ചിത്രീകരണം: ദേവപ്രകാശ്‌

Not all who wander are aimless,especially not those who seek truth beyond tradition,beyond definition, beyond the image.- From the movie ‘Mona Lisa Smile'

‘അവൾടെ കുലിക്കിപ്പറിച്ചൊള്ള നടപ്പ് കണ്ടപ്പഴേ എനിക്കറിയാരുന്നു എന്തോ പെശകൊണ്ടെന്ന്...'

കത്രികയുടെ പെരുക്കുന്ന ലോഹജാലത്തിനും ബാർബർ ശിവണ്ണന്റെ പേശിനും താൽകാലിക വിരാമമിട്ടുകൊണ്ടാണ് ആരോ ആ വെടിപൊട്ടിച്ചത്.

ഞാനപ്പോൾ പഴയൊരു നാനയുടെ സെന്റർസ്‌പ്രെഡിൽ അനുരാധ കാല് സ്റ്റൂളിൽ കയറ്റിവച്ചു നിൽക്കുന്ന പോസിൽ കറുപ്പിന്റെ അഴകിനെക്കുറിച്ചുള്ള വിചാരിപ്പിലായിരുന്നതിനാൽ ആരാണ് പറഞ്ഞതെന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല.

വെട്ട് നിർത്തി, ചർച്ച കൊഴുത്ത സന്തോഷത്തിൽ തലയൊന്നു കുടഞ്ഞ് ശിവണ്ണൻ രണ്ടാം ഘട്ടം തുടങ്ങി; ‘‘ഇവങ്കയെല്ലാം തിരുട്ട് പയലുകളാക്കും അണ്ണാ, നമ്മളെ മാതിരി ഇന്തനാട്ട് വന്ത് വേലയെടുക്കറ തമിളർക്കെല്ലാം അവമാനം..''

നാന ബെഞ്ചിൽ വച്ച് ഞാൻ കടയിൽ നിന്നിറങ്ങി. കറുപ്പിനുമുകളിൽ വിയർപ്പ് നനഞ്ഞു കുഴഞ്ഞ റോസ് പൗഡർ മനസ്സിൽ നിന്നും പോകുന്നില്ല.

റോഡരുകിൽ നിന്ന് ഇരുവശത്തേക്കും നോക്കി. തെക്കോട്ട് കുടപ്പുളിയും രണ്ടു മൂന്ന് വാകയും നിരയൊത്ത് കുട പിടിച്ച് തണുപ്പിച്ചിട്ടിട്ടുണ്ട്. വടക്കോട്ട് നടക്കാം. അമ്പലനട വരെ നെടുനീളത്തിൽ കൊടുംവെയിലിന് വഴിപ്പെട്ട ടാർറോഡ് ചുട്ടുപഴുത്ത് മലർന്നു കിടക്കുകയാണ്.

April is the cruelest month.

ടാറും മെറ്റലും പഴുത്ത റോഡിൽ വലതുകാലിന്റെ ഉപ്പൂറ്റിയിൽ വടു വീണ്ടു കീറിയ വ്രണം അമർത്തി നടക്കുമ്പോഴുള്ള സുഖം, തലയിൽ തിളക്കുന്ന കൊടും വെയിലിന്റെ വറവി നട്ടെല്ലിലൂടെ പടർത്തുന്ന കുളിരിന്റെ സുഖം ടി. എസ്. എലിയറ്റിനറിയാമോ? അതെല്ലാം ഓർക്കുമ്പോൾ തന്നെ മനസ്സിൽ കൊതിയുണരുന്നു.

പള്ളിക്കവലയിൽ പൊലീസ് ജീപ്പ് നിർത്തിയിട്ടിട്ടുണ്ട്. ജീപ്പുകൾക്കും പൊലീസ് നായകൾക്കും ഒരേ ഛായ തന്നെ. ഒന്നു ചുറ്റും നടന്നു പെഡിഗ്രി നോക്കി. പ്യുവർ ബ്രീഡല്ല. ചെറിയ മിക്‌സുണ്ട്. ജർമൻ ഷെപ്പേർഡിൽ നാലുതലമുറ മുന്നേ അൽപം പഗ്ഗിന്റെ കലർപ്പ്.

‘എന്താടാ, അവടെ?' തൊട്ടപ്പുറത്തെ വർക്ഷോപ്പിൽ നിന്ന്​ പൊലീസുകാരൻ തൊപ്പി വയ്ക്കാതെ ഇറങ്ങിവന്നപ്പോൾ നായ വീണ്ടും ജീപ്പായി. ഞാൻ തിരിഞ്ഞു നടന്നു.
വടക്കോട്ട് നടക്കുന്നതിനുപകരം പള്ളിമേടയിലേക്ക് തിരിഞ്ഞു.

ഞാനും ഇസ്‌കാരിയോത്തച്ചനും തമ്മിലുള്ള കരാറുണ്ട്. ജയിച്ചാൽ പത്തുരൂപ കിട്ടുന്ന സംവാദമാണ്. ഉച്ചയൂണ് കഴിഞ്ഞ് ചിലപ്പോ അച്ചൻ മയങ്ങാൻ കിടന്നു കാണും.

ചെന്നപ്പോൾ അച്ചൻ ഏതോ പുസ്തകം വായിക്കുന്നു.
പാളി നോക്കി. കാൾ സാഗന്റെ കോസ്‌മോസ്.
എനിക്ക് ചിരി വന്നു. റീഡിങ് ഗ്ലാസ്സിന് മുകളിലൂടെ അച്ചൻ കണ്ണുയർത്തി നോക്കി.
‘‘ഇന്നെന്താ രാരാ കണ്ടുപിടുത്തം? ഇന്നും പത്തുരൂപ നീ എന്റെ കയ്യീന്ന് വാങ്ങ്വോ?'' അച്ചൻ പുഞ്ചിരിക്കുന്നു.

ഞാൻ നേരെ കാര്യത്തിലേക്ക് കടന്നു.
‘‘ഉൽപ്പത്തി 1:29, ഉൽപ്പത്തി 1:30 എന്താന്നൊന്ന് പറഞ്ഞേ...''
‘‘ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്ക് തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ. ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ട് പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു...'' കുർബാന ചൊല്ലുന്നതു പോലെ അച്ചൻ ഒറ്റടിക്ക് പറഞ്ഞു നിർത്തി.

‘‘അപ്പോ എവിടെയാ എറച്ചി മനുഷ്യന് ഭക്ഷണായി ദൈവം തന്നത്? സൃഷ്ടീല് തന്നെ ശുദ്ധ വെജിറ്റേറിയൻ ഏർപ്പാടല്ലേ മനുഷ്യനു പറഞ്ഞത്?''

അച്ചൻ കണ്ണട ഊരി അതിന്റെ വലത്തേക്കാലിന്റെ അറ്റം കടിച്ച് അൽപം ആലോചിച്ചു. കണ്ണട തിരിച്ചുവച്ച് എഴുന്നേറ്റ് രണ്ടുചാൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒടുവിൽ ചെറുചിരിയോടെ തിരിഞ്ഞു നിന്നു.
‘‘നീ തന്നെ ഉത്തരം പറ. ഉച്ചക്ക് കഴിച്ച ശാപ്പാട് നീ കുളമാക്കുമോ?
ഉൽപ്പത്തി 9:02, ഉൽപ്പത്തി 9:03... പ്രളയം കഴിഞ്ഞ് നോഹയോട് ദൈവം എന്താ പറഞ്ഞതെന്ന് നോക്ക്.. അതില്ണ്ട് ഉത്തരം.''

അച്ചൻ ബൈബിളെടുത്ത് തുറന്നു. വായിക്കാൻ തുടങ്ങി: ‘‘നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകല മത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏൽപ്പിച്ചിരിക്കുന്നു. ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്ക് തന്നിരിക്കുന്നു.''

‘മനസ്സിലായാ? മനുഷ്യന് പ്രളയാനന്തരം ക്ഷാമകാലത്ത് ജീവൻ നെലനിർത്താനുള്ള വഴി ദൈവം തന്ന്, അത്രേയുള്ള്’, പറഞ്ഞ് ഞാൻ അറ്റൻഷനിൽ നിന്നു.

അച്ചൻ ളോഹയുടെ പോക്കറ്റിൽ നിന്നും പേഴ്‌സെടുത്തു. പത്തുരൂപ നീട്ടിയത് അറ്റൻഷനിൽ തന്നെ നിന്നു വാങ്ങി.

തിരിഞ്ഞു നടക്കുമ്പോൾ പുറകിൽ അച്ചൻ എന്തോ പറഞ്ഞു. ശ്രദ്ധിക്കാതെ നോട്ട് മണത്തുനോക്കി. ഉച്ചക്ക് മേടയിൽ കോഴിക്കറിയായിരുന്നു. ഉറപ്പ്.

മേടയിൽ അല്പം നിന്നപ്പോഴേക്കും തലതണുത്ത് വിയർത്തൊലിച്ചുതുടങ്ങി. ഇനിയൊന്ന് ചൂടായി വരുമ്പോഴേക്കും സമയം എടുക്കും. പള്ളിപ്പടി എത്തിയപ്പോഴും ജീപ്പ് അവിടെത്തന്നെ കിടപ്പുണ്ട്. ഇപ്പോൾ മുരളുന്നുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഈ പോലീസ് നായ നാട്ടിൽ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട്. അതിനൊപ്പം തുടങ്ങിയതാണ് എന്റെ ഉള്ളിൽ ആ പഴയ കുറ്റാന്വേഷകന്റെ കറക്കവും.

‘‘മറ്റെല്ലാം ഒഴിച്ചുമാറ്റുമ്പോൾ, നിലനിൽക്കുന്നത് സത്യം മാത്രമായിരിക്കും...'' ഷെർലക് പൈപ്പിന് തീ പകർന്നു.

‘‘ഒന്നു പോടാപ്പാ, വെറുതെ ആളെ മെനക്കെടുത്താൻ, സത്യം പലതരത്തിൽ വരും. ഞാൻ തേടുന്നത്. നീ പറയുന്നത്, ഇനിയൊരാൾ കാണുന്നത്, ഒടുക്കത്തെ സത്യം നീ കണ്ടിട്ടുണ്ടാ?'' തല ചൂടായതോടെ ഞാൻ ഫോമിലായി.

എന്റെ ചോദ്യം കേട്ട് ഷെർലക്ക് അടുത്തേക്കുവന്നു.
വടക്കുനിന്നും അടിച്ച ചൂടുകാറ്റിൽ നീണ്ട ഓവർകോട്ട് ഉലഞ്ഞുപാറി. ദേഷ്യം കൊണ്ട് അവന്റെ മൂക്ക് ചുവന്നിരിക്കുന്നത് കണ്ട് ഞാൻ ചിരിച്ചു.

‘‘അസാധ്യമായതെല്ലാം ഒഴിവാക്കിക്കഴിയുമ്പോൾ, എത്ര അസംഭവ്യമായാലും, നിലനിൽക്കുന്നത് സത്യം മാത്രമായിരിക്കുമെന്ന് ഞാൻ നിന്നോട് എത്ര തവണ പറഞ്ഞുകഴിഞ്ഞു.''

ഷെർലക്ക് പറഞ്ഞു നിർത്തിയതും ഞാൻ പോക്കറ്റിൽ നിന്നും നോട്ടെടുത്ത് അവനെ മണപ്പിച്ചു.

‘‘അന്തിമമായ സത്യത്തിന്റെ മണം കിട്ടണുണ്ടാ?'' എന്റെ ചോദ്യം കേട്ട് കണ്ണടച്ച് അവൻ നോട്ടിനെ ആഞ്ഞുമണത്തു.

‘‘കിട്ടുന്നു, ഇതാണ് സത്യം, ഇതല്ലാതെ സത്യം മറ്റൊന്നുമല്ല.''

ഷെർലക്കിന്റെ തിരിച്ചറിവ് കണ്ട് ഞാൻ ഉറക്കെയുറക്കെ ചിരിച്ചു.
ചിരിയുടെ അലകളിൽ ഷെർലക്ക് ചുരുങ്ങിയുറഞ്ഞ് ചെറുതായി, ചെറുതായി ഒടുവിൽ ഒരു പാറ്റയായി റോഡിന് കുറുകെ നടക്കാൻ തുടങ്ങി. ചൂടുകാറ്റിൽ അവന്റെ ചിറകുകൾ ഉലഞ്ഞു പാറി. ശീതരക്തമുള്ള കുറ്റാന്വേഷകൻ ചുട്ടുപഴുത്ത ടാർറോഡിൽ കാലമർത്തി മെല്ലെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് റോഡിൽ കുത്തിയിരുന്ന് ക്രൂരമായ ഒരാനന്ദത്തോടെ ഞാൻ നോക്കിക്കൊണ്ടിരുന്നു.
തൊട്ടു, തൊട്ടില്ല എന്നമട്ടിൽ ജീപ്പ് വന്ന് ചവിട്ടി നിർത്തിയപ്പോഴാണ് ഞെട്ടി എണീറ്റത്.

‘‘മനുഷ്യനെ മെനക്കെടുത്താൻ എറങ്ങിക്കോളും'', ഡയലോഗിന്റെ കൂടെ ജീപ്പിൽ നിന്നും കാക്കിയിട്ട രണ്ടു തെറികൾ കൂടി പറന്നു വന്നു.

മറുപടിയായി സൈഡൊതുങ്ങി നിന്നു നീട്ടി വലിച്ച് ഒരു സല്യൂട്ട് കൊടുത്തു.

ഞാൻ പാളിനോക്കിയപ്പോൾ ഷെർലക്കിനെ റോഡരുകിൽ കാണാനില്ല. മുരണ്ടുകുതിക്കുന്ന ജീപ്പിലേക്ക് നോക്കുമ്പോൾ അതിലിരുന്ന് പൈപ്പ് വലിക്കുന്നു. കോട്ടിന്റെ ഒരറ്റം ജീപ്പിന് പുറത്തേക്ക് നീണ്ടുകിടന്ന് കാറ്റിൽ ഇളകുന്നുണ്ട്. എനിക്ക് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. എന്നാൽ, അപ്പോഴേക്കും വിളിച്ചു പറയുന്നവന്റെ ശബ്ദമെത്തുന്നതിനും അപ്പുറമായിരുന്നു ക്രമസമാധാനം ഓടിക്കൊണ്ടിരുന്നത്.

ജീപ്പിന്റെ പിൻസീറ്റിൽ ഷെർലക്കിനൊപ്പം ചടഞ്ഞിരിക്കുന്ന മുനിയാണ്ടിയെ അപ്പോഴാണ് ഞാൻ കണ്ടത്.

ഉന്തുവണ്ടിയിൽ അഞ്ചെട്ട് ഭാണ്ഡങ്ങളും ഒരു ചിതലിപ്പട്ടിയും ഒപ്പം മുനിയാണ്ടിയെന്ന ഈ മനുഷ്യനും ഏതാണ്ട് ഒരുമാസം മുന്നേയാണ് തേനിത്തമിഴുമായി ഞങ്ങളുടെ നാട്ടിൽ എത്തിയത്. അവർ കടന്നുവന്ന വഴിയിൽ പരന്ന അങ്ങാടിമരുന്നിന്റെ, വിയർപ്പിന്റെ, ചിതലിപ്പട്ടിയുടെ മണമടിച്ച് പള്ളിക്കവലയിലെ പീടികത്തിണ്ണയിൽ ചതുരംഗം കളിച്ചുകൊണ്ടിരുന്നവർ കഷ്ടപ്പെട്ട് തലപൊക്കി നോക്കുന്നത് ഞാനും കണ്ടു. ഞാനപ്പോൾ വഴിയരുകിൽ ചത്ത പാറ്റയെ എടുത്തുയർത്തുന്ന ഉറുമ്പിൻപറ്റത്തെ നോക്കി പാറ്റയാരെന്നും ഉറുമ്പാരെന്നും തിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു.

ആരോ മുനിയാണ്ടിയുടെ തലേക്കെട്ടും ഉടുപ്പും നോക്കി.
‘ഇത് ലാടനാണല്ലോ' എന്നു പറഞ്ഞ് തിരിച്ച് മുന്നിലെ കളത്തിലേക്കും കരുവിലേക്കും പോയെങ്കിലും ബാക്കിയുള്ളവർ മുനിയാണ്ടിക്ക് പിന്നിലായി നടന്നുവന്ന മറ്റൊരു ഗന്ധത്തിന്റെയും കാഴ്ചയുടെയും നിറവിൽ തരിച്ചിരിക്കുകയായിരുന്നു.

മുനിയാണ്ടിയുടെ ഭാര്യ കണ്ണകിയായിരുന്നു നാടിന്റെ കാഴ്ചശീലങ്ങളിലേക്ക് അന്ന് കടന്നിറങ്ങിയത്. തലയുയർത്തി, എന്നാൽ കണ്ണയക്കാതെ ചുറ്റും വീക്ഷിച്ച് അവൾ അലസമായി നടന്നുനീങ്ങുന്നത് നാടുമുഴുവൻ നോക്കി നിന്നു. ഇപ്പോഴഴിഞ്ഞു വീഴും എന്നു തോന്നിപ്പിക്കുന്നവിധം ഉലഞ്ഞുടുത്ത ചേലക്കുള്ളിൽ മേദസ്സൊഴിഞ്ഞ ഉടലിൽ ഓളം വെട്ടുന്ന കറുപ്പഴകിന്റെ ഇന്ദ്രജാലം. തലയിലണിഞ്ഞ മുല്ലപ്പൂവിന്റെയും ചുണ്ടുചുവപ്പിക്കുന്ന മുറുക്കാന്റെയും സുഗന്ധം മൂക്കിലടിച്ചപ്പോൾ കാഴ്ചകാണാൻ എഴുന്നേറ്റുനിന്ന മേപ്പുറം കർത്താവ് ‘ഹൂ' എന്നൊരു ശബ്ദമുണ്ടാക്കി പീടികത്തിണ്ണയിലേക്ക് തിരികെ ഇരുന്നതു കണ്ട് ഞാൻ ഉറക്കെ ചിരിച്ചു.

ആരോ കല്ലെടുത്ത് എന്റെ നേരെ വലിച്ചെറിഞ്ഞു. ഞാനെണീറ്റ് വേഗം മുനിയാണ്ടിക്കൊപ്പം നടക്കാൻ തുടങ്ങി.

ചിരപരിചിതനെപ്പോലെയാണ് മുനിയാണ്ടി നാടിന്റെ ഇടവഴികളും, മണ്ണുവെട്ടാം കുഴികളും, തോടുകളും കടന്ന് ആയപ്പിള്ളി തറവാടിന്റെ നോക്കെത്താതെ കാടുപിടിച്ചുകിടന്ന കളരിമുറ്റത്ത് യാത്ര അവസാനിപ്പിച്ചത്. ഭാണ്ഡക്കെട്ടുകൾ ഇറക്കിവച്ച് ലാടൻ താവളമൊരുക്കുന്ന തിരക്കിലായി. പടർന്നുകിടന്നിരുന്ന വള്ളികളും ഇല്ലിപട്ടലും വെട്ടിയൊതുക്കി കളരിമുറ്റത്ത് ഇടമുണ്ടാക്കി. തെങ്ങിൻകൊലഞ്ഞി കൊണ്ട് കണ്ണകി അവിടം അടിച്ചു വൃത്തിയാക്കി.
മുറ്റത്തിനപ്പുറം കനത്തുനിന്ന സർപ്പക്കാട്ടിൽ അനേകശതം നാഗദൈവങ്ങളും വൃക്ഷപ്രഭുക്കളും ജീവജാലങ്ങളും സാകൂതം എല്ലാം നോക്കി നിന്നു.
ഇതെല്ലാം കണ്ട് എനിക്ക് കലശലായി കലി വന്നു. തലേന്നുവരെ ആ കളരിയിലെ ഓരോ ജൈവാജൈവങ്ങളും സ്ഥിരമായി അവിടെ അന്തിയുറങ്ങിയിരുന്ന എന്റെ സ്വന്തമായിരുന്നു. ആവുന്നത്ര ശബ്ദത്തിൽ ചീത്ത പറഞ്ഞു കൊണ്ട് ഞാൻ മുനിയാണ്ടിക്കു നേരെ പാഞ്ഞു ചെന്നു.

എന്റെ വരവ് പ്രതീക്ഷിച്ചതുപോലെ അയാൾ തലയുയർത്തി എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ഉള്ളിലെ ഓരോ വാതിലുകളായി തുറന്ന് അയാൾ എല്ലാ രഹസ്യവും പുറത്തെടുക്കുമെന്ന് എനിക്ക് ഭയം തോന്നി. കണ്ണെടുക്കണമെന്നും അവിടെ നിന്ന്​ ഓടിരക്ഷപ്പെടണമെന്നും തോന്നിയിട്ടും ഒന്നിനും വയ്യാതെ മനസ്സും ശരീരവും തളർന്നടിഞ്ഞ ഞാൻ അവിടെത്തന്നെ ഇരുന്നുപോയി. ചിതലിപ്പട്ടി വന്ന് എന്നോടു ചേർന്നിരുന്നു.

ഒന്നും സംഭവിക്കാത്തതു പോലെ കളരിമുറ്റത്ത് ജമുക്കാളം വിരിച്ച് മുനിയാണ്ടി ലാടമരുന്നുകൾ നിരത്താൻ തുടങ്ങി. ജീവനൊഴിഞ്ഞ അനേകം വനസസ്യങ്ങളും ജീവികളും ജമുക്കാളത്തിൽ അടങ്ങിയൊതുങ്ങി മുനിയാണ്ടിയുടെ നിർദ്ദേശങ്ങൾക്കായി കാത്തിരുന്നു.

കൺകോണിനുപിന്നിൽ കളരിത്തിണ്ണയിൽ എല്ലാം ശ്രദ്ധിച്ചുകൊണ്ട് കണ്ണകി ഇരിക്കുന്നത് ഞാനറിഞ്ഞു. അവളപ്പോൾ കയ്യിലിരുന്ന കാരക്കയുടെ കുരുവിൽ പറ്റിയ അവസാനത്തെ കാമ്പും കാർന്നു തിന്നുകയായിരുന്നു.

കണ്ടാരശ്ശനും കാരണവരും ലാടഗുരുവുമാണ് കളരിയിലെ പ്രതിഷ്ഠകൾ. ഒരിക്കൽ ഈ കളരിയിൽ കണ്ടാരശ്ശപ്രതിഷ്ഠ മാത്രമാണുണ്ടായിരുന്നത്. ഞാനക്കാലത്ത് എന്റെ മൂന്നു ജന്മം മുന്നേ കാറ്റായി ഇന്നാട്ടിൽ കറങ്ങി നടക്കുന്ന സമയമായിരുന്നു. അന്ന് കളരിയിൽ വന്നുപാർത്ത ലാടഗുരുവിന്റെ കയ്യിലെ സ്വർണം കൊണ്ടുള്ള അമ്മിപ്പിള്ള കണ്ടു മോഹിച്ച ആയപ്പിള്ളിയിലെ വലിയ കാരണവർ രാത്രിയിൽ ലാടനെ തലക്കിടിച്ച് കൊലപ്പെടുത്തി വളക്കുഴിയിൽ ചവുട്ടിത്താഴ്ത്തിയത് തെങ്ങോലകൾക്കിടയിൽ കുരുങ്ങി ആടുന്നതിനിടയിലാണ് ഞാൻ കണ്ടത്.
കൊല്ലപ്പെട്ടതിന്റെ പിറ്റേ വെള്ളിയാഴ്ച ലാടന്റെ പ്രേതം പണി തുടങ്ങിയെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനുള്ള ആദ്യത്തെ സംഭവമുണ്ടായി. കാരണവരുടെ വലംകൈയായിരുന്ന അപ്പനായർ കള്ളുഷാപ്പിലിരുന്ന് ലാടനെ ചവുട്ടിത്താഴ്ത്തിയ കഥ വീരവാദം പറഞ്ഞ രാത്രി പാടവരമ്പത്ത് നടുനെഞ്ചിൽ ശ്രീവത്സമായി ലാടന്റെ പാദമുദ്ര തിണർത്ത് മരിച്ചുകിടന്നു. സത്യം എനിക്കു മാത്രമറിയാമായിരുന്നു.

അന്നുമുതൽ ആയപ്പിള്ളി തറവാടിനുചുറ്റും അവിടെ നിന്നു പടിഞ്ഞാറോട്ട് ആയപ്പിള്ളിപ്പാടം വരെയും എന്നും രാത്രി ലാടന്റെ തേരോട്ടമുണ്ടായി. ഇടയ്ക്ക് മണിയടിയും പന്തം പോലൊരു പ്രകാശഗോളവും പലരും കണ്ടു. രാത്രിയായാൽ ആ പ്രദേശത്തെ ആരും ലാടനെപ്പേടിച്ച് പുറത്തിറങ്ങാതായി.

നാട്ടുകാരൊന്നടങ്കവും വീട്ടിലെ പെണ്ണുങ്ങൾ ഒറ്റയ്ക്കും പറഞ്ഞുനോക്കിയിട്ടും ലാടനെ തളക്കാൻ ശ്രമിക്കാതിരുന്ന കാരണവർക്കായിരുന്നു രണ്ടാമത്തെ പണി. ആയപ്പിള്ളിപ്പാടത്ത് കൊയ്ത്തുകഴിഞ്ഞ് മെതി പൊലികൂടിയ രാത്രി കാവൽപുരയിൽ കൊയ്ത്തരിവാളിന്റെ വെട്ടേറ്റ് കാരണവർ മരിച്ചുകിടന്നു. നെഞ്ചിൽ ശ്രീവത്സം കൂടാതെ കഴുത്തിൽ ഒരുപിടി കറ്റകൊണ്ട് 1പുലിയാർമോതിരവും കെട്ടിയുറപ്പിച്ചിരുന്നു. ഞെട്ടിത്തരിച്ച് ഞാനതിനും സാക്ഷിയായി.

പുലിയാർമോതിരം മാത്രം കറ്റകെട്ടുന്ന ചിരുതയെ എല്ലാവർക്കും സംശയമായി. അവളെത്തേടി നാട്ടുകാർ ചെല്ലുമ്പോൾ അവളുടെ പുലയൻ ചിന്നൻ മുറ്റത്തിരുന്ന് പിച്ചും പേയും പറയുന്നു. ലാടൻ ചിന്നനിൽ കൂടിയെന്ന് എല്ലാവർക്കും ഉറപ്പായി. അകത്ത് കല്ലു പോലെ ഇരുന്ന ചിരുതയെ ശ്രദ്ധിക്കാതെ നാട്ടുകാർ ചിന്നനെ പിടിച്ചു കെട്ടി കളരിയിലെത്തിച്ചു. കരുമാല്ലൂരിൽ നിന്നും വന്ന ഉളിയാമ്പുളി നമ്പൂരി ഗുരുതിക്കളം വരച്ച് ലാടനെ നടുക്കിരുത്തി. ഉച്ചാടനത്തിന്റെയും ദണ്ഡനത്തിന്റെയും ഉഗ്രസ്ഥായിയിൽ നാടു കിടുക്കിയ അലർച്ചയോടെ മൂർച്ഛിച്ചു വീണ ചിന്നനെ ഉപേക്ഷിച്ച് ലാടന്റെ പ്രേതം ഗുരുതിക്കല്ലിൽ കുടിയേറി. പിന്നീടുള്ള പത്തുദിവസത്തെ പൂജയിൽ കണ്ടാരശ്ശനൊപ്പം ലാടൻ കുടിയേറിയ ഗുരുതിക്കല്ലിനേയും, ആവാഹിച്ചിരുത്തിയ കാരണവരേയും ഇടവും വലവുമായി പ്രതിഷ്ഠിച്ചിട്ടാണ് നമ്പൂരി മടങ്ങിയത്.

ആ കളരിയിലേക്കാണ് വർഷങ്ങൾക്കിപ്പുറം ചിരപരിചിതനെപ്പോലെ ഇനിയൊരു ലാടൻ നടന്നു കയറുന്നത്.

പിറ്റേന്നായപ്പോഴേക്കും ആളുകൾ കളരിയിലേക്ക് ഒറ്റക്കും കൂട്ടമായും എത്താൻ തുടങ്ങി. ഞാൻ രാവിലെ തന്നെ കളരിക്കുളത്തിൽ മുങ്ങിനീർന്ന് മുനിയാണ്ടിയുടെ കൈക്കാരനായി മാറിയിരുന്നു. നാട്ടുകാരുടെ സകലദോഷങ്ങൾക്കുമുള്ള പരിഹാരം മുറ്റത്തെ അടുപ്പിൽ തിളച്ചുവറ്റി സത്തായി മാറിക്കൊണ്ടിരുന്നു.

അന്ന് രാത്രിവരെ കച്ചവടം തകൃതിയായി നടന്നു. മരുന്നുവാങ്ങാൻ വന്നവരെക്കൂടാതെ ചെറുപ്പക്കാരുടെയും മദ്ധ്യവയസ്‌കരുടെയും മറ്റൊരു സംഘം കണ്ണകിയെക്കാണാൻ കളരിമുറ്റത്ത് ചുറ്റിപ്പറ്റി നേരംകഴിച്ചു. മുനിയാണ്ടിയോട് ലോഹ്യം കൂടാൻ ശ്രമിച്ച അവരിൽ ചിലരെയെല്ലാം തുപ്പലും തേനിത്തമിഴും ചേർത്ത് അയാൾ തെറി പറഞ്ഞോടിച്ചു. അന്ന് പകൽ മുഴുവൻ കണ്ണകി പുറത്തിറങ്ങാതെ കളരിക്കകത്തിരുന്നതേയുള്ളൂ.

സന്ധ്യയായപ്പോൾ മുനിയാണ്ടി പണപ്പെട്ടിയിൽ നിന്ന് ഇരുപതുരൂപയെടുത്ത് എനിക്കു തന്നു. മുറുക്കാൻ പറ്റിയിരിക്കുന്നത് മുണ്ടിൽ തുടച്ച് ഞാൻ നോട്ടുകൾ മടിയിൽ ഭദ്രമായി വയ്ക്കുന്നതിനിടയിൽ ഭാണ്ഡത്തിൽ നിന്നും അരക്കുപ്പി വാറ്റെടുത്ത് മുനിയാണ്ടി കളരിക്കകത്തേക്ക് പോയി. കണ്ടാരശ്ശനും ഗുരുവിനും നേദിച്ച് വെള്ളം തൊടാതെ പകുതിയും തൊണ്ടയിലേക്കൊഴിച്ചു. തലയൊന്നു കുടഞ്ഞ് ചിറി തുടച്ച് എന്നോട് ചിതലിപ്പട്ടിയുടെ പാത്രമെടുത്തുവരാൻ പറഞ്ഞു. ഞാൻ എടുത്തു വന്നപ്പോഴേക്കും കുപ്പി കാലിയായിരുന്നു.

മുനിയാണ്ടി അടുത്ത കുപ്പി പുറത്തെടുത്ത് ശ്രദ്ധയോടെ അല്പം പാത്രത്തിൽ പകർന്ന് അൽപം വെള്ളവും ചേർത്ത് ചിതലിയെ നോക്കി ഒരു ശബ്ദമുണ്ടാക്കി നീക്കിവച്ചു. ചിതലി ഓടിയെത്തി അത് നക്കിക്കുടിക്കാൻ തുടങ്ങി. ദാഹംകൊണ്ട് എന്റെ തൊണ്ട വരണ്ടു. പാത്രത്തിൽ മൂന്നു തവണ കൂടി മുനിയാണ്ടി വാറ്റ് പകർന്നു. ഇത്തവണ നക്കിക്കുടിച്ചത് ഞാനായിരുന്നു. അധികം വൈകാതെ ഞാനവിടെത്തന്നെ കിടന്നുറങ്ങി.

അതിൽ ഞാനൊരു സ്വപ്നം കണ്ടു.

അതിക്രൂരമായി വരണ്ട മരുഭൂമിയിൽ ഇറ്റുവെള്ളം കിട്ടാതെ പൊട്ടിയ തൊണ്ടയുമായി ഞാൻ നടക്കുകയായിരുന്നു. അകലെക്കണ്ട മരുപ്പച്ചയിൽ ഉടമയായി നിൽക്കുന്ന ആൾക്ക് മുനിയാണ്ടിയുടെ മുഖം. വെള്ളം ചോദിക്കുന്നതിനു മുന്നേ വെള്ളമില്ലെന്നുപറഞ്ഞ് അയാളെന്നെ ആട്ടിപ്പുറത്താക്കി. എനിക്കു സങ്കടം വന്നു. കരഞ്ഞുപിഴിഞ്ഞ് അപേക്ഷിച്ചുകൊണ്ടിരിക്കെയാണ് എവിടെനിന്നോ ചിതലിയും കയറിവന്നത്. അവനും വെള്ളം ചോദിച്ച് മോങ്ങാൻ തുടങ്ങി. ഒന്നിച്ചുള്ള നിലവിളി കേട്ടിട്ടാവണം അകത്തുനിന്ന്​ ശരീരമാസകലം പൊതിഞ്ഞ സ്ത്രീ ഇറങ്ങി വന്നത്. അവർക്ക് ഒരു അധികാരിയുടെ ഭാവമുണ്ടായിരുന്നു. പക്ഷേ അത് കണ്ണകിയല്ലായിരുന്നു. പരന്ന ഒരു പാത്രത്തിൽ വെള്ളം തന്നിട്ട് അവർ ‘വേഗം കുടിച്ച് സ്ഥലം വിട്ടോളണം' എന്നുപറഞ്ഞ് വാതിലടച്ചു.

ഞാനും ചിതലിയും പാത്രത്തിന്റെ രണ്ടുവശത്തുനിന്നും ആർത്തിയോടെ കുടിക്കുന്നതിനിടയിലാണ് എവിടെ നിന്നോ ഞരക്കം പോലുള്ള സ്ത്രീശബ്ദം കേട്ടത്.

ബോധം തെളിയാൻ കുറച്ച് സമയമെടുത്തു.
സർപ്പക്കാവിന്റെ കോണിൽ സന്ധ്യക്ക് ഞാൻ തെളിച്ച തിരി മങ്ങിനിൽപ്പുണ്ട്.

സ്വപ്നത്തിൽ കേട്ട ഞരക്കം തുടരുന്നുണ്ടോ? കളരിയുടെ വടക്കേ ചായ്പിൽ എന്റെ പുസ്തകങ്ങൾ അടുക്കിയ മൂലയിൽ നിന്നുതന്നെയാണ് അതുയരുന്നത്. ഇരുട്ടിന്റെ മറവിൽ ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി.

അപ്പോൾ എവിടെനിന്നോ എനിക്ക് മുഖപരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ മുറ്റത്ത് പ്രത്യക്ഷപ്പെട്ടു. മുനിയാണ്ടിയുടെ കൈകളിൽ കുറച്ചു നോട്ടുകൾ വച്ചുകൊടുത്ത് അയാൾ വടക്കേ ചായ്പിനകത്തേക്കുപോയി. തൂണുകളുടെ മറവിൽ ഞാൻ നോക്കി നിൽക്കേ അല്പം കഴിഞ്ഞ് ചായ്​പിൽ നിന്ന്​ ചിതലിയാണ് മുറ്റത്തേക്കിറങ്ങി വന്നത്.

ഉടലൊന്നാഞ്ഞുകുടഞ്ഞ് അവൻ എന്റെ മുന്നിലൂടെ നടന്നുപോയി.

മനുഷ്യർ അതിസ്വാർത്ഥരാവുമ്പോൾ മാത്രം ഉണ്ടാവുന്ന തരം ഭാവം ഞാനവന്റെ മുഖത്ത് മങ്ങിയ വെളിച്ചത്തിൽ വ്യക്തമായും കണ്ടു.

എനിക്ക് അതികഠിനമായി ഛർദ്ദിക്കാൻ വന്നു.
നാവിന്റെ വേരുകളിൽ ആരോ കൊളുത്തിട്ട് വലിക്കുകയാണ്.
ഉള്ളിലെ വെറുപ്പിന്റെ ഒടുവിലത്തെ തരിയും കലക്കിയെടുത്ത് കടൽത്തിര ആഞ്ഞടിച്ചു. മുറ്റത്തിന്റെ മൂലയിൽ ഞാൻ കുത്തിയിരുന്നുപോയി.

ചൂളം വിളിച്ചാണ് ആദ്യത്തെ അടിവീണത്.
നടുംപുറത്തു തന്നെയായിരുന്നു.
എന്റെ ശരീരമാസകലം കുളിര് പൊങ്ങി.
രണ്ടുദിവസം മുഴുവൻ വെയിലുകൊണ്ടാൽ കിട്ടാത്ത സുഖം.
ഞാൻ മുഖമുയർത്തി ഇനിയും അടിക്കാൻ യാചിച്ചു.
മുനിയാണ്ടി തലങ്ങും വിലങ്ങും അടി തുടർന്നു.
സുഖത്തിന്റെ ഏതോ മൂർച്ഛയിലാണ് എന്റെ ബോധം മറഞ്ഞത്.

ഓർമ വരുമ്പോൾ ഞാൻ ജമുക്കാളത്തിന്റെ അരികുചേർന്ന് കിടക്കുകയാണ്.
നേരം വെളുത്തുതുടങ്ങിയിട്ടുണ്ട്. എനിക്കു കാവലുപോലെ ചിതലി അരികിലിരിക്കുന്നു. അവന്റെ ഇരിപ്പുകണ്ട് എനിക്ക് എന്തെന്നില്ലാത്ത വിധം സങ്കടം വന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

അന്നത്തേക്കുവേണ്ട മരുന്നുകൂട്ടുകൾ തയ്യാറാക്കിക്കൊണ്ടിരുന്ന മുനിയാണ്ടി ഞാൻ ഉണർന്നതുകണ്ട് അടുത്തേക്ക് വന്നു. എന്റെ കരച്ചിൽ കണ്ട് ദയനിറഞ്ഞ കണ്ണുകളോടെ അയാൾ മടിക്കുത്തിൽ നിന്ന്​ ഒരു കഞ്ചാവുബീഡിയെടുത്ത് നീട്ടി. ഞാൻ ഒന്നു സംശയിച്ചുനിന്നു. അപ്പോഴാണ് ചിതലി തലയുയർത്തി എന്നെനോക്കി ‘ധൈര്യമായി വാങ്ങിച്ചോ' എന്നമട്ടിൽ ആംഗ്യം കാട്ടിയത്.

‘നീ കഞ്ചാവുപുകയെടുക്കുമ്പോൾ അത് നിന്നെത്തന്നെ നിനക്ക് വെളിപ്പെടുത്തുന്നു. നീ ചെയ്യുന്ന എല്ലാ തോന്ന്യവാസങ്ങളിലും അത് നിന്നിൽ വെളിപ്പെടുന്നു. നിന്റെ ബോധതലം നിന്നിൽ വ്യക്തമായി തെളിയുന്നു; കാരണം അത് നിന്നെ ധ്യാനനിമഗ്‌നനാക്കുന്നു.’

ബോബ് മാർലി പറഞ്ഞുനിർത്തിയതും ഞാൻ ഇരുന്നിടത്ത് ചരിഞ്ഞുവീണുപോയി. ആ കിടപ്പിൽ നിന്ന്​ അന്നു പകൽ മുഴുവൻ ഉണർന്നില്ല.
സ്വപ്നങ്ങൾ പോലുമില്ലാത്ത ഉറക്കം.

രാത്രി ഏറെ വൈകിയാവണം ഞാൻ ഞെട്ടിയുണർന്നത്.
എവിടെ നിന്നോ എന്നെപ്പൊതിയുന്ന മുറുക്കാന്റെ, മുല്ലപ്പൂവിന്റെ സുഗന്ധം. കൺമുന്നിൽ, ഇരുട്ടിന്റെ കട്ടിപ്പാടയ്ക്കപ്പുറത്ത് കറുത്തചരടിൽ ഒരു ഏലസ്സ് തൂങ്ങിയാടിക്കൊണ്ടിരുന്നു. അതിനുമപ്പുറം പാതിയടഞ്ഞ രണ്ട് കണ്ണുകൾ. തിരിച്ചറിവിന്റെ തള്ളലിൽ ഉള്ളിൽനിന്ന്​ ഉയർന്നതിനെയെല്ലാം കണ്ണകിയുടെ നനഞ്ഞ ചുണ്ടുകൾ വന്നു മൂടിക്കളഞ്ഞു. എന്റെ വലതുനെഞ്ചിൽ നിന്നും ഒരു കൈച്ചൂട് താഴെക്കിറങ്ങാൻ തുടങ്ങി. ഞാൻ നഗ്‌നനായിരുന്നു.

അതിനിടയിലാണ് ഞാനത് കണ്ടത്.

അവളുടെ എണ്ണക്കറുപ്പ് മിന്നുന്ന കഴുത്തിലെ പിടഞ്ഞുണർന്ന ഞെരമ്പുകൾക്ക് കുറുകെ പതിഞ്ഞിറങ്ങി കോമ്പല്ലുകൾ തീർത്ത രണ്ടു ഗർത്തങ്ങൾ.
എന്റെ കൺമുന്നിൽ അതിൽനിന്നും രക്തം പൊടിയാൻ തുടങ്ങി.

എന്റെ പെരുവിരലിൽ നിന്ന്​ ഒരു ശക്തി അരിച്ചുകയറാൻ തുടങ്ങി. സകല പ്രലോഭനങ്ങളെയും തള്ളിമാറ്റി ഞാൻ എണീറ്റ് നിന്നു. പിന്നിലേക്ക് വീണ കണ്ണകി ഒരുപിടി മണ്ണെടുത്ത് എന്തോ പറഞ്ഞുകൊണ്ട് എന്നെ എറിഞ്ഞു. കയ്യിൽകിട്ടിയ തുണിയെടുത്ത് അരയിൽച്ചുറ്റി ആവുന്ന വേഗതയിൽ ഞാൻ അവിടെ നിന്നോടി.
ഓട്ടം നിന്നത് അമ്പലക്കുളത്തിലായിരുന്നു. രണ്ടുമണിക്കൂർ മുങ്ങിക്കിടന്നപ്പോൾ ആകെ തണുത്തു. ഉറച്ച തീരുമാനത്തിൽ ഞാൻ കളരിയിലേക്ക് തിരിച്ചുനടന്നു. നേരം അപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു.

നിലാവത്ത് പൂഴിമണ്ണിൽ മലർന്നുകിടന്ന് മുനിയാണ്ടി കൂർക്കംവലിക്കുന്നത് ഞാൻ നോക്കിനിന്നു. തുറന്ന വായിലൂടെ ആവിയായ ചാരായവും ദുർഗന്ധവും കലർന്ന ശ്വാസം ഏതെല്ലാമോ മലമടക്കുകളിൽ തട്ടി അതിപ്രാചീനമായ സ്വരവിന്യാസം സൃഷ്ടിച്ച് താളത്തിൽ പുറത്തു വന്നുകൊണ്ടിരുന്നു. ഞാനയാളെ ഉണർത്താതെ മൂലയിൽ കിടന്ന മഴുവുമെടുത്ത് കളരിക്കകത്തേക്ക് നടക്കുന്നത് ചിതലി തലയുയർത്തി നോക്കി കാണാത്തഭാവത്തിൽ തിരിഞ്ഞുകിടന്നു.

‘ഞാൻ കുമ്പിടുന്നത് നിന്റെ മുന്നിലല്ല; മനുഷ്യ കുലത്തിന്റെ സകല യാതനകളുടെയും മുന്നിലാണ്...'

ഞാൻ കണ്ണകിയുടെ പാദങ്ങൾ ചുംബിച്ചു.
പാദങ്ങൾ പ്രതികരിക്കുന്നില്ലെന്നറിഞ്ഞ് ഏങ്ങലടിച്ച് കരയുകയും വീണ്ടും വീണ്ടും ചുംബിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴും എന്റെ വലതുകൈ മഴുവിന്റെ പിടിയിൽ മുറുകിയിരുന്നു.

ആ രാത്രിയിൽ നിന്നിറങ്ങി നടന്ന ഞാൻ മൂന്നു ദിവസം നിർത്താതെ നടന്നു.

കൊടുംവെയിലടിച്ച് എന്റെ തല വരണ്ടു പൊളിഞ്ഞു. കാലടികൾ പൊള്ളി വീർത്ത് വ്രണം വിണ്ടു. ദേഹം വിയർപ്പും ചേറുമടിഞ്ഞ് നാറിപ്പുഴുത്തു. ആളുകൾ എന്നെക്കാണുമ്പോൾ മാറിപ്പോകാൻ തുടങ്ങി. സ്‌കൂൾ കുട്ടികൾ ആർപ്പു വിളിച്ച് പുറകെ വന്നപ്പോൾ കല്ലെടുത്തെറിഞ്ഞ് ഞാൻ ഓടി.

പള്ളിസ്‌കൂളിനരികിലെ ഇടവഴിയിൽവച്ച് ഷെർലക്കും മുനിയാണ്ടിയും ചേർന്ന് എന്നെ തടഞ്ഞു നിർത്തി. മുനിയാണ്ടി കണ്ണകിയെ കാണാതായ വിവരം പറഞ്ഞ് കരയാൻ തുടങ്ങി. കൂടെ ചിതലിയെയും കാണാതായിരിക്കുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. ഷെർലക്ക് അപ്പോൾ അൽപ്പം പുറകിലേക്കുമാറി മുനിയാണ്ടി കാണാതെ എന്നെ നോക്കി എല്ലാം എനിക്കറിയാം എന്ന മട്ടിൽ ഒരു കള്ളച്ചിരി ചിരിച്ചു. എനിക്ക് നല്ല പോലെ പേടി തോന്നി.

ഞാൻ നേരെ പുഴക്കരയിലേക്ക് പോയി കഴുത്തൊപ്പം വെള്ളത്തിലിറങ്ങി കുളിച്ചപ്പോൾ വല്ലാതെ വിശന്നു. നേരെ പള്ളിമേടയിലേക്ക്.
ചെന്നപ്പോൾ അച്ചൻ പള്ളിപ്പറമ്പിൽ പടവലത്തിന് കല്ലു കെട്ടുന്നു. ഞാൻ ചോദ്യത്തിലേക്ക് കടന്നു.

‘ഉൽപ്പത്തി 1:27, ഉൽപ്പത്തി 1:28 ഒന്നു പറഞ്ഞേ...'
‘ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി സൃഷ്ടിച്ചു. ദൈവം അവനെ അനുഗ്രഹിച്ചു. നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി....' കണ്ണടച്ച് അച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

‘അപ്പോ ഉൽപ്പത്തി രണ്ടില് ആദാമും ഹവ്വേം സാത്താൻ പറഞ്ഞ പഴം തിന്ന് ആദ്യപിതാവും മാതാവുമായി മാറണതെങ്ങന്യാ? സന്താനപുഷ്ഠിയൊള്ളോരായി പെരുകാൻ സൃഷ്ടിയോടൊപ്പം ദൈവം അനുഗ്രഹിച്ചതല്ലെ?'

അച്ചൻ പടവലപ്പന്തലിനടിയിലൂടെ കുനിഞ്ഞിറങ്ങി മുന്നിൽ നിന്ന് തോറ്റു എന്ന് മനസ്സിലായമട്ടിൽ തലയാട്ടി ചിരിച്ചു.
‘നീ തന്നെ പറ ഉത്തരം രാരാ...'
‘ഉൽപ്പത്തി 3:7, ഉൽപ്പത്തി 3:22. നാണം, നന്മതിന്മകൾ.... ഓർത്ത് നോക്ക്...', ഞാൻ പറഞ്ഞ് അടുത്ത് തൂങ്ങി നിന്ന പടവലങ്ങയിൽ ഒന്നു തട്ടി. അത് കിടന്ന് ആടാൻ തുടങ്ങി. മനുഷ്യജീവിതം തന്നെ.
‘സെലക്ടീവ് സെക്‌സ്, സവിശേഷബുദ്ധി എന്നിവയുടെ ആദ്യപിതാവും മാതാവും. കൊള്ളാം’, അച്ചൻ കാര്യം മനസ്സിലായ മട്ടിൽ തലയാട്ടി.

മറുപടിയായി ഞാൻ ഒന്നും മിണ്ടാതെ നിന്നു. ഇസ്‌കാരിയോത്തച്ചൻ ളോഹയുടെ പോക്കറ്റിൽ നിന്നും പേഴ്‌സെടുത്ത് പത്തുരൂപ നീട്ടിയത് വാങ്ങി.

തിരിഞ്ഞുനടക്കുമ്പോൾ പുറകിൽ അച്ചൻ എന്തോ പറഞ്ഞു.
ശ്രദ്ധിക്കാതെ നോട്ട് മണത്തുനോക്കി. ഗന്ധമൊന്നും കിട്ടിയില്ല.

നടന്നുനടന്ന് അമ്പലനടയും കഴിഞ്ഞ് ഏറെ പോന്നിരിക്കുന്നു. ഇടതുതിരിഞ്ഞ് മണ്ണുവെട്ടാംകുഴിയും പൊന്തക്കാടും കഴിഞ്ഞിറങ്ങി കളരിയിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് അപ്പുറത്ത് ചതുപ്പിനരികിലൂടെ വളക്കുഴിയെ ലക്ഷ്യമാക്കി അവൻ മെല്ലെ നീങ്ങുന്നത് ഞാൻ കണ്ടത്.

ഒറ്റനോട്ടത്തിൽ ഞാനവനെ തിരിച്ചറിഞ്ഞു. ചൂടുകാറ്റിൽ അവന്റെ ചിറകുകൾ ഉലഞ്ഞുപാറി. ഞാൻ വേലിക്കരികിൽ പതുങ്ങിയിരുന്ന് അവനെ ശ്രദ്ധിക്കാൻ തുടങ്ങി.

അപ്പോഴാണ് ഞാനാ ഭയാനകമായ കാഴ്ച കണ്ടത്.

ഷെർലക്ക് നടന്നടുക്കുന്ന ദിശയിൽ എന്റെയുള്ളിലെ ഒടുവിലത്തെ രഹസ്യം പോലെ ചതുപ്പിൽ ഉയർന്നു നിൽക്കുന്ന കറുത്ത മോതിരവിരൽ. എന്റെ ഹൃദയം പടപടാ മിടിക്കാനും ജീവിതത്തിലിന്നു വരെ അനുഭവിക്കാത്ത സംഘർഷത്താൽ നാഡിഞരമ്പുകൾ വലിഞ്ഞു മുറുകാനും തുടങ്ങി. പിടിക്കപ്പെട്ടു എന്നുറപ്പിച്ച എന്നെ ഭയം ആകമാനം ഗ്രസിച്ചു.

അടുത്ത നിമിഷത്തിൽ എന്നെ അമ്പരപ്പിച്ചുകൊണ്ട് മുന്നോട്ടുള്ള പ്രയാണം ഉപേക്ഷിച്ച് ഷെർലക് പതിയെ പിന്തിരിഞ്ഞു പോരാൻ തുടങ്ങി. തിരിഞ്ഞ് പത്തടി നടന്നിട്ട് അവൻ എന്നെ തലയുയർത്തി നോക്കി. അല്പസമയം എന്റെ കണ്ണുകളിൽ ഉറ്റുനോക്കിയിട്ട് ചിന്തകൾക്ക് മുകളിലൂടെ ചിറകുകൾ പോലെയുള്ള തന്റെ കോട്ടുയർത്തി വീശി അകലേക്ക് പറന്നു പോയി.

എനിക്കെന്തു ചെയ്യണമെന്ന് അറിയുന്നുണ്ടായിരുന്നില്ല. എന്നാലും ഞാൻ എത്രയും വേഗം അവിടെ നിന്നും മടങ്ങാൻ ആഗ്രഹിച്ചു. കാലുകൾക്ക് വേഗത പോരെന്ന തോന്നലിൽ ആഞ്ഞു നടക്കുമ്പോൾ ഒരുതവണ കൂടി ഞാനാ ചതുപ്പിലേക്ക് നോക്കി. അവിടെ അത് ഉയർന്നുതന്നെ നിൽക്കുകയാണ്. അടക്കാനാവാത്ത സംശയത്തിനടിമപ്പെട്ട് ഞാൻ ഒരിക്കൽ കൂടി സൂക്ഷിച്ചുനോക്കി.
അകലെ, ആ വിരൽ ഉറപ്പായും അനങ്ങുന്നുണ്ട്. ഞാൻ അവിടെ നിന്നും രക്ഷപ്പെടണമെന്നുറപ്പിച്ച് സർവ്വശക്തിയുമെടുത്ത് ഓടാൻ തുടങ്ങി. ▮

1. പുലിയാർ മോതിരം: പൊക്കാളിപ്പാടങ്ങളിൽ കൊയ്ത കറ്റ കെട്ടുന്ന പ്രത്യേക തരം കെട്ട്.


ശ്രീനാഥ് ശങ്കരൻകുട്ടി

കഥാകൃത്ത്​, നിരൂപകൻ. ഖത്തറിൽ പെട്രോളിയം മേഖലയിൽ കോർപ്പറേറ്റ് സ്ട്രാറ്റജി വിഭാഗം തലവനായി ജോലി ചെയ്യുന്നു.

Comments