ചിത്രീകരണം : രാജേഷ് ചിറപ്പാട്

തോട്ടത്തിൽ ഡാവിഞ്ചി

ഒന്ന്

But, how could you live and have no story to tell-Fyodor Doestevsky

നാലയിലേക്ക് പകർന്നും അതിനപ്പുറം പടർന്നും കിടക്കുന്ന ഇരുട്ട്. വേലിക്കപ്പുറമിപ്പുറങ്ങളിലായി ഇടവിട്ട് നിൽക്കുന്ന റബ്ബർ മരങ്ങൾ. ചീവീടുകളുടെ അലർച്ച. ഇവയിത്രയുമല്ലാതെ വേറെയൊന്നുമില്ല.

അപ്പോൾ കണ്ടതെന്തുവാ?

ഉറക്കത്തിനിടയിൽ മരിച്ചുപോയവർ കണ്ടു മുഴുവിപ്പിക്കാതെ പോയ സ്വപ്നങ്ങൾ, ഇതുപോലെ ചില വെട്ടങ്ങളായി ജീവിച്ചിരിക്കുന്നവരുടെ ഉറക്കം കെടുത്തുവാൻ ജനാല കടന്നും ഭിത്തി തുരന്നുമൊക്കെ വരുമെന്ന്
പണ്ടാദ്യമായി വാറ്റടിച്ച ദിവസം ബേബിച്ചൻ പറഞ്ഞതോർമ്മ വന്നു.

ഇനി അതെങ്ങാനുമായിരിക്കുവോ?

അയ്യോ!

തെറ്റി!
തെറ്റിപ്പോയി!
തുടക്കമിതല്ല.
ഇതേതാണ്ട് ഒടുക്കത്തോട് അടുക്കാറായി!
ശ്ശോ! പൊറുക്കേണേ ...

ഏതായാലും കേട്ടതൊന്നും മറക്കണ്ട. എന്നാലൊട്ട് ഓർക്കേം വേണ്ട.
ഓ, ആകെ പൊല്ലാപ്പ്!
എല്ലാം വിട്. തൽക്കാലം ഞാൻ പറയുന്നിടത്തേക്ക് വാ.

രണ്ട്

അമ്മ അപ്പനെ കെട്ടി വന്നതിന്റെ ഒന്നരയാഴ്ച്ച കഴിഞ്ഞാണ് അത് കണ്ടെടുക്കുന്നത്.

അമ്മ നാടൻ കോഴി മാത്രമേ കഴിക്കത്തുള്ളു.
എങ്ങനെ വച്ച് കൊടുത്താലും ബ്രോയിലർ കോഴി മാത്രമിറങ്ങുന്ന അമ്മച്ചിയുടെ പള്ള് വർത്തമാനങ്ങൾ കേട്ടില്ലെന്ന് വച്ച് കവലേന്ന്, അപ്പൻ രണ്ടരക്കിലോ വരുന്ന ഒരു പൂവനെ വാങ്ങി.

കഴുത്ത് കണ്ടിച്ച് മരണം തീർപ്പ് വരുത്തി ചൂടുവെള്ളത്തിൽ തന്നേം പിന്നേം മുക്കി പപ്പും പൂടേം പറിച്ച് തികച്ചും റൊമാന്റിക്കായി അടുക്കളയിൽ വച്ച് അപ്പൻ അമ്മയ്ക്ക് കോഴി കൈമാറി (മൃതിയടഞ്ഞ ആ ജീവിക്കപ്പോൾ ഒരു ചുംബനത്തിന്റെ ഗന്ധമായിരുന്നു!).

തൊലിപ്പൊളിച്ച് വെള്ളത്തിലിട്ടിരുന്ന സവോളകൾ ഒന്നൊന്നായി നീളത്തിൽ അരിഞ്ഞുക്കൊണ്ടിരുന്ന അമ്മയുടെ കൈയ്യുറ അണിയാത്ത വിരലിന്റെയറ്റം ചീന്തിക്കൊണ്ടാണ് അപ്പന്റെ അലർച്ച പറമ്പ് കടന്ന് പിൻവാതിൽ വഴി അടുക്കളയിലെത്തുന്നത്. നിർത്താതെ ഒഴുകുന്ന ചോര നുണഞ്ഞുക്കൊണ്ട് അമ്മയും നെഞ്ചത്ത് കൈവച്ച് അമ്മച്ചിയും പറമ്പിലേക്ക് കിതച്ചെത്തുമ്പോൾ, കണ്ടിച്ച കോഴിയുടെ തലയും വേയ്സ്റ്റും ഇട്ടുമൂടാൻ തോണ്ടിയ കുഴിക്ക് മുൻപിൽ വായും പൊളിച്ച് നിൽക്കുന്ന അപ്പനെയാണ് കണ്ടത്.
ഇപ്പോൾ പുറത്ത് ചാടും എന്ന കണക്കിന് നിന്നിരുന്ന അപ്പന്റെ കണ്ണുകൾക്കൊപ്പം വരച്ച അവരുടെ നോട്ടങ്ങൾ കുഴിക്കുള്ളിൽ പെട്ടപ്പോൾ, അമ്മ അലറാൻ കഴിയാനാ വാതെ "ഈശോയെ!' എന്ന് ശ്വാസം വിട്ടു. അമ്മച്ചി, അമ്മയോ അപ്പനോ - ആരേലും താങ്ങിപ്പിടിച്ചോളുമെന്ന വിശ്വാസത്തിൽ തല ചുറ്റി വീണു.

1. ചുവന്ന മഷിക്കൊണ്ട് ഗുണനച്ചിഹ്നം വരച്ച ഒരു താറാവിൻ മുട്ട.
2. ബാലൻ. കെ. നായരുടെതുപോലുള്ളൊരു മുഖം കൊത്തിയ പട്ടികക്കഷ്ണം.
3. നാലഞ്ച് വാടിയ തെറ്റിപ്പൂക്കൾ.
ഇത്രയുമാണ് കുഴിക്കുള്ളിൽ നിന്ന്​ കണ്ടുകിട്ടിയത്.

അന്ന് വൈകിട്ട് അക്കാലത്തെ റപ്യൂട്ടഡ് ഗുണ്ടയും, കുടുംബത്തിന്റെ നെടുന്തൂണും, അന്ത്യത്തിൽ (ഞാൻ ജനിക്കുന്നതിന് ഏതാണ്ട് പത്ത് കൊല്ലം മുൻപ്) കുറ്റബോധത്താലുഴഞ്ഞ് ‘പാസ്റ്റ് ഈസ് എ ഡീമൺ' എന്ന് എഴുതി വയ്ക്കാതെ തൂങ്ങി മരിച്ചവനുമായ ‘തങ്കപ്പൻ പത്രോസ്' എന്ന തങ്കപ്പച്ചായന്റെ അധ്യക്ഷതയിൽ കുടുംബാംഗങ്ങൾ ഞങ്ങളുടെ വീട്ടിൽ യോഗം ചേർന്നു.
അപ്പൻ തോണ്ടിയ കുഴിക്കുള്ളിലെ മുട്ടയുടെയും പൂവിന്റെയും വേര് തേടി നടത്തിയ ഉദ്വേഗപൂർണമായ ചർച്ചയ്‌ക്കൊടുവിൽ അത്യുഗ്രമായൊരു കണ്ടെത്തലോടെ യോഗഗണങ്ങൾ കേസ് ഫയൽ ക്ലോസ് ചെയ്തു; ‘പുതുപ്പെണ്ണിന്റെ ലക്ഷണക്കേടാ!'.

ഐക്യകണ്ഡേന ഈ അഭിപ്രായം സഭയിൽ പാസാകുമ്പോൾ, അത്രയും നേരം അടുക്കളയിലായിരുന്ന അമ്മ ചായഗ്ലാസുകളിൽ മട്ട് ബാക്കി നിർത്തിക്കൊണ്ട് തിണ്ണയിലേക്ക് വന്നു.

ശേഷം അവിടെ നടന്നതിനെപ്പറ്റി പല വ്യാഖ്യാനങ്ങളുണ്ട്. പലർ പറഞ്ഞ പല കഥകൾ. ഈ കഥകൾക്ക് നടുവിൽ നിന്നുക്കൊണ്ട് കൊള്ളാവുന്ന ഒരെണ്ണം നോക്കിയെടുത്ത് നിങ്ങളോട് പറയുക എന്നത് വഞ്ചനയാണ്. ഇപ്പോൾ തന്നെ ഞാനൊരുപാട് നുണകൾ പറഞ്ഞുക്കഴിഞ്ഞു. ഇനിയങ്ങോട്ട് ഒരുപാട് പറയാനുണ്ട് താനും. (ഇതുകൂടി വേണ്ട).

എന്നിരുന്നാലും, അടുക്കളയിൽ നിന്ന്​ അരങ്ങത്തേക്കുളള അമ്മയുടെ വരവിനെത്തുടർന്ന് യോഗം പിരിഞ്ഞ് വീടിറങ്ങുമ്പോൾ, ‘ആ മക്കുണ്ണനെ അവള് കൊല്ലാതിര്ന്നാൽ മതിയായിര്ന്ന്. ധിക്കാരിപ്പെണ്ണ്!' എന്ന് കുഞ്ഞപ്പച്ചായനും ‘അരേന്ന് കത്തിയെട്ക്കാൻ തരിച്ച് വന്നതാ. പിന്നെയാ ചെറ്ക്കനെ ഓർത്തിട്ടാ. മൈര്!' എന്ന് തങ്കപ്പച്ചായനും പറഞ്ഞുവെന്നുള്ളത് നേരാണ്.

എല്ലാവരും പോയിക്കഴിഞ്ഞ് കുടുംബക്കാരുടെ മുൻപിൽ മരുമകളുടെ ധാർഷ്ട്യമൊന്ന് കാരണം ഉരിഞ്ഞുപ്പോയ തൊലിക്കൊണ്ട് തുന്നിയ ചാട്ട നാവിലണിഞ്ഞ് അമ്മച്ചി അപ്പന് നേരെ ആഞ്ഞുവീശി.

അന്നുരാത്രി അമ്മയുടെ മടിയിൽക്കിടന്ന് അപ്പൻ വാവിട്ട് കരഞ്ഞു.
ആ തടിച്ച മനുഷ്യനെ ഒരു മുയലിൻക്കുഞ്ഞിനെ എന്നപ്പോൽ തന്നിലേക്ക് ചേർത്ത് പിടിച്ചുക്കൊണ്ട് അമ്മയും കൂടെ കരഞ്ഞു. മുറിയിലെ നാൽപ്പത് വാട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ അവർ കുറെ നേരം ഒന്നും മിണ്ടാതെ , പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

പിറ്റേന്ന് വെളുപ്പിനെ കുളിച്ചൊരുങ്ങി ആരോടുമൊന്നും അങ്ങോട്ടായി പറയാതെ അമ്മ എങ്ങോട്ടോ പോയി.
‘എവടെ പോവ്വ?' എന്ന അപ്പന്റെ ചോദ്യത്തിന് ഇപ്പോ വരാമെന്ന് മാത്രം മറുപടി പറഞ്ഞു.
പിന്നിയിട്ട നീണ്ട മുടി തോളിലേക്ക് ഞാത്തിയിട്ട് ബസ്സ് കയറാൻ പോകുന്ന അമ്മയെ തുറിച്ചു നോക്കിക്കൊണ്ട് അമ്മച്ചി പല്ലിറുമ്മുന്ന സ്വരം കേട്ടപ്പോഴേ അപ്പൻ പിൻവാതിൽ വഴി തോട്ടിൻകരയിലേക്ക് ഓടി.

അമ്മ തിരിച്ചുവന്നത് ഓട്ടോയിലായിരുന്നു. ഒറ്റയ്ക്കായിരുന്നില്ല. ഉച്ചാടനക്രിയകളിലൊക്കെ അത്യാവശ്യം പേരെടുത്തവനും അമ്മയുടെ ഒരകന്ന ബന്ധുവുമായ സേവിയറച്ചനും ഒപ്പമുണ്ടായിരുന്നു.

ജെല്ലികൾ പോലെയുള്ള അച്ചന്റെ കവിളുകൾ കണ്ടപ്പോൾ അമ്മച്ചിക്ക് അതിലൊന്ന് പിടിച്ച് ഞെക്കാൻ തോന്നി. അത് മനസ്സിലാക്കിയിട്ടെന്നോണം അച്ചൻ ജെല്ലികൾ വിടർത്തിയൊന്ന് ചിരിച്ചു.

തിണ്ണയിലെ തിരുഹൃദയരൂപത്തിനുമുൻപിൽ മൗനമായി അൽപ്പനേരം പ്രാർത്ഥിച്ച്, ബാഗ്ഗിൽ നിന്നും അന്നാൻ വെള്ളവുമെടുത്ത് അച്ചൻ പറമ്പിലേക്ക് നടന്നു. ശ്വാസത്തിന്റെ ചുഴിയിൽ പെട്ടുപ്പോയ പ്രാർത്ഥനകൾ പുറത്തുവരാതെ അച്ചന്റെ ചുണ്ടുകളിൽ കൂട്ടിയിടിച്ചു. അമ്മയുടെ നടത്തയിൽ ഒരു കപ്പ്യാരുടെ അധികാരം വെളിവായി. ഒന്നും മനസ്സിലാകാതെ അപ്പനും അമ്മച്ചിയും അവരെ പിന്തുടർന്നു.

ഇനിയും മൂടിയിട്ടിലാത്ത കുഴിയിൽ നിന്നും ഒരിറ്റ് മണ്ണെടുത്ത് അച്ചൻ നാവിൽ വച്ചു. കണ്ണടച്ച് നുണഞ്ഞു.
‘കണ്ടെട്ത്ത സാധനങ്ങള് കളഞ്ഞോ?', അച്ചൻ ചോദിച്ചു.
ആരോടാണ് ചോദ്യമെന്നും ആരാണ് ഉത്തരം പറയേണ്ടതെന്നും അറിയാതെ അപ്പനും അമ്മച്ചിയും മുഖത്തോട് മുഖം നോക്കി നിന്നപ്പോൾ, ‘ഒരു ചാക്കിലാക്കി വെറകുപ്പെരേല് വച്ചേക്കുവാ' എന്ന് അമ്മ മറുപടി പറഞ്ഞു.

ഒന്നാടിയാലോ ഉലഞ്ഞാലോ പൊട്ടിത്തെറിച്ച് ഈ അണ്ഡകടാഹം മുഴുവൻ വെണ്ണീറാക്കാൻ കെൽപ്പുള്ള ഒരു അതിമാരക വസ്തുവിനെയെന്ന പോലെയാണ് അപ്പൻ ചാക്ക് കൊണ്ടുവന്നത്.
ഇടവേടകളില്ലാതെ സുകൃതജപങ്ങൾ ചൊല്ലിക്കൊണ്ട് ചാക്കിലുള്ളത് കുഴിക്കുള്ളിലേക്ക് കുടയുമ്പോൾ അപ്പന്റെ മാത്രമല്ല. അമ്മച്ചിയുടെയും അമ്മയുടെയും എന്തിന്, അച്ചന്റെ വരെ നെഞ്ചിടിച്ചു.

അന്നാൻ വെള്ളവും മണ്ണെണ്ണയും സമാസമം തളിച്ച് അച്ചൻ മുട്ടയ്ക്കും പട്ടികക്കും ഉണങ്ങിയ പൂക്കൾക്കും തീക്കൊടുത്തു.
‘പുകയുടെ ദിശ ശ്രദ്ധിക്കൂ', അച്ചൻ തീയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

തീയുയർന്നു. അച്ചന്റെ പ്രാർത്ഥനയുടെ താളവും ഭക്തരുടെ നെഞ്ചിടിപ്പും ഒന്നായി. അപ്പൻ അമ്മയുടെ കൈയ്യിൽ മുറുകെ പിടിച്ചു. അമ്മ ശ്വാസമടക്കി മുകളിലേക്ക് നോക്കി നിന്നു.

പുകയുയർന്നതും വെയിലിന്റെ നെറുകും തലയിൽ ഒരു കൊള്ളിയാൻ ആഞ്ഞടിച്ചു. തുടർന്നുവന്ന ഇടിമുഴക്കത്തിൽ പേടിച്ചുപ്പോയ സൂര്യൻ ഉരുണ്ട് വന്ന ഒരു കറുത്ത മേഘത്തിന്നുള്ളിൽ കയറി പാത്തിരുന്നു. നുള്ളിയിട്ടും നുള്ളിയിട്ടും പുറത്ത് കടക്കാനാവാത്ത ഒരു സ്വപ്നത്തിനുള്ളിലെന്ന പോലെ പുരോഹിതനും വീട്ടുകാരും ആകാശത്തിലേക്ക് നോക്കി.
കുഴിക്കുള്ളിൽ ആളുന്ന തീയുടെ മേൽ ‘ണപ്പ് 'എന്നൊരു മഴത്തുള്ളി വന്നു പതിച്ചു.

നനഞ്ഞുപോയ മൂക്കുകളിലേക്ക് ബീഡിപ്പുകയുടെ പരുക്കൻ മണം അതിരുച്ചാടി. മണത്തിന് പുറകെ ഓടിയ അവരുടെ കണ്ണുകൾ, വേലിക്കപ്പുറത്ത് ഒരു കോട്ടൺ ലുങ്കി മാത്രമുടുത്ത് മഴയെ ഏതാണ്ട് കളിയാക്കുന്ന മട്ടിൽ ഒരു വശത്തോട്ട് ചുണ്ടൊതുക്കി ബീഡി വലിച്ച് നിൽക്കുന്ന അമ്പത്തിയൊൻപതുക്കാരൻ രവിപിള്ളയിൽ മുട്ട ചാടിയ മൂടും തെറ്റിയുടെ തണ്ടും പലക അടർന്ന തടിയും കണ്ടെത്തി. കനത്ത മഴയിൽ കുതിർന്ന് നിന്ന് വൈദികനും കൂട്ടരും പിള്ളേച്ചനെ അമ്പരപ്പോടെ നോക്കി.

ആ മഴ പെയ്തു തീരുമ്പോൾ, എന്റെ വീട്ടിലെന്ന പോലെ അയൽപക്കങ്ങളിലും ആളുകൾ ജാഗ്രതയോടെ അടക്കം പറഞ്ഞു, "രവിപ്പിള്ളയെ സൂക്ഷിക്കണം. കൂടോത്രവാ. കരിയിച്ച് കളയും!'

മൂന്ന്

ആ സംഭവത്തിന് ശേഷം, ആണ്ടിൽ ഒന്നോ രണ്ടോ തവണ (ക്രിസ്​മസിനോ വിഷുവിനോ മറ്റോ) പായസമോ പോത്ത് വരട്ടിയതോ അടങ്ങുന്ന സ്റ്റീൽ പാത്രങ്ങൾക്ക് കടന്നുപോകാൻ ആവോളം ഇട തന്നിരുന്ന ഞങ്ങളുടെയും പിള്ളേച്ചന്റെയും സ്ഥലങ്ങളെ തമ്മിൽ വേർതിരിക്കുന്ന അതിരുക്കല്ലിനിടയിൽ പൊട്ടിച്ച് കളയാനോ മുറിച്ച് മാറ്റാനോ കഴിയാത്ത കമ്പിവേലി നീളത്തിൽ പടർന്നു.

ആ ദിവസത്തോടുകൂടി രവിപ്പിള്ളയും അയാളുടെ വീടുമായുമുള്ള സകല ബന്ധങ്ങളും എന്റെ വീട്ടുകാർ നിർത്തിയെങ്കിലും, എന്റെ കുട്ടിക്കാലത്ത് അമ്മ പിള്ളേച്ചനോട് ഒരുപാട് കടപ്പെട്ടിരുന്നിട്ടുണ്ടാകണം. എന്റെയെന്നല്ല, അക്കാലത്ത് പിള്ളേരെ പെറ്റ ഒട്ടുമിക്ക എല്ലാ പെണ്ണുങ്ങളും അയാളോട് നന്ദിയുള്ളവരായിരുന്നിരിക്കണം.

വർഗത്തിന്റെ വന്യചോതനകൾ ഒരു ഉളുപ്പുമില്ലാതെ തുറന്നുക്കാട്ടിയാലും "ഓ ഇക്കൊച്ചിന്റെ ഒര് കുസ്‌റ്തി' എന്ന തീർപ്പുക്കൽപ്പനകളാൽ നിഷ്‌കളങ്കരായി വിധിക്കപ്പെട്ടിരുന്ന ഞാനടക്കമുളള നരന്തുകളുടെ കുരുത്തക്കേടുകൾ അതിര് കടക്കുമ്പോൾ അമ്മമാരായ ഈ പെണ്ണുങ്ങൾ അപാരമായ വിരുതോടെ രവിപ്പിള്ളയെ പ്രയോഗിച്ചു.

‘മര്യാദയ്ക്ക് കഴിച്ചോ. ഇല്ലേ ഞാൻ രവിപ്പിള്ളേനേ വിളിക്കും',
‘പിള്ളേച്ചോ ഓടി വര്‌ണെ. ഈ പെണ്ണ് ഭിത്തീല് വരക്ക്ന്ന്’ എന്നുതുടങ്ങുന്ന, സാഹചര്യത്തിനൊത്ത് നീട്ടിയും ചുരുക്കിയും ആറ്റിയും കുറുക്കിയും പടച്ചുവിടുന്ന കള്ളഭീഷണികൾക്ക് മുൻപിൽ, നിയമലംഘനങ്ങളോടുള്ള അഭിനിവേശം വേദനയോടെ ഉപേക്ഷിച്ചുക്കൊണ്ട് കുട്ടികൾ അടക്കമുള്ളവരായി മാറി.

പിള്ളേച്ചനെ കൊണ്ട് പെണ്ണുങ്ങൾക്ക് മെച്ചങ്ങൾ വേറെയുമുണ്ടായിയിരുന്നു. തങ്ങൾ പോലും കണ്ടെടുക്കാതിരുന്ന കഥകൾ ഉണ്ടാക്കാനുള്ള കഴിവ് അവർ അയാളിലൂടെ കണ്ടെത്തി.

പെയ്തിറങ്ങുകയായിരുന്നു കഥകൾ.

അവരവരുടെ വീടുകളിൽ നിന്നുകൊണ്ട് തന്നെ അവർ സംഘമായി പ്രവർത്തിച്ചു. പിള്ളേർ കുസൃതികൾ കാട്ടാത്തപ്പോഴും നിരുപദ്രവമായി ഉറങ്ങുമ്പോഴും അവർ കഥകളുണ്ടാക്കി. അങ്ങനെ മുലപ്പാൽ കുടിച്ച് കുട്ടികളും കഥകളിൽപ്പെട്ട് പിള്ളേച്ചനും അവരിലൂടെ വലുപ്പം വെച്ചുക്കൊണ്ടേയിരുന്നു.

നാല്

ഒന്നിന്റെ ഗതിയെ ഒട്ടും വിചാരിക്കാത്ത വിധം മാറ്റിക്കളയുന്ന കാലത്തിന്റെ ഒരു വിരുതില്ലേ? അത് പിള്ളേച്ചനെയും തൊട്ടു.

കുട്ടികൾ വലിയവരായതോടുക്കൂടി പിള്ളേച്ചൻ കഥയല്ലാതായി. പുതിയ കുട്ടികളെ അടക്കി നിർത്താൻ പുരപ്പുറങ്ങളിൽ ആന്റിനകൾ പൊന്തി.

എന്നിട്ടോ?
കഥകളൊരു കുരുക്കാണ്. പെട്ടുപ്പോയാൽ ഉടയവൻ കനിഞ്ഞാലും അഴിച്ചെടുക്കുവാൻ കഴിയാത്ത തരമൊരു കുരുക്ക്. ഇതിനോടൊപ്പമാണ് ആദ്യം പറഞ്ഞ കാലത്തിന്റെ വിരുത് പ്രയോഗിക്കപ്പെടുന്നത്.ഭീമൻ രഘുവിനെ കീരി രാഘവനാക്കി മാറ്റുന്ന സൂത്രം.

പറഞ്ഞുവരുന്നത് പിള്ളേച്ചൻ വീണ്ടും കഥയാവുന്നതിനെപ്പറ്റിയാണ്.

ആഭിചാരമല്ലാതെ പിള്ളേച്ചന് മറ്റൊരു വിനോദവൃത്തി കൂടിയുണ്ടായിരുന്നു. കാലവും ദേശവും വൈകി കണ്ടെത്തിയ ഒന്ന് ; അതിരുമാന്തൽ.

എന്റെ വീടിരിക്കുന്ന സ്ഥലമടക്കം മൂന്നിടങ്ങളിലായ് മൂന്ന് കൂട്ടരുമായി പിള്ളേച്ചൻ അതിർത്തി പങ്കിടുന്നുണ്ട്. അതിർത്തിക്കപ്പുറം ആരുമില്ലാത്ത നേരം നോക്കി കിളയ്ക്കാനോ വളമിടാനോ ആണെന്ന് തോന്നിപ്പിക്കും വിധം തോളിൽ തൂമ്പ ഞാത്തിയിട്ട് ഇടതുകൈയിൽ ഒരു വെട്ടരുവയും പിടിച്ച് കണ്ണഞ്ചുന്ന നിറത്തിലുള്ള ഒരു കോട്ടൺ കൈയിലിയുമെടുത്ത് പിള്ളേച്ചൻ പറമ്പുകളിലേതെങ്കിലും ഒന്നിലേക്ക് ഇറങ്ങും.

അരുതാത്തതെന്തോ ചെയ്യാൻ വന്നതിന്റെ ഒരു ലക്ഷണങ്ങളും ഇല്ലെങ്കിൽ കൂടിയും, ആള് പിള്ളേച്ചനായതുക്കൊണ്ട് എന്തേലും ഇല്ലാതിരിക്കത്തില്ലലോ എന്ന ചിന്തയിൽ ഒളിക്കണ്ണിട്ട് കൂമ്പുകളുടെ മറവിലിരിക്കുന്ന കൊമ്പൻ ചെല്ലികളെയും പാത്തിയിൽ പാത്തിരിക്കുന്ന പൂഞ്ഞാന്മരെയും "ഞാനെന്റെ സ്വന്തം പറമ്പിൽ കിളയ്ക്കാൻ വന്നതാടാ മൈരുകളേ'എന്ന് കാണിക്കുവാനെന്നോണം, സുന്ദരമായി എടുത്തിട്ടിരിക്കുന്ന തെങ്ങിൻ തടങ്ങളിൽ തികഞ്ഞ സ്വാഭാവികതയോടെ അയാൾ കുറച്ച് നേരം ഒന്നുരക്കും. അത് കണ്ട്, "പാവം മനുഷ്യനെ തെറ്റിദ്ധരിച്ചു' എന്ന് പശ്ചാത്തപിച്ചുക്കൊണ്ട് ചെല്ലികൾ കൂമ്പുകളിൽ കുത്തുകയും പൂഞ്ഞാന്മാർ കണ്ണുകൾ വലിച്ച് നീന്തുകയും ചെയ്യുമ്പോൾ പിള്ളേച്ചൻ കളിത്തുടങ്ങും.

അതിരിനപ്പുറം കണ്ടവൻ അടയ്ക്കുന്ന കരത്തിന്റെ ഗമയിൽ മലന്ന് കിടക്കുന്ന മണ്ണിനെ നോക്കി അയാൾ ഒന്ന് കണ്ണിറുക്കും. ആ ഇറുക്കത്തിൽ, പൊഴിഞ്ഞ് കിടയ് ക്കുന്ന വെള്ളക്കകൊണ്ടോ മുറിഞ്ഞുപ്പോയ ഈർക്കിലി കഷ്ണം കൊണ്ടോ ആടി ഒരു വട്ടം വരച്ച് മണ്ണ് പിള്ളേച്ചനെ കണ്ണുകൾ വിറപ്പിച്ച് നാണം കൊണ്ടൊന്ന് നോക്കും; ചിരിക്കും. തന്നോളം പോന്നൊരു കമുങ്കിൻക്കാലിൽ തറച്ച തൂമ്പക്കൊണ്ട് യാതൊരു തെളിവും വഴുതി വീഴാതെ ആ കാമുകൻ മണ്ണ് മാന്തി അതിരിനിപ്പുറമിടും. അങ്ങനെ ‘കാൽ' , ‘അര ' എന്ന കണക്കിന് പിള്ളേച്ചൻ തന്റെ അതിരുകൾ ഭേദിച്ചുക്കൊണ്ടേയിരുന്നു.

ബേബിച്ചന്റെ അപ്പൻ ഒരിക്കൽ ഈ അവിഹിത ബന്ധം കൈയോടെ പിടിക്കുകയും മുട്ടനൊരു കപ്പത്തടിക്കൊണ്ട് പിള്ളേച്ചന്റെ ഉച്ചിക്കിട്ട് അടിക്കുകയും ചെയ്തതോടെയാണ് അയാൾ വീണ്ടും കഥയാവുന്നത്.

ബേബിച്ചന്റെ അപ്പന്റെ അടിയിൽ താടിയും ഉച്ചിയും വേർപെട്ട് പോകാതിരിക്കാനെന്നോണം വട്ടത്തിൽ വലിച്ചുക്കെട്ടിയ വെള്ളത്തുണിയിൽ തുടങ്ങി, പിള്ളേച്ചൻ കിളച്ച തൂമ്പകളും കുഴിച്ച കുഴികളും എന്തിന് വീടിനുപുറത്ത് ഉണക്കാനിട്ട അയാളുടെ അടിവസ്ത്രങ്ങൾ വരെ ചിരിച്ചു തീർക്കാനാവാത്ത ഒരായിരം തമാശകളെ പെറ്റുക്കൂട്ടി.
പഴയ കുട്ടികളും പുതിയ കുട്ടികളും, അവരുടെ അമ്മമാരും അവയിൽ ആർത്ത് ചിരിച്ചു.

എന്നിട്ടോ?

തമാശകൾ മടുത്ത് തുടങ്ങിയപ്പോൾ പിള്ളേച്ചനെ ആളുകൾ വീണ്ടും മറന്നുക്കളഞ്ഞു. ആരും കഥകൾ പറയാതെയായി.
ദേശത്ത്, പന്തിയല്ലാത്തൊരു കാറ്റ് സ്ഥിരമായി വീശി. പകലുകൾക്ക് ആയുസ്സ് കുറഞ്ഞു.

ആ സമയത്താണ് ഇടിഞ്ഞിലത്തുള്ള പെങ്ങളുടെ വീട്ടിൽ പോയി വരുകയായിരുന്ന ബേബിച്ചന്റെ അപ്പൻ പൈനുമ്പറക്കാരുടെ പറമ്പിനടുത്ത് വച്ച് ഇന്നോളം കണ്ടിട്ടില്ലാത്ത തരമൊരു വെട്ടം മിന്നിമായുന്നത് കണ്ടത്. വെട്ടത്തോടൊപ്പം ഒരാളെയും.

ഇരുട്ടിനെ വകഞ്ഞ് മാറ്റി വെളിച്ചം കണ്ടിടത്തേക്ക് ചെന്ന ആ മനുഷ്യന്റെ ഉച്ചിയിൽ ഇതിനു മുൻപ് അവിടെങ്ങും കണ്ടിട്ടില്ലാത്ത ഒരു വരിക്ക പ്ലാവിൽ നിന്നും മുട്ടനൊരു കൂഴ ചക്ക വന്ന് പതിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഉച്ചിയും താടിയും വേർപ്പെട്ട് പോകാതിരിക്കാനെന്നോണം
തലയിൽ ചുറ്റിയ വെള്ളത്തുണിയിൽ തലോടിക്കൊണ്ട്, ‘എന്നാ ശരിക്കും സംഭവിച്ചേ?' എന്നുചോദിച്ച ബേബിച്ചനെ അപ്പൻ ഭയമൂറിയ കണ്ണുകളോടെ തുറിച്ചു നോക്കി.ബേബിച്ചെൻ ഒരു നേരത്തേക്ക് കുട്ടിയായി. വിറയ്ക്കുന്ന കൈകൾ അവന്റെ തോളിൽ വച്ചുകൊണ്ട് അയാൾ ഒന്ന് മാത്രം മകനോട് പറഞ്ഞു,' മോഹൻ ബീഡിയുടെ മണം!'.

അപ്പന്റെ കണ്ണിലെ ചുവപ്പ് ബേബിച്ചനിലേക്കും,അവനിൽ നിന്ന് നാടിന്റെ ആകാശത്തിലേക്കും പടർന്നു. ആളുകൾ വീടുകളിലിരുന്ന് അടക്കം പറയാൻ തുടങ്ങി.
പൂത്ത തമാശകളെ ചരിത്രത്തിൽ നിന്നും കോതി മാറ്റി.

കഥകളവയുടെ കുരുക്ക് പിന്നെയും മുറുക്കുന്നു.
കാലമതിന്റെ വിരുത് വീണ്ടും പുറത്തെടുക്കുന്നു.
അപ്പോഴും ഒരു ചോദ്യം മാത്രം ബാക്കിയായി.
ആര് ആരേ?
കഥകൾ പിള്ളേച്ചനെയോ പിള്ളേച്ചൻ കഥകളെയോ?
ആര് ആരെയാണ് കെണി വെച്ച് പിടിക്കുന്നത്?

അഞ്ച്

പന്ത്രണ്ട് മണി മുതൽ തുടങ്ങിയ ഇരുപ്പാണ്. ഇപ്പോൾ സമയം ഏതാണ്ട് മൂന്നിനോട് അടുക്കാനായിരിക്കുന്നു.
ഒരൊറ്റ വരി പോലും എഴുതാനായിട്ടില്ല.

അത്യാവശ്യം കഥകളൊക്കെ എഴുതുകയും, മെച്ചമെന്ന് തോന്നി അയച്ചതൊക്കെ പ്രസദ്ധീകരിക്കപ്പെടുകയും ചെയ്ത തരക്കേടില്ലാതെ പോകുകയായിരുന്നു.
ഒരു സുഹൃത്തിന്റെ അഭിപ്രായത്തെ തുടർന്നാണ് ഒടുവിലെഴുതിയ കഥ അയാൾക്ക് അയക്കുന്നത്.

‘അയാൾ ' എന്ന് പറയുമ്പോൾ... ഇല്ല.
പേര് പറഞ്ഞാൽ ശരിയാകത്തില്ല.
പകരം ചില സൂചനകൾ തരാം.

‘മുണ്ടുടുത്ത മൈക്കിൾ കോണലി’, ‘മാർട്ടിൻ ക്രസ്സിൽ നിന്ന്​ വെറുമൊരു കഷണ്ടിയകലം!' എന്നൊക്കെയുള്ള തലക്കെട്ടോടെ അച്ചടിച്ച് വന്ന ഒരുപാട് ഫീച്ചറുകളിൽ, നെഞ്ചും വിരിച്ച് നിന്നിട്ടുള്ള കക്ഷിയാണ്.

കഥ അയച്ച് ഒന്നരയാഴ്ച്ച കഴിഞ്ഞാണ് മറുപടി വരുന്നത്.
‘കഥ വായിച്ചു. ആത്മാന്വേഷണം ഇപ്പോൾ തന്നെ ഒരുപാട് ഉണ്ടായിക്കഴിഞ്ഞില്ലേ? ഇനിയുമിത് വിറ്റഴിയുമെന്ന് തോന്നുന്നില്ല. ഉദ്വേഗം ഉണർത്താൻ കഴിയുന്നതും പിടിച്ചിരുത്താനാവുന്ന തരത്തിലുള്ളവക്കായി ശ്രമം തുടരുക. ആശംസകൾ'.

പറയണ്ടല്ലോ, തകർന്നുപോയി.
മൂന്നാവർത്തി വായിച്ചു. ഓരോ വായനയിലും വാക്കുകൾ കൂടുതൽ പരുക്കമുള്ളതായി മാറി.
ഉള്ളിൽ, കാലിനുമേൽ കാൽ കയറ്റി വച്ച് ചാന്ന് കിടന്നിരുന്ന കഥാതന്തുക്കളത്രെയും വിങ്ങിപ്പൊട്ടി കൊണ്ട് എങ്ങോട്ടെന്ന് പറയാതെ ഇറങ്ങി പോയി.

ചെറ്റ!
അയക്കേണ്ടിയിരുന്നില്ല. അയാളുടെ മെയിൽ വന്നത് മുതൽ ഇന്നുവരെ ഒരു വരി പോലും എഴുതാനായിട്ടില്ല.

കടലാസ്​ മടക്കി ഉറങ്ങാമെന്ന് കരുതി കിടക്കുമ്പോഴും, ഉച്ചിയിലൊരു കഥയുടെ വെളിച്ചം തട്ടുമെന്ന പ്രതീക്ഷ ഉള്ള് പൊള്ളിച്ചുക്കൊണ്ടിങ്ങനെ കറങ്ങി നടന്നു.
കണ്ണ് എപ്പഴോ അടഞ്ഞു. ഒന്ന് വഴുതിയാൽ, ഉണരാനും ഉറങ്ങാനും ഒരേപോലെ സാധ്യതയുള്ള ദുർഘട ഘട്ടത്തിലായിരുന്നു അപ്പോൾ.
സ്വപ്നമാണെന്നാണ് ആദ്യം കരുതിയത്.
ശ്ശെടാ!
സ്വപ്നമാണേൽ അത് സ്വപ്നമായിട്ട് തോന്നത്തില്ലല്ലോ എന്നോർത്തപ്പോഴാണ് ഉണരാനുള്ള നറുക്ക് വീണത്.

ഉയ്യോ!
അകം മുഴുവൻ തെളിഞ്ഞ ഒരു പെരുമ്പാമ്പ്, തല പോയ വഴിത്തപ്പി കയറിയതുപോലൊരു നീണ്ട വെളിച്ചം!
ജനാലയിലൂടെ,.. പുറത്തു നിന്നും.

ഞെട്ടി ശ്വാസം നിലച്ച് ആ കിടപ്പ് അങ്ങനെ കിടയ്ക്കുമ്പോൾ പാമ്പൊന്നുലഞ്ഞു.നോക്കി നിൽക്കെ പിന്നോട്ടിഴഞ്ഞ് പുറത്തേക്ക് പോയി.
പോയെന്ന് കരുതിയ പ്രാണൻ തിരിച്ചു കിട്ടിയെന്ന് തോന്നിയപ്പോഴാണ് കണ്ടതിന്റെ യുക്തി ചോദ്യമായത്. പതിയെ ഭിത്തി തൊട്ടുത്തൊട്ട് എഴുന്നേറ്റ് ഒരു കണ്ണെടുത്ത് ജനാലയിലൂടെ പുറത്തിട്ടു.

ഒന്നുമില്ല.

ജനാലയിലേക്ക് പകർന്നും അതിനപ്പുറം പടർന്നും കിടക്കുന്ന ഇരുട്ട്. വേലിയ്ക്കപ്പുറമിപ്പുറങ്ങളിലായി ഇടവിട്ട് നിൽക്കുന്ന റബ്ബർ മരങ്ങൾ. ചീവീടുകളുടെ അലർച്ച. ഇവയിത്രയുമില്ലാതെ വേറെയൊന്നുമില്ല.

അപ്പോൾ കണ്ടതെന്തുവാ?

ഉറക്കത്തിനിടയിൽ മരിച്ചു പോയവർ കണ്ടു മുഴുവിപ്പിക്കാതെ പോയ സ്വപ്നങ്ങൾ, ഇതുപോലെ ചില വെട്ടങ്ങളായി ജീവിച്ചിരിക്കുന്നവരുടെ ഉറക്കം കെടുത്തുവാൻ ജനാല കടന്നും ഭിത്തി തുരന്നുമൊക്കെ വരുമെന്ന് പണ്ടാദ്യമായി വാറ്റടിച്ച ദിവസം ബേബിച്ചൻ പറഞ്ഞത് ഓർമ്മ വന്നു.

പിടി തരാത്ത കാഴ്ച്ചകളെല്ലാം തോന്നലുകളാണെന്നല്ലേ നമ്മൾ കരുതുന്നത്?
അങ്ങനെയോർത്ത് തിരികെ കിടന്നതും വീണ്ടുമതേ നീണ്ടയുടൽ! പോന്നിടത്തോളം പോട്ടേ എന്ന മട്ടിൽ നീണ്ട് കത്തുന്ന ഒരു വെളിച്ചം!
ചങ്കിൽ ഇടിയും മിന്നലും ഒന്നിച്ചടിച്ചു.

വെളിച്ചം പിന്നോട്ടിഴഞ്ഞ് പിന്നെയും പുറത്ത് കടന്നപ്പോൾ വീണ്ടും ഞാൻ ജനാല വഴി പുറത്തേക്ക് നോക്കി. വേലിയ്ക്കപ്പുറത്ത് പിള്ളേച്ചന്റെ പറമ്പിൽ, റബ്ബർ മരങ്ങൾക്കിടയിലൂടെ ഒരാൾ ഒരു ടോർച്ചുമായി കറങ്ങി നടക്കുന്നു (!). ഇരച്ചു വന്ന ഭയം രണ്ട് വളികളായി പുറത്ത് കടന്നു.

ആരാണ്? അതും ഈ നേരത്ത്?

ഭൂമിയൊന്ന് ഇക്കിളിക്കൊണ്ട് കുലുങ്ങിയാലും ഉണരാത്ത വിധം മനുഷ്യർ ഉറങ്ങുന്ന ഈ നേരത്ത് ആരാണ് റബ്ബർ മരങ്ങൾക്കിടയിലൂടെ, ഊഹങ്ങൾക്ക് മീതെ നിന്നുക്കൊണ്ട് ടോർച്ച് വീശുന്നത്?

ചിന്തകൾ കാടുക്കയറി.
എങ്ങുനിന്നെന്നില്ലാതെ , കല്ലറകൾ പൊളിച്ച് ശവങ്ങൾ റാഞ്ചാൻ നടക്കുന്ന ഡാവിഞ്ചിയുടെ ചിത്രം ഉള്ളിൽ മിന്നലടിച്ചു.അപ്പോഴാണ് രാത്രിയ്ക്ക് സെമിത്തേരിയുടെ മണമുണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഡാവിഞ്ചിയിൽ കുത്തി പൊങ്ങിയ മനസ്സിൽ, വെളിച്ചം വീശിക്കൊണ്ട് ഇരുട്ടിലിരിക്കുന്നത് ആരാണെന്ന് അറിയുവാനുള്ള ആകാംഷ ഇടയില്ലാതെയുള്ള ഇടിപ്പുകളായി. ചീവിടുകൾ ഒരിക്കലുമില്ലാത്തവണ്ണം ചിലച്ചു. പതിയെ വീശുന്ന കാറ്റിൽ റബ്ബർ കായകൾ ഉരുണ്ടു.

ഇരച്ചെത്തിയ തണുപ്പിൽ, അമ്മ പറഞ്ഞു തന്ന കഥകളുടെ മുൾക്കിരീടം ചൂടി, ഉള്ളിൽ കിടന്നുറങ്ങി കിടന്നിരുന്ന ഒരു ചെറുക്കൻ, ഉണങ്ങി പോയ മുള്ളുകൾക്ക് വെളിച്ചം കൊടുത്തുക്കൊണ്ട് കാറ്റിന്റെ താളത്തിൽ ചെവിയിൽ പറഞ്ഞു, "മറഞ്ഞ് നിന്നോ. പിള്ളേച്ചനാ!'

അമ്മേ!

പിടിച്ചുനിന്നിരുന്ന ജനൽക്കമ്പിയിൽ നിന്നും കൈകളറിയാതെ വിട്ടുപോയി.

ബുനുവലിന്റെ ആകാശത്തിലെ, ചന്ദ്രനെ മറയ്ക്കുന്ന മേഘത്തെപ്പോലെ എന്റെ കണ്ണുകൾ നെടുകെ കീറിക്കൊണ്ട് ആ വെളിച്ചം ആഞ്ഞുവീശി. അതിൽ ചെറുക്കന്റെ വാക്കുകൾ സത്യമായി; "പിള്ളേച്ചൻ!'

പിള്ളേച്ചൻ തോട്ടത്തിലൂടെ ഇരുട്ടിന്റെ സ്വാതന്ത്ര്യത്തെ വെളിച്ചം തെളിച്ച് ആഘോഷിച്ചു.
എന്താണ് ചെയ്യുന്നതെന്ന് ഒരു പിടിയും തരാതെ ചുറ്റി നടക്കുകയാണ്. ഓരോ മരങ്ങൾക്കിടയിലും ഒരു നിശ്ചിത സമയം അയാൾ ചിലവഴിച്ചു. അവയുടെ അരകളിൽ എന്തോ ജപിച്ച് കെട്ടുമ്പോലെ (?).
അപ്പോഴെല്ലാം രാത്രി മൗനമായി ഇരുണ്ടു. ചീവീടുകൾ ആദ്യമായി വായടച്ച് എന്തോ കേൾക്കുവാൻ ശ്രമിച്ചു.

എന്താണ് നടക്കുന്നതെന്ന് ഒരെത്തും പിടീം കിട്ടുന്നില്ല.

അമ്മ താഴെ ഉറക്കമാണ്. പോയി വിളിച്ചാലോ?
രണ്ട് കാര്യങ്ങളാണ്;
അമ്മയെ വിളിച്ച് വരുന്ന നേരം കൊണ്ട് വെളിച്ചം അണഞ്ഞ് പോയാലോ? പിള്ളേച്ചൻ അപ്രത്യക്ഷമായാലോ?
വേറൊന്നുള്ളത്, പോയി വരുന്ന നേരം കൊണ്ട് സുപ്രധാനമായ എന്തെങ്കിലും സംഭവിച്ചാലോ?
അപ്രതീക്ഷിതമായ ഒരു ചുവടോ.....മറ്റെന്തെങ്കിലും എന്തെങ്കിലും.
കാണാതെ പോകും.

ഈ ചിന്തകൾ വിരലുകളെ ജനൽക്കമ്പികളിൽ ഒട്ടിച്ചു നിർത്തി.

രാത്രി അലിഞ്ഞുത്തുടങ്ങി. ഇരുട്ട് മാഞ്ഞു. പിള്ളേച്ചൻ വെളിച്ചമണച്ചു. അയാൾ പറമ്പിൽ നിന്നുമിറങ്ങി മുറ്റം കയറി താഴോട്ട് നടന്നു. മഴയ്ക്ക് കോള് കൊട്ടിക്കൊണ്ടുരുണ്ട മേഘങ്ങളെ അപ്പോൾ വീശിയ ഒരു കാറ്റ് കുത്തിപ്പൊട്ടിച്ചു.

പിള്ളേച്ചന്റെ മുറ്റം കടന്നാൽ ചെറിയൊരു പാലമാണ്. പാലം കടന്നാൽ കണ്ടങ്ങൾക്കും തോടിനും ഇടയിലൂടെ പോകുന്ന കോൺക്രീറ്റ് വഴിയാണ്.

അയാൾ തോട് മുറിച്ച് കടന്ന് വഴിയിലെത്തി ഇടത്തോട്ട് തിരിഞ്ഞു.
ഇരുട്ട് പൂർണ്ണമായും മാഞ്ഞിരുന്നു.

അയാൾ നടന്നടുത്തു.
അടുത്തുക്കൊണ്ടിരുന്ന പിള്ളേച്ചന്റെ മുഖം മറ്റാരുടെയോ ആണെന്ന കാര്യം അമ്പരപ്പോടെ ഞാൻ തിരിച്ചറിഞ്ഞു.
മറ്റാരോ!

തെറ്റിയ കണക്കൂട്ടലുകളിലെ അക്കങ്ങൾ തലയ്ക്കുള്ളിൽ നുഴഞ്ഞ് കുത്തി.
അയാൾ അടുത്തുക്കൊണ്ടിരുന്നു. ഉയരങ്ങളിൽ നിൽക്കുമ്പോഴുണ്ടാകുന്ന തരമൊരു തരിപ്പ് കാലുകളിൽ അനുഭവപ്പെട്ടു.

ടോർച്ച് അണഞ്ഞ കാലത്തിനു മുകളിൽ ഉദിച്ച സൂര്യന് കീഴെ എന്റെ ചോദ്യങ്ങൾ മരണത്തെ കണ്ടു.
കോൺക്രീറ്റിൽ പതിയുന്ന ബൂട്ടിന്റെ സ്വരം കാതിലടിച്ചു.
പിള്ളേച്ചനല്ല എന്ന് തെളിയിച്ച ഒരു പാതിയും പിന്നെയാര് എന്ന ചോദ്യമുണർത്തുന്ന മറുപാതിയും ഹൃദയത്തിൽ "ഡും ' "ഡും ' എന്ന് മുഴങ്ങി.

ഉദ്വേഗപൂർണ്ണമായ ആ അന്തരീക്ഷത്തിൽ , ഒരു സൂചിമുനയ്ക്കും വിരൽത്തുമ്പിനും ഇടയിലേതുപോലൊരു നിശബ്ദത പ്രതിഫലിച്ചു.

കോനൻ ഡോയലിന്റെ പൈപ്പിൽ നിന്നും പുകമേഘങ്ങൾ......., കോട്ടയം പുഷ്പനാഥിന്റെ ചാർമിനാർ മഴവെള്ളത്തിൽ പതിയുന്നു..........., ആൽഫ്രഡ് ഹിച്ച്‌കോക്ക് ഒരു വെള്ളരിപ്രാവിനെ തലോടുന്നു!
ശ്ശ് ശ്ശ്.........

നോക്കി നിന്ന ജനാലയ്ക്ക് നേരെ എത്തിയ ആ മനുഷ്യനെ ഞാൻ നിസ്സംഗനായി നോക്കി നിന്നു.
ഇടം കൈയ്യിൽ തൂക്കിയിട്ടിരുന്ന ഹെഡ് ലൈറ്റിനോടൊപ്പം അയാളും എന്നെ തലപൊക്കി ഒന്ന് നോക്കി. ഞങ്ങളുടെ കണ്ണുകൾ ഒരു നേരത്തേക്ക് എന്തിനെന്നറിയാതെ പരസ്പരം ഉടക്കി.

അപ്പോൾ വീശിയ തണുത്ത കാറ്റിൽ തലേന്ന് എഴുതാൻ വിരിച്ച കടലാസ്സൊന്ന് ഇളകി. അതിന്റെയുള്ളിൽ, ഇരുട്ടത്ത് മുറിയിലേക്ക് ഇരമ്പിയെത്തിയ ദിവ്യവെളിച്ചത്തിന്റെ ഒരു അടർപ്പ് ആരുമറിയാതെ ഒളിഞ്ഞ് മിന്നുണ്ടായിരുന്നു.

ആറ്

ബാബുക്കുട്ടി വക്കീലിന്റെ വീട് ലക്ഷ്യം വച്ച് പറക്കുകയായിരുന്ന ഒരു കൂട്ടം കൊതുകളിലൊന്ന് വഴിതെറ്റി ബെന്നിയുടെ വിറകുപ്പേരേൽ കയറി പോയിടത്ത് നിന്നാണ് സംഗതി വഷളാകുന്നത്.

അവിടെയാണ് ഗംഗാധരൻ കിടന്നുറങ്ങുന്നത്. കൊതുക് കടിച്ച വഴിയേ പോയ ഉറക്കം ഒന്നൂടെ കിടന്ന് നോക്കിയിട്ടും കിട്ടാതായപ്പോഴാണ്, മറ്റൊന്നും ചെയ്യാനില്ലാത്ത അയാൾ കത്തിയും ടോർച്ചുമെടുത്ത് ഇറങ്ങുന്നത്.

രണ്ട് തോട്ടങ്ങളിലാണ് ഗംഗാധരൻ വെട്ടുന്നത്.
ഒന്ന് പിള്ളേച്ചന്റെയും മറ്റേത് ലാസറിന്റെയും.

മരങ്ങളോട് കുശലം പറഞ്ഞുക്കൊണ്ട് കറയെടുത്ത് തീരുമ്പോൾ അയാൾ സാധാരണ പണിക്ക് വരുന്ന സമയമേ ആയിട്ടുണ്ടായിരുന്നുള്ളു.

തോട്ടം വിട്ട് മുറ്റത്തെത്തിയപ്പോൾ പാതി തുറന്നിട്ട ജനാലയിലൂടെ പിള്ളേച്ചന്റെ സുന്ദരമായ കൂർക്കം വലി കേൾക്കുകയും ഉയർന്ന് താഴുന്ന അയാളുടെ ഉണ്ണി വയറ് കാണുകയും ചെയ്തപ്പോൾ ഗംഗാധരനും ഉറക്കം വന്നു. ഒന്നുറങ്ങി എണീറ്റിട്ട് ലാസറിന്റെ റബറുകൾ വെട്ടാമെന്ന് നിശ്ചയിച്ചു.

ഉണരും മുൻപ് കണ്ടുകൊണ്ടിരുന്ന സ്വപ്നമെന്തായിരുന്നു എന്ന് ചിന്തിച്ച് നടക്കുമ്പോഴാണ്, ഒരു വീടിന്റെ മുകൾ നിലയിൽ ജനാലയിലൂടെ ഒരു പയ്യൻ കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കി അമ്പരന്ന് നിൽക്കുന്നത് കണ്ടത്. കണ്ണുകൾ തിരികെയെടുത്ത് സ്വപ്നത്തെ അന്വേഷിക്കുന്നതിന് മുൻപ് ഒരു വായ്‌ക്കോട്ട വിട്ടുകൊണ്ട് ‘എവനൊന്നും ഒറക്കവുമില്ലേ?' എന്ന് വെറുതെ അയാൾ ആത്മഗതം പറഞ്ഞു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments