സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് 51, അദ്ധ്യായം 14, അവസാന പാരഗ്രാഫ്.
‘ദസ്തേവ്സ്കിയുടെ നോവൽക്കുറിപ്പുകളിൽ ഏറ്റവും സങ്കീർണമായത് ഇഡിയറ്റിന്റേതായിരുന്നു. ജനീവയിലിരുന്ന് റഷ്യൻ പത്രങ്ങൾ ദസ്തേവ്സ്കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഓരോന്നോരോന്നായി എഴുത്തുകാരൻ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..'
സൂസന്നയുടെ ഗ്രന്ഥപ്പുരയിലേക്ക് എത്തുന്നതിനും, ദസ്തേവ്സ്കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെ മാസങ്ങൾക്കു മുൻപേ തന്നെ, ഗൂഗിൾ എടുത്ത് താമസിക്കുന്ന സ്ഥലത്തിന്റെ പിൻ കോഡ് വെച്ച്, ഈ സിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുന്ന ഒരു ശീലം എന്നിൽ രൂപപ്പെട്ടിരുന്നു.
കണ്ണ് കുഴിഞ്ഞു, ഭൂതകാലത്തിന്റേതായ സകല നിരാശകളും ചൂഴ്‌ന്നെടുത്ത മുഖങ്ങളുമായി നിരവധി മഗ് ഷോട്ടുകൾ വരിയും നിരയും നിറച്ച കൗണ്ടി പോലീസ് വെബ് പേജിൽ നിറഞ്ഞിരിക്കുന്നത് അങ്ങനെയാണ് മുന്നിലേക്കെത്തുന്നത്.
ചില വാർത്തകളുടെ പിന്നാലെ പേപ്പർ കട്ടിംഗുകളിലൂടെ ചികഞ്ഞു കയറി.
ചിലത് പാതിവഴിയിൽ നിർത്തി. അയൽപക്കത്തെ വിശേഷങ്ങളറിയുന്ന പ്രാദേശിക സോഷ്യൽ നെറ്റ്വർക്കുകളിൽ ചിലർ തലേന്ന് രാത്രി കേട്ട വെടിയൊച്ചയെപ്പറ്റി ചോദിക്കുമ്പോൾ, വീണ്ടും കൗണ്ടി പോലീസ് റിപ്പോർട്ടുകളിലും മറ്റും കയറിയിറങ്ങി.
മഗ്‌ഷോട്ട് മുഖങ്ങൾ സ്‌ക്രീനിൽ നിന്നും കണ്ണുമിഴിച്ചു കഥകൾ പറഞ്ഞപ്പോൾ, മനസിലേക്കത് പകർത്തിയെടുത്ത്, പിന്നീട് സമയം കിട്ടിയപ്പോൾ കഥാപാത്രങ്ങളായി കീബോർഡിലേക്ക് വിരൽത്തുമ്പിൽ ഈ കഥകളൊക്കെയായി ഇറങ്ങി വന്നു.
പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മൂന്നു കഥകളാണ് ത്രയം.
ഒന്ന്: കടൽത്തീര നഗരത്തിലെ കഥകൾ
എനിക്കെന്നെക്കുറിച്ചുതന്നെ ചില സംശയങ്ങളുണ്ട്.
ആദ്യമൊക്കെ വിചാരിച്ചത് ഞാൻ മരിച്ചു കഴിഞ്ഞു കാണുന്ന കാഴ്ചകളാണതൊക്കെ എന്നായിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്.
മരണം ഒന്നും സംഭവിച്ചിട്ടില്ല, പക്ഷെ നടക്കാൻ സാധ്യതയുള്ള സംഭവങ്ങളെ മുൻകൂട്ടി കാണാനുള്ള എന്തോ ഒരു പ്രത്യേക കഴിവ് എനിക്ക് ഈയിടെയായി കിട്ടിയിട്ടുണ്ട്.
അല്ലെങ്കിൽ പിന്നെയെങ്ങിനെയാണ് ഈയടുത്ത് നടന്ന മൂന്നു സംഭവങ്ങളിലും അവ നടക്കുന്നതിനു മുന്നേ തന്നെ ഇങ്ങനെയൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന തരത്തിലുള്ള തോന്നൽ എന്റെ മനസ്സിൽ വരുന്നത്. നിർവചിക്കാൻ കഴിയാത്ത എന്തോ ഒരു ശക്തി എന്നിൽ വളർന്നുതുടങ്ങിയിരിക്കുന്നു എന്നുവേണം കരുതാൻ.
തുടങ്ങിയത് ജസ്റ്റിൻ പറഞ്ഞ സംഭവത്തോടെയായിരുന്നു.
ജസ്റ്റിന്റെ പെൺ മക്കൾ ഷോപ്പിംഗ് കഴിഞ്ഞ് നേരം വൈകി വീട്ടിലേക്ക് വന്നു കൊണ്ടിരിക്കെ ഡ്രൈവേയിൽ നിന്ന് പെട്ടെന്നൊരാൾ തോക്കുമായി മുന്നിലേക്ക് ചാടി വീണ് തുരുതുരെ വെടിയുതിർത്തു.
മൂത്തമകൾ ജീൻ സെൽഫോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ലോക്കൽ ടെലിവിഷൻ നെറ്റ് വർക്കിന്റെ വെബ്സൈറ്റിൽ വന്നത് ഞങ്ങളെയൊക്കെ ജസ്റ്റിൻ തന്നെയായിരുന്നു വിളിച്ചു കാണിച്ചു തന്നത്.
കാർ വളവു തിരിഞ്ഞു ഡ്രൈവേയിലേക്ക് കയറിയതും, സൈഡിൽ എവിടെയോ നിന്നിരുന്ന മുഖം മൂടിക്കാരൻ തോക്കും ചൂണ്ടി മുന്നിലേക്ക് ചാടിയതും, പിറകോട്ട് എടുക്ക് പിറകോട്ട് എടുക്ക് എന്ന് ജീൻ ആർത്തുവിളിച്ചതും, ജീനിന്റെ ഇളയവൾ ജാനറ്റ് കാർ പിന്നിലേക്ക് ഓടിച്ചതും, കാറിന്റെ ഹെഡ്ലൈറ്റിന്റെ വെളിച്ചം മുന്നിലെ നിഴലിൽ പതിയുേമ്പാൾ മുഖം മൂടിക്കാരൻ തുരുതുരെ വെടിയുതിർക്കുന്നതും ശ്വാസമടക്കിപ്പിടിച്ചാണ് ഞങ്ങൾ ഓരോരുത്തരും കണ്ടുനിന്നത്.
വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഞാൻ പതുക്കെ ജസ്റ്റിന്റെ തോളിൽ കൈ വെച്ചു. ബ്രയാൻ എന്തോ പറയാനാഞ്ഞു, പക്ഷെ അയാളുടെ വാക്കുകൾ മുറിഞ്ഞു പോയതിന്റെ ബാക്കി എനിക്ക് ഊഹിക്കാമായിരുന്നു.
അതെ, മുൻകൂട്ടി കാണാനുള്ള കഴിവ് ആദ്യം മനസിലാക്കിയത് അങ്ങനെ ആയിരുന്നു. അയാൾ അത് പുറത്തുപറഞ്ഞിരുന്നെങ്കിൽ വംശീയമായ ഒരു തെറിയായി പരിണമിച്ചേനെ എന്നെനിക്ക് ഇപ്പോൾ കൂട്ടി വായിക്കാം.
ലീ കുറച്ചു നേരം ജസ്റ്റിന്റെ അടുത്തിരുന്നു. ജസ്റ്റിന്റെ കൈ പിടിച്ചമർത്തി മക്കൾ സുരക്ഷിതരാണല്ലോ, അതാണ് ഏറ്റവും വലുത് എന്നവൻ ജസ്റ്റിനെ ആശ്വസിപ്പിച്ചു, തന്റെ ചുവന്ന മുടി വശത്തേക്ക് മാറ്റിയിട്ട് സീറ്റിലേക്ക് തിരിച്ചുപോയി.
സാറ അവളുടെ തടിച്ച ചുണ്ടിൽ ആശങ്ക മുഴുവനും വിറപ്പിച്ച് ഒരു ആനിമേഷൻ കഥാപാത്രത്തിന്റെ ശബ്ദവിന്യാസത്തോടെ എന്തൊക്കെയോ പറഞ്ഞു.
മേഗൻ വീഡിയോയിൽ കണ്ട ലിങ്ക് ട്വീറ്റ് ചെയ്യുന്ന തിരക്കിലേക്ക് പോയി.
ജോൺ ഒന്നും മിണ്ടാതെ സീറ്റിലേക്ക് മടങ്ങി.
താഹിർ പക്ഷെ കുറെ നേരം സംസാരിച്ചു, ജസ്റ്റിനെ കുറെ ആശ്വസിപ്പിച്ചു.
ടീമിലെ തന്നെ ഏറ്റവും പോസിറ്റിവിറ്റി ഉള്ളയാളാണ് താഹിർ.
ഈയുള്ളവരെയെല്ലാം പറ്റിയുള്ള ചിന്തകൾ കിറുകൃത്യമായി മനസ്സിൽ വരുന്നത് എങ്ങനെയാണ് എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു.
എന്തോ ഒരു നിയോഗത്തിനു വേണ്ടിയുള്ളതാവും എന്ന ക്‌ളീഷേ മറുപടി ഞാൻ എനിക്കുവേണ്ടി ഒരുക്കി സൂക്ഷിച്ചിരുന്നു.
കടൽത്തീരത്തോടു ചേർന്നുകിടക്കുന്ന ഒരു ചെറിയ പട്ടണത്തിലെ വേനൽക്കാലം അവധി ദിവസങ്ങളുടെ ആലസ്യമാണ് എല്ലാവർക്കും നൽകാറ്. വലിയ കാറുകളുടെ ഫ്‌ളോർമാറ്റുകളിൽ വാരാന്ത്യ അവധിക്കുശേഷം വെളുത്ത മണൽത്തരികൾ കണ്ടാലുറപ്പിക്കാം, ഇവരൊക്കെ വാരാന്ത്യം കടൽത്തിരകൾക്കൊപ്പം ആയിരുന്നു ചെലവഴിച്ചതെന്ന്.
ഇരുൾ പരക്കുമ്പോൾ എട്ടു മണിയാവും.
അതിനു തൊട്ടു മുന്നേ ആകാശം ചിത്രപ്പണി തുടങ്ങും.
അവിടിവിടെയായി പുകയൂതി വിട്ടതുപോലെ കിടക്കുന്ന പഞ്ഞിക്കെട്ടുകൾക്ക് പിങ്കും, ഇളം ചുവപ്പും തുടങ്ങി കടും ചുവപ്പും, കറുപ്പ് കലർന്ന നീലയും നിറങ്ങൾ നൽകി സൂര്യൻ അസ്തമിക്കാൻ തിടുക്കം കൂട്ടും.
പല ഇനത്തിലുള്ള ദേശാടനക്കിളികൾ (അതോ ഇവിടുന്നു പുറപ്പെട്ടു മറ്റു ദേശങ്ങളിലേക്ക് പറന്നു പോകുന്നവയോ) അന്തിച്ചോപ്പിനൊപ്പിച്ചു മേഘങ്ങൾക്ക് അടുത്തു കൂടി ദൂരേക്ക് പറന്നുപോകുന്നത് കാണാൻ കടലിലേക്കിറങ്ങിക്കിടക്കുന്ന പാലത്തിൽ ഞാൻ എന്നും പോയിരിക്കാറുണ്ട്.
സഹപ്രവർത്തകരിൽ പലരെയും അവിടെ വെച്ച് കാണാൻ കഴിയും.
നായയുമായി നടക്കാൻ ഇറങ്ങുന്ന ജസ്റ്റിൻ.
കറുത്ത തടിച്ച ചുണ്ടു പിളർത്തി അയാൾ ചിരിക്കും.
ലീ അവന്റെ ബോയ്ഫ്രണ്ട് മാർക്കുമായി മണൽ തരികൾക്കുമേലെ വിരിച്ച ഷീറ്റിൽ കിടപ്പുണ്ടാവും.
താഹിർ അവന്റെ കൊളംബിയൻ ഗേൾഫ്രണ്ടിന്റെ കൂടെ നടന്നുപോകുമ്പോൾ കണ്ടാൽ കൈ വീശി കാണിക്കും.
ലീ ഒരു സ്വവർഗാനുരാഗിയാണെന്നുള്ളത് ഈ കടപ്പുറത്തുവെച്ച് മാർക്കിനോടോപ്പം അവനെ കാണുന്നതിനുമുന്നേ ഞാനൂഹിച്ചിരുന്നു.
ലീയുടെ പങ്കാളി മാർക്കിനെ പറ്റി ജോൺ ഒരിക്കൽ എന്തോ പറഞ്ഞത് ഓർമയിലുണ്ട്. അവൻ ഒരു ഗോസ്റ്റ് അസൈലം റൈറ്റർ ആണെന്നാണ് ജോണിന്റെ കമന്റ്. എവിടെയോ വായിച്ച ഒരു എഫ്. ബി. ഐ ഓപ്പറേഷനെ ചേർത്താണ് അയാൾ അത് പറഞ്ഞത്. ഓപ്പറേഷൻ ഫിക്ഷൻ റൈറ്റർ എന്നോ മറ്റോ പേരിൽ എഫ്. ബി. ഐ നടത്തിയ ഒരു റെയ്ഡിൽ കുറെ ആളുകളെ പ്രത്യേകിച്ചും ഇമിഗ്രെഷൻ ലോയേഴ്സിന്റെ ഒരു കോക്കസിനെ എഫ്. ബി. ഐ പിടിച്ചിരുന്നു. ആളുകളുടെ അസൈലം അപേക്ഷകളിൽ വ്യാജമായ കഥകൾ ചേർത്ത് പൊലിപ്പിച്ചെഴുതി അസൈലവും അത് വഴി പൗരത്വവും നേടിക്കൊടുക്കുന്ന നിയമവിരുദ്ധ സംഘങ്ങളെപ്പറ്റിയായിരുന്നു ജോൺ സൂചിപ്പിച്ചത്. അതിലൊരു കണ്ണിയാണ് മാർക്ക് എന്ന് അയാൾ ഇടയ്ക്കിടെ പറയും.
ജോൺ അങ്ങനെയൊരാളാണ്.
ഏതൊരാളെപ്പറ്റിയും നിഗൂഢതകൾ കണ്ടെത്തുന്ന ഒരാൾ.
ജോൺനെ പറ്റി കൂടുതലാർക്കും അറിയില്ല. പെഡ്രോ ഗാർസിയ ആയിരുന്നു അയാളുടെ ഉറ്റ ചങ്ങാതി. പെഡ്രോയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനു ശേഷം ജോൺ മറ്റാരുമായി ചങ്ങാത്തം കൂട്ടിയിരുന്നില്ല.
ജൂറി ഡ്യൂട്ടിക്ക് ഹാജരാവാത്തതിനാൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതു കൊണ്ടായിരുന്നു പെഡ്രോയ്ക്ക് ജോലി നഷ്ടമായത്. അതിലൊരു ഗൂഢാലോചനയുണ്ടെന്ന് ജോൺ ഇടയ്ക്കിടെ പറയും.
ഭാര്യയെ മുപ്പത് പ്രാവശ്യം കുത്തിയ ശേഷം വെടിവെച്ചുകൊന്ന ഒരാളുടെ കേസായിരുന്നു പെഡ്രോ ജൂറിയായി പോകേണ്ടിയിരുന്ന കേസ്.
മുപ്പത് പ്രാവശ്യം കുത്തി എന്ന് കേട്ടപ്പോഴേ ജോൺ പറഞ്ഞത്, ആ സ്ത്രീ അയാളെ എന്തുമാത്രം ദേഷ്യം പിടിപ്പിച്ചുണ്ടാവും എന്നാണ്. സ്ത്രീകൾ അങ്ങനെയാണ് എന്നയാൾ പറഞ്ഞു.
പെഡ്രോ തന്റെ ബ്രസീലിയൻ ഗേൾഫ്രണ്ടിന്റെ മേനിയഴകിനെ പറ്റി അപ്പോഴേക്കും സംസാരം ആരംഭിച്ചിരുന്നു. അറുപത് കഴിഞ്ഞ വയസ്സന്റെ കാമഭ്രാന്ത് എന്ന് ജോൺ അയാൾ കേൾക്കാതെ എന്നോട് പറഞ്ഞു.
വയസ്സൻ മറന്നുപോയതുകൊണ്ടൊന്നുമല്ല ജൂറി ഡൂട്ടി ഒഴിവാക്കിയത്, ഒരു ചതി പറ്റിയതാണ് എന്ന് ജോൺ തന്നെ ഒന്നുരണ്ടു പ്രാവശ്യം സൂചിപ്പിക്കുകയും ചെയ്തു.
താഹിറിനെ കുറിച്ചും ബ്രയാനിനെ കുറിച്ചും മേഗനെ കുറിച്ചും അവന് ഓരോരോ തിയറികളുണ്ടായിരുന്നു. ഒരു പക്ഷെ എന്നെക്കുറിച്ചും ഞാൻ കേൾക്കാതെ അവൻ കഥകൾ മെനയുന്നുണ്ടായിരിക്കാം. മനുഷ്യരെക്കുറിച്ചുള്ള സങ്കൽപ്പങ്ങളിൽ ഏറ്റവും സങ്കീർണമായ മനുഷ്യ മനസുകൾ ഈ മണ്ണിലേതാണെന്ന് എനിക്കെപ്പോഴും തോന്നാറുണ്ടായിരുന്നു.
ജോണിന്റെ കഥകളിൽ നിന്ന് അറിയുന്നതിനു മുന്നേ താഹിറിനെക്കുറിച്ചു എനിക്കറിയാമായിരുന്നു. ആദ്യം പറഞ്ഞ ഇല്യൂഷനുകൾ വഴിയൊന്നും അല്ലായിരുന്നു അത്. യാദൃച്ഛികമായി ഒരു ദിവസം എന്തോ സംസാരിച്ച വഴിയിൽ അവൻ പെട്ടെന്ന് പറഞ്ഞുപോയ ഒരു കഥയുടെ നൂലിൽ പിടിച്ചു നടത്തിയ ഗൂഗിൾ അന്വേഷണത്തിൽ നിന്നായിരുന്നു അവന്റെ ചരിത്രം എനിക്ക് മുന്നിലേക്ക് വന്നത്.
ഇന്റർനെറ്റ്.. മനുഷ്യരുടെ കഥകൾ അവർ പോലും അറിയാതെ രേഖപ്പെടുത്തി വെച്ചിരിക്കുന്നുണ്ട്..അല്ലേ... സംശയമുണ്ടെങ്കിൽ എന്നെപ്പറ്റി ഒന്ന് തിരഞ്ഞു നോക്കു..കണ്ണിറുക്കിക്കൊണ്ടുതന്നെ പറയട്ടെ, ഞാനത് ഇടയ്ക്കിടെ ചെയ്യാറുണ്ട്..എന്നിട്ട് എനിക്കുവേണ്ട രീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും.
ഇന്റർനെറ്റിനെ പറ്റിക്കാമോ എന്നറിയണമല്ലോ...
വഴി മാറിയതിൽ ക്ഷമ ചോദിക്കുന്നു....
താഹിറിന്റെ കഥയിലേക്ക് !
രണ്ട്: താഹിർ ഡെമിയുടെ ജീവിത കഥ
ലോകത്തെ പറ്റിയുള്ള സംഭവ ബഹുലമായ ഒരു ചരിത്രം നമ്മുടെ മുന്നിലുണ്ടെങ്കിൽ, ആ ചരിത്രത്തിൽ നിന്ന് ഒരാളെ ചൂണ്ടിയെടുത്ത് മുന്നിലെത്തിക്കാമെങ്കിൽ അതാണ് താഹിർ. താഹിർ ഡെമി എന്ന 33 കാരൻ അല്ല.. ചരിത്രത്തിൽ അയാൾക്ക് മുന്നേ ആ പേരിൽ ജീവിച്ചിരുന്ന അഡ്മിറൽ താഹിർ ഡെമിയെ കുറിച്ചാവണം ചരിത്രരേഖകളിലൂടെ നമുക്കുമുന്നിലേക്ക് എത്തേണ്ടത്.
റിപ്പബ്ലിക് ഓഫ് അൽബേനിയയിൽ നിന്നാണ് ആ കഥ (കഥയല്ല, യഥാർത്ഥ സംഭവങ്ങൾ) തുടങ്ങേണ്ടത്.
അൽബേനിയൻ നേവിയിലെ റിയർ അഡ്മിറൽ ആയിരുന്ന താഹിർ ഡെമിയിൽ നിന്നും ആണെങ്കിൽ ആ കഥ ... കൂടുതൽ നന്നായിരിക്കും.
രണ്ടാം ലോക മഹായുദ്ധത്തിനു മുന്നേ ഫാസിസ്റ്റ് മുന്നേറ്റത്തെ പ്രതിരോധിക്കാൻ മോസ്‌കോയിലേക്ക് വണ്ടി കയറി പോയ താഹിർ ഡെമി മടങ്ങി വന്നത് കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായിട്ടാണ്. അപ്പോഴേക്കും രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തര അൽബേനിയയിൽ താഹിർ റിയർ അഡ്മിറൽ ആയി ചുമതലയേറ്റു.
പിന്നീട്, യൂഗോസ്‌ളാവിയയുമായി നടന്ന ഒളിയുദ്ധത്തിൽ ചാരപ്രവർത്തിക്കായി ആ രാജ്യത്തേക്ക് വേഷം മാറി കടന്നു കൂടിയതും താഹിറായിരുന്നു.
സ്റ്റാലിന്റെ മരണാനന്തരം വന്ന നികിത ക്രൂഷ്‌ചേവ് യൂഗോസ്‌ളാവിയുമായി കൂടുതൽ അടുപ്പം കാണിച്ചു തുടങ്ങിയതിനെ തുടർന്ന് ക്രമേണ ആൽബേനിയ സോവിയറ്റ് റഷ്യയുമായി അകൽച്ചയിലായി.
സോവിയറ്റ് യൂണിയനുമായി ചേർന്ന് അൽബേനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി 1960 ആയപ്പോഴേക്കും താഹിർ രഹസ്യ പോലീസിന്റെ കസ്റ്റഡിയിലായി, പിന്നെ വിചാരണക്കുശേഷം റെമി സെക്കോ ഉൾപ്പടെയുള്ള മറ്റു നാല് അഡ്മിറൽസിനോടൊപ്പം അയാൾ തൂക്കിലേറ്റപ്പെട്ടു.
താഹിറിന്റെ കുടുംബത്തെ മുഴുവനും അൽബേനിയൻ ഏകാധിപതി ഹെൻവർ ഹോക്സെയുടെ കമ്യൂണിസ്റ്റ് ഭരണകൂടം വേട്ടയാടി. താഹിറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. മൂത്തമകൻ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. സോവിയറ്റു റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്നു സംശയം തോന്നിയ എല്ലാവരെയും ഹോക്സയുടെ പോലീസ് അറസ്റ്റു ചെയ്തു. ഹോക്സയുടെ രഹസ്യ പോലീസിന്റെ നിഴലില്ലാതെ ആ പരമ്പരയിൽ ആർക്കും ദിവസങ്ങൾ തള്ളിനീക്കാനാവില്ലായിരുന്നു.
താഹിറിന്റെ മകൻ റെമി ഡെമി ഹോക്സയുടെ പോലീസ് ചീഫിനോട് മാപ്പിരന്നു നാട് വിട്ടു യൂഗോസ്‌ളാവിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ രഹസ്യ പോലീസ് പിടികൂടി ജയിലിലിട്ടു. പതിനഞ്ച് വർഷത്തെ ജയിൽ ജീവിതം കഴിഞ്ഞു തിരികെയെത്തിയ അയാളെ വീണ്ടും ഹോക്സെയുടെ ഭരണ കൂടം നിരന്തരം വേട്ടയാടി. അൽബേനിയ ചൈനീസ് മാവോയിസ്റ്റ് ഗവൺമെന്റുമായി അടുപ്പം കൂട്ടിയിരുന്ന കാലം മുഴുവനും റെമി ഡെമിയ്ക്കും കുടുംബത്തിനും രക്ഷയുണ്ടായിരുന്നില്ല. രഹസ്യമായിട്ടായിരുന്നു അയാളുടെ വിവാഹം പോലും.
ഹോക്സാ മരണപ്പെട്ട വർഷമായിരുന്നു താഹിർ ഡെമി ജൂനിയറിന്റെ ജനനം. അപ്പോഴേക്കും റെമി ആരുമറിയാതെ ഗ്രീസിലേക്ക് ഒളിച്ചു കടന്നിരുന്നു.
ഗ്രീസിൽ നിന്ന് അയാൾ കള്ള പാസ്പോർട്ടെടുത്ത് അമേരിക്കയിൽ എത്തുേമ്പാൾ താഹിർ ജൂനിയറിനു നാലോ അഞ്ചോ വയസ് മാത്രം പ്രായം. അമ്മയും മകനും അപ്പോഴും ആൽബേനിയയിലെ ദാരിദ്ര്യത്തിലായിരുന്നു.
അച്ഛൻ റെമി അമേരിക്കയിൽ കുടിയേറി സാമ്പത്തിക നില ഭദ്രമായ ശേഷമാണ് താഹിറിനെയും അമ്മയെയും അമേരിക്കയ്ക്ക് വിളിക്കുന്നത്.
ന്യൂയോർക്കിലെ കറുത്ത നിറമുള്ള എയർപോർട്ട് എന്നവൻ ഓർക്കുന്ന കെന്നഡി വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട ഇമിഗ്രെഷൻ - കസ്റ്റംസ് - ഫെഡറൽ ഏജൻറ് ചോദ്യം ചെയ്യലിനുശേഷം അവനെയും അമ്മയെയും വെവ്വേറെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതുമാത്രമേ അവന് ഓർമയിലുള്ളൂ.
ഏഴോ എട്ടോ വയസുള്ള താഹിർ ആദ്യമായി അമ്മയുടെ അടുത്തുനിന്നും മാറ്റപ്പെടുകയാണ്. ഭാഷയറിയാതെ, ദേശത്തെക്കുറിച്ച് ഒരു ധാരണയില്ലാതെ, ഉറ്റവർ അടുത്തില്ലാതെ, ഒരു ചെറിയ ജയിൽ പോലെയുള്ള സംരക്ഷണ കേന്ദ്രത്തിൽ മറ്റു നിയമവിരുദ്ധരായി കടക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ട കുട്ടികൾക്കൊപ്പം താഹിർ കഴിച്ചുകൂട്ടിയത് ഏഴെട്ട് ദിവസങ്ങളാണ്. ആ ദിവസത്തെക്കുറിച്ചുള്ള ഓർമകൾക്ക് കറുത്ത നിറമാണ് അവൻ നൽകിയത്.
ആറോ ഏഴോ, അതോ ഏഴോ എട്ടോ, ദിവസങ്ങൾക്കപ്പുറം അവൻ അമ്മയോടും അച്ഛനോടും കൂടെ ചേർക്കപ്പെട്ടു.
അച്ഛൻ കുടുംബ ചരിത്രവും, അപ്പൂപ്പൻ താഹിർ ഡെമിയെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയതിനെ കുറിച്ചുള്ള പേപ്പർ കട്ടിംഗുകളും ഒക്കെയായി ഫെഡറൽ ഏജൻസിയെ സമീപിച്ചു, അപേക്ഷ കൊടുത്ത് അസൈലം വാങ്ങിയാണ് താഹിർ ഡെമി ഈ രാജ്യത്തെ പൗരന്മാരുടെ ലിസ്റ്റിലേക്ക് കടന്നു കൂടിയത്.
യാതന നിറഞ്ഞൊരു പഴയ കാലത്തെ കുറിച്ചുള്ള ഓർമകളുള്ളതു കൊണ്ടായിരിക്കണം താഹിർ വലിയൊരു അദ്ധ്വാനിയായിരുന്നു.
കൂടെ, പോസിറ്റീവ് ആയി മാത്രം കാര്യങ്ങൾ കണ്ടിരുന്ന ഒരാളും.
താഹിറിനോട് അസൂയ തോന്നാത്തവരായി ഞങ്ങളുടെ ടീമിൽ ആരും ഇല്ലായിരുന്നു എന്ന് തന്നെ പറയാം.
ജോണിനാണ് അയാളോട് ഏറ്റവും കൂടുതൽ അസൂയയുണ്ടായിരുന്നു എന്ന് എനിക്കെപ്പോഴും തോന്നാറുണ്ടായിരുന്നു.
മൂന്ന്: ജോൺ മാർക്കിൻസന്റെ ഭാവനാ ലോകവും പ്രോജക്റ്റ് റെട്രോസ്‌പെക്ടീവ് മീറ്റിങ്ങിലെ കളികളും
ചോക്ലേറ്റിന്റെ നിറമായിരുന്നു അവൾക്ക്.
ഉടലിന് ചന്ദനത്തിന്റെ മണവും. അവൾ അടുത്ത് വരുമ്പോൾ വലിയ ഒരു ചിരി ചുറ്റിപ്പിണർന്നു പോവുമായിരുന്നു. എങ്ങനെയാണ് ഒരു പെൺകുട്ടിയ്ക്ക് ഇത്രയധികം സന്തോഷവതിയായിരിക്കാൻ കഴിയുക.
രുദ്രയെ കുറിച്ചാണ് പറയുന്നത്.
അവളുടെ കക്ഷങ്ങൾക്ക് വറുത്ത ജീരകത്തിന്റെ മണമായിരുന്നു.
പൊക്കിൾച്ചുഴികളുടെ മുകളിൽ പത്തിവിടർത്തി നിൽക്കുന്ന മൂന്നു തലയൻ സർപ്പങ്ങളെ പച്ച കൊത്തി വെച്ചിട്ടുണ്ട്.
ഒരിക്കൽ അയാൾ അവളോട് ചോദിച്ചു, എന്താണ് ഈ സർപ്പങ്ങൾ ഇവിടെ ...
ഹിന്ദു ദൈവം ശിവന്റെ കഴുത്തിലെ സർപ്പങ്ങളെ കുറിച്ചാണ് അവൾ കഥയിലൂടെ പറഞ്ഞത്. എന്നിട്ട് ഗൂഢമായി ചിരിച്ചു.
അയാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രതിയനുഭവം രുദ്രയോടൊപ്പമായിരുന്നു. പിന്നിൽ നിന്ന് കെട്ടിപ്പുണർന്നവൾ അയാളെ വരിഞ്ഞു മുറുക്കി, പതുക്കെ തുടങ്ങി, വേഗത്തിലോടി, പിന്നെയും പതുക്കെയമർന്നു, ഒരു റഷ്യൻ ബാലെ നർത്തകിയെ പോലെ കുതിച്ചുചാടി..അയാളുടെ സ്വപ്നങ്ങളിൽ, ആ രാവുകളെ കുറിച്ചുള്ള ഓർമകൾ പല തവണ നനവ് തന്നുപോയിട്ടുണ്ട്.
രുദ്രയെ ഓഫീസിൽ കാണുമ്പോഴൊക്കെ അയാൾ ചിരിക്കും, അവൾ തിരിച്ചും. അവളുടെ ചിരിയിൽ ആയിരം പനിനീർ പൂവുകൾ വിരിഞ്ഞുനിൽക്കുന്നതു പോലെയാണ്.
അവൾ അടുത്തു വരുമ്പോൾ ചന്ദനമണം അയാളെ വരിഞ്ഞു മുറുകും.
ഒരു പെൺകുട്ടിയ്ക്ക് എങ്ങനെയാണ് ഇത്രയും സന്തോഷവതിയായിരിക്കാൻ കഴിയുക...അയാൾക്ക് എപ്പോഴും അസൂയ തോന്നാറുണ്ടായിരുന്നു അവളോട്.
രുദ്രയെ കുറിച്ച് തന്നെ ഒരിക്കൽ എപ്പോഴോ അബദ്ധവശാൽ ജോൺ പറഞ്ഞതാണ്.
അപ്പോഴും, രുദ്രയിൽ നിന്നും അകന്നത് എന്തിനാണെന്ന് ജോൺ എന്നോട് പറഞ്ഞതേയില്ല.
‘‘ഞാൻ പോണോഗ്രഫിയിൽ അഡിക്ടഡ് ആയിരുന്നു..'' അയാൾ ഒരിക്കൽ പറഞ്ഞു.
ഇന്ത്യൻ സെക്‌സ് വീഡിയോസാണ് അധികവും തിരഞ്ഞുപോകാറ്, അയാൾ കൂട്ടിച്ചേർത്തു.
മിഷേലിനെ അയാൾ കാണുന്നത് പുതിയ നഗരത്തിലെ മുടിവെട്ട് ശാലയിൽ വെച്ചാണ്. അയാൾക്ക് പിന്നിലെ കസേരയിൽ ഹെയർ ഡ്രസ്സറുമായി കൊച്ചു വർത്തമാനം പറയുകയായിരുന്നു മിഷേൽ.
ചലപില സംസാരം. അയാൾ തനിക്കുമുന്നിലെ വലിയ കണ്ണാടിയിലൂടെ മിഷേലിനെ കണ്ടു. കണ്ണാടി പ്രതിബിംബങ്ങളിൽ അവരുടെ കണ്ണുകളുടക്കി. മിഷേൽ ഹെയർ ഡ്രസ്സറോടുള്ള സംസാരം നിർത്താതെ തന്നെ കണ്ണാടി കണ്ണുകളിൽ നോക്കി ചിരിച്ചു.
ഒരു സ്ത്രീയോട് അങ്ങനെ ചിരിക്കുന്നത് അയാൾ കുറെ കാലങ്ങൾക്കുശേഷമായിരിക്കും. അയാളും ചിരിച്ചു.
അവൾ ട്രംപിനെ പറ്റിയായിരുന്നു സംസാരിച്ചിരുന്നത് എന്ന് ചെവി കൂർപ്പിച്ചപ്പോൾ മനസിലായി.
കാപ്പിറ്റൽ ഹില്ലിൽ നിന്ന് ഇത്രയും ദൂരെ കിടക്കുന്ന ഒരു ചെറിയ പട്ടണത്തിലെ ഒരു നിസ്സാരകാരിയായ പെണ്ണിനെ വൈറ്റ് ഹൗസ് പേടിക്കുന്നത് എന്തിനാണ് എന്നവൾ തന്റെ ഹെയർ ഡ്രസ്സറിനോട് ചോദിക്കുന്നത് കേൾക്കാമായിരുന്നു.
എഫ്. ബി. ഐ മൂന്നു തവണയാണ് ചോദ്യം ചെയ്യാൻ വിളിച്ചത് എന്നവൾ പറയുന്നുണ്ടായിരുന്നു.
ട്രംപിന്റെ ട്വീറ്റിന്റെ അടിയിൽ വന്ന അനേകം കമന്റുകളിൽ ഏറ്റവും രൂക്ഷമായി അയാളെ വിമർശിച്ചു എന്ന ഒരൊറ്റ തെറ്റല്ലേ തന്റെ പേരിലുള്ളൂ എന്നവൾ ഇടയ്ക്കിടെ കൂട്ടിച്ചേർത്തു.
അങ്ങനെയാണ് മിഷേൽ ജോണിന്റെ മനസിലേക്ക് കയറുന്നത്.
എനിക്ക് മിഷേലും ജോണും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചന കിട്ടുന്നത്, അയാൾ അവൾക്കയച്ച ടെക്സ്റ്റ് മെസ്സേജ് വഴി തെറ്റി എന്റെ ഫോണിലേക്ക് വന്നപ്പോഴാണ്.
പുതിയ ഗേൾഫ്രണ്ടിന് അയച്ചതാണ്... ഡിലീറ്റ് ചെയ്‌തേക്കൂ എന്നവൻ എന്നോട് പറഞ്ഞു.
എത്ര കാലത്തിനു ശേഷമാണോ ഒരു പെണ്ണിന്റെ മണം അടുത്തുകിട്ടുന്നത്, അയാൾ പിറുപിറുത്തു.
നിന്റെ കക്ഷത്തിന് കാപ്പിയുടെ മണമാണ്, ഇണ ചേരുന്നതിനിടെ അയാൾ മിഷേലിനോട് പറഞ്ഞു.
ഓ, എനിക്കിപ്പോൾ സ്റ്റാർബക്സിലേക്ക് ഓടി പോകാൻ തോന്നുന്നു; അവന്റെ ചുണ്ടുകൾ കടിച്ചിറക്കുന്നതിന്റെ അവൾ പറഞ്ഞു.
ഈ കോലത്തിലോ..
ഇതിലെന്താണ് കുഴപ്പം. ഇത് ലിബറൽ അമേരിക്കയാണ്. ഞാൻ ലിബറൽ അമേരിക്കൻ പെണ്ണും.
ഞാൻ പക്ഷെ കൺസർവേറ്റീവ് ആണ്, അയാൾ പറഞ്ഞു.
അവൾ അയാളുടെ തോൾ കടിച്ചു മുറിച്ചു. തവിട്ടു മറുകുകൾ നിറഞ്ഞ അവളുടെ ദേഹം കടിക്കാനായി അയാൾ മുഖം അടുപ്പിച്ചപ്പോഴേക്കും അവൾ കുതറിമാറി.
എന്നെ എല്ലാവരും മൈക്കിൾ എന്നായിരുന്നു വിളിക്കാറ്. ശരിക്കും മൈക്കിൾ എന്നത് ആണിന്റെ പേരല്ലേ.. എന്റേത് മിഷേൽ എന്നാണെന്നു പറഞ്ഞാലും ആളുകൾ മൈക്കിൾ എന്ന് വിളിച്ചു കൊണ്ടേയിരിക്കും.
വായാടി, നിനക്ക് കുറച്ചു നേരമെങ്കിലും സംസാരിക്കാതെ ഇരിക്കാൻ വയ്യേ.
അയാൾ ചോദിച്ചു.
എനിക്കീ പെണ്ണുങ്ങൾ അധികം സംസാരിക്കുന്നതെ ഇഷ്ടമില്ല.
ഈ കാരണം കൊണ്ടാണോ തന്റെ മുൻ ഗേൾഫ്രണ്ടുമായി ബ്രെയ്ക് അപ് ആയത്, അവൾ വിടാൻ ഒരുക്കമല്ലായിരുന്നു.
ജോണിന്റെ സ്ത്രീകളുമായുള്ള ബന്ധങ്ങളെ കുറിച്ച് എനിക്ക് പല സംശയങ്ങളുമുണ്ടായിരുന്നു എന്നത് സത്യമാണ്. ഓഫീസിൽ അയാൾ സഹപ്രവർത്തകരായ സ്ത്രീകളോട് അടുപ്പം കാണിക്കാൻ ശ്രമിക്കുമ്പോഴൊക്കെ എനിക്കതത്ര പന്തിയായി തോന്നാറില്ല.
ആരും തന്നെ അയാളുടെ വലയിൽ വീണില്ല എന്നതാണ് സത്യം.
ഒരിക്കലെപ്പോഴോ ഒരു ഡാൻസ് പാർട്ടിക്കിടെ മേഗൻ രണ്ടു പെഗ് കൂടുതൽ കഴിച്ചപ്പോൾ വലുതായി ഇമോഷണലായി. ബോയ്ഫ്രണ്ടുമായി ബ്രേക്ക് അപ് ആയതിനെപ്പറ്റി പറഞ്ഞവൾ കുറച്ചു കരഞ്ഞു. ജോൺ അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി.
താഹിറും, ഞാനും, ശ്രുതിയും, റെനെയും ജോണിന്റെ ചമ്മലും ലജ്ജയും ഒക്കെ കണ്ടു ചിരിച്ചതിനു കണക്കില്ല. അന്ന് താഹിർ രഹസ്യമായി സൂചിപ്പച്ചത്, റിയാലിറ്റിയിൽ ഇയാൾക്ക് പെണ്ണുങ്ങളുമായി അടുപ്പമുണ്ടെന്നു പറയുന്നത് അത്ര വിശ്വസിക്കാൻ ബുദ്ധിമുട്ടാണല്ലോ എന്ന്.
എങ്ങനെയെങ്കിലും ഏതെങ്കിലും പെണ്ണുമായി പറ്റിച്ചേരാൻ ശ്രമിക്കുന്നത് പ്രകടവുമായിരുന്നു.
ഒരുപാടൊരുപാട് നിഗൂഢതകളും ദുരൂഹതയും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരാളായാണ് ഞങ്ങളിൽ പലർക്കും ജോണിനെ പറ്റി തോന്നിയിരുന്നത്.
ആരും അതൊന്നും പുറത്തു പറഞ്ഞില്ല എന്നുമാത്രം.
ബ്രയാൻ മാത്രം ഇടയ്ക്കിടെ ഒന്ന് രണ്ടു തവണ ജോണിന്റെ പ്രോജക്ട് ഡെലിവറുകളെപ്പറ്റി എന്നോട് പരാതിയായി പറഞ്ഞു. ബ്രയാന്റെ ആ സ്വഭാവം എനിക്ക് തീരെ ഇഷ്ടമില്ലാതിരുന്നത് കൊണ്ട് ഞാനതത്ര ഗൗനിച്ചിരുന്നില്ല.
പ്രോജക്റ്റ് റെട്രോസ്‌പെക്ടീവ് മീറ്റിങ്ങിലെ കളികൾ
""ഓക്കേ, ഇതാണ് ഗെയിം..'' ആഗ്‌നസ് തന്റെ തടിച്ച കണ്ണട മൂക്കിലുറപ്പിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു.
ആഗ്‌നസ് ഞങ്ങളുടെ പ്രൊഡക്ടിന്റെ റിലീസ് മാനേജറാണ്.
പ്രോജക്റ്റ് പ്ലാനിംഗ് സെഷനിലുള്ള പതിവ് ടീം ബിൽഡിംഗ് ഗെയിമുകളിൽ ഒന്നായിരുന്നു ഉച്ച കഴിഞ്ഞുള്ള ആ സെഷൻ.
പച്ച നിറത്തിലുള്ള കാർഡിന്റെ പിന്നിൽ എഴുതിയിരിക്കുന്ന ഗെയിം വായിക്കുന്നത് ആഗ്‌നസ് തുടർന്നു- ""നിങ്ങൾ ഒരു വലിയ ക്രൈം ചെയ്തിട്ടുണ്ട്, ആ ക്രൈം ഒളിപ്പിച്ചു വെച്ച് ആ കുറ്റബോധത്തിൽ മരിക്കും വരെ ജീവിക്കുമോ അതോ കുറ്റം ഏറ്റു പറഞ്ഞ്ജയിലിൽ പോയി കിടക്കുമോ... ഓരോരുത്തരായി മനസ്സിൽ പെട്ടെന്ന് തോന്നുന്നത് പറയുക..''
താഹിർ കൈപൊക്കി.. ""ഞാൻ ഏറ്റുപറഞ്ഞ് ജയിലിൽ പോയി കിടക്കും, ടെൻഷൻ അടിച്ചു ജീവിക്കുന്നതിനേക്കാൾ അതാണ് ഭേദം..''
ലീയ്ക്കും മേഗനും ശ്രുതിയ്ക്കും അതേ അഭിപ്രായമായിരുന്നു.
ബ്രയാൻ പറഞ്ഞത് അയാൾ ജീവിതകാലം മുഴുവൻ കള്ളം പറഞ്ഞു ജീവിച്ചാലും ജയിലിൽ കിടക്കില്ല എന്നായിരുന്നു.
ജോണിന്റെ അഭിപ്രായം, ""ഞാൻ ജയിലിൽ കിടക്കില്ല...കള്ളം പറയുകയും ഇല്ല..ഒരിക്കലും ക്രൈം ചെയ്തത് ഞാനാണ് എന്നാരും അറിയാതിരിക്കാനുള്ള വഴികൾ കണ്ടു പിടിക്കും..''.
ആരും വലിയ ഗൗരവം കൊടുക്കാത്ത ഗെയിമുകളായിരുന്നു ആ സെഷനിൽ മുഴുവനും.
നിങ്ങളെക്കുറിച്ച് ഒരു നുണയും ഒരു സത്യവും എഴുതണം എന്നായിരുന്നു അടുത്ത ഗെയിം.
എല്ലാവരും ഓരോന്നായി എഴുതി കയ്യിൽ സൂക്ഷിച്ചു.
ഊഴം വരുന്നതിനനുസരിച്ച് ഓരോരുത്തരും എഴുതി വെച്ചത് വായിച്ചു.
മറ്റുള്ളവർ എഴുതിയവയിൽ ഏതാണ് നുണ ഏതാണ് സത്യം എന്നത് ഊഹിച്ചു പറഞ്ഞു.
രസകരമായി കളികൾ നീങ്ങി.
താഹിറിന്റെയും ശ്രുതിയുടെയും, ബ്രയാന്റെയും, ജസ്റ്റിന്റെയും നുണയും സത്യവും കണ്ടു പിടിക്കാൻ എളുപ്പമായിരുന്നു.
""ഞാൻ ഗവണ്മെന്റ് ബോഡിയിലേക്കുള്ള ഇലക്ഷനിൽ മത്സരിച്ചിട്ടുണ്ട്. എനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ല..'' ഇതായിരുന്നു ജോണിന്റെ കാർഡിൽ നിന്ന് അയാൾ വായിച്ചത്.
ഇതിലൊന്ന് നുണയും മറ്റൊന്ന് സത്യവും ആവുന്നു.
കൂടുതൽ പേരും ഊഹിച്ചത് ഡ്രൈവിംഗ് ലൈസൻസ് ഇല്ല എന്നതാണ് സത്യം എന്നതായിരുന്നു. കാരണം ജോൺ ഓഫീസിലേക്ക് അധികവും വരാറ് ഒരു പഴഞ്ചൻ സൈക്കിളിലായിരുന്നു. അയാളുടെ രൂപഭാവങ്ങൾ കണ്ടാൽ അയാളൊരു കാൻഡിഡേറ്റ് ആയി മത്സരിക്കാനുള്ള ചാൻസ് കുറവാണ്.
പക്ഷെ അയാളുടെ നുണയും സത്യവും തെറ്റാതെ ഊഹിച്ചത് ഞാനായിരുന്നു.
അയാൾക്ക് ലൈസൻസ് ഇല്ല എന്നത് നുണയും, ഇലക്ഷനിൽ മത്സരിച്ചു എന്നത് സത്യവും ആയിരുന്നു.
ചെറിയ മറ്റു ചില കളികളും കൂടി പൂർത്തിയാക്കി അടുത്ത ത്രൈമാസത്തേക്കുള്ള പ്രോജക്റ്റ് പ്ലാനിംഗ് ചെയ്ത് ഞങ്ങൾ അന്നത്തേയ്ക്ക് പിരിഞ്ഞു.
ബ്രയാൻ പിറ്റേന്ന് രാവിലെ എന്റെ ഓഫീസിനു മുന്നിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ വെളുത്ത മേൽമീശ വായിലേക്കിറങ്ങിക്കിടക്കുന്നത് അയാളുടെ ശ്വാസവേഗത്തിൽ വിറച്ചു കൊണ്ടേയിരുന്നു.
""ഞാൻ ഇന്നലെ ഉറങ്ങിയിട്ടേയില്ല..'' അയാൾ വിറച്ചു കൊണ്ട് പറഞ്ഞു.
""എന്ത് പറ്റി..''
""പേടിച്ചുറങ്ങാൻ പറ്റിയില്ല എന്നതാണ് സത്യം..''
""എന്താ കാര്യം..'' ബാഗ് മേശയിൽ വെച്ച് ലാപ്‌ടോപ് പുറത്തെടുത്തു കൊണ്ട് ഞാൻ ചോദിച്ചു.
""അയാളില്ലേ, ആ ജോൺ..അയാളൊരു ക്രിമിനൽ ആണ്..എത്രയും വേഗം അയാളെ പറഞ്ഞു വിടണം..''
""മനസിലായില്ല..''
""ഓഫീസ് ലാപ്‌ടോപ്പിൽ ചെയ്യരുത്..ഫോണെടുത്ത്, ഗൂഗിൾ ചെയ്യൂ..അയാളുടെ പേര്..ഞാൻ പറഞ്ഞപോലെ..ആദ്യം കിട്ടുന്ന ഫോട്ടോ ഏതാണെന്നു നോക്കു... മഗ്‌ഷോട്ട്. ജോണിന്റേതാണ്..''ശബ്ദം താഴ്ത്തി അയാൾ വിറയ്ക്കുന്ന വേഗത്തിൽ പറഞ്ഞു, ‘‘ജോണിനെ ഒരു കേസിൽ പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട്. അയാളുടെ ഗേൾഫ്രണ്ടിനെ കാണാതായ കേസിൽ സംശയത്തിൽപ്പെട്ട്..''
""അതെങ്ങനെ ശരിയാവും, നമ്മുടെ കമ്പനിക്ക് ശക്തമായ ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ ഉള്ളതല്ലേ..''
""അതൊന്നും എനിക്കറിയില്ല. എനിക്ക് എന്റെ സുരക്ഷ ഓർത്താൽ പേടിയാണ്. അയാളുടെ കൂടെ ജോലി ചെയ്യാൻ എനിക്കാവില്ല. പോരാത്തതിന് അയാൾക്ക് ഒന്നും അറിയുക പോലും ഇല്ല... ഇയാൾ എന്തോ ഒരു ക്രിമിനലാണ്. ഈയിടെ എത്രയെത്ര കേസുകൾ നമ്മൾ വായിച്ചു, പത്തും പതിനഞ്ചും വർഷങ്ങൾക്കുശേഷം ഡി. എൻ. എ ടെസ്റ്റ് വഴി പ്രതി പിടിക്കപ്പെട്ടവ. അതുപോലെ മുങ്ങി നടക്കുന്ന ഒരു പ്രതിയാണ് ഇയാൾ എന്നാണ് എനിക്ക് തോന്നുന്നത്.’’
""ബ്രയാൻ...നമുക്കുറപ്പില്ലാത്ത കാര്യങ്ങളെ പറ്റി നമ്മൾ ഗോസിപ്പുകൾ പരത്തരുത്... ഞാൻ എച്ച്. ആറുമായി ആലോചിക്കട്ടെ...നിയമപരമായി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നമുക്ക് നോക്കാം..''
""അതുപോലെ, ആ ലീ യും മഹാ ഉഴപ്പനാണ്. അവന്റെ എൽ. ജി. ബി. റ്റി ആക്ടിവിസം ടാഗ് തന്നെ പണിയെടുക്കാതിരിക്കാനുള്ള നമ്പറാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ടാഗുള്ളതുകൊണ്ട് നിങ്ങൾക്കൊന്നും അയാളെ തൊടാൻ പറ്റില്ല. അതും എനിക്കറിയാം.. പറഞ്ഞെന്നേയുള്ളൂ..''
""ബ്രയാൻ, നിങ്ങൾ ഈ പറഞ്ഞത് മൂന്നാമതൊരാൾ കേൾക്കേണ്ട..പണി പോകുന്നത് നിങ്ങളുടേതാവും. പിന്നെ ലീ നല്ലൊരു കക്ഷിയാണ്. അയാൾ കാണിക്കുന്ന അത്രയും ആത്മാർത്ഥത നിങ്ങൾക്ക് പോലുമില്ല. പോയി നിങ്ങൾ ചെയ്യുന്ന പണി വൃത്തിയായി ചെയ്യാൻ നോക്ക്.''
""കണ്ട ബ്‌ളാക്കും ബ്രൗണും ഗേയും കയറി ഓഫീസിൽ നിരങ്ങിയാൽ ഇതാ ഗതി..''
അയാൾ പിറുപിറുത്തുകൊണ്ട് പോകുന്നത് എനിക്ക് കേൾക്കാമായിരുന്നു.
തനി വംശീയവാദിയായിരുന്നു അയാൾ.
പ്രത്യേകിച്ചൊരു മുന്നറിയിപ്പില്ലാതെയായിരുന്നു കൊടുങ്കാറ്റ് വന്നത്.
അറ്റലാൻറിക് സമുദ്രത്തിലെ ദ്വീപ സമൂഹങ്ങളെ മുഴുവൻ പിഴുതെടുത്ത കാറ്റ് മറ്റൊരു തീരത്ത് എത്തുമെന്നായിരുന്നു പ്രവചനങ്ങൾ. എങ്കിലും പെട്ടെന്നൊരു ദിവസം നഗരം ഉണർന്നത് കാറ്റ് ഈ തീരം ലക്ഷ്യമാക്കി നീങ്ങുന്നു എന്നു കേട്ടായിരുന്നു. കാറ്റഗറി അഞ്ചിൽ പെടുന്ന കാറ്റും പേമാരിയും വരുന്നു എന്ന് കേട്ടത് മുതൽ ആളുകൾ നഗരം വിട്ട് ഒഴിഞ്ഞു പോയി തുടങ്ങിയിരുന്നു.
ജോർജ്ജിയയിലേക്കുള്ള ഹൈവേ മുഴുവൻ രണ്ടു ദിശയിലുമുള്ള ഗതാഗതം ഒരു ദിശയിലേക്ക് മാത്രം തിരിച്ചു വിട്ടിട്ടും വണ്ടികൾ കൊണ്ട് നിറഞ്ഞു. കയ്യിൽ കിട്ടിയതും വാരിപ്പിടിച്ചു ജനങ്ങൾ എല്ലാം കൊടുങ്കാറ്റിന് മുന്നേ സുരക്ഷിതമായൊരു ഇടം തേടി വീടുകൾ വിട്ട് കാറുകളുമായി പുറത്തിറങ്ങി.
ഈ കാറ്റിനൊടുവിൽ അതിലും വലുതായി എന്തോ ഒന്ന് സംഭവിക്കാനുണ്ട് എന്ന് എന്റെ മനസ് പെരുമ്പറ കൊട്ടി.
ആനക്കൂട്ടം നിറഞ്ഞ കാടു പോലെ ആകാശം കറുത്തിരുണ്ടു.
കാറ്റിന്റെ വേഗം കൂടും തോറും, ഉരുണ്ടു കൂടിയ കറുത്ത മേഘങ്ങളെല്ലാം ചുരുണ്ടു ചുരുണ്ടു ഒഴുകി വന്നു. കാറ്റ് ഒരു തലയിൽ നിന്നും തുടങ്ങിയിരുന്നു. പുറം കടലിൽ നങ്കൂരമിട്ടു കിടന്നിരുന്ന ചില വിനോദകപ്പലുകൾ കാറ്റിൽ പെട്ട് തീരത്ത് വന്നടിഞ്ഞു. തിരമാലകൾ ഒന്നിന് പുറകെ ആയിരമായി ശക്തിയോടെ തീരത്ത് വന്നടിച്ചുകൊണ്ടേയിരുന്നു.
തീരത്ത് തലയുയർത്തി നിന്നിരുന്ന ഉയരമുള്ള പനകൾ എല്ലാം നിലംതൊട്ട് തല കുടഞ്ഞു താണ്ഡവമാടി.
കാറ്റു ചുഴറ്റിയ ഉടലുകളും ശിഖരങ്ങളുമായി ചെറുമരങ്ങളും വൻ വൃക്ഷങ്ങളും, തെങ്ങുകളും പനകളും ആ താണ്ഡവത്തിൽ പങ്കു ചേർന്നു. എവിടെയും കാറ്റിന്റെ ശബ്ദം മാത്രം.
സംഹാരരുദ്രയായി കാറ്റ് നിറഞ്ഞാടുകയാണ്.
എന്റെ കയ്യിൽ അയാളുടെ കഴുത്തിൽ നിന്ന് ചീറ്റിയൊഴുകിയ രക്തം നിറഞ്ഞു നിന്നു. പാർക്കിംഗ് ലോട്ടിൽ നിന്ന് കാറിലേക്കുള്ള ഓട്ടത്തിനിടയിലാണ് എനിക്കയാളെ ഒത്തുകിട്ടിയത്. ഇതുപോലൊരു പ്രകൃതിയുടെ താണ്ഡവത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ ഇത്ര കാലവും.
കഴുത്തിൽ ഒരു വര... രക്തം കാറ്റിൽ തലകുത്തിയാടുന്ന മരങ്ങൾക്കിടയിൽ വീണുകിടക്കുന്ന ഇലകളിലേക്ക് ചീറ്റിയൊഴുകി.
അയാൾ ഒന്ന് പിടഞ്ഞു...
അയാളുടെ കണ്ണിൽ നിന്ന് വെള്ളാരം കല്ലുകൾ പോലുള്ള കൃഷ്ണമണികൾ ചൂഴ്‌ന്നെടുക്കണം എന്നുണ്ടായിരുന്നു എനിക്ക്.
പക്ഷെ ഇത് കൂടുതൽ അപകടമായി തോന്നണം എന്ന ഉദ്ദേശ്യത്തിലാണ് ചെയ്യുന്നത് എന്നതുകൊണ്ട്, അങ്ങനെയൊരു കൃത്യത്തിനു മുതിർന്നില്ല.
കാറ്റ് കൂടുതൽ തീവ്രമായി. കാറ്റിൽ പറന്നുവന്ന തകര ഷീറ്റുകളിൽ ഒന്നിന്റെ അടിയിലേക്ക് ഞാൻ അയാളുടെ ശവശരീരം വലിച്ചിട്ടു.
അയാൾ അവളുടെ ദേഹം ഇങ്ങനെയായിരുന്നു മറവു ചെയ്തത്. മരിച്ചു, അല്ല, കൊല്ലപ്പെട്ട് മൂന്നു ദിവസങ്ങൾക്കുശേഷം ഹഡ്‌സൺ നദിയുടെ കൈവരികളിൽ ഒന്നിൽ വെച്ച് അവളുടെ ദേഹം പോലീസ് കണ്ടെടുക്കുമ്പോൾ ക്രൂരമായി ബലാൽസംഗം ചെയ്ത നിലയിൽ ആയിരുന്നു.
ഒരു തകരഷീറ്റ് മാത്രമായിരുന്നു അവളുടെ നഗ്‌നത മറയ്ക്കാനായി ഉണ്ടായിരുന്നത്.
തുടക്കം മുതൽക്കേ എനിക്കയാളെ മാത്രമായിരുന്നു സംശയം.
അയാളുടെ നോട്ടം അവളെ പിന്തുടരുന്നതായി അവൾ എപ്പോഴും പറയുമായിരുന്നു, അയാൾ ഒരു ദുർബലനാണ്..പക്ഷെ ക്രൂരനും.
അവൾ ഇടയ്ക്കിടെ പറയും.
നേരിട്ട് സംസാരിക്കാനുള്ള ധൈര്യം ഒന്നും അയാൾക്കില്ല. പക്ഷെ അയാൾ എന്തൊക്കെയോ മായാ ലോകത്താണ്. അവൾ പറയുന്നതിനിടെ സൂചിപ്പിച്ചു. ഓഫീസിൽ എനിക്കേറ്റവും ഇഷ്ടമില്ലാത്തതും പേടിയുള്ളതും അയാളെയാണ്, അവൾ പറയും.
അന്നുമുതൽ ഇന്നുവരെ അയാളെ അയാൾ പോലും അറിയാതെ പിന്തുടർന്നു വന്നതായിരുന്നു ഞാൻ.
ഈയടുത്ത് ഒരു സ്വകാര്യ സംഭാഷണത്തിൽ അയാൾ അവളെക്കുറിച്ചു പറഞ്ഞത് കേട്ടപ്പോൾ ഞാനുറപ്പിച്ചു. അവളുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് അയാൾ പറഞ്ഞതത്രയും കള്ളമായിരുന്നു, അയാളുടെ വലിയ ഒരു ഭാവന.
കാറ്റ് തീരം വിട്ടു. തിരകൾ പൂർവ സ്ഥിതിയിലായി. കടലിൽ നിന്നും കാറ്റുയർത്തി കൊണ്ട് വന്ന മണൽ നിറഞ്ഞ് വഴികളെല്ലാം ഉപയോഗ ശൂന്യമായി.
വലുതും ചെറുതുമായ വീടുകളും കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റിയെങ്കിലും, പ്രതീക്ഷിച്ചത്ര നാശനഷ്ടങ്ങൾ ഉണ്ടായില്ല.
കാറ്റ് വീശിത്തുടങ്ങി ഏഴു ദിവസങ്ങൾക്കുശേഷം നഗരം പൂർവ സ്ഥിതിയിലേക്ക് സാവധാനം എത്തിച്ചേർന്നു.
ഓഫീസിലെ ആദ്യ പ്രവർത്തി ദിവസം എല്ലാവരും കാറ്റിൽ നിന്നും രക്ഷപ്പെട്ടു പോയ യാത്രയെ കുറിച്ചായിരുന്നു സംസാരം. ചിലർക്ക് കാറ്റിനെ നേരിട്ട് നഗരത്തിൽ തന്നെ കഴിച്ചു കൂട്ടിയതിനെപ്പറ്റിയുള്ള വീമ്പ് പറച്ചിലുകളും.
രാവിലത്തെ മീറ്റിങ്ങിനുശേഷം ഞങ്ങൾ എല്ലാവരും കുറച്ചു നേരം മൗനം ആചരിച്ചു. സഹപ്രവർത്തകന്റെ മരണം അത്രയൊന്നും ആരെയും തൊട്ടിരുന്നില്ല എന്നെനിക്ക് തോന്നി.
താഹിർ വന്നിരുന്നില്ല. അയാൾ കൊളംബിയയിലേക്ക് ഒരു ചെറു വെക്കേഷന് പോയിരുന്നു, ഗേൾഫ്രണ്ടിന്റെ കൂടെ.
ജസ്റ്റിൻ തന്റെ കറുത്ത വലിയ ശരീരവും പേറി ഉറക്കം തൂങ്ങി നിന്നു. അയാളുടെ പെണ്മക്കളോടോപ്പം സ്മോക്കി മൗണ്ടനിലെ ഏതോ ഒരു കാബിനിൽ ആയിരുന്നു അയാൾ, നീണ്ട ഡ്രൈവിനോടുവിൽ അന്ന് എത്തിയതേയുള്ളൂ.
ബ്രയാൻ, വീട്ടിൽ വെള്ളം കയറുമെന്ന പേടിയിൽ ഓഫീസിൽ കൊണ്ട് വെച്ച പേപ്പർ രേഖകൾ എല്ലാം അടുക്കി വെയ്ക്കുന്ന തിരക്കിലേക്ക് പോകാൻ തിടുക്കം കൂട്ടി.
മേഗൻ, അവളുടെ ബോയ്ഫ്രെണ്ടിന്റെ, എക്‌സ് ബോയ്ഫ്രെണ്ടിന്റെ യാട്ട് കാറ്റിൽ ഒലിച്ചു പോയി എന്ന വാർത്ത കേട്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു.
ശ്രുതി, അവൾക്ക് മാത്രമായിരുന്നു പേടി.
ജോൺ...ജോൺ, മിസ്സിംഗ് ആയിരിക്കുന്നു - അവൾ പറഞ്ഞു.
മിസ്സിംഗ് അല്ല. ഞങ്ങൾക്കെല്ലാം അറിയുന്ന പോലെ, കാറ്റ് തുടങ്ങുന്നതിനു മുന്നേ, ഓഫീസിൽ എന്തോ ആവശ്യത്തിനു വന്ന അയാളുടെ തലയിൽ തകരപ്പാട്ട വീണു കൊല്ലപ്പെട്ടിരിക്കുന്നു.
കാറ്റിന്റെ ആക്രമണത്തിൽ നഗരത്തിൽ കൊല്ലപ്പെട്ട ഒരേയൊരു മനുഷ്യൻ അയാൾ ആയിരുന്നു, ഔദ്യോഗിക രേഖകളിൽ.
ഞാൻ ഇന്ത്യയിലേക്കുള്ള എന്റെ യാത്രയ്ക്കുള്ള ഒരുക്കത്തിൽ ആയിരുന്നു.
നീണ്ട ഒരു മണിക്കൂർ മഴക്കുശേഷം വൈകി ആയിരുന്നു വിമാനം പുറപ്പെട്ടത്. ദുബായിലേക്കുള്ള ഫ്ളൈറ്റ്.
സൈഡ് വിൻഡോയിലൂടെ നഗരം ഒരു പൊട്ടുപോലെ കാണാം. മേഘങ്ങൾ പാട പോലെ തങ്ങി നിൽക്കുന്നു.
രുദ്രയെക്കുറിച്ചു ജോണ് പറഞ്ഞത് മുഴുവൻ നുണയായിരുന്നു. അവൾ അയാളെ നോക്കി ചിരിച്ചിട്ടുണ്ട് എന്നതല്ലാതെ ഒരിക്കലും മിണ്ടിയിട്ട് കൂടിയും ഇല്ല. എല്ലാം അയാളുടെ ഭാവന മാത്രം ആയിരുന്നു.
അയാളൊരു ക്രിമിനൽ ആണെന്ന് ബ്രയാൻ പറഞ്ഞത് വെറുതെയല്ല. രുദ്രയുടെ, എന്റെ, ഞങ്ങളുടെ സന്തോഷം എന്നെന്നേക്കുമായി ഇല്ലാതാക്കിയ മൃഗം ആയിരുന്നു. ജോൺ...
നാളെ ഒരു പക്ഷെ ഒരു പോലീസ് അന്വേക്ഷണത്തിൽ അയാളുടെ മുറിഞ്ഞ കഴുത്തിന് പിന്നാലെ ആരെങ്കിലും തേടി വന്നേക്കാം. എന്നാലും എനിക്കിപ്പോൾ പേടിയില്ല.
എനിക്കിപ്പോൾ പേടിയേ ഇല്ല..
എല്ലാം മുൻകൂട്ടി കാണാനുള്ള കഴിവ് എനിക്കിപ്പോൾ കൈമുതലായുണ്ടല്ലോ..
എനിക്കിപ്പോൾ പേടിയേയില്ല...▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.