ചിത്രീകരണം : രാജേഷ് ചിറപ്പാട്

പൊട്ടിയൊലിയ്ക്കുന്ന തുലാവർഷം പുരയെ ഒരു ദ്വീപാക്കി മാറ്റിയ ദിവസം വൈകീട്ടാണ് ശശിധരൻ ദൈവത്തെ കൊണ്ടുപോകാൻ എത്തിയത്.

ജീപ്പ് മുകളിലെ റോഡിൽ തിരിച്ചു നിർത്തിയശേഷം ഒരു കുടക്കീഴിൽ അയാളും ഡ്രൈവറും ഒരാൾക്കുമാത്രം പോകാൻ കഴിയുന്ന വഴിയിലൂടെ സയാമീസ് ഇരട്ടകളെ പോലെ നടന്നുവന്ന് പുരയുടെ പടിഞ്ഞാറെ തിണ്ണയിലേക്ക് കയറി. തൊട്ടുപുറകിലായി അകാരണമായി ചിരിച്ചുകൊണ്ട് അയാളുടെ സഹായിയും നനഞ്ഞൊലിച്ചു കയറിപ്പറ്റി.

ചെറിയ ഒരു അങ്കലാപ്പോടെ, തന്റെ കൊച്ചുമുറിയുടെ വാതിലിന്റെ തുറന്നുവച്ചിരുന്ന ഒറ്റപ്പാളിയിലൂടെ ദൈവം പുറത്തേക്കുനോക്കി.
തിമിരം മറച്ച കാഴ്ചയെ ബുദ്ധികൊണ്ടു തെളിയിക്കാനുള്ള ശ്രമമാണ്...
""നോക്കണ്ടടി ഞാൻ തന്നെ... നിനക്ക് ഭയങ്കര കുരുവായോണ്ട് അന്വേഷിക്കാൻ കൊണ്ടുപോവാൻ വന്നത്... സൊകചികിത്സാ... ത്ഭൂ....

ദൈത്തിന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി. തുടർന്നുകേട്ട അറപ്പുളവാക്കുന്ന തെറികൾ മഴവെള്ളത്തോടോപ്പം ഒലിച്ചുപോയിരുന്നു.
നിന്റെ ഗുണ്ടകളെ പേടിച്ചിട്ടൊന്നുമല്ല..എന്റെ പൊന്നാര അമ്മച്ചിയെ നോക്കണ്ടേ..
ടാ കൊളുത്തേ.., നിനക്കറിഞ്ഞൂടാ എന്ന അമ്മച്ചി എങ്ങനാ നോക്കിയേന്ന്​?ഇവിടുത്ത ഗുണ്ടകൾക്കും അറിഞ്ഞൂടാ... ശശിധരൻ ഒച്ചയെടുത്തു...

ദൈവം കാലത്തിന്റെ കണക്കുകൾ കൂട്ടിക്കിഴിയ്ക്കുവാനെന്നോണം വിദൂരതയിലേക്ക് കണ്ണ് നട്ടിരുന്നു.

തൊട്ടുമുൻപത്തെ ആഴ്ചയിലാണ് ശശിധരനെ കാണാൻ അയാൾ സഹായിയായി നിൽക്കുന്ന കടയിലേക്ക് ഇവിടുന്ന്​ ദൗത്യസംഘം പോയത്. വാർഡ് മെമ്പറും അനികുട്ടൻ പൊലീസും ദൈവത്തിന്റെ അയൽവാസിയായ ദാസും സഹോദരീപുത്രൻ മുരളിയും. നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുത്തശേഷം നാലാളും കൂടി അങ്ങോട്ട് പോവുകയായിരുന്നു. നഗരത്തിന്റെ വിസർജ്യമൊഴുകുന്ന, താരതമ്യേന തിരക്ക് കുറഞ്ഞ പ്രാന്തത്തിൽ ഒറ്റപ്പെട്ട ഒരു ഇരുനില കെട്ടിടത്തിൽ പഴയ ഒരു ഹാർഡ്​വെയർ കട. നഗരാതിർത്തിയിലാണെങ്കിലും അത്യാവശ്യം തിരക്കുള്ള കടയാണത്. കല്യാണസദ്യയുമുണ്ട് അടുത്തുള്ള ബാറിൽ നിന്ന്​ നന്നായി മിനുങ്ങിയിട്ടുമാണ് അവർ ചെന്നത്. കടയിൽ തിരക്ക് കുറഞ്ഞ സമയമായിരുന്നു.

""ആഹാ ഇതാരൊക്കെ? എല്ലാരും കൂടെ എവിടെയോ ടൂർ പോയിട്ട് വരേണെന്ന് തോന്നണല്ല'', രക്തവർണമുള്ള വായിൽ നിന്ന്​ രണ്ട് മൂന്ന് മുറുക്കാൻ ചോരതുള്ളികൾ അനുസരണക്കേടുകാട്ടി പുറത്തേക്ക് ചാടി.

എല്ലാവർക്കും വേണ്ടി മെമ്പർ വന്ന കാര്യം സമാധാനമായി അവതരിപ്പിച്ചു.
സംഗതി വളരെ ലളിതമാണ്. ലീല നാല്പത്തിയെട്ടാം വയസ്സിൽ തന്റെ ആദ്യ വിവാഹം കഴിഞ്ഞ് അടൂരിലേക്ക് വണ്ടികയറിപ്പോയി.
""ഈ നശിച്ച വീട്ടിലേക്കും നാട്ടിലേക്കും ഇനി വരുന്നത് നിന്റെ ചാക്കാല കൂടാനായിരിക്കും കേട്ടോടി നായട മോളേ'’, ദൈവത്തിന്റെ ചെവിയിൽ അവസാനമായി മകൾ പറഞ്ഞ വാക്കുകളാണിവ.
ഇതിനുമുമ്പ് നിരവധി തവണ ദൈവത്തിന്റെ ചെവികളിൽ തെറിയൂതി നിറച്ചിട്ടുണ്ട് അവൾ. തന്റെ വളർന്നുവരുന്ന ആണ്മക്കൾ ഈ തെറികൾ കേട്ട് പഠിക്കുമോ എന്ന് ആകുലപ്പെട്ട ദാസ് ഒരിക്കൽ ലീലയെ താക്കീത് ചെയ്തു. അന്നുമുതൽ ലീല അയൽക്കാർ കേൾക്കാതെ പുലയാട്ട് ചൊരിയാൻ കണ്ടെത്തിയ മാർഗമാണ് ഈ രഹസ്യത്തെറി. മുറ്റത്തോ കിണറ്റിൻകരയിലോ നിന്ന് ദൈവത്തോട് കലഹമാരഭിക്കുന്ന ലീല ഞൊടിയിടയിൽ വാതിൽപ്പടിയിലിരിക്കുന്ന ദൈവത്തിനടുത്ത് പാഞ്ഞെത്തുന്നു, തെറിയും നുള്ളും ദൈവത്തിന്റെ നിലവിളിയും.

ലീല പോയതോടെ ഒറ്റപ്പെട്ടു എന്നതൊഴിച്ചാൽ ദൈവത്തിന് വലിയ വേദനയുള്ളതായി തോന്നിയില്ല. മറിച്ച് തെറിയും നുള്ളും നിലച്ചതിൽ ഉള്ളാലെ സന്തോഷിച്ചു. രണ്ടുനേരം ഭക്ഷണവും,രാവിലെയും വൈകിട്ടും ചായയും ദാസിന്റെ ഭാര്യയും; വിസർജിക്കാനുള്ള തേക്കിലയും ഒരു ബക്കറ്റ് വെള്ളവും ദാസിന്റെ ഇളയ മകനും സ്ഥിരമായി എത്തിച്ചുകൊടുത്തിരുന്നു. പതിവുസമയത്തിന് രാവിലത്തെ ഭക്ഷണം എത്തിച്ചുകൊടുക്കാത്തതിന് ഒരിക്കൽ ഭാര്യയെ പ്രാകുന്നത് കേട്ടു വന്ന ദാസ് ഇനി അവർക്ക് ഭക്ഷണം കൊടുക്കരുതെന്ന് വിലക്കി. ദൗത്യസംഘത്തിന്റെ യാത്രയിലേക്ക് നയിച്ച സംഭവങ്ങളാണ് ഇവ.

മോണക്കും പല്ലിനുമിടയിൽ ഒളിച്ചിരുന്ന മുറുക്കാൻ അവശിഷ്ടങ്ങൾ നാവുകൊണ്ട് ഉഴിഞ്ഞെടുത്ത്​ ഇടത്തേ കടവായിൽ വച്ച്​ ചവച്ചുഞെരിച്ച് ഒന്നു മുരടനക്കി ഗൗരവം വരുത്തി ശശിധരൻ ഒരു നിമിഷം ചിന്തയിലാണ്ടു.""ദാസേ നെനക്കറിയമോന്ന് അറിഞ്ഞൂടാ, അച്ഛൻ പോയേപ്പിന്ന ഞാൻ അവുതിയെ അമ്മാന്ന് വിളിച്ചിട്ടില്ല.ഒരു പറ്റ് കഞ്ഞി ഞാൻ അവരേന്ന് കുടിച്ചിട്ടുമില്ല, അവുതി തന്നിട്ടുമില്ല. ഭാർഗവി അമ്മയാണ് എന്നെ വളർത്തിയേ. ഞാൻ അവരെ അമ്മാന്നാണ് വിളിച്ചിട്ടുള്ള; അമ്മാമ്മന്ന് അല്ല. അവര് ജീവിച്ചിരുന്നപ്പോ ആഴ്ചയോടാഴ്ച ഞാൻ അവിട വരേം ചെയ്യൂരുന്നു, അവരക്ക് എന്നെ കൊണ്ട് പറ്റണത് കൊടുക്കേം ചെയ്യൂര്ന്ന്. അതൊക്കെ ഈ രണ്ട് മൂധേവികളും കൂടി തന്ന തിന്നത്, ആര്; ഈ ദൈവോം ലീലേം. ഇനിയിപ്പോ എന്റെ അമ്മച്ചി പോയി. ഇനി അവിടെ എനിക്കാരുമില്ല. അതുകൊണ്ട് ഇനി ദൈവം തമ്പുരാൻ നേരിട്ട് വന്ന് പറഞ്ഞാലും അവുതിയെ ഞാൻ നോക്കൂല.’’

‘‘അങ്ങനെ പറഞ്ഞാ പറ്റോ ശശിയരേണ്ണാ. പെറ്റ തള്ളയല്ലേ? നിങ്ങളവിടന്നു ആദായമെടുക്കണയല്ലേ? നിങ്ങളൊന്നു ആലോചിച്ചുനോക്കിയാണ്. അവരെ അയലോക്കക്കാരു നോക്കണോ,ങേ?'', മെമ്പറിന്റെ ശാന്തവും ഉറച്ചതും ആയ സ്വരം ശശിധരനെ തെല്ലൊന്നു അസ്വസ്ഥനാക്കി.

""ആര് എന്തേര് മൈരു പറഞ്ഞാലും ശശിയരൻ നോക്കൂല'', തല വലത്തേക്ക് വെട്ടിച്ചു ആരുടെയും മുഖത്തു നോക്കാതെ ശശിധരൻ തീർപ്പ് പറഞ്ഞു.

അനിക്കുട്ടൻ പൊലീസിന്റെ ആമാശയത്തിൽ നിന്ന്​ വോഡ്ക ഇരച്ചുകയറി നാവിനടിയിൽ എത്തി, പ്ഫാ, നിന്റെ അമ്മച്ചിയ പിന്ന നാട്ടാര് നോക്കണോടാ? നീ തന്ന നോക്കും അതിനുള്ള വകുപ്പ് നമ്മക്കറിയാം. കാണണോ?

മെമ്പറും മറ്റുള്ളവരും ഇടപെട്ട് അനിക്കുട്ടൻ പൊലീസിനെ ശാന്തനാക്കി.
ഇറങ്ങാൻ നേരം അയാൾ ശശിധരനെ തിരിഞ്ഞു നോക്കി ഒന്നു മൂളി. ആ മൂളൽ തുടർന്നുള്ള മൂന്നുരാത്രികളിൽ ശശിധരനും ഉറക്കത്തിനുമിടയിൽ വേലിതീർത്തു.

ശശിധരന്റെ സഹായി കൈയിൽ കരുതിയ ചാക്ക് നിവർത്തി ദൈവത്തിന്റെ പാത്രങ്ങളും, ഗ്ലാസും, കുറച്ചു തുണികളും അതിലേക്ക് വാരിക്കയറ്റി. അന്നേരമത്രയും ദൈവം പ്രാകുകയും നിലവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ദൈവത്തെ കസേരയിലിരുത്തി എടുത്തുകൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ശശിധരനും സഹായിയും ചേർന്ന് അലസമായി എടുത്തു കൊണ്ട് മുകളിലേക്ക് പോയി. അന്നേരമാണ് ഞാറവിളാകാം ക്ഷേത്രത്തിലെ ദീപരാധനയ്ക്കുള്ള മണികൾ മുഴങ്ങിയത്. മണിയൊച്ചകൾ ദൈവത്തിന്റെ ഹൃദയഭിത്തിയിൽ പെരുമ്പറകളായി പ്രതിധ്വനിച്ചു.

കൃത്യം ഒന്നരവർഷം മുമ്പാണ് ദൈവം കരിങ്കാളിയെ കണ്ടെത്തിയത്.
കാണിപ്പാറ മഹാദേവക്ഷേത്രത്തിൽ ദീപാരാധന തൊഴാൻ പോയി ഞാറവിള വഴി തിരികെ വരുകയായിരുന്നു. കാണിപ്പാറ മാടൻ തമ്പുരാൻ മഹാദേവനായി പരിണമിച്ചിട്ട് രണ്ടാഴ്ചയായതേയുള്ളൂ. മാടൻ മഹാദേവനാകുന്ന ബ്രാഹ്മണ്യസൂത്രവാക്യം മനസ്സിലാക്കാൻ കഴിയാതിരുന്ന ദൈവം പ്രതിഷ്ഠയ്ക്ക് പോയില്ല.

അതിനിടയ്ക്ക് ഒരു ദിവസം കക്ഷത്തിൽ ഒരു കോഴിയുമായി മാടൻ ദൈവത്തെ കാണാനെത്തി, പകുതിയോളം കത്തിയ ചൂട്ട് തിണ്ണയിൽ വച്ചു വരാന്തയുടെ അരഭിത്തിയിൽ കയറിയിരുപ്പായി.""അതെന്താ ചെല്ലമ്മേ നിങ്ങളിപ്പോൾ അങ്ങോട്ടൊന്നും വരാത്തതെന്നാ’’യി തമ്പുരാൻ.
ദൈവം തന്റെ വിയോജിപ്പ് വ്യക്തമാക്കി.""യോഗ സ്തപോ ദമം ദാനം സത്യം-ശൗച്യം ദയ ശ്രുതം വിദ്യാ വിജ്ഞാന മാസ്തക്യ മേ തത് ബ്രാഹ്മണ ലക്ഷണ- ചെല്ലമ്മ ഇത് കേട്ടിട്ടില്ലേ'' ""ഇല്ല'' ""ങ്ഹാ ഞാനും ഈയിടക്കാ കേട്ടത് അതോടെ എന്റെ പരാതി തീർന്നു.'' ""എന്നു വച്ചാൽ എന്താണ്'' ""യോഗം,തപസ്സ്, ദമം... അതായത് ഇന്ദ്രിയങ്ങളെ അടക്കാനുള്ള കഴിവ്, ദാനം, സത്യം, ശൗച്യം... അതായത് വൃത്തി, ദയ, ശ്രുതം, വിദ്യ, വിജ്ഞാനം, ഈ പത്തു ഗുണങ്ങളുണ്ടേൽ അവൻ ബ്രഹ്മണാനായി എന്നാ''

""ബ്രഹ്മണന്മാരു കോഴിയേ തിന്നൂ''

""കോഴിയെ തിന്നൂടെന്ന് അതിൽ പറഞ്ഞിട്ടില്ലല്ല്, പിന്നെന്ത്? ഞാൻ പോവേണു നീ വല്ലപ്പോഴുമൊക്കെ അങ്ങാട്ട് എറങ്, ങ്‌ഹേ? ""ഓ''
കോഴിയെ ഒന്നുകൂടി ഒതുക്കിപ്പിടിച്ച്​ ചൂട്ട് വീശിക്കത്തിച്ച്​ ഇരുട്ടിൽ തീക്കൊള്ളിയായി മാടൻ നീങ്ങിയകന്നു.

അവ്യക്തമായ ഒരു തേങ്ങലാണ് ദൈവം ആദ്യം കേട്ടത്.
ആരോ വായ പൊത്തിയപോലെ അത് പെട്ടന്ന് നിലച്ചു.
ഞാറവിള വഴി സന്ധ്യ ഇരുണ്ടശേഷം യാത്രചെയ്യുന്ന പലരും ഇത്തരം അടക്കിപ്പിടിച്ച വിതുമ്പലുകൾ കേട്ടിട്ടുണ്ട്. ആരും തിരിഞ്ഞുനിൽക്കാനോ ശ്രദ്ധിക്കാനോ ധൈര്യപ്പെട്ടിട്ടില്ല. ഞാറവിളയിലൂടെ അധികമാരും രാത്രിസഞ്ചാരം നടത്താറില്ല. തിളക്കമുള്ള രണ്ട് കണ്ണുകളാണ് ആദ്യം കണ്ടത്. ഇരുട്ടിന്റെ ആ കണ്ണുകൾക്ക് പതിയെ രൂപംവച്ചു. തന്നെക്കാൾ രണ്ടിരട്ടി ഉയരമുള്ള അവൾക്ക് വലിപ്പമുള്ള കണ്ണുകളും നീണ്ട മൂക്കും ലക്ഷണമൊത്ത സ്ത്രീ ശരീരവുമുണ്ടായിരുന്നു. ദൈവത്തിന് പെട്ടന്ന് ആളെ മനസ്സിലായി.""എന്താ ഈ ഇരുട്ടത്ത്''
വിതുമ്പൽ പെട്ടന്ന് പെയ്തുതുടങ്ങിയിരുന്നു. കവിളിലൂടെ പുറപ്പെട്ട നീരുറവകളിലൊന്ന് ദൈവത്തിന്റെ പാദത്തിൽ വീണുചിതറി.
ഒന്നു മൂളി ദൈവം മുന്നിൽ നടന്നു. കണ്ണുകൾ തുടച്ച് കരിങ്കാളി അനുഗമിച്ചു. വള്ളിപ്പടർപ്പുകളാൽ മൂടി വാർധക്യം പിന്നിട്ട ഒരു ചെമ്പക മരമുണ്ട് കുന്നിന്റെ ഉച്ചിയിൽ. ഒരു കുഷ്ഠ രോഗിയുടേതുപോലെയുള്ള ശിഖരങ്ങളോട് കൂടിയ ആ വയോവൃക്ഷത്തിന്റെ ചുവട്ടിൽ ദൈവം നിന്നു.

"ദേവി മോളിൽ കേറിയിരുന്നോ നല്ല ശക്തിയുള്ള മരാ ആരും അടുക്കൂല, എല്ലാസോം ഞാൻ വന്ന് നോക്കിയോളം.'

ഞാറവിള കുന്നിന്റെ മുകളിൽ ചീട്ട് കളിക്കാൻ പോയവരാണ് ചെമ്പകമരത്തിലെ രൂപങ്ങളെ ശ്രദ്ധിച്ചത്. മരത്തിനുചുവട്ടിൽ ദിവസവും പ്രത്യക്ഷപ്പെടുന്ന തെച്ചിപ്പൂവുകളാണ് അവരുടെ ആദ്യ നിരീക്ഷണത്തിന് അടയാളമിട്ടത്. തായ് തടിയിലാണ് കൂടുതൽ രൂപങ്ങൾ കാണപ്പെട്ടത്. ചുരുങ്ങിയ എണ്ണം വേരിലും ശാഖകളിലും കാണപ്പെട്ടു. ഏറ്റവും വ്യക്തമായത് മനുഷ്യമുഖവും പാമ്പിന്റെ ഉടലുമുള്ള താരതമ്യേന വലിപ്പമുള്ള രൂപമാണ്. ഒറ്റച്ചിറകുള്ള പക്ഷിയുടെ രൂപം,ശംഖ് പോലുള്ള മറ്റൊന്ന്, ഇവ കൂടാതെ കാണുന്നവരുടെ ഭാവനയനുസരിച്ചു പരുവപ്പെടുന്ന നിരവധി രൂപങ്ങൾ. ഓരോ ദിവസവും തലേന്ന് കാണാത്ത ഒരു പുതിയ രൂപം അവർ കണ്ടെത്തി. പതിയെ ചെമ്പകത്തിലെ രൂപങ്ങളെക്കുറിച്ചുള്ള പലവിധ വർണ്ണനകൾ അവിടത്തെ ചായക്കടകളിലും പണിയിടങ്ങളിലും കൊണ്ടുപിടിച്ച ചർച്ചകൾക്ക് വിഷയമായി.

നിരവധിയാളുകൾ ഞാറവിള കുന്നുകയറി ചെമ്പക ചുവട്ടിൽ ആരാധന നടത്താനെത്തി. ചന്ദനത്തിൽ പൊതിഞ്ഞ ഒരു നേർച്ച ഭണ്ഡാരവും ഒരു ചുവന്ന പട്ടും, വെങ്കല തളികയും, അതിൽ ഒരു വിളക്കും ഒരു പ്രഭാതത്തിൽ അവിടെ മുളച്ചുപൊന്തി.

ഒരു സന്ധ്യക്ക് വഴിതെറ്റി ഭയന്നുപോയ ചുള്ളി പ്രസേനന്റെ ഇളയ പുത്രനെ വീട്ടിൽ കൊണ്ടാക്കിയ ശേഷം അജ്ഞാതയായ ഒരു ചേച്ചിപ്പെണ്ണ് അപ്രത്യക്ഷയായതും, ഞാറവിള കുന്നിലെ ഭണ്ഡാരത്തിൽ നിന്നും നാണയം കട്ട വട്ട് മോഹനന്റെ കാലിൽ കുപ്പിച്ചില്ല് തറച്ചു രണ്ടാഴ്ച നടക്കാനാവാതെയായതും, ചെമ്പക ചുവട്ടിൽ തൊട്ടുവണങ്ങി എറണാകുളത്തു ജോലിക്ക് പോകാൻ ബസ് സ്റ്റോപ്പിലെത്തിയ അയ്യപ്പന് കലശലായ വയർവേദന തോന്നി തിരികെ വീട്ടിലേക്കോടുകയും എന്നാൽ അകത്തെ ബാത്റൂമിൽ കയറാൻ ഭാര്യ മോളി അനുവദിക്കാതിരുന്നപ്പോൾ സംശയം തോന്നി വാതിൽ ചവുട്ടിത്തുറന്നപ്പോൾ കുതിച്ചുചാടി പാഞ്ഞ സ്വകാര്യ ബസ് ഡ്രൈവറെ കൈയ്യോടെ പിടിച്ചതും ഉൾപ്പെടെ നിരവധി കഥകൾ ആ ഗ്രാമത്തിന്റെ ഇടവഴികളിലൂടെ നെടുകയും കുറുകയും പരതി നടന്നു. നാലാൾ കൂടുന്നിടത്തെല്ലാം സാന്നിധ്യമറിയിച്ചു. അങ്ങനെ അജ്ഞാതയായ ചേച്ചിപ്പെണ്ണായും, കൂർത്ത കുപ്പിച്ചില്ലായും, ശോധന കാംക്ഷിക്കുന്ന വയറുവേദനയായും, നിലക്കാത്ത പേമാരിയായുമൊക്കെ ഞാറവിള ദേവി തന്റെ അനുഗ്രഹവും അരിശവും ചൊരിഞ്ഞു.

മേലേ മഠം വാസുദേവ ശർമയുടെ കാർമികത്വത്തിലാണ് ഞാറവിള ഭദ്രകാളി പ്രതിഷ്ഠയും കുടിയിരുത്തും നടന്നത്. ചുറ്റമ്പലത്തോടുകൂടിയ ക്ഷേത്രനിർമ്മാണത്തിന് ആറുമാസം പോലുമെടുത്തില്ല. കുവൈറ്റിൽ ചാരായം വാറ്റുന്ന അമ്പിളിയും വാമനപുരം ആറിന്റെ കര മണ്ണ് മാറ്റി മണലൂറ്റി വിൽക്കുന്ന ദേവനും അഞ്ചുലക്ഷം രൂപ വീതം നൽകി. ബി.പി.എൽ. ലിസ്റ്റിൽപെട്ട ചിലർ അവശേഷിച്ച ആഭരണങ്ങൾ പണയം വച്ചും, മറ്റ് ചിലർ കുടുംബശ്രീയിൽ നിന്നും, സഹകരണ സംഘങ്ങളിൽ നിന്നും ലോൺ എടുത്തും നൽകി ദേവിയുടെ എ.പി.എൽ. ലിസ്റ്റിൽ കയറിപ്പറ്റി. സംഭാവന നൽകിയ എല്ലാവീടുകളുടെയും മുൻവാതിലിൽ ‘ഞാറവിള ദേവി ഈ വീടിന്റെ ഐശ്വര്യം' എന്ന പ്രസ്താവന പറ്റിപ്പിടിച്ചു.

ഇടവം മാസം പതിനൊന്നാം തീയതി പകൽ പതിനൊന്നിനും പതിനൊന്നേമുക്കാലിനും ഇടയിലായിരുന്നു പ്രതിഷ്ഠ. ശേഷമുള്ള കുംഭാഭിഷേകവും കഴിഞ്ഞു ഉച്ചപൂജക്കായി ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ മേൽശാന്തി കരുവാരത്ത് മോഹനൻ നമ്പൂതിരി "യ്യോ'എന്ന് നിലവിളിച്ചുകൊണ്ടു പുറത്തുചാടി. പുറകിലേക്കുള്ള ചാട്ടത്തിൽ സാമാന്യം വലിപ്പമുള്ള, എരിഞ്ഞുകൊണ്ടിരുന്ന ഒരു വിളക്ക് തട്ടിമറിഞ്ഞുവീണുരുണ്ടുപോയി. പുറത്തെ ഗോപുരത്തിൽ നിന്ന്​ ദർശനത്തതിനായി എത്തിനോക്കി നിന്നിരുന്ന ഭക്തകൾക്കിടയിൽ നിന്നും ഭീതി നിറഞ്ഞ ഒരു നിലവിളി ഉയർന്നു.
ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠാശിലയുടെ പുറകിൽ കണ്ട ക്ഷീണിച്ച കണ്ണുകൾ ദേവിയുടേതല്ല എന്ന് നമ്പൂതിരിക്ക് ഉറപ്പായിരുന്നു എങ്കിലും വിവരിക്കാനാവാത്ത ഒരു ഭയം അയാളുടെ കാലുകളെ ബന്ധിച്ചിരുന്നു."ആരോ ഉണ്ടവിടെ അകത്ത്'

നിലവിളി കേട്ട് പാഞ്ഞെത്തിയ പുറം ശാന്തികൾ ബ്രേക്കിട്ടപോലെ നിന്നു.
ഭയം ആ വിറയാർന്ന വാക്കുകളിലൂടെ അവരിലേക്കും സംക്രമിച്ചു.
പാചകപ്പുരക്ക് വെളിയിൽ വിറക് കീറികൊണ്ട് നിന്ന പൊട്ടൻ സഹദേവൻ ചുറ്റുപാടിലെ അസ്വാഭാവികത മണത്തറിഞ്ഞു പാഞ്ഞെത്തി. മോഹനൻ നമ്പൂതിരിയെ ഒരു നോട്ടം നോക്കിയശേഷം അകത്തേക്ക് ഓടികയറി. അടുത്ത നിമിഷം അയാൾ ദൈവത്തെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മുഖമിടിച്ച്​ മണൽത്തറയിലേക്കുവീണ ദൈവത്തെ ഒരു കൈകൊണ്ട് മുടിയിലും അടുത്ത കൈകൊണ്ട് കൈയിലും പിടിച്ചു വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുപോയി.

അപ്പോഴെല്ലാം, "കരിങ്കാളിയേ നീ കാണണില്ലേ? കൊടുക്കണേ. ഏവന്റെ മണ്ട മറിയണേ' എന്ന് ഇടതടവില്ലാതെ പ്രാകിക്കൊണ്ടിരുന്നു.
സന്ധ്യ കറുക്കും വരെ അവ്യക്തമായി എന്തൊക്കെയോ ഉരുവിട്ട് അവർ വെറും നിലത്ത് ചെളിപുരണ്ട വസ്ത്രങ്ങളോടെ കിടന്നു. വിറകു കീറി അടുക്കിക്കഴിഞ്ഞ്​കൂലിയും വാങ്ങി സഹദേവൻ കുന്നിറങ്ങി പോയി.

എന്തിവലിഞ്ഞെഴുന്നേറ്റ ദൈവം കോവിലിനുള്ളിലേക്ക് നോക്കി, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വേച്ചുവേച്ചു നടന്നുപോയി."വാഴൂല, നീ നോക്കിക്കോ', ദൈവത്തിന്റെ ഈ വാക്കുകൾക്കുമാത്രം ചിറകുമുളച്ച് കോവിലിനെ ചുറ്റി, പറമ്പിലൂടെ കറങ്ങി, കുന്നിറങ്ങി പോയി.

ദൈവത്തെ കുറിച്ച്​ പിന്നീട് അവരുടെ മരണം വരെയും അതിനുശേഷവും പറയുന്നവർക്കും ഓർക്കുന്നവർക്കും ഈ പ്രാക്ക് ഒഴിവാക്കാനാവാത്ത വാക്കുകളായി. ചിലപ്പോൾ ഇവ മാത്രമായി ഉച്ചരിക്കപ്പെട്ടാൽ തന്നെ ദൈവം ഓർമിക്കപ്പെടുന്ന തരത്തിൽ വ്യാപ്തി ആർജിച്ചു.

പിറ്റേന്നുരാവിലെ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ വീട്ടിലെത്തി ശുദ്ധികലശം നടത്താനുള്ള തുക തരണമെന്ന് ലീലയോട് ആവശ്യപ്പെട്ടു. തലേദിവസം രാത്രി മുതൽ അന്നേരം വരെ ദൈവത്തെ നുള്ളിവലിച്ചും അടിച്ചും അറപ്പുളവാക്കുന്ന തെറികൾ വിളിച്ചുമൊക്കെ കലിയടക്കി മുഖത്തും കൈകാലുകളിലും മഞ്ഞൾ അരച്ചുതേച്ചു നിൽക്കുകയായിരുന്നു അവൾ.

ശരീരകലകളുടെ പുനരുജ്ജീവനത്തിനും കേടുപാടുകൾ തീർക്കുന്നതിനുമായി അയക്കപ്പെടുന്ന അജ്ഞാത ജനിതകസന്ദേശങ്ങൾ നിലച്ചു തുടങ്ങിയിരുന്നുവെങ്കിലും തന്റെ യൗവനത്തെ പിടിച്ചുനിർത്താൻ അവൾക്ക് അവ്യാജമായ ഒരു ന്യായമുണ്ടായിരുന്നു; അവൾ അവിവാഹിതയാണ്. അതുകൊണ്ട് തന്റെ ജൈവികപ്രായത്തിൽ നിന്ന്​ പത്തുവർഷം കുറയ്ക്കുന്നതിനുള്ള ധാർമിക അധികാരം തനിക്കുണ്ടെന്ന നിഗമനത്തിൽ അവളെത്തി. അതിനുവേണ്ടി രേഖകളിലെല്ലാം വേണ്ട തിരുത്തലുകൾ വരുത്തി. അവിടെയും എസ്.എസ്.എൽ.സി. ബുക്ക് തൊലി ഉരിഞ്ഞുപോകും വിധം അവളെ നാണം കെടുത്തി. മുമ്പൊക്കെ "ഫെയിൽഡ്'എന്ന ഇംഗ്ലീഷ് വാക്കും തനിക്ക് ലഭിച്ച മാർക്കുകളുമാണ് പാരയായി നിന്നതെങ്കിൽ പിന്നീട് ഒരിക്കലും പിടിക്കപ്പെടാനാവാത്തവിധം താൻ നടത്തിയ വയസ്സുതിരുത്തലുകളാണ് അവളെ ചതിച്ചത്. പ്രസ്തുത ബുക്കിൽ ജനനതീയതിയിലാണ് പത്തുവർഷം കുറവ് വരുത്തിയത്. അതോടെ സങ്കല്പിച്ചതിനെക്കാൾ ഇരുപതുവർഷം പ്രായക്കൂടുതലുള്ള വൃദ്ധയായി ഒരു വിവാഹ ദല്ലാൾക്കുമുന്നിൽ നിൽക്കേണ്ടിവന്നു. പിറ്റേന്നുതന്നെ ആ ന്യൂനതാസർട്ടിഫിക്കറ്റിനെ ചിതയിലെരിച്ചു അവൾ പക പോക്കി. മാത്രമല്ല, പിന്നീട് ഒരിക്കൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രേഖകളെല്ലാം എരിഞ്ഞുപോയി എന്ന് കാണിച്ച്​ പന്ത്രണ്ട് വർഷം ചെറുപ്പം വിളിച്ചോതുന്ന പുത്തൻ രേഖകളുണ്ടാക്കി കാലത്തെയും വെല്ലുവിളിച്ചു.

"ആ പ്രാന്തി എന്തെരെങ്കിലും പ്രാന്ത് കാണിച്ചെന്നും പറഞ്ഞ്​ നിങ്ങളിവിടെ കേറിയെറെങ്ങീട്ട് ഒരു കാര്യോം ഇല്ലേ പൊന്നണ്ണാ, നിങ്ങള് അവുതിയെ കൊല്ലേ, കേസ് കൊടുക്കേ എന്തേരാ ചെയ്യീൻ. ഇവിടന്ന് ഒരുത്തികളും ചോയ്യിക്കൂല.'
അസന്ദിഗ്ധമായ ആ മറുപടിയിൽ പ്രതീക്ഷയറ്റ ക്ഷേത്രഭാരവാഹികൾ പിറുപിറുത്തുകൊണ്ട് തിരിഞ്ഞുപോയി.

നിലത്തു പായ വിരിച്ചു കിടന്നിരുന്ന ദൈവം അന്നേരമത്രയും ശബ്ദമില്ലാതെ പ്രാകികൊണ്ടിരുന്നു. ഭാർഗവിയമ്മയുടെ പൊടിയരിക്കഞ്ഞിയും കാര്യമാത്രമായ പരിചരണവും കൊണ്ട് മൂന്നാം ദിവസം സാധാരണപോലെ നടക്കാമെന്നായി.
അന്ന് ഉച്ചയ്ക്ക് എണ്ണകറുപ്പുള്ള ഒരു ബലികാക്ക കൈയെത്തും ദൂരത്ത് വന്നിരുന്ന്​ തല ചരിച്ച്​ ദൈവത്തെ നോക്കി. കൈയ്യെടുത്ത് ആട്ടിയോടിക്കാൻ നോക്കിയ ദൈവത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ചിറകുനിവർത്താതെ രണ്ടടി പിന്നോട്ട് നടന്നുമാറി അടുത്ത നിമിഷം അതേ ഇടത്ത് തിരിച്ചെത്തി അതേ ചരിഞ്ഞനോട്ടം തുടർന്നു. തെല്ലൊന്നു അമ്പരന്നുപോയ ദൈവം കോപത്താൽ വിറച്ചുകൊണ്ട് എഴുന്നേറ്റ്​മുന്നോട്ടാഞ്ഞു.

"പോരെ നെനക്ക് മതിയായില്ലേ, കണ്ടു ചിരിക്കാൻ വന്നതാണാ? നന്ദിയില്ലാത്തോള്, അഹങ്കാരി, കാക്ക കാലത്തി... കാക്ക കുളിച്ചെന്നും വച്ച് കൊക്കാവൂല മറക്കണ്ടാ...'
കാക്കയെ കൈവീശിയോടിക്കാൻ പുറത്തേക്കിറങ്ങാൻ തുടങ്ങിയ ദൈവം കാലെടുത്തുവച്ച പടിക്കല്ല് അടർന്ന് ഇളകിപ്പോയി. ദൈവത്തിന്റെ തല വാതിൽ ഭിത്തിയുടെ കൂർത്ത അരികിലും, നടുവ് പടികെട്ടിലും വലത്തേകൈക്കുഴ മുറ്റത്തെ ഉറപ്പുള്ള തറയിലും ശക്തിയായി ഇടിച്ചു. കാക്ക ഉച്ചത്തിൽ ശബ്ദമുണ്ടാക്കി പറന്നുപോയി. ബോധം മറയുന്നതിനുമുമ്പ് തലയുടെ പിറകിൽ പരതിയ ഇടതു കൈപ്പത്തി ചൂടുനനവ് തട്ടി നിശ്ചലമായി.

മൂന്ന് ദിവസത്തെ മെഡിക്കൽ കോളേജ് വാസത്തിനുശേഷം അടിയന്തിര ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് എഴുതിയ കുറിപ്പ് ഉൾപ്പെടെയുള്ള ചികിത്സാരേഖകളുമായി ശശിധരൻ ദൈവത്തെ താങ്ങിയെടുത്തുകൊണ്ടുവന്ന്​ കൊച്ചുമുറിയുടെ ഇരുട്ട് പറ്റികിടന്ന പായയിൽ വച്ചു കാട്ടുംപുറത്തേക്ക് തിരിച്ചുപോയി. പിന്നീട് ഒടിവ് പറ്റിയ കൈയ്യിലെ എല്ലുകൾ ഊറിപിടിച്ചു. ചിരി പോലെ പിളർന്നുമാറിയ തലയിലെ ചർമം കൂടിച്ചേർന്ന് മൗനിയായി. വില്ലുപോലെ വളഞ്ഞ നടുവുമാത്രം നിവർന്നില്ല. കൂടുതൽ വളയുന്ന വളവായി അത് അവശേഷിച്ചു. മാസങ്ങൾക്കകം കൊളുത്തിയിട്ട ചോദ്യചിഹ്നമായി ദൈവത്തിന്റെ ശരീരവും അസ്തിത്വവും അവശേഷിച്ചു.

ഞാറവിളയിലെ ഒന്നാം പ്രതിഷ്ഠാ വാർഷികത്തിന് ആയിരത്തിയൊന്നു കലത്തിൽ പൊങ്കാലയും അന്നദാനവും രാത്രിയിൽ ഭക്തിഗാനസുധയും ഏർപ്പാടാക്കി നാട് മുഴുവൻ നോട്ടീസ് അടിച്ചു വിതരണം ചെയ്തു. രണ്ടായിരം പേർക്കുള്ള ഊണ് ഏർപ്പാടാക്കി. ഊണിനുമുന്നേ വിളംബരം ചെയ്യപ്പെട്ട ഒരു പ്രധാന അറിയിപ്പ് ഒരു വിഭാഗം ഭക്തകളെ നിരാശരാക്കി. വീടുകളിലേക്ക് പാത്രങ്ങളിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് പന്തി അവസാനിച്ചശേഷമേ നൽകുകയുള്ളൂ എന്ന അറിയിപ്പായിരുന്നു അത്. പന്തികളിൽ വിളമ്പിത്തുടങ്ങുമ്പോൾ ഇലയുടെ ഇടത് അല്ലെങ്കിൽ വലത് വശത്ത് ലജ്ജയില്ലാതെ വാതുറന്നുപിടിച്ച് ഇരിക്കാറുള്ള പാത്രങ്ങളെല്ലാം കസേരയുടെ കാലുകളുടെ പുറകിൽ ജാള്യത ഒളിപ്പിച്ചിരുപ്പായി. അഭംഗി അലങ്കരമാക്കിയ ഒരു തൂക്കുപാത്രം മാത്രം മൂന്നാംനിരയിൽ അങ്ങേയറ്റത്ത് നിന്ന്​ ആറാമത് ഇലയുടെ വലതുവശത്ത് കൂസലില്ലാതെ വാപൊളിച്ചു നിലകൊണ്ടു. ചോറും കറികളും വിളമ്പുന്നവർ അതിനുമുന്നിലെത്തി ഉടമസ്ഥയെ ഒന്നു നോക്കി ഇലയിലും പാത്രത്തിലും പകർന്ന് മുന്നോട്ടുനീങ്ങി. ഭാർഗവിയമ്മയുടെ പല്ലില്ലാ മോണച്ചിരിക്ക് അത്രത്തോളം കരുണയാർജിക്കാൻ കരുത്തുണ്ട്. അത് തിരിച്ചറിഞ്ഞ മറ്റൊരാൾ ലീലയാണ്. ഒരു കാര്യം വിട്ടുപോയി, അടപ്പ് ചേരാത്ത തിളക്കം നശിച്ച ആ പാത്രം ദൈവത്തിന്റേതാണ്.

അന്നത്തെ വീഴ്ചയോടെ ദൈവത്തിന്റെ കാലുകളിൽ അനോരോഗ്യത്തിന്റെ അദൃശ്യ ചങ്ങല ബന്ധിക്കപ്പെട്ടു. കൊച്ചുമുറിയുടെ മധ്യഭാഗത്ത് ഉറപ്പിക്കപ്പെട്ട അക്ഷത്തിൽ നിന്ന്​ ഏട്ടടിയോളം ആരമുള്ള അദൃശ്യപാശം ദൈവത്തിന്റെ കാലിലാണോ നടുവിലാണോ ബന്ധിക്കപ്പെട്ടിട്ടുള്ളത് എന്ന് തീർത്തുപറയാനാവില്ല. വീടിനുപുറത്തേക്ക് തുറക്കുന്ന വാതിലിന്റെ പടി വരെയും ഇറയത്തേക്ക് തുറക്കുന്ന വാതിലിലൂടെ ഇറയത്തിന്റെ മധ്യഭാഗം വരെയും ചലനം നിയന്ത്രിക്കപ്പെട്ട ദൈവം എന്നെന്നേക്കുമായി ദൈനദിന പൂജകൾ നിർത്തിവച്ചു.

ശവംതീനി ഉറുമ്പുകൾ ആമാശയ ഭിത്തിയിൽ കടിച്ചുതുങ്ങിയതോടെ ദൈവത്തിന്റെ അരിശം വർധിച്ചു. ഇരുപത് വാര അകലെയായി ഭാർഗ്ഗവിതള്ളയുടെ രൂപം കണ്ടതും കലി കൂടി ഉച്ചത്തിൽ പ്രാകികൊണ്ടിരുന്നു, ‘കാലത്തി തിന്ന് വീർപ്പിച്ചു ആടി ആടി വരേണു, ഒരുത്തി ഇവിടെ തീനം പിടിച്ചു കെടേക്കണ്. അവുതിക്ക് എന്ത്? എല്ലാം കെടക്കും, പുഴുത്ത് കെടക്കും'

പത്തടി കൂടി മുന്നോട്ട് നടന്ന ഭാർഗവി പിന്നെ ചലിച്ചില്ല.
വൈദ്യുതി നിലച്ച യന്ത്രത്തെപ്പോലെ നിശ്ചലമായി. അടുത്ത നിമിഷം പ്രതിരോധമൊന്നുമില്ലാതെ മുന്നോട്ടാഞ്ഞു പതിച്ചു. തറയിലേക്ക് തെറിച്ചുവീണു വേർപെട്ട പാത്രത്തിന്റെ അടപ്പ് ദൈവത്തെ ലക്ഷ്യമാക്കി ഉരുണ്ടുപോയി. ദൈവത്തിന്റെ ഉള്ളിൽനിന്ന്​ പുറപ്പെട്ട നിലവിളി തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിച്ചു. മകളുടെ കുഞ്ഞിന് ചോറുവാരി കൊടുത്തുകൊണ്ട് മുറ്റത്തുനിന്ന പൊടിച്ചിയും, ഒട്ടുപാൽ പെറുക്കികൊണ്ട് നിന്ന ശോഭനയും ഓടിയെത്തുംമുമ്പേ പുതുക്കപ്പെടാത്ത ഓർമകളായി ഭർഗവിയമ്മ ജീവിച്ചുതുടങ്ങുകയായിരുന്നു.

ഭർഗവിയമ്മയുടെ മരണം കഴിഞ്ഞ് എൺപത്തിനാലാം നാൾ ലീലയുടെ ആദ്യ വിവാഹമായിരുന്നു. വിഭാര്യനായ, റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ, പാരലൽ കോളേജ് നടത്തുന്ന, മക്കളെല്ലാം കുടുംബസമേതം വിദൂരങ്ങളായ ജോലിസ്ഥലങ്ങളിൽ ജീവിക്കുന്നതുകൊണ്ട് ഒറ്റക്കായ അമ്പത്തിയെട്ടുകാരന് ഒരിക്കലും നിരസിക്കാനാവാത്ത രണ്ടാംവിവാഹ ആലോചനയായിരുന്നു അത്. ഭാര്യയുടെ മരണശേഷം തനിക്ക് അവളുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാനാവില്ലെന്നു കരുതിയിരുന്ന അയാൾക്ക് ആദ്യ കാഴ്ചയിൽ അടിവയറ്റിൽ വേലിയേറ്റമുണ്ടാക്കാൻ ലീലയ്ക്കായി. ചുരുങ്ങിയ നേരം കൊണ്ട് അയാളുടെ മാസ പെൻഷൻ തുക, പാരലൽ കോളേജിലെ കുട്ടികളുടെ എണ്ണം, മക്കൾ അയച്ചുകൊടുക്കുന്ന തുക, വീടിരിക്കുന്ന പറമ്പിന്റെ വിസ്തീർണം എന്നിവ പതിനെഴുകാരിയുടെ ചേഷ്ടകളോടെ ചോദിച്ചുമനസ്സിലാക്കി ലീല ബ്രോക്കറെ കണ്ണടച്ചുകാട്ടി സമ്മതമറിയിച്ചു.

പിറ്റേ ആഴ്ചയിൽ, ലീലയുടെ ആഗ്രഹപ്രകാരം ഞാറവിളാകാം ക്ഷേത്രനടയിൽ വച്ചു അഞ്ചുപവൻ താലിമാല അയാൾ അണിയിച്ചു. അന്നേരം മണ്മറഞ്ഞ ഭാര്യയെ ഓർത്ത് അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു. ചടങ്ങിൽ ദൈവം ഒഴികെയുള്ള ബന്ധുക്കളെല്ലാം പങ്കെടുത്തു. ഇന്നോവയുടെ ശീതളിമയിൽ അമർന്നിരുന്ന് ലീല അയാളോടും അയാളുടെ ചെറുമക്കളോടുമൊപ്പം അടൂരിലേക്ക് തിരിച്ചു.

ദൈവത്തെ കൊണ്ടുപോയി മൂന്ന് മാസങ്ങൾക്കകം ശശിധരൻ തന്റെ ഓഹരി ദാസിന് വിറ്റു. അയൽക്കാർക്ക് കൊടുക്കില്ല എന്ന് ശപഥം ചെയ്ത അയാൾക്ക് വാങ്ങാനാരെയും കിട്ടാതായി. താത്പര്യം പ്രകടിപ്പിച്ച ചിലരാകട്ടെ ഒഴുകിപ്പോയാൽ പിടിക്കാം എന്ന മട്ടിൽ വിലപേശി. ഞാറവിള ദേവിശാപം പതിഞ്ഞ മണ്ണായി. അപഖ്യാതി പടർന്നു തുടങ്ങിയ ഭൂമി വാങ്ങാൻ തയ്യാറുള്ള ഒരാളായി ശശിധരൻ കണ്ടത് അവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയും സർവോപരി നിരീശ്വരവാദിയുമായ ദാസിനെ തന്നെയാണ്. പിന്നീട് ശശിധരൻ അവിടത്തേക്ക് വന്നിട്ടില്ല. ദൈവത്തിന്റെ കൊച്ചുമുറിയുടെ വാതിൽ പകുതിയോളം ചിതൽ ദഹിപ്പിച്ചു. അതിനുള്ളിൽ തെരുവുനായ്ക്കൾ പെറ്റുകൂട്ടി. ലീലയുടെ ഓഹരിയിൽപെട്ട വീട് നിൽക്കുന്ന പറമ്പിൽ കീരികൾ കൂടുകൂട്ടി. പാഴ്‌ച്ചെടികൾ ചെറുപ്പില്ലാതെ തഴച്ചുപൊന്തി. പതിയെ ദൈവത്തിന്റെ ഓർമകൾക്ക് മീതെ നാട്ടുകാർ വിസ്മൃതിയുടെ കരിമ്പടം മൂടിയിട്ടു.

പിന്നീട് ഒരു കുംഭമാസ വെള്ളിയാഴ്ച പകൽ ഉച്ച വെയിലേറ്റ് മയങ്ങിക്കിടന്ന നേരത്ത്, മുരളിയുടെ വീട്ടുമുറ്റത്തെ ആഞ്ഞിലി മരത്തിന്റെ മധ്യത്തെ ശാഖയിൽ കെട്ടി ഉറപ്പിച്ച അഹുജയുടെ സൗണ്ട് ബോക്‌സ് അവ്യക്തമായി ഒച്ചവച്ചു, പെട്ടെന്ന് നിശബ്ദമായി. അതിഗുരുതര വിക്ക് ബാധിച്ച ഗായകനെപ്പോലെ ഇടവിട്ട് അരോചകശബ്ദങ്ങൾ പുറപ്പെടുവിച്ചു. രാവിലെ മുതൽ ഇത് കേട്ടിരുന്ന മുരളി ആരെയൊക്കെയോ ശകാരിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി. "ഉത്സവമായിട്ട് നല്ലൊരു പാട്ട് പോലും കേൾക്കാൻ പറ്റൂല്ല. അല്ലെങ്കിൽ വേണ്ട, ഈ കോപ്പ് ചിലക്കാതിരുന്നാലും മതി, എന്തെങ്കിലും ചെയ്‌തോണ്ടിരിക്കുമ്പ ക്രോ ക്രോ എന്ന്​ മനുഷ്യന പേടിപ്പിക്കാൻ, കമ്മറ്റിക്കാര്​ ആരെങ്കിലും ഒണ്ടാന്ന് നോക്കട്ട് അവിടാ'
മൊബൈൽ ഫോൺ കൈയിലെടുത്തതും വിളി ഇങ്ങോട്ട് വന്നതും ഒന്നിച്ചായിരുന്നു.

"ശേടാ, ഞാൻ ഫോണ് എടുക്കാൻ നോക്കിയിരുന്നാ, പുതിയ നമ്പാരണല്ലോ' "അലോ' "ഹലോ ചിറ്റപ്പാ ഞാനാ സന്തോഷ്, ശശിയരന്റ മോൻ' "ങ്ഹാ എന്തടാ' "പിന്നേ അച്ഛാമ്മ മരിച്ചു, രാവിലെ പതിനൊന്ന് മണിക്ക് 5 മണിക്ക് എടുക്കും'
"ആര്'
"ദൈവം'

മുരളിയുടെ പിന്നീടുള്ള ചോദ്യങ്ങൾ അങ്ങേതലക്കൽ എത്തും മുമ്പ് അവിടത്തെ വാതിൽ അടച്ചു. പിന്നീട് വിളിച്ചപ്പോൾ എല്ലാം തിരക്കിലാണെന്ന സന്ദേശം മാത്രം ലഭിച്ചു.

മുരളിയും, ദാസും മറ്റ് ചില ബന്ധുക്കളും അവരുടെ സന്ദേഹികളായ ഭാര്യമാരും മൂന്നുമണിയോടുകൂടി ഒരു ജീപ്പിൽ കാട്ടുംപുറതേക്ക് തിരിച്ചു. പലരും ഞാറവിളയിലെ വില്ലിൻതൂക്കം കാണാൻ കുളിച്ചൊരുങ്ങിനിന്നവരായിരുന്നു.

അങ്ങിങ്ങ് നിന്ന് അടക്കം പറയുന്ന നാലോ അഞ്ചോ രണ്ടാൾ, മൂന്നാൾ കൂട്ടങ്ങളല്ലാതെ അധികം ആൾക്കാരൊന്നും അവിടെയില്ലായിരുന്നു. തിങ്ങിനിറഞ്ഞ് വീടുകളുള്ള പ്രദേശമായിരുന്നിട്ടും അയൽക്കാരെല്ലാം അവരവരുടെ വീട്ടുകാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. മരണവീട് ഉൾക്കൊള്ളുന്ന പ്രദേശത്ത് ഉണ്ടാകേണ്ട മൂകതയോ ദുഃഖാർദ്രതയോ ഒന്നും അവിടത്തെ കാറ്റിനും വെയിലിനുമുണ്ടായില്ല.

അവരെ കണ്ടയുടൻ ശശിധരൻ അടുത്തേക്ക് വന്നു, "ആ നിങ്ങൾ എത്തിയ?, ബോഡി കുളിപ്പിക്കാൻ കൊണ്ടുപോയേക്കണ്, രണ്ട് ദിവസം ആയി ആഹാരം പോലും കഴിക്കാതെ കെടപ്പാരുന്നു. ആര് പറഞ്ഞാലും കേക്കൂല. ഇന്ന് രാവിലെ പെട്ടന്ന് സൂക്കേട് കൂടി, പന്ത്രണ്ട് മണി ആയിക്കാണും...'

"എന്തര് അസുഖോരുന്നു' "വയറിനാരുന്നു കൊഴപ്പം, ഒന്നും കഴിക്കാൻ വേണ്ട'

അപ്പോഴേക്കും കൂടെ വന്ന സ്ത്രീകളിൽ ചിലർ ശവശരീരം കുളിപ്പിക്കുന്ന ഭാഗത്തേക്ക് പോയി.

സൂക്ഷ്മമായ അവരുടെ നിരീക്ഷണത്തിൽ കണ്ടെത്തിയതായി പറയുന്ന ചില കാര്യങ്ങൾ ഇവയാണ്: ദൈവത്തിന്റെ ശരീരം എന്നത് എല്ലിൽ ഒട്ടിയ തൊലി മാത്രമാണ്. താഴെ ചുണ്ടിന്റെ അരുകിൽ കറുത്ത എതോ ദ്രാവകം ഉണങ്ങി പറ്റിപ്പിടിച്ചിരുപ്പുണ്ട് അത് തേച്ചു ഇളക്കാൻ കുളിപ്പിക്കുന്നവർ ശ്രമിക്കുന്നുണ്ട്.
കഴുത്തിന് ചുറ്റും നീലിച്ച പാടുകളുണ്ട്.
​മേലേ മോണയിലെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയിട്ടുണ്ട്.

കമ്പികളാൽ ഉറപ്പിച്ച ഇരുമ്പ്പാളികൾക്കിടയിൽ ജ്വലിക്കുന്ന ചിരട്ടകളുടെ ഇടയിൽ ദൈവത്തിന്റെ അസ്ഥികൾ പൊട്ടുമ്പോൾ ഞാറവിളയിലെ തൂക്കവില്ലിൽ പണ്ടാരത്തൂക്കം തൂങ്ങുന്ന ഒതേനൻ വിഭ്രാന്തിയേറ്റപോൽ പിടഞ്ഞുതുള്ളി. "ദേവിയേ'
കഴുത്തിൽ അണിഞ്ഞിരുന്ന പൂമാല പിച്ചിച്ചീന്തി എറിയവേ ആയാൾ ഉച്ചത്തിൽ വിളിച്ചു. കരിമരുന്നും ഇഷ്ടിക പൊടിയും ഇണചേർന്നുകിടന്ന കതിനകൾ ഇടതടവില്ലാതെ പൊട്ടിയതുകേട്ട് പിള്ളത്തൂക്കതിനെത്തിയ കുഞ്ഞുങ്ങൾ വാവിട്ടുകരഞ്ഞു. തവിട്ടും കറുപ്പും വെളുപ്പുമായി നിറഭേദങ്ങൾ പ്രദർശിപ്പിച്ചു കൃഷ്ണപരുന്തുകൾ വട്ടമിട്ട് പറന്നു.

വില്ലിൻതൂക്കം അവസാനിച്ച്​ അരമണിക്കൂർ കഴിഞ്ഞുകാണും, മുരളിയും അയാളുടെ ഭാര്യയും വീട്ടിലെത്തിയപ്പോൾ.
അന്നേരം അയാളുടെ ആഞ്ഞിലിമരക്കൊമ്പിൽനിന്ന്​ മഹിഷാസുരമർദിനി സ്‌തോത്രം ഉയരുകയായിരുന്നു,
ഒട്ടും ഇടർച്ചയില്ലാതെ,
ഉച്ചത്തിൽ,
ഭീതിദമായി...

സുരവരവർഷിണി ദുർധരധർഷിണി ദുർമുഖമർഷിണി ഹർഷരതേ... ത്രിഭുവനപോഷിണി ശങ്കരതോഷിണി കിൽബിഷമോഷിണി ഘോഷരതേ ദനുജനിരോഷിണി ദിതിസുതരോഷിണി ദുർമദശോഷിണി സിന്ധുസുതേ ​​​​​​​ജയ ജയ ഹേ മഹിഷാസുരമർദിനി രമ്യകപർദിനി ശൈലസുതേ...


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സുബിൻരാജ്​

കഥാകൃത്ത്​. കെ.എസ്​.എഫ്​.ഇയിൽ അസിസ്​റ്റൻറ്​ മാനേജർ.

Comments