൊപ്പിച്ചുതന്നതിന്റെ അടുത്താഴ്ചമുതൽ. തെക്കോടൻസ് ബാറിൽനിന്നും ഒരു നില്പനടിക്കുമ്പോഴാണ് പുള്ളി ഓണം ബമ്പർ ടിക്കറ്റും നീട്ടി മുന്നിലെത്തിപ്പെടുന്നത്. ഒന്നും രണ്ടും പറഞ്ഞ് വാടകറൂമിന്റെ കാര്യം എടുത്തിട്ടപ്പോൾ ദാസനും വിജയനും മുതൽ സ്ഥലം ഡിവൈഎസ്പിക്കുവരെ വീടു സംഘടിപ്പിച്ചുകൊടുത്തതിന്റെ കഥകളിറങ്ങി. എസ്സൈയുടെ വീടിന്റെ ഓപ്പോസിറ്റ് അക്ഷയ സെന്ററിനുമുകളിൽ ഒറ്റമുറിയുണ്ട്. ഐ എ എസിന് പഠിച്ചിരുന്ന ചെക്കൻ തൂങ്ങിമരിച്ചതിനുശേഷം ആർക്കും വേണ്ടാതെ കിടപ്പാണ്. ചുരുങ്ങിയ വാടകക്ക് ഒപ്പിക്കാം. ചോദിക്കാതെ തന്നെ എല്ലാം വന്നു വീഴുന്നതുകണ്ട് ഞാൻ അമ്പരന്നു. കുടിച്ച മദ്യത്തിന്റെ കെട്ടിറങ്ങി. അതോ കെട്ട് കൂടിയോ..

എന്നെപ്പോലെ ഒരാൾക്ക് നിങ്ങൾ എവിടെ താമസിക്കുന്നെന്ന് മനസ്സിലാക്കാനോ, അതിനടുത്ത് തന്നെ ഇത്ര പെട്ടെന്ന് ഒരു വാടകമുറി സംഘടിപ്പിക്കാനോ ഒന്നും സാധാരണനിലക്ക് എളുപ്പമല്ല. അങ്ങനെ ശ്രമിക്കുകയാണെങ്കിൽത്തന്നെ അത് പെട്ടെന്ന് സംശയങ്ങളുണ്ടാക്കുകയും ചെയ്യും. വീട്ടിൽനിന്നും ഇറങ്ങിത്തിരിച്ചശേഷം, കുടിക്കുന്ന മദ്യത്തിന്റെ ഓളത്തിൽ ദിവസങ്ങൾ പോയി എന്നല്ലാതെ കാര്യങ്ങളൊന്നും ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല. അപ്പോഴാണ്, പള്ളിപ്പെരുന്നാളിന്റന്നത്തേതുപോലെ തലക്കുചുറ്റും പലനിറത്തിൽ മിന്നുന്ന വെളിച്ചത്തിൽ പുണ്യാളനായി പൗലോസുചേട്ടൻ! നമ്മളൊരു കാര്യം ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ ലോകം മുഴുവൻ അതിന് സപ്പോർട്ടുമായി വരും എന്ന് ആരോ പറഞ്ഞുകേട്ടതോർത്തു പോയി. ആത്മവിശ്വാസം ഒന്നു കൂടിക്കിട്ടി. അയാൾ പറ്റിക്കുമോ എന്ന സംശയംപോലും തോന്നിയില്ല. അഡ്വാൻസ് കൊടുത്തു. കുഞ്ഞുമോന്റെ പേരിൽ ഞാൻ തന്നെയെടുത്തിട്ടിരുന്ന ഇൻഷുറൻസിന്റെ ക്ലെയിം കിട്ടിയിരുന്നതുകൊണ്ട് കാശുണ്ട് കയ്യിൽ. അല്ലെങ്കിൽത്തന്നെ ഇനിയതിന് വേറെന്തുപകാരം!

കുറേ ദിവസങ്ങൾ, നിങ്ങൾ പുറത്തുപോകുന്നതിന്റേയും വരുന്നതിന്റേയും സമയവും രീതിയും നിരീക്ഷിച്ചു കടന്നുപോയി. വലിയ പ്രതീക്ഷക്കൊന്നും വക കിട്ടിയില്ല. കൂടെ ആളില്ലാതെ ഒറ്റക്കൊന്നും പോകുന്നത് കണ്ടതേയില്ല. അധികാരത്തിന്റേതായ ഒരു ശ്രദ്ധക്കൂടുതലുമുണ്ട്. കൂർത്ത നോട്ടത്തിൽപ്പെടാതെ മാറിനില്ക്കാൻ ആദ്യമൊക്കെ ഏറെ പണിപ്പെട്ടു. അങ്ങനെയൊന്നും എളുപ്പത്തിൽ നടക്കുന്ന കാര്യമല്ലെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അന്ന് നിങ്ങൾ ഒരു മാരുതി ആൾട്ടോയിൽ കയറിപ്പോകുന്നതു കണ്ണിൽപെട്ടത്. ഞാനും പിന്നാലെ വെച്ചു പിടിച്ചു. പരുന്തൻമൂലകഴിഞ്ഞ തിരിവിൽവെച്ച് വണ്ടി വീതികുറഞ്ഞ വഴികളിലേക്ക് കയറിപ്പോകുന്നു. എനിക്ക് നേരിയ പ്രതീക്ഷ കൈവന്നു. നിങ്ങളെപ്പോലുള്ളവർക്ക് ചില അവിഹിതങ്ങളൊക്കെയുണ്ടാവാനുള്ള സാധ്യത കൂടുതലാണല്ലോ!
ഒറ്റക്ക് കൈയ്യിൽകിട്ടുമെന്നും പുറംലോകമറിയാത്ത കാര്യങ്ങളായതിനാൽ ഒരെതിർപ്പുമില്ലാതെ കാര്യം സാധിക്കാമെന്നും കരുതി. ഞാനെന്തൊരു മണ്ടൻ!

മനുഷ്യന്മാർക്ക് പല പല ആനന്ദങ്ങളുണ്ടാകും. ഇത്തിരി കള്ളുകുടി, പെണ്ണുങ്ങളോടുള്ള ഭ്രാന്ത്, പന്തുകളി, സിനിമ… അങ്ങനെയൊക്കെ. ഇതതൊന്നുമല്ല. ശ്വാസം പുറത്തുവരാതിരിക്കാൻ വാ പൊത്തിപ്പിടിച്ചുകൊണ്ട് ജനൽപാളിയുടെ മരം വിണ്ട വിടവിലൂടെ ഞാൻ കണ്ട കാഴ്ച!
കസേരയിൽഒടിഞ്ഞുതൂങ്ങിയിരുന്നിരുന്ന പയ്യൻ ജീവനുള്ള ഒരു മനുഷ്യനാണ് എന്ന നേരിയ വിചാരം പോലും നിങ്ങൾക്കില്ലെന്നു തോന്നി. നിങ്ങളന്ന് കാണിച്ചുകൂട്ടിയതൊക്കെയും ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. വേണമെന്നുണ്ടെങ്കിലും എനിക്കതിനുള്ള കഴിവില്ല.

ഒരു ഡോക്ടർ രോഗിയെ പരിശോധിക്കുന്നതുപോലെയാണ് നിങ്ങൾ ആ പയ്യന്റെ ശരീരത്തിലെ ഓരോരോ ഭാഗങ്ങൾ പരതി നോക്കുന്നത്. വേദനയുടെ വേരുകളാണ് തെരഞ്ഞുപിടിക്കുന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. പിറകില് നിന്നും നിങ്ങളവന്റെ വാരിയെല്ലിനടിയിലൂടെ പരുക്കന് വിരലുകൾ കൊളുത്തിവലിച്ചു. പയ്യനെ ഇരുത്തിയതിന്റെ നേരെ മുന്നിലെ ഒരു നെടുനീളൻ കണ്ണാടിയിലാണ് നിങ്ങളുടെ നോട്ടം. അത് മാറിമാറി ചെയ്യുമ്പോൾ ഏതിനാണ് കൂടുതൽ വേദനയെന്ന് പരീക്ഷിച്ചറിയുകയാണെന്ന് തോന്നി. ഒരു തുള്ളി ചോരപോലും പുറത്തു വന്നില്ല. ബോധം മറഞ്ഞശേഷം, ശബ്ദം പുറത്തുവരാതിരിക്കാനായി വായിൽ തിരുകിക്കയറ്റിയ തുണിക്കഷ്ണം കണ്ണീരും തുപ്പലും വിരലിൽ പറ്റാതെ വിദഗ്ധമായി നിങ്ങൾ വലിച്ചെടുത്തു. കണ്ണാടിയിൽ വീണ്ടും നിങ്ങൾ ശുഭ്രവസ്ത്രധാരിയായ ജെന്റിൽമാനായി നിന്നു. കൈയ്യിലെ തുണി വലിച്ചെറിഞ്ഞ് ഇനിയും വിശപ്പടങ്ങാത്ത ഒരുവനെപ്പോലെ നെടുവീർപ്പോടെ നിങ്ങൾ തിരിഞ്ഞുനിന്നു. ജനലിനുനേരെ കണ്ണുകൾ നീണ്ട നിമിഷം പേടി എന്റെ തലയിലേക്കിരമ്പിക്കയറി.

എന്തുചെയ്യണമെന്നറിയാതെ ഓടിപ്പോരുമ്പോൾ, ആരോടെങ്കിലും ഒന്നു പറഞ്ഞ് മനസ്സുതണുപ്പിക്കാമെന്നുവെച്ചാൽ അങ്ങനെ ഒരാളുണ്ടോ, ബാക്കി? എങ്ങനെ ആലോചിച്ചിട്ടും എന്താണ് നിങ്ങൾക്ക് കിട്ടേണ്ടതെന്നോ, കിട്ടുന്നതെന്നോ എനിക്ക് മനസ്സിലായില്ല. കുഞ്ഞുമോന്റെ കാര്യമോർത്തപ്പോൾ നെഞ്ചു നീറി. അവനും അതൊക്കെ അനുഭവിച്ചിട്ടുണ്ടാകുമല്ലോ എന്നോർത്ത് ഉള്ളുപുകഞ്ഞു. ദേഷ്യവും പകയും വെറുപ്പും കൂടേണ്ടതാണ്. അവന് വാക്ക് കൊടുത്തതുമാണ്. എന്നിട്ടെന്ത്, കൂടിയത് പേടിയും നിസ്സഹായതയും. അല്ലെങ്കിലും അവനോട് പറഞ്ഞിട്ടുള്ളതെന്താണ് അതുപോലെ പാലിക്കാൻ പറ്റിയിട്ടുള്ളത്? എന്നും എന്തെങ്കിലും പ്രാരാബ്ദമുണ്ടാകും. അതു തീർത്തുവരുമ്പോഴേക്കും അവന്റെ ആവശ്യം തീർന്നിട്ടുണ്ടാവും. എനിക്കവനും അവനു ഞാനുമേയുള്ളൂ. എന്നുവെച്ച് അപ്പന്റെ കടങ്ങൾ അപ്പനോടൊപ്പം മണ്ണിൽ പോകില്ലല്ലോ! എല്ലാം ഒന്നു തീർന്നുവരികയാണ് എന്ന് പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടില്ല. അപ്പോഴാണ്..

ഇരുട്ടും രഹസ്യങ്ങളും മൂടിക്കിടന്നിരുന്ന നിങ്ങളുടെ ആ സങ്കേതത്തിൽനിന്നും ആത്മവിശ്വാസമൊക്കെ കെട്ട് ഓടിപ്പോന്ന രാത്രി ബോധം മറയുംവരെ മദ്യപിച്ച് അവനോട് മാപ്പുപറഞ്ഞു.

‘എന്നെക്കൊണ്ട് കെല്പില്ല കൊച്ചേ...
നമ്മളിങ്ങനെ നാണം കെട്ട് ജീവിച്ച് ചത്തുകെട്ടുപോകും’.

ഒന്നും നടക്കില്ലെങ്കിൽ, പിന്നെ ജീവിച്ചിരിക്കുന്നതെന്തിന് എന്ന് നിരാശയിൽ മുങ്ങിയിരിക്കുമ്പോഴാണ് ഒരു രാവിലെ സോഫിയുടെ വരവ്. വാതിൽ കടന്ന് അകത്തു കയറിയ ഉടനെ ഒറ്റപ്പറച്ചിലാണ്. ഞാനന്തം വിട്ടു നിന്ന നേരം മറുപടിക്കുകാക്കാതെ തിരികേപോവുകയും ചെയ്തു. വിശ്വസിക്കണോ വേണ്ടയോ? ഇതെന്തു പെണ്ണാണ്! ടെറസ്സിലെ വള്ളിച്ചെടികൾ നനച്ചുനില്ക്കുമ്പോഴുള്ള കണ്ടു പരിചയം മാത്രമാണ്. അതും വളരെ കുറച്ചു ദിവസം. അപകടം മണത്ത് വേണ്ടെന്ന് വെച്ചപ്പോഴൊക്കെ സോഫിയുടെ മുഖത്തെ ഉറപ്പ് ഓർമ്മ വന്നു. വാക്കിലുമുണ്ട് ആ നിശ്ചയം. അതിനെ കണ്ടില്ലെന്നു വെക്കാൻ ആർക്കെങ്കിലും പറ്റുമോ. എന്നെ സംബന്ധിച്ചാണെങ്കിൽ അടഞ്ഞ ഒരു വഴി തുറന്നുവരികയാണ്. അതും ഏറ്റവും എളുപ്പത്തിൽ, ഒരു ബുദ്ധിമുട്ടും കൂടാതെ.

വെറുതേയാണോ, തുടക്കം മുതലേ ഞാൻ യാദൃശ്ചികതയേക്കുറിച്ചു ഓര്ത്തുകൊണ്ടിരിക്കുന്നത്? അതിന്റെ കളികളില്ലായിരുന്നെങ്കിൽ പെട്ടെന്നങ്ങ് ആകാശവും ഭൂമിയുമില്ലാതായി എങ്ങോട്ടെന്നില്ലാതെ അലഞ്ഞുനടന്ന എനിക്ക് ഇത്രയെളുപ്പം ഈ മുറിക്കകത്ത് ഇരിക്കാനാകുമായിരുന്നോ? എങ്ങനെയെങ്കിലും എത്തി എന്നു തന്നെ വെക്കുക. സാധാരണഗതിയിൽ ഞാനിവിടെ നെഞ്ചിൽനിന്നും ചോരയൊലിപ്പിച്ച് ചത്തുമലച്ച് കിടക്കേണ്ടതാണ്. നിങ്ങളെ തടഞ്ഞ ആ മണം പോലും നോക്കൂ, എവിടെനിന്നാണ് അത് വന്നത്. സംഭവിച്ചത് ഞാൻ പറയാം. ആ മണമടിച്ചപ്പോൾ നിങ്ങൾ ഒരു ചതി മണത്തു. എന്നെ അപകടകാരിയായ ഒരു ശത്രുവായിക്കണ്ടു. അങ്ങനെയൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനുശേഷം, ആ ഒരു പത്തുനിമിഷത്തിനുശേഷം നോക്കുമ്പോൾ, ഞാൻ നിങ്ങളുടെ ഇടിമുറിയിലെ ജീവനുള്ളതോ ഇല്ലാത്തതോ ആയ ഒരു വസ്തു മാത്രം. അങ്ങനെയൊന്നിനെ ഒറ്റയടിക്ക് കൊല്ലലല്ല നിങ്ങളുടെ ശീലം. ഇക്കാര്യത്തിൽ തഴക്കം വന്ന ഒരാൾക്ക് അതിന് വേറെ നൂറു വഴികളുണ്ട്. അതല്ലേ സത്യം.

ഗേറ്റിനുപുറത്ത് ശങ്കിച്ചുനിന്ന എന്നെ വാ മോനേ എന്നും പറഞ്ഞ് പുഷ്പൻചേട്ടൻ തന്നെയാണ് വിളിച്ചകത്ത് കയറ്റിയത്. മെഴുകുതിരി വെട്ടം പോലെയുള്ള വെളിച്ചമാണ്, എന്നാൽ ചുവപ്പല്ല, ഇരുണ്ട നീല, അതും അരണ്ടത്. കൂട്ടിന് കുന്തിരിക്കത്തിന്റെ മണവും. സാധാരണഗതിയിൽ പേടി ഇരമ്പിക്കയറി വരേണ്ടതാണ്. വന്നില്ല. കുഞ്ഞുമോന്റെ മരണത്തിനുശേഷം സ്വപ്നത്തിൽ ഇതുപോലുള്ള ഇടങ്ങളിൽ ഇടക്കു പോകാറുള്ളതുകൊണ്ടായിരിക്കണം. കഴുത്തിൽ കറുത്തനിറത്തിലുള്ള ലോക്കറ്റുള്ള മാലയുമിട്ട് കുന്തിരിക്കവും പുകച്ചുകൊണ്ട് അവൻ അവിടെ മൊത്തം ചുറ്റി നടക്കും. പേടി തോന്നുമ്പോഴൊക്കെ അവൻ പുക കൊണ്ട് എന്നെ ഉഴിയും. ആ മണവും വെളിച്ചവും തലക്കു പിടിച്ചാൽ പിന്നെ പേടിയേയില്ല.

ഇവിടെയും അങ്ങനെത്തന്നെ. പേടിക്കു പകരം എന്തെന്നില്ലാത്ത കൗതുകമാണ് എപ്പോഴും സോഫിയുടെ വകയായി പ്രതീക്ഷിക്കേണ്ടത്. കരിക്കുവെട്ടിയതില് സ്‌ട്രോയിട്ട് അതിനുമുകളിൽ ഒരരളിപ്പൂവും വെച്ചത് നീട്ടിപ്പിടിച്ച് സോഫി കടന്നുവന്നു. നാവിൽ തണുപ്പിന്റെ തരിപ്പ്. ഞാനവളുടെ കാല്പാദങ്ങളിലേക്ക് നോക്കി.

സോഫി വളരെക്കുറച്ചുമാത്രം സംസാരിച്ചു. അല്ലെങ്കിൽ അവൾക്ക് വാക്കുകളുടെ ആവശ്യമില്ലെന്നുതോന്നി. പുഷ്പൻചേട്ടൻ നേരെ തിരിച്ചും. വെറും സെക്യൂരിറ്റിക്കാരനായ തന്നെ ഇങ്ങനെ വീട്ടിനകത്ത് കയറ്റി ഡൈനിങ് ടേബിളിൽ ഒന്നിച്ചിരുത്തി ഭക്ഷണവും മദ്യവും തന്ന് സല്ക്കരിക്കുന്ന സോഫിയുടെ മഹാമനസ്കത കണ്ടോ എന്നെന്നോട് ചോദിച്ചു. അധികം വിസ്കി കഴിക്കേണ്ടെന്ന് എന്നെ ഇടക്കിടെ വിലക്കുകയും ചെയ്തു. അയാൾ വെറും സെക്യൂരിറ്റിക്കാരനല്ലെന്ന് മനസ്സിലാകാൻ പിന്നെയും സമയമെടുത്തു.

സോഫി നല്ല പാചകക്കാരിയാണ്. മേശപ്പുറത്ത് നിറയെ കടൽമീൻ വിഭവങ്ങൾ. ഒരു ഫുൾബോട്ടിൽ വിസ്കി. മലയിൽനിന്നുള്ളവർക്ക് കടൽമീനിനോടു തോന്നുന്ന പ്രേമത്തെക്കുറിച്ച് സോഫി കുറച്ചുവാക്കുകളിൽ പറഞ്ഞത് പാട്ടുപോലെ തോന്നി എനിക്ക്. നീലവെളിച്ചത്തിൽ മുങ്ങിയ മുറിയാണ്. ആദ്യത്തെ പെഗ് ഉള്ളിൽചെന്നപ്പോൾ, കടലിൽ മീനുകൾ നീന്തുന്നപോലെയാണ് അവൾ നടക്കുന്നതെന്നു തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ അവൾ മാത്രമല്ല, ഞങ്ങളും. മദ്യവും ഭക്ഷണവും സംസാരവും കടലിന്റെ ഏതോ ആഴത്തിൽ.

രണ്ടു പെഗും ഏതാണ്ട് മുക്കാൽ മണിക്കൂറും എടുത്തു, എനിക്ക് പുഷ്പൻചേട്ടന്റെയും സോഫിയുടെയും ആ ഒരു റേഞ്ചിലെത്തിപ്പെടാൻ. ഇടക്ക് തികട്ടിവന്നുകൊണ്ടിരുന്ന പലതിനെയും അടക്കിക്കിടത്താനും. പൂസായി ബോധം കെട്ടുറങ്ങിയാൽ കല്ലുകെട്ടി പുഴയിൽ താഴ്ത്തും എന്ന ചിരിച്ചുകൊണ്ടുള്ള ഒരു ഭീഷണി കേട്ടു. കടലിൽ നില്ക്കുന്നവരെയാണ് പുഴയുടെ കാര്യം പറഞ്ഞ് പേടിപ്പിക്കുന്നത്! പതുക്കെയാണെങ്കിലും ഞാൻ ബാക്കി ചിന്തകളെയൊക്കെ അതേ പുഴയിൽ താഴ്ത്തി മുഴുവനായും അവരുടെ ഒപ്പം കൂടി.

സ്‌നേഹം കൂടുമ്പോൾ പുഷ്പൻചേട്ടൻ സോഫിയെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ഉമ്മ വെച്ചു. അവർക്കിടയിൽ വാത്സല്യത്തിന്റെ എന്തോ ഒന്നു പുറത്തുചാടാനാകാതെ കെട്ടിക്കിടക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. കഴിഞ്ഞകാലത്തെ എന്തെങ്കിലും കഥയായിരിക്കണം. സോഫി കഥയൊന്നും പറഞ്ഞില്ല. എന്നാൽ പുഷ്പൻ ചേട്ടൻ പറഞ്ഞതിൽനിന്ന് ഒരു നൂറു കഥകൾ മെനഞ്ഞെടുക്കാം. സോഫി വലിയ പഠിപ്പുള്ളവളാണ്. എന്നാൽ കുഞ്ഞുകുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറാകാനായിരുന്നു താല്പര്യം. പെട്ടെന്നൊരു ദിവസം കുരുമുളകും കൊക്കോയും ഒക്കെ വെട്ടിക്കളഞ്ഞ് മൂന്നരയേക്കർ കുന്നിൻചെരിവ് കാട് വളരാൻ വിട്ട അപ്പനാണ് മാതൃകാപുരുഷൻ. അങ്ങനെ എന്തൊക്കെയോ...

സാധാരണക്കാരായ ഞങ്ങളുടെ കഥകൾ ഇത്ര ചുറ്റിത്തിരിവൊന്നും ഇല്ലാത്തതാണ്. ഞാനെന്തെങ്കിലും പറയാനൊരുങ്ങുമ്പോഴേ സോഫിയുടെ പറയാത്ത കഥകളുടെ കൂട്ടം എന്റെ ഓർമ്മകളെ വന്ന് മൂടി. പിന്നെ ഞാൻ പറഞ്ഞതൊക്കെ ഇല്ലാത്ത കാര്യങ്ങളായിരുന്നു. ഇല്ലാത്തതു പറഞ്ഞ് പറ്റിക്കുക എന്ന ഉദ്ദേശ്യമൊന്നും അതിനുണ്ടായിരുന്നില്ല. സത്യമാണോ അല്ലയോ എന്നല്ല, ഒരു തട്ടും തടവുമില്ലാതെ വർത്തമാനം പറഞ്ഞ് മനസ്സൊഴിക്കണം, അത്രമാത്രം.

പുഷ്പൻ ചേട്ടൻ അന്ന് വാച്ച്മാന്റെ റൂമിലേക്കൊന്നും പോയില്ല. സോഫയിൽ കിടന്നു. ഒന്നും പേടിക്കേണ്ട, കാവലിനു ഞാനില്ലേ എന്ന ഉത്തരവാദപ്പെട്ട പ്രസ്താവന കൂടി ഞങ്ങൾ കിടപ്പുമുറിയിലേക്ക് വേച്ചുവേച്ച് പോകുമ്പോൾ പുഷ്പൻ ചേട്ടൻ നടത്തി.

പുറത്തുനിന്നും ജനാലയും കടന്ന് പച്ചവള്ളികൾ മുറിയിലേക്ക് പടര്ന്നിരുന്നു. വീടിന്റെ ഏതുഭാഗത്താണ് അതെന്ന് ഞാനത്ഭുതപ്പെട്ടു. അത്രയുംനാൾ ആ വീടിനെ ഒരു ചാരനെപ്പോലെ നിരീക്ഷിച്ചിട്ടും അങ്ങനെ ഒരു വള്ളി പടർന്ന ജനാലയോ മുറിയോ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കാടാണോ, കടലാണോ? അതോ കടലിനകത്തെ കാടോ? കിടക്കയിലേക്ക് മലര്ന്നു വീഴുമ്പോൾ മുകളിൽ നക്ഷത്രങ്ങളെക്കണ്ടു. ദൈവമേ, ശരിക്കും ആകാശമാണോ?

‘സാറില്ലാത്ത ദിവസങ്ങളിൽ സോഫിക്കുഞ്ഞ് വീടാകെ മാറ്റിക്കളയും. എന്ത് മന്ത്രവാദാണോ ആവോ’, പുഷ്പൻ ചേട്ടൻ ആശ്ചര്യപ്പെട്ടു.

സോഫി എന്നോട് പേടിയുണ്ടോ എന്ന് ചോദിച്ചില്ല. ഊരും പേരും ചോദിച്ചില്ല. ഇഷ്ടങ്ങൾ ചോദിച്ചില്ല, തന്റെ ഇഷ്ടങ്ങൾ പറഞ്ഞില്ല. ഏറെക്കാലത്തെ പരിചയമുള്ളതുപോലെ ഞങ്ങളുടെ ശരീരങ്ങൾ പെരുമാറി. നീലവെളിച്ചത്തിൽ ഞങ്ങൾ കടലിലെ കാടിന്റെ അടിത്തട്ടിലേക്കൂളിയിട്ടു. വള്ളികൾ, പടർപ്പുകൾ. തൊട്ടുരുമ്മിപ്പോകുന്ന ജലജീവികൾ. നനഞ്ഞ തൊലിയിലിക്കിളിയാക്കി മുകളിലേക്കുയരുന്ന മഴവിൽക്കുമിളകൾ. ശ്വാസം മുട്ടി ഒന്നേങ്ങിയപ്പോൾ സോഫിയുടെ വായ രക്ഷക്കെത്തി.

അതിപ്പോൾ കഴിഞ്ഞിട്ട് ആറുമാസത്തോളമായി. ഒക്ടോബറിൽ, കുഞ്ഞുമോന്റെ ആണ്ടറുതിക്ക് ശേഷമാണ്, എനിക്ക് നല്ല ഓർമ്മയുണ്ട്, അതങ്ങനെ ഒറ്റക്കും തെറ്റക്കുമൊക്കെ നടന്നു, രണ്ടോ മൂന്നോ ദിവസം തുടർച്ചയായി നിങ്ങളില്ലാത്ത ദിവസങ്ങളിൽ. എന്റെ വരവിന്റെ ഉദ്ദേശ്യമൊന്നും സോഫിയോട് ഞാൻ പറഞ്ഞിരുന്നില്ല. അതിന്റെ ഒരു വിഷമം ആദ്യമൊക്കെയുണ്ടായിരുന്നു. അതൊന്നും അവളുടെ ചെറിയ ചിന്ത പോലും ആവശ്യപ്പെടുന്ന വിഷയമല്ലെന്ന് പിന്നീടെനിക്ക് മനസ്സിലായി.

കാര്യത്തിലേക്ക് വരാം. എന്നുവെച്ചാൽ, എന്റെ കാര്യത്തിലേക്ക്. നിങ്ങളെ കൊല്ലുക എന്നതൊഴിച്ച് ഒരുദ്ദേശ്യവും എനിക്കുണ്ടായിരുന്നില്ല. അതിനുവേണ്ടി മാത്രമാണ് ഞാനിവിടെ ചുറ്റിത്തിരിഞ്ഞത്. നിങ്ങളുടെ ആ പുച്ഛം എനിക്ക് മനസ്സിലാകും. സാരമില്ല, എനിക്കതൊരു വിഷയമല്ല. കുഞ്ഞുമോന്റെ കാര്യം ഞാൻ സൂചിപ്പിച്ചല്ലോ. അവന്റെ ശരിക്കുള്ള പേര് ടോമി എന്നാണ്. ആ പേര് കേട്ടിട്ടും നിങ്ങളുടെ മുഖത്ത് ഭാവവ്യത്യാസം ഒന്നും വരുന്നില്ല. നിങ്ങളെപ്പോലുള്ളവർ അതൊക്കെ ഓർമ്മിച്ചുവെക്കുന്നുണ്ടാവില്ല.

മഴക്കാലത്ത് പാടത്തിനുനടുവിലൂടെ പോകുന്ന മെയിൻറോഡിൽ പുലർച്ചെ കാണുന്ന കാഴ്ച്ചയുണ്ട്. രാത്രിമുഴുവൻ വണ്ടിച്ചക്രങ്ങൾ കയറി ചതഞ്ഞരഞ്ഞ എണ്ണമറ്റ നീർക്കോലികളുടേയും തവളകളുടേയും പാതിമുറിഞ്ഞ ചിത്രങ്ങൾ. നേരം നല്ലവണ്ണം പുലരുമ്പോഴേക്കും വണ്ടികൾ തന്നെ അതൊക്കെ മായ്ച്ചുകളയും.

ഞാൻ ഓർമ്മിപ്പിക്കാം.
2020 ഒക്ടോബർ 21ന് യൂണിവേഴ്‌സിറ്റിയിലെ ഓപ്പൺ തിയേറ്ററിനടുത്തെ മാവിൽ കൈലിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ടോമി. ഒക്ടോബർ 19-ന് സിഗരറ്റ് വലിച്ചതിനെച്ചൊല്ലി അവനെ നിങ്ങൾ ഫൈനിടുവിക്കുകയും നിങ്ങൾ തമ്മിൽ ചെറിയ കശപിശ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നിങ്ങളുടെ മുഖത്തുള്ള ഭാവം ഞാൻ എത്രയോ പ്രവശ്യം മനസ്സിൽകണ്ടിട്ടുള്ളതുതന്നെ.

പണി കിട്ടി ഞാൻ ഗൾഫിലേക്ക് പോയതിനുശേഷമാണ് കുടുംബം ഒന്നു പച്ച പിടിച്ചത്. കൂലിപ്പണിയാണ്. എന്നാലും കഷ്ടപ്പെട്ടു പണിയെടുത്തതുകൊണ്ട് കുറച്ച് കാശൊക്കെയായി. അക്കാലംവരെയുണ്ടായിരുന്ന കോംപ്ലക്‌സൊക്കെ മറന്നുതുടങ്ങിയത് അവിടെച്ചെന്നിട്ടാണ്. പഠിപ്പിനൊക്കെ മോശമായിരുന്നു കുഞ്ഞുമോൻ. പത്താംതരം കഴിഞ്ഞപ്പോൾ പക്ഷേ ആളാകെ മാറി. പഠിച്ച് വല്ലതും നേടണം എന്ന ചിന്ത മാത്രം. എന്നെവരെ കയറി ഉപദേശിക്കാൻ തുടങ്ങി. നിർബന്ധം സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഞാൻ മുടങ്ങിയ പ്ലസ്ടുവും പിന്നെ ആ ഡിപ്ലോമയും ഒക്കെ എഴുതിയെടുത്തത്. അതിന്റെ മെച്ചം ജോലിസ്ഥലത്ത് അനുഭവിച്ചപ്പോൾ എന്റെ കണ്ണുനിറഞ്ഞു. അവൻ ചേട്ടനും ഞാൻ അനിയനുമായി. അഭിമാനമേയുണ്ടായിരുന്നുള്ളൂ. ഒരു കൊല്ലം മുമ്പേ തീരേണ്ട പഠിത്തം ഓരോരോ കാരണംകൊണ്ട് നീണ്ടതുകൊണ്ടാണ് അവന് യൂണിവേഴ്സിറ്റിയിൽതന്നെ തങ്ങേണ്ടിവന്നത്. അതിന്റെ വിഷമം പറഞ്ഞപ്പോഴാണ് അവൻ സിഗരറ്റ് വലി തുടങ്ങിയ കാര്യം ഞാൻ അറിഞ്ഞത്. പോക്കറ്റിൽനിന്നും സിഗരറ്റെടുത്ത് ഒന്നെനിക്കും നീട്ടി. അവന്റെ വലി എന്റേതുപോലെയായിരുന്നില്ല. ഒരു ധൃതിയുമുണ്ടായിരുന്നില്ല. എന്തോ കള്ളത്തരം ചെയ്യുന്ന പോലെയുമല്ല. ലേബർക്യാമ്പിൽവെച്ച് മാറി മാറിക്കണ്ട പണ്ടത്തെ സിനിമകളിലെ നായകന്മാരെ ഓർമ്മ വന്നു എനിക്ക്.

അന്നത്തെ ആ വാക്കുതർക്കത്തിനുശേഷം വൈകുന്നേരം എൽ.പി സ്‌കൂളിനിപ്പുറത്തെ ട്രാൻസ്‌ഫോമറിനടുത്ത് വെച്ച് നിങ്ങൾ കുഞ്ഞുമോനെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോയിട്ടുണ്ട്. അധികാരികളോട് സാക്ഷി പറയാനേ സാധാരണക്കാരന് പേടിയുള്ളൂ. എന്നോടത് പറയുമ്പോൾ വാസുച്ചേട്ടന്റെ തൊണ്ട വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു. കുഞ്ഞുമോന് പിന്നീട് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോൾ നിങ്ങളുടെ മുഖത്തുനോക്കിയാൽ അതുറപ്പിക്കാം. ഒരു ഭാവംകാണ്ടുപോലും നിങ്ങളത് നിഷേധിക്കുന്നില്ല. പിന്നെ ഈ മുറിക്കകത്തുനിന്ന് അതിനെപ്പറ്റി കള്ളം പറഞ്ഞ് നല്ലപിള്ളചമയേണ്ട കാര്യമൊന്നും നിങ്ങൾക്കില്ലല്ലോ.

ഇപ്പോൾ, മറ്റൊന്നുകൂടി ഈ മുഖത്തുണ്ട്. നാറ്റക്കേസാവുമായിരുന്ന ഒരവിഹിതത്തിന്റെ നാണക്കേടിൽനിന്നും രക്ഷനേടാനുള്ള വഴിതുറന്നുകിട്ടിയതിന്റെ സന്തോഷം. കൊല്ലാൻ വന്നവനെ കൈയ്യോടെ പിടിച്ച്, അല്ലെങ്കിൽ ഒറ്റവെടിക്കുതീർത്ത് ധീരനാകാൻ പറ്റിയ ഒന്നാന്തരം അവസരം. അതുമാത്രമോ, എല്ലാം കുഴിച്ചുമൂടി സോഫിക്ക് രണ്ടാമതൊരവസരം നൽകാം, അല്ലെങ്കിൽ സോഫിക്കു പകരം വേറൊരുത്തിയെ കൂടെകൂട്ടാം, ഒരു സ്ഥലംമാറ്റം കഴിഞ്ഞാൽ മറക്കാവുന്ന അത്രയും ലളിതം.

കുറച്ചു മുമ്പ് പുറത്തുപോയി കൂട്ടാളികളെ പറഞ്ഞുവിട്ടതും ആ ധൈര്യത്തിലാകും. ഇനി ആരുമില്ല, നാട്ടുകാരോ, സഹായികളോ. ശവക്കുഴിയിൽ എന്നപോലെ ഈ മുറിയിൽ തീരും നമുക്കിടയിലെ രഹസ്യങ്ങൾ. ശരി, നമ്മൾ മാത്രമല്ലേയുള്ളൂ, കുറച്ചുകൂടി തുറന്ന് സംസാരിക്കാമെന്നുള്ള തോന്നലുണ്ട്. പിന്നെ, എണീറ്റുപോകുമ്പോൾ ആ തോക്കും എടുത്ത് പോകണമെന്നില്ല. അതിന്റെ കാര്യമാണ് ഇനി പറയാനുള്ളത്. ഞാൻ നിങ്ങളുടെ പിന്നാലെ കൂടിയതിന്റെ കാരണം പറഞ്ഞല്ലോ, എങ്ങനെയെന്നൊന്നുമറിയില്ല, അതിനുള്ള കെല്പുണ്ടോ എന്നുമറിയില്ല, പക്ഷേ, അത് സാധിക്കാതെ സ്വസ്ഥത കിട്ടുമായിരുന്നില്ല. പറഞ്ഞല്ലോ, കുഞ്ഞുമോന് കൊടുത്ത വാക്കാണ്.

സോഫിയുമായി കാണാൻ തുടങ്ങിയതിനുശേഷമുള്ള ദിവസങ്ങൾ. ആദ്യമൊക്കെ, നിങ്ങളെ കൊല്ലുന്നതിനുള്ള സാധ്യതകളാണ് ഈ വീട്ടിൽ ഞാൻ എപ്പോഴും തെരഞ്ഞുകൊണ്ടിരുന്നത്. എന്തിനെന്നു മുഖത്തുനോക്കി പറയാതെ അത് ചെയ്തിട്ട് എന്തുപകാരം? അതിന് നേർക്കുനേരെ കിട്ടണം. കായികമായി നിങ്ങൾക്കുള്ള മേൽക്കൈ വേറെ രീതിയിൽ മറികടക്കണം. അങ്ങനെയൊക്കെയുള്ള ചിന്തകൾ.

അങ്ങനെയിരിക്കെ ഒരു ദിവസം, സോഫിയുടെ മുമ്പിൽ ഞാൻ കെട്ടഴിഞ്ഞുവീണു. ഇഷ്ടമുള്ള കാലത്തും ലോകത്തും ജീവിക്കാൻ കഴിയുന്ന പെണ്ണാണ് സോഫി എന്ന് പുഷ്പൻ ചേട്ടൻ പറഞ്ഞ ദിവസമായിരുന്നു. ടൈംമെഷീൻ സ്വന്തമായുള്ള പെണ്ണ് എന്നായിരുന്നു പുള്ളിയുടെ പ്രയോഗം. എത്ര നാളാണ് ഒരാൾ കഴിഞ്ഞകാലത്തിന്റെ ഭാരവും താങ്ങി ജീവിക്കുക? കുഞ്ഞുമോൻ മരിച്ചതിനുശേഷം എനിക്ക് ജീവിതം എന്ന സാധനമേ ഉണ്ടായിട്ടില്ല. പിന്നല്ലേ സ്വപ്നങ്ങൾ. സോഫിയോട് ചെയ്യുന്നതെന്താണ്? തിന്നുന്നു, കുടിക്കുന്നു. കള്ളുകുടിക്കുകയും രതിയിലേർപ്പെടുകയും ചെയ്യുന്നു. അതിൽ എന്താത്മാർത്ഥയാണ് എനിക്കുള്ളത്? ഒരു ചോദ്യം കൊണ്ടുപോലും അവളെന്നെ അലോസരപ്പെടുത്തിയിട്ടില്ല. അവളോടു സൂക്ഷിക്കുന്ന രഹസ്യം എന്നെ ഇല്ലാതാക്കുമെന്ന് തോന്നിയ നിമിഷം ഞാൻ സ്വയം പൊട്ടിപ്പോയി. കണ്ണീരിനൊപ്പം രഹസ്യവും തോർന്നുതീർന്നു. പൊട്ടബുദ്ധിയാണ്, അപകടമാണ് എന്നൊക്കെയുള്ള പേടി മാറ്റിവെച്ച് അവളുടെ മുന്നിൽ അങ്ങനെ നിന്നപ്പോഴാണ് ഏറെക്കാലത്തിനുശേഷം ജീവിച്ചിരിപ്പുണ്ട് എന്ന തോന്നൽ എനിക്കുണ്ടായത്. സോഫി ഒരക്ഷരം മിണ്ടിയില്ല. കണ്ണുകളിലൂടെ അവൾ എന്റെ ഉള്ള് പരതിയപ്പോൾ ഞാൻ മുഖം തിരിച്ചു കളഞ്ഞു. വാ എന്നു പറഞ്ഞ് അവൾ കൈ പിടിച്ച് നടന്നപ്പോൾ ഉള്ളം കൈയിൽ അവളുടെ വിയർപ്പും തണുപ്പും നനഞ്ഞു.

അന്ന് നിങ്ങളുടെ കിടപ്പുമുറിയിലാണ് ഞങ്ങൾ കിടന്നത്. അതുവരേക്കും സോഫിയുടേതായ ഒരു രഹസ്യം എന്നപോലെ എനിക്കു പ്രവേശനമില്ലാതെ ആ മുറി പൂട്ടിക്കിടക്കുകയായിരുന്നു.

ഇടിമുറിയിൽ നിങ്ങളെ കണ്ടദിവസം, കുറേ നേരം അവന്റെ ഉള്ളംകാലിൽ അടിച്ചതിനുശേഷം, ആ വടി വെറുപ്പോടെ വലിച്ചെറിഞ്ഞ് പിറുപിറുത്തുകൊണ്ട് നിങ്ങൾ ജനാലക്കരികിലേക്ക് വരികയുണ്ടായി. മരപ്പലകയുടെ വിള്ളലിലൂടെ വളരെ അടുത്തായി അപ്പോഴാണ് ആ കണ്ണുകൾ ശരിക്ക് കണ്ടത്. അതിനകത്ത് ആഴത്തിൽ കെട്ടിക്കിടന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. പേടി കാരണമുള്ള തോന്നലാണെന്ന് വിചാരിച്ചിരുന്നു. എന്നാൽ, കിടപ്പുമുറിയിലെ ഫോട്ടോയിൽ നിങ്ങളെ വീണ്ടും കണ്ടപ്പോൾ അതൊരു തോന്നലല്ലെന്ന് ഉറപ്പായി. കട്ടിമീശയിലും ബലമുള്ള താടിയിലും ഒക്കെയുള്ള ഗാംഭീര്യമല്ല അത്. നടത്തത്തിലും പെരുമാറ്റത്തിലുമുള്ള അധികാരത്തിന്റെ ബലവും അതിലില്ല. അതിനൊക്കെയും മറയ്ക്കാനാവാത്തതെന്തോ, ഒരു പക്ഷേ, നിങ്ങൾ തന്നെ തിരിച്ചറിയാത്തതെന്തോ ആണത്.

സിനിമയിലേതുപോലെ സോഫി ആ ഫോട്ടോ കമിഴ്ത്തിവെച്ചതൊന്നുമില്ല. അല്ല, കിടക്കയിലേക്ക് അഭിമുഖമായി അത് നിവർത്തി വെക്കുകയാണ് ചെയ്തത്. അവൾക്കതിന് അവളുടേതായ കാരണമുണ്ടായിരിക്കണം. ഇടക്ക് ഞാൻ നോക്കുമ്പോൾ ആ കണ്ണുകൾ എന്റെ നേരെ തറച്ചുനില്പ്പാണ്. പേടിച്ചാണ് അന്ന് ഇടിമുറിവിട്ട് ഓടിപ്പോന്നതെങ്കിലും വീണ്ടും വീണ്ടും കണ്ട് ഫോട്ടോയിലെ നിങ്ങളുടെ കണ്ണുകൾ എനിക്ക് പരിചിതമായിത്തുടങ്ങി. പേടി പോയപ്പോൾ പ്രതികാരബുദ്ധിയായി. പിന്നെ സഹതാപം. സംസാരത്തിന് നിങ്ങള് തന്നെയാണ് തുടക്കമിട്ടത്. ഞാൻ തട്ടിയും മൂളിയും നിന്നതേയുള്ളൂ. എനിക്കുള്ളത് നിങ്ങളറിയാൻ പാടില്ലാത്ത രഹസ്യമാണല്ലോ. കുറേക്കാലമായി എനിക്ക് ഒരു ശീലമുണ്ട്. കണ്ണാടിയിൽനോക്കിയുള്ള വർത്തമാനം. എങ്ങനെ തുടങ്ങി എന്നൊന്നുമറിയില്ല. പല കാരണങ്ങൾ കൊണ്ട് പറയാൻ പറ്റാതെപോയതൊക്കെ അങ്ങനെയാണ് പറഞ്ഞുതീർക്കാറ്. അതുപോലെയാവണം ഇതും. നിങ്ങളുടെ കണ്ണിലേക്ക് നോക്കുന്നതിനിടെ ഒരക്ഷരം പറഞ്ഞിട്ടില്ലെങ്കിൽപോലും പെട്ടെന്ന് സ്വയമൊഴിഞ്ഞ് ശൂന്യനാകും. എന്റെ നേരെ നോക്ക് എന്ന് സോഫി ഒരിക്കൽ അരിശം പൂണ്ട് മുടിയിൽ പിടിച്ച് താഴ്ത്തിയത് എനിക്കോർമ്മയുണ്ട്.

ഒരു ചാരുകസേരയിൽ ചാഞ്ഞുകിടന്നെന്ന വണ്ണം ശാന്തനായാണ് നിങ്ങൾ സംസാരിക്കുക. ചെയ്തു കൂട്ടിയതൊക്കെ പറയുമ്പോള് നിങ്ങളുടെ ശബ്ദത്തിലെ വികാരമില്ലായ്മ എന്നെ ചൊടിപ്പിച്ചു മുഖം തിരിപ്പിച്ചു.

നിങ്ങൾക്ക് വിശ്വാസമില്ലായിരിക്കാം. പക്ഷേ, നിങ്ങൾ പറയാതെ ഇതത്രയും ഞാനെങ്ങനെയറിയാനാണ്. നെറ്റിചുളിക്കേണ്ട; വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. അതൊക്കെ നിങ്ങളുടെ ഇഷ്ടം. വെറുപ്പിന്റെ ഒരു വലിയ ഭാഗം ഉരുകാതെ കിടന്നതുകൊണ്ട് കൗതുകത്തോടെയല്ല ഞാൻ നിങ്ങളുടെ കഥ കേട്ടത്. ആകെക്കൂടി ഞാൻ ശ്രദ്ധിച്ചത് എവിടെനിന്നാകും നിങ്ങളുടെ രക്തത്തിലേക്ക് ഈ വിഷം കടന്നുകൂടിയത് എന്നാണ്. ഹെഡ് മാഷായിരുന്ന അച്ഛനും, ഇത്തിരി കവിതയൊക്കെ എഴുതിയിരുന്ന അമ്മക്കും അതിൽ പങ്കൊന്നുമില്ലെന്ന് തോന്നി.

പറമ്പിൽ പണിക്കുവന്നിരുന്ന അറുമുഖന്റെ മകൻ സിവിൽസർവ്വീസ് റാങ്കുപട്ടികയിൽ വന്നപ്പോൾ അഴിയിട്ട മച്ചിൽനിന്ന് നോക്കെത്താത്ത തെങ്ങിൻതോപ്പിലേക്ക് നോക്കി അമ്മ പറഞ്ഞ വാക്കുകളും മാഷിന്റെ മറുപടിയായുള്ള നെടുവീർപ്പും മാത്രം എവിടെയും ചേരാതെ നിന്നു. പറഞ്ഞുപറഞ്ഞ് മുത്തച്ഛനും കഴിഞ്ഞ് മുതുമുത്തച്ഛന്റെ കാലം വരെ നിങ്ങൾ പിറകോട്ടുപോയി. അതിനപ്പുറത്ത് തറവാടിന്റെ ചരിത്രമാണ്. എവിടെനിന്നാണ് വെറുപ്പിന്റെ, ക്രൂരതയുടെ വിത്ത്? നിങ്ങള് കൈ മലർത്തുന്നു.

ദിവസങ്ങൾ കഴിഞ്ഞ് സ്വപ്നത്തിൽ കുഞ്ഞുമോൻ വന്ന് നിങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ അമ്പരന്നു. അവനെ മറന്നു എന്ന പരാതിയൊന്നും അവനില്ലായിരുന്നു. അതെനിക്ക് സാധിക്കില്ല എന്നവനറിയാം. എന്നാൽ നിങ്ങളുടെ കാര്യത്തിൽ ഒരിക്കലും വിചാരിക്കാത്തതാണ് സംഭവിച്ചത്. കൊല്ലാൻ വന്ന ഞാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? അവന്റെ ചോദ്യങ്ങൾക്ക് എനിക്കുത്തരമില്ലായിരുന്നു. നിങ്ങൾ എന്റെ കുഞ്ഞുമോനെ കൊന്നവനാണ്. അവനെപ്പോലെ പലരെയും എന്നെനിക്കിന്നറിയാം. നിങ്ങളോടുള്ള വെറുപ്പിന് ഒരു കുറവും വന്നിട്ടുണ്ടായിരുന്നില്ല. സോഫിയോടുള്ള പ്രേമം കൊണ്ടുപോലും. അല്ലെങ്കിലും അതുകൊണ്ട് പക മൂർച്ഛിക്കുകയല്ലേ, ചെയ്യുക, എത്രയും പെട്ടെന്ന് ഒഴിവാക്കാനല്ലേ ശ്രമിക്കുക.

അവന്റെ മുഖത്തുനോക്കാൻ പ്രയാസം തോന്നി. എന്നാൽ, ‘ചേട്ടായി സങ്കടപ്പെടേണ്ട’ എന്നു പറഞ്ഞ് കുഞ്ഞുമോൻ എന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കുകയാണ് ചെയ്തത്. അവനും ഒരുപക്ഷേ, ഇന്നത്തേ ഈ ദിവസത്തെക്കുറിച്ച് ചില ഉൾക്കാഴ്ചകളൊക്കെ ഉണ്ടായിക്കാണണം.

കാരണം കൃത്യമായി അറിയില്ലെങ്കിലും, ഒരു കാര്യം വ്യക്തമായിരുന്നു. നിങ്ങളെ കൊല്ലാനുള്ള താല്പര്യം നാൾക്കുനാൾ കുറഞ്ഞുവരികയാണ്. കാരണമാലോചിച്ച് കാടുകയറി ഏറെ നേരം ഞാനിരുന്നിട്ടുണ്ട്. കുഞ്ഞുമോനേയും ഇടിമുറിയിലെ കാഴ്ചകളേയും ഓർത്തെടുത്ത് അത് ചെയ്യേണ്ടതാണ് എന്ന് മനസ്സിലുറപ്പിക്കാനും നോക്കി. നടന്നില്ല. നോക്കണേ, ഒരു ഘട്ടത്തിൽ ഒരാളെ എങ്ങനെ കൊല്ലണം എന്നാലോചിച്ച് തലപുണ്ണാക്കുക, പിന്നൊരിക്കൽ അയാളെ കൊല്ലാതിരിക്കുന്നത് എന്തുകൊണ്ടെന്നാലോചിച്ച് ഉറക്കം കളയുക.

നോക്കൂ, നിങ്ങൾ ഇങ്ങനെ അസ്വസ്ഥനാകേണ്ട കാര്യമൊന്നുമില്ല. ഞാനിങ്ങനെ അറിഞ്ഞതെല്ലാം വിളിച്ചു പറയാനിരിക്കുകയല്ല. പിന്നെ സോഫി, അവൾക്കറിയാത്തതെന്താണ്, നിങ്ങളെക്കുറിച്ച്. അവളുടെ ഈ കൂസലില്ലായ്മ മറ്റെവിടെനിന്നാണ് വരുന്നത്? ഒരു പക്ഷേ നിങ്ങൾക്കായിരിക്കും അതൊന്നും അറിയാത്തത്. പ്രശ്‌നം എന്താണെന്നുവച്ചാൽ സ്വന്തം കഥ മറ്റുള്ളവർ പറഞ്ഞറിയേണ്ടിവരുന്നതിനേക്കാൾ വലിയ ദുരന്തമില്ല.

ഒരു കാര്യം കൂടി, നിങ്ങളെ ഞാൻ കൊല്ലാൻപോകുന്നില്ല എന്ന് ഉറപ്പായത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. ആയിടക്ക് ഞാൻ നിങ്ങളെ കേൾക്കുന്നത് കുറഞ്ഞുവന്നിരുന്നു. അന്ന് അറിയാതെ മുഖമുയർത്തി നോക്കുമ്പോൾതന്നെ നേരെ മുന്നിൽ ജീവനുള്ളതുപോലെ നിങ്ങളുടെ കണ്ണുകൾ തിളങ്ങി. വെറും തിളക്കമായിരുന്നില്ല. കണ്ണീരാണ്. കെട്ടിക്കിടക്കുന്ന വിഷമമാണോ, വെറുപ്പാണോ ഒന്നും അറിയില്ല. ചോർന്നുപോവുകയാണ്. കൊച്ചു കുട്ടികളുടെ കണ്ണിൽനിന്നെന്നവണ്ണം കണ്ണീരൊഴുകി. ഫോട്ടോയുടെ ഫ്രെയിമും കടന്ന് അത് മേശമേൽ പടർന്നു. രതിയുടെ ഉന്മാദത്തിൽ മേശയുടെ വക്കിലൂന്നിയ എന്റെ വലത്തേ കൈയ്യിനെ നനച്ചു. സോഫി എന്നെ ഉറുമ്പടക്കം പിടിച്ചു.

നനഞ്ഞ കൈ നെഞ്ചിലമർത്തി തളർന്ന് കിടക്കുമ്പോൾ എനിക്ക് പലരേയും ഓർമ്മ വന്നു. പലതും ഓർമ്മ വന്നു. അടിപിടി കൂടുമ്പോൾ കാര്യമൊന്നുമില്ലെങ്കിലും വാവിട്ടുകരയുന്ന മോഹനനനെ, മൂസഹാജിക്കെതിരെ പതിനഞ്ചുവർഷം നീണ്ട് ഭൂമിത്തർക്കത്തിൽ അനുകൂലവിധി വന്ന ദിവസം രാത്രി തൂങ്ങിച്ചത്ത ബാലകൃഷ്ണപ്പണിക്കരെ, ആണല്ലെന്ന് പറഞ്ഞ് നാട്ടുകാർ കളിയാക്കിയിരുന്ന പ്രേമേട്ടന്റെ കല്യാണം അങ്ങനെ പലതും...

പ്രേമേട്ടൻ കല്യാണം കഴിച്ചത് നാട്ടിലെ എക്കാലത്തേയും സുന്ദരി വിലാസിനിച്ചേച്ചിയെയാണ്. എന്റെ ചെറിയ ജീവിതത്തിലെ കാര്യങ്ങളാണ്, നിങ്ങൾക്ക് താല്പര്യമുണ്ടാവില്ല, എങ്കിലും എന്നെപ്പോലെ ഒരാളെ ജീവിതത്തെക്കുറിച്ചുള്ള അന്തംവിട്ട ചിന്തകളിലേക്ക് തള്ളിവിട്ട ആളുകളും കാര്യങ്ങളുമാണ്. പ്രേമേട്ടന്റെ കാര്യം പറഞ്ഞതിൽ തെറ്റിദ്ധരിക്കേണ്ട. നിങ്ങൾക്ക് അത്തരം കുഴപ്പങ്ങളൊന്നുമില്ലെന്ന് സോഫി പറഞ്ഞിട്ടുണ്ട്. മാത്രമല്ല, കിടപ്പറയിലെ നിങ്ങളുടെ അക്രമം അവൾക്കിഷ്ടമാണെന്നും. അത് പറഞ്ഞിട്ടും പിന്നെ എന്തിനാണിതൊക്കെ എന്ന് ചോദിക്കാതിരുന്ന എന്നോടാണ് ഒരു പൊടിക്കിഷ്ടക്കൂടുതൽ എന്നും അവൾ പറഞ്ഞിട്ടുണ്ട്.

ഏത് ക്രിമിനലിനേയും നുള്ളിപ്പൊളിച്ചകത്ത് നോക്കിയാൽ ഭീരുവും ദുർബലനുമായ ഒരു കുട്ടിയെ കാണാമായിരിക്കും. ചിന്തിച്ചുചിന്തിച്ചുപോയപ്പോൾ പകയും വാശിയും മാറി വേറെ എന്തൊക്കെയോ ആയി. കുഞ്ഞുമോൻ എന്റെ ഉള്ളിലിരുന്നു കരയാൻ തുടങ്ങി. അത് പകയും വെറുപ്പുമുണ്ടാക്കുന്ന തരം കരച്ചിലായിരുന്നില്ല. അവന്റെ കനമില്ലായ്മയും തെളിച്ചവും തെളിമയും എന്നെ അത്ഭുതപ്പെടുത്തി. കൊതിപ്പിച്ചു. ഒരു വർഷത്തിനുശേഷം തലയിൽനിന്നും നെഞ്ചിൽനിന്നും കനമൊഴിഞ്ഞുപോകുന്നത് ഞാനറിഞ്ഞു. ഒരു തുള്ളി നെഞ്ചിൽ പതിച്ചപ്പോൾ പൊള്ളലേറ്റപോലെ സോഫി പിടഞ്ഞു. എന്റെ മുഖം നെഞ്ചിലടക്കിപ്പിടിച്ച് അവളും കരഞ്ഞു. പിന്നീടുള്ള രണ്ട് കൂടിച്ചേരലിലും, ഇന്നത്തേതുൾപ്പെടെ, അതങ്ങിനെത്തന്നെ. പുഷ്പൻ ചേട്ടൻ കഴിഞ്ഞ തവണ പിണങ്ങിയെന്നോണം പോയതാണ്.

‘‘ഈ കരച്ചിലും പിഴിച്ചിലും കാണാനല്ല ഞാൻ ഒപ്പം കൂടിയത്. ബോറാണ് പരമ ബോറ്. അപ്പൻ പറഞ്ഞൊരു വാക്കുണ്ട്, ചത്താലും എന്റെ കൊച്ച് ചിരിച്ചോണ്ട് കെടക്കണം. അതിനു പറ്റുമങ്കിൽ ഏറ്റാമതിയെന്ന്. വാക്ക് തെറ്റിച്ചോണ്ട് ഞാനിവിടെ നിക്കില്ല.’’

അവസാനമെടുത്ത പെഗ് കഴിക്കാതെ അവിടെത്തന്നെ വെച്ചിട്ടാണ് പുഷ്പൻ ചേട്ടൻ പോയത്. അങ്ങേരില്ലാത്തതുകൊണ്ടാണല്ലോ ഇന്നത്തെ ഈ അവസ്ഥയിൽ കാര്യങ്ങളെത്തിയത്.

പറഞ്ഞവസാനിപ്പിക്കാം. കുഞ്ഞുമോന്റെ മരണത്തിന് പകവീട്ടാൻ വന്ന ഞാനിപ്പോൾ നിങ്ങളുടെ ഭാര്യയുടെ പ്രിയപ്പെട്ട ജാരന് മാത്രമാണ്. ആരുമറിയാതെ എനിക്ക് നിങ്ങളെ ഇല്ലാതാക്കാമായിരുന്നു. സോഫി പോലും അതു ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഞാനത് ചെയ്തില്ല. ഇനി ചെയ്യാനും പോകുന്നില്ല. അതിന്റെ കാരണം നിങ്ങൾക്കറിയാം. ഇത്രയും നേരം സിഗരറ്റു പുകക്കുവേണ്ടിമാത്രം എന്നമട്ടിൽ ശ്വാസമെടുത്തുകൊണ്ട് കേട്ടിരുന്നത് അതുകൊണ്ടാണ്. അതുകൊണ്ടാണ്, ഈ കൈത്തോക്ക് ഇപ്പോഴും ഇങ്ങനെ വെറുതേ കിടക്കുന്നത്. അല്ലെങ്കിലും വാവിട്ടു കരയുന്ന ഒരു കുട്ടി അതുകൊണ്ടെന്തുചെയ്യാനാണ്. ഈ നേരമത്രയും നിങ്ങളുടെ മുഖത്ത് മാറിമാറിവന്നതൊക്കെ ഞങ്ങൾ കാണുന്നുണ്ട്. സോഫി ഒരു പക്ഷേ അതിനപ്പുറം കാണുന്നുണ്ടാകാം. കുറച്ചുനേരം കഴിഞ്ഞാൽ നിങ്ങൾ ചെയ്യാൻ പോകുന്നത് വരെ. എല്ലാവർക്കും എല്ലായ്‌പ്പോഴും കിട്ടുന്ന അവസരമല്ല. വന്നുചേരുമ്പോൾ അതുപയോഗിക്കുക എന്നു മാത്രമേയുള്ളൂ.

നേരം നാലാവാറാവുന്നു, വെളിച്ചവും നാട്ടുകാരുമൊക്കെ വരാറായി. ഒരു കാപ്പി വേണം. അതുണ്ടാക്കാനും കുടിക്കാനുമുള്ള സമയമേ നമുക്കുള്ളൂ.

സോഫീ, നാണമില്ലാത്ത വർഗം എന്ന് മുറുമുറുത്ത് അയാൾ പോയത് മുകളിലത്തെ നിങ്ങളുടെ കിടപ്പുമുറിയിലേക്കാണ്. കാപ്പിയുമായി ഞാൻ അകത്തേക്കുചെല്ലുമ്പോൾ ആ ഫോട്ടോയിൽ നോക്കിയിരിപ്പായിരുന്നു. ഇടത്തേ കൈയ്യിൽ തുടച്ചുമിനുക്കിവെച്ച തോക്കും കണ്ടു. സംശയമേതുമില്ലാതെ അയാള് ഞാനുണ്ടാക്കിയ കാപ്പി കൈയ്യിൽ വാങ്ങി കുടിക്കാൻ തുടങ്ങി.

സോഫീ, പറഞ്ഞുതുടങ്ങിയത് അയാളോടാണെങ്കിലും അവസാനിപ്പിക്കുന്നത് നിന്നോടാണ്. അതങ്ങനെയായല്ലേ പറ്റൂ. രണ്ടുപേരുടെ, രണ്ടാണുങ്ങളുടെ അക്രമത്തിന്റേയും പ്രതികാരത്തിന്റേയും കഥയായിരുന്നു. നിനക്കൊരു തരി പോലും താല്പര്യമില്ലാത്തത്. ഒരക്ഷരം നീ മിണ്ടിയിട്ടില്ല, എന്തു വേണമെന്നോ, ഏത് പക്ഷമെന്നോ. നീ കാമിക്കുക മാത്രം ചെയ്തു. അയാളോട് നിനക്കുണ്ടായിരുന്നത് എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവൊന്നും എനിക്കില്ലെന്നു തോന്നുന്നു. നിന്നെക്കുറിച്ച് വളരെക്കുറച്ചേ ഇവിടെ പറഞ്ഞിട്ടുള്ളുവെങ്കിലും നിന്നെ കണ്ടുമുട്ടിയതിനു ശേഷം നീയാണ് ഈ കഥയിലെ ഓരോ വളവും തിരിവും നിശ്ചയിച്ചത് എന്നെനിക്കറിയാം. അറിയാം എന്നൊക്കെ പറയുന്നത് അഹങ്കാരമാണ്. അറിയാത്തതാണ് ഏറെയും. അറിഞ്ഞതു തന്നെ ഞാൻ മെനഞ്ഞെടുത്തത്, അല്ലെങ്കിൽ പുഷ്പൻചേട്ടൻ മെനഞ്ഞത്. ഒന്നും ബാക്കി വെക്കാത്ത പ്രേമം, കാമം. നിന്റെപ്പന്റെ കാട്. പച്ചയും ഇരുട്ടും ഈർപ്പവും നിറഞ്ഞ കാട്. അവിടെ കരുത്തുറ്റ് ഉയർന്നുപൊങ്ങുന്ന വന്മരം, അതിൽ പടർന്ന്, അതിനേയും കടന്ന് ആകാശം തുളച്ച് വളരുന്ന ഒരു വള്ളി. ഓരോ സമയത്തും അതിനോരോ ഗന്ധം, വശീകരിക്കുന്നതോ, പേടിപ്പിക്കുന്നതോ. ഒരു പുഷ്പൻ ചേട്ടനോ, നിന്റപ്പനോ മാത്രം പേടികൂടാതെ ജീവിക്കാൻ പറ്റുന്ന കാട്. ആ കാടിനു വിഴുങ്ങാന് പറ്റാത്തതായി എന്താണുള്ളത്?

ഈ കഥക്ക് പോലും നിന്റെ പേരാണ്!

സോഫീ, തണുക്കുന്നതിനുമുമ്പ് ഈ കാപ്പി കുടിക്കൂ. ഇപ്പോൾ ഞാനും നിന്നെപ്പോലെ, ബാക്കിയില്ലാത്തവിധം ഒഴിഞ്ഞിരിക്കുന്നു. അതിന്റെ നന്ദി പറഞ്ഞറിയിക്കാനാവാത്തതാണ്. നമ്മൾ ഇനിയും കണ്ടുമുട്ടുമോ എന്നറിയില്ല. ഈ പോക്ക് എങ്ങോട്ടെന്നുമറിയില്ല, എന്തായാലും അത് കുഞ്ഞുമോനെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓർമ്മകളിലേക്കല്ല. സത്യം.


രാജു നരൻ

പത്രപ്രവർത്തകനായും അധ്യാപകനായും ജോലി ചെയ്തു. വിവർത്തകനാണ്. യാത്ര, സിനിമ എന്നിവ ഇഷ്ട മേഖലകൾ.

Comments