ചിത്രീകരണം: ദേവപ്രകാശ്

ചോയ്‌സ്

ഒന്ന്​:

‘എന്റെ വഴി ഞാൻ തെരഞ്ഞെടുക്കുന്നു.'

സൺഗ്ലാസ് വച്ച സുന്ദരൻഫോട്ടോ സഹിതം അസ്‌കർ എഫ്.ബി. സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തു. പോസ്റ്റ് ബട്ടൺ തൊട്ടതും എന്തോ ഒടിഞ്ഞു വീഴുന്ന ശബ്ദം, ഉച്ചത്തിലൊരു നിലവിളിയും. ഫോൺ കീശയിലിട്ട് അവൻ തൊട്ടടുത്ത വീട്ടിലേക്കോടി. വെവ്വേറെ വാടക കൊടുക്കുന്നതുകൊണ്ട് തൊട്ടടുത്ത മുറി എന്നു പറഞ്ഞുകൂടല്ലോ!

തൊട്ടുനിൽക്കുന്ന വീട്ടിലുള്ളവർ അമ്മായിയമ്മയും മരുമകളുമാണെന്ന് അസ്‌കറിനറിയാം. അമ്മയ്ക്ക് ടൗണിലെ ചില കടകൾ തൂത്തുവാരുന്ന പണിയാണെന്നും, മരുമകൾ ഏതോ പ്രൈവറ്റ് ഹോസ്പിറ്റലിലെ ജീവനക്കാരിയാണെന്നും വീട്ടുടമ എപ്പോഴോ പറഞ്ഞതായി അവനോർക്കുന്നു. ശബ്ദമുഖരിത രാത്രികളാണ് അവരുടേത്. ഉച്ചത്തിലുള്ള തെറിവിളികൾ ആദ്യമൊക്കെ അസ്‌കറിനും സഹമുറിയൻ സലീമിനും കൗതുകമായിരുന്നു. പിന്നീടതൊരു ശല്യവും പോകെപ്പോകെ ശീലവുമായി. ഒരാൾ മറ്റേയാളെ അടിച്ചിട്ടേക്കാവുന്നവിധം വളരുന്ന വഴക്ക് സാവകാശം അമർന്നടങ്ങാറുണ്ട്. ഇന്ന് പതിവുതെറ്റിച്ച് അടി നടന്നിട്ടുണ്ടാകുമെന്ന് അസ്‌കറിനുറപ്പായി.

സലീം കൂടെയുണ്ടായിരുന്നെങ്കിൽ വാതിലും തുറന്ന് എല്ലാം തീരുമാനമാക്കേണ്ട സമയമായി. കതകിൽ മുട്ടാൻ മടിച്ച് അവൻ നിന്നു. അനക്കമൊന്നുമില്ലെന്നുകണ്ട് തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോഴാണ് ഞരക്കം കേട്ടത്. രണ്ടും കല്പിച്ചവൻ വാതിൽ തള്ളി. കുറ്റിയിട്ടിട്ടില്ലാത്ത വാതിൽ മലർക്കെ തുറന്നു.

വൃദ്ധ താഴെ വീണുകിടക്കുന്നു, കാലൊടിഞ്ഞ കസേര തൊട്ടടുത്തും. മരുമകളവരെ കസേര കൊണ്ടടിച്ചിട്ടതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയെങ്കിലും അടുത്ത നിമിഷം തന്നെ കാര്യം മനസ്സിലായി. മൂക്കിനുമുകളിൽ കൈവച്ച് ‘അള്ളാ ചത്തിട്ടില്ല' എന്ന് പിറുപിറുത്ത് കുലുക്കി വിളിച്ചുനോക്കി. മുഖത്ത് വെള്ളം കുടഞ്ഞിട്ടും അയമ്മ കണ്ണു തുറക്കാഞ്ഞപ്പോൾ ഫോണെടുത്ത് ‘ഡാ വണ്ടീങ്കൊണ്ടൊന്നു വാ ഒരു ചൊറണ്ട്' എന്ന് ഖാദറിനെ വിളിച്ചുപറഞ്ഞു. വൃദ്ധയെ താങ്ങിയെടുത്ത് ഓട്ടോയിൽ കയറുമ്പോഴും ജില്ലാസ്പത്രീക്ക് വിട്ടോ എന്ന് ഓർഡറിടുമ്പോഴും തന്റെ കീശയിൽ കാര്യമായൊന്നുമില്ലല്ലോയെന്ന് അവനോർത്തില്ല.

രണ്ട്​

കാഷ്വാലിറ്റിയുടെ പച്ചയിൽ തളർന്നുകിടന്ന വൃദ്ധ അസ്‌കറിനെ നോക്കിയൊന്ന് ചിരിച്ചു.

‘വീഴ്‌ചേല് കാര്യായിട്ടൊന്നും പറ്റീല്ലാന്നാ ഡോട്ടറ് പറഞ്ഞയ്. ന്നാലും നേരം ബെൾക്ക്വോളം ഒബ്‌സർവേശല്ല് കെടക്കണോലും. ബല്ല മര്ന്നും പൊർത്ത്ന്ന് മാങ്ങാമ്പറഞ്ഞാ ന്റേല് കായ്യൊന്നുല്ല ട്ടോ.'

വൃദ്ധ വല്ലായ്മയോടെ അസ്‌കറിനെ നോക്കി. പിന്നെ മനസ്സില്ലാമനസ്സോടെ മാലയൂരി അവന് നീട്ടി.

‘മാണ്ട, ങ്ങള് അങ്ങാടി മുയ്യോൻ അടിച്ചോരിണ്ടാക്ക്യേതല്ലേ. അതവടെക്കടന്നോട്ടെ.'

അവരത് കഴുത്തിൽ തന്നെ കെട്ടി ആശ്വാസത്തോടെ ചിരിച്ചു.

‘ന്റേല് വേറേം പൈസണ്ട് മോനേ. ഓള് കാണാത്തോടത്ത് ഒൾപ്പിച്ച് വെച്ച്ണ്ട് '

‘ആഹാ ത്രേം പുത്തീം പെട്ടി നർച്ച് കായ്യും ണ്ടായിട്ട് ത്തിനാ ങ്ങള് തൂങ്ങാമ്പൊറപ്പെട്ട്? ന്നാക്കൊറച്ച് ബലള്ള കസാലമ്മക്കേറീട്ട് വാണ്ടേ?ആസ്പത്രീല്‌ള്ളോരോട് ഞാമ്പറഞ്ഞ്ട്ട് ല്ലട്ടോ. കേസാവും.'

‘ബുദ്ധീം പൈസേം ല്ലാഞ്ഞിട്ടാണോ കുട്ട്യേ ആൾക്കാര് തൂങ്ങിച്ചാവ്ണത്?'

കാഷ്വാലിറ്റിക്ക് പുറത്ത് ചടഞ്ഞിരിക്കുമ്പോൾ അസ്‌കറവരുടെ ചോദ്യം പലകുറി കേട്ടു. ഫോണെടുത്ത്, ആത്മഹത്യ ചെയ്തവർ എന്ന് ഗൂഗിൾ ചെയ്തു. കാര്യമായെന്തെങ്കിലും പ്രതീക്ഷിച്ചിട്ടൊന്നുമല്ല, ഉത്തരം കിട്ടാത്തത് അങ്ങോട്ടേൽപ്പിക്കുന്നത് ശീലമായി.

ആത്മഹത്യ ചെയ്ത ഫേസ്ബുക്ക് സുഹൃത്തുക്കളുടെ പ്രൊഫൈൽ കൂടെക്കൂടെ പരിശോധിക്കുന്ന പതിവുണ്ടവന്. മരണശേഷം അവരുടെ പോസ്റ്റുകൾക്കുതാഴെ വരുന്ന കമൻറ്​സ്​ വായിക്കൽ എന്തോ ഒരാനന്ദം പകരുന്നതായി തോന്നിയിട്ടുണ്ട്. എങ്കിലും ഗൂഗിൾ സെർച്ചിൽ ഈ വിഷയമെടുത്തിടുന്നത് ആദ്യം.

ഹെമിങ് വേ, സിൽവിയ പ്ലാത്ത്, വിർജീനിയ വൂൾഫ്, വാൻഗോഗ്... അങ്ങനെയങ്ങനെ സ്‌ക്രോൾ ചെയ്യുന്തോറും നീളുന്ന പട്ടിക. നന്ദിതയുടെ പേര് കണ്ടപ്പോൾ ഒരു കൗതുകത്തിന് വിരലമർത്തിയതാണ്. കവിതകളുടെ പേജ് തുറന്നു. അമ്മയില്ലാത്ത കവിതക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടതുപോലെ തോന്നി. കെട്ടിപ്പിടിച്ച് നെറ്റിയിലൊരു മുത്തം കൊടുക്കാൻ തക്ക വാത്സല്യം ഹൃദയത്തിൽ പെയ്യുന്നതവനറിഞ്ഞു.

‘അമ്മ പോയതോണ്ട് ങ്ങക്കെല്ലാരേം കിട്ടി. ഇക്കോ? ക്കാരാണ്ടായത്?'

അവന്റെ കണ്ണ് നിറഞ്ഞു. ഉമ്മ പോയ കാലം മനസ്സിൽ വീണ് പൊള്ളി.

‘നാണ്യാക്കാ, ങ്ങളോന്റെ അമ്മോനല്ലേ. വേറാരാ ഈനൊരു തീര്​മാനണ്ടാക്കാൻ? പെങ്ങള് പരലോകത്തെത്തി. ഞ്ഞീം വാസി വേണോ? ഓളങ്ങൻത്തോളായേന് കുട്ടിയെത്ത് പെയച്ചു? തന്തേനെ ആദ്യത്തെ പെണ്ണ്ങ്ങള് ഏറ്റ്ക്ക്ണ്. അയാള് മയ്യത്തായാൽ പെൻസൻ ഓൽക്കേ കിട്ടൂ. ദിന്റെ കാര്യം കസ്താ. ങ്ങളെത്തേലും ഒരു ബയി കാണീംന്ന്.’

മധ്യസ്ഥന്റെ സംസാരം കേട്ട് ചാരുകസേരയിൽ മലർന്നുകിടന്ന നാണി, പെങ്ങളുടെ നരുന്തു ചെറുക്കനെ പുച്ഛത്തോടെയൊന്നു നോക്കി.

‘ഇങ്കിരീസ് മീഡിയത്തിലൊക്കെ പഠിച്ചോന് പോത്തിനെ നോക്കാൻ മടിണ്ടാവോ? കുഞ്ഞാനേ ഒന്നു ചോയ്ച്ചാ ജ്ജ് ഓനോട്.'

മൂന്ന്​

മണിക്കൂറൊന്നായി വൃദ്ധയുടെ കട്ടിലിനടുത്ത് കസേരയിട്ടിരിക്കുകയാണ് അസ്‌കർ. അവർ ആർത്തിയോടെ സംസാരിച്ചുകൊണ്ടിരുന്നു. ശബ്ദത്തിലെ ആരോഹണാവരോഹണങ്ങൾക്കനുസരിച്ച് ചെവിയടുപ്പിച്ചും അകറ്റിയും ഓരോ വാക്കും പിടിച്ചെടുക്കുമ്പോൾ, അവരുടെ കവിളിലെ വെള്ളപ്പാണ്ടിൻ കഷ്ണങ്ങൾക്കിടയിൽ യഥാർഥ നിറം ആശ്ചര്യചിഹ്നം പോലെ കിടന്നു.

‘പെലച്ചയ്ക്ക് ണീറ്റ് പീട്യേക്കോലായ അട്ച്ച്വാരണെങ്കി ബടെത്തന്നെ നിക്കണ്ടേ കുട്ട്യേ? പീട്യേക്കാര് ന്നോട് പാവം തോന്നീട്ടാ വേറെ ആളെ നിർത്താത്തതേയ്. മകൻ ചത്തിട്ടും ങ്ങളെന്തിനാ ന്റൊപ്പം തന്നെ കൂടീക്ക്ണത് ന്ന് ചോയ്ച്ച് ആ മൂധേവി എന്നും തൊള്ളടാൻ വരും. അതൊക്കെ ക്ക് സയ്ക്കാ. പക്ഷേ... ന്നലെ ഓളൊരു വർത്താനം പറഞ്ഞു.'

വൃദ്ധ ഒന്നു നിർത്തി തൊണ്ടയനക്കി.

‘ഞാനെന്നും സന്ധ്യക്ക് വെളക്ക് കൊള്ത്തി പ്രാർഥിക്കും. ഓൾക്ക് അതിഷ്ടല്ല. ഇന്നലെ ആ തൃസന്ധ്യ നേരത്ത് ന്റെ മോത്ത് നോക്കി പറയാ ന്റെ വെളക്ക് കണ്ടോടം ഗൊണം പിടിക്കൂല്ലാന്ന്. '

മുന്നിലൊരാൾ പൊട്ടിപ്പൊടിയുന്നത് ഏറെ നേരം കണ്ടുനിൽക്കാൻ അസ്‌കറിനായില്ല.

‘ആ പേരുദോഷം മ്മക്ക് മാറ്റാമ്മച്ച്യേ ഞാനൂന്റെ ചങ്ങായീംകൂടി ഒര് മന്തി കോർണർ തൊടങ്ങാമ്പോവാ. അട്പ്പ് കത്തിച്ച് ങ്ങളങ്ങട്ട് ഉൽഗാടിച്ചോളീം. കുഴിമന്ത്യായോണ്ട് മൽപ്രത്ത് കൊണംപിടിക്കാണ്ടക്കൂല്ല. മര്വോള് ങ്ങളെ കയ്യിന്റ ബർക്കത്ത് കണ്ട് ഞെട്ടും. കാട്ടിക്കൊടുക്കാമ്പക്ക്. '

മഴയും വെയിലും ഒന്നിച്ച് കണ്ടാൽ കുറുക്കന്റെ കല്യാണം എന്നാർത്തുവിളിച്ച കാലം മുന്നിൽ തെളിഞ്ഞു. വൃദ്ധയുടെ കണ്ണുകൾ പതുക്കെ അടയുന്നതും നോക്കി അവനിരുന്നു. ഇടയ്ക്ക് ഉറക്കമുണർന്ന് വീണ്ടും വിളിക്കുമെന്ന് തോന്നിയതിനാൽ വരാന്തയിലേക്കിറങ്ങിയില്ല.

കസേരയിൽ ചാരിക്കിടന്ന് ഉറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അല്പം മുൻപ് ജീവനുപേക്ഷിക്കാൻ ശ്രമിച്ച സ്ത്രീയാണോ ഇങ്ങനെ ശാന്തമായുറങ്ങുന്നതെന്ന് അവനതിശയിച്ചു. ദാരിദ്ര്യം, പട്ടിണി, ഭർത്താവിന്റെ മരണം, മകന്റെ വിയോഗം എല്ലാറ്റിലും പിടിച്ചുനിന്നവർ മരുമകളുടെ ഒറ്റ വാചകത്തിലാണ് അടിപതറിയത്. ആഞ്ഞുള്ള വെട്ടുകൾക്കെല്ലാം നെഞ്ചുവിരിച്ച് കൊടുത്ത മരം ചെറിയൊരു തള്ളലിൽ നിലംപതിച്ചപോലെ.

വക്കോ മൂലയോ പൊട്ടാതെ, അരികുകൾ ചുരുളാതെ ഓർമപ്പായ നിവർത്തിവച്ച വൃദ്ധയോട് അസ്‌കറിനസൂയ തോന്നി. ഏറെ വേദനിപ്പിച്ചവയെ മാത്രം കൊളുത്തിട്ട് പിടിക്കുന്ന തന്റെ ഓർമച്ചൂണ്ടയോട് അരിശവും. അമ്മാവനുപിറകെ ആനി ടീച്ചറുടെ വക്രിച്ച മോന്തയാണ് അത് പൊക്കിയെടുക്കുക.

‘എങ്ങാണ്ടൊക്കെയോ എത്തുമെന്ന് കരുതിയ പയ്യനാരുന്നു കെട്ടോ. അക്കൊച്ചന്റെ ഫാവിയെക്കുറിച്ച് ഓർത്തില്ലല്ലോ തള്ള' എന്ന മൊരട്ട് ശബ്ദം അപ്പോൾ ചെവിയിലങ്ങനെ മുഴങ്ങും. അതിനും പിറകെയാണ് ഉമ്മയുടെ ചോരവാർന്ന മുഖം കയറിവരിക.

വീട്ടിലേക്കുള്ള വഴിയിലിട്ട് അമ്മാവനും സുഹൃത്തുക്കളും കൂടി നാസറിക്കയെ തല്ലിച്ചതച്ചതോ അതിനെത്തുടർന്നുണ്ടായ കോലാഹലങ്ങളോ അല്ല ഉമ്മയുടെ ഞരമ്പറുപ്പിച്ചതെന്ന് അസ്‌കറിന് നന്നായറിയാം.

‘പൈനേയ് തെക്യാത്ത പെണ്ണിനെ അമ്പത്തേയ്കാരന് തൂക്കിക്കൊടുക്കുമ്പോ ങ്ങള് പിന്നെത്തേ കര്‌ത്യേ' അമ്മാവന്റെ മുഖത്തുനോക്കി ഉശിരോടെ ചോദിച്ച ഉമ്മയെ അവൻ നേർക്കുനേർ കണ്ടതാണല്ലോ.

‘അയാള് നല്ലാരോഗ്യള്ള പട്ടാളക്കാരനേര്ന്നു അന്നെ കെട്ടുമ്പോ. കെടപ്പിലായത് അന്റെ മനസ്സിന്റെ കൊണംകൊണ്ട്. മകനെ ഇങ്കിരീസ് മീഡിയത്തിലൊക്കെ പടിപ്പിക്കാമ്പറ്റ്യേത് അയാളെ പെൻസൻ ള്ളോണ്ടല്ലേ. നന്നി വേണെടീ നന്നി. കണ്ടോന്റൊപ്പം അറേക്കേറുമ്പോ ബനെപ്പറ്റി യ്യാലോയ്‌ച്ചോ പൊല്യാട്‌ച്ച്യേ? '

താൻ ജനിച്ചത് മകനെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനല്ല എന്ന ഒറ്റ വാചകത്തിൽ ഉമ്മ വഴക്കവസാനിപ്പിച്ചതും അവൻ കണ്ടതാണ്.

നാണി പറഞ്ഞതിൽ ചെറിയൊരു ശരികേടുണ്ടായിരുന്നു. അയൽവാസിയോടൊപ്പം അറയിൽ കയറുന്നതിനുമുൻപ് അസ്‌കർ ഉറങ്ങിയെന്ന് ആയിഷ ഉറപ്പുവരുത്താറുണ്ടായിരുന്നു. ഉറക്കം നടിച്ചുകിടക്കാൻ തക്ക വളർച്ച മകൻ കൈവരിച്ചത് അവരുടെ ശ്രദ്ധയിൽപെടാതെ പോയി.

‘ബാവുട്ട്യാക്ക ഒറങ്ങീട്ടില്ലായ്ശാ' എന്ന നാസറിന്റെ വൈഷമ്യത്തെ ആയിഷ മൂടിവച്ചത് ‘ആദ്യത്തെ കെട്ട്യോള് ഗർഭപാത്രം എടുത്തുകളയുന്ന ഓപ്പറേശന് പോയപ്പളാ ആ മൻഷൻ ന്നെ കെട്ട്യേത്' ന്നെ മറുപടി കൊണ്ടായിരുന്നു.

അറയ്ക്കകത്തെ വളകിലുക്കം നിലയ്ക്കുവോളം അസ്‌കറിന്റെ കൈകൾ ഉപ്പയെ ചുറ്റിപ്പിടിച്ച് തലോടിക്കൊണ്ടിരുന്നു. ശരീരത്തിന്റെ തളർച്ച ലവലേശം ബാധിച്ചിട്ടില്ലാത്ത ഉപ്പമനസ്സ് ഉരുകിയൊലിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു. അതിൽ പിന്നീട് നാലുവാക്ക് ഒരുമിച്ചവൻ ഉമ്മയോട് മിണ്ടുന്നത് അമ്മാവനുമായി വഴക്കിട്ടതിന്റെ രണ്ടാം നാളാണ്. ചുറ്റുവട്ടം തനിക്ക് ഭ്രഷ്ട് കല്പിച്ചതോ നാസർ ആ വഴി തിരിഞ്ഞുനോക്കാത്തതോ ഒട്ടും ഇളക്കിയിട്ടില്ലാത്ത മനസ്സിനെ കുഴച്ചുമറിച്ചിട്ടത് മകൻ പറഞ്ഞ നാലു വാക്കുകളാണെന്ന് മറ്റാർക്കും അറിയില്ല. സ്‌കൂളിൽ പോകാത്തതിന് ഉമ്മ വഴക്കുപറഞ്ഞപ്പോൾ അത്ര തീവ്രമായൊരു മറുപടി അവൻ ആലോചിച്ചുറപ്പിച്ച് പറഞ്ഞതുമല്ല. ചില സമയത്ത് അങ്ങനെ ചിലത് സംഭവിക്കുന്നു. വിധിയെന്നോ നിമിത്തമെന്നോ ഒക്കെ പേരിട്ടുവിളിക്കാവുന്ന ചിലത്.

ഉമ്മയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം പൊട്ടിപ്പുറപ്പെടാറുള്ള കഠിനമായ തലവേദന അപ്പോഴുമുണ്ടായി. നെഞ്ചിടിപ്പ് കൂടുന്നതും മേലാകെ തണുത്ത് മരവിക്കുന്നതും അവനറിഞ്ഞു. ഇരുകൈകൾകൊണ്ടും തലമുടി പിടിച്ചുവലിച്ച് അവൻ കരഞ്ഞു. വൃദ്ധ പതിയെ അവനിരിക്കുന്ന വശത്തേക്ക് ചരിഞ്ഞുകിടക്കുംവരെ.

നാല്​

‘സമയെത്ര്യായി കുട്ട്യേ?'

‘മൂന്ന്വണ്യാവാനായി.'

‘ഗുര്വായൂരമ്പൽത്തില് നിർമാല്യം തൊഴാൻ വരിനിക്കണ നേരാ.'

‘ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇനി നാളെയുമെന്തെന്നറിഞ്ഞീലാ.'

പി. ലീലയെ അനുകരിച്ച് അസ്‌കറത് ചൊല്ലിയപ്പോൾ വൃദ്ധയവനെ അന്തംവിട്ട് നോക്കിനിന്നു.

‘ഞെട്ടണ്ട ഞാനവടെ പോയിട്ടൊന്നൂല്ല, ഈ പാട്ട് ലീലാമ്മ പാട്ണത് അമ്പൽത്ത്‌ന്നൊക്കെ കേട്ട്ട്ട്ണ്ട്.'

‘അമ്മച്ചി പൂന്താനത്തിന്റെ ആ പുസ്തകം വായ്ച്ച്ട്ട്ണ്ടോ? '

‘ഇല്ല ങ്ങനെ കേട്ട്‌ട്ടേള്ളൂ. രാമായണം വായ്ക്കല്ണ്ട് കർക്കടത്തില്. ഓക്കതൊന്നുഷ്ടല്ല. '

‘ന്നാ ഞാവ്വായ്ച്ച്ട്ട്ണ്ട്. മൂപ്പര് പറഞ്ഞ മാരിക്കെന്ന്യാ ന്റെ ജീവിതേ. ഒമ്പതാം ക്ലാസ് വരെ സ്‌കൂള്, അവടന്ന് വന്നാൽ നാസ്‌റാക്കാന്റെ ട്യൂഷൻ. അതുകഴിഞ്ഞാൽ കാക്ക കൊണ്ട്ര്ന്ന പുസ്തകങ്ങളും വായിച്ച് മണിക്കൂറോളം ഉമ്മറത്തിരുത്തം. പുസ്തകം വായിച്ചാൽ ദുനിയാവിലെന്ത് നടന്നാലും ഞാനറിയൂല്ലാന്നാ ഉമ്മച്ചി പറയ്യാ. ശര്യാവും.'

അസ്‌കറിന്റെ ചുണ്ടിൽ ചിരിയാണോ മറ്റെന്തെങ്കിലും ഭാവമാണോ തെളിഞ്ഞതെന്ന് വൃദ്ധയ്ക്ക് വ്യക്തമായില്ല.

‘ഒമ്പാം ക്ലാസ് പൗത്യായപ്പോ അമ്മോന്റെ വീട്ടിലായി താമസം. അവടെ അട്ത്ത്ള്ള സ്‌കൂളില് ന്നെ ചേർത്തൂച്ചാലും എപ്പയേല്വൊക്കേ പോക്ക്‌ണ്ടേര്ന്നുള്ളൂ. പോവുമ്പോ സ്‌കൂൾ ലൈബ്രറീന്ന് ഞാങ്കൊറേ പുസ്തകോട്ത്ത്ട്ട് പോരും. പോത്ത്വേളേം കൊണ്ട് നടക്കുമ്പോ വായിക്കാൻ. പത്ത് മുയുവനായില്ല. അയ്‌ന് മുമ്പേ അമ്മോനോട് തെറ്റി അവ്ട്ന്ന് പോന്നു.'

‘അതെന്തേ? ന്ന്ട്ട് എവടക്കേ പോയി? ഉമ്മാന്റെട്ത്തിക്കോ? '

‘അങ്ങനെ ഓടിച്ചെല്ലാമ്പറ്റുന്നോട്ത്തല്ലല്ലോ ന്റുമ്മ' എന്ന് പറഞ്ഞപ്പോൾ തൊണ്ടയൊന്നിടറിയെങ്കിലും ഇത്തിരി നേരം തലകുനിച്ച് താടിയുമുഴിഞ്ഞിരുന്ന ശേഷം ചിരി വീണ്ടെടുത്ത് അവൻ തുടർന്നു.

‘പുത്തകം വായിച്ച് നടക്കണേന്റെടേല് ഒരു പോത്തിനെ പാമ്പ് കടിച്ചത് ഞാങ്കണ്ടില്ല. നൊരേം പതേം ഒൽപ്പിച്ച് അത് ചത്തുവീണു. അമ്മോന്റെ പരുത്ത കജ്ജ് ന്റെ മോത്ത് വീണു. എറങ്ങിപ്പോന്നു. എച്ചില് തൊടച്ചും പാത്രം കയ്കീം കൊറേ നാള് കയ്ഞ്ഞു. അവടന്ന് കിട്ട്യേ ചങ്ങായി സലീമിന്റൊപ്പം തട്ട് കട തൊടങ്ങ്യേന്റെ ശേസാ മൻസമ്മാരെപ്പോലെ കയ്യാൻ തൊടങ്ങ്യേതേ. '

കട്ടിലിലേക്ക് കയറ്റിവച്ച അവന്റെ കൈകളെ വൃദ്ധ പതിയെ തലോടി.

‘അയ്‌ന്റെടയ്ക്ക് സലീമിന്റെ പെങ്ങളെ കല്യാണം കയ്ഞ്ഞു. അള്യാക്ക നല്ല മൻസനേര്ന്നു. മൂപ്പര് സഹായിച്ച്ട്ടാ ഞമ്മള് വേറൊരു പര്പാടി തൊടങ്ങ്യേത്. '

‘അതെന്തേര്ന്നു?'

‘നമ്പരെഴ്​ത്ത്​.’

‘നമ്പരെഴ്‌ത്തോ? '

‘ആ, മ്മളെ ലോട്ടറിക്കച്ചോടത്തിന്റെ മറവില് വേറൊരു ബാഗ്യപരീസണം. അതെങ്ങന്യാച്ച്‌ണ്ടെങ്കി നറ്‌ക്കെട്ക്കാമ്പോണ ഏതേലും ഒരു ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്കം ഊഹിച്ച് എയ്ത്വാ. ശര്യാക്ക്‌ണോൽക്ക് അയ്യായിരം ഉറുപ്പ്യ സമ്മാനം.'

‘ശര്യായില്ലെങ്കിലോ?'

‘ഓൽക്ക് പത്തുറ്പ്പ്യ പോയ്ക്കിട്ടും. ഒരു വട്ടം നമ്പരെയ്താൻ പത്തുറുപ്പ്യ മ്മക്ക് തരണല്ലോ.'

‘ന്നിട്ട് അയ്യായിരം കിട്ടുന്നോല്ണ്ടാവ്വോ? '

‘പിന്നേ, ചെലോല് ആയിരൊറുപ്പ്യക്കൊക്ക്യാ ഒരൂസം കാർഡെഴ്ത്വാ.'

എരിവ് വലിക്കുന്ന പോലൊരു ശബ്ദം വൃദ്ധയിൽ നിന്ന് പൊങ്ങി.

‘ഈ കളി രണ്ട് രീതീക്കളിച്ചാ ട്ടോ. ബാഗ്യത്തിന് വിട്ടുകൊട്ത്ത് വെർതെ മൂന്ന് നമ്പ്രങ്ങട്ടെയ്താം അല്ലെങ്കിൽ കൊറേ ദീസത്തെ നർക്ക് വീണ നമ്പ്ര്കൾ നോക്കിപ്പഠിച്ച് ഊഹം വച്ചും എയ്താം. മെനക്കെടാനൊക്കെ എല്ലാരിക്കും മടിയാ. ഒരീസം കിട്ടീല്ലെങ്കി അട്ത്തീസം കിട്ടുംന്ന്ള്ള ഒറപ്പില് ആർക്കാര് ബാഗ്യം നോക്കി നിന്നു.'

‘ന്നിട്ട്? കൊറേ കാശ്ണ്ടാക്ക്യോ?

‘കായ്യൊക്കെ കിട്ടിത്തൊടങ്ങ്യേപ്പോത്തന്നെ സെക്കനൻറ്​ കാറൊന്ന് വാങ്ങി. മ്മടെ ഓഫീസ് ടൗണിൽക്കാക്കി. അതോണ്ട് ഇസ്റ്റംപോലെ കസ്റ്റമേയ്‌സായി. പിച്ചക്കാര് തൊട്ട് ബയങ്കര ബിസിനസാര് വരെണ്ടായ്ന്നു. അങ്ങനെ ഒരു കൊല്ലം പ്രസ്‌നല്ലാണ്ട് പോയി. ന്ത് പറയാനാ എല്ലാങ്ങട്ട് സുയ്പ്പാക്കി കയിഞ്ഞായ്ച ഓഫീസിൽക്ക് പോലീസങ്ങട്ട് വന്നു.'

വൃദ്ധ ഞെട്ടലോടെ എണീറ്റിരുന്നു

‘ചൂതാട്ടം പോലെ നിയമവിരുദ്ധായിട്ട്ള്ള കള്യാണ് ദേയ്. എയ്ത്ത് ലോട്ടറി ചൂതാട്ടം ന്നാ പോലീസ് പറയണ പേര്.. ന്നാലും ആരും കേസാക്കലൊന്നില്ലേയ്‌നീ. പിന്നെത്താ പ്രശ്‌നം ച്ചാല്, എന്നും കൊറേ പൈസയ്ക്ക് നമ്പരെയ്തി പാപ്പരായ ഒരു കച്ചോടക്കാരന്റെ പെണ്ണ്ങ്ങള് കേസ് കൊടുത്തുമ്പോലും. വേറേം ആരെക്കൊണ്ടൊക്ക്യോ അത് കേസും കൊടുപ്പിച്ചു മ്മളെ കടക്കെതിരായിട്ട്. ഞ്ഞി മേലാൽ ഇപ്പരിപാടി ആവർത്തിക്കൂല്ലാന്ന് എയ്തി ഒപ്പിട്ട് കൊറേ ഫൈനും അടച്ച് സലീമിന്റെ വല്യാക്കാന്റെ ജാമ്യത്തിലാ വിട്ടയച്ചത്. ഉം സാരല്ല്യ ഒര് കച്ചോടം പൊളിഞ്ഞാ വേറൊന്ന്. മ്മക്കത്രേ ള്ളൂ.'

ഒന്ന് തകർന്നാൽ മറ്റൊന്ന്. അസ്‌കറിനെ ആശ്വസിപ്പിക്കാനുള്ള സലീമിന്റെ മന്ത്രമായിരുന്നു അത്.

‘ഇതിലെങ്കിലും കയ്ച്ചിലാവും ന്ന് കെര്തി', ഹൃദയം തകർന്ന് അസ്‌കർ കരയുമ്പോൾ പ്രതീക്ഷ കൊടുത്ത് പിടിച്ചുനിർത്താനുള്ള തന്ത്രം.

‘സൊന്തായിട്ടൊരു പെര വേണം. എവ്ട്‌ന്നേലും ഒരു പെണ്ണ് കെട്ടണം. ന്റുമ്മാനെപ്പോലെ ന്നെ സ്‌നേഹിക്കാൻ ഒര് പെണ്ണ് വേണടാ ക്ക്. '

അതുവരെയുള്ള സമ്പാദ്യം മുഴുവനെടുത്ത് അഞ്ചുസെന്റിന് അഡ്വാൻസ് കൊടുത്തപ്പോൾ അസ്‌കർ പറഞ്ഞത് സലീം മാത്രമേ കേട്ടുള്ളൂ. അതിന്റെ പിറ്റേന്നാണ് കടയിൽ പോലീസ് കയറിയത്. ബാക്കി കൊടുത്തില്ലെങ്കിൽ അഡ്വാൻസ് തുക പോലും തിരിച്ചുകിട്ടില്ല.

അഞ്ച്​

നേരം വെളുക്കാനൊരുങ്ങുന്നതു കണ്ട വൃദ്ധ വെപ്രാളപ്പെട്ട് അസ്‌കറിനെ വിളിച്ചു.

‘മോനേ യ്യ് ക്കൊരുപകാരം ചെയ്യണം.’

‘അപ്പോ ദ് വരെ ചെയ്തതൊക്കെ ഉപദ്രവാ?'

അവന്റെ കണ്ണുമിഴിക്കൽ കണ്ട് ചിരിച്ചുകൊണ്ടവർ കൈയോങ്ങി.

‘ഓള് നൈറ്റ് കഴിഞ്ഞ് വരണേന് മുന്നേ ന്റെ കുട്ടി ചെന്ന് ആ കയറൂരണം. ചാവാമ്പൊറപ്പെട്ടൂന്നറിഞ്ഞാൽ ഓള് ന്നെയവടെ പൊറുപ്പിക്കൂല്ല.'

നടക്കാനൊരുങ്ങിയ അസ്‌കറൊന്ന് തിരിഞ്ഞുനിന്നു.

‘ഞാമ്പോയി വര്മ്പത്തേക്കും ഞരമ്പൊന്നും മുറിക്കല്ലീ ട്ടോ. '

‘ഞ്ഞി ഞാനെന്തിനാടാ ചാവ്‌ണേ? ആ, പിന്നേയ് യ്യ് വരുമ്പോ ന്റെ പൈസേം കൂടിങ്ങട്ട് എട്‌ത്തോ. '

‘അതേട്യാ ങ്ങള് കുയ്ച്ച്ട്ടത്? ച്ചറിയൂല്ലല്ലോ'

‘അതേയ് ഞാവ്വെളക്ക് കൊള്ത്തിവയ്ക്കണ മരത്തിന്റെ ഒരു പെട്ടിണ്ട്. ഗുര്വായൂരപ്പനും ശിവനും അയ്യപ്പനും രാമായണോം ഒക്കെണ്ട് അയ്‌ന്റെ മോളില്. ദൊക്കെ ട്ത്ത് വച്ച് പെട്ടി തൊർക്കണം. ഉള്ളില് ന്റെ മുണ്ടും ബ്ലൗസും കൊറേ കീറത്തുണീം ഒക്കെണ്ട്. അതിന്റെക്കെത്താഴെ കടലാസ് വിരിച്ചിട്ട്ണ്ട്. നാലോ അഞ്ചോ അട്ടി. അയ്‌ല് മൂന്നാമത്ത്യോ നാലാമത്ത്യോ കടലാസിന്റെ മടക്കിനുള്ളില് നിവർത്തി വച്ചീക്ക്യാ നോട്ടുകള്. '

‘ഔ ന്റെ പടച്ചോനേ, ബി നിലവറ തൊറക്കാൻ ത്ര എടങ്ങേറ്ണ്ടാവൂല്ലേയ്ക്കാരം. അല്ല ങ്ങള് ചത്തേന്നെങ്കി ദാർക്കും കിട്ടാണ്ടെ പോവേര്ന്നില്ലേ. ച്ചെന്തായാലും കാര്യായി. ഞാനതും കൊണ്ട് മുങ്ങും ട്ടോ.'

‘ഓ യ്യ് മുങ്ങ്യാലും ഇനിക്കലോഗ്യല്ല്യാന്ന് കൂട്ടിക്കോ.'

ചുളിഞ്ഞ മുഖത്ത് പരക്കുന്ന വെളിച്ചം കണ്ടപ്പോൾ അസ്‌കർ പെട്ടെന്ന് തിരിഞ്ഞുനടന്നു. തല വെട്ടിച്ച് ഇടത് സ്ലീവിൽ കണ്ണുകളമർത്തിത്തുടച്ചു. ഫോണെടുത്ത് നോട്ടിഫിക്കേഷൻസ് പരിശോധിച്ചു. അപ്‌ഡേറ്റ് ചെയ്ത സ്റ്റാറ്റസിന് താഴെ ബെസ്റ്റ് വിഷസ്, ഓൾ ദ ബെസ്റ്റ്, ആശംസകൾ കൊട്ടക്കണക്കിന് കിടപ്പുണ്ട്. ഊറിച്ചിരിച്ചുകൊണ്ട് അവൻ സ്റ്റാറ്റസ് തിരുത്തി.
‘തെരഞ്ഞെടുപ്പ് ഒരവസാനവാക്കല്ല.'

സലീം അവന്റെ ഉപ്പയെ കാണാൻ പോയതാണ്. പുതിയ കട തുടങ്ങാനുള്ള കാശ് തരപ്പെട്ടാൽ ഉടൻ തിരിച്ചെത്തും. അവനെത്തും മുൻപേ വീട്ടിലെത്തണം. ഏതു വീട്ടിലെ കയർ ആദ്യം ഊരണമെന്ന ചിന്തയിൽ അസ്‌കർ നടപ്പിന്റെ വേഗം കൂട്ടി. ▮


പ്രിയ സുനിൽ

കഥാകൃത്ത്​, അധ്യാപിക. ഒലീവ്​ റിഡ്​ലി എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments