ചിത്രീകരണം : ഹൃദയ്

കാലമാടനും പൂപ്പടേം

ക്കരപ്പൊന്തയിലുള്ള ലൈറ്റ്ഹൗസിന്റെ മണ്ടയ്ക്കുകേറിനിന്ന് വടക്കുകിഴക്കൻ ദിക്കിലേക്ക് നോക്കിയാൽ കാണാനൊക്കുന്നത് വലിയൊരു പച്ചവട്ടം പോലുള്ള കരിമ്പിൻപാടോം, പാടത്തിന്റെ അതിരുകളിലെ കൈതക്കാടുകളും, അവയ്ക്കിടയിൽ ഇടവിട്ടിടവിട്ടുള്ള ചില മാടങ്ങളും, ഓലപ്പുരകളും മാത്രമാണ്. കരിമ്പിൻപാടത്തിനും കിഴക്കായി കരിവേലൻകായലുണ്ട്. കായലിന്റെ ഒരു കൈവഴി പടിഞ്ഞാട്ടൊഴുകി കടലിന് കൈകൊടുക്കുമ്പോൾ, പൊഴിയ്ക്കപ്പുറത്ത് അക്കരപ്പൊന്തയെന്നൊരു ദ്വീപ് കായലോളങ്ങളും കടൽക്കാറ്റുമേറ്റ് മഞ്ഞിന്റെ മൂടാപ്പിൽ പുതഞ്ഞുകിടക്കുന്നത് കാണാം.

‘‘ഇവിടുന്നുനോക്കിയാൽ കൊടങ്ങലിന്റെ ഇലപോലൊള്ളൊരു ഉരുവമായിട്ടേ കാണത്തൊള്ളേലും ഏടാകൂടംപിടിച്ചൊരു ദ്വീപാണത്...’’, ലൈറ്റ്ഹൗസിന്റെ പുതിയ വാച്ചറായി ചാർജ്ജെടുത്ത ലോനാക്കുഞ്ഞിനോട്, അക്കരപ്പൊന്തയെപ്പറ്റി വിശദീകരിച്ചുകൊടുത്തത് വിരമിക്കലിന്റെ വക്കിലെത്തിനിൽക്കുന്ന ഓവർസിയർ ഉണ്ണിപ്പിള്ളയായിരുന്നു.

‘‘...വേട്ടേം, വാറ്റും, അല്ലറച്ചില്ലറ കൂടോത്രോം, കാട്ടുമരന്നുമൊക്കെയായിട്ട് പെഴച്ചുപോന്ന വില്ലാടന്മാരുമാത്രം ഒള്ളൊരു എടവായോണ്ട്, അവിടോട്ടൊരു പാലം പണിയാനൊന്നും സർക്കാരിതുവരെ മെനക്കെട്ടിട്ടില്ല. വല്ല വള്ളത്തേലോ കൊട്ടവഞ്ചിയേലോ ഒക്കെ കേറിയാൽ അങ്ങോട്ട് പോവാം.''
‘‘പിള്ളേച്ചൻ എപ്പഴേലും അങ്ങോട്ടൊക്കെ പോയിട്ടൊണ്ടോ..?''
‘‘ഓ ഇല്ലന്നേ. എനിക്കറിയാവുന്നോരടെ ഒരു ലിസ്റ്റെടുത്താത്തന്നെ, നമ്മടെ സെക്ഷനിൽ കൊറേക്കാലം മുമ്പ് എ.ഇ ആയിട്ടൊണ്ടാരുന്ന സഞ്ജയൻസാറാ ആകപ്പാടെ അങ്ങോട്ട് പോയിട്ടൊള്ളത്. അങ്ങേർക്ക് പിന്നെ പോകാവല്ലോ.. ഒറ്റാന്തടി, മുന്നുംപിന്നും നോക്കാത്ത സൊഭാവം, കണ്ടാലോ... ഒരു നെടുവിരിയൻ കക്ഷി. പിന്നെന്തോ പേടിക്കാനാ..?!''
‘‘അല്ലേത്തന്നിപ്പോ എന്തോപേടിക്കാനാ..?''
‘‘പേടിക്കാനെന്തുവാന്ന് ചോദിച്ചാ ഞാനെന്തോ പറയാനാ... അവിടം ഇച്ചിരി ഡിഫറന്റാ കുഞ്ഞേ. പൊതുവേ ഇവന്മാര്... ഈ വില്ലാടന്മാര് നമ്മളോടൊന്നും അത്രകണ്ട് അടുക്കുന്ന കൂട്ടരല്ല. എന്നുവച്ചാൽ, കൊറച്ചുകാലം മുന്നേവരെ ഇക്കരേന്ന് ഒരുത്തനെങ്ങാനം അവിടെ ചെന്നുപെട്ടാൽ, ഇഞ്ചപ്പരുവത്തിലല്ലാതെ തിരിച്ചുപോരാനൊക്കത്തില്ലാരുന്നു. വിശറ് പൊതിയുന്നപോലത്തെ അവസ്ഥയാ. ഇപ്പോ പക്ഷേ അങ്ങനൊന്നുവല്ലെന്നാ അങ്ങേര് പറഞ്ഞത്.''
‘‘പുള്ളി എന്തോത്തിനാ അന്ന് അങ്ങോട്ട് പോയത്...?''
‘‘വില്ലാടന്മാർക്ക് അവിടൊരു കോവിലൊണ്ട്. അവിടുത്തെ ഉത്സവം കൂടാൻ... ഈ കോവിലെന്നൊക്കെ കേൾക്കുമ്പോൾ ചുറ്റുമതിലും എഴുന്നള്ളത്തും പള്ളിവേട്ടേം പകൽപ്പൂരോമൊക്കെയൊള്ള ഏർപ്പാടാന്നൊന്നും നെനച്ചേക്കരുത് കേട്ടോ. ഇതൊരു ചെറിയ സെറ്റപ്പ്. മറുതാച്ചിനടയെന്നാ അവന്മാര് പറയുന്നത്. പട്ടച്ചാരായോം പച്ചയിറച്ചീമാണ് അവിടുത്തെ മെയിൻകോഴ്സ് നേദ്യം. നേരുപറഞ്ഞാൽ സഞ്ജയൻസാറ് പറഞ്ഞതുകേട്ട അറിവേ എനിക്കൊള്ളു.
വില്ലാടത്തിമറുതയാണ് അവിടുത്തെ പ്രതിഷ്ഠ. ഭയങ്കര പവറൊള്ള കക്ഷിയാ. വിളിച്ചാൽ വിളിപ്പൊറത്താ. പക്ഷേ, വിളിക്കണ്ടപോലെ വിളിക്കണം. കോവിലിലെ പൂജയും, പിന്നെ അല്ലറ ചില്ലറ കൂടോത്ര പരിപാടിയുവൊക്കെയായിട്ട് നിക്കുന്ന വില്ലാടൻപൂശാരി ഒരു വട്ടയിലയെടുത്ത് കുമ്പിളുകുത്തി, അതിന്റകത്ത് ഇച്ചിരി ഇറച്ചീം കൊറച്ച് ചാരായോം ഒക്കെയായിട്ട് ആശാട്ടീടെ മുമ്പിലോട്ട് ചെല്ലും. എന്നിട്ട് നടയ്ക്കലെ കൊമ്പാളേൽ ചാലിച്ചുവെച്ചേക്കുന്ന ചാന്തിനകത്തൂന്ന് ഇച്ചിരി തോണ്ടിയെടുത്ത് നെറ്റിക്കും നെഞ്ചത്തും തേച്ചിട്ട് രണ്ട് റൗണ്ട് തെറിപ്പാട്ടാണ്...

‘കൂത്തിച്ചിമോളായ മറുതാച്ചിയിന്നെന്റെ മുമ്പിൽ വരേണം വിളങ്ങീടണം. മാമലപോലുള്ള മൊലകൾ ചൊരത്തി നീ ഇന്നെന്റെ മക്കൾക്ക് കനിവേകണം...'

...എന്നും ചൊല്ലി തൊടങ്ങുന്ന തെറിപ്പാട്ട് പിന്നങ്ങോട്ടൊരു കത്തിക്കേറലാണ്. പുളിച്ചുതെകട്ടുന്നപോലത്തെ പത്തിരുപത്തഞ്ച് വരികൾടെ ഒടുക്കം ഈ തെറിപ്പാട്ട് അങ്ങോട്ട് തീരുമ്പഴേക്കും വില്ലാടൻപൂശാരി നിന്നനിപ്പിൽ വെട്ടിവെറയ്ക്കാൻ തൊടങ്ങും. എന്നിട്ടൊരോട്ടവാണ്. തൊട്ടുപൊറകിലെ കാലമാടന്റെ കുര്യാലേലോട്ട്. കോവിലിലെ പിന്നൊള്ളൊരു പ്രതിഷ്ഠയാണ് ഈ പറഞ്ഞ കാലമാടൻ. കക്ഷിയും ആളത്ര ചില്ലറപ്പുള്ളിയൊന്നുവല്ല. അടുത്ത റൗണ്ട് തെറിപ്പാട്ട് പിന്നെ കാലമാടന്റെ മുമ്പിലാണ്. അതെന്തിനാന്നുവച്ചാൽ, ദുരിതോം പറഞ്ഞ് വന്നോര്‌ടെ പ്രശ്‌നങ്ങളൊക്കെ തീർത്തോളാമെന്ന് മറുതാച്ചി ഏറ്റിട്ടൊണ്ട്, അതിന്റെടേലോട്ടിനി വിജാഗിരിവെക്കാൻ കാലമാടൻ ചെന്നേക്കരുതെന്നുള്ള താക്കീതായിട്ടാ ഈ തെറിവിളി. അങ്ങനെ രണ്ടുപേര്‌ടെ അടുത്തും എട്ടുനാടുംപൊട്ടുന്ന ഭോഷത്തം പറഞ്ഞേച്ച് ഒരുതൊടം ചാരായമെടുത്ത് പൂശാരി കട്ടയ്ക്കങ്ങ് കുടിക്കും. ഒരോ തൊടംവീതം വന്നോർക്കും കൊടുക്കും. വന്നവരിൽ ആരേലുമൊരാളേലും, ഒരു കൈക്കുമ്പിളേലും കുടിച്ചേ ഒക്കത്തൊള്ളു. എന്നെങ്കിലേ വന്നകാര്യത്തിന് നല്ലതീർപ്പ് ഒണ്ടാകത്തൊള്ളെന്നാ വില്ലാടന്മാര്‌ടെ വിശ്വാസം.''
‘‘ഇത്രയൊക്കെ കേട്ടേച്ചും അവിടോട്ടൊന്ന് പോവാൻ പിള്ളേച്ചനിതുവരെ തോന്നാത്തതൊരു അതിശയംതന്നാ കേട്ടോ.''
‘‘തോന്നീട്ടൊക്കെയുണ്ട്. എന്നാലും, ചങ്കിന്റുള്ളില് ചെറിയൊരു പേടി.''
‘‘ഹാ, എന്തോ പേടിക്കാനാന്നേ... നിങ്ങടെ മറ്റങ്ങേര് അവിടെ പോയേച്ച് പുട്ടുപോലെ തിരിച്ചെറങ്ങിവന്നില്ലേ. പിന്നെന്തുവാ..? ഇനിയതല്ലാ ഇപ്പഴും പണ്ടത്തെപ്പോലെ എന്തേലും പ്രശ്‌നം ഒണ്ടാരുന്നേല് അയാള് ഉയിരോടെ തിരിച്ചുപോരുവാരുന്നോ, ഏഹ്?''
‘‘എടാ കുഞ്ഞേ, അതുപിന്നെ അന്ന് അങ്ങേര് പോയപ്പോ, അയാൾടെ പാങ്ങിനും പരുവത്തിനുമൊത്ത വില്ലാടനൊരുത്തനെ അവിടുന്ന് കിട്ടീട്ടല്ലിയോ. ഒരുപരുവത്തിന് അവനെ വടകി നിർത്താനായിട്ട് അരക്കുപ്പി നാടൻവെള്ളോം ചുട്ട കരുവാടുമൊക്കെ വാങ്ങികൊടുത്ത് പറ്റിക്കൂടിനിന്നത്‌കൊണ്ടാ അങ്ങേർക്കന്ന് കാര്യംകാണാൻ ഒത്തത്.''
ഒന്നു നിർത്തിയിട്ട് ഉണ്ണിപ്പിള്ള ഇത്രയുംകൂടി കൂട്ടിച്ചേർത്തു, ‘‘ഉത്സവോം കെട്ടിമറിയലുവൊക്കെ കഴിഞ്ഞ് മൂന്നിന്റന്ന് ഇങ്ങോട്ടു കേറിവന്നേച്ച് പുള്ളി പറഞ്ഞതെന്തുവാന്നറിയാവോ, അവന്മാരെവിടെ ചാരായംകൊണ്ട് അവരാതിക്കുവാന്ന്.''
ലോനാക്കുഞ്ഞൊന്ന് പുഞ്ചിരിച്ചു. ഉള്ളിലല്പം ഉറക്കെയും

ദ്വീപിനെകുറിച്ച് സഞ്ജയൻ സാറ് പറഞ്ഞ വിവരണങ്ങളെല്ലാംകൂടി മനസ്സിലിട്ട് പരുവപ്പെടുത്തിക്കൊണ്ടാണ് അക്കരപ്പൊന്തയിലേക്കുള്ള തോണിയിൽ ഉണ്ണിപ്പിള്ള കുത്തിയിരുന്നത്. അയാളെ മുട്ടിയിരുന്നതിനാലാകാം, ചെല്ലാനിരിക്കുന്ന ദ്വീപിന്റെ ഭൂമിശാസ്ത്രം ലോനക്കുഞ്ഞിനും ഏറെക്കുറെ വ്യക്തമായി.

ക്കരപ്പൊന്തയുടെ ഒരു ആകാശദൃശ്യമെടുത്താൽ, ദ്വീപിന്റെ മദ്ധ്യബിന്ദുവായി കാണാനൊക്കുക വില്ലാടൻ കോവിലായിരിക്കും. കോവിലിനുചുറ്റും ഉണ്ടായിരുന്ന കാടിനെ ഏകദേശമൊരു മുന്നൂറു വാരയോളം വൃത്തത്തിൽ വെട്ടിവെളുപ്പിച്ചെടുത്ത്, കാഴ്ചത്തറയെന്ന വിളിപ്പേരിട്ട് കോവിലിന്റെതന്നെ ഭാഗമാക്കിയിട്ടുണ്ട്. കാടൊഴിപ്പിച്ചെടുത്ത കാഴ്ചത്തറയുടെ അതിരുകളിൽനിന്നും വശങ്ങളിലേക്ക് പടർന്നുതുടങ്ങുന്ന വില്ലാടക്കുടിലുകൾ പടർപ്പുനീണ്ട് കാട്ടിലേക്ക്, കാടിന്റെ കടുംകെട്ടുകളിലേക്ക് ഇഴചേർന്ന് കിടക്കുന്നു.

കടവുമുതൽ കോവിൽവരെയുള്ള ദൂരമത്രയും താണ്ടാൻ ആകെയുള്ളൊരു മാർഗം കാൽനട മാത്രമാണ്. ആദ്യം കടക്കേണ്ടത് കാടാണ്. കാലങ്ങളായി നടന്നുനടന്ന് ഉരുവപ്പെട്ട ചവിട്ടടിപ്പാതകളെ പിന്തുടർന്ന് മുന്നോട്ടുപോകുമ്പോൾ, പിന്നിടാനായ് അവശേഷിക്കുന്ന വഴികളൊക്കെയും പലപ്പോഴായി പലയിടങ്ങളിൽ പിരിഞ്ഞും, മറ്റുപല ഇടവഴികളെ ഖണ്ഡിച്ചും പിണഞ്ഞും ഇടുങ്ങിയും പിന്നെയുമൊരുപാട് മുന്നോട്ടുനീളുന്നതായി കാണാം. നീണ്ടുപോകുന്ന ഊടുവഴികൾക്കു മുകളിലേക്കായി വളർന്നുവളഞ്ഞുനിൽക്കുന്ന മാമരങ്ങളുടെ നിഴലുകളിൽ പുരണ്ട്, ദ്വീപിലെ ഇരവിനും പകലിനും സദാ ഒരുതരം ഇരുണ്ട ഛായയാണ്. ഞാവലും ഞാറയും മൂർക്കറ്റവും പിന്നെ മറ്റുപല മരങ്ങളുംചേർന്ന് കൊഴിച്ചിടുന്ന ഇലകളും കായ്കളും വീണളിഞ്ഞ് വഴുക്കുന്ന വഴികൾ പേറുന്ന വിജനത നേർത്തുതുടങ്ങണമെങ്കിൽ, വില്ലാടൻകോവിലിൽനിന്നും സുമാർ ആറരനാഴിക നടപ്പുദൂരം ഇപ്പുറത്തായുള്ള അദ്യത്തെ വില്ലാടക്കുടിലെങ്കിലും ദൃശ്യമായിത്തുടങ്ങണം.

കുടിലുകൾ കണ്ടുതുടങ്ങുന്നതോടെ കാടിന്റെ ഗാഢത അല്പമൊന്ന് നേർത്ത്, നടപ്പാതയിലേക്ക് കൊറേശ്ശെയായി വെയിൽവെട്ടം വീണുതുടങ്ങും. അന്തരീക്ഷത്തിലെമ്പാടും ചുട്ടയിറച്ചിയുടെയും, തിളച്ചുമറിയുന്ന കോടയുടെയും മണം പരക്കും.

നാലോ അഞ്ചോ കുടിലുകളുടെ ചെറുകൂട്ടങ്ങളായി പാർക്കുന്ന വില്ലടന്മാർക്ക് പൊതുവായി ഒറ്റയൊരു വെപ്പുപുര മാത്രമായിരിക്കും ഉണ്ടാകുക. അതിന്റെ ഒരുകോണിൽ വില്ലാടത്തിപ്പെണ്ണുങ്ങൾ ഇറച്ചി ചുടുമ്പോൾ, മറ്റൊരു കോണിൽ വില്ലാടന്മാർ കലങ്ങളടുക്കി ചാരായം വാറ്റും. ചിലപ്പോൾ തിരിച്ചും.
വാറ്റാനാവശ്യമുള്ള ശർക്കരയും, ചുട്ടുതിന്നാനാവശ്യമുള്ള ഇറച്ചിയും- അതിപ്പൊ ഉടുമ്പോ, വെരുകോ, മുള്ളൻപന്നിയോ, മരപ്പട്ടിയോ ആണെങ്കിൽ കാട്ടിൽനിന്നുതന്നെ കെണിവെച്ചോ, ഓടിച്ചിട്ട് തല്ലിക്കൊന്നോ തരപ്പെടുത്തും. അതല്ലാതെ വല്ല പന്നിയോ മൂരിയോ വേണമെന്നാണെങ്കിൽ- ഇക്കരെപ്പൊന്തയിൽനിന്നും വള്ളത്തിലെത്തിക്കും.

അലിയിച്ച ശർക്കരയ്‌ക്കൊപ്പം അഴുകിത്തുടങ്ങിയ ചവർപ്പൻ ഞാവൽപ്പഴങ്ങൾ ചേർത്ത് പുളിപ്പിച്ചെടുക്കുന്ന കോട വെപ്പുപുരയുടെ വിറകടുപ്പിലിരുന്ന് തിളയ്ക്കുമ്പോൾ, പുല്ലുമേഞ്ഞ പുരയുടെ പലവിധ പഴുതുകളിലൂടെ പുകക്കൂട്ടങ്ങൾ കെട്ടഴിഞ്ഞ് പുറത്തുകടക്കും. അവ കാട്ടുമരങ്ങൾക്കിടയിൽ മേഞ്ഞുനടക്കും. അല്പമകലെയുള്ള വില്ലാടക്കൂട്ടമുതിർക്കുന്ന പുകയിണകളെ തേടിപ്പിടിക്കും. അവയുമായി വേഴ്ചയിലേർപ്പെട്ട്, പലദിക്കുകളിലേക്കായ് കൂട്ടംപിരിയും.
അകന്നകന്ന് കാണപ്പെടുന്ന വില്ലാടക്കൂട്ടങ്ങൾക്കോരോന്നിനുമിടയിലുള്ള ദൂരത്തെ, നെടുകെയും കുറുകെയും കടന്നുപോകുന്ന ചവിട്ടടിപ്പാതകൾ ചേർന്ന് കളംതിരിച്ചിട്ടിരിക്കും. അത്തരം കളങ്ങൾ പലതുതാണ്ടി, നാഴികയാറ് നടന്നാലാണ് കാഴ്ചത്തറയിലെത്തുക.

കാഴ്ചത്തറയോടടുക്കുന്നതോടെ വില്ലാടക്കുടിലുകളുടെ കൂട്ടങ്ങൾ തമ്മിലുള്ള അകലം കുറയുന്നതായും, കൂട്ടങ്ങളിൽ ചിലതിന്റെ അടുക്കുപിരിഞ്ഞ് ഒറ്റക്കുടിലുകളായി മാറുന്നതായും, നടപ്പാതയ്ക്ക് ആരംഭദശയിലുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടിയോളം വീതിയേറിയിട്ടുള്ളതായും, വന്മരങ്ങളുടെയൊക്കെ കൊമ്പുകൾ പത്തടിയോളം പൊക്കത്തിൽ കോതി ഒതുക്കിയിട്ടുള്ളതായും തോന്നിത്തുടങ്ങും.
കാഴ്ച്ത്തറയിലേയ്ക്കിറങ്ങി ചുറ്റുപാടുമൊന്ന് കണ്ണോടിച്ചാൽ, ദിക്ക് എട്ടും തമ്മിൽ വേർതിരിച്ചറിയാനാകാത്തത്ര സമാനതകളാണ് അനുഭവപ്പെടുന്നത്. ഏകദേശം ഒരേ ഉയരത്തിൽ മാനംമുട്ടിനിൽക്കുന്ന മാമരങ്ങളും, അവയ്ക്കിടയിലൂടെ കൃത്യമായ അകലങ്ങൾ പാലിച്ച് കാഴ്ചത്തറയിലേക്ക് വന്നെത്തുന്ന എട്ട് വമ്പൻ കാട്ടുപാതകളും, വഴികളുടെ അരികുപറ്റി കാട്ടിനുള്ളിൽനിന്നും തുറിച്ചുനോക്കുന്ന വില്ലാടക്കുടിലുകളും, ഉൾക്കാടിന്റെ മുരളിച്ചകളും, പക്ഷിക്കലമ്പലുകളും, കാഴ്ച്ത്തറയ്ക്ക് നടുവിലെ കരിങ്കല്ലൊതുക്കിന് മുകളിലായുള്ള വില്ലാടൻകോവിലുമെല്ലാംകൂടി കാട്ടിനുള്ളിലെ കരിമണൽവൃത്തത്തിലേക്ക് നൂലിൽക്കെട്ടിയിറക്കുന്നത് അതിനിഗൂഢതയുടെ കിരാതരൂപങ്ങളെയാണ്.

ക്കരപ്പൊന്തയിൽ കടത്തിറങ്ങുന്നതിനു മുൻപേ, അവർക്കൊപ്പം തോണിയിലുണ്ടായിരുന്ന വില്ലാടനൊരുത്തനോട് കുശലം പറഞ്ഞും, വെളുക്കെ ചിരിച്ചും ലോനാക്കുഞ്ഞ് സ്ഥാപിച്ചെടുത്ത അടുപ്പത്തിന്റെപേരിലാണ്, കാട്ടുവഴിയിലൂടെയുള്ള നടപ്പിനിടയിൽ ദ്വീപിനെക്കുറിച്ചുള്ള ഐതീഹ്യക്കഥകൾ അവൻ വിസ്തരിച്ചുകൊടുത്തത്. ഇരുട്ടും തണുപ്പും കാട്ടുകലമ്പലുകളും ചേർന്ന് ഉൾക്കാട്ടിലൊരുക്കുന്ന ഭീതിയുടെ ചുറ്റുപാടിൽ അവൻ പറഞ്ഞ കഥകളത്രയും, ഇക്കരപ്പൊന്തക്കാരിരുവരുടെയും ഉള്ളിലേക്ക് ആശ്ചര്യം നിറയ്ക്കുന്നതോടൊപ്പം പേടി കലർത്താനും ഉതകുന്നവയായിരുന്നു.

‘‘ശരിക്കുംപറഞ്ഞാ മറുതാച്ചിയമ്മേടെ മോനാണ് നമ്മടെ കാലമാടൻസാമി. എട്ടുദിക്കിനേം പതിനാലുലകിനേം വെരട്ടിനിർത്തിയിരുന്ന മറുതാച്ചിയമ്മയ്ക്ക് ഒരു കുഞ്ഞിനെ പെറണമെന്നും, അതിനെ പോറ്റിവളർത്തണമെന്നുമൊക്കെ വലിയ മോഹവാരുന്നു. എന്നാൽ പുള്ളിക്കാരിത്തീടെ മുന്നിൽച്ചെന്ന് നിക്കാൻപോലും പേടിയൊള്ള അന്നത്തെ ദൈവത്താന്മാർക്ക് കൊച്ചിനെ ഒണ്ടാക്കാനൊന്നുമുള്ള പാങ്ങില്ലെന്ന് പുള്ളിക്കാരിക്ക് മനസ്സിലായി. അതുകൊണ്ട്, രണ്ടുംകല്പിച്ച മാറുതാച്ചിയമ്മ ഒരുദിവസം അക്കരപൊന്തേലോട്ട് കേറിവന്നിട്ട് കൊടുംകാടിന്റെ എട്ടുദിക്കിലേം കാവലാളുകളായ കാട്ടുകാവലീശന്മാരെ വിളിച്ചുവരുത്തി. കാര്യം എന്തുവാന്നറിയാതെ പേടിച്ചരണ്ട് ഓടിപ്പാഞ്ഞുവന്ന അവരുടെ മുന്നിൽവച്ച് തന്റെ പച്ചിലചേലകളോരോന്നായിട്ട് പുള്ളിക്കാരി അഴിച്ചഴിച്ചെറിഞ്ഞു. മറുതാച്ചിയുടെ ചെയ്തികളൊക്കെക്കൂടി പെട്ടെന്നുകണ്ടപ്പോൾ കാട്ടുകാവലീശന്മാരടെ നെഞ്ചിന്റകത്ത് ഇച്ചിരിച്ച പേടിയൊക്കെ ഒണ്ടാരുന്നേലും, പോകെപ്പോകെയുള്ള മട്ടും മാതിരിയുമൊക്കെ കണ്ടുകണ്ടാകണം കക്ഷികളിൽ ഒരാളൊഴികെ- പെറന്നപടി നിൽക്കുന്ന മറുതാച്ചിയുടെ ഉരുവം കണ്ട് പേടിച്ച് ഇടംവിട്ട് ഓടിപ്പോയ തെക്കുദിക്കിന്റെ കാവലീശനൊഴികെ- ബാക്കിയെല്ലാരുടേം പേടിയൊക്കെ അങ്ങോട്ട് മാറി കക്ഷികൾ ഉഷാറായി. പക്ഷേ, അവിടെ അവർക്ക് പിഴപ്പറ്റി.

പിന്നീട് വില്ലാടൻ പറഞ്ഞ കാര്യങ്ങളൊക്കെ സഭയിൽ പറയാനൊക്കുന്ന ഭാഷയിലാക്കി ലോനാക്കുഞ്ഞ് മനസ്സിലോർത്തു.

തന്നെ കണ്ടുമോഹിച്ച് ശുക്ലം സ്​ഖലിച്ചവരുടെയത്രയും ബീജത്തോടൊപ്പം മറുതാച്ചിയമ്മ ഊറ്റിയെടുത്തത് അവരുടെ ഉയിരുകൂടിയായിരുന്നു. ബീജവും ഉയിരും നഷ്ടപ്പെട്ട് ഏഴ് കാവലീശന്മാരും ചത്തുവീണപ്പോൾത്തന്നെ മറുതാച്ചിയമ്മ കാലമാടനെ പെറ്റിട്ടു. ചോരക്കുഞ്ഞിന് മുലപ്പാലൂട്ടി. പാലിനൊപ്പം കൊറേശ്ശെയായി ചുരത്തിക്കൊടുത്ത ചോരകൂടിയായപ്പോൾ, കണ്ടുകണ്ടുനിന്ന നിമിഷങ്ങൾക്കുള്ളിൽത്തന്നെ കാലമാടൻ വളർന്നങ്ങ് വലുതായി. തന്നോളംപോന്ന പുള്ളയ്ക്കുവേണ്ടി ഏഴിലംപാലയുടെ കാതൽ കടഞ്ഞെടുത്തൊരു ഗദയും, കുമ്പിൾത്തടിച്ചട്ടമേൽ കൈതോല മെടഞ്ഞുകെട്ടി എട്ട് പോത്തിനെ പൂട്ടിയൊരു തേരും സമ്മാനിച്ചുകൊണ്ട്, കാവലാളൊഴിഞ്ഞ എട്ടുദിക്കുകളുടെയും അധിപതിയായി മറുതാച്ചിയമ്മ കാലമാടനെ അവരോധിച്ചു.

ദിക്കുകൾക്കതിരുകളിലൂടെ തേരോട്ടം നടത്തിയ കാലമാടൻ, ദിക്കേഴിലും വീരത്ത്വം പ്രകടിപ്പിച്ച് ഗദയും കുലുക്കി തെക്കൻദിക്കിൽ എത്തിയപ്പോൾ, തന്റെ പിറവിയ്ക്കുംമുൻപ് ജീവനുംകൊണ്ടോടിയ തെക്കുദിക്കിന്റെ കാവലീശനെ കണ്ടുമുട്ടി. കാലമാടനെ എതിരിട്ടുജയിച്ച് തെക്കൻദിക്കിലെ തന്റെ ആധിപത്യം നിലനിർത്താനാകില്ലെന്ന് മനസ്സിലാക്കിയ കാവലീശൻ തന്റെ സ്ഥാനം സ്വയമൊഴിയുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കി, പോരിനൊരുമ്പെടാതെ പിൻവാങ്ങി. പിൻതിരിഞ്ഞോടിയ കാവലീശനെ ഒരലർച്ചകൊണ്ട് പോക്കുവിലക്കി, മറ്റൊരുദിക്കിലും കാവലാൾ സ്ഥാനംപേറുന്ന ആരെയും താൻ കണ്ടിരുന്നില്ലല്ലോ എന്ന സംശയം കാലമാടൻ ചോദിച്ചു. ആ ചോദ്യത്തിൽനിന്നുമാണ് മറുതാച്ചിയമ്മയും കാലമാടൻസ്വാമിയും തമ്മിലുള്ള പോരിന് കളമൊരുങ്ങുന്നത്.

കാലമാടന്റെ സംശയത്തിനുള്ള മറുപടിയായി അവന്റെ പിറവിയ്ക്കും, അവന്റെ പിതാക്കന്മാരായ തന്റെ സഹോദരങ്ങളുടെ കൂട്ടക്കൊലയ്ക്കും പിന്നിലെ കഥകളത്രയും വിവരിച്ചശേഷം തനിക്കിനി മറുതാച്ചിയിൽനിന്നും രക്ഷയുണ്ടാകില്ലെന്ന ബോധ്യത്തിന്മേൽ, കാലമാടന്റെ തേരിൽ പൂട്ടിയിരുന്നൊരു പോത്തിന്റെ കൊമ്പാടിച്ച് തെക്കുദിക്കിന്റെ കാവലീശൻ സ്വയം കഴുത്തിൽ കുത്തി ചത്തു.
തന്റെ പിതാക്കന്മാരുടെ ചാവുകഥ അറിഞ്ഞ കാലമാടൻ പതിനാലുലകുനീണ്ട തിരഞ്ഞുനടപ്പിനൊടുവിൽ തന്റെ പേറ്റുപുരയായ അക്കരപൊന്തയിലെത്തിയിട്ടും, അവനുമുന്നിൽ വെട്ടപ്പെടാനായി മറുതാച്ചിയമ്മ തയ്യാറായില്ല. കാലമാടന്റെ കൈയ്യിൽ ഗദയുള്ളിടത്തോളം കാലം, അവനെ നേർക്കുനേർനിന്ന് എതിരിട്ടു ജയിക്കാനാകില്ലെന്ന ബോധ്യംതന്നെയായിരുന്നു അതിനുകാരണം. നേരമേറെ നീണ്ടുപോകെ തത്സ്ഥിതിയ്ക്കൊരു മാറ്റവുമില്ലാതെ തുടർന്നാൽ, കൺമുന്നിൽ കാണുന്ന ജന്തുജാലങ്ങളെയൊക്കെയും അവൻ മുച്ചൂടുംമുടിച്ചേക്കുമെന്ന ആശങ്കയിൽ, തന്റെ ഇടംകൈയ്യിലെ ചെറുവിരലൊടിച്ച് തന്റെതന്നൊരു രൂപമുണ്ടാക്കി മറുതാച്ചിയമ്മ കാലമാടനു മുന്നിലേക്കയച്ചു. കലിതുള്ളിനിന്ന കാലമാടന്റെ മുന്നിലേക്ക് കടന്നുവന്ന മറുതാച്ചിയമ്മയുടെ രൂപം കണ്ടതോടെ, തേർത്തടത്തിൽ ഗദ അമർത്തിയടിച്ച് അലറിക്കൊണ്ട് അവൻ പാഞ്ഞുചെന്നു. കഴുത്തിൽ കടിച്ച് ചോരകുടിക്കാനും കലിയടക്കാനുമുള്ള ആവേശത്തള്ളിച്ചയിൽ, കാലമാടൻ തന്റെ കൈയ്യിൽ കരുതിയിരുന്ന ഗദ വലിച്ചെറിഞ്ഞു. തേരും ഗദയുമുപേക്ഷിച്ച് പായുന്ന കാലമാടനെ മറുതാച്ചിയമ്മ തന്റെ മായാശക്തിയാൽ വരിഞ്ഞുകെട്ടി ചിതൽപ്പുറ്റിനുള്ളിൽ കുടിയിരുത്തി. കാവലിനായി കരിഞ്ചിതൽ മാടന്മാരെയും നിർത്തി.

മായാജാലത്തിൽ എള്ളിട പിന്നിലല്ലാത്ത കാലമാടൻ മാറുതാച്ചിയമ്മ കെട്ടിയ കെട്ടുകൾ ഓരോന്നായി പൊട്ടിക്കുമ്പോൾ, കാവൽ നിൽക്കുന്ന കരിഞ്ചിതൽ മാടന്മാർ ഓരോരുത്തരായി ചാവുകയും അവരുടെ ആത്മാക്കൾ മറുതാച്ചിയമ്മയ്ക്ക് ദൂത് എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ദൂത് കിട്ടുന്നമുറയ്ക്ക് കെട്ടുകൾ വീണ്ടും ബലപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ മറുതാച്ചിയമ്മയും ചെയ്തുപോന്നു. കാലം ഒരുപാട് കഴിഞ്ഞിട്ടും, ഒട്ടുമേ അടങ്ങാത്ത കാലമാടന്റെ കലിയ്ക്കുമുന്നിൽ കാവൽനിന്നിരുന്ന കരിഞ്ചിതൽ മാടന്മാർ ചത്തൊടുങ്ങികൊണ്ടിരുന്നതിന് കൈയ്യുംകണക്കുമുണ്ടായിരുന്നില്ല. ഇനിയുള്ളകാലം തങ്ങളുടെ വംശത്തിന് ആൾനാശമില്ലാതെ പുലർന്നുപോകണമെങ്കിൽ കാലമാടന് കാവലാളുകളായി നിൽക്കുകയല്ല മറിച്ച്, അവന്റെ കലിയ്ക്ക് അറുതിയുണ്ടാക്കുകയാണ് വേണ്ടതെന്ന് കരിഞ്ചിതൽ മാടന്മാരുടെ മൂത്താര് മൂവർചേർന്ന് തീരുമാനിച്ചു. മറുതാച്ചിയമ്മയുടെ ആജ്ഞ അവഗണിച്ചുകൊണ്ട് അവർ കാലമാടന് കാവൽ നിൽക്കുന്നത് അവസാനിപ്പിച്ചു. കലി കുമിയുന്ന മുരളിച്ചയോടെ കെട്ടുകളോരോന്നായി കാലമാടൻ പിന്നെയും പൊട്ടിച്ചുതുടങ്ങി. ഒടുവിലത്തെ കെട്ടും പൊട്ടിയതോടെ ചിതൽപ്പുറ്റ് തകർത്തുകൊണ്ട് പുറത്തിറങ്ങിയ കാലമാടൻ മറുതാച്ചിയമ്മയെ പോരിനുവിളിച്ചു. തന്റെ ആജ്ഞകൾ അവഗണിച്ച് കാലമാടനുവേണ്ട ഒത്താശകൾ ചെയ്തുപോരുകയായിരുന്ന കരിഞ്ചിതൽ മാടന്മാരുടെ കുലംമുടിച്ച മറുതാച്ചിയമ്മ, തന്റെ നാക്ക് കടിച്ചുമുറിച്ച് കരിഞ്ചിതൽ മൂത്താര് മൂവർക്കുമേൽ തുപ്പുകയും, അവരെ കാലമാടന് കുരുതികൊടുക്കുകയും ചെയ്തു. മറുതാച്ചിയമ്മയെ കൊന്ന് കലി ഒടുക്കാനായില്ലെങ്കിലും, അമ്മയുടെ ചോരരുചിച്ച കാലമാടൻ തെല്ലൊന്ന് അടങ്ങിയെന്നായപ്പോൾ, മകന്റെമുന്നിൽ ഒരു ഒത്തുതീർപ്പിനായി അമ്മ ചെന്നുനിന്നു.

വർഷത്തിലൊരിക്കൽ തന്നെ കൊന്ന് ചോരകുടിക്കാനും കലിയടക്കാനുമുള്ള അവസരം കാലമാടന് തരാമെന്നും, ആ ഒരു ദിവസമല്ലാതെ മറ്റൊരിക്കലും തനിക്കെതിരെ വരാതിരിക്കണമെന്നും മറുതാച്ചിയമ്മ ആവശ്യപ്പെട്ടു. ചോരകുടിച്ച ലഹരിയിൽ നിന്നതുകൊണ്ടാകണം മറുതാച്ചിയമ്മയുടെ ആവശ്യം കാലമാടൻ അങ്ങ് സമ്മതിച്ചു.

‘‘...അങ്ങനന്നുമുതലാണ് കോവിലിന്റെ പൊറകിലെ കുര്യാലേല് കാലമാടനും, മറുതാച്ചിനടേല് മറുതാച്ചിയമ്മേം കുടിയേറിയത്. എല്ലാക്കൊല്ലവും മറുതാച്ചിയമ്മേ കൊന്ന് ചോരകുടിക്കാനായിട്ട് കാലമാടൻ ഒരുമ്പെട്ടിറങ്ങുന്ന ദിവസത്തിലാ ഞങ്ങളിവിടെ കാലമാടനും പൂപ്പടേം നടത്തുന്നത്.''
‘‘കേക്കുമ്പൊത്തന്നെ ആകെയൊരു ടെറർ ഫീലാ. ഇല്ലിയോ പിള്ളേച്ചാ..?''
കാട്ടുവഴി പിന്നിട്ട്, ആദ്യംകണ്ട വില്ലാടക്കുടിലിന്റെ തിണ്ണേലോട്ട് തളർന്ന് ഇരുന്നുകൊണ്ട് ലോനാക്കുഞ്ഞ് ഇങ്ങനെ പറഞ്ഞപ്പോൾ, കുടിലിനുള്ളിൽനിന്നും ഒരു കൽച്ചട്ടി നിറയെ ചാരായവുമായി പുറത്തേക്കുവന്നൊരു വില്ലാടത്തിയാണ് അതിന് മറുപടി പറഞ്ഞത്.
‘‘ഈ കേട്ട കഥകളൊക്കെ ഇത്ര രസവാന്നേല്, ഇതിലും രസവൊള്ള കാര്യങ്ങളാ ഇനിയങ്ങോട്ട് കാണാൻ കെടക്കുന്നത്..''

മൂന്ന് ദിവസത്തെ ഉത്സവത്തിന് ഒരുദിവസം മുൻപേറാണ് ഇരുവരും അക്കരപ്പൊന്തയിലെത്തിയത്. മിതമായ ആഹാരം, കവിട്ടുവോളം ചാരായം. അതായിരുന്നു ലോനാക്കുഞ്ഞിന്റെ ഡിമാൻറ്​. അവന്റെ ആവശ്യപ്രകാരം മൂന്നര പകലുകൾ കഴിച്ചുകൂട്ടാൻ (രാവ് വെളുക്കുവോളം കോവിലിലും, പകൽനേരത്ത് ഉറക്കവുമാണ് ഉത്സവനാളുകളിൽ വില്ലാടന്മാരുടെ ശീലം.) പറ്റിയൊരിടം തരപ്പെടുത്തിക്കൊടുത്തത് അവർക്കൊപ്പം വഞ്ചിയിലുണ്ടായിരുന്ന അതേ വില്ലാടൻതന്നെയായിരുന്നു. സഹായങ്ങളൊക്കെയും കാശുവാങ്ങിത്തന്നെ.
ഒന്നാം ഉത്സവത്തിന്റന്ന് സന്ധ്യയ്ക്ക് തലച്ചാരയത്തിന്റെ ലഹരിപേറിയുള്ള ഇഴച്ചിലിനിടയിൽ ആരോടെന്നില്ലാതെ വില്ലാടൻ പറഞ്ഞു; ""നമ്മടെ കോവിലിലെ ശരിക്കുവൊള്ള ദൈവം വില്ലാടത്തിമറുതയാന്നേലും, ഉത്സവം ഇങ്ങടുക്കുമ്പഴേക്ക് കാലമാടനാണ് പിന്നെ ഞങ്ങക്കെല്ലാം. മൊത്തം പരിപാടീം കാലമാടനെ ചുറ്റിപ്പറ്റിയൊള്ളതാ. കരിമ്പടം ചുറ്റി, ഗദയൊക്കെ പിടിച്ച്... അല്ലേൽ വേണ്ട, പറഞ്ഞാപ്പിന്നെ ആ രസവങ്ങ് പോവും. മറ്റന്നാ രാത്രീ നേരിട്ട് കാണാവല്ലോ.''
‘‘അപ്പോ ഇന്നും നാളേവൊക്കെ എന്തുവാടാ..?''
‘‘ഇന്ന് മാടനൂട്ട്. നാളെ കൊണ്ടുപിടിച്ചോട്ടം.''

ഒന്നാം ഉത്സവം: മാടനൂട്ട്

വില്ലാടത്തിപ്പെണ്ണുങ്ങളിൽ ഒരാൺകുഞ്ഞിനെ പെറ്റ് മുലയൂട്ടുന്നവളെ കണ്ടെത്തി, ആടയലങ്കാരങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കോവിലിലേക്ക് കൂട്ടിക്കൊണ്ടുവരും. മറുതാച്ചിയമ്മയായി വേഷമിട്ട് കാട്ടുവഴികളിലൂടെ നടന്നുവരുന്ന വില്ലാടത്തിയെ കാണാനും, കാൽക്കൽവീണ് കാഴ്ചവെച്ച് കുമ്പിടാനുമായി വഴിയിറമ്പുകളിൽ കാത്തുനിൽക്കുന്ന പലരുടെയും കൈകളിൽ കാണിയ്ക്കയായി കരുതിയിട്ടുണ്ടാവുക ഓരോകുപ്പി നാടൻവാറ്റും, അറുത്തെടുത്തിട്ട് അധികനേരമാകാത്ത പച്ചയിറച്ചിയുമായിരിക്കും. കാണിയ്ക്കവരവിന്റെ നേർപാതി അംശം അവളുടെ കെട്ടിയോനും കുടുംബക്കാർക്കുമിടയിൽ വീതിച്ചശേഷം, മിച്ചമുള്ളത് കോവിലിൽ നേദിച്ച് ഭക്തർക്കേവർക്കുമായി പകുത്തുനൽകും.
ചെണ്ടമേളക്കൊഴുപ്പിൽ ആർപ്പുവിളികളോടെ കൂട്ടിക്കൊണ്ടുവരുന്ന വില്ലാടത്തിപ്പെണ്ണിനെ, കോവിലിനു മുന്നിലായി നിലത്തെഴുതിയ കളത്തിന്റെ ഒത്തനടുവിലുള്ള പീഠത്തിൽ, കൈയ്യിലൊരു തെച്ചിപ്പൂത്തണ്ട് കൊടുത്ത് ഇരുത്തും.

അവൾക്കുമുന്നിൽ ഏഴുവരികളിലായി അടുക്കിയ തെങ്ങിൻപൂക്കുലകളും, പൂക്കുലവരിയ്ക്കുപിന്നിൽ വില്ലാടൻപൂശാരിയും ഇരിക്കെ, അയാൾക്കിരുവശവുമായി ചൂട്ടുകറ്റയേന്തിയ ശിങ്കിടികൾ വന്ന് നിൽപ്പുറപ്പിക്കും. അവർ പേറുന്ന ഓണക്കോലക്കെട്ടുകളിലേക്ക് തീപകരുന്നതോടെ, വർത്തമാനങ്ങളും അട്ടഹാസങ്ങളും നിറഞ്ഞുനിൽക്കുന്ന കോവിൽപ്പരിസരത്തെ നിശബ്ദതയുടെ രാഹു അപഹരിക്കുകയും, "തെറിച്ചൊല്ലുസൂക്തങ്ങൾ' ഉരുക്കഴിക്കുന്ന പൂശാരിയുടെ മൂളക്കങ്ങൾക്കായി അവിടമാകെ തെളിച്ചിടപ്പെടുകയും ചെയ്യും.

ഇരുനാഴികനേരത്തെ മന്ത്രിക്കലിനൊടുവിൽ വില്ലാടത്തിപ്പെണ്ണിനു മുന്നിലായി പൂശാരി കുമ്പിടുമ്പോൾ, ശിങ്കിടികൾ ഇരുവരും ചൂട്ടുകറ്റയിലേക്ക് ഓരോതവണ തെള്ളിപ്പൊടി എറിഞ്ഞ് തീ പറപ്പിക്കും. അപ്പോൾ അയഞ്ഞ താളക്രമത്തിൽ ചെണ്ടമേളം തുടങ്ങും. മന്ദഗതിയിൽ കൊട്ടിത്തുടങ്ങുന്ന മേളം എട്ട്, പതിനാറ്, മുപ്പത്തിരണ്ട് എന്നിങ്ങനെ കാലം ഇരട്ടിപ്പിച്ച് മുറുകുന്നതിനൊത്ത് കുമ്പിട്ടുകിടക്കുന്ന വില്ലാടൻപൂശരിയുടെ ചൊല്ലുകളുടെ ഒച്ച ഉയരുകയും, മേളത്തിൽ ലയിച്ച പെണ്ണ് താളത്തിൽ തലയിളക്കുകയും, ഇടയ്ക്കിടെ അവസരോചിതമായി ചൂട്ടുകറ്റകളിലേക്ക് തെള്ളിപ്പൊടിയെറിയുന്ന ശിങ്കിടികൾ രംഗം കൊഴുപ്പിക്കുകയും ചെയ്യും.

മേളപ്പെരുക്കത്തിന്റെ മൂർദ്ധന്യത്തിൽ തന്റെ കൈയ്യിലെ തെച്ചിപ്പൂത്തണ്ട വലിച്ചെറിയുന്ന വില്ലാടത്തിപ്പെണ്ണ് ഉറഞ്ഞുതുള്ളാൻ തുടങ്ങുമ്പോൾ, പൂശാരിയും ശിങ്കിടികളും കളം ഒഴിയും. നിരത്തി അടുക്കിയിട്ടുള്ള പൂക്കുലകൾ ഒന്നൊന്നായി അവൾ നിലത്തുതല്ലി കതിരുചിതറിക്കും. പിന്നെ കിതപ്പോടെ കളത്തിൽ കമിഴ്ന്നു വീഴും.

മേളം ഒടുങ്ങുന്ന മുറയ്ക്ക്, മുൻക്കൂട്ടി തയ്യാറാക്കി നിർത്തിയിട്ടുള്ള ചില വില്ലാടത്തികൾ കളത്തിനുള്ളിലേക്ക് കടന്നുചെന്ന് തളർന്നുകിടക്കുന്നവളെ നിവർത്തിയിരുത്തി, അവളുടെ ഒരുമുലയിൽനിന്നു പാലും അടുത്ത മുലയിൽ ദർഭ പോറി ചോരയും ശേഖരിച്ച്, ഒരു പാളക്കുമ്പിളിലാക്കി വില്ലാടൻപൂശാരിയ്ക്ക് കൈമാറും. അയാളത് കാലമാടന് നേദിച്ച് മാടനൂട്ട് നടത്തും.

ഉത്സവത്തിന്റെ രണ്ടാം ദിവസം: കൊണ്ടുപിടിച്ചോട്ടം.

മുലകുടിച്ച് മുട്ടാളനായ കാലമാടൻ ദിക്ക് എട്ടിലും ആധിപത്യം ഉറപ്പിക്കാനായി തേരോട്ടം നടത്തിയതിന്റെ പ്രതീകമാണ് രണ്ടാമുത്സവം.
അന്നേദിവസം അക്കരെപ്പൊന്തക്കാർ നാടൻവെള്ളത്തിൽ മുങ്ങിനിവരും. ഇക്കരപ്പൊന്തയിൽനിന്നും വഞ്ചിക്കണക്കിന് മൂരികളെ ഇറക്കും. ചുട്ടും കറിവെച്ചും വശംകെടുവോളം തിന്നും. പിന്നെ കാടുകയറി കുമിഴും, കാട്ടുവേപ്പുംപോലെ മെല്ലിച്ച് നീണ്ടുവളരുന്ന മരങ്ങൾ വെട്ടി, കമ്പുകോതി, തൊലിതല്ലി, നെടുകേം കുറുകേം കൂട്ടിക്കെട്ടിയും, കാട്ടുവള്ളികൾ വളച്ചുചുറ്റിയും അഞ്ചടിയോളം ഉയരമുള്ള കെട്ടുകാഴ്ചകൾ നിർമ്മിക്കും. രാത്രി കടുക്കുന്നതോടെ, കാട്ടുപാതകൾ എട്ടിൽനിന്നുമായി വില്ലാടന്മാരുടെ തോളിലേറി കാഴ്ചത്തറയിലേക്കെത്തുന്നത് എത്രയെത്ര കെട്ടുകാഴ്ചകളായിരിക്കുമെന്ന കണക്കെടുക്കാനായി കുറച്ചൊന്നും പണിപ്പെട്ടാൽ പോരാ...

കാഴ്ചത്തറയിലെത്തിയ കെട്ടുകാഴ്ചകൾ വില്ലാടൻകോവിലിലെ മറുതാച്ചിനടയ്ക്കു മുന്നിലേക്ക് വരിവരിയായി വന്നുതുടങ്ങുമ്പോൾ, അവയുടെ വരവ് നിരീക്ഷിച്ചുകൊണ്ട് കോവിലിന്റെ കല്ലൊതിക്കിനുമേൽ വില്ലാടൻപൂശാരി നിലപാട് നിൽക്കുന്നുണ്ടാകും. ഏതെങ്കിലുമൊരു സംഘം വരിതെറ്റിക്കുന്നതായോ, ധിറുതികൂട്ടുന്നതായോ കക്ഷിയുടെ കണ്ണിൽപ്പെട്ടാൽ, "ഇത്ര തുടുക്കപ്പെട്ട് ഏത് കാലിന്റെടേലോട്ടാടാ താ......കളെ നിനക്കൊക്കെ കേറിപ്പോണ്ടത്...' എന്ന ചോദ്യവുമായി പൂശാരി ഒന്ന് തുടങ്ങിവെക്കേണ്ടുന്ന താമസം, കോവിലിനുചുറ്റും കനത്തുനിൽക്കുന്ന ആണും പെണ്ണുമടങ്ങുന്ന വില്ലാടക്കൂട്ടം അത് ഏറ്റുപിടിക്കും. പലപല തെറികൾ ഇണക്കമൊപ്പിച്ച് കൊരുത്തുകെട്ടി തെറിമാലകൾ തീർക്കും. അവ പരസ്പരം അണിയിക്കും. അണിയാൻ കൂട്ടാക്കാത്തവർക്കുമേൽ വാരിത്തൂകും. തൂകിയവ പിന്നെ തുളുമ്പും. വില്ലാടൻകോവിലും കാഴ്ചത്തറയും തെറിപ്പെയ്ത്തിൽ കുതിരുമ്പോൾ, തെറിയുടെ ഈർപ്പംപേറിയ കെട്ടുകാഴ്ചകളുമായി വില്ലാടന്മാർ കോവിലിനു വലംവയ്ക്കും.

സാവധാനം തുടങ്ങുന്ന പ്രദക്ഷിണത്തിന്റെ വേഗത അധികം വൈകാതെ കൊണ്ടുപിടിച്ചോട്ടത്തിന്റെ ദ്രുതഗതിയിലേക്കെത്തുമ്പോൾ, കെട്ടുകാഴ്ചക്കൂട്ടങ്ങളിൽ ചിലത് കൂട്ടിയിടിച്ചും തമ്മിൽ കൊരുത്തും നിലത്തുവീഴുകയും, വീഴ്ചകൾക്കിടയിൽ പലർക്കും പലവുരു പരിക്കേൽക്കുകയും ചെയ്യും. എന്നാൽ, വില്ലാടന്മാർക്കാർക്കും അതൊന്നുമൊരു പ്രശ്‌നമേയല്ല. ഉടലുകീറി ചോരയൊഴുകുമ്പോൾപോലും, യാതൊന്നും സംഭവിക്കാത്തവരെപ്പോലെ വീണിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റ് കെട്ടുകാഴ്ചകളും തോളിലേറ്റി അവർ കോവിലിനുചുറ്റുമുള്ള ഓട്ടം തുടരും. പുലരുവോളം നീണ്ടുനിൽക്കുന്ന ഈ ഓട്ടം ഒടുങ്ങുന്നത്, വില്ലാടൻകോവിലിലെ കാലമാടന്റെ നടതുറക്കുമ്പോൾ പൊട്ടിക്കുന്ന കതിനയുടെ മുഴക്കത്തിനൊപ്പമായിരിക്കും.

അക്കരപ്പൊന്തയിലെ മനുഷ്യരിൽ ഉറഞ്ഞുകൂടിയിട്ടുള്ള കരവിരുതിന്റെയും മനക്കരുത്തിന്റെയും മെയ്യ്ക്കരുത്തിന്റെയും കാതൽക്കനമാണ് എത്രയാവർത്തി നിലത്തുവീണിട്ടും തകരാത്ത കെട്ടുകാഴ്ചകളിലും, എത്രയാഴത്തിൽ പരിക്കേറ്റിട്ടും തളരാത്ത വില്ലാടന്മാരിലുമായി ആ രാത്രിയിൽ ലോനാക്കുഞ്ഞ് കണ്ടറിഞ്ഞത്.

ത്സവത്തിന്റെ അവസാനരാവിൽ കാലമാടന് നേദിക്കേണ്ട പനംകള്ളുമായി കോവിലിലേക്ക് പൊകുന്ന വില്ലാടക്കൂട്ടത്തിനുപിന്നാലെ കൂടുമ്പോൾ, ഇക്കരക്കാർ ഇരുവരുടെയുമുള്ളിലെ ജലനിരപ്പ് ഏകദേശം നെഞ്ചൊപ്പമായിരുന്നു. മുന്നോട്ടുള്ള പോക്കിനിടയിൽ, വഴിയിറമ്പുകളിലും കാഴ്ചത്തറയിലുമായി കണ്ട ചാരായവിൽപ്പനക്കാരിൽനിന്നെല്ലാം തൊടങ്ങളനവധി പിന്നെയും തേവിനിറച്ച്, നടന്നും ഇഴഞ്ഞും പരസ്പരം താങ്ങിയും രണ്ടാളും ഒരുവിധം കോവിലിൽ എത്തിയപ്പോഴേക്കും വെള്ളപ്പരപ്പ് ഏതാണ്ട് കഴുത്തൊപ്പം എത്തിയിരുന്നു.
കാലമാടൻപുകഴ്പ്പാട്ടിന്റെ തിരയിളക്കത്തിലായിരുന്നു അപ്പോൾ കോവിലും പരിസരവും.

‘കാലമാടോ തമ്പുരാനേ ഇന്നിവിടൊരു പൂപ്പടയുണ്ടേ... എട്ടുദിക്കിൻ തേവരേ നീ ഓടിവായോ കാലമാടോ... കൊള്ളിമീൻപോൽ ഗദകുലുക്കി, തീ പറത്തുന്നാ കണ്ണുരുട്ടി... ചോരതേടും നാക്കുനീട്ടി, ഓടിവായോ കാലമാടോ...'

വെള്ളോട്ടുകിണ്ണത്തിൽ അത്തിക്കമ്പ് കൊട്ടി നീട്ടിനീട്ടി പാടുന്ന ശിങ്കിടികൾക്കുമുന്നിൽ, പന്തലിലൊരുക്കിയ പൂപ്പട*യ്ക്കരികിലായി തൊഴുകൈകളോടെ വില്ലാടൻപൂശാരി ഇരിക്കെ, കോവിലിന്റെ പിന്നിൽനിന്നും കത്തുന്ന ചൂട്ടുകറ്റയുടെ വെട്ടത്തിൽ കരിമ്പടം പുതച്ചൊരു രൂപം കുറെയേറെ ആളുകളുടെ അകമ്പടിയോടെ മുന്നോട്ട് നടന്നുവരുന്നത് ലോനാക്കുഞ്ഞ് കണ്ടു.
പാളകൾ പലത് ചേർത്ത് തുന്നി ചെഞ്ചായവും കരിയും മഞ്ഞളുംകൊണ്ട് വരച്ചെടുത്ത മുഖംമൂടിയണിഞ്ഞ്, വലിയ ഗദയൊരെണ്ണം വലംകൈയ്യിൽ പിടിച്ച്, കലികയറിയ ഒരുവനെപ്പോലെ കോവിലിനുമുന്നിലേക്ക് ആ രൂപം അലറിയടുക്കെ, ചുറ്റുംനിന്നവരിൽ ആരോ ഒരാൾ ശബ്ദംതാഴ്ത്തി പറഞ്ഞത് ലോനാക്കുഞ്ഞിന്റെ ചെവിയിലെത്തി.
‘‘കാലമാടൻസാമി.''

പന്തലിനുമുന്നിലെ കൽത്തറയിൽ ഗദ വീശിയടിച്ച് കാലമാടൻ ഒരിക്കൽക്കൂടി അലറി. ചെണ്ടമേളം തുടങ്ങി. കാലമാടനു മുന്നിൽ ചൂട്ടുകറ്റ പിടിച്ചുനിന്നയാൾ അതൊന്ന് ആഞ്ഞുവീശി തെള്ളിപ്പൊടിയെറിഞ്ഞ് തീപറപ്പിച്ചശേഷം കോവിലിന് പ്രദക്ഷിണംവയ്ക്കാനായി മുന്നിൽ നടന്നു. കാലമാടൻ അയാളെ അനുഗമിച്ചു.
കോവിൽ ചുറ്റിയെത്തുന്ന കാലമാടൻ കൽത്തറയിൽ ആഞ്ഞടിക്കുന്നതും, തൊള്ള കീറുമാറുറക്കെ അലറുന്നതും, ചൂട്ടുകറ്റളിൽനിന്ന് തീ പറക്കുന്നതും, ചെണ്ടവാദകർ മേളം മുറുക്കുന്നതും, പൂപ്പടയ്ക്കുമുന്നിലെ ഇരിപ്പ് തുടരുന്ന വില്ലാടൻപൂശാരി മേളത്തിനൊത്ത് ചാഞ്ചാടുന്നതുമൊക്കെ ഒരിക്കലുമൊടുങ്ങാത്ത ആർത്തനങ്ങളായാണ് ലോനാക്കുഞ്ഞിന് പിന്നെ തോന്നിയത്.

വലംവെച്ചുവരുന്ന കാലമാടൻ കൽത്തറയിൽ തല്ലമ്പോൾ ഗദയുടെ മകുടം ചിതറുന്നത് എപ്പോളാണോ, അപ്പോൾവരെ തുടരണമെന്നതാണ് പ്രദക്ഷിണത്തിന്റെ കണക്ക്. ആറടിക്കുമേൽ ഉയരവും ആജാനുബാഹുവുമായ കാലമാടൻ തന്റെ എട്ടാമത്തെ വരവിൽതന്നെ അത് നിവർത്തിച്ചപ്പോൾ, പന്തലിനുചുറ്റുമായി കൂടിനിന്ന വില്ലാടക്കൂട്ടമൊന്നാകെ ആയത്തിൽ അലറിയക്കൊണ്ട് കോവിലിനുമുന്നിലേക്ക് നീങ്ങാനൊരുങ്ങി. ഇനിയുള്ള കാഴ്ച അവിടെയെന്ന ബോധ്യത്തിൽ ലോനാക്കുഞ്ഞും അവർക്കൊപ്പം നടന്നു.

മേളപ്പെരുക്കം അതിന്റെ കൊടുമുടിയിലെത്തിനിൽക്കെ, പൂപ്പടയ്ക്കുമുന്നിലിരുന്ന് ഉറഞ്ഞുതുള്ളുന്ന പൂശാരിയിലേക്ക് മറുതാച്ചിയമ്മ കുടിയേറുകയും, കാലമാടന്റെ കൈയ്യാളുകളായ കരിഞ്ചിതൽ മാടന്മാരുടെ വംശംമുടിയ്ക്കുന്ന സങ്കല്പത്തിൽ പൂശാരി പൂപ്പട വാരുകയും ചെയ്തപ്പോൾ, യുഗങ്ങളേറെയായിട്ടും ഒടുക്കാനാകാത്ത കലിപേറി നിൽക്കുന്ന കാലമാടൻ മറുതാച്ചിയമ്മയുടെ കഴുത്തിൽ കടിച്ച് ചോരകുടിക്കുകയെന്ന ലക്ഷ്യത്തോടെ പൂശാരിക്കുനേരെ പാഞ്ഞുചെന്നു.
കുതിച്ചുവന്ന കാലമാടനിൽനിന്നും വെട്ടിയൊഴിഞ്ഞ പൂശാരി കോവിലിനു മുന്നിലേക്ക് ഓടിനീങ്ങുകയും, അവിടെ കൂടിനിന്ന് കണ്ണുതുറിക്കുന്ന വില്ലാടക്കൂട്ടത്തെ കണ്ടുനടുങ്ങി, സ്വന്തം നാക്ക് കടിച്ചുമുറിച്ച് ലോനക്കുഞ്ഞിന്റെ മുഖത്തേക്ക് നീട്ടിത്തുപ്പുകയും ചെയ്തു. ക്ഷണനേരത്തിനുള്ളിൽ വില്ലാടന്മാർ അവനെ വിശറുപോലെ പൊതിഞ്ഞു. പിന്നെ എടുത്തുയർത്തി...
അക്കൊല്ലവും വില്ലാടന്മാർ മറുതാച്ചിയമ്മയെ കാലമാടനിൽനിന്നും കാത്ത് കരിഞ്ചിതൽ മൂത്താരെ കുരുതികൊടുത്തു.

‘‘ഇവിടുന്നുനോക്കിയാൽ കൊടങ്ങലിന്റെ ഇലപോലൊള്ളൊരു ഉരുവമായിട്ടേ കാണത്തൊള്ളേലും ഏടാകൂടംപിടിച്ചൊരു ദ്വീപാണെടോ അത്...'
ലൈറ്റ്ഹൗസിന്റെ പുതിയ വാച്ചറായി ചാർജ്ജെടുത്ത ദേവദാസിനോട്, അക്കരപ്പൊന്തയെപ്പറ്റി വിശദീകരിച്ചുകൊടുത്തത് വിരമിക്കലിന്റെ വക്കിലെത്തിനിൽക്കുന്ന ഓവർസിയർ ഉണ്ണിപ്പിള്ളയായിരുന്നു. ▮

(*പല നിറത്തിലുള്ള പൂവുകൾ ഒരു പിരമിഡിന്റെ ആകൃതിയിൽ കൂട്ടിവയ്ക്കുന്ന പൂക്കളമാണ് പൂപ്പട.)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഗോവിന്ദ്​

കഥാകൃത്ത്​. രാവ് ചോക്കുന്ന നേരം എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments