ചിത്രീകരണം : ഹൃദയ്

ഠോ

ഒന്ന്​

Adapt the plot from real life, and make up your own characters to fit into that story.

Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction. - Coen Brothers

മൊബൈൽ ഫോൺ വരുന്നതിനുമുന്നേയുള്ള കഥയാണ്.
കഥ നടക്കുന്ന ഇടം- കൃത്യമായിട്ട് പറഞ്ഞാൽ ചെറുപുഴയുടെ കൈവഴികളിലൊരെണ്ണം റ പോലെ വളഞ്ഞൊഴുകുന്നതിന്റെ ഇങ്ങേക്കര.

റ പോലെ ഒഴുകുന്ന പുഴ ജെമുനാ പാലത്തിന് അടുത്തെത്തുമ്പോൾ മറ്റൊരു പുഴയുമായി സന്ധിക്കും. ആ പുഴയും റ പോലെ വളഞ്ഞൊഴുകുന്നതാണ്.
ആദ്യത്തെ റ പുഴ കക്കാടംപൊയിൽ കാടുകളിൽ നിന്ന് ഉത്ഭവിച്ച്​ ചെറുതോടായും അരുവിയായും മീൻമുട്ടി... കുളിരാന്മുട്ടി... കല്ലേമുട്ടി... പോരുന്ന പോക്കിൽ സകല കരിമ്പാറകളെയും വെള്ളാരംകല്ലുകളാക്കിയുള്ള വരവാണ്.

മറ്റേ റ പുഴ ഓടക്കയം കാട്ടിൽ നിന്നാണ് ഉത്ഭവം. ആ പുഴയുടെ കൈവഴികളിലും ചെറുതോടുകളും കുഞ്ഞരുവികളും രൗദ്ര ഭാവം പൂണ്ട കല്ലേമുട്ടി, കുളിരാന്മുട്ടി, മീൻമുട്ടി ചാടിക്കടന്ന്​ പത നുരഞ്ഞു, പോരുന്ന പോക്കിൽ സകല കരിമ്പാറകളെയും മിനുസ്സപ്പെടുത്തിയുള്ള വരവാണ്.

രണ്ടു റ പുഴകളിലും ഭംഗിയുള്ള പൂമ്പാറ്റകൾ ഉറക്കം തൂങ്ങി കിടക്കുന്ന ആറ്റുവഞ്ചികളുമുണ്ട്.

രണ്ടു റ പുഴകൾക്കും ഇടയിലായി ഒരു വലിയ മല.
ഇടതുവശത്തുകൂടെ ഒരു ടാറിട്ട റോഡ്. മലയെ ചുറ്റി വലതുവശത്തുകൂടെ ഒരു മൺറോഡ്.
മലയിലാകെ പുരയിടങ്ങളാണ്.
ഷോട്ടർ വെട്ടാൻ പാട്ടത്തിന് എടുത്ത റബർ തോട്ടങ്ങൾ, പുതിയ മരം നട്ട ഇളം തോട്ടങ്ങൾ.
വേനലിൽ മഞ്ഞയും ചുവപ്പും കായ്കൾ നിറയുന്ന പറങ്കി മാവിൻ തോപ്പുകൾ.
റബർ ഷോട്ടർ വെട്ടിപ്പോയ ഇടങ്ങളിൽ പുത്തൻ പണക്കാർ വരുമാനമുണ്ടാക്കുന്ന വെട്ടുകല്ല് ക്വാറികൾ.

ഇത്രയും വിവരിച്ചാൽ തന്നെ കഥാപരിസരത്തെക്കുറിച്ചൊരു ഏകദേശ രൂപം കിട്ടാനുള്ളതായി.

രണ്ട്​

റോഡ് ടാറിട്ടതിനും, മൊബൈൽ പ്രചാരത്തിലാകുന്നതിനും ഇടയിലാണ് കഥ നടക്കുന്നത് എന്ന് ഇതിനോടകം മനസിലായിരിക്കുമല്ലോ!
മാഷിന്റെയും ടീച്ചറിന്റെയും പുരയിടത്തിലാണ് കഥ തുടങ്ങുന്നത്.
മേൽപ്പറഞ്ഞ കുന്നിലെ ചെരുവിലുള്ള അഞ്ചേക്കർ പുരയിടം.
താഴെ മുതൽ മുകൾ വരെ തട്ട് തട്ടായി തിരിച്ച പുരയിടമാണ്!

ഏറ്റവും താഴത്തെ തട്ടിൽ തെങ്ങ്, കുറച്ചു മുകളിലെ തട്ടുകളിൽ കമുക്. പിന്നെയുള്ള ഭാഗം ഓടിട്ട ഒരു പഴയ വീടും അഞ്ചാറ് ഒട്ടു മാവുകളും കിണറുമാണ്, അതിരിൽ മഞ്ഞ നിറത്തിലുള്ള പായൽ നിറഞ്ഞു കിടക്കുന്ന ഒരു ഓലിയുണ്ട്.
നിലമ്പൂർ രാജവംശത്തിന്റെ കൈവശഭൂമിയായിരുന്ന കാലത്ത് വലിയൊരു കുളമായിരുന്നു അവിടം എന്നാണ് പറയപ്പെടുന്നത്! മറഞ്ഞിരിക്കുന്ന നിധി ഊറിക്കൂടി സ്വർണ്ണ വർണ്ണമിട്ട് പായൽ പോലെ തങ്ങി നിൽക്കുന്നതാണ് എന്ന് ചിലരെങ്കിലും വിശ്വസിച്ചു പോരുന്നു.

വീടിനും കിണറിനും ഓലിക്കും മുകളിലായി ചെറിയ കൊക്കോ തോട്ടം, പിന്നത്തെ നിരയിൽ അഞ്ചാറ് പറങ്കി മാവുകൾ, അതിനും പിന്നിലായി കുത്തനെയുള്ള പ്ലാറ്റുഫോമുകൾ ഇരുപതെണ്ണം, നാല് വർഷം കൂടി കഴിഞ്ഞാൽ ഷോട്ടർ അടിക്കാൻ പാകാമാവുന്ന റബർ മരങ്ങളാണ് ആ ഇരുപത് പ്ലാറ്റ്ഫോമുകളിലും.

പ്ലാറ്റ്ഫോമുകൾ നിരപ്പായിട്ടുളവയല്ല. എലിമുള്ളുകൾ വെട്ടി വെടിപ്പാക്കി പ്ലാറ്റുഫോമുകൾക്കിടയിലുള്ള ചെരിവുകളിൽ വിടർത്തിയിട്ടുണ്ട്. കൂർത്ത മുനയുള്ള മുള്ളുകളാണ്. എലിമുള്ള് എന്ന് പേര് എങ്ങനെയാണാവോ വന്നത്.

ഇരുപത് പ്ലാറ്റുഫോമുകളും കയറി മുകളിലെത്തിയാൽ കുന്നിന്റെ മേൽത്തട്ട് ആയി. അവിടെയാണ് പലരുടെ ഉടമസ്ഥതയിൽ പരന്നു കിടക്കുന്ന കശുമാവിൻ തോട്ടം.

മൂന്ന്​

മാഷിന്റെ ഉടമസ്ഥതതയിലുള്ള കശുമാവിൻ തോട്ടത്തിൽ, മത്തായിക്കുഞ്ഞേട്ടന്റെ പറമ്പിനെ അതിര് തിരിക്കുന്നത് ഒരു ചെറിയ പാറക്കൂട്ടമാണ്. പാറക്കൂട്ടത്തിന് താഴെ മാഷിന്റെ പുരയിടം തീരുന്നു. മുകളിൽ മത്തായികുഞ്ഞേട്ടന്റെ തോട്ടം തുടങ്ങുന്നു.

ഇളം ചുവപ്പ് നിറത്തിൽ ആപ്പിൾ പോലെ തോന്നിപ്പിക്കുന്ന ഉരുണ്ട പഴങ്ങളുള്ള കശുമാവാണ് മാഷിന്റെ അതിരിൽ. കുഞ്ഞേട്ടന്റെ അതിര് തിരിക്കുന്നത് നീളം കുറച്ചു കൂടിയ മഞ്ഞപ്പഴമുള്ള കശുമാവാണ്. ആപ്പിൾ പഴമുള്ള കശുമാവിന്റെ അണ്ടിക്ക് കുറച്ചു ഉരുളിമ കൂടുതലാണ്. നീളൻ പഴമുള്ളതിന്റെ കശുവണ്ടിയ്ക്ക് നീളമാണ് ജാസ്തി.

അതുകൊണ്ടുതന്നെ പാറമടക്കുകളിൽ വീഴുന്നവയിൽനിന്ന് ഇന്നത് ഇന്നാരുടെ എന്ന സംശയം ഇല്ലാതെ കശുവണ്ടി പാട്ടത്തിനെടുക്കുന്നവർക്ക് ശേഖരിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.

രണ്ടു കശുമാവുകളും പാറയിടുക്കുകളെയും അതിരുകളെയും ഗൗനിക്കാതെ പഴം പൊഴിക്കേണ്ട കാലമാവുമ്പോൾ മാമ്പഴങ്ങൾ പൊഴിച്ച് കൊണ്ടേയിരുന്നു.

പാറമടക്കുകളിൽ പകൽ സർപ്പങ്ങൾ വെയില് കൊണ്ട് കിടക്കുന്നുണ്ടാവും.
നിഴൽ പറ്റി ഇലകളിൽ.. ദേഹം അനങ്ങാതെ, മറഞ്ഞുകിടക്കും, നിത്യ ധ്യാനത്തിലെന്ന പോലെ.

ആ നാട്ടിലെ പ്രേതരൂപികളെല്ലാം പകലുറങ്ങുന്നത് മൊട്ടക്കുന്നിൽ ചെരുവിലെയും കശുമാവിൻ തോട്ടത്തിലെയും കുറ്റിക്കാടുകളിലും, പാമ്പിൻമാളങ്ങളിലും, പാറ മടക്കുകളിലുമാണ്. ഓരോ മനുഷ്യർക്കും ജന്തുക്കൾക്കും ഇരട്ടപെറ്റപോലെ ഓരോരോ പ്രേതങ്ങൾ തുണയായുള്ള കാലമാണ്. ഉയിർ അറ്റുപോരുന്ന ആത്മാക്കളെ ഒരു ജന്മത്തിൽ നിന്നും മറു ജന്മത്തിലേക്ക് കടത്തിക്കൊടുക്കുന്നത് ഈ പ്രേതങ്ങളാണ്.

നാല്​

തൊണ്ണൂറുകളുടെ ഒരു മധ്യവേനൽ പകൽ. ആകാശം തുളച്ചൊരു വെടിയൊച്ച, ചിലർ കേട്ടു, ചിലർക്ക് കേട്ടതുപോലെ തോന്നി, ചിലർ കേട്ടതേയില്ല.
നേരത്തെ പറഞ്ഞല്ലോ, രണ്ടു മലകൾക്കിടയിലെ ചെരുവിലായിരുന്നു മാഷ്​ടെ വീട് ഇരുന്നത് എന്ന്, അതുകൊണ്ടുതന്നെ വീട്ടുകാർക്കും അയൽവാസികൾക്കും ഏതു മലമുകളിൽ നിന്നാണ് വെടിയൊച്ച മുഴങ്ങിയത് എന്ന് തിട്ടമില്ലായിരുന്നു.

പുലിചാടിയകുളത്തിൽ കുഞ്ഞേട്ടൻ, മലയുടെ കിഴക്കേ മൂലയിലെ തന്റെ പുരയിടത്തിൽ പശുവിനെ തീറ്റിക്കുകയായിരുന്നു. കള്ളി മുണ്ട് മടക്കിക്കുത്തി, തലയിലെ വിയർപ്പ് മണം നിറഞ്ഞ ചുമന്ന തോർത്ത് മുറുക്കി കെട്ടി, താഴെ റബർ പ്ലാറ്റ്‌ഫോമിൽ പുല്ല് അരിയുകയായിരുന്ന സ്വപത്‌നി കുഞ്ഞെലിയെ കൂവി വിളിച്ച് ചോദിച്ചു, ‘എടി കൂവേ, നീ കേട്ടായിരുന്നൊടി ഒരു വെടി പൊട്ടുന്ന ഒച്ച...’

കേൾവിക്ക് അൽപം പിന്നാക്കാവസ്ഥയിലായ കുഞ്ഞേലി മുരടനക്കുക മാത്രം ചെയ്തു. ചെന വരാത്ത പശുവിനെ വേവലാതി കൂട്ടിക്കൊണ്ടിരുന്ന ചിന്തകളിലേക്ക് കുഞ്ഞേലി മടങ്ങിപ്പോയി.

കൂഴച്ചക്ക കുരുവടർന്ന് വീണു ചീഞ്ഞളിഞ്ഞ മണം മുറ്റിനില്ക്കുന്ന റബർ പ്ലാറ്റ്‌ഫോമുകൾക്കിടയിലൂടെയുള്ള കുത്തൻ ഇറക്കങ്ങളിലൂടെ ഓടി, പശുവിനെയും തെളിച്ച് കുഞ്ഞേട്ടൻ താഴെ മാസ്റ്റരുടെ വീടിന്റെ കരോട്ടുള്ള തിണ്ടു വരെയെത്തി അണപ്പ് അയച്ചു. എന്നിട്ട് ഇടറിയ ശബ്ദം കനപ്പിച്ചെന്നു വരുത്തി ചോദിച്ചു, ‘മാഷെ, ടീച്ചറെ, കേട്ടാരുന്നൊ ഒരു വെടിയൊച്ച?’

ഇതേസമയം മുറ്റത്തെ വണ്ണം കുറഞ്ഞ മാവിന്റെ മേൽ ആണിയടിച്ചു തൂക്കിയിട്ടിരുന്ന ചുവന്ന ഫ്രയിമുള്ള കണ്ണാടിയിൽ നോക്കി ചുണ്ടിലേക്കിറങ്ങിക്കിടക്കുന്ന മീശ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു മാഷ്.

മാഷിന്റെ പിന്നിൽ സുമാർ ആറു അടി അകലത്തിൽ ചായ്പിലെ തിണ്ണയിൽ അരഭിത്തി കെട്ടിയതിന്റെ മുകളിലെ അരകല്ലിൽ അരച്ചുകൊണ്ടിരുന്ന കറിയരപ്പു താളത്തിലൊന്ന് വടിച്ചുവെച്ച് ടീച്ചർ കഴുത്ത് കുനിച്ച്​ തിട്ടയിലേക്ക് നോക്കി.

‘‘എന്നതാ കുഞ്ഞേട്ടാ..'' ടീച്ചർ ഉറക്കെ വിളിച്ചു ചോദിച്ചു.
‘‘വെടിയൊച്ച കേട്ടാരുന്നോന്നു...''
‘‘വെടിയൊച്ചയൊ...?'' മാസ്‌റ്റർ അത്ഭുതപ്പെട്ടു.
അരപ്പ് കൈവെള്ളയിൽ നിന്ന്​ പിഞ്ഞാണത്തിലേക്ക് പകർന്നുകൊണ്ട് ടീച്ചർ ഉറക്കെ വിളിച്ചു പറഞ്ഞു, ‘ഞാൻ കേട്ടു, എന്തോ പൊട്ടുന്ന പോലൊരു ശബ്ദം...'
‘അവക്കല്ലെങ്കിലും കേൾവി കുറച്ചു കൂടുതലാ, അതുകൊണ്ട് കംപ്ലീറ്റായി വിശ്വസിക്കണ്ട.’

മാസ്‌റർ ശബ്ദം കനപ്പിച്ച് പറഞ്ഞു, അനാവശ്യമായ ഒരു വഴക്കിനു വഴി മരുന്നിടാൻ താത്പര്യമില്ലാത്തതുകൊണ്ട്, തന്റെ കൊമ്പൻ മീശ വിറപ്പിച്ച് കുഞ്ഞേട്ടൻ അവിടൊന്നും നില്കാതെ ഓടി.

കാട മാത്യുവിന്റെ പുരയിടം ഒഴിഞ്ഞു കിടന്നതുകൊണ്ട് ആരും കേൾക്കാൻ സാധ്യതയില്ല. മുരിക്കൻ ഹാജ്യാരുടെ തെങ്ങിൻ തോട്ടവും, ആട്ടിൻ കാഷ്ടം മണക്കുന്ന തൊഴുത്തും ഓടി കടന്നു. അയാൾ സുജനപാലിന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി.

സുജനപാൽ എന്തോ വെപ്രാളത്തിലായിരുന്നു. കുറച്ചുമാസം മുമ്പ്​ ഒറ്റപ്പാലത്ത് നിന്നു വന്ന്​ വീടും സ്ഥലവും വാങ്ങി താമസിക്കുന്ന സുജനപാലുമായി കുഞ്ഞേട്ടനും വലിയ അടുപ്പമില്ലാരുന്നു. പൊതുവെ കർഷകർ മാത്രം (മാസ്റ്റരും പറഞ്ഞുവരുമ്പോൾ ഒരു കർഷകനാണ്) താമസിക്കുന്ന ആ മലനാട്ടിലെ കർഷകൻ അല്ലാത്ത, പ്രത്യേകിച്ചൊരു തൊഴിലില്ലാത്ത ഒരാളായി സുജനപാലേ ഉണ്ടായിരുന്നുള്ളൂ.

സുജനപാലിന്റെ നിൽപും ഭാവവും എന്തോ കുഞ്ഞേട്ടന് അത്രക്കങ്ങു ദഹിച്ചില്ല. സുജനപാൽ ചിരിച്ചില്ല. വെപ്രാളം ദീർഘിപ്പിച്ചൊരു നോട്ടമെറിഞ്ഞ്​ആഗമനോദ്ദേശ്യമാരാഞ്ഞു.

‘‘ഓ, ഒരു വെടി’’, കുഞ്ഞേട്ടൻ മുഴുമിപ്പിച്ചില്ല..
‘‘വെടിയൊ, അതിനിവിടെവിടാ പൂരം’’, സുജനപാൽ ഗൗരവം വിടാതെ ചോദിച്ചു.

തലയിൽ കെട്ടിയ തോർത്തഴിച്ച് മുഖം തുടച്ച്, അതൊന്നു കുടഞ്ഞ്​ വീണ്ടും തലയിൽ കെട്ടി കുഞ്ഞേട്ടൻ പടിയിറങ്ങി. സ്വയം പിറുപിറുത്തു, ‘അല്ലേലും അവനിച്ചിരി ദുരൂഹത കൂടുതലാ.’

അഞ്ച്​

ബെന്നി കൊഴുവനാൽ തന്റെ കരിമ്പൻ ബുള്ളറ്റോടിച്ച് മാസ്റ്റരുടെ വീടിന്റെ മുറ്റത്ത് എത്തി. മുറ്റത്ത് ഒത്തനടുക്കായി നിൽക്കുന്ന മാവിന്റെ തണലിൽ ബുള്ളറ്റ് സ്റ്റാൻഡിൽ കയറ്റി വെച്ചു. തന്റെ മെലിഞ്ഞ ഉടൽ വാഹനത്തിൽ നിന്നിറങ്ങി.

വായിൽ നിറഞ്ഞുതുളുമ്പി നിന്ന മുറുക്കാൻ മുറ്റത്തിന്റെ താഴെയുള്ള ചേമ്പിലയിലേക്ക് ആഞ്ഞുതുപ്പി.

വീട്ടിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറിയപ്പോൾ സൃഷ്ടിക്കപ്പെട്ട ഇടക്കിടെ അമിട്ട് പൊട്ടുന്നതുപോലെയുള്ള ശബ്ദം കേട്ടതുകൊണ്ടാവണം മാസ്റ്റർ ഇറയത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.

‘‘മാഷെ ഈ മാവൊക്കെ ഒരു സൈഡിൽ മാറ്റി വെക്കാൻ മേലേ, ഇതിപ്പോ ഒരു ജീപ്പ് വല്ലോം കയറി വന്നാൽ തിരിക്കണേ താഴെ വരെ പോണല്ലോ, നടുക്ക് നിക്കുവാ ഒരു നീക്ക് പോക്കില്ലാതെ, കായ്ക്കുന്നത് വല്ലോമാണെങ്കിൽ വേണ്ടില്ലാർന്നു..'' ബെന്നി പകുതി മാസ്റ്റരോടും പകുതി ആത്മഗതവുമായി പറഞ്ഞു.

‘ബെന്നി എന്താ പ്രത്യേകിച്ച്?’

‘അതെ മാഷെ, ഇവിടെങ്ങാണ്ട് വെടി പൊട്ടണ ശബ്ദം കെട്ടെന്ന് അങ്ങാടീലൊരു ന്യൂസ് കേട്ടു, വന്നു നോക്കാല്ലോന്നു കരുതി കേറിയതാ, എവിടാ കേട്ടെ സംഗതി’

‘അതാ മലേല് കപ്പിലുമാവിന്റെ തോട്ടത്തിലെവിടെയോ ആണെന്നാ കേട്ടത്.'

‘‘ഉവ്വോ, എന്നാ ഒന്ന് പോയി നോക്കണല്ലോ മാഷെ, അതങ്ങ് നിസ്സാരമാക്കണ്ട. ഞാനൊന്ന് കേറി നോക്കീച്ചും വരാം, എന്നാ.’’

ബെന്നി, പുകപ്പുരക്ക് സൈഡിലുള്ള ചെറുവഴിയിലൂടെ മുകളിലേക്ക് നടന്നു. പച്ച നിറത്തിൽ കൂട്ടംകൂട്ടമായി നിന്നിരുന്ന കൊക്കോ ഇലകൾ വകഞ്ഞുമാറ്റി. റബർ കരിയില വീണ്​ വഴിമറഞ്ഞ പ്ലാറ്റ്‌ഫോമുകൾക്കിടയിലൂടെ അയാൾ കുന്നുകയറി കശുമാവിൻ തോട്ടത്തിലെത്തി.

തോളിൽ ഒരു തോർത്തുമായി പിന്നാലെ വന്ന, മാസ്‌ററെ നോക്കി, കിതപ്പണച്ച് പറഞ്ഞു, ‘എന്നാ കേറ്റമാ മാഷെ, അടപ്പൂരി.’

കശുമാവിൻ തോട്ടത്തിന്റെ നടുക്കുള്ള പുല്ല് വകഞ്ഞുമാറ്റി നിലത്തിരുന്നു. എന്നിട്ട് മണ്ണിൽ കൈ കൊണ്ട് കുഴിയുണ്ടാക്കി. ഒരു വിരൽ മണ്ണ് വാരി മണത്തുനോക്കി, പിന്നെ ഒരു നുള്ള് എടുത്ത് ചവച്ചു.

‘വെടിമരുന്നിന്റെ ചുവയാണല്ലൊ മാഷെ, സംഭവം പുലിവാല് കേസാണ്. ഇവിടൊക്കെ വെടിമരുന്ന് മണക്കുന്നും ഉണ്ട്.’

മാസ്‌റ്റർ ഒന്നും മിണ്ടിയില്ല.

ബെന്നി ഒന്നുരണ്ടു ചുവടുകൾ മാറി നിന്നു. എന്തൊക്കെയോ കണക്കു കൂട്ടി മുകളിലേക്കുനോക്കി. കൈയെത്തുന്ന ദൂരത്ത് ചാഞ്ഞുനിന്നിരുന്ന ഒരു ചില്ലയിൽ നിന്ന്​ ചുവന്ന ഒരു കശുമാമ്പഴം പറിച്ചെടുത്തു.
മുന്നോട്ടാഞ്ഞുനിന്ന് കറ ഉടുപ്പിലാവാതെ കൈനീട്ടിപ്പിടിച്ച് പഴം ഉറുമ്പി നീരു വലിച്ചെടുത്തു.

‘ആ വെടിമരുന്നിന്റെ ചുവ വായീന്ന് പോണില്ല മാഷെ.'

ബെന്നി ഷെർലക്​ ഹോംസ് ആരാധകനാണ്. ലൈബ്രറിയിൽ നിന്ന്​ കിട്ടാവുന്നത്ര ഷെർലക്​ ചരിതങ്ങൾ വായിച്ച് സ്വയം ഒരു കുറ്റാന്വേഷകനായാണ്​ നടപ്പും ഭാവവും. സി.ബി.ഐയിൽ കയറണം എന്നായിരുന്നു ആഗ്രഹം. പാരലൽ കോളേജിലെ ബിരുദ പഠനം പൂർത്തിയായ നാൾ സി.ബി.ഐ സെലക്ഷനുവേണ്ടി ദില്ലിക്ക് വണ്ടി കയറിയ ബെന്നി തിരികെവന്നത് നിരാശനായാണ്.

വേണ്ട നെഞ്ചളവിൽ ഒരിഞ്ച് കുറഞ്ഞതുകൊണ്ട് തട്ടിപ്പോയി എന്ന് നാട്ടുകാരോടും സ്വന്തം മനസ്സാക്ഷിയോടും പറഞ്ഞുവിശ്വസിപ്പിച്ച് അയാൾ ഇഛാഭംഗം ഒതുക്കി.

പിന്നെ, സ്വയം സി.ഐ.ഡി ചമഞ്ഞ്​ ചെറിയ അന്വേഷണങ്ങൾ നടത്തി നാട്ടുകാർക്കുമുന്നിൽ ഒരു കോമാളിയായി ജീവിക്കുന്നു.
നാട്ടിൻപുറത്തിന് എന്തിനാണൊരു സി.ഐ.ഡി?

ബെന്നി മറ്റൊരിടം കുഴിച്ചു നോക്കി.

‘‘ഉണ്ടയൊന്നും കാണാനില്ല മാഷെ. ഏതായാലും ഞാൻ ഒന്നൂടെ വരാം, തത്കാലം ഈ ഭാഗത്തേക്ക് ഒന്നും ആരെയും കുറച്ചുകാലത്തേക്ക് കടത്തിവിടണ്ട. പറ്റിയാൽ ഞാൻ കുറച്ച് ടേ​പ്പൊക്കെയായി വന്ന്​ ഇവിടെയൊക്കെ ഒന്ന് വളഞ്ഞു വെക്കാം. ക്രൈം നടന്ന ഏരിയയല്ലേ, തെളിവ് നഷ്ടപ്പെടരുത്. ഇവിടെ അണ്ടി പെറുക്ക്​പാട്ടത്തിനു കൊടുത്തെക്കുവാണോ മാഷേ''

‘അതേ’

‘എന്നാ കിട്ടി’

‘മൂവായിരം’

‘‘അത് പോയീന്നു കൂട്ടിക്കോ, അവന്മാരെ തൽക്കാലം ഈ സംഭവം എന്നാന്ന് കണ്ടു പിടിക്കാതെ, ഈ പറമ്പിൽ കേറ്റാതെ നോക്കണം’’

‘‘എന്റെ ബെന്നി, നീ എന്റെ കഞ്ഞികുടി മുട്ടിക്കും’’

‘‘പിന്നെ, ഈ മൂവായിരം ഉലുവാ കിട്ടീട്ടാ, ഒന്ന് പോ സാറേ, ഞങ്ങടെ ടാക്‌സ് നിങ്ങക്ക് ശമ്പളമായി തരുന്നില്ലേ സർക്കാറ്​, അത് മതി.''

മാസ്‌റ്റർ ഒന്നും മിണ്ടിയില്ല.

‘‘ഞാനേ ആ പ്രൈം സസ്‌പെക്റ്റ് സുജനപാലിനെ ഒന്നും ഇന്ററോഗേറ്റ്​ചെയ്യട്ടെ. സുജനപാൽ, അവന്റെ പേരുതന്നെ ഒരു വശപിശകാ''

ബെന്നി കരിയില നിറഞ്ഞ പ്ലാറ്റ് ഫോമിലൂടെ താഴെക്കിറങ്ങി സുജനപാലിന്റെ വീട് ലക്ഷ്യമാക്കി ബുള്ളറ്റ് എടുത്തു.

ആറ്​

ആ നാട്ടിലെ എല്ലാ വീടുകളെയും പോലെ സുജനപാലിന്റെയും വീട് നടവഴിയിൽ നിന്ന്​ കുറച്ചുയരത്തിലാണ്. താഴെ റോഡിൽ ബുള്ളറ്റ് സ്റ്റാൻറിൽ കയറ്റിനിർത്തി ബെന്നി ഒരു കാൽപാദം മാത്രമുള്ള കരിങ്കൽ സ്റ്റെപ്പിൽ ചവിട്ടിക്കയറി മുറ്റത്തെത്തി.

ഇടതു വശത്തെ കടലാസ് റോസ് ചെടിയുടെ അരികിലുള്ള പട്ടിക്കൂട്ടിൽ നിന്ന്​സുജനപാലിന്റെ കറുത്ത ആൽസെഷൻ കുരച്ചുകൊണ്ടേയിരുന്നു.
ബെന്നി ചുറ്റുമൊന്നു കണ്ണോടിച്ച് തിണ്ണയിൽ കയറിയിരുന്നു.

പട്ടി കുര നിർത്തുന്നതെയില്ല.

പ്രതീക്ഷിക്കാത്ത അതിഥിയുടെ വരവ് അത്ര ആസ്വദിക്കാതെ സുജനപാൽ മുഖം കൂർപ്പിച്ച് വരാന്തയിലേക്ക് വന്നു. എന്നിട്ട് ഉറക്കെ രണ്ടുമൂന്നു തവണ ആജ്ഞാ സ്വരത്തിൽ വിളിച്ചു, ‘ടിപ്പു, ടിപ്പു...'
നായ കുര തുടർന്നുകൊണ്ടേയിരുന്നു.
ബെന്നി മുരടനക്കി.
‘നല്ല അനുസരണയുള്ള പട്ടിയാ, കണ്ടില്ലേ, പേര് വിളിച്ചിട്ടും പട്ടി കുര നിർത്തുന്നില്ല..'
സുജനപാൽ സ്വരം കടുപ്പിച്ചു, ‘ടിപ്പു എന്റെ മോനാ'

മകൻ വെളിയിലേക്ക് വന്നു.
സുജനപാൽ സ്വരത്തിലെ കടുപ്പം മാറാതെ മകനോട് പറഞ്ഞു, ‘നീ അപ്പൂന്​ ചോറ് കൊടുത്തോ, എത്ര പ്രാവശ്യം പറഞ്ഞു, രാവിലെ കൊടുക്കാൻ'

അയാൾ മകനെ കൈവീശി ഒന്ന് അടിക്കാനോങ്ങി.
ബെന്നി ആരും കേൾക്കാതെ ആത്മഗതം ചെയ്തു, ‘പട്ടിക്കിടണ്ട പേര് പയ്യനും, പയ്യന്റെ പേര് പട്ടിക്കും.’

സുജനപാൽ ശബ്ദം കൂട്ടി ബെന്നിയൊട് ചോദിച്ചു, ‘എന്താ വന്നത്?’
‘ഞാൻ ബെന്നി കൊഴുവനാൽ, ഒരു ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി വന്നതാ.’

‘എന്തിന്​?’
‘‘ഇവിടെയടുത്ത് ഒരു വെടിവെപ്പുമായി ബന്ധപ്പെട്ട് നിങ്ങളെയാണ്​ ഞങ്ങൾക്ക് സംശയം’’

സുജനപാൽ ഒന്നും ആലോചിക്കാതെ, ബെന്നിയുടെ മുഖം നോക്കി ഒന്നാഞ്ഞു വീശി. ബെന്നിയുടെ മുഖം കൊടുങ്കാറ്റിലുലയുന്ന കമുകിൻ തലപ്പ് പോലെ ആടിയുലഞ്ഞു.

അയാൾ ഒന്നും മിണ്ടിയില്ല. വരാന്തയിൽ നിന്നിറങ്ങി, പടവുകളിറങ്ങി, സ്റ്റാൻഡിൽ നിന്ന്​ ബുള്ളറ്റ് ഇറക്കി, അമിട്ട് പൊട്ടുന്ന ശബ്ദമുണ്ടാക്കി, മലയിറങ്ങി ദൂരേക്ക് ഓടിച്ച് പോയി.

ഏഴ്​

അതുകൊണ്ടൊന്നും തീരുന്ന കേസല്ലായിരുന്നു അത്.

സംഭവം മാസ്റ്ററുടെ അഞ്ചേക്കർ പുരയിടത്തിലെ കുന്നിൻമുകളിൽ, റബർ തോട്ടത്തിനുമുകളിൽ, പതിനഞ്ച് സെന്ററിൽ ചരിഞ്ഞുസ്ഥിതി ചെയ്യുന്ന കശുമാവിൻ തോട്ടത്തിൽ നിന്നായിരുന്നു വെടിശബ്ദം കേട്ടത് എന്നത് സത്യമാണ്​.

പ്രത്യേകിച്ച് ഒരു ജോലിയും ഇല്ലാതിരുന്ന, വരുമാനത്തിനിവില്ലാത്ത, സുജന പാലിനെയും കുടുംബത്തെയും ആയിരുന്നു കുഞ്ഞേട്ടന് സംശയം. മാസ്റ്റർക്ക് വെടിയൊച്ചയൊന്നും കേൾവിയിൽ പെടാതിരുന്നതുകൊണ്ട് അങ്ങനെ ഒരു സംഭവം ഉണ്ടായതായി ഉറപ്പിച്ചുപറയാനും കഴിയുന്നുണ്ടായിരുന്നില്ല.

വിഗ്രഹമോഷ്ടാക്കളെ പിടികൂടാൻ വന്ന പോലീസുകാരാണ് വെടിവെച്ചതെന്ന് ഒരു കഥ പുറത്തിറങ്ങി. മാസ്റ്റരുടെ കശുമാവിൻ തോട്ടത്തിൽവെച്ച് സുജനപാലിന്റെ വീട്ടിൽ രഹസ്യമായി ഒളിപ്പിച്ചുവെച്ച വിഗ്രഹം കൈമാറുമ്പോൾ പോലീസ് പിടികൂടുകയായിരുന്നു എന്നൊരു വാർത്ത പ്രചരിച്ചു. അങ്ങനെയാണെങ്കിൽ തന്റെ സ്​റ്റേഷനിലെങ്കിലും മിനിമം കേസ് റിപ്പൊർട്ട് ചെയ്യപ്പെടും എന്ന് റൈറ്റർ കേശവൻ കഷണ്ടി തടവി ബോധിപ്പിച്ചു.

അതല്ല, സുജനപാലിന്​ ചില നക്‌സലൈറ്റ്​ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ആന്ധ്ര പോലീസ് സ്‌പെഷ്യൽ സ്‌ക്വാഡുമായുള്ള ഏറ്റുമുട്ടലിൽ സുജനപാലിന്റെ വീട്ടിൽ രഹസ്യമായി ഒളിച്ചുതാമസിക്കുകയായിരുന്ന പ്രവർത്തകരെ കാട്ടിൽ ഒളിപ്പിക്കുന്നതിനിടെ പോലീസ് കണ്ടുപിടിച്ച് അറസ്റ്റുചെയ്തുകൊണ്ടുപോവുകയായിരുന്നു എന്നൊരു തിയറി പേരുവെയ്ക്കാതെ ഉരുത്തിരിഞ്ഞു.

സുജനപാലിന്റെ പതിനെട്ട് വയസ്സുകാരി മകളുടെ കാമുകനെ കശുമാവിൻ തോട്ടത്തിൽവെച്ച് യാദൃച്​ഛികമായി കണ്ട സുജനപാൽ തന്റെ നാടൻതോക്ക് വെച്ച് ഷൂട്ട് ചെയ്തതാണെന്നും ചില കഥകൾ പുറത്തിറങ്ങി.

നാട്ടുകാരിൽ ചിലർ സ്ഥലം എം.എൽ.എയെ നേരിട്ടുകണ്ടു, നിവേദനം കൊടുത്തു.

ദുരൂഹമായിട്ടൊരു വെടിയൊച്ച, ചിലർ കേട്ടതും, ചിലർക്ക് കേട്ടതുപോലെ തോന്നിയതും, ചിലർ കേട്ടതേ ഇല്ലാത്തതുമായ വെടിയൊച്ച മാത്രം തെളിയപ്പെടാതിരുന്നു കൂടാ എന്നൊരു വാശി ആ നിവേദനങ്ങൾക്കുപിന്നിലുണ്ടായിരുന്നു.

നിവേദനം കൈപ്പറ്റിയ എം.എൽ.എ പുഞ്ചിരി കൈവിടാതെ തന്റെ ഒരു കുറിപ്പോടുകൂടി സ്ഥലം പെടുന്ന സ്റ്റേഷൻ പരിധിയിലെ പോലീസ് സബ് ഇൻസ്‌പെക്ടർക്ക് കൈമാറി.

എട്ട്​

കഴുത്ത് നീണ്ട, മെലിഞ്ഞ ഉടലുള്ള, കാഴ്ചയ്ക്ക് സിനിമാനടൻ ഇന്ദ്രൻസിനെപ്പോലെ തോന്നിപ്പിക്കുന്ന എസ് ഐ വിജയൻപിള്ള കേസന്വേഷണം സ്വയം ഏറ്റെടുത്തു.

വിജയൻപിള്ള തെക്കനാണ്, വരത്തൻ എസ് ഐ. സൗമ്യമായ ചിരി ചിരിച്ചു. തെറിപ്പേരു വിളിച്ചഭിസംബോധന ചെയ്ത്​ തെമ്മാടികളുടെ കൂമ്പിടിച്ചു വാട്ടുന്നവൻ എന്നൊരു പേരുദോഷമുള്ള ഇടിയൻ എസ് ഐ.
അയാൾ കുറച്ചേ സംസാരിക്കൂ.
എന്നാൽ വിടർന്നു ചിരിക്കും. ചിരിയിൽ മയങ്ങിവരുന്നവരുടെ കൂമ്പിനിടിച്ചു വാട്ടുക എന്നതായിരുന്നു പിള്ളേച്ചന്റെ തന്ത്രം.

ഇനിയിപ്പോ വല്ലതും സംസാരിക്കാൻ വാ തുറന്നാൽ തെക്കൻതെറി പരന്നൊഴുകും. വീട്ടുകാരുടെയും, ചുരുക്കം ചില നാട്ടുകാരുടെയും വിമർശനപരമായ അഭിപ്രായം കേട്ടിട്ടുള്ളതുകൊണ്ട് കഴിവതും തെറി പറയാതിരിക്കുക എന്ന ശീലം പ്രാക്ടീസ് ചെയ്തുവരികയായിരുന്നു സബ് ഇൻസ്പെക്ടർ വിജയൻ പിള്ള.

ക്വാർട്ടേസിൽ നിന്ന് സുമാർ കാൽ കിലോമീറ്റർ ദൂരെയാണ് സ്റ്റേഷൻ.
മെലിഞ്ഞ കാലൊന്ന് വലിച്ചുവെച്ച് നടന്നാൽ ദാ എന്ന് പറയുമ്പോഴേക്കും സ്റ്റേഷൻ പിടിക്കാം. വിജയൻപിള്ള എന്നാലും, കാലത്തെഴുന്നേറ്റ് യൂണിഫോമൊക്കെ ദേഹത്ത് കയറ്റി, തൊപ്പിയും ലാത്തിയുമായി റോഡിലിറങ്ങി നിൽക്കും.

ആദ്യം കാണുന്ന ഓട്ടോയോ, ജീപ്പോ ലാത്തി നീട്ടി നിർത്തിക്കും. അങ്ങനെയാണ് സ്റ്റേഷൻ വരെയുള്ള സ്ഥിരം യാത്രകൾ.

ഒമ്പത്​

വിജയൻപിള്ളയ്ക്കാണ് അന്വേഷണത്തിന്റെ ചാർജ്ജ് എന്നറിഞ്ഞപ്പോൾ സംശയാലുക്കളായ നാട്ടുകാർ ഒന്നടങ്ങി.
വെടിയൊച്ച കേട്ട് നാലാം നാൾ വിജയൻപിള്ള അങ്ങാടിയിൽ നിന്നൊരു ജീപ്പ് വരുത്തി, സംഭവസ്ഥലത്തേക്കുതിരിച്ചു.

പറമ്പിൽ കിളച്ചുകൊണ്ടിരുന്നവരും, തെങ്ങ്​ കയറിക്കൊണ്ടിരുന്നവരും, പുഴയിൽ തിമർത്തുകളിച്ചിരുന്ന പിള്ളേരും, അലക്കിക്കൊണ്ടിരുന്ന അമ്മമാരും, ജീപ്പിനു പിന്നാലെ ഒരു ജാഥ പോലെ മാഷുടെ പുരയിടത്തിലേക്ക് കുന്നുകയറി വന്നു തുടങ്ങി.
കുത്തനെയുള്ള കയറ്റം കിതച്ചുകിതച്ച്​ കയറി മുറ്റത്തെ മാവിൻചോട്ടിലെത്തി ജീപ്പ് വലിയൊരു കാറ്റ് അമിട്ടുപോലെ പൊട്ടിച്ചു കൊണ്ട്​ നിന്നു.

എസ്. ഐ വിജയൻ പിള്ള പുറത്തിറങ്ങി, ചുറ്റുപാടൊക്കെ ഒന്ന് കണ്ണു കൊണ്ടുഴിഞ്ഞു.

മാവിന്റെ മുകളിൽ മൂപ്പെത്തിയ മാങ്ങകൾ അഞ്ചെറെണ്ണം വവ്വാൽ കടിച്ചുപോയത് അയാളുടെ കണ്ണിൽപ്പെട്ടു.
വീടിന്റെ താഴത്തെ തൊടിയിലെ ചേമ്പിലകൾ, പശുവിനു കൊടുക്കാൻ വളർത്തിയ പുല്ല് കൂട്ടങ്ങൾ, എലി ചത്തു മലച്ചതുപോലുള്ള രൂക്ഷഗന്ധം പുറപ്പെടുവിക്കുന്ന ചേനപ്പൂവ്... ഇതെല്ലാം അയാളുടെ നോട്ടപ്പരിധിയിൽപ്പെട്ടു.

ജീപ്പിന്റെയും, ജനത്തിന്റെയും ബഹളം കേട്ട് മാഷ് വീട്ടിൽ നിന്നിറങ്ങി വന്നു.

എസ്. ഐ വിജയൻ പിള്ള സ്റ്റെപ്പ് കയറി വീടിന്റെ ഉമ്മറത്തുചെന്നിരുന്നു.

മാഷ് ചായയും ഏത്തപ്പഴം പുഴുങ്ങിയതും കൊണ്ടുവെച്ചു.

ആദ്യമായിട്ടാണ് ഒരു പോലീസുദ്യോഗസ്ഥൻ വീട്ടിൽ വരുന്നത്. എങ്ങനെ സൽക്കരിക്കണം എന്നൊരു ധാരണ മാഷിനില്ലായിരുന്നു.

ഏത്തപ്പഴവും, ചായയും വരുന്നതുവരെ വിജയൻ പിള്ള ആസ്ബറ്റോസ് ഷീറ്റിട്ട ഉമ്മറവും, മച്ചും എല്ലാം കണ്ണുകൾ കൊണ്ട് സ്‌കാൻ ചെയ്തു.

ചായയും ഏത്തപ്പഴവും വന്നപ്പോൾ, രസികനൊരു ചിരി പാസാക്കി അയാൾ കൂട്ടത്തിലെ ഏറ്റവും വലിയ പഴം തന്നെ നോക്കിയെടുത്ത് തൊലി പൊളിച്ചു വായിലേക്കിറക്കി.

ആദ്യ കഷ്ണം പഴം രുചിച്ചിറക്കി, സ്റ്റീൽ ഗ്‌ളാസിലെ ചായ ഒരിറക്ക് കുടിച്ചു, എന്നിട്ടയാൾ വീണ്ടും രസികനൊരു ചിരി പാസാക്കി.

‘ഏത്തപ്പഴം പുഴുങ്ങിയതാ എനിക്കും ഇഷ്ടം’
‘ഓ’, മാഷും ചുണ്ടുകൂട്ടി ചിരിച്ചു.

‘മാഷ് ആണല്ലേ’
‘അതെ’
‘ഇവിടത്തുകാരനാണോ, അതോ’
‘തെക്കൂന്നാണ്.’
‘ആ, ചുമ്മാതല്ല, ഞാനും’, വിജയൻപിള്ള ഉറക്കെ ചിരിച്ചു.

മാഷ് ചെറിയ ഒരു പുഞ്ചിരിയോടെ തലയാട്ടിയിരുന്നു.
‘ടീച്ചറ്?’
‘ഇവിടെ അടുത്താ’

‘ഓ, അത് കൊള്ളാം’, അയാൾ വീണ്ടും ചിരിച്ചു.
‘ടീച്ചറ് കേട്ടാരുന്നോ, ഈ പറയുന്ന വെടിശബ്ദം’, അയാൾ ചിരി നിർത്തി ഒരിറക്ക് ചായകുടി വലിച്ചിറക്കിക്കൊണ്ട് ചോദിച്ചു.
‘ഉം’, ടീച്ചർ മറുപടി പറഞ്ഞു.
‘എന്നാൽ ഒന്നോർത്ത് പറഞ്ഞേ, സംഭവത്തിന്റെ ഓർഡറിൽ പറയണം', വിജയൻപിള്ള, നോട്ടുപുസ്തകവും, പേനയും കൈയ്യിലെടുത്ത് ആജ്ഞാപിച്ചു.
‘ഓർഡറിൽ എന്നുപറയുമ്പോൾ... അന്നുരാവിലെ മുതൽ തുടങ്ങണോ’, ടീച്ചർ ചോദിച്ചു.
‘അതുവേണ്ട, സംഭവത്തിന്റെ ഒരു പത്ത് മിനിറ്റ് മുന്നേ മുതൽ തുടങ്ങിയാൽ മതി’, അയാൾ കൂട്ടിച്ചേർത്തു.
‘പതിനൊന്നേകാൽ ആയിരിക്കും. ഞാൻ കറിക്ക് അരച്ച് നിൽക്കുവായിരുന്നു. അടുക്കള ഭാഗത്ത്’
‘പതിനൊന്നേകാൽ എന്നെങ്ങനെ അറിയാം. ടീച്ചർ കയ്യിൽ വാച്ച് കെട്ടിയിട്ടുണ്ടായിരുന്നോ, അതോ, ഫിത്തിയിൽ ക്ലോക്കുണ്ടായിരുന്നോ’, അയാൾ ചോദിച്ചു.
ഫിത്തിയിൽ എന്നുകേട്ടപ്പോൾ, ടീച്ചർക്ക് ചിരി പൊട്ടിയെങ്കിലും, അത് കാണിക്കാതെ ടീച്ചർ വിവരണം തുടർന്നു.
‘‘അല്ല, പതിനൊന്നേകാലിനാണ് ഓറിയൻറ്​ ബസ് താഴേക്കുവരുന്നത്. ഇറക്കമിറങ്ങുമ്പോൾ അവരെന്നും ഹോൺ അടിക്കും''
പെപ്പരപെപ്പരപെപ്പര, നീട്ടിയൊരു ഹോണടി എല്ലാവരുടെയും ചെവികളിലൂടെ കടന്നുപോയി.

വിജയൻ പിള്ള വാച്ചിൽ നോക്കി. മാഷ് ചുമരിലെ ക്‌ളോക്കിൽ, ജീപ്പ് ഡ്രൈവർ ക്ലീറ്റസ്​ തൊട്ടടുത്ത് നിന്നിരുന്ന പണിക്കാരൻ തോമാച്ചനോട് സമയം എത്രയായി എന്ന് ചോദിച്ചു.
ഓറിയൻറ്​ മലയിറങ്ങുന്നു, പതിനൊന്നേകാൽ ആയിക്കാണും, അയാൾ പറഞ്ഞു.

വിജയൻപിള്ള ഉമ്മറത്തിരുന്ന്​ തലയാട്ടലിലൂടെ അത് ശരിവെച്ചു.

‘ടീച്ചർ ബാക്കി പറയൂ’
‘‘പതിനൊന്നേകാൽ ആയിക്കാണണം, കറിക്കരച്ചുകൊണ്ടിരിക്കുവായിരുന്നു ഞാൻ’’
‘‘ഞാൻ മുറ്റത്ത് ഷേവ് ചെയ്‌തോണ്ടിരിക്കുന്നു'', മാഷ് ഇടയ്ക്ക് കയറിപ്പറഞ്ഞു.
‘‘മാഷ്, വെടിയൊച്ച കേട്ടാരുന്നോ’', വിജയൻപിള്ള അരിശം പ്രകടിപ്പിക്കാതെ ചോദിച്ചു.
‘‘ശരിക്കും അങ്ങ് കേട്ടില്ല, അതിനുമുന്നേ തീർന്നുപോയി’’, മാഷ് നിരാശയോടെ പറഞ്ഞു.
‘‘മാഷിനോട് ഞാൻ സെപറേറ്റ് ചോദിക്കാം, ഇപ്പൊ ടീച്ചർ പറയട്ടെ’’
‘‘അതേ, ഞാൻ കറിക്ക് അരച്ചോണ്ട് നിൽക്കുവായിരുന്നു. അടുക്കളപ്പുറത്ത്, അപ്പോഴാണ് ആകാശത്തുനിന്നൊരു വെടിയൊച്ച കേട്ടത്. വിമാനം പൊട്ടി വീഴുന്നതായിരിക്കുമെന്നാണ് ആദ്യം ഞാൻ വിചാരിച്ചത്.''

‘‘വിമാനം പൊട്ടിവീഴുന്നത് ടീച്ചർ ഇതിനുമുന്നേ കേട്ടിട്ടുണ്ടോ’’, വിജയൻ പിള്ള ചോദിച്ചു.
‘ഇല്ല’, ടീച്ചർ നിരാശയോടെ പറഞ്ഞു.
‘‘പിന്നെങ്ങനെയാണ് ഉറപ്പിച്ചുപറയാൻ പറ്റുക, ങ്ഹാ പോട്ടേ, ബാക്കി പറയൂ.'
‘‘സത്യം പറഞ്ഞാൽ പേടിച്ചുപോയി. മാഷാണേൽ ഇതൊന്നും കേട്ട മട്ടില്ല. അങ്ങനെ സംശയത്തിൽ നിൽക്കുമ്പോഴാണ് കുഞ്ഞേട്ടൻ ഓടിവരുന്നതുകണ്ടത്.’’
‘ആരാ കുഞ്ഞേട്ടൻ?’
‘ഇവിടെ അടുത്തുള്ളതാ’, മാഷ് പറഞ്ഞു.
‘‘ആളിപ്പോ ഈ കൂട്ടത്തിലുണ്ടോ’’, വിജയൻ പിള്ള, മുറ്റത്തും റോഡിലുമായി കൂടി നിൽക്കുന്നവരിലൂടെ കണ്ണയച്ചുകൊണ്ട് ചോദിച്ചു.
‘ഇല്ലാന്ന് തോന്നുന്നു’, മാഷ് പറഞ്ഞു.
വിജയൻ പിള്ള, കസേരയിൽ നിന്നെഴുന്നേറ്റു, മാഷും.
ലാത്തിയും തൊപ്പിയും കയ്യിലെടുത്ത് അയാൾ മുറ്റത്തേക്കിറങ്ങി. എന്നിട്ട് പിൻതിരിഞ്ഞുനിന്നിട്ട് ടീച്ചറോട് ഒരു ചോദ്യമെറിഞ്ഞു, ‘ടീച്ചറെ, ട്ടോ എന്നാണോ, ഠോ എന്നാണോ, ഇട്ടോ എന്നാണോ, ട്ടേ എന്നാണോ ടീച്ചർ കേട്ട ശബ്ദം?’

ടീച്ചർ കുറച്ചുനേരം ആലോചിച്ചുനിന്നു. അന്നേവരെ കേട്ടിട്ടുള്ള സകല ശബ്ദങ്ങളും അവരുടെ മനസ്സിൽ ഊറിവന്നു കാണണം. രണ്ടു മൂന്നു മിനിറ്റ് നേരത്തെ ആലോചനകൾക്കും നിശ്ശബ്ദതയ്ക്കും ശേഷം ടീച്ചർ ഉറപ്പിച്ചു പറഞ്ഞു, ‘ഠോ.’
ആകാശത്തോളം കൈയുയർത്തി ശബ്ദത്തിന്റെ വലുപ്പത്തെ രൂപം കൊണ്ട് അടയാളപ്പെടുത്തിയാണ് ടീച്ചർ അത് പറഞ്ഞത്.

‘താങ്ക് യു', വിജയൻ പിള്ള ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞ്​ വീട്ടിൽ നിന്നിറങ്ങി.

അടുക്കളഭാഗത്തുകൂടി, തിട്ടു കയറി, കൊക്കോമരങ്ങളുടെ ഇലകൾ വകഞ്ഞു മാറ്റി അയാൾ സംഭവസ്ഥലത്തേക്ക് നടക്കാൻ തുടങ്ങി.
തോളത്ത് ഒരു തോർത്തും വലിച്ചിട്ട്, മാഷും കൂടെക്കൂടി

10

‘‘മാഷ് ഈ അണ്ടിത്തോട്ടം മൊത്തത്തിൽ പാട്ടത്തിന് കൊടുത്തേക്കുവാണോ’’, വിജയൻപിള്ള തോട്ടത്തിന്റെ ഒത്തനടുക്ക് ചെന്നുനിന്ന് ആകാശത്തേക്കൊരു വലംവെച്ച നോട്ടമയച്ചുകൊണ്ട് ചോദിച്ചു.

കുന്നിന്റെ ഉച്ചിയിൽ സൂര്യൻ കയറിനിന്ന് തുള്ളുന്ന സമയമാണ്.
തീ പൊള്ളുന്ന വേനൽ.
പാറക്കെട്ടുകൾക്കിടയിൽ നിന്ന് പ്രേതരൂപികൾ ആർക്കും മുന്നിലും പ്രത്യക്ഷരാകാത്തത്ര സുതാര്യരായി എത്തിനോക്കി.
ഉടലോടെ ഒരു പോലീസുകാരനെ അവരും ആദ്യമായിട്ടാണ് കാണുന്നത്.
ഒന്നുരണ്ട്​ കരിയിലക്കുരുവികൾ അസമയത്ത് പാദസ്​പർശമേറ്റ കുന്നിൻമുകളിൽ നിന്ന്​ ആകാശംതേടി പറന്നുയർന്നു.
‘‘മാഷ് ഈ തോട്ടം മൊത്തത്തിൽ പാട്ടത്തിന് കൊടുത്തേക്കുവാണോ എന്ന്’’, വിജയൻ പിള്ള ചോദ്യം ആവർത്തിച്ചു.
‘അതെ'
‘ആരാണ് പാട്ടത്തിനെടുത്തത്?’
‘ഇവിടെത്തന്നെയുള്ളവരാ’
‘ഇവിടത്തന്നെയുള്ളവരെന്ന് പറയുമ്പോ?’

‘ഈ ചുറ്റുവട്ടത്തൊക്കെ ഉള്ളവരാണെന്ന്.’
‘അതുശരി, ആരാണ് എന്നാണ് ചോദ്യം’
‘ഇരട്ടകൾ, ഇട്ടിച്ചനും തൊമ്മിച്ചനും’
‘ഇരട്ടകൾ എന്നുപറയുമ്പോൾ, ഒരമ്മപെറ്റ ഇരട്ടകളല്ല കേട്ടോ സാറെ’, കയറ്റം കയറി ചെന്ന കിതച്ചണച്ച്​ ക്ലീറ്റസ് കൂട്ടിച്ചേർത്തു.
‘പിന്നെ?’, വിജയൻ പിള്ള ചോദ്യമെറിഞ്ഞു.

11

തൊമ്മിച്ചനും ഇട്ടിച്ചനും സുഹൃത്തുക്കളായിരുന്നു. ചൈൽഡ് ഹുഡ് ഫ്രൻറ്​സ്​.
കണ്ടാൽ ഇരട്ടകളെന്നേ തോന്നുവെങ്കിലും രണ്ടുപേരും രണ്ടപ്പനമ്മമാർക്ക് ജനിച്ചവരായിരുന്നു.
രണ്ടുപേർക്കും ഒരേ ഉയരം, ഒരേ വണ്ണം, ഒരേ മനസ്സ്.

വീട്ടിൽ മടിപിടിച്ച്​ ചുരുണ്ടുകൂടിയിരിക്കുന്നു എന്ന് ഭാര്യമാർ പഴിപറയുമ്പോൾ രണ്ടു പേരും പുറത്തേക്കിറങ്ങും. കുളക്കടവിലോ, പുഴയിറമ്പിലൊ കുത്തിയിരുന്ന് കഥയും പഴംപുരാണവും പറഞ്ഞ്​ നേരംവെളുപ്പിക്കും.

ദാ, ഇപ്പൊ വന്നേക്കാമേ എന്നുപറഞ്ഞൊരു തൃസന്ധ്യക്ക് പുറത്തോട്ടിറങ്ങിയ രണ്ടു പേരെയും കാൺമാനില്ല എന്നുപറഞ്ഞ്​ ഭാര്യമാർ തലതല്ലി നിലവിളിച്ചതിന്റെ മൂച്ചിൽ നാട്ടുകാർ മുഴുവനും അരിച്ചുപെറുക്കി, ഒടുവിൽ പരപരാ വെളുക്കുന്ന നേരത്ത് തോട്ടുവക്കിൽ കഥപറഞ്ഞിരിക്കുന്ന തൊമ്മിച്ചനെയും ഇട്ടിച്ചനെയും കണ്ടുപിടിച്ച കഥ നാട്ടിൽ പാട്ടായിരുന്നു.

നിലാവ് വെട്ടിക്കളിക്കുന്ന തോട്ടിലെ മീനുകൾക്ക് കൊത്തിത്തിന്നാൻ കാലെറിഞ്ഞു കൊടുത്ത് തൊമ്മിച്ചനും, തൊട്ടടുത്തുള്ള കമുകിന്റെ തടിയിൽ ഇടംകാൽ എൽ ഷേപ്പിൽ കുത്തിവെച്ച് കഥ രസം പിടിച്ചുപറഞ്ഞ്​ ഇട്ടിച്ചനും നിൽക്കുന്ന കാഴ്ചയാണ്, ആളും പന്തവുമായി വന്നവർ കണ്ടത്.

കഥ പറച്ചിലിൽ ഹരം കൊള്ളുന്ന ഈ രണ്ടു ചെങ്ങാതിമാരും കൂടി ഒരു വേനൽക്കാലത്ത് മൊട്ടക്കുന്നിന്റെ മുകളിലെ ഏക്കറുകണക്കിന് വിസ്താരമുള്ള കശുമാവിൻ തോട്ടം പാട്ടത്തിനെടുത്തു. മാഷിന്റെ കശുമാവുകൾ നിറഞ്ഞ പറമ്പ് ഉൾപ്പടെയുള്ള കുന്നിൻ ചെരുവാണ് ഇരട്ടകൾ പാട്ടത്തിനെടുത്തത്.

നാട്ടിലെ പ്രേതരൂപികളെല്ലാം പകലുറങ്ങുന്നത് മൊട്ടക്കുന്നിൽ ചെരുവിലെയും കശുമാവിൻ തോട്ടത്തിലെയും കുറ്റിക്കാടുകളിലും, പാമ്പിൻമാളങ്ങളിലും, പാറ മടക്കുകളിലുമാണ്. ഓരോ മനുഷ്യർക്കും ജന്തുക്കൾക്കും ഇരട്ടപെറ്റപോലെ ഓരോരോ പ്രേതങ്ങൾ തുണയായുള്ള കാലമാണ്..ഉയിർ അറ്റു പോരുന്ന ആത്മാക്കളെ ഒരു ജന്മത്തിൽ നിന്നും മറു ജന്മത്തിലേക്ക് കടത്തിക്കൊടുക്കുന്നത് ഈ പ്രേതങ്ങളാണ്.

പോരാത്തതിന് കുറുക്കനും, കരിമൂർഖനും, പല നൂറു കിളികളും, വല്ലപ്പോഴും വന്നു പോകുന്ന കരിമ്പുലിയും എല്ലാം കൊണ്ട് ഒരു വിധം മനുഷ്യരൊന്നും കടന്നു പോലും നോക്കാത്ത ആ തോട്ടം സുഹൃത്തുക്കൾ രണ്ടുപേരും പാട്ടത്തിനെടുത്തു എന്നുകേട്ടപ്പോൾ ജനങ്ങൾ മൂക്കത്ത് വിരൽവെച്ച് അതിശയപ്പെട്ടു.

അതൊന്നും വകവെയ്ക്കാതെ തൊമ്മിച്ചനും ഇട്ടിച്ചനും പരപരാ വെളുക്കുന്ന നേരത്തോ, വെയിലുമങ്ങിത്തുടങ്ങുന്ന വൈകുന്നേരങ്ങളിലോ, പൊട്ടിയ ബക്കറ്റോ പ്ലാസ്റ്റിക് സഞ്ചികളോ കയ്യിലെടുത്ത് കശുമാവിൻ തോട്ടത്തിലേക്കിറങ്ങും. നിലത്തും, കരയിലകൾക്കിടയിലും, പാറമടക്കുകളും വീണുകിടക്കുന്ന മാമ്പഴങ്ങളെ സഞ്ചിയിലാക്കി ഏതെങ്കിലുമൊരു ഓരത്ത് കൂട്ടി വെയ്ക്കും. രണ്ടുപേരും കഥകളും പഴംപുരാണങ്ങളും പറഞ്ഞുകൊണ്ടായിരിക്കും ഈ പണികൾ മൊത്തം ചെയ്യുന്നത്.

അങ്ങനെയൊരു സുപ്രഭാതത്തിൽ ഇട്ടിച്ചനും തൊമ്മിച്ചനും കൂടി കശുമാവിൻ പഴങ്ങൾ ശേഖരിച്ചു, ഓരത്ത് കൂട്ടിയിട്ട്, ഒടുവിൽ പഴവും കശുവണ്ടിയും വേർതിരിച്ചെടുത്ത് കശുവണ്ടി ചാക്കിൽ കൂട്ടിയിട്ട് വിശ്രമിക്കാനിരുന്നു.

വിശന്നാൽ കഴിക്കാനായി പൊതികെട്ടി കൊണ്ടുവന്നിരുന്നതഴിച്ച്​ തൊട്ടടുത്ത പാറപ്പുറത്ത് വെച്ചിരുന്നു.
‘നിന്റെ അപ്പനെങ്ങിനാ മരിച്ചത്?’, വാഴയിലച്ചിന്തിലേക്ക് വീട്ടിൽ നിന്ന്​ പൊതിഞ്ഞു കെട്ടിക്കൊണ്ടുവന്ന കപ്പയും ബീഫ് ഉലത്തിയതും പകർന്നുകൊണ്ട് തൊമ്മിച്ചൻ ചോദിച്ചു.
വേനൽക്കാല സൂര്യൻ കശുമാവിൻ തലപ്പുകൾക്കിടയിലൂടെ, ചുവന്നുതുടുത്ത കശുമാമ്പഴത്തെ തഴുകി മണ്ണിലേക്കിറ്റു വീഴുന്നുണ്ടായിരുന്നു.

നല്ല കരിമ്പാറപ്പുറത്ത്​ പതിനേഴുദിവസം ഉച്ചവെയിൽ കൊള്ളിച്ചുണക്കിയെടുത്ത വാട്ടുകപ്പ പുഴുങ്ങി, തേങ്ങയും, ഉള്ളിയും, കാന്താരിമുളകും, വെളുത്തുള്ളിയും ചേർത്തരച്ചുചേർത്ത് കുഴച്ചെടുത്ത പുഴുക്ക് കൊതിയോടെ നോക്കി ഇട്ടിച്ചൻ പറഞ്ഞു, ‘അതൊരു വലിയ കഥയാണളിയാ’
ഇരിഞ്ഞിട്ട കശുമാമ്പഴങ്ങളിൽ വച്ച കാല്​ വഴുതിപ്പോവാതെയെടുത്ത്​ ചമ്രം പടിഞ്ഞിരുന്ന്​ തൊമ്മിച്ചൻ ഉത്സാഹം കൂട്ടി, ‘നീ പറ’

‘അപ്പൻ ഒരു ദിവസം ഷാപ്പീന്ന് അന്തിക്കള്ളും അടിച്ച് നമ്മടെ കണക്കൻ മല കയറി വരുവായിരുന്നു’
ചതച്ച വെളുത്തുള്ളിയും, ഇറച്ചി മസാലയും,നെയ്യിൽ മൂപ്പിച്ച തേങ്ങാക്കൊത്തും ചേർത്ത്​ ഉലത്തിയെടുത്ത ബീഫ് കറിയിൽ നിന്ന്​ സാമാന്യം വലിയ കഷ്ണം ഒരു നുള്ളു പുഴുക്കിന്റെ അകമ്പടിയോടെ വായിലേക്കിട്ട് തൊമ്മിച്ചൻ ചോദിച്ചു, ‘എന്നിട്ട്?’

‘നിനക്കറിയാലോ, നല്ല കുത്തനെയുള്ള കേറ്റമല്ലയോ അത്. അപ്പനങ്ങിനെ കുറേ പാട്ടൊക്കെ പാടി, നാട്ടുവെളിച്ചത്തിന്റെ തിരി നിലാവെളിച്ചം കട്ടെടുക്കുന്നതു നോക്കി കയറ്റം കയറി മുന്നോട്ടു വരുമ്പോ, അതാ തൊട്ടുമുന്നിൽ ഒരു ഉഗ്രൻ ഘടഘടിയൻ കാട്ടുപന്നി’
ഭാവാഭിനയത്തോടേയും കൈകാൽ കലാശങ്ങളോടെയും കൂടി ഇട്ടിച്ചൻ വിവരണം തുടർന്നു. തന്റെ മുന്നിലെ ഇലച്ചീന്തിലെ പുഴുക്കിനെ ഗൗനിക്കാതെ.

‘എന്നാ പറയാനാ, ആ പന്നി അപ്പനെ തേറ്റക്കു കുത്താൻ വന്നു. അപ്പൻ ഓടി, റബ്ബർ തോട്ടം മുറിച്ചുകടന്ന്​, വളക്കുഴികൾ ചാടിക്കടന്ന്’

വായിൽ നിറച്ചുവച്ചിരിക്കുന്ന പുഴുക്കുരുള ഒരിറുക്ക് വെള്ളം കുടിച്ചൊതുക്കി തൊമ്മിച്ചൻ അക്ഷമനായി ചോദിച്ചു. മലമടക്കിലെ പൊന്തക്കാട്ടിൽ നിന്ന്​ ഉറക്കം കളവുപോയ അരിശത്തിൽ ഒന്ന് രണ്ടു പ്രേതരൂപികൾ അവർക്കുപിന്നിൽ ഇലയനക്കം ഇല്ലാതെ പതിഞ്ഞിരുന്ന് കഥ കേൾക്കുന്നുണ്ടായിരുന്നു. അവരും ഒരു കാറ്റൂതിവിട്ടുകൊണ്ട് തൊമ്മിച്ചന്റെ ചോദ്യത്തിനൊപ്പം കൂടി, ‘എന്നിട്ട്?'
‘എന്നിട്ടെന്നാ, അടുത്തെങ്ങും റബറല്ലാതെ വേറേ മരമൊന്നുമില്ലല്ലോ, അപ്പനോടി, പന്നി പുറകേയും, ഓടിയോടി ഒടുക്കം ഒരു കൊച്ചു പ്ലാവിൻ തൈ...’’
ശേഷിച്ച പുഴുക്കിൻകൂനയിൽ നിന്ന്​ കുറേക്കൂടി വാരി തന്റെ ഇലച്ചീന്തിലേക്കിട്ട് തൊമ്മിച്ചൻ വീണ്ടും ചോദിച്ചു, ‘എന്നിട്ട്?’

‘കഷ്ടകാലം എന്നാല്ലാതെ എന്തു പറയാനാ? നല്ല ഊരുള്ള പന്നിയല്ലെ, അതു വന്നു പ്ലാന്തൈക്കിട്ടു കുത്തോടുകുത്ത്​. അപ്പൻ മുറുക്കെ പിടിച്ചിരുന്നു. ഒടുക്കം പിടുത്തം വിട്ട് നടുതല്ലി നിലത്തുവീണൂ, അങ്ങനാ അപ്പൻ മരിച്ചേ’

ശേഷിച്ച ഒരു നുള്ളു പുഴുക്കു മാത്രം കണ്ട് നെടുവീർപ്പിട്ട് ഇട്ടിച്ചൻ ചോദിച്ചു, ‘അല്ല, നിന്റെ അപ്പനും ഇങ്ങനെത്തന്നെയല്ലെ മരിച്ചത്?’
‘അതെ, എന്നാ പറയാനാ. അപ്പനെ ഒരു പന്നി ഓടിച്ചു, അപ്പൻ ഓടിച്ചെന്ന്​ ഒരു മരത്തേക്കേറി. മരത്തേന്നു പിടിവിട്ടു താഴെ വീണു. അപ്പൻ അതോടെ ക്ലോസ്'

അവസാന പിടിപ്പുഴുക്കും ബീഫും വായിലേക്കിട്ട് തൊമ്മിച്ചൻ ഇലമടക്കി ദൂരേക്കെറിഞ്ഞു. രുചി നോക്കാൻ ഒരു നുള്ള്​ ഭക്ഷണം പോലും കിട്ടാത്ത ഇട്ടിച്ചൻ അതുനോക്കി നെടുവീർപ്പിട്ടു.

കഥകേട്ടിരുന്ന പ്രേതരൂപികൾ അരിശം വന്ന്​ ആകാശത്തേക്കൊരു നോട്ടമയച്ചതിന്റെ ഫലമായി ഒരു വലിയ മിന്നൽ കുന്നിനുമേലെ വന്നു പതിച്ചു. ആകാശക്കാഴ്ചയിൽ കുറച്ചുകാലം ചാരം പിടിച്ചുകിടക്കാൻ പാകത്തിന്, പുൽത്തകിടിയിൽ തീ പരന്നു.

പിഴിഞ്ഞെടുത്ത കശുവണ്ടി നിറച്ച ചാക്കുകൾ തോളിലിട്ട്, പറഞ്ഞു തീർന്ന കഥയും കൊതിയും ബാക്കി പ്രേതങ്ങൾക്ക് വിട്ടുകൊടുത്ത് ഇട്ടിച്ചനും തൊമ്മിച്ചനും മലയിറങ്ങി.

ഇട്ടിച്ചനും തൊമ്മിച്ചനും കൂടി വരിയും നിരയും തെറ്റാതെ നടന്ന സംഭവങ്ങൾ ഒരു കഥപറയുന്നതുപോലെ പറഞ്ഞുനിർത്തി. തങ്ങളെക്കുറിച്ചുള്ള പൊരുൾ പുറം ലോകത്തിനുമുന്നിൽ വെളിപ്പെടുത്തിയതിന്റെ നീരസം ഉള്ളിലുള്ളപ്പോൾ പോലും പ്രേതരൂപികൾ ഒരു കാര്യം തലകുലുക്കി സമ്മതിച്ചു - കഥകളിലൂടെയല്ലാതെ വർത്തമാനം പറയാൻ ഇരട്ടകൾക്ക് അറിയുകയേയില്ല.

സബ് ഇൻസ്പെക്ടർ വിജയൻ പിള്ള ആശ്വാസം നിറഞ്ഞൊരു നെടുവീർപ്പിട്ട്​ ഇരട്ടകളെ നോക്കി, ‘അപ്പൊ, മിന്നലടിച്ചതിന്റെ സൗണ്ടാണ് എല്ലാരും കേട്ടത്.’
ഇട്ടിച്ചനും തൊമ്മിച്ചനും തലകുലുക്കി.
‘ആട്ടേ, ട്ടോ എന്നാണോ, ഠോ എന്നാണോ, ഇട്ടോ എന്നാണോ, ട്ടേ എന്നാണോ നിങ്ങൾ കേട്ട ശബ്ദം’, വിജയൻ പിള്ള മീശ പിരിച്ചുകൊണ്ട് ചോദിച്ചു.
ഇട്ടിച്ചനും തൊമ്മിച്ചനും തമ്മിൽത്തമ്മിൽ നോക്കി.
‘ട്ടേ', ഇട്ടിച്ചൻ പറഞ്ഞു.
‘ഥും’, തൊമ്മിച്ചൻ പറഞ്ഞു.
വിജയൻപിള്ള രണ്ടുപേരുടെയും മുഖത്തേക്ക് അരിശം കൂർപ്പിച്ചൊരു നോട്ടമയച്ചു.
‘ഒരു പ്രശ്‌നമുണ്ട് സാറേ, ഇവരീപ്പറയുന്ന മിന്നൽ ഈ പറയുന്ന ദിവസം അല്ല അടിച്ചത്’, നടപടിക്രമങ്ങളെല്ലാം വീക്ഷിച്ച്​ കശുമാവിൻ ചുവട്ടിൽ ഒരു കുറ്റിബീഡിയും വലിച്ചുനിൽക്കുകയായിരുന്ന ബെന്നി ഇടപെട്ടു.
വിജയൻപിള്ള ബെന്നിയെ രൂക്ഷമായി നോക്കി.
ബെന്നി ബീഡിക്കുറ്റി വലിച്ചെറിഞ്ഞ്​ എസ്. ഐയുടെ അടുത്തേക്കുചെന്നു.

12

‘‘ഇട്ടിച്ചനും തൊമ്മിച്ചനും പറഞ്ഞ ഇടിമിന്നലുണ്ടായി ഇടിവെട്ടിയത് സംഭവ ദിവസത്തിനും ഒരാഴ്ച മുന്നെയാണ്. ആ ഇടിവെട്ട് ഈ പ്രദേശത്തുള്ള സകലരും കേട്ടതുമാണ്. സംശയമുണ്ടെങ്കിൽ സാർ എല്ലാവരോടും ചോദിച്ചുനോക്കൂ’’, ബെന്നി ആധികാരികതയോടെ പറഞ്ഞു.
വിജയൻ പിള്ള മാഷുടെ മുഖത്തേക്കുനോക്കി. ക്ലീറ്റസിന്റെ മുഖത്തേക്കുനോക്കി. റബർ പ്ലാറ്റുഫോമുകളിൽ പല ഇടങ്ങളിലായി കാഴ്ചകാണാൻ കൂടിയ നാട്ടുകാരിലേക്ക് നോക്കി.
എല്ലാവരും ശരിയാണെന്ന മട്ടിൽ തലയാട്ടി.
വിജയൻപിള്ള തന്റെ കണ്ണുകളെ ബെന്നിയുടെ നേരെ തിരികെക്കൊണ്ടുവന്നു.
ബെന്നി ഒരു കുറ്റാന്വേഷകന്റെ ഭാവങ്ങളോടെയും ചലനങ്ങളോടെയും കശുമാവിൻ മരങ്ങൾക്കിടയിലൂടെ നടക്കാൻ തുടങ്ങി.
‘എന്റെ ഒരു നിഗമനത്തിൽ ഇരട്ടകൾ പ്രസ്തുത ദിവസം, അതായത് കേസിനാധാരമായ വെടിയൊച്ച കേട്ട ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. അതായത് അന്നേദിവസം ഈ പറമ്പിൽ അവർ വന്നിട്ടേയില്ല.’
ബെന്നി തന്റെ നിഗമനം പങ്കുവെച്ചു.
‘എങ്ങനെ ഉറപ്പിക്കാം?', വിജയൻ പിള്ള ചോദിച്ചു.
‘‘ഈ സംഭവം നടന്ന അന്ന് വൈകുന്നേരം ഞാൻ സ്‌പോട്ടിൽ വന്നിരുന്നു. രണ്ടു മൂന്നു ദിവസം പഴക്കമുള്ള കശുമാങ്ങകൾ പറമ്പിൽ വീണുകിടപ്പുണ്ടായിരുന്നു. നല്ല പഴുത്ത മാമ്പഴത്തിൽ ഒരെണ്ണം ഞാൻ തന്നെ കയ്യെത്തുന്ന ദൂരത്തുനിന്ന് പറച്ചെടുത്ത് കുടിച്ചതുമാണ്. അന്നേദിവസം ഇവർ പറഞ്ഞതുപോലെ ഇവിടെയിരുന്ന് അണ്ടി പെറുക്കിയിരുന്നുവെങ്കിൽ അത്രയും പഴക്കമുള്ള പഴങ്ങൾ ഇവിടെ കാണാനുള്ള സാധ്യത ഉണ്ടാവില്ലല്ലോ’, ബെന്നി ആത്മവിശ്വാസത്തോടെ വിവരിച്ചു.
ഇത്രയും പറയുന്നതിനിടയിൽ അയാൾ ഒരു കുറ്റാന്വേഷകന്റെ ഭാവചലനങ്ങളോടെ കരിയിലകൾക്കുമുകളിലൂടെ ഉലാത്തി.
വിജയൻ പിള്ള കുറച്ചുനേരം ആലോചനയിലേക്കിറങ്ങി.
ബെന്നി പറയുന്നത് ശരിയാവാൻ സാധ്യതയുണ്ടെന്ന് അയാൾക്കുതോന്നി.
‘‘എന്റെ നിഗമനത്തിൽ അതൊരു വെടിയൊച്ചയായിരുന്നു. തോക്കിൽ നിന്നുള്ള വെടിയൊച്ച’’
‘താങ്കൾ കേട്ടിരുന്നോ?’, വിജയൻപിള്ള ചോദിച്ചു.
‘ഇല്ല’, ബെന്നി നിരാശ പ്രകടിപ്പിക്കാതെ പറഞ്ഞു.
‘ആരാണ് ശബ്ദം കേട്ട ആദ്യത്തെയാൾ?’ വിജയൻ പിള്ള കൂടിനിന്നവരോട് എല്ലാവരോടുമായി ചോദിച്ചു.
ആൾക്കൂട്ടത്തിൽ നിന്ന്​ പുലിചാടിയ കുളത്തിൽ കുഞ്ഞേട്ടൻ തലയിൽകെട്ടിയ തോർത്ത് അഴിച്ചു തോളത്തിട്ടു മുന്നിലേക്ക് വന്നു.
ആദ്യമായിട്ടായിരുന്നു അയാളൊരു പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ പെടുന്നത്. അതിന്റെ അങ്കലാപ്പ് ശരീരചലനങ്ങളിലും ഭാവമാറ്റങ്ങളിലും പ്രകടമായിരുന്നു.
‘ശബ്ദം കേട്ടപ്പോൾ നിങ്ങളെവിടെയായിരുന്നു', വിജയൻ പിള്ള നേരെ ചോദ്യം ചെയ്യലിലേക്ക് കടന്നു.
‘ഇവിടെ അടുത്തുണ്ടാരുന്നു സാർ’, കുഞ്ഞേട്ടൻ രഹസ്യം പറയുന്നവണ്ണം ബോധിപ്പിച്ചു.
‘അടുത്ത് എന്നുവെച്ചാൽ?’
‘രണ്ടു പ്ലാറ്റ്ഫോ​റം താഴെ അതിരിന്റെ അപ്പുറം എന്റെ പറമ്പിൽ.’
‘എന്ത് ചെയ്യുകയായിരുന്നു?’
‘പശൂനെ തീറ്റിക്കുകയായിരുന്നു’
‘ഒറ്റയ്ക്കായിരുന്നോ?’
‘അല്ല സാർ, പശുവുണ്ടായിരുന്നു, പിന്നെ എന്റെ പെണ്ണുംപിള്ള ഏലിക്കുട്ടിയും.’
‘നിങ്ങടെ പെണ്ണുമ്പിള്ള ശബ്ദം കേട്ടോ?’
‘ഇല്ല സാർ’
‘അതെന്താ അവർ കേൾക്കാത്തത്.’
‘അവൾക്ക് ചെവി കേൾക്കില്ല സാർ’
‘അത് ശരി, നിങ്ങൾ കേട്ടോ.'
‘കേട്ടു സാർ.’
‘ട്ടോ എന്നാണോ, ഠോ എന്നാണോ, ഇട്ടോ എന്നാണോ, ട്ടേ എന്നാണോ നിങ്ങൾ കേട്ട ശബ്ദം.’

കുഞ്ഞേട്ടൻ കുറച്ചുനേരം ആലോചിച്ചുനിന്നു. ഓർമകളെ രണ്ടു ദിവസം മുൻപിൽ നിന്ന് പെറുക്കിയെടുത്തുകൊണ്ടുവന്ന്​ സബ് ഇൻസ്പെക്ടർ വിജയൻ പിള്ളയുടെ മുന്നിൽ കുടഞ്ഞിട്ടുകൊണ്ടയാൾ പറഞ്ഞു, ‘ബോംബ് പൊട്ടുന്നതുപോലുള്ള ശബ്ദം ആയിരുന്നു, ഠോ എന്ന്.’

വിജയൻ പിള്ള അയാളെ ഒന്ന് ചുഴിഞ്ഞുനോക്കി. എന്നിട്ട് ചോദിച്ചു, ‘ബോംബ് പൊട്ടുന്ന ശബ്ദം ഇയാൾ ഇതിനുമുന്നേ കേട്ടിട്ടുണ്ടോ?’
‘ഇല്ല’, കുഞ്ഞേട്ടൻ മടിച്ചുമടിച്ചു പറഞ്ഞു.
‘എന്താ പേര്?’

‘കുഞ്ഞ്​, ഫിലിപ്പോസ് കുഞ്ഞ്​', അയാൾ പറഞ്ഞു.

13

‘‘സാർ ഇതുവരെയായിട്ടും പ്രധാന സസ്​പെക്​റ്റിനെ ചോദ്യം ചെയ്തിട്ടില്ല’, റബർ പ്ലാറ്റ്‌ഫോം ഇറങ്ങി മാസ്റ്ററുടെ മുറ്റത്തേക്ക് നടന്നുകൊണ്ടിരുന്ന വിജയൻ പിള്ളയുടെ പിന്നാലെ ഓടിയെത്തിക്കൊണ്ട് ബെന്നി പറഞ്ഞു.
‘അതാരാ, ഞാനറിയാത്ത ഒരു സസ്​പെക്​റ്റ്​?', വിജയൻ പിള്ള ബെന്നിയെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.
‘സുജനപാൽ, ഇവിടുന്നു രണ്ടാമത്തെ വീടാണ്. ജനാഭിപ്രായം വെച്ചുനോക്കിയാൽ അയാളാണ് പ്രൈം സസ്​പെക്​റ്റ്​. ഞാനൊന്ന് ഇന്ററോഗേറ്റ് ചെയ്തിരുന്നു, പക്ഷെ അയാളുടെ പ്രതികരണം അത്ര സുഖമുള്ളതായിരുന്നില്ല. സാർ അയാളെ മിസ് ചെയ്യരുത്.’
‘ഇയാൾ ആരാണെന്നാണ് പറഞ്ഞത്?’
‘സുജനപാൽ’
‘അതല്ല, താങ്കൾ’
‘ഓ, ഞാനോ? ഞാനൊരു പ്രൈവറ്റ് ഡിറ്റക്ടീവാണ്. ബെന്നി. ഷെർലോക് ബെന്നി എന്ന് ചിലർ വിളിക്കും’
‘ഈ പട്ടിക്കാട്ടുമുക്കിലും പ്രൈവറ്റ് ഡിറ്റക്റ്റീവോ?’, വിജയൻ പിള്ള ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.
ചിരിച്ചുകൊണ്ടയാൾ ജീപ്പിന്റെ മുൻസീറ്റിൽ കയറിയിരുന്നു. ക്ലീറ്റസിനോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു.

ബെന്നി അയാളുടെ ബുള്ളറ്റുമെടുത്ത് മുറ്റത്തുനിന്ന്​ ഇറക്കമിറങ്ങി. അയാളുടെ ബുള്ളറ്റിന്റെ പുകച്ചുരുളുകൾ ഡീസൽ മണം പരത്തി ബുള്ളറ്റിനൊപ്പം കുന്നിറങ്ങി.

ജീപ്പിന്റെ മുൻസീറ്റിലിരുന്ന് വിജയൻപിള്ള ക്ലീറ്റസിനോട് ബെന്നിയെപ്പറ്റി തിരക്കുന്നുണ്ടായിരുന്നു.

14

‘‘പന്ന കഴുവേറി മോനെ, നിന്നോട് എന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് ഒരു വട്ടം ഞാൻ പറഞ്ഞതാ’’
സുജനപാലിന്റെ കയ്യിൽക്കിടന്ന്​ ബെന്നിയുടെ കഴുത്ത് വിറച്ചു.
‘വിട് പിടി വിട്’, ബെന്നി ശബ്ദമിടറിക്കൊണ്ട് പറഞ്ഞു. അയാളുടെ ദുർബലമായ ശരീരത്തിന് സുജനപാലിന്റെ കരുത്തുമായി പിടിച്ചുനില്ക്കാൻ കഴിയുമായിരുന്നില്ല.
മലയിറങ്ങി ക്ലീറ്റസിന്റെ ജീപ്പ് വരുന്നതുകണ്ട് സുജനപാൽ കയ്യയച്ചു. ബെന്നി അയാളുടെ കൈക്കരുത്തിൽനിന്ന്​ കഴുത്ത് ഒരുവിധം ഊരിയെടുത്ത് ശ്വാസമെടുത്തു.

ക്ലീറ്റസ് ജീപ്പ് അവരുടെ അടുത്തേക്കടുപ്പിച്ചു.
എസ്. ഐ വിജയൻപിള്ള ഇറങ്ങിവന്നു. അയാൾ സുജനപാലിനെ അടിമുതൽ മുടിവരെ ഒന്നുനോക്കി.
കൺപുരികമുയർത്തി ആരാണ് എന്നൊരു ചോദ്യം അയാൾ സുജനപാലിനുനേരെ എറിഞ്ഞു.
സുജനപാൽ ഗൗരവം വിടാതെ പറഞ്ഞു, ‘സുജനപാൽ.’
‘ഓ, നിങ്ങളായിരുന്നോ ആ കക്ഷി’, വിജയൻപിള്ള ബെന്നിയുടെ നേരെ നോട്ടമയച്ചുകൊണ്ട് സുജനപാലിനോട് ചോദിച്ചു.
സുജനപാൽ ഒന്നും മിണ്ടാതെ വിജയൻ പിള്ളയുടെ മുഖത്തുറപ്പിച്ച കണ്ണുകളെ പിൻവലിക്കാതെ നിന്നു.
‘എന്തിനാണ് നിങ്ങൾ ഇയാളെ ഉപദ്രവിക്കുന്നത്?’
‘ഇയാൾ എനിക്കെതിരെ അപവാദം പറഞ്ഞുപരത്തുന്നു’, സുജനപാൽ അയാളുടെ അമർഷം മറച്ചുവെയ്ക്കാതെ വിജയൻപിള്ളയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
‘സാർ ഞാൻ അപവാദങ്ങളൊന്നും പറഞ്ഞിട്ടില്ല. എനിക്കുതോന്നിയ ചില സംശയങ്ങൾ’, ബെന്നിയെ പറയാൻ മുഴുമിപ്പിക്കാതെ വിജയൻ പിള്ള കൈകൊണ്ട് തടഞ്ഞു.
‘അതിന് ഇങ്ങനെയാണോ ഡീൽ ചെയ്യേണ്ടത്. നിങ്ങൾ ഇപ്പോൾ ഇയാളെ കൊന്നേനെയല്ലോ’, വിജയൻ പിള്ള സുജനപാലിന്റെ അടുത്തേക്ക് കൂടുതൽ ചേർന്നുനിന്നു.
സുജനപാൽ നിശ്ശബ്ദതയിലേക്ക് ആഴ്ന്നിറങ്ങി.
‘എന്താണ് നിങ്ങടെ അഫിപ്രായം?’, വിജയൻ പിള്ള സുജനപാലിനോട് ചോദിച്ചു.
‘മനസിലായില്ല’, അയാൾ പറഞ്ഞു.
‘ഈ പറയുന്ന ശബ്ദം താങ്കൾ കേട്ടിരുന്നോ?’
‘ഉം, തോട്ടപൊട്ടിച്ചതാണ് എന്നാണ് എനിക്ക് തോന്നിയത്', അയാൾ പറഞ്ഞു.
‘നിങ്ങൾ എവിടെയായിരുന്നു അപ്പോൾ?’
‘ഞാനെന്റെ വീടിന്റെ മുറ്റത്തായിരുന്നു.’
‘തോട്ട പൊട്ടുന്നത് എന്നുപറഞ്ഞല്ലോ. പുഴയിൽ തോട്ടപൊട്ടുന്നതുപോലുള്ള ശബ്ദമായിരുന്നോ, പാറമടയിൽ തോട്ടപൊട്ടുന്നതുപോലുള്ളതായിരുന്നോ കേട്ടത്?’
സുജനപാൽ കുറച്ചു നേരം ആലോചിച്ചുനിന്നു.
‘ഇത് രണ്ടുമല്ല. ചുമ്മാ ഒരു തോട്ടപൊട്ടുന്നതായിട്ടാണ് എനിക്ക് തോന്നിയത്’, അയാൾ പറഞ്ഞു.
‘എവിടെ നിന്നാണ് കേട്ടത്?’
‘എന്റെ വീടിന്റെ പുറകിലെ കുന്നിന്റെ വടക്കുവശത്ത് ഏകദേശം മാഷ്​ടെ പറമ്പിന്റെ മൂലക്കുനിന്നാണ് എന്നാണ് തോന്നുന്നത്’, അയാൾ പറഞ്ഞു.
‘ഒക്കെ ഇവിടെ വന്നിട്ട് എത്ര കാലമായി?’
‘ആറേഴുമാസം ആയിക്കാണണം?’
‘ഓഹോ, എവിടെയായിരുന്നു ഇതിനുമുന്നേ?’
‘ഒറ്റപ്പാലം’
‘ഉം, അവിടെ എന്തായിരുന്നു ജോലി?.
‘സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു.’
വിജയൻ പിള്ള, പോക്കറ്റിൽ നിന്ന്​ ഒരു സിഗരറ്റ് കവറും പേനയും എടുത്ത് അയാളുടെ നേർക്കുനീട്ടി.
‘‘പഴയ അഡ്രസും, ജോലി ചെയ്ത സ്ഥലവും ഇതിലൊന്ന് എഴുതിക്കേ. പിന്നെ, എന്നോടുപറയാതെ ഇവിടം വിട്ടുപോവരുത്.''
സുജനപാൽ പേടിച്ചതുപോലെ തോന്നി. അയാൾ വിഷമം പ്രകടിപ്പിച്ചു, ‘‘എന്റെ മകൾ ടൗണിലാണ് പഠിക്കുന്നത്. അവളെ കൂട്ടിക്കൊണ്ടുവരാൻ വെള്ളിയാഴ്ച എനിക്ക് പുറത്തുപോകേണ്ടി വരും.''
‘‘അത് കുഴപ്പമില്ല. ശനിയാഴ്ച്ച സ്റ്റേഷനിൽ വന്നെന്നെ ഒന്ന് കാണണം.''
‘ചെയ്യാം’
വിജയൻ പിള്ള ജീപ്പിൽ കയറി, ക്ലീറ്റസ് സ്റ്റാർട്ട്​ ചെയ്തു, ജീപ്പ് മുന്നോട്ടുപോയി.
കുറച്ചങ്ങുചെന്ന ജീപ്പ് ഒന്നുനിന്നു.
വിജയൻപിള്ളയുടെ ഉടൽ ജീപ്പിന്റെ വെളിയിൽ പ്രത്യക്ഷമായി.
അയാൾ ബെന്നിയെ കൈമാടി വിളിച്ചു, ‘ഇവിടെനിന്ന് കറങ്ങാതെ, ഇയാളൊന്ന് സ്റ്റേഷൻ വരെ വരണം.’
ബെന്നി ബുള്ളറ്റിന്റെ കിക്കറടിച്ച്​ സ്റ്റാർട്ടു ചെയ്തു. വിജയൻപിള്ളയുടെ ജീപ്പിനെ പിന്തുടർന്നു.
സുജനപാൽ തല കുനിച്ച്​ വീട് ലക്ഷ്യമാക്കി നടന്നു.

15

സ്റ്റേഷൻ

എസ്. ഐ വിജയൻ പിള്ളയുടെ ഓഫീസിൽ മരമേശയ്ക്കപ്പുറം ബെന്നി ഇരിക്കുകയാണ്.
ആദ്യമായിട്ടാണ് അയാൾ ഒരു പോലീസ് സ്റ്റേഷനിൽ ഇത്രയും ആധികാരികതയോടെ ഇരിക്കുന്നത്.
അതിന്റെ അങ്കലാപ്പ് ഉള്ളിലുണ്ടെങ്കിലും പുറമേക്ക് അത്രയും കാണിക്കാത്ത വിധമാണ് ബെന്നിയുടെ ഇരുപ്പ്.

ബെന്നിയുടെ നിഗമനങ്ങൾ അറിയാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായി എന്നത് അയാളെ കുറച്ചൊന്നുമല്ല ഉള്ളുകൊണ്ട് സന്തോഷിപ്പിക്കുന്നത്.

‘‘എന്തൊക്കെയാണ് ബെന്നി, നിന്റെ തിയറീസ്’’, വിജയൻ പിള്ള അയാളുടെ മെലിഞ്ഞ ഉടൽ മേശമേൽ മുന്നോട്ടാഞ്ഞ്​ ബെന്നിയുടെ കണ്ണുകളിലേക്ക് നോക്കി ചോദ്യമെറിഞ്ഞു.
ബെന്നി കുറച്ചുനേരം രണ്ടു കൈയുടെയും ചൂണ്ടുവിരലുകളെ നെറ്റിയ്ക്കിരുവശവും തിരുമ്മിക്കൊണ്ട് തന്റെ നിഗമനങ്ങൾ എണ്ണമിട്ട് അവതരിപ്പിക്കാനായി തയ്യാറായി.
‘‘നമ്മുടെ മുന്നിൽ ഈ ശബ്ദം, അതെന്തുമാകട്ടെ, കേട്ടതായി റിപ്പോർട്ട്​ ചെയ്തവരിൽ പലരും പല വിധത്തിലാണ് ശബ്ദത്തെ ഇന്റെ മൊഴിയായി തന്നിട്ടുള്ളത്. ഭൂവുടമ മാഷ് ശബ്ദം എന്തായിരുന്നു എന്ന് കൃത്യമായിട്ട് ഓർത്തെടുക്കുന്നില്ല. അതേസമയം ടീച്ചർക്ക് ഒരു വിമാനം പൊട്ടിവീഴുമ്പോഴത്തെപ്പോലൊരു ശബ്ദമായിട്ടാണ് ഫീൽ ചെയ്തിട്ടുള്ളത്. ശബ്ദം ഏറെക്കുറെ തൊട്ടടുത്തുനിന്ന് കേട്ടു എന്ന് നമുക്ക് കരുതാവുന്ന കുഞ്ഞേട്ടൻ ശബ്ദത്തെ ഒരു ബോംബ് പൊട്ടുന്ന ശബ്ദമായിട്ടാണ് വിവരിച്ചത്. എന്നാൽ കുഞ്ഞേട്ടന്റെ കൂടെയുണ്ടായിരുന്ന ഏലിയാമ്മ ശബ്ദം കേട്ടിട്ടേയില്ല. അവർക്ക് കേൾവിക്കുറവുണ്ട് എന്ന വസ്തുത നമുക്ക് തള്ളിക്കളയാനാവില്ല. തോട്ടം പാട്ടത്തിനെടുത്ത സ്വപ്നജീവികളായ ഇരട്ടകൾക്ക് ശബ്ദം കേട്ടതിനെക്കുറിച്ച്​ അത്ര തീർപ്പില്ല. മാത്രമല്ല, എന്റെ അന്വേഷണത്തിൽ അവർ പ്രസ്തുതദിവസം സംഭവം നടന്ന പുരയിടത്തിലുണ്ടായിരുന്നു എന്ന് നമുക്ക് കരുതാനുമാവില്ല.

പിന്നെയുള്ളത് സുജനപാൽ ആണ്. അയാളുടെ വീട് ശബ്ദമുണ്ടായി എന്ന് കരുതപ്പെടുന്ന പുരയിടത്തിൽ നിന്ന്​ സുമാർ മുന്നൂറ് മീറ്റർ താഴെയായി തെക്കുഭാഗത്തുള്ള മലഞ്ചെരിവിലാണ്.
അയാൾ ശബ്ദം കേട്ടത് തോട്ട പൊട്ടുന്നതായിട്ടാണ്. അയാളുടെ ഭാര്യയെക്കൂടി നമുക്ക് ചോദ്യം ചെയ്താലേ അവരെന്താണ് റിപ്പോർട്ട്​ ചെയ്തത് എന്ന് മനസിലാക്കാൻ കഴിയൂ.’
‘ഇതുവരെ പറഞ്ഞതുതന്നെയാണ് എന്റെയും മനസിലൂടെ പോയത്’, ബെന്നിയുടെ നിഗമനങ്ങളെ വിജയൻ പിള്ള ശരിവെച്ചു.
‘ഈ സുജനപാലിനെപ്പറ്റി ബെന്നിക്ക് എന്തൊക്കെയോ സംശയങ്ങളുള്ളതായി പറഞ്ഞല്ലോ, എന്താണത് ?'
‘എനിക്ക് അയാളെ സംശയമുണ്ടെന്നത് സത്യമാണ്. എനിക്കുമാത്രമല്ല നാട്ടിലെ മിക്കവർക്കും അയാളെ സംശയമുണ്ട്. ഒന്നാമത്, അയാൾ നാട്ടിൽ പുതിയ ആളാണ്. ആരുമായും ഒരു ബന്ധവുമില്ല. അയാളെപ്പറ്റി പല കഥകൾ നാട്ടിൽ പ്രചരിക്കുന്നുണ്ട്. അയാൾക്ക് വിഗ്രഹമോഷണ റാക്കറ്റുമായി ബന്ധമുണ്ട് എന്നൊരു തിയറിയാണ് ഏറ്റവും സ്ട്രോങ്. പിന്നെ കേൾക്കുന്നത്, അയാളുടെ അളിയൻ നക്‌സലൈറ്റ് ആയിരുന്നെന്നും ആന്ധ്രയിൽ നിന്നുള്ള സ്പെഷ്യൽ പോലീസ് ടീം അളിയനെ പൊക്കാൻ വന്നപ്പോഴുണ്ടായ വെടിവെപ്പാണ്​ ആളുകൾ കേട്ടത് എന്നുമാണ്.’
‘ഏയ് അതിന് ചാൻസില്ല, അങ്ങനെയുണ്ടായാൽ സ്റ്റേഷനിൽ റിപ്പോർട്ട്​ചെയ്യപ്പെടേണ്ടതാണ്. പ്രത്യേകിച്ചും പോലീസൊക്കെ ഇൻവോൾവ് ആയിട്ടുണ്ടെങ്കിൽ. മാത്രമല്ല, മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങളും ആയിരുന്നെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മൽപ്പിടുത്തം നടന്നതായിട്ടുള്ള തെളിവുകളുണ്ടാവേണ്ടതാണ്. ആരുടെയെങ്കിലും കണ്ണിൽപ്പെടാതെയോ, വാഹനങ്ങൾ ഉപയോഗിക്കാതെയോ ഈ പറഞ്ഞ രണ്ടു കാര്യങ്ങളും നടക്കാനിടയില്ല. ആ തിയറിയിൽ ഞാനത്ര കൺവിൻസിംഗ് അല്ല’, വിജയൻപിള്ള പോലീസ് ബുദ്ധി കൂർപ്പിച്ചുകൊണ്ട് പറഞ്ഞു.
ബെന്നി ആലോചനകൾക്കുശേഷമാണെങ്കിലും ആ നിഗമനത്തെ മെല്ലെ തലയാട്ടിക്കൊണ്ട് ശരിവെച്ചു.
‘‘പിന്നെ കേൾക്കുന്ന ഒരു തിയറി എന്താണെന്നുവെച്ചാൽ, സുജനപാലിന്റെ മകളുമായി ബന്ധപ്പെട്ട പ്രണയ കഥയാണ്.’
‘‘അതിൽ എത്ര വാസ്തവമുണ്ട് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ആ കുട്ടിയെ കോണ്ടാക്ട് ചെയ്യാൻ ഒരു കോൺസ്റ്റബിളിനെ ഏർപ്പാട് ചെയ്തിട്ടുണ്ട്. നാളെയോടെ കുട്ടിയുടെ മൊഴി നമുക്ക് കിട്ടും.’’
‘‘ഓ, പിന്നെ സാറിനോട് പറയാൻ മറന്നു. ഇതിനിടെ ഞാനൊന്ന് ഒറ്റപ്പാലം വരെ പോയി വന്നു. ഈ സുജനപാൽ മുൻപ് താമസിച്ചിരുന്ന സ്ഥലവും, അയാൾ ജോലി ചെയ്തിരുന്ന സഹകരണ ബാങ്കും ഒക്കെ നേരിട്ട് പോയി അന്വേഷിച്ചു. ഒരു ചെറിയ സാമ്പത്തിക തിരിമറിയെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളിലാണ് അയാൾക്ക് ജോലി പോകുന്നത്. പണം തിരിച്ചടച്ച്​ കേസിൽ നിന്നൊഴിവായെങ്കിലും ഉള്ളതെല്ലാം വിറ്റു പെറുക്കി അയാൾ ഇവിടെ സ്ഥലം വാങ്ങുകയായിരുന്നു.
ആ ഒരർത്ഥത്തിൽ അയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് നമുക്കുവേണമെങ്കിൽ പറയാം.’’

‘‘എടുത്തുചാടി നമുക്കങ്ങനെയൊരു നിഗമനത്തിലെത്താൻ കഴിയില്ല. പോലീസ് റൂട്ടിൽ ഞാനും ഒന്നന്വേഷിക്കട്ടെ’’, വിജയൻ പിള്ള കസേരയിൽ നിന്നെഴുന്നേറ്റ്, കാലുകൊണ്ട് കസേര പിന്നിലേക്ക് നീക്കിയിട്ട്, കയ്യും കാലും സ്‌ട്രെച്ച് ചെയ്തു.
തനിക്ക് അവിടെനിന്ന്​ പോവേണ്ട സമയമായിരിക്കുന്നു എന്നു മനസിലാക്കിയ ബെന്നി യാത്ര പറഞ്ഞിറങ്ങി.
ഇറങ്ങുന്നതിനുമുന്നേ വിജയൻപിള്ള ഒരു ആവശ്യം കൂടി മുന്നോട്ടുവെച്ചു, ‘ബെന്നീ, നമുക്ക് നാളെ രാവിലെ ആ പറമ്പിൽ ഒന്നുകൂടി പോവണം. തന്റെ ബുള്ളറ്റും കൊണ്ടിതി​ലേ ഒന്നുവരണം.’

16

പിറ്റേന്നുരാവിലെ, ബെന്നിയും വിജയൻ പിള്ളയും മാഷുടെ കശുമാവിൻ തോട്ടത്തിൽ കുന്നുകയറിയെത്തി. മാഷുടെ പറമ്പിൽക്കൂടിയുള്ള വഴി ഒഴിവാക്കി, പുറകുവശത്തെ കുന്നു കയറിയാണ് രണ്ടുപേരും തോട്ടത്തിലേക്കെത്തിയത്.

കശുമാവിൻ തോട്ടത്തിൽനിന്ന് നോക്കിയാൽ, പല അടരുകളായി ചെറുകുന്നുകൾ ദൂരെ കാണാം.
അകലെയുള്ള ഏതോ ഒരു കുന്നിൻചെരുവിൽ നിന്ന്​ മാറ്റൊലിയായി റേഡിയോ ഗാനം കേൾക്കാം.
‘‘സാറിന് ഒരു കാര്യം അറിയുമോ, നമുക്ക് മൊഴികൾ തന്നിട്ടുള്ളവരുടെ കൂട്ടത്തിൽ ഏറ്റവും സൂഷ്മമായ കേൾവിശക്തിയുള്ളത് ആർക്കാണെന്ന് അറിയാമോ?’
‘‘ആർക്കാണ്.''
‘‘ആ ടീച്ചർക്കാണ്. വീട്ടിൽ നിന്ന്​ സുമാർ അരകിലോമീറ്റർ അകലെയാണ് മെയിൻ റോഡ് അല്ലേ?. അതിനിടയിൽ രണ്ടുമൂന്ന് പുരയിടങ്ങളും, ഇടവഴികളുമുണ്ട്. വീടിന്റെ മുറ്റത്തുനിന്ന് മെയിൻ റോഡിലൂടെ പോകുന്ന വണ്ടികളുടെ ശബ്ദം വേർതിരിച്ച്​ കൃത്യമായിട്ട് പറയും ആ ടീച്ചർ.
മിത്സുബിഷി മിനി ലോറി പോയി, ഓട്ടോറിക്ഷ പോയി, ജോർജിന്റെ സ്‌കൂട്ടർ, ലൈല മിനി ബസ്, സ്റ്റേറ്റ് ബസ് കുന്നിറങ്ങി വരുന്നത്... അങ്ങനെയങ്ങനെ ഓരോ ശബ്ദവും കൃത്യമായിട്ട് ആ ടീച്ചർ വേർതിരിച്ചെടുത്ത് പറയും.''
‘ബെന്നി പറഞ്ഞുവരുന്നത്?’
‘മറ്റൊന്നുമല്ല, എന്റെ ഇന്റ്യൂഷൻ പറയുന്നത് ശബ്ദത്തിന്റെ കേസിൽ നമുക്ക് ഏറ്റവും അടുത്ത് വിശ്വസിക്കാവുന്നത് ടീച്ചറിന്റെ മൊഴിയായിരിക്കും എന്നാണ്.’
‘എന്നുവെച്ചാൽ വിമാനം പൊട്ടി വീഴുന്ന ശബ്ദമോ?’, വിജയൻ പിള്ള ചിരിച്ചു.
‘‘അല്ലെങ്കിൽ, അതെ ഫ്രീക്വൻസിയിലുള്ള ഒരു ശബ്ദം. ഏതോ ഒരു പ്രത്യേക ഫ്രീക്വൻസിയിലുള്ള ശബ്ദമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് ഒരേ പോലെ എല്ലാവർക്കുമത് കേൾക്കാൻ സാധിക്കാതെ വരുന്നത്.’'
‘‘ബെന്നിക്ക് പ്രപഞ്ചത്തിലെ ആദ്യത്തെ ശബ്ദം ഏതാണെന്ന് അറിയാമോ?''
ബെന്നി ഒന്നും മിണ്ടിയില്ല.
‘‘ബിഗ്ബാംഗ്. ഒറ്റപ്പൊട്ടിത്തെറിക്കൽ ആയിരുന്നു. പ്രപഞ്ചമുണ്ടായതുതന്നെ ഒരു വലിയ ശബ്ദത്തോടെയാണ്.''
‘‘സാറിന് ഈ കേസന്വേഷണത്തിന്റെ ഇടയിലും ഇങ്ങനത്തെ വായനയൊക്കെ നടക്കുന്നുണ്ടോ?''
‘‘ഇല്ലെടാ. ഇത് പണ്ടെപ്പോഴോ വായിച്ചതാണ്. ഒന്നാലോചിച്ചു നോക്കിക്കേ, നമ്മുടെ ജീവിതം ശബ്ദങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എത്ര വിരസമായിരുന്നേനെ എന്ന്. കാതു കൂർപ്പിച്ചാൽ കേൾക്കുന്ന എത്രയെത്ര ശബ്ദങ്ങളുണ്ട്. ഉറുമ്പ് നടക്കുന്നത്, ഇല വീഴുന്നത്, പക്ഷികൾ ചിറകടിക്കുന്നത്, ദേ ഈ കശുമാവിന്റെ മുകളിൽ കിളി വന്നിരിക്കുന്നത്, കരിയിലയുടെ മുകളിലൂടെ പാമ്പിഴയുന്നത്. അങ്ങനെയങ്ങനെ കേൾക്കാൻ കഴിയുന്നതും അല്ലാത്തതുമായ എത്രെയെത്ര ശബ്ദങ്ങൾ. ഈ മലകൾക്കൊക്കെ അപ്പുറത്ത് ഏതോ വീട്ടിലെ റേഡിയോയിൽ നിന്ന്​ പുറത്തുവരുന്ന പാട്ടുവരെ കേൾക്കാം. കേട്ടില്ലേ, ആലപ്പുഴപ്പട്ടണത്തിൽ അതിമധുരം വിതറിയോളെ..''

കാറ്റിനൊപ്പം കുന്നുകൾക്കിടയിൽ നിന്നേതോ വീട്ടിലെ റേഡിയോ പാടിത്തിമിർക്കുകയാണ്.

‘പിന്നെ, ഒരു കാര്യം മറന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഈ പരിസരത്തുനിന്ന് ആരെങ്കിലും മിസ്സിംഗ് ആയിട്ടുണ്ടോ’, വിജയൻ പിള്ള കേസിലേക്ക് തിരിച്ചുവന്നുകൊണ്ട് ചോദിച്ചു.

ബെന്നി തന്റെ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി.

കാറ്റു വീശി. ഇലകൾ പൊഴിഞ്ഞു. ഒന്നുരണ്ടു കശുമാമ്പഴങ്ങൾ ഞെട്ടറ്റു കരിയിലകൾക്കുമീതെ പതിച്ചു.
കരിമ്പാറക്കെട്ടുകൾക്കുമറവിൽ നിന്ന്​ പ്രേതരൂപികൾ ക്ഷണിക്കാതെ വന്ന അതിഥികൾ കുന്നിറങ്ങുന്നത് പ്രതീക്ഷിച്ച്​ വെയിൽ കാഞ്ഞുള്ള കിടപ്പുതുടർന്നു.

സബ് ഇൻസ്പെക്ടർ വിജയൻ പിള്ളയും, ലോക്കൽ ഡിക്ടറ്റീവ് ബെന്നിയും മലഞ്ചെരുവ് ഇറങ്ങുവാൻ തുടങ്ങി.

വെട്ടുകൽ കുഴികൾ പിന്നിട്ട താഴോട്ട് ഇറങ്ങുമ്പോഴായിരുന്നു ഉപേക്ഷിച്ചുപോയ വെട്ടുകൽ മടകളിൽ ഒന്നിൽ നിന്നൊരു ആളനക്കം അവരുടെ ശ്രദ്ധയിൽ പെട്ടത്.

17

ഉണങ്ങിയ ഓലമടലിൽ, കാലുപൊക്കി വെച്ച് കിടക്കുകയാണവൾ. ദേഹത്തുനിന്ന്​വസ്ത്രങ്ങൾ മാറിക്കിടക്കുന്നു.
അവളുടെ കൈവിരലുകൾ അവളുടെ തന്നെ സുഖമുൽപ്പാദിപ്പിക്കുന്ന ആഴങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവളറിയാതെ ഉള്ളിൽ നിന്ന്​ ശീൽക്കാര ശബ്ദങ്ങൾ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കുന്നിൻചെരുവിലൂടെ നേർത്തുനേർത്ത് പടർന്നു.
കൽമടയുടെ മുകളിൽനിന്ന് വിജയൻ പിള്ളയും, ബെന്നിയും കണ്ണുമിഴിച്ച്​ അന്തിച്ചു നിൽക്കുന്നത് കണ്ടാണ് അവൾ കണ്ണുതുറന്നത്.
പെട്ടെന്നുതന്നെ ഉടുപ്പുകൾ നേരെയാക്കി, അവൾ ഓലമടലിൽ നിന്ന്​എഴുന്നേറ്റിരുന്നു.
വിജയൻ പിള്ള മുഖം തെറ്റിച്ച്​ ബെന്നിയെ നോക്കി.
ബെന്നി ഒന്നും മിണ്ടേണ്ട എന്ന ആഗ്യം കാണിച്ച്​ സ്റ്റെപ്പിറങ്ങി.
വെട്ടുകല്ലുകൾ വെട്ടിയെടുത്ത് ഉണ്ടായ സ്റ്റെപ്പുകളിറങ്ങി അയാൾ താഴെയെത്തി.
വിജയൻപിള്ളയെ പിന്നാലെ വരാൻ ആംഗ്യം കാണിച്ചു വിളിച്ചു.
‘‘നീ ചമ്മുവൊന്നും വേണ്ട പെണ്ണെ. സാറ് ഡീസന്റാ. ഞങ്ങളാരോടും പറയാനൊന്നും പോണില്ല', ബെന്നി പെണ്ണിനോട് പറഞ്ഞു.
‘പറഞ്ഞാലും എനിക്ക് പുല്ലാണ്’, അവൾ തിരിച്ചടിച്ചു.
‘നീ ഇടയ്ക്കിവിടെ വന്നു കിടക്കാറുണ്ടോ’, ബെന്നി ചോദിച്ചു.
‘ഉം, വല്ലപ്പോഴും', അവൾ പറഞ്ഞു.
‘ഈ കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴെങ്കിലും ഈ വഴി വന്നിരുന്നോ?’
‘ഉം’
‘എന്തെങ്കിലും പ്രത്യേക ശബ്ദം കേട്ടിരുന്നോ.?'
‘കേട്ടല്ലോ, ഒരു വെളിച്ചവും കണ്ടു.’
‘വെളിച്ചമോ?’ വിജയൻപിള്ളയാണ് അത് ചോദിച്ചത്.
‘അതെ '
‘ഒന്ന് വ്യക്തമായിട്ട് പറയാമോ’, വിജയൻ പിള്ള ചോദിച്ചു.
‘‘ഏറെക്കുറെ പകൽ പകുതി സമയമായിക്കാണും. ഉച്ചിയിൽ വെയിൽ പൊള്ളുന്നുണ്ടായിരുന്നു. ഞാനിവിടെ ഈ വെട്ടുകൽ കുഴിയിൽ സ്വപ്നം കണ്ടു കിടക്കുകയായിരുന്നു. ചൂടൻ ബൈജു കുന്നുകയറി പോകുന്നത് കണ്ടു. ഞാൻ അവനെ വിളിച്ചു. ഇടയ്ക്ക് ഞാനും അവനും കൂടി കൂടാറുണ്ടായിരുന്നു. എനിക്കവന്റെ ഭ്രാന്ത് ഇഷ്ടമാണ്. അന്നെന്തോ അവൻ എന്നെ ശ്രദ്ധിക്കാതെ കുന്നുകയറി മറഞ്ഞു. പെട്ടെന്ന് ഞാനൊരു ശബ്ദം കേട്ടു. പിന്നൊരു നീലവെളിച്ചവും'', പെണ്ണ് പറഞ്ഞു നിർത്തി.
വിജയൻ പിള്ളയും ബെന്നിയും മുഖത്തോടുമുഖം നോക്കി കുറച്ചുനേരം നിന്നു.
‘‘ട്ടോ എന്നാണോ, ഠോ എന്നാണോ, ഇട്ടോ എന്നാണോ, ട്ടേ എന്നാണോ നിങ്ങൾ കേട്ട ശബ്ദം’’, വിജയൻ പിള്ള നിലത്ത് കുനിഞ്ഞിരുന്ന് താഴെ വെട്ടുകല്ല് കുഴിയിൽ വിരിഞ്ഞുനിൽക്കുന്ന കൽപ്പൂവായ പെണ്ണിനോട് ചോദിച്ചു.
അവൾ കുറച്ചുനേരം ആലോചിച്ചു നിന്നു. ആലോചനയിൽ നിന്ന്​ ഞെട്ടിയുണർന്ന് അവൾ വ്യക്തമാക്കി, ‘ഠോ'

18

പെണ്ണിനെ അവളുടെ സ്വപ്നങ്ങൾക്ക് വിട്ടുകൊടുത്ത് ബെന്നിയും വിജയൻ പിള്ളയും കുന്നിറങ്ങി മണ്ണുറോഡിലെത്തി.
ആദ്യം കണ്ട ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചുനിർത്തി അവർ പോലീസ് സ്റ്റേഷനിലേക്ക് യാത്ര തുടങ്ങി.
സ്റ്റേഷനുകുറച്ചു മുന്നേയുള്ള ജംഗ്​ഷനിൽ ഓട്ടോ നിർത്തിച്ച്​ രണ്ടുപേരും ഇറങ്ങി.
ഒരു ചെറിയ കടത്തിണ്ണയിൽ ബെഞ്ച് വലിച്ചിട്ട് ചായപ്പീടിക സൃഷ്ടിച്ചിരുന്നു.
മരബെഞ്ചിൽ രണ്ടുപേരും ഇരുന്നു.
വിജയൻ പിള്ള കടുപ്പത്തിലൊരു ചായ ഓർഡർ ചെയ്തു. ബെന്നി പാൽചായയും ബണ്ണും.
ചായകൾക്കും ബെന്നുകൾക്കും ഇടയിൽക്കൂടി രണ്ടുപേരും ആലോചന തുടങ്ങി.
ചായക്കടയ്ക്ക് മുന്നിലെ താൽക്കാലിക സ്റ്റേജിൽ ഒരു അനുസ്മരണ യോഗം തുടങ്ങാനുള്ള മൈക്ക് അനൗൺസ്​മെൻറ്​, റോഡിലൂടെ കടന്നുപോകുന്ന ഓട്ടോറിക്ഷകളും, ജീപ്പുകളും, ബൈക്കുകളും, ടിപ്പറുകളും പുകച്ചിട്ടു പോയ ശബ്ദങ്ങളിൽ തട്ടി അവിടെയാകയും പരന്നൊഴുകുന്നത് ഇരുവരും ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല.
‘‘കുടിയേറ്റമനുഷ്യരുടെ ഇല്ലായ്മകളിൽ ചങ്കു കൊണ്ടും പണം കൊണ്ടും കൂടെ നിന്ന വലിയൊരു മനുഷ്യസ്‌നേഹിയായ കുഞ്ഞേട്ടനാണ് നമ്മളെ ഈ കഴിഞ്ഞ ദിവസം വിട്ടുപിരിഞ്ഞു പോയത്. പ്രിയപ്പെട്ട നാട്ടുകാരെ, ഈ ഗ്രാമത്തിന് കുഞ്ഞേട്ടൻ എത്രകണ്ട് പ്രിയപ്പെട്ടവനായിരുന്നു എന്ന് നാമോരോരുത്തരും അനുസ്മരിക്കുന്ന ദിവസമാണ് ഇന്ന്.''
മൈക്കിലൂടെ അനൗൺസ്​മെൻറ്​ മുറുകുകയാണ്.
ഇടയിലൂടെ ടക ടക ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഓട്ടോറിക്ഷകൾ പായുന്നുണ്ട്.
വെടിപൊട്ടുന്ന ശബ്ദം ഇടയ്ക്ക് കേൾപ്പിച്ചുകൊണ്ട് ഒരു ബുള്ളറ്റ് റോഡിലൂടെ പോയി.
വിജയൻ പിള്ള ചിന്തകളിൽ നിന്നുണർന്നു.
‘ആരുടെ അനുസ്മരണമാണിത്?’, അയാൾ ചായപ്പീടികക്കാരനോട് ചോദിച്ചു.
‘അത് മ്മളെ കുഞ്ഞേട്ടന്റെയാണ്. മിനിഞ്ഞാന്ന് മരിച്ചുപോയില്ലേ’, പീടികക്കാരൻ പറഞ്ഞു.
‘ഈ കുഞ്ഞേട്ടനല്ലേ ഠോ ആദ്യം കേട്ടത്?', വിജയന്പിള്ള ബെന്നിയെ നോക്കി ശബ്ദം താഴ്ത്തി ചോദിച്ചു.
‘അത് ഇതല്ല, വേറൊരു കുഞ്ഞേട്ടൻ’, ബെന്നി ആലോചിച്ചുറപ്പുവരുത്തിക്കൊണ്ട് പറഞ്ഞു.
‘ഈ നാട്ടിൽ എത്ര കുഞ്ഞേട്ടന്മാരുണ്ട്?’
‘കോട്ടയത്തുള്ള മത്തായിമാരുടെ അത്രേം’, ബെന്നി ചിരിച്ചുകൊണ്ട് പറഞ്ഞു.
‘എങ്ങനാ മരിച്ചത്?’
‘അറ്റാക്ക് ആയിരുന്നു’, ചായപ്പീടികക്കാരൻ ചായഗ്ലാസുകൾ അടുക്കളയിലേക്ക് കൊണ്ടുപോകുന്നതിനിടെ പറഞ്ഞു.
‘അറ്റാക്ക്’, വിജയൻ പിള്ള ഒന്നിരുത്തി ആലോചിച്ചു. മുഖം വെട്ടിച്ചു ബെന്നിയെ ഒരു നോട്ടമെറിഞ്ഞു വിളിച്ചു, ‘അറ്റാക്ക്. ആകെ മൊത്തം ദുരൂഹമാണല്ലോ ബെന്നി.’
ബെന്നി മീശയിൽ പറ്റിപ്പിടിച്ചു കിടന്നിരുന്ന പാൽപ്പതകളെ നാവുകൊണ്ട് വടിച്ചെടുത്ത് തലകുലുക്കിക്കൊണ്ട് അതങ്ങു ശരിവെച്ചു.

19

കടുത്ത മൂടൽമഞ്ഞ്​ നിറഞ്ഞ കുന്നിൻചെരിവ്. തൊട്ടുമുന്നിൽ ആന വന്നു നിന്നാൽ പോലും അറിയില്ലത്ര കട്ടിയുള്ള മഞ്ഞ്​.
വിജയൻപിള്ള ബെന്നിയുടെ കൈകൾ തിരഞ്ഞു.
തൊട്ടടുത്തുനിന്ന് കാൽച്ചിലങ്കകളുടെ ശബ്ദം കേൾക്കാം.
ചിലും ജിലും ചിലും...

അയാളുടെ ഹൃദയമിടിപ്പ് താളം കൂടുന്നത് വ്യക്തമായിട്ടും അറിയുന്നുണ്ട്. കാലുകൾ തളരുന്നതുപോലെ.
ചിലങ്കയുടെ ശബ്ദം അടുത്തടുത്തേക്കുവരുന്നു. അതോ ചിലങ്കയുടെ ശബ്ദത്തിനടുത്തേക്ക് നടന്നുചെല്ലുന്നതാണോ.
കോടമഞ്ഞിൽനിന്ന്​ പെട്ടെന്ന് അവൾ കണ്ണുതുറന്നു ചിരിക്കുന്നതാണ് കണ്ടത്, പെണ്ണ്...
അവളുടെ വിരലുകൾ അവളുടെ ആഴങ്ങളിൽ താളത്തിൽ ഉയരുകയും താഴുകയും ചെയ്യുന്നു. അതിനൊപ്പം അവളുടെ ശീൽക്കാരശബ്ദങ്ങളും, കാൽച്ചിലങ്കയുടെ ശബ്ദവും കൂടിക്കലർന്നു കേൾക്കാം.
നരച്ച മുടിയും, മുഷിഞ്ഞ ഷർട്ടും കീറ ലുങ്കിയും ധരിച്ച ഒരാൾ അവരെ നോക്കി ചിരിച്ചുകൊണ്ട് കുന്നുകയറിപ്പോകുന്നുണ്ടായിരുന്നു.
പെട്ടെന്നൊരു നീലവെളിച്ചം അവിടെ വന്നു മൂടി.
ഇടിവെട്ടുന്നതുപോലൊരു ശബ്ദവും.
വിജയൻ പിള്ള ഞെട്ടിയുണർന്നു.
അയാൾ വിയർത്ത് കുളിച്ചിരുന്നു.

20

പിറ്റേന്ന് പകൽ.

‘‘ബെന്നിക്കറിയുമോ, നല്ലൊരു കുറ്റാന്വേഷകൻ ഇന്റ്യൂഷനുകളെ വിശ്വസിക്കണം. എനിക്ക് തോന്നുന്നു, നമ്മുടെ പിടിയിൽപ്പെടാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന എന്തോ ഒരു ദുരൂഹത ഈ വെടിശബ്ദത്തെ ചുറ്റിപ്പറ്റിയുണ്ടെന്നാണ്.’

‘‘സുജനപാലിനെ പരിപൂർണ്ണമായിട്ടങ്ങു വിട്ടുകളയാൻ തോന്നുന്നില്ല. ലോജിക്കലി നോക്കിയാൽ അയാൾക്ക് എന്തോ ബന്ധമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.''

‘‘അയാൾ പക്ഷെ, സംഭവം നടക്കുമ്പോൾ സംഭവസ്ഥലത്തില്ലായിരുന്നു എന്നൊരു അലീബിയുണ്ട്.’’

‘അയാൾക്ക് നേരിട്ട് പങ്കില്ലായിരിക്കാം, പക്ഷെ...’

‘‘മൊഴികളനുസരിച്ച്​, അതൊരു തോക്കിൽനിന്നുള്ള ശബ്ദം അല്ലായിരുന്നു. സുജനപാലോ, അയാൾക്ക് ബന്ധമുള്ളവരോ തോക്കുപയോഗിച്ചു എന്ന് നമുക്ക് പ്രൂവ് ചെയ്യാൻ സാധിക്കില്ല. തോക്കുപയോഗിച്ചിരുന്നുവെങ്കിൽ മാഗസിനുകളോ, ബുള്ളറ്റിന്റെ അവശിഷ്ടങ്ങളോ പരിസരത്തുനിന്ന്​ കിട്ടേണ്ടതാണ്.''

‘അത് ശരിയാണ്.’

‘ശബ്ദം കേട്ടവർ, ഒരു വിമാനം പൊട്ടി വീഴുന്നതുപോലൊരു ശബ്ദം എന്നാണ് സൂചിപ്പിച്ചത്. അതാണ് കൂടുതൽ വിശ്വസനീയമായത്.’

‘ഇടിമിന്നലിന്റെ ശബ്ദമോ തോട്ട പൊട്ടിയതിന്റെ ശബ്ദമോ ആവാമല്ലോ.’

‘രണ്ടിനും പക്ഷെ വിശ്വസനീയമായ തെളിവുകളില്ലല്ലോ.’

ബെന്നിയും വിജയൻ പിള്ളയും ചിന്തകളിലേക്ക് വീണ്ടും ആഴ്ന്നിറങ്ങി.

വിജയൻപിള്ളയുടെ മനസിലേക്ക് തലേന്നുരാത്രി കണ്ട ഭീതിപ്പെടുത്തുന്ന സ്വപ്നത്തിന്റെ ഓർമകൾ കയറിവരുന്നുണ്ടായിരുന്നു.

വിജയൻ പിള്ള കുറച്ചു നേരം കൂടി ആലോചിച്ചിരുന്നു, എന്നിട്ട് ചോദിച്ചു, ‘സംഭവം നടന്നശേഷം കാണാതായതായി ആരെയെങ്കിലും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ടോ?’

‘ചൂടൻ ബൈജുവിനെ രണ്ടു ദിവസമായി കാണാനില്ല എന്നൊരു പരാതി കിട്ടിയിട്ടുണ്ട് സാർ’, സ്റ്റേഷൻ റൈറ്റർ ക്യാബിനുപുറത്തുനിന്ന്​ തല ഉള്ളിലെക്കിട്ട് വിളിച്ചു പറഞ്ഞു.

21

നിരവധി അവധൂതർ ജീവിച്ചിരുന്ന നാടാണ് ആ ഗ്രാമം.
അതിലൊരുവനാണ് ചൂടൻ ബൈജു.
നടപ്പാണ് ബൈജുവിന്റെ പ്രധാന വിനോദം. കിഴക്ക് വെള്ളകീറുമ്പോൾ മുതൽ ഇരുട്ടിന്റെ പുതപ്പ് വലിച്ചുമൂടി ആകാശത്തുനിന്ന് സൂര്യൻ വിടപറയുന്നതുവരെയും നടപ്പുതന്നെ നടപ്പ്. ലക്ഷ്യമില്ലാത്ത നടപ്പ്.

‘എവിടെപ്പോകുന്നു ബൈജൂ’, വഴിയിൽവെച്ച് കണ്ടാൽ ആരെങ്കിലും ചോദിക്കും.
‘നല്ല സുഖം. അങ്ങാടിവരെ’, അയാൾ പറയും.

സ്‌കൂളിൽ പോകുന്ന കുട്ടികൾ പേടിച്ചും പേടിയില്ലാതെയും വഴിയിൽ കണ്ടാൽ ചോദിക്കും, ‘എങ്ങോട്ടു പോകുന്നു ബൈജൂ?’
‘നല്ല സുഖം. അങ്ങാടിവരെ', അയാൾ മാറ്റമില്ലാത്ത മറുപടി കൊടുക്കും.

ബട്ടൺ തെറ്റിച്ചിട്ട ഒരു കീറ ഷർട്ട്. നരച്ച തല, കീറിയ ഒരു ലുങ്കി. ഇതാണ് അയാളുടെ വേഷം.
റോഡിലൂടെ വേഗത്തിൽ കയ്യും വീശി ഒരു പ്രത്യേക താളത്തിൽ അയാൾ നടക്കും.

‘ഈ ബൈജുവിന്റെ വീടെവിടെയാണ്?’, വിജയൻ പിള്ള ബെന്നിയോട് ചോദിച്ചു.

‘‘ഇവിടെത്തന്നെയാണ്. ഭാര്യയും പിള്ളേരുമൊക്കെയുണ്ടായിരുന്നു. ബൈജുവിന് ചൂട് കൂടിയപ്പോൾ ഉപേക്ഷിച്ചുപോയി’’, ബെന്നി ബൈജുവിന്റെ പശ്ചാത്തലം ചുരുക്കത്തിൽ വിവരിച്ചു.

വിജയൻ പിള്ള കുറച്ചു നേരം ആലോചിച്ചുനിന്നു.

‘ബെന്നി, ഈ പറഞ്ഞ ചൂടൻ ബൈജുവിനെയല്ലേ സംഭവം നടന്ന ദിവസം കുന്നു കയറിപ്പോവുന്നതായിട്ട് കണ്ടു എന്ന് പെണ്ണ് പറഞ്ഞത്?’

‘ശരിയാണല്ലോ സാറേ, അതിവൻ തന്നെയാണ്’

ബെന്നി സ്റ്റേഷനിൽ നിന്ന് ചാടിയിറങ്ങി. മുറ്റത്ത് പാർക്ക്​ ചെയ്തിട്ടിരുന്ന ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു.
വിജയൻ പിള്ള തൊപ്പിയും കയ്യിൽ പിടിച്ചു ഓടിച്ചെന്ന്​ ബൈക്കിന്റെ പിന്നിലെ കയറി.

ബെന്നിയും വിജയൻ പിള്ളയും നാടായനാട് മുഴുവൻ ബൈജുവിനെ തിരഞ്ഞു, ബുള്ളറ്റുമായി അലഞ്ഞു.

കുന്നു കയറിപ്പോകുന്ന ബൈജുവിനെ കണ്ടെന്ന പെണ്ണിന്റെ മൊഴിയല്ലാതെ മറ്റൊന്നും അവർക്ക് കണ്ടെത്താനായില്ല.

22

രണ്ടാഴ്ചകൾക്കുശേഷമുള്ള ഒരു രാത്രി.
നാട്ടിലെ യുവജന ക്ലബ് വാർഷികവുമായി ബന്ധപ്പെട്ട കലാപരിപാടികൾ സ്‌കൂൾ മൈതാനത്ത് നടക്കുന്നു.

കളിപ്പാട്ടങ്ങളും, വളകളും, ബലൂണുകളും വിൽക്കുന്ന കടകൾ. മധുരപലഹാരങ്ങളും മിഠായിയും ചൂടോടെ ഉണ്ടാക്കി വിൽക്കുന്ന ഉന്തു വണ്ടികൾ. വർണവിളക്കുകൾ...ആകെ ഉത്സവ പ്രതീതി.

മൈതാനത്തിനു നടുവിലെ സ്റ്റേജിൽ ഒരു മാജിക് ഷോ നടക്കുകയാണ്.

തെങ്ങിന്റെ ഉച്ചിയിൽ ഉയർത്തിക്കെട്ടിയ കോളാമ്പിയിൽ നിന്ന് ഒരു പാട്ട് ഒഴുകിപ്പരന്നു നിലാവിനോടൊപ്പം അലിഞ്ഞുചേർന്നു.

‘‘സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം... സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം... ആശതൻ തേനും നിരാശ തൻ കണ്ണീരും... ആത്മദാഹങ്ങളും പങ്കു വെയ്ക്കാം... കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം ..''

സ്റ്റേജിൽ മജീഷ്യൻ ഒരു മാന്ത്രിക വടിയുമായി മാജിക്കുകൾ കാണിച്ചു കൊണ്ടിരിക്കുന്നു.
അപ്രത്യക്ഷയാകുന്ന പെൺകുട്ടിയുടെ ട്രിക്കാണ്.
പെൺകുട്ടി ഒരു വലിയ പെട്ടിയിലേക്ക് കയറുന്നു...
മജീഷ്യൻ മാന്ത്രികവടി ചുഴറ്റി അവളെ അപ്രത്യക്ഷയാക്കുന്നു.

കാണികളെല്ലാം ആകാംഷയോടെ നോക്കിയിരിക്കുകയാണ്.

‘‘സങ്കല്പകേദാരഭൂവിൽ വിളയുന്ന പൊൻ കതിരൊക്കെയും പങ്കുവെക്കാം... (സങ്കല്പകേദാര..)'’

പാട്ടു തുടരുന്നു...
മജീഷ്യൻ മാന്ത്രികവടി ചുഴറ്റിയപ്പോൾ പെട്ടി തുറന്ന്​ പെൺകുട്ടി വെളിയിൽ വരുന്നു.
അവൾ മജീഷ്യനെ പുണരുന്നു. രണ്ടു പേരും കൈകൾ കോർത്ത് നൃത്തം ചെയ്യാൻ തുടങ്ങി.

പെട്ടെന്നാണ് പൊടി പറത്തിയൊരു ജീപ്പ് അങ്ങോട്ടേയ്ക്ക് പാഞ്ഞുവന്നത്.
കാണികൾക്കിടയിലൂടെ ജീപ്പ് ഓടി സ്റ്റേജിനുമുന്നിൽ വന്നുനിന്നു.
കാണികളെല്ലാം ചിതറിയോടി.

ജീപ്പിന്റെ ഡ്രൈവർസീറ്റിൽനിന്ന്​ സുജനപാൽ ചാടിയിറങ്ങി. മുന്നിലെ സീറ്റിൽ കൈകടത്തി അയാൾ ഒരു ഇരട്ടക്കുഴൽ തോക്ക് വെളിയിലെടുത്തു.

മജീഷ്യനെ പുണർന്നുനിൽക്കുന്ന തന്റെ മകളുടെ നേർക്ക് അയാൾ തോക്ക് ചൂണ്ടി..
അയാളുടെ മുന്നിൽ കൈവിലങ്ങ് ഉയർത്തിക്കാണിച്ചുകൊണ്ട് സബ് ഇൻസ്പെക്ടർ വിജയൻ പിള്ള പ്രത്യക്ഷനായി. വിജയൻ പിള്ളയുടെ മുഖത്ത് മീശ വിറപ്പിച്ചു കൊണ്ടൊരു ചിരി പൂത്തുനിന്നു.

‘‘പന്ന കഴുവേറി മോനെ, നിന്നെയെനിക്ക് പണ്ടേ ഡൗട്ടുണ്ടായിരുന്നു.’’

അയാൾ സുജനപാലിനെ കഴുത്തിനുപിടിച്ചുവലിച്ചിഴച്ചുകൊണ്ട് പോലീസ് ജീപ്പിലേക്കോടി.

കണ്ടുനിൽക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്നൊരു സംഗതി പോലും പിടികിട്ടുന്നുണ്ടായിരുന്നില്ല.

ജീപ്പ് നേരെ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുപോയി.
തൊട്ടുപിന്നാലെ വിവരമറിഞ്ഞ്​ ബെന്നിയുടെ ബുള്ളറ്റും, ബെന്നിയും.

സ്റ്റേഷനിലെ ചോദ്യം ചെയ്യൽ മുറിയിൽ, വിജയൻ പിള്ള കൈവിലങ്ങിട്ട് സുജനപാലിനെ നിർത്തിയിട്ടുണ്ടായിരുന്നു.

‘‘പറയടാ പന്ന കഴുവേറീ, നീ ആരെക്കൊല്ലാനാണ് തോക്കും കൊണ്ടന്നു മല കയറിയത്?’’

അയാൾക്ക് അറിയേണ്ടത് വെടിയൊച്ചയുടെ പൊരുൾ ആയിരുന്നു.

സുജനപാൽ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.
ദേഷ്യം ശമിക്കുന്നത് വരെ വിജയൻ പിള്ള സുജനപാലിനെ മർദിച്ചു, തെറി വിളിച്ചു.

ബെന്നിയും കോൺസ്റ്റബിൾമാരും ഇടയിൽ കയറി പിടിച്ചില്ലായിരുന്നുവെങ്കിൽ അയാൾ സുജനപാലിനെ മർദിച്ചുകൊല്ലുമായിരുന്നു.

ഒടുവിൽ സുജനപാൽ മൗനം വെടിഞ്ഞു.
തോക്ക് കയ്യിലുണ്ടായിരുന്നതും, മകളുടെ പ്രണയം ഇഷ്ടമില്ലാതിരുന്നതും അയാൾ സമ്മതിച്ചു.

പക്ഷെ, കുറച്ചു ദിവസങ്ങൾക്ക് മുന്നേ മാഷുടെ വീടിനുപിന്നിലെ മലയുടെ മുകളിൽ കേട്ട വെടിശബ്ദം തന്റെ തോക്കിൽ നിന്നുള്ളതല്ലായിരുന്നു, അയാൾ ഉറപ്പിച്ചു പറഞ്ഞു.

ബെന്നിയും, വിജയൻ പിള്ളയും പല രീതിയിൽ ചോദ്യം ചെയ്തെങ്കിലും അയാൾ ആ മൊഴിയിൽ ഉറച്ചു നിന്നു.

അതിൽക്കൂടുതൽ സമ്മർദ്ദം ചെലുത്താൻ മാത്രം പ്രസക്തി ബെന്നിയ്ക്കും വിജയൻ പിള്ളയ്ക്കുമല്ലാതെ മറ്റാർക്കും തന്നെ വെടിശബ്ദം കേട്ട കേസിനെക്കുറിച്ച്​ അപ്പോൾ തോന്നിയതും ഇല്ല എന്നുപറയുന്നതാണ് ശരി.

ദിവസങ്ങൾ പുതിയ ദിവസങ്ങൾക്ക് വഴിമാറി. ആഴ്ചകളും മാസങ്ങളും കടന്നുപോയി. മറ്റെല്ലാ സംഭവങ്ങളെയും പോലെ പുതിയ കഥകളും സംഭവങ്ങളും വന്നപ്പോൾ പഴയ കഥകളും ആരോപണങ്ങളും ഓർമകളുടെ പുസ്തകങ്ങളിലെ മറക്കപ്പെട്ട അധ്യായങ്ങളായി മാറ്റപ്പെട്ടു.

കിഴക്കൻ മലയിൽ ചിലർ കേട്ടതും, ചിലർക്ക് കേട്ടതുപോലെ തോന്നിയതും, ചിലർ കേട്ടതേ ഇല്ലാത്തതുമായ ആ വെടിയൊച്ച മാത്രം ദുരൂഹമായി തുടർന്നു.

23

പ്രപഞ്ചത്തിന്റെ ഒരു കളി എന്നുപറയുന്നത് ഇതാണ്.
ഓരോ ചോദ്യത്തിനും ഉത്തരമുണ്ടാകും.
ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ കാണുകയില്ല.
ചിലപ്പോൾ ഉത്തരങ്ങൾ തെളിഞ്ഞുവരാൻ വർഷങ്ങൾ തന്നെയെടുത്തേക്കാം.

മുപ്പതുവർഷങ്ങൾക്കുശേഷമുള്ള ഒരു പകൽ.

കശുമാവിൻ തോട്ടം തൊട്ടുകിടന്ന കുന്നിൻചെരുവിൽ ഒരു നീലവെളിച്ചം കാണപ്പെട്ടു, തൊട്ടുപിന്നാലെ ഇടിമുഴങ്ങുന്നതുപോലൊരു ശബ്ദവും.

നീലവെളിച്ചം പാറക്കൂട്ടങ്ങൾക്കും, മുളകൊമ്പത്തും ഉറക്കം തൂങ്ങിക്കിടന്നിരുന്ന പ്രേതരൂപികൾ മാത്രമേ കണ്ടുവുള്ളൂ എങ്കിലും ശബ്ദം ചിലരെങ്കിലും കേട്ടു.

ആദ്യം ഓടിയെത്തിയത് മാഷുടെ സ്ഥലം വാങ്ങി താമസം തുടങ്ങിയ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വിജയൻ പിള്ളയായിരുന്നു.
തൊട്ടുപിന്നാലെ ശബ്ദം കെട്ടവരിൽ മറ്റു ചിലരും കൂടി ഓടിയെത്തി.

കുന്നിൻചെരുവിൽ പുല്ലു വെട്ടിക്കൊണ്ടിരുന്ന പെൺകുട്ടികളിൽ രണ്ടു പേർ ശബ്ദം കേട്ടതായിട്ടും, ഒരാൾ ഒന്നും കേട്ടിട്ടില്ലാ എന്നും മൊഴി കൊടുത്തു.

കേട്ട പെൺകുട്ടികളോട് വിജയൻ പിള്ള ചോദിച്ചു, ‘ട്ടോ എന്നാണോ, ഠോ എന്നാണോ, ഇട്ടോ എന്നാണോ, ട്ടേ എന്നാണോ നിങ്ങൾ കേട്ട ശബ്ദം?’

‘ഠോ' മൂത്തവൾ പറഞ്ഞു
‘ട്ടോ' രണ്ടാമത്തവളും.

തന്റെ മനസുമായി ഒത്തുനോക്കി, ചെറുപുഞ്ചിരി ചുണ്ടിൽ വരുത്തി വിജയൻ പിള്ള മൂത്തവളോട് യോജിച്ചു.

ശബ്ദം കേട്ട് ഓടിയെത്തിയവരും, പറഞ്ഞുകേട്ട് കുന്നുകയറിയെത്തിയവരും എല്ലാവരും ഏകദേശം ശബ്ദം ഉത്ഭവിച്ച സ്ഥലം എന്ന് ഊഹിച്ചെടുത്ത സ്‌പോട്ട് തേടി ചെരുവിലൂടെ ഓടി.

അത്ഭുതം എന്നല്ലേ പറയേണ്ടൂ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തല താഴ്ത്തി, നരച്ച മുടിയും നരച്ച താടിയും, മുഷിഞ്ഞ ഉടുപ്പുകളുമായി ഒരാളിരിക്കുന്നു, ‘ചൂടൻ ബൈജു.’

ഓടിക്കൂടിയവരിൽ പഴമക്കാരിലാരോ അത്ഭുതം കൂറി, ‘ശരിയാണല്ലോ’, മറ്റു ചിലർ ശരിവെച്ചു.

പക്ഷെ ആർക്കും ബൈജുവിന്റെ അടുത്തുചെല്ലാൻ ധൈര്യമുണ്ടായിരുന്നില്ല.

വിജയൻ പിള്ള ധൈര്യം സംഭരിച്ച്​, അയാളുടെ നരച്ച മേൽമീശ വിറപ്പിച്ചുകൊണ്ട് വിളിച്ചു, ‘ബൈജൂ’

അയാൾ തിരിഞ്ഞുനോക്കി.

പെട്ടെന്ന് ലോകത്തെമുഴുവൻ നടക്കുമാറ് ഒരു ഇടിമിന്നൽ കുന്നിൻചെരുവിൽ വന്നു വീണു. പുൽമേടുകൾക്ക് തീ പിടിച്ചു.

പിന്നാലെ കൂറ്റനൊരു മേഘം അടർന്നുവീണതുപോലെ മഴ പൊട്ടിവീണ്​ കുന്ന്​പെയ്​ത്തുവെള്ളം കൊണ്ട് നിറഞ്ഞു.

നിലയ്ക്കാത്ത പെരുമഴ.

ഇരുൾ മൂടി. കിളികൾ പേടിച്ചരണ്ട് വലിയ മരങ്ങളുടെ അടിയിൽ ചേക്കേറി.

കാഴ്ച കാണാൻ വന്നവരെല്ലാം അവരവരുടെ വീടുകളിലേക്ക് കാലു പറച്ചെറിഞ്ഞോടി.

ആ മഴ അങ്ങനെ പത്തുദിവസം നിൽക്കാതെ പെയ്തു.

വെള്ളം പൊങ്ങി. പുഴകൾ നിറഞ്ഞുകവിഞ്ഞു.

നാട് ഒരു ദ്വീപായി രൂപപ്പെട്ടു.

24

പത്താം നാൾ മഴ തോർന്നു.
വെയിൽ വന്നു.
പറന്നുപോയ കിളികൾ ആകാശത്തുനിന്ന്​ ഭൂമിയിലെക്ക് തിരികെയെത്തി.
പൂവിടാൻ പാകമായ മരങ്ങൾ പൂവിരിച്ചു. തേൻവണ്ടുകളും പൂമ്പാറ്റകളും ആകാശത്ത് പാറിനടന്നു.
സർവ്വസുഗന്ധി പൂത്തതുപോലൊരു സൗരഭ്യം എങ്ങും പരന്നു.
ചെറിയ അങ്ങാടിയുടെ നടുക്കുള്ള തേന്മാവിന്റെ ചുവട്ടിൽ ബൈജു പ്രത്യക്ഷനായി.
അയാൾ മുരടനക്കി നീളനൊരു പ്രസംഗം ആരംഭിച്ചു.
അയാളുടെ സംസാരശൈലിയോ വെളിയിൽ വന്ന വാക്കുകളോ ആർക്കും മനസിലാവുന്നുണ്ടായിരുന്നേയില്ല.

25

പിന്നെയും മൂന്നു ദിവസങ്ങൾക്കുശേഷമുള്ള ഒരു പകൽ.
കള്ളുഷാപ്പിന്റെ ബെഞ്ചിലിരുന്നു പത്രം വായിക്കുകയാണ് വിജയൻ പിള്ള.
പ്രാദേശിക വാർത്തകളുടെ പേജിൽ അത്ഭുതവാർത്തയായി വന്ന ഒരു ചെറിയ ബോക്‌സ് വാർത്തയാണ് അയാളുടെ ശ്രദ്ധ മുഴുവനും അപഹരിച്ചത്.
അയാൾ വാർത്ത ഉറക്കെ വായിച്ചു, ‘‘കിഴക്കൻ മലയോരഗ്രാമമായ പീടികപ്പൊയ്കയിൽ നിന്നൊരു അത്ഭുതവാർത്ത. വർഷങ്ങൾക്കുമുന്നേ അപ്രത്യക്ഷനായ മാനസിക വിഭ്രാന്തിയുള്ള യുവാവ് തിരിച്ചെത്തിയിരിക്കുന്നു. തന്നെ അന്യഗ്രഹ ജീവികൾ പേടകത്തിൽ വന്നു പിടിച്ചുകൊണ്ട് പോയതാണ് എന്നാണ് യുവാവിന്റെ അവകാശവാദം.’’

വിജയൻ പിള്ള വാർത്ത ഉറക്കെ വായിച്ചുകൊണ്ട് ബെന്നിയെ നോക്കി.
അയാളുടെ കണ്ണുകൾ ഉടക്കിയത്, അതെ പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ യാദൃശ്ചികമായിത്തന്നെ അന്നേദിവസം അച്ചടിച്ചു വന്ന മറ്റൊരു കൗതുക വാർത്തയിലാണ്.
പത്രത്തിന്റെ പഴയ എഡിഷൻ 1922 ൽ പ്രസിദ്ധീകരിച്ച ഒരു കൗതുകവാർത്ത ബോക്‌സ് കോളം ആയി കൊടുത്തിട്ടുണ്ട്.
‘‘മലബാറിലെ മലഞ്ചെരുവിൽ പശുവിനെ മേയ്ക്കുകയായിരുന്ന യുവാവിനെ അന്യഗ്രഹ ജീവികൾ പിടിച്ചുകൊണ്ടുപോയി തിരികെ വിട്ടതായി വാർത്ത.’’

പത്രം മടക്കി വെച്ച് ബെന്നി പുറത്തേക്കിറങ്ങി.
വെട്ടിപൊട്ടുന്ന ശബ്ദത്തിൽ പഴയ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
നരച്ച മേൽമീശ തുടച്ചുകൊണ്ട് വിജയൻ പിള്ള ബെന്നിയുടെ പിന്നിൽ കയറിയിരുന്നു.
ഠോ ഠോ ശബ്ദം കേൾപ്പിച്ചുകൊണ്ട് ബുള്ളറ്റ് ദുരൂഹമായിത്തുടരുന്ന ഒരുത്തരം തേടിയുള്ള യാത്ര പുനഃരാരംഭിച്ചു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സിജിത്​ വി.

കഥാകൃത്ത്​. അമേരിക്കയിൽ മയാമിക്കടുത്ത്​ വെസ്​​റ്റേൺ സിറ്റിയിൽ താമസിക്കുന്നു. K എന്ന മിനി ഫിലിം എഴുതി സംവിധാനം ചെയ്​തു.

Comments