ചിത്രീകരണം : ദേവപ്രകാശ്

കുഞ്ഞുനാളിൽ ചായത്തോട്ടങ്ങളിൽ കണ്ട ഒരേയൊരു വാഹനം ട്രാക്ടറായിരുന്നു. കൊളുന്ത് നുള്ളി നിറച്ച വലിയ വാലുള്ള ട്രാക്ടറുകൾ. വെള്ളം കൊണ്ടുപോകുന്ന, മുന്നിൽ ടാങ്കുള്ള ട്രാക്ടറുകൾ. ആശുപത്രിയിലേക്കും സ്റ്റോറിലേക്കും സാധനങ്ങൾ കൊണ്ടുവരുന്നവ. മറ്റുചിലപ്പോൾ ഒരു ഏച്ചുകെട്ടുമില്ലാത്ത അർധനഗ്‌നരായ ട്രാക്ടറുകൾ. താഴെ നിന്ന് കുലുങ്ങിക്കുലുങ്ങി മലയിടുക്കുകൾ കടന്ന് കയറിവരുന്നത് കുന്നിനുമുകളിൽ നിന്ന് അമുദ നോക്കിനിന്നിട്ടുണ്ട്. അതിലൊന്ന് കയറാൻ വല്ലാതെ മോഹിച്ചിട്ടുണ്ട്. ആ ട്രാക്ടറുകളുമായി ഇതിന് താരതമ്യമേയില്ല. പ്രതിരോധത്തിന്റെ കരുത്തുറ്റ ദേശീയചിഹ്നമാണിത്. താപനില ആറ് ഡിഗ്രിയാണെന്ന് ഫോണിലറിഞ്ഞിട്ടും തണുപ്പ് അവളെ ബാധിച്ചതേയില്ല. ഗുർമുഖ് സിങും കൂട്ടുകാരും വിജയലഹരിക്കപ്പുറം മദ്യലഹരിയിലേക്ക് കടന്നിരുന്നു. അവരറിഞ്ഞുകൊണ്ട് രണ്ട് പെഗ് വിസ്‌കി അരുണും അവരറിയാതെ മൂന്നെണ്ണം അമുദയും അകത്താക്കിയിരുന്നു.

ഈ യാത്ര ഏറെ ആഗ്രഹിച്ചതായിരുന്നു. എല്ലാം ആസൂത്രണം ചെയ്തതും ഗുർമുഖിനെക്കണ്ട് ട്രാക്ടറിൽ സീറ്റുറപ്പിച്ചതും അവൾ തന്നെ. കുൽദീപ് സിങും ഗുർവീന്ദർ സിങും കമൽജീത് സിങുമടങ്ങുന്ന സംഘത്തോടൊപ്പമുള്ള യാത്ര ഒരു ചരിത്ര സന്ദർഭമായി അമുദ മനസ്സിൽ കുറിച്ചു.

""ഈ സമരം തീരും മുമ്പ് നമുക്ക് ഇവരുടെ ഗ്രാമങ്ങളിലൊന്നു പോണം. സമരവും അതിജീവനവും അവരെ എങ്ങനെ ബാധിക്കുന്നുവെന്നറിയണം.'' സമരം വല്ലാതെ ബാധിച്ചുതുടങ്ങിയ സന്ദർഭത്തിൽ അവൾ തീരുമാനിച്ചിരുന്നു. അതിർത്തികളിലേക്ക് പ്രതിഷേധം ഒതുക്കപ്പെട്ടതോടെ അവൾ സിംഘുവിൽ തങ്ങി. ജോലിത്തിരക്കുകൊണ്ട് രണ്ടോ മൂന്നോ തവണയേ അരുണിന് അവിടെയെത്താൻ കഴിഞ്ഞിരുന്നുള്ളൂ. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് അടുത്തത് കണ്ടുപിടിക്കാനുള്ള ഇടവേളയിലാണ് അമുദ സമരക്കാരോടൊപ്പം ചേർന്നത്. ഒരു സമരം പൊട്ടിപ്പുറപ്പെടുന്നതും വ്യാപിക്കുന്നതും പിന്നീട് ദയനീയമായി പരാജയപ്പെട്ടുപോകുന്നതും കണ്ടുനിന്ന അവൾക്ക് വിജയത്തിലേക്കടുക്കുന്ന ഒരു സമരത്തിന് മുന്നിൽ മൂകസാക്ഷിയാകാൻ കഴിയുമായിരുന്നതേയില്ല.

(1) ""അസ്സീ കണ്ഡയാൻ തേ സോന്ദേ കണ്ഡാ താർ കീ കരൂ ഇഹ് നാ ചാതിയാ നൂ പാനി ദീ പൗഷാർ കീ കരൂ യോദ്ധേ മിത് കേ ആയേ നെ ജീത്‌നാ യാ മർനാ ഹൊയ് പാനി യേ ലാചാർ സർക്കാർ കീ കരൂ....''

ട്രാക്ടറിന്റെ താളത്തിനും ഗുർമുഖിന്റെ ശബ്ദത്തിനും മീതെ അമുദയുടെ മനസ്സിൽ മുദ്രാവാക്യം മുഴങ്ങി.

വെളുപ്പിനാണ് ട്രാക്ടർ ദസുവയിലെത്തിയത്. സംപ്രീത് കൗർ തൊഴുകൈയോടെ എതിരേറ്റു. ബെഡ് റൂമിൽ സ്വീകരിച്ചിരുത്തി ബ്ലാങ്കറ്റിട്ട് കാൽ മൂടി തണുപ്പകറ്റാൻ പറഞ്ഞ് സംപ്രീത് അടുക്കളയിലേക്ക് പോയി. ചൂടുവെള്ളം, ചായ, ബിസ്‌കറ്റ്... ഗുർമുഖ് നാട്ടിലെ വിശേഷങ്ങൾ ആരാഞ്ഞുകൊണ്ട് കിടപ്പറയിൽ തന്നെ കൂടി. അമുദ പതുക്കെ സംപ്രീതിനൊപ്പം അടുക്കളയിലേക്ക് നീങ്ങി. സംപ്രീതിന് വിശ്രമമേയില്ല. ഗോതമ്പ് കുഴയ്ക്കുന്നു. കടുകില അരച്ച് കറിവെയ്ക്കുന്നു. അടുക്കളയിൽ വെറുതെ നോക്കിനിൽക്കാനേ സംപ്രീത് സമ്മതിച്ചുള്ളൂ. ""കുളിക്കാനുള്ള വെള്ളം അരുണും ഞാനും ചൂടാക്കിക്കോളാം ''എന്ന് പറഞ്ഞിട്ടും സംപ്രീത് വഴങ്ങിയില്ല.

പുറത്തേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗുർമുഖ്. അയാൾ അന്നത്തെ പ്ലാൻ പറഞ്ഞു. അരുണും ഗുർമുഖും പുറത്തുപോകുന്നു. എങ്ങോട്ടാണെന്ന് അരുണിനോടുപോലും പറഞ്ഞതുമില്ല. ഒരു പകൽ ഗ്രാമങ്ങളിലൂടെ വെറുതെ നടക്കുക എന്ന അമുദയുടെ മോഹം വെറുതെയായി.

അവൾ സംപ്രീതുമായി നാട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. രാത്രി ഉറക്കമൊഴിച്ചതിന്റെ ക്ഷീണമുള്ളതുകൊണ്ട് ഇടയ്ക്കൊന്ന് മയങ്ങി. ഉച്ചയ്ക്ക് ഗുർമുഖും അരുണും തിരിച്ചെത്തി. പിന്നീടുള്ള യാത്രയിൽ സംപ്രീതും അമുദയും ക്ഷണിക്കപ്പെട്ടു. ഇത്തവണയും യാത്രയുടെ വിശദാംശങ്ങൾ ഗുർമുഖ് വെളിപ്പെടുത്തിയില്ല. വലിയൊരു അണക്കെട്ടിന് സമീപം കാർ നിർത്തിയപ്പോഴാണ് ലക്ഷ്യം പിടികിട്ടിയത്. ഡാമിനെക്കുറിച്ച് ഗുർമുഖിന് ഏറെ പറയാനുണ്ടായിരുന്നു. ഇനി പണിയാനിരിക്കുന്ന ഡാമുകൾ, കനാലുകൾ, അത് കാർഷികമേഖലയിൽ വരുത്താനിരിക്കുന്ന വലിയ മാറ്റങ്ങൾ....

""ഡാമുകളുടെ നാട്ടിൽ നിന്നുവരുന്ന എന്നോടോ ബാലാ...'' മലയാളത്തിൽ അരുണിനോട് ചോദിച്ച് അമുദ അടക്കിച്ചിരിച്ചു. ഡാമിന് മുകളിലേക്കുള്ള വഴിയരികിൽ കാർ നിർത്തി ഗുർമുഖ് സോഡയും പ്ലാസ്റ്റിക് ഗ്ലാസും വിസ്‌കിയും പുറത്തെടുത്ത് സെറ്റിട്ടു.

""നിങ്ങൾ പാർക്കിലേക്ക് നടന്നോളൂ...''

""അതെന്താ... പെണ്ണുങ്ങൾക്ക് മദ്യപിച്ചൂടെ ഗുർമുഖ് '' എന്ന് ചോദിക്കാനാഞ്ഞു. അമുദ അത് ചോദിക്കുമെന്ന് ഭയന്ന് അരുൺ അപേക്ഷാഭാവത്തിൽ അവളെ നോക്കി. ഗുർമുഖിന്റെ തീരുമാനം നടപ്പാക്കപ്പെട്ടു.

നാലഞ്ച് വർഷം മുമ്പാണ്. യൂനിവേഴ്‌സിറ്റിക്കടുത്തെ കോഫീ ഹൗസിൽ അമുദയും അരുണും കാപ്പികുടിക്കാൻ കയറി. പതിവില്ലാതെ വെയ്റ്റർ ബില്ല് കൊടുത്തത് അവളുടെ കയ്യിലാണ്. ""ഈ ബിൽ ഞാൻ തന്നെ പേ ചെയ്തോളാം. ആദ്യമായാണ് ഒരു പുരുഷന്റെ കൂടെ ഇരിക്കുമ്പോൾ എന്റെ കയ്യിൽ ബിൽ തരുന്നത്. നീ കൈ നീട്ടല്ലേ... ''

അവളുടെ പൊളിറ്റിക്കൽ സെൻസിബിലിറ്റി വെളിപ്പെട്ട നൂറായിരം സന്ദർഭങ്ങൾ അരുണിന്റെ ഓർമയിൽ മിന്നിമറഞ്ഞു. കുടി കഴിഞ്ഞ് ഗ്ലാസും കുപ്പികളും റിസർവോയറിന് സമീപത്ത് വലിച്ചെറിഞ്ഞതും അരുണിനെ അസ്വസ്ഥനാക്കി. ഭാഗ്യത്തിന് അമുദ അത് കണ്ടില്ല.

വൈകീട്ട് വീട്ടിലെത്തുമ്പോഴേക്കും അയൽവാസികൾ ഉമ്മറത്ത് ഹാജരുണ്ടായിരുന്നു. അമുദയെ കൂട്ടി സംപ്രീത് അകത്തേക്ക് കയറി. പിന്നെ അടുക്കളയിൽ പാചകത്തിൽ മുഴുകി. ടച്ചിങ്സിനുള്ള ഐറ്റംസ് തേടി അവർ സംപ്രീതിനെ ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരുന്നു. തികഞ്ഞ അനുസരണയോടെ കൗർ വിഭവങ്ങൾ തളികകളിൽ വിളമ്പി. സ്റ്റേറ്റ് ഗസ്റ്റെന്ന നിലയിൽ അരുൺ വിധിയാം വണ്ണം സത്കരിക്കപ്പെട്ടുകൊണ്ടിരുന്നു. അമുദ വീടിനുള്ളിലേക്ക് പുറത്താക്കപ്പെട്ടു.

""ഞാൻ അഞ്ചെണ്ണം അടിച്ചാണ് കഴിഞ്ഞയാഴ്ച ഡൽഹിയിൽ നിന്ന് ട്രാക്ടർ ഓടിച്ച് പോന്നത്. അംബാലയിലെത്തിയപ്പോൾ വണ്ടി നിർത്തി. വീണ്ടും അടി തുടങ്ങി.'' കുൽദീപ് സിങ് വീമ്പുപറഞ്ഞുകൊണ്ടിരുന്നു. ഗുർവീന്ദർ സിങ് ഇടയ്ക്കിടെ സമരം പ്രമേയമായ യൂട്യൂബ് വിഡിയോകൾ അരുണിന് വേണ്ടി പ്ലേ ചെയ്തു....

(2.) ""രംഗ് കേസരി സിരാ തേ നീലേ ബാനേ പെഹൻ കെ ഘരോ നിഖ് ലെ നെ ഗുർപ്രസാദ് ബോൽകെ...''

വലിയ വീടുകളുടെ അകത്തിരിക്കുന്നത് അമുദയ്ക്ക് ഇഷ്ടമേ ഉണ്ടായിരുന്നില്ല. എസ്റ്റേറ്റ് ബംഗ്ലാവിൽ പെരിയ ദുരൈയുടെ വീട്ടുജോലിക്ക് കങ്കാണിമാർ അമ്മയെ വിളിച്ചുകൊണ്ടുപോകും. ചിലപ്പോഴൊക്കെ അമ്മയ്ക്കൊപ്പം അവളും ചെല്ലും. അലങ്കാരവിളക്കുകളും ഉയർന്ന റൂഫുകളിൽ നിന്ന് നീളൻ കാലിൽ തൂങ്ങിക്കിടക്കുന്ന വലിയ ഫാനുകളും ഷോകേസ് നിറയെ കളിപ്പാട്ടങ്ങളും നിറഞ്ഞ വീട് അന്നൊക്കെ കൗതുകമായിരുന്നു. പിന്നെപ്പിന്നെ അവയോട് വല്ലാത്ത അകൽച്ചയായി....

അരുൺ മുറിയിലെത്തുമ്പോഴേക്ക് ഏറെ വൈകിയിരുന്നു. മുഴുവൻ അമർഷവും അവന് നേരെ പുറത്തെടുക്കാൻ അമുദ തയ്യാറായി നിന്നു.
""എന്താ അരുൺ... നിനക്കെന്തെങ്കിലുമൊന്നു പറഞ്ഞുകൂടേ...ഞാൻ മദ്യപിക്കുമെന്ന് പറഞ്ഞുകൂടേ... ഞാൻ നിന്റെ ഭാര്യയല്ലെന്ന് പറഞ്ഞുകൂടേ...''

""അവർക്കങ്ങനെയൊരു സംശയമേ തോന്നിയിട്ടുണ്ടാവില്ല. എന്തിനാണതൊക്കെ ഇവരോട് പറയുന്നത്. ഇനി അഥവാ പറയുകയാണെങ്കിൽ അവർ നമ്മളെ വേറെ വേറെ മുറികളിലായിരിക്കും കിടത്തുക. അതും ഈ തണുപ്പത്ത്....''

""ഓ... നിനക്ക് തണുപ്പാണ് പ്രശ്‌നം...''

""അതല്ല, അമുദാ... നമുക്ക് പരസ്പരം സംസാരിക്കാനെങ്കിലും ഇങ്ങനെ ഒരു മുറി വേണ്ടേ....''

""വേണമെന്നില്ല. ''

""അമുദാ.... നീയാണ് ഈ യാത്ര പ്ലാൻ ചെയ്തത്....''

""അതെ... എന്റെ ആഗ്രഹങ്ങൾ നടപ്പാകുന്നില്ലെന്നറിയുമ്പോൾ അത് മാറ്റിപ്പിടിക്കാൻ നീയെന്നെ സഹായിക്കണ്ടേ... ഞാനിവിടെ ഒറ്റപ്പെട്ട്...
""അമുദ ബ്ലാങ്കറ്റ് നിവർത്താതെ കട്ടിലിൽ മലർന്നുകിടന്നു.

""നീ കേട്ടോ ഗുർമുഖ് സിങ് പറഞ്ഞത്. ഇത് വിരാടന്റെ രാജ്യമാണ് പോലും.
ശരിയാണ്. ശരിക്കും അജ്ഞാതവാസം. ഇപ്പോൾ ഞാൻ സൈരന്ധ്രിയായി. നിനക്ക് ഭീമനോ അർജുനനോ എന്തുമാവാമല്ലോ...സൈരന്ധ്രി എന്നതിന്റെ അർഥമറിയുമോ നിനക്ക്.... ദാസി ! ''

ഡാം കണ്ട് മടങ്ങും വഴി ദസുവയെക്കുറിച്ചുള്ള കഥ ഗുർമുഖ് വിസ്തരിച്ച് പറഞ്ഞിരുന്നു. മഹാഭാരതത്തിലെ വിരാടരാജ്യമാണ് ദസുവ. പാണ്ഡവൻമാർ വിരാടരാജധാനിയിലാണ് അജ്ഞാതവാസം ചെയ്തത്.

""അരുൺ... ഞാനൊരു തോട്ടം തൊഴിലാളിയുടെ മകളാണ്. ജീവിതം തുടങ്ങുമ്പോഴേക്കും അമ്മയെ വിട്ട് അച്ചൻ എങ്ങോട്ടോ മലയിറങ്ങിപ്പോയി. എന്തെങ്കിലും ആവാൻ വേണ്ടിയല്ല ഞങ്ങളൊന്നും പഠിച്ചത്. പക്ഷേ, അമ്മയ്ക്കും എനിക്കും ഒരുപോലെ ബാധ്യതയായി എഡ്യുക്കേഷൻ ലോൺ പലിശവന്നു പെരുകി... ''

""നീ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത്''

""എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവില്ലെന്നറിയുന്നതുകൊണ്ട്. മനസ്സിലാക്കാൻ ശ്രമിച്ചാലും നിനക്കതിൽ പരിമിതിയുണ്ടെന്നറിയുന്നതുകൊണ്ട്..... ഞാൻ ഒരു സൈരന്ധ്രിയുടെ മകളായതുകൊണ്ട്.... തോട്ടം തൊഴിലാളിയുടെ മകൾ പഠിച്ചാലും ഉയർന്ന ജോലി കിട്ടാൻ നിന്നേക്കാൾ വലിയ സ്ട്രഗ്ഗ്ൾ വേണമെന്ന് നിനക്കിപ്പോഴും മനസ്സിലായിട്ടില്ലാത്തതുകൊണ്ട്... കിട്ടിയ ജോലി നിലനിർത്താൻ എപ്പോഴും സ്വയം പ്രൂവ് ചെയ്തുകൊണ്ടിരിക്കണമെന്ന് എനിക്ക് ബോധ്യപ്പെട്ടതുകൊണ്ട്...''
അവളെ അരുൺ നെഞ്ചിലേക്ക് കിടത്തി. ശ്വാസവും ചൂടും കൊണ്ട് തണുപ്പിച്ചു.

മുമ്പൊരിക്കൽ അമൃത്സറിലേക്ക് നടത്തിയ യാത്ര അരുൺ ഓർത്തു. അന്ന് കൂട്ടിനുണ്ടായിരുന്നത് അമ്പത് കഴിഞ്ഞ ഒരു സർദാർജിയായിരുന്നു. തല മറയ്ക്കണമെന്നല്ലാതെ ഒരിക്കൽപോലും അയാൾ മതനിഷ്ഠകൾ പറഞ്ഞില്ല. എൺപത്തിയൊന്ന് ജൂൺ ഒന്നിനും 10 നും ഇടയ്ക്കുള്ള ദിവസങ്ങൾ ഓർമിച്ചതേയില്ല. ചോദിച്ചപ്പോൾ മാത്രം പട്ടാളം നാശം വരുത്തിയ ക്ഷേത്രം പുനർനിർമിച്ച കഥ ഒറ്റ വരിയിൽ ഒതുക്കി. വിഭജനകാലം മുതലുള്ള ചോരപുരണ്ട ചിത്രങ്ങൾ അരുണിനുള്ളിൽ മിന്നിമറഞ്ഞു. ആ ചിന്ത 84 നവംബറിലെ ഡൽഹി വരെയെത്തിയതോടെ അവൻ വർത്തമാനത്തിലേക്ക് കുതറി അമുദയോട് ചേർന്നുകിടന്നു. രാഷ്ട്രീയ വേദനകളിൽ നിന്ന് പുറത്തുകടക്കാൻ ബ്ലാങ്കറ്റിനുള്ളിലെ ചൂടും ഗന്ധവും ഉപകരിക്കുമെന്ന് അരുൺ മുമ്പും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

""നാളെയെങ്കിലും എനിക്കിവരുടെ ഗോതമ്പ് പാടങ്ങൾ കാണണം. മഞ്ഞച്ച കടുകുപാടങ്ങൾക്ക് നടുവിലൂടെ ദുപ്പട്ട പാറിച്ച് ഓടി നടക്കണം. കരിമ്പും ഉരുളക്കിഴങ്ങും വിളയുന്ന തണുത്ത പാടങ്ങളുടെ മണമറിയണം. പിന്നെ.... എനിക്ക് കർഷകരെ കാണണം...''

രാവിലെ തന്നെ ഗുർമുഖ് യാത്രയ്ക്കൊരുങ്ങി. സംപ്രീതിനെയും കൂടെക്കൂട്ടി.

""സമരത്തിന് ഡൽഹിയിൽ പോയിരുന്നോ സംപ്രീത്...''

""ഇല്ല... ഞാനിവിടെ വിട്ട് എങ്ങും പോകാറില്ല. അച്ഛനും അമ്മാവനുമൊക്കെ പോയിരുന്നു''

സംപ്രീത് മൊബൈലെടുത്ത് അവരുടെ പടം കാണിച്ചു. ഇതുപോലെ തലപ്പാവ് കെട്ടിയ പ്രായാധിക്യമുള്ള നിരവധി കർഷകരെ അമുദ ഡൽഹിയിൽ കണ്ടിരുന്നു.

""ഇവിടെക്കിടന്ന് മരിക്കാനാണ് ഞങ്ങൾ വന്നത്. ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഇനി എത്ര ആയുസ്സാണ് അവശേഷിക്കുന്നത് !''

ട്രാക്ടറിന്റെ ട്രെയിലർ തുറന്നുകാട്ടിയതോടെയാണ് അവരുടെ നിശ്ചയദാർഢ്യത്തിൽ അവൾക്ക് വിശ്വാസം വന്നത്. മൂന്ന് മാസത്തേക്കെങ്കിലുമുള്ള കരുതൽ ധാന്യശേഖരം അതിനകത്തുണ്ടായിരുന്നു. പച്ചക്കറികളും ഇലകളും വേറെ. എന്തൊരു ഉൾക്കരുത്താണിവർക്ക് ! അവൾ ചരിത്രപുസ്തകത്തിൽ നിന്ന് ഭഗത് സിങിനെയും ഉദ്ധംസിങിനെയും തെരഞ്ഞെടുത്തു. ആ കരുത്തിന്റെ പാരമ്പര്യം കണ്ടെടുത്തു.

""എന്നാലും ഡൽഹിയിൽ ഒന്ന് പോകാമായിരുന്നു...''

സംപ്രീത് വെറുതെ ചിരിച്ചു. നിസ്സഹായമായ ചിരിയെയാകുമോ നിഷ്‌കളങ്കമായ ചിരി എന്ന് വിളിക്കുന്നത്. അമുദയും ചിരിക്കാൻ ശ്രമിച്ചു.

വഴിയിൽ കൊയ്ത്തുകഴിഞ്ഞ കരിമ്പ് പാടങ്ങൾക്കരികിൽ കരിമ്പുനീർ പിഴിയുന്നവരുണ്ട്. വഴിയാത്രക്കാർക്ക് കരിമ്പുനീർ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ജ്യൂസ് കുടിച്ച പ്ലാസ്റ്റിക് ഗ്ലാസുകൾ യാത്രക്കാർ വയലുകളിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടിരുന്നു.

""ഭീമൻ അജ്ഞാതവാസകാലത്ത് ഒരുപിടി മണ്ണ് മാന്തിയെടുത്തതാണ് ഈ സ്ഥലം. അങ്ങനെ ഉണ്ടായതാണ് ഈ തടാകം.'' തടാകവും അതിന് നടുവിലെ ക്ഷേത്രവും കാണിച്ച് ഗുർമുഖ് പറഞ്ഞു. ഗോതമ്പുപാടങ്ങൾ ഇഷ്ടികകക്കളങ്ങളായിത്തീരുന്ന കാഴ്ചയിലേക്ക് നോക്കിയിരിക്കുകയായിരുന്നു അമുദ.

""നിങ്ങൾക്ക് ഇവിടെ ഭൂവിനിയോഗത്തിന് നിയമങ്ങളൊന്നുമില്ലേ ഗുർമുഖ്''

ചോദ്യം ഗുർമുഖിന് മനസ്സിലായില്ല. അവൾ കേരളത്തിന്റെ സാഹചര്യം വിവരിച്ചു.

""ഞങ്ങൾക്കിവിടെ ആവശ്യത്തിന് ലാൻഡുണ്ടല്ലോ... മൈനിങിനും മണലെടുപ്പിനുമൊക്കെ നിയമങ്ങളുണ്ട്. എനിക്ക് നാലഞ്ച് ജെസിബികളും ടിപ്പറുകളുമൊക്കെയുണ്ട്. ഉദ്യോഗസ്ഥരൊക്കെ ഒരുവിധം സഹായിക്കും. അവർക്ക് കൃത്യമായി പൈസയൊക്കെ കൊടുക്കാറുണ്ട്...''

അവൾ പഠിച്ച സ്‌കൂൾ ഇന്ന് എസ്റ്റേറ്റിലില്ല. അത് അടച്ചുപൂട്ടിയിരിക്കുന്നു. ആനയിറങ്ങുന്നു, കുട്ടികൾ സുരക്ഷിതരല്ല എന്നാണ് കാരണം പറഞ്ഞത്. അതിൽ കുറച്ചൊക്കെ വാസ്തവവും ഉണ്ടായിരുന്നു. അങ്ങനെ എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾക്ക് സ്‌കൂളില്ലാതായി. അവർ പൊതു സ്‌കൂളുകളിലേക്ക് കുന്നിറങ്ങി. അതിനേക്കാൾ അവളെ വിഷമിപ്പിച്ചത് ആ ആശുപത്രി ഇല്ലാതായതാണ്. ഒരു ദിവസമെങ്കിലും അവിടെയൊന്ന് കിടക്കാൻ കഴിയണേ... ഒരു പനിയെങ്കിലും വരണേ എന്ന് കുട്ടിക്കാലത്ത് പലവട്ടം പ്രാർഥിച്ചിട്ടുണ്ട്. അത്ര മനോഹരമായിരുന്നു ആശുപത്രിയും പരിസരവും. അതിന്ന് പുത്തൻ റിസോർട്ടായിക്കഴിഞ്ഞു. ഭൂമി തരം മാറ്റാൻ ഉടമകൾ മത്സരിക്കുന്നു. ലയങ്ങളിൽ നിന്ന് തൊഴിലാളികളെ പുറത്താക്കാൻ മണ്ണുമാന്തികൾ തുമ്പിക്കൈകോർക്കുന്നു.

""ഗുർമുഖ് എനിക്ക് കർഷകത്തൊഴിലാളികളെ കാണണം....''

""നാളെയാവട്ടെ...''

""ഇന്ന് പറ്റില്ലേ...''

""അവരൊക്കെ ഇവിടെ നിന്ന് വളരെ ദൂരെയാണ്...''

""അരുൺ.... നിനക്കറിയുമോ... റിപ്പോർട്ടിങിന് വേണ്ട അടിസ്ഥാന ശേഷി നിരീക്ഷണമാണ്. ആഴത്തിൽ നിരീക്ഷിക്കാൻ തുടങ്ങിയാൽ എല്ലാത്തിന്റേയും അസംബന്ധം വേഗത്തിൽ വെളിപ്പെട്ടുതുടങ്ങും... ഐതിഹാസിക സമരങ്ങളുടേതുപോലും.... പിന്നെ അവനവനെത്തന്നെ നിരീക്ഷിക്കാൻ തുടങ്ങും. അതോടെ ജീവിതം ദുസ്സഹമാകും. നർമങ്ങളിലേക്ക് ഓടിയൊളിക്കാൻ ശ്രമിച്ചാൽ മാത്രം ആത്മഹത്യ ഒഴിവാക്കാം...''

അവൾ ചിരിച്ചു. മറ്റൊരു ചോദ്യവുമായി ഗുർമുഖിനെ നേരിട്ടു.

""എന്തായിരുന്നു ഗുർമുഖ് നിങ്ങളുടെ ആവശ്യങ്ങൾ''

""ഏറ്റവും പ്രധാനം മിനിമം സപ്പോർട്ട് പ്രൈസ്... ഇപ്പോഴെന്താ താങ്കൾക്ക് ഒരു സംശയം വന്നത്... കർഷകർക്ക് എന്തെല്ലാം പ്രയാസങ്ങളുണ്ട്.
ഒരു പെട്ടിക്കടക്കാരനെ എടുക്കുക. 50,000 രൂപയായിരിക്കും അയാളുടെ മുടക്കുമുതൽ. വൈകുന്നേരം അയാൾ നല്ലൊരു താഴിട്ട് പൂട്ടിയാണ് പോകുക. ഈ വയലുകൾ നോക്കൂ... ഈ മണ്ണും അതിലെ വിളകളത്രയും രാവും പകലും തുറന്നുകിടക്കുന്നു. ഞങ്ങളല്ലേ ഈ ലോകത്തിന് മുഴുവൻ ഭക്ഷണം നൽകുന്നത്... തിരിച്ച് സർക്കാർ എന്താണ് ചെയ്യുന്നത്...''

""ഗുർമുഖ്.... ഇവിടുത്തെ തൊഴിലാളികളെക്കുറിച്ച് പറയൂ.... സ്ത്രീകളെക്കുറിച്ച് പറയൂ...''

""ഇവിടെ പണികൾ മിക്കതും മെക്കനൈസ്ഡ് ആണ്. തൊഴിലാളികൾ മിക്കവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഞങ്ങൾ കർഷകരാണ്....''

ഗുർമുഖിനോട് കൂടുതൽ ചോദിച്ചിട്ട് കാര്യമില്ലെന്ന് അമുദയ്ക്ക് വ്യക്തമായി.

""എത്ര ട്രാക്ടറുകളാണ് ഞങ്ങൾ അവിടെയെത്തിച്ചത്. എത്ര ആളുകളാണ് അവിടെയെത്തിയത്. എന്തൊരു സമരമായിരുന്നു ഞങ്ങളുടേത്...'' ഗുർമുഖ് വീണ്ടും അഭിമാനം ചൊരിഞ്ഞുകൊണ്ടിരുന്നു.

""എടോ...'' അമുദ മലയാളത്തിൽ അരുണിനോട് പറഞ്ഞു.
""നമുക്ക് പോകാം... ''

ദേഷ്യത്തിൽ പറഞ്ഞതിന്റെ ടോൺ ഗുർമുഖിന് മനസ്സിലായോ എന്ന് അരുൺ ആശങ്കപ്പെട്ടു.

""അരുൺ... ദസുവ വിരാടമാണ്. അതുകൊണ്ട് എന്റെ അസ്തിത്വം ഞാൻ മറച്ചുവെക്കേണ്ടതുണ്ടോ....
നമ്മൾ ഭാര്യാഭർത്താക്കൻമാരല്ലെന്ന് ഇയാളോട് പറയൂ...
ഞാനൊരു തോട്ടം തൊഴിലാളിയുടെ മകളാണെന്ന് പറയൂ...
ഞങ്ങൾ നടത്തിയ ഐതിഹാസിക സമരത്തെക്കുറിച്ച് പറയൂ....
ഒറ്റ വാക്കിൽ വിജയമെന്നോ പരാജയമെന്നോ വിശേഷിപ്പിക്കാനാവാത്ത സമരങ്ങളുണ്ടെന്നുകൂടി ഇവരറിയട്ടെ...''

""നിനക്ക് പറഞ്ഞുകൂടേ...''

""എനിക്ക് പറയാനറിയാഞ്ഞിട്ടല്ല.
അയാൾ നിന്നെ മാത്രമേ ശ്രദ്ധയോടെ കേൾക്കൂ...''

""ഗുർമുഖ്.. വണ്ടി തിരിക്കാം...'' അമുദ ആക്രോശിക്കുമെന്നാണ് അരുൺ കരുതിയതെങ്കിലും അവൾ സൗമ്യത തിരിച്ചുപിടിച്ചിരുന്നു.

""ഗുർമുഖ്... നിങ്ങൾ കേൾക്കണം. സംപ്രീതും കേൾക്കണം.... ഞങ്ങൾ ഒരു സമരം നയിച്ചു. തൊഴിലാളികളുടെ സമരം. സ്ത്രീകളുടെ സമരം. മാസങ്ങൾ കൊണ്ട് അത് തോറ്റടങ്ങി. സമരക്കാർ പലവഴിക്കായതും ഒന്നിച്ചുനിന്നവർ ശത്രുക്കളായതും മാധ്യമങ്ങൾക്ക് വാർത്തയായി. ജയിച്ചോ തോറ്റോ എന്ന് ഞങ്ങൾക്ക് പോലും അറിയാതായി.... ''

""ഞങ്ങളെ നോക്കൂ... ഞങ്ങൾ ശക്തമായി മുന്നോട്ടുനീങ്ങി. ലോകത്തെമ്പാടുമുള്ള ഞങ്ങളുടെ നാട്ടുകാർ സമരത്തോടൊപ്പം നിന്നു. വിദേശത്തുള്ളവർ അവധിയെടുത്ത് നാട്ടിലെത്തി. തളരാതെ പൊരുതി. ഞങ്ങൾ ജയിച്ചു. സമരത്തിൽ നിശ്ചയദാർഢ്യം വേണം. ഐക്യം വേണം...''

""ഞങ്ങൾക്ക് പണമുണ്ടായിരുന്നില്ല. ആണത്തമുണ്ടായിരുന്നില്ല. ഗുരുപ്രസാദം പറഞ്ഞിറങ്ങാൻ തറവാടുകളുണ്ടായിരുന്നില്ല. ഞങ്ങൾക്ക് മൂലധനമോ ഭൂമിയോ ഇല്ല. ഇനി ഉണ്ടാവുകയുമില്ല... അരുൺ... അതിന്റെ രാഷ്ട്രീയം ലളിതമായി പറഞ്ഞുകൊടുക്കാൻ നിനക്കറിയുമോ... ''

""നമുക്ക് തെറ്റ് പറ്റുന്നതാവും അമുദാ... എല്ലാ സമരങ്ങളെക്കുറിച്ചും അണികൾക്ക് രാഷ്ട്രീയമായി വിശദീകരിക്കാനാവില്ല. ഒരു സമരത്തിന് പല അടരുകളുണ്ടാകും. വിതാനങ്ങളുണ്ടാകും. നമുക്ക് ആളു തെറ്റിയതാവും. ഒരു യാത്ര കൂടി നടത്താതെ വിധി കല്പിക്കാനാവില്ല.''

""പക്ഷേ... ഈ യാത്ര തുടർന്നാൽ ഇവർ കഴിച്ച വിസ്‌കിയുടെ അളവും ഇതിഹാസപാത്രങ്ങളുടെ സാഹസിക സഞ്ചാരങ്ങളും ഇനിയും നമ്മൾ കേൾക്കേണ്ടിവരും...''

വീട്ടിലേക്ക് തിരിക്കാനുള്ള തീരുമാനം ഗുർമുഖിനും സ്വീകാര്യമായിരുന്നു. കാരണം അയാൾക്ക് കുറേ തിരക്കുകളുണ്ടായിരുന്നു. സമരനായകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ചുമതലകളുണ്ടായിരുന്നു. വീട്ടിലെത്തിയതും അയാൾ ഒരു ബുള്ളറ്റെടുത്ത് (3.) ഊൻചിബസിയിലേക്ക് തിരിച്ചു.
ബാഗ് പാക്ക് ചെയ്ത് അമുദ, സംപ്രീതിനോട് യാത്ര ചോദിച്ചു. സംപ്രീതിന്റെ മുഖം വാടി...

""ഇത്ര പെട്ടെന്ന്... രണ്ടുദിവസം കൂടി നിൽക്കുമെന്നല്ലേ പറഞ്ഞത്.''

""പിന്നീട് വരാം സംപ്രീത്... നമുക്കിനിയും കാണാമല്ലോ... ''

വണ്ടിക്ക് കാത്തിരിക്കുമ്പോൾ റിസർവേഷനില്ലെന്ന ആശങ്ക പോലും അവളെ ബാധിച്ചില്ല. ആവേശമടങ്ങാത്ത ഒരു മുദ്രാവാക്യം അവളിൽ മുഴങ്ങുന്നുണ്ടായിരുന്നു.

""പൊട്ട ലയങ്ങൾ നാങ്കൾക്ക് ഏസി ബംഗ്ലാ ഊങ്കൾക്ക് കുട്ടത്തൊപ്പി നാങ്കൾക്ക് കോട്ടും സൂട്ടും ഊങ്കൾക്ക്''

പശ്ചിമ ഘട്ടത്തിന്റെ മലമടക്കുകളിൽ സമരതാളം നിലച്ചു. പ്രതിഷേധങ്ങൾ തോറ്റടങ്ങി. ദസുവ മുതൽ ജലന്ധർ വരെ ട്രാക്ടറുകൾ വന്നുനിറയുന്നത് ഓടുന്ന വണ്ടിയുടെ ജാലകത്തിലൂടെ കാണാം. വിജയാഹ്ലാദത്തിൽ ദൂരെ ഹിമാലയം തിളങ്ങിത്തുടുത്തു. അരുൺ പറഞ്ഞതുപോലെ തനിക്ക് തെററുപറ്റിയതായിരിക്കും. കാർഷികഗ്രാമങ്ങൾ കാണാതെ പോയതായിരിക്കും. ഒരു യാത്ര കൂടി നടത്താതെ വിധി കല്പിക്കാനാവില്ല. അമുദ സ്വയം സമാധാനിച്ചു. ▮

*. ദസുവ: പഞ്ചാബിലെ ഹോഷ്യാർപൂർ ജില്ലയിലെ ചെറുപട്ടണം.

1. ഞങ്ങൾ ഉറങ്ങുന്നത് മുള്ളുകളിലാണ് മുള്ളുകളെ ഞങ്ങൾ എന്തിന് ഭയപ്പെടണം ഗത്യന്തരമില്ലാതെ വന്ന പോരാളികളാണ് ഞങ്ങൾ ജയിച്ചാലും തോറ്റാലും ഒന്നുമില്ല എല്ലാം നഷ്ടപ്പെട്ട ഞങ്ങളെ സർക്കാരിന് എന്തുചെയ്യാൻ കഴിയും

2. കുങ്കുമ നിറമുള്ള തലപ്പാവും നീല മേലങ്കിയുമായി വരുന്ന ഞങ്ങൾ ഗുരുപ്രസാദം പറഞ്ഞ് (തിരിച്ചുവരുമെന്നുറപ്പില്ലാതെ) ഇറങ്ങിയവരാണ്

3. ഊൻചിബസി: ദസുവയ്ക്കടുത്തുള്ള ഗ്രാമം.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഐ.ആർ. പ്രസാദ്​

കഥാകൃത്ത്​, മാധ്യമപ്രവർത്തകൻ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അസി. എഡിറ്ററാണ്. ‘അരാഷ്ട്രീയം’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments