കാണെക്കാണെ മാറിക്കൊണ്ടിരിക്കുന്ന മേഘങ്ങളിലേക്ക് നോക്കി ഓരോ രൂപങ്ങൾ സങ്കൽപിക്കൽ കോളേജുകാലത്ത് ഒരു രസമായിരുന്നു.
താടിനീട്ടിയ ബാപ്പൂട്ടിക്ക, കണ്ണിറുക്കിപ്പിടിച്ച വട്ടമുഖം, പലവിധ പോസുകളിൽ പെൺകുട്ടി, കുതിക്കുന്ന മാൻ, മയിൽ, കുതിര, ആന, അങ്ങനെയങ്ങനെ പലമാതിരി ചിത്രങ്ങൾ നിമിഷനേരത്തിനുള്ളിൽ തെളിഞ്ഞില്ലാതാകും.
വേനലിൽ ഒരു ഭാവമാണെങ്കിൽ മഴയിൽ മറ്റൊന്ന്.
മറ്റൊരാളുമായി ഈ കാഴ്ച പങ്കുവയ്ക്കാൻ പ്രയാസമായിരിക്കും. ഓരോരുത്തർക്കും ഓരോ കാഴ്ചകളായിരിക്കും ഇത് നൽകുക.
ഒ.പി.യിലെ തിരക്കിട്ട ദിനമായിട്ടും ഓർമകളിലേക്കുള്ള പ്രയാണത്തിന് തുടക്കമിട്ട് ഒരു ചിത്രം ചുവരിൽ തെളിഞ്ഞുവന്നു. ജനാലകർട്ടനുകളെ വകഞ്ഞുമാറ്റി കാറ്റിനൊപ്പം പോക്കുവെയിൽ അകത്തേക്ക് ചാഞ്ഞുനോക്കിയപ്പോൾ മനസ്സ് ചുവരിൽ വരച്ച ചിത്രം.
ഒരു നോക്കേ കണ്ടുള്ളൂ, താടി നീട്ടിയതുപോലൊരു രൂപം.
മേഘങ്ങളിൽ കാണുന്നതുപോലല്ല, ചുവരിൽ.
അത് അൽപനേരത്തേക്കെങ്കിലും കാണാൻ പറ്റും. എന്നിട്ടും എനിക്ക് ആ ചിത്രം പൂർത്തിയാക്കാൻ പറ്റാതായി.
രോഗികൾ വന്നുപോകുന്ന ഇടവേളകളിൽ ഞാൻ മനസ്സിനെ ചുവരിലേക്ക് ചിത്രം തേടി അയച്ചു.
‘‘ഞാൻ അലവി ഡോക്ടർ പറഞ്ഞിട്ട് വരുന്നതാണ്.'' അലവി ഡോക്ടറുടെ എഴുത്തുമായി ഒരു യുവതി എന്റെ മുന്നിൽ വന്നു നിന്നു. ഞാൻ ആ കത്ത് വാങ്ങി അവരോട് ഇരിക്കാൻ പറഞ്ഞു. അവർ ഇരുന്നു. കത്ത് വായിച്ച് ഞാൻ അവരുടെ മുഖത്തേക്ക് നോക്കി. ചുവരിലെ പാതിയായ ചിത്രത്തിൽ നിന്നും മനസ്സ് മറ്റൊരു ചിത്രരചനയിലേക്ക് മുഴുകി: എവിടെയോ കണ്ടുമറന്ന മുഖം.
വിശദമായ പരിശോധനകൾക്കൊടുവിൽ ഞാൻ രോഗനിർണയം നടത്തി. പക്ഷെ, ആ മുഖമേതെന്നുമാത്രം നിർണയിക്കാനായില്ല. രോഗനിർണയം സ്ഥിരീകരിക്കാനുള്ള ടെസ്റ്റുകൾ നടത്തി പലതവണ ആ ദിവസം തന്നെ അവർ എന്റെ മുന്നിലേക്ക് വന്നു. ആ മുഖത്തിലേക്കും, ചുവരിലേക്കും മനസ്സ് മുഖംപൊത്തി കളിച്ചു. ഇല്ല, ഒന്നും തെളിയുന്നില്ല.
‘‘പരോട്ടിഡ് ട്യൂമറാണ്. ഓപ്പറേഷൻ വേണ്ടിവരും.''
‘‘ഡോക്ടർ തന്നെ ഓപ്പറേഷൻ ചെയ്യില്ലേ? അലവി ഡോക്ടർ പറഞ്ഞു, സാർ തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന്.''
പരോട്ടിഡ് ഗ്ലാൻറ് ഒരു ഉമിനീർ ഗ്രന്ഥിയാണ്. മുഖചലനങ്ങൾ ക്രമീകരിക്കുന്ന നാഡികൾ പരോട്ടിഡിനുള്ളിലൂടെ കടന്നാണ് പുറത്തെത്തുന്നത്. അതിലെ സൂക്ഷ്മതന്തുക്കൾ ഓപ്പറേഷൻ സമയത്ത് ശ്രദ്ധയോടെ സംരക്ഷിച്ചില്ലെങ്കിൽ മുഖവും കണ്ണും കോടിപ്പോവും.
എന്റെ പഴയ ഗുരുനാഥൻ വർമ സാർ പരോട്ടിഡ് സർജറി ചെയ്യാൻ വിമുഖനായിരുന്നു. അബദ്ധത്തിലെങ്ങാനും ഈ ഞരമ്പുകളിലൊന്നിന് ക്ഷതം വന്നാൽ കോടിപ്പോയ മുഖവുമായി രോഗി നടക്കേണ്ടിവരും. ചെല്ലുന്നിടത്തെല്ലാം വർമ സാർ ഓപ്പറേഷൻ ചെയ്തതാണെന്ന് പറയുകയും ചെയ്യും എന്ന ഭീതിയായിരുന്നു. അതുകൊണ്ട് ഇത്തരം ശസ്ത്രക്രിയകൾ എന്നെയാണ് ഏൽപ്പിക്കാറ്. ആ അനുഭവജ്ഞാനം പരോട്ടിഡ് സർജറി ചെയ്യാൻ എന്നെ പ്രാപ്തനാക്കിയെന്ന് എന്റെ സഹപ്രവർത്തകനായിരുന്ന അലവിക്കറിയാം. അതുകൊണ്ടാവണം അലവി ഈ പ്രത്യേക നിർദ്ദേശവുമായി അയച്ചത്.
‘‘ശരി, ഞാൻ തന്നെ ചെയ്യാം’’, അവരെ ഞാൻ സമാധാനിപ്പിച്ചു.
ഓർമകളിലേക്ക് മനസ്സ് വീണ്ടും ചിത്രരചന തുടങ്ങി.
എഴുന്നേൽക്കാൻ നിൽക്കുന്ന ആ യുവതിയുടെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കി.
അതേ സംശയത്തോടെ, അവർ എഴുന്നേറ്റ് എന്നെയും നോക്കി.
‘ഡോക്ടർ..?'
അവർ പൂർത്തിയാക്കുംമുന്നേ ഞാൻ കമ്പ്യൂട്ടറിൽ പേര് നോക്കി ഉറപ്പിച്ചു.
‘‘പ്രസന്നയ്ക്ക് എന്നെ ഓർമയുണ്ടോ?''
പുഞ്ചിരിയോടെ പ്രസന്ന കസേരയിലേക്കിരുന്നു: ‘‘എനിക്ക് സംശയമുണ്ടായിരുന്നു. മീശയും താടിയും ഉണ്ടെന്നല്ലാതെ മാറ്റമൊന്നുമില്ല.''
മഴച്ചാറ്റലുകൾ, നരച്ച ചുവരുകളിൽ അവ്യക്ത ചിത്രം വരയ്ക്കുന്ന ഫറോക്ക് കോളേജിന്റെ പടികടന്ന് മനസ്സ് സഞ്ചരിച്ചു. എന്റെ ചുവരിലെ പാതിയായ ചിത്രം ഏതോ ഗ്രീക്ക് ദേവനെപ്പോലെ കൈകളുയർത്തി പോക്കുവെയിൽ നോക്കി നിന്നു.
നീണ്ട് മെലിഞ്ഞ്, വട്ടമുഖത്തെ നീണ്ട കണ്ണുകളുമായി, ചുണ്ടിനോരത്ത് ചിരിവെട്ടവും തെളിച്ച് നടന്നുനീങ്ങുന്ന പ്രസന്ന. ക്ഷീണിച്ച ഉച്ച തെറ്റിയ നേരത്ത്, പ്രണയലേഖനമെഴുതിത്തേഞ്ഞ ഡസ്‌കിലേക്ക് കൈയ്യൂന്നി ഒരു കാമുകന്റെ സംഗീതശബ്ദം അവിടെയാകെ ഒഴുകി.
ഞങ്ങൾക്കിടയിൽ അൽപനേരം മൗനം തളംകെട്ടിനിന്നു.
‘‘പ്രസന്നയുടെ വിവാഹം കഴിഞ്ഞോ?'' എന്റെ ചോദ്യത്തിൽ പ്രസന്ന വർഷങ്ങൾക്കിപ്പുറത്തേക്ക് ഓടിയെത്തി.
‘‘ഷൊർണ്ണൂരാണ് ഞങ്ങളിപ്പോൾ. കുട്ടികളില്ലാത്തതിനാൽ ചികിത്സയ്ക്ക് പോയപ്പോഴാണ് മുഖത്തെ മുഴ ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞ് ഇങ്ങോട്ടേക്കയച്ചത്. ഞാനെന്നാൽ ഇറങ്ങിക്കോട്ടെ?''
ആ ഓർമകളിൽ നിന്ന് പ്രസന്നയെ മടക്കിവിളിക്കേണ്ടിയിരുന്നില്ലെന്ന് എനിക്കപ്പോൾ തോന്നി. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു, അറിയാനുണ്ടായിരുന്നു. അന്നത്തെ കവിതയെഴുത്ത് പ്രസന്ന മനസ്സിൽ നിന്നെങ്കിലും വിട്ടുകളഞ്ഞിട്ടില്ലെന്ന് ആ വാക്കുകളിൽ നിന്ന് മനസ്സിലായി.
പിന്നീടും പലതവണ പ്രസന്ന എന്റെ അരികിലെത്തി. ഓപ്പറേഷനുള്ള ഒരുക്കങ്ങളായിരുന്നു അതെല്ലാം. ഓപ്പറേഷൻ കഴിഞ്ഞാൽ മുഖം ചിലപ്പോൾ കോടിപ്പോകാനുള്ള സാധ്യതയുണ്ടെന്ന് പ്രസന്നയെ അറിയിച്ചു. അതിന് ഒരു ചിരി മാത്രമായിരുന്നു മറുപടി.
പ്രസന്ന ഇപ്പോൾ അങ്ങനെയാണ്, എന്റെ പല ചോദ്യങ്ങൾക്കും ചുണ്ടിൽ അവശേഷിപ്പിച്ച, മഴവെയിൽപോലൊരു ചിരി.
പ്രസന്ന എന്റെ മുറി വിട്ട് പുറത്തേക്ക് പോയൊരു നേരത്ത്, ഫിസീഷ്യൻ അസിസ്റ്റന്റ് ലിസിയ്ക്ക് പ്രസന്നയുടെ രോഗവിവരങ്ങളും ടെസ്റ്റുകളുമൊക്കെ രേഖപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെ ഒരു മെഡിക്കൽ റെപ്രസന്റേറ്റീവ് ബാഗുമായെത്തി. മെഡിക്കൽ റെപ്രസന്റേറ്റീവുമാരെ കാത്തിരുത്താനോ, കാണാൻ പ്രത്യേക സമയമോ ദിവസമോ കൊടുക്കാറില്ല. ഏതു തിരക്കിലും അവർക്ക് അനുവാദം വാങ്ങാതെ കയറിക്കാണാം. പലരേയും കാണേണ്ട സമയം എന്നെ കാത്തിരുന്ന് കളയേണ്ടെന്ന് കരുതി. അവരുടെ സമ്മാനങ്ങളോ ഓഫറുകളോ, എന്തിന് സാമ്പിൾ പോലും ഞാൻ സ്വീകരിക്കാറുമില്ല. അതുകൊണ്ട് അവർക്കെന്നെ വിശ്വാസമാണ്. മിക്കവാറും മെഡിക്കൽ റെപ്രസന്റേറ്റീവുമാരുടെ കുടുംബക്കാരെ എന്റെ അടുത്തേക്കുതന്നെയാണ് അയക്കാറ്. സമ്മാനങ്ങളും ഓഫറുകളും നൽകി മരുന്നെഴുതുന്നവരെ അവർക്ക് വിശ്വാസമില്ലായിരിക്കും.
ഹൃദയജന്യമായ മന്ദഹാസത്തോടെ മുന്നിൽ നിൽക്കുന്ന ആളുടെ മുഖത്തേക്ക് ഞാനൊന്ന് നോക്കി.
‘കിരാതദാസ്', ഞാൻ പോലും മനസ്സിൽ കരുതാതെ എന്റെ ചുണ്ടുകൾ ആശ്ചര്യംപൂണ്ടു.
‘ഡോക്ടർക്കെങ്ങനെ എന്നെയറിയാം?', കിരാതദാസിന്റെ പൂച്ചക്കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു.
ഞാൻ ലിസിയോട് പ്രസന്നയെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവരുവാൻ ഏർപ്പാടാക്കി.
‘‘നിങ്ങള് കോളേജിലെ സൂപ്പർ സ്റ്റാറായിരുന്നില്ലേ? ഞാനും ആ കോളേജിൽ കുറച്ചുകാലം പഠിച്ചിരുന്നു. പിന്നെ, ആ കാലത്തെ ഒരാളുകൂടിയുണ്ട് ഇപ്പോളിവിടെ. അവിചാരിതമായി എത്തിപ്പെട്ടതാ.''
അതാരാണെന്ന ആലോചനയിൽ കിരാതദാസ് അൽപനേരം നിന്നതിനാൽ ഞാൻ മുന്നേ കോളേജിലേക്കെത്തി.
അടുത്തവർഷം മെഡിക്കൽ കോളേജിൽ ചേരാമെന്ന ഉറപ്പിലായിരുന്നു ഞാൻ ഫറോക്ക് കോളേജിൽ ഡിഗ്രിയ്ക്ക് ചേരുന്നത്. അതുകൊണ്ടുതന്നെ പഠനമായിരുന്നില്ല പ്രധാന അജണ്ട. ഉസ്മാൻ, റൗഫ്, അങ്ങനെ കുറേപ്പേരുണ്ടായിരുന്നു കൂട്ടത്തിൽ. ഉസ്മാൻ, ഇക്കാക്ക അയക്കുന്ന ഗൾഫ് വിസ വരാനുള്ള കാത്തിരിപ്പിലായിരുന്നു. റൗഫ് മിലിട്ടറി നഴ്സിംഗ് സർവീസിൽ നിയമനം കിട്ടി ജോലിക്ക് കയറാനുള്ള കാത്തിരിപ്പിലും. പാട്ടും സിനിമയും കവിതയും സാഹിത്യവുമൊക്കെയായി കോളേജ്കാലം ആസ്വദിക്കുന്ന വേളയിലാണ് കിരാതദാസ് ആരാധ്യപുരുഷനായി മുന്നിലെത്തുന്നത്.
വെളുത്ത്, തുടുത്ത്, പൂച്ചക്കണ്ണും ചെമ്പിച്ച കോലൻമുടിയും മീശയുമുള്ള ഒത്ത ശരീരമായിരുന്നു കിരാതദാസിന്. എല്ലാ സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യുകയും, വശ്യമായി പാടുകയും ചെയ്യുന്ന കിരാതദാസ്.
സാഹിത്യസമ്മേളനങ്ങളിൽ മനോഹരമായി പ്രസംഗിക്കുന്ന, സ്വയം എഴുതിയ കവിതകൾ ഈണത്തിൽ പാടുന്ന, മാതൃഭൂമിയിൽ അച്ചടിമഷി പുരണ്ട കഥകളെഴുതുന്ന കിരാതദാസായി തീരാൻ പലരും ആഗ്രഹിച്ചിരുന്നു. ആ ഗാനങ്ങൾ ഞങ്ങൾ കുളിമുറികളിലെങ്കിലും പാടി, ആ കഥകൾ ഞങ്ങൾ ആവേശത്തോടെ ചർച്ച ചെയ്തു, കിരാതദാസിനെ ഒന്നാകെ ഞങ്ങൾ ആരാധിച്ചു.
‘‘ഓൻ പാട്ട് പാടട്ടെ. അതിലും നല്ല പാട്ട് എന്റെ ടേപ് റിക്കാർഡറിലുണ്ട്. യേശുദാസും ജയചന്ദ്രനും പാടിയത്. കിരാതദാസിന്റേത് വെറും അനുകരണം. അല്ലാതെന്താ?'', ഹോസ്റ്റൽ മുറിയിലെ ചുവന്ന ടേപ്പ് റിക്കാർഡർ തഴുകിക്കൊണ്ട് ബക്കർ അതു പറഞ്ഞപ്പോൾ എനിക്ക് മറുപടിയുണ്ടായിരുന്നില്ല.
ബക്കർ എന്റെ നാട്ടുകാരനും സീനിയറെന്ന നിലയിൽ രക്ഷാകർത്താവുമാണ്. മൂന്നാംവർഷ ഡിഗ്രിയ്ക്കാണ് പഠിക്കുന്നത്. ബക്കറിനെ കൂടാതെ, കാസർഗോട്ടുകാരായ കാദറും മഹമൂദും ഗഫൂറും സ്‌റ്റൈലൻമാരുടെ നേതാക്കളാണ്. ഗൾഫിൽനിന്നും കൊണ്ടുവരുന്ന മോടിയേറിയ വസ്ത്രങ്ങളുടെയും സാമഗ്രികളുടെയും പൊളപൊളപ്പ് അവരുടെ വർത്താനത്തിൽ വരെയുണ്ട്. ഇടയ്ക്ക് ഞങ്ങൾ ബക്കറിന്റെ ഹോസ്റ്റൽ മുറിയിൽ പോകാറുണ്ട്. തമാശകളും കളിയാക്കലും കഞ്ചാവുമായിക്കഴിഞ്ഞ ആ ഗാംഗിന് ഞങ്ങളോട് പ്രത്യേകം താൽപര്യമുണ്ടായിരുന്നു. അവരുടെ തമാശകളും കളിയാക്കലും വിവരണങ്ങളും കേട്ടിരിക്കുന്ന വേളയിലായിരുന്നു കിരാതദാസ് ഞങ്ങളുടെ വാക്കുകളിലൂടെ അവിടേക്ക് വിഷയമായെത്തിയത്.
‘‘നീയൊക്കെ ആദ്യായിറ്റാ ഇത്രേം ബെല്യ കോളേജ് കാണുന്ന്. അയിന്റെയാ. ഇതുപോലെ എത്ര കണ്ട്. ഈ സാഹിത്യൂം പാട്ടും ഒക്ക, അതിഷ്ടപ്പെടുന്നോർക്ക് ബെല്യ കാര്യായിരിക്കും. നിന്നെപ്പോലെ നാലഞ്ചെണ്ണത്തിന്. ഓൻ പഠിപ്പും കളഞ്ഞ് ഇങ്ങനെ നടക്കും. അത് കണ്ട് നിങ്ങളെ പഠിപ്പും പോകും. നിനിക്കൊന്നും ബേറെ പണിയില്ലേ?'' - മഹമൂദ് എന്തോ ചവച്ചുകൊണ്ട് അലസമായി പറഞ്ഞു.
അടുത്തത് ഗഫൂറിന്റെ ഊഴമായിരുന്നു: ‘‘നിങ്ങ ഞങ്ങളയാന്ന് മോഡലാക്കണ്ടത്. തിന്നും കുടിച്ചും പഞ്ചാരയടിച്ചും ജീവിക്കണം. ഞമ്മളെ അറിയാത്ത ആരെങ്കിലുമുണ്ടാ? ഇതൊക്കെ നിങ്ങളെ വിഭ്രാന്തിയാന്ന്. ഒരു പത്തുകൊല്ലം കയിഞ്ഞിറ്റ് ബാ, ഇപ്പറഞ്ഞ കിരാതദാസ് ഏടെ കെടക്ക്ന്ന്, നമ്മളേടെ കെടക്ക്ന്ന് എന്നറിയാ.''
ഈ സംഭാഷണത്തിനിടെയാണ് കയ്യിലൊരു പൊതിയുമായി വിൻറ് മായീൻ കയറിവന്നത്.
‘‘ഇനിക്കൊന്നും വേറെ പണിയില്ലേ ചെങ്ങായിമാരേ...?'' മായീൻ എന്റെയും ഉസ്മാന്റെയും ചന്തിയിൽ ഞെക്കിക്കൊണ്ടാണ് തുടങ്ങിയത്.
മായീൻ കുണ്ടന്മാരുടെ ആളാണെന്ന് കേട്ടിട്ടുണ്ട്. ഞങ്ങൾ അസഹ്യതയോടെ മാറിനിന്നു.
‘‘ഈ കോളേജില് ഓന് പെമ്പിള്ളറെ മുമ്പില് ഷൈൻ ചെയ്യാൻ പറ്റും. പുറത്തിറങ്ങിയാ അറിയാം. അല്ലെങ്കിപ്പിന്നെ ഒന്നാമനാവണം; ബഷീറിനെയും എം.ടിയെയുംപോലെ. അയിന് അധ്വാനിക്കണം, സാധന വേണം. ഞാൻ തന്നെ സിനിമേല് അഭിനയിച്ചൂന്ന് പറഞ്ഞ് നടക്ക്ന്ന്ണ്ടാ? എന്താ കാര്യം? ങാ....''
മായീൻ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഷീലയെയും നസീറിനെയുമൊക്കെ കണ്ട കാര്യം പലതവണ പറഞ്ഞുകേട്ടിട്ടുള്ളതാണ്.
‘‘കുണ്ടന്മാര് പോയേ, ഞങ്ങക്ക് വേറെ പണിയിണ്ട്.'' കൊണ്ടുവന്ന കുപ്പിയെടുത്ത് കൈയ്യിലേക്ക് പിടിച്ച് ഞങ്ങളെ പുറത്താക്കി.
അടഞ്ഞ വാതിലിനുപുറത്തുനിന്ന് അരിശത്തോടെ റൗഫ് പറഞ്ഞു: ‘‘പകൽ സമയത്ത് സിമിയും ജമാ അത്തെ ഇസ്ലാമിയും. രാത്രിയായാൽ കള്ളുകുടിയും കുണ്ടന്മാരും... വൃത്തികെട്ടവനാണ്.''
വിൻറ് മായീൻ കോളേജിൽ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ സിമിയുടെ വലിയ നേതാവാണ്. അയാളുടെ തീവ്രമതാശയങ്ങളുള്ള പ്രസംഗങ്ങൾ കേൾക്കാൻ ഒരുപാട് കൂടാറുണ്ട്.
‘‘അസൂയയാ. അവർക്കൊന്നും കിരാതദാസിന്റെ ഏഴയലത്ത് എത്താൻ പറ്റൂല്ല.'' റൗഫ് വളരെ കുറച്ചുമാത്രമേ സംസാരിക്കാറുള്ളൂ.
പിന്നെയും കിരാതദാസിന്റെ പാട്ടിന് താളം പിടിച്ച് ക്ലാസ് മരത്തണലിൽ കൂട്ടമായി ഇരുന്നു. ഒരുദിവസം സർ സയ്യിദ് ഹോസ്റ്റലിലേക്ക്, ഓഡിറ്റോറിയത്തിന്റെ മുന്നിലൂടെയുള്ള വഴിയിലൂടെ കിരാതദാസിന്റെ പാട്ട് ഉറക്കെപ്പാടി ഞാൻ നടന്നു. ആരും കേൾക്കാനില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു.
‘‘മാംസതല്പങ്ങളിൽ ഫണം വിരിച്ചാടും മദമായിരുന്നില്ല നിൻ പ്രണയം, അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം അനുഭൂതിയായിരുന്നു...''
പെട്ടെന്നാണ് പിന്നിൽ നിന്ന്, ‘എന്തു രസാല്ലേ കിരാതദാസിന്റെ പാട്ട്?' എന്ന് മൊഴി കേട്ടത്.
പ്രസന്നയായിരുന്നു അത്.
കിരാതദാസിനോടുള്ള ആരാധനയിലുള്ള മറ്റൊരാളെ കണ്ടതിന്റെ സന്തോഷം നിറഞ്ഞുതുളുമ്പി.
ഉപന്യാസമത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രസന്നയ്ക്ക് തൊട്ടുമുകളിൽ നിന്ന എനിക്ക് ആ വകയിൽ പ്രസന്നയോടൊരൽപം മിണ്ടാട്ടമുണ്ടായിരുന്നു.
പ്രസന്നയോട് ഞാൻ അന്നേറെ മിണ്ടി, എല്ലാം കിരാതദാസിനെക്കുറിച്ചായിരുന്നു.
‘മാതൃഭൂമിയിൽ വന്ന കഥ വായിച്ചിരുന്നോ നീ?'
ആ ചോദ്യത്തിന് കിരാതദാസിന്റെ രചനാവൈഭവത്തെക്കുറിച്ച് ഞാൻ വാചാലനായി. ബക്കറും മായീനുമൊക്കെ പറഞ്ഞ വാക്കുകൾ പ്രസന്നയുമായി പങ്കിട്ടു.
‘‘സംഗീതവും സാഹിത്യവുമൊക്കെ ആസ്വദിക്കാൻ കഴിയുന്നത് ഭാഗ്യാണ്. വികൃതി കാട്ടി നടക്കുന്നവരാണവർ. അതൊന്നും മനസ്സിലാക്കാൻ അവർക്കാവില്ല. ആ കൂട്ടൊന്നും കൂടാതിരിക്കയാ നല്ലത്.'' പ്രസന്നയുടെ സ്ഫുടമായ, പക്വമായ ഭാഷയിലേക്ക് ഞാൻ കണ്ണുനട്ടിരുന്നു.
അഴിഞ്ഞിലത്തേക്കുള്ള ബസ് വന്ന് പ്രസന്നയെയും കൊണ്ടുപോകുന്നതുവരെ കിരാതദാസ്ചരിതവുമായി ഞാൻ ആ ബസ് സ്റ്റോപ്പിൽ നിന്നു.
പൂമരങ്ങൾ പുടവ നെയ്തിടുന്ന പാതയിലൂടെ പ്രസന്നയുടെ കാലടികളിലേക്ക് കണ്ണൂന്നി. പിന്നീടുള്ള വൈകുന്നേരങ്ങളിൽ ഞാനും കൂടി. പ്രസന്നയുടെ തോളിനൊപ്പമേ എനിക്ക് ഉയരമുള്ളൂ. ഒരു മോഹനിദ്രയിലെന്നപോലെ കിരാതദാസിനെക്കുറിച്ചുള്ള പ്രസന്നയുടെ വാക്കുകൾ ഞാൻ തലയുയർത്തി കേട്ടു. പ്രസന്നയുടെ ഒരു കവിത കുഞ്ഞബ്ദുള്ള വഴി കിരാതദാസിനെത്തിച്ചു കൊടുന്നിരുന്നു. ആ കവിതയാണ് കിരാതദാസ് ഇപ്പോൾ ഈണത്തിൽ ചൊല്ലുന്നത്. ആരുടേതെന്നറിയാതെ കിരാതദാസ് ആ പാട്ടുകൾ പാടുന്നത് ഞാനും പ്രസന്നയും ഒരുമിച്ച് ആസ്വദിച്ചു.
മറ്റൊരു മഞ്ഞിച്ച വേനൽവൈകുന്നേരത്ത് അഴിഞ്ഞിലത്തേക്കുള്ള ബസ് കാത്തുനിൽക്കെ പ്രസന്ന ചോദിച്ചു: ‘‘കിരാതദാസിനെ എനിക്ക് ഭയങ്കര ഇഷ്ടാണ്. നീയൊന്ന് പറയോ?''
‘‘കുഞ്ഞബ്ദുള്ളയോട് പറഞ്ഞാൽപോരേ?'' നിഷ്‌കളങ്കമായിരുന്നു എന്റെ ചോദ്യം.
‘‘കുഞ്ഞബ്ദുള്ളക്ക് എന്നോട് ഇഷ്ടാത്രെ. അവൻ പറയില്ല, നീ പറയ്.''
അഴിഞ്ഞിലത്തേക്കുള്ള പച്ചബസ് വന്ന് നിന്നു. ഞാനെന്തെങ്കിലും പറയുംമുന്നേ അവളെയുംകൊണ്ട് ബസ് അകന്നു.
എനിക്ക് അതു പറയാൻമാത്രം കിരാതദാസിനോട് അടുപ്പമില്ല. ഞാൻ പറഞ്ഞില്ല. അധികം വൈകാതെ തുടർന്നുണ്ടായ ഓണം അവധിയ്ക്ക് ഞാൻ മെഡിക്കൽ കോളേജിൽ ചേർന്നു. ഞാനത് കിരാതദാസിനോട് ഒരിക്കലും പറഞ്ഞില്ല. പ്രസന്നയും പറഞ്ഞിട്ടുണ്ടാവില്ല.
ഞാൻ കുറ്റബോധത്താൽ തല താഴ്ത്തി.
വാകമരച്ചോട്ടിലെ നേർത്ത കാലടിപ്പാടുകൾ എന്റെ അരികിലേക്ക് അടുത്തുവന്നു. ഞങ്ങളുടെ മുറിയിലേക്ക് പ്രസന്നയും എത്തിയിരിക്കുന്നു.
കിരാതദാസിന്റെ പൂച്ചക്കണ്ണുകളുടെ തിളക്കം കനപ്പെട്ടുതുടങ്ങി. ചിറകൊതുക്കി പറന്നെത്തിയ പ്രസന്നയെ ഞാൻ യാന്ത്രികമായി പരിചയപ്പെടുത്തി.
‘പ്രസന്ന...’
‘‘എഴുത്തുകാരി, കവി, കണ്ടിട്ടുണ്ട്. ഇവരുടെ കവിതകൾ കുഞ്ഞബ്ദുള്ള തന്ന് ഞാൻ കുറേ പാടിയിട്ടുണ്ട്. ഇടയ്ക്കുവച്ച് പിന്നെ കാണാതായി. ഞാൻ അന്വേഷിച്ചിരുന്നു.''
പ്രസന്നയുടെ നോട്ടം കിരാതദാസിന്റെ ചെമ്പിച്ച തലമുടിയിലൂടെ ഊർന്ന് പൂച്ചക്കണ്ണുകളിലേക്ക് ഒഴുകി വിടർന്നുനിന്നു. അവളുടെ കണ്ഠത്തിൽ ഒരു വിളി കുരുങ്ങിത്തേയുന്നത് ഞാനറിഞ്ഞു. പ്രസന്ന പതിയെ കസേരയിൽ പിടിച്ച് പുറത്തേക്കിറങ്ങിപ്പോയി. ഗസ്റ്റ് റിലേഷൻസ് മാനേജർ ഗായത്രി അവളെ ലാബിലേക്കുതന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാവണം.
കിരാതദാസ് കസേരയിലേക്കിരുന്ന് പാതിയടച്ച പൂച്ചക്കണ്ണിൽ മേശയിലെ ഗ്ലാസ്സിനടിയിലെ ഒരു ചിത്രം മഴത്തുള്ളി പടർത്തി കണ്ടു.
‘‘ഒരു കടം ബാക്കിയുണ്ടായിരുന്നു. പ്രസന്നയ്ക്ക് കിരാതദാസിനെ ഇഷ്ടമാണെന്ന് പറയാൻ എന്നെയാണ് ഏൽപിച്ചത്. ഞാനത് പറഞ്ഞിട്ടില്ല. അത്ര അടുപ്പം എനിക്കില്ലായിരുന്നല്ലോ. ഞാനാണെങ്കിൽ മെഡിക്കൽ കോളേജിലേക്ക് മാറുകയും ചെയ്തു.''
‘‘എനിക്ക് പ്രസന്നയെ ഇഷ്ടമായിരുന്നു. പക്ഷെ, പറയാൻ തോന്നിയില്ല. കോളേജ് വിട്ടപ്പോ കുഞ്ഞബ്ദുള്ള പറഞ്ഞാണ് പ്രസന്നയ്ക്ക് എന്നെ ഇഷ്ടാണെന്ന് അറിഞ്ഞത്. ഞാൻ കുറേ അന്വേഷിച്ചു. കണ്ടില്ല.''
അന്ന് ഞാൻ പ്രസന്നയുടെ ഇഷ്ടം പറഞ്ഞിരുന്നെങ്കിൽ...
ഉസ്മാനോടെങ്കിലും പറയാമായിരുന്നു. അവനത് പറയാനുള്ള ധൈര്യമുണ്ടായിരുന്നു. അന്നത് സാധിച്ചില്ലല്ലോ എന്ന കുറ്റബോധത്തിൽ ഞാനിരുന്നു. കിരാതദാസ് ഒന്നും പറയാതെ ഇറങ്ങിപ്പോയി. കുറച്ചുനേരത്തേക്ക് എനിക്ക് രോഗികളെ നോക്കാനായില്ല. അസിസ്റ്റന്റുമാരെയും പിജി വിദ്യാർത്ഥികളെയും വിളിച്ച്, വന്ന രോഗികളെ നോക്കാൻ ഏർപ്പാടാക്കി. മുറിയിലെ മാഞ്ഞുപോയ സങ്കൽപചിത്രത്തിലേക്ക് കൈ തളർന്നുപോയ ചിത്രകാരനെപ്പോലെ ഞാൻ നോക്കിനിന്നു. പിന്നെ യൂട്യൂബിൽ കിരാതദാസിന്റെ പാട്ടുകൾ തേടി ഞാൻ അലിഞ്ഞു.
പ്രസന്ന ആ മുറിയിലേക്ക് കയറിവന്നു. കൈയിലെ റിസൽറ്റുകൾ നോക്കി. കാൻസർ ലക്ഷണങ്ങളൊന്നുമില്ല, എങ്കിലും മുഴ നീക്കം ചെയ്തേപറ്റൂ.
‘കിരാതദാസ് പോയോ?', തുളുമ്പിവീഴാൻ വെമ്പുന്ന കണ്ണീരുകളിൽ ഞാൻ ആ മുറി മുഴുവൻ കണ്ടു.
‘‘എന്റെ ഓപ്പറേഷൻ ഇന്നുതന്നെയാക്കാൻ പറ്റ്വോ? ആ മയക്കത്തിൽ എനിക്കൊന്നുമറിയാതെ കിടന്നുറങ്ങണം. ഡോക്ടർ എല്ലാം നോക്കണം. എന്റെ മുഖം കോടരുത്. ഒരു മുറിവടയാളവും ഉണ്ടാവരുത്.''
‘ശരി. ഞാൻ കഴിയുന്നത്ര ശ്രമിക്കാം.'
ഓപ്പറേഷൻ അന്നുതന്നെ കഴിഞ്ഞു. അടുത്തദിവസം പ്രസന്ന മടങ്ങി. മുറിവുപാടുകൾ ഇല്ലാത്തവിധം പ്രസന്നമുഖവുമായി അവർ പലതവണ വന്നു, പോയി. അപ്പോഴും ചുണ്ടുകളുടെ ഓരത്തൊരു വിഷാദഭാവം നിലനിന്നിരുന്നു. അത് എന്റെ കുറ്റബോധത്തിന്റെ ആഴത്തിലേക്ക് തൊട്ടുകൊണ്ടിരുന്നു.
അന്ന് ഞാൻ പ്രസന്നയുടെ ഇഷ്ടം പറഞ്ഞിരുന്നെങ്കിൽ...
ദിനംപ്രതി കാണുന്ന രോഗികളിലൂടെ ഞാൻ ആ കഥകളെല്ലാം മറക്കാൻ ശീലിച്ചു. കിരാതദാസും പ്രസന്നയും പൂർത്തീകരിക്കപ്പെടാത്ത പ്രണയചിത്രമായി ഓർമ്മയുടെ ആഴങ്ങളിലേക്ക് അടുക്കിവെച്ചു.
വർഷങ്ങൾക്കിപ്പുറം കിരാതദാസ് ഫോണിൽ വിളിച്ചു.
അടരുകൾക്കപ്പുറത്തുനിന്ന് വീണ്ടും ആ കഥാപുസ്തകം മെല്ലെ താളുകൾ മറിഞ്ഞുതുടങ്ങി. ഞാൻ കിരാതദാസിനെ എന്റെ വീട്ടിൽവച്ചാണ് കാണുന്നത്. ഞാൻ കാത്തിരുന്നു.
കിഴക്കൻ വെയിലിന് കട്ടി കൂടുന്നതേയുള്ളൂ. ഗെയിറ്റിനപ്പുറത്ത് വന്നുനിൽക്കുന്ന വാഹനത്തിൽ കിരാതദാസാണെന്ന് എനിക്ക് മനസ്സിലായി.
കിരാതദാസ് വെയിലിലേക്കിറങ്ങി നടന്നു. ചെമ്പൻ രോമങ്ങളെല്ലാം മാറി നല്ല കറുപ്പുനിറത്തിൽ തലമുടി വെയിലിൽ തിളങ്ങി. കണ്ണിനുമുകളിലേക്ക് വെളിച്ചം അടിച്ചപ്പോൾ പൂച്ചക്കണ്ണ് ഒന്നുകൂടി ഇടുങ്ങി തിളങ്ങി. പിന്നിൽ കിരാതദാസിന്റെ നിഴൽപറ്റി ഒരു സ്ത്രീരൂപം. പ്രസന്ന തന്നെയായിരുന്നു അത്.
ഞാൻ അവരെ സ്വീകരണമുറിയിലിരുത്തി. കിരാതദാസ് തൂവാല കൊണ്ട് മുഖമൊന്ന് തുടച്ചു. പ്രസന്ന തടിച്ച് പ്രൗഢിയായിട്ടുണ്ട്. കനത്ത മാറുകൾ സാരിയെടുത്ത് പുതച്ചിരിക്കുന്നു. ഞാൻ ആകാംക്ഷയോടെ അവർക്കുനേരെയിരുന്നു.
‘ഇപ്പോ രണ്ടുപേരും...?'
എന്റെ ആകാംക്ഷ കണ്ടിട്ടാവണം കിരാതദാസ് പ്രസന്നയുടെ കൈകളിൽ നിന്നും ഒരു കെട്ടുകടലാസുകൾ എടുത്ത് എന്റെ നേരെ നീട്ടി പറഞ്ഞു: ‘‘ഞങ്ങളുടെ കഥയൊന്നും ചോദിക്കരുത്. ഇത് നോക്കി ഒരു അഭിപ്രായം പറയണം.''
കിരാതദാസിന്റെ മുഖത്ത് ദുഃഖം കനപ്പെട്ടുനിൽക്കുന്നുണ്ട്. പ്രസന്നയുടെ മുഖത്തും പ്രസരിപ്പൊന്നുമില്ല.
പത്തുമിനിട്ടോളം എടുത്ത് ഞാൻ ആ കടലാസുകളെല്ലാം പരിശോധിച്ചു.
‘ഡോക്ടറുടെ അഭിപ്രായമെന്താണ്?', കിരാതദാസ് മുന്നോട്ടാഞ്ഞിരുന്നു.
‘ഇത്, ഇടത്ത് സ്തനത്തിൽ ഒരു മുഴയാണ്. കക്ഷത്ത് ഏതാനും കഴലകളുമുണ്ട്. ബയോപ്സി റിപ്പോർട്ടിൽ കാൻസറാണ്. ഇമ്യൂണോ ഹിസ്റ്റേ കെമിസ്ട്രി ചെയ്തതിൽ റിസപ്റ്റർ പോസിറ്റീവാണ്. ചികിത്സിച്ചാൽ നല്ല റിസൾട്ടായിരിക്കും. വേറെ എവിടേക്കും വ്യാപിച്ചിട്ടില്ല. സെക്കന്റ് സ്റ്റേജായതുകൊണ്ട് ഓപ്പറേഷൻ, കീമോതെറാപ്പി, ചിലപ്പോൾ റേഡിയേഷനും വേണ്ടിവരും’, ഞാൻ തികച്ചും ഒരു ഡോക്ടർ മാത്രമായി മാറി.
‘എന്ത് സർജറിയാണ് ചെയ്യേണ്ടത്?' കിരാതദാസിന്റെ സംശയം.
‘ഈ സ്റ്റേജിൽ ബ്രസ്റ്റ് എടുത്തു കളയുന്ന ചികിത്സ ഞങ്ങൾ ഉപദേശിക്കാറില്ല. ബ്രസ്റ്റ് കൺസർവേഷൻ ആന്റ് റികൺസ്ട്രക്ഷൻ. ഇതിൽ ലിംഫ് ഗ്ലാന്റ്സ് ഉള്ളതുകൊണ്ട് ആക്സിലറി ഗ്ലാന്റ്സ് എടുത്തുകളയണം.'
‘ആക്സിലറി ഗ്ലാൻറ് എടുത്തുകളഞ്ഞാൽ കയ്യിൽ നീര് വരുമോ?' കിരാതദാസ് അത്യാവശ്യം കാര്യങ്ങളൊക്കെ പഠിച്ചാണ് വന്നിരിക്കുന്നത്. അത് ഗുണകരമാണ്.
‘‘വരാൻ സാധ്യതയുണ്ട്. പക്ഷെ, കുറച്ചുകാലമായി ഞങ്ങൾ കൈയിൽ നിന്നുള്ള ലിംഫാറ്റിക്സ് ഐസിജിയും മെതിലിൻ ബ്ലൂവും വച്ച് മാപ് ചെയ്ത് സംരക്ഷിക്കുന്നതുകൊണ്ട് കയ്യിലെ നീര് വരാറില്ല. ദെയറീസ് നോ ലോംഗ്ടേം സ്റ്റഡി.''
കിരാതദാസിന്റെ ശബ്ദത്തിൽ ഇടറിച്ച വന്നുതുടങ്ങി: ‘‘ഡോക്ടറെ, പ്രസന്നയുടെ ആകൃതിക്കും രൂപഘടനയ്ക്കും ഒരു കോട്ടവും വരാതെ ഡോക്ടറിത് ചെയ്യണം. ഞങ്ങളെല്ലായിടത്തും അന്വേഷിച്ചാണ് വന്നിട്ടുള്ളത്. എറണാകുളത്തെല്ലാം ബ്രസ്റ്റ് റിമൂവ് ചെയ്യണമെന്നാണ് പറഞ്ഞത്. മെഡിക്കൽ ഓങ്കോളജിസ്റ്റിന്റെ അഭിപ്രായമറിയാൻ കാത്തിരിക്കുമ്പോഴാണ് ഡോക്ടർ സർജറി ചെയ്ത രണ്ടുപേരെ കണ്ടത്. പ്രസന്ന അവരുടെ ബ്രസ്റ്റ് കണ്ട് നല്ല അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെയാണ് ഇവിടേക്ക് എത്തിയത്. കൈയിലെ നീരിന്റെ കാര്യം പറഞ്ഞല്ലോ...''
ഞാൻ പ്രസന്നയെ പരിശോധിച്ചു. പ്രസവിക്കാത്തതുകൊണ്ടായിരിക്കണം, സ്തനങ്ങളുടെ രൂപഘടന ദോഷമറ്റതായിരുന്നു. എങ്കിലും എന്റെ ഉത്കണ്ഠ ഞാൻ പങ്കുവെച്ചു: ‘‘പടച്ചോൻ ഉണ്ടാക്കിയത് പോലെയൊന്നും എനിക്ക് പുനഃസൃഷ്ടിക്കാൻ കഴിയില്ല. എന്നാലും ഏതാണ്ട് ശരിയാക്കാം.''
‘‘ഷഹനാസിന്റെയും അഖിലയുടെയും റിസൾറ്റ് ഞാൻ കണ്ടതാണ്. അതുപോലെയായാൽ മതി’’, പ്രസന്നയുടെ ശബ്ദം ഇക്കുറി ഞാനാദ്യമായി കേട്ടു.
‘‘ശരി. ഓപ്പറേഷൻ ചെയ്യാം. പക്ഷെ, കീമോ ഇവിടെയാവണം. പല ഓങ്കോളജിസ്റ്റും ഈ ചികിത്സാരീതി അംഗീകരിച്ചുതുടങ്ങിയിട്ടില്ല. അവർ സ്തനങ്ങൾ എടുത്തുകളയാൻ പറയും’’, ഞാനൊരു മുൻകരുതലെടുക്കുകയായിരുന്നു.
‘‘സാരമില്ല ഡോക്ടറെ, ഞാൻ നേരത്തെ മെഡിക്കൽ ഫീൽഡിലായിരുന്നല്ലോ. എല്ലാ സ്റ്റഡീസും പഠിച്ചാണ് വന്നത്. രണ്ടും ഈക്വൽ റിസൾറ്റാണല്ലോ. ഞങ്ങൾ എറണാകുളത്ത് കീമോ ചെയ്യാം.''
അവരെ അന്നുതന്നെ അഡ്മിറ്റ് ചെയ്തു. അടുത്തദിവസം തന്നെ ട്യൂമർ ബോർഡ് കൂടി ചികിത്സാവിധി തീരുമാനിച്ചു. അന്നുതന്നെ സർജറിയും ചെയ്തു. കക്ഷത്തിന് താഴെനിന്ന് ഫ്ലാപ്പെടുത്ത് മുറിച്ചുനീക്കിയഭാഗത്ത് കൃത്യമായി വച്ചുപിടിപ്പിച്ച് പഴയ ആകൃതി പുനഃസ്ഥാപിച്ചു. കയ്യിൽ നീര് വരാതിരിക്കാൻ കയ്യിലെ ലിംഫാറ്റിക്സ് ഒഴിവാക്കി ഗ്ലാന്റുകൾ എടുത്തുമാറ്റി. ആകെക്കൂടെ സംതൃപ്തി തരുന്ന ഒരു സർജറിയായി മാറി. കിരാതദാസിന് ഓരോ സ്റ്റേജിന്റെയും ഫോട്ടോകൾ കാണിച്ച് ബോധ്യപ്പെടുത്തി.
പതിവുപോലെ അടുത്തദിവസം വീട്ടിലേക്കയച്ചു. ഒരാഴ്ച കഴിഞ്ഞ് വന്നപ്പോൾ സ്തനങ്ങളിൽ ഒരു വ്യത്യാസവും കണ്ടില്ല. തുടർചികിത്സക്ക് ഉപദേശം കൊടുത്ത് വീട്ടിലേക്കുവിട്ടു. അപ്പോഴും അറിയാൻ ബാക്കിവെച്ച ഒരു ചോദ്യം എന്റെ ചങ്കിൽ കുഴഞ്ഞ് കിടന്നു. അത് പറയാതിരിക്കാൻ അവരിരുവരും. എന്തുകൊണ്ടായിരിക്കാം എന്നോട് പറയാതിരിക്കുന്നത് എന്നാലോചിച്ച് ഞാനൊരൽപം നീറി.
ഒരാഴ്ച കഴിഞ്ഞു വന്നപ്പോൾ ഇരുവരുടെയും മുഖത്ത് സന്തോഷം തെളിയുന്നത് ഞാൻ കണ്ടു.
‘‘ഡോക്ടർ പറഞ്ഞപോലെ എറണാകുളത്തെ ഓങ്കോളജിസ്റ്റ് ഇവിടെ ചെയ്തതിൽ ഹാപ്പിയല്ല. അവരുടെ ഹോസ്പിറ്റലിൽ നിന്നും മാറെടുത്ത് കളഞ്ഞുവരാൻ പറഞ്ഞു. ഈ ചികിത്സയുടെ എല്ലാ റിവ്യൂകളും ഞങ്ങൾ വായിച്ചു. കീമോ ഇവിടെയാക്കാം. എനിക്ക് സമാധാനമായി.''
ഗായത്രിയെ വിളിച്ച് തുടർചികിത്സക്ക് ഏർപ്പാട് ചെയ്തു. ആ സമയങ്ങളിലും ഞാനെന്റെ ആകാംക്ഷ അവരുടെ മുന്നിലേക്ക് പറയാതെ പറയുന്നുണ്ടായിരുന്നു. ഒരുദിവസം പ്രസന്നയോട് കിരാതദാസിന്റെ പഴയകാലത്തെക്കുറിച്ച് ഓർമപ്പെടുത്തി. അതിലൊന്നും താൽപര്യമില്ലാതെ എന്റെ കുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ പ്രസന്ന ഒഴിഞ്ഞുമാറി.
കീമോയും റേഡിയേഷനും കഴിഞ്ഞ് അവർ പോയി. എന്റെ ചോദ്യംമാത്രം അവശേഷിച്ചു.
മാസങ്ങൾക്കുശേഷം കിരാതദാസും പ്രസന്നയും കുറച്ച് ഉപഹാരങ്ങളുമായി എത്തി. ഉപഹാരങ്ങൾ ഞാൻ മടക്കി.
ഉപഹാരം അരികിലേക്ക് വച്ച് കിരാതദാസും പ്രസന്നയും ഒരു സോഫയുടെ രണ്ടറ്റത്തായി ഇരുന്നു. ഇരുവരുടെയും മുഖം പ്രസന്നമായിരുന്നു.
‘‘ഡോക്ടറെ കണ്ട അന്നുമുതൽ ഞങ്ങളുടെ കാര്യം അറിയാനുള്ള ആകാംക്ഷയുണ്ടെന്ന് എനിക്ക് അറിയാം. ഡോക്ടറോട് ഇപ്പോൾ പറയണമെന്ന് തോന്നി. കോളേജ് പഠനകാലം എന്റെ സുവർണ്ണകാലം തന്നെയായിരുന്നു. പക്ഷെ, പഠനം കഴിഞ്ഞ് ജോലിയ്ക്ക് ഇതൊന്നും സഹായിച്ചില്ല. അങ്ങനെയാണ് ഞാൻ മെഡിക്കൽ റെപ്രസന്റേറ്റീവായത്. പിന്നീട് നമ്മുടെ ഗഫൂറിന്റെ സ്റ്റീൽ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി കയറി. അവിടെ കുറേ സ്റ്റാഫുണ്ട്. അവിടെ പാട്ടും കഥയെഴുത്തുമൊക്കെയായി അങ്ങനെ... ഗഫൂറിന് ഞാനൊരു അഭിമാനമാണ്. പഴയ സഹപാഠികൾ ആരു വന്നാലും എന്നെ ഗഫൂർ മുന്നിൽ നിർത്തും, പരിചയപ്പെടുത്തും. ഗഫൂറിന്റെ കച്ചവടത്തിലെ പ്രദർശനവസ്തു! പ്രായോഗികജീവിതത്തിലെ എന്റെ കഴിവുകേടിന് കിട്ടിയതാണ്. നല്ല പ്രതിഫലം തരും.''
ഞാൻ ഗഫൂറിന്റെ പഴയ പ്രവചനം ഓർത്തു.
‘‘കോളേജ് വിട്ട് ഒരു പത്തുകൊല്ലം കഴിഞ്ഞാൽ ഈ കിരാതദാസ് എവിടെ കിടക്കുന്നു, ഞങ്ങളെവിടെ കിടക്കുന്നു എന്നറിയാം.''
അതൊരു പ്രവചനം തന്നെയായിരുന്നു. പിന്നീടുള്ള കാലത്ത് ബക്കർ പൊലീസ് സൂപ്രണ്ടും, കാദർ കാസർഗോട്ടെ ജനപ്രിയ ഡോക്ടറും മഹമൂദ് ഗൾഫ് വ്യവസായിയും, ഗഫൂർ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ വ്യാപാരിയമായി മാറി. വിൻറ് മായീൻ ജമാ അത്തുകാരുടെ വലിയ നേതാവായി, താടിയും വെച്ച് അവരുടെ പ്രസ്ഥാനപത്രത്തിന്റെ വലിയ ആളായി, പഴയ പരിപാടികൾ തന്നെ തുടർന്നു. അവരെല്ലാം അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തി.
എങ്കിലും കിരാതദാസിനെ കൈവെടിഞ്ഞില്ലല്ലോയെന്ന് ഞാൻ ആശ്വസിച്ചു.
കിരാതദാസ് മൗനിയായപ്പോൾ ഞാൻ പ്രസന്നയുടെ നേരെ തിരിഞ്ഞു: ‘‘പ്രസന്ന ഒന്നും പറഞ്ഞില്ലല്ലോ...?''
‘‘എന്നെ പടച്ചോൻ സൃഷ്ടിച്ചതുപോലെത്തന്നെ രണ്ടുവട്ടം ഒരു കേടുംകൂടാതെ രക്ഷിച്ചുതന്നതല്ലോ, നന്ദിയല്ലാതെ ഞാനെന്ത് പറയാനാ ഡോക്ടറേ?''
അവ്യക്ത ചിത്രംപോലെ ഒരു സോഫയുടെ രണ്ടറ്റത്തായി കിരാതദാസും പ്രസന്നയും അങ്ങനെത്തന്നെ ഇരുന്നു. ഇരുവരും ഒരുമിച്ചുവോ? അന്ന് പറയാതിരുന്നതിന്റെ കുറ്റബോധം എനിക്ക് ഇറക്കിവയ്ക്കാമോ? എന്നറിയാതെ ഞാനൊരൽപനേരം ആശങ്കയിലായി.
കിരാതദാസും പ്രസന്നയും സോഫയിൽ നിന്നും എഴുന്നേറ്റ് അവർക്കിടയിൽ വച്ചിരുന്ന ഉപഹാരം എന്റെ നേരെ വീണ്ടും നീട്ടി. സന്തോഷപൂർവ്വം ഞാനത് മടക്കി.
‘‘ഡോക്ടറ് ഇങ്ങനെ വാങ്ങാറില്ലെന്നറിയാം. പക്ഷെ, ഞങ്ങൾക്ക് പല സമയത്തും ദൈവത്തെപ്പോലെയാണ് രക്ഷകനായിട്ടുള്ളത്. അതുകൊണ്ട് ഞങ്ങളുടെ സന്തോഷത്തിനായി ഇത് വാങ്ങണം.''
‘‘ഞാനൊരു ദൈവവുമായിട്ടില്ല. ഞാനന്ന് കിരാതദാസിനോട് പറഞ്ഞിരുന്നെങ്കിൽ.....? ഞാൻ പറഞ്ഞില്ലല്ലോ....!''
‘‘അതുതന്നെയാ ഞാൻ ദൈവമാണെന്നും പറഞ്ഞത്. ദൈവത്തിന്റെ ചില കളികളുണ്ട് ഡോക്ടറെ. അത്രയേറെ ആഗ്രഹിക്കുമ്പോൾ ഒരൽപം ദൂരത്തേക്ക് അതിനെ മാറ്റിവയ്ക്കും. പിന്നെയും അടുത്തെത്തുമ്പോൾ അൽപംകൂടി ദൂരേക്ക്. അത്രയേറെ ശ്രമിച്ച് നേടുമ്പോഴുള്ള മധുരം ഇരട്ടിയാണ്.''
കിരാതദാസും പ്രസന്നയും ആ ഉപഹാരപ്പൊതി അവിടെ വെച്ച് സന്തോഷത്തോടെ ഇറങ്ങിപ്പോയി. അവർ കടന്നുപോയ വഴിയിലേക്ക് ഞാൻ നോക്കിനിന്നു. ഉപഹാരപ്പൊതിയുടെ മുകളിലെ മാപ്പിലത്തോ കടലാസിൽ അജ്ഞാതമായ ഏതോ ചിത്രം വരഞ്ഞുതുടങ്ങിയതായി തോന്നി.
എങ്കിലും, അന്ന് ഞാൻ പ്രസന്നയുടെ ഇഷ്ടം പറഞ്ഞിരുന്നെങ്കിൽ... ▮