‘നിനെയ്ത്തു നിനെയ്ത്തു പാർത്താൽ
നരുങ്കി അരികിൽ വരുേവൻ,
ഉന്നാൽ താനേ നാേന വാഴിേറൻ,
ഉന്നിൽ ഇൻ ടു എന്നെ പാർക്കിേറൻ’
(നാ. മുത്തുകുമാർ, 7G റെയ്ൻബോ കോളനി).
നാ. മുത്തുകുമാർ* മരിച്ചതിൽ പിന്നെ നളിനി പാട്ടുകൾ കേൾക്കാറില്ല. വല്ലപ്പോഴും പാലക്കാട്ട് നിന്നും കഞ്ചിട്ടേക്കൂട്ടിലേക്കുള്ള ബസിൽ കയറുമ്പോഴോ, മാരിയമ്മൻ കോവിൽ റോഡിലൂടെ നടക്കുമ്പോഴോ അങ്ങനെ കയ്യിൽ താക്കാലില്ലാത്ത ചില ജീവിതസന്ധികളിലൊഴിച്ച് പാട്ടുകൾ ഓർമകളായി.
പുലിമല കയറി നെറുകിലെ കരിമ്പാറയുടെ പുറത്തിരിക്കുമ്പോൾ നളിനി അമ്മയെയും മുത്തുകുമാറിനെയും മാറിമാറി ഓർത്തു. നാല്പത്തിയൊന്നാമത്തെ വയസ്സിൽ മുത്തുക്കുമാർ* മരിക്കുമ്പോൾ നളിനിക്ക് മുപ്പത്തിയൊന്നാണ് പ്രായം. അത് ഒരു മനുഷ്യന് ജീവിക്കാനുള്ള പ്രായമാണ്. മരിച്ചു പോയെങ്കിൽ അയാൾ അത്രത്തോളമുണ്ടായിരിക്കുമെന്ന് നളിനി ആശ്വസിച്ചു. സെവൻജി റെയിൻബോ കോളനിയിലെ കതിർ കൺമുൻപിൽ മരിച്ചുപോയ കാമുകിയെ വീണ്ടും വീണ്ടും കാണുന്നതുപോലെ നളിനി മുത്തുകുമാറിനോട് ശബ്ദമില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു. പുലിമലയിലിരുന്ന് മുത്തുക്കുമാറിന്റെ വരികൾ ശബ്ദം പുറത്തു വരാതെ പാടി.
‘കഥയ് പേസി കൊേണ്ടയ് വാ കാത്തോട് പോേവാം ഉരയാടൽ തീർ കാലുമുൻ മൗനങ്കൾ പോതും’.
ഓർമകളിൽ എവിടെനിന്നോ അത് പൊങ്ങിവന്നു. ഇഷ്ടമുള്ള പാട്ടുകൾ പലതും ഇപ്പോൾ നളിനിക്ക് ഓർമയിലില്ല. ഇരുട്ട് പരക്കും മുമ്പ് കാട്ടാനയിറങ്ങും മുമ്പ് സാരി കുടഞ്ഞണീറ്റ് നളിനി മലയിറങ്ങി. തലയുടെ പിന്നിൽ നിന്ന് വേദന ഇരച്ചുകയറി. നെറ്റിയും തലയും പിളർന്നു. ബാഗിൽ നിന്ന് കറിപാത്രം തുറന്ന് ഒരു കൽക്കണ്ടത്തിന്റെ കട്ടെയടുത്ത് വായിലിട്ടു. കോവിലിൽ നിന്നുള്ളത്. ഷുഗർ കുറഞ്ഞ് തല കറങ്ങിയാൽ മാരിയമ്മൻ കോവിലെ കൽക്കണ്ടം വായിലിട്ടാൽ മതി. ചൂടാണ്. കഞ്ചിട്ടോട്ട കാറ്റിനും മഞ്ഞിനും ശ്വാസത്തിനും ചൂടാണ്. നളിനിയുടെ മേൽചുണ്ടിനും മുക്കിനുമിടയിൽ മീശപോലെ വിയർത്തു തുളികൾ നാമ്പിട്ടുകൊണ്ടിരുന്നു. വീട്ടിലേക്കുള്ള ഒരു മൈൽ ദൂരം താളം തെറ്റിയാണ് നടന്നത്. കതക് തുറന്ന് ബാത്റൂമിലേക്കിറങ്ങി അല്ലാക്കിൽ വിരലിട്ട് ശർദ്ദിച്ചു. ശർദ്ദിലിൽ ദഹിച്ചരഞ്ഞ വറ്റും മുരിങ്ങയിലയും കൊഴുത്തു കിടന്നു. വായ കഴുകി വെള്ളം കുടിച്ച് മുടിയൊതുക്കി കെട്ടി നളിനിയുറങ്ങി.
നീണ്ട ഉറക്കം കഴിഞ്ഞ് ഉണരാൻ വൈകി. ഒഴിവുദിവസങ്ങളിൽ അങ്ങനെയാണ്. വൈകിയാണുണരുന്നത്. ഇഞ്ചി ചതച്ച് ചായക്ക് വെള്ളം വച്ച് നളിനി വാതിൽ തുറന്നു. മുടി ചീകി ഒതുക്കി. പാൽപാത്രമെടുത്ത്. പാലെടുത്തോഴിച്ച് പാത്രം കഴുകി പുറത്തു തൂക്കി. ചായ കാച്ചി വീടിനു പുറത്തേക്കിറങ്ങി. മുറ്റമെന്ന് വിളിക്കുന്ന ഇത്തിരിപ്പോന്ന സ്ഥലത്ത് തിരക്കി നിൽക്കുന്ന രണ്ടും മൂന്നും മരങ്ങളും കൈവിരലിലെ ആവുന്ന പ്ലാസ്റ്റിക്കിൽ ചട്ടികളിൽ വളരുന്ന ചെടികളും നോക്കിയിരുന്നു. നളിനിയുടെ വീടിനു ചുറ്റുമുള്ള പാറമണ്ണ് നട്ടുപിടിപ്പിച്ച ചെടികളെ വാട്ടികളയാൻ വ്യഗ്രത കാട്ടി. കഞ്ചിട്ടോട്ട ചൂടുകാറ്റിൽ മുള്ളുകളുള്ള കടലാസ് ചെടികൾ മാത്രം വളർന്നു. അതിൽ റോപ്പും വെള്ളയും നിറത്തിൽ പൂക്കളുണ്ടായി. ഹൈവേയിലും ഓരത്തുള്ള വീട്ടിലും സ്കൂൾ പറമ്പിലും കോവിലിലുമൊക്കെ കടലാസ് പൂക്കളുടെ തോട്ടമുണ്ടായി. നളിനി നട്ട സീതാ വൃക്ഷവും ചെമ്പകവും മാത്രം മറ്റേതോ ഭൂമികയിലെ പോലെ മുറ്റത്തെ തിരക്കി പടർന്ന് പന്തലിച്ച് നിന്നു. പ്ലാസ്റ്റിക് ചട്ടിയിൽ ഓർക്കിഡ് ചെടികൾ ആരോഗ്യത്തോടെ നിന്നു. നളിനിയുടെ ഓർമ ശരിയാണെങ്കിൽ കാഞ്ചീപുരത്തു പോയപ്പോൾ പറിച്ചെടുത്ത് കൊണ്ടുവന്നതാണ് ഓർക്കിഡ് ചെടികൾ. അഞ്ച് കൊല്ലമായിട്ടും ഒരു പൂവു പോലും വിരിഞ്ഞ് കണ്ടിട്ടില്ല. എന്ത് ചെടിയാണെന്ന് അറിഞ്ഞ് പറിച്ചതൊന്നുമല്ല. എന്തോ കണ്ടപ്പോൾ പറിക്കണമെന്ന് തോന്നി. കഞ്ചിട്ടോട്ട് കാണാത്ത പൂവാണ് എന്നേ അന്ന് മനസിലായുള്ളൂ. കാഞ്ചീപുരത്തെ ചെടി കഞ്ചിട്ടോട്ട് പൂക്കാത്തതെന്താണെന്നറിയാൻ മാത്രം നളിനി ആലോചിച്ചിട്ടില്ല. ഒരിക്കലെങ്കിലും പൂത്തിരുന്നുവെങ്കിൽ എന്ന് നളിനി ആഗ്രഹിച്ചു. പ്ലാസ്റ്റിക് കമ്പനിയിൽ പോകേണ്ടാത്ത ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലും ഓർക്കിഡുകളെ പ്രത്യേകമായി പരിചരിച്ചു.

എന്നും ആറ് മണക്കെഴുന്നേറ്റ് ചോറ് വച്ച്, കറിയുമുണ്ടാക്കി, കുറച്ച് കഴിച്ച്, ബാക്കി നിറച്ച് ഏഴര മണിക്കിറങ്ങുന്നതിന് മുമ്പ് കാനിൽ നിന്ന് സ്റ്റീൽ ഗ്ലാസിലേക്ക് വെള്ളമെടുത്ത് ഓർക്കിഡിനൊഴിച്ചു.
സാരി ചുറ്റി സഞ്ചിയെടുത്ത് രണ്ട് മൈൽ നടന്ന് പ്ലാസ്റ്റിക് കമ്പനിയിലെത്തിയാൽ പിന്നെ അഞ്ച് മണി വരെ കലപിലയാണ്. എല്ലാവരും പറയുന്നത് നളിനി ചുറ്റുമുള്ളതൊന്നും അറിയുന്നില്ല എന്നാണ്. അവളുടെ കിളി ആരുടെയോ കൂടെ പറന്നു പോയി എന്ന് കൂടെ പഠിച്ച ചെമ്പകവും ഒരിക്കൽ പറയുകയുണ്ടായി. പാൽ കൊണ്ടുവരുന്ന ആനന്ദൻ പാലിന്റെ കുപ്പി കൂടാതെ ചില കുപ്പിയും കവറുമൊക്കെ നളിനിയുടെ വീട്ടിലേക്ക് കൊണ്ടുപോരുന്നത് ചിലരൊക്കെ കണ്ടിട്ടുണ്ട്. നളിനിയെ കാതലിക്കണമെങ്കിൽ കുറച്ച് വട്ട് വേണമെന്നുമുള്ള വർത്തമാനവും കമ്പനിയിൽ ഉണ്ട്. ആനന്ദനെ പറ്റി വലിയ വിവരമില്ലാത്തതുകൊണ്ട് അതിൽ നിന്ന് കൂടുതൽ കഥകളൊന്നും പൊങ്ങിയില്ല. നളിനിയോടായി ആരും ഒന്നും ചോദിച്ചതുമില്ല. നളിനിയായിട്ട് ഒന്നും പറഞ്ഞതുമില്ല.
ചെമ്പകത്തിന്റെ വീട്ടിൽ നിന്നാണ് നളിനി അമ്മയുള്ള കാലം തൊട്ട് പാൽ വാങ്ങിയിരുന്നത്. രാവിലെ മാത്രമേ പാലൊഴിച്ച ചായയുള്ളൂ. നളിനിയുടെ അച്ഛൻ ഉണ്ടായിരുന്ന കാലം മുതലുള്ള ശീലമാണ്. രാവിലത്തെ രണ്ട് ചായയ്ക്കുള്ള ഉരിപാൽ. അത് നളിനിയുടെ അമ്മയും പിന്നീട് നളിനിയും മുടക്കാതെ വാങ്ങി. നളിനിയുടെയും ചെമ്പകത്തിന്റെയും അമ്മ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് മരിച്ചത്. നളിനി പിന്നെയും കുറെ മാസങ്ങൾ കഴിഞ്ഞിട്ടാണ് അവിടെ വാടകയ്ക്ക് വന്ന ആനന്ദന്റെ പാൽ ഏർപ്പാട് ചെയ്തത്.
രണ്ട് മൂന്ന് കൊല്ലമായിട്ട് അങ്ങനെയാണ്. നാഴി തൂക്കുപാത്രത്തിൽ ഉരി പാൽ. അത്രയേ നളിനിക്ക് വേണ്ടൂ. ആറ് മണിക്ക് വന്ന് പാൽപാത്രം നളിനിയുടെ മുറ്റത്തെ സീതാ വൃക്ഷത്തിന്റെ കൊമ്പിൽ തൂക്കിയിട്ട് പോവും. മെലിഞ്ഞ കൊമ്പിന്റെ തൊട്ടു മുകളിൽ നീണ്ട കട്ടിയുള്ള ഇലകളുള്ള ഒരു ചെടി തേങ്ങാ ചകിരിയും കരിങ്കട്ടയിലും വേരുകൾ പടർത്തി നിൽക്കുന്നത് ആനന്ദൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. ഇലകൾ മാത്രമുള്ള ആ ചെടിയുടെ വേരുകൾ പാൽ പാത്രം തൂക്കിയിടുന്ന കൊമ്പിനടുത്തേക്ക് കുറേശ്ശയായി വളരുന്നുണ്ട്. ആനന്ദനും പൂക്കളില്ലാത്ത ഇലച്ചെടിയിൽ ഇടക്കെ ഒക്കെ തൊട്ടു നോക്കി. പ്ലാസ്റ്റിക്കല്ലെന്നു ഉറപ്പാക്കി. ജൂലൈ -ആഗസ്റ്റായപ്പോൾ സീതാവൃക്ഷം പൂത്തു. കശുവണ്ടി മുളച്ചപോലെ മിനുത്ത കായകൾ ഉണ്ടായി. അത് നിറയെ സീതാപഴമുണ്ടായി. ഒരു മഴ കഴിഞ്ഞപ്പോൾ ചെമ്പകത്തിൽ വെള്ളമൊട്ടുകൾ കൈകൂപ്പി നിന്നു. മണമുള്ള ചെറിയ ചെമ്പക പൂക്കൾ വിരിഞ്ഞു. പൂക്കളില്ലാത്ത ഇലചെടി ചെമ്പക കൊമ്പിലും വേരുചുറ്റി നിന്നു. നാല് ഭാഗത്ത് വച്ച ചട്ടിയിലും നിറച്ച കരിങ്കട്ടക്കും ചകിരിതൊണ്ടിലും വേര് വിരിച്ച് ഇല ആകാശത്തേക്ക് പടർത്തി നിന്നതും ഒരേ ഇലച്ചെടിയാണെന്ന് പിന്നെയും കുറെ കഴിഞ്ഞാണ് ആനന്ദൻ കണ്ടുപിടിച്ചത്. ഒരു ദിവസം ആനന്ദൻ പാൽ പാത്രം തൂക്കി ചെമ്പകത്തിന്റെ ചുവട്ടിൽ കാത്ത് നിന്നു. ഉണക്കി പൊടിച്ചെടുത്ത ആട്ടിൻക്കാട്ടം ഒരു കവറിൽ കെട്ടി പൊതിഞ്ഞ് നളിനിയുടെ കൈയിൽ കൊടുത്തു. ‘കൊള്ളാം പോോട്ട് പാക്കലാമേ’

നളിനി അന്നാണ് ആനന്ദന്റെ ശബ്ദം ശ്രദ്ധിക്കുന്നത്. അതുവരെയും മാസാവസാന കൊടുക്കുന്ന പൈസയുടെ നേരത്തുള്ള കാഴ്ചയാണ് ഉണ്ടായിരുന്നുള്ളൂ. നളിനി ചിരിച്ച് പാലെടുത്ത് വീടിനകത്തേക്ക് പോയതല്ലാതെ ഒന്നും പറഞ്ഞില്ല. മുടി മെടഞ്ഞ് സാരിയുടുത്ത് ചോറ്റുപാത്രവും വെള്ളക്കുപ്പിയും സഞ്ചിയിലിട്ട് കമ്പനിയിലേക്ക് നടന്നു.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആനന്ദൻ പാൽ പാത്രം ചെമ്പക കൊമ്പിൽ തൂക്കിയിട്ട് നളിനി വാതിൽ തുറക്കാൻ കാത്തു നിന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പിടിച്ച ഒരു ചിരട്ട മണ്ണ് ചെമ്പകത്തിന്റെ ചുവട്ടിൽ വച്ചു. നളിനി കണ്ടു കാണുമെന്ന് ഉറപ്പുവരുത്തി ആനന്ദൻ തിരിച്ചു പോയി.
പിറ്റേന്ന് ആനന്ദൻ പാല് തൂക്കിയിട്ട് നളിനി വാതിൽ തുറക്കുന്ന വരെ കാത്തു നിന്നു. ഒന്നും സംസാരിച്ചില്ല. ആനന്ദൻ ചുമരിനാട് ചേർത്തു വച്ച ഒരു ചട്ടിയെടുത്ത് സീതാവൃക്ഷത്തിന്റെ ചുവട്ടിൽ കൊണ്ടുവച്ചു. ചെമ്പകത്തിന്റെ ചുവട്ടിലെ കവറിലാക്കി വച്ച മണ്ണ് എടുത്ത് നളിനി സീതാ വൃക്ഷത്തിന്റെ ചുവട്ടിലേക്ക് മാറ്റി വച്ച ചട്ടിയിലിട്ടു. നളിനി ഒന്നും മിണ്ടാതെ നോക്കി നിന്നു. പാൽപാത്രമെടുത്ത് അകത്തേക്ക് പോയി. തിരിച്ച് കൊണ്ടുവന്ന് പാത്രം കൊടുക്കുമ്പോൾ നിർവികാരം ആനന്ദന്റെ മുഖത്തേക്ക് നോക്കി. അകത്തേക്ക് തിരിച്ച് പോയി. നളിനി ഇഞ്ചിചായയുണ്ടാക്കി. അടുപ്പൂതി ചോറ് വച്ചു. കറി വച്ചു. കുറച്ച് കഴിച്ച്, ബാക്കി ചോറ്റു പാത്രത്തിലാക്കി, സഞ്ചിയിലിട്ടു. പ്ലാസ്റ്റിക് കമ്പനിയിലേക്ക് നടന്നു. തിരിച്ചും.
▮
II
ആഗസ്റ്റ് 14.
നളിനി കഞ്ചിട്ടോട്ട പുലിമല വീണ്ടും നടന്ന് കയറി. കാഞ്ചീപുരത്ത് പൂത്തു നിന്ന മഞ്ഞ നിറമുള്ള കുഞ്ഞി പൂക്കളുള്ള വീടിന്റെ മുറ്റം നളിനിക്കോർമ വന്നു. നിറയെ മഞ്ഞ പൂക്കളുണ്ടാവുന്ന മലകളുണ്ടെന്ന് നളിനി കേട്ടിട്ടുണ്ട്. അടുപ്പുകുത്തി മലയിൽ കുറ്റി പുല്ലുകളാണ്. പച്ചയും മഞ്ഞയും കലർന്നത്. കരിമ്പാറകൾക്കിടയിൽ കാറ്റിൽ ഒരേ താളത്തിൽ ആടുന്ന പുൽക്കാട് കാണാൻ നളിനിക്കിഷ്ടമാണ്. “സിരു പുല്ലിൽ ഉറക്കം, വനിയിൽ തെരിയും, മലയിൻ അഴേകാ താങ്കവില്ലേയ” നളിനി ശബ്ദം പുറത്തുവരാതെ പാടി. ആനപുറം പോലത്തെ പാറയിലിരുന്ന് കഞ്ചിട്ടോട്ടേക്ക് നോക്കി.
ഇരുട്ട് പരക്കും മുമ്പ് നളിനി മലയിറങ്ങി. തലയുടെ നെറുകിൽ വേദന തളം കെട്ടിക്കിടന്നു. ബാഗിൽ കയ്യിട്ട് ചെറിയൊരു കട്ട കൽക്കണ്ടമെടുത്ത് വായിലിട്ടു. കോവിലിൽ നിന്നുള്ളത്. വീട്ടിലേക്കുള്ള ഒരു മൈൽ താളം തെറ്റി നടന്നു. കതക് തുറന്ന് ബാത്റൂമിലേക്കിറങ്ങി അല്ലാക്കിൽ വിരലിട്ട് ശർദ്ദിച്ചു. ശർദ്ദിലിൽ ദഹിക്കാത്ത വേഷ്ടോ മുരിങ്ങയോ ഒന്നും കണ്ടില്ല. വായ കഴുകി വെള്ളം കുടിച്ച് കിടന്നു.

രാവിലെ എഴുന്നേൽക്കാൻ വൈകി. ആനന്ദൻ തൂക്കിയിട്ട് പോയ പാൽപാത്രമെടുത്ത് ഒഴിച്ച് അടുപ്പിൽ വച്ചു. ഇഞ്ചി ചതച്ച് നീരെടുത്തു. ചായ കാച്ചി കുടിച്ചു. വെള്ള കാനിൽ നിന്ന് ഗ്ലാസിൽ വെള്ളമെടുത്ത് മുറ്റത്തേക്കിറങ്ങി. ചൂട് ചെമ്പകത്തെയും ഓർക്കിഡുകളെയും ഒരേ പോലെ വാട്ടിയിരുന്നു. ഓർക്കിഡിന്റെ വേരുകളിൽ നളിനി കൈ നനച്ച് പിടിച്ചു. കെട്ടിവച്ച മുല്ലെമാട്ടുമാല വാടാതിരിക്കാനെന്നപോലെ കുറച്ച് വെള്ളം കയ്യിലെടുത്ത് നിലത്ത് വീഴാതെ തളിച്ചു. സീതാ വൃക്ഷത്തിന്റെ തടിയിൽ കെട്ടിവച്ച ഓർക്കിഡിലേക്ക് ഒഴിച്ച വെള്ളം ഇറ്റി സീതാവൃക്ഷത്തിന്റെ ചുവട്ടിലെ ആനന്ദൻ വച്ച ചട്ടിയിൽ വീണു. ആനന്ദൻ മണ്ണും കാട്ടവും കൂട്ടി നട്ടുവച്ചതിൽ നനവ് കുറെ നേരം നിന്നു. നളിനി ഏറെ നേരം മുറ്റത്തേക്ക് നോക്കിയിയിരുന്നു.
പിറ്റേന്ന് ആനന്ദൻ പാൽപാത്രത്തിന്റെ മുകളിൽ കൊടിയുടെ നിറത്തിലുള്ള ഒരു മിഠായി വച്ചിരുന്നു. നളിനി അത് ബാഗിലിട്ടു. പണി കഴിഞ്ഞ് കമ്പനിയിൽ നിന്ന് നടക്കുന്ന വഴി അതെടുത്ത് വായിലിട്ടു. മിഠായിയുടെ മധുരം നളിനി മറന്നേ പോയിരുന്നു. അടുത്ത ഞായറാഴ്ച കടയിൽ നിന്ന് പച്ചക്കറി വാങ്ങിക്കുന്ന കൂട്ടത്തിൽ സ്വാതന്ത്ര്യ കൊടിയുടെ കവറുള്ള മിഠായിയുണ്ടോയെന്ന് നളിനി കണ്ണോടിച്ചു നോക്കി. കണ്ടില്ല. തിരിച്ച് നടക്കുമ്പോൾ ചൂട് കാറ്റിൽ നളിനിയുടെ കൈത്തണ്ട പൊള്ളി.
സീതാവൃക്ഷത്തിലെ ഓർക്കിഡ് ചെടിയും ക്ഷീണം കാട്ടി. ചൂട് കനത്തിലാണ്. പ്ലാസ്റ്റിക്കിലേക്ക് നിറച്ച് കൊണ്ടുപോകുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പി നിറയെ വെള്ളം കുടിച്ചിട്ടും നളിനി വാടി. സീതാവൃക്ഷവും ഇലക്കൊഴിഞ്ഞ് ഉണങ്ങി. നളിനി ഓർക്കിഡിനും സീതാ വൃക്ഷത്തിനും നനച്ചു. ഓർക്കിഡിന്റെ വേരിൽ തുണി നനച്ച് പുതച്ചു. കഞ്ചിട്ടോട്ട നാല് വേനൽ കടന്നതാണ് കാഞ്ചീപുരം ഓർക്കിഡുകൾ. ഇരുപത്തിരണ്ടിലെ വേനലിൽ നന്നായി വാടി. ആനന്ദൻ നളിനിയോട് ഓർക്കിഡിനെ വീടിനകത്തേക്ക് വയ്ക്കാൻ പറഞ്ഞു. നളിനി നനച്ചും നനഞ്ഞ തോർത്ത് വച്ച് പുതച്ചും ജൂലൈയിൽ മഴ പെയ്ത് ഭൂമി തണുക്കുന്നതുവരെ ഓർക്കിഡിനെ നോക്കി.
പിന്നീടേപ്പോഴോ ഒരു നാൾ ആനന്ദൻ പാൽ പാത്രത്തിന്റെ കൂടെ ഒരു കുപ്പിയിൽ മണമുള്ള എന്തോ ഒന്ന് കൊണ്ടുവന്ന് സീതാവൃക്ഷത്തിന്റെ ചുവട്ടിൽ വച്ച ഓർക്കിഡിൽ തളിച്ചു. നളിനി വാതിൽ തുറക്കുന്നതുവരെ കാത്തു നിന്നു. ആനന്ദനെ കണ്ടപ്പോൾ നളിനിക്ക് തോർത്ത് നനച്ച് തലയിൽ ഇട്ട് കൊടുക്കാൻ തോന്നി. കഷണ്ടി കേറിയ തലയിൽ വെയിലുണക്കിയെടുത്ത ചെളുക്കൻ പറ്റി പിടിച്ചു നിന്നു. സീതാ വൃക്ഷത്തിന്റെ ചുവട്ടിൽ നിന്നും വന്ന അപരിചിതമായ മണം ആട്ടിൻക്കാട്ടമോ യൂറിയയോ ഒന്നുമല്ലാത്ത തീർത്തും പുതിയ എന്തോ ആണെന്ന് നളിനിക്ക് മനസിലായെന്നറിഞ്ഞപ്പോൾ ആനന്ദൻ തിരികെ പോയി. ചൂട് കൂടി വന്നു. കഞ്ചിട്ടോട് അങ്ങനെയാണ്. മഴ പിശുക്കിയേ പയ്യൂ.
നളിനി ചായ കാച്ചി കുടിച്ച് മുറ്റത്തേക്കിറങ്ങി നനച്ചു. തോർത്ത് വെള്ളത്തിൽ മുക്കി ഓർക്കിഡിനെ പൊതിഞ്ഞു. വിയർത്തു. ചോറു വച്ചു. പാത്രത്തിലാക്കി. രണ്ട് പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളമാക്കി. പ്ലാസ്റ്റിക് കുട്ടയിലാക്കി. കറുത്ത കുട പിടിച്ച് നടന്നു. ഗ്ലാസിലും ചൂടാണ്. നല്ല ചൂട്. തിരിച്ച് നടക്കുമ്പോൾ നളിനിയും വാടി.
▮
III
നളിനി ആറരക്കെഴുന്നേറ്റു.
വാതിൽ തുറന്ന് പാലെടുത്തു. പാൽ കാച്ചി. ഇഞ്ചി മണക്കുന്ന ചായ കുടിച്ചു. നനച്ചു. തോർത്ത് നനച്ച് ഓർക്കിഡിനെ പൊതിഞ്ഞു. സീതാ വൃക്ഷത്തിന്റെ ചുവട്ടിൽ അപരിചിതമായ ഗന്ധം. ചോറും ചാറും രണ്ടു കുപ്പി വെള്ളവും കൊട്ടയിലാക്കി ഗ്ലാസിലേക്ക് നടന്നു. അഞ്ച് മണിക്കിറങ്ങി.
ആഗസ്റ്റ് 14. നളിനി അടുപ്പുകുത്തിമല കയറി നെറുകിലെ കരിമ്പാറയുടെ പുറത്തിരുന്നു. ചൂടാണ്. കഞ്ചിട്ടോട്ട കാറ്റിനും പാറക്കും ചൂടാണ്. ചൂടിൽ നളിനിയുടെ കാലിന്റെ അടി ചുട്ടുപൊള്ളി. കണ്ണിൽ വെളിച്ചം തുളച്ച് കയറി.
കാഞ്ചീപുരത്ത് കണ്ട ഓർക്കിഡ് ചെടികൾ കരിമ്പാറകൾക്കിടയിൽ പൂത്തു നിൽക്കുന്നു. നളിനിക്ക് സംശയമായി. കഴിഞ്ഞ കുറെ കൊല്ലങ്ങൾ ഇതെവിടെയായിരുന്നുവെന്ന് നളിനി ആലോചിച്ചു. ഒരിക്കൽ പോലും കണ്ടിട്ടില്ല. കാഞ്ചീപുരത്ത് എപ്പോഴാണ് പോയതെന്ന് നളിനിക്ക് ഓർമയില്ല. നാ. മുത്തുകുമാർ മരിച്ചതിൽ പിന്നെയാണ് എന്ന് ചെറിയ ഓർമയുണ്ട്.
‘നിനെയ്ത്തു നിനെയ്ത്തു പാർേത്തൻ,
നരുങ്കി അരികിൽ അരികിൽ, ഉന്നാൽ താനേ നാേന വാഴിേറൻ,
ഓ.. ഉന്നിൽ ഇൻ ടു എന്നെ പാർക്കിേറൻ’.

പൂക്കാത്ത ഓർക്കിഡ് ചെടികളുടെ വേരുകൾ അള്ളി പിടിച്ചിരിക്കും പോലെ നളിനി കരിമ്പാറ പുറത്ത് പിടിച്ചിരുന്നു. തലയിൽ ചെറിയ വേദന. ഇരുട്ടുന്നതിന് മുൻപ് മലയിറങ്ങണം. അതിന് മുൻപ് പൂത്ത് നിൽക്കുന്ന രണ്ട് ഓർക്കിഡ് ചെടികൾ പറിക്കണമെന്ന് നളിനിക്ക് തോന്നി. പാറ പുറത്തെ മണ്ണിൽ വേര് പരത്തി നിൽക്കുന്ന മഞ്ഞ പൂക്കൾ പറിക്കാൻ നളിനി വലിഞ്ഞു നടന്നു. ഇരുട്ട് പരക്കാൻ തുടങ്ങി. ബാഗിൽ കയ്യിട്ട് ചെറിയ കട്ട കൽക്കണ്ടമെടുത്ത് വായിലിട്ടു. കോവിലിൽ നിന്നുള്ളത്. ഇരുട്ട് പരക്കും മുൻപ് നളിനി മലയിറങ്ങി. വീട്ടിലെത്തി ബാത്റൂമിൽ കയറി. വായിൽ വിരലിട്ട് ശർദ്ദിച്ചു. ശർദ്ദിലിൽ ഒരു മിട്ടായി കവറുണ്ടായിരുന്നു. സ്വാതന്ത്ര്യദിന കൊടിയുടെ നിറമുള്ളുതുളളത്. നളിനി അതെടുത്ത് ജനലിലൂടെ പുറത്തേക്ക് കളഞ്ഞു. വായ കഴുകി വെള്ളം കുടിച്ച് കിടന്നു. നളിനിയുറങ്ങി.
നീണ്ട ഉറക്കം കഴിഞ്ഞ് ഉണരാൻ വൈകി. ഒഴിവുദിവസങ്ങളിൽ അങ്ങനെയാണ്. വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി. താഴെ ഓർക്കിഡിൽ ഒരു ചെറിയ മഞ്ഞ നിറമുള്ള മൊട്ട് വന്നിരുന്നു. നളിനി അതിനെ തൊട്ടു നോക്കി. അകത്തേക്ക് പോയി ഗ്ലാസിൽ വെള്ളമെടുത്ത് നനച്ചു. ഇഞ്ചി നീരെടുത്തുങ് കട്ടൻ ചായ കാച്ചി. നനച്ച തോർത്തെടുത്ത് സീതാവൃക്ഷത്തിന്റെ വേരിൽ പൊതിഞ്ഞ് ഓരത്തിരുന്നു. പൂക്കാൻ കാത്തുനിൽക്കുന്ന ഓർക്കിഡ് ചെടിയിലേക്ക് നോക്കി.
‘പൂക്കൾ പൂക്കും തരുണം
ആരുയിേര പാർത്തതാരുമില്ലയേ
പുലരും കാലെ പൊഴുേതയ്
മുഴുമതിയും പിരിന്നു പോവതില്ലയേ…’
▮
(നാ. മുത്തുകുമാർ: സംഗീത സംവിധായകൻ. 2016 ആഗസ്റ്റ് 14 ൽ നാല്പത്തൊന്നാം വയസ്സിൽ മഞ്ഞപിത്തം ബാധിച്ച് അന്തരിച്ചു. കഥയിൽ ഉപയോഗിച്ച എല്ലാ പാട്ടുകളും നാ. മുത്തുകുമാർ പല കാലങ്ങളിൽ എഴുതിയ വരികളാണ്.
സെവൻ ജി റെയിൻബോ കോളനി എന്ന സെൽവരാഘവൻ സംവിധാനം ചെയ്ത് 2004 ൽ ശ്രദ്ധനേടിയ സിനിമ).
