ചിത്രീകരണം: ദേവപ്രകാശ്

ടിപ്പു എന്ന ടിയാൻ

രോട്ടെ പേരപ്പന്റെ മകൻ ഷാജു ജോസൂട്ടിക്ക് നല്ല ഓമനത്തമുള്ള ആ നായ്ക്കുട്ടിയെ കൈമാറുമ്പോൾ വളർത്തു നായകളെ പൊതുവെ വിളിച്ചു വരാറുള്ള കൈസർ, ടിപ്പു, ജിമ്മി തുടങ്ങിയ പേരുകളിൽ നിന്നും വ്യത്യസ്തമായി ഒരുപേര് കൃഷിക്കാരനായ ജോസൂട്ടി കണ്ടുവച്ചിട്ടുണ്ടായിരുന്നില്ല.
ധാരാളം പുള്ളിച്ചിത്രങ്ങളുള്ള ഒരു ലുങ്കിയും മടക്കിക്കുത്തി കൊച്ചി നഗരം വരെ പോയി റബ്ബർ ഷീറ്റ് വിറ്റു കാര്യങ്ങൾ നടത്തി തിരിച്ചുവരുന്ന മലയോര ഗ്രാമീണനായ ജോസൂട്ടിക്ക് ഒരു പട്ടിക്കുഞ്ഞിനെ കിട്ടിയാൽ സ്വാഭാവികമായും മേല്പറഞ്ഞ ഏതെങ്കിലും പേരല്ലേ വിളിക്കൂ...

അങ്ങനെയാണ് ആ പട്ടിക്കുഞ്ഞിന് ടിപ്പു എന്ന പേരു വീണത്.

ടിപ്പുവിന്റെ ഇണക്കം കണ്ടപ്പോൾ തുടക്കത്തിൽ ജോസൂട്ടി കരുതിയിരുന്നത് ഇവന് കൂടൊന്നും പണിയേണ്ട തങ്ങളുടെ കൂടെ എങ്ങനെയെങ്കിലും കഴിഞ്ഞു കൂടിക്കോളും എന്നായിരുന്നു. ജോസൂട്ടിയുടെ വീട്ടുകാർക്കും വളരെ പെട്ടെന്നാണ് ടിപ്പു കണ്ണിലുണ്ണിയായി മാറിയത്.

നല്ല ആഹാരവും പരിചരണവും ലഭിക്കാൻ തുടങ്ങിയതോടെ ടിപ്പു പെട്ടെന്ന് വളർന്നു. സ്വർണ്ണവർണ്ണമുള്ള കട്ടിപ്പുരികങ്ങൾക്ക് താഴെ ചുവന്ന കണ്ണുകൾ,
കറുകറുത്ത എണ്ണമിനുപ്പുള്ള ശരീരം. ബലമുള്ള പേശികൾ, ആരെയും ഭയപ്പെടുത്തുന്ന ഘനഗാംഭീര്യമുള്ള കുര. അങ്ങനെ അഴകും ആരോഗ്യവും ഗാംഭീര്യവുമുള്ള ഒരു ഉഗ്രൻ നായയായി ടിപ്പു വളർന്നു.

ജോസൂട്ടിയുടെ അമ്മച്ചി തെയ്യാമ്മചേടത്തി പള്ളിയിലോ മറ്റോ പോയി വരുമ്പോൾ ടിപ്പു ഓടിച്ചെന്നു മുൻകാലുയർത്തി ചേടത്തിയുടെ വയറിൽ പിടിച്ചു മൊത്തമൊരു ദേഹപരിശോധന നടത്തിക്കളയും.
അവനുവേണ്ടി ചേടത്തി മടിയിൽ കരുതിയത് കടിച്ചെടുത്തേ മുൻകാല് നിലത്തു വെക്കൂ...

ജോസൂട്ടിയുടെ മകൾ ഡാലിയയും അയലത്തെ വകുപ്പ് രാജന്റെ (അക്ഷരഭ്യാസം കുറവാണെകിലും നിയമവശങ്ങൾ ഒന്നുമറിയില്ലെങ്കിലും എന്തിനുമേതിലും വകുപ്പ് വശങ്ങൾ പരിശോധിക്കുന്നത് കൊണ്ട് നാട്ടുകാരിട്ട ഇരട്ടപേരായിരുന്നു വകുപ്പ് രാ ജൻ) മകൾ ശാലിനിയും കൂടി ക്രിക്കറ്റ് കളിക്കുമ്പോൾ അടിച്ചുവിടുന്ന പന്ത് പറന്നു ചെന്നു വീഴുന്നിടത്തു നിന്നു (അത് ചാമ്പ മരച്ചുവട്ടിലായാലും പേരമര ചുവട്ടിലായാലും ) കടിച്ചെടുത്തുകൊണ്ട് വരുന്ന ജോലിയും ടിപ്പുവിനാണ്.

ജോസൂട്ടി വെളുപ്പാം കാലത്തു ഹെഡ്ലൈറ്റും ഫിറ്റ് ചെയ്ത് റബ്ബർ വെട്ടാനിറങ്ങുമ്പോൾ ഗമയിൽ മുന്നിൽത്തന്നെ ടിപ്പു ഉണ്ടാകും. അതുകൊണ്ടുതന്നെ ആ സമയത്ത് ആ സഞ്ചാര പാതയിലെ സ്ഥിരം താമസക്കാരായ മുയൽ,എലി,തൊരപ്പൻ, മുള്ളൻപന്നി, പാമ്പ് പോലും തുടങ്ങിയവരൊക്കെ പുറത്തിറങ്ങാതെ മാളത്തിൽ തന്നെയായിരിക്കും.

എങ്കിലും ടിപ്പുവിന് പാർക്കാൻ കൂടുവേണ്ട എന്ന തീരുമാനത്തിൽ നിന്ന്​ടിപ്പുവിനൊരു കൂടുപണിയണം എന്ന ആശയത്തിലേക്കു ജോസൂട്ടി എത്തിപ്പെടാനുള്ള കാരണം മീൻകാരൻ അബുവാണ്. ജോസൂട്ടിയും കുടുംബവും കടൽമത്സ്യം അധികം കഴിക്കാറില്ല. ഇടയ്ക്ക് പുഴയിൽ ചൂണ്ടയിട്ടും തോട്ടിൽ ഒറ്റാൽ വച്ചുമൊക്കെ ജോസൂട്ടി തൊട്ടു കൂട്ടാനുള്ള മീനൊക്കെ പിടിക്കും. പോരാത്തതിന് ഉണക്ക സ്രാവ് വാങ്ങിവെക്കും. ചോറും ഉണക്കസ്രാവും മോരുകറിയും ആ കുടുംബത്തിന്റെ പ്രിയപ്പെട്ട ആഹാരമാണ്.അതുകൊണ്ട് തന്നെ അബു തന്റെ മീൻ പെട്ടി കയറ്റിയ സൈക്കിളുമായി അപൂർവ്വമായേ ആ വഴി വരാറുള്ളൂ.

ഒരു ദിവസം രാവിലെ അബുവിന്റെ മീൻ സൈക്കിൾ ജോസൂട്ടിയുടെ വീടിനു മുൻപിലൂടെ കടന്നുപോകുമ്പോഴാണ് പച്ച മീനിന്റെ ഗന്ധം അധികം അനുഭവിച്ചിട്ടില്ലാത്ത ടിപ്പുവിന്റെ മൂക്ക് ആ ഗന്ധം പിടിച്ചെടുത്തത്. പിന്നെ ഒരൊറ്റയോട്ടമായിരുന്നു റോഡിലേക്ക്. കുരച്ചുകൊണ്ട് തന്റെ സൈക്കിളിന്റെ പിറകിൽ പാഞ്ഞടുക്കുന്ന നായക്കൂറ്റനെ കണ്ടതും ‘പടച്ചോനേ കാക്കണേ’
എന്ന് വലിയ വായിൽ അലറി നിലവിളിച്ചുകൊണ്ട് അബു സൈക്കിൾ ആഞ്ഞു ചവിട്ടി.

പക്ഷെ ഒറ്റ കുതിപ്പിന് ടിപ്പു സൈക്കിളിനു മുകളിൽ ചാടിക്കയറുകയും പരിഭ്രാന്തിയിൽ അബു സൈക്കിളോടൊപ്പം റോഡിൽ മറിഞ്ഞു വീഴുകയും ചെയ്തു. പക്ഷെ അബുവിനെയൊന്നു മണപ്പിച്ചു നോക്കുകപോലും ചെയ്യാതെ മീൻപെട്ടിയിൽ നിന്നു റോഡിൽ ചിതറിവീണ പലതരം മത്സ്യങ്ങളിൽ നിന്നു മുഴുത്തതൊരെണ്ണം കടിച്ചെടുത്തു ടിപ്പു അവന്റെ പാട്ടിനു പോയി.
റോഡിലെ ബഹളം കേട്ട് ഓടിവന്ന ജോസൂട്ടി വീഴ്ചയിൽ കൈമുട്ട്​ റോഡിലുരഞ്ഞു ചോരപൊടിഞ്ഞ അബുവിനെ താങ്ങിയെഴുന്നേൽപ്പിച്ചു.

വല്ലതും പറ്റിയോ അബൂക്ക?
ജോസൂട്ടി കുനിഞ്ഞിരുന്ന്​ മീൻ പെറുക്കി പെട്ടിയിലിടുന്നതിനിടയിൽ ചോദിച്ചു.

ഇല്ല ജോസൂട്ടി, അള്ളാന്റെ കുദ്‌റതുകൊണ്ടൊന്നും പറ്റീല, പച്ചെങ്കില് ഇമ്മാതിരി നായിനെയൊക്കെ കൂട്ടിലിട്ടു പൊറ്റണ്ടേ ജോസൂട്ടി? വല്ലാത്തൊരു ബലാല്- അബൂ തന്റെ അമർഷം മറച്ചു വെക്കുന്നില്ല.

ങ്ങാ പോട്ടെ, ഇനിയതൊന്നും പെറുക്കി കൊട്ടേലിട്ടു മെനക്കെടേണ്ട. മുയുവൻ മണ്ണുപറ്റിയില്ലേ, ഇനിയാരെങ്കിലും അത് വാങ്ങുമോ, ഒരു കാര്യം ചെയ്യ്​, നീ ഈ മീനെല്ലാമെടുത്തു നിന്റെ പട്ടിക്ക് കൊടുക്ക്, എന്നിട്ടതിന്റെ കാശിങ്ങു താ, നാളെ രാവിലെ മീനെടുക്കാനുള്ളതാണ്.

ജോസൂട്ടി മനസില്ലാ മനസോടെ വീട്ടിൽപോയി പണം കൊണ്ടുവന്ന്​ കൊടുത്തു അബുവിനെ യാത്രയാക്കി. അപ്പോൾ തന്നെ ടിപ്പുവിനുള്ള നല്ലൊരു കൂട് അയാൾ മനസ്സിൽ പണിതു വെക്കുകയും ചെയ്തു.

ഏതായാലും നാലഞ്ച് നാളുകൾക്കകം തന്നെ അയാൾ കരാറു പണിക്കാരൻ ബാലനെക്കൊണ്ട് മനോഹരമായ ഒരു കൂടും പണിയിപ്പിച്ചു. ആദ്യമൊക്കെ കൂട്ടിൽ കയറാൻ ടിപ്പുവിന് വലിയ മടിയായിരുന്നു. ഒടുവിൽ കൂട്ടിൽ അവനിഷ്ടപ്പെട്ട ആഹാരസാധനങ്ങളിട്ടു പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒരു വിധത്തിലാണ് ടിപ്പുവിനെ ആ കൂടിന്റെ ഗൃഹനാഥനാക്കിയത്. എങ്കിലും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ടിപ്പു ദിവസങ്ങളെടുത്തു. എങ്കിലും രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ വീതം ടിപ്പുവിന് പരോൾ അനുവദിക്കാൻ ജോസൂട്ടി ശ്രദ്ധിച്ചിരുന്നു.

ആ സമയത്ത് അയാൾ സ്ഥലത്തില്ലെങ്കിൽ തെയ്യാമ്മ ചേടത്തിക്കോ ഡാലിയക്കോ ആയിരിക്കും ടിപ്പുവിന്റെ സംരക്ഷണ ചുമതല. പുറത്തു പോയി വരുന്ന ജോസൂട്ടി ഒരല്പം മിനുങ്ങിയിട്ടാണ് വരുന്നതെങ്കിൽ ടിപ്പുവിന്റെ കൂടിനടുത്തുപോയി ഒരു സ്‌നേഹപ്രകടനമൊക്കെയുണ്ട്. ടിപ്പുവിന് അത് വലിയ സന്തോഷമാണ്. കാരണം ആ ദിവസങ്ങളിൽ ജോസൂട്ടിയുടെ കയ്യിൽ തനിക്കെന്തെങ്കിലും കരുതിയിട്ടുണ്ടാകും എന്ന് അവനുറപ്പാണ്. അത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ സമൃദ്ധമായ വാല് വാഹനത്തിന്റെ വൈപ്പർ പോലെ ചലിപ്പിച്ചുകൊണ്ട് ടിപ്പു തന്റെ യജമാനസ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യും. ചില ദിവസങ്ങളിൽ ടിപ്പുവിനെ ചൊടിപ്പിക്കാനായി മനപൂർവ്വം അവന്റെ കൂടിന്റെ ഭാഗത്തേക്കുപോലും നോക്കാതെ ജോസൂട്ടി തിണ്ണയിലേക്ക് കയറും. റോഡ് തൊട്ട്​ അതുവരെ ജോസൂട്ടിയുടെ ചലനങ്ങളെ സാകൂതം നോക്കി വാലാട്ടിക്കൊണ്ടിരിക്കുന്ന ടിപ്പു പിന്നെയൊരു പ്രത്യേക രീതിയിൽ മൂളുന്നതും മുരളുന്നതും ശബ്ദം കുറച്ച്​കുരയ്ക്കുന്നതും കേൾക്കാം. അൽപനേരം അത് നീണ്ടുപോയാൽ തെയ്യാമ്മ ചേടത്തി ജോസൂട്ടിയെ ശകാരിക്കും; ‘‘എടാ ജോസൂട്ടി, അവൻ നിന്നെ തെറി പറയുന്നതാ, ഇനീം അവന്റെ ക്ഷമ പരീക്ഷിക്കാതെ അങ്ങോട്ട് ചെല്ലെടാ’’

ഒരു നാൾ കുറച്ചധികം മദ്യപിച്ചാണ് ജോസൂട്ടി കയറി വന്നത്. ദൂരത്തു നിന്നേ ജോസൂട്ടിയുടെ കയ്യിലെ പൊതി ശ്രദ്ധയിൽപ്പെട്ട ടിപ്പു ഇതിനകം തന്നെ എഴുന്നേറ്റു നിന്നു അക്ഷമ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.
ജോസൂട്ടി ആടിയാടി കൂടിനടുത്തേക്ക് വന്ന്​ വാത്സല്യത്തോടെ വിളിച്ചു; ‘ടിപ്പൂ... എടാ മോനെ’

മറുപടിയായി ടിപ്പു കൂടിന്റെ കമ്പികളിൽ മുഖമിട്ടുരയ്ക്കുകയും കുരയുടെയും മോങ്ങലിനുമിടയിലുള്ള ഒരു പ്രത്യേക ശ്വാനഭാഷയിൽ തന്റെ യജമാന സ്‌നേഹം പ്രകടിപ്പിക്കുന്നുമുണ്ട്. ജോസൂട്ടി സമീപം കുലച്ചു നിൽക്കുന്ന ഞാലിപ്പൂവൻ വാഴയുടെ ഒടിഞ്ഞു തൂങ്ങിയ നാക്കില ഭാഗം കടിച്ചു മുറിച്ചെടുത്ത്​ കൂട്ടിൽ വെക്കുകയും കയ്യിൽ കരുതിയിരുന്ന പൊതിയഴിച്ചു അതിലുണ്ടായിരുന്ന പൊരിച്ച കോഴിക്കഷണമെടുത്തു ആ ഇലയിൽ വെക്കുകയും ചെയ്തു.

ടിപ്പു ആർത്തിയോടെ ഇലയിലേക്ക് മുഖമടുപ്പിക്കുമ്പോഴാണ് ജോസൂട്ടിക്ക് ഹൃദയ വിശാലതയിൽ ആ തോന്നലുണ്ടായത്. ഇല ഒരല്പം കൂടി ഉള്ളിലേക്ക് നീക്കി വച്ചു കൊടുത്താൽ ടിപ്പുവിന് കഴിക്കാൻ ഒന്നുകൂടി എളുപ്പമാണല്ലോ. അയാൾ അതിനു വേണ്ടി ഇലയിൽ പിടിച്ചതും ഒരു നിമിഷം കൊണ്ട് ജോസൂട്ടിയുടെ കൈപ്പത്തി ടിപ്പുവിന്റെ വാ യ്ക്കുള്ളിലായി.

തീറ്റയെടുക്കുന്ന നായയുടെ പാത്രം വലിക്കരുത് എന്നൊരു നാടൻ ചൊല്ല് തന്നെയുണ്ടെന്ന കാര്യമൊക്കെ ആ നിമിഷം ജോസൂട്ടിയും മറന്നേപോയി. പ്രാണവേദനയിൽ അലറിക്കരഞ്ഞുകൊണ്ട് അയാൾ കൈ വലിച്ചെടുക്കുമ്പോഴേയ്ക്കും ടിപ്പുവിന്റെ പല്ല് ആഴത്തിൽ കൊണ്ട് കൈക്കു മാരകമായി മുറിവേറ്റിരുന്നു. ചെയ്തുപോയത് മഹാ അബദ്ധമായെന്ന തോന്നലിലോ മറ്റോ ഒന്ന് കുരയ്ക്കുകപോലും ചെയ്യാതെ ടിപ്പു വേഗം കൂടിന്റെ ഒരു മൂലയിൽ പോയി ഇരുന്നു. വലിയ ബഹളം കേട്ട്​ തെയ്യാമ്മ ചേട്ടത്തിയും മോളിയും ഡാലിയയും കൂടി ഓടി വന്നപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. ജോസൂട്ടിയുടെ വലതു കൈപ്പത്തി ഒരു ചെമ്പട്ടിൽ പൊതിഞ്ഞത് പോലെയായിരിക്കുന്നു.

ബഹളം കേട്ട്​ ഓടിവന്ന വകുപ്പ് രാജനാണ് കൈക്ക് തുണികെട്ടിയതും ജീപ്പ് വിളിച്ചു ജോസൂട്ടിയെ സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതും.

ഇവിടെയിപ്പോൾ ഡോക്ടറില്ല, നിങ്ങൾ വേഗം മെഡിക്കൽ കോളേജിലേക്കു പൊയ്‌ക്കോളൂ; നഴ്‌സ് പ്രാഥമിക ശുശ്രുഷ നൽകിയ ശേഷം നിസംഗതയോടെ പറഞ്ഞു.

എന്തോ വകുപ്പ് പറയാൻ നാവു വളച്ച രാജന്റെ ശ്രമത്തെ ഒറ്റ നോട്ടത്തിലൂടെ അടക്കികൊണ്ട് ജോസൂട്ടി വേഗം പോയി ജീപ്പിൽ കയറി. മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി ആ ജീപ്പ് കുതിച്ചു പാഞ്ഞു. ജോസൂട്ടി വലതുകൈ ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. അസഹ്യമായ വേദനയിൽ ഇടയ്ക്കിടെ അയാളുടെ മുഖം വലിഞ്ഞു മുറുകുകയും കണ്ണുകളടഞ്ഞും പോകുന്നുണ്ട്.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനുമുൻപിൽ ആ ജീപ്പ് മുരൾച്ചയോടെവന്നു നിന്നു. ജോസൂട്ടിയെയും ചേർത്തുപിടിച്ചു രാജൻ നേരെ ഡ്യൂട്ടി നഴ്‌സിന്റെ മുൻപിലെത്തി.

ചാരിയിരുന്ന് മയങ്ങുകയായിരുന്ന ഡ്യൂട്ടി നഴ്‌സ് ചാടിയെഴുന്നേറ്റു; എന്ത് പറ്റിയതാണ്?
പട്ടി കടിച്ചതാണ്; രാജനാണ് മറുപടി പറഞ്ഞത്.
പോലീസിൽ അറിയിച്ചോ?
ഇല്ല, ഞങ്ങൾക്ക് പരാതിയില്ല സിസ്റ്റർ, ടിപ്പു അറിവില്ലായ്മ കൊണ്ട് ചെയ്തതല്ലേ? രാജൻ വകുപ്പ് പുറത്തെടുത്തു.
നിങ്ങൾക്കു പരാതിയുണ്ടോ എന്നല്ല മിസ്റ്റർ, കടിച്ച പട്ടി പേയുള്ളതാണെങ്കിൽ ഞങ്ങൾക്ക് പണിയാകും. അതുകൊണ്ട് പട്ടി കടിക്കാനുണ്ടായ സാഹചര്യം ഒരു വെള്ള പേപ്പറിൽ എഴുതിത്തരണം; നഴ്‌സ് ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അസിസ്റ്റന്റിന് മുറിവ് കഴുകാൻ നിർദ്ദേശം നൽകി.

ഈ നട്ടപ്പാതിരയ്ക്ക്​ വെള്ളപ്പേപ്പറിന് ഞാനെവിടെപ്പോകും? രാജൻ പിറുപിറുത്തത് നഴ്‌സ് വ്യക്തമായി കേട്ടു.
ഓഹോ, ഇനി അതും ഞാൻ തന്നെ തരണോ? എന്നുപറഞ്ഞുകൊണ്ട് മേശവലിപ്പു തുറന്നു ഒരു എ ഫോർ പേപ്പറും ടോപ്പില്ലാത്ത ഒരു ബോൾ പേനയും എടുത്ത് ശബ്ദത്തോടെ മേശപ്പുറത്തേക്കിട്ടു.
ഇനി ഞാനെഴുതിത്തരണം എന്നുകൂടി പറയുമോ?
ഇല്ല സിസ്റ്റർ ഞാനെഴുതിക്കോളാം.

രാജൻ ആ പേപ്പറും പേനയുമെടുത്ത്​, ഞാനാണ് സർവ്വ വിജ്ഞാന കോശമെന്ന ഭാവത്തിൽ ഒരു ഭാഗത്തേക്ക് പോയി.
മറ്റൊരു സിസ്റ്റർ ഇതിനകം ജോസൂട്ടിയുടെ മുറിവ് വൃത്തിയാക്കാൻ തുടങ്ങിയിരുന്നു.

അല്പസമയം കഴിഞ്ഞപ്പോൾ രാജൻ തിരിച്ചേൽപ്പിച്ച പേപ്പർ വായിച്ച നഴ്‌സ് ആശുപത്രിയാണെന്ന കാര്യം പോലും വിസ്മരിച്ചു പൊട്ടിച്ചിരിച്ചുപോയി.

പേപ്പറിൽ ഇപ്രകാരം എഴുതി വച്ചിരുന്നു:
ഇൻസ്പെക്ടർ സർ,
ഞാൻ ഒരു കൃഷിക്കാരനാണ്. തനി ഗ്രാമീണൻ. ഞാനൊരു നായയെ വളർത്തുന്നുണ്ട്. ടിപ്പു എന്നാണ് പേര്. ഞാനും കുടുംബാംഗങ്ങളുമായും വളരെ ഇണക്കത്തോടെയാണ് ടിപ്പു വളരുന്നത്. എനിക്കൊരല്പം മദ്യപാന ശീലമുണ്ട്. വൈകിട്ട് കവലയിലേക്കിറങ്ങി മടങ്ങി വരുമ്പോൾ ടിപ്പുവിന് കൊടുക്കാനായി എന്തെങ്കിലും കയ്യിൽ കരുതാറുണ്ട്. ഇന്നും ഞാൻ കവലയിൽ നിന്നു വരുമ്പോൾ ഒരു പൊരിച്ച കോഴിക്കക്ഷണം ടിപ്പുവിന് വാങ്ങിയിരുന്നു. ഞാനത് ഒരു വാഴയില പൊട്ടിച്ചെടുത്ത്​ അതിൽ കൂട്ടിൽ വച്ചു കൊടുത്തു. ടിപ്പുവത് ഏന്തി കടിച്ചെടുക്കാൻ ഇത്തിരി പ്രയാസപ്പെടുന്നു എന്ന് തോന്നിയ വിശാല ഹൃദയനായ ഞാൻ അവനു എളുപ്പത്തിന് വേണ്ടിയാണ് ആ ഇല കുറച്ചുകൂടി ഉള്ളിലേക്ക് നീക്കി വെക്കാൻ ശ്രമിച്ചത്. ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ തികച്ചും അപ്രതീക്ഷിതമായി ആ ശ്വാനപുത്രൻ എന്റെ വലം കയ്യിൽ കടിക്കുകയായിരുന്നു സർ. ടിയാൻ മുൻപൊരിക്കലും ഇത്ര പ്രകോപിതനായി എന്നെ കടിച്ചിട്ടില്ല സർ.
ടിയാന്റെ അറിവില്ലായ്മകൊണ്ട് ചെയ്തതാണെന്ന് കരുതി എനിക്ക് ടിയാനെതിരെ പരാതിയൊന്നുമില്ലെന്ന്​ ഇതിനാൽ സത്യസന്ധമായി അറിയിച്ചുകൊള്ളുന്നു. അതുകൊണ്ട് ടിയാനെതിരെ നടപടിയൊന്നുമെടുക്കരുതെന്ന്​ വളരെ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു.
എന്ന്,
ജോസൂട്ടി പന്നിക്കുന്നേൽ.
ഒപ്പ്. ശൂ.

ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നതുകൊണ്ട് ഏഴാം നാളാണ് ജോസൂട്ടിക്ക് ആശുപത്രി വിടാൻ കഴിഞ്ഞത്. അയാൾ വീട്ടിൽ വന്നു കയറുമ്പോൾ ടിപ്പു കൂടിന്റെ ഒരു മൂലയിൽ അവശനായി കിടക്കുകയായിരുന്നു. ആരു കണ്ടാലും ഒന്നുകൂടി നോക്കിപ്പോകുന്ന ഘന ഗംഭീര്യമുള്ള കൂറ്റൻ നായയായിരുന്ന ടിപ്പു വല്ലാതെ ക്ഷീണിച്ചു മെലിഞ്ഞു അവശനായിരുന്നു. ജോസൂട്ടിയുടെ കയ്യിൽ കടിച്ച സംഭവം അത്രമേൽ അവനെ മാനസികമായി തളർത്തിയിരുന്നു എന്ന് വരും ദിവസങ്ങളിൽ അവന്റെ ശാരീരിക ചേഷ്ടകളിൽ നിന്ന്​ ഏതാണ്ടൊക്കെ തെയ്യാമ്മ ചേടത്തിയും ഊഹിച്ചിരുന്നു. എന്നും നല്ല ആഹാരം തന്നു ഓമനിക്കുന്ന കൈകളിലാണ് തന്റെയീ പല്ലുകൾ ആഴ്ന്നിറങ്ങിയതെന്ന കുറ്റബോധമാകാം അവനെ ഇത്രമേൽ മാനസികമായി വിഷമിപ്പിക്കുന്നത് (മൃഗങ്ങൾക്കും കുറ്റബോധമോ എന്ന ചോദ്യം ആവശ്യമില്ല, ഊഹമാണ് കേട്ടോ).

അവനു കൊടുത്ത ആഹാരം അതേപടി പാത്രത്തിൽ കിടപ്പുണ്ടായിരുന്നു. ജോസൂട്ടിയെ കണ്ടപാടെ നാളുകളായി ദേശം വിട്ടുപോയ യജമാനൻ തിരിച്ചെത്തിയ ആഹ്ലാദത്തിൽ ദുർബലമായി കുരച്ചുകൊണ്ട് വാലിട്ടിളക്കി, മുൻകാ ലുയർത്തി കൂടിന്റെ കമ്പിയിൽ പിടിച്ച്​ ആ സാധു ജോസൂട്ടിയോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചു ആഘോഷിച്ചുകൊണ്ടിരുന്നു.

അതെന്നാ അമ്മച്ചീ ടിപ്പു ആഹാരമൊന്നും കഴിച്ചില്ലേ?, ജോസൂട്ടി കൂടിനടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു.

ഓ നീ പോയേപ്പിന്നെ അവനൊരു വയ്യായ്ക പോലെയാടാ. എപ്പോഴും ഒരേ ഇരിപ്പ്​. എന്തുകൊടുത്താലും ഇത്തിരി കഴിച്ചാലായി. നേരാം വണ്ണം ഒന്ന് കുരയ്ക്കുകപോലുമില്ല. ഒരു ചൂരും ചൊണയും ഇല്ലാത്തപോലെ, തെയ്യാമ്മ ചേടത്തി ഇറങ്ങിവന്നുകൊണ്ട് പറഞ്ഞു.

അങ്ങനെ മൂന്നാലാഴ്ച കഴിഞ്ഞു. ഈ സമയങ്ങളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ജോസൂട്ടിയാകെ അ സ്വസ്ഥനായിരുന്നു. ഒരിടത്തും വെറുതെയിരിക്കുന്ന ആളല്ലല്ലോ. വകുപ്പ് രാജൻ ഇടവിട്ട ദിവസങ്ങളിൽ നല്ല നെല്ലിട്ടു വാറ്റിയ നാടൻ മദ്യവുമായി വരും. അപ്പോഴേക്കും ജോസൂട്ടി അടുക്കളയിൽ നിന്ന്​ മോളിയുടെ കണ്ണുവെട്ടിച്ചു ഇച്ചിരെ ഇരുമ്പൻ പുളി അച്ചാറുംരണ്ട് ഗ്ലാസും സമർഥമായി കൈക്കലാക്കി റബ്ബർ തോട്ടത്തിലേക്കിറങ്ങും. വെള്ളം തോട്ടിലുണ്ടല്ലോ. ഈ കലാപരിപാടി തുടർന്നുപോന്നു.

ഒരിക്കൽ മുറിവിൽ നിന്ന്​ അസഹ്യമായ വേദനയും ദുർഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജോസൂട്ടി വീണ്ടും ഡോക്ടറെ സമീപിച്ചത്. കയ്യിലെ കെട്ടഴിച്ചു നോക്കിയ ഡോക്ടർപോലും ഞെട്ടിപ്പോയി. മുറിവ് പഴുത്തളിഞ്ഞു നാശമായിട്ടുണ്ടായിരുന്നു. അമിതമായ മദ്യപാനവും ഉയർന്ന പ്രമേഹവും മുറിവിനെ ഉണങ്ങാൻ അനുവദിച്ചിരുന്നില്ല.

മദ്യപിക്കരുതെന്നു പറഞ്ഞിരുന്നതല്ലേ? ജോസൂട്ടി ഏതായാലും രണ്ടുമൂന്നു ദിവസം ഇവിടെ കിടക്കൂ... കൂടുതൽ പരിശോധനകൾ ആവശ്യമുണ്ട്, ഡോക്ടർ ശാസനാ രൂപത്തിൽ പറഞ്ഞു.

പക്ഷെ വരും ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വഷളായി വരികയായിരുന്നു. പഴുപ്പ് കൈത്തണ്ടയിലേക്ക് വ്യാപിക്കാൻ തുടങ്ങിയിരുന്നു. ഞരമ്പുകളെയെല്ലാം പഴുപ്പ് കീഴടക്കി കഴിഞ്ഞിരുന്നു. ഒടുവിൽ ഡോക്‌ടേഴ്‌സ് ഒരു തീരുമാനത്തിലെത്തിച്ചേർന്ന്​ ജോസൂട്ടിയോട് പറഞ്ഞു; ജോസൂട്ടി, ഞങ്ങൾ പരമാവധി ശ്രമിച്ചു. താങ്കളുടെ അമിതമായ മദ്യപാനമാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. താങ്കളെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഈ ചികിത്സാ കാലയളവിലെങ്കിലും മദ്യപാനം പൂർണമായും ഒഴിവാക്കാൻ ഞാൻ കർശനമായി പറഞ്ഞിരുന്നു. താങ്കളത് കേട്ടില്ല. കഴിച്ച മരുന്നിന്റെ ഒരു ഫലവും താങ്കളുടെ ശരീരത്തിൽ പ്രവർത്തിച്ചില്ല. ദൈവം തന്നത് ദൈവം തിരികെ ആവശ്യപ്പെടുന്നു എന്നുമാത്രം കരുതുക. അതുകൊണ്ട് പഴുപ്പ് ശരീരത്തിലേക്കു ബാധിക്കാതിരിക്കാൻ ഈ കൈപ്പത്തി ഒഴിവാക്കി കളയുന്നതാണ് നല്ലത്. പറയാൻ ഞങ്ങൾക്ക് പ്രയാസമുണ്ടെങ്കിലും മറ്റ് മാർഗങ്ങളില്ല.

ജോസൂട്ടി ഡോക്ടറുടെ മുഖത്തേക്ക് വിശ്വസിക്കാനാകാതെ തുറിച്ചു നോക്കികൊണ്ടിരുന്നു.

അങ്ങനെ ഒരു ദീർഘ നിദ്രയിൽ നിന്നുണർന്ന ജോസൂട്ടിയുടെ വലതു കൈമുട്ടിനു താഴേക്കു ശൂന്യമായിരുന്നു. അന്നുമുതൽ അയാളും, സമൂഹവും സർക്കാരും അംഗപരിമിതർക്കു മാത്രമായി നീക്കി വച്ച വികലാംഗ പട്ടികയിലേക്ക് ചേർക്കപ്പെട്ടു.

ആദ്യത്തെ കുറെ നാളുകൾ അയാൾക്കു വലതു കൈമുട്ടിനു താഴേക്കുള്ള കറുത്ത ശൂന്യതയുമായി പൊരുത്തപ്പെടാനേ കഴിയുന്നുണ്ടായിരുന്നില്ല.
വലതു കൈമുട്ടിനു താഴേക്കു നോക്കുമ്പോൾ ഓർമ്മകൾ കടലിരുമ്പം പോലെ ഇരച്ചുകയറിവരും. അതിൽ നെല്ലും പതിരുമുണ്ടാകും. കൈകൊണ്ടു ചെയ്ത നന്മ തിന്മകൾ സമ്മിശ്രമായിട്ടാണ് വരിക.

നഷ്ടപ്പെട്ട ഈ കയ്യെല്ലുറപ്പിലായിരുന്നു പള്ളിപ്പെരുന്നാളിന് ബാറിൽ കയറി മദ്യപിച്ച്​ അടിപിടിയിൽ കലാശിച്ചപ്പോൾ കസേരയെടുത്തു എതിരാളികളെ വീശിയടിച്ചത്.

മോളിക്ക്​ വികൃതമായ കൈപ്പടയിൽ ഒരു പ്രണയ ലേഖനംഎഴുതി അവൾ പള്ളിയിൽ കൊണ്ടുവരാറുള്ള ബൈബിളിന്റെ അവസാന പേജിൽ ആരും കാണാതെ തിരുകിയതും ഈ കൈകൊണ്ടായിരുന്നു.

ഈ കൈകൊണ്ടു തന്നെയാണ് ചിറകൊടിഞ്ഞു പറക്കാൻ കഴിയാതിരുന്നൊരു കിളിക്കുഞ്ഞിനെ മദ്യലഹരിയിൽ ഒറ്റയേറിനു ചിതറിച്ചു കളഞ്ഞത്.

താനുമൊരു പുരുഷനായിരിക്കുന്നു എന്നതിന്റെ ജൈവിക അടയാള പ്രതിഫലനവും നഷ്ടപ്പെട്ട കയ്യിലൂടെയായിരുന്നു
ഇനിയൊന്നിനും അവനില്ല. ഇനിയൊരിക്കലുംതന്റെ കൂടെ അവനില്ല എന്ന സത്യം നടുക്കത്തോടെ ജോസൂട്ടി ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാ ൾക്കതിനു കഴിയുന്നുണ്ടായിരുന്നില്ല.

ഇങ്ങനെ കടുത്ത നിരാശയിൽ ഇരിക്കുമ്പോഴൊക്കെ അയാൾ ടിപ്പുവിന്റെ കൂട്ടിലേക്കു പകയോടെ നോക്കും. തന്റെ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കരിച്ചു കളഞ്ഞവൻ. തന്റെ ജീവിതത്തെ നിത്യനിരാശയിലേക്ക് തള്ളിയിട്ടവൻ. അങ്ങനെ ടിപ്പുവിനോടുള്ള പക അയാളെ ഉമിത്തീപോലെ നീറ്റിക്കൊണ്ടിരുന്നു.

അതിൽ പിന്നെ അറിയാതെപോലും ടിപ്പുവിന്റെ കൂടിരിക്കുന്ന ഭാഗത്തേക്കുപോലും അയാൾ നോക്കാതെയായി. ടിപ്പുവിന് ജോസൂട്ടിയുടെ ഈ അവഗണന അസഹനീയമായിരുന്നു. തുടക്കത്തിലൊക്കെ ജോസൂട്ടിയുടെ ശ്രദ്ധയകർഷിക്കാൻ അവൻ കൂട്ടിൽ എഴുന്നേറ്റു നിന്നും കൂട് മാന്തിപ്പൊളിക്കാൻ ശ്രമിച്ചും, ഒക്കെ പരാജയപ്പെടുമ്പോൾ ദയനീയമായി മോങ്ങിയും ജോസൂട്ടിക്ക് തന്നോടുള്ള പിണക്കത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരുന്നു.

പിന്നെ അവനും അതൊക്കെ നിർത്തി. നിർവികരമായി നിസ്സംഗതയോടെ പുറപ്പെട്ടുപോയ കാമുകനെ കാത്തിരിക്കുന്ന ഗ്രാമീണ യുവതിയെപ്പോലെ റോഡിലേക്ക് നോക്കിയിരിക്കും. അങ്ങനെയാണ് തെയ്യാമ്മ ചേടത്തിയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ബന്ധുവായ ഇടവകയിലെ ഫാദർ വീട്ടിൽ വന്ന്​ ജോസൂട്ടിയെ ഉപദേശിച്ചു മനസാന്തരപ്പെടുത്താൻ ശ്രമിക്കുന്നത്.

അല്ലെടാ ജോസൂട്ടി, എനിക്കറിയാമ്മേ ലാത്തതുകൊണ്ട് ചോദിക്കുകയാണ് നീയിതെന്നാ ഭവിച്ചാ? അതൊരു മിണ്ടാപ്രണിയല്ലേടാ. വേണമെന്ന് വിചാരിച്ചൊന്നും ചെയ്തതായിരിക്കില്ലല്ലോ. പട്ടി തീറ്റയെടുക്കുമ്പം ഇല വലിക്കരുതെന്നു ഒരു നാട്ടു ചൊല്ല് തന്നെയില്ലെടാ..? ടിപ്പുവിന് വെഷമമില്ലെന്നാണോ നിന്റെ വിചാരം? അന്നത്തെ ആ കടിയോടു കൂടി അവൻ നേരാവണ്ണം തീറ്റയെടുക്കുന്നത് നീ കണ്ടിട്ടുണ്ടോ? അവന്റെ ആ ഉശിരൻ കുരപോലും അവൻ മറന്നമട്ടാണ്. മുൻപൊക്കെ ഒരു പാറ്റയെപോലും ഈ പറമ്പിന്റെ നാലയലത്തു അടുപ്പിക്കാത്തവനാണെന്നോർത്തോണം. ഇപ്പൊ ഒരു പൂച്ച വന്നു അവനു നേരെയൊന്നു നിന്നാൽപോലും കമാന്നൊരക്ഷരം കുരയ്ക്കില്ല.
അതുകൊണ്ട് നീയിത്തിരി തീറ്റയുമായി ചെന്നു രണ്ട് നല്ല വാർത്തമാനമൊക്കെ പറഞ്ഞു നിന്റെ പിണക്കമൊക്കെ കളയണം കേട്ടോ. നിന്റെയൊരു വിളിക്കായി കാത്തിരിക്കുകയാണവൻ . ഞാൻ പറയാനുള്ളത് പറഞ്ഞു.

ഫാദർ പറഞ്ഞതുമുഴുവൻ ജോസൂട്ടി തലകുനിച്ചിരുന്നു കേട്ടു.
തെയ്യാമ്മ ചേടത്തി കൊണ്ടുവച്ച നല്ലവണ്ണം എരുമപ്പാലൊഴിച്ച ചായയും ആ പറമ്പിൽ വിളഞ്ഞ രണ്ട് പൂവൻ പഴവും കഴിച്ചാണ് ഫാദർ മടങ്ങിയത്.

അന്നുമുഴുവൻ ജോസൂട്ടി ഫാദർ പറഞ്ഞതിനെക്കുറിച്ചായിരുന്നു ആലോചിച്ചുകൊണ്ടിരുന്നത്.

ഒരുകണക്കിന് ശരിയല്ലേ? ആ മിണ്ടപ്രാണിയെന്തുപിഴച്ചു?
ഇനിയുള്ള കാലം ഒറ്റക്കയ്യനായി ജീവിക്കുക എന്നുള്ളത് ദൈവ നിശ്ചയമാകാം. രണ്ട് കയ്യുമില്ലാത്തവർ ഇവിടെ ജീവിക്കുന്നു.രണ്ട് കണ്ണും ഇല്ലാത്തവർ രണ്ട് കാലുമില്ലാത്തവർ. അങ്ങനെ ലക്ഷോപലക്ഷം അംഗവിഹീനർ. അവർക്കിടയിൽ ഞാനെന്ത്​? അയാൾ സ്വയം ആശ്വാസം കണ്ടെത്തുകയാണ്.

ഏതായാലും ഇന്നു വൈകിട്ട് ഒന്ന് അങ്ങാടിയിലേക്കിറങ്ങണം. ടിപ്പുവിനിഷ്ടപ്പെട്ട രണ്ട് കഷ്ണം പൊരിച്ച കോഴിയും വാങ്ങിവരാം. അത് കൊടുത്തുവേണം അവനോടുള്ള പിണക്കം മാറ്റാൻ. നാളെ മുതൽ അവൻ എന്റെ പ്രിയപ്പെട്ടവൻ.

കുറച്ചു നാളുകൾക്കു ശേഷമാണ്​ അങ്ങാടിയിലേക്കിറങ്ങുന്നത്. ഈ ഇറക്കത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒറ്റക്കയ്യനായി പന്നിക്കുന്നേൽ ജോസൂട്ടി ആദ്യമായി അങ്ങാടിയിൽ ഇറങ്ങുന്നു. വലത്തേ കൈമുട്ടിനു താഴെ വെള്ളതോർത്തിൽ ചുറ്റി കെട്ടിയ ഭാഗത്തിന്​ താഴേക്കുള്ള കറുത്ത ശൂന്യതയിലേക്ക് പരിചിതവും അപരിചിതവുമായ അനേകം ജോഡി കണ്ണുകൾ തുറിച്ചു പാഞ്ഞു വരുന്നുണ്ട്. അതിൽ ചിലത് സഹതാപത്തിന്റെതാകാം. ചിലത് ആകാംക്ഷയുടെയും അപൂർവ്വം ചിലതെങ്കിലും ഗൂഢമായ സന്തോഷത്തിന്റേതുമാകാം. ഏതായാലും എനിക്കൊന്നുമില്ല. എന്റെ ടിപ്പുവിന് പറ്റിയൊരു വായ് അബദ്ധം ജോസൂട്ടിയുടെ ഭാവി നിർണയിച്ചിരിക്കുന്നു. അതിൽ ടിപ്പുവിനൊരു വേഷവുമില്ല. അവനൊരു നിമിത്തം മാത്രം. മാനസികമായും ശരീരികമായും ഈ സാഹചര്യങ്ങളോട് ചേർന്ന് അതിജീവിച്ചുപോകാൻ എനിക്കിനി കഴിഞ്ഞേക്കും..അതിനുള്ള ആത്മബലം കർത്താവു തന്നിട്ടുണ്ട്.

കോഴിക്കടയിലേക്ക് കയറുമ്പോഴാണ് ഒരു പിൻവിളി, ജോസൂട്ടി, കൈക്കു എന്നാ പറ്റിയതാടാ?
കയ്യാല തങ്കച്ചനാണ്. (കയ്യാല കെട്ടാണ് ജോലി. അങ്ങനെയാണ് ആ പേര് വീണത്).

എല്ലാം അറിഞ്ഞുകൊണ്ടാണ് ചോദ്യം. പണ്ട് മദ്യപിച്ച്​ ഷാപ്പിന് മുൻപിൽ വച്ചു ജോസൂട്ടിയുമായി തല്ലുണ്ടായിട്ടുണ്ട്. അന്ന് ജോസൂട്ടി കയ്യിൽ കിട്ടിയ ഇരുമ്പു കമ്പികൊണ്ട് തങ്കച്ചന്റെ കൈ അടിച്ചൊടിച്ചിരുന്നു. മൂന്നാല് മാസത്തോളം പണിക്കു പോകാൻ കഴിയാതെ കൈ പ്ലാസ്റ്ററിട്ട് വീട്ടിൽ വി​ശ്രമത്തിലായിരുന്നു തങ്കച്ചൻ. അപ്പോഴൊക്കെ അയാളുടെ ഭാര്യക്ക് ഇടയ്ക്കിടെ പണം വായ്പ കൊടുത്തിരുന്നത് ചെത്തുകാരൻ രവിയായിരുന്നു. ആ ബന്ധം വളർന്നു. ഒരു ദിവസം തങ്കച്ചന്റെ ഭാര്യ രവിയുടെ കൂടെ ഒളിച്ചോടിപ്പോയി. പിന്നീടവർ വയനാട്ടിലോ മറ്റോ സുഖമായി ജീവിക്കുന്നു എന്നും കേട്ടു. കുട്ടികളില്ലാതിരുന്ന തങ്കച്ചൻ അന്നുമുതൽ ഒറ്റക്കായി. ഏകാകിയുടെ ദുരന്ത ജീവിതമായിരുന്നു പിന്നീടയാൾക്ക്. തന്റെ കുടുംബ ജീവിതം തകർത്തു ജോസൂട്ടിയോട് അന്നുമുതൽ അയാൾക്ക്​ പകയും വെറുപ്പുമായിരുന്നു. അന്നുതൊട്ട് ഇന്നേവരെ കടുത്ത ശത്രുതയിലായിരുന്നു രണ്ടുപേരും.

ദൈവം ഒണ്ടെടാ ഉവ്വേ, തങ്കച്ചൻ വിടാൻ ഭാവമില്ല.
അന്ന് നീയെന്റെ കൈ തല്ലിയൊടിച്ചു, എന്റെ കുടുംബ തകർത്തു. എനിക്കൊരു ജീവിതമില്ലാണ്ടായി. ഇനി നീ ജീവിതകാലം മുഴുവൻ ഒറ്റക്കയ്യൻ.
അല്പം മദ്യപിച്ചിരുന്നതുകൊണ്ടും ക്ഷമയുടെ നെല്ലിപ്പലക കടന്നിരുന്നതുകൊണ്ടും ജോസൂട്ടിയിലെ ക്ഷുഭിത യൗവ്വനമുണർന്നു.

തങ്കച്ചാ, കള്ള് കുടിച്ചാ വയറ്റീ കെടക്കണം. കഴുവേറിത്തരം പറഞ്ഞോണ്ട് വന്നാ അടിച്ചു നിന്റെ പല്ല് ഞാൻ താഴെയിടും നാറീ, പറഞ്ഞേക്കാം.
നീ ഞൊട്ടും, എന്നാ കോപ്പുകൊണ്ട് അടിച്ചു പല്ല് പറിക്കുമെന്നാ? പോടാ, ഒറ്റക്കയ്യൻ കഴുവേറിപ്പട്ടീ; ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്ത തങ്കച്ചനെ ആരൊക്കെയോ പിടിച്ചു മാറ്റി. പക്ഷെ തങ്കച്ചനെ പിടിച്ചുമാറ്റിയവർ പ്രയോഗിച്ച വാചകങ്ങളാണ് ജോസൂട്ടിയെ അടിമുടി തളർത്തിക്കളഞ്ഞത്; വിട്ടുകള തങ്കച്ചാ, ഒന്നുമില്ലെങ്കിലും കയ്യില്ലാത്ത ഒരുത്തനാണെന്നു കരുതി നീയങ്ങു ക്ഷമീ.

തങ്കച്ചന്റെ വാക്കിനെക്കാൾ നൂറിരട്ടി പ്രഹര ശേഷിയിൽ ആ വാക്കുകൾ ജോസൂട്ടിയുടെ ഹൃദയത്തെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

അന്നുരാത്രിയിൽ മദ്യപിച്ച്​ ആടിയാടി വീട്ടിൽ വന്നു കയറിയ ജോസൂട്ടി നേരെപോയത് ടിപ്പുവിന്റെ കൂടിനരികിലേക്കാണ്. ജോസൂട്ടി അസാധാരണമായി കൂട്ടിനരികിലേക്ക് വരുന്നതുകണ്ട ടിപ്പു ചാടിയെഴുന്നേറ്റു കമ്പിയിൽ പിടിച്ച്​ വാല് വാഹനത്തിന്റെ വൈപ്പർ പോലെ ചലിപ്പിച്ച്​ മോങ്ങലിനും കുരക്കുമിടയിലുള്ള ശ്വാന ഭാഷയിൽ ജോസൂട്ടിയെ നക്കി തോർത്താൻ ശ്രമിക്കുന്നുണ്ട്.

ജോസൂട്ടി സമീപത്തു കുലച്ചു നിൽക്കുന്ന ഞാലിപ്പൂവന്റെ ഇല പാറിയെടുത്ത്​കൂട്ടിൽ വച്ച്​ കയ്യിലെ പൊതിയഴിച്ച്​ പൊരിച്ച കോഴിയെ അതിൽ വച്ചു.
ടിപ്പുവിന് ഇതിൽ പരമൊരു സന്തോഷമില്ല. നന്ദി പൂർവ്വം, സ്‌നേഹപൂർവ്വം ആ നായ അയാളുടെ കൈ നക്കി തുവർത്തി. പിന്നെ അവൻ ജോസൂട്ടി കോഴിവച്ച ഇലയിലേക്ക് കൊതിയോടെ മുഖമടുപ്പിച്ചതും ഇത്തവണ ടിപ്പുവിന് അത് കഴിക്കാൻ യാതൊരുവിധ അസൗകര്യമില്ലാതിരുന്നിട്ടും ജോസൂട്ടി കുനിഞ്ഞ്​അവശേഷിച്ച തന്റെ ഇടതു കൈകൊണ്ട്​ ആ ഇല ഒരല്പം ഉള്ളിലേക്ക് നീക്കി വച്ചു കൊടുത്തു. മുൻപത്തെ തിക്തമായ ഓർമയിലാവാം ടിപ്പു മുഖമുയർത്തി ജോസൂട്ടിയെ ഒന്ന് നോക്കി. പിന്നെ ആർത്തിയോടെ ആസ്വദിച്ച് ആ കോഴിക്കക്ഷണം ഭക്ഷിച്ചു കൊണ്ടിരുന്നു.
ജോസൂട്ടി സ്‌നേഹവായ്‌പോടെ ടിപ്പുവിനെ തലോടിക്കൊണ്ട് പറഞ്ഞു; വയറു നിറയെ കഴിക്കെടാ ടിപ്പു, ഞാൻ നിന്നെ കുറെ സങ്കടപ്പെടുത്തീട്ടുണ്ട്, മറന്നുകളയെടാ.

അതുവരെ ഉറങ്ങാതിരുന്ന തെയ്യാമ്മ ചേട്ടത്തിയും മോളിയും ജനലിലൂടെ സ്‌നേഹ പ്രകടന കാഴ്ച നോക്കിക്കൊണ്ടിരിക്കെ തെയ്യാമ്മ ചേടത്തിയുടെ കണ്ണു നിറഞ്ഞു വന്നത് അവർ തുടച്ചതേയില്ല.

പിറ്റേന്ന് രാവിലെ ടിപ്പുവിനെ കൂടുതുറന്ന്​ വെളിയിലിറക്കാൻ വന്ന തെയ്യാമ്മ ചേടത്തിയോട് തിണ്ണയിലിരുന്നു ഒരു കടുംകാപ്പി കുടിക്കുകയായിരുന്ന ജോസൂട്ടി പറഞ്ഞു; ടിപ്പു നല്ല ഉറക്കത്തിലാണ മ്മച്ചീ, ഉണർത്തണ്ട നല്ലോണം ഉറങ്ങട്ടെ.

പക്ഷെ തലേന്നത്തെ കോഴിയിറച്ചിയുടെ അവശിഷ്ടം കഴിച്ചൊരു കോഴി മുറ്റക്കോണിൽ ചത്തുമലച്ചു കിടക്കുന്നത് തെയ്യാമ്മച്ചേടത്തി കണ്ടതേയില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


നാസർ മുതുകാട്​

കഥാകൃത്ത്​, നോവലിസ്​റ്റ്​. ‘പെണ്ണൊരുത്തി’ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ബഹ്​റൈനിൽ പ്രവാസിയായി കഴിയുന്നു.

Comments