ചിത്രീകരണം: രാജേഷ്​ ചിറപ്പാട്​

മഞ്ഞരളിപൂക്കൾ

ഒന്ന്

‘‘ചോര കക്കി ചാവണ നേരം ചെമ്പോത്ത് പറക്ക്ണ നേരം ഉടലുറയ്ക്കാത്തൊരു കരുമാടി കരയണ നേരം അരളിപൂക്കള് പൂത്തു, ഇവിടെ മഞ്ഞരളിപൂക്കളു പൂത്തു.’’

ന്റെ അപ്പനും തരിയംപറമ്പിലെ ചാക്കോന്റെ അപ്പനും തമ്മിൽ പുത്തിരിപാടത്ത് കൈയ്യാങ്കളിണ്ടായി മൂന്നിന്റെ അന്ന് ,കുഞ്ഞുവറീതിന്റെ കടയിൽ തിരക്കൊഴിഞ്ഞ ഒരു ഉച്ചനേരത്ത് മേലടത്തേ രാഘവൻ ഓടിക്കിതച്ചു വന്ന് ആ വാർത്ത പരസ്യപ്പെടുത്തി .""മ്മടെ തലപ്പത്തെ രേവതിയമ്മ ഭ്രാന്താസ്പത്രീന്ന് തിരിച്ചു വന്നത്രേ. സൂക്കേടൊക്കെ മാറീന്നാ പറേണത് ''. വിവരം അറിഞ്ഞോരൊക്കെ മനസ്സറിഞ്ഞ് സന്തോഷ ചിരി ചിരിച്ച് ദൈവത്തിന് നന്ദി പറഞ്ഞു. കൊട്ടകത്തെ വറീത് മാപ്പിളയും ബീവി നബീസുമ്മയും കാളിയാറോഡ് തങ്ങൾക്ക് ഉഴിഞ്ഞിട്ട ചില്ലറക്കാശ് നാളെ തന്നെ അവിടെത്തിക്കാൻ ഏർപ്പാടാക്കുകയും, വളവുമുക്കിലെ ബേബി ചേട്ടന്റെ ഭാര്യ ഏല്യാമ്മ പ്രത്യേകം കുരിശു വരച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

തലപ്പത്ത് തറവാട്ടിലെ മനസ്സലിവുള്ളോളും ദാനക്കാരിയുമായ അമ്പത്തെട്ടുകാരി രേവതിയമ്മയുടെ തിരിച്ചു വരവിൽ നാടുമുഴുവൻ സന്തോഷിച്ചു. ജനം പുഴകണക്കെ അവിടേക്കൊഴുകി. പെറ്റുകിടക്കണ പെണ്ണൊരുത്തിവരെ പൈതലുമായി തറവാട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ വെച്ചുപിടിച്ചു. ഞാനന്ന് മൂക്കളയൊലിപ്പിച്ച് കിഴിഞ്ഞു പോണ ട്രൗസറ് മേലെകേറ്റി തുള്ളിനടക്കണ കാലം. പള്ളിക്കൂടം വിട്ട് ആശാരിത്തറയിലെ രാമൻചേട്ടന്റെ പീടികയിൽ നിന്ന് രണ്ടണക്ക് പനനൊങ്ങും വാങ്ങി ചപ്പി നടന്ന് വരുന്ന വഴിക്കാണ് ഈ കഥ ഞങ്ങള് പിള്ളേരറീണത്. സ്‌ളേറ്റും കക്ഷത്തൊതുക്കി അപ്പൊത്തന്നെ തലപ്പത്ത് ലക്ഷ്യമാക്കി നടന്നു. മിനിട്ടു നേരം കൊണ്ട് എത്തിയവരിൽ ചിലരെങ്കിലും അകത്തളത്തിലും മുറ്റത്തും തിങ്ങി നിറഞ്ഞ ജനക്കൂട്ടം കണ്ട് അന്തംവിടാതിരുന്നില്ല. അവിടെ കൂടിയ മുക്കാലും രേവതിയമ്മയെപറ്റി കുശുകുശുത്തുകൊണ്ടിരിപ്പാണ്. പതിനെട്ടിന്റെ ചുറുക്കോടെ ഓടിനടന്ന് ചായ കൊടുക്കുന്ന ഓരെ കണ്ടാൽ നൊസ്സുകാരിയാണെന്ന് തോന്നില്ലെന്ന് ചിലവറ്റകൾ അടക്കം പറഞ്ഞപ്പോൾ മറ്റുചിലർ അവരുടെ ദാനശീലത്തെപറ്റി പുകഴ്ത്തി.

ദാനം ദിനചര്യയാക്കിയ രേവതിയമ്മയുടെ കഥകൾ മുട്ടിന് മുട്ടിന് എടുത്തിട്ടലക്കാൻ ഊതട്ടൂരിലെ പെണ്ണുങ്ങൾക്കുണ്ടോ പ്രയാസം? കുട്ട്യോളെ പള്ളിക്കൂടത്തിൽ ചേർത്തതുമുതൽ കടത്തുകാരൻ കുഞ്ഞന് വീടുവെച്ചു കൊടുത്തതുവരെയുള്ള ദാനപ്പെരുമ അവർ മത്സരിച്ചു വിളമ്പി. ഇതിനിടയിൽ രേവതിയമ്മയുടെ നടപ്പും ഇരിപ്പും കള്ളക്കാക്കയുടെ നോട്ടംകൊണ്ട് അളന്നെടുത്ത വീരത്തികളും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഞങ്ങൾ ഊതാട്ടൂരുകാർക്ക് തലപ്പത്തു തറവാട്ടുകാർ അധികാരികളാണ്. ഈ ശീലം ഇപ്പൊന്നും തുടങ്ങിയതല്ല പണ്ടുമുതൽക്കുണ്ട്. മലബാറിന്റെ ചരിത്രം തിരക്കി പോകുമ്പോ ഊതാട്ടൂരിന്റെ കഥകളേറെ കാണാൻ കഴിയും. ജന്മിത്വത്തിന്റെ കടുംപിടുത്ത കാലത്തെ ഇവിടത്തെ ചരിത്രം വിസ്മയിപ്പിച്ചേക്കാം. സാമൂതിരിയുടെ അധീനതയിലായിരുന്നെങ്കിലും ഊതാട്ടൂരിന്റെ സർവ്വാധികാരവും തലപ്പത്ത് തറവാടിനായിരുന്നു. തറവാട്ടിലെ മൂത്തപുത്രന്റെ ഭാര്യയാണ് പരമാധികാരി. പെൺഭരണത്തിന്റെ കരുത്തുകണ്ട ആ കാലം അവിസ്മരണീയമാണ്. കമ്യുണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതിനും മുൻപ് ഊതാട്ടൂരിലെ പെണ്ണധികാരി ഏക്കറുകണക്കിന് കൃഷിയിടങ്ങൾ കുടിയന്മാർക്ക് വീതിച്ചു കൊടുത്തു.
നാലുകെട്ടിലെ വീതികൂടിയ ഊൺമേശക്ക് മുന്നിലിരിക്കുന്നതിനു മുൻപ് കുടിയാന്മാരുടെ കുടിലുകളിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് തിരക്കുന്ന ശീലം പതിവാക്കിയിരുന്ന തറവാട്ടിലെ പുതിയ തലമുറയിലെ അധികാരിയാണ് രേവതിയമ്മ.

കിഴക്ക് വടകാച്ചികുന്ന് കടന്ന് രേവതിയമ്മ ഭാസ്‌കരൻ കമ്പ്രത്തിന്റെ വധുവായി ഊതാട്ടൂരിലെത്തിക്കുന്ന കാലത്ത് നാട്ടുഭരണത്തിന്റെ ഊക്കൊക്കെ ഏതാണ്ട് അവസാനിച്ചിരുന്നു. എങ്കിലും ജനങ്ങൾ തങ്ങളുടെ പുതിയ അധികാരിയെ ഗംഭീരമായി തന്നെ സ്വീകരിച്ചു. രേവതിയമ്മയാകട്ടെ, ഒരു അധികാരിയുടെ യാതൊരുവിധ മേലാളിത്തവും കാണിക്കാതെ നാട്ടാരിലേക്ക് വേഗത്തിലിറങ്ങി. തറവാട്ടിലെ ഇളയപുത്രനായ ചന്ദ്രനാഥ കമ്പ്രത്തും രണ്ടാമത്തെ പുത്രനായ മോഹനകൃഷ്ണൻ കമ്പ്രത്തും കടല് കടന്ന് ഇടംകണ്ടെത്തിയപ്പോ, ഞങ്ങള് ഊതാട്ടൂരുകാർക്ക് തണലായി ഭാസ്‌കരൻ കമ്പ്രത്തും രേവതിയമ്മയും തലപ്പത്ത് തറവാട്ടില് തന്നെ കൂടിയത് നിങ്ങള് ചിലപ്പോ വിശ്വസിച്ചൂന്ന് വരില്ല. എന്നാ അതാണ് സത്യം. പെണ്മക്കളെ കെട്ടിച്ചയക്കാനും, പെറ്റയക്കാനും, ദീനം ആസ്പത്രീ കാണിക്കാനുമെന്ന് തുടങ്ങി സകലമാന കാര്യത്തിനും തലപ്പത്തുകാരുടെ സഹായം ഞങ്ങള് ഊതാട്ടൂരുകാർക്ക് വേണം

രണ്ട്

ടുക്കളക്കാരി കോമളത്തെ പറ്റിനിന്ന പെണ്ണുങ്ങളിൽ മുക്കാലും തരംകിട്ടുമ്പോഴൊക്കെ രേവതിയമ്മയുടെ തൽസ്ഥിതിയെപറ്റി ആകാംക്ഷ പ്രകടിപ്പിച്ചു. പാൽക്കാരൻ പാപ്പിരിചേട്ടന്റെ അഞ്ചു പൈക്കളുടെ പാല് മുഴുവൻ വാങ്ങിയിട്ടും ചായക്ക് പാലുതികയാതെ പായ്ക്കറ്റ് പാൽ ഏർപ്പാടാക്കുന്ന തിരക്കിനിടയിലും കോമളം രേവതിയമ്മയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ വിമുഖത കാണിച്ചില്ല.

""ഇപ്പ നല്ല ഭേദണ്ട്. ആസ്പത്രീന്ന് വന്നതും ന്നോട് ചോദിച്ചു. ന്താ കോമളം സുഖല്ലേ? മക്കളൊക്കെ നന്നായി പഠിക്കിണില്ലേ? എന്നൊക്കെ ''. ആറുമാസല്ലേ ഭ്രാന്താസ്പത്രീല്. ഈ തറവാട്ടിലുള്ളോര് അത്രയ്ക്ക് തീ തിന്നക്ക്ണു. തങ്കം പോലത്തെ സ്വഭാവോള്ളാരാക്ക് പെട്ടന്ന് ഇങ്ങനാവാച്ചാ ന്താ ചെയ്യാ ''വലിയ അലുമിനിയം പാത്രത്തിൽ
ചായക്ക് വട്ടം കൂട്ടുന്നതിനിടയിൽ കോമളം പറഞ്ഞു.

""ഇതിപ്പോ പാരമ്പര്യാച്ചാ പോട്ടെ. പെട്ടെന്നിങ്ങനെ ന്നു പറയുമ്പഴാ. ന്റെ മൂത്തശ്ശന്റെ വകേല് ഒരു ആങ്കുട്ടിക്ക് ഇതുപോലാർന്നു. പെട്ടൊന്നൊരീസം നൊസ്സിളകീതാ. വല്യാസ്പത്രികളിലൊക്കെ കൊണ്ടോയി, ന്നിട്ടും കാര്യൊന്നും ണ്ടായില്ല. ചെക്കൻ രാത്രി മാനം നോക്കി ചിരിയും, കരയലും മരങ്ങളോട് വർത്താനം പറേലും നട്ടുച്ചക്ക് പൊഴേ ചാടലും ഒക്കെയാർന്നു. കുടുംബാണെങ്കി മ്പൻ പണക്കാര്. മദിരാശീല് കൊറേ കൊണ്ടോയി നോക്കി, ഫലണ്ടായില്ല. ഒടുവില് ഒരു തെലുങ്കൻ വൈദ്യരെ കൊണ്ടന്നിട്ടാ സൂക്കേട് ഭേദായത് ''
കൂടി നിന്ന പെണ്ണുങ്ങളിലൊരുത്തി കോമളത്തിന് മറുപടിയെന്നോണം വിശദീകരിച്ചു.

പിന്നെ അവിടെ നടന്നത് പെരുത്ത ചർച്ചകളായിരുന്നു. മുക്കിന് മുക്കിന് കൂടി നിന്ന് പെണ്ണുങ്ങളിൽ മിക്കതും കാടുകയറി വർത്താനം പറഞ്ഞു. ഭ്രാന്ത് അത്രയധികം ഭീകരമാണെന്ന് ഞങ്ങളറീണത് രേവതിയമ്മയിലൂടെയാണ്. തെളിഞ്ഞ പ്രഭാതങ്ങൾക്കും, ചുവപ്പു വിരിച്ച സന്ധ്യകൾക്കുമപ്പുറം നിറങ്ങളുണ്ടെന്നും അവയിൽ ഏറെയും വിചിത്രമാണെന്നും ഞങ്ങളറിഞ്ഞു.സ്വപ്നങ്ങളെ ഒരു തരത്തിലും ജീവിതവുമായി കൂട്ടിവായിക്കാൻ കഴിയില്ലെന്ന് വാദിച്ച കാണവന്മാരിലാരുടെയോ വാക്ക് സത്യമാണെന്നു തെളിഞ്ഞു.

"" ന്റെ കൂട്ടരേ ഞാനങ്ങട് പേടിച്ച് വെറച്ചില്ലേ, ഭാസ്‌കരൻ മൊതലാളി ടൗണീപോയതാർന്നു. നാലുമണിയാവണ നേരം പൂജാമുറി അടിച്ചുവാരി കിഴക്കോരത്തേക്ക് നടക്കാർന്നു. രേവതിയമ്മ വിളിച്ചതു കേട്ടിട്ടാണ് ഞാൻ മോളില് മുറീല് പോയത്. എന്നെ കണ്ടതും മൂപ്പത്തിയാര് വല്ലാത്തൊരു നോട്ടാർന്നു. ഞാനങ്ങട് വല്ലാണ്ടായി. പിന്നെ ഓടി വന്ന് കെട്ടിപിടിച്ച് ന്റെ കഴുത്തിലും മൊലേലും കണ്ണിലുമൊക്കെ ഉമ്മ വെച്ചു. വെറച്ചില്ലേ ഞാൻ, അപ്പൊ തന്നെ താഴേക്ക് ഓടി ''

സന്ദർശകരുടെ വരവ് നിന്ന ഇത്തിരി നേരത്ത് ഊണുമുറിയിലെ നിലത്തിരുന്ന് ആദ്യമായി രേവതിയമ്മക്ക് നൊസ്സിളകിയ കഥ കോമളം അവിടെ കൂടിയവരെ വീണ്ടും ഓർമ്മിപ്പിച്ചു. വീട്ടുവേലക്കാരിയെ ചുംബിച്ച വൈകുന്നേരം മുതലാണ് തലപ്പത്ത് തറവാട്ടിലെ രേവതിയമ്മ അസാധാരണമാം വിധം പിറുപിറുത്തു തുടങ്ങിയത്.

""നിങ്ങൾ പ്രളയം സൃഷ്ടിക്കൂ... ആ പ്രളയത്തിനൊടുവിൽ ഈ സമുച്ചയങ്ങളും മതിലുകളും വന്മരങ്ങളും കടപുഴകി വീഴും. അന്ന് ഈ ഭൂമിയെ വിറപ്പിക്കുന്ന വെള്ളിടി വെട്ടും. തുടർന്ന് ആകാശത്തു നിന്ന് മഞ്ഞ വസ്ത്രം ധരിച്ച, തല മുണ്ഡനം ചെയ്ത് കുറച്ചു മനുഷ്യർ ഭൂമിയിലേക്കിറങ്ങി വരും, അവർ ചിത്രപ്പണികളുള്ള സ്വർണ്ണം പൂശിയ നൂറ്റാണ്ടുകൾ പഴക്കമുള്ള ആമാടപെട്ടി കൈക്കലാക്കി നടുക്കടലിൽ വലിച്ചെറിയും. ആ പെട്ടിയെ താങ്ങാനാകാതെ കടൽ ഒരിക്കൽ കൂടി ഭൂമിയെ വിഴുങ്ങും. ഹ ഹ ഹ നിങ്ങൾ പ്രളയം സൃഷ്ടിക്കൂ ..''
ആലസ്യം നിറഞ്ഞ കണ്ണുകളോടെ വടക്കേമുറിയിലെ ജനാലക്കരികിൽ നിന്ന് ജനൽപാളികളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളോട് രേവതിയമ്മ വിളിച്ചു പറഞ്ഞു.

ഉന്മാദം ആദ്യം രേവതിയമ്മയുടെ മുടിയിഴകളെയാണ് ബാധിച്ചത് സദാ കെട്ടഴിഞ്ഞു കിടക്കുന്ന ആ മുടിയിഴകൾ ഭർത്താവ് ഭാസ്‌കരനെ വല്ലാതെ അലോസരപ്പെടുത്തി.

ചില രാത്രികളിൽ മനുഷ്യരൂപം പ്രാപിച്ച അവറ്റകൾ അയാളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടക്കുകയും ഗുഹ്യഭാഗത്തും തൊണ്ടകുരുക്കിലും വിരലുകളാൽ തഴുകികൊണ്ട് ഒടുവിൽ കഴുത്തിന് ചുറ്റും കുരുക്കായി രൂപാന്തരപ്പെട്ട് ശ്വാസം മുട്ടിക്കുന്നത് കിനാവ് കണ്ട് ഞെട്ടിയുണർന്നു. അതുകൊണ്ടൊന്നും തീർന്നില്ല. അർദ്ധരാത്രികളിൽ തലപ്പത്തു തറവാട്ടിലെ പെണ്ണധികാരി അയാളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തികൊണ്ട് പറഞ്ഞു ""അതാ വടകാച്ചികുന്നിൻ ചെരുവിൽ പിശാചുക്കളുടെ നൃത്തം നടക്കുന്നു. അവരാ മഞ്ഞരളി മരത്തിനു ചുറ്റുമാണ് നൃത്തം ചെയ്യുന്നത്. അവരുടെ ശരീരത്തിന് മഞ്ഞ നിറമാണ്. നോക്കൂ... നിങ്ങളത് കാണുന്നില്ലേ? പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന അവർക്ക് ചുറ്റും വെളുത്ത വലിയ ചിറകുകളുള്ള പൂമ്പാറ്റകൾ പാറി നടക്കുന്നു .''

രേവതിയമ്മ മാത്രം കണ്ട അരളി മരവും ,മഞ്ഞ നിറത്തിലുള്ള പിശാചുക്കളും ഊതാട്ടൂരിന്റെ മുഴുവൻ ഉറക്കം കെടുത്തി

മൂന്ന്

തെളിയുത്സവവും കളപ്പാട്ടും കഴിഞ്ഞ് വൃശ്ചികത്തിലേക്ക് കടക്കുമ്പോൾ നാട്ടാരെല്ലാം കുടിവെയ്പ്പുത്സവത്തിന് ഒരുക്കം കൂട്ടുന്ന തിരക്കിലാണ്. വൃശ്ചികത്തിലെ കാർത്തിക നാളിൽ നടക്കുന്ന കുടിവെയ്പ്പുത്സവം വലിയ ആഘോഷമാണ്. നാനാദേശങ്ങളിൽ നിന്ന് ആളുകളെത്തുന്ന ഉത്സവം ഇത്തവണ രേവതിയമ്മയുടെ തിരിച്ചുവരവ് പ്രമാണിച്ച് ഗംഭീരമാക്കാൻ അമ്പലക്കമ്മറ്റി തീരുമാനിച്ചു. അങ്ങനെ വടകാച്ചിക്കുന്നു മുതൽ പുത്തിരിത്തറ പുഴ വക്ക് വരെ തോരണങ്ങൾ തൂക്കി തുടങ്ങി. ഓലമടല് മറച്ചുകെട്ടി വഴിയോരങ്ങളിൽ കച്ചവടക്കാർ തട്ടുനിരത്തുന്ന നേരത്ത് ഞങ്ങൾ പള്ളയുന്തിയ പിള്ളേരിൻ കൂട്ടം നാലുപാടും ഓടിനടന്നു.

തലപ്പത്തു തറവാട്ടിലെ പെണ്ണധികാരിയുടെ കാർമികത്വത്തിൽ നടക്കുന്ന കുടിവയ്പ്പുത്സവത്തിന്റെ പ്രധാനചടങ്ങ് അരിയളവാണ്. അഞ്ഞൂറ്റിയൊന്ന് പറ അരിയിട്ടൊരുക്കുന്ന സദ്യക്ക് അരി അളന്നിടുന്നത് അധികാരിയാണ്. ഈ സമയം ആർപ്പുവിളികളോടും മേളവാദ്യത്തോടും ജനം അധികാരിക്ക് ജയ് വിളിക്കും. ഊതട്ടൂരിന്റെ പഞ്ഞക്കാലത്തിലെപ്പഴോ തലപ്പത്തു തറവാട്ടിലെ കരണവന്മാരിൽ ആരോ തുടങ്ങിവെച്ച ഈ ചടങ്ങ് ഇന്നും മുറതെറ്റാതെ നടക്കുന്നു.

ഉത്സവത്തിന്റെ ലഹരി എല്ലാവരിലേക്കും പടർന്നിറങ്ങി തുടങ്ങിയിരുന്നു. വേഷക്കാരും വണ്ടിക്കാരും നാടോടികളും ഊതാട്ടൂരിന്റെ വഴികളിലൂടെ തിക്കി തിരക്കി നടന്നു. ആ ഇടയ്ക്ക് കൊഴിഞ്ഞു വീണ ദിവസങ്ങൾക്കെല്ലാം മഞ്ഞ നിറമാണെന്നറിഞ്ഞ് ഊതാട്ടൂരിലെ ജനങ്ങൾ അത്ഭുതപ്പെട്ടു. നോക്കുന്നിടത്തെല്ലാം ഒരു മഞ്ഞപ്പ് പതുങ്ങിയിരിക്കുന്നതായി ഞങ്ങൾക്ക് തോന്നി. രാത്രികളിലേക്ക് പോലും മഞ്ഞ പടരുവാൻ തുടങ്ങിയിരുന്നു. പൂതലിച്ച ഏതോ സ്വപ്നത്തിന്റെ ബാക്കിപത്രമായി ചില അവശേഷിപ്പുകൾ. ഇടവഴികളിൽ കൊഴിഞ്ഞു വീണ വെയിലിനും അന്ന് കടും മഞ്ഞ നിറമായിരുന്നു.

അമ്പലപ്പറമ്പിന് എതിർവശത്തുള്ള അരളിമരത്തിനു ചോട്ടിൽ വെച്ച് രേവതിയമ്മ ഒരു ഇരുപതുകാരിയെ ബലം പ്രയോഗിച്ച് ചുംബിക്കുന്നത് കണ്ട സകലരും അന്തം വിട്ടു. വളരെ പണിപ്പെട്ട് അന്ന് രാത്രി വീട്ടിലെത്തിച്ച അവരെ വടക്കേമുറിയിലെ ജനാലക്കരികിൽ നിൽക്കുന്നത് ആദ്യം കണ്ടത് കോമളമാണ്. അവൾ ആ വിവരം ഭാസ്‌കരനെ അറിയിച്ചു. അയാളെത്ര നിർബന്ധിച്ചിട്ടും രേവതിയമ്മ അവിടം വിട്ടുപോരാൻ തയ്യാറാവാതെ, അർദ്ധരാത്രി തെരുവോരങ്ങളിൽ നടക്കുന്ന ഏതോ ഘോഷയാത്രയെപറ്റി വാചാലയായി. ""തലകീഴായി തൂങ്ങിയാടുന്ന പെൺവിഗ്രഹം തോളിലേറ്റി വായില്ലാത്ത കുറെ മുനുഷ്യർ തെരുവിലൂടെ കടന്നുപോകുന്നു. ഒറ്റ നോട്ടത്തിൽ ഉരുളൻ കല്ലെന്ന് തോന്നുന്ന തോന്നിപ്പിക്കുന്ന പ്രത്യേക തരം ഉപകരണത്തിൽ ഭയപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് നടന്നു നീങ്ങുന്ന അവരുടെ കണ്ണിൽ നിഗൂഢതയാണ്, നാളയുടെ പ്രഭാത്തെ ആ മനുഷ്യർ സ്വർണ്ണതിളക്കമുള്ളതാക്കി മാറ്റുന്നതോടെ വടകാച്ചികുന്നിൻ ചെരുവിൽ മഞ്ഞരളി പൂക്കൾ പൂക്കും. നോക്കൂ... നിങ്ങൾക്കറിയുമോ? ഇന്ന് കാണുന്ന നമ്മുടെ തെരുവിന്റെ കിഴക്ക് ഭാഗത്ത് പണ്ട് ശ്മശാനമായിരുന്നു. ആ തിരുവിനപ്പുറം ഒരു പുഴ ഒഴുകിയിരുന്നു. പുഴയ്ക്കപ്പുറം എന്റെ രാജ്യമായിരുന്നു. ഇളം മഞ്ഞ നിറമുള്ള മനുഷ്യരുടെ രാജ്യം, അയ്യോ... ഈ വേദന എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എനിക്ക് ഭ്രാന്താണ്, മഞ്ഞരളി പൂക്കളുടെ ഭ്രാന്ത്. എന്റെ സ്വപ്നങ്ങളുടെ അസ്ഥിപെറുക്കി അഗ്നിക്കിരയാക്കൂ..'' അസഹനീയതയോടെ കണ്ണുകൾ ഇറുക്കി അടച്ച് ഇരുചെവികളും പൊത്തിപിടിച്ച് രേവതിയമ്മ അലറി വിളിച്ചു പറഞ്ഞു.

രാത്രി ഏറെ വൈകിയിട്ടും ആരും ഉറങ്ങിയില്ല. രേവതിയമ്മയുടെ ഇടക്കിടെയുള്ള പൊട്ടിച്ചിരികളും കരച്ചിലും കേട്ട് തലപ്പത്ത് തറവാടിന്റെ മൺചുവരുകൾ വരെ വെപ്രാളപ്പെട്ടു. എന്തുചെയ്യുമെന്നറിയാതെ നിസ്സഹായനായി ഏറെ നേരം ഇടനാഴിയിലൂടെ നടന്ന ഭാസ്‌കരൻ കമ്പ്രത്ത് മുറിയിൽ കയറി മച്ചിലേക്ക് നോക്കി വെറുതെ കിടന്നു. അല്പനേരത്തിനു ശേഷം ചെറുപുഞ്ചിരിയോടെ അയാളോട് ചേർന്ന് കിടന്ന അമ്പത്തിയെട്ടുകാരി രേവതിയമ്മ രാത്രിയുടെ മൂന്നാം യാമത്തിൽ ശബ്ദമുണ്ടാക്കാതെ ആ വീടുവിട്ടിറങ്ങി കിഴക്ക് ദിക്കിലേക്ക് നടന്നു. ഈ സമയത്ത് ദൂരെ വടകാച്ചികുന്നിന് മുകളിൽ മഞ്ഞരളി പൂക്കൾ പൂത്ത് സുഗന്ധം പരത്തി തുടങ്ങിയിരുന്നു. ​▮


കെ.എസ്​. ശരത്​

കഥാകൃത്ത്​, കവി. തിരുവനന്തപുരത്ത് പെപ്പർ മീഡിയ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

Comments