ചിത്രീകരണം: ദേവപ്രകാശ്‌

മേൽക്കൂരയുടെ തകരങ്ങൾയിടയിലൂടെ വെള്ളം ഒലിച്ചുകൊണ്ടിരുന്നു. പലകകൊണ്ടുള്ള ചുമർ മുഴുവനും നനഞ്ഞിരുന്നു. മഴവെള്ളം ചുമരിന്റെ അടിയിലൂടെയും മുറിക്കുള്ളിൽ കയറി.

ഞാൻ കട്ടിലിന്റെ മുകളിൽ ഇരുന്നു.

വാടകയ്ക്ക് നല്കാനുദ്ദേശിക്കുന്ന തൊട്ടപ്പുറത്തെ മുറി കാണിച്ചുകൊടുക്കാനായി മാർഗരറ്റ് ചേച്ചി ഇന്നാരെയെങ്കിലും കൂട്ടിക്കൊണ്ടുവരാൻ സാധ്യതയില്ല.
അത്രയും ശക്തമായി മഴ പെയ്തുകൊണ്ടിരുന്നു.

തൊട്ടപ്പുറത്തെ മുറിയിൽ താമസിച്ചിരുന്ന ഹൊരവപൊത്താനക്കാരിയായ യുവതി, അവൾ ജോലി ചെയ്തിരുന്ന തുണിമിൽ അടച്ചതിനാൽ വീട്ടിലേക്ക് തിരിച്ചുപോയിരുന്നു.

കാലിയായ മുറിയിൽ താമസിക്കാനായി ഡേനിയ വിളിച്ചുകൊണ്ടു വന്ന വ്യക്തി വാടക വളരെ കുറച്ചു നല്കാനായി ആവശ്യപ്പെട്ടപ്പോൾ അവനോടൊപ്പം ഡേനിയയെയും ശകാരിച്ച്​ ഓടിച്ചുവിട്ടിരുന്നു. അവനെ എന്റെയടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് അവന്റെയടുത്തുനിന്നും അവൾ എന്തെങ്കിലും കാശു വാങ്ങിയിട്ടുണ്ടാകും.

സത്യത്തിൽ ഞാൻ പറഞ്ഞ തുക അധികമാണെന്ന് അവന് തോന്നിയിട്ടുണ്ടാകാം. എന്നാലും അവനോട് സഹതാപം കാണിച്ചാൽ വിധവയായ എനിക്ക് എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുക? എങ്കിലും, എനിക്ക് കുടുംബമോ കുഞ്ഞുങ്ങളോ ഇല്ലെന്നാൽ പോലും, എന്നിൽ മാത്രമാണ് ഞാൻ ശ്രദ്ധ ചെലുത്തേണ്ടതെന്നാൽ പോലും, ആ വ്യക്തിയെക്കുറിച്ച് ഒരല്പം ആലോചിച്ചു നോക്കാമായിരുന്നില്ലേയെന്ന് പിന്നീടെനിക്ക് തോന്നി.

മഴയുടെ ഒച്ചയ്ക്കിടയിലൂടെ ഒരു മോട്ടോർ സൈക്കിളിന്റെ ശബ്ദം ഞാൻ കേട്ടു. ആ ശബ്ദം എന്റെ വീടിന്റെ അടുത്തെത്തി നിലച്ചു. ഈ പെരുമഴയത്ത് എന്റെ വീട്ടിലേക്ക് ആരും വരാൻ സാധ്യതയില്ലാത്തതിനാൽ സ്റ്റെല്ലയുടെ വീട്ടിലേക്കായിരിക്കും വന്നിട്ടുണ്ടാവുക.

‘സന്താ മോളെ...'
മാർഗരറ്റ് ചേച്ചിയാണ് ഇത്രയും ഉച്ചത്തിൽ എന്നെ വിളിക്കാറുള്ളത്.
ഞാൻ വീട്ടിനുള്ളിലെ വെള്ളത്തിലേക്കിറങ്ങി നടന്ന് വാതിൽ തുറന്നു.

കാത്തിരുന്നതുപോലെ മഴയുടെ ബാക്കി ചാറലും വാതിലിലൂടെ വീടിനകത്തേക്ക് പ്രവേശിച്ചു. ചേമ്പിലത്തണ്ട് പിടിച്ചുകൊണ്ട് മാർഗരറ്റ് ചേച്ചി വാതിലിനരികെ നില്പുണ്ടായിരുന്നു. ആ പെരുമഴയത്ത് ചേമ്പിലയുടെ തണ്ടിന് ഭാരം താങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല. മോട്ടോർ സൈക്കിളുകാരൻ മാർഗരറ്റ് ചേച്ചിയുടെ പിറകിൽ നില്പുണ്ടായിരുന്നു.

‘അനിയത്തീ, വാടകയ്ക്ക് ഒരു മുറി അന്വേഷിക്കുകയാണ് ഈ സഹോദരൻ. നിന്റെ മുറി കാണിക്കാനാണ് ഞാൻ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്. നീ പറയുന്ന വാടക തരാൻ ഇയാൾക്ക് സമ്മതമാണ്. ഇന്നുതന്നെ താമസം തുടങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് വന്നിരിക്കുന്നത്.'

മോട്ടോർ സൈക്കിളുകാരന്റെ ഒരു കൈയിൽ ഹെൽമറ്റും മറ്റേ കൈയ്യിൽ അല്പം വലിയ ബാഗുമുണ്ടായിരുന്നു. അയാൾ നന്നായി മഴ നനഞ്ഞിരുന്നു. അയാളുടെയടുക്കൽ ഒരു ചേമ്പില പോലുമില്ലായിരുന്നു.

മാർഗരറ്റ് ചേച്ചി ഡേനിയയെപ്പോലെ കണ്ട കണ്ട ചവറുകളെ കൂട്ടിക്കൊണ്ടു വരാറില്ല. മുമ്പ് ഹൊരവപൊത്താനക്കാരിയായ യുവതിയെ കൂട്ടിക്കൊണ്ടുവന്നതും മാർഗരറ്റ് ചേച്ചി തന്നെയായിരുന്നു.

വന്നത് നാട്ടിൻപുറത്തുകാരിയെപ്പോലെയാണെങ്കിലും അവൾ തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുപോയത് കൊളംബോ ശീമാട്ടിയെപ്പോലെയാണ്.

‘നനയുകയാണല്ലോ സാർ, വീടിനകത്തേക്ക് കയറൂ, സംസാരിക്കാം', അയാൾ പാന്റും മുഴുകൈ ഷർട്ടും ചെരിപ്പുകളും ധരിച്ചതിനാലാണ് ഞാനയാളെ ‘സാർ' എന്നു വിളിച്ചത്. അയാളെ വീട്ടിന്നകത്തേക്ക്​ ക്ഷണിച്ചപ്പോൾ, പുറത്തു നിന്നതിനെക്കാളുമധികം വീട്ടിനുള്ളിൽ നനയുന്നതിനെ അദ്ദേഹം മനസിലാക്കി.
‘നമുക്ക് നേരെ വാടകമുറിയിലേക്ക് പോകാം ചേച്ചീ' എന്നു പറഞ്ഞു അയാൾ.

മാർഗരറ്റ് ചേച്ചി മുന്നിലൂടെ നടന്നു. എന്റെ വീടിനോട് ചേർന്നുകിടക്കുന്ന മുറിയാണ് വാടകമുറി.
‘ഈ മുറിയിലും മഴവെള്ളം കയറുന്നുണ്ടെന്ന് തോന്നുന്നു ചേച്ചി.’
‘അയ്യോ ഇല്ല അനിയാ... ആ വീട്ടിലെ അത്രയുമില്ല’, മാർഗരറ്റ് ചേച്ചി വാതിൽ തുറന്ന് അകത്തേക്ക് കയറി. വാതിലിനടിയിലൂടെ ആ മുറിക്കുള്ളിലും വെള്ളം കയറിയിരുന്നു.
‘കൊളംബൊയിൽ എല്ലായ്‌പ്പോഴും മഴ പെയ്യാറില്ലല്ലോ അനിയാ, മഴ പെയ്താൽ ഈ വീടെന്നല്ല, കൊളംബൊ മൊത്തവും വെള്ളത്തിൽ മുങ്ങുമല്ലോ.'

നവാഗതൻ മുറിക്കുള്ളിൽ കയറിനോക്കി. ആ മുറിയിൽ ഒരു കട്ടിൽ മാത്രമാണ് ഉണ്ടായിരുന്നത്. കണങ്കാൽ വരെയല്ല, കഴുത്തുവരെ വെള്ളം പൊങ്ങിയാൽ പോലും എടുത്തുകൊണ്ടോടാനായി അയാളുടെ കൈയിൽ ഒന്നുമുണ്ടായിരുന്നില്ല. അയാൾ കൈയ്യിലുണ്ടായിരുന്ന ബാഗ് കട്ടിലിന് മീതെ വെച്ചു.
‘അനിയാ, മറ്റെന്തെങ്കിലും സാധനങ്ങളുണ്ടെങ്കിൽ എടുത്തു വരൂ, കസേരയെന്തെങ്കിലും വേണമെങ്കിൽ ഈ സഹോദരി തരും.'
‘വേണ്ട ചേച്ചീ, എനിക്ക് ഈ കട്ടിൽ മാത്രം മതി.’

ഹൊരവപൊത്താനക്കാരിയായ യുവതി പാചകം ചെയ്യാൻ ആവശ്യമുള്ള പാത്രങ്ങളെ പോലും എവിടെനിന്നോ കൊണ്ടുവന്നതാണ്. അവൾ മുറി ഒഴിവാക്കി പോയപ്പോൾ അവയും അവളോടൊപ്പം അപ്രത്യക്ഷമായിരുന്നു. മുറിവാടക ബാക്കിയൊന്നും വെക്കാതെ എനിക്കു നല്കിയ ആ സഹോദരി ഇറങ്ങിപ്പോയതു പോലും തൊട്ടപ്പുറത്തുള്ള ഞാൻ കണ്ടില്ല.

നവാഗതൻ പാന്റിന്റെ പിൻഭാഗത്തെ പോക്കറ്റിൽനിന്ന് പഴ്‌സെടുത്ത് ‘അഡ്വാൻസ് എത്ര വേണം' എന്നു ചോദിച്ചു.

അയാൾക്ക് എന്റെ വാടകമുറി അത്രത്തോളം ഇഷ്ടപ്പെടാൻ കാരണങ്ങളൊന്നുമില്ല. എന്നാലും അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം എനിക്കില്ലല്ലോ.

ഞങ്ങൾ ഇടപാട് കാര്യങ്ങൾ സംസാരിച്ച് തീരുമാനത്തിലെത്തി. ഞാൻ മാർഗരറ്റ് ചേച്ചിയുടെ കൈയ്യിൽ കുറച്ചു പണം വെച്ചുകൊടുത്തെങ്കിലും അവരത് സ്വീകരിച്ചില്ല. ഇതിനു മുമ്പും അവർ എന്നെ സഹായിച്ചതിന് ഇതേപോലെ കാശ് കൊടുത്തപ്പോഴൊക്കെ ഒരിയ്ക്കലും അവർ അത് കൈകൊണ്ടിരുന്നില്ല. ആ ചേരിയിൽ ആരെങ്കിലും എന്റെ വീടിനരികെ വന്ന് അലറിയാൽ പോലും മാർഗരറ്റ് ചേച്ചിയാണ് ഓടിവന്ന് എന്നെ രക്ഷിക്കുന്നത്.

പിറ്റേന്ന് അതിരാവിലെത്തന്നെ മോട്ടോർ സൈക്കിളിന് ജീവൻ വെക്കുന്ന ശബ്ദവും, അത് കവല വരെ ചെന്നു മറയുന്ന ശബ്ദവും കേട്ടു.

അയാൾ അന്ന് പാതിരാത്രി വരെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വരും. പോകും. രാവിലെ പോയാൽ വൈകീട്ട് വരും. വൈകീട്ട് പോയാൽ രാവിലെ വരും. ചിലപ്പോൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചുവരും. ചിലപ്പോൾ കുറേ ദിവസങ്ങൾക്ക് ശേഷം തിരിച്ചു വരും. ചിലപ്പോൾ എങ്ങോട്ടും പോകാതെ മുറിക്കുള്ളിൽ തന്നെ അടച്ചു കിടക്കും.

അന്നും അയാൾ എങ്ങോട്ടും പോയില്ല. സാധാരണ തകരാറ് സംഭവിക്കാറുള്ള ബൈക്കിന് അന്നും തകരാറ് സംഭവിച്ചു. അയാൾ മുറ്റത്ത് നിലത്തിരുന്നുകൊണ്ട് മോട്ടോർസൈക്കിളിന്റെ കേടുപാടുകൾ തീർത്തുകൊണ്ടിരുന്നു. അയാളുടെയും എന്റെയും പൊതുമുറ്റമായിരുന്നു അത്. ഞാൻ അയാളുടെ അരികിലേക്ക് ചെന്ന് കുത്തിയിരുന്നു. അയാൾ തന്റെ പണി നിർത്താതെ തന്നെ എന്നെ നോക്കി.
‘എന്താണ്. സഹായിക്കാൻ വന്നതാണോ?'
പിശുക്കി ചെറുതായി ചിരിച്ച് എന്നോടു ചോദിച്ചുകൊണ്ട് അയാൾ തന്റെ ജോലി തുടർന്നു. മോട്ടോർ സൈക്കിളിനെക്കുറിച്ച് എനിക്കൊന്നും തന്നെ അറിയില്ല. അയാൾ കളിയാക്കിയിട്ടാണ് ചോദിച്ചത്. അയാൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്കറിയില്ലെങ്കിൽ പോലും ഞാൻ മോട്ടോർസൈക്കിളിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

അയാളതിൽ എന്തൊക്കെയോ ചെയ്തു. അയാളുടെ വിരലുകളിൽ എണ്ണപ്പശ പുരണ്ടിരുന്നു. ഞാൻ അയാളെയും അയാളുടെ ബലമുള്ള വിരലുകളെയും എനിക്കറിയാത്ത ആ ജോലിയെയും നോക്കിക്കൊണ്ടേയിരുന്നു.

മുമ്പ് ഹൊരവപൊത്താനക്കാരിയായ സഹോദരി രാവിലെ ജോലിക്കു പോയാൽ രാത്രിയാണ് മുറിയിലേക്ക് മടങ്ങിവരിക. അവളുടെ വിളറിയ മുഖത്തെ ഞാൻ വ്യക്തമായി നോക്കിയിട്ടു പോലുമില്ല. ഇയാൾ മുറിയിൽ തന്നെ കഴിയുന്നതിനാൽ സംസാരിക്കാനായി ഒരാളെ കിട്ടിയെങ്കിലും, ആളൊരു മിതഭാഷിയാണ്. അപൂർവ്വമായാണ് അയാൾ പുഞ്ചിരിക്കുന്നത്. ക്ഷണികമായി മാത്രം എന്നെ നോക്കുന്നു. അവ എനിക്ക് ആവശ്യമില്ലാത്തതാണ്. അയാൾ എന്നെ നോക്കുന്നില്ല എന്നതിനെയും ചേർത്ത് ഞാൻ അയാളെ നോക്കിക്കൊണ്ടിരുന്നു.

‘യാഥാർത്ഥത്തിൽ സാറിന്റെ പേരെന്താണ്?'
‘രഘുനാഥൻ. എന്നെ സാറേ, സാറേയെന്ന് വിളിക്കാതിരിക്കൂ.’
രഘുനാഥൻ അപൂർവ്വമായി പുഞ്ചിരിച്ചെങ്കിലും അതൊരു മനോഹരമായ പുഞ്ചിരിയായിരുന്നു.

തവിട്ടുനിറത്തിലുള്ള കണ്ണുകളായിരുന്നു അയാൾക്ക്. ആ കണ്ണുകൾ കുഴിഞ്ഞിരുന്നു. ആർക്കും സുന്ദരമായി തോന്നാത്ത ആ കണ്ണുകൾ എനിക്ക് മനോഹരമായി തോന്നി. തുളച്ചുകയറുന്ന നോട്ടമായിരുന്നു രഘുനാഥന്.
മോട്ടോർസൈക്കിളിന്റെ ഭാഗങ്ങളെ ഓരോന്നായി അഴിക്കുമ്പോൾ ഇടയ്ക്കിടെ ഒന്നോ രണ്ടോ വാക്കുകളും ഉരിയാടി.

‘പൊട്ട് വെച്ചിരുന്നെങ്കിൽ ഒന്നൂടെ അഴകുണ്ടാകുമായിരുന്നു.'

രഘു എന്നെ നോക്കിയ ശേഷം കണ്ണുകളെ ദൂരേ എങ്ങോട്ടോ പായിച്ചുകൊണ്ട് പറഞ്ഞു. ജീവിതത്തിൽ ആദ്യമായി ‘ഞാൻ ഏതു വംശത്തിൽ പെട്ടവൾ' എന്നതിനെ ഓർമിച്ചുനോക്കി. സിംഹളത്തി എന്നു പറയാൻ എന്റെ പേരും മൊഴിയുമാണ് എന്റെയടുക്കലുള്ളത്. മറ്റുള്ളവരുടെയടുത്ത് ഇതല്ലാതെ വേറെയേന്തെങ്കിലുമുണ്ടോയെന്ന് ആലോചിച്ചുനോക്കി. അവരുടെയടുത്ത് ഉള്ളതും ഇവ മാത്രമല്ലേ?

പാർവതിച്ചേച്ചിയുടെ ഉടൽ മുഴുവനും എപ്പോഴും തമിഴ് അടയാളങ്ങൾ നിറഞ്ഞിരിക്കും. സഫ്രീന ഇത്തയുടെയടുത്തും അങ്ങനെ തന്നെ. തല മുതൽ പാദം വരെ മുഴുവനായി മറച്ചിരുന്ന അവരെ പുറത്തു കണ്ടിരുന്നതും അപൂർവ്വമാണ്.

എനിക്കെവിടെനിന്നാണ് പൊട്ട്?
എനിക്കെവിടെനിന്നാണ് മൈലാഞ്ചി?
എനിക്കെവിടെനിന്നാണ് സാരിയും മാലയും?
എനിക്കെവിടെനിന്നാണ് പർദ്ദ?

ഞാൻ ആർക്കും ഒന്നിനും അവകാശമില്ലാത്ത അന്യയാണെന്ന് സ്വയം ബോധ്യപ്പെട്ടു. എന്റെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണീർത്തുള്ളികളെ മറയ്ക്കാൻവേണ്ടി എത്രതന്നെ മുതിർന്നെങ്കിലും രഘുവിന്റെ കാഴ്ചയിൽനിന്ന് ഒളിക്കാൻ അവയെക്കൊണ്ട് സാധിച്ചില്ല. രഘു എന്റെ കണ്ണീരിനെ വായിക്കാൻ ശ്രമിച്ചു. അയാളെന്നെ ആശ്വസിപ്പിക്കാനും ചിരിപ്പിക്കാനും യത്‌നിച്ചു. എന്നിരുന്നാലും വ്യാജമായി ചിരിക്കാൻ അയാളെക്കൊണ്ട് സാധിക്കില്ലെന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു. രഘു തന്റെ എണ്ണ പുരണ്ട വിരൽകൊണ്ട് എന്റെ നെറ്റിയിലൊരു പൊട്ട് കുത്തി. അപ്പോഴത്തെ രഘുവിന്റെ പുഞ്ചിരിയിൽ സത്യമടങ്ങിയിരുന്നു.

കവലയിലെ ഹോട്ടലിൽനിന്നാണ് രഘു സാധാരണയായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. ഞാൻ പാകം ചെയ്യുന്ന ഭക്ഷണത്തിൽ നിന്നൊരു പാതി അയാൾക്ക് കൊടുക്കാൻ ഞാൻ എത്രതന്നെ ശ്രമിച്ചെങ്കിലും, അതെനിക്ക് ഭാരമാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

ചില ദിവസങ്ങൾ രാത്രിസമയത്ത് മുറിയിലേക്ക് മടങ്ങുമ്പോൾ ഹോട്ടലിൽനിന്ന് കൊത്തുപൊറോട്ട വാങ്ങിക്കൊണ്ടുവരും. അതിൽനിന്ന് പാതി എനിക്കുതരും. എന്നോട് ഭക്ഷിക്കാൻ പറയുമെന്നല്ലാതെ ഒരിയ്ക്കലും കഴിക്കാൻ നിർബന്ധിച്ചിരുന്നില്ല. ഞാൻ ഭക്ഷണം കഴിച്ച് തീരുന്നതുവരെ അയാൾ വളരെ പതിയെ ഭക്ഷണം കുഴച്ചുകൊണ്ടിരുന്നുവെന്നല്ലാതെ കഴിച്ചില്ല. ഞാൻ വയറു നിറയെ കഴിക്കുന്നതും കാത്ത് അയാൾ ഭക്ഷണം കഴിക്കാതിരുന്നതാകാം.

അയാളുടെ പക്കൽനിന്ന് വാടകക്കാശ് വാങ്ങാൻ എന്റെ മനസ്സ് സമ്മതിച്ചില്ല. എന്നാൽ വാങ്ങിയില്ലെങ്കിൽ എന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമല്ലാത്തതിനാൽ ഞാൻ പണം വാങ്ങി. കാശു വേണ്ടെന്നുപറഞ്ഞ ഒരു മാസം രഘു എനിക്ക് ചെറിയ ചെറിയ പൂക്കളുള്ള ഒരു സാരിയും കുറെ വളകളും വാങ്ങിക്കൊണ്ടുവന്ന് സമ്മാനിച്ചു. അതുവരെ ഞാനെന്റെ ജീവിതത്തിൽ ഒരിക്കൽപോലും സാരിയുടുത്തിരുന്നില്ല.

‘എനിക്ക് സാരിയുടുക്കാൻ അറിയില്ല.’
ധരിച്ചിരുന്ന പാവടയ്ക്കും കുപ്പായത്തിനും മീതെ രഘു എന്നെ സാരിയുടുപ്പിച്ചു. കൈകൾ മുഴുവനും മൂടുംവിധം ഇരു കൈകളിലും വളകളണിയിച്ചു.
‘ഒരു പൊട്ടൂടെ', ഞാൻ ചോദിച്ചു.
‘ആവശ്യമില്ല, ഇപ്പോൾ തന്നെ സുന്ദരമാണ്.’

എന്തോ, രഘു എന്നെ സുന്ദരീ, സുന്ദരീ... എന്നു വിളിച്ചപ്പോഴും ഞാനത്രത്തോളം സുന്ദരിയല്ലായെന്ന കാര്യമെനിക്കറിയാമായിരുന്നു. എന്നാലും രഘു വെറുതെ മുഖസ്തുതി പറയില്ലെന്നും എനിക്കറിയാമായിരുന്നു. രഘുവിന് ഞാൻ സുന്ദരിയായി തോന്നിയിട്ടുണ്ടാകാം.

വെയിലേറ്റ് വാടുകയും മഴയിൽ അലിയുകയും ചെയ്ത എന്നെ ജീവിച്ചിരുന്ന കാലത്ത് എന്റെ ഭർത്താവ് സുന്ദരിയെന്ന് ഒരിക്കൽ പോലും വിളിച്ചിരുന്നില്ല.

എന്റെ മുറിയുടെ ചുവരിലെ പലകകൾക്കിടയിലൂടെ രഘുവിന്റെ മുറി ദൃശ്യമായിരുന്നു. ആ വിടവിലൂടെ രഘുവിനെ കണ്ടുകൊണ്ടിരിക്കുന്നതിൽ പരം ആനന്ദം എനിക്ക് മറ്റേതുമില്ലായിരുന്നു.

എന്നാൽ രഘു ആ വിടവിലൂടെ എന്നെ നോക്കുന്നില്ലായെന്നുള്ള കാര്യം എനിക്ക് നന്നായി അറിയാം. എല്ലായ്‌പ്പോഴും ലോകത്തിന്റെ മുഴുവൻ ഭാരത്തെയും തലയിൽ കയറ്റി വെച്ചതുപോലെ കാണപ്പെട്ടിരുന്ന രഘു, സ്വസ്ഥമായ നീണ്ടയുറക്കത്തിൽ മുഴുകിയിരിക്കുന്നുണ്ടായിരിക്കും.

രഘു അറിയാതെ ആ വിടവിലൂടെ വേണ്ടുവോളം അയാളെത്തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി എനിക്ക് മറ്റൊന്നും നൽകിയില്ല.

ജനിച്ചപ്പോൾ തൊട്ടുള്ള എന്റെ ഓട്ടം നിർത്തി വിശ്രമിക്കുന്നതുപോലെ ഞാൻ അപ്പോൾ അനുഭവിക്കും. ഉണർന്നിരിക്കുന്ന ഏറെ സമയവും രഘു വയർ കെട്ടുകളും തകിട് തുണ്ടുകളുമായി എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നുണ്ടാവും.

പൊടുന്നനെ ഒരു ദിവസം ചേരിയിലേക്ക് പൊലീസുകാർ വന്നു. എന്റെ തൊട്ടപ്പുറത്തെ മുറിയിൽ ഇളക്കിമറിച്ച് തിരച്ചിൽ നടത്തി. അധികാരികൾ രഘുവിന്റെ മുറിയിലേക്ക് കടക്കുമ്പോൾ അയാൾ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പൊലീസുകാർ അയാളെ പിടിച്ച് ജീപ്പിൽ കയറ്റി. രഘുവിന്റെ മോട്ടോർസൈക്കിളിനെയും വയർകെട്ടുകളെയും തകിട് തുണ്ടുകളെയും ജീപ്പിൽ കൂട്ടിയിട്ടു.

ഇവയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ രഘു എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഇതെല്ലാം എപ്പോഴെങ്കിലുമൊരിക്കൽ സംഭവിക്കുമെന്നതിനെ പ്രതീക്ഷിച്ചിരുന്നതുപ്പോലെ എല്ലാത്തിനെയും വളരെ നിസ്സംഗമായി അഭിമുഖീകരിച്ച രഘു, തന്റേതായ ഒരേയൊരു സ്വത്തിനെയും തട്ടിയെടുക്കപ്പെടുകയാണെന്ന തോന്നലുള്ളയാളെപ്പോലെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

രഘു എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നതല്ലാതെ സയനൈഡ് വിഴുങ്ങിയില്ല. രഘുവിനെ പിടിച്ചുകൊണ്ടുപോകരുതേയെന്ന് അധികാരികളോട് ഞാൻ എത്രതന്നെ കരഞ്ഞുനിലവിളിച്ച് കെഞ്ചിയെങ്കിലും അവർ അത് ചെവികൊണ്ടില്ല.

പൊലീസുകാർ രഘുവിനെ കൊണ്ടുപോയി. ആ ചേരിയിലെ ജനങ്ങളെല്ലാം ചുറ്റുംകൂടി നിർവ്വികാരരായി ആ രംഗം നോക്കിനിൽക്കുമ്പോൾ, ഞാൻ മാത്രം കരഞ്ഞുനിലവിളിച്ച്​ ജീപ്പിന് പിറകെയോടി. സാധാരണ എന്നെ സഹായിക്കാനായി ഓടിവരാറുള്ള മാർഗരറ്റ് ചേച്ചി പോലും അന്ന് എനിക്കുവേണ്ടി ഒരടി മുന്നോട്ട് വെക്കാൻ തുനിഞ്ഞില്ല.

ആ ദിവസം വരെ അങ്ങനെയൊന്നും എന്നെ നോക്കിയിട്ടില്ലാത്ത രഘു, അന്ന് കണ്മറയുന്നതുവരെ എന്നെത്തന്നെ നോക്കിക്കൊണ്ടിരുന്നു. എന്റെ നിലവിളി ശബ്ദം ചെന്നെത്തുന്ന അതിരുവരെ ശ്രമപ്പെട്ടാണെങ്കിലും രഘു അത് കേട്ടിട്ടുണ്ടായിരിക്കും.

മാസങ്ങൾക്കുമുമ്പ്, ഞാൻ പ്രസവിക്കാനിരിക്കുന്ന കുഞ്ഞിന്റെ അച്ഛനായ എന്റെ ഭർത്താവ്, ഓറഞ്ചുകുട്ട തലയിൽ ചുമന്ന് അന്നന്നത്തെ വരുമാനത്തിനായി അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ പുറക്കോട്ടൈ ബോംബുസ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

ആ ദിവസം ഞാൻ അനുഭവിച്ചതുപോലൊരു വിഷമം അന്ന് പൊലീസ് ജീപ്പിലിരുന്ന് രഘു എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ എന്നെയാകെ പൊതിഞ്ഞിരുന്നു.

അതിനുശേഷം രഘു ഒരിയ്ക്കലും മടങ്ങിവന്നതേയില്ല.▮

(എം. റിഷാൻ ഷെറീഫിന്റെ തമിഴ് മൊഴിമാറ്റത്തെ അവലംബിച്ച് ചെയ്ത സ്വതന്ത്ര വിവർത്തനം.)


എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തക്ഷില സ്വർണമാലി

സിംഹള സാഹിത്യത്തിലെ പുതിയ തലമുറയിലെ എഴുത്തുകാരി. കവി, കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപിക. ശ്രീലങ്കയിലെ ഗംപഹ എന്ന സ്ഥലത്താണ് ജനിച്ചത്. അക്കലട്ട ആക്കലട്ട അകുലട്ട, കെലു ലേ ലൂ വിലവുൻ പഹാലുമ (കവിതാ സമാഹാരങ്ങൾ), സംഗ്വേഗപ്രാപ്ത പെംവത്തുൻ, ഹരിത്തരെസ് കവുളുവട്ട, അവസൻ പുഹൂമൻ പുതാ, കെമിദുലെൻ നിക്മുന താ (കഥാസമാഹാരം), ബീഡി (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments