ചിത്രീകരണം: ദേവപ്രകാശ്​

അന്തിപ്പിശാച്

ങ്ങനെയൊരു ഏടാകൂടത്തിൽ പോയി ചാടുമെന്ന് സത്യമായിട്ടും വിചാരിച്ചിരുന്നില്ല.

ഡാളിയെ കാണാനുള്ള ഒടുക്കത്തെ ആശയാണ് വിനയായത്. എന്നിട്ടോ, അവളെയൊട്ടു കണ്ടതുമില്ല.

ആ നിരാശയിലാണ് തെക്കുമ്പുറത്തെ കയ്യുമ്മയുടെ പറമ്പിലേക്ക് ചാടിക്കടന്നത്. അതൊരു എളുപ്പവഴിയാണ്. തുമ്പകടി കൊണ്ടാലുമെന്താ, മൂന്നാലഞ്ചു കിലോമീറ്റർ ദൂരം നടത്തം ലാഭമല്ലേ എന്നോർത്തപ്പോൾ, മതിലിന്റെമീതെ നിരത്തിയിട്ടുള്ള കുപ്പിച്ചില്ലുകളും ആണിയുമൊക്കെ നിസ്സാരമായിട്ടാണ് കണ്ണിൽ തെളിഞ്ഞത്.

എന്റെ കൂസലില്ലായ്​മക്കുമുമ്പിൽ അവർ മുന താഴ്ത്തിത്തന്നതാണെന്നും വേണേൽ വർണിക്കാം. പക്ഷേ, അതിനുപറ്റിയ സന്ദർഭം ഇതല്ല. മാത്രമല്ല, വർണനകളിലൊന്നും യാതൊരു കഥയുമില്ലെന്നും പണിമിടുക്കിലാണ് കാര്യമെന്നും കൂടെക്കൂടെ മേനി പറയുന്നവളായിരുന്നു മൈ ഡാർളിംഗ് ഡാളി.

ആ പഞ്ചാരവാക്കിൽ മൂക്കുംകുത്തിവീണ എനിക്കു കിട്ടിയതോ, എട്ടിന്റെ പണി.

നാലഞ്ചേക്കർ പറമ്പിന്റെ ഒത്തനടുക്കായിട്ടാണ് കയ്യുമ്മയുടെ വീടിന്റെ സ്ഥാനം.

ചുറ്റോടുചുറ്റുമുള്ള പച്ചപ്പിന്റെ ധാരാളിത്തത്തിൽ ഇരുട്ടുപിടിച്ചുപോയ ഒരു പഴഞ്ചൻ വീടാണത്. കയ്യുമ്മയും, തലയ്ക്ക് സ്ഥിരതയില്ലാത്ത ഒരു മകളും മാത്രമാണ് അവിടെ താമസം. ഒരു മകനുളളത് കുടുംബസമേതം ഖത്തറിലാണ്.

പകൽ, ജംബർ ജാനകി എന്ന ഒരു സ്ത്രീ വന്ന് അകംപുറം പണികൾ ചെയ്തുകൊടുക്കും. ഉമ്മാന്റെയൊപ്പം അന്തിക്കൂട്ടിനു കിടന്നാൽ മാസപ്പടി കൂട്ടിത്തരാമെന്നും പറഞ്ഞ് എല്ലാ മാസാവസാനവും ഖത്തറിൽനിന്ന്​ ജമാൽ ലേലംവിളി നടത്തും. ജാനകി ആ ഓഫറിനുനേരെ കണ്ണടയ്ക്കും. നാലുചക്രം അധികം കിട്ടിയാൽ കയ്ക്കത്തൊന്നുമില്ല. പക്ഷേ, അവൾക്ക് കെട്ട്യോനെ അത്ര വിശ്വാസം പോരാ. കണ്ണുതെറ്റിയാൽ കണ്ടവളുമ്മാരെ വിളിച്ചു വീട്ടിൽ കേറ്റിക്കളയുന്ന, പെണ്ണുങ്ങളുടെ നിഴലിനെപ്പോലും വെറുതെവിടാത്ത ഒരു ഞരമ്പനാണ് പ്ലംബർ രാജൻ.

ഇതൊക്കെ ഡാളി പറഞ്ഞുതന്നുളള അറിവുകളാണ്. ഇതുപോലെ വടക്കുമ്പുറത്തുള്ളവരുടെ കഥകളും ഞാൻ അവൾക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്.

ഒരു കടവിന്റെ അപ്പുറത്തും ഇപ്പുറത്തുമായിട്ടാണു ഞങ്ങളുടെ ജീവിതം!

പറഞ്ഞുവന്നത് ഏടാകൂടത്തെക്കുറിച്ചാണ്. ജീവിതവും ഒരു കെണി തന്നെ. പലതും മോഹിപ്പിച്ചു കുടുക്കിക്കളയുമെന്ന് ഡാളി ഇടക്കിടെ പറയാറുണ്ട്. പറഞ്ഞുപറഞ്ഞ് പിന്നേം കാടുകേറുന്നെന്നു പരാതി പറയരുതേ... കാടുകേറാതെ എങ്ങനെ പോകാനാണ്. കയ്യുമ്മയുടെ പറമ്പിലപ്പടി വാഴയും കപ്പയുമാണ്. നിലംപറ്റി വളരുന്ന മത്തനും ചീരയുമാണ്. തൊട്ടുമുട്ടി നിൽക്കുന്ന ചേമ്പും ചേനയുമാണ്. വളളികളിൽ ആടികളിക്കുന്ന പാവലും പടവനുമാണ്. ആകാശംമുട്ടിയ പ്ലാവുകളും മാവുകളുമാണ്. കുടനിവർത്തിയ തെങ്ങുകളും കവുങ്ങുകളുമാണ്.

അതിരുകളിലാകട്ടെ, തൊട്ടാൽ പിണങ്ങുന്ന തൊട്ടാവാടികളും ചവിട്ടിയാൽ തിരിച്ചു കടിക്കുന്ന പല ജാതികളുമുണ്ട്. പിന്നെയൊരു ആശ്വാസമുള്ളത്, ഭൂമിയുടെ ഞരമ്പുപോലെ, രണ്ടു തൂമ്പ ആഴത്തിലുള്ള ഒരു തോട് മോട്ടോർപുരയുടെ കെട്ടിൽ നിന്നുമാരംഭിച്ച് പറമ്പിലൂടെ തലങ്ങും വിലങ്ങും ഒഴുകുന്നുണ്ട് എന്നതാണ്. പകലോർമകളിൽ നനഞ്ഞുകിടക്കുന്ന ആ തോട്ടിലൂടെയായിരുന്നു എന്റെ നടത്തം. അതാകുമ്പോൾ കാലിലൊന്നും തടയില്ല; കരിയിലകളും ഞെരിഞ്ഞമർന്ന് ഒച്ചവെക്കില്ല.

അങ്ങനെ മന്ദം മന്ദം നടക്കുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ടു. എന്തൊക്കയോ ഉരുണ്ടുപെരണ്ടു വീഴുന്നതുപോലെ. മോട്ടോർപുരയുടെ ഉള്ളിൽനിന്നുമാണ്. കേറി നോക്കെന്നു മനസ്സു പറഞ്ഞു. വിട്ടടിച്ചു പോടാന്ന് കാലുകളും. എന്തിനു പറയണം, കാലുകളും മനസ്സും തമ്മിൽ ഒരു വടംവലിതന്നെ നടന്നു.

ഒടുക്കം, പേടിത്തൂറികളായ നീയൊന്നും രാത്രിപ്പണിക്കെന്നു പറഞ്ഞ് മേലാൽ പുറത്തിറങ്ങിയേക്കല്ലേന്ന് മനസ്സ് കാലുകളെ കളിയാക്കി. അപമാനഭാരം സഹിച്ചുകൊണ്ടും അവർ എന്നെ നേർവഴി നടത്തിക്കുകയായിരുന്നു. എന്നിട്ടും വിധി ഒരു ടോർച്ചുവെട്ടമായി എന്റെ മേലെ ചാടിവീഴുക തന്നെചെയ്തു. പിന്നെ ഒന്നും നോക്കിയില്ല, നേരെ മോട്ടോർപുരയുടെ അകത്തേക്ക് കുതിച്ചു.

അടച്ചുറപ്പുള്ള ഒരു മുറിയൊന്നുമായിരുന്നില്ല അത്. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങകൾക്കും അട്ടിയിട്ടുവെച്ചിരിക്കുന്ന കുട്ടകൾക്കും ഇടയിൽ ഒളിയിടം തിരഞ്ഞ് എന്റെ കണ്ണുകൾ പരക്കം പാഞ്ഞു. മോട്ടർ പിടിപ്പിച്ചിട്ടുള്ള ഇഷ്ടികമുറിയുടെ തകരവാതിലിൽ തള്ളിനോക്കിയെങ്കിലും അതു തുറന്നില്ല.

ഇനിയെന്തെന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് പാതാളക്കരണ്ടിയും, മുളക്കോണിയും തൂക്കിയിട്ടിട്ടുള്ള തണ്ടികയുടെ കീഴെ ഒരു കൊച്ചുവഞ്ചി ചെരിഞ്ഞു കിടക്കുന്നതു കണ്ണിൽപ്പെട്ടത്.

ആശ്വാസം! ശ്വാസമെടുക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും ഒന്നാന്തരമൊരു ഒളിയിടം തന്നെ എനിക്കു പതിച്ചുകിട്ടി.

അപ്പോഴേക്കും രണ്ടുപേർ മോട്ടോർപുരയുടെ ഉള്ളിലേക്കു ഓടിക്കിതച്ചെത്തി. ഒരുത്തൻ നാലുപാടും ടോർച്ചു മിന്നിച്ചു. മറ്റവൻ കണ്ണിൽ കണ്ടെതെല്ലാം തട്ടിത്തെറിപ്പിച്ചു. മൂട് ചളുങ്ങിയ ഒരു ബക്കറ്റ് പറന്നുവന്ന് എന്റെ നടുമ്പൊറത്തു വീണു. ജീവൻ പോയെങ്കിലും ഒച്ചയും അനക്കവുമുണ്ടാക്കാതെ സിമെന്റു തറയിലേക്ക് പറ്റിച്ചേർന്നു കിടന്നു.

ടോർച്ചു മിന്നിച്ചുകൊണ്ടിരുന്നവൻ ചുറ്റുപാടും നിരീക്ഷിച്ചതിനുശേഷം വണ്ടനൊരു തെറി പറഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. മറ്റവൻ, അതിന്റെ അപ്പുറത്തുള്ള ഒരെണ്ണം കാച്ചിക്കൊണ്ട് പിന്നാലെ മണപ്പിച്ചു ചെന്നു.

എന്റെ ശ്വാസം നേരെവീണെങ്കിലും കിടന്നോടത്തുനിന്നും എഴുന്നേൽക്കാൻ പോയില്ല. മനഃകണക്കുപ്രകാരം അവർ പറമ്പൊഴിയണമെങ്കിൽ പത്തുപതിനഞ്ചു മിനുട്ട് എന്തായാലും വേണം. ഭാഗ്യപരീക്ഷണത്തിനു നിന്നില്ല, അരമണിക്കൂർ മേലെ ആ കിടപ്പുകിടന്നു. ചുമരു തുളച്ചുവന്ന കുനിയനുറുമ്പുകൾ പണിപറ്റിക്കുമെന്നായപ്പോഴാണ് തലപൊക്കിയത്. നോട്ടം പതിച്ചത്, തുറന്നുമലർന്നു കിടക്കുന്ന തകരവാതിലിന്റെ പാളികളിൽ. അകത്താരോ ഉണ്ടായിരുന്നിരിക്കണം. അവരെ അന്വേഷിച്ചു വന്നവരുടെ മുമ്പിലേക്കായിരിക്കും ഞാൻ ചാടികൊടുത്തത്.

എന്നുവെച്ചാൽ, ഇനി മൂന്നുപേരുടെ കണ്ണുവെട്ടിച്ചാലെ പുറത്തുകടക്കാൻ കഴിയൂ. അതോ, അതിൽ കൂടുതലോ? ആ ആർക്കറിയാം. വല്ലാത്തൊരു രാത്രിയായിപ്പോയി. അങ്ങനെ ഓരോന്നോർത്തു അന്തംവിട്ടു നിൽക്കുകയായിരുന്നു. അപ്പോഴതാ, തേങ്ങാക്കൂമ്പാരത്തിന്റെ ഓരംചേർന്ന് ഒരു കെട്ടിമറയൽ. അടക്കിപ്പിടിച്ച ചിരിയും മൂളലും കേട്ടപ്പോൾ കാര്യംപിടികിട്ടി.

പെട്ടെന്ന്, ഡാളിയെ ഓർമ വന്നു. അവളുടെ കൊഞ്ചലും കുഴയലും. സദാ തണുപ്പുള്ള കൊഴുത്ത ശരീരം. കൊതിപ്പിക്കുന്ന മണം. ഭ്രാന്തുപിടിപ്പിക്കുന്ന ഇളക്കങ്ങൾ. ഉയിർത്തെഴുന്നേറ്റ ഓർമകളെ അടക്കിക്കിടത്തി ഞാൻ ഏന്തിവലിഞ്ഞു നോക്കി. പരസ്പരം ചുറ്റിപ്പിണഞ്ഞുകിടക്കുന്ന നാലുകാലുകൾ, ഉരുണ്ടുകളിക്കുന്ന തേങ്ങകൾ, കമിഴിന്നുകിടക്കുന്ന കുട്ടകൾ, അഴിഞ്ഞുലഞ്ഞ ചൂട്ടുകെട്ടുകൾ, മുട്ടുകുത്തി നിൽക്കുന്ന കടപ്പട്ടകൾ... അത്രമാത്രം.

ഡാളിയുടെ കഥകളിൽ ഒരിക്കൽപോലും കടന്നുവന്നിട്ടില്ലാത്ത രണ്ടു ഇണക്കുരുവികളെയാണ് തൊട്ടടുത്തുകിട്ടിയിരിക്കുന്നത്. ആ മുഖങ്ങൾ ദർശിച്ചേ മതിയാകൂ എന്നൊരു തോന്നൽ എന്റെയുളളിൽ ശക്തമായി. എഴുന്നേൽക്കാൻ തുടങ്ങിയതും, നേരത്തേ കണ്ട രണ്ടുപേർ മോട്ടോർപുരയുടെ ഉള്ളിലേക്കു പാഞ്ഞെത്തി. ഞാൻ വീണ്ടും വഞ്ചിയുടെ ഉള്ളിലേക്കു പതുങ്ങി; ഈർപ്പം തട്ടിയ തടിയിൽ ഒരു പഴുതുകണ്ടെത്തി കണ്ണുകളെ പുറത്തേക്കു നട്ടുവെച്ചു.

‘എന്റെ മജ്യേ, ഇതെന്തൊരു കാഴ്​ച്യാടാ,' എന്നുപറഞ്ഞ് ടോർച്ചുപിടിച്ചവൻ വെളിച്ചം നീട്ടി. ചുമരിൽ തട്ടിത്തെറിച്ച മഞ്ഞവെളിച്ചത്തിൽ രണ്ടു ആൺനിഴലുകൾ നാണത്താൽ തലകുനിച്ചു.

‘പെട്ടിയടിയാണോടാ? കൊള്ളാലോ കളി', മജി എന്നു പേരുള്ളവൻ പറഞ്ഞു. ‘കാറ്റാടി, നിനക്കിവരെ പിടികിട്ട്യാ? ദേ, ഇവനുണ്ടല്ലോ, ഈ തത്തമ്മച്ചുണ്ടൻ, മ്മടെ കിരിയാന്റെ പച്ചക്കറിക്കടയിൽ എടുത്തുകൊടുക്കാൻ നിൽക്കുന്ന ബംഗാളിയാണ്. ലോ ലവൻ, മ്മടെ അന്തപ്പൻ ഡോക്ടർടെ മൂത്ത ചെക്കൻ.'

നഗ്‌നനിഴലുകളുടെ വലുപ്പം ചുരുങ്ങിച്ചുരുങ്ങി വന്നു.

‘പേരു പറയെടാ നാറികളെ.' കാറ്റാടി എന്നു ഇരട്ടപ്പേരുള്ള ബിജു ടോർച്ചുവീശിപ്പറഞ്ഞു. ഉടുതുണിയില്ലാതെ വാടിനിൽക്കുന്ന ആ ചെറുപ്പക്കാർ പേടിച്ചുവിറച്ചു.

‘ദൈവത്തെയോർത്ത് പ്രശ്‌നണ്ടാക്കരുത്, പ്ലീസ്... ' അന്തപ്പൻ ഡോക്ടറുടെ ചെക്കൻ, ഡാനി, കെഞ്ചിക്കൊണ്ടിരുന്നു.

‘യെട യെടാ, ആമ്പല്ലൂർന്ന് കെട്ടിക്കൊണ്ടുവന്ന ഒരു ചരക്കിനെ കുടുമ്മത്തു പഴുപ്പിക്കാൻ വച്ചിട്ടല്ലേടാ ഇവിടെവന്നു കൊണയ്ക്കാൻ നിക്കണത്’, കാറ്റാടി, ഡാനിയുടെ നല്ലസ്ഥാനത്തു കേറിപ്പിടിച്ചു.

ചങ്കു പറിച്ചെടുത്താലും അവൻ ഒച്ചയിട്ട് ആളെകൂട്ടില്ലെന്നു അവർക്കു ഉറപ്പായിരുന്നു. മജിയുടെ കൈകൾ ബംഗാളി പയ്യന്റെ, സുദൈറിന്റെ മധ്യപ്രദേശ് കലക്കി. അവൻ നിന്നോടത്തുനിന്നു മുള്ളി. മജിയും കാറ്റാടിയും രണ്ടുമൂന്നു ചുവട് പുറകിലേക്കു ചാടി. ഡാനി തന്റെ പ്രേമഭാജനത്തിനുനേരെ ആർദ്രമായി നോക്കി.
‘പ്‌ളീസ്...’, കാറ്റാടിയുടെ കാലുപിടിച്ച് അവൻ യാചിച്ചു.

‘ചോദിച്ചേന്ന് സമാധാനം പറ മുത്തേ...' ഉള്ളംകയ്യിലിട്ട് തിരുമ്പിയുരുട്ടിയെടുത്ത സാധനം ചുണ്ടിന്റെ അടിയിലേക്കു തിരുകിവെച്ചിട്ട് മജി ശൃംഗാരഭാവത്തിൽ ചോദിച്ചു: ‘നിങ്ങളിൽ ആരാടാ നന്നായിട്ട് പെട്ടിയടിക്കുന്നത്?'
‘അങ്ങനൊന്നില്ല ചേട്ടാ...' ഡാനി തലകുനിച്ചു.
‘എങ്ങെനൊന്നില്ലെന്ന്?', കാറ്റാടി ഏറ്റുപിടിച്ചു: ‘ഈ പാതിരാത്രിക്ക് രണ്ടുംകൂടി ഇവിടെയിരുന്ന് തേങ്ങപൊതിക്കാണെന്നോ?'
‘അതല്ല ചേട്ടാ, ഞങ്ങൾ...', ഡാനി തലയുയർത്തി.

‘കേട്ടോടാ മജ്യേ...', കാറ്റാടി തുടർന്നു: ‘ഇവന്റെ തന്തയില്ലേ, ആ പെരട്ട ഡോക്ടർ. അവനെ കാണിക്കാൻ എന്റെ പെണ്ണിനേം കൊണ്ട് ഒരിക്കൽ ഞാനാ ആ ക്ലിനിക്കിൽ പോയിട്ടുണ്ട്. തുടയിടുക്കിലെ ചൊറിച്ചിലിന് ഒരു ഓയിൽമെൻറ്​ എഴുതിത്തരാൻ പറഞ്ഞപ്പോൾ ആ നാറിക്ക് അവൾടെ ആ... സ്ഥാനം കാണണം പോലും. അതുകഴിഞ്ഞ് വൃത്തീം വെടിപ്പിനേം പറ്റി ഒന്നൊന്നരമണിക്കൂർ സ്റ്റഡി ക്ലാസും ഒലക്കൽമ്മത്തെ ഉപദേശോം. എനിക്കങ്ങോട്ട് ചൊറിഞ്ഞുവന്നു...'

കാറ്റാടിയുടെ എണ്ണിപ്പെറുക്കൽ കേട്ട് മജി തലകുത്തിനിന്നു ചിരിച്ചു: ‘എന്നിട്ട് ചൊറിച്ചിൽ മാറ്യോടാ?’
‘അവൾടെ മാറി.'' കാറ്റാടി പറഞ്ഞു.

സുദൈർ ഡാനിയുടെ കൈപിടിച്ച് പുറത്തേക്കിറങ്ങിയോടാൻ നോക്കി. വാഴയ്ക്കു താങ്ങുകൊടുക്കാൻ കെട്ടുന്ന പ്ലാസ്റ്റിക് വളളിയിൽ കാലുടക്കി അവർ മൂക്കും കുത്തിവീണു. കാറ്റാടിയും മജിയുംകൂടി സുദൈറിനെ പൊക്കിയെടുത്ത് ഇഞ്ച ചതക്കണപോലെ ചതച്ചു. തടയാൻ ചെന്ന ഡാനിക്കും മെനയ്ക്കുകിട്ടി.

ഈ അവസരം മുതലാക്കി ഞാനും രക്ഷപ്പെടാൻ ഒരു ശ്രമം നടത്തിനോക്കി. പക്ഷേ, ഏറ്റില്ല. എന്നാപ്പിന്നെ ഈ കളി എത്രത്തോളംവരെ പോകും എന്നറിഞ്ഞിട്ടാകാം ബാക്കിക്കാര്യമെന്നു തീരുമാനിച്ച് അവിടെത്തന്നെയങ്ങു കൂടി.

‘ശരി, രണ്ടിനേം വെറുതെ വിടാം. ഞങ്ങൾക്കെന്തു കിട്ടും’, നുകത്തിൽ കെട്ടിയ മുഴോൻ കാളകളെപ്പോലെ ഡാനിയേം സുദൈറിനേം ആട്ടിത്തെളിച്ചു കൊണ്ടുവരുന്നതിനിടയിൽ കാറ്റാടി വിലപേശി.

‘ചേട്ടന്മാർക്ക് എന്തുവേണം?' ഡാനി നിഷ്‌കളങ്കമായി ചോദിച്ചു.
‘നിന്റെ അപ്പന് ചാലക്കുടി ടൗണിൽ ഇഷ്ടംപോലെ കടമുറികൾ ഇല്ലേ? അതിലോരോന്ന് ഞങ്ങടെ പേരിലെഴുതിത്തരാൻ പറയെടാ. എന്താ പറ്റ്വോ?'
‘അത് ചേട്ടാ...' ഡാനിയുടെ തല താഴ്ന്നു.
‘എടാ, നാട്ടാരുമുഴുവൻ ഇതറിഞ്ഞാലൊളള അവസ്ഥ നീ ആലോചിച്ച് നോക്കീട്ട്ണ്ടാ. മാനം കപ്പലുകേറും. കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടിവരും. നിന്റെ അപ്പനും അമ്മേം പള്ളീലെ വല്ല്യ കുൺസാണ്ട്രർമാരല്ലേ. ഇതും പൊക്കിപ്പിടിച്ചോണ്ട് അങ്ങോട്ടു ചെന്നാൽ നല്ല ചേലായിരിക്കും. മാത്രമല്ല, ഇതുപോലൊരു കാര്യം മറച്ചുവെച്ച് ഒരു പെങ്കൊച്ചിന്റെ ജീവിതം തൊലച്ചേന്ന് അന്തപ്പൻ ഡോക്ടർടെ എല്ലൂരി ആമ്പല്ലൂരാര് കോൽക്കളിനടത്തും’- കാറ്റാടി തന്റെ കൈയിലിരുന്ന ടോർച്ചുപയോഗിച്ച് ഒരു മിനികോൽക്കളി നടത്തി.

‘എന്റെ അക്കൗണ്ടിൽ അമ്പതിനായിരം രൂപയിണ്ട്. അതുതരാം. ദേ, ഈ മാല മൂന്നുപവൻ. മോതിരം ഒരു പവൻ. ഉപദ്രവിക്കരുത്, പ്ലീസ്’, ഡാനി അവന്റെ മാലയും മോതിരവും ഊരിയെടുത്ത് മജിയെ ഏൽപ്പിച്ചു. ‘മുണ്ടും ഷർട്ടും...' അവൻ മടിച്ചു മടിച്ചു ചോദിച്ചു.
‘ഇതുകൊണ്ടൊക്കെ എന്തോന്നാവാൻ. നീയൊരു കാര്യം ചെയ്യ്, നെയ്യ്മുറ്റിയ ഒരു സാധനം കുടുമ്മത്തിരിപ്പില്ലേ, അവളോടു ഇങ്ങോട്ടു വരാൻ പറ. എന്നിട്ട് നമുക്കെല്ലാവർക്കും കൂടി ഇവിടെക്കെടന്നാലോചിക്കാം, എന്തുവേണമെന്ന്.' കാറ്റാടി പറഞ്ഞു.
‘തമാശ കളിക്കാൻ നിക്കാണ്ട് മുണ്ടും ഷർട്ടും തന്നേ, ഞങ്ങൾക്ക് പോണം’, സഹിക്കെട്ടപ്പോൾ ഡാനി ഒച്ചയിട്ടു. ‘ചെലയ്ക്കാണ്ട് നിക്കടവ്‌ടെ’, കാറ്റാടിയുടെ ഇടികൊണ്ട് ഡാനി വളഞ്ഞുകുത്തി. ഇപ്പ ശരിയാക്കിത്തരാമെന്നു പറഞ്ഞ് മജി ഒരു തേങ്ങ കൈയിലെടുത്തു. എന്നിട്ട് ഡാനീടേം സുദൈറിന്റെം മുണ്ടും ഷർട്ടും പൊതിഞ്ഞുകെട്ടി പുറത്തേക്കൊരേറു വച്ചുകൊടുത്തു. പിന്നാലെ, മോട്ടോർപുരയോടു ചേർന്നുള്ള പാതാളക്കിണറിന്റെയുള്ളിൽനിന്നും വെള്ളം തുടിക്കുന്ന ശബ്ദം മുഴങ്ങിക്കേട്ടു...

അത്രയുംനേരം കരയാതെ പിടിച്ചുനിന്ന ഡാനിയുടെ കണ്ണുകൾ നിറയുന്നതുകണ്ട് സുദൈറും വ്യസനപ്പെട്ടു.
‘ഒട്ടിനിക്കാണ്ടങ്ങോട്ട് മാറിനിക്കെടാ’, മജി ഒരു കൊട്ടത്തേങ്ങയെടുത്ത് ഉന്നം പിടിച്ചു. ഡാനിയും സുദൈറും ഞെട്ടിയകലുകയല്ല പരസ്പരം കെട്ടിപ്പിടിച്ച് ഒന്നാവുകയാണു ചെയ്തത്.
‘കേട്ടോടാ മജ്യേ, ഇവൻ ഏതേലൊരുത്തന്റെ കെട്ട്യോളെ വളച്ചെന്നു കേട്ടാലും എനിക്കിത്ര കലിവരില്ല. ഇതൊരുമാതിരി സ്വർണ്ണക്കടേടെ ഉള്ളില് വെളിച്ചെണ്ണ കച്ചോടം നടത്തണ പരുവാട്യായിപ്പോയീ. ത്ഫൂ...', കാറ്റാടി കാർക്കിച്ചു തുപ്പി.

‘മതിയെടാ, മതി. പാവങ്ങളെ കളിയാക്കാതെ’, മജി സമാധാനം പറഞ്ഞു: ‘മക്കളെ വെറുതെ വിടാം. ഒരൊറ്റ കാര്യം ചെയ്താമതി. ചെയ്യോ?' ഡാനിയും സുദൈറും കണ്ണുകൾതുടച്ച് തലകുലുക്കിയെങ്കിലും ഉളളിലെ ആശങ്ക മുഖത്തു നിഴലിച്ചുകിടന്നു.

‘പെട്ടിയടി കാണാനൊരു മോഹം. നിങ്ങളോടല്ലാതെ വേറാരോടാ ചേട്ടന്മാര് പറയാ.' മജി കാര്യം പറഞ്ഞു. ‘എന്നാ വേഗാവട്ടെ...' ചുമരുപൊക്കത്തിൽ അട്ടിയിട്ടുവെച്ചിരിക്കുന്ന കുട്ടകളുടെ ഉയരം കുറച്ച് കാറ്റാടി ആദ്യമേ സീറ്റുപിടിച്ചു. മജി, പഴയൊരു ഉരൽ കണ്ടെടുത്ത് ഇരിപ്പിടം ഒരുക്കി. ഡാനിയും സുദൈറും നിന്നുവിയർത്തു.
‘എടാ ഞങ്ങള് വരണേന്ന് മുന്ന് രണ്ടുംകൂടി ഇവിടെക്കെടന്ന് എന്ത് കളിയാ കളിച്ചേ. അതൊരിക്കെക്കൂടി കളിക്കാനാണീ പറയണേ. ദാ, കാണികൾ റെഡി.'
നീട്ടിയൊരു വിസിലടിച്ച് കാറ്റാടി പറഞ്ഞു: ‘മജ്യേ നീ അവന്റെ ഒപ്പാട്ടാ. ഞാൻ മ്മടെ ഡാനി കൊച്ചിന്റെയൊപ്പം.'
‘പറ്റില്ല’, ഡാനി തറപ്പിച്ചു പറഞ്ഞു.
‘പറ്റില്ലെന്നോ പൊന്തില്ലെന്നോ?' ഊരകുലുക്കി ആംഗ്യം കാണിച്ചുകൊണ്ട് കാറ്റാടി ചോദിച്ചു.
‘ഇതിലും ഭേദം ഞങ്ങളെ രണ്ടിനേം കൊന്നുകളയുന്നതാണ്’, ഡാനി നിരാശയോടെ പറഞ്ഞു.
‘എടാ ഒരാളെ കൊല്ലാൻമാത്രം ദുഷ്ടന്മാരൊന്നുമല്ല ഞങ്ങൾ. പിന്നെ, ഒരാളെ കൊല്ലാൻ എളുപ്പാണ്. കൊല്ലാതെ കൊല്ലാനാണ് മിടുക്ക് വേണ്ടത്.' മജി പറഞ്ഞു. ‘എടാ നിന്റേല് അന്തപ്പൻ ഡോക്ടർടെ നമ്പറില്ലേ?' കാറ്റാടി ചോദിച്ചു. ഉണ്ടല്ലോ എന്നുപറഞ്ഞ് മജി ഫോണെടുത്ത് കൈയിൽ പിടിച്ചു: ‘അഞ്ചുവരെ എണ്ണും. അതിനുള്ളിൽ പരിപാടി തുടങ്ങണം. ഇല്ലേ ആദ്യത്തെ വിളി നിന്റെ തന്തേടെ നമ്പറിലേക്ക്. അതുകഴിഞ്ഞ് നിന്റെ അളിയനെ വിളിക്കും. ആ നാറി നാട്ടാരെ മുഴുവൻ അറിയിച്ചോളും.'
കാറ്റാടി എണ്ണിത്തുടങ്ങി: ‘ഒന്ന്...രണ്ട്...മൂന്ന്...'
നാലിനും അഞ്ചിനും ഇടയിലുള്ള ദീർഘനിശ്വാസത്തിൽ സുദൈർ മുട്ടുകുത്തി. പിന്നെ കൈകൾ നിലത്തുകുത്തി നൽക്കാലിയായി.
‘അപ്പ്... അപ്പ്’, കാറ്റാടിയും മജിയും ഡാനിയെ പ്രോത്സാഹിപ്പിച്ചു. അവന്റെ നഗ്‌നശരീരം വിറച്ചുകൊണ്ടിരുന്നു.
‘അങ്ങോട്ട് ചെയ്യെടാ’, നിലത്തുനിന്നു ചകിരിമടലും ജാതിക്കായയും പെറുക്കിയെടുത്ത് മജി ഡാനിയെ എറിഞ്ഞു. അവൻ ഏറുമുഴുവൻ നിന്നുകൊണ്ടതല്ലാതെ ഒരടിപോലും മുന്നോട്ടേക്കു ചലിച്ചില്ല.

ഇനിയും നോക്കിനിൽക്കുന്നത് ശരിയല്ലെന്നു എനിക്കുതോന്നി. മൂരിനിവർന്ന്, ആവോളം ശ്വാസമെടുത്ത് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് മറ്റൊരുകാര്യം ശ്രദ്ധയിൽപ്പെട്ടത്. വഞ്ചിയുടെ അടിയിൽ ഒതുക്കിവെച്ചിരുന്ന പെയിന്റുപാട്ട തട്ടിമറിഞ്ഞതാകണം, എന്റെ ദേഹത്ത് അവിടവിടായിട്ട് നീലനിറം പടർന്നുപിടിച്ചിരിക്കുന്നു. അതൊരു അവസരമായി തോന്നി. ഞാൻ പതുക്കെ മുന്നോട്ടേക്കു നടന്നു. കാറ്റാടിയും മജിയുമാണ് ആദ്യം എന്നെ കണ്ടത്. അവരുടെ ഞെട്ടൽ കണ്ട് ഡാനിയും സുദൈറും തിരിഞ്ഞുനോക്കി.

‘പേടിക്കണ്ടാട്ടോ’, ചിരിച്ചുകൊണ്ട് ഞാൻ അവരെ ആശ്വസിപ്പിച്ചു. പക്ഷേ, എന്റെ കോലംകണ്ട് അവരും പേടിച്ചുവിറച്ചു. എന്തുചെയ്യാം, ചിരിക്കുമ്പോഴും കരയുമ്പോഴും ദേഷ്യപ്പെടുമ്പോഴുമെല്ലാം എനിക്കൊരേ മുഖഭാവം ആയിപ്പോയി!
രണ്ടടി കൂടി മുന്നോട്ടേക്കുവെച്ച്, കാറ്റാടിയുടെയും മജിയുടെയും മുഖങ്ങളിലേക്കു ഞാൻ മാറിമാറി നോക്കി. എന്റെ കണ്ണുകളിൽ ക്രൗര്യം തിളച്ചുമറയുന്നതിനനുസരിച്ച് അവരുടെ കണ്ണുകളിലെ ഭയം വാർന്നുപോകുന്നത് എന്നെ തെല്ല് ആശ്ചര്യപ്പെടുത്തി.

‘നമ്മൾ ഭാഗ്യവാന്മാരാണ്’, കാറ്റാടി പറഞ്ഞു.

‘സത്യം! ഇന്ന് നമ്മുടെ ദിവസാണ്. വെറുതെയായില്ല നമ്മുടെ രാത്രിസർക്കീട്ട്’, മജി ശരിവെച്ചു. രണ്ടിനേം ശരിപ്പെടുത്താനുളള ഊർജ്ജം സംഭരിച്ചുകൊണ്ട് ഒറ്റക്കുതിപ്പായിരുന്നു ഞാൻ. പക്ഷേ, പെട്ടുപോയി. ഊരിപ്പോരാൻ കഴിയാത്തവിധം ഒരു ഏടാകൂടത്തിൽ പെട്ടുപോയി!

കാറ്റാടി വീശിയ പാതാളക്കരണ്ടിയുടെ കൊളുത്തുകളിൽ ഒരെണ്ണം എന്റെ പളളത്തുളച്ച് പുറത്തേക്ക് തുറിച്ചുവന്നു. തറയിൽ ചിതറിയ ചോരയിൽക്കിടന്ന് ഞാൻ ഉരുണ്ടുമറിഞ്ഞു. നീലചായത്തോടൊപ്പം ചോരചോപ്പും ശരീരത്തിൽ പടന്നുപിടിച്ചു. അനങ്ങാൻ പോലുമാകാതെ പാതാളക്കരണ്ടിയുടെ മീതെ കമിഴ്ന്നടിച്ചുകിടക്കുന്ന എന്റെ ഊരയിലേക്ക് ടോർച്ചുവെട്ടം തെളിച്ചുകൊണ്ട് കാറ്റാടി ഡാനിയോടു ആജ്ഞാപിച്ചു: ‘നോക്കിനിക്കാണ്ട് വന്ന് പെട്ടിയടിക്കെടാ പട്ടീ...'

മടിച്ചുനിന്ന ഡാനിയുടെ കഴുത്തിൽ മജിയുടെ കുത്തിപ്പിടുത്തം മുറുകി.
‘കാമറ ഓണാക്കെടാ’, കാറ്റാടിയുടെ അലർച്ച മോട്ടോർപുരയുടെ ചുമരുകളിൽ തട്ടിച്ചിതറി. ഡാനിയുടെ നഗ്‌നശരീരം എന്റെ ശരീരത്തിലേക്കു അമർന്നു. പാതാളക്കരണ്ടിയുടെ കൊളുത്തുകളിൽ ചിലത് തൊലിത്തുളച്ച് അകത്തേക്കുകയറി. ഭൂമി കുലുങ്ങുന്നതുപോലെ എനിക്കുതോന്നി.

ഓർമ തെളിയുമ്പോൾ കയ്യുമ്മയുടെ പറമ്പുനിറയെ ആൾക്കാർ. സുദൈറിനെ കണ്ടാൽ ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല. കരിഓയിലിൽ കുളിച്ചുനിൽക്കുന്ന അവന്റെ കൈകൾ രണ്ടും കൂട്ടിക്കെട്ടിയ നിലയിലാണ്. ആ കയറിന്റെ ബാക്കി എന്റെ കഴുത്തിലാണ് കെട്ടിയിരിക്കുന്നത്. ഡാനിയെ അവിടെയെങ്ങും കണ്ടില്ല. കാറ്റാടിയും മജിയും കൂടിയാണ് ആൾക്കൂട്ടത്തിനെ നിയന്ത്രിക്കുന്നത്. കൂട്ടത്തിൽ, തെക്കുമ്പുറത്തെ കുറച്ചുകാലമായി വിറപ്പിച്ചുകൊണ്ടിരുന്ന അന്തിപ്പിശാചിനെ പിടിച്ചുകെട്ടിയതിന്റെ വീരകഥകളും വിളമ്പുന്നുണ്ട്.

വെളിച്ചം നല്ലപോലെ തെളിഞ്ഞു തുടങ്ങിയപ്പോൾ പൊലീസ് സ്ഥലത്തെത്തി. ജീപ്പിലേക്കു കയറ്റുന്നതിനു മുൻപായി അവർ സുദൈറിനെ നല്ലപോലെ പെരുമാറി. എന്റെ മുറിവുകളിൽ ലാത്തികൊണ്ട് കുത്തിനോക്കി. കാറ്റാടിക്കും മജിക്കും അഭിനന്ദനങ്ങൾ, പൂച്ചെണ്ടുകൾ.

ഞങ്ങളെ രണ്ടിനേം കൊണ്ട് ജീപ്പ് ഉരുണ്ടുതുടങ്ങിയപ്പോൾ നാട്ടുകാർ കൂവിവിളിച്ചു. കയ്യുമ്മയും മകളും, ഇതെന്തു പുകിലെന്നോർത്ത് കണ്ണുതിരുമ്മി; ചവിട്ടിമെതിച്ചിട്ടിരിക്കുന്ന പറമ്പിലേക്കു നോക്കി കഷ്ടംവെച്ചു.
‘ഇവനെ മാത്രം മതി നമുക്ക്’, ആളും അർത്ഥവുമില്ലാത്ത ഒരു പോക്കറ്റ് റോഡിലേക്കു ജീപ്പ് തിരിഞ്ഞപ്പോൾ പൊലീസുകാരിലൊരാൾ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിലിട്ട് ചവിട്ടിക്കൂട്ടുമ്പോഴോ, നടുറോട്ടിലേക്കു വലിച്ചെറിയുമ്പോഴോ എനിക്ക് വേദനിച്ചില്ല. പക്ഷേ, വടക്കുമ്പുറം ലക്ഷ്യമാക്കി ഉന്തിയുളുക്കി നടക്കുന്നതിനിടയിൽ അന്തപ്പൻ ഡോക്ടറുടെ വീടിന്റെ മുമ്പിലെത്തിയപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞു. മരണവീട്ടിൽ തടിച്ചുകൂടിനിൽക്കുന്ന ആളുകളുടെ കണ്ണിൽപ്പെടാതെ ഞാൻ മറ്റൊരുവഴിയിലൂടെ നടത്തം തുടർന്ന് മെയിൻ റോഡിലെത്തി.

വടക്കുമ്പുറം ഭാഗത്തേക്കുളള റോഡു മുറിച്ചുകടക്കുന്നതിനുവേണ്ടി വണ്ടികളൊഴിയുന്നതും കാത്തു നിൽക്കുമ്പോഴാണ്, റോഡുനിയമങ്ങളൊക്കെ തെറ്റിച്ചുകൊണ്ട് ഒരു ജാഥ അതുവഴി കടന്നുവന്നത്. ജാഥനയിക്കുന്ന മജിയെയും കാറ്റാടിയെയും കണ്ടപ്പോൾ എന്റെ ദേഷ്യവും സങ്കടവും ഇരട്ടിച്ചു. അവർ ഉയർത്തിപ്പിടിച്ചിരിക്കുന്ന ബാനറിലെ പുരോഗമനം കണ്ട് എന്റെ ശരീരം വിറച്ചു. ഒരു കാര്യോമില്ലെന്നറിഞ്ഞിട്ടും, ചാവ് ഇരന്നുവാങ്ങുന്ന ഏർപ്പാടാണെന്നറിഞ്ഞിട്ടും അന്തിപ്പിശാചുകൾക്കുനേരെ ഞാൻ കുരച്ചുകൊണ്ട് ചാടി.▮


അനിൽ ദേവസ്സി

കഥാകൃത്ത്​, നോവലിസ്​റ്റ്​. ​​​​​​​യാ ഇലാഹി ടൈംസ്​ ആദ്യ നോവൽ.

Comments