ചിത്രീകരണം : ഹൃദയ്

അണ്ണാച്ചി

ഗരത്തിലെ പഴഞ്ചൻ ഫ്ലാറ്റിൽ നടൻ രാജേഷ് ദിവാന്റെ ആത്മഹത്യ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്ഥിരീകരിക്കുമ്പോൾ നവീൻ നാരായണൻ എന്ന യുവ പത്രപ്രവർത്തകൻ കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന് പടിഞ്ഞാറുവശത്തെ കുപ്പിക്കഴുത്ത് റോഡ് തുറന്ന് ഗതാഗതം സുഗമമാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു.

അരമണിക്കൂറിനു ശേഷം ‘എതിർ' ചാനലിൽ ഫ്ലാഷ് ന്യൂസായി വന്ന രാജേഷ് ദിവാന്റെ വിയോഗവാർത്ത സ്വന്തം ന്യൂസ് ബ്യൂറോയിലിരുന്ന് തീർത്തും നിർവികാരമായി നവീൻ വായിച്ചു.

ഇന്നലെ രാത്രി അവിചാരിതമായിട്ടാണെങ്കിലും അവൻ വിളിച്ചതാണ്.
മൂന്നരവർഷത്തെ നിശബ്ദതക്ക് ഇങ്ങനെയൊരു വിരാമം പ്രതീക്ഷിച്ചതല്ല നവീൻ. ‘ഇനി തമ്മിൽ സംസാരിക്കില്ലല്ലോ... തീർന്നല്ലോ എല്ലാം...', രണ്ടുവർഷം പിന്നിട്ട പത്രപ്രവർത്തനംകൊണ്ട് ശീലമാക്കിയ നിസംഗത തന്നെ എത്രമാത്രം പൊതിഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്ന് ആ സമയം നവീൻ ഓർത്തു. അല്ലെങ്കിൽ പിന്നെ 15 പൈസ ബസ്​ ചാർജ് കൊടുത്ത് സ്‌കൂളിൽ പോയിരുന്ന കാലം തൊട്ടുള്ള കൂട്ടുകാരന്റെ മരണവാർത്ത, അതും വളരെയടുത്തുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ചുവെന്ന് തീരെ ഞെട്ടലില്ലാതെ കേട്ടശേഷം തന്നിലെ പത്രപ്രവർത്തകൻ എത്രമാത്രം ജാഗരൂകനെന്ന് അഭിമാനിക്കുകയും ചെയ്യുന്നു. കഷ്ടം തന്നെ.

ഏറെക്കുറെ നിർജീവമായ പ്രവൃത്തിദിവസം സംഘർഷഭരിതമായ ഓട്ടപ്പാച്ചിലുകൾക്ക് വഴിമാറുന്നത് എത്ര പെട്ടെന്നാണ്. അടുത്ത നിമിഷം ‘ഇതെല്ലാം ഈ തൊഴിലിന്റെ ഭാഗമാണല്ലോ' എന്ന് നവീൻ സമാധാനിക്കുകയും ചെയ്തു.

അതേസമയം, സീനിയർ റിപ്പോർട്ടർ സതീഷേട്ടൻ പരമ്പരാഗതവൈരിയിൽ ആദ്യം ഫ്ലാഷ് വന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനെയും പതിവ് സോഴ്‌സുകളെയും വിളിച്ച് കോപാക്രാന്തനാവുന്നുണ്ടായിരുന്നു.

പഞ്ചിങ് മെഷീനിൽ പെരുവിരൽ അമർത്തി, ന്യൂസ് ബ്യൂറോയുടെ എ.സി. തണുപ്പിലേക്ക് കടക്കുംമുമ്പേ സെക്യൂരിറ്റി മാധവേട്ടന്റെ ക്യാബിനുമുന്നിൽ രണ്ട് മിനിറ്റ് കുശലം നവീൻ നാരായണന്റെ പതിവാണ്. കടുത്ത ചൂടിൽനിന്ന് എയർ കണ്ടീഷനിലേക്ക് പ്രവേശിക്കുംമുൻപ് ഒന്നുനിന്ന് വിയർപ്പാറ്റണമെന്ന ഹെൽത്ത് ടിപ്പ് മാധവേട്ടനോടുള്ള കുശലപ്രശ്‌നത്തിലൂടെ നടപ്പാക്കാൻ നവീൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇന്ന് രാവിലെയും ബ്യൂറോയുടെ ചില്ലുവാതിൽ തള്ളി അകത്തുകടക്കുമ്പോൾ മേശപ്പുറത്ത് കൈകുത്തി കമിഴ്ന്നുനിൽപ്പുണ്ട് സതീഷേട്ടൻ. നമ്മുടെ പത്രവും ‘മറ്റവനെയും' നിവർത്തിയിട്ടുള്ള പതിവ് പോസ്റ്റ്മോർട്ടം. കമ്പനിക്കോ എഡിറ്ററാദി ചീഫുകൾക്കോ നിർബന്ധമില്ലെങ്കിലും അത് സതീഷേട്ടന്റെ ദിനചര്യയാണ്.

‘കോർപറേഷൻ മാലിന്യം അവന്മാര് വീശിയിരിക്യാണ്. ട്രാഫിക് ബ്ലോക്കും നന്നായി കൊടുത്തിട്ടുണ്ട്...' പത്രത്തിൽ നിന്ന് നിവരാതെ സതീഷേട്ടൻ പറഞ്ഞു.
‘ലുക്ക് കുറച്ച് കുറഞ്ഞാലും ഡീറ്റെയ്ൽസ് നമുക്കാ കൂടുതൽ...'

പത്രപ്രവർത്തനത്തോടും സ്വന്തം സ്ഥാപനത്തോടും പ്രതിബദ്ധതയുള്ള പത്രപ്രവർത്തകൻ എന്ന നിലയിൽ അതിരാവിലെത്തന്നെ ഒരു അനൗദ്യോഗിക മാധ്യമവിചാരം കഴിഞ്ഞാണ് നവീൻ വരുന്നത്. സതീഷേട്ടനും അതറിയാം.
‘അനുപമ വർമയുടെ ഐറ്റം നീയാണോ ചെയ്തത്...?
‘ഏയ്... ഞാൻ പുള്ളൗട്ട് നിറയ്ക്കാനുള്ള ഓട്ടമായിരുന്നു...'

പത്രപ്രവർത്തനത്തിൽ പി.ജി. കഴിഞ്ഞ് ഇതേ ഓഫീസിൽ ഇന്റേൺഷിപ്പ് ചെയ്ത കാലം തൊട്ടേ സതീഷേട്ടനെ അറിയാം. രാവിലെ ഒമ്പതിനുതന്നെ പുള്ളി ഓഫിസിലെത്തും. ആ സമയം വനജേച്ചി ഓഫീസ് വൃത്തിയാക്കി തീർന്നിട്ടുണ്ടാവില്ല. എത്തിയപാടെ രണ്ട് പത്രങ്ങൾ നിവർത്തിയിട്ടുള്ള വിശകലനമാണ്. പിന്നെ പ്രോഗ്രാം ഡയറി നോക്കും, ഷെഡ്യൂൾ തയ്യാറാക്കും. അപ്പോഴേക്കും ഒ.ഡി. എത്തും. ഈയാഴ്ച സുനിലാണ് ഓഫീസ് ഡ്യൂട്ടി. പത്തിന് ചീഫ്, പത്തരയ്ക്ക് സ്പെഷ്യൽ, 11-ന് ഡെപ്യൂട്ടി.

‘സതീഷേ, ഇന്നെന്താ പരിപാടികൾ...?'ചീഫ് റിപ്പോർട്ടർ ചന്ദ്രേട്ടൻ.
‘കോർപറേഷനിലേക്ക് നീരജ പോയിട്ടുണ്ട്, അക്കാദമിയും ടൗൺഹാളും സുപ്രിയ നോക്കും. കളക്ടറേറ്റ് മാർച്ചിന് ഞാൻ പോകാം. നവീനും ജെന്നിയും പുള്ളൗട്ട് നോക്കിക്കോളും...'

‘സതീഷേ, ഇന്നാരാ നൈറ്റ്...?'
സ്പെഷ്യൽ കറസ്‌പോണ്ടൻറ്​ ഹിദായത്തിക്ക ചോദിക്കും.
‘ഞാൻ'എന്നു മറുപടി. പിന്നെ ചോദ്യമില്ല.

‘സതീഷ്, എന്തെങ്കിലും വിശേഷിച്ച്...? ക്യാബിനിലേക്ക് പോകുംവഴി ബ്യൂറോയിലേക്ക് തലനീട്ടി ഡെപ്യൂട്ടി എഡിറ്റർ സി.ആർ. വിശ്വംഭരൻ സർ.
‘ഓ... ഒന്നുമില്ല, ഐ.ടി. എംപ്ലോയീസിന്റെ കളക്​ടറേറ്റ്​ മാർച്ച് മാത്രം...'
‘നന്നായി കൊടുക്കണം...'
‘ഓ....', സതീഷേട്ടന്റെ ഒഴുക്കൻ മറുപടി.

ഇതുപോലെ സംഭവങ്ങളുടെ വറുതിമുറ്റിയ ദിവസങ്ങളിൽ ഉറപ്പാണ്, വന്നുവീഴുന്നത് വലിയ വള്ളിക്കെട്ടുകൾ എന്തെങ്കിലുമാകും, അതാണ് അനുഭവം.

റഷ്യ സന്ദർശനം കഴിഞ്ഞെത്തിയ മേയറും എതിർഗ്രൂപ്പ് നേതാവും പ്രതിപക്ഷ നേതാവും സമവായത്തിലെത്തിയിരിക്കുന്നു. കോർപറേഷൻ കൗൺസിലിന്റെ എരിവൊട്ടുമില്ലാത്ത ദൃക്​സാക്ഷിവിവരണവുമായി നീരജ വന്നു. അജണ്ട മാറ്റി, മുഖ്യാതിഥി ഉദ്ഘാടനവും ആശംസക്കാരൻ അധ്യക്ഷനുമായതോടെ സാഹിത്യ അക്കാദമിയും ടൗൺഹാളും ആവേശരഹിതമായി. ഐ.ടി. തൊഴിലാളികൾ സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കാൻ തീരുമാനിച്ച് ശാന്തരായി പിരിഞ്ഞതോടെ സതീഷേട്ടനും ഉച്ചയോടെ ബ്യൂറോ പൂകി. പുള്ളൗട്ടിലേക്ക് കുപ്പിക്കഴുത്ത് തന്നെ എന്നുറപ്പിച്ച് നവീനും സ്ഥിരം ഗതാഗതക്കഥകൾ പുതിയ കുപ്പിയിലാക്കാനുള്ള പുറപ്പാടിലായിരുന്നു, ബ്യൂറോ... ശാന്തം...

എ.സി. തണുപ്പിൽ പതിഞ്ഞ ശബ്ദത്തിൽ പ്രവർത്തിക്കുന്ന ടി.വി.യിൽ പതിവുപോലെ ‘മറ്റവന്റെ' ചാനൽ ഓടിക്കൊണ്ടിരുന്നു. ആ ഓട്ടത്തിനിടയിൽ തന്നെയാണ് രാജേഷ് ദിവാൻ മരിച്ചെന്ന ഫ്ലാഷും ഒഴുകിയെത്തിയത്.

വേണമെങ്കിൽ ആധുനികാനന്തര കഥകൾ തുടങ്ങുന്നതുപോലെ ‘ആരായിരുന്നു രാജേഷ് എനിക്ക്...?' എന്ന ചോദ്യത്തോടെ ഒരു സൈഡ് സ്റ്റോറിക്കുള്ള വകുപ്പുണ്ടായിരുന്നു. പക്ഷേ, ആദ്യമേ അത് വേണ്ടന്നുവെച്ചു.

കഴിഞ്ഞ രാത്രി സിനിമാനടന്റെ പേഴ്സണൽ നമ്പറിൽ നിന്നുള്ള കോൾ പലവട്ടം ആലോചിച്ച ശേഷമാണ് നവീൻ അറ്റൻറ്​ ചെയ്തത്. മനഃപൂർവം സൂക്ഷിക്കുന്ന നിഗൂഢതകളും രഹസ്യങ്ങളും, കൃത്രിമമായി മെനഞ്ഞുണ്ടാക്കുന്ന സങ്കീർണമായ ജീവിതാനുഭവങ്ങളും രാജേഷിന്റെ പതിവുശീലങ്ങളായിരുന്നു. ഇന്നോളം വെളിച്ചം കാണാത്ത അവന്റെ പരീക്ഷാഫലങ്ങൾ പോലെത്തന്നെയായിരുന്നു മിക്കവാറും എല്ലാ കാര്യങ്ങളും.

കൊച്ചി മഹാരാജ്യത്തെ നായർ പടത്തലവന്മാരുടെ പിൻമുറക്കാരൻ സിനിമയിലെത്തിയപ്പോൾ പേരിനു പിന്നിൽ ദിവാൻ പദവി സ്വയം ചേർത്തതിലും എന്തോ വലിയ നിഗൂഢതയുണ്ടെന്നായിരുന്നു നാട്ടുകാർ വിശ്വസിച്ചത്. നവീനും അങ്ങനെയൊരു വിശ്വാസം ഇല്ലാതിരുന്നില്ല.

‘നവ്യേ...' പണ്ടത്തെ അതേ വിളി. ‘ന്റെ ജീന... മക്കൾ...', ഇജ്ജാതി വേഷംകെട്ടലുകൾ മുൻപും ഒരുപാട് കേട്ടിട്ടുള്ളതല്ലേ, നവീൻ ഇളകിയില്ല. ഇതൊക്കെ പ്രതീക്ഷിച്ചതുകൊണ്ടാണ് അവന്റെ കോൾ എടുക്കാൻ ആദ്യം മടിച്ചത്.

പുഴയോരത്തെ ഇടവഴിയിലെ സൈക്കിൾ സവാരിക്കിടയിലാണ് അവനാദ്യം ജീനയെക്കുറിച്ച് പറയുന്നത്. പത്താം വയസ്സിൽ ദേശാന്തരം പോയതുപോലെ പതിവ് നുണക്കഥകളിലൊന്നായേ നവീൻ ആ പേരും കേട്ടുള്ളൂ. മുഴുവനാക്കാത്ത പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനം, സംഗീതം, സംന്യാസം, ഹിമാലയ യാത്ര, ഗംഗാസ്‌നാനം. പിന്നെ പറഞ്ഞാൽ തീരാത്ത കള്ളുകുടിക്കഥകൾ, അറിയാത്ത ലഹരിപാഠങ്ങൾ. അങ്ങനെ നേരിനും നുണയ്ക്കുമിടയിൽ ചാഞ്ചാടിനിൽക്കുന്ന കഥകളൊരുപാട് ഞങ്ങൾ പങ്കുവെച്ചത് സൈക്കിൾയാത്രകളിലായിരുന്നു. ഞാനൊരു മണ്ടൻ അതെല്ലാം കേൾക്കും വിശ്വസിക്കും.

‘ഇതങ്ങനെയല്ലെടാ, മൂകാംബികയിൽ വെച്ചായിരുന്നു കല്യാണം. മൂന്നുകൊല്ലം മുമ്പ്', അന്ന് അതും നവീൻ കേട്ടു. പക്ഷേ, വിശ്വസിച്ചില്ല. എന്നിട്ടും അവൻ വിളിച്ചപ്പോ പിന്നാലെ പോയി.

അന്ന് നെടുപുഴ സ്റ്റേഷനിലെ എസ്.ഐ. ബിജോയ് ‘ചവിട്ടും, പന്നികളേ സത്യം പറഞ്ഞോ...' എന്നുപറഞ്ഞ് കലിയെടുത്തു. സത്യങ്ങളൊന്നും അറിയില്ലെന്ന യാഥാർഥ്യം വിശ്വസിക്കാതിരുന്നത് പോലീസുകാർ മാത്രമല്ല, മൂന്നു പതിറ്റാണ്ട് സർക്കാരിനെ സേവിച്ച് മക്കളെ കേടുപാടില്ലാതെ ഒരു പ്രൊഫഷനും ജീവിതത്തിനും പാകമാക്കിയെടുത്തെന്ന് അഭിമാനിച്ചിരുന്ന നവീന്റെ അച്ഛനമ്മമാർ കൂടിയായിരുന്നു.

‘അസമയത്ത് പെൺകുട്ടികളുടെ വീട്ടിൽ കയറിച്ചെന്ന് തെറിവിളി, മദ്യപിച്ച് ബൈക്ക് സവാരി, മോന്റെ കൂട്ടുകെട്ട് കൊള്ളാം’, എസ്.ഐ. നിർത്താനുള്ള ഭാവമില്ല. വീട്ടുകാർക്കിടയിൽ സ്വയം തകർന്നില്ലാതാകുന്നത് എങ്ങനെയെന്ന് അന്ന് നവീൻ അനുഭവിച്ചു.

പിന്നെയെന്നോ, ആരോ പറഞ്ഞുകേട്ടു; ‘നമ്മടെ ശങ്കരേട്ടന്റെ രാജേഷ് കല്യാണം കഴിച്ചൂ’ന്ന്. അവനതിലപ്പുറം ചെയ്യുമെന്ന് തുടങ്ങുന്ന ഗ്രാമീണ ചരിത്രാവലോകനം നടക്കുന്നതിനിടെ അറിയാതെ നവീൻ ചോദിച്ചുപോയി; ‘ജീന എന്നാണോ...?' ആ സമയം ‘അതെ' എന്ന മറുപടിയും പരശ്ശതം മൂർച്ചയുള്ള സംശയനോട്ടങ്ങളും വന്നുതറച്ചത് തലമുറകളിലൂടെ കൈമാറിവന്ന നവീന് ഏറെ വിലപ്പെട്ട വിശ്വാസ്യതയിൻമേലായിരുന്നു.
‘കൂട്ടുകാരാ, നീയത് വല്ലതും അറിഞ്ഞിരുന്നോ?'

‘കുപ്പിക്കഴുത്ത് വിട്ടല്ലോ, അല്ലേ?' സതീഷേട്ടന്റെ ചോദ്യം.

നവീൻ കസേരയിലിരുന്ന് ഒന്നു ഞെട്ടി.
നീ പോകുന്നുണ്ടല്ലോ. എന്തായാലും വാർത്തയും എടുത്തോ, പറഞ്ഞുതീരുംമുമ്പേ അങ്ങേര് അടുത്ത പണിയിലേക്കു കടന്നു.

അവിചാരിതമായുണ്ടായ ട്വിസ്റ്റിൽ യാതൊരു ബാഹ്യ ഇടപെടലിനും ഇടകൊടുക്കാതെ സതീഷേട്ടൻ പുള്ളൗട്ട് ഏറ്റെടുത്തിരുന്നു. മറുപടിക്ക് സാധ്യതയില്ലാത്ത സതീഷേട്ടന്റെ നിർദേശത്തിനുപിന്നാലെ നഗരത്തിന്റെ പ്രധാന വഴികൾ കടന്ന് ഇടവഴികൾ നൂണ്ട് സ്‌കൂട്ടർ തനിയെ കല്പക അപ്പാർട്‌മെന്റിലെത്തി.

‘രാവിലെ തന്നെ കഴിഞ്ഞിണ്ട്', സ്റ്റെപ്പിറങ്ങി വന്ന ലോക്കൽ ചാനലിന്റെ ക്യാമറാമാൻ പയ്യൻ പറഞ്ഞു. ഫ്ലാറ്റിന്റെ ഡോറിനുമുന്നിലും ക്യാമറക്കാരുടെ തിരക്കുണ്ട്.

‘ഇൻക്വസ്റ്റ് നടക്കാണ്', ആരോ പറഞ്ഞു. പതിവില്ലാതെ നവീൻ ഒരുവശം മാറി നോട്ട്പാഡ് കൈയിലെടുത്തു. സർവസജ്ജനായി, പത്രപ്രവർത്തകന്റെ നിർബന്ധിത നിർവികാരത മുഖത്തുവരുത്തി, പിന്നെ, കുനുകുനെ കുറിച്ചു.

നടൻ രാജേഷ് ദിവാൻ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ. തൃശ്ശൂർ നഗരത്തിലെ സുഹൃത്തിന്റെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് മരണവിവരമറിഞ്ഞത്. സൂപ്പർതാര ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകൾ. മുൻപും ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട്. (ഈ വാചകം പിന്നീട് നവീൻ വെട്ടിക്കളഞ്ഞു.) ഭാര്യ: ജീന. മക്കൾ: ലോപമുദ്ര, ഒരു മോളുകൂടിയുണ്ടല്ലോ അവന്...?
ഒരു രണ്ടര വയസ്സുകാരി.

നവീൻ ചിന്തിച്ചുനിൽക്കുമ്പോൾ ഒരു ചാനൽ പയ്യൻ വന്നു, ‘നവിയേട്ടാ, ഡീറ്റെയ്ൽസ് എടുത്തോ?'
നെല്ലങ്കര തെക്കിനിയേടത്ത് ശങ്കരനാരായണന്റെയും മാധവിയുടെയും മകൻ, രാജേഷ് ദിവാൻ എന്ന രാജേഷ് കുമാർ, 38', ഒറ്റശ്വാസത്തിൽ പറഞ്ഞു.

‘വന്നവഴി തപ്പിയെടുത്തല്ലേ?' അവൻ മറ്റുള്ളവർ കാണാതെ ഒരു കള്ളച്ചിരി തന്നു.

‘വാർത്തയെടുക്കാൻ വന്നതൊന്ന്വല്ലടാ, ഞങ്ങൾ പഴയ കൂട്ടുകാരാ'

നോക്കുമ്പോഴുണ്ട് ചെക്കൻ മൊബൈലിൽ നിന്ന് ‘ടെലി ഇൻ' കൊടുക്കുന്നു. ‘ഇന്നു രാവിലെ ഫ്ലാറ്റ് തുറക്കാത്തതുകണ്ട സുഹൃത്തുക്കളാണ് പൊലീസിൽ വിവരമറിയിച്ചത്. ഞായറാഴ്ച രാത്രി ഫ്ലാറ്റിൽ തനിച്ചായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. സൂപ്പർ സ്റ്റാറുകളുടേതുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സഹനടനായും വില്ലനായും തിളങ്ങിയ രാജേഷ് ഗായകനും നാടകപ്രവർത്തകനുമായിരുന്നു. തൃശ്ശൂരിന് അഭിമാനമായിരുന്നു... തുടങ്ങി പയ്യൻ നിന്ന് കാച്ചിപ്പൊരിക്കുകയാണ്.

‘മനുഷ്യൻ ചീഞ്ഞാ സഹിക്കില്യാട്ടാ', ആരുടെയോ കമൻറ്​.
ശരിയാണ്, മരണമുറിക്കുപുറത്ത് ഇത്രനേരം നിന്നിട്ടും നാസാരന്ധ്രങ്ങൾ ആഞ്ഞുവിടർത്തിയിട്ടും ചുറ്റും വളർന്നുപന്തലിച്ചുനിന്ന ദുർഗന്ധത്തിനിടയിൽനിന്ന് കൂട്ടുകാരന്റെ മണം വേർപെടുത്തിയെടുക്കാൻ നവീൻ നാരായണനായില്ല.

പതുക്കെ പടികളിറങ്ങവേ പള്ളിപ്പത്രത്തിൽ നിന്ന് ബെന്നറ്റിന്റെ വിളി; ‘നിന്റെ ചങ്ങായിയാന്നു പറേന്നു, കക്ഷീടെ ഫാമിലി ഡിറ്റെയ്ൽസ് ഒന്നു വേണല്ലോ?'

നെല്ലങ്കര മുതൽ ലോപമുദ്ര രെ ആവർത്തിച്ചു. എളേ കുട്ടീടെ പേര് ഓർമില്യ എന്ന് ഉപസംഹരിച്ചു.

ഓഫീസിലെത്തിയപ്പോൾ ഗൂഗിൾ സെർച്ചിൽ മലയാളം സിനി ആക്ടർ രാജേഷ് ദിവാൻ - ജീവചരിതം തുറന്നുവെച്ച് നീരജയിരിക്കുന്നു. സൈഡ് സ്റ്റോറിക്കുള്ള പുറപ്പാടാണ്.

‘മെയിൻ സ്റ്റോറി നീ ചെയ്‌തോ, നീരജ സൈഡ് ചെയ്തോളും', മേശപ്പുറത്ത് കുമിഞ്ഞുകൂടിയ റീലീസുകൾക്കിടയിൽ നിന്ന് തലയുയർത്താതെ ചന്ദ്രേട്ടൻ പറഞ്ഞു.

നവീൻ സതീഷേട്ടനെ നോക്കി, ഒച്ച താഴ്ത്തി; ‘കഥയും ബൈലൈനും ഓൾക്ക്, ദൃക്സാക്ഷിവിവരണം എന്നോടെഴുതിക്കോളാൻ'
‘അല്ല ചീഫേ, ഇവന്റെ ഫ്രണ്ടല്ലേ?' സതീഷേട്ടൻ പിന്താങ്ങി.
‘ഓ, ഒന്നാം പേജ് വാർത്ത പോരേ, ചിത്രശാലയുടെ ഡെസ്‌ക്കിലുള്ളപ്പോഴുള്ള അടുപ്പം നീരജ പറഞ്ഞപ്പോ സി.ആർ.വി.യും സമ്മതിച്ചു. ഇവൻ മെയിൻ നന്നായി ചെയ്തോട്ടേ, നന്നായി കൊടുക്കാം.'

ന്യൂസ് ഡെസ്‌കിന്റെ അരണ്ട തണുപ്പിൽ നീരജ കമ്പോസ് ചെയ്തുതുടങ്ങിയിരുന്നു. ‘ദിവാൻ മറഞ്ഞു, പാടി കേൾക്കാത്ത ഗാനം പോലെ...' എന്ന് തലവാചകം താളത്തിൽ കുറിച്ചിട്ട് അവൾ വിവരശേഖരത്തിൽ പരതുന്നുണ്ട്; ‘ങ്ങളെ ഫ്രണ്ടാണ്?' മോണിറ്ററിൽ നോക്കി ചോദ്യം.
‘ആ', നവീൻ അലക്ഷ്യമായി ഒരു ശബ്ദമുണ്ടാക്കി.
‘എനിക്കും അറിയായിരുന്നു. ചിത്രശാലക്ക് ഇന്റർവ്യൂ ചെയ്തിട്ടുണ്ട്'
‘എന്നിട്ട് വല്ലതും പറ്റിയോ?' ഒരല്പം നീരസമുണ്ടായിരുന്നു ചോദ്യത്തിൽ.
ന്യൂജെൻ ജേർണലിസ്റ്റുകൾക്ക് ചേരാത്തവിധം നീരജ ഒന്നു ഞെട്ടിയോ?
മറുപടിക്കു കാക്കാതെ ബ്യൂറോയിലേക്കു പോകുമ്പോൾ നവീൻ പിറുപിറുത്തുകൊണ്ടേയിരുന്നു; ‘ന്നാലും ആ എളേ കുട്ടീടെ പേര്?'

ന്യൂസ് പ്രിൻറ്​ പൊടിതട്ടിയെടുത്ത് കസേരയിലേക്ക് ചാഞ്ഞ് നവീൻ ആദ്യവാചകം കുറിച്ചു; ‘സിനിമാ താരം രാജേഷ് ദിവാൻ ആത്മഹത്യ ചെയ്ത നിലയിൽ' (പിന്നീടത് ഡെസ്‌കിലിട്ട് ‘നടൻ രാജേഷ് ദിവാൻ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ' എന്നു മാറ്റി)
തൃശ്ശൂർ നഗരത്തിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സമീപകാലത്ത് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ദിവാൻ സഹനടനായും വില്ലനായും തിളങ്ങിയിരുന്നു. തൃശ്ശൂർ നെല്ലങ്കര തേക്കിനിയേടത്ത് ശങ്കരനാരായണന്റെയും മാധവിയുടെയും മകനായ രാജേഷ് ഗായകനും നാടകപ്രവർത്തകനുമായിരുന്നു. ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന രാജേഷ് രാത്രി അവിടെ തങ്ങുകയായിരുന്നു. രാവിലെ ഫ്ലാറ്റിലെത്തിയ സുഹൃത്തുക്കളാണ് ആദ്യം വിവരമറിഞ്ഞത്. ഈസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ജീന. മക്കൾ: ലോപമുദ്ര, പിന്നെ, ഛെ .... നവീൻ പേനയടച്ച് പേപ്പറിൽ അമർത്തിവെച്ചു.

എന്നത്തെയും പോലെ ഒരു കാരണവുമില്ലാതെ വഴക്കുണ്ടാക്കിയാണ് അന്നും രാജേഷ് പിരിയുന്നത്. പിന്നെ കേൾക്കുന്നതും അറിയുന്നതുമെല്ലാം സിനിമാ മാസികകളിലൂടെയും ചാനലുകളിലൂടെയുമായിരുന്നു. ഇടക്കെപ്പോഴോ അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളും ഭാര്യയുമൊത്തൊരു താരകുടുംബത്തെ ഏതോ ചാനലിൽ പരിചയപ്പെടുത്തിയതും കണ്ടിരുന്നു.

സെൽഫി ഷോട്ടുകൾ നിറഞ്ഞ ‘ദിവാൻ ദി ആക്ടർ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലും ദിവസേന അപ്ഡേറ്റ് ചെയ്യുന്ന അവന്റെ പ്രൊഫൈലിലും വികാരരഹിതനായി നോക്കിയിരിക്കാറുണ്ട് നവീൻ. റിക്വസ്റ്റയക്കാൻ ആഡ് ഫ്രണ്ട് ചതുരത്തിൽ പലവട്ടം കേഴ്‌സർ വെച്ച് കറക്കിയതല്ലാതെ ഒരു ക്ലിക്കുകൊണ്ട് ആ ഇരുമ്പുമറ ഭേദിക്കാൻ നവീന് തോന്നിയില്ല.

അവൻ വിളിക്കട്ടെയെന്ന് നവീൻ, ഇതിലും വല്യ പത്രക്കാരെ എനിക്കറിയുമെന്ന് ദിവാൻ. എന്തായാലും വർഷം മൂന്നര കടന്നുപോയി. അതുകൊണ്ടുതന്നെ ഞായറാഴ്ച രാത്രിയിലെ കോൾ നവീൻ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.

‘ശരീരം ഒരു ഇറച്ചിക്കഷണം പോലെ മണ്ണിൽ വീണുകിടക്കുന്ന അവസ്ഥ നിനക്ക് മനസ്സിലാവില്ലേ, നവീ...!'
നവീൻ വെറുതെ മൂളി, ‘മനസ്സിങ്ങനെ മരക്കൊമ്പിലെ കാക്കയായി താഴേക്ക് നോക്കിയിരിക്കും. പറ്റിയ സമയത്ത് അത് പറന്നിറങ്ങും, ഇറച്ചി കൊത്തിവലിക്കും...' നവീൻ മൂളിക്കൊണ്ടിരുന്നു. എപ്പോഴോ ഫോൺ വെച്ചു.

സമയം രണ്ടരയോടടുക്കുന്നു. രണ്ടാമത്തെ കുട്ടിയുടെ പേരിലുടക്കി നവീൻ എണീറ്റു. കൂളിങ് ഗ്ലാസിട്ട വാതിൽ തള്ളിത്തുറന്ന് ഡെപ്യൂട്ടി എഡിറ്റർ തലനീട്ടി; ‘ചന്ദ്രാ, ആരാ ദിവാൻജിയുടെ ഐറ്റം ചെയ്യുന്നത്?'
‘മെയിൻ ഈ യുവാവ്, നീരജ സൈഡ്'
‘ങാ, നന്നായി കൊടുക്കണം', സി.ആർ.വി. നവീനെ നോക്കി. പിന്നെ, പതിവുപോലെ ക്യാബിനിലേക്കു നടന്നു.
‘ആ, കൊടുക്കാം' നവീൻ പുറത്തേക്കു കടന്നു.
‘നീയെവിടേക്കാ’, സതീഷേട്ടൻ ചോദിച്ചു; ‘വാർത്ത തന്നിട്ട് പോടാ...'
‘ഓ, അഞ്ചുമണിക്കു മുൻപ് ഫയൽ ചെയ്താ പോരേ?'
‘അവൻ സൈഡ് ചെയ്യാൻ കിട്ടാത്ത പിണക്കത്തിലാ', ചന്ദ്രേട്ടൻ ചിരിക്കുന്നു.

ടൗണിന്റെ മറ്റൊരു കോണിലുള്ള രാജേഷിന്റെ ഫ്ലാറ്റിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് വഴിമധ്യേയാണ് നവീന് ഓർമ വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട്. ചന്ദ്രകല എൻക്ലേവ്‌സിന്റെ അത്ര ഉയരമില്ലാത്ത മുഷിഞ്ഞ മതിലിലിരുന്ന ചെറുപ്പക്കാർ ചോദ്യം മുഴുവനാക്കും മുൻപ് രാജേഷിന്റെ ഫ്ലാറ്റിനു നേരെ കണ്ണുനീട്ടി.

മരണം നാട്ടിൻപുറത്തും ടൗണിലെ ഫ്ലാറ്റിലുമെല്ലാം ഒരുപോലെ തന്നെ. വാതിലുകൾ തുറന്നു മലർന്നുകിടക്കും. ഒറ്റനോട്ടത്തിൽ ആരെയും കണ്ടുകിട്ടാത്തവിധം അകം ശൂന്യമായിരിക്കും. വിളക്കുകൾക്ക് തെളിച്ചം കൂടും. പുറത്ത് ഇരുട്ടും നിശബ്ദതയും കനത്തുകിടക്കും.

‘അമ്മ അകത്തുണ്ട്, പറഞ്ഞിട്ടില്യ', അടുത്ത ഫ്ലാറ്റിലെ താമസക്കാരിയാണ്. ഗ്രാമീണത കണ്ണുകളിൽ നിന്നിറങ്ങിപ്പോയിട്ടില്ല. ഒറ്റനോട്ടത്തിലറിയാം അയൽക്കാരന്റെ സ്വകാര്യതയറിയാനുള്ള ഔത്സുക്യം തീർത്തും മാഞ്ഞിട്ടില്ലാത്ത ‘അനാഗരീക.'
‘ആരാ?'
‘രാജേഷിന്റെ ഫ്രണ്ടാണ്'
‘സിനിമേന്നാ?'
‘അല്ല, നാട്ടീന്നാ'
‘ജീന ഇവിടില്യ', അവർ ഒച്ചതാഴ്ത്തി; ‘വഴക്കൂടിപ്പോയതാ. രണ്ടുമൂന്നു മാസായി, അവൾടെ വീട്ടിലാത്രെ'

വിവരവിനിമയത്തിന് ചിലർക്ക് മുൻപരിചയമോ ചോദ്യാവലിയോ ആവശ്യമില്ല. എവിടെയും കാണും ഇത്തരത്തിലൊരാൾ.
‘അപ്പോ മക്കളോ?' പത്രപ്രവർത്തകൻ പതിയെ പ്രവർത്തിക്കുന്നു.
‘അവൾടെ കൂടെ', അവർ ഇടക്കിടെ തിരിഞ്ഞുനോക്കുകയും അടുത്തു മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ആ സമയം ഫ്ലാറ്റിനുതാഴെ ഒരു ഓട്ടോറിക്ഷ വന്നുനിന്നു.
‘ജീന', നവീനും അയൽക്കാരിയും ഒന്നിച്ചുപറഞ്ഞു.

അവൻ പറഞ്ഞ കണക്കനുസരിച്ചാണെങ്കിൽ രജിസ്റ്റർ മാര്യേജ് കഴിഞ്ഞ് മൂന്നുമൂന്നര വർഷത്തിനുശേഷമാണ് ജീനയെ നവീന് പരിചയപ്പെടുത്തുന്നത്. ‘ഫ്രണ്ട്' എന്നാണ് അന്ന് പറഞ്ഞത്.

‘കാണാൻ അത്ര പോരല്ലോ' എന്നഭിപ്രായപ്പെട്ടപ്പോഴും അവന് കുലുക്കമുണ്ടായില്ല. അവളുടെ സെക്സ് അപ്പീലും കുറേ അശ്ലീലവും പതിവ് വൃത്തികേടുകളും ചേർത്ത് വർണന തുടങ്ങിയപ്പോൾ ‘മതി, മതി, ചങ്ങാതി' എന്നുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു നവീൻ. പക്ഷേ, ആ ഇരുനിറക്കാരി കോലൻമുടി പെണ്ണിന്റെ കണ്ണിലെ ദൈന്യവും വിധേയത്വവും അവൻ അന്നേ കണ്ടിരുന്നു. വിവാഹവാഗ്ദാനം കിട്ടിയാൽ പീഡിപ്പിക്കാൻ അനുവദിക്കുന്നവരുടെ എണ്ണം ദിവസേന കൂടിവരാൻ കാരണം ഇതുതന്നെയെന്ന് സമാധാനിച്ചു നവീൻ.

കൂട്ടുകാരികളെ ചാരിയാണ് അവൾ പുറത്തിറങ്ങിയത്. പിറകെ ഒരു അഞ്ചു വയസ്സുകാരിയും ഓട്ടോയിൽ നിന്നിറങ്ങി.
‘മൂത്ത കുട്ട്യാത്', അയൽ ഫ്ലാറ്റുകാരി പറഞ്ഞു.

‘ലോപാമുദ്ര', നവീൻ മന്ത്രിച്ചു. പത്രപ്രവർത്തകന്റെ വാക്കുകൾ എപ്പോഴും ലക്ഷ്യത്തിലേക്കുള്ള ദിശാസൂചികളാവണം. അയൽക്കാരി നവീനെ നോക്കി.
‘രണ്ടാമത്തെ കുട്ട്യോ?'
പത്രപ്രവർത്തകന്റെ ഓരോ ചോദ്യവും അവസാന ഉത്തരം ലാക്കാക്കിയുള്ളതുമാകണം.
‘ജീനേടെ വീട്ടിലാവും'
‘ആ കുട്ടീടെ പേരെന്താ', മനസ്സിലെ നോട്ട്പാഡും പേനയും ആ സ്ത്രീയുടെ ചുണ്ടനക്കത്തിനായി കാത്തുനിൽക്കുന്നു.
‘മിത്ര, മിത്രാവിന്ദ'

നവീൻ നാരായണന്റെ കണ്ണുകൾ തിളങ്ങി.
തിടുക്കം പുറത്തുകാണിക്കാതെ അയാൾ സാവധാനം ചവിട്ടുകളിറങ്ങി. പ്രവർത്തിക്കാത്ത ലിഫ്റ്റിനു സമീപത്തുനിന്ന് ബദ്ധപ്പെട്ട് സ്റ്റെപ്പ് കയറാനുള്ള ഒരുക്കത്തിലായിരുന്നു ജീനയും കൂട്ടുകാരികളും.

‘ജീനാ', നവീൻ വിളിച്ചു; ‘അമ്മ അറിഞ്ഞിട്ടില്ല'
ജീന സ്റ്റെപ്പിലിരുന്നു. ആഞ്ഞ് ശ്വസിച്ചു. ഒന്നു ക്ഷീണിച്ചിട്ടുണ്ടവൾ. മുടിയുടെ പഴയ മിനുപ്പ് മാഞ്ഞിട്ടില്ല. കണ്ണിലെ ദൈന്യവും മാറ്റമില്ലാതെ.
‘രാജേഷിന്റെ?' കൂട്ടുകാരികളിലൊരാൾ ചോദിച്ചു.
‘ഫ്രെണ്ടാണ്, അച്ഛനെ സ്റ്റേഷനീന്ന് ആസ്പത്രീലേക്ക് കൊണ്ടുപോയി. പ്രഷറ് കൂടുതലായി, സനു അച്ഛന്റൊപ്പമുണ്ട്'
‘അമ്മേ കാണണം', ജീന കരയുന്നു.
‘മിത്രയെവിടെ, മിത്രാവിന്ദ?' നവീൻ ചോദിച്ചു.
ഇൻഫർമേഷനുകൾ ക്രോസ് ചെക്ക് ചെയ്ത് ഉറപ്പുവരുത്തണമെന്നത് പത്രപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങളിൽപെട്ടതാണ്.
‘ജീനേടെ പപ്പേടടുത്ത്' അവളെ താങ്ങിനിന്നവൾ പറഞ്ഞു.
‘എന്നാ നിങ്ങള് മോളിലേക്ക് ചെല്ല്'

പിന്നെ നവീൻ നിന്നില്ല. ചന്ദ്രകല എൻക്ലേവ്‌സിന്റെ പടവുകൾ ചവുട്ടിത്തള്ളി കല്ലുപാകിയ മെയിൻ ഗേറ്റിലൂടെ സ്‌കൂട്ടർ ചാടിച്ച്, നവീൻ കുതിച്ചു. നഗരത്തിന്റെ പ്രധാന വഴികളും ഊടുവഴികളും കടന്ന് പത്രമോഫീസിലേക്ക് പായുമ്പോൾ ഫോണിൽ പിന്നെയും ബെന്നറ്റ്.
‘എന്തായി സാറേ, ആ എളേ കൊച്ചിന്റെ പേര്?'
‘മിത്രാവിന്ദാ'
‘യെന്തൂട്ട്', ബെന്നറ്റ് വീണ്ടും
‘മിത്ര... മിത്ര... മിത്രാവിന്ദ...'
‘ശരി, ശരി, ഓരോരോ പെര്വോളേ' ബെന്നറ്റും പിന്നെ ഒരു നിമിഷം വൈകാതെ ഫോൺവെച്ചു.

ഈ സമയം നവീൻ ശരിക്കും ആ ചോദ്യം സ്വയം ചോദിച്ചു;
‘ആരായിരുന്നു രാജേഷ് ദിവാൻ?'

അനവധി സായാഹ്നങ്ങളിലെ സൈക്കിൾ യാത്രകളും പുഴയോര രാവുകളിലെ അന്താക്ഷരികളും ആൽത്തറയിൽ വേട്ടേക്കരനൊത്തുള്ള മാനം നോക്കിക്കിടപ്പുകളും ആ സമയം നവീൻ നാരായണന്റെ കൺമുന്നിൽ നിരന്നു.

ലഹരി നുരയുന്ന നഗരരാവിൽ ഉന്മത്തരായ കാണികൾക്കു നടുവിൽ ‘ബെല്ലി' ചുവടുകളുമായി അവൻ ഉണർന്നെണീറ്റിരിക്കും. ആഘോഷങ്ങളുടെ പാരമ്യത്തിൽ ഭക്തസഹസ്രങ്ങൾക്കു നടുവിലെ നീണ്ടുനിവർന്ന ഗോമധ്വേശ്വര പ്രതിമപോലെ മാനംമുട്ടിയൊരു നിശ്ചലൻ, ദിഗംബരൻ, അവൻ.

പാതിരാവിനപ്പുറം മാളങ്ങളിലേക്കുൾവലിഞ്ഞ കാണികൾ തീർത്ത വന്യമായ ഏകാന്തതയിൽ അവന് മുറിവേറ്റിരിക്കാം. പിന്നെ അവന്റെ പ്രതികാരവേള. ഇടതുകൈയിൽ നീട്ടിപ്പിടിച്ച മൊബൈലിൽ ഒരു സെൽഫി ഷോട്ട്, അതവൻ മറന്നിരിക്കില്ല.

നവീന് ഉറപ്പുണ്ട് ആഘോഷങ്ങളുടെ ആൾക്കൂട്ടത്തിൽ ഒറ്റുകൊടുക്കപ്പെട്ടവന്റെ മുഖഭാവമായിരിക്കും അവന്. ഒറ്റപ്പെട്ടവനും ഒറ്റുകൊടുക്കപ്പെട്ടവനും അർഹമായ വികാരരാഹിത്യത്തിന്റെ ഭാരപ്പെട്ട നിമിഷങ്ങൾക്കൊടുവിൽ മുഷിഞ്ഞ ഫ്ലാറ്റിന്റെ മേൽത്തട്ട് പിളർന്ന് ഒരു നെടുങ്കൻ പെരുമ്പാമ്പ് താഴേക്കൂർന്നിറങ്ങുന്നത് നവീൻ കണ്ടു. ഒരു ഉച്ച്വാസം കൊണ്ടുള്ള അലോസരം പോലുമുണ്ടാക്കാതെ ആടിയിറങ്ങിയ പാമ്പ് അവനെ കഴുത്തിൽ ചേർത്ത് പുണരുന്നതും മെല്ലെ മേലേക്ക് ഉയർത്തിയെടുക്കുന്നതും നവീൻ നോക്കിനിന്നു.

ശരീരം മാംസക്കഷണവും മനസ് കാക്കയുമാകുന്ന അവസ്ഥ.
കലുഷമായ കൂട്ടിക്കുറയ്ക്കലുകളിൽ ജീവിതവും മരണവും ഒന്നു മറ്റൊന്നിൽ മേൽക്കൈ നേടുന്നത്. നവീൻ നാരായണൻ എന്ന യുവപത്രപ്രവർത്തകൻ എല്ലാറ്റിനും സാക്ഷിയാണിപ്പോൾ. മൊബൈൽ ഫോൺ ഹെൽമറ്റിനുള്ളിൽ നിന്നൂർത്തി, ജീൻസിന്റെ പോക്കറ്റിലേക്കാഴ്ത്തി ന്യൂസ് ബ്യൂറോ ലക്ഷ്യമാക്കി വെച്ചുപിടിക്കുമ്പോൾ നഗരമാലിന്യവും ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും കൈയടക്കിവെച്ച ആവർത്തനവിരസതക്ക് അറുതിയിട്ട ഓൾ എഡിഷൻ ഒന്നാം പേജ് വാർത്ത മാത്രമായിരുന്നു അയാളുടെ മനസ്സിൽ.

ബ്യൂറോ തണുപ്പിലേക്കാണ്ടതിനൊപ്പം യാന്ത്രികമായി പതിവ് സോഴ്‌സുകളെ വിളിക്കാനിരുന്ന നവീൻ, ആദ്യത്തെ കോളിന് ‘നമസ്‌കാരം, ഈസ്റ്റ് പി.എസ്., ഒരു അണ്ണാച്ചിയുണ്ട്, ആ നടന്റെ...!' എന്ന ദുർഗ്രഹമായ പൊലീസ് മൊഴിക്ക് ‘കിട്ടി' എന്നുമാത്രം സിമ്പിളായി പ്രതിവചിച്ചു!

* അണ്ണാച്ചി - അൺ നാച്വറൽ ഡെത്ത് (കടപ്പാട്: കേരള പൊലീസ് ഭാഷാ നിഘണ്ടു)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ശ്രീശോഭ്​

കഥാകൃത്ത്​. മാതൃഭൂമിയിൽ റിപ്പോർട്ടർ. ബോധി (കഥ), റഫീക്ക് അഹമ്മദ് - പാട്ടു വഴിയോരത്ത് (ഓർമ പുസ്തകം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments