ചിത്രീകരണം: ദേവപ്രകാശ്

പരാന്നഭോജനം

She may be a bag of trouble 1

ചുവപ്പും വെള്ളയും അക്ഷരങ്ങളുള്ള ചുവർ പരസ്യത്തിലെ ആ മുന്നറിയിപ്പ് നഗരത്തിന്റെ പല ഭാഗങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും സ്ഥിരം പോകുന്ന സബ്വെയുടെ പരിസരത്ത് കണ്ടപ്പോഴാണ് ആസാദ് ശ്രദ്ധിച്ചത്. നാനാവർണ്ണങ്ങളോടു കൂടിയതാണെങ്കിലും ചുവപ്പിന്റെ അതിപ്രസരമുള്ളത് ആ ചുവർ പരസ്യം ശ്രദ്ധിക്കാൻ ഒരു കാരണമായിരിക്കാം. മുകളിലും താഴെയുമായി വിഭജിച്ചു കിടക്കുന്ന അക്ഷരങ്ങൾക്ക് നടുവിൽ സിഗരറ്റ് വലിക്കുന്നതിനിടെ തിരിഞ്ഞു നോക്കുന്ന മട്ടിലുള്ള സ്ത്രീയുടെ ചിത്രമാണ്. അവരുടെ കടും ചുവപ്പ് കോളറുള്ള വസ്ത്രവും, ചുവന്ന മുടിക്കെട്ടും, ലിപ്സ്റ്റിക്കിട്ട ചുണ്ടിലെ എരിയുന്ന സിഗരറ്റിന്റെ തീച്ചുവപ്പും കാണുന്നവരുടെ ഉള്ളിൽ അപകട സൂചനയുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതായിരിക്കും. ഏറ്റവും താഴെ ലൈംഗിക രോഗങ്ങളുൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പേരുകൾ അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്. മഹാമാരിക്കെതിരെ മുന്നറിയിപ്പ് കൊടുക്കാൻ പതിപ്പിച്ച പോസ്റ്ററുകളിൽ സ്ത്രീകൾ മാത്രമായതെന്താണ്? സ്ത്രീകളാണോ രോഗം പടർത്തുന്നത്? പെണ്ണുങ്ങളുടെ ചിത്രം കണ്ടാൽ മാത്രമേ ആളുകൾ ശ്രദ്ധിക്കുകയുള്ളൂ എന്ന് കരുതിയിട്ടാണോ? താൻ പോലും ആ ചിത്രം ശ്രദ്ധിച്ചത് അത് കൊണ്ടായിരിക്കില്ലേ? ആസാദ് ഓർത്തു. മഴപ്പാറലേറ്റ നനവും ഇരുട്ടും പരസ്യക്കടലാസിൽ ചുളിവുകൾ വീഴ്ത്തി അതിന്റെ സ്വഭാവം മാറ്റിയിട്ടുണ്ട്. ചിന്തകളെ മുറിക്കാൻ ആസാദ് വെറുതെ ഫോണെടുത്തു നോക്കി.

പതിവ് നോട്ടിഫിക്കേഷനുകളിലൂടെ കണ്ണോടിച്ച് ഫോൺ പോക്കറ്റിലേക്കിട്ട്, ആസാദ് പല ദിക്കുകളിലേയ്ക്കും വഴിപിരിഞ്ഞ് പോകാവുന്ന സബ്വേയുടെ പടികളിറങ്ങി. പരിസരത്തെ കൂറ്റനെടുപ്പുകളിൽ നിന്നുള്ള വെളിച്ചം ഔദാര്യം കാട്ടിക്കൊണ്ട് സബ്വേയിലേക്ക് നീണ്ടുകിടപ്പുണ്ട്. മഴ തോർന്നുവെങ്കിലും പടികളിൽ വഴുക്കലുള്ളത് കൊണ്ടും അകത്തേയ്‌ക്കെത്തുന്തോറും വെളിച്ചക്കുറവുള്ളതുകൊണ്ടും ആസാദ് ശ്രദ്ധിച്ചാണ് ചുവടുകൾ വച്ചത്. അഴുക്കുചാലിൽ, കരളാൻ പറ്റുന്നിടത്തൊക്കെ തങ്ങി കരണ്ടു തിന്നുന്ന എലികളുടെ ശബ്ദം കേൾക്കാം. സബ്വേയുടെ ചവിട്ടുപടികളിലും ഇരുട്ടുമുറ്റിയ തിരിവുകളിലും മത്സരബുദ്ധിയോടെ അണിഞ്ഞൊരുങ്ങി നില്ക്കുന്നവരുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ലല്ലോയെന്ന് ആസാദ് സ്വാഭാവികമായി നിരീക്ഷിച്ചു. മുഖാവരണം അവരുടെ സാധ്യത കൂട്ടിയതേയുള്ളൂ.

മച്ചിലും മൂലകളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള നൈറ്റ് വിഷൻ ക്യാമറകളിൽ ചുവന്ന കുത്തുകൾ ചലിച്ചു. അങ്ങിങ്ങായി കത്തുന്ന പഴയ നിയോൺ ട്യൂബുകളുടെ മൂളക്കം... പലവിധത്തിൽ പെട്ട ആളുകൾ ആശ്രയിക്കുന്ന സബ്വേയാണെങ്കിലും അടുത്തുള്ള ടെക്ക്പാർക്കിലെ വിവിധ കമ്പനികളിലെ വെള്ളക്കോളറുകാരും നീലക്കോളറുകാരുമാണ് കൂടുതലും. ജോലി കഴിഞ്ഞ് പാതിരയാവും മുൻപ് വീടെത്താനും വീട്ടിൽ നിന്ന് നൈറ്റ് ഷിഫ്റ്റിനായി ജോലി സ്ഥലത്തേയ്‌ക്കെത്താനുമായി ധൃതിയിൽ നടക്കുന്ന ശീലവിധേയർ. ആസാദ് സ്ഥിരം കാണുന്നവരാണെങ്കിലും മാസ്‌ക്ക് പൊതുവഴക്കത്തിന്റെ ഭാഗമായ കാലത്തിന് മുൻപേ തന്നെ മുഖം തരാത്തവരും പരസ്പരം തൊടാതെ പോകുന്നവരുമാണ് അവർ. "ആരാൻ' തൊട്ടിടത്തെങ്ങാൻ തൊട്ടാൽ 'ശുദ്ധി' വരുത്തുന്നതിനെ ഇനി ആരും കുറ്റപ്പെടുത്തില്ല. ബലൂണും കളിപ്പാട്ടങ്ങളും വിറ്റിരുന്ന മെലിഞ്ഞ് നരച്ച വൃദ്ധൻ കറുത്ത മാസ്‌ക്കിട്ട് പലതരം മാസ്‌ക്കുകൾ വില്ക്കാൻ ശ്രമിച്ചു. മറ്റ് കച്ചവടക്കാരെല്ലാം എവിടെ പോയി? സബ്വേ അടയ്ക്കാൻ നേരമാണ് വൃദ്ധൻ തന്റെ സാധനങ്ങൾ കൂട്ടിക്കെട്ടി പോകാനൊരുങ്ങാറ്. ഇന്നയാൾ നേരത്തേ പോകാനൊരുക്കം കൂട്ടി. അല്ല, ആസാദാണ് വൈകിയത്.

ഷിഫ്റ്റ് മാറേണ്ട സഹപ്രവർത്തകൻ വരാൻ കുറച്ചു വൈകിയപ്പോഴേക്കും താൻ അസഹിഷ്ണുവായതിനെ പറ്റി ആസാദ് ചിന്തിച്ചു. തൊഴിലാളികളെ സദാ നിരീക്ഷിച്ച് റിപ്പോർട്ട് കൊടുക്കുന്ന സിസിടിവി സെക്യൂരിറ്റിക്കാരന്റെ പണി വല്ലാതെ മടുത്തിട്ടുണ്ട്. മോണിറ്ററിൽ സിസിടിവി ദൃശ്യങ്ങൾ നോക്കിയിരിക്കുന്ന പണിക്ക് സെക്യൂരിറ്റി യൂനിഫോം നിർബന്ധമാക്കിയത് ജോലിയെ കുറിച്ച് സദാ ബോധമുള്ളവരായിരിക്കാനാവും. രാജിവെച്ച്, യൂനിഫോം കവാടത്തിൽ തൂക്കിയിട്ടിട്ട് പോയാലോ എന്നുവരെ മുൻപ് ആലോചിച്ചിരുന്നതാണ്. ഒരിടയ്ക്ക് യൂനിഫോം ഇടേണ്ടതില്ലാത്ത ഒരു തസ്തിക ആസാദിന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ദിവസങ്ങളോളം വിട്ടുപോകാത്ത വിചാരങ്ങൾ യൂനിഫോമിനെ ചുറ്റിപറ്റി ആ ദിവസങ്ങളിൽ ആസാദിന്റെ മനസിലുണ്ടായി. നേരിയ തോതിൽ ശമ്പളക്കൂടുതലുണ്ടായിട്ടുപോലും ഒടുക്കം അത് വേണ്ടെന്ന് വച്ചു.

ഓഫീസിൽ വസ്ത്രം മാറാനുള്ള മുറിയൊക്കെയുണ്ടെങ്കിലും യൂനിഫോമിട്ട് പുറത്തിറങ്ങുന്നതാണ് ആസാദിന്റെ ചിലപ്പോഴുള്ള ആസ്വാദനം. യൂനിഫോം നല്കുന്ന അധികാരം ഓഫീസ് കെട്ടിടത്തിന് പുറത്തെത്തിയാൽ ഇല്ല. അധികാരമില്ലാത്തിടത്തെ യൂനിഫോമിട്ട നടപ്പ് പരിഹാസ്യമാണ്. സെക്യൂരിറ്റി വേഷം പോലും മാറാതെ താൻ ഇറങ്ങിയത് കണ്ടിട്ടെങ്കിലും സഹപ്രവർത്തകൻ വൈകി വരുന്നത് ആവർത്തിക്കാതിരിക്കട്ടെ, ആസാദ് വിചാരിച്ചു.

പടിക്കെട്ടിൽ നിന്നിരുന്ന ഒരു സ്ത്രീ വൃദ്ധന്റെ അടുക്കൽ നിന്നൊരു മാസ്‌ക് കാശ് കൊടുത്ത് വാങ്ങി. കൂടെ താമസിച്ചിരുന്ന കറപ്പസാമി ഇങ്ങനെ നില്ക്കുന്നവരെ "ഉടൻപ്രണയക്കാർ' എന്നാണ് വിളിച്ചിരുന്നത്. ബഹുമാനത്തോടെ മാത്രമേ കറപ്പസാമി അവരെ പറ്റി പറഞ്ഞിട്ടുള്ളൂ; അവശ്യസേവനക്കാരായി കണക്കാക്കേണ്ട ഒരു വിഭാഗമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. മഹാമാരി വന്നപ്പോൾ കറപ്പസാമി ഉടൻടിക്കറ്റ്2 എടുത്ത് നാട്ടിലേക്കുള്ള ട്രെയിൻ പിടിക്കാൻ നോക്കി. അപ്പോഴേയ്ക്കും ട്രെയിൻ ഗതാഗതം സ്തംഭിച്ചിരുന്നു. പക്ഷേ കറപ്പസാമി പിന്മാറിയില്ല. ഒരു ബൈക്ക് സംഘടിപ്പിച്ച് നാമക്കലുള്ള ഭാര്യയുടേയും മക്കളുടേയും അടുത്തേക്ക് ഓടിച്ചുപോയി. പരിചയപ്പെടുത്തിയ ആ വാക്ക് കാരണം കറപ്പസാമിയെ ഓർത്തു. കൂടെ ചെല്ലാൻ ആസാദിനേയും തമിഴൻ നിർബന്ധിച്ചിരുന്നു. നാമക്കലിൽ നിന്ന് എങ്ങനെയെങ്കിലും കേരളം പിടിക്കാവുന്നതേയുള്ളൂവെന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ നാട്ടിൽ ചെന്നിട്ടെന്ത് കാര്യംന്ന് ചിന്തിക്കാനേ ആസാദിന് പറ്റിയുള്ളൂ. പല നാട്ടിൽ ജീവിച്ചവർക്ക് എല്ലാ നാടും ഒരു പോലെയേ തോന്നുകയുള്ളൂ. ആസാദിനെ സംബന്ധിച്ചെങ്കിലും അതങ്ങനെയാണ്. അലഞ്ഞുപാർപ്പുക്കാരനായ ഒരാൾ എല്ലാ മൂലകളിലും പോയി മണത്തു നോക്കി ഏറ്റവും നാറ്റം കുറഞ്ഞ ഒരു മൂല ഒന്ന് കിടക്കാനായി തെരഞ്ഞെടുത്തു. പൂട്ടിക്കെട്ടലുകളില്ലാത്ത വീടായിരിക്കാം അയാൾക്ക് സബ്വേ. പക്ഷേ കുറച്ചു നേരത്തിനുള്ളിൽ ഈ തുരങ്കത്തിന്റെ ഇരുമ്പഴിവാതിൽ അടയുമല്ലോ? രാവിലെ അഞ്ചിന് തുറക്കുമ്പോൾ എഴുന്നേറ്റ് പോകാനായിരിക്കും. ഉടൻപ്രണയം വില്ക്കാൻ നിന്ന പലരെയും ആവശ്യക്കാർ സമീപിക്കുന്നുണ്ടെങ്കിലും അങ്ങനൊരാവശ്യമേ ജീവിതത്തിലില്ലെന്ന മട്ടിൽ നടക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ആസാദും.
പൊതുസ്ഥലത്തുവച്ച് കൈ പിടിച്ച് ചേർന്നു നടക്കാൻ യോഗ്യതയുള്ള ആരും അക്കൂട്ടത്തിൽ ഇല്ലല്ലോ എന്നൊരു ചിന്ത ആസാദിന്റെ ഉള്ളിലൂടെ കടന്നുപോയി. തൊട്ടടുത്ത നിമിഷം ആ വിലയില്ലാത്ത വിചാരത്തിലൂടെ എന്തോ വലിയ അനീതി കാട്ടിയവനായി ആസാദിന് തോന്നി. ഗുണംകെട്ട ഒരായിരം വിചാരങ്ങൾ ഒഴിഞ്ഞുപോകാതെ ഒളിച്ചുപാർക്കുന്നുണ്ട്. യാതൊരു ഔചിത്യവുമില്ലാതെ തികട്ടിവരും; മനുഷ്യനെ കോമാളിയാക്കാൻ. ആസാദ് തല കുനിച്ച് സ്വന്തം കാൽപാദത്തെ ഉറ്റുനോക്കി നടന്നു. "ആർക്കും കുറവില്ലെന്നറിയേണം ജ്ഞാനപെണ്ണേ'3 എപ്പൊഴോ കേട്ട കുമ്മിപ്പാട്ടിലെ വരികൾ മനസ്സ് മുന്നോട്ടുനീട്ടി.
പുറകിൽ ഒരു കോണിൽ നിന്നാരോ തന്റെ നേരെ വരുന്നുണ്ടെന്ന് ആസാദിന് മനസ്സിലായി. തിരിഞ്ഞ് നോക്കാതെ തന്നെ ആസാദിന് അവരുടെ വരവ് ആസ്വദിയ്ക്കാൻ കഴിഞ്ഞു. ചുരുക്കുകളുള്ള ചാരനിറത്തിലുള്ള മിഡിസ്‌ക്കർട്ടും കൈമുട്ടുവരെ മടക്കിവച്ച ഫുൾസ്ലീവ് ഷർട്ടുമിട്ട സ്ത്രീയാണ് പുറകെ കൂടിയിട്ടുള്ളത്. കൂട്ടത്തിൽ തനിക്കേറ്റവും ബോധിച്ചത് അവരെയായിരുന്നുവെന്ന് എങ്ങനെയാണവർ മനസ്സിലാക്കിയത്? അവർ കാൺകെ താൻ നോക്കിയിട്ടില്ലല്ലോ? സ്ത്രീ നടന്ന് ഒപ്പമെത്തിയപ്പോൾ ആസാദിന്റെ വിചാരങ്ങൾ മുറിഞ്ഞുപോയി.

ആസാദ് തന്റെ മുഖത്തേക്ക് നോക്കുമെന്നുറപ്പിച്ച് സ്ത്രീ മാസ്‌കഴിച്ച് ബാഗിലിട്ട് ആസാദിന്റെ കൂടെ നടത്തം തുടർന്നു. സബ്വേയിലെ ക്യാമറകളെ കുറിച്ചൊരു ബോധ്യം ആസാദിനുണ്ടായെങ്കിലും അവ നോക്കാതെ കാലധാരണയില്ലാത്തൊരാളായി മുഖാവരണമില്ലാതെ തന്റൊപ്പം നടക്കുന്ന സ്ത്രീയെ നോക്കി. എന്തിനും തികഞ്ഞ സന്നദ്ധത പ്രകടിപ്പിക്കുന്ന മുഖം. ഒന്നിനും നിർബന്ധം പിടിക്കാത്ത കണ്ണുകൾ.

"ഞാൻ വരട്ടെ കൂടെ?' സ്ത്രീ ചിരിയോടെ ചോദിച്ചു. തന്റെ ഭാഷയാണവർ പറയുന്നത്. താൻ മലയാളിയാണെന്നവരെങ്ങനെ മനസ്സിലാക്കി? അവരുടെ പറച്ചില് കേട്ട് മലയാളിയാണെന്ന് തോന്നുന്നില്ല.അതൊക്കെ മനസ്സിലാക്കിയിട്ടെന്തിനാ? തന്നെപ്പോലെ പല നാട്ടിൽ നിന്നുവന്ന പല ഭാഷകൾ സംസാരിക്കുന്നവരോടൊത്തായിരിക്കുംഅവരുടേയും പൊറുതി, ആസാദ് ഓർത്തു. ചിലർ ജീവിതപരിചയം കൊണ്ട് നേടിയെടുക്കുന്ന കാര്യങ്ങൾ ആസാദിനെന്നും അദ്ഭുതമാണ്.
"എത്രയാ നിങ്ങടെ റെയ്റ്റ്?' താൻ അങ്ങനെ ചോദിക്കുമെന്ന് കുറച്ചു മുൻപുവരെ ആസാദ് വിചാരിച്ചിരുന്നില്ല. തന്നെ മുക്കി കളയാൻ ശേഷിയുള്ള ചുറ്റുവട്ടത്തിന്റെ കണ്ണുകളെ അവഗണിക്കുമ്പോൾ വല്ലാത്തൊരാത്മവിശ്വാസം ആസാദിനനുഭവപ്പെട്ടു. അല്ലെങ്കിലും ആരെയാണ് പേടിക്കേണ്ടത്? പരസ്പരം കണ്ടുകൊണ്ടിരിക്കെ ഒളിച്ചിരിക്കുന്നവരാണെല്ലാവരും. ജീവനില്ലാത്ത രണ്ട് ചുവരുകൾക്കിടയിൽ ഒഴിഞ്ഞ കണ്ണുകളോടെ ചരിക്കുന്നവർക്ക് എന്തെങ്കിലും കണ്ടെത്താനാവുമോ? കാലങ്ങളായി അവരുടെ നിഴലുകൾ വഴുതിപ്പോകുന്നു; ഒന്ന് മുഖത്ത് നോക്കാൻ പോലും മെനക്കെടാതെ. "ഇഷ്ടള്ളത് തന്നാ മതി'. പഠിച്ച് പറയുന്നത് കൊണ്ടാണോ ഇത്രേം ഭവ്യത? ആസാദിന് ദേഷ്യം വന്നു. "നൂറു രൂപ തന്നാ പറ്റ്വൊ?' രണ്ടും കല്പിച്ച മട്ടിലുള്ള തന്റെ ചോദ്യം മോശമായിപ്പോയിയെന്ന് ആസാദിന് തന്നെ തോന്നി. "മര്യാദ ഉള്ള ആരും അത്ര കുറച്ച് തരില്ല.' പുഞ്ചിരിയോടെ തന്നെ അവർ അനിഷ്ടം പ്രകടമാക്കി. "എനിക്കത്ര മര്യാദയേ ഉള്ളൂ. അതാ റെയ്റ്റ് ചോദിച്ചത്,' മുഷിച്ചിലോടെ ആസാദ് പറഞ്ഞു. കമ്പോളനിലവാരത്തെക്കുറിച്ച് നല്ല ബോധ്യമുള്ള രണ്ട് ഇടപാടുകാരായി പെരുമാറി അവർ. "ഒരു... ആയിരം തന്നാ ഓക്കെ.' അതിൽ മാറ്റമില്ലെന്ന് അവർ ഉറപ്പിച്ചു. ആസാദ് അതിന്റെ ഇരട്ടി പ്രതീക്ഷിച്ചതാണ്. ഇത്രേം നേരമായല്ലോ? ഇനി മറ്റ് കസ്റ്റമേഴ്സിനെ കിട്ടാൻ സാധ്യതയില്ലാത്തത് കൊണ്ട് ആയിരമെങ്കിൽ അത് എന്ന് കരുതി കാണും അവർ.

തന്റെ ഉള്ളിലിരുപ്പ് പുറത്ത് കാട്ടിയില്ലെങ്കിലും സമ്മതമാണെന്ന് മനസ്സിലാക്കി അവർ കൂടെ പോരാനൊരുമ്പെട്ടപ്പോഴാണ് ആസാദിന് വെളിവുണ്ടായത്. "എവിടെ കൊണ്ടുപോകാൻ? ഹോട്ടലിൽ കയറാനുള്ള സാഹചര്യമല്ല. താമസിക്കുന്നിടത്തേക്ക് ഒരു സ്ത്രീയെയും കൂട്ടി ചെല്ലാനുള്ള സ്വാതന്ത്ര്യമില്ല. അങ്ങനൊരിടവും തനിക്കീ ലോകത്തിപ്പോഴില്ല. റെയ്റ്റ് ചോദിക്കും മുൻപിതൊക്കെ ഓർക്കണമായിരുന്നു. അവരോട് സംസാരിക്കണമെന്നോ സംസാരിച്ചിത്രേം വരെ എത്തുമെന്നോ വിചാരിച്ചതല്ലല്ലോ. ഇനി എന്താ ചെയ്യുക?' ആത്മനിന്ദയും കാമവും ആസാദിന്റെ ഉള്ളിൽ സംഘർഷത്തിലായി. എന്തെങ്കിലും തകർത്തു കളയുമ്പോഴുള്ള അധികാരമനുഭവിക്കാൻ ആസാദിന്റെ മനസ്സ് കൊതിച്ചു.
തന്റെ കൈകൾ ഒരു നർത്തകിയുടെ ചലനലാവണ്യത്തോടെ ആസാദിന്റെ തുടയിലൂടെ മേലോട്ടുരസികൊണ്ട് കൂടെ പോരാൻ തിടുക്കപ്പെട്ടുള്ള ആ നില്പ് ആസാദിന്റെ നിയന്ത്രണം വിടുവിക്കാൻ പോന്നതായിരുന്നു. ആസാദ് മാസ്‌ക്കൂരി പോക്കറ്റിലിട്ടു. അതുവരെ മാളത്തിൽ ഒളിച്ചിരുന്ന ഒരു എലി സബ്വേയുടെ അടിയിലെ അഴുക്കുചാലിലൂടെ പുളച്ചുപാഞ്ഞു. മുന്നിൽ തുറവിയോടെ നില്ക്കുന്ന സ്ത്രീയെ അല്ലാതെ ഒന്നും ആസാദ് കണ്ടില്ല. അടുത്ത നിമിഷം ഒരാവേശത്തിൽ അവരെ കൂട്ടിപ്പിടിച്ച് ചുവരോടു ചേർത്ത് ചുണ്ടുകൾ പാനം ചെയ്തു. ആസാദിന്റെ കണ്ണുകൾ അടഞ്ഞുപോയി. അഴുക്കുചാലിലൂടെ ഉഴുതുനീങ്ങുന്ന എലികളുടെ ശബ്ദം വ്യക്തമായി കേൾക്കാം. മനുഷ്യരുടേയും എലികളുടേയും ചലനം ഇളക്കിവിട്ട സബ്വേയുടേയും ഓടയുടേയും മണം... മൂക്കിൻ തുമ്പത്ത് ഉന്മാദത്തിന്റെ ഈർപ്പം... അവരുടെ ഉടുപ്പിന്റെ നൂൽതൊങ്ങലുകൾ ആസാദിന്റെ വിരലുകളിൽ പറ്റിപിടിച്ചു. ഇനി അടുക്കാൻ ഇടമില്ലാത്തവിധം ആസാദ് അവരോടൊട്ടി. ഒരായിരം ക്യാമറകളിലെ ദൃശ്യങ്ങൾ കാണാവുന്ന ഒരു മോണിട്ടറിൽ ഇമവെട്ടാത്ത കണ്ണുകളോടെ നോക്കിയിരിക്കുന്ന ആസാദ്, സ്ത്രീയെ ചുംബിച്ചു സബ്വേയിൽ നില്ക്കുന്ന ആസാദിനെ കണ്ടു. ആ നോട്ടം തറഞ്ഞപ്പോൾ കണ്ണ് തുറന്നുപോയെങ്കിലും ക്യാമറകളെ നോക്കാതെ തന്നെ താൻ ചെയ്യുന്നത് തുടരാൻ ആസാദ് ശ്രമിച്ചു. തന്റെ മേൽ പതിയുന്ന നോട്ടത്തോടുള്ള പ്രതിഷേധമായിട്ടാണോ പൊതുസ്ഥലത്ത് വച്ച് ഒരു സ്ത്രീയെ പ്രാപിക്കാൻ ശ്രമിക്കുന്നത്? നോട്ടം ക്യാമറകളിലല്ല തന്റെ ഉള്ളിൽ തന്നെയാണ് പാർപ്പുറപ്പിച്ചിരിക്കുന്നത്. ആസാദ് സ്വയം വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരാൾ ചെയ്യുന്നത് മറ്റൊരാൾ നോക്കി നില്ക്കുന്ന തരത്തിലുള്ള വിഭജനം. എലി ഇരുൾമൂലകളിലൂടെ മുട്ടിപാഞ്ഞ് മാളത്തിന്റെ അറ്റത്തെത്തി പുറത്തേയ്ക്ക് നോക്കി പതുങ്ങി നിന്നു. തുറവിയിൽ വെളിപ്പെടുമെന്ന് പേടിച്ച് ഇരുട്ടിലേയ്ക്ക് അത് ഒന്ന്കൂടി സ്വയം ചുരുങ്ങി. ശേഷം പുറത്തേയ്ക്ക് വരുന്നതിന് മുൻപേ അവഗണിക്കപ്പെടുന്നവരെ പോലെ മാളത്തിലേയ്ക്ക് തന്നെ തിരിച്ചുപോയി.

ആസാദിന്റെ ചുണ്ടുകളുടെ കുരുക്കിൽ നിന്ന് മോചനം നേടിയ ഉടൻ അവർ പറഞ്ഞു, "മുറി ഇല്ലെങ്കിൽ ഒരു സേഫ് പ്ലെയ്‌സ് എനിക്കറിയാം.' നോട്ടം പതിയാത്ത ഒരിടമെങ്കിലും എവിടെയെങ്കിലും അവശേഷിക്കുന്നതായി ആസാദിന് തോന്നിയില്ല. ഒളിച്ചു ചെയ്യുന്നതിന്റെ ആ ഇരട്ടിലഹരിയൊന്നും ഇനി ഈ ലോകത്ത് കിട്ടാനേ പോകുന്നില്ല.

അവരുടെ മുഖത്ത് നോക്കാതെ ആസാദ് ചുവരുകളിലേയ്ക്ക് നോക്കി. ഇപ്പോൾ അവരുടെ നോട്ടമാണ് ആസാദിനെ ബുദ്ധിമുട്ടിക്കുന്നത്. അവരുടെ കണ്ണുകളും ആഴ്ന്നിറങ്ങി തന്നെ വെളിവാക്കുമെന്ന് ആസാദ് ഭയപ്പെട്ടു. ഒട്ടുമേ മുഖം കൊടുക്കാതെ നടന്നുമറഞ്ഞാൽ മതിയായിരുന്നു. അവരുടെ മേലുള്ള പിടിവിട്ട് ആസാദ് പഴ്‌സിൽ നിന്ന് ആയിരം രൂപയെടുത്തു. "പിന്നൊരിക്കലാവാം' ഒരുവിധം പറത്തൊപ്പിച്ചു. അവർക്കത് കേട്ട് യാതൊരു ഭാവമാറ്റവുമില്ല. അവരുടെ നോട്ടം ആസാദ് കൈകളിൽ തിരുകുന്ന നോട്ടുകളിലായി. "എങ്ങനെയാ എന്റെ ഭാഷ പഠിച്ചത്?' ആസാദ് അനാവശ്യമായി ചോദിച്ചു. "ആറേഴ് ഭാഷ അറിയാത്ത ആരാ ഈ സിറ്റീലുള്ളത്? അല്ലെങ്കിൽ മാർക്കറ്റിൽ പിടിച്ചു നില്ക്കാൻ പറ്റില്ല. നോ സെയിലബിലിറ്റി.' ആ ഉത്തരം തന്നെ വല്ലാതെ ബാധിക്കുമെന്ന് ആസാദിന് ഉറപ്പായിരുന്നു. ഒന്നുകൂടി അവരെ നോക്കിയ ശേഷം ആസാദ് ധൃതിയിൽ തിരിഞ്ഞു നടന്നു. അവർ പുറകിൽ ഉപേക്ഷിക്കപ്പെട്ട നിഴലായി.

നടക്കുമ്പോൾ കാശ് പോയതിന്റെ നഷ്ടബോധത്തേക്കാൾ, മേൽ പറ്റിയതെന്തോ കുടഞ്ഞുകളത്ത ആശ്വാസമാണ് ആസാദിന് തോന്നിയത്. സമാധാനിക്കാനായി ആസാദിന്റെ മനസ്സ് പിന്നിരുട്ടിൽ മറഞ്ഞ ആ ബന്ധത്തിന്റെ നല്ല ശേഷിപ്പുകൾക്കായി പരതി. പത്തടി നടന്നില്ല. എന്തോ നോട്ടിഫിക്കേഷൻ വന്ന ശബ്ദം കേട്ട് ആസാദ് ഫോൺ നോക്കി. "പ്ലീസ് റെയ്റ്റ് ഹെർ. ആയിരം രണ്ടായിരം അയ്യായിരം പതിനായിരം...' സംഖ്യകൾ ഒരു ഗ്രാഫിക്കൽ ടേബിളിൽ മിന്നികൊണ്ടിരുന്നു. സബ്വേയിലെ അവശേഷിച്ച വെളിച്ചം കെട്ടപ്പോൾ നിയോൺ ട്യൂബുകളുടെ മൂളക്കവും നിന്നു. ഒരായിരം കാര്യങ്ങൾ തപ്പിതടയുന്ന ഇരുട്ട്. എലികൾ കൂട്ടത്തോടെ എന്തോ കരണ്ടു തിന്നാൻ ശ്രമിക്കുന്ന ശബ്ദം കേൾക്കാം. ഒരടി മുന്നോട്ടുവയ്ക്കാനാവാതെ ആസാദ് ഫോൺ നോക്കി തരിച്ചുനിന്നു. കുടഞ്ഞുകളഞ്ഞതെല്ലാം ഏതെല്ലാം വിധത്തിലാണ് വീണ്ടും വന്നുപെടുന്നത്? കാലങ്ങളായി ഗ്രീസിടാത്ത സബ്വേയുടെ ഇരുമ്പഴിവാതിൽ അടയ്ക്കാൻ തുടങ്ങിയ ശബ്ദം കേൾക്കാം. ഏതോ സൂത്രപ്പണിയന്ത്രം കണക്കെയാണ് അത് ഒച്ചയുണ്ടാക്കുന്നത്. പോകാനുള്ളിടത്തെ വാതിലടയും മുൻപവിടെത്തണം, ആസാദ് ഉറപ്പിച്ചു. കുറേപേർക്ക് പങ്കുള്ള ഏതോ ഗൂഢതന്ത്രത്തിന്റെ സൂക്ഷിപ്പുകാരനായിരിക്കും സബ്വേയുടെ വാതിലടയ്ക്കുന്നത്. സർവ്വശക്തിയും സംഭരിച്ച് ആസാദ് ഓടി. ഇത്ര നിന്ദിക്കപ്പെട്ടവനായി തോന്നുന്നതെന്തിനാണ്? അതോ ആ സ്ത്രീയെ താനാണോ നിന്ദിച്ചത്? റെയ്റ്റ് ചെയ്യുന്നതിൽ എന്തായിരുന്നു കുഴപ്പം? എന്താണ് തന്റെ സെയിലബിലിറ്റി? ആസാദിന്റെ മനസിൽ പലവിധ നോട്ടിഫിക്കേഷനുകൾ തുടരെ വന്നുകൊണ്ടിരുന്നു. വരുന്നതെല്ലാം മിച്ചമൂല്യമായി എവിടെയോ ശേഖരിക്കപ്പെടുന്നുണ്ട്; അടുത്ത സമ്പർക്കപഥത്തിലേക്ക് തൊടുക്കുവാൻ.

പടിക്കെട്ടിൽ തട്ടിത്തടഞ്ഞുവീണ തന്നെ വഴിയാത്രക്കാർ താങ്ങിക്കൊണ്ടു പോകുന്ന ദൃശ്യം നനവുമാറാത്ത പടികൾ ഓടിക്കയറുമ്പോൾ ആസാദ് കണ്ടു. സ്വന്തം കാൽവയ്പുകളെ ശ്രദ്ധിച്ച് ഒന്നുകൂടി ആയംകൂട്ടി ആസാദ് പടികൾ ഓടികയറി.
ആകാശത്ത് ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടാത്തത്രയും ഉയരത്തിൽ പറക്കുന്ന ബലൂൺ നോട്ടങ്ങളിൽ4 സബ്വേയിൽ നിന്ന് പുറത്തേക്കു വരുന്ന ആസാദ് പതിഞ്ഞു. പുറത്തെത്തിയ ആസാദ് ഒരു നിശ്വാസത്തോടെ ചുറ്റും നോക്കി. കണ്ണുകൾ, മാറിയ വെളിച്ചത്തോടിണങ്ങി. പൊതുവഴക്കമനുസരിച്ച് മാസ്‌ക്കണിഞ്ഞ് കാലധാരണയുള്ളൊരാളായി ആസാദ് കൂട്ടത്തോട് ചേർന്നു. ഇല്ലായ്മയുടെ മാളങ്ങളിൽ നിന്ന് അഴുക്കുചാൽ വഴികളിലൂടെയുള്ള എലികളുടെ പാച്ചിൽ തുടർന്നു. ​▮

കുറിപ്പുകൾ:
1. She maybe a bag of trouble - സിഫിലസ്, ഗൊണേറിയ തുടങ്ങിയ രോഗങ്ങൾ വ്യാപിച്ചിരുന്ന കാലത്ത് വിവിധ രാജ്യങ്ങളിലെ മനുഷ്യരെത്തുന്ന കൊച്ചിയുൾപ്പെടെയുള്ള തുറമുഖ നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന പോസ്റ്ററിലെ വാചകങ്ങൾ.
2. ഉടൻ ടിക്കറ്റ് - ജനറൽ ടിക്കറ്റിന് തമിഴിൽ പറയുന്നത്.
3. ‘ആർക്കും കുറവില്ലെന്നറിയേണം ജ്ഞാനപെണ്ണേ' - ജാതിക്കുമ്മി എന്ന കൃതിയിലെ വരിയാണ്. കീഴാളസ്ത്രീകളെ അഭിസംബോധന ചെയ്ത് 1912ൽ പണ്ഡിറ്റ് കറുപ്പനെഴുതിയ ജാതി ഉന്മൂലനം മുന്നോട്ടുവച്ച കൃതി. കുമ്മിപ്പാട്ട് എന്നും അറിയപ്പെടുന്നു.
4. ബലൂൺ നോട്ടങ്ങൾ - മാസ് സർവയലൻസിനായി സ്ഥാപിക്കുന്ന അത്യാധുനിക ക്യാമറകൾ ഘടിപ്പിച്ച ബലൂണുകൾ.


അനൂപ് ആർ. കരുണാകരൻ

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ക്രിയേറ്റീവ്​ ഡയറക്​ടർ, ബ്രോഡ്​കാസ്​റ്റർ. തുറമുഖം, മൺറോതുരുത്ത്, മാർഗ്ഗം, ദൃഷ്ടാന്തം തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ്/ അസിസ്റ്റൻറ്​ ഡയറക്ടറായിരുന്നു.

Comments