ചിത്രീകരണം : ദേവപ്രകാശ്

സൈദാലി സംഭവം

ലപ്പുറം ഗുണ്ടാസ് എന്ന് ഇംഗ്ലീഷിൽ ഗൂഗിൾ സേർച്ച് ചെയ്താൽ തുറന്നുവരുന്ന വിക്കീപീഡിയ പേജിൽ അധികം വിവരങ്ങളൊന്നുമില്ലെങ്കിലും പത്തുപേരുടെ പേരുവിവരങ്ങളും ആറുപേരുടെ ഫോട്ടോയും കൃത്യമായി നൽകിയിട്ടുണ്ട്.

ലഭ്യമായ തെളിവുകൾ പ്രകാരം ഇവരിൽ പത്തുപേരുടെയും ഔദ്യോഗിക ജോലി ബീഡി തെറുപ്പായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇവരെങ്ങനെയാണ് പരസ്പരമറിഞ്ഞതെന്ന ചോദ്യത്തിനുത്തരം ഇതുവരെ ലഭ്യമല്ലെങ്കിലും ഇവരിൽ ഏഴുപേരും വിത്യസ്ത ഫുട്‌ബോൾ ടീമുകളുടെ ഗാർഡുകളായി ജോലിചെയ്തിരുന്നതായി കാണാം.

തെള്ളായിരത്തി നാൽപതുകൾക്കുശേഷമാണ് ഫുട്‌ബോൾ ടീമുകൾക്ക് ഗാർഡുകളെ നിയമിക്കുന്ന സമ്പ്രദായം തുടങ്ങുന്നത്. നാൽപത്തിരണ്ടിലെ തിരൂരങ്ങാടി അഖിലേന്ത്യാ സെവൻസ് ടൂൺമെന്റിൽ കുഞ്ഞിക്കയുടെ ടീമിനെ നോർത്ത് ഡെക്കാൻ യുനൈറ്റഡ് ടീമിനൊപ്പം വന്ന രണ്ടു ഗജവീരന്മാർ മൈതാനമധ്യേ അക്രമിച്ചതിനെ തുടർന്നായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന കുഞ്ഞിക്കയുടെ ഉറ്റ സുഹൃത്ത് സൈദാലി അവരെ അടിച്ചോടിക്കുകയും ടീം കോച്ചിനെ നല്ല ഉഗ്രൻ ഹിന്ദിയിൽ തെറി വിളിച്ച് നഷ്ടപരിഹാരം ചോദിച്ചുവാങ്ങുകയും ചെയ്തു. അതോടെ കൂട്ടത്തിലെ വീരനായിരുന്ന ചെനക്കൽ സൈദാലി ടീമിന്റെ ഔദ്യോഗിക ഗാർഡായി ചുമതലയേറ്റു.

ഫുട്‌ബോൾ മൈതാനങ്ങളിൽ മറ്റു പല പ്രാദേശിക അടിപിടികളും ഉടലെടുത്തതോടെ ജില്ലക്കകത്തും പുറത്തുനിന്നുമുള്ള ടീമുകൾ ടീമിന്റെ സുരക്ഷായി ഗാർഡുകളെ ചുമലെപ്പെടുത്തി. നിശ്ചിത സംഖ്യക്കുപുറമെ കളി കഴിഞ്ഞ് കിട്ടുന്ന നാലിലൊരു സംഖ്യ ഗാർഡുകൾക്ക് കിട്ടിപ്പോരുകയും ചെയ്തു. പക്ഷെ, ഗാർഡുജോലി സ്ഥിരമായിരുന്നില്ല, സെവൻസ് സീസണുകളിൽ മാത്രമായിരുന്നത്. ഈ മൈതാനങ്ങളായിരുന്നു ഇവരെ സുഹൃത്തുക്കളും സഹ പ്രവർത്തകരുമാക്കിയതെന്ന് നമുക്ക് ഊഹിക്കാനാവുമെങ്കിലും ചരിത്രപരമായ തെളിവുകളൊന്നുമില്ല തന്നെ.

അലനല്ലൂർകാരൻ കുഞ്ഞിക്കണ്ണനും മീഞ്ചന്ത മൊയ്തീനും ജില്ലക്ക് പുറത്തുനിന്നുള്ളവരായിട്ടും എങ്ങനെ മലപ്പുറം ഗുണ്ടാസിലെത്തിയെന്ന ചോദ്യത്തിന് ചരിത്രപരമായി ഒരു പ്രാധാന്യവുമില്ലാത്തതിനാൽ നമുക്കാ ചോദ്യം വിട്ടുകളയാം.

വരൊക്കെയും കണ്ടുമുട്ടിയത് കളിമൈതാനങ്ങളിലാകാമെന്ന ഊഹം തെറ്റാണെന്നറിയുന്നതോടെ നമ്മളുണ്ടാക്കിയ ഒറ്റയടിപാതകളിലൂടെയല്ല ചരിത്രം സഞ്ചരിക്കുന്നതെന്ന് മനസ്സിലാവും.

ഉറച്ചുവാർത്ത, വളവുകളില്ലാത്ത വഴിയിലൂടെ തല കുനിച്ച അടിമയെ പോലെ വഴി തെറ്റാതെ നടക്കുകയല്ല ചരിത്രം.
സാധ്യമായിടതോക്കെ വഴി തെറ്റി, വഴിയെ കാണുന്ന ഊടുവഴികളിൽ ഊർന്നിറങ്ങി, ഒട്ടും അനുസരണയില്ലാത്ത ഒരു പൂച്ചകുട്ടിയെ പോലെ തോന്നുന്നിടത്തൊക്കെ ഓടിയും ചാടിയും ക്ഷീണിക്കുമ്പോൾ മെല്ലെ നടന്നും അത് തന്നിഷ്ടം സഞ്ചരിക്കുന്നു.

ഇവരിൽ ചിലരെങ്കിലും പലപ്പോഴായി സെവൻസ് മൈതാനങ്ങളിൽ കണ്ടുമുട്ടിയിരുന്നെന്നത് സത്യം തന്നെയാണ്. പക്ഷെ, ഇവർ കൂടുതൽ അടുക്കുന്നതും കണ്ടുമുട്ടുന്നതും പലയിടങ്ങളുമയി നടന്നിരുന്ന റഫി സാഹിബടക്കമുള്ള സംഗീത സാമ്രാട്ടുകളുടെ ഗസൽ സന്ധ്യകളിലും കലാ വിരുന്നുകളിലുമായിരുന്നു.

1953-ലെ മട്ടാഞ്ചേരി അനാഥസംരക്ഷണ സംഘത്തിന്റെ ധനശേഖരണത്തിനുവേണ്ടിയുള്ള കലാവിരുന്ന് മുതലിങ്ങോട്ട് കൊച്ചിയിലും പാലായിലും തിരുവനന്തപുരത്തും കോഴിക്കോട്ടും തലശ്ശേരിയിലും നടന്ന സ്വകാര്യ വിവാഹ ചടങ്ങുകളിലെ സംഗീത കച്ചേരിയടക്കമുള്ള റഫിയുടെ എല്ലാ പരിപാടികളിലും ഗാർഡുകളായി മലപ്പുറം ഗുണ്ടാസിലെ അഞ്ചോ ആറോ പേരുണ്ടായിരുന്നു.

1966-ൽ കോഴിക്കോട് മാനേഞ്ചിറയിൽ നടന്ന പരിപാടിക്കുവേണ്ടി റഫി സാഹിബും തലത് മഹ്​മൂദും കോഴിക്കോട് വന്നിറങ്ങുമ്പോൾ മംഗലാപുരം മുതൽ കോഴിക്കോട് വരെ ട്രെയിനിൽ അനുഗമിച്ചതും മലപ്പുറം ഗുണ്ടാസായിരുന്നു. സ്റ്റേഷൻ മുതൽ മാനേഞ്ചിറ വരെ വഴിയൊരുക്കാനും പരിപാടി അവസാനിക്കുംവരെ സ്റ്റേജിനു മുൻവശത്തും പിൻവശത്തുമായി സുരക്ഷ ഉറപ്പിക്കാനും ഇവർക്കുതന്നെയായിരുന്നു ഡ്യൂട്ടി. രണ്ടാം തവണ 1973-ൽ റഫി ബാംഗ്ലൂരിൽ നിന്ന് കാർ വഴി കോഴിക്കോട് എത്തിയപ്പോഴും അദ്ദേഹത്തെ വയനാട് മുതൽ അനുഗമിക്കാൻ ഏൽപ്പിക്കപ്പെട്ടവർ ഇവരായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് മാനേഞ്ചിറയിൽ നനഞ്ഞ് കുതിർന്ന് രാത്രി വൈകുവോളം അവർ കൂർത്ത കാതുകളുമായി റഫിയെ കേട്ടിരുന്നു.

1967-ൽ പാലായിൽ സെൻറ്​ തോമസ് കോളേജിന്റെ വാർഷികപരിപാടിക്കെത്തിയ റഫി സാഹിബിന് ഈരാറ്റുപേട്ടയിൽനിന്ന് ഹലാൽ ഭക്ഷണം എത്തിക്കാൻ നിശ്ചയിക്കപ്പെട്ടവരിലും ഇവരിൽ മൂന്നു പേരുണ്ടായിരുന്നുവെന്ന് റഫി സാഹിബിന്റെ സകര്യ ഫോട്ടോ ആൽബങ്ങൾ പറയുന്നുണ്ട്.

ചരിത്രവും കണ്ടുമുട്ടിയ പലരുടെയും സംഭാഷണങ്ങളും നിരവധി തെളിവുകളും കാഴ്ചകളും നൽകിയെങ്കിലും അവസാനത്തെ കൊയ്ത്ത് കഴിഞ്ഞ് നിരപ്പായ പാടത്ത് നടന്ന സെവൻസ് വേദികളിൽ മാത്രം കണ്ടുമുട്ടാൻ വിധിച്ചവർ എങ്ങനെ ഗസൽ സദസ്സുകളിൽ ഗാർഡുകളായി എന്നതിനുത്തരം വീണ്ടും എവിടെയോ വേർപെട്ട് കിടന്നു. മറ്റൊരിടത്തും പരിപാടികൾക്ക് പോവുമ്പോൾ കൂടെയില്ലാത്ത സുരക്ഷാ സംഘം കേരളത്തിൽ മാത്രം റഫി സാഹിബിനെ സംരക്ഷിക്കുന്നത് എന്തിനായിരുന്നു എന്നായിരുന്നു ചോദ്യം. റഫിയുടെ അടുത്ത സുഹൃത്തായിരുന്ന ബോംബെയിലെ വസ്ത്രവ്യാപാരി തലശ്ശേരിക്കാരൻ കുഞ്ഞിയുടെ രൂപത്തിൽ അതിന്റെ മറുപടി മുന്നിൽ വന്നുനിന്നു. റഫിയുടെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം റഫി ഓരോ തവണ കേരളത്തിൽ വരുമ്പോഴും നേരത്തെ സംഘാടകരെ വിളിച്ച് ഗായകന്റെ സുരക്ഷ ഉറപ്പാക്കേണ്ട കാര്യം പ്രത്യേകം പറയുകയും ഗാർഡുകളുടെ നമ്പർ നൽകുകയും ചെയ്തിരുന്നുവെന്ന് സംഘാടകരിൽ പലരും ഓർമിക്കുന്നു.

സിനിമാ നിർമ്മാതാവ് എൻ.പി. അബുവിന് ഗാർഡുകളുടെ നമ്പർ നൽകുന്നതും തലശ്ശേരി കുഞ്ഞി തന്നെയാണ്. ദ്വീപ് സിനിമക്കുവേണ്ടി റഫിയെ കാണാൻ വണ്ടി കേറിയവരിൽ അബുവിനൊപ്പം രാമു കാര്യാട്ടിനും ബാബുക്കക്കും പുറമെ ചെനക്കൽ സൈദാലിയും ഉണ്ടായിരുന്നു.

അന്ന് റഫി സാഹിബിന്റെ വീട്ടിൽ നിന്ന് കുടിച്ച സവിയ്യയുടെ സ്വാദും ഹജ്ജ് കർമത്തിന് പോവാൻ തയ്യാറാവുന്ന റഫിക്ക് നൽകിയ യാത്രയയപ്പും മരണം വരെ സൈദാലിക്ക ഓർക്കാറുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. കുഞ്ഞിയുടെ മറ്റുചില ജോലികൾ കൂടെ തീർത്ത് ഒരു മാസം അവിടെ തങ്ങിയ ശേഷമാണ് അന്ന് സൈദാലിക്ക നാട്ടിൽ തിരിച്ചെത്തിയത്.

പതിറ്റാണ്ടുകൾക്കുശേഷം ‘തളിരിട്ട കിനാക്കൾ'ക്കുവേണ്ടി റഫിയെ കാണാൻ മുംബൈക്ക് പുറപ്പെടും മുൻപേ നിർമാതാവ് അബ്ദുൽ ഖാദർ കൂടെ പോരാൻ സൈദാലിക്കയെ വിളിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ പോവാൻ സാധിച്ചില്ല. പകരം മറ്റു ചിലരെ സൈദാലിക്ക നിർദേശിച്ചെങ്കിലും അവരെ കൂടെ കൂട്ടാതെയാണ് ഖാദർ മുംബൈക്ക് തിരിച്ചത്.

അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ അസോസിേഷൻ കോഴിക്കോട് നടത്തിയ ഫുട്‌ബോൾ, കാലം, ഓർമ ഫോട്ടോ എക്‌സിബിഷനിൽ കോഴിക്കോട് സെവൻസ് മൈതാനത്ത് ഗാലറിയിലിരുന്ന് കളി കാണുന്ന റഫി സാഹിബിന്റെ ഫോട്ടോയിൽ വലത്തും ഇടത്തും പിന്നിലുമായി ഇവരിൽ ആറുപേരെ കൃത്യമായി കാണാം.

സെവൻസ് ഇല്ലാത്ത കാലത്ത് ഈ വഴി നല്ലയൊരു തുക ഒരുങ്ങുന്നതിനാൽ തന്നെ തലശ്ശേരി കുഞ്ഞി മലപ്പുറം ഗുണ്ടാസിന് ആദരണീയനായിരുന്നു. മാത്രമല്ല, കുഞ്ഞി നാട്ടിൽ വരുമ്പോഴോക്കെ തന്റെ ആവശ്യങ്ങൾക്കുവേണ്ടി തലശ്ശേരിയിലും മംഗലാപുരത്തുമായി അവരെ വിളിക്കുകയും അവർക്ക് വേണ്ടി തലശ്ശേരി പാരീസിൽ പാർട്ടി ഒരുക്കുകയും ചെയ്തിരുന്നു.

ല്ലാവരെയും പരിചയപ്പെടുത്താം എന്നുവിചാരിച്ചാണ് നിന്നെ പാരീസ് ഹോട്ടലിലേക്ക് കൊണ്ടുവന്നത്. മൈതാനങ്ങളിൽ പോലും ഒരുമിച്ചു കാണാത്ത പത്തുപേരെയും നിനക്കിവിടെ ഒരുമിച്ചുകാണാം. സംസാരങ്ങളും സെവൻസ് കഥകളും പറഞ്ഞ് വട്ടത്തിലിരിക്കുന്ന ഓരോരുത്തരെയും കുഞ്ഞിക്ക പേരക്കുട്ടിക്ക് പരിചയപ്പെടുത്തി.

വലത്തേ മൂലയിൽ ആദ്യം സൈദാലി, രണ്ടാമത്തെവൻ മീഞ്ചന്ത മൊയ്തീൻ, ഇപ്പുറത്ത് കുഞ്ഞിക്കണ്ണൻ...
ഓരോ പേരു പറയമ്പോഴും കുഞ്ഞിക്ക വികസിച്ച കണ്ണുമായി പേരക്കുട്ടിയെ നോക്കി.

പിന്നിൽ റഫി സാഹിബിന്റെ പാട്ടുകൾ ഗ്രാമഫോൺ ശബ്ദത്തിൽ അന്തരീക്ഷത്തിൽ അലിയുന്നു, ഇടക്കിടെ കുഞ്ഞിക്ക വരികൾക്കൊപ്പം പോവുന്നു, ചില വരികൾ എല്ലാവരും കൂടെ പാടുന്നു.

സംഭാഷണം നിറയെ സെവൻസ് കഥകൾ നിറഞ്ഞുനിൽക്കുന്നു. മറിഞ്ഞുവീണ കമുങ്ങ് മൈതാനങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത് മുതൽ റഫറിമാരെ ഗ്രൗണ്ടിലിറങ്ങി അടിച്ചതുവരെ നീളുന്നു ആ കഥകൾ. ഭക്ഷണത്തോടൊപ്പം കഥകൾക്കും സ്വാദ് കൂടുന്നു. ഓരോരുത്തരായി കഥകളുടെ കെട്ടഴിക്കുന്നു. ഗാലറിയിൽ ഇരുന്ന ചെറിയ കുട്ടികളെ മൊട്ടത്തല തടവിയും മീശ പിരിച്ചും പേടിപ്പിച്ചത്, കാണികളുടെ അടുത്തുനിന്ന് ഏറ്റവും കൂടുതൽ തെറിയും അടിയും മേടിച്ച റഫറി കുഞ്ഞാലിക്കക്ക് കാവൽ നിന്നത്, മഞ്ചേരി സെവൻസ് ഫൈനലിൽ അടി കിട്ടി ചത്തുപോയെന്ന് വിചാരിച്ച സമയത്ത് തന്നെയുമെടുത്ത് കാണികൾ ഹോസ്പിറ്റലിലേക്കോടിയത്, തോൽക്കുമെന്ന് ഉറപ്പുള്ള കളികളിൽ ഗാർഡ് നിൽക്കാൻ പകരം ആളെ അയച്ചത് ഓർമകളും കഥകളും എന്നത്തെയുമെന്നപോലെ നീണ്ടുപോയി. ഒടുവിൽ കുഞ്ഞിക്കയുടെ അവസാനത്തെ ‘ഇനി എന്തെകിലും വേണോ മക്കളേ...' ചോദ്യത്തിൽ കഥകളെല്ലാം അവസാനിച്ചു.

ർഷം 1986. അരീക്കോട്ടെ സെവൻസ് മൈതാനം നിറയെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ആരാധകരാൽ നിറഞ്ഞിരിക്കുന്നു. സൂപ്പർ സ്റ്റുഡിയോ രൂപീകരിച്ചിട്ട് ആറുവർഷം തികയുന്നുന്നുള്ളുവെങ്കിലും പതിറ്റാണ്ടുകളുടെ പാരമ്പര്യം പോലെ ജനമനസ്സിൽ നിറഞ്ഞ് നിൽക്കുന്ന സമയം. അന്ന് സ്റ്റുഡിയോയിൽ മൂന്നു സൈദാലിമാരാണുള്ളത്, കളിക്കാരായ തമ്പി സൈദാലിയും പെരിന്തൽമണ്ണ സൈദാലിയും പിന്നെ ഗ്രൗണ്ടിന് പുറത്ത് ടീമിനെ മുഴുവൻ കാക്കുന്ന മലപ്പുറം ഗുണ്ടാസിലെ പ്രഗൽഭനായ ചെനക്കൽ സൈദാലിയും.

ടീം മാനേജർ മസ്താൻ ബീരാൻ കുട്ടിക്കൊപ്പം ചെനക്കൽ സൈദാലി ഇരുമ്പ് കസേരയിൽ ഇരുപ്പുറപ്പിച്ചു.

കാണികൾക്കിടയിൽ കത്തിയെന്നും കാളയെന്നും പേരുള്ള അഷ്‌റഫ് മൈതാനത്ത് ഓടിനടക്കുന്നു. കളി തുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. എതിർ ടീം കളിക്കാരിൽ ഒരാൾ ഒഴികെ എല്ലാവരും ഗ്രൗണ്ടിൽ എത്തിയിരിക്കുന്നു. കളിക്കാരുടെ ഉറ്റ സുഹൃത്തായ ജീപ്പിലെ സ്ഥിരം പാട്ടുകാരൻ റഫീക്ക് അപ്പുറത്ത് നിലത്തിരുന്നു വരികൾ മൂളുന്നു, താൻ വരച്ച ഐ.എം. വിജയന്റെ മുഖചിത്രം കയ്യിൽ പിടിച്ചാണിരിപ്പ്. മൂളൽ ഏറെ നീണ്ടുപോവുംമുൻപേ റഫറി വിസിലടിക്കുന്നു, കളി തുടങ്ങുന്നു.

ഗ്രൗണ്ടിൽ ബാബു സലീമും ടൈറ്റാനിയം ഹമീദും തമ്പി ബഷീറും സൈദാലിയും നിറഞ്ഞാടുന്നു, പിന്നിലെത്തുന്ന പന്തുകൾ ഒന്നും വിടാതെ അഷ്‌റഫ് ഹൈ ബോളിലൂടെ മുന്നോട്ട് കൈമാറുന്നു, കളി മുറുകി ആരവം കൊഴുത്തുനിൽക്കവെയാണ് അത് സംഭവിക്കുന്നത്.

കണ്ണിൽ ഇരുട്ട് പടർന്നു, തെളിച്ചം വരുമ്പോൾ ചെനക്കൽ സൈദാലി കൊല്ലപ്പെട്ടു കിടക്കുന്നു, കാണികൾ നാലു പാടും ചിതറിയോടുന്നു.

ആ സംഭവത്തോടെ മലപ്പുറം ഗുണ്ടാസ് ഔദ്യോഗികമായി നിരോധിക്കപ്പെട്ടു, മൈതാനങ്ങളിൽ പിന്നെയും കണ്ടുമുട്ടാൻ ഭാഗ്യം ലഭിക്കാതെ പോയവർ കുഞ്ഞിക്ക നാട്ടിലെത്തുമ്പോഴൊക്കെ പാരീസിൽ കൂടി. ഇന്നലെയുമവർ അവസാനമായി കൂടി.

ഒടുവിൽ പിരിയുമ്പോൾ കഥയിൽ ‘സൈദാലി സംഭവം' ഒരിക്കലും എഴുതരുതെന്ന് കുഞ്ഞിക്ക വീണ്ടുമെന്നെ ഓർമിപ്പിച്ചു.
‘അവനേതായാലും പോയി, അതിന്റെ പേരിലിനി കൂട്ടത്തിൽ ഒരുത്തന്റെ കൂടി ജീവിതമെന്തിന് തുലക്കണം...'

പേരറിയാത്ത വികാരം കടിച്ചമർത്തി കുഞ്ഞിക്ക വാക്കുകൾ മുഴുമിപ്പിക്കുമ്പോൾ
പാരീസിന്റെ അകത്തളത്തിൽ മുകേഷ് ‘ദുനിയ ബനാനെ വാലെ' പാടിക്കൊണ്ടിരുന്നു.

(നബി: വായനക്കാർ ഈ കഥയുടെ ഉറവിടം തേടി കഥാപാത്രങ്ങളെ കാണാൻ മുതിരരുത്, ചരിത്രം നിങ്ങളോട് അക്രമം കാണിച്ചേക്കാം. കഥാപാത്രങ്ങൾ ഓർമകൾ ചികയാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments