ചിത്രീകരണം: ഹൃദയ്

മാർത്തയുടെ പരാതികൾ

ച്ചൻ ലൂക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിൽ നിന്ന് മാർത്തയെയും മറിയയെയും വിടർത്തിയെടുത്തു. രണ്ടു സഹോദരിമാരുള്ള വീടുകൾ പലപ്പോഴും സ്വർഗ്ഗം തീർക്കും. ഇടക്ക് ചിലപ്പോൾ നരകത്തിന്റെ പടിവാതിലേക്ക് പോകാനും നരകം ആവാഹിച്ചെടുക്കാൻ വരെയുമുള്ള സാധ്യതകളെ തള്ളിക്കളയാനും പറ്റില്ല. മാർത്ത മൂത്തതാണെന്ന് ആരൊക്കെയോ പറഞ്ഞുവെച്ചിട്ടുണ്ട്. സ്വഭാവവും പെരുമാറ്റവും വെച്ചുനോക്കുമ്പോൾ മൂത്തതാവാനാണ് സാധ്യത. പിറന്നാളെന്നാണെന്നു ചോദിയ്ക്കാൻ ഒരിക്കലും പറ്റിയിട്ടില്ല. അതുകൊണ്ട് ഈ സംശയം ഞാൻ സൂക്ഷിക്കുന്നുണ്ട്.
യേശു ശിഷ്യന്മാരോടൊപ്പം ജറുസലേമിൽ നിന്ന് രണ്ടു മൈലുകളോളം യാത്രചെയ്താണ് വന്നിരിക്കുന്നത്. വരുന്നെന്നറിഞ്ഞപ്പോൾ മുതൽ നമ്മുടെ വീട്ടിലെ അമ്മമാരെപ്പോലെ മാർത്ത ഭക്ഷണം ഒരുക്കാനുള്ള തത്രപ്പാടിലാണ്. രണ്ടു കൈകൾ പോരാ, അടുപ്പിലെ തീയ്ക്കു അനുസരണയില്ല, അടുക്കി വെച്ചിരുന്ന സാധനങ്ങളൊക്കെ വേറെ എവിടെയോ പോയിരുന്നു സാറ്റുകളിക്കുന്നു. കത്തിക്കൊന്നും മൂർച്ചയേയില്ല, ഏതുപണി തുടങ്ങണം എന്ന് ചിന്തിക്കാൻ തലച്ചോറിന്റെ നെറ്റ് വർക്ക് ഉപകാരപ്പെടുന്നില്ല. ആരെങ്കിലും ഒരുകൈ സഹായിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല.

മാർത്തേ, മാർത്തേ നീ പലതിനെക്കുറിച്ചും ആശങ്കപ്പെട്ടും അസ്വസ്ഥയുമായിരിക്കുന്നു , മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു, അത് അവളിൽ നിന്ന് എടുക്കപ്പെടുകയില്ല. എന്ന് അച്ചൻ വായിച്ചുനിർത്തിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.
എനിക്ക് കർത്താവിനോട് നല്ല ദേഷ്യം വന്നു. അത് കൊള്ളാം, ഞാനും അവിടെവന്നിരുന്നാൽ നിനക്ക് വിശക്കുമ്പോൾ ആരു ഭക്ഷണം തരും എന്നത് ഞാൻ സ്‌ക്രിപ്റ്റിൽ എഴുതിയിരുന്നല്ലോ. എന്നിട്ടു മാർത്ത അതുപറയാതെ ഡയലോഗും മറന്നങ്ങ് നിൽക്കുന്നതുകണ്ടപ്പോൾ എനിക്കവൾക്കിട്ട് രണ്ടു പൊട്ടിക്കാനാണ് തോന്നിയത്. പിന്നെ അച്ചൻ പറഞ്ഞ പ്രസംഗം ഒന്നും ഞാൻ കേട്ടില്ല. പള്ളികഴിഞ്ഞിറങ്ങിയപ്പോൾ മാർത്ത "ചേച്ചി ഒന്ന് നിന്നേ' എന്ന് വിളിച്ചുകൂവി പുറകെ ഓടിവരുന്നു.
"ചേച്ചി സത്യായിട്ടും ഇനി ഞാൻ കർത്താവിനോട് ഒരു ഇടപാടിനും ഇല്ല. കർത്താവ് ചെയ്തത് ന്യായമാണോ? ആണോന്ന് ? നമുക്കൊന്ന് നേരിട്ട് പോയി ചോദിക്കണ്ടേ. ചേച്ചി കൂടി എന്റെ കൂടെ വാ എനിക്കൊരു ധൈര്യത്തിന്.'
അവളെന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.
ഞാൻ മാർത്തയെ അഗ്നിപറക്കുന്ന കണ്ണുകൾ കൊണ്ട് നോക്കി അവളുടെ കൈതട്ടി മാറ്റി മുന്നോട്ടു കുതിച്ചു.

"പഠിപ്പിച്ചു വിട്ട കൗണ്ടർ പോയിന്റ് മറന്ന് അസ്തപ്രജ്ഞയായി നിന്നിട്ട് ഇപ്പോൾ വകുപ്പും പറഞ്ഞോണ്ട് വന്നിരിക്കുന്നു. പറയേണ്ട കാര്യങ്ങൾ പറയേണ്ടപ്പോൾ പറയേണ്ടതുപോലെ പറയണം. അതിനു "പ്രെസെൻസ് ഓഫ് മൈൻഡ്' എന്നൊരു കാര്യം വേണം. കാനാവിലെ കല്യാണത്തിന് പോകാൻ തിരക്ക് പിടിച്ചു നിൽക്കുവായിരിക്കും നിന്റെ കർത്താവ്. ഇപ്പോൾ സംസാരിക്കാൻ പോയാൽ ശരിയാകുകേല. ആദ്യം ഞാൻ ഒറ്റക്കൊന്നു സംസാരിക്കട്ടെ എന്നിട്ടുമതി നമ്മൾ ഒരുമിച്ചുപോയി സംസാരിക്കുന്നത്'.
മാർത്തക്കു സങ്കടമായി. എന്നാലും എന്റെ വാക്കുകളുടെ മൂർച്ചയിലും നോട്ടത്തിലും പതറി അവള് തിരിച്ചുപോയി.
പിന്നീട് കല്യാണസ്ഥലത്തും മലമുകളിലെ ആൾക്കൂട്ടത്തിലും ഓശാനയ്ക്കിടയിലും ബേത്സയിദായിലും, എന്തിന്, പള്ളിയിൽ മേശകൾ മറിച്ചിടുന്നതിനിടയിലും ഞാൻ കർത്താവിനെയും കർത്താവെന്നെയും മാറിമാറി നോക്കി. കണ്ണുകൾകൊണ്ട് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു.

"ഞാൻ എന്തെങ്കിലും ഒരു കാര്യം ചെയ്യാനായി തിരഞ്ഞെടുക്കുമ്പോൾ അത് സാക്ഷാൽക്കരിക്കാനുള്ള അവസരവും സമയവും എനിക്കുണ്ടാകുന്നത് മറ്റാരെങ്കിലുമൊക്കെ ഞാൻ ചെയ്യേണ്ട ജോലികൾകൂടി എനിക്കുവേണ്ടി ചെയ്യുന്നതുകൊണ്ടാണ്. ഞാൻ ജോലിക്കു പോകുമ്പോൾ എന്റെ കുഞ്ഞുങ്ങളെ നോക്കിത്തന്നിരുന്ന മാതാപിതാക്കൾ, പ്രൊജക്റ്റ് തീർക്കാനിരിക്കുമ്പോൾ ചായ ഉണ്ടാക്കിത്തരുകയും അടുക്കള ജോലികൾ എത്രയും പെട്ടെന്ന് തീർക്കാനായി കൂടെ കൂടുകയും ചെയ്യുന്ന എന്റെ ഭർത്താവ്, രാത്രിയേറെ വൈകിയിരുന്നിട്ട് രാവിലെ വൈകിയെണീക്കുമ്പോൾ അടുക്കളയിലുള്ളത് എന്തെങ്കിലുമൊക്കെ വെച്ച് എനിക്കുകൂടി പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന എന്റെ മക്കൾ. ചില സാഹചര്യങ്ങളിൽ എനിക്കുവേണ്ടി ഓഫിസ് സമയം അഡ്ജസ്റ്റ് ചെയ്യുന്ന എന്റെ സഹപ്രവർത്തകർ, അങ്ങനെ എന്തെല്ലാം ചേരുന്നതാണ് ആ കാര്യം പൂർത്തിയാക്കുമ്പോഴുള്ള എന്റെ നേട്ടം. കാര്യങ്ങൾ മുൻഗണനാ ക്രമത്തിൽ ചെയ്ത്, മറ്റുള്ളവരോടൊപ്പം ചേർന്ന് നിന്ന് അവർക്കും നമുക്കും സന്തോഷമുണ്ടാകുന്ന വിധം ചെയ്യുമ്പോഴാണ് സന്തോഷത്തിന്റെ പാരമ്യം അനുഭവമാകുന്നത്. മാർത്തയുടെ കൂടെ ഒരു പണിക്കും പങ്കെടുക്കാതെ വെറുതെ ഇരുന്ന മറിയയെ പ്രകീർത്തിച്ചു പറഞ്ഞത് ഒട്ടും ശരിയായില്ല, തന്നെയുമല്ല യാതൊരു നീതിയുമില്ലാത്ത, കണ്ണിൽ ചോരയില്ലാത്ത ഒരു പ്രസ്താവനയായിപ്പോയി കർത്താവേ. മാർത്തക്കു നല്ല വിഷമം ഉണ്ട്.'

എനിക്ക് നിർത്താൻ തോന്നിയില്ല, ഞാൻ തുടർന്നു....

"നീ ചെല്ലുന്നെന്നു കേട്ടപ്പോൾ എന്തൊരു സന്തോഷമായിരുന്നു മാർത്തക്കെന്നറിയുമോ. ഓടി എന്റെ അടുത്തേക്കാണ് വന്നത്. നിനക്കിഷ്ടമുള്ളതെന്തൊക്കെയാണ് എന്നെല്ലാം മനസ്സിലാക്കി, എല്ലാം വാങ്ങി വന്നു. ആവേശവും സന്തോഷവും ഒക്കെ കൂടി ഒരുതരം വെപ്രാളമായിരുന്നവൾക്ക്. കുറച്ചു സമയം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചിരുന്നു.
എങ്കിലും വെപ്രാളങ്ങളൊന്നും പുറത്തുകാണിക്കാതെ അതിഥികളെ അകത്തേക്ക് ക്ഷണിച്ചിരുത്തി. മറിയ നിങ്ങളോടു സംസാരിക്കാനും വേണ്ടത് ചെയ്തുകൊടുക്കാനുമായി പുറകെ കൂടി. ആദ്യമൊക്കെ മാർത്തക്ക് അതുകണ്ട് നല്ല സന്തോഷമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നതിൽ പാതിവഴിപോലും എത്തിയിട്ടില്ല തന്റെ ഓട്ടം എന്ന് മനസ്സിലാക്കിയിട്ട് മാർത്ത നിങ്ങളുടെ വർത്തമാനത്തിലേക്ക് ഇടക്കിടക്ക് ഏറുകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
ഒരു സഹായം ഇല്ലാതെ അതിഥികൾക്ക് ഉദ്ദേശിക്കുന്ന സമയത്ത് ഭക്ഷണം കൊടുക്കാൻ പറ്റില്ല; എന്നാൽ അവരുടെ വർത്തമാനം തടസപ്പെടുത്താൻ മടിയുമുണ്ട്. അങ്ങനെ ആകെക്കൂടി ചിന്താക്കുഴപ്പത്തിലായി സഹികെട്ടപ്പോഴാണ് അവൾ നിന്റെ അടുത്തുവന്ന് അവളെ സഹായിക്കാനായി മറിയയോട് പറയാൻ പറഞ്ഞത്.
ഇതൊന്നും മനസിലാക്കാത്ത നീ അവളുടെ അധ്വാനത്തെയും ഉദ്ദേശത്തെയും നിസാരവൽക്കരിച്ചത് ഒട്ടും ശരിയായില്ല.'

കർത്താവിനോട് ഇതൊക്കെ പറഞ്ഞു തീർന്നതും അവിടെനിന്നു ഞാൻ വേഗം മാർത്തയുടെ വീട്ടിലെത്തി, അവളോടിതൊക്കെ പറഞ്ഞു.
"എപ്പോഴാണ് ചേച്ചിക്ക് ഇതൊക്കെ പറയാൻ പറ്റിയത് '. മാർത്ത കൗതുകത്തോടെ ചോദിച്ചു.

"കർത്താവു ഗത്സമന തോട്ടത്തിലേക്ക് നടക്കുമ്പോൾ പുറകെ നടന്നുകൊണ്ടാണ് ഞാൻ ഇതൊക്ക പറഞ്ഞത്. ഇതൊന്നു പെയ്‌തൊഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കര സമാധാനവും സന്തോഷവും തോന്നി. ഈ ചാരിതാർഥ്യം എന്നൊക്കെ പറയില്ലേ ...അങ്ങനെ എന്തോ ഒന്ന് തോന്നുന്നു. ചിലതു പറയാതെ മനസ്സിൽ കിടന്നാൽ മനംപുരട്ടലുണ്ടാവുമെനിക്ക്.'
ഞാൻ മാർത്ത യുടെ കണ്ണുകൾ തിളങ്ങുന്നുണ്ടോ എന്നുനോക്കി.
"എന്നിട്ട് കർത്താവ് ചേച്ചിയോടെന്തെങ്കിലും മറുപടി പറഞ്ഞോ? ' മാർത്ത ആശ്ചര്യത്തോടെ ചോദിച്ചു.
ഇല്ല, ഒരു പാറക്ക് മുന്നിൽ മുട്ടുകുത്തി മുകളിലേക്ക് നോക്കിയിരിക്കാൻ തുടങ്ങി. ▮


ലീന തോമസ്​ കാപ്പൻ

കഥാകൃത്ത്​, വിവർത്തക. കാനഡയിൽ ഫാർമസിസ്​റ്റ്​. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. മരുന്നറിവുകൾ, മരുന്ന്​: ഉപയോഗവും ദുരുപയോഗവും എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments