സന്ധ്യ മേരി

ആനിയമ്മയുടെ വീട്

Fuck you bastard...for creating such an unfair world...

ലാന നടുവിരലുയർത്തി ആകാശത്തേക്കുനോക്കി അലറി.

പാതി വിരിഞ്ഞ ചന്ദ്രനും നക്ഷത്രങ്ങളും അലാനയുടെ അലറൽ കേട്ട് അത്ഭുതപ്പെട്ടു. ഇത്രയും മനോഹരമായ ഈ ആകാശവും അതിലും മനോഹരമായ ഭൂമിയും സൃഷ്ടിച്ച ആളേപ്പറ്റിത്തന്നെയാണോ പറയുന്നത്? വെറും ആറുദിവസം കൊണ്ട് ഇക്കാണാവുന്നതെല്ലാം സൃഷ്ടിച്ച് ഏഴാം ദിവസം വിശ്രമിച്ച ആ ആളെപ്പറ്റി?

അതിനുമറുപടിയെന്നോണം അലാന വീണ്ടും അലറി, ‘ഒരൊറ്റ ദിവസം കിട്ടിയായിരുന്നെങ്കീ ഇതിനേക്കാളും എത്ര നന്നായിട്ട് ഞാനീ ലോകം ഉണ്ടാക്കിയേനെ. മനുഷ്യന്റെ ഒരുവിധത്തിലുള്ള തെണ്ടിത്തരോം സമ്മതിക്കാത്ത, ഒരുഗംഭീരൻ ലോകം.'

ആനിയമ്മയുടെ ആ വീട്ടിൽ കയ്യിൽകിട്ടിയതെല്ലാം നിലത്തെറിഞ്ഞുടച്ചുകഴിഞ്ഞ് അലാന വെറും നിലത്ത് മലർന്നുകിടന്നു. ആരും മിണ്ടരുതെന്നും ബഹളമുണ്ടാക്കരുതെന്നും പപ്പുടു കണ്ണുകാണിച്ചു.

അലാന കൊച്ചുങ്ങളെന്നുവിളിക്കുന്ന പതിനേഴു പൂച്ചകളുടേയും പതിനൊന്നു പട്ടികളുടേയും നേതാവായിരുന്നു പപ്പുടു. വീടിന്റെ അകത്തുകേറാറില്ലെങ്കിലും പറമ്പിന്റെ അവകാശിയായ കീരിത്തള്ളയുടേയും വരിവരിയായി പിറകേനടക്കുന്ന ഒരിക്കലും വലുതാവാത്ത ആറു കുഞ്ഞുങ്ങളുടേയും നേതാവും പപ്പുടുതന്നെ. അതേ, ‘വെറും ഒന്നരക്കിലോയുള്ള ഒരുത്തന്റെ അഹങ്കാരം കണ്ടില്ലേ!' എന്ന് അലാന ഇടക്കിടെ സ്‌നേഹത്തോടെ പരിഭവം പറയുന്ന പപ്പുടു തന്നെ.

ചിത്രീകരണം: ജാസില ലുലു

അക്കൂട്ടത്തിൽ ആദ്യം അലാനക്കടുത്തെത്തിയ ആൾ എന്ന നിലയിൽ പപ്പുടുതന്നെയാണ് അവരുടെ നേതാവായി സ്വയം അവരോധിച്ചത്. കാരണം കൊല്ലലും തല്ലലും ചാക്കിൽകെട്ടികളയലുമൊക്കെയായി പലവിധമായ മനുഷ്യോപദ്രവങ്ങളിൽനിന്നും വീണ്ടെടുത്ത് അലാന അവരെ വീട്ടിലെത്തിക്കുമ്പോൾ പപ്പുടുവായിരുന്നു സ്വാഗതം ചെയ്തിരുന്നത്. പട്ടിയായാലും പൂച്ചയായാലും ഇത്രയധികം സ്നേഹിക്കാനറിയുന്ന ഈ പാവം ജീവികളെ മനുഷ്യൻ ഇത്രക്ക് ഉപദ്രവിക്കുന്നതെന്തിനാണ്? അലാന നിറഞ്ഞ കണ്ണുകളോടെ ഓർത്തു. എന്നിട്ടുവീണ്ടും മുകളിലേക്കുനോക്കി നടുവിരൽ ഉയർത്തിക്കാണിച്ചു, ‘മനുഷ്യന് അതുതന്നെവേണം! ഇമ്മാതിരി ഓഞ്ഞ ദൈവത്തെകിട്ടാനുള്ള അർഹതയേ മനുഷ്യനുള്ളൂ!'

പപ്പുടു അലാനയുടെ കവിളിൽ ഉമ്മ വച്ചു.
ലോകത്തിൽ ഉമ്മ വക്കാനറിയുന്ന അപൂർവ്വം പൂച്ചകളിൽ ഒരാളാണ് പപ്പുടു എന്നതാണ് പപ്പുടുവിന്റേയും അലാനയുടേയും അവകാശവാദം. ഒത്തിരി ആണുങ്ങളുടെ ഒത്തിരി ഉമ്മ കിട്ടിയിട്ടുള്ള ആളാണ് അലാന. പക്ഷേ അലാനയുടെ അഭിപ്രായത്തിൽ പപ്പുടുവിന്റെ ഉമ്മക്കുമുമ്പിൽ ആ ഉമ്മകളൊന്നും ഉമ്മയേ അല്ല.

ആനിയമ്മ അലാനയുടെ അമ്മയായിരുന്നെങ്കിലും താനാ വീട്ടിൽപോയി താമസിക്കുമെന്ന് ഒരിക്കലും അലാന കരുതിയിരുന്നില്ല. പക്ഷേ കുറച്ചുവർഷങ്ങൾക്കുമുമ്പ് ‘ഇന്റലക്ച്വൽ മാസ്റ്റർബേഷൻ’ ഞാനും നടത്തീട്ടുണ്ട്. പക്ഷേ മുപ്പതു കഴിഞ്ഞതോടെ ആ ഏർപ്പാട് എന്തുമാതിരി ബോറാന്നുമനസ്സിലായി...നിർത്തി.

അമ്പതുകളിലും ‘ഇന്റലക്ച്വൽ മാസ്റ്റർബേഷൻ’ നടത്തിക്കൊണ്ടിരിക്കുകാന്നു പറഞ്ഞാ സഹിക്കാൻ വലിയ ബുദ്ധിമുട്ടാ! അതും അഞ്ചുപൈസക്ക് വിവരവും ബോധവുമില്ലാത്ത ഒരുത്തന്റെ കോപ്പിലെ ‘ഇന്റലക്ച്വൽ മാസ്റ്റർബേഷൻ' എന്ന് എക്സിക്യൂട്ടീവ് എഡിറ്ററുടെ മുഖത്തുനോക്കി പറഞ്ഞുകഴിഞ്ഞപ്പോഴാണ് അലാനയുടെ മനസ്സിൽ ആനിയമ്മയുടെ മുഖം തെളിഞ്ഞത്. ഇന്റലക്ച്വൽ ആണെങ്കിൽപോലും മാസ്റ്റർബേഷൻ എന്ന വാക്ക് ഒരുപെണ്ണ്​ പറഞ്ഞുകേൾക്കുമ്പോൾ വളരെ മീഡിയോക്കർ ആയ ഒരാണിന്റെ മുഖത്തുണ്ടാകുന്ന ഞെട്ടലായിരുന്നു അപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററുടെ മുഖത്ത്.

അത് ആസ്വദിച്ചെങ്കിലും അത്യാവശ്യം നല്ല ശമ്പളം കിട്ടുന്ന ചാനലിലെ പണി പോകുന്നതിന്റെ സങ്കടമുണ്ടായിരുന്നു അലാനക്ക്. ആ സങ്കത്തിൽ അലാന ആത്മഗതം പറഞ്ഞു, ‘ഇനീപ്പം ആനിയമ്മേടെ പറമ്പീപോയി കപ്പ നടാം.'

അലാന ആനിയമ്മയുടെ പറമ്പിൽ കപ്പ നടാൻ പോയത് എന്നിട്ടും രണ്ടുമാസം കഴിഞ്ഞാണ്. കാരണം, എത്രയോ വർഷങ്ങളായി അലാനയും ആനിയമ്മയും തമ്മിൽ സംസാരിച്ചിട്ടോ കണ്ടിട്ടോ ഇല്ലായിരുന്നു. അലാന രണ്ടാമത്തെ വിവാഹത്തിനൊരുങ്ങുന്ന സമയത്തായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. പറമ്പിൽനിന്ന്​ അച്ചിങ്ങാപയർ പറിക്കുമ്പോഴാണ് അലാന ആനിയമ്മയോട് കാര്യം പറഞ്ഞത്. ആവശ്യത്തിൽ കൂടുതൽ പുച്​ഛത്തിൽ ആനിയമ്മ ചോദിച്ചു, ‘ഇതിനി എത്രനാളുണ്ടാവും?' ആ പുഛത്തിനൊപ്പം നിൽക്കുന്ന കോൺഫിഡൻസിൽ അലാന മറുപടി പറഞ്ഞു, ‘ഓ, ഇയാള് പോയാലും എന്നെ കെട്ടാൻ ഇഷ്ടംപോലെ ആൾക്കാര് വരും.'

അതുകേട്ട ഞെട്ടലിൽ ആനിയമ്മ പറഞ്ഞു, ‘ഇപ്പോ എറങ്ങണം എന്റെ വീട്ടീന്ന്'

വീട്ടീന്നിറങ്ങുമ്പോഴും ആ അച്ചിങ്ങാമെഴുക്കുപുരട്ടി കൂട്ടി ചോറുണ്ണാൻ കഴിയാത്തതിന്റെ സങ്കടമുണ്ടായിരുന്നു അലാനക്ക്. പിന്നെ അലാന ആ വീട്ടിൽ പോയിട്ടുമില്ല, ആനിയമ്മയോട് മിണ്ടീട്ടുമില്ല. ആ വീട്ടിലേക്കാണ് അലാന കപ്പ നടാനായി പോകേണ്ടത്.

പപ്പുടുവിനേയും കൂട്ടി വീട്ടിൽ ചെന്നുകേറുമ്പോ ആനിയമ്മയും സഹായി ലളിതചേച്ചിയും ഉമ്മറത്തിരുന്നു ചായ കുടിക്കുകയായിരുന്നു. പപ്പുടു അലാനയിൽനിന്ന്​ കേട്ടതുവച്ച് എന്തും സംഭവിക്കാമെന്നു കരുതി വലിയ മുൻകരുതലോടെ ആനിയമ്മയെത്തന്നെ നോക്കിക്കൊണ്ട് അലാനയുടെ മടിയിലിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ലളിതചേച്ചി അലാനക്കും ചായ ഒഴിച്ചുകൊടുത്തു.

ഭർത്താവ് അംബുജാക്ഷൻ മരിക്കുന്നതിനു തലേദിവസം പോലും ഇടിച്ചുപഞ്ചറാക്കിയിരുന്നെങ്കിലും അയാളുടെ മരണത്തോടെ ലളിതചേച്ചിക്ക് വലിയ സമാധാനം കിട്ടിയിരുന്നു. പഴയജീവിതം ഓർമ്മിപ്പിക്കുന്ന ഒന്നും എടുക്കാതെ വെറുംകൈയോടെയാണ് അവർ ആനിയമ്മയുടെ വീട്ടിലേക്ക് കുടിയേറിയത്. പക്ഷേ ഇപ്പോഴും പലദിവസങ്ങളിലും ഇടികൊണ്ടുവീർത്തപോലെ വീങ്ങിയ മുഖവുമായിട്ടായിരുന്നു ലളിതചേച്ചി എഴുന്നേറ്റുവന്നിരുന്നത്.

ആ ദിവസങ്ങളിലൊക്കെ അവർ ഇടക്കിടക്ക് പല്ലു ഞെരിച്ചുകൊണ്ടിരിക്കും, ‘മൈരൻ, ചത്താലും സ്വൈര്യം തരൂല്ല!'

അലാനയുടെ വരവ് പ്രതീക്ഷിച്ചതാണെന്ന മട്ടിൽ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ ആനിയമ്മ ചായ കുടിച്ചുകൊണ്ടിരുന്നു. ഒടുക്കം ചോദിച്ചു, ‘എവിടുന്നുകിട്ടി ഈ പൂച്ചേനെ?'

അലാന, പപ്പുടു തന്റെ ജീവിതത്തിലേക്കുകടന്നുവന്നതോർത്തു; പക്ഷേ ആനിയമ്മക്ക് അതൊരിക്കലും മനസ്സിലാകില്ലാത്തതുകൊണ്ട് പറയാൻ നിന്നില്ല.

മണിക്കൂറുകളായി ജയ്​മി ലാനിസ്റ്ററുടെ കൈവെട്ടുന്നതിന്റെ ഒന്നോ രണ്ടോ സെക്കന്റുമാത്രം ദൈർഘ്യമുള്ള ടൈറ്റ് ക്ലോസപ്പ് ഷോട്ട് റിപ്പീറ്റടിച്ചു കണ്ടുകൊണ്ടിരിക്കുകയായിരുന്നു അലാന. ജയ്​മിയുടെ കൈവെട്ട് മാത്രമല്ല, റാക്കറ്റ് കറക്കുന്ന റോജർ ഫെഡററുടെ കൈകളും മാനിനെ പിടിക്കുന്ന പുലിയും വറുന്നുവരുന്ന ഡോനട്ടും തുടങ്ങി അന്തവും കുന്തവുമില്ലാത്ത ഒരുപാടു കാര്യങ്ങൾ ഇപ്രകാരം മണിക്കൂറുകളോളം റിപ്പീറ്റടിച്ച് അലാന കാണുമായിരുന്നു.

ആവശ്യത്തിൽ കൂടുതൽ ടി.വി കാണുന്നതിന്റെ കുഴപ്പമാണിതെന്നാണ് ഒരു മനോരോഗവിദഗ്ദ്ധൻ സൗഹൃദസംഭാഷണത്തിനിടയിൽ പറഞ്ഞത്. ആരെങ്കിലും ജയ്​മിയിൽനിന്ന്​ തന്നെയൊന്നു രക്ഷിച്ചിരുന്നെങ്കിൽ എന്ന് അലാനയുടെ ഉപബോധമനസ്സ് ഉള്ളുരുകി യാചിച്ചുകൊണ്ടിരിക്കുമ്പോഴാണ് പപ്പുടു കടന്നുവരുന്നത്.

ഭ്രാന്തിനോളമെത്തുന്ന ആ അവസ്ഥയിൽനിന്ന്​ തന്നെ രക്ഷിച്ചതിന്റെ നന്ദി പിന്നീടുള്ള കാലം മുഴുവൻ അലാനക്കുണ്ടാവും. അതിനുമപ്പുറം പപ്പുടു അവന്റെ കുഞ്ഞിത്തല അലാനയുടെ കാൽപ്പാദങ്ങളിൽ ചേർത്തുവച്ചുനിന്ന നിമിഷങ്ങളിൽ, തനിക്കിനി ഒരുമനുഷ്യക്കൂട്ടുവേണ്ട എന്നുവരെ അലാനക്കുതോന്നി.

അലാന ആനിയമ്മയുടെ വീട്ടിൽ താമസം തുടങ്ങിയെങ്കിലും കപ്പ നടാനോ പ്രത്യേകിച്ചെന്തെങ്കിലും പണിയെടുക്കാനോ പോയില്ല. പകരം, മരിച്ചുപോയ അപ്പന്റെ പഴയ കാറുമെടുത്ത് നാടുനീളെ കറങ്ങി, പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ പട്ടികളേയും പൂച്ചകളേയുമൊക്കെ ആനിയമ്മയുടെ വീട്ടിലേക്കുകൊണ്ടുവരാൻ തുടങ്ങി. പ്രത്യേകിച്ചൊരു എതിരഭിപ്രായവും പറയാതെ ആനിയമ്മ അലാനക്കും അലാനയുടെ കൊച്ചുങ്ങൾക്കും ചെലവിനു കൊടുക്കാനും ചെറുതുങ്ങളേയും വയ്യാത്തതുങ്ങളേയുമൊക്കെ ശുശ്രൂഷിക്കാനും തുടങ്ങി.

പ്രായം മനുഷ്യരെ എത്രമാത്രം ഫ്ലെക്സിബിളാക്കുന്നുവെന്ന് അലാന അത്ഭുതപ്പെട്ടു. അലാന കുഞ്ഞായിരിക്കുമ്പോൾ അവർക്കൊരു പട്ടിയുണ്ടായിരുന്നു. ചട്ടുകാലൻ. ചട്ടുകാലൻ ചട്ടുകാലനാവുന്നതിനുമുമ്പ് എന്തായിരുന്നു പേരെന്ന് അലാനക്കറിയില്ല. അലാനയുടെ അപ്പന്റെ അപ്പൻ ഉൾപ്പെട്ട ഒരതിർത്തിതർക്കത്തിൽ അലാനയുടെ അപ്പന് എതിരാളികളുടെ ഏറ് കൊള്ളാതിരിക്കാൻ ചട്ടുകാലൻ ഓടി മുന്നിൽ കയറുകയും ആ ഏറ് സ്വയം ഏറ്റുവാങ്ങുകയും ചെയ്തുവത്രേ. അങ്ങനെ അലാനയുടെ അപ്പനു പകരം ചട്ടുകാലൻ ചട്ടുകാലനായി. അത്രയും വീരപരിവേഷമുള്ള ചട്ടുകാലനെ വയസായപ്പോൾ വരാന്തയിൽപോലും കയറാൻ സമ്മതിക്കാതെ ഓടിച്ചിരുന്ന ആളാണ് ആനിയമ്മ. ആ ആനിയമ്മയാണ് ഇപ്പോഴിങ്ങനെ!

പോകെപ്പോകെ പലപ്പോഴും അലാന കാറ്​ സ്റ്റാർട്ടുചെയ്യുമ്പോഴേക്കും ഒന്നുംമിണ്ടാതെവന്ന് ആനിയമ്മ മുൻസീറ്റിലിരിക്കും. നഗരത്തിലെ ബേക്കറിയിൽനിന്ന് ആദ്യമായി ഫലൂഡ കഴിച്ചപ്പോൾ കൊച്ചുകുട്ടികളെപ്പോലെ തുള്ളിച്ചാടി ആനിയമ്മ. എന്നിട്ട് നന്ദികൊണ്ടുനിറഞ്ഞ കണ്ണുകളോടെ അലാനയോടു പറഞ്ഞു, ‘നിനക്ക് കൊറച്ചുംകോടെ നേരത്തേ വരായിരുന്നു.'

ആദ്യമാദ്യം ഒറ്റദിവസമായിരുന്നു യാത്രയെങ്കിൽ പിന്നെപ്പിന്നെ രണ്ടുംമൂന്നും ദിവസമായി. ധനുഷ്‌കോടിയിൽ ലോകം അവസാനിക്കുന്നതും നോക്കിനിക്കുമ്പോ ആനിയമ്മ ആ വലിയ ഫിലോസഫി അലാനയോടും ലോകത്തോടും പറഞ്ഞു, ‘ഒരുപെണ്ണും കല്യാണം കഴിച്ച് ജീവിതം വേസ്റ്റാക്കരുത്.'

പപ്പുടുവിന് ബാലരമയിൽനിന്ന്​ മായാവി വായിച്ചുകൊടുക്കുകയായിരുന്നു അലാന. കഥ തീർന്നപ്പോ ആനിയമ്മ പറഞ്ഞു, ‘എനിക്കു മായാവിയെ ഇഷ്ടമല്ല. എപ്പഴും ഇങ്ങനെ നല്ല കാര്യങ്ങൾ മാത്രം ചെയ്തോണ്ടിരിക്കുകാന്നു പറഞ്ഞാ എന്നാബോറാ! ലുട്ടാപ്പിയാണ് തഗ്ലൈഫ്!' (തഗ്ലൈഫ് ആനിയമ്മ അക്കാലത്ത് ഇന്റർനെറ്റിൽനിന്നും പഠിച്ച വാക്കാണ്.) ഒന്നുനിർത്തി ആനിയമ്മ തുടർന്നു, ‘നിന്റപ്പൻ മായാവിയേപ്പോലായിരുന്നു!'

ചട്ടുകാലനെ തീർത്തും ദയാരഹിതമായി എവിടെയോകിടന്ന്​ ചാവാൻ വിട്ടതിൽ ആനിയമ്മക്കിപ്പോൾ വലിയ കുറ്റബോധമുണ്ട്. അന്നതു ചെയ്തത് യഥാർത്ഥത്തിൽ ചട്ടുകാലനോടുള്ള ദേഷ്യം കൊണ്ടല്ല എന്നും, പറക്കാനാഗ്രഹിച്ചിരുന്ന തന്റെ ചിറകുകളരിഞ്ഞ വിവാഹജീവിതത്തോടും അതിന്റെ കാൺരൂപങ്ങളായ ഭർത്താവിനോടും ഭർതൃവീട്ടുകാരോടുമുള്ള അടക്കാനാവാത്ത കലി കൊണ്ടായിരുന്നു എന്നും പിന്നീടുള്ള ഏതൊക്കെയോ സമയങ്ങളിലായി അലാനയോടുപറഞ്ഞു ആനിയമ്മ. അപ്പോഴേക്കും ആനിയമ്മയെ അമ്മയെന്നതിനുപരി മറ്റൊരു സ്ത്രീയായി കാണാൻ തുടങ്ങിയിരുന്നു അലാന. ആനിയമ്മ തിരിച്ചും.

അന്നൊരിക്കൽ പപ്പുടുവിനെ വീഡിയോകോൾ ചെയ്യാൻ പഠിപ്പിക്കുകയായിരുന്നു അലാന. പണ്ടൊരു മെട്രോ യാത്രയിൽ ഒരുപയ്യൻ തന്റെ നായയുമായി ചാറ്റ് ചെയ്യുന്നത് അലാന കണ്ടിട്ടുണ്ട്. അലാന അത്ഭുതപ്പെട്ടപ്പോ അവൻ പറഞ്ഞു, ‘മൃഗങ്ങളെ നമുക്ക് പ്രാക്റ്റീസിലൂടെ എന്തും പഠിപ്പിക്കാൻ പറ്റും. അസാമാന്യ ബുദ്ധിയല്ലേ അവർക്ക്!'

നഗരജീവിതത്തിൽനിന്ന്​ അലാനക്കിപ്പോഴും മിസ് ചെയ്യുന്നത് മെട്രോ യാത്രയാണ്. അലാനയുടെ അഭിപ്രായത്തിൽ മെട്രോ യാത്രക്കിടയിൽ ഒത്തിരി അർബൻ മാനസികരോഗികളെ നമുക്ക്​ പരിചയപ്പെടാൻ കിട്ടും. മെട്രോയിൽ കയറി നഗരത്തിലെ വലിയ മോളിൽനിന്ന്​ നാച്വറൽസിന്റെ ഐസ്‌ക്രീമും കഴിച്ച് പപ്പുടുവുനുവേണ്ട ഭക്ഷണവും വാങ്ങി പോരുക അലാനയുടെ വലിയ സന്തോഷങ്ങളിലൊന്നായിരുന്നു. ആ മോളിൽ പോകുന്നതും പറഞ്ഞ് അലാനയുടെ കൊടും ബുദ്ധിജീവിസുഹൃത്തുക്കൾ അലാനയെ പരിഹസിക്കാറും കുറ്റപ്പെടുത്താറും ഉണ്ടായിരുന്നു. അപ്പോഴൊക്കെ അലാന പപ്പുടുവിനോടുപറയും, ‘നാച്വറൽസിന്റെ ഐസ്‌ക്രീമും സാധാരണ ഐസ്‌ക്രീമും തമ്മിലുള്ള വ്യത്യാസം ഒരിക്കലും ബുദ്ധിജീവികൾക്കു മനസ്സിലാവില്ല.'

ആനിയമ്മ ചാഞ്ഞും ചരിഞ്ഞും അലാനയെനോക്കിക്കൊണ്ടിരുന്നു. എന്നിട്ട് പകുതി ആത്മഗതമായും പകുതി അലാനയോടായും പറഞ്ഞു, ‘നമ്മക്ക് എന്തെങ്കിലുമൊക്കെ എറിഞ്ഞുടക്കണമെന്നുതോന്നിത്തുടങ്ങുമ്പോ ഒന്നു സ്വന്തം മനസ്സിലേക്കു നോക്കുന്നതു നല്ലതാ.'

പറഞ്ഞുകൊടുത്ത കീകളൊക്കെ പപ്പുടു കൃത്യമായി ഞെക്കിയ സന്തോഷത്തിൽ കയ്യടിച്ചുകൊണ്ട് അലാന തിരിച്ചുപറഞ്ഞു, ‘ഇന്നത്തെ കാലത്തെ പ്രശ്നങ്ങളൊന്നും അമ്മാമക്ക് മനസ്സിലാവാഞ്ഞിട്ടാ.'

‘ഞങ്ങക്കും ഇഷ്ടംപോലെ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷേ ഞങ്ങളൊന്നും കഥേം ഓർമ്മക്കുറിപ്പും എഴുതാൻ പോകാഞ്ഞകൊണ്ട് അതൊന്നും ആരും അറിഞ്ഞില്ല’, ഒന്നുനിർത്തി ആനിയമ്മ തുടർന്നു, ‘തോന്നിയപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിനക്കൊക്കെ കിട്ടി എന്നതില് ദൈവത്തോടില്ലെങ്കിലും മിനിമം ലോകത്തോടെങ്കിലും നന്ദിയുണ്ടായിരിക്കണം. ഒരൊറ്റ ആണിന്റെ കൂടെത്തന്നെ ഒരായുസ്സുമുഴുവൻ ജീവിക്കുകാന്നു പറഞ്ഞാ ഏതുതലമുറേലെ പെണ്ണുങ്ങൾക്കായാലും കാര്യങ്ങള് മഹാബോറായിരിക്കും.'

അലാനയും പപ്പുടുവും ഒരുപോലെ ഞെട്ടിയതുകൊണ്ട് ടാബ്​ലറ്റ്​ താഴെവീണു. ആ ബഹളം കഴിഞ്ഞപ്പോൾ ആനിയമ്മ കടുത്ത നിരാശയോടെ പറഞ്ഞു, ‘ആണായാലും പെണ്ണായാലും ശ്വാസംമുട്ടി ജീവിച്ച ഒരുതലമുറയായിരുന്നു ഞങ്ങളുടേത്. ദുഖഃവെള്ളിയാഴ്ച​ കുടിക്കുന്ന കയ്പുനീരിന്റെ ചവർപ്പായിരുന്നു എപ്പോഴും ഞങ്ങളുടെയുള്ളിൽ.'

കുറേയധികം കഥകളെഴുതിയെങ്കിലും ആത്യന്തികമായി ഒരു പരാജയപ്പെട്ട എഴുത്തുകാരിയായി സ്വയം കരുതിയിരുന്ന അലാനക്ക്​ പെട്ടെന്നാ വെളിപാടുണ്ടായി, ‘സത്യത്തിൽ ഇവരായിരുന്നു കഥകളെഴുതേണ്ടിയിരുന്നത്.’

ഒരുദിവസം കൊച്ചുങ്ങൾക്കുള്ള തീറ്റയും വാങ്ങി ആനിയമ്മയും അലാനയും കൂടി തിരിച്ചുവരികയായിരുന്നു. ആനിയമ്മ നിശ്ശബ്ദയായിരുന്നതു കൊണ്ടും കൈവിരലുകൾ അസ്വസ്ഥതയോടെ ചലിപ്പിച്ചുകൊണ്ടിരുന്നതു കൊണ്ടും എന്തോ വലിയ ആലോചനയിലാണെന്ന് അലാന ഉറപ്പിച്ചു. പെട്ടെന്ന് ചോദ്യം ചോദിക്കാൻ മുട്ടിയിട്ടെന്നവണ്ണം ആനിയമ്മ ചോദിച്ചു, ‘ഈ വണ്ടീല് അജ്മീറുവരെ പോവാൻപറ്റുവോ?'

അജ്മീറോ? അലാനയും പപ്പുടുവും ഒരേ അത്ഭുതത്തിൽ ചോദിച്ചു, എന്നിട്ട് ആനിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ കഥയാണ് വരാൻ പോകുന്നതെന്നുറപ്പിച്ച് അതേ അത്ഭുതത്തോടെ കാത്തിരുന്നു.

ആനിയമ്മ പറഞ്ഞത് വളരെ ചെറിയൊരു കഥയാണ്. തുടക്കംമുതൽ ഒടുക്കം വരെ പ്രണയം തുളുമ്പിനിന്നിരുന്ന ചെറിയൊരു കഥ.

ഹൃദയം കൊണ്ടുമാത്രമേ നിങ്ങൾക്ക് ആകാശത്തെ തൊടാനാവൂ എന്ന് മനോഹരമായ അറബിയിൽ കൈത്തണ്ടയിൽ നെടുനീളത്തിൽ പച്ചകുത്തിയ ഹൈദറിന്റെ കഥ.

അക്കാലത്തുതന്നെ അജ്മീർ ദർഗയും ഹിമാലയവും കണ്ട ഹൈദർ. ഒരു സാധാരണ പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്ന ഹൈദർ. നിങ്ങളൊരു നല്ല ഡ്രൈവറാണ് എന്ന് ആനിയമ്മ പറഞ്ഞപ്പോൾ എല്ലാ നല്ല ഡ്രൈവർമാരേയും കണ്ണാടിയിലൂടെ നോക്കാറുണ്ടോ എന്ന കുസൃതിചിരി ചിരിച്ച ഹൈദർ. ഒരു സാധാരണ പ്രൈവറ്റ് ബസ് ഡ്രൈവറുമായി തനിക്ക് ഒരുവിധത്തിലുള്ള ബന്ധവും സാദ്ധ്യമല്ല എന്നറിഞ്ഞുകൊണ്ടുതന്നെ ‘എന്താണ് നിങ്ങൾ എന്നിൽനിന്നും പ്രതീക്ഷിക്കുന്നത്’ എന്ന് ആനിയമ്മ ചോദിച്ചപ്പോൾ, ‘ആഗ്രഹിക്കുന്നത് ഞാൻ നിങ്ങളെ സ്നേഹിക്കുന്ന അതേ ആഴത്തിൽ അത്രയും സ്നേഹം, പ്രതീക്ഷിക്കുന്നത് ഇതുപോലെ വല്ലപ്പോഴും ഒന്നിച്ചുകുറച്ചുസമയം, പറ്റുമെങ്കിൽ കുറച്ചുസ്നേഹം.' എന്ന് ഏതാണ്ടൊരു പ്രണയകവിത പോലെ മറുപടി പറഞ്ഞ ഹൈദർ. ഒടുവിൽ ‘ഞാനൊരു സാധാരണ ബസ് ഡ്രൈവറാണെന്ന കാര്യം ഈ ബന്ധത്തിന്റെ ഓരോ നിമിഷത്തിലും ഉപബോധമനസ്സ് നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കും. നിങ്ങൾ പോലുമറിയാതെ നിങ്ങൾ എന്നെക്കുറിച്ച് എപ്പോഴും ജാഗ്രത പാലിച്ചുകൊണ്ടിരിക്കും. എത്ര ശ്രമിച്ചാലും നിങ്ങൾക്കത് ചെയ്യാതിരിക്കാനാവില്ല.' എന്നൊരു പ്രണയപരാജയ കവിതയും ചൊല്ലി എന്നെന്നേക്കുമായി അജ്മീറിലേക്കുപോയ ഹൈദർ.

കഥ പറഞ്ഞുകഴിഞ്ഞപ്പോൾ അലാന ആനിയമ്മയോടുചോദിച്ചു, ‘ഞാനുണ്ടായിക്കഴിഞ്ഞിട്ടാണോ ഹൈദറ് വരുന്നത്?' അതെയെന്ന ആനിയമ്മയുടെ തലയാട്ടൽ അലാനയെ ഏറെ സങ്കടപ്പെടുത്തി. ‘അപ്പന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ എത്ര രസമായിരുന്നേനെ ഹൈദറിനൊപ്പം അജ്മീറിൽ ജീവിക്കാൻ!'

അജ്മീറിനെക്കുറിച്ചോ ഹൈദറിനെക്കുറിച്ചോ അവർ പിന്നീടൊന്നും പറഞ്ഞില്ല. പക്ഷേ അലാനയും ആനിയമ്മയും ആ വീട്ടിൽ പലപല ഇടങ്ങളിലിരുന്ന് അജ്മീർ സ്വപ്നം കാണാൻ തുടങ്ങി. പപ്പുടുപോലും ആസന്നമായ ആ വലിയ യാത്രയെ പ്രതി വല്ലാതെ എക്​സൈറ്റഡായിരുന്നു. തട്ടിൻപുറത്ത്​ കയറ്റിവച്ചിരുന്ന അവന്റെ പഴയ യാത്രാക്കൂട് നിലത്തിറക്കി പൊടിതട്ടിയെടുക്കാൻ അവൻ അലാനയെ നിർബന്ധിച്ചുകൊണ്ടിരുന്നു.

60വയസ്സുള്ള ആനിയമ്മ എന്ന സ്ത്രീക്ക് അജ്മീറിൽവച്ച് തന്റെ പ്രണയം വീണ്ടുകിട്ടുമോ എന്നൊന്നും അലാനക്കറിയില്ലായിരുന്നു. പക്ഷേ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതിരുന്ന തന്റെ അനേകം പ്രണയങ്ങളേക്കാൾ പ്രധാനമായി മാറി അലാനക്ക് ആനിയമ്മയുടെ പ്രണയം. ഇടക്കെപ്പോഴോ അലാന ആനിയമ്മയോട് പാതി തമാശയായി ഇത്രമാത്രം പറഞ്ഞു, ‘അഥവാ കണ്ടാത്തന്നെ ആ പച്ചകുത്തിയതൊക്കെ ഇപ്പോ നന്നായി ചുളിഞ്ഞിട്ടുണ്ടാവും.' ▮

(ജയ്​മി ലാനിസ്റ്റർ: പ്രശസ്തമായ ഗെയിം ഓഫ് ത്രോൺസ് പരമ്പരയിലെ വില്ലൻ കഥാപാത്രം)


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments