ചിത്രീകരണം: ദേവപ്രകാശ്

ശീമപ്പന്നി

ശീമൻ കുഞ്ഞായിരിക്കുമ്പോത്തൊട്ടേ അവന്റെ തള്ളക്ക് നാവിന്റെ ലക്കില്ലായ്മയാണെന്ന ചൊല്ലാണവന്റെ ചെവിട്ടോർമ. അവൻ ചാവുന്നവരെ ഇത് കേൾക്കുമെന്നയൊറപ്പാണ് നാട്ടുകാർക്ക്. പക്ഷെ ആരോടെന്തുണ്ടേലും തള്ളയെന്തിനാണവന്റെ തലേൽ കേറുന്നതെന്നാർക്കും മനസിലായിട്ടില്ല. അവനും,
മുറ്റമടിക്കണ ചൂലീർക്കിൽ നുറുങ്ങിയാൽപ്പോലും അവന്റെ തൊലി നഖംകൊണ്ട് ചുള്ക്കിനിവർത്തിപ്പറിക്കുന്ന തള്ള! അത്രയേ അവനും അവരെ കണ്ടിട്ടുള്ളു.

ദേഷ്യം വരുമ്പോൾ അവരവനെ അലറിവിളിക്കും ‘ശീമപ്പന്നീ... ന്ന്.'
ആ വിളിയുടെ അവസാനം ചെറുക്കന്റെ കാലിന്റെയോ കൈയിടുക്കിലേതോ തോലവരുടെ വെരലുകൊണ്ടുപോയിട്ടുണ്ടാകും.

അവരിന്ന് ഗവൺമെന്റാസ്പത്രീലെ പനിക്കുള്ള വെള്ളം വാങ്ങാൻ പോയതാണ്. പക്ഷെ അസുഖം പനിയല്ല! അവിടെയാണ് തമാശ, അവർക്കെന്തസുഖം വന്നാലും അവിടുത്തെ എരിവുള്ള, നേർത്ത, ബക്കറ്റിൽ നെറച്ച കാപ്പിക്കളറുനെറം മങ്ങിയമാതിരിയുള്ള വെള്ളോം വെള്ളഗുളികയുമാണ് അവരുടെ മരുന്ന്.
തലപോയാലും അവർക്കത് മണത്താൽ, കുടിച്ചാൽ, ഗുളിക വിഴുങ്യാ... മാറി അവരുടെ ദീനം!

അതൊരു വല്ലാത്ത കണ്ടുപിടിത്തം തന്നെയായിരുന്നു. ശീമന്റെയും മരുന്നതുതന്നെ!പണ്ട് അവനേറെയും വേണ്ടിയിരുന്നത് തൊലിപോയിടത്തുള്ള നീറ്റൽ മാറാനുള്ള മുറിപ്പൊടിയാണ്. അതിന്​ മെഡിക്കശ്ശോപ്പിൽ വില ഒൻപതു
രൂപ, അത്രേം വക അവർ അവനുവേണ്ടി ചെലവാക്കാൻ ഉദ്ദേശിക്കാത്തതുകൊണ്ട് സർക്കാറാശുപത്രിയിലെ പനിക്കുകൊടുക്കുന്ന വെള്ളഗുളിക പൊടിച്ചു പൂശിക്കൊടുക്കും. ഇന്ന് പൂശിയിടംതന്നെ നാളെ നുള്ളിപ്പറിക്കും. അവർ അവന്റെ ദേഹത്തെ മുറിവുണക്കിക്കൊടുക്കുന്നതാണവന്റെ ഏറ്റവും വലിയ ഭയവും.
തള്ള സ്ഥലത്തില്ലാത്തതുകൊണ്ട് അവനിന്ന് റേഷൻകടയുടെ അരികിലിരുപ്പാണ്, അത് റേഷനുവേണ്ടിയൊള്ളയിരുപ്പല്ല, അതവനും റേഷൻ വിതരണക്കാരൻ വറീതിന്റെ മകനും തമ്മിലൊള്ള കളിയാണ്. വറീതിന്റെ മകൻ പാപ്പച്ചൻ തന്തയറിയാതെ കട്ടുവെക്കുന്ന മണ്ണെണ്ണ കടത്താനുള്ളയിരിപ്പാണത്, പാപ്പച്ചനു മൂക്കിപ്പൊടി വാങ്ങാനും ചാരായം കുടിക്കാനുമുള്ള വകയതീന്ന് കിട്ടും. ഇതിൽ ശീമന്റെ ലാഭമെന്താണെന്ന് വെച്ചാൽ പാപ്പച്ചൻ വലിച്ച മൂക്കിപ്പൊടിയുടെ ഏറ്റം അടി ശീമന് കൊടുക്കും, ചാരായത്തിന് തൊട്ടുകൂട്ടാൻ അന്തിക്കോ നട്ടുച്ചക്കോ ചുടണ നാടൻ കോഴീടെ പണ്ടസഞ്ചിയും.

അവനതിന്റെ രുചിയോടായിരുന്നു കമ്പം, ഏറ്റവും അവസാനമാണവൻ അത് പാകം ചെയ്യാറും.

പാപ്പച്ചൻ തിന്നുമതിയായ എറച്ചി ശീമന്റെ നേരെ നീക്കിവെച്ചാലും കനലിൽ ചുട്ടെടുക്കാനുള്ള കോഴീടെ ആമാശയം അവൻ മാന്തിപ്പൊളിക്കുകയാകും. പപ്പും പൂടയും കീറിയെടുത്തു കൊടലും, പണ്ടവും രണ്ടാക്കി എറച്ചിയും എല്ലും കഴുകിത്തീയിലിട്ട് ചുട്ടൊരു പരുവമാക്കി ശീമൻ പാപ്പച്ചന് കൊടുക്കും, എറച്ചി പാകമാകുമ്പോഴേക്കും പാപ്പച്ചൻ പാമ്പായിട്ടുണ്ടാകും, തോട്ടിലെ തവള അവനെക്കാണുമ്പോൾ കരമാറിച്ചാടും, ശീമൻ അപ്പോൾ മാറ്റിവെച്ച, നീരുവന്ന് വീർത്ത കോഴീടെ കുമ്പ, നഖംകൊണ്ട് പൊളിച്ചെടുത്തുള്ളിലെ മുടിയും നീരുവറ്റിയ ഗോതമ്പും കല്ലും മണ്ണും കോഴിത്തീറ്റയും ഒണങ്ങിയ കമ്യൂണിസ്റ്റു പച്ചയുടെ തണ്ടുകോലുകൊണ്ട് തട്ടിത്താഴെയിട്ട്, കഴുകാതെ തീക്കനലിൽ തിരിച്ചും മറിച്ചും പകുതി വേവാക്കി ചൂടോടെ വായിലേക്കിട്ട് ഗ്ലാംച്ചും, ഗ്ലാംച്ചും, ചവച്ചരച്ചു വിഴുങ്ങും.

‘ടാ പന്നീ, നെനക്ക് കൊറച്ചുപ്പിട്ടു വേവിച്ചൂടെടാ... നാറീ 'ന്ന് പാപ്പച്ചൻ ഒരിക്കെ ചോദിച്ചു.

‘ചോരക്കുപ്പും, തോണ്ടിക്കളഞ്ഞ ചണ്ടിക്ക് എരിവുമുണ്ടെന്ന് 'ശീമൻ പ്രസ്താവിച്ചു.

‘അല്ലേലും നീ മനുഷ്യനല്ലല്ലോ, കറുത്തുരുണ്ട പന്നിയല്ലേ... നെനക്ക് തീട്ടമ്പോലുള്ളതേ രുചിയുണ്ടാവത്തൊള്ളു.’

പാപ്പച്ചന്റെ പണ്ടം കലങ്ങിപ്പോയി!

ഒരിക്കൽ മാത്രമേ അവന്റെ നാവങ്ങനെത്തേത് ചെലച്ചുള്ളൂ. അന്നാണ് തള്ളേടെയടിയും സഹിച്ചു കൂച്ചിപ്പിടിച്ചനുസരണയുള്ള നായയെപ്പോലെ നടന്നിരുന്ന ശീമനാരോഗ്യമുണ്ടെന്നും, ദേഷ്യമുണ്ടെന്നും, വൈരാഗ്യം സഞ്ചിയിൽ തൂക്കി നടക്കുന്നവനാണെന്നും പാപ്പച്ചന് മനസിലായത്. കെട്ടിറങ്ങിയ പിറ്റേന്ന് നായയെപ്പോലെ കട്ടുകൊടുക്കുന്ന മണ്ണെണ്ണ വാങ്ങി മുണ്ടിലൊളിപ്പിക്കാൻ രണ്ടുകാലുകളും കൈകളും ഒരുപോലെ മണ്ണിലമർത്തി റേഷൻ വാങ്ങാൻ വരിക്കുനിക്കുന്നവരുടെ ഓരത്തിരിക്കണ ശീമനെക്കണ്ടപ്പോ ഇന്നലെ രാത്രി താൻ കണ്ട ശീമനൊരു സ്വപ്നമായിരുന്നോ എന്ന് ചിന്തിച്ചു പാപ്പച്ചൻ., ചളുങ്ങിയ പ്ലാസ്റ്റിക് കുപ്പികളിലും കള്ളുംകുപ്പികളിലും കോളനിക്കാർക്ക് നീലനെറത്തിലുള്ള
മണ്ണെണ്ണ അളവിൽക്കൊറച്ചൊഴിക്കുമ്പോ പാപ്പച്ചൻ ഒന്ന് തീരുമാനിച്ചു.
ഇനി ചാരായം വാറ്റുമ്പോ അവനുമായി അധികം അടുക്കത്തില്ലാന്ന്.

‘എടാ നെനക്കെന്തോരമുണ്ട് പ്രായം?', കടേടെ മുൻപിൽ കൂനിയിരിക്കണ ശീമന്റെ നേരെയാണ് ആ ചോദ്യം വന്നതെങ്കിലും അതിനുത്തരം പറയേണ്ടത് അവനല്ലായിരുന്നു. അപ്പോഴാണ് ശീമനും ശ്രദ്ധിച്ചത് അരികിലിരിക്കണ ‘മൊട്ട’യെ.

ചോദിക്കാനൊന്നുമില്ല, ഒരു എട്ട്... എട്ടര, അതുമല്ലെങ്കിൽ കൂടിപ്പോയാൽ പത്ത്, അതിനപ്പുറമ്പോവൂല, അപ്രായത്തിലൊരു ചെറുക്കൻ പിറകിലെ പഴക്കടക്കാരൻ കൂക്കിയുടെ കടയുടെ മണോമ്പിടിച്ചിരിക്കുന്നു. കുഞ്ഞുവർക്കിയെന്ന പേരാണ് പിന്നീട് കൂക്കിയായി പരിണമിച്ചത്. അതൊരു രസകരമായ കഥയാണ്. ശീമനും അതിലൊരു മുഖ്യ പങ്കുണ്ട്. പക്ഷെ അതവനിന്നും അറിയാമ്പാടില്ല.

ഒരു മൂന്നുകൊല്ലമ്മുമ്പ് ശീമന്റെ പിന്നാമ്പുറത്തോടെ നടന്ന പഴക്കടക്കാരൻ കുഞ്ഞുവർക്കി അവന്റമ്മേടെ ആകെക്കൂടെയുള്ള ലങ്കോട്ടി ആറിയിട്ടതും പൊക്കി ശീമന്റെ പുറത്തൂടെപ്പാഞ്ഞു. കുഞ്ഞുവർക്കിക്ക് പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങളോട് വല്ലാത്തൊരു ശ്രദ്ധയുണ്ടായിരുന്നു. അയാളത് ഉപയോഗിക്കത്തൊന്നുമില്ല. ആരുംകാണാതെ കൊണ്ടോയി കുറച്ചുനേരം മണത്തുനോക്കി കാട്ടീക്കളയും, അല്ലേൽ തോട്ടീക്കളയും, അതുമല്ലേൽ ചളീൽ വെച്ചമർത്തും. പക്ഷെ ആദ്യമായിട്ടാണ് ശീമന്റെ തള്ളേടതയാൾ പൊക്കുന്നതും അന്ന് രാത്രി അങ്ങനൊരു പേര് വീഴുന്നതും. അയാളതുംകൊണ്ട് മുന്നിലൂടെപ്പോയപ്പോൾ പൊറത്തൊറങ്ങണ ശീമന്റെ തൊണ്ടേൽ ചവിട്ടി, മൂക്കറ്റം മോന്തിക്കിടന്ന ശീമന് തലക്ക് സ്ഥിരതയില്ലാത്തോണ്ട് അവൻ അയാളുടെ കാലേൽ പിടിച്ചുവലിച്ചു.

മൂക്കിടിച്ചു മുറ്റത്തുവീണ വർക്കി നാട്ടുകാര് കൂടിയപ്പോൾ ആളാരാണെന്ന് പറയാൻ തൊള്ള തൊറന്നെങ്കിലും മൂക്കിന്റെ പാലം പൊളിഞ്ഞതിനാൽ ആദ്യത്തെ
‘കൂ'യും പിന്നെത്തെ ‘ക്കി 'യും മാത്രമേ പുറത്തേക്ക് വന്നുള്ളൂ. അതങ്ങനെ കൂക്കിയെന്ന വിളിപ്പേരായി,അന്നത്തോടെ അയാളുടെ തുണികക്കൽ നിന്നുവെന്ന് പേരുണ്ടെങ്കിലും ചുരുളഴിയാതെ പഴക്കടയുടെ മുതുകിൽ ചിലതൊക്കെ ഇന്നും ദൂരെക്കെടപ്പുണ്ട്.ശീമനോട് അയാൾക്കതുകൊണ്ട് ചെറിയൊരു നീരസമിപ്പോഴുമുണ്ട്. ശീമനാണെങ്കിൽ അത് കാര്യമാക്കുന്നുമില്ല.

‘പൈനാല് ' മൊട്ട കടേലേക്കുതന്നെ നോക്കിയിരുന്നോണ്ട് പറഞ്ഞു. ചോദ്യം ചോദിച്ചത് വറീതാണ്. വറീതിനെ കണ്ടതും പാപ്പച്ചൻ ശീമനോട് കണ്ണും കൈയും കാട്ടാന്തൊടങ്ങി. അവന്റെയുള്ളം കിടുകിടാ വെറക്കുന്ന മാതിരി.

അപ്പനെങ്ങാനും മണ്ണെണ്ണ കക്കുന്നത് കണ്ടുപിടിച്ചാ, കട്ടതിലിട്ടു കത്തിക്കും അതൊറപ്പ്, മഞ്ഞ നെറത്തിലുള്ള നീണ്ട അരി കോരി അളവുപാത്രത്തിലേക്ക് ആൾക്കണക്കിൽ കിലോ തൂക്കിക്കൊടുക്കുമ്പോൾ അരി വീഴുന്ന ഓരോ ഒച്ചയും പാപ്പച്ചന്റെ ചങ്കിലൂടെയാണ് വീഴണതെന്നവൻ തെറ്റിദ്ധരിച്ചു.അവന് ശീമനെ നോക്കാനും നോക്കാതിരിക്കാനും ഭയം.

‘നീയെന്തിനാടോ കൂക്കീടെ കുണ്ടീം മണത്തിരിക്കണത്? നേരം വെളുത്തപ്പോത്തൊട്ട് നെന്നെ ഞാൻ കാണണണ്ട്’, വറീത് പയ്യനോട് വീണ്ടും.

കടയിലെ ചോത്ത കളറുള്ള വെളൂർ മാങ്ങയുടെ മേത്തുള്ള ഈച്ചകളെ നോക്കിയവൻ വറീതിനേം കടയേയും മറന്നിരുന്നു.

‘ഡാ ചെറ്ക്കാ, നെന്നോട്...
ഞാൻ രാവിലെ ഇവിടെന്നെറങ്ങിയപ്പോ നെന്നെയിവിടെക്കണ്ട് ഇപ്പോ വന്നപ്പഴുങ്കണ്ട്. എന്നാടാ, കക്കാനാണോ? മോട്ടിക്കാനാണോന്ന്...', വറീത് പൊറത്തൂന്ന് കടേലേക്ക് കേറാതെ കൂക്കിയുടെ പഴക്കടയോട് ചേർന്ന് മുണ്ടുപൊക്കി തൊടചൊറിഞ്ഞോണ്ട് ചോദിച്ചു.

‘നീയീ നട്ടപ്പാറവെയിലത്ത് നട്ടാ കെളക്കാത്ത നൊണ പറയർത് വറീതെ. അവനിപ്പോ വന്നവിടെയിരുന്നെയൊള്ളൂ’, വരിനിക്കണ ജിഞ്ചാപ്പു ചിരിച്ചോണ്ട് പറഞ്ഞു.

‘ഹോ, വക്കാലത്താണോ?എന്റെ റേഷൻ കടേൽ വരുന്നോരു ഞാമ്പറയണത് കേട്ടാമതി, അല്ലെങ്കി സാനം കിട്ടീന്ന് കരുതിപ്പോകേണ്ടി വരും, കേട്ടല്ല...', അയാൾ ചെവിയിൽ ഇടതു കൈതിരുകി നീട്ടിയൊരു തുപ്പും തുപ്പി കൈ മുണ്ടേൽ തൊടച്ചു.

‘ഹോ, ജിഞ്ചാപ്പൂന്റെ വീതം അങ്ങനെ എരട്ടിപ്പൈസക്ക് വിക്കാന്ന് വറീത് കര്തണ്ട. നെനക്ക് ലാഭമൊണ്ടാക്കി ബമ്മാടം കെട്ടാനല്ല ഈ കട ഇവടെയിങ്ങനെ സർക്കാരിന്റെ പേരും വെച്ചു പൊറുക്കണത്.'

ജിഞ്ചാപ്പു മണ്ണെണ്ണക്കുപ്പി പാപ്പച്ചനുനേരെ നീട്ടിപ്പിടിച്ചു. മോന്ത കണ്ടപ്പോ പാപ്പച്ചൻ അയാൾടെ അളവ് കിറുകൃത്യം മുറിച്ചൊഴിച്ചു മൂടിമുറുക്കി.

‘ഉവ്വുവ്വേ, കൂട്ടത്തി കൊറച്ചു വെവരമുള്ള തെളപ്പാ തെളക്കണത്. രണ്ടീസം ഞാനീ കട പൂട്ടിയിട്ടാ അവന്റപ്പൻ വരും, അപ്പൻ..' വറീത് ജിഞ്ചാപ്പുവിന്റെ കൈവണ്ണം നോക്കി പിറുപിറുത്തുകൊണ്ട് കൈയിലെ കവറും രശീതും മേശപ്പൊറത്തോട്ട് വെച്ചു തിരിഞ്ഞു.

‘നീയെന്താടാ നോക്കുന്നെ. നെനക്കാ മാങ്ങാ വേണാ?' ജിഞ്ചാപ്പു പഴക്കടയുടെ മുൻപിൽ സമരത്തിന് കോലുകുത്തിയപോലിരിക്കണ മൊട്ടയെ തോണ്ടി. അവൻ വേണ്ടെന്ന് തലയിട്ടിളക്കി. അപ്പോഴേക്കും തലപൊക്കിക്കൊണ്ട് ജിഞ്ചാപ്പു ഒരു സാധു കത്തിച്ചു മുന്നോട്ട് നടന്നു പോയിരുന്നു.

ഇന്നിനിയവിടെയിരുന്നിട്ട് കാര്യമില്ലെന്ന് പാപ്പച്ചന്റെ കയ്യും കലാശവും കണ്ടപ്പോ ശീമന് മനസിലായതുകൊണ്ടാകും അവനും നടന്നുനീങ്ങി. പൊരക്കെത്താനിനിയും സമയം നീട്ടണം, തിന്നാൻ സമയമാകുമ്പോ കയറിച്ചെന്നാൽ തള്ളയുടെ തല കാണണ്ട, ഇനി അഥവാ കണ്ടാലും അധികം മിണ്ടത്തില്ല, അവര് കൂട്ടിപ്പെറുക്കിവെക്കുന്നത് വെച്ചുണ്ടാക്കുന്നതുകൊണ്ടാകും തിന്നുമ്പോ തള്ള വാ മൂടാറാണ് പതിവ്.

നടന്നുനടന്ന് മൈദാനിമുക്കിലെത്തി. പള്ളിക്കിരുവശവും കാണാം. മിനാരത്തിന്റെ തുമ്പത്തെ പാറിപ്പോകാൻ കാറ്റു കാത്തിരിക്കണ പ്രാവിനെയോ മറ്റൊ അവനൊന്നു സൂക്ഷിച്ചുനോക്കി. അതിനെ നോക്കിനടന്നപ്പോ തള്ളവെരല് മെറ്റലിൽ കൊണ്ടു.
‘സ് ഹൂ!', പെടഞ്ഞുപോയി ശീമൻ.

വെരല് പിടിച്ചു രണ്ടുകൊടയല് കൊടഞ്ഞു. ഒരു ചെറിയ പൊട്ടല് കേട്ടു, ശെരിയായി.
കൂനിപ്പോയ അവൻ തല നിവർത്തുന്നതിനുമുൻപ് പള്ളിമതിലിന്റെ മൂലേലേക്ക് വെറുതേ കണ്ണൊന്നു പാളി, രണ്ട് ചെരങ്ങാ ചന്തികാട്ടിയിരിക്കുന്നു. വള്ളിയടർന്നു വീണതൊന്നുമല്ല ആരോ സ്വകാര്യമായികൊണ്ടുവച്ചതാണത്. ശീമൻ അത് ആകാശത്തുനിന്ന് പോയിട്ടിവീണതെന്നതുപോലെയെടുത്തു കക്ഷത്തിലെ രോമക്കാട്ടിലൊളിപ്പിച്ചു.

എന്നും തള്ള കൈയിലേക്ക് നോക്കും. ശീമൻ പതുക്കെ മുൻപോട്ട് നീങ്ങി.
ആനത്തൊലിപൊളിയണ വെയിൽ.

ഒരല്പം മുന്നോട്ട് നടന്നുതീരാനായപ്പോ തന്റെ പിറകിലൊരു നെഴലവൻ കണ്ടു. അത് മുൻപേ പൊക്കോട്ടേന്ന് കരുതി അവനരികിലേക്ക് നീങ്ങി നടന്നു.
നെഴലിനു ധൃതിയില്ല, തന്നെക്കാൾ അല്ല തന്റൊപ്പമാണ് നടക്കുന്നത്. ശീമൻ പിന്നെ ഒതുങ്ങിയില്ല. ആരാണെന്ന് നോക്കണമെന്ന് അവനാദ്യം തോന്നിയില്ല, അവന്റെ പൊരയെത്താറായിട്ടും മുന്നിൽ കേറാത്ത നെഴലിനെ വേലിക്കെട്ടെത്തുമ്പോ തിരിഞ്ഞുനോക്കണമെന്നവനപ്പോൾ തോന്നി. രണ്ട് കക്ഷത്തിലും തിരുകിവെച്ച ചെരങ്ങായുടെ മുള്ളുകൾ വേദനിപ്പിക്കുന്നുണ്ട്.

കുണ്ടിച്ചെരങ്ങയാണ്, തള്ള തേങ്ങയിട്ടു വെച്ചുതരുമായിരിക്കും. താനായിട്ട് കൊടുക്കുന്നതിനാൽ കുറച്ചധികം തരേണ്ടതാണ്., അല്ലെങ്കിലും തരാറുണ്ട്. തള്ള തിന്നുന്നതോ ഒറങ്ങുന്നതോ ശീമൻ കണ്ടിട്ടില്ലല്ലോ അല്ലേലും,
‘ഞാനെന്തിനവരെ നോക്കണം?!' ശീമന് പെട്ടെന്ന് തോന്നി. വേലിയെത്താനായിരിക്കുന്നു തനിക്ക് തിരിഞ്ഞുനോക്കാൻ സമയമായി. പരിചയമുള്ളവരാണെങ്കിൽ ചിരിക്കേണ്ടേ?
വേണ്ട!
‘ഞാനെന്തിനവരെ നോക്കി ചിരിക്കണം?'

അവൻ വേലി തുറക്കാൻ കൈപൊക്കി വലത്തേ കക്ഷത്തിലെ ചെരങ്ങ ഉരുണ്ടു താഴെപ്പോയി. ഉരുണ്ടുരുണ്ട് അത് നേരത്തെ കണ്ട മൊട്ടച്ചെറുക്കന്റെ കാലിൽ ചെന്നുനിന്നു. അപ്പോ അവനായിരുന്നു നെഴല്.

ശീമൻ ഊരകുനിച്ചു ചെരങ്ങ കൈ കൊണ്ടെടുക്കാൻ തുനിഞ്ഞു. അതേ ചെരങ്ങയുടെ മുകളിൽ മൊട്ടച്ചെറുക്കന്റെ കൈയുമിരിക്കുന്നു.ശീമൻ തലപൊക്കി, വെയിലത്ത് കറുത്തമോന്തയിൽ മുളച്ച വെയർപ്പിന് പൊന്നിന്റെ നെറം.
രണ്ടാളും ഒരേപിടിത്തത്തിൽ നട്ടെല്ലുനിവർത്തി.

‘ഇതിന്റെതാ’, മൊട്ട ശീമന്റെ ചോത്ത കണ്ണിൽനോക്കി അല്പം ഭയത്തോടെ തൊണ്ടയുടെ പകുതിക്ക് വെച്ചു പറഞ്ഞു.
ശീമനൊന്നും മിണ്ടിയില്ല, അവനതു ബലമായി പിടിച്ചുവലിച്ചു.

‘ഞാനാ, അത് മൈദാനിക്കണ്ടീല് കൊണ്ടച്ചേ, ഉമ്മാക്ക് ജിഞ്ചാപ്പു കൊടുത്തയാ.'

ശീമൻ അത് പിടിച്ചുപറിച്ചു കൈക്കലാക്കി വീണ്ടും കക്ഷത്തിൽവെച്ചു. ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു.

‘നോക്കീം, അതില്ലാണ്ട് കുടീക്കേറിയാ ഉമ്മന്നെ വെച്ചേക്കൂല. രാത്രി ജിഞ്ചാ പ്പു വെര്‌മ്പോ വെളമ്പാനാണ്ള്ളതാണ്. ങ്ങക്ക് ഞാൻ ബേറെ കൊണ്ടത്തര നാളെ, അതിൻകെരൊ...?
‘നോക്കീം...' അവനോടി ശീമന്റെ തോളിൽപിടിച്ചു പറഞ്ഞെങ്കിലും വേലി നീക്കി തിരിച്ചടച്ചു ശീമൻ യാതൊരു കൂസലുങ്കൂടാതെ പൊരക്ക് കയറി.

കറുത്തു ചാണകം പൊളിഞ്ഞ ചേരിയിൽ കാലൊരച്ച് ശീമൻ ചെരങ്ങ ഒരു മൂലേലേക്ക് ഉരുട്ടിവിട്ടു, അതുരുണ്ട് അമ്മിയുടെ മൂട്ടിൽ തങ്ങിനിന്നു. നേരം ഉച്ചകഴിയാറായിരിക്കുന്നു. അകത്ത് തള്ളയുടെ നാവില്ല. അവൻ ചെവിയോർത്തു, ‘നാളെ നീയ്യ് പതനയെടുക്കാമ്പൊക്കോണം '

അതൊരു കല്പനയായിരുന്നു, നല്ല കാറ്റുള്ള കല്പന.

വിചാരിച്ചപോലെ തള്ള പൊറത്തല്ല അകത്തുതന്നെയുണ്ടായിരുന്നു. ഇളം മഞ്ഞപോലുള്ള പനമണക്കുന്ന കുപ്പായം തന്റെ മുൻപിലൂടെ അടുക്കളയിലേക്ക് പാഞ്ഞതുകണ്ടു ശീമൻ. തള്ളക്ക് പതിനാ കുറുക്കുന്നിടത്ത് വിറക് പെറുക്കലാണ് പണി. വിയർപ്പും പതിനയും ചേർന്ന് കള്ളുചീഞ്ഞ മണമാണ് തള്ളക്ക്.

‘ഓ’, അവൻ പതിഞ്ഞൊരു മറുപടി നൽകി.

എറേമ്മേലുള്ള ഒറ്റമുറി, ഒരു പൊളിഞ്ഞ അടുക്കള, പുറത്ത് കുഴികുഴിച്ചു മറച്ച കക്കൂസ്, ഇതാണ് ശീമന്റെ കൊട്ടാരം! അവൻ ഒറ്റമുറിയുടെ മൂലയ്ക്ക് പുറം നിരക്കിയിരുന്നു തൊണ്ടയൊന്നനക്കി.

‘ന്നാ കഞ്ഞി', ചളുങ്ങിയ തകരപ്പാത്രത്തിൽ വെളുത്ത കഞ്ഞിയും രണ്ട് കാന്താരിയും ഒച്ചയിണ്ടാക്കി അവന്റെ മുന്നിലേക്ക്യെത്തി. റേഷനരിക്കഞ്ഞിയിൽ മുങ്ങിക്കിടക്കുന്ന വെന്ത കൊത്തനുകൾ അവൻ കഴുകാത്ത കൈയ്യിട്ടപ്പോൾ മുകളിലേക്ക് പൊന്തിവന്നു. എല്ലാം കൂടെ ഒന്നിച്ചു വാരിയവൻ വായിലേക്കിട്ടു വെള്ളം മോന്തി. കൈ ഉടുത്ത തുണിയിൽ വെരകിത്തൊടച്ചുകൊണ്ട് എറയത്തേക്കിരുന്നു. അവന്റെ അണപ്പല്ലിലൊരു ഉറുമ്പോട്ടയുണ്ടായിരുന്നു. കാന്താരിയുടെ കുരു അതിനുള്ളിൽ പാകത്തിന് പാത്തിരുന്നു. തള്ളവെരലിന്റെ നഖംകുത്തിയതിനെയെടുക്കാൻ അവനൊരു ശ്രമം നടത്തി. പക്ഷെ നടന്നില്ല.

‘ഇന്നെർച്ചിയാണോ ചീമാ, പല്ലൊക്കെക്കുത്ത്ണ്, ന്നട്ട് മണോന്നും വന്നില്യാലോ'

വേലി ചാടി ജിഞ്ചാപ്പുവിന്റെ പറമ്പിലെ മധുരക്കെഴങ്ങു കട്ടുകൊണ്ടോകുന്ന മാനുത്താന്റെ ചോദ്യം, ‘അവരൊരു കൊതിച്ചിപ്പെണ്ണുങ്ങളാണ്. പോരാത്തതിനിപ്പോൾ ഗർഭിണിയും. ജിഞ്ചാപ്പുവിന്റെ പറമ്പ്ന്ന് കട്ടുപറിക്കണ ആദ്യത്തെയാളൊന്നുമല്ല 'മാനു.

കണ്ണടച്ച് കെഴങ്ങു കൊണ്ടോകുന്ന ചെറ്യേ ചെറ്യേ പെരുച്ചായികൾക്ക് വേണ്ടി മാത്രം ഓരോന്ന് വെതക്കുന്ന ജിഞ്ചാപ്പു ഇതൊക്കെ കാണാറുണ്ടെന്നത് മറ്റൊരു നേര്. മാനുവിന് മറുപടി കൊടുക്കാതെ ശീമൻ വീണ്ടും പല്ലിന്റിട കുത്തി ആ കാന്താരിക്കുരു പൊറത്തെത്തിച്ചു. ഇപ്പോ അതിനെരുവില്ല എല്ലാം വായിലലിഞ്ഞു തീർന്നു.

നാളെ പതിനയെടുക്കാൻ പോണതിനെക്കുറിച്ചായി ശീമന്റെ ചിന്ത. പിന്നെ, വേലിക്കരികിൽ ശീമന്റെ ഓരോ നോട്ടവും തന്നിലേക്ക് വരാൻ കാത്തിരിക്കുന്ന മൊട്ടയെ അവൻ മനഃപൂർവം അവഗണിച്ചു.

തേഞ്ഞ അമ്മിയുടെ ചോട്ടിൽ മുളപൊട്ടാറായ ചെരങ്ങാ ഉപ്പേരിച്ചട്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം വൈകുന്നേരമായി. ശീമൻ അതേയിരുപ്പ്തന്നെ, ഇടക്കൊക്കെ അങ്ങനാണ്. അവന് തോന്നുന്ന അത്രേം നേരം ഒരേയിരിപ്പിരുന്ന് നേരം വെളുപ്പിക്കുന്ന ശീമൻ ഒന്നുറങ്ങാൻ പോലും ഇടക്ക് മറക്കാറുണ്ട്.

ഇതിനുമ്മാത്രം അവനെന്താണ് ചിന്തിക്കാനുള്ളത്?

തള്ളയിന്ന് നാവുമുടക്കിയിരുപ്പാണ്, അതും അവനത്ഭുതമായിത്തോന്നി. ഒന്നുപോയി നോക്കണമെന്ന് അവനുണ്ടായിരുന്നു. എഴുന്നേറ്റ്​ പിന്നാമ്പുറത്തെ ഒണങ്ങിക്കറുത്തപായലുള്ള ചേരിയിലെ പറ്റിപ്പിടിച്ച കമ്പിളിപ്പുഴുക്കളെ കാലുകൊണ്ട് ഞെക്കിപ്പീച്ചിനടന്നു പകുതിയെത്തി. കഴുകാൻവേണ്ടി കരിപിടിച്ച രണ്ട് ചെമ്പും മൂന്ന് ബസ്സിയും ബക്കറ്റിൽ നെറച്ച വെള്ളത്തിന്റെ ചോട്ടിൽ കൊണ്ട്വെച്ചിട്ടുണ്ട്, ഇച്ചിരി താളിന്റെ പശയും, ചാരവും അടുത്ത് കാണാം. പാത്രം തേക്കണ തുണിക്കണ്ടം പൊതിർന്നു തീരാറായിരിക്കുന്നു. അല്ലേലും ഏതുവീടിന്റെയും അടുക്കളപ്പൊറം പച്ചപിടിച്ചു പൊതിർന്നിരിക്കും, അലക്കിയൊഴിച്ചതും പാത്രം കഴുകിയതുമായ കൊഴുപ്പുവെള്ളം പെണ്ണുങ്ങളുടെ ഉള്ളുപോലെ തളർന്നിരിക്കും, ഇടക്കൊരു വെയിലറക്കുമ്പോൾ അവയുണങ്ങിവറ്റിയാലും പാടുകളവശേഷിക്കും ഒട്ടും നേരം വൈകാതെ വീണ്ടും വെള്ളംകെട്ടും, അതൊക്കെ നോക്കിക്കൊണ്ടിരിക്കുന്ന ശീമൻ ‘ഞാനെന്തിനിപ്പോ തള്ളയെ അന്വേഷിക്കണ’മെന്ന് ചിന്തിച്ചു തിരിഞ്ഞുനടന്നു.

കക്കൂസിൽ നിന്നിറങ്ങിവരുന്ന തള്ളയെ കണ്ടപ്പോൾ ശീമൻ നേരെ നടന്നു, അവരെക്കണ്ട ഭാവം നടിച്ചില്ല. കാരണം കക്കൂസിൽ പോകാനുണ്ടെന്ന് പറയുന്നതും പോകുന്നതും മറ്റുള്ളവരറിയുന്നത് അവർക്ക് ഒരുതരം മടിയുണ്ടാക്കുന്ന കാര്യമാണെന്ന് അവനറിയാം. ഒരിക്കെ ഒരു കല്യാണപ്പൊരയിൽന്ന് തൂറാൻ മുട്ടിയ അവർ മൂത്രം പാത്താനാണെന്ന് കള്ളം പറഞ്ഞ് പൊരേലേക്ക് പോന്നത് അവനോർത്തു. കാരണം പാത്താൻ സാധാരണ പറമ്പിലാണ് പോകാറ്, കക്കൂസിൽ കേറില്ല.

‘മാനുവോ, ബാങ്കു വിളിച്ചോ, നിക്ക് വെളക്ക് കത്തിക്കാനാണ്’, അയൽവാസിപ്പെണ്ണുങ്ങൾ പരസ്പരം വിളിച്ചു കൂക്കുന്നത് കേട്ടുകൊണ്ട് ശീമൻ പൊറത്തെറങ്ങി, നേരത്തെ അവിടെ നിർത്തിയിരുന്നവൻ ഇപ്പോഴവിടില്ല.

വളരെപ്പെട്ടെന്ന് തീപ്പിടിച്ചപോലെ ശീമനെങ്ങോട്ടോപോയി. അവന്റെ തള്ള പാത്രം കഴുകിയകത്തേക്ക് കയറിയതും തേങ്ങ വീണതുപോലൊരു ശബ്ദം പൊറത്തേക്ക് കേട്ടു, ഒപ്പം രണ്ടു ചെമ്പും ചളുങ്ങി, അവർ അധികം ഒച്ച വെച്ചില്ല ഒന്ന് നെരങ്ങി. കൂരക്കകത്തു കയറിപ്പറ്റിയ മൊട്ടയ്ക്ക് കൈയിലുള്ള ചെരങ്ങായവിടിട്ട് അവരെ എഴുന്നേൽപ്പിക്കണമെന്നുണ്ടായി. പക്ഷെ അവനപ്പോൾ ചെരങ്ങയെപറ്റി മാത്രം ചിന്തിച്ചു. അമ്മിച്ചോട്ടിലെ ചെരങ്ങ കാണാതായി, അതിനെക്കാത്തിരുന്ന ഒരു മുറി തേങ്ങയിൽ ഉറുമ്പരിച്ചു.

പുറമെയൊട്ടിച്ച പേപ്പറ് പൊതിർന്ന കുപ്പിയിലെ മുറിവെണ്ണ ചതഞ്ഞ കാലിൽ അമർത്തിത്തേച്ചപ്പോഴാണ് തള്ളക്ക് ലോകമറിയാൻ തുടങ്ങിയത്. വീണപ്പോൾ കരഞ്ഞില്ലെങ്കിലും പോത്തലറുന്ന മാതിരി അവരപ്പോൾ ചീറി. കാലമർത്തുന്നത് ഒരു സുന്ദരിപ്പെണ്ണുങ്ങളായിരുന്നു, മുഖം വെളുത്തുചുരുങ്ങിയതെങ്കിലും നല്ല മുഖശ്രീയുള്ളത്, തലയിൽ തട്ടം മുടിയടക്കം ചുരുട്ടിവെച്ചിരിക്കുന്നു. ഒരു നീല നൈറ്റിയാണുടുത്തിരിക്കുന്നത്. കാതിൽ ക്ലാവുപിടിച്ച മുക്കിന്റെ ലോലാക്ക്. അവർ അലർച്ച നോക്കാതെ പതുക്കെ നീരിനെ താഴോട്ടിറക്കിത്തിരുമ്മി.

‘നീയ്യേതാണ്?' ശീമന്റെ തള്ള വേദനയിലും ആളെയറിയാൻ തുനിഞ്ഞു.

‘ന്റുംമ്മേണ് '

അപ്പോഴാണ് പിറകിൽ മൊട്ടയെ ശീമന്റെ തള്ള ശ്രദ്ധിക്കുന്നത്.

‘അയ്‌നിയ്യേതാണ്?' മുരണ്ടുകൊണ്ട് തള്ള വീണ്ടും ചോദിച്ചു.

‘ഇന്ക് ഇവിടത്തേ അയാളെ അറിയാ'

ശീമനെയാണ് ഉദ്ദേശിച്ചതെന്ന് തള്ളക്ക് മനസിലായെങ്കിലും അവനെയറിയുന്നവരിതുവരെ കുടുംബത്തു കേറാത്തതുകൊണ്ട് അല്പം ആശ്ചര്യം അവർക്കുണ്ടായിരുന്നു. തടവല് കഴിഞ്ഞു പെണ്ണും ചെർക്കനും പൊറത്തോട്ടു പോയി.സർക്കീട്ടടിക്കാൻ പോയ ശീമൻ മഴച്ചാറ്റലുംകൊണ്ട് തിരിച്ചെത്തി,

‘എന്റമ്മ എളീംകുത്തി വീണെടോ ചീമാ', മാനു അവനെക്കണ്ടപ്പോൾ മൂക്കുമ്മേൽതൊട്ട് പറഞ്ഞു.

അവനൊന്നും മറുപടി കൊടുക്കാൻ തോന്നിയില്ല . ഇരുട്ടും മഴച്ചാറ്റലും അവനെ കുടിലിലേക്ക് ക്ഷണിച്ചു. ഉരുണ്ട അണ്ടാവു പോകുന്നതുപോലെ അവൻ അകത്തേക്ക് കയറി. ഇനിയിന്നെന്നാ തിന്നുമെന്നോർത്ത് മഴയത്ത് വാറ്റാനിറങ്ങാത്ത പാപ്പച്ചനെ പ്രാകി മലർന്നുകിടക്കുന്ന തള്ളയെ പ്രതീക്ഷിച്ചുകൊണ്ടവൻ അകത്തുകേറി.
അവർ കൊടയുടെ കമ്പി കൂട്ടിത്തുന്നുകയായിരുന്നു.

‘ചത്തട്ടില്ലടാ പന്നീ’, അവന്റെ ചെളിക്കാല് കണ്ടപ്പോ അവരൊച്ചയിട്ടു.

‘തള്ള ഒരു കാലത്തും കെടപ്പിലാകില്ല’, അവൻ മനസിലോർത്തുമ്മറത്തിരുന്നു.

‘കുടുംബത്തിലൊരുപഹാരം ചെയ്യാമ്പറഞ്ഞ ദെവസാണ് നാളേ, അത് വല്ലോം ഓർമണ്ടാ? നേരത്തിന് വന്ന് കേറണം തന്തമാരെക്കൂട്ട് കള്ളുംമോന്തിക്കെടന്ന് നാളേ തല പൊക്കീലേ ണ്ടല്ലോ.

‘ഏഴ് രൂപാ കിട്ടും പോയാൽ അത് വാറ്റി യന്ത്രത്തിലൊഴിക്യാണേൽ എട്ടും. എന്താ അത് വെറ്‌തെ കിട്ടോ, നായിന്റെ മോൻ ഒരുപകാരോമില്ലാത്ത കാട്ട്പന്നി.’

രാവിലത്തേതും ഉച്ചക്കത്തേതും അവർ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ഇനി രാത്രിയിലെത്തേതും കഴിഞ്ഞ്​ കെടക്കാൻ നേരം കൊറേ കഴിയും. അത് ശീമനറിയാം, അവൻ അവിടെത്തെന്നെ കമഴ്ന്നു, കൂർക്കം വലിച്ചു.

‘ഇവടെ വെച്ച ചെരങ്ങായെന്ത്യേ’, ശീമൻ രാവിലെ അമ്മിച്ചോട്ടിലേക്ക് നോക്കി ചോദിച്ചു.

‘തള്ള ചാകാൻ കെടന്നപ്പോ നാട്ടാരെക്കൂട്ടിയ ചെക്കന്‌കൊടുത്ത്, ഉള്ളതൊരുത്തൻ ശർക്കീട്ടടിക്കാൻ പോയില്ലേ, മമ്രസായല്ലേ, കള്ളപ്പന്നി.’

പിന്നേ കൂടുതലായൊന്നും ശീമൻ ചോദിച്ചില്ല. പതിനായെടുക്കാനിറങ്ങി, മഴയത്ത് പക്ഷെ പണിയുണ്ടാകില്ല, എങ്കിലും തള്ളയെ അനുസരിക്കാതെ പറ്റില്ല, അവൻ കരിമ്പനക്കാട്ടിലേക്ക് നടന്നുകൊണ്ടിരുന്നു. ഇന്നലെ ഒന്ന് ചാറിയതേയൊള്ളൂ, ഇന്ന് പക്ഷെ കാറുണ്ട്. ഇന്നലെവരെ പൊറംപൊള്ളിച്ച വേനൽ ഇന്ന് മുഖമ്മാറ്റിയതെന്തുകൊണ്ടാകും?

പ്രകൃതി വേഗത്തിൽ ഗതി മാറ്റുന്നു. ഹേയ് മനുഷ്യനേക്കാൾ വേഗത്തിലല്ല.അവൻ തള്ള വാടകക്കെടുത്ത അരിവാളും തളപ്പുംകൊണ്ട് മുന്നിൽക്കണ്ട കാടിനെത്തെളിച്ചു നടന്നു. കൂടെ പാപ്പച്ചനും വരുന്നുണ്ട്.

ഇന്നലെപ്പറഞ്ഞേൽപ്പിച്ചതാണ്. അവനവിടിരുന്നു കുടിക്കണമെന്നൊരു പൂതി. ഇന്നാണെ പണിക്കാരില്ല. കാട്ടീക്കേറി മൊയലിനേം ചുട്ട് അന്തിക്കു തിരിച്ചാ മതിയാകും. രണ്ടുപേർക്കും കുശാൽ. കാട്ടിലെത്തി പതിനായെടുക്കൽ വൈകുന്നേരത്തേക്ക് മാറ്റിവെച്ചവർ കാട്ടുമുയലിനെ എറിഞ്ഞുപിടിച്ചു, മുൻപേ കുപ്പിയിലാക്കിയ ചാരായങ്ങള് കാട്ടിനുള്ളിൽ കുലുങ്ങി.

‘രാത്രിത്തേക്ക് കൊടിയ മഴ പെയ്യും, പതിനയൊക്കെ കലങ്ങും ഇന്ന് പണിയെടുക്കണ്ടയപ്പോൾ, നെന്റെ തള്ള ഒടക്കുവോ?' പാപ്പച്ചൻ മൊയലിനെ കൈയിലെടുത്തു ചോദിച്ചു. ശീമൻ വരിവരിക്ക് കുപ്പികളെടുത്തുവെക്കുകയായിരുന്നു.

‘നീയിതിനെ അറത്തുവാര്, ഉപ്പേരിപോലെ മതി അപ്പോഴേ തെകയൂ' പാപ്പച്ചൻ ശീമനുനേരെ നീട്ടിപിടിച്ചു.

അവൻ യാതൊന്നും മിണ്ടാതെ അതിനെവാങ്ങി അറുത്തു, രക്ഷപ്പെടാനായി ജീവനെയൊളിപ്പിച്ച പാതിപ്രാണൻ കത്തിയുടെ മുനമ്പിൽ കൈച്ചലായി. ഒന്ന് പിടഞ്ഞ്​ അതിലധികം കോപ്രായം കാണിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നാത്തതുകൊണ്ടാകും, ചീറ്റിയ ചോരയുള്ളിടത്തുനിന്ന് അല്പം മാറി അവർ തീക്കൂട്ടി. സമയം വിചാരിച്ചതുപോലല്ല മൊയലിന്റെ പ്രാണൻപോയ കണക്ക് വേഗത്തിലോടുന്നു.

‘ടാ ചീമാ തള്ള തല പൊളിക്യോ?,'

ഇന്നലെവരെ ഉണങ്ങിക്കിടന്ന കാടിനെ നനച്ച രാത്രിത്തെ മഴയിൽ ചൂടുപിടിക്കാൻ അല്പം താമസിച്ച വിറകുകൾക്ക് മീതെ പൊടിയിട്ട് തീക്കത്തിക്കാൻ നോക്കുകയാണ് ശീമൻ.

‘ഹല്ലേലും അവർക്കിളകാൻ പ്രത്യേകിച്ച് കാരണമെന്നായേലും വേണാ? തെറിത്തള്ള ഹ ഹ'

‘അവരെന്നെ മാത്രം വിളിക്കും', ശീമൻ പ്രസ്താവിച്ചത് പെട്ടെന്നായിരുന്നു.

‘ആര് പറഞ്ഞ്, അവരെന്നെ വിളിച്ച പുളിപ്പ് മൂന്ന് കുളികുളിച്ചാ മാറിയേ. അതും മണക്കണ സോപ്പിട്ട്, ഹെന്നിട്ടാ'

‘അത് നീ വല്ല വേണ്ടാത്തരോം കാട്ടിക്കാണും. തള്ള വെറുതേ തെറിപറയില്ല, ഹെന്നെയല്ലാതെ '

പാപ്പച്ചന് അതത്ര പിടിച്ചില്ല. അവൻ ഒരു കുപ്പിയെടുത്തൊരു നാലു വായ അകത്താക്കി, നെഞ്ഞുതടവി, പുച്ഛമായിരുന്നു ഭാവം.അവരുടെയിടയിലെ നിശ്ശബ്ദത നിർത്തലാക്കാനെന്നോണം ഒരു നെഴലനക്കം.
കണ്മുൻപിൽ രണ്ടു ചോരക്കാലുകൾ കണ്ട് പാപ്പച്ചൻ കൂക്കി, ശീമൻ തരിച്ചില്ല അവന് മുൻപേ പരിചയമുള്ള നെഴല് തന്നെയാണത്.

‘നെനക്ക് ചെരങ്ങാ കിട്ടിയില്ലേ, ഇനിയെന്താ'എന്ന ചോദ്യമാണ് നെഴല് ശീമനിൽക്കണ്ടത്

‘കള്ളപ്പെട്ട, പാതിരായായിരുന്നേൽ ഞാൻ ചത്തേനെ നെന്നെക്കണ്ട്' പാപ്പച്ചൻ ആകെ വിളറിക്കൊണ്ടാണ് മൊട്ടയോട് സംസാരിച്ചത്.

അപ്പോഴാണാ അത്ഭുതവും അവിടെ സംഭവിച്ചത്. കൊടുംകടുത്ത ഇരുട്ടിൽ മിന്നിത്തിളങ്ങുന്ന മിന്നാമിനുങ്ങിന്റെ മൂടുതിളങ്ങുന്നപോലെ ശീമനൊന്ന് ചിരിച്ചു, ഒരു മഞ്ഞച്ചിരി.

അത് പാപ്പച്ചൻ വിശ്വസിച്ചില്ല. വർഷങ്ങളായി കാണുന്നവനാണ് ശീമൻ. അവൻ ചിരിച്ച്​ താൻ ഇതുവരെ കണ്ടിട്ടില്ല. അവനാകെ ഒന്നിളകി, കൊടുംതടിയൻ കാട്ടുപന്നി തിന്നുതളർന്ന മോണകാണിച്ചു ചിരിക്കുന്നതുപോലെ പാപ്പച്ചന് തോന്നി. മഹാത്ഭുതം സമ്മാനിച്ച ചെറുക്കനോട് കെട്ടിന്റെ പൊറത്ത് പാപ്പച്ചൻ ഒറക്കെ ചോദിച്ചു, ‘നെനക്കെന്നാടാ വേണ്ടേ? എന്തും ചോയ്ക്ക്, അതിവിടെത്തരും ഈ പാപ്പച്ചൻ.'

ഒട്ടും ചിന്തിക്കാതെ അവൻ മറുപടി കൊടുത്തു, ‘ഇന്ക്കിന്റുമ്മാനെക്കെട്ടിക്കണം'

ഇടിത്തീ വീണപോലുള്ള ചെറുക്കന്റെ ഒച്ചയിൽ പാപ്പച്ചൻ നാവുകടിച്ചുപോയി. അയാൾ നീട്ടിയെരിവലിച്ചു തുപ്പി, ഇരുട്ടായതിനാൽ പൊടിഞ്ഞ ചോരയിടെ ഇരുമ്പുചൊവ മാത്രമറിഞ്ഞു.

ശീമൻ മൊയലിനെ കരിയാതെ നോക്കാൻ ഇളക്കിക്കൊണ്ടിരുന്നു.

‘എടാ കൊച്ചെറുക്ക, നെനക്കൊരു ബിരിയാണി തിന്നാനാണേൽ അത് അമ്മേനെക്കെട്ടിച്ചു തിന്നണോ? അല്ലാതെ തിന്ന തൊണ്ടേന്നെറങ്ങത്തില്ലേ?' പാപ്പച്ചൻ പനയിൽ നിന്നെടുത്ത കള്ളും ചാരായവും ഒന്നിച്ചുമൊത്തി.

‘ചോറ്ന്നാനല്ലൻക്ക്, ബാപ്പല്ലാത്തോണ്ട് ന്റുംമ്മച്ചിക്ക് നല്ലൊരു കുപ്പായം മര്യായ്ക്ക് ഇടാമ്പറ്റ്ണില്ല. റോട്ടുമ്മക്കൂടി പോണോര്ക്കും പള്ളീലെ കാക്കാമാര്വടക്കം പെണ്ണ്ങ്ങളെക്കൊണ്ടോലും സ്വൈര്യല്ല, ഒന്നേങ്കി ന്റുമ്മാനെ കെട്ടിക്കണം അല്ലെങ്കിക്കൊല്ലണം, അത്വല്ലെങ്കി കൊറേ പൈസ മാണം.'

അത്രയും ചെറിയ ചെറുക്കന്റടുക്കൽ നിന്നിങ്ങനൊരു വെഷമരുന്ന് പൊരട്ടിയ പറച്ചില് വരുമെന്ന് പാപ്പച്ചനോ ശീമനോ കരുതിയില്ല, ശീമൻ പക്ഷെ അവന്റെ ഉരുണ്ട ശരീരത്തിൽ മഴവെള്ളമിറ്റിവീഴുന്നത് തൊടച്ചുകളയാതെ ഇരുട്ടത്ത് മാറ്റിയിട്ട ബാക്കിമൊയലിന്റെ പണ്ടം തെരയുകയായിരുന്നു.

‘ഇയ്യാള് കെട്ടിയാ മതി', മൊട്ട ശീമനെ ചൂണ്ടിപ്പറഞ്ഞു. ശീമന്റെ ചുണ്ടിൽ നേരത്തെ കണ്ട ചിരി ഒന്നൂടെ വന്നോന്നൊരു സംശയം, അതോ മൊയലിന്റെ പ്രാണൻപോയ കൊതിച്ച ഭാഗം കണ്ട തെളക്കമാണോ

‘അ അ ആ.. അതങ്ങു കൊള്ളാലോ. ശീമന്റെ ശരിക്കും പണിയെന്താണെന്ന് നെനക്കറിയുവോ? ശവമെടുപ്പാണ് ശവമെടുപ്പ്, ചത്ത്​ തോട്ടിലും കാട്ടിലും മറഞ്ഞിരിക്കുന്നവരെ മണത്തു കണ്ടുപിടിച്ചു തോളീക്കേറ്റിക്കൊണ്ടോരൽ, ഒരു ശവമെടുത്താപിന്നേ അതിന്റെ നാറ്റം മാറാൻ ഒരായ്ച പിടിക്കും, അതൊക്കെ നെനക്കും നെന്റെ തള്ളക്കുമൊക്കെ പിടിക്കുവോ... ഹഹ പെടുക്കും നിങ്ങള്, ഇന്നാട്ടിൽ ജീവനുള്ളൊന്റേം ചത്തോന്റേം മണം തിരിയാൻ കെല്പുള്ളോനാണ് ചീമൻ’, പാപ്പച്ചൻ വല്ലാതങ്ങു മത്തുപിടിച്ചിരുന്നു.

‘എടാ ഇന്നാട്ടീ പെണ്ണുങ്ങള് പെറന്നപ്പോത്തൊടങ്ങിയതാണ് നാട്ടാരുടെ നാവുകീറല്. അതിപ്പോ നീ നെന്റെ തള്ളയെക്കൊന്നാത്തീരൂന്നാണോ നീയ്യ് കരതണത്? എന്റപ്പൻ വറീത് മാപ്പള നല്ല തെങ്ങിങ്കള്ളുപോലെ വെളുവെളുത്ത സുവാവോം ദേ ഈ പനമ്പതനന്റെ തെളിച്ചോമൊള്ള സ്വന്തം കെട്ടിയവളെ പച്ചക്ക് സംശയിച്ച് കൂട്ടാരന് കൂട്ടികൊടുക്കാൻ മടികാണിക്കാത്തോനായ്ർന്നു. അതെന്തോണ്ടാ? പണവില്ലായ്ട്ട? നീ പറഞ്ഞമായിരി കെട്ടിയവനില്ലാഞ്ഞിട്ട? അതെയ, ആണാന്ന്? അല്ല എന്റമ്മക്ക് നട്ടെല്ലില്ലാഞ്ഞട്ട.അതെന്റെ തള്ളക്ക് തിരിഞ്ഞപ്പോളേക്ക് ചത്തുമ്പോയി. അന്ന് എന്റെ പ്രായം അഞ്ചാ. നെനക്ക് എന്നെക്കാളില്ലേ അന്നഞ്ചു വയസൊള്ള ഞാൻ കഞ്ഞീം കപ്പേം ചാരായോം തെരഞ്ഞുപോയി നീയങ്ങനല്ലല്ലോ അപ്പോ ഇപ്രശനോമനക്ക് തീർക്കാ.'

പാപ്പച്ചൻ ചെറുക്കന്റെ തോളിൽത്തട്ടി എറച്ചി നീട്ടി!അവനതു വാങ്ങി ട്രൗസറിലിട്ടു.
‘ബെള്ളം മതി.'

ശീമൻ മിന്നാരക്കോട്ടിവെട്ടി അടിഭാഗത്തുനിന്നും ഒലിക്കുന്ന വെള്ളം അവന് തൊള്ളേലൊഴിച്ചുകൊടുത്തു.

‘ദെന്തിനാണിങ്ങള് പനന്റെ മീതെക്കേർണത്?'

‘കൽക്കണ്ടത്തിന്'

‘ന്ത് കൽക്കണ്ട്?'

‘പനങ്കൽക്കണ്ടം'

‘ൻക്കൊരു തുണ്ടം തെരോ, മ്മാക്കൊട്ക്കാൻ, മധ്രഷ്ടാ'അവന്റെ ചോദ്യം ദുർബലമായിരുന്നു. ശീമന് മൊട്ടയെ ആദ്യമായിക്കണ്ടതോർമ വന്നു.

‘അതിനു പനേല്ന്ന് പതിനായെടുത്ത് കുറുക്കി പത്തുനാല്പദോസം നൂല് കെട്ടി കാത്ത്രിക്കണം 'പാപ്പച്ചൻ രണ്ടു സാധുപ്പൊഹ മുന്നിലൊട്ടൂതിക്കളഞ്ഞു.

‘അല്ലടോ നെന്നെ തള്ള തെരയൂലെ.?'

‘മ്മൊറങ്ങീണ്ടാവ്മ്, ഞ്ഞാമ്പൊർത്ത്ണ്ട്ന്ന് കര്തും'

‘നെനക്ക് എഴുത്തും വായനേമറയോ?'

‘കൊറേശ്ശെ.. ച്ചിരി ങ്ക്‌ളീശും'

‘ആഹാ, അതെങ്ങനെ, കേക്കട്ടെ.'

‘എള്പ്പാണ്, പ്പൊ ല്ലാത്തിന്റേം മുന്നില് സ പറഞ്ഞ മതി', മൊട്ട കാറ്റത്തൊന്നാടിപ്പറഞ്ഞു.

‘ങേഹ്..?!'

‘ഹാ ചാക്കിന് ന്താ പറയാറിയോ?'

കാടു നിശ്ശബ്ദമായി.

‘സാക്ക് '

‘ങ്ഹാ...' പാപ്പച്ചൻ സന്തോഷിച്ചു.

‘അപ്പോ സങ്കടംന്ന് വെച്ചാ കടത്തിന്റെ ങ്‌ളീസ്സാ?'

‘അല്ലല്ല സങ്കടത്തിന്റെത് ഒരക്ഷരം എടുത്തുമാറ്റി പറയണം' സാട്.

‘ഇത് ഭയങ്കര എള്പ്പാലോ, ആരാ നെനക്കിതൊക്കെ പടിപ്പിച്ചത്?'

‘ജിഞ്ചാപ്പു.’

‘ഹാ എനെക്ക് തോന്ന്യാർന്നു, അവന് വെവരൊവൊണ്ട്', അതോടെ പാപ്പച്ചൻ സംശയം തീർത്തു തളർന്നൊറങ്ങി.

ചീമനന്ന് ഒറങ്ങാമ്പറ്റീല, ഒരു പെണ്ണിന് തുണ വേണ്ടതിനെക്കുറിച്ചവനോർത്തത് അപ്പോഴാണ്. കണവനുള്ളവരെ അവൻ ശ്രദ്ധിച്ചിട്ടേയില്ലയിതുവരെ. തന്റെ തള്ളക്ക് ഇതുവരെ അങ്ങനൊന്നില്ലാത്തതുകൊണ്ട് യാതൊരു കൊറവും കൂടുതലുമുണ്ടായിട്ടുണ്ടെന്ന് അവൻ അറിഞ്ഞിട്ടേയില്ല. പക്ഷെ മൊട്ടയുടെ അമ്മയ്ക്ക് തുണയില്ലാത്തതുകൊണ്ട് എന്തെല്ലാം കൊഴപ്പങ്ങളാണ്! എന്തുകൊണ്ടാണ് പല പെണ്ണുങ്ങളും പലതാകുന്നത്?! മൊട്ടക്ക് തന്തയില്ലായ്മ വലിയൊരു പ്രശ്‌നമാണ്. എന്നാൽ, തന്നെ പടച്ചവൻ മരിച്ചതാണോ, കളഞ്ഞതാണോ, കാണാതെ പോയതാണോ എന്നതൊന്നും ശീമനറിഞ്ഞിട്ടുമില്ല, തള്ള പറഞ്ഞിട്ടുമില്ല. എങ്ങനെയേലും രണ്ടു പള്ളക്കുമുള്ളത് തിന്നാലും ഇല്ലേലും തള്ള ഒപ്പിക്കും., എന്നാൽ മൊട്ടക്ക് പട്ടിണിയും വലിയൊരു ദുരന്തമാണ്.

ശീമനെന്തൊക്കെയോ ചിന്തിച്ചു തുപ്പി,
ചോദ്യങ്ങളും പറച്ചിലുമൊക്കെത്തീർന്ന്
പൂസായവരു കാട്ടീത്തന്നെ കിടന്നൊറങ്ങിയെന്ന് കാടിനെ വിശ്വസിപ്പിച്ചു.

കാട്ടീന്ന് തിരിച്ചെത്തിയ ശീമനും പാപ്പച്ചനും പതിവിലും നേരത്തെയെത്തിയ സമയത്തെ ശപിച്ചു. തലേന്ന് മഴപെയ്തിട്ടില്ല. വെയിൽ വെന്തുതുടങ്ങിയിരിക്കുന്നു. പക്ഷെ മൊട്ടയുടെ കുടിലിനെ വെയിലുനോക്കിയില്ല അവിടെയാകെ കറുത്തനെഴല്, മരണത്തിന്റെ നെഴല്.

മൊട്ടയുടെ ഉമ്മ മരണപ്പെട്ട വാർത്ത ജനമൊരല്പം അന്തിച്ചുകേട്ടു.
ശീമന്റെ തള്ള തലേന്ന് കണ്ട സ്ത്രീയെ ഒരിക്കെക്കൂടെ കാണാൻ വന്നെത്തിച്ചു നോക്കി, അവരുടെ കാലിൽ ഇന്നലെത്തേച്ച കുഴമ്പിന്റെ മണം പൊതിർന്നിരുന്നു. ആത്മഹത്യയോ കൊലപാതകമോ അല്ല, പിന്നെന്താണ്?

ഹൃദയസ്തംഭനം, ജിഞ്ചാപ്പു പേരിട്ടു.

അതുവരെ ആ രോഗം ബാധിച്ചാരും അന്നാട്ടിൽ മരിച്ചട്ടില്ല, അതൊരു രോഗമല്ല,പകരം ഒരവസ്ഥയാണെന്ന് അയാൾ പറഞ്ഞുപഠിപ്പിച്ചു.

ഉമ്മാടെ ശവമടക്കിന് മൊട്ടയെ തിരിയിട്ട് തെരഞ്ഞിട്ടാരും കണ്ടുപിടിച്ചില്ല, അവരെ മയ്യത്ത് പള്ളിക്കാട്ടിലേക്ക് ഗ്രാമത്തിലുള്ളോർക്ക് പുതിയൊരു മരണം പറഞ്ഞുകൊടുത്ത് കയറി. ചായക്കടകളിലും അടുക്കളപ്പുറങ്ങളിലും അങ്ങനൊരു മരണം എന്തുകൊണ്ടാണ് വരുന്നതെന്ന് ആളുകൾ സ്വയം കണ്ടെത്താൻ തുടങ്ങി. വിശപ്പിൽ തുടങ്ങി, ബ്രയ്സറിടാത്തതുകൊണ്ടുപോലുമാണ് പെണ്ണുങ്ങളുടെ ഹൃദയം പെട്ടെന്ന് നിന്നുപോകുന്നതെന്നുവരെയുള്ള ചർച്ചകൾ നാട്ടിൽ നീന്തിയും നടന്നും പോയി.

പെമ്പിള്ളേരെ പറഞ്ഞു പേടിപ്പിക്കാൻ വളർച്ചയിൽ പുതിയൊരതിഥി കൂടെയെത്തി. എന്നാൽ ഒരാഴ്ചക്കകം ഒരു പുരുഷൻ അങ്ങനൊരു മരണത്തിനിരയായി, അത് മറ്റാരുമായിരുന്നില്ല, ‘പഴക്കടക്കാരൻ കൂക്കി’യായിരുന്നു.

യാതൊരടയാളങ്ങളുമില്ലാതെ മരണപ്പെടുന്നവർക്ക് ‘ഹൃദയസ്തംഭനം ' വമ്പിച്ച സ്വീകരണം നൽകി. അടുത്തയാഴ്ച അത് രോഗത്തിനു പേരിട്ട ജിഞ്ചാപ്പുവിനെ തെരഞ്ഞെടുത്തതോടെ സ്തംഭനം സ്വാഭാവിക മരണങ്ങളായി പരിണമിച്ചു. ജിഞ്ചാപ്പുവിന്റെ മരണത്തിൽ നിശബ്ദമായി മാനുവിന്റെ ഗർഭം കുലുങ്ങി.
നാട്ടിൽ ശവം കൂടി കാട്ടിൽ ശവം കിട്ടാതായെങ്കിൽക്കൂടെ ശീമനിപ്പോൾ അധികവും കാട്ടിലാണ്, തള്ളക്ക് അവനെക്കാണാത്ത പരിഭവം വലുതായി മുഖത്ത് കാണാനില്ല. പക്ഷെ അവരെന്നും അവനുംകൂടെ വെച്ചുണ്ടാക്കും. ആഴ്ചകൾക്ക് ശേഷം കാടിറങ്ങിയ ശീമൻ പതിവിലും തടിച്ചുകൊഴുത്തു കറുത്തുരുണ്ടിരിക്കുന്നു.

‘ടാ ചീമോ...

നീ കാട്ടീപോയി ശവം തെരയ്യണ്ടാ. നാട്ടിത്തന്നെ കൊറേയൊണ്ട്, റേഷൻ കടക്കുമുൻപിൽ വെച്ചുകണ്ട വറീത് ശീമനോട് ഒച്ചയിൽപറഞ്ഞതുകേട്ട്, തന്റെ കള്ളുകൂട്ട് പാപ്പച്ചൻ തലപൊക്കി. അവന്റെ മട്ടും ഭാവവും കണ്ടപ്പോൾ പാപ്പച്ചനടുക്കാൻ തോന്നിയില്ല. ഒരിത്തിരി വാക്കിൽ ശീമൻ പക്ഷെ മറുപടികൊടുക്കാതെ നിന്നില്ല.

‘ന്നാ നാളേ വരാ..'ന്ന് പറഞ്ഞ് ശീമൻ മടങ്ങി. അവൻ പറഞ്ഞതറമ്പറ്റി, റേഷങ്കട പൂട്ടി വരമ്പിലൂടെ പോണ വഴിയാണ് വറീതിനെ കാലൻ പിടിച്ചത്. പക്ഷെ ജിഞ്ചാപ്പുവും കൂക്കിയും പോയപോലെയല്ല വറീത് ചത്തത്, മൂട്ടിലൂടെ ചോര കാണാമായിരുന്നു, തന്തേടെ ഒപ്പീസുപോലും കാക്കാതെ പാപ്പച്ചൻ അടിതുടങ്ങി ശീമനെ പ്രാകി., കുപ്പിതീരാറായപ്പോ അവന് ശീമനെക്കണ്ടു നാലുപറയാതെ വയ്യെന്നായി. പാപ്പച്ചൻ ശീമനെത്തെരഞ്ഞെറങ്ങി,

‘എനക്കൊറപ്പാ, ഇതാ ശവംതീനി ശീമന്റെ നാക്കു പറ്റിച്ച പണിയാ. കൊല്ലും ഞാനവനെ. സൂത്രത്തിൽ വെഷം കൊടുത്തു കൊല്ലും', പാപ്പച്ചൻ അവന്റെ കീശയിലെ മൂക്കിപ്പൊടി അരമുക്കാലും വലിച്ചുകേറ്റി നടന്നു. അടിഭാഗത്തവൻ ശീമന് വേണ്ടി മനഃപൂർവം ഒരിത്തിരി കരുതിവെച്ചു.

ഉണ്ടാകുമെന്ന് കരുതിക്കൂട്ടിയ സ്ഥലങ്ങളൊക്കെ അരിച്ചുപെറുക്കിയിട്ടും ഭീമനെ കണ്ടുകിട്ടിയില്ല. ഒടുക്കം ഒരു കാരണവശാലും അവൻ ചെല്ലില്ലയെന്നുറപ്പുള്ള പൂട്ടിയിട്ട മൊട്ടയുടെ വീടിനുമുമ്പിലെത്തിനിന്നു. വറീതിന്റെ കഴുത്തിലെ പൊന്നിന്റെ കൊന്ത അവന്റെ കഴുത്തിൽ കിടപ്പുള്ളതിനാലാകാം പാപ്പച്ചന് മൊട്ടേടെ തള്ളയെക്കുറിച്ചവിടെനിന്ന് ഓർമ വന്നു. ഇത്തിരി ഗതിയും കാണാൻ കോലവുമുണ്ടായിരുന്നേൽ ശീമന് അവള് കെ​ട്ടിയോളാകുമായിരുന്നു എന്നവനോർത്തു പിറുപിറുത്തു.

പിന്നെയൊരു നെഴലനക്കം പൊരക്ക് പൊറകിൽ, അത് പാപ്പച്ചന്റെ ഉള്ളിലെ കുടിച്ച ധൈര്യം മുന്നോട്ട് നടത്തി. വീടിന്റെ പിന്നാമ്പുറത്തതാ ശീമൻ.
അപ്രതീക്ഷിമായ കണ്ടുമുട്ടലിൽ പാപ്പച്ചന് തന്റെ തന്തയെ ഓർമ വന്നു.

‘നാക്കുപൂട്ടി പൊക്കൂടാർന്നോ, എന്റപ്പനെക്കൊല്ലാനാണോടാ പന്നീ നീ കേറിവന്നേന്ന് 'ചോദിച്ച്​ പാപ്പച്ചൻ ശീമന്റെ കഴുത്തിനുപിടിച്ചു. തന്നെ തിരിച്ചുതല്ലുമെന്ന് കരുതിയ പാപ്പച്ചനെ നോക്കി ശീമൻ അന്ന് ചിരിച്ചപോലൊരു ചിരി വീണ്ടും ചിരിച്ചു. ആളെ, അല്ല ആനയെ മയക്കണ ചിരി, ആ ചിരിക്കു പിന്നിൽ ഒരാളെയും കണ്ടു പാപ്പച്ചൻ.
‘തല ചെരണ്ടിയ മൊട്ട’, അവന്റെ കൈയിലൊരു കഷ്ണം എറച്ചി.

ശീമൻ സ്വകാര്യമായി പാപ്പച്ചന്റെ ചെവീൽ പറഞ്ഞു, ‘അത് നെന്റെ തള്ളക്ക് ചവിട്ടിപ്പറക്കാമ്പറ്റാഞ്ഞ നെന്റെ തന്തേടെ പണ്ടവാടാ നായേ. ഞാൻ തൂറ്റിച്ച പണ്ടം,
നെന്റെ തന്തേടെ പണ്ടം ...' ശീമന്റെ ഒച്ച കൂടിക്കൂടിവന്നു.

പാപ്പച്ചൻ നിന്ന് മൂത്രമൊഴിച്ചു. ആ നിമിഷം മൊതല് പാപ്പച്ചനും ശീമനും പരസ്പരം കാണാനുണ്ടായ സാഹചര്യം നേരത്തെ നിശ്ചയിച്ചിട്ടുള്ളതായിരുന്നുവെന്ന് പാപ്പച്ചന് ബോധ്യമായി. അവൻ അമർത്തി മുക്കിക്കൊണ്ടിരുന്നു. ശീമനുവേണ്ട പണ്ടം തൂറിക്കൊടുത്താൽ ജീവനോടെ വിട്ടാലോ എന്ന അവസാന ശ്രമമായിരുന്നു അത്.ഒരു വിഫല ശ്രമം.

പിറ്റേന്ന് രാത്രി പതിവുപോലെ ശീമന്റെ തള്ള വെച്ചുണ്ടാക്കിയത് തിന്നാൻ ശീമനും മൊട്ടയുമെത്തി.

മുറ്റത്ത് കുഴിച്ചിട്ട കുണ്ടിച്ചെരങ്ങായിൽ വീണ്ടും മുളപൊട്ടിയ തളിരുനോക്കി ശവം നാറുന്ന ശീമൻ ഇന്നലെ കൈക്കലാക്കിയ പാപ്പച്ചന്റെ മൂക്കിപ്പൊടിയുടെ മൂടിതുറന്നുപിടിച്ചു. അറ്റം കൈയിലെടുക്കാതെ ഒറ്റവലി തലച്ചോറിലേക്ക്. മൂടിയും കുപ്പിയും അപാരമായ ശബ്ദത്തോടെ നിലംപൊത്തി. വറീതിൽനിന്ന് പാപ്പച്ചനിലേക്കും അവിടെനിന്ന് ശീമന്റെ കഴുത്തിലേക്കും കടന്നുകൂടിയ കൊന്ത ഭാവമില്ലാത്ത ലാഞ്ജനയോടെ ശബ്ദമുണ്ടാക്കാതെ പുളഞ്ഞു.അന്നേരം
മൊട്ടയുടെ കൈയിലെ മുറിവുണക്കാൻ ഗുളിക പൊടിച്ചു പൂശിക്കൊണ്ട് തള്ള പുലമ്പി.

‘വകതിരിവില്ലാത്ത പന്നി.’ ▮


ഹൈറ സുൽത്താൻ

കഥാകൃത്ത്​, നോവലിസ്​റ്റ്​. ദ്വീപ്​- ഒരു ഭൂതത്തിന്റെ പ്രണയകഥ, ലൂത- എ ഡേർട്ടി സീക്രട്ട്​, പോത്തിന്റെ ബിരിയാണി, മനയ്​ക്കലെ ത​മ്പ്രാന്റെ മൊഞ്ചത്തിപ്പെണ്ണ്​, കടൽ തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments