ചിത്രീകരണം: ദേവപ്രകാശ്‌

കതിരവൻ കെട്ട്

ന്ന് രാത്രീല് ആറ്റിന്റെ കരേൽ കിടന്ന് വഞ്ചി ഒരു സ്വപ്നം കണ്ടു.

അയാൾടെ ഓരോ സ്വപ്നവും ഓരോ നിറമായിരുന്നു.

അന്ന് സ്വപ്നം നിറയെ നീല നിറഞ്ഞു. ഓരോ സ്വപ്നങ്ങൾക്കും ഓരോ മണമാണെന്ന് അയാൾക്ക് തോന്നിയിട്ടുണ്ട്.

എന്നാലന്ന് സ്വപ്നത്തിന് ആറിന്റെ മണമായിരുന്നു.

തന്റെ ശരീരം ഉയർന്നുപൊങ്ങുന്നതായി വഞ്ചിക്ക് തോന്നി. ആ മണത്തിൽ ഒഴുകി നടക്കാൻ ഹൃദയം തുടിച്ചു. നീലവെളിച്ചത്തിൽ ഒരു രൂപം അവ്യക്തമായി തെളിഞ്ഞു വന്നു. പാതിയടഞ്ഞ മിഴികൾ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. പക്ഷെ അതൊരു പെണ്ണിന്റെ മുഖമാണ് എന്ന് വഞ്ചിക്ക് തോന്നി.

അയാളുടെ ശരീരം വിയർത്തുതുടങ്ങിയിരുന്നു. കാൽവിരലുകളിൽ നനവ് അനുഭവപ്പെട്ടു. പൊടുന്നനെ അയാൾ കാല് പിൻവലിച്ചു. ആറ്റിലെ ഓളങ്ങൾ ചിതറി മാറി.

വഞ്ചി വെപ്രാളപ്പെട്ട് എണിറ്റു.
എന്തോ ഓർത്തിട്ടെന്ന പോലെ കിടന്നിടത്തൂന്നു പത്തടി മാറി മണ്ണ് മാന്താൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് അയാൾ കുഴിയിലേക്കുതന്നെ നോക്കിയിരുന്നു. പിന്നെ അതിൽ നിന്ന്​ തടിയിൽ കൊത്തിയ ഒരു രൂപമെടുത്ത് ആറ്റിന്റെ വക്കത്തോട്ട് നടന്നു. വെള്ളത്തിൽ മുക്കി മണ്ണ് കഴുകി കളഞ്ഞു. പിന്നെ ഒരു കൈ കുഞ്ഞിനെ എന്നപോലെ ആകാശത്തേക്ക് ഉയർത്തി.

‘ചാരായം അടിച്ചു നടക്കുന്നവനൊക്കെ കാളേ ഒണ്ടാക്കാനും തൊടങ്ങിയോ', എല്ലാം കേട്ട് പ്ലാവി പറഞ്ഞു.
‘ഞാൻ കണ്ടതാണന്നേ. വെള്ളേം ചൊമപ്പും പൊതിഞ്ഞ രണ്ടു രൂപം, ആറ്റിന്റെ കരേല് അതും പിടിച്ചോണ്ട് നിക്കുവാരുന്നു’, തുച്ഛനൻ ബീഡിക്ക് തീ കൊളുത്തി പറഞ്ഞു.
‘എന്റെ സംശയം അതൊന്നുവല്ല. ഇനി ഇത് പ്ലാവീടവിടുന്നു കാണാതെ പോയ കാള ആണോന്നാ.’
‘ഓ അതിപ്പോ ഒത്തിരി കാലവായില്ലിയോ’, ഉപദ്രവ കുറുപ്പ് ഇടക്ക് കേറി.
ഇതുകേട്ട പ്ലാവി തുച്ഛനന്റെ ചെവിയോട് അടുത്തു ചോദിച്ചു, ‘തല ഒണ്ടാരുന്നോ'
തുച്ഛനൻ ഒന്നുകൂടി ആലോചിച്ചു, എന്നിട്ട് ഇല്ല എന്ന് പറഞ്ഞു.
പ്ലാവി എന്തോ ആലോചിച്ചു നിന്നു.
‘എന്നാ അതിങ്ങ് മേടിച്ചു വെക്കണം. അങ്ങനെ കണ്ണീക്കണ്ടവനൊന്നും കാളെ മോട്ടിച്ച് കയ്യിൽ വെക്കണ്ട’, പ്ലാവി ചായ മോന്തി തീർപ്പ് പറഞ്ഞു.

കൊടിയേറുന്നേന്റെ ബഹളത്തിനിടയിലാണ് വഞ്ചീടെ കയ്യിലൊരു കൊച്ചു കാളെ കണ്ടെന്ന് തുച്ഛനൻ ചായക്കടേലിരുന്നു പറഞ്ഞത്. അതുവരെയും തൻകരയുടെ കാള ആണോ തെക്കുംകരയുടെ കാളയാണോ വലുത് എന്ന് തർക്കിച്ചോണ്ടിരിക്കുവാരുന്നു ഓടനാട്ടുകാരെല്ലാം.

വഞ്ചി എവിടുന്നുവന്നതാന്ന് ആർക്കും വലിയ പിടിയില്ല.
എല്ലാവരും അയാളെ കാണുന്നുണ്ട്. ചിലപ്പോഴൊക്കെ അയാളെ കാണാതാവുന്നുമുണ്ട്. വഞ്ചീടെ തന്തേം തള്ളേം ഒന്നും അവിടുത്തുകാരല്ലായെങ്കിലും കെട്ടിലും മട്ടിലും അയാളൊരു ഓടനാട്ടുകാരൻ തന്നെയാരുന്നു. ചിലപ്പോ തോന്നും, ഭുമി ഉണ്ടായപ്പോ തൊട്ടേ അയാളവിടൊണ്ടാരുന്നെന്ന്!

തുച്ഛനനും വഞ്ചിയും ഒരു ചട്ടത്തേൽ കെട്ടിയ രണ്ട് കാളകളെ പോലാരുന്നു. ഒരുത്തനില്ലേൽ മറ്റേവന് ഒരു പാങ്ങും ഒണ്ടാവില്ല. തുച്ഛനനേം കൂട്ടി മൊത്തം ആറു മക്കളാരുന്നു ഭാർഗ്ഗവി തള്ളക്ക്. ആറു പിള്ളേരും ആർടെ ഒക്കെയാന്ന് അവർക്ക് തന്നെ തിരിയത്തില്ലാരുന്നു. വഞ്ചീടെ തന്തേം തുച്ഛനന്റെ തന്തേം ഒന്നാന്ന് പണ്ട് എങ്ങാണ്ട് ആരോ ഷാപ്പിലിരുന്നു പുലമ്പിയേന് തുച്ഛനൻ തല തല്ലി പൊളിച്ചെങ്കിലും അതിൽ പിന്നെയാ രണ്ടുപേരും ഇത്രക്കങ്ങോട്ട് ഒട്ടിയത്. ഇതിപ്പോ ആഴ്ച രണ്ട് കഴിഞ്ഞു, വഞ്ചിയെ ചായക്കടേൽ കണ്ടിട്ട്. എവിടെ കിടന്നൊറങ്ങിയാലും വെളുക്കുമ്പോ അയാളെ അവിടെ കാണുന്നതാരുന്നു. വഞ്ചിയെ തിരക്കി തെങ്ങിൻ തോപ്പിൽ ചെന്ന തുച്ഛനൻ കണ്ടത് വഞ്ചിടെ കയ്യിലെ കൊച്ചു കാളയേം.

അന്നേരം കടയിലോട്ട് കുറുപ്പിന്റെ ഒരേയൊരു സന്തതി വന്നു കേറി.
അവനെ കണ്ട പാട് ചായ അടിച്ചോണ്ടുനിന്ന് കുറുപ്പ് ഗ്ലാസ് കഴുകിയ വെള്ളം എടുത്ത് വഴിയിലോട്ടു നീട്ടി ഒഴിച്ചു. കൃത്യം അവന്റെ മുന്നിൽ തന്നെ അത് വീണു. അതിന്റെ ചൊരുക്കിൽ അവൻ ഇറങ്ങിപ്പോവേം ചെയ്തു.

‘ആ എരുമേടെ തലേൽ കേറണ്ട വല്ല കാര്യമൊണ്ടോ തന്തപ്പടിക്ക്', ഒറ്റപ്ലാവിലെ കാശുകാരൻ പ്ലാവി ചൂട് ചായകുടിച്ച് അണ്ണാക്ക് പൊള്ളി ചോദിച്ചു.

‘പിന്നേ എന്റെ തന്ത പണ്ടെങ്ങാണ്ട് ഒരു എരുമേ കട്ടേന് നിനക്കൊക്കെ അവനെ എരുമേന്ന് വിളിക്കാം, അവൻ വല്ലോടത്തും കറങ്ങി നടക്കുന്നേന് ഞാൻ തലേ കയറിയ കുറ്റം. പിന്നെ, അവന് ഞാൻ നല്ലോരു പേര് ഇട്ടിട്ടൊണ്ട്... ഗൗതമൻ.’

‘പിന്നെ താൻ ഒരു നല്ല പിള്ളയായിട്ടാണോ തന്നെ എല്ലാരും ഉപദ്രവ കുറിപ്പേന്ന് വിളിക്കുന്നെ’, പകുതി ചായ നിലത്തൊഴിച്ച്​ ഒടക്ക് അഭിപ്രായപ്പെട്ടു.

കുറുപ്പിന് ചൊറിഞ്ഞുവന്നെങ്കിലും സ്വന്തം തല ചൊറിഞ്ഞ് അയാൾ ആശ്വസിച്ചു.

ഒടക്കിന്റെ ശരിക്കുമുള്ള പേരെന്തുവാന്ന് തല പുകക്കെണ്ടാത്ത വിധം അയാളാ പേരിനോട് നൂറു ശതമാനം നീതിപുലർത്തിയിരുന്നു. നാട്ടിൽ എവിടെ അടി ഉണ്ടായാലും അതിൽ ഒടക്കിന്റെ ഒരു കൈ കാണുമെന്നൊറപ്പ്.

കാളയെ കെട്ടാനുള്ള കാശ് വീട്ടിൽ വന്ന്​ മെടിച്ചോളാൻ തുച്ഛനനോട് പറഞ്ഞ് പ്ലാവി പോയി.

ഗൗതമൻ കാള മൂട്ടിലോട്ട് പോയി. തുച്ഛനൻ അവന്റെ ഒപ്പം കൂടി.

കാളമൂട്ടിൽ ചെന്നപ്പോഴാണ് അവിടെ ഒരു ആൾക്കൂട്ടം. ആളെ മാറ്റി ചെന്ന് നോക്കിയപ്പോൾ ചട്ടം കെട്ടാൻ സ്ഥലം ഒഴിച്ചിട്ടടത്ത് ഒടക്ക് കേറി കിടക്കുന്നു. കാളകെട്ടുന്ന പത്ത് ദിവസം കുടിക്കില്ലെന്നും മറ്റ് അലമ്പിനൊന്നും പോവില്ലെന്നും പറഞ്ഞുവെച്ചിട്ടുണ്ടെലും തുച്ഛനന്റെ വായീന്ന് നല്ലൊരു തെറി ചാടി വീണു. കൂടെ നിന്നവരെല്ലാം ചെവി പൊത്തിയെങ്കിലും ഒടക്ക് കിടന്നിടത്തൂന്ന് അനങ്ങിയില്ല.

അന്നേരം നേരം തെറ്റി അതുവഴി വന്ന ഒരു അട്ട ആണ് എല്ലാത്തിനും കാരണം. ഉരുണ്ടുരുണ്ടുപോയ ആ അട്ടയെ തുച്ഛനൻ കാലുകൊണ്ട് തട്ടി കൃത്യം ഒടക്കിന്റെ മോന്തേലോട്ട് തെറിപ്പിച്ചു. ഇച്ചിരി മണ്ണും ചേർത്ത് അത് കൃത്യസമയത്ത് വീഴുകയും ചെയ്തു. ഒടക്ക് കൈ കുത്തി എണീറ്റതും തുച്ഛനൻ മുന്നോട്ടാഞ്ഞ് ഒരു ചവിട്ടു കൊടുത്തു. ഒടക്ക് പിന്നെയും വീണു. വീണിടത്ത് കിടന്ന്​ തെറിപ്പാട്ട് പാടി അയാൾ എണീക്കാൻ ശ്രമിച്ചു.

തുച്ഛനൻ ഒടക്കിന്റെ തലയ്ക്കു പിടിച്ചു. ഒടക്ക് തിരിച്ചു തള്ളാൻ നോക്കി. ഉത്സവത്തിന് നടക്കണ്ട തല്ല്​ ഇച്ചിരി നേരത്തെ കണ്ട സന്തോഷമാരുന്നു ചുറ്റും നിന്നവർക്ക്. എന്നാലന്നേരം കാളമൂട്ടിൽ അസ്ത്രം വെക്കാൻ ചേമ്പും കൊണ്ടുവന്ന കുറുക്കി ഒരു വെറകെടുത്ത് തുച്ഛനന്റെ പൊറത്ത് ഒരു വീക്ക് കൊടുത്തു. പിന്നെ ഒരു തെറീം വിളിച്ചു. അത് കേട്ടവരാരും പിന്നെ അവിടെ നിന്നില്ല. അയാൾക്ക് ആരെയെങ്കിലും പേടിയുണ്ടെൽ അത് കുറുക്കിയെ ആണെന്ന് എല്ലാർക്കും അറിയാം.

ഒന്നും മിണ്ടാതെ അയാൾ അവിടുന്ന് പോയി. കുറുക്കി തന്റെ ഒരേയൊരു ആങ്ങളയെ പിടിച്ച് എണീപ്പിച്ചു. അയാൾ അവരെയും ചീത്ത വിളിച്ച്​ ഷാപ്പിലോട്ട് പോയി. ചുരുണ്ടുമടുത്ത അട്ട ആവട്ടെ അതിന്റെ പാട്ടിനും പോയി. അന്ന് രാത്രിയിൽ വഞ്ചി വീണ്ടും ഒരു സ്വപ്നം കണ്ടു.

അന്നയാൾ ചുവന്ന കരകളുള്ള പുടവയുടെ ഞൊറികൾ കണ്ടു. ചുവപ്പിലേക്ക് പതിയെ വെള്ള നിറഞ്ഞു, തമ്മിൽ കലർന്നു, പിന്നെ രണ്ടായി മാറി. രണ്ടു രൂപങ്ങൾ അയാൾക്ക് മുന്നിൽ തെളിഞ്ഞു. തല ഭാഗത്ത് അയാൾ രണ്ടു കുഞ്ഞി കാള തലകളെ സ്വപ്നം കണ്ടു.

പിറ്റേന്ന് കാളമൂട്ടില് കഞ്ഞിവെക്കാൻ നേരം കുറുക്കി പ്ലാവീടെ അവിടുന്ന് കൊണ്ടുവന്ന ആഞ്ഞിലിയെ നോക്കി താടിക്ക് കൈ വെച്ചു.

അത് കണ്ട പാറുവമ്മ കുറുക്കിയുടെ ചെവിയിൽ വലിയ രഹസ്യം പോലെ പറഞ്ഞു:
‘അൻപൊലീടന്ന് പ്ലാവിടെ അവിടെ എരുമയും പെണ്ണും വല്യ കിന്നാരവാരുന്ന്, തന്ത ഇതൊക്കെ ഒണ്ടാക്കിയിട്ട് എന്താ...ആർക്കേലും അവടെ വായീ കേറി എറങ്ങാൻ പറ്റുവോ!'

‘കുറുപ്പ് പെരേൽ കേറാത്തോണ്ട് അവറ്റകൾക്ക് നല്ല സൗകര്യം അല്ലിയോ, രാത്രീല്​അവളവിടുന്നു പോന്നത് കണ്ടവരോണ്ട്!', കുറുക്കി കണ്ണടച്ച് ചിരിച്ചു.

ചുറ്റും നോക്കി കുറുക്കി തുടർന്നു, ‘പിന്നെ, ഇന്നലെ ഒടക്ക് പറഞ്ഞത് വഞ്ചീടെ കൈയിൽ എന്തോ സാധനം ഒണ്ടെന്നാ, അവനെ കണ്ടപ്പോൾ ഒളിപ്പിച്ചുവെച്ചെന്ന്, ചട്ടത്തേൽ കച്ചി കേറ്റാറായിട്ടും വഞ്ചിയെ ഇങ്ങോട്ടൊന്നും കണ്ടതുവില്ലല്ലോ!'

‘വല്ല നിധിയുമായിരിക്കും', പാറുവമ്മ മുന്നോട്ടാഞ്ഞിരുന്ന് ചേമ്പ് ചൊരണ്ടി, ‘ആ എന്തുവായാലും അവൻ കൊണ്ട് വെച്ച് തിന്നട്ടെ.'
‘പിന്നെ, പ്ലാവീടവിടെ ഇരുന്ന കൊച്ചു കാളെ നീ കണ്ടില്ലാരുന്നോ, കഴിഞ്ഞ കൊല്ലം അൻപൊലിക്ക്.’
‘ആ നേരാ, എന്തൊരു ചന്തമാരുന്നു’, പാറുവമ്മ തലക്ക് കൈ വെച്ചു.

‘ആ കൊച്ചു കാളെയാ ആ കഴുവേറി കയ്യിൽ വെച്ചോണ്ടിരിക്കുന്നെ, അത് കളവ് പോയപ്പഴേ എനിക്ക് അവനെ സംശയമൊണ്ടാരുന്നു’, അതുകേട്ട് പാറുവമ്മ ചേമ്പും താഴെയിട്ട് വായും പൊളിച്ചിരുന്നു.

അന്ന് രാത്രി കുറുപ്പിന്റെ അവിടെ ഗൗതമനും പ്ലാവിടെ മോള് ദേവകിയും പിന്നേം കണ്ടു.

അവൾ അവന്റെ കണ്ണുകൾ ചുണ്ടുകൾ കൊണ്ട് ഒഴിഞ്ഞു. അവൻ നഗ്‌നമായ അവളുടെ ദേഹത്തേക്ക് നോക്കിക്കിടന്നു. പിന്നെ പതിയെ ദേവകിയിലേക്ക് പടർന്നു. ദേവകിയിൽ അനക്കമൊന്നുമില്ല എന്നുകണ്ടപ്പോൾ അവനൊന്ന് ഇടറി. ഒടുക്കം മുലകൾക്കിടയിൽ മുഖം ചേർത്തുവെച്ച് കിടക്കുക മാത്രം ചെയ്തു. ഉള്ളറകളിൽ നിന്ന്​ ഒരു ഗന്ധമുയർന്നുവന്ന് അവനെ പൊതിഞ്ഞു.

‘ഇന്ന് എവിടുന്നാ നിനക്കൊരു തന്റേടം. ഇത്രേം ദിവസം ഞാൻ ചോദിച്ചപ്പോ എന്നെ ചീത്ത പറയുവാരുന്നല്ലോ', അവൻ മുഖമുയർത്തി ചോദിച്ചു.

അവൾ മിണ്ടാതെ കിടന്നതേയുള്ളൂ. നിലാവിന്റെ പടർച്ചയിൽ അന്നേരമവളുടെ സങ്കടം നിറഞ്ഞ കണ്ണിന് കൂടുതൽ കടുപ്പം തോന്നി. അവൻ നോട്ടം പിൻവലിച്ച് മുഖമാഴ്ത്തി കിടന്നു. കരിയില അനങ്ങുന്നതുകേട്ട് ഗൗതമൻ മുഖമുയർത്തി. അവൻ അവൾടെ തുണി വലിച്ചിട്ടു. അവൾ തിടുക്കമില്ലാതെ എഴുന്നേറ്റു. മുഖത്തെ നിലാവ് അവളുടെ മുടിയിലേക്ക് കയറി ഒളിച്ചു.

‘ആരാണ്ട് വരുന്നു', ഗൗതമൻ മെല്ലെ പറഞ്ഞു.
‘വഞ്ചിയാരിക്കും', ദേവകി അനക്കം കേട്ടിടത്തേക്ക് നോക്കാതെ പറഞ്ഞു.
‘എരുമ ഒണ്ടോടാ', വഞ്ചിയുടെ ശബ്ദം കേട്ട് അവൻ എറങ്ങിച്ചെന്നു.
‘തെങ്ങിൻതോപ്പിൽ രാത്രീലു അധികം കറങ്ങണ്ടാന്ന് അവളോട് പറഞ്ഞേര്. വെട്ടം വീഴുമ്പോ വല്ലോം കുത്തി ചത്തു കിടന്നാലും അതും നിന്റെ തല മണ്ടേലാവും’,
വഞ്ചി അവനെ തള്ളി മാറ്റി നടന്നുപോയി. വഞ്ചിക്കുപിന്നാലെ ദേവകിയും ഇറങ്ങുന്നതുനോക്കി അവൻ അനക്കമില്ലാതെ നിന്നു.

നിലാവ് അവളുടെ പിന്നാലെ നടന്നുപോയി. ഗൗതമന് ചുറ്റും ഇരുട്ട് പെയ്തു.

പിറ്റേന്ന് കാളമൂട്ടിൽ അടയാളവും നെറ്റിപ്പട്ടം വെക്കാനുള്ള ഒരുക്കങ്ങൾ നടന്നു.
പഴയ പട്ടിനുപുറത്ത് പുതിയ പട്ട് വന്നു. കുഞ്ഞൻ മണികളും അടയാളവും കാളത്തലയും നെറ്റിപ്പട്ടവും വന്നു. ഒമ്പതാം ദിവസം രാത്രി തുച്ഛനൻ വഞ്ചിയെ അന്വേഷിച്ചിറങ്ങി. ഉത്സവത്തലേന്ന് ഷാപ്പിൽ വച്ച് എല്ലാവരും വഞ്ചിയെ ചോദിക്കേം ചെയ്തു.

പത്തിന്റെ അന്ന് ഉത്സവം വന്നു. കാളകളോരോന്നും മണി കിലുക്കി, കൊമ്പ് കുലുക്കി, മാനം തൊട്ട്, മനം തൊട്ട് നാടുകാണാനിറങ്ങി.

‘ഇത്തവണ തങ്കര തന്നെ ഒന്നാമൻ', കാളെ നോക്കി തുച്ഛനൻ പറഞ്ഞു.
‘പള്ളിക്കകര ആരുന്നു പണ്ടൊക്കെ മുന്നില്, നല്ല ചന്തമായിരുന്നു കാണാൻ’, കുറുപ്പ് പറഞ്ഞു, ‘ഇത്തവണ തലേം ഒത്തില്ല ഒടലും ഒത്തില്ല.'
‘ഓ, അങ്ങനെ ഇപ്പോ ഒലത്തണ്ട. അവന്മാർക്ക് ഇച്ചിരി ചൊറി കൂടുതലാ', ഒടക്ക് ചാരായം കുടിച്ച് പാതി വെളുവിൽ കിടന്നു പുലമ്പി.

ഓരോ കാളയേം എതിരേൽക്കാൻ ജീവിത എത്തി.
പലതാളത്തിൽ നൃത്തം തുള്ളി.
കാളകളെ ആവോളം കണ്ടു മറന്നു.
കുഞ്ഞു തോളിലേറിയ നേർച്ചക്കാളകളെയും കണ്ട്​ ജീവത നൃത്തമാടി.
ഏക താളത്തിൽ തന്നെ ലാസ്യ ഭാവത്തിലാടി.
ലക്ഷ്മിതാളത്തിൽ മാത്രം മുറുകിനിന്നു.
ജീവതയിൽ ഏന്തി ദേവി നാടുകാണാനിറങ്ങി.
ആൾക്കൂട്ടം ജീവത നൃത്തം കണ്ട് ആറാടി.
താളം മുറുകെ ഞൊറിഞ്ഞ പുടവകൾ വിടർന്നു.
പൂക്കൾ പൊഴിഞ്ഞ്​ ഇരുവശങ്ങളിലേക്കുമാടി ജീവിതതുള്ളി ഉറഞ്ഞു.
ഇലത്താളം മുറുകി.
ജീവിതയുടെ ചുറ്റും ആൾക്കൂട്ടം നിറഞ്ഞു.
ആ ആൾക്കൂട്ടത്തിനു നടുവിലേക്ക് ഒറ്റക്ക് ഒരാൾ നടന്നു വന്നു.
വഞ്ചി.
തുച്ഛനൻ വിളിച്ച് കൂവി.
ആളുകൾ തിരിഞ്ഞുനോക്കി, വഞ്ചി നടന്നു വരുന്നു.
ആ കാഴ്ച കണ്ടോരെല്ലാം രണ്ട് വശത്തോട്ടും മാറിനിന്നു.

വഞ്ചിയുടെ കയ്യിലേക്ക് എല്ലാരുടെയും നോട്ടം പാഞ്ഞു. ചുവപ്പും വെള്ളയും തുണിയിൽ പൊതിഞ്ഞ്, തടിയിൽ കൊത്തിയ, കാളത്തല ഇല്ലാത്ത ഒരു കെട്ടുകാഴ്ച നെഞ്ചോടുചേർത്ത് അയാൾ നടന്നു വന്നു, പ്ലാവി നെഞ്ചത്ത് കൈ വെച്ചലറി..

തുച്ഛനനും ഒടക്കും വഞ്ചിക്ക് നേരെ ഓടി. ഗൗതമൻ ദേവകിയെ നോക്കി. അവള് വഞ്ചിയുടെ കയ്യിലേക്ക് നോക്കി അനങ്ങാതെ നിന്നു.

മേളം നിശ്ചലമായി. ജീവിത ഒരു നിമിഷത്തേക്ക് വഞ്ചിയിൽ ദൃഷ്ടി ഉറച്ചുനിന്നു. പതിയെ അത് ഉറഞ്ഞു തുള്ളി വഞ്ചിക്കുനേരെ കുതിച്ചു.

ഒടക്കും തുച്ഛനനും ഓടി വരുന്ന ജീവതയെ കണ്ട് പേടിച്ച് മാറി നിന്നു. പ്ലാവിടെ തൊണ്ടയിൽ നിന്ന് ഒച്ച പൊങ്ങിയില്ല. മേളം കനത്തു, താളം മുറുകെ ആ ചെറുകാളക്ക് മുന്നിൽ ജീവത നിറഞ്ഞ് തുള്ളി. പടനിലം മുഴുവനും അത് കണ്ടു നിന്നു.

അന്ന് രാത്രിയിൽ ഒഴിഞ്ഞ കണ്ടത്തിന്റെ കരയിൽ തുച്ഛനും ഉപദ്രവകുറിപ്പും പ്ലാവിയുമൊടക്കും ഇരുന്ന് കള്ള് കുടിച്ചു.

‘എന്നാലും നമ്മടെ വഞ്ചി...' തുച്ഛനൻ തലയിൽ കൈ വച്ചിരുന്നു.

‘ഒളിച്ചിരുന്നപ്പോൾ ഇങ്ങനെ ഏതാണ്ട് ചെയ്യുവാന് ആരാണ്ട് അറിഞ്ഞോ’, കുറുപ്പ് കൈപ്പിറക്കി പറഞ്ഞു.
‘അപ്പളേ ഞാൻ പറഞ്ഞതാ', തുച്ഛനൻ കുറുപ്പിനെ നോക്കി.
‘എന്ത് പറഞ്ഞിട്ട് എന്തുവാ, ദേവി ആടിയത് കണ്ടില്ലേ', കുറുപ്പും മുഴുപ്പിച്ചു.
‘അതുകൊണ്ട് ഞാനങ്ങ് പൊറുത്തതാ’, പ്ലാവി ചാരായമൊഴിച്ച്​ പറഞ്ഞു.
‘ഓ, ഒരു നല്ല പിള്ള വന്നേക്കുന്ന്'.
ഒടക്ക് കുപ്പി ഗ്ലാസ് വലിച്ചെറിഞ്ഞു, ‘എന്നിട്ടാ പട്ടികഴുവർഡെ മോൻ എങ്ങോട്ട് പോയി?' കുറുപ്പ് തെക്കോട്ട് കൈകാണിച്ചു നോക്കിയിരുന്നു.
തുച്ഛനനും ഗ്ലാസ് ഒഴിച്ച് മെല്ലെ എണീറ്റു.
‘ഞാൻ പോവാ, അവനെ ഒന്ന് കാണണം'
‘ഓ താൻ പോയി ഒരു പൂമാല ഇട്ടേച്ച് വാ', ഒടക്ക് തുച്ഛനനെ ഒരു തെറിയും വിളിച്ച് കണ്ടത്തിലോട്ട് മറിഞ്ഞു വീണു.

തുച്ഛനൻ നടന്ന്​ തെങ്ങിൻതോപ്പിലെത്തി.

വഞ്ചി ആറ്റിലേക്ക് നോക്കി കിടക്കുന്നുണ്ടായിരുന്നു.
പിന്നെ അയാൾ വള്ളമെടുത്ത് കുറച്ച്​ മുന്നോട്ട് പോയി. എന്നിട്ട് മാനം നോക്കി വെറുതെ കിടന്നു.

കുറച്ചപ്പുറം ഗൗതമൻ ദേവകിയും അതേ മാനം നോക്കി കിടപ്പുണ്ടായിരുന്നു.

തുച്ഛനൻ മിണ്ടാതെ ഒളിച്ച് നിന്നു.

ഇടയിൽ വഞ്ചിയുടെ കണ്ണടഞ്ഞു. അയാളെ വീണ്ടും ഒരു സ്വപ്നം വന്നു മൂടി. ഇത്തവണ മണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഒരു വെളിച്ചം മാത്രം. നീല നിറമുള്ള വെളിച്ചത്തിൽ അയാൾ ഒഴുകി നടന്നു. പാതി മിഴികൾ അടഞ്ഞ ഒരു സ്ത്രീ രൂപം അയാൾ വീണ്ടും കണ്ടു. അയാളുടെ ഉള്ളിൽ മണികൾ മുഴങ്ങി. കാള ഇല്ലാത്ത ഒരു ചട്ടം തനിക്ക് നേരെ നീങ്ങി വരുന്നതായി വഞ്ചിക്ക് തോന്നി.

ദേവകി ഗൗതമന്റെ മേലേക്ക് പടർന്നു കയറി. നിലാവ് അവളിൽ നിന്നെണീറ്റ് മാറി പോയി.
‘വീട്ടിൽ പോവാം’, ഗൗതമൻ അവളെ അടർത്തി മാറ്റാൻ നോക്കി
‘വേണ്ട', ദേവകി അവന്റെ ചെവിയോടടുത്ത് പറഞ്ഞു.
‘ഇവിടോ', അവൻ അവളെ അതിശയിച്ച് നോക്കി.
‘ആ ഇവിടെ മതി', ദേവകി അവന്റെ വാ പൊത്തിപ്പിടിച്ചു. പിന്നെ മുടി വാരിക്കെട്ടി.

വഞ്ചി കണ്ണ് തുറന്നു.

ഓളങ്ങൾ അയാളിലേക്കുവന്നെത്തിനോക്കിയിട്ടുപോയി.
അയാൾ പെട്ടെന്ന് ആറ്റിലേക്കെടുത്തുചാടി. തുച്ഛനൻ അത് കണ്ട് ഓടിച്ചെന്നു. കുറച്ചുസമയം കഴിഞ്ഞിട്ടും വഞ്ചിയെ കണ്ടില്ല. തുച്ഛനൻ ഉറക്കെ വിളിച്ചുകൂവി. അതുകേട്ട് ഗൗതമൻ എണീക്കാൻ ശ്രമിച്ചു. ദേവകി അവനിൽ നിന്നടർന്നു മാറാതെ ഉയർന്നുതാണു. അവളുടെ മിഴികൾ പാതി അടഞ്ഞിരുന്നു. അവൾ അവിടെയില്ല എന്ന് ഗൗതമനുതോന്നി. അവൾടെ മുഖത്തേക്ക് നിലാവ് പടർന്നു കയറി.

തുച്ഛനൻ വെള്ളത്തിലേക്ക് ചാടി.
അയാൾ വള്ളം ലക്ഷ്യമാക്കി നീന്തി.
വള്ളം കിടന്നിടത്ത് പൊടുന്നനെ അയാൾ ഒരു പ്രകാശം കണ്ടു.
പിന്നെ അത് മാഞ്ഞുപോയി.

ആരോ തന്നെ അവിടേക്ക് വിളിക്കുന്നതായി തുച്ഛനന് തോന്നി. അയാൾ വേഗത കൂട്ടി. വള്ളം കിടന്നിടത്ത് വഞ്ചിയെ കണ്ടില്ല. വെള്ളത്തിനടിയിൽ നിന്ന്​ ഒരു നീല വെളിച്ചം കണ്ട് അയാൾ മുങ്ങാം കുഴിയിട്ടു. വെളിച്ചത്തിലേക്കടുക്കും തോറും അയാളുടെ കാഴ്ച കുറഞ്ഞുവന്നു. അടുത്തെത്തിയപ്പോൾ അത് പഴയതിനേക്കാൾ കൂടുകയും ചെയ്തു. കയ്യിൽ തടഞ്ഞ രൂപം കണ്ട് അയാൾ ഒന്ന് പതറി. പിന്നെ അതുമായി കരയിലേക്ക് വലിച്ചടുപ്പിച്ചു. ആ രൂപം, തന്നെ ആണ് വലിച്ചോണ്ട് പോവുന്നതെന്ന് തുച്ഛനന് തോന്നി.

ദേവകിയെ ഗൗതമൻ തന്നിൽ നിന്നടർത്തി മാറ്റി. അപ്പോഴും പാതിയടഞ്ഞ മിഴികൾ തുറന്നില്ല. മുഖത്ത് ഒരു ചെറുചിരി വിടർന്നു. അവൻ ഭയത്തോടെ കരയിലേക്കോടി.

തുച്ഛനന്റെ കയ്യിലെ രൂപം ഗൗതമന് വ്യക്തമായില്ല. അവൻ വെള്ളത്തിലേക്കിറങ്ങിച്ചെന്ന്​ അതിൽ പിടിച്ചു. ഇത്ര കനമുള്ള കല്ല് തുച്ഛനൻ എങ്ങനെ അവിടെ വരെ എത്തിച്ചു എന്നവന്​ അതിശയം തോന്നി. കരിങ്കല്ലിൽ തീർത്ത എന്തോ രൂപമാകാം എന്നവൻ വിചാരിച്ചു.

നിലാവ് അവരിൽ നിന്ന്​ ദുരെ മാറി നിന്നു.

‘വഞ്ചി...', തുച്ഛനൻ മുഴുമിക്കാതെ ആറ്റിലേക്ക് നോക്കി നിന്നു.

ഗൗതമൻ ശിൽപ്പത്തിലേക്ക് തന്നെ നോക്കിനിന്നു.
മുഖം നിറയെ ഇരുട്ട് പടർന്നു നിന്നു.
‘ഒരു പെണ്ണിനെ പോലുണ്ട്', ഗൗതമൻ പറഞ്ഞു.
തുച്ഛനൻ കുനിഞ്ഞ് ഒന്നൂടെ മുഖം നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു; ‘ബുദ്ധൻ.’

ഗൗതമൻ ഒന്ന് കൂടി മുഖത്തേക്ക് നോക്കി.
നിലാവ് കല്ലിലേക്ക് പടർന്നു കയറി. പാതിയടഞ്ഞ മിഴികൾ ഒരു നിമിഷം വിടർന്നു വന്നു. ഉച്ചിയിലേക്ക് വാരിക്കെട്ടിയ മുടിയിൽ നിന്ന്​ ചുരുളുകൾ നെറ്റിയിലേക്ക് മെല്ലെ വീണു. ചുണ്ടുകളിൽ ഒരു മന്ദഹാസം രൂപപ്പെട്ടുവരുന്നത് ഗൗതമൻ കണ്ടു.

ഗൗതമൻ പൊടുന്നനെ ദേവകിയെ തിരക്കി ചുറ്റും നോക്കി.
അവർ കിടന്നിടത്ത് അവളുണ്ടായിരുന്നില്ല.
ദൂരെ ഒരു വെളിച്ചം ലക്ഷ്യമാക്കി അവൾ നടന്നുനീങ്ങുന്നത് അവൻ കണ്ടു.

അവൾക്കുപിന്നാലെ കാള തലയുള്ള കുഞ്ഞുസർപ്പങ്ങൾ ഇഴഞ്ഞുചെന്നു.
ദേവകി തിരിഞ്ഞുനോക്കിയതേയില്ല.

തുച്ഛനൻ നോക്കിനിൽക്കേ പാതിയടഞ്ഞ മിഴികൾ പൂർണമായും അടഞ്ഞു... ▮

Comments