ചിത്രീകരണം : ഹൃദയ്

രട്ടക്കുഴൽ തോക്കുമായി ഇരുൾ പച്ച കെട്ടികിടക്കുന്ന കാട്ടിലേക്ക് കയറിയാൽ ചന്തൻ പത്തുപതിനഞ്ച് ദിവസം കഴിഞ്ഞേ മടങ്ങാറുള്ളൂ.

പാപ്പനായിരുന്നു ചന്തന്റെ കാട്ടിലേ കൂട്ട്.
വെടിയിറച്ചിയും വാറ്റും നിറച്ച വനവാസകാലം പാപ്പനും ആവോളം ലഹരി നിറഞ്ഞതായിരുന്നു.

കാട്ടിലേക്കുള്ള കന്നികയറ്റത്തിൽ പാപ്പന്റെ കുടിയിലായായിരുന്നു ചന്തന്റെ ആദ്യത്തെ പാർപ്പ്. കുടിലിന് കാടിന്റെ വന്യത പോരാന്ന് തോന്നിയപ്പോൾ പാപ്പന്റെയും സിൽബന്ധികളും സഹായത്തോടെ ഇടതൂർന്ന മരങ്ങൾക്കിടയിൽ ഒരു ഏറുമാടമുണ്ടാക്കി.
ജന്മം കിട്ടിയ പറമ്പിന് അതിരിട്ട് ഒഴുകുന്ന കാട്ടാറ് പൊട്ടിയുറയുന്ന ഇടമാണ് ഏറുമാടം തയ്യാറാക്കാനും ചന്തൻ തെരഞ്ഞെടുത്തത്.

വേനൽക്കാലം കടുക്കുമ്പോൾ ഒഴുക്ക് കുറഞ്ഞ്, പാറക്കെട്ടുകളിൽ വെള്ളമൂറി കിടക്കും. മൃഗങ്ങൾ പലവഴിക്കായി അവിടേക്കെത്തും. വേനൽക്കാലത്ത് കാടിന്റെ കുളിർമ തേടിയാണ് ചന്തനും കാട് കയറുന്നത്.

അക്കാലത്ത് തേനെടുക്കാൻ നെടുങ്കൻ ഉരുപ്പ് മരത്തിൽ കയറിയപ്പോഴാണ് പാപ്പന് നല്ലൊരു തത്തയെ കയ്യിൽ കിട്ടിയത്. കൂട്ടിലിടാതെ തന്നെ തത്ത പാപ്പന് കൂട്ടായി. വലതുചുമലിൽ തത്തയെ ഇരുത്തി ഏറുമാടത്തിലേക്ക് കയറി വന്നപ്പോൾ തന്നെ ചന്തന് തത്തയുടെ ഭംഗിയിൽ കണ്ണൂടക്കി. ചെറിയ ഇലയനക്കങ്ങൾക്കുപോലും തല വെട്ടി ശബ്ദമുണ്ടാക്കുന്ന തത്തയെ വേട്ടക്കാരന്റെ ക്രൗര്യം വെടിഞ്ഞ കണ്ണുകളോടെ നോക്കി ചന്തൻ പറഞ്ഞു, ‘ലക്ഷണമൊത്തത്.'

മാസം ഒന്ന് കഴിഞ്ഞ്, തോൽവെരുകിയ മ്ലാവിറച്ചിയുമായി പാപ്പൻ നാട്ടിലെത്തിയപ്പോൾ പൗരാണികതയുടെ എടുപ്പുള്ള വീടിന്റെ ഉമ്മറത്തിണ്ണയിൽ ഈർക്കിൽകൊള്ളി കനത്തിലുള്ള കമ്പികൂട്ടിലിരുന്ന് തത്ത ചാഞ്ചാടുന്നു.
കനി,മരുത,നീലി. തത്ത പേരുകളോരോന്നായി ചൊല്ലിക്കേൾപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.

ചന്തൻ പല തവണ തന്റെ പേര് ഉച്ചരിച്ച് പഠിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും തത്ത മനപ്പാഠമിട്ട് പാടിയത് മുഴുവൻ ഊരിലെ പെൺപേരുകൾ.

മാനം വിളറിവെളുത്ത നേരം ഇരട്ടക്കുഴൽ തോക്കുമായി ചന്തൻ ഇറങ്ങുമ്പോൾ വലംകയ്യിൽ തൂങ്ങികിടക്കുന്നത് കണ്ട് ഉച്ചിരിയമ്മ ശബ്ദം താഴ്ത്ത്തി ചോദിച്ചു. ‘എങ്ങോട്ടാ ഇതിനെ കൊണ്ടുപോകുന്നത്.?'
‘വിചാരിച്ചത്ര പോരാ. പാപ്പന് തന്നെ തിരികെ കൊടുത്തേക്കാം', തോക്ക് വീശി ആയത്തിൽ നടന്നുനീങ്ങുന്ന ചന്തനെ നോക്കിയപ്പോൾ ഉച്ചിരിയമ്മയിൽ ഒരു ചിരി പതുങ്ങിനിന്നു. പോകുന്നവഴി ചന്തൻ തത്തയെ തുറന്നുവിട്ടു.

കാടെത്താറാകുമ്പോഴേക്കും അതിന് മെയ്വഴക്കം തിരിച്ചു കിട്ടിയോ എന്ന് പാഴായിപ്പോയ വെടിയുണ്ടകളോർത്ത് ചന്തൻ സംശയിച്ചു.
പറന്നുപോകുന്ന ഏതെങ്കിലുമൊന്നിനെ വെടിവെച്ചേ തീരൂ എന്ന് ദൃഢനിശ്ചയം ചെയ്തുകൊണ്ട് ചന്തൻ കാടുകയറി.കാടിന്റെ മർമ്മമറിയാവുന്ന പാപ്പനെ കൂടാതെ വേട്ടയ്ക്കിറങ്ങിയ ചന്തനെ ഒരു കൊമ്പൻ കുത്തിമലർത്തി.

തലച്ചോർ ചിതറിത്തെറിച്ച് പൊതിഞ്ഞു കൊണ്ടുവന്ന ശരീരം അഗ്‌നി വിഴുങ്ങിയതിന്റെ അറുപതാംനാൾ കാട്ടാറിലേക്ക് അലക്കാനിറങ്ങിയ ഉച്ചിരിയമ്മ തൊട്ടപ്പുറത്തെ നീർമരുതിന്റെ കൊമ്പിൽ തത്തക്കൂട് കണ്ടു.
തുഞ്ചാൻ കൊടിയിൽ തത്തയേയും.

രണ്ടാം വരവിന്റെ ആറാംപക്കം തത്ത ഉച്ചിരിയമ്മയുടെ പേര് വിളിച്ചു. ആറാമതായി ഒരു മകൾ പിറക്കുകയാണെങ്കിൽ അവൾക്കിടാൻ കരുതിയിരുന്ന പേര് ഉച്ചിരിയമ്മ തിരിച്ചുവിളിച്ചു- ‘കാഞ്ചന'

ഉച്ചിരിയെന്ന കിളിനാദം കേട്ട് പെൺമക്കൾ രണ്ടും കൂട്ടിനിരുവശവും ചേർന്ന് തങ്ങളുടെ പേരുകൾ പയറ്റി നോക്കി. പ്രതികരണമെന്നോണം ഉച്ചിരിയെന്ന വിളി ഏറെക്കുറെ അവസാനിപ്പിച്ച് സ്വതസിദ്ധമായ ചില ശബ്ദചീളുകൾ മാത്രം പുറപ്പെടുവിച്ച് തത്ത മൗനം പൂണ്ടു.നീയൊക്കെ കൂടി കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയോന്ന് ഉച്ചിരിയമ്മ പരിഭവിച്ചു.

‘നിങ്ങൾ കണ്ടോ. എന്റെ പേര് ഞാൻ മണിമണിയായി തത്ത പറയുമ്പോലെ പറയിപ്പിക്കും', സുഖവിവരം അന്വേഷിക്കാനായി ബോംബെയിലേക്ക് വിളിച്ചപ്പോൾ വിലാസിനി വെല്ലുവിളിച്ചു. വിലാസിനി പറഞ്ഞാൽ അച്ചട്ടാണ്.ക്യാൻസറിനു മുന്നിലും തോറ്റു കൊടുക്കാത്തവളാണ്.

നാടുവിട്ട ആൺമക്കളിൽ ഒന്നാമൻ ശ്രീധരന്റെ ജീവിതത്തിലേക്ക് കടന്നുവന്നവൾ. മുംബൈയിലെ ഒരു ഡാൻസ് ബാറിലെ നർത്തകിയെയാണ് ശ്രീധരൻ ജീവിതസഖിയാക്കിയത്.

നല്ലയിനം പുളിങ്കൊമ്പിൽ കയറി പിടിച്ച നാട്യക്കാരിയെന്ന പുച്ഛനോട്ടമായിരുന്നു ഭർതൃവീട്ടിലേക്കുള്ള ഓരോ വരവിലും വിലാസിനിയെ എതിരേറ്റത്. ക്രമേണ ആ ലാസ്യഭാവത്തിനു മുന്നിൽ പെൺമക്കൾക്ക് വശംവദരായി. മനസ്സ് കുഴമറിയുമ്പോഴൊക്കെ അവർ വിലാസിനിയുടെ ഉപദേശം തേടി. വീട് പൂർണമായി ഉൾകൊണ്ടതോടെ തുടർന്നുള്ള വരവുകൾ ആഘോഷങ്ങളുടെതായി. ആവേശം അതിരുകടക്കുമ്പോഴൊക്കെ ക്യാൻസർ കടിഞ്ഞാണുമായി വന്ന് അവരെ നിയന്ത്രിച്ചു. പാതി ഇറങ്ങിയ തിരശ്ശീലയ്ക്ക് പിന്നിലെന്നപോലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഒരു പ്രഹേളികയായി ജീവിതം അവർക്ക് മുന്നിൽ നൃത്തചുവടുകൾവെച്ച് പരീക്ഷിച്ചുകൊണ്ടിരുന്നു.

വീട്ടിലെത്തി രണ്ടു ദിവസം കൊണ്ടുതന്നെ തത്തമ്മയെകൊണ്ട് ചീട്ടെടുപ്പിക്കാനും ഒറ്റക്കാലിൽ തൂക്കം പരീക്ഷിക്കാനും വിലാസിനി പഠിപ്പിച്ചു. ചുണ്ടുകൾ മാത്രം തത്തമ്മ പൂട്ടി വെച്ചു. ഏഴാം നാൾ കർക്കടക ബാധയേറ്റപോലെ വിലാസിനിയുടെ ആവേശമറ്റു. ബോംബെയിലേക്ക് പുറപ്പെടാൻ വരാന്തപടിക്കെട്ടിറങ്ങുമ്പോൾ തത്ത വിലാസിനിയെ പേരുചൊല്ലി വിളിച്ചു. അസുഖത്തിന്റെ ആലസ്യത്തിൽ നിന്നുണർന്ന വിലാസിനിയുടെ കൃഷ്ണമണികളിൽ ഒരു വെള്ളിവാൾ മിന്നി. ഓടിയെത്തി ഒന്നുകൂടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
‘ഇവള് ആള് ചില്ലറക്കാരിയല്ല കേട്ടോ', തിരികെ ഇറങ്ങുമ്പോൾ വിലാസിനി ഉച്ചിരിയമ്മയോടായി പറഞ്ഞു.

ഒറ്റയ്ക്കാകുമ്പോൾ മാത്രം ഉച്ചിരിയെന്ന് ഒന്നോരണ്ടോ പ്രാവശ്യം കേട്ട ഓർമ വച്ചുകൊണ്ട് മക്കളും മരുമക്കളും വീട് വിട്ടൊഴിഞ്ഞ നേരം, തനിക്കേറ്റം ഇഷ്ടപ്പെട്ടത് കേൾക്കാൻ കൊതിച്ച് ഉച്ചിരി കാഞ്ചനേകാഞ്ചനേ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. കാതിനിമ്പമുള്ളത് കേൾക്കാനുള്ള കാത്തിരിപ്പ് ചന്ദ്രന്റെ വരുവോളം നീണ്ടുപോയി.
ഗോവയിലെ ജോലി രാജിവെച്ച് ഒരു മുന്നറിയിപ്പുമില്ലാതെ കയറിവന്ന ചന്ദ്രന്റെ മറവിൽ ഒരു പെൺകുട്ടി പതുങ്ങി നിൽപ്പുണ്ടായിരുന്നു
രൂപത്തിലും നടപ്പിലും അച്ഛന്റെ തനിപകർപ്പെന്ന് പേരുകേൾപ്പിച്ചിരുന്ന മകനായിരുന്നു ചന്ദ്രൻ. പെണ്ണുകെട്ടിക്കുമ്പോൾ ഉച്ചിരിക്ക് ഒത്തിരി പ്രതീക്ഷയുണ്ടായിരുന്നു. കുടുംബമഹിമ നോക്കാതെ പ്രാപ്തിയുള്ള ഒരു പെണ്ണിന് മകനെ നേർവഴിക്ക് നയിക്കാനാകുമെന്ന് അവർ പ്രത്യാശിച്ചു. വിവാഹം കഴിഞ്ഞയുടനെ ജോലികിട്ടി ഗോവയിലേക്ക് പോയ ചന്ദ്രൻ തിരിച്ചു വന്നില്ല. രണ്ടുമാസം കാത്തു നിന്ന ശേഷം പെണ്ണിന്റെ വീട്ടുകാർ അവളെയുംകൂട്ടി വീട്ടിലേക്ക് പോയി. അതിനുശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് ചന്ദ്രൻ നാട്ടിലെത്തിയത്. അവസാന വരവിലാണ് മകളുടെ പ്രായമുള്ള ഗോവൻ പെൺകുട്ടിയെ കൂടെ കൂട്ടിയത്. കമ്പനിയിൽ ദീനക്കാരിയായ ഒരു ജീവനക്കാരിയുണ്ടായിരുന്നുവെന്നും ജോലിയും ആനുകൂല്യങ്ങളും പറഞ്ഞ് വിരട്ടി ചന്ദ്രൻ അവരുടെ വീട്ടിലെ നിത്യസന്ദർശകനാ യിരുന്നുവെന്നും ഉച്ചിരിയമ്മ അറിഞ്ഞിരുന്നു.

അമ്മ മരിച്ചപ്പോൾ അനാഥയായ മകളെയും കൂട്ടി വരികയായിരുന്നു. അവളാരാണെന്ന് ഉച്ചിരിയമ്മയോട് പലരും അന്വേഷിച്ചു.
ചോദ്യം ഉളവാക്കിയേക്കാവുന്ന പ്രതികരണം കൊണ്ടോ നിഷ്ഫലതകൊണ്ടോ ഒരുതരം നിർവികാരതയോടെയാണ് ഉച്ചിരി അവരെ കേട്ടത്. ആശയക്കുഴപ്പം അധികരിക്കുമ്പോൾ ചുമരിലെ ചതുര വടിവിൽ ഒതുക്കി നിർത്തപ്പെട്ട ജീവിതപാതിയിൽ അതേ ഭാവത്തോടെ നോട്ടം തറപ്പിക്കും.
മലയാളം അറിയാമെങ്കിലും അവൾ കൊങ്കിണിയിലാണ് സംസാരിച്ചത്.
പേര് പറഞ്ഞെങ്കിലും ഉച്ചിരിയമ്മയുടെ നാക്കിനത് വഴങ്ങിയില്ല. വായിൽ കൊള്ളാവുന്ന എന്തെങ്കിലുമൊന്ന് വിളിക്കട്ടെയെന്ന് ഉച്ചിരിയമ്മ ചോദിച്ചപ്പോൾ പ്രതികരണം കിട്ടിയത് കൂട്ടിൽ നിന്നായിരുന്നു- ‘കാഞ്ചന.കാഞ്ചന.’
‘അതാ നല്ലത്. ഇവളും സംസാരം കുറവാ', ഉച്ചിരിയമ്മ ശരിവെച്ചു.

പകൽരാത്രിയെന്ന്​ ഭേദമില്ലാതെ ചന്ദ്രൻ ലഹരിയെ കൂട്ടുപിടിച്ചു.
മുറിയിൽനിന്ന് ചിലപ്പോൾ കരച്ചിലും ബഹളവും കേൾക്കും.
ചില ദിവസങ്ങളിൽ പകൽ ഏറെ നേരം അവൾ മൗനിയായിരിക്കും.
ഉച്ചിരിയമ്മ അവളെ കാട്ടാറിലേക്ക് കൊണ്ടുപോയി.
കുളിയും നനയും നീന്തലും കഴിയുമ്പോൾ അവൾ എല്ലാം മറന്ന് അവളുടെ പ്രായത്തിലേക്ക് തുടുതുടുത്തിട്ടുണ്ടാകും.
കുളിക്കുമ്പോൾ ദേഹത്തെവിടെയെങ്കിലും പാടുകളുണ്ടോയെന്ന് ഉച്ചിരിയമ്മ പാളി നോക്കും.

ഇഴയടുപ്പം കൂടിയപ്പോൾ അവൾ മലയാളത്തിൽ സംസാരിച്ചു തുടങ്ങി.
‘അലക്കാനാണെങ്കിൽ മുകളിൽ മരച്ചുവട്ടിൽ പാറക്കല്ലുണ്ട്. ഇറങ്ങുന്നിടത്ത് മുട്ടോളം വെള്ളമേയുള്ളൂ.' ഉത്സാഹത്തോടെ കാട്ടാറിനോരത്ത് നടന്നതിന്റെ കിതപ്പുണ്ടായിരുന്നു അപ്പോഴവൾക്ക്.

‘ഇവിടെ ഇരിക്ക് ഞാൻ പറയാം', കാത്തിരുന്ന ചോദ്യമായതുകൊണ്ട് സോപ്പ് പതപ്പിക്കുന്നത് നിർത്തിക്കൊണ്ട് ഉച്ചിരിയമ്മ പറഞ്ഞു.
‘ഞാൻ ഈ വീട്ടിലേക്ക് കയറിവന്ന കാലത്ത് നടന്ന കഥയാണ്. അന്നിവിടെ ഒരു വേലക്കാരിയുണ്ടായിരുന്നു.കാരണവർ പുറംനാട്ടിൽനിന്ന് കൊണ്ടുവന്നതാ അവളെ. ഇവിടെയുളളപ്പോൾ അവൾക്ക് വയറ്റിലുണ്ടായി. കണിശക്കാരനായ മുത്തശ്ശൻ അവളെ തെങ്ങിൽ കെട്ടിയിട്ടു. പുളിവാറലുകൊണ്ട് പൊതിരെ തല്ലി.ദേഹം നൊന്ത് നീറിയിട്ടും ഉള്ളിൽ തുടിക്കുന്നതിനുത്തരവാദിയാരാണെന്നു മാത്രം അവൾ മിണ്ടിയില്ല.രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ കടവിലെ മരക്കൊമ്പിൽ അവൾ തൂങ്ങി കിടപ്പുണ്ടായിരുന്നു.'

കാഞ്ചനയുടെ മുഖം വിളറി.
ഉച്ചിരിയമ്മ പോയികഴിഞ്ഞപ്പോൾ അവൾ പതിയേ മുകളിലേക്ക് കയറി.
നീർമരുതും ആറ്റുതേക്കും കാട്ടുചെടികളും ഇടതൂർന്ന് പച്ചപ്പേന്തി നിൽക്കുന്ന കടവ്.
ആറ്റുതേക്കിന്റെ വെള്ളത്തിനോട് ചേർന്നുനില്ക്കുന്ന ശാഖയിൽ പായലുകൾ കുടുങ്ങിക്കിടക്കുന്നു.ആരുടെയോ മുടിനാര് പോലെ പടർന്ന് അവ കുഞ്ഞോളങ്ങളിൽ ഇളകിയാടുന്നു.

ആരോഗ്യം നാൾക്ക് നാൾ ക്ഷയിച്ചു വന്നതോടെ ചന്ദ്രന്റെ സമീപനത്തിൽ മാറ്റം വന്നു. മൗനത്തിലാഴാതെ കളിയും ചിരിയും കാഞ്ചനയിൽ തിരിച്ചുവരുന്നത് ഉച്ചിരിയമ്മ കൗതുകത്തോടെ നോക്കി കണ്ടു.

ശരീരത്തിലെ നീർക്കെട്ടുകൾ പെരുകിയതോടെ ചന്ദ്രന് കിടപ്പായ വിട്ട് എഴുന്നേൽക്കാൻ പറ്റാതായി.ചന്ദ്രന്റെ ശരീരം ജീവൻ നിലനിർത്താൻ മല്ലിട്ട് പരാജയപ്പെട്ട രണ്ടുമാസങ്ങൾ കടന്നുപോയതോടെ സ്വാതന്ത്രത്തിന്റെ അങ്ങേയറ്റമെന്നത് കാട്ടാറും വീടുംതൊടിയുമുൾപ്പെട്ട പക്ഷിമൃഗാദികളും അതുകഴിഞ്ഞാൽ അടുക്കളയുടെ വിശാലതയുമാണെന്ന കാഞ്ചന തിരിച്ചറിഞ്ഞിരുന്നു.
മക്കളും മരുമക്കളും വന്നാൽ കേട്ടോ കാഞ്ചനേ എന്നു പറഞ്ഞാണ് തുടങ്ങുന്നതെങ്കിലും തനിക്കറിയാത്ത പരിസരങ്ങളിലെ പേരുകളും കഥകളുമാണല്ലോ എന്ന് കരുതി കാഞ്ചന പതിയെ അടുക്കളയിലേക്ക് മടങ്ങും. പിന്നീടുള്ള അസാന്നിദ്ധ്യം കുട്ടികളൂടെ ആരുടെയെങ്കിലും ശ്രദ്ധയിൽ മാത്രമേ പെടാറുള്ളൂ.

പ്രായത്തിന്റെ അസ്‌കിത അലട്ടുന്നതുകൊണ്ട് ആണ്മക്കൾ ആരെങ്കിലും കൂടെയുണ്ടാകണമെന്ന് ഉച്ചിരിയമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു.
ബോംബെയിലായിരുന്ന ഇളയമകൻ സുഗുണൻ കുടുബത്തോടെ നാട്ടിലേക്ക് തിരിക്കുന്നുവെന്ന് കേട്ടപ്പോൾ വലിയവീട്ടിൽ വെളിച്ചം കടക്കാത്ത ഇടങ്ങളിൽ ആൾപ്പെരുമാറ്റമുണ്ടാകുമല്ലോയെന്ന് കരുതി കാഞ്ചനയ്ക്ക് ആശ്വാസം തോന്നി.
മക്കളിൽ കുറച്ചുകാലം നാട്ടിലുണ്ടായിരുന്നതുകൊണ്ട് സുഗുണനുമായി ഉച്ചിരിക്ക് കൂടുതൽ അടുപ്പമുണ്ടായിരുന്നു. സാമൂഹ്യപ്രവർത്തനങ്ങളിൽ ഇടപെട്ടും അത്യാവശ്യം രാഷ്ട്രീയം കളിച്ചും നടന്നവനാണ്.

ഭാര്യ ചന്ദ്രിക ബോംബെയിൽ ഒരു ഫാഷൻ ഡിസൈനിങ് കോഴ്‌സ് തുടങ്ങിയതോടു കൂടിയാണ് സുഗുണനും നാട് ഉപേക്ഷിക്കേണ്ടിവന്നത്. ജന്മനാട്ടിൽ ഒരു സ്വപ്നസൗധം പണിയണെമെന്നതിൽ ഒറ്റക്കെട്ടായിരുന്നുവെങ്കിലും തറവാടിനോട് ചേർന്ന് എന്ന സുഗുണന്റെ ആഗ്രഹത്തിന് ഭാര്യവീട്ടുകാർ പച്ചക്കൊടി കാട്ടിയത് ചന്ദ്രന്റെ മരണത്തോടെയാണ്.

ചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ കാഞ്ചന ഒന്നുരണ്ടുതവണ സുഗുണനെ കണ്ടിരുന്നു. അന്ന് വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചത് . ചന്ദ്രൻ മരിച്ചതിൽ പിന്നെയുള്ള വരവുകളിൽ തീരെ മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല.ചന്ദ്രന്റെ പേരിൽ എന്തെങ്കിലും അവകാശങ്ങൾ ഉന്നയിക്കുമെന്ന് തെറ്റുദ്ധരിച്ചിട്ടാകുമെന്ന് അവൾ കരുതി.

തുടർന്നുള്ള ദിവസങ്ങളിൽ തിരിച്ചറിയാനാകാത്ത അസ്തിത്വദുഃഖം കാഞ്ചനയിൽ പിടിമുറുക്കി. ബന്ധങ്ങൾ വിളക്കിച്ചേർക്കാനാകാത്ത കുടുംബത്തിൽ ശരീരം വെറുമൊരു പെണ്ണുടൽ മാത്രമായി മാറുന്നത് പല സന്ദർഭങ്ങളിലായി അവൾ തിരിച്ചറിഞ്ഞു. കുടുംബസമേതമുള്ള വരവായിരുന്നിട്ടു കൂടി പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു കാര്യങ്ങൾ. വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് വന്നാൽ ഒരു വിരൽ സ്പർശം. ശരീരത്തിന്റെ മിനുപ്പിലേക്ക് കൂർത്ത നോട്ടങ്ങൾ വട്ടമിടുന്നു. ആളില്ലാനേരങ്ങളിൽ കാഞ്ചന കൂടുതൽ ജാഗ്രതയായി.

മുടിയിലെ ഈറൻ തോർത്തുകൊണ്ട് കുടഞ്ഞു കളയുമ്പോൾ പിറകിലൊരു കാൽപെരുമാറ്റം.
കണ്ണാടി അലമാരയിൽ നോക്കി അവൾ പൊട്ടുതൊട്ടു.
പിറകിൽ വാതിൽ പടിയിൽ ഒരു കൈവിലങ്ങനെവെച്ചുകൊണ്ട് ആളു നിൽപ്പുണ്ട്. വാതിൽ മെല്ലേ അടയുന്ന ശബ്ദം.
ഭീതി വെളിപ്പെടാതെ ജനാലക്കരികിലേക്ക് മന്ദം നടന്നു കൊണ്ട് കാഞ്ചന പൊടുന്നനെ തിരശ്ശീല വലിച്ചു.

ജനലഴികൾ മുറിച്ചിട്ട കാഴ്ചയിൽ അമ്പലത്തിൽനിന്ന് ദർശനം കഴിഞ്ഞ് മടങ്ങുന്ന ചന്ദ്രികയും മകളും. വാതിൽ തുറക്കപ്പെട്ടു. കണ്ണാടിയുടെ മുന്നിൽ നിന്ന് മുന്താണി പറിച്ചും വാരിച്ചുറ്റിയും സുഗുണന്റെ ധൃതിപ്പെട്ടുള്ള ഇറങ്ങിപ്പോക്കിനെ ഓർമ്മയിലിട്ട് ആവർത്തിച്ചുകൊണ്ട് കാഞ്ചന ഊറി ഊറിച്ചിരിച്ചു.
‘ചന്ദ്രി എന്ന പേര്​ എന്റെ നാക്കിനുപോലും വഴങ്ങുന്നില്ലാ. മേലാൽ ആവർത്തിക്കരുത്?' കാഞ്ചന തത്തമ്മയ്ക്ക് പാൽപാത്രം നീട്ടി. അവളുടെ സ്‌നേഹശാസനയെ ലംഘിച്ച് തത്തമ്മ ചുണ്ടുകൾ തുറന്ന് ചിലച്ചു. ശേഷം അവളുടെ ചുണ്ടൻ വിരലിലേക്ക് കൊക്കുകൾ ഉരുമ്മി.
‘കുറച്ചുനാൾ കഴിഞ്ഞാൽ അവരിവിടെ സ്ഥിരതാമസമാകും. അപ്പോൾ?'
കാഞ്ചനയുടെ പുരികക്കൊടി ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു.

കിഴക്കുഭാഗത്തായി സുഗുണന്റെ വീടിന് കുറ്റിയടിച്ചു.
തറവാടിന്റെ രണ്ടുമുറി പൊളിച്ചു മാറ്റണം. തറയോട് ചേർന്നുനിൽക്കുന്ന കൂറ്റൻ ഗോമാവ് മുറിച്ചു നീക്കണം.
ഉച്ചിരിയമ്മ ഏർപ്പാടാക്കിയതിനനുസരിച്ച് മാവു മുറിക്കാനായി രണ്ടുപേർ എത്തിച്ചേർന്നതോടെ സുഗുണൻ ഞെരിപിരി കൊള്ളാൻ തുടങ്ങി. തട്ടാണിച്ചേരിയിൽ നിന്ന് വന്നവരാണ് വെട്ടുകാരിൽ പ്രധാനി. അവിടെ ഒരു പ്രശ്‌നം തീർക്കാൻ പോയ സുഗുണൻ ചീർക്കെ തല്ലു വാങ്ങിയിരുന്നു.
മൂന്നു ദശകങ്ങൾക്ക് മുൻപ് കർത്താവിന്റെ വഴി സ്വീകരിച്ചവരായിരുന്നു തട്ടാണിച്ചേരിക്കാർ. അതിനു കാരണഭൂതനായ കുടുംബക്കാരനാണ് പ്രധാന വെട്ടുകാരൻ.

തട്ടാണിച്ചേരിയിൽ എഴുത്തും വായനയും കൈവശപ്പെടുത്തി വല്ലതും കുത്തികുറിച്ചുകൊണ്ടിരുന്ന കേശവൻ മദ്രാസിലെ പബ്ലിക് ലൈബ്രറിയിൽ പുസ്തകമെടുപ്പുകാരന്റെ ജോലിക്കായി അപേക്ഷ കൊടുത്തു.വായനയിലെ ആഴവും പരപ്പും കണ്ട് മതിപ്പ് തോന്നിയ ലൈബ്രറി ചുമതലയുള്ള മജിസ്‌ട്രേറ്റിന് പേരിന്റെ കൂടെയുള്ള വീട്ടുപേരിൽ കണ്ണുടക്കി. അന്വേഷണം നാട്ടിലേക്ക് വന്നു. അരുതായ്മ കാട്ടിക്കൂട്ടി ജോലി നഷ്ടപ്പെട്ട കേശവൻ നാട്ടിൽ കൊശവനും ശവനുമായി.
ഉറവിടത്തിങ്കൽ ചെന്ന് കേശവൻ അപരാധം ഏറ്റുപറഞ്ഞു. നാടുവിടണമെന്ന തന്ത്രപരമായ ഉപായത്തിനുമേൽ അപമാനഭാരം കൊണ്ട് കുനിഞ്ഞ മുഖം പുഞ്ചിരിയോടെ ഉയർന്നു. തലശ്ശേരിക്കാരനായ ഹാജിയാരുടെ സഹായിയായി കൂടെനിന്ന കേശവൻ തട്ടാണീച്ചേരിയിലേക്ക് വന്നുംപോയും കൊണ്ടിരുന്നു.വിവാഹം കഴിച്ചതോടെ ഗൾഫിലേക്ക് കടന്നു. കേശവൻ പരീത് മാപ്പിളയായതായി തട്ടാണിച്ചേരികാർക്ക് വിവരം ലഭിച്ചു.സഹോദരങ്ങളെ ഓരോരുത്തരായി കടൽകടത്തി കര കയറ്റിച്ചു.

കേശവന്റെ പലായനത്തിനുശേഷം വിശുദ്ധഗ്രന്ഥം മാറോടണച്ച് തൂവെള്ള വസ്ത്രം ധരിച്ച് ഗന്ധർവനെപോലെ ഒരു പാതിരി ഗ്രാമത്തിലേക്ക് കടന്നുവന്നു. മജ്ജയും മാംസവുമുള്ള അവസാന തട്ടാണിച്ചേരിക്കാരെയും കർത്താവിന്റെ ഇടയന്മാരാക്കുമെന്ന് കവലയിലെ ആദ്യത്തെ സുവിശേഷ പ്രസംഗത്തിൽ പാതിരി പ്രഖ്യാപിച്ചു.

മണലാരണ്യത്തിലേക്ക് കെട്ടുകെട്ടിയ പരീത് മാപ്പിളയുടെ ഒരു മകൻ- കബീർ- കുടുംബത്തിന്റെ ചിട്ടവട്ടങ്ങളെയെല്ലാം വലിച്ചെറിഞ്ഞ് പിതാവ് സഞ്ചരിച്ച വഴിയേ ഒറ്റയാനായി തിരിച്ചുവരുമ്പോഴേക്കും പാതിരി കാലം ചെയ്തുകഴിഞ്ഞിരുന്നു. നിഷേധിയാണെങ്കിലും തട്ടാണിച്ചേരിക്ക് മൂന്നാമതൊരു മതപാരമ്പര്യം കൂട്ടിചേർത്തുകൊണ്ട് ഒറ്റയാൾ കുടുംബമായി അയാൾ ജീവിച്ചു.
‘ബാക്കിയുള്ളവന്മാർക്ക് ഇപ്പോഴും ഒരു ബഹുമാനമൊക്കെയുണ്ട്. ഇത് വെറും മ്ലേച്ഛൻ. തറവാടിനെ പറയിപ്പിക്കാൻ പിറന്ന നാറികൾ. പ്ഭൂ...', തികട്ടിവന്ന അവജ്ഞ സുഗുണൻ മുറ്റത്ത് പതിപ്പിച്ചു.

നാറി എന്ന മറുവാക്ക് കേട്ട് ഉച്ചിരിയമ്മയും സുഗുണനും ആശ്ചര്യത്തോടെ തിരിഞ്ഞുനോക്കി. ചിലനേരമുള്ള വരവിലും പോക്കിലും നാറി എന്ന വിളി കേട്ടതോടെ സുഗുണനിലെ കൗതുകം പകയ്ക്ക് വഴിമാറിക്കൊടുത്തു.
ആളില്ലാനേരം നോക്കി സുഗുണൻ തത്തക്കൂട് ആയത്തിൽ വീശി വിട്ടു. പെൺപെരുകൾ മാത്രം ചിലയ്ക്കുന്ന തത്തയോട് ചന്തനെന്നപോലെ സുഗുണനും കലിപ്പായിരുന്നു.

അലക്കു കഴിഞ്ഞു ആറ്റിൽനിന്ന് കയറിവന്ന കാഞ്ചന മേൽക്കൂരയിൽ തട്ടിവീണ് കൂട്ടിൽ ചിറകിട്ടടിക്കുന്ന തത്തയെ കണ്ട്, വേഗം ചെന്ന് മാറോടണച്ച് വെള്ളം കൊടുത്തു. ചടഞ്ഞ ഈർക്കിൽകമ്പികളെ നിവർത്തി കൂട് അവൾ പഴയരൂപത്തിലാക്കി.

ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ സുഗുണൻ വീണ്ടും കയറിവന്നു.
‘ഭക്ഷണം ചായ്പിൽ കൊടുത്താ മതി, തറവാട് പടിക്കലേക്ക് കയറ്റേണ്ട. പ്രത്യേകിച്ചും കരിവീട്ടി പോലുള്ള ആ വരത്തനെ. എന്തൊക്കെയാ അടിച്ചുമാറ്റുകയെന്ന് പറയാൻ പറ്റില്ല.'
പാതി കാഞ്ചനകൂടി കേൾക്കുന്ന വിധത്തിലാണ് സുഗുണൻ പറഞ്ഞത്.

കാഴ്ചവട്ടങ്ങളിൽ ഏകയായപ്പോൾ കാഞ്ചന അടുക്കള ജാലകം തള്ളിത്തുറന്നു.
വലിയൊരു മാങ്കൊമ്പ് ശീൽക്കാരത്തോടെ നിലം പൂകി. ചില്ലകൾ നഷ്ടപ്പെട്ടപ്പോൾ സൂര്യവെളിച്ചം അടുക്കള ജാലകത്തിലേക്ക് ശാഖകൾ നീട്ടി. അരയിൽ ചൂടികയറിയിട്ട് വലിഞ്ഞുമുറുകിയ തൊടങ്കലിൽ വാക്കത്തിയെ ഞാത്തികൊണ്ട് ഒരാൾ കവരത്തിൽ നിന്ന് കൈമഴുകൊണ്ട് ആഞ്ഞു വെട്ടുന്നു. ചിറകുകൾ കരിഞ്ഞുപോയ പക്ഷിയെപ്പോലെ നിന്ന മരത്തിന്റെ മുന്തല തെങ്ങിൽ പിടിച്ചു കിട്ടിയിട്ടുണ്ട്. കമ്പക്കയറിന് തലങ്ങനെ വലംകൈയെ കിടത്തി വെച്ചുകൊണ്ട് കൈപണിക്കാരൻ സഹായി ഏതുനേരവും സംസാരമാണ്. പറമ്പിലെ പണിക്കാരോട് പതിയേയും ഉച്ചിരിയമ്മയോട് തെല്ലുറക്കെയും.

ഇളം പച്ച നിറത്തിലുള്ള കൈലിയും വെള്ള കരയുള്ള നീലബനിയനുമാണ് വെട്ടുകാരന്റെ വേഷം. വെള്ളയിൽ നീലകള്ളിനിറഞ്ഞ ഒരു തോർത്ത് തലയിൽ ചുറ്റിയിട്ടുണ്ട്. പുളിയനുറുമ്പുകളെ തട്ടികളയാനും നിലത്തിറങ്ങി അറപ്പൊടി തട്ടികളയാനും മാത്രമേ അയാൾ അതഴിക്കുന്നുള്ളൂ.

തറപ്പണി പൂർത്തിയായശേഷമുള്ള ഇടവേള നോക്കി സുഗുണനും ചന്ദ്രികയും മടക്കയാത്രയിലേക്കുള്ള തയ്യാറെടുപ്പിലാണ്.
സുഗുണൻ പോയിവരുമ്പോഴേക്കും വിറകുകീറാൻ കൂടി അവരെ വിളിക്കണമെന്ന് ഉച്ചിരിയമ്മ കാഞ്ചനയോട് സവിസ്തരം പറഞ്ഞു.
‘ഈ കൈപണിക്കാരൻ ഗോവിന്ദൻ നാട്ടിലെ ഒന്നാന്തരം മരം മുറിക്കാരനായിരുന്നു. തലേദിവസത്തെ കെട്ടുമാറാത്ത വാറ്റ് ചാരായത്തിന്റെ മേൽ തട്ടുംതടവുമില്ലാതെ വെയിലുതട്ടിയപ്പോൾ ഒരു ദിവസം ആൾ മരത്തിൽ നിന്ന് വീണു. കുറേക്കാലം കിടപ്പിലായിരുന്നു. പഴയ ഉശിരൊക്കെ കൈമോശം വന്നെന്നു കരുതി ആരും വിളിക്കാതായപ്പോൾ പിരിയിളകി നടന്നവനാണ്. മരച്ചൊരുക്ക് വിട്ടുമാറാത്തതുകൊണ്ടാണ് കുടുംബത്തോട് പിണങ്ങി വയനാട്ടിലെങ്ങാണ്ടോ ഉണ്ടായിരുന്ന കബീറിനെയും തേടിപിടിച്ച് നാട്ടിലെത്തിയത്.

തട്ടാണിച്ചേരിയിൽ രണ്ട് ക്ലബ്ബുകൾ തമ്മിലുണ്ടായ കബഡി മത്സരത്തിൽ കശപിശ തീർക്കാൻ പോയതാണ് സുഗുണൻ.ഒത്തുതീർപ്പ് കഴിഞ്ഞ് മടങ്ങവേ വഴിയോരത്തെ ഇലക്​ട്രിക്​ പോസ്റ്റിൽ പതിപ്പിച്ച ഒരു നോട്ടീസിലെ സമ്മാനാർഹനായ കബീർ കുന്നുംകൈയുടെ പേര് കണ്ടു. ഏത് പരനാറിയാടാ ഈ പേര് വെച്ചതെന്നും പറഞ്ഞ് അവനെ തെരഞ്ഞ് കുത്തിന് പിടിച്ചപ്പോഴാ, സുഗുണന് അടികൊണ്ടത്. മത്സരപ്പക തീരാത്ത കലിപ്പിൽ പലരും കൈവെച്ചു.

‘പക്ഷെ അതൊക്കെ എപ്പോഴും പറഞ്ഞുനടന്നിട്ടെന്താ കാര്യം?
എതു കൊണമായലെന്താ നീ കണ്ടതല്ലേ ഒരു നേരമെങ്കിലും അവൻ വെറുതെ ഇരിക്കുന്നുണ്ടോ?'

വിറകു കീറാൻ കബീർ ഒറ്റയ്ക്കാണ് വന്നത്.
പടങ്ങിൽ തീർത്ത വിറകിൻകൊള്ളിയുടെ ബാറ്റൺടാങ്കുകൾ ഉയർന്നുവരവേ കുടിവെള്ളവുമായി പോയ കാഞ്ചന ചില കുശലാന്വേഷണം നടത്തി നോക്കി. മറുപടികൾ ഒരു നോട്ടത്തിലോ ഒന്നോരണ്ടോ വാക്കിലോ ഒതുങ്ങി.
ഉച്ചിരിയമ്മയോട് മാത്രം ഏറെനേരം സംസാരിച്ചു.
‘നീയാ മരപ്പട്ടികയിൽ കരിക്കട്ടകൊണ്ടെഴുതിയ വീട്ടുപേര് ഇപ്പോഴും അവിടെയുണ്ടോടാ'
കബീർ ചിരിച്ചു. ‘ഓ അത് അന്നത്തെ ഒരു മുഷ്‌കിന് ചെയ്തതാ.ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ തന്നെയത് പിഴുതു കളഞ്ഞു.ഒരു പേരിലെന്തിരിക്കുന്നു?.'

അവരെ സംസാരത്തിന്റെ വഴിയേവിട്ട് കാഞ്ചന കൂട്ടിനടുത്തേക്ക് ഓടിയെത്തി.
‘ഉടമകൾക്കും അടിമകൾക്കും ഒരേ വീട്ടുപേര് ഇതെങ്ങനെ സംഭവിച്ചു?'
നാട്ടിൽ എണ്ണം പറഞ്ഞ പേരുകേട്ട തറവാടുകളുണ്ടായിരുന്നു. ഓരോ വീടിനും ഓരോ അടിയോർ കുടുംബവുവുമുണ്ടാകും. ഉടയോർകുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ അടിയോർകുടുംബം ഓടിയെത്തണം. വേലിക്കൽ നിന്ന് വിലപിച്ച് മരണം നാട്ടിൽ അറിയിക്കണം. വിശേഷാവസരങ്ങളിൽ രണ്ടോമൂന്നോ വിളിപ്പാടകലമിട്ട് മണ്ണിൽ കുഴികുത്തി പാറോം ഇലയിട്ട് വിശപ്പ് ശമിപ്പിച്ച ഒരു കാലമുണ്ടായിരുന്നു അടിയോറുകൾക്ക്. തിരിച്ചറിയാനിട്ട പേരുകൾ കാലം മാറിയപ്പോൾ ഉടയോറുകൾക്ക് കണ്ണിലെ കരടായി.

വടക്കൻ വീട്ടിലെ കുഞ്ഞാപ്പുവല്ലേയെന്നത് വടക്കൻ വീട്ടിലെ ഔസേപ്പല്ലയോ എന്നാകുമ്പോൾ മാമോദീസയുടെ ചെറുമറയെങ്കിലുമുണ്ടാകുമെന്ന് പലരും ആശ്വാസം കൊണ്ടു.
വിധേയത്വമുള്ള വിശ്വാസിക്കൂട്ടത്തെ വളർത്താനായി പള്ളിക്കും പാതിരിക്കും ആളും അർത്ഥവുമൊഴുകി. പേരുകളുടെ അടിവേരറുക്കാൻ നിയുക്തനായ പാതിരി തൂവെള്ള തൂകി ഗ്രാമത്തിലേക്ക് കടന്നുവന്നു
കമ്പിയിൽ ഒറ്റക്കാലിൽ തൂങ്ങിനിന്ന തത്ത ഒന്നുരണ്ടുവട്ടം കരണം മറിഞ്ഞപ്പോൾ കാഞ്ചന എഴുന്നേറ്റു.

ബോംബെയിൽ നിന്ന് മടങ്ങിയ സുഗുണൻ വയനാട്ടിലെ ഒരു എസ്റ്റേറ്റ് കച്ചവടത്തിനായാണ് നേരെ പോയത്. ഉച്ചിരിയമ്മ മകളുടെ വീട്ടിൽ പോയി വൈകിയ ദിവസമായിരുന്നു.
‘സുഗുണൻ വന്നുപോയോ?' തന്നോട് പറയാതെ വന്നതിലുള്ള പരിഭവം ഉച്ചിരിയമ്മ മറച്ചുവെച്ചില്ല.
കയ്യിലെ പാട് കാണിച്ച് , വന്നിരുന്നുവെന്നും കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്നും പറയാൻ ആഗ്രഹിച്ചെങ്കിലും അതിനേക്കാളും വലിയ പാടുകൾ തന്റെ ശരീരത്തിലുണ്ടായിരുന്ന കാലം കാഞ്ചനക്ക് ഓർമ വന്നു.
നന്ദിസൂചകമായി അവൾ കൂട്ടിലേക്ക് നോക്കി. കൂട്ടിൽകിടന്നുള്ള അസാധാരണമായ പരാക്രമമായിരിക്കണം അയാളെ ചൊടിപ്പിച്ചത്.

വരാന്തയിൽ പതിവില്ലാത്ത നിശബ്ദതയിൽ പന്തിക്കേട് തോന്നിയ ഉച്ചിരിയമ്മ രാവിലെ കാഞ്ചനയെ തേടിവന്നു. തത്തയും കൂടും കാണ്മാനില്ല.
കാഞ്ചന ചാടിയെഴുന്നേറ്റു. ഒരു തുള്ളിവെള്ളംപോലുമിറക്കാതെ അവൾ വീടിന്റെ പരിസരങ്ങളിൽ കറങ്ങിനടന്നു. പറമ്പിലേക്ക് ഇറങ്ങാൻ നേരം ഉച്ചിരിയമ്മ വിലക്കി.
‘എന്തെങ്കിലും കഴിച്ച് നീയൊന്ന് ആറ്റിങ്കര കൂടി പോയി നോക്ക്.അവനെന്തെങ്കിലും ചെയ്‌തോന്ന് ആർക്കറിയാം? '
പുതിയ വീട് കടന്നു നിൽക്കുന്ന തറവാട്മുറിയിലെ മുശട് വാടയുള്ള വസ്ത്രങ്ങളെല്ലാം ഒരു മുറിയിലേക്ക് മാറ്റിയിട്ടിരുന്നു.പല ദിവസങ്ങളിലായി കാഞ്ചന അത് വെളുപ്പിച്ച് അടുക്കിവെക്കുകയായിരുന്നു. ആറ്റിലേക്ക് ഇറങ്ങാനുള്ള ധൃതിയിൽ കസവുകരയുള്ള മുണ്ടുകൾ മാറ്റിവെച്ച് അവൾ തിടുക്കത്തിൽ തുണിഭാണ്ഡമൊരുക്കി.
‘നിനക്ക് വേണ്ടതെന്തെങ്കിലുമുണ്ടെങ്കിൽ എടുത്തോ? വേണ്ടപ്പെട്ടവരാരും വരികയാണെങ്കിൽ അവർക്കും കൊടുക്കാലോ.'

കാഞ്ചന വസ്ത്രമെടുപ്പ് നിർത്തിയപ്പോൾ ഉച്ചിരിയമ്മ പറഞ്ഞു, ‘ഈ കുടുംബത്തിലെ അകന്നവരാരെയെങ്കിലുമാ ഉദ്ദേശിച്ചത്.'

ഇരുകൈയിലും തുണിഭാണ്ഡങ്ങളും തൂക്കി അവൾ ആറ്റിനരികിലേക്ക് നടന്നു. തെളിഞ്ഞ വെള്ളത്തിൽ കൈതണ്ട കുതിർന്നപ്പോൾ കരുവാളിപ്പ് കുറഞ്ഞതുപോലെ കാഞ്ചനയ്ക്ക് തോന്നി.

തുണിക്കെട്ട് പാറക്കല്ലിൽ കയറ്റിവെച്ച് അവൾ മുകളിലേക്ക് നടന്നു.
ആറ്റുതേക്ക് കിളുന്തുകൾ നിറഞ്ഞ് തുടുത്ത് നില്ല്ക്കുകയാണ്. ആറ്റിലേക്ക് ചാഞ്ഞുനിൽക്കുന്ന കൊമ്പിൽ മുടിനാര് പോലെ പായലുകൾ കൂടിനിൽപ്പുണ്ട്. കൊമ്പിൽ പിടിച്ചു കൊണ്ട് പാറക്കെട്ടിലൂടെ അവൾ മുന്നോട്ടു നടന്നു.
താഴ്ന്ന ചില്ലയിൽ നിന്ന് ഒരു കമ്പൊടിച്ച് അവൾ കൂട് ഇളക്കിവിട്ടു. അത് ചാഞ്ചാടികൊണ്ട് ഒഴുക്കിനോട് ചേർന്നു. അതിന്റെ മുന്നോട്ടുള്ള ഗതിയനുസരിച്ച് അവൾ താഴെ കടവിലേക്ക് ഇറങ്ങിവന്നു.

ഭാണ്ഡക്കെട്ടിലെ വസ്ത്രങ്ങൾ ഓരോന്നായി പുറത്തേക്കെടുത്തു.
ബാക്കിയായ തുണി തുടയ്ക്കരികിൽ തിരുകി. സ്വന്തം പ്രതിബിംബത്തിനു മുകളിൽ അത് മുക്കിയെടുത്തപ്പോൾ ഒന്നിലധികം കാഞ്ചനമാർ ഓളങ്ങളുണ്ടാക്കിയൊഴുകി.
വെള്ളയിൽ നീലവരയുള്ള തുണി മുഴുത്ത വെള്ളാരംകല്ല് വെച്ച് ചുറ്റിപൊതിഞ്ഞ് അവൾ ആറ്റിനക്കരേക്ക് എറിഞ്ഞു. ലക്ഷ്യസ്ഥാനത്തിലെത്താതെ കല്ല് നിലത്തു വീണു.

പരവതാനി പോലെ തുണി ജലപ്പരപ്പിനുമുകളിൽ പരന്നു. അതിനുമുകളിൽ കബീർ എന്ന് വിളിച്ചു കൊണ്ട് ഒരു പക്ഷി പറന്നു.

കൊമ്പിലിരുന്ന് വീണ്ടും നാമജപം നടത്തുന്ന പക്ഷിയെ നോക്കി ചുണ്ടുകൾ എങ്കോണിച്ച് വെള്ളത്തിൽ മുക്കിയെടുത്ത വിഴുപ്പ്തുണി പച്ചക്കണ്ണുകൾ നിറഞ്ഞ കല്ലിലേക്ക് കാഞ്ചന വീശിയടിച്ചു.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


രമേശൻ കാർക്കോട്ട്​

കഥാകൃത്ത്​, അധ്യാപകൻ. കർക്കിടക രാശി, ദൈവത്തിന്റെ കൈ, ചില പ്രതികാര ചിന്തകൾ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments