ഓക്കുമരത്തിൽ എന്തോ ഒരു ശില്പം കൊത്തിക്കൊണ്ടിരിക്കലാണ് ഇപ്പോഴവന്റെ പ്രധാനപണി. കാലത്ത് തുടങ്ങിയാൽ വൈകുന്നേരം വരെ അതിന്റെ മൂട്ടിൽ കുത്തിയിരിക്കും. അപ്പന്റെ പണിശാലയിൽ പിടിപ്പത് കട്ടിളപ്പണി കിടപ്പുണ്ട്. അവിടെച്ചെന്ന് ഒരു കൈ സഹായിക്കാൻ പറഞ്ഞാലും ചെവി കേൾക്കാത്ത മട്ടിൽ ഒരേ ഇരുപ്പാണ്.
ശില്പത്തിന്റെ പണിയില്ലെങ്കിൽ പിന്നെ മൊബൈലിൽ പാട്ട് കേട്ടുകൊണ്ടിരിക്കും. അതും ദാവീദിന്റെ സങ്കീർത്തനങ്ങളുടെ റീമിക്സ് വേർഷൻ. അല്ലെങ്കിൽ ശലോമോന്റെ ഉത്തമഗീതങ്ങളുടെ ഫീമെയിൽ വേർഷൻ. അത് കേട്ട് ദേഷ്യം പിടിച്ച് അമ്മ അടുക്കളയിൽ നിന്ന് ചിരട്ട എടുത്ത് മുതുകിനെറിയും. പക്ഷേ അവനതറിയുക പോലുമില്ല. അങ്ങനെ ലയിച്ചിരിക്കും. ഒന്നുകിൽ ശില്പത്തിൽ അല്ലെങ്കിൽ സംഗീതത്തിൽ. എന്റെ യഹോവേ ഇവന് ശരിക്കും ഭ്രാന്താണോ എന്ന് അമ്മ നിലവിളിച്ചു കരയും.
മറിയത്തിനു കരയാൻ വേറേയുമുണ്ട് കാരണങ്ങൾ.
വയസ് മുപ്പതാകുന്നു.
ഒരു കല്യാണം നോക്കടാ യേശുവേ എന്നു പറഞ്ഞാൽ കേട്ടഭാവം നടിക്കണമല്ലോ. ആകാശത്തിലെ മാലാഖമാരുടെ മുഖം സ്വപ്നം കണ്ടതുപോലെ വെറുതേ ശൂന്യതയിലേക്ക് നോക്കിയിരുന്ന് പുഞ്ചിരിക്കും. നിന്റെ മനസിൽ വല്ലവളും കുടുങ്ങിപ്പോയിട്ടുണ്ടെങ്കിൽ അത് പറ എന്നു പറഞ്ഞാൽ ആരുമില്ലെന്ന് തോളുകുലുക്കും.
അന്ന് രാവിലെ പല്ലും തേച്ച് പര്യമ്പുറത്ത് നിൽക്കുന്നത് കണ്ടതാണ്.
അമ്മ പുട്ടും കടലയും എടുത്തുവച്ച് ‘എടാ യേശുവേ, വന്നു കഴിച്ചേച്ചിരിക്കെടാ' എന്ന് വിളിക്കുമ്പോൾ പൊടുന്നനേ ആളിനെ കാണാനില്ല. പൊങ്ങിയത് അങ്ങ് കവലയിൽ ജെറോമിയുടെ ചായക്കടയിലാണ്. അവിടെ നല്ല മൊരിഞ്ഞ വെള്ളയപ്പവും മുട്ടക്കറിയും കിട്ടും. യേശുവിന് അതുമതി. അമ്മയുടെ പതിവ് ഗോതമ്പുപുട്ടും റവ ഉപ്പുമാവും യവത്തപ്പവും അവന് ഒട്ടും പിടുത്തമില്ല. ഒരു നേരത്തും വീട്ടിൽ മുട്ടക്കറി ഉണ്ടാക്കുകയുമില്ല. യൗ സേപ്പ് പിതാവിന് ഗ്യാസിന്റെ അസുഖമുണ്ട്. മുട്ട പിടിക്കില്ല.
യേശു അതിനു നിരന്തരം അമ്മയോട് വഴക്കടിക്കും.
‘ഒന്നുമല്ലെങ്കിലും സ്ത്രീയേ നിങ്ങളുടെ കടിഞ്ഞൂൽ സന്തതിയല്ലേ ഞാൻ. അതിന്റെ മമത വല്ലതും നിങ്ങൾക്കെന്നോടുണ്ടോ? വല്ലപ്പോഴുമെങ്കിലും രണ്ട് വെള്ളയപ്പം ഇത്തിരി മുട്ടക്കറി..'
‘ഈ വീട്ടിൽ പിതാവിന്റെ ഇഷ്ടം കഴിഞ്ഞേ ഉള്ളൂ മറ്റെന്തും. നീ പോയി നിന്റെ പണി നോക്ക്'
അതിനു മറിയം കട്ടയ്ക്ക് നിന്ന് മറുപടി കൊടുക്കും.
‘നോക്കിക്കോ സ്ത്രീയേ, ഒരു ദിവസം നിങ്ങളെന്റെ മുന്നിൽ നിൽക്കും.'
അമ്മ അത് ഗൗനിക്കാതെ മുറ്റത്തിറങ്ങി പാത്രം മെഴുക്കിപ്പറുക്കി വയ്ക്കും.
ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെയാണ് ടി വിദ്വാൻ. കാലത്ത് മീൻ വാങ്ങാനെന്ന പേരിൽ ഗലീലിയായ്ക്കിറങ്ങിയാൽ മൂന്നാം ദിവസമാവും തിരിച്ചു വീട്ടിലെത്തുക.
യൗസേപ്പ് പിതാവിനാകട്ടെ മീൻ തൊട്ടുകൂട്ടാതെ ഉച്ചയൂണു ചിന്തിക്കാൻ പോലും വയ്യ. ദേഷ്യത്തോടെ അമ്മ ഉറിയിൽ തപ്പി ഉണക്കമീനെടുത്ത് പീരപറ്റിക്കും. മൂന്നാം നാൾ മടങ്ങി വരുന്ന ടി വിദ്വാനാകട്ടെ മീൻ വാങ്ങാന്നാണ് പോയതെന്ന കാര്യം മറന്നുപോയിട്ടുമുണ്ടാവും.
ഇന്നേരമൊക്കെ അവൻ എന്തുചെയ്യുകയാവും? ‘വല്ല യെരുശലേം സുന്ദരിമാരെയും രഹസ്യത്തിൽ കണ്ടു വച്ചിട്ടുണ്ടാവും അമ്മാ' എന്ന് സഹോദരിമാർ കളി പറയും.
നേരായിട്ടും അങ്ങനെയല്ല, മീൻ വാങ്ങാനായി കടപ്പുറത്തു വരെ ചെല്ലും. അപ്പോൾ നാല് നാട്ടുകാരെ കാണും അവരോട് ഒരു കഥ പറയും. അല്ലെങ്കിൽ പോകുന്ന വഴി വയലിൽ കറ്റ മെതിച്ചുകൊണ്ട് നിൽക്കുന്ന സ്ത്രീകളെ കാണും. അവരോട് വിത്തുവിതയ്ക്കുന്നവന്റെ ഉപമ പറയും. ജെറോമിയുടെ കടയിൽ ചായ കുടിക്കാൻ വരുന്നവരോട് ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ച് പ്രസംഗിക്കും.
ആൾക്കാർ അവനെ വ്യസനത്തോടെ നോക്കും.
‘പാവം ഇവൻ ആ തച്ചൻ യൗസേപ്പിന്റെ മോനല്ലിയോ?'
‘ഇവന്റെ അമ്മ മറിയം അല്ലിയോ?'
‘ഇവന്റെ സഹോദരന്മാർ വയലിൽ എല്ലുമുറിയെ പണിയെടുക്കുന്ന യാക്കോബ് യോസെ, ശീമോൻ, യൂദ എന്നിവരല്ലിയോ?'
‘ഇവന്റെ സഹോദരിമാർ വെള്ളം കോരാൻ വരുന്ന ആ കിടുക്കാച്ചി സുന്ദരികളല്ലയോ?'
‘ഈ പാവത്തിനു മാത്രം ഇതെന്നാപറ്റി?' എന്ന് സങ്കടം പറയും.
‘യെരുശലേമിലെ ഊളമ്പാറയിൽ കൊണ്ടുപോയി നിക്ഷേപിക്കേണ്ടി വരുമോ' എന്ന് രഹസ്യത്തിൽ പരിഹസിക്കും.
അത് കേട്ടുകേട്ട് മനസുഖമില്ലാതെയാണ് അവനിപ്പോൾ പുറത്തിറങ്ങാതെയായത്. ഓക്കുമരത്തിൽ ശില്പവും കൊത്തി വീട്ടിൽ കുത്തിയിരിക്കാൻ തുടങ്ങിയത്. മൊബൈലിൽ സങ്കീർത്തനങ്ങളും ഉത്തമഗീതങ്ങളും കേൾക്കാൻ തുടങ്ങിയത്.
പക്ഷേ എന്തൊക്കെയായാലും ജെറോമിയുടെ ചായക്കടയിലേക്കുള്ള സവാരി മാത്രം നിലച്ചിട്ടില്ല. അന്നുകാലത്തും അതുപോലെ ചാടിപ്പുറപ്പെട്ടു ചെന്ന് കൈകഴുകി മുക്കാലൻ ബഞ്ചിലിരുന്നതാണ്. അപ്പോഴാണ് പതിവില്ലാതെ നാലഞ്ച് വഴിയാത്രക്കാർ ജെറോമിയുടെ ചായക്കടയിലേക്ക് കയറി വരുന്നത്.
‘പ്രാതലിനെന്തുണ്ട്?' വന്നവർ തലകുനിച്ച് ജെറോമിയുടെ ചായ്പ്പിലേക്ക് കയറിക്കൊണ്ട് ചോദിച്ചു.
‘വെള്ളയപ്പവും മുട്ടക്കറിയും'; ജെറോമിക്ക് വേണ്ടി യേശുവാണ് മറുപടി പറഞ്ഞത്. ‘ജെറോമിയുടെ വെള്ളയപ്പത്തിന്റെ രുചി കനാൻ ദേശത്തുപോലും കിട്ടില്ല. വരൂ ഇരിക്കു.'
അവരും കൈകഴുകി ജെറോമിയുടെ മുക്കാലൻ ബഞ്ചിലിരുന്നു.
വിറകു പുരയിൽ നിൽക്കുകയായിരുന്ന ജെറോമി യേശുവിനെ പുറത്തേക്ക് വിളിച്ചു. ‘നീ എന്നാ കണ്ടിട്ടാ അവരോട് അപ്പത്തിന്റേം മുട്ടക്കറിയേടേം കഥ പറഞ്ഞേ? കാലത്ത് കടയിൽ തോനേ ആളുണ്ടായിരുന്നു, കലക്കിവച്ച മാവ് തീർന്നു. അവന്മാര് വേറേ എവിടെയെങ്കിലും പോയി തിന്നട്ട്..'
‘യെരുശലേം വരെ നടക്കാനുള്ളവരാ അത്, അവരോട് കലത്തിൽ മാവും സമോവറിൽ വെള്ളവുമില്ലെന്ന് പറയുന്നത് പാപമാ, എത്രദൂരം ചെന്നാലാവും ഇനി അവർക്കൊരു കട കാണാനാവുക?'
‘എടാ യേശുവേ അതിനിപ്പം ഞാനെന്നാ ചെയ്യാനാ.. വഴിയാത്രക്കാർ വരുമെന്ന് ഗണിച്ച് കുട്ടകം നിറയെ മാവ് കലക്കി വയ്ക്കാൻ എന്റെ അപ്പൻ യെരുശലേം ദേവാലയത്തിലെ കണിയാൻ ആയിരുന്നില്ല' ജെറോമിയുടെ മുഖത്ത് ദേഷ്യം കനത്തു.
‘ഇനി എത്ര അപ്പത്തിനുള്ള മാവ് കാണും'; യേശു ചോദിച്ചു
‘അടികൂട്ടി വടിച്ചാൽ കഷ്ടിച്ചൊരു മൂന്നെണ്ണം ഒണ്ടാക്കാം. '
‘നീ അതിൽ വെള്ളം ഒഴിച്ചോ?
‘ഇല്ല, ദാ പാത്രം മെഴക്കാൻ തുടങ്ങുവാരുന്നു'
‘എന്നാൽ നീ ആ ചട്ടി അടപ്പത്തോട്ട് വയ്ക്ക്. അപ്പം ഞാനൊണ്ടാക്കിക്കൊളാം.'
യേശു പതിവില്ലാതെ അടുക്കളയിലേക്ക് കേറിച്ചെന്നു. മാവിന്റെ പാത്രം കയ്യിലെടുത്തു.
ജെറോമി പുറത്തോട്ടിറങ്ങി ശെമയോന്റെ എരുത്തിലിൽ നിന്നും നാലുതൊടം പാലും വാങ്ങി മടങ്ങി വന്നപ്പോഴേക്കും ആവശ്യത്തിലധികം അപ്പം പാത്രങ്ങളിൽ നിറഞ്ഞു കഴിഞ്ഞിരുന്നു.
അദ്ഭുതം കൊണ്ട് ജെറോമിയുടെ കയ്യിൽ നിന്നും പാൽപ്പാത്രം താഴെപ്പോകാഞ്ഞത് ഭാഗ്യം. അവൻ യേശുവിനെ ഒന്ന് നോക്കി. യേശു ഒന്ന് കണ്ണിറുക്കി. അന്ന് അതങ്ങനെ അവസാനിച്ചു.
രണ്ടാഴ്ച കഴിഞ്ഞൊരു ദിവസമാണേ. വൈകിട്ട് ചായയ്ക്ക് അമ്മ കടിയുണ്ടാക്കിയത് ഏത്തക്ക അപ്പം. അതും യേശുവിന് അത് അത്ര പിടുത്തമുള്ള പലഹാരമല്ല. അവന്റെ മനസ് മുഴുവൻ ജെറോമിയുടെ കടയിലെ ചൂടുള്ള സുഹിയൻ ആണ്. അമ്മ ചായ അടപ്പത്ത് വച്ചപ്പോഴേക്കും അവൻ ജേറോമിയുടെ ചായ് പിൽ എത്തിക്കഴിഞ്ഞിരുന്നു.
അന്നേരമാണ് മദ്ധ്യവയസ്‌കനായ ഒരു മനുഷ്യൻ അവിടേക്ക് കയറി വരുന്നത്. അയാളുടെ മുഖം ദുഃഖം കൊണ്ട് വിണ്ടുകീറിയിരുന്നു.
‘ഇവിടെ അടുത്ത് പ്രായമായ ഒരു വൈദ്യൻ പാർത്തിരുന്നില്ലേ? അദ്ദേഹത്തിന്റെ വീടേതെന്ന് പറഞ്ഞു തരുമോ?' ആഗതൻ വെപ്രാളത്തോടെ ചോദിച്ചു
‘എന്നാ കാര്യം?' പാലിൽ ചായ ചേർത്തുകൊണ്ട് നിന്ന ജെറോമി ചോദിച്ചു.
‘എന്റെ ചെറിയ മകൾ കഴിഞ്ഞ മൂന്നു ദിവസമായി അസുഖം ബാധിച്ചു കിടപ്പിലാണ്. നാട്ടുവൈദ്യന്മാർ കൊടുത്ത മരുന്നുകളൊന്നും ഫലിക്കുന്നില്ല. അപ്പോഴാണ് ഇവിടുത്തെ വൈദ്യന്റെ കാര്യം കേൾക്കുന്നത്. ഒന്ന് കാണിക്കാമെന്ന് കരുതി.'
‘നിങ്ങൾ ഇത്തിരി വൈകിപ്പോയി. വൈദ്യൻ മരിച്ചിട്ട് വർഷം മൂന്ന് കഴിഞ്ഞു.'
‘എന്റെ മകളുടെ ജീവൻ ഇനിയാര് രക്ഷിക്കും' എന്ന് കരഞ്ഞുകൊണ്ട് അയാൾ പുറത്തേക്ക് നടന്നു.
‘ഒന്നു നിന്നേ' ജെറോമി അയാളെ പുറകിൽ നിന്ന് വിളിച്ചു. ‘വൈദ്യനെ മരിച്ചിട്ടുള്ളൂ, അദ്ദേഹത്തെ മിടുക്കനായ മച്ചുനനൻ ഇപ്പോഴും ജീവനോടെയുണ്ട്.'
‘അദ്ദേഹം ഇപ്പോൾ എവിടെയുണ്ട്? എനിക്കൊന്ന് വേഗം കാണിച്ചു തരുമോ?' ആഗതന്റെ മുഖത്ത് ചെറിയ ഒരു പ്രകാശമുദിച്ചു.
‘ദാ ആ മൂലക്കിരുന്ന് സുഹിയൻ തിന്നുന്ന ആ ചെറുപ്പക്കാരനെ കണ്ടോ? അയാളാണത്.'
ജെറോമി ചായ് പിലേക്ക് വിരൽ ചൂണ്ടി.
അയാൾ ഓടിച്ചെന്ന് യേശുവിന്റെ കാൽക്കൽ വീണു. ‘എന്റെ മരിക്കാറായ മകളെ രക്ഷിക്കണം. അങ്ങയെക്കൊണ്ടേ അത് സാധിക്കൂ. എന്നെ കൈവിടരുത്.' അയാൾ കരഞ്ഞു.
യേശു അമ്പരന്ന് അയാളുടെ മുഖത്തേക്ക് പകച്ചു നോക്കി.
‘എന്റെ മകൾ താഴെ കഴുതപ്പുറത്തിരുപ്പുണ്ട്. ഞാനവളെ വേഗം ഇങ്ങോട്ടെടുത്തുകൊണ്ട് വരാം. നിങ്ങൾ അവളെ ഒന്ന് വേഗം പരിശോധിക്കൂ. അവൾ രക്ഷപെടും. എനിക്കുറപ്പുണ്ട്.'
അയാൾ ധൃതിയിൽ താഴേക്ക് ഓടി.
‘എടാ ജെറോമി നീ എന്നാ പണിയാടാ കാണിച്ചേ.. ഞാനാണോ വൈദ്യന്റെ മച്ചുനൻ? ആ കുട്ടിയെ വേറെ വല്ല വൈദ്യന്മാരെയും കൊണ്ടുക്കാണിക്കാൻ വിളിച്ചു പറ.' യേശു ദേഷ്യപ്പെട്ടു.
‘ഇനി അയാൾ എവിടെ കൊണ്ടുപോകാൻ? നീ നോക്ക്. നിനക്ക് പറ്റും'
‘എടാ നീ ഒരുമാതിരി..' യേശു അങ്കലാപ്പിൽ പെട്ടിട്ടെന്നോണം പറഞ്ഞു.
അപ്പോഴേക്കും അയാൾ തന്റെ കുഞ്ഞിനെ വാരിയെടുത്ത് അവന്റെ മുന്നിൽ എത്തിച്ചു കഴിഞ്ഞിരുന്നു.
യേശു ജേറോമിയുടെ മുഖത്ത് നോക്കി. അവൻ കണ്ണിറുക്കി കാണിച്ചു. യേശു തന്റെ കയ്യിലിരുന്ന സുഹിയനിൽ നിന്നും ഒരു ചെറിയ കഷണമടർത്തി ആ പെൺകുട്ടിയുടെ വായിൽ വച്ചു കൊടുത്തു. പിന്നെ നാവിലേക്ക് ഇത്തിരി വെള്ളം ഇറ്റിക്കൊടുത്തു. നോക്കി നിൽക്കേ ആ പെൺകുട്ടി പൂ വിടരുന്നതു പോലെ അയാളുടെ കയ്യിൽ നിന്നും എഴുന്നേറ്റു വന്നു. ജെറോമി ആ അപ്പനും മകൾക്കും ഓരോ ചൂടു ചായ കൊടുത്തു. അവൾ വിയർത്തു. അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
ഞാനെന്താണ് വൈദ്യാ നിങ്ങൾക്ക് ചെയ്യേണ്ടത്. അയാൾ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി നിന്ന് ചോദിച്ചു.
ഒരിക്കൽ എനിക്കൊരു കഴുതക്കുട്ടിയെ ആവശ്യമായി വരും, അന്ന് ഞാനത് ചോദിച്ചു കൊള്ളാം. ഇപ്പോൾ പൊയ്ക്കൊള്ളൂ..
അയാൾ അവന്റെ കൈ ചുംബിച്ച് വീട്ടിലേക്ക് പോയി. പിന്നാലെ യേശുവും ഇറങ്ങി.
അവൻ പോയിക്കഴിഞ്ഞപ്പോഴാണ് ജെറോമി ഓർത്തത് : നാളെയാണ് കാനായിലെ പെങ്കൊച്ചിന്റെ കല്യാണവിരുന്ന്. യേശു പോകുന്നുണ്ടോ ആവോ? ▮