ചിത്രീകരണം : ഹൃദയ്

പോസ്​റ്റ്​മോർട്ടം ടേബിൾ

‘ഹലോ'
‘ഹ... ഹലോ'
‘വിളിച്ചാലെടുക്കില്ല. മെസേജയച്ചാ നോക്കില്ല. നിന്റെ ഫോണെന്താ ഉപ്പിലിട്ടു വച്ചേക്കുവാണോ?'
‘ഞാൻ കേസിലായിരുന്നു. ഫോൺ കാറിലും'
‘കഴിഞ്ഞ നാലുദിവസമായിട്ടും ഫോൺ കാറിലാണോ? നാലുദിവസമായിട്ടും നീ കേസിലാണോ? എന്നോടെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പറയണം. അല്ലാതെ പറഞ്ഞു പറ്റിക്കരുത്.'
‘നിനക്കത് പറഞ്ഞാ മനസിലാവില്ല...'
‘അതെ. എനിക്ക് മനസിലാവില്ല. അതിന്നോ ഇന്നലെയോ മനസിലാവാത്തതല്ലല്ലോ. വർഷങ്ങളായിട്ട് നീയതു തന്നെയല്ലേ പറയുന്നത്. പക്ഷെ എല്ലാം മനസിലാവുന്ന നിനക്കറിയായിരുന്നു, ഇന്നലെയാണ് ഐ.യു.ഐ. ചെയ്യാനുള്ള ഡേറ്റെന്ന്. നിന്നെ വിശ്വസിച്ചാണ് ഞാനീ ഹോർമോൺ ഗുളികകളെല്ലാം കഴിച്ച് റെഡിയായതെന്ന്. നീ വന്നില്ല. വിളിച്ചിട്ടെടുത്തില്ല. എന്താണ് കാര്യമെന്ന് പറയാനുള്ള മര്യാദ പോലും കാണിച്ചില്ല. എന്നിട്ടും എനിക്കൊന്നും പറഞ്ഞാ മനസിലാവില്ലാന്ന്. ഇന്ന് രാവിലെയെങ്കിലും വന്നിരുന്നെങ്കിൽ കൂടി അത് ചെയ്യായിരുന്നു.'

‘...' (ദീർഘനിശ്വാസം)
‘നിന്റെ നാവെന്താ, ഇറങ്ങിപ്പോയോ?'
‘സഫ്​ന, എന്നെക്കൊണ്ടത് പറ്റില്ല. നീയാ പ്ലാൻ കളഞ്ഞേക്ക്...'
‘വോട്ട്!'
‘ഓർ ഫൈൻഡ് സംവൺ ബെറ്റർ ദാൻ മി. ഞാൻ...'
‘ഓ... എന്നോടുള്ള കലിപ്പ്. അതോ പ്രതികാരമോ?'
‘സഫ്​ന, പ്ലീസ്...'
‘അതോ നിന്റെ കുഞ്ഞ് മറ്റൊരാളെ ഡാഡീന്ന് വിളിക്കുന്നതിന്റെ ഈഗോയോ? ഈഗോയ്ക്ക് നിനക്ക് പണ്ടും കുറവില്ലല്ലോ.'
‘നീ വെറുതെ എഴുതാപ്പുറം വായിക്കരുത്.'
‘അല്ലാതെ ഇത്രയും നാളില്ലാതെ, ഇപ്പോഴിങ്ങനെ പറയാനെന്താ കാരണം? നീ സമ്മതിച്ചതുകൊണ്ടല്ലേ ഞാനുമിതിന് ഇറങ്ങിയത്. എന്നിട്ടിപ്പൊ?'
‘നീ വിചാരിക്കുന്നതൊന്നുമല്ല പ്രശ്നം. തൽക്കാലം അത്രേം മനസിലാക്കിയാ മതി.'
‘ഇതും കൂടി ഫെയിലായാൽ ഐ.വി.എഫ്. പ്ലാൻ ചെയ്യേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ. ടെൻഷൻ കാരണം ഞാൻ കഴിഞ്ഞ ഒരാഴ്ചയായിട്ട് ലീവാണ്. അതൊക്കെ പോട്ടേ, ഞാനും നീയും മാത്രമാണ് ഇൻവോൾവ്ഡെങ്കിൽ നമുക്ക് മാത്രം തീരുമാനിക്കാം. ഇതിപ്പൊ ഗൗതമിനോട് ഞാനെന്ത് പറയും?'
‘ഗൗതമല്ലാ ഞാനെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത്.'

‘ഇതാ ഞാൻ പറഞ്ഞത്, നിന്റെയീ ഈഗോ... അത് മാറ്റിവയ്ക്കാതെ ഒരു രക്ഷേമില്ലാ.'
‘സഫ്​ന... ഇതീഗോയുടെ പ്രശ്നമൊന്നുമല്ലാ. എനിക്കത് പറ്റില്ല.'
‘കാരണം?'
‘കാരണം, കാരണമിത്രയേ ഉള്ളൂ, ഞാനൊരു ഫെയിലറാണ്. പ്രൊഫഷണലി. പേഴ്സണലി. ആസ് എ ഹ്യൂമൻ. എല്ലാ അർഥത്തിലും. ഐ ഡോണ്ട് വാണ്ട് എ ബേബി ഇൻ മൈ ജീൻ പൂൾ.'
‘നിർത്താഷിഖ്. നീയെന്തോന്നാണീ പുലമ്പുന്നത്. നട്ടുച്ചയ്ക്കേ നീ കുടിച്ചിട്ടുണ്ടോ?'
‘ഇല്ല. പക്ഷെ വേണമായിരുന്നു. ഉള്ള ബോധം ഒന്നു കളഞ്ഞുകിട്ടുന്ന എന്തായാലും മതി..'
‘ആഷിഖ്, വാട്ട് ഹാപ്പെൻഡ് ടു യു? നീയൊരു ഫെയിലറെന്നാര് പറഞ്ഞു?'
‘കാലം.'
‘നിനക്ക് ഭ്രാന്താണ്.’
‘അത് കറക്റ്റാ. പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ സഫ്​ന പറഞ്ഞാൽ തെറ്റാനൊരു ചാൻസുമില്ല.'
‘എന്റെ ഫീൽഡിനെ കളിയാക്കുമ്പോൾ നിനക്കിപ്പൊഴും ആനന്ദം കിട്ടുന്നെങ്കിൽ കളയണ്ടാ. പക്ഷെ, എന്നെ പറഞ്ഞു പറ്റിച്ചതിന് നീയുത്തരം തന്നേ പറ്റൂ.'
‘പറ്റിച്ചതല്ലാ. എനിക്കത് പറ്റില്ല. എനിക്ക് എന്റെ ബീജത്തിൽ ഒരു കുഞ്ഞ് വേണ്ടാ.'
‘വൈ?'
‘വേണ്ട, അത്രതന്നെ.’

‘കഴിഞ്ഞ നാലുമാസമായി ഞാനിതിനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ടു പ്രാവശ്യം ഐ.യു.ഐ. ചെയ്തപ്പൊഴൊന്നും നിനക്കീ പ്രശ്നമില്ലായിരുന്നല്ലോ. പെട്ടന്നിപ്പൊ മനസു മാറാനെന്താ കാരണം?'
‘മനുഷ്യരല്ലേ. എല്ലാ കാലത്തും ഒരുപോലിരിക്കില്ലല്ലോ.'
‘എന്താണിപ്പൊ നിന്റെ പ്രശ്നം? കുഞ്ഞ് ഗൗതമിനെ ഡാഡിയെന്ന് വിളിക്കേണ്ടി വരുന്നതാണോ?'
‘അല്ല. എന്റെ രക്തത്തിൽ ഒരു കുഞ്ഞുകൂടി വേണ്ട. അത്രേള്ളൂ.’
‘ഒരു കുഞ്ഞുകൂടിയോ? അതിന് നിനക്ക് വേറെയും കുഞ്ഞുങ്ങളുണ്ടോ?'
‘നീയാ വിഷയം വിടൂ പ്ലീസ്.'
‘നീയെന്താണീ പറയുന്നേ? എനിക്കങ്ങനെ കൂളായിട്ട് വിടാൻ പറ്റുന്ന വിഷയമാണോ ഇത്?'
‘അങ്ങനാണെങ്കിൽ ഒരുപാട് അനാഥക്കുട്ടികളുണ്ട് നാട്ടിൽ. അതിലൊരാളെ ദത്തെടുക്കൂ.'
‘ഓ, അതിനി നീ പറഞ്ഞുതന്നിട്ടല്ലേ എനിക്കറിയാവൂ.’

‘എന്റെ തീരുമാനം ഞാൻ പറഞ്ഞു. എന്നെ നിർബന്ധിച്ച് നിന്റെ കുഞ്ഞിന്റെ അച്ഛനാക്കുന്നത് ശരിയായ കാര്യമല്ലാ.'
‘നിർബന്ധിച്ചോ? എപ്പൊ? ഞാനിക്കാര്യം നിന്നോട് പറഞ്ഞപ്പോ ഈ ലോകത്തേറ്റവും സന്തോഷവാനായ മനുഷ്യനാണ് നീയെന്ന് പറഞ്ഞതാരാ, നീ... നമ്മുടെ കല്യാണം കഴിഞ്ഞ സമയത്ത് നമ്മൾ കണ്ട സ്വപ്നങ്ങളെയൊക്കെ ഓർത്തോർത്ത് പറഞ്ഞതും നീയാണ്. എന്നിട്ടിപ്പൊ, അന്നേ നോ പറഞ്ഞിരുന്നെങ്കി ആ വിഷയമേ അവിടെ തീർന്നേനെ.'
‘ആ കാലത്തെ ഞാനും നീയുമല്ലല്ലോ ഇപ്പൊ. നമ്മൾ ഡൈവോസായിട്ട് തന്നെ വർഷമൊന്നായി.'
‘അതിനു നമ്മൾ പിണങ്ങിപ്പിരിഞ്ഞതൊന്നുമല്ലല്ലോ. രണ്ടുപേർക്കും അതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ് ചെയ്തതല്ലേ.'
‘അതെ. ഇപ്പോഴും അതാണ് നല്ലത്. ആ ബന്ധം എല്ലാ അർഥത്തിലും ഇല്ലാണ്ടാവുന്നത് തന്നെയാണ് ശരി. എനിക്കത് ശരിയാവില്ല.'

‘ആഷിഖ്, ഞാൻ ഒരു കാര്യം വീണ്ടും ചോദിക്കുവാണ്, ഗൗതമാണോ നിന്റെ പ്രശ്നം?'
‘അല്ല. ഞാനാണ് പ്രശ്നം'
‘അത് കള്ളം. നിനക്കിത്ര നാളില്ലാത്ത എന്ത് പ്രശ്നം? കഴിഞ്ഞ ഐ.യു.ഐ. സക്സസ് ആയിരുന്നെങ്കിലോ?'
‘അത്രയും ഭാഗ്യമെങ്കിലും എനിക്കുണ്ടെന്ന് കരുതിയാ മതി. അല്ലേൽ ആ ട്രോമയും കൂടി ഞാൻ സഹിക്കണമായിരുന്നു.’
‘ട്രോമയോ! ആഷിഖ് പ്ലീസ്. നിന്റെ മനസിലെന്താണെന്ന് പറ.'
‘തൽക്കാലം അത്രയും അറിഞ്ഞാ മതി. ഞാനീ നാശം പിടിച്ച പ്രൊഫഷൻ കൂടി വിടുവാണ്. ഫെഡ് അപ്.’
‘വാട്ട്?’
‘സത്യമാണ് സഫ്​ന. എനിക്കിനി വയ്യ.’
‘നിനക്കത് പ്രൊഫഷനല്ലാ, പാഷനാണെന്ന് നൂറുവട്ടം പറയുന്ന നീയോ! പ്ലീസ് ആഷിഖ്, നിനക്കെന്താ പറ്റിയത്. കേട്ടിട്ട് തന്നെ എനിക്ക് പേടിയാവുന്നു.'
‘ഗൗതമവിടില്ലേ?'
‘ഇല്ല. ഓഫീസിൽ പോയി.'
‘ഉം. അവനോട് ഞാൻ സോറി പറഞ്ഞതായി പറയണം.'
‘അതിന് നീയെവിടെ പോകുന്നു?'
‘ഞാൻ വയ്ക്കുവാ. പറ്റിയാ കാണാം.'
‘പറ്റിയാലോ? ഒന്നു പോയേ... കട്ട് ചെയ്യരുത്. നീയിപ്പൊ എവിടെയാ? വീട്ടിലാണോ? അതോ ഡിപ്പാർട്മെന്റിലോ? ഞാനങ്ങോട്ട് വരാം.'
‘വേണ്ടാ.. ഞാനിപ്പൊ സംസാരിക്കാൻ പറ്റിയ അവസ്ഥയിലല്ല.'

‘എന്തവസ്‌ഥയായാലും നിനക്കെന്നോട് പറയാം. പറഞ്ഞേ പറ്റൂ. ആഷിഖ്, ലീഗലി നമ്മളിപ്പൊ ഭാര്യാഭർത്താക്കന്മാരല്ല എന്നേയുള്ളൂ. എന്നും നല്ല ഫ്രണ്ട്സായിരുന്നു. എനിക്കും ഗൗതമിനും വേണ്ടിയാണെങ്കിലും നിന്റെ കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസവിക്കാൻ തയ്യാറായവളാണ് ഞാൻ. അതിൽ സന്തോഷിക്കുന്നവളാണ്. ആ എന്നോട് നിനക്ക് പറയാൻ പറ്റണം, അതിനി എത്ര ഭീകരമായ സംഗതിയാണെങ്കിലും.'
‘ഈ ബന്ധങ്ങളൊന്നും ഞാനർഹിക്കുന്നില്ല സഫ്​ന. എന്നെയെന്റെ പാട്ടിന് വിടൂ. നീ ഫോൺ വയ്ക്ക്.'
‘ഇല്ല. പറയാതെ ഞാൻ വിടില്ല.'
‘..'
‘ഗൗതം ഇന്നലെ ഓഫീസിൽ ചെന്നിട്ട് ഒരമ്പത് പ്രാവശ്യമെങ്കിലും വിളിച്ചുകാണും. ആശുപത്രിയിലെത്തിയോ, നീ വന്നോ, എന്താ വരാത്തത്, അവൻ വിളിക്കണോ എന്നൊക്കെ ചോദിച്ചിട്ട്. രാത്രി വന്നപ്പൊ ഞാൻ ഡെസ്പായിരിക്കുന്നത് കണ്ട് പിന്നെ ഒന്നും ചോദിച്ചില്ല. ഇന്നിപ്പൊ രാവിലെ പോകാൻ നേരത്തു ചോദിച്ചു, ഞാനും നീയും തമ്മിലെന്തേലും ഇഷ്യൂവുണ്ടായോന്ന്.'
‘ഗൗതമിനോട് പറ, നിങ്ങൾക്ക് സ്വന്തമായി കുഞ്ഞു നിർബന്ധമാണെങ്കിൽ മറ്റാരെയെങ്കിലും നോക്കാൻ.’

‘ഡാ... എന്നെക്കൊണ്ട് പച്ചത്തെറി വിളിപ്പിക്കരുത്. അങ്ങനെ ഏതെങ്കിലും ഒരുത്തന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഞാനെന്താ പ്രസവിക്കണ മെഷീനോ? നീയേ... നീ ഫുൾടൈം ശവങ്ങളുടെ കൂടെ ഇടപഴകി നിനക്കിപ്പൊ മനുഷ്യരെ മനസിലാക്കാനേ പറ്റാതായിട്ടുണ്ട്.'
‘അതെ.. അതു നീ പണ്ടും പറഞ്ഞിട്ടുണ്ടല്ലോ.'
‘എന്ത്?'
‘ഓർമയില്ലേ? ചത്ത് പോസ്റ്റ്മോർട്ടം ടേബിളിൽ കയറി കിടന്നാലേ എനിക്കാൾക്കാരെ മനസിലാക്കാൻ പറ്റൂ എന്ന്...'
‘ഓ. അതൊക്കെ ഓർത്തോണ്ടിരുന്നോ ഇപ്പൊഴും.'
‘മറന്നാലല്ലേ ഓർക്കാൻ പറ്റൂ, പക്ഷെ, ഇപ്പൊ എനിക്കതിന്റെ അർഥം ശരിക്കും മനസിലാവും.'
‘സീ ആഷിഖ്, ഗൗതം വളരെ നല്ലവനാണ്. അവന് സ്വന്തമായി ഒരു കുഞ്ഞ് വേണമെന്നത് ഭയങ്കര ആഗ്രഹമായിരുന്നു. അവന്റെ ടെസ്റ്റിസിൽ ഒരു സ്പേമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് കുത്തിയെടുത്ത് ഞങ്ങൾ ഐവിയെഫോ അതിന് മുകളിൽ മറ്റെന്തെങ്കിലുമോ ഒക്കെ ചെയ്യാൻ പോയേനേ. ഇതൊക്കെ നിനക്കുമറിയാം.'
‘അറിയാം.'
‘നമുക്ക് ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ഗൗതമതിനെ സ്വന്തം കുഞ്ഞായി കണ്ടേനെയെന്ന് എനിക്ക് തോന്നി. നമ്മുടെ കുഞ്ഞിന്, ഗൗതമിനെ പോലെ ഒരച്ഛനെ കിട്ടുന്നത് ഭാഗ്യമാണെന്നാണ് എന്റെ വിചാരം.'
‘ഗൗതം നല്ലവനാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യൻ. പക്ഷെ, എന്നെപ്പോലെ ഒരാളുടെ കുഞ്ഞ് ഭൂമിയിൽ ജനിക്കാതിരിക്കുന്നതാണ് നല്ലത്.'
‘പ്ലീസ് ആഷിഖ്, ഇങ്ങനൊന്നും പറയാതിരിക്ക്. എനിക്ക് ശരിക്കും കരച്ചിൽ വരുന്നുണ്ട്.'

‘അപ്പൊ നീയും എന്നെപ്പോലെ അൺ പ്രൊഫഷണലായോ. ഹ, ഹ; മറ്റുള്ളവരുടെ വിഷമം കേട്ടാൽ ഒപ്പം കരയുന്നയാളെങ്ങനെ നല്ല സൈക്കോളജിസ്റ്റാവും?'
‘ആരെയെങ്കിലും പോലെയല്ലല്ലോ നീ'
‘അതാ ഞാൻ ഫോൺ കട്ട് ചെയ്യാമെന്ന് പറഞ്ഞത്.'
‘അതുവേണ്ട. നിന്നെയങ്ങനെ ഈ മൂഡിൽ ഒറ്റയ്ക്ക് വിട്ടിട്ട് പോവാനൊന്നും എന്നൊക്കൊണ്ട് പറ്റില്ല. നീയിപ്പൊ എവിടാന്ന് പറ. ഞാൻ വരാം.'
‘ഞാൻ കാറിലാ.'
‘എവിടെ പോകുന്നു?'
‘എങ്ങും പോണില്ലാ.'
‘പിന്നെ?'
‘ഡിപ്പാർട്ട്മെൻറ്​ പാർക്കിങ് ഏരിയയിൽ വെറുതേ ഇരിക്കുന്നു.'
‘വെറുതെയോ? എന്നാ ഇങ്ങോട്ട് വാ'
‘ഇല്ല. ഞാനിനി എങ്ങോട്ടുമില്ല'
‘മീൻസ്?'
‘മീൻസ് നത്തിങ്. വയ്ക്കുവാ.'
‘നോ, ഫോൺ വയ്ക്കരുത്. വച്ചാ കൊല്ലും ഞാൻ'
‘ഹാ, അതുകൊള്ളാം. പക്ഷെ നിന്നെക്കൂടി കൊലയാളിയാക്കാൻ എനിക്ക് താത്പര്യമില്ല. ഞാൻ തന്നെ ചെയ്തോളാം.'
‘ഏ! വാട്ട് ദി ഫക്ക് ആർ യു ടോക്കിങ് ആഷിഖ്, നീയവിടെന്താ ചെയ്യുന്നത്?'
‘ഞാൻ പറഞ്ഞില്ലേ സഫ്​ന, ഒരു സമ്പൂർണ പരാജയമായിട്ടിങ്ങനെ ജീവിക്കാൻ എനിക്കിനി വയ്യ.’
‘എനിക്കറിയാവുന്ന ഡോക്ടർ ആഷിഖ് ഒരു മികച്ച ഫോറൻസിക്ക് സർജനാണ്. എന്റെ ഏറ്റവും നല്ല ഫ്രണ്ടാണ്. അയാളൊരു പരാജയമല്ലാ.'
‘അയാൾ നല്ലൊരു മനുഷ്യനല്ലായിരുന്നു.'
‘എന്നുവച്ചാ?'
‘സഫ്​നക്കറിയാത്ത മറ്റൊരു ആഷിഖ് ഉണ്ടായിരുന്നു.'
‘ഓ, എന്നാലും സാരമില്ല. എനിക്കതറിയേം വേണ്ട. നിന്റെ ഇപ്പോഴത്തെ പ്രശ്നം പറ. നിന്നെ ഇത്രയും ഡിസ്റ്റർബ് ചെയ്യുന്നതെന്താണെന്ന് എനിക്കറിയണം. എന്നിട്ട് നമുക്കതിനൊരു സൊലൂഷനും കണ്ടെത്തണം.'

‘അതിനിനി സൊലൂഷനൊന്നുമില്ല, സഫ്​ന'
‘അതുകൊണ്ട് നീയങ്ങ് മരിച്ചേക്കാമെന്ന് തീരുമാനിച്ചോ?'
‘ജീവിതത്തിലെ പ്രശ്നങ്ങൾക്കൊക്കെ പോസ്റ്റ്മോർട്ടം ടേബിളിൽ ഉത്തരം കണ്ടെത്തുന്നവരാണ് ഞങ്ങൾ. എന്റെ കാര്യത്തിലും.'
‘പ്ലീസ് ആഷിഖ്, ഇങ്ങനൊന്നും പറയാതിരി. നീയവിടെ തന്നെ വെയ്റ്റ് ചെയ്യ്. ഞാനിറങ്ങുവാ, ഒരര മണിക്കൂറിൽ ഞാനവിടെത്തും. ഐ വാണ്ട് ടു സീ യൂ നൗ.'
‘വേണ്ട. വരണ്ടാ. വന്നിട്ടും കാര്യമില്ല.'
‘ഇല്ലാ. ഞാൻ വരും. ഞാനിതാ ഇറങ്ങി.'
‘നീയിനിയും ഒട്ടും മാറിയിട്ടില്ലല്ലോ സഫ്​ന. പണ്ടും ഞാനെന്തെങ്കിലും കാര്യത്തിന് നോ പറഞ്ഞാ, നിനക്കത് പിന്നെ ചെയ്താലേ സമാധാനം കിട്ടൂ.'
‘അതൊന്നും നിന്റെ നോയോട് നോ പറയുന്നതല്ലായിരുന്നു ആഷിഖ്, എന്റെ യെസുകളോട് ഞാൻ യെസ് പറയുന്നതാണ്. അതിപ്പൊഴും അങ്ങനെ തന്നെ.'
സഫ്​ന, അവസാനമായി എനിക്ക് നിന്റെ ശബ്ദമൊന്ന് കേൾക്കണമെന്നുണ്ടായിരുന്നു. പക്ഷെ അങ്ങോട്ട് വിളിക്കാൻ മടി. അതുകൊണ്ട് നിന്റെ ഒരു കോളിനുവേണ്ടി കാത്തിരിക്കുവായിരുന്നു. അതു വന്നു. സംസാരിച്ചു. ഇനി...?'

‘ആഷിഖ്, പ്ലീസ്... കട്ട് ചെയ്യരുത്, എനിക്കു വേണ്ടി, പ്ലീസ്..'
‘നിന്നെ ഫേസ് ചെയ്യാനുള്ള ധൈര്യമെനിക്കില്ല സഫ്​ന'
‘നീയിപ്പൊ വേറൊന്നും ചിന്തിക്കണ്ടാ, ഞാൻ വന്നോണ്ടിരിക്കുവാ.'
‘എടീ, ഫോണിൽ സംസാരിച്ചുകൊണ്ട് കാറോടിച്ചാൽ നിന്നെ പോലീസ് പിടിക്കും.'
‘പിടിക്കാൻ വരട്ടെ, ഞാൻ നിർത്തില്ല.'
‘അവർ നിന്നെ ചേസ് ചെയ്ത് പിടിക്കും'
‘ഇല്ലാ. അവർക്കെന്നെ കിട്ടില്ല.'
‘ഇടയ്ക്ക് കോൾ കട്ടായാലോ?'
‘ഞാൻ വീണ്ടും വിളിക്കും. നീയെടുത്താ മതി.'
‘സഫ്​നാ, നീയിപ്പൊഴും എന്നെ ഇത്രയധികം സ്നേഹിക്കുന്നതെന്തിനാണ്?'
‘നമ്മൾ പിരിഞ്ഞതുപോലും സ്നേഹമില്ലാഞ്ഞിട്ടല്ലല്ലോ.'
‘ഞാനിതൊന്നും അർഹിക്കുന്നില്ല സഫ്​ന'
‘പ്ലീസ് ഷട്ട് യുവർ മൗത്ത്, ഞാനിപ്പൊ എത്തും'
‘നിനക്കറിയാമോ, ഞാനൊന്നുറങ്ങിയിട്ട് ഒരാഴ്ചയായി.'
‘എന്തുപറ്റി? എന്താ കാര്യം? പറ.'
‘...'
‘നീയിങ്ങനെ കരയാതെ, കാര്യം പറ, ആഷിഖ്... ഹലോ...'
‘സഫ്​നാ, നിനക്കറിയാത്ത ഒരു വലിയ രഹസ്യം എനിക്കുണ്ട്. അതറിഞ്ഞാ നീയെന്നെ വെറുക്കും.'
‘ആഷിഖ്, നിനക്കെന്താ പറ്റിയത്? നീ വല്ല ടെററിസ്റ്റ് ഗ്രൂപ്പിലും പെട്ടോ? അതോ നീയാരെയെങ്കിലും കൊന്നോ?'
‘എനിക്കൊരു പെൺകുട്ടിയുമായി റിലേഷനുണ്ടായിരുന്നു.'
‘ഊം'
‘എനിക്കൊരാളുമായി ഒരിഷ്ടമുണ്ടായിരുന്നു.'
‘ആ, അതു ഞാൻ കേട്ടു. പറഞ്ഞോ.'
‘ഇഷ്ടമെന്നു വച്ചാ, നമ്മുടെ കല്യാണത്തിനും മുമ്പേ തുടങ്ങിയതായിരുന്നു. കോളേജിൽ എന്റെ ജൂനിയറായിരുന്നു.'
‘ഊം'
‘എന്നെയവൾക്ക് ജീവനായിരുന്നു. ഭയങ്കര സ്നേഹമൊക്കെയാണെങ്കിലും അവളൊരു പ്രത്യേക ടൈപ്പായിരുന്നു.'
‘എന്നുവച്ചാ?'
‘എന്നുവച്ചാ എങ്ങനെ പറയും, ഈ പൊസസീവ്നെസ് മൂത്ത് ഭ്രാന്തായെന്ന് പറയാവുന്ന ടൈപ്പ്.'
‘ഊം'

‘അതും പോരാഞ്ഞ്​, നേരം വെളുക്കുന്ന മുതൽ ഉറങ്ങുന്നതുവരെ ഓരോ നിമിഷവും ഞാനവളെ അപ്ഡേറ്റ് ചെയ്തോണ്ടിരിക്കണം. കക്കൂസിൽ പോണെങ്കി, ശ്വാസം വിടണെങ്കി പോലും മെസേജയച്ച് റിപ്പോർട്ട് ചെയ്യണം. എപ്പോഴും what doing, what doing എന്ന് ചോദിച്ചോണ്ടിരിക്കും. 24 മണിക്കൂറും എന്നെപ്പറ്റി മാത്രം ചിന്തിച്ചോണ്ടിരിക്കും.'
‘ഇങ്ങനൊരു ലവ് സ്റ്റോറി നീയെന്നോട് പറഞ്ഞിട്ടുണ്ട്.'
‘ഉണ്ടോ? എനിക്കോർമയില്ല'
‘കുറച്ചുകാലം കഴിഞ്ഞ്, നീ തന്നെ ഒഴിവാക്കിയെന്നൊക്കെ നമ്മുടെ കല്യാണമായ സമയത്ത് പറഞ്ഞിട്ടുണ്ട്. ഐ റിമമ്പർ. പക്ഷെ നിന്നെയിപ്പൊ ഇത്രയും ഡെസ്പാക്കാൻ മാത്രം അതിലെന്താ ഉള്ളത്?'
‘ആണോ? അപ്പൊ പറഞ്ഞായിരിക്കും. പക്ഷെ അങ്ങനെ എളുപ്പത്തിൽ ഒഴിവാക്കാൻ പറ്റുന്നതല്ലായിരുന്നു ആ റിലേഷൻ'
‘വൈ?'
‘ഞങ്ങൾക്കിടയിൽ ഫിസിക്കൽ റിലേഷനുമുണ്ടായിരുന്നു.'
‘ഓ, അതൊന്നും നീ പറഞ്ഞിട്ടില്ല.'
‘എനിക്കൊരു ഫോറൻസിക് സർജനാവണമെന്ന് ഞാൻ വളരെ മുമ്പേ തീരുമാനിച്ചതാണ്. പക്ഷെ, അവൾക്കതൊട്ടും ഇഷ്ടമേയല്ലായിരുന്നു. ഭയങ്കര എതിർപ്പായിരുന്നു. കരച്ചിലും പിഴിച്ചിലും വരെ...'
‘ഊം'
‘ഒന്നാമതേ ശ്വാസം മുട്ടിക്കുന്ന ആ റിലേഷൻ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ഞാനാലോചിക്കുവായിരുന്നു. ഇതുകൂടി ആയപ്പോ മടുത്തു.'
‘ഉം. എന്നിട്ട്?'
‘കോഴ്സ് തീരുംവരെ ഞാൻ ഒരുവിധം പിടിച്ചുനിന്നു. കോളേജ് വിട്ടപ്പോ ഞാനവളെ പൂർണമായും ഒഴിവാക്കി. സത്യം പറഞ്ഞാൽ തേച്ചു.’

‘ഹും. പിന്നെ അവളെന്ത് ചെയ്തെന്ന് അന്വേഷിച്ചില്ലേ?'
‘കുറേക്കാലം കഴിഞ്ഞ്​ ഒന്നുരണ്ടു ഫ്രണ്ട്സ് വഴി അന്വേഷിക്കാനൊക്കെ ശ്രമിച്ചു. അവൾ പാരന്റ്സിന്റെ കൂടെ വിദേശത്താണെന്ന് മാത്രം അറിഞ്ഞു.'
‘ആഷിഖ് ഒന്ന് ഹോൾഡ് ചെയ്യണേ, സിഗ്നലിന്റെ അടുത്ത് മൂന്നാല് പോലീസുകാര് നിൽപ്പുണ്ട്.'
‘നീ ബ്ലൂടൂത്തിലല്ലേ...?'
‘അതെ. എന്നാലും ചിലർക്കതും പാടില്ലാന്നാ.'
‘ഹും'
‘ഹലോ, ആഷിഖ്.'
‘ആ, ഹലോ...'
‘സിഗ്നലു കഴിഞ്ഞു. എന്താ ഒരു ക്ഷീണം നിന്റെ ശബ്ദത്തിന്? നീയവിടെന്താ ചെയ്യുന്നത്?'
‘ഒന്നുമില്ല. നീ വെപ്രാളപ്പെടേന്നും വേണ്ട. പതിയെ ശ്രദ്ധിച്ച് വണ്ടിയോടിച്ചാ മതി'
‘അതൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. നീ പറ.'
‘എന്ത് പറയാൻ? ആ, അത്... നമ്മുടെ കല്യാണം കഴിഞ്ഞു മൂന്നാലുവർഷം കഴിഞ്ഞപ്പൊ ഇവിടെ വച്ചു ഞാനവളെ വീണ്ടും കണ്ടു. ആദ്യം കണ്ടപ്പൊ എനിക്ക് മനസിലായതുപോലുമില്ല. വല്ലാണ്ട് മാറിപ്പോയിരുന്നു. ഒരു വികാരവുമില്ലാത്ത മുഖം. ജീവനുള്ള ഒരു പാവ പോലെ. പണ്ടൊരു കുതിരയെപ്പോലെ തുള്ളിത്തുള്ളി നടന്നിരുന്നവളാ.'
‘ഓ'
‘അവളിവിടെ പത്തോളജിയിൽ പിജിയ്ക്ക് ചേർന്നതായിരുന്നു. കണ്ട ഒരു എക്സൈറ്റ്മെൻറ്റിൽ ഞാനങ്ങോട്ട് പോയി മിണ്ടാൻ ശ്രമിച്ചു. പ്രതീക്ഷിക്കാതെ എന്നെക്കണ്ടപ്പോൾ അവൾ വല്ലാണ്ടായി. ഓടിക്കളഞ്ഞു. ഞാൻ പിന്നെയും പല പ്രാവശ്യം കാണാനും മിണ്ടാനുമൊക്കെ ശ്രമിച്ചു. അവളൊഴിഞ്ഞുമാറി. ഒരു ദിവസം പക്ഷെ, എന്നെ കണ്ട നിമിഷത്തിൽ സ്വിച്ചിട്ട പോലെ അവൾ പൊട്ടിക്കരഞ്ഞു പോയി.'
‘ഊം...'

‘അവളുടെ കഥ കേട്ടപ്പോൾ എനിക്ക് ഭയങ്കര കുറ്റബോധം തോന്നി. ഞാൻ കോളേജീന്ന് പോന്നതിൽ പിന്നെ അവൾ ആരോടും മിണ്ടാതായി. ക്ലാസിലും പോവില്ല. റൂമടച്ച് ഒരേ ഇരിപ്പ്. ഒരു ദിവസം കുറേയേതോ ഗുളികകൾ എടുത്തു കഴിച്ചു മരിക്കാൻ ശ്രമിച്ചു. റൂംമേറ്റ്സെല്ലാരും കൂടി ആശുപത്രിയിലാക്കി. മാസങ്ങളോളം ഏതോ മാനസികരോഗാശുപത്രിയിൽ. പിന്നെ വീട്ടിൽ. രണ്ടുവർഷത്തിലധികം കോഴ്സ് ലാഗായി.'
‘ങും. പാവം കുട്ടി.'
‘അതെ. പാവം, അവളെ അവളുടെ പാട്ടിന് വിട്ടാ മതിയായിരുന്നു.'
‘എന്നിട്ടെന്തായി?'
‘എന്നിട്ടെന്താവാൻ? ഞങ്ങൾ വീണ്ടും പണ്ടത്തെ പോലെയായി. അപ്പോഴേക്കും ഞാനും നീയും പിരിയാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു.'
‘അതുമിതും തമ്മിലെന്തിനാ ബന്ധിപ്പിക്കുന്നേ? നമ്മൾ പിരിയാൻ നമ്മൾ മാത്രമാണല്ലോ കാരണം. '
‘അതെ. എന്നാലും പറഞ്ഞെന്നേയുള്ളൂ. എന്റെ കൂടെക്കൂടി കുറച്ചു ദിവസം കൊണ്ടുതന്നെ അവൾ പഴയ അപർണയായി. അതേ പൊസസീവ്നെസ്, പഴയ അതേ ശീലങ്ങൾ. അക്കാര്യത്തിൽ മാത്രം അവളൊട്ടും മാറിയിട്ടില്ലായിരുന്നു.'
‘ഈ അപർണാന്ന് പറഞ്ഞാ, ഡോക്ടർ അപർണാ രാമനെ പറ്റിയാണോ...?'
‘അതെ. അവളെ നിനക്കെങ്ങനെ അറിയാം?!'
‘കഴിഞ്ഞാഴ്ച മെഡിക്കൽ കോളേജിലെ ഡോക്ടർ അപർണാ രാമൻ ആത്മഹത്യ ചെയ്തത് വൈറൽ ന്യൂസായിരുന്നല്ലോ. ഓ... ഗോഡ്! ആ അപർണയാണോ ഇത്?!'
‘ഉം.'
‘ഡാ...?!'
‘...'
‘ഞാനൊരു കാര്യം ചോദിക്കട്ടെ? നീയവളെ... നീയാണോ?'
‘അല്ല സഫ്​നാ... ഞാനല്ല, ഞാനറിഞ്ഞില്ല അവളിങ്ങനെ ചെയ്യുമെന്ന്.'
‘പിന്നെ? നീ വീണ്ടും അവളോട് പിണങ്ങിയോ? അതോ മറ്റെന്തെങ്കിലും?'
‘ഞാൻ പിണങ്ങിയില്ലാ. പക്ഷെ അവൾ പിണങ്ങി.'
‘എന്തിന്?'

‘സഫ്​നാ, ഞാൻ നിന്നോടൊന്നും പറഞ്ഞിട്ടില്ലാന്നേയുള്ളൂ. കഴിഞ്ഞ ഒരു വർഷമായി ഞാനും അപർണയും ഒരുമിച്ചായിരുന്നു താമസം. ഞാനും നീയും ഇപ്പോഴും നല്ല ഫ്രണ്ട്സാണെന്ന കാര്യം അവളോടും പറഞ്ഞില്ല. പറഞ്ഞാൽ അവളത് ആ അർഥത്തിൽ മനസിലാക്കില്ല. എങ്ങനെയെങ്കിലും നശിപ്പിക്കാൻ നോക്കും. അവൾക്കും എനിക്കുമിടയിൽ മറ്റാരു വന്നാലും അവൾക്കതിഷ്ടമല്ലാ. നീയാണെന്നറിഞ്ഞാ പിന്നെ പറയ്യേം വേണ്ടാ.. പണ്ടും അങ്ങനായിരുന്നു, അവളു കാരണം നല്ല കൂട്ടുകാര് പോലും ഇല്ലായിരുന്നു എനിക്ക്.'
‘നിന്റെ ശബ്ദം വല്ലാണ്ട് ഫ്രജൈലാവുന്നു. ആഷിഖ്, ആർ യൂ ഓക്കേ ദേർ?'
‘അയാമോക്കേ സഫ്‌നാ, അവളെ പറ്റി ഓർക്കുമ്പോ ഞാൻ വീക്കാവുന്നതാണ്.'
‘എന്നാ നമുക്ക് മറ്റെന്തെങ്കിലും പറയാം. ഇക്കാര്യം പിന്നീടൊരിക്കൽ സംസാരിക്കാം. ഞാനേതാണ്ട് എത്താറായി... യൂ റിലാക്സ്'
‘ഇനിയെന്ത് റിലാക്സ്! ഞാൻ ബാക്കി പറയാം..'
‘ഉം?'
‘രണ്ടുമൂന്നു മാസമായി എന്നെ അവൾക്ക് സംശയമായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള കോളുകൾ, അവളെ ഒളിച്ചും ഒഴിവാക്കിയുമുള്ള യാത്രകൾ. ഞാൻ കള്ളങ്ങൾക്കുമേൽ കള്ളങ്ങൾ കൊണ്ട് കോട്ടകൾ പണിഞ്ഞാണ് പിടിച്ചുനിന്നത്. ഐ.യു.ഐ.യുടെ കാര്യം അവളോട് പറയാൻ പറ്റില്ലല്ലോ.'
‘ഇത്രയും ഇഷ്യുവൊക്കെ നിന്റെ ജീവിതത്തിലുണ്ടെങ്കിൽ നിനക്ക് പറയാരുന്നില്ലേ ഒന്നും വേണ്ടാന്ന്?'
‘നിനക്കറിയില്ലാ, ഒരുകാലത്ത് നമുക്ക് രണ്ടാൾക്കും ഒരു കുഞ്ഞുണ്ടാവുന്നത് നിന്നേക്കാൾ സ്വപ്നം കണ്ടയാളാണ് ഞാൻ. നീയും ഗൗതമും ഐ.യു.ഐ. പ്ലാനുമായി വന്നപ്പൊ ഞാനെന്ത് സന്തോഷിച്ചെന്നോ. എനിക്കെല്ലാം വേണമെന്ന ആർത്തിയായിരുന്നു. അതിങ്ങനെയൊക്കെ ആവുമെന്ന്.'
‘നീയവളോട് പറഞ്ഞോ അക്കാര്യം?'
‘പറഞ്ഞില്ല. ഇപ്പോ തോന്നുന്നു, അങ്ങ് പറഞ്ഞാ മതിയായിരുന്നൂന്ന്. എന്റെ ചെറിയൊരശ്രദ്ധ. കാറിൽ നമ്മൾ ലാസ്റ്റ് ഐ.യു.ഐ. ചെയ്യാൻ പോയതിന്റെ ബില്ലും ലാബ് റിസൾട്ടും കിടന്നത് ഞാൻ ശ്രദ്ധിച്ചില്ല. അവളത് കണ്ടു. കണ്ടതു മാത്രേ എനിക്കപ്പൊ ഓർമ്മയുള്ളൂ. പിന്നെ സംഭവിച്ചതൊക്കെ ഓർക്കാൻ കൂടി വയ്യ. ഞാൻ പരമാവധി മയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നോക്കി. ഞാൻ പറയുന്നതൊന്നും അവൾ കേൾക്കുന്നേ ഉണ്ടായിരുന്നില്ല. ഒടുവിൽ ഞാനൊരു ചതിയനാണെന്നും എന്നെ കാണിച്ചു തരാമെന്നും ഒക്കെ പറഞ്ഞ് അവളിറങ്ങിപ്പോയി.'
‘എങ്ങോട്ട്?'
‘അവൾ ഹോസ്റ്റലിലേക്ക് മാറി. അവിടെ വച്ചാണ്.'
‘ഊം'

‘ആഷിഖ്, സംഭവിക്കാനുള്ളത് സംഭവിച്ചു. അതിന് നീയും കൂടി ചാവാനിറങ്ങിയാ സൊലൂഷനാവുമോ?'
‘നിനക്കറിയാമോ, കഴിഞ്ഞ ഒരു മാസമായി അവളെയൊന്ന് നേരിൽ കാണാൻ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നിരന്തരം വിളിച്ചു. മെസേജയച്ചു. എന്താണ് സംഭവിച്ചതെന്ന് ഡെയ്‌ലി ഞാൻ വോയ്സ് മെസേജ് അയക്കുമായിരുന്നു. ആയിരം വട്ടം ഞാൻ മാപ്പ് ചോദിച്ചു. അവളെല്ലാം കാണുന്നും കേൾക്കുന്നും ഉണ്ടായിരുന്നു. പക്ഷെ, ഒരക്ഷരം മിണ്ടിയില്ല.'
‘അതൊക്കെ ശരിയാണ് ആഷിഖ്. അതിനു നീ നിന്നെ ശിക്ഷിച്ചതുകൊണ്ടെന്ത് പ്രയോജനം?'
‘ഇങ്ങനൊരു ജീവിതം ജീവിച്ചതുകൊണ്ടെന്തു പ്രയോജനം?'
‘ഉണ്ട്. നീ ജീവിച്ചാൽ നിനക്ക് തന്നെയാണ് പ്രയോജനം. ഇപ്പോഴത്തെയീ ഡിപ്രസ്‌ഡ് മൂഡിൽ നിനക്കത് മനസിലാവില്ല. ഇങ്ങനത്തെ എത്രയോ മനുഷ്യരെ ഞാൻ സ്ഥിരം കാണുന്നതാണ്. അവരൊക്കെ പിന്നെ വന്നുപറയാറുണ്ട്, അന്നത് ചെയ്യാതിരുന്നത് എന്തു ഭാഗ്യമാണെന്ന്.'
‘ഒന്നുമല്ല. ഞാനൊരു ചതിയനാണ്. ആരോടും സ്നേഹമില്ലാത്തവനാണ്. എ മാനിപ്പുലേറ്റർ. എ ഫ്രോഡ്. സ്നേഹിക്കാൻ കൊള്ളാത്തവനാണ്.'
‘ആഷിഖ് സ്റ്റോപ്പ് ഇറ്റ്. ഈ ചിന്തയൊക്കെ ഡിപ്രഷന്റെ ഭാഗമാണ്. ഇപ്പൊ നീ കാണുന്നതും കേൾക്കുന്നതും ഒക്കെ നിനക്ക് നെഗറ്റീവായിട്ടേ തോന്നൂ, നിന്റെ തോന്നൽ മാത്രമാണ്.'
‘ഇതൊന്നും എന്റെ തോന്നലല്ലാ സഫ്​നാ. അവൾ പറഞ്ഞതാണ്.'
‘അവളെപ്പൊ പറഞ്ഞു? അവൾ നിന്നോട് ഒരുമാസമായി സംസാരിച്ചിട്ടില്ലല്ലോ. കുറ്റബോധം കൊണ്ട് നീ തന്നെ സ്വയം ചിന്തിച്ചുകൂട്ടുന്നതാണ്.'
‘അല്ലാ. അവളെഴുതിയ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങളാണവ.'
‘വോട്ട്! അത് നിനക്കെങ്ങനെ കിട്ടി?'
‘നിനക്കറിയാമോ, അവൾ വെറുതേയങ്ങ് വിഷാദം കാരണം മരിക്കുകയായിരുന്നില്ല. എന്നോട് പകതീർക്കുവായിരുന്നു.'

‘നിന്റെ ശബ്ദം വീണ്ടും തളരുന്ന പോലെ, ആഷിഖ്, എന്താ സംഭവിക്കുന്നതവിടെ? നീയെന്താ ചെയ്യുന്നത്? പ്ലീസ്, മണ്ടത്തരമൊന്നും ചെയ്യരുത് നീ. ഞാൻ രണ്ടു മിനിട്ടിലവിടെത്തും.'
‘ഏയ്, അയാമോക്കേ...'
‘ആഷിഖ്, പ്ലീസ് റിലാക്സ് നൗ... ഇനിയൊന്നും പറയണ്ടാ. ബാക്കി നമുക്ക് നേരിട്ട് സംസാരിക്കാം.'
‘നോ, ഇതും കൂടി നീ അറിയണം. അന്ന് പിണങ്ങിയിറങ്ങിപ്പോയ അവൾ, മരിക്കാൻ തെരെഞ്ഞെടുത്തത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. എന്റെ ഡ്യൂട്ടി ദിവസം. ഷി വാസ് വെൽ പ്ലാൻഡ്... ഞാനൊരുകാലത്തും മറക്കാത്തവിധം...'
‘എന്നുവച്ചാ?'
‘അവൾക്കറിയായിരുന്നു, ഞായറാഴ്ച പോസ്റ്റ്മോർട്ടം ഡ്യൂട്ടിക്ക് ഒരാളേ ഉണ്ടാവുവെന്ന്. അവളെന്റെ ഡ്യൂട്ടി വരുന്ന ദിവസം വരെ കാത്തിരുന്നു. ഞാൻ തന്നെയത് ചെയ്യണമെന്ന വാശിപോലെ. പണ്ടേ ഡ്യൂട്ടി ദിവസം ഞാൻ ഫോൺ കാറിൽ വച്ചിട്ടേ പോകൂ. അതുമവൾക്കറിയാം. അവൾ മരിച്ചവിവരം ഞാൻ നേരത്തേ അറിയരുതെന്നും അവൾ പ്ലാൻ ചെയ്തിട്ടുണ്ടാവും.'
‘അവളെങ്ങനെയാണ്... മരിച്ചത്?'
‘ഇതുപോലെ... ഗുളികകൾ ഓരോന്നായിട്ടോരോന്നോയിട്ടെടുത്ത് കുറേച്ചെ വിഴുങ്ങും. അതിനിടയിൽ എന്നെപ്പറ്റി ഓരോ വരികളെഴുതും.'
‘ഇതുപോലെ!! നീയവിടെ എന്താ ചെയ്യുന്നത്! ആഷിഖ്...!'
‘സഫ്​നാ, നിനക്കറിയാമോ പോസ്റ്റ്മോർട്ടം ടേബിളിൽ അവളെ കണ്ട ഞാൻ, നിന്നനിൽപ്പിൽ പിടഞ്ഞുപോയി.'

‘ആഷിഖ്, നിന്റെ കൈയിൽ ഗുളികകളാണോ? അതിനി കഴിക്കരുത്... പ്ലീസ്...'
‘ആ ഏസിയിലിരുന്ന് ഞാൻ വിയർത്തുകുളിച്ചു. ആകെയൊരു തേർഡ് ഇയർ പി.ജി. മാത്രമാണ് കൂടെയുള്ളത്. കാര്യം മനസിലായില്ലെങ്കിലും എന്റെ അവസ്ഥ കണ്ട് വേറാരെയെങ്കിലും വിളിക്കാമെന്നവൻ പറഞ്ഞു. ഞാൻ വേണ്ടാന്ന് പറഞ്ഞു. മനസാന്നിധ്യം വീണ്ടെടുത്ത് ഞാനോട്ടോപ്സി തുടങ്ങി.'
‘നിർത്താഷിഖ്, ഇനിയൊന്നും പറയണ്ടാ. ഞാനിതാ കോളേജ് ഗേറ്റിലെത്തി...'
‘അവളെനിക്ക് വേണ്ടി മനോഹരമായ കൈപ്പടയിലെഴുതിയ കത്ത് ഒരു കവറിലാക്കി വജൈനയിൽ തിരുകി വച്ചിരുന്നു. You are a cheat എന്ന് അതിലിങ്ങനെ എഴുതി നിറച്ചിരുന്നു, രക്തം കൊണ്ട്'
‘മതി...'
‘പോരാ, ഞാൻ ചെയ്ത ക്രൂരതകളെ പറ്റി എണ്ണിയെണ്ണി അവളതിലെഴുതിയിരുന്നു. കത്തിന്റെ ഒടുവിൽ ഈ ജന്മം നീയിനിയെന്നെ മറക്കരുതെന്നും... സഫ്നാ, ഞാൻ പിന്നേം തകർന്നുപോയതെപ്പോഴെന്നറിയാമോ?'
‘വേണ്ട. പറയണ്ട. ഞാനിതാ എത്തി...'
‘അത്... അതവളുടെ ഗർഭപാത്രത്തിൽ ഞാനെന്റെ കുഞ്ഞിനെ കണ്ടപ്പോഴായിരുന്നു.'

‘ഓ ഗോഡ്...!!'
‘എന്റെ കുഞ്ഞ്... അവൾക്കതറിയായിരുന്നോ എന്നെനിക്കറിയില്ല. അറിയായിരുന്നെങ്കിൽ അവളത് ചെയ്യില്ലായിരുന്നു. അതോ അതും അവളെന്നെ തോൽപ്പിക്കാൻ. സഫ്‌ന, ഞാൻ കാരണം എന്റെ കുഞ്ഞും...'
‘ആഷിഖ് നീ തീരെ തളർന്ന പോലെ, മതി നിർത്ത്, ഞാൻ ദാ നിന്റെ ഡിപ്പാർട്മെന്റിന്റെ മുമ്പിലെത്തി...'
‘..'

‘ആഷിഖ്...എന്താ മിണ്ടാത്തേ?'

‘...'

‘യാ... നൗ ഐ കാൻ സീ യുവർ കാർ... ആഷിഖ് സ്റ്റേ ദേർ. ഞാനെത്തി...'

‘...' ▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 86-ൽ പ്രസിദ്ധീകരിച്ചത്.

Comments