ചിത്രീകരണം: ദേവപ്രകാശ്

ക്യൂബളം

‘അച്ഛാ, അച്ഛാ വേദനിക്കുന്നുണ്ടോ’
‘ഇല്ല മോളെ’
‘ചെരിഞ്ഞു കിടക്കണമെന്നു തോന്നുന്നുണ്ടോ, അച്ഛാ’
‘ഇല്ല’
‘പിന്നെന്താ ഉറങ്ങാൻ ഇത്രേം ബുദ്ധിമുട്ട്’
‘ഉറക്കം വരുന്നില്ല’
‘ഞാൻ ഒരു കഥ പറയട്ടെ’
‘ഉം...’
‘ഏത് കഥയാണ് പറയേണ്ടത്’
‘ഗബ്രിയേല മുത്തശ്ശിയുടെ കഥ പറയൂ’
‘പറയാംട്ടോ’

കഥ കേൾക്കാൻ വേണ്ടി ഞാൻ ഒന്നു ചെരിഞ്ഞുകിടന്നു. അവൾ എന്റെ പുറകിൽ പതുപതുത്ത തലയെണ്ണകൾ ഒന്നിനുപുറകെ ഒന്നായി അടുക്കിവെച്ചു. പുറം വേദനയ്ക്ക് ശമനം വരുത്തി.

ഗബ്രിയേല മുത്തശ്ശി എന്നും വെളുപ്പിനേ വീട്ടിൽ നിന്നിറങ്ങും.
ചെറിയൊരു തെരുവിലാണ് മുത്തശ്ശിയുടെ വീട്. മണ്ണ് കുഴച്ച്​ ഇഷ്ടിക ചുട്ടെടുത്ത, ചുട്ടെടുത്ത ഓട് മേൽക്കൂരയായുള്ള വീടുകളാണ് ആ തെരുവുകൾ മുഴുക്കെ. തെരുവിന്റെ ഒരറ്റത്ത് വലിയ ഒരു കിണറുണ്ട്. പാതാളത്തോളം ആഴമുള്ള കിണർ. കിണറിന്റെ പിന്നിലായി അഞ്ചാറ് പനകൾ. അതിനും പിന്നിലായിട്ടാണ് ഏക്കറു കണക്കിന് പരന്നു കിടക്കുന്ന കരിമ്പിൻ തോട്ടങ്ങൾ.

‘ഗബ്രിയേല മുത്തശ്ശിയുടെ തോട്ടങ്ങളാണോ’, ഞാൻ ചോദിച്ചു.
‘അച്ഛാ, ഞങ്ങളുടെ നാട്ടിൽ തോട്ടങ്ങളൊക്കെ ഗവണ്മെന്റിന്റേതാണ്’, അവൾ പറഞ്ഞു.

‘ഓ, ശരിയാണല്ലോ, നീ കഥ മുഴുമിക്ക്’, കഥയുടെ രസച്ചരട് പൊട്ടാതിരിക്കാൻ ഇനി ചോദ്യങ്ങളൊന്നും വേണ്ട എന്ന് മനസ്സിലുറപ്പിച്ച്​ ഞാൻ അവളോട് പറഞ്ഞു.

തെരുവിൽ നിറയെ കോഴികൾ പൂവനും പിടയും, അങ്കവാലുള്ളതും ഇല്ലാത്തതും, പൂക്കിരീടം ഉള്ളതും ഇല്ലാത്തതുമായവ കൊത്തിപ്പെറുക്കി നടക്കുന്നുണ്ടാവും.
അവറ്റകളോടൊക്കെ വർത്തമാനങ്ങൾ പറഞ്ഞു മുത്തശ്ശി ഒരു വീട്ടിൽ നിന്ന്​ അടുത്ത വീട്ടിലേക്ക് നടക്കും. അങ്ങനെ രാവിലെ മുതൽ രാത്രി ഇരുളും വരെ കഥയും വർത്തമാനങ്ങളും പറഞ്ഞു പറഞ്ഞു മുത്തശ്ശി ദിവസങ്ങൾ തള്ളി നീക്കും.

അവൾ അത്രയും പറഞ്ഞപ്പോൾ എനിക്കെന്റെ അമ്മച്ചിയെയായിരുന്നു ഓർമയിൽ വന്നത്. അമ്മച്ചിയും ഇങ്ങനെയായിരുന്നല്ലോ.

രാവിലെ മുതൽ രാത്രി വരെ അയൽപക്കത്തുള്ള വീടുകളിൽ പോയിരുന്നു കഥ പറഞ്ഞും വർത്തമാനം പറഞ്ഞും ആനന്ദം കണ്ടെത്തുന്ന ആൾ ആയിരുന്നല്ലോ അമ്മച്ചി.

അമ്മച്ചീ, അമ്മച്ചീ... ഞാൻ നീട്ടി വിളിച്ചു.
ശബ്ദം തൊണ്ടയ്ക്കുള്ളിലെവിടെയോ കുരുങ്ങിക്കിടന്നതല്ലാതെ വെളിയിലേക്ക് വന്നില്ല.

ശശിധരൻ ചേട്ടൻ അമേരിക്കയ്ക്ക് പോകുകാ എന്നുപറഞ്ഞാൽ അതുതന്നെ വല്യ സംഭവമാ, അമേരിക്കക്ക് പോകുന്ന വിവരം പഞ്ചായത്ത് ആപ്പീസിൽ വെച്ച് കണ്ടപ്പോൾ സൂചിപ്പിച്ചു കേട്ടപ്പോഴേ മാത്യു സാർ പറഞ്ഞത് അതായിരുന്നു.

ഈക്കണ്ട കാലം പോവാതിരിക്കാൻ ആവതു ശ്രമിച്ചു നോക്കി. ഇതിപ്പോ ഒരു നിർവ്വാഹവും ഇല്ലാത്ത കൊണ്ടാണ്. മോള് ഒരേ നിർബന്ധം. അവള്‌ടെ രണ്ടാം പ്രസവമാണ്. ഒറ്റയ്ക്ക് അവിടൊക്കെ പ്രസവം നടത്തുന്നത് റിസ്‌കാ എന്ന് അവള്‌ടെ അമ്മയ്ക്കും ഒരേ നിർബന്ധം.

അതൊന്നും സാരമില്ല ചേട്ടാ. പിന്നെ ഇതൊക്കെ ഒരു അനുഭവമല്ലേ. എല്ലാവർക്കും കിട്ടുന്നതല്ലല്ലോ

ആ വല്ലാത്ത അനുഭവമായിപ്പോയി. വന്നിട്ട് മൂന്നു മാസങ്ങൾ കഴിഞ്ഞു. തിരിച്ചു പോകാൻ രണ്ടു മാസം കൂടി ബാക്കിയുള്ളപ്പോഴായിരുന്നല്ലോ ഒരു മാരണം പോലെ നെഞ്ചുവേദന വന്നു പതിച്ചത്.

കുറച്ചു ദിവസമായി ഒരു വല്ല്യായ്മ ഉണ്ടായിരുന്നു എന്നത് സത്യമാണ്, എന്നാലും അതൊരു അറ്റാക്കായി പതിക്കുമെന്നോ, പ്രതീക്ഷിക്കാത്ത നേരത്ത് ആശുപത്രിയിൽ പോയി അഡ്മിറ്റ് ആവുമെന്നോ, മേജറായ ഒരു ബൈപ്പാസ് സർജ്ജറിക്ക് അമേരിക്കയിലെ ഹോസ്പിറ്റലിൽ കയറേണ്ടിവരുമെന്നോ, അതും കഴിഞ്ഞ്​ തണുത്ത് മരവിച്ച ഈ ഐ.സി.യു ബെഡിൽ ദിക്കും ദിശയുമറിയാതെ കിടക്കേണ്ടിവരുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നേയില്ലല്ലോ. എല്ലാവർക്കും കിട്ടുന്ന ഒരു അനുഭവമായിരിക്കില്ല എന്ന് മാത്യു പറഞ്ഞത് അറം പറ്റിയ പോലുണ്ട്.

‘അച്ഛന്റെ നേതാക്കളൊക്കെ നാട്ടിൽ നിന്ന് ഫ്ലൈറ്റും പിടിച്ചുചികിത്സക്ക് വന്നു കിടക്കുന്ന ഹോസ്പിറ്റലാ, അച്ഛൻ ധൈര്യമായിട്ട് ഓപ്പറേഷന് കയറിക്കോ’, ബൈപ്പാസ് വേണ്ടിവരുമെന്ന് കാർഡിയോളജിസ്​റ്റ്​ പറഞ്ഞപ്പോൾ മരുമോന്റെ ആദ്യത്തെ കമൻറ്​ ഇതായിരുന്നു.

നമ്മൾ താമസിക്കുന്ന സ്ഥലത്തുനിന്ന് രണ്ടര മണിക്കൂർ ഡ്രൈവ് ചെയ്ത് പോയാൽ അമേരിക്കയുടെ തെക്കേ മുനമ്പ് ആയി. അവിടെ നിന്ന് നോക്കിയാൽ കാണുന്ന ദൂരമേയുള്ളൂ ക്യൂബയിലേക്ക്. അമേരിക്കൻ ട്രിപ്പിന് സമ്മതിപ്പിക്കാൻ മരുമോൻ വെച്ച പ്രലോഭനങ്ങളിൽ ഒന്ന് ക്യൂബൻ കാഴ്ചയായിരുന്നു.

വന്നിട്ട് രണ്ടാം ആഴ്ച, വെളുപ്പിനെ വണ്ടിയെടുത്ത് അവൻ കൊണ്ടുപോകുകയും ചെയ്തു കേട്ടോ.

പറഞ്ഞത് ശരിയാ, അവിടൊരു മൈൽകുറ്റിയുണ്ട്. ക്യൂബ തൊണ്ണൂറ് മൈൽ എന്ന് എഴുതി വെച്ചിരിക്കുന്നത്. അതിന്റെ മുന്നിൽ ഫോട്ടോ പിടിക്കാനുള്ള തിരക്ക് എന്റെ അമ്മോ. അതൊരു അനുഭവം തന്നെയാണ്.

നമ്മടെ ആലപ്പുഴ മാപ്പിൽ കാണുന്നതുപോലൊരു നൂൽപരുവം റോഡാണ്​അവിടേയ്ക്ക്. കടലിനു കുറുകെ കിടക്കുന്ന ചെറുതും വലുതുമായ പാലങ്ങൾ മുറിച്ചു കടന്ന്​ ദ്വീപുകൾ തൊട്ട് വണ്ടിയോടിച്ചു വന്നാൽ ക്യൂബ തൊണ്ണൂറ് മൈൽ എന്ന മൈൽക്കുറ്റിയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് തിരിച്ചു പോരാം.

തിരിച്ചുവരുമ്പോൾ മരുമോന്റെ വക പരിഹാസവുമുണ്ടായിരുന്നു.
അച്ഛന്റെ ക്യൂബയിൽ നിന്നും ആളുകൾ അഷ്ടിക്ക് വകയില്ലാതെ ബോട്ട് എടുത്ത് ഇങ്ങോട്ടാണ് വരുന്നത്. എല്ലാ ആഴ്ചയിലും കാണും ഓരോന്ന്, അവൻ പറഞ്ഞു.

ക്യൂബയിൽനിന്ന് മാത്രമല്ല മരുമോനെ, ഹെയ്തിയിൽ നിന്നും ജമൈക്കയിൽ നിന്നും ഹോണ്ടുറാസിൽ നിന്നുമൊക്കെ അങ്ങനെ വരുന്നുണ്ട്, ഞാൻ പറഞ്ഞു.

മൺറോ തിട്ടൂരത്തെപ്പറ്റി അവനെന്ത് അറിയാം. തങ്ങളോട് ചേർന്നുകിടക്കുന്ന ഒരു രാജ്യത്തും സ്ഥിരമായൊരു ഭരണമുണ്ടാവാൻ സമ്മതിക്കാത്ത, ഇനി അഥവാ സ്ഥിര ഭരണമുണ്ടായാൽ തന്നെ എങ്ങനെയെങ്കിലും അവിടെ അസ്ഥിരതയുണ്ടാക്കുന്ന അമേരിക്കൻ നയതന്ത്ര രാഷ്ട്രീയത്തെക്കുറിച്ച്​ എന്തെങ്കിലും അറിഞ്ഞിട്ടാണോ അവൻ കളിയാക്കുന്നത്. ക്രൂഷ്‌ചേവ് അമേരിക്കയുടെ കണ്ണ് വെട്ടിച്ച്​ റഷ്യയിൽ നിന്ന്​മിസൈൽ ലോഞ്ചർ ക്യൂബയിൽ കൊണ്ട് വെച്ചപ്പോൾ ഞെട്ടിവിറച്ച അമേരിക്കൻ സാമ്രാജ്യത്തെക്കുറിച്ചു അവനെന്ത് അറിയാം.

വനേസയുടെ ഗബ്രിയേല മുത്തശ്ശിക്ക് ഒരു പക്ഷെ അറിയുമായിരിക്കും.

അച്ഛാ, അച്ഛാ അച്ഛൻ ദേഹത്ത് പിടിപ്പിച്ചിട്ടുള്ള ട്യൂബുകളൊന്നും വലിച്ചു പറിച്ചു കളയരുത് കേട്ടോ. വനെസ്സേയാണ്.

വനേസ്സ കാസ്‌ട്രോ.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സർജിക്കൽ ഐസിയുവിൽ തണുപ്പ് അരിച്ചിറങ്ങുന്ന, പൾസും, ഓക്‌സിജനും, ഡ്രിപ്പും, ബ്ലഡ് പ്രഷറും, ഹൃദയമിടിപ്പും എല്ലാം വേർതിരിച്ചു ഗ്രാഫ് വരച്ചു രേഖപ്പെടുത്തുന്ന മോണിറ്ററുകളുടെ മെഷീൻ ശബ്ദങ്ങൾക്കും ബീപ്പുകൾക്കും അലറാമടികൾക്കും ഇടയിൽ എനിക്ക് ഏക ആശ്വാസം വനേസയാണ്.

എനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ടോ എന്നുറപ്പില്ലെങ്കിൽ കൂടിയും അവൾ ഇവിടിരുന്നു സംസാരിച്ചു കൊണ്ടേയിരിക്കും. ഒരു സെക്കൻറ്​ പോലും മിണ്ടാതിരിക്കാൻ അവൾക്കാവില്ല. എന്റെ ഉറക്കം പോയാലുടൻ അവൾ നെറ്റിയിൽ പതുക്കെ തിരുമ്മിത്തരും. ഗബ്രിയേല മുത്തശ്ശിയുടെ കഥകൾ പറയും. എന്നെ അച്ഛാ എന്ന് വിളിച്ചു സമാധാനിപ്പിക്കും.

ഗബ്രിയേല മുത്തശ്ശി ഒരിക്കൽ മാത്രമേ അവളുടെ കൂടെ താമസിക്കാൻ അമേരിക്കയിൽ വന്നിട്ടുള്ളൂവത്രേ.

അവൾ അമേരിക്ക എന്ന് പറയുമ്പോൾ മാത്രമാണ് ഞാൻ കിടക്കുന്നത് അമേരിക്കയിലാണ് എന്ന കാര്യം ഓർമയിലേക്ക് വരുന്നതുതന്നെ. അല്ലാത്തപ്പോഴൊക്കെ മാരാരിക്കുളത്തെ കോർപ്പറേറ്റീവ് സൊസൈറ്റി ആശുപത്രിയിലാണ് കിടപ്പ് എന്നാണ് എന്റെ ധാരണ.

ശരിക്കും മാരാരിക്കുളത്തെ ആശുപത്രിയിൽ തന്നെയല്ലേ ഞാൻ.

അവിടെങ്ങനെയാ അച്ഛാ വെളുത്ത തൊലിയുള്ള ആളുകൾ ജോലിക്ക് നിൽക്കുന്നത്. അച്ഛന്റെ ഡോക്ടർ സർജൻ നിക്കോളാസ് ബെർണാളിനി അങ്ങോർ അർജന്റീനക്കാരനാണ്. അച്ഛന്റെ നേഴ്സ് വനേസ ക്യൂബൻ വംശജയാണ്. രാത്രിയിൽ ഉണ്ടായിരുന്ന നേഴ്സ് മേഗൻ പഴയ സോവ്യറ്റ് റഷ്യക്കാരിയാണ്- ജോർജിയ. അച്ഛൻ വയലന്റ് ആയി ട്യൂബുകൾ വലിച്ചെറിയുമ്പോൾ കൈ പിടിച്ചു കെട്ടുന്ന ജാനറ്റ് എന്ന കറുത്ത വംശജ അമേരിക്കക്കാരിയാണ്, മരുമോൻ ഇടയ്ക്ക് ഓർമിപ്പിക്കും.

മാരാരിക്കുളത്തെ സൊസൈറ്റി ആശുപത്രിക്ക് അമേരിക്കയിലെ ക്ലീവ്​ ലാൻഡ് ക്ലിനിക്കുമായി ടൈ അപ്പുണ്ടായി, അവർ ഈക്കണ്ട ആളുകളെ മൊത്തത്തിൽ മാരാരികുളത്തേക്ക് കൊണ്ട് വന്നതാണ് എന്ന് അവനറിയില്ലല്ലോ അല്ലെ. ഞാൻ ഉള്ളിൽ ചിരിക്കും.

ഇവൻ പറഞ്ഞ ജാനറ്റ് ഒരു ദിവസം ഞാൻ നോക്കുമ്പോൾ കസേരയിൽ ഇരുന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്നു.

നീയെന്തോ എടുക്കുവാ പെണ്ണെ, ഞാൻ ചോദിച്ചു.
എന്താ അച്ഛാ, അവളും അവള്‌ടെ ആഫ്രോ അമേരിക്കൻ ഇംഗ്ലീഷിൽ എന്നെ വിളിച്ചത് അച്ഛാ എന്നാണ്.
നീയെന്നതാ ഈ കുത്തിക്കൊണ്ടിരിക്കുന്നത് എന്ന്.

കുത്തിക്കൊണ്ടിരിക്കാതെ പറ്റില്ലല്ലോ അച്ഛാ. ഇന്നെന്റെ ഓഫ് ഡ്യൂട്ടി ദിവസമാ. എന്നിട്ടും ഞാൻ ഇവിടെ വന്നു കുത്തിയിരിക്കുന്നത് 12 മണിക്കൂർ ഇരുന്നാൽ കിട്ടുന്ന കാശ് ഓർത്തിട്ടാണ്. എന്തൊരു ഇൻഫ്‌ളേഷനാ എന്നറിയാമോ അച്ഛന്. ഇരട്ടിപ്പണി ചെയ്താലേ വാടക അടയ്ക്കാനുള്ള കാശ് ഒപ്പിക്കാൻ പറ്റൂ, അവൾ പറഞ്ഞു.

ആളുകൾ കാശില്ലാത്ത കാര്യം പറഞ്ഞാൽ എനിക്ക് വിഷമം വരും. സെക്രട്ടറി കാണാൻ വരുമ്പോൾ കുടുംബശ്രീയിൽ പറഞ്ഞവൾക്കൊരു ലോൺ റെഡിയാക്കിക്കൊടുക്കണം ഞാൻ മനസ്സിൽ വിചാരിച്ചു. പാവം പെണ്ണ്, കെട്ടിയവനെ ഉപേക്ഷിച്ചു വന്നുള്ള നിൽപ്പാണ്.

അച്ഛാ, കാൽ എപ്പോഴും നേരെ വെയ്ക്കണം കേട്ടോ. കാലു വഴി ട്യൂബിട്ടാണ് അച്ഛന്റെ ഹാർട്ടിലേക്ക് ബലൂൺ പമ്പ് വഴി രക്തം പമ്പ് ചെയ്യുന്നത്. അത് കാലിൽ നിന്ന് വിട്ടുപോയാൽ അച്ഛൻ മരിച്ചു പോകും കേട്ടോ, അടുത്ത റൂമിലെ പേഷ്യന്റിനെ നോക്കിയിട്ട് വരാം എന്നു പറഞ്ഞ്​ പുറത്തേക്കിറങ്ങിയ വനേസ്സ തിരിച്ചു ഓടി വന്നു പറഞ്ഞു.

വനേസയുടെ അച്ഛൻ, അച്ഛന്റെ പെങ്ങൾ, ഇളയ സഹോദരൻ ഇവരെല്ലാം കൂടി ഒരൊറ്റ വീട്ടിലാണ് താമസം. അവർ മൂന്നു പേരും മക്കളും കൊച്ചുമക്കളും എല്ലാം ഒരൊറ്റ വീട്ടിൽ. അച്ഛന്റെ രണ്ടു സഹോദരങ്ങൾ ഇപ്പോഴും ക്യൂബയിലാണ്. അച്ഛന്റെ അമ്മ ഗബ്രിയേൽ മുത്തശ്ശി അവരുടെ കൂടെയാണ്. ഇതൊക്കെ അവൾ എന്റെ അടുത്തിരുന്ന് പറഞ്ഞതാണ് കേട്ടോ.

കമ്യുണിസ്റ്റ് ഏകാധിപത്യത്തിൽനിന്ന് രക്ഷപ്പെട്ട് വന്നതാണ് അച്ഛനും മറ്റു രണ്ടു സഹോദരങ്ങളും.

എനിക്ക് കമ്യൂണിസമെന്നു കേട്ടാൽ പേടിയാണ്, അവൾ പറഞ്ഞു.

ഒരു കമ്യൂണിസ്റ്റുകാരനെങ്ങനെയാണ് അമേരിക്കയ്ക്ക് പോകാൻ കഴിയുക, എയർപോർട്ടിലേക്ക് കൊണ്ട് വിടാൻ കാറും കൊണ്ട് വന്ന ദിനേശൻ പരിഹാസരൂപത്തിൽ ചോദിച്ചു.

നിങ്ങളൊക്കെ അമേരിക്കയ്ക്കെതിരെ ഘോരം ഘോരം പ്രസംഗിച്ചിട്ട്, മകളുടെ പ്രസവം എടുക്കാൻ അമേരിക്കയ്ക്ക് പോകും. ഞങ്ങൾ ഇവിടെ ടാക്സിയും ഓടിച്ചു കുടുംബം ഉന്തിത്തള്ളി കൊണ്ടു പൊയ്‌ക്കോണം. ഇത് ശരിയാണോ സഖാവേ, ദിനേശൻ വിടുന്ന മട്ടില്ല.

ഇപ്രാവശ്യം കിറ്റ് കൊടുത്തതുകൊണ്ട് കുറേപ്പേർ വോട്ട് ചെയ്തു. കിറ്റ് കൊടുത്തിട്ടും നിങ്ങടെ ക്യൂബയിൽ ആൾക്കാർ തെരുവിലാണെന്നാണ് കേൾക്കുന്നത്. അവിടൊക്കെ മുടിഞ്ഞ ദാരിദ്ര്യമാണത്രേ; വണ്ടിയിൽനിന്ന് പെട്ടിയൊക്കെ ഇറക്കി ട്രോളിയിൽ കയറ്റുമ്പോൾ ദിനേശൻ ഒന്നുകൂടി ഓർമിപ്പിച്ചു.

ഹവാനയിൽ ഏതോ പരിപാടിക്ക് പോകാൻ മയാമി വഴി ഫ്ലൈറ്റ് പിടിച്ചു വന്ന ബേബി സഖാവിനെ എയർപ്പോർട്ടിൽ വെച്ച് കണ്ടപ്പോൾ ക്യൂബയിലെ പ്രക്ഷോഭത്തെപ്പറ്റിയുള്ള വാർത്തകൾ ചർച്ച ചെയ്തുകൊണ്ട് ഇക്കാര്യം ഓർമിപ്പിച്ചു.

സഖാവേ, അവിടെ സർക്കാരിനനുകൂലമായി പ്രകടനം നടത്തിയവരെക്കൂടി കുത്തക മാധ്യമങ്ങൾ എതിർപക്ഷത്തുള്ളവരെന്നാണ് പ്രചരിപ്പിച്ചത്, ബേബി സഖാവ് പറഞ്ഞു.

നിങ്ങളുടെ നാട്ടിൽ മനോരമയും ദേശാഭിമാനിയുമുണ്ടോ, വനേസയുടെ കഥകൾക്കിടയിൽ വെച്ചെവിടെയോ ഗബ്രിയേല മുത്തശ്ശിയെ കണ്ടു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു.

അവർ ചിരിച്ചു.

എനിക്ക് അമേരിക്കയിലെ ജീവിതം ഇഷ്ടമില്ല. ഞാൻ ഇവിടെ ഹാപ്പിയാണ്. ഇവിടെ എനിക്ക് എന്റെ ചെറിയ ചെറിയ സ്വപ്നങ്ങളുമായി ഗ്രാമീണ ജീവിതവും കൊണ്ട് മുന്നോട്ട് പോകാമല്ലോ. അമേരിക്കയിൽ എല്ലാത്തിനും ഓട്ടമാണ്. മക്കളോടും കൊച്ചുമക്കളോടും കൂടെ കഴിയാം എന്ന് വിചാരിച്ചു കുറച്ചു കാലം ഞാൻ മയാമിയിൽ വന്നു താമസിച്ചിരുന്നു. എല്ലാർക്കും തിരക്കായിരുന്നു. ഇരട്ടിപ്പണി എടുത്താൽ മാത്രമേ സ്വപ്നങ്ങൾ നേടിയെടുക്കാൻ പറ്റൂ എന്നാണ് അവർ പറയുന്നത്. അതുകൊണ്ട് എല്ലാവർക്കും തിരക്ക്. ഒരു ദിവസമേ, ഞാൻ അവിടൊരു സൂപ്പർ മാർക്കറ്റിൽ ചെന്നപ്പോൾ അവിടെ ജോലിക്ക് എന്റെ പ്രായമുള്ള ഒരു സ്ത്രീ ഇരിക്കുന്നു. ഇത്രേം പ്രായമായിട്ടും എന്തിനാണ് ജോലിക്ക് വരുന്നത് എന്ന് ചോദിച്ചപ്പോൾ അവർ പറയുന്നു. ജോലിക്ക് വന്നാലേ ഹെൽത്ത് ഇൻഷുറൻസ് കിട്ടൂ എന്ന്. അത് കേട്ടപ്പോൾ എനിക്ക് വിഷമം ആയി. അടുത്ത ഫ്ലൈറ്റും പിടിച്ച്​ ഞാനിങ്ങ് പോന്നു.
ഇവിടെ ഞാൻ സന്തുഷ്ടയാണ്. രാവിലെ ഇറങ്ങിയാൽ വർത്തമാനം പറയാൻ അയൽക്കാർ ഉണ്ട്. അതൊക്കെ പോരെ.

ഞാൻ എന്റെ മരുമോന്റെ കാര്യം ഓർത്തു. ഈയിടെയായി അവനു ഭയങ്കര ടെൻഷനാണത്രേ. വീട് വാങ്ങി. പോർഷെ കാർ വാങ്ങി. എല്ലാം കൂടിയായപ്പോൾ ശമ്പളം തികയുന്നില്ല. അതിന്റെ പുറമെ രണ്ടാമത് കുട്ടി കൂടി വരുന്നു. എല്ലാത്തിനും തീപിടിച്ച ചെലവാണ് എന്നൊരു പരാതിയാണ് അവന്​. കൂടുതൽ ശമ്പളം കിട്ടുന്ന ജോലി തേടിയുള്ള ഓട്ടത്തിലാണവൻ.

ചിലപ്പോൾ തോന്നും, ചെറിയ ചെറിയ സ്വപ്നങ്ങളുമായി ഒതുങ്ങിക്കൂടുന്നതാണ് നല്ലത് എന്ന്. ഗബ്രിയേല മുത്തശ്ശിയെപ്പോലെ.

മുത്തശ്ശി നിങ്ങൾക്കെത്ര വയസ്സായി?
തൊണ്ണൂറ്റി രണ്ട്​.
എനിക്ക് എഴുപത്. അപ്പൊ നമ്മൾ മുത്തശ്ശി എന്നൊന്നും വിളിക്കേണ്ട, ചേച്ചി എന്നോ അമ്മായി എന്നോ ഒക്കെ വിളിച്ചാൽ മതിയാവും അല്ലെ.

അവർ ചിരിച്ചു. നര വീണ മുടിയിലൂടെ കൈ ഓടിച്ചുള്ള ആ ചിരി കാണാൻ നല്ല ഭംഗിയാണ്.

‘നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക്​ വന്നിട്ടുണ്ടോ?’
‘ഇല്ല’
‘ഇന്നേവരെ?’
‘ഇന്നേവരെ വന്നിട്ടില്ല.’
‘എനിക്ക് ഇത് ആദ്യമാ, ഇവിടെ ആയതുകൊണ്ട് രക്ഷപ്പെട്ടൂ എന്നാണ് എല്ലാവരും പറയുന്നത്.’

അഞ്ച് ദിവസം സർജറിക്ക് ശേഷവും നാലു ദിവസം അതിനു മുന്നെയുമായി ഒൻപത് ദിവസം ഞാൻ ഐ.സി.യുവിൽ കിടന്നു. പത്താം ദിവസം, മരുമകന്റെ പോർഷെ കാറിന്റെ പിന്നിലെ സീറ്റിൽ ചാരിയിരുന്നു വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നപ്പോൾ അവൻ ചോദിച്ചു, അച്ഛാ, ഇപ്പോഴും മാരാരിക്കുളം തന്നെയാണോ നമ്മൾ.

എനിക്കെന്തോ മാരാരിക്കുളത്ത് തന്നെയാണെന്ന ചിന്തയാണ്. അതുകൊണ്ടുതന്നെ
അതെ എന്ന് ഞാൻ ഉത്തരം പറഞ്ഞു.

മാരാരിക്കുളത്ത് എവിടെയാ അച്ഛാ ഇത്രേം വലിയ വീതിയുള്ള റോഡുകൾ.

അത് ഈ അമേരിക്കൻ ആശുപത്രീടെ ടൈ അപ്പിൽ സൊസൈറ്റിക്കാർ ഹോസ്പിറ്റൽ തുടങ്ങിയില്ലേ, അതിന്റെ ഡവലപ്‌മെന്റാ, പാതിമയക്കത്തിലേക്ക് വഴുതിവീഴുന്നതിനിടെ ഞാൻ പറഞ്ഞു.

അച്ഛാ, അച്ഛൻ ഇത്രേം ദിവസമായി ഐ.സി.യുവിലെ മെഷിൻ ശബ്ദത്തിലും ബീപ്പ് അടിക്കലുകളിലും ഓക്‌സിജൻ മൂക്കിലേക്ക് ട്യൂബ് വഴി കയറ്റി വിടുന്നതിനും എല്ലാത്തിനും മേലെ, കഴിക്കുന്ന മരുന്നുകളുടെ ഇംപാക്​റ്റിലും ഐ.സി.യു ഡെലീറിയം എന്ന് ഇവർ വിളിക്കുന്ന ഒരവസ്ഥയിലായിരുന്നു കേട്ടോ. ഇപ്പോൾ മാറി എന്നാണ് ഡോക്ടർ പറയുന്നത്.

ഞാൻ ഒന്നും മിണ്ടിയില്ല.

ഇതുപോലുള്ള ട്രോമായൊക്കെ വരുമ്പോൾ സാധാരണ മനുഷ്യർ അവരുടെ അത് വരെ തുടർന്നുപോന്ന വിശ്വാസങ്ങളൊക്കെ മാറ്റം വരുത്തും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഉദാഹരണത്തിന് കടുത്ത ദൈവവിശ്വാസികളായിരുന്നവർ അവിശ്വാസികളായി മാറുക, നിരീശ്വരവാദികളായിരുന്നവർ വിശ്വാസികളാവുക. അതുപോലെ അമേരിക്കൻ വിരുദ്ധനായിരുന്ന അച്ഛൻ അമേരിക്കൻ പ്രേമിയായി മാറിയോ; മരുമകന്റെ വക പരിഹാസം കൂട്ടിക്കലർത്തിയുള്ള ചോദ്യം.

ഞാൻ വീണ്ടും ഒന്നും മിണ്ടിയില്ല.

കണ്ണുകൾ കൂട്ടിയടച്ചപ്പോൾ, പാതിമയക്കത്തിൽ, അപ്പർ കുട്ടനാട്ടിലെ ഏതോ തോട്ടിലൂടെ കൊതുമ്പു വള്ളത്തിൽ ഒഴുകി നീങ്ങുകയാണെന്ന്​ എനിക്കുതോന്നി.

ചുറ്റും വളഞ്ഞു പൊങ്ങിപ്പോയ തെങ്ങുകളും, താറാവുകൂട്ടങ്ങളും, കൊതുമ്പു വള്ളങ്ങളും, തൊണ്ടു ചീഞ്ഞ മണവും കായലിന്റെ ചെളിയുടെ ചൂരും.
തോടിന്റെ മറുകരയിൽ ഓടിട്ട വീടുകൾ നിര നിരയായി. അവയുടെ മുറ്റങ്ങളിൽ ചുവപ്പും, മഞ്ഞയും, പച്ചയും പെയിന്റുകളുള്ള പഴഞ്ചൻ ക്യൂബൻ കാറുകൾ. കാറുകൾക്കിടയിലൂടെ കൊത്തിപ്പെറുക്കി നടക്കുന്ന നീളൻ അങ്കവാലുള്ള പൂവൻ കോഴികൾ.

വീടുകളുടെ പിന്നിലായി നീണ്ടുപരന്നുകിടക്കുന്ന കരിമ്പിൻ തോട്ടങ്ങൾ.
വീടുകളുടെ ചുവരുകളിൽ ചുരുട്ട് വലിച്ചിരിക്കുന്ന ഫിദൽ കാസ്‌ട്രോയുടെ ചിത്രങ്ങൾ.

തെരുവിന്റെ ഒത്ത നടുക്ക് നീലയും, വെള്ളയും വരകളും സൈഡിൽ ചുവപ്പ് ത്രികോണത്തിൽ ശുഭ്ര നക്ഷത്രവുമുള്ള ക്യൂബൻ പതാക.

വീടുകളുടെ മുറ്റത്ത് ചമ്രം പടിഞ്ഞിരുന്നു വർത്തമാനം പറയുന്ന ഗബ്രിയേൽ മുത്തശ്ശി.
അവർ ചിരിച്ചു കൊണ്ട് എന്നെ നോക്കി കൈ വീശി.

മറുപടിയായി ഞാൻ ഒന്നു പുഞ്ചിരിച്ചു.
തെങ്ങോലത്തുമ്പുകളിൽ തട്ടി ആ പുഞ്ചിരി ഗബ്രിയേൽ മുത്തശ്ശിയുടെ നേർക്ക് ചിതറിത്തെറിക്കുന്നത് കൊതുമ്പു വള്ളത്തിൽ ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുമ്പോൾ എനിക്ക് വ്യക്തമായി കാണാമായിരുന്നു. ▮


സിജിത്​ വി.

കഥാകൃത്ത്​. അമേരിക്കയിൽ മയാമിക്കടുത്ത്​ വെസ്​​റ്റേൺ സിറ്റിയിൽ താമസിക്കുന്നു. K എന്ന മിനി ഫിലിം എഴുതി സംവിധാനം ചെയ്​തു.

Comments