വിനോദ് ആനന്ദ്

സുരേന്ദ്രൻ, നവമി, നേമം പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ 'ബുധനാഴ്ച വൈകുന്നേരം തമ്പാനൂർ റെയിൽവെസ്റ്റേഷനിൽ കണ്ടുമുട്ടാം- കിര ഹാർമിഷ്‌ തെരേസ’ എന്നെഴുതിയ കത്ത് കൈപ്പറ്റുമ്പോൾ ഇക്കാലമത്രയുമില്ലാതിരുന്ന പ്രത്യേകമായ ഒരാനന്ദത്തിന്റെ വക്കിലായിരുന്നു അയാൾ.

യാറംചേയിലെ വീടിന്റെ ചുമരിൽ തൂക്കിയ കലണ്ടറിൽ കുറിച്ചിട്ടിരുന്ന വിലാസം തെരേസ കൃത്യമായി പകർത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷമായി ഈയൊരു ദിവസത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവല്ലോയെന്നും കത്തിൽ പറയുന്ന ബുധനാഴ്ച ഇന്നാണല്ലോ എന്നും ഓർമിച്ചത് കത്ത് മടക്കി മേശപ്പുറത്ത് വെയ്ക്കുമ്പോഴാണ്. സുനിത അടുക്കളയിൽ തത്രപ്പാടിലാണ്. അവൾ അരച്ചുമരിൽ കൊണ്ടു വെച്ച കാപ്പി ഇപ്പോൾ തണുത്ത് കാണും. പങ്കജാക്ഷിയമ്മ ചുമച്ചാലോ കുരച്ചാലോ ഉടൻ അവൾക്ക് അവരുടെ അടുത്തേക്ക് ഓടിയെത്തേണ്ടതുണ്ട്.

മണ്ണന്തലക്കാരനുള്ള ബാക്കി സ്ത്രീധനം കരണത്ത് സമർപ്പിച്ചിറങ്ങി വന്ന പെങ്ങളോട് അയാൾക്ക് എന്നും ബഹുമാനമേയുള്ളൂ. അവളുണ്ടാക്കിക്കൊടുത്ത സ്നേഹകാപ്പി അയാളുടെ തൊണ്ടയിലലിഞ്ഞു. തടിക്കസേരയിലേക്ക് ചാഞ്ഞിരുന്ന് അയാൾ ആ കത്ത് തിരിച്ചും മറിച്ചും നോക്കി. ഓർമ്മകളുടെ ഉസ്വർ കാപ്പി അല്പാല്പമായി കിനിഞ്ഞിറങ്ങുമ്പോഴുള്ള സുഖത്തിൽ അന്നേരം അയാളുടെ കണ്ണുകളടഞ്ഞു.

ജോലിസംബന്ധമായുണ്ടായ യൂറോപ്യൻ യാത്രയ്ക്കിടയിൽ കിട്ടിയ സുന്ദരവും ഭീതിജനകവുമായ ഓർമയായിരുന്നു തെരേസ. ഇന്ത്യയെക്കുറിച്ച് വലിയ മതിപ്പുള്ളവൾ. ഹിമയുഗത്തിലെ രണ്ടാം പാദത്തിൽ നിലം തൊട്ട പാദസ്പർശം ആരവമായും സോളമന്റെ കപ്പലുകളിലെ ഫൊണീഷ്യന്മാരുടെ ഓഫിർ തുറമുഖ സന്ദർശനം അത്ഭുതമായും വായിച്ചറിഞ്ഞവൾ. ചെയ്ത മര്യാദകേടുകളോർത്താൽ ആ പെണ്ണ് പിന്നെ തിരിഞ്ഞു നോക്കേണ്ടതല്ല. പ്രസിഡണ്ടിന്റെ വാർത്താ സമ്മേളനത്തിന് കഷ്ടിച്ച് അര മണിക്കൂർ മുമ്പല്ല്യോ ക്യാമറയും തൂക്കി എയർപ്പോർട്ടിലേക്കുള്ള പുറപ്പെടൽ.

‘അത്രയൊക്കെ ചെയ്തിട്ട് നിന്നെയവൾ നേരിൽക്കണ്ട് സ്തുതിക്കുമെന്നും വിചാരിച്ചിരി. ഞാമ്പറേണത് കേൾക്കാൻ ഇവിടെയാർക്കാ നേരം? എനിക്കിനി വയ്യ ഒരുത്തന്റേം പുറകേയോടാൻ', സുനിത കഴുകിവെച്ച പാത്രം നിലത്തുവീണ ഒച്ചയിൽ നഷ്ടമായ ശ്രദ്ധ തിരിച്ച് പിടിക്കുന്നേരം അയാൾ ചുണ്ടനക്കി. സുനിതയുടെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയതിലുള്ള സന്തോഷമായിരുന്നു അയാളുടെ മുഖത്ത്. വൈകുന്നേരം തെരേസയെ വിളിച്ചുകൊണ്ടു വരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോണമെന്ന തീരുമാനത്തോടെ അടുത്ത ഇറക്കിനായി കാപ്പി ചുണ്ടോടടുപ്പിച്ച് വീണ്ടും ഓർമ്മകളിലേക്ക് വഴുതി വീണു.

കീവിൽ നിന്ന് യാറംചേയിലേക്കുള്ള ബസിന്റെ ഇരിപ്പിടങ്ങളിലെല്ലാം യാത്രക്കാരുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പിൽ ചിലരെങ്കിലും ഇറങ്ങുമെന്ന പ്രതീക്ഷയിൽ കയ്യിലും കൂടകളിലും സാധനങ്ങളുമായി നിൽക്കുന്നവർ. ഡ്രൈവർക്ക് ഇംഗ്ലീഷ് അറിയില്ല. കാര്യങ്ങളിലൊക്കെ തീരുമാനമായ പോലെ ഇരിക്കുമ്പോഴാണ് മാലാഖയെപ്പോലെ ഒരു പെൺകുട്ടി അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഹാർമിഷ് തെരേസ എന്ന പരിചയപ്പെടുത്തലിൽ ഒരു നീണ്ടകാലത്തെ സൗഹൃദം മറഞ്ഞിരുന്നതുപോലെ തോന്നി. യാറംചേയിൽ താമസമാക്കിയ ഒരാളെ തുടക്കത്തിലേ സുഹൃത്തായി കിട്ടിയതും അയാളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമായിരുന്നു. തെരേസയുടെ സഹായത്തോടെ ചില കീവ് കാഴ്ചകൾ അയാൾ ബസിലിരുന്ന് തന്നെ പകർത്തി. പുതിയ സിമ്മിട്ട് ചിത്രങ്ങൾ പത്രാധിപർക്ക് ഇമെയിൽ ചെയ്തു. ബസ് പോകുന്ന വഴിയിലൊക്കെ പൊളിഞ്ഞതും തകർന്നതുമായ വീടുകൾ. തകർന്ന വീടുകൾക്കടിയിൽ വർഷങ്ങൾ പഴക്കമുള്ള കല്ലറകൾ. അതിനുള്ളിലെ പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നവർക്കായി ബസ് ഒരു മരച്ചുവട്ടിൽ നിർത്തി.

തെരേസ ബസിറങ്ങി പള്ളിവരാന്തയിലേക്ക് നടന്നു. ഭൂമിയ്ക്കടിയിലെ ഇടുങ്ങിയ വഴിയിലൂടെ അവൾ അകത്തേക്ക് നീങ്ങി. ഉള്ളിൽ കടക്കാൻ പ്രത്യേക വസ്ത്രങ്ങളണിഞ്ഞു. കല്ലറക്കുള്ളിലേക്ക് കാലെടുത്ത് വെയ്ക്കുന്നതിന് തൊട്ടുമുൻപ് അവൾ അയാളെ കൈവീശിക്കാണിച്ചു. ഒരു ദൂരചിത്രം പകർത്താൻ വെമ്പിക്കൊണ്ട് അയാളുടെ വിരലുകൾ ക്യാമറാ ബട്ടണിലമ൪ന്നു.

കുറേനേരം അയാൾ മരത്തണലിൽ കാത്തിരുന്നു. ചൂടില്ലാത്ത നനുത്ത സൂര്യവെട്ടം മുഖത്തേക്ക് ഒഴുകിവീണു. ഗാന്ധി കണ്ണടയണിഞ്ഞ, മഞ്ഞ ജാക്കറ്റുകാരൻ യാറംചേയിലേക്ക് മിതമായ നിരക്കിൽ ട്രക്ക് യാത്ര വാഗ്ദാനം ചെയ്തു. മറ്റൊന്നും ചിന്തിക്കാതെ തെരേസ സൂക്ഷിക്കാനേൽപ്പിച്ച സാധനങ്ങൾ മരച്ചുവട്ടിലുപേക്ഷിച്ച് അയാൾ ട്രക്കിൽ കയറിയിരുന്നു. ചെയ്തത് മര്യാദകേടായിപ്പോയെന്ന് തോന്നാൻ പിന്നെയും സമയമെടുത്തു. ട്രക്ക് യാത്ര പകുതി പിന്നിട്ടിരുന്നു. പ്ലാവോ നോക്കി ചിരിച്ചു. പാവ്ലോയുടെ ട്രക്ക് നഗരത്തിൽ ഇരുപത്തിനാലു മണിക്കൂറും സജീവമാണ്. ബസ് കിട്ടാതെ വലഞ്ഞു നിൽക്കുന്നവരെ ട്രക്കിൽ കയറ്റിക്കൊണ്ടുപോകുന്ന പാവ്ലോ. അയാൾക്കും ജീവിക്കണ്ടേ? ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.

ബസുകൾ മാറിക്കയറുന്ന ബുദ്ധിമുട്ടൊഴിച്ചാൽ ട്രക്കിലായാലും യാറംചേയിലേക്ക് സുമാർ 10 മണിക്കൂർ യാത്രയുണ്ട്. രാത്രി താമസിക്കാനിടം കണ്ടെത്താനാകാതെ അലഞ്ഞുതിരിയുമ്പോഴാണ് വിജനമായ നിരത്തിൽ അയാൾ ഒരു തെരുവ് കുടിയന്റെ മിന്നൽ വിളയാട്ടം കണ്ടത്. കുടിയനെ കൂട്ടുപിടിക്കാതെ നിവർത്തിയില്ലെന്നായി. അയാൾ കുറച്ചുനേരം കുടിയന്റെ താളത്തിനൊപ്പം ചുവടുകൾ വെച്ചു. മുറി ശരിയാക്കി കൊടുക്കാമെന്ന് അർദ്ധബോധത്തിലും കുടിയൻ ഉറപ്പ് നൽകി. കറങ്ങി തിരിഞ്ഞ് കുടിയൻ അയാളെ ഒരു പഴയ കെട്ടിടത്തിന്റെ മുന്നിലെത്തിച്ചു. നാടൻ പലഹാരങ്ങളും കോഫിയും ലഭ്യമെന്ന് സ്ലാവിക് ഭാഷയിൽ മുകളിലൊരു ബോർഡ് കണ്ടു.

മുൻ‌കൂർ ജാമ്യമെടുക്കുന്നത് പോലെ ലോഡ്ജുടമ സ്ത്രീയാണെന്ന് കുടിയന്റെ മുന്നറിയിപ്പ്. ബാഗിനുള്ളിലെ കമ്പിളി കുനിഞ്ഞെടുക്കാൻ പോലും വയ്യാത്തത്ര തണുപ്പ്. കൊടും തണുപ്പിൽ വിറച്ചു നിൽക്കുമ്പോൾ രാത്രി കഴിച്ചുകൂട്ടാൻ ഒരിടം കണ്ടെത്തലായിരുന്നു പ്രധാനം.
'കയറിക്കോ മുകളിലേക്ക് ', മുട്ടുവിൻ തുറക്കപ്പെടും എന്ന തിരുവചനം ഓർമിപ്പിക്കും പോലെ കുടിയൻ സ്വഭാഷയിൽ കൽപ്പിച്ചു. എണ്ണിപ്പെറുക്കി നൽകിയ 50 റിനിയ വാങ്ങി പോക്കറ്റിലിട്ട് മുള്ളാണി കിലുക്കം പോലെ പാടിക്കൊണ്ട് അയാൾ പിന്നെ മദ്യം കിട്ടുന്ന സൂപ്പർ മാർക്കറ്റ് ലക്ഷ്യമാക്കി നടന്നു.

'യൂസ് ആൻഡ് പേ സ്പേസ് അവൈലബിൾ' എന്നെഴുതിയ ബോർഡ് ലക്ഷ്യമാക്കി സുരേന്ദ്രൻ കോണിപ്പടി കയറി. പുതിയ ജോലി കിട്ടിയശേഷം റിപ്പോർട്ടിംഗ് ആൻഡ് ഫോട്ടോഗ്രാഫി കടുപ്പപ്പെട്ട പണിയാണെന്ന് അയാൾക്ക് അദ്യമായി തോന്നിയ ദിവസം. ഏണിച്ചുവടുകൾ വെച്ച് മുകളിലെത്തിയപ്പോൾ കിതച്ചു. തോൾ ബാഗിറക്കി കോളിംഗ് ബെല്ലിൽ വിരലമർത്തി. അകത്ത് വെള്ള കൊക്ക് കരയുന്ന ശബ്ദം. അടഞ്ഞ് തൂങ്ങിയ കണ്ണുകളുമായി വാതിലിൽ പ്രത്യക്ഷപ്പെട്ട സ്ത്രീയെക്കണ്ടപ്പോൾ ഞെട്ടലും ജാള്യതയും അയാൾക്ക് ഒരുമിച്ചുണ്ടായി.

'ഷ്ചോത്തെ ഖോചെഷ്?' ഇംഗ്ളീഷ് കാരുണ്യം വറ്റിത്തെറിച്ച തെരേസയുടെ ചോദ്യം കരണത്ത് കിട്ടിയ അടി പോലെ അയാൾക്കനുഭവപ്പെട്ടു. അവിചാരിതമായി വീണ്ടും തെരേസയുടെ മുന്നിൽ ചെന്നുപെട്ട അയാൾ ഒരുനിമിഷം അമ്പരന്നു. വിളറിയ മന്ദഹാസത്തോടെ തെരേസയുടെ മുഖത്ത് നോക്കിയപ്പോൾ അയാളിൽ മാനക്കേടിന്റെ മുത്തുകൾ ചിതറി. അയാൾ തിരികെ മടങ്ങാൻ ഗോവണി തിരക്കി. രാത്രി കൊടും തണുപ്പിൽ കഴിയുന്നതാലോചിച്ചപ്പോൾ കാലുകൾ പതിയെ പിൻവലിഞ്ഞു.
‘നിങ്ങൾക്ക് വേണ്ടത് മുറിയല്ലേ. പിന്നെന്തിനാ തിരികെ പോകുന്നത്?' വിശുദ്ധ മാതാവിന്റെ തിരുരൂപം പോലെ കണ്മുന്നിൽ വീണ്ടും തെരേസ. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ഭാവേന അവൾ വാതിലിന്റെ നാലു പാളികളും അയാൾക്ക് മുന്നിൽ മലർക്കെ തുറന്നിട്ടു.

പാർട്ടീഷൻ ചെയ്ത മുറി. വീട്ടുമുറി വാടകയ്ക്ക് കൊടുക്കുന്ന രഹസ്യം വെളുപ്പെടുത്തിക്കൊണ്ട് ഡിമിട്രസ് അടുത്ത മുറിയിൽ കൂ൪ക്കം വലിച്ചുറങ്ങുന്നു. 'ഹീ ഈസ് മൈ ഫാദർ' തെരേസ പറഞ്ഞു. ഒരാൾക്ക് കിടന്നുറങ്ങാൻ മാത്രം സൗകര്യമുള്ള മുറി. ചുമരുകളിൽ ഗ്രഫിറ്റിക​ൾ. ലോക നേതാക്കളുടെ ചിത്രങ്ങ​ൾ. വീട്ടിനകത്തേക്ക് തുറക്കുന്ന മുറികൾ. മുറികൾക്ക് അടച്ചുറപ്പുള്ള വാതിലോ പ്രത്യേകം ശുചിമുറിയോ ഇല്ല.

ഹാളിലെ ഒറ്റവാതിൽ വഴിയും പുറത്ത് കടക്കാം. 'ഹൺഡ്രഡ് റിനിയ പെർ ഡേ' വാടക പറഞ്ഞുറപ്പിച്ച് തെരേസ അടുക്കളയെന്ന് തോന്നിക്കുന്ന സ്ഥലത്തെ സ്റ്റൗവിൽ വെള്ളം അടുപ്പത്തിട്ടു. ചായയെന്നോ കാപ്പിയെന്നോ പറയാനാകാത്ത പാനീയം മുത്തിക്കുടിച്ചപ്പോൾ അയാൾക്ക് വിശപ്പും ദാഹവുമകന്നു. തണുപ്പിൽനിന്ന് ആശ്വാസം കിട്ടാനായി കമ്പിളി പുതച്ചു. ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് വേറെ വീടുകളില്ല. തണുപ്പകറ്റാൻ റോഡിൽ തീ കൂട്ടിയിട്ടിരിക്കുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികൾ അങ്ങിങ്ങായി ചിതറി കിടക്കുന്നു. കാർപാത്തിയൻ മലനിരകൾക്ക് താഴെ മൺതിട്ടകൾ പോലെ മഞ്ഞുമലകൾ.
'കഴിഞ്ഞ വർഷം ഇതിലേറെ തണുപ്പുണ്ടായിരുന്നു. യാറംചേയിലെ സൂര്യൻ ഭൂമിയിലേക്കിറങ്ങില്ലായിരുന്നു', ഒരു ചുമരിനപ്പുറം ഉറക്കത്തിലേക്കുള്ള ചുവട് വെയ്പ്പിനിടയിൽ തെരേസ അയാളോടായി പറഞ്ഞു.

സ്വർണമുരുക്കിയൊഴിച്ചതുപോലെ മലകൾക്ക് മീതെ പ്രഭാതത്തിന്റെ സൂര്യചുംബനങ്ങൾ. പല്ലു തേപ്പും കുളിക്കും ശേഷം വീണ്ടും ഉസ്വർ ചായ. ഡിമിട്രസിന് ആഹാരവും മരുന്നും കൊടുത്ത് തെരേസ പുറത്ത് പോകുമ്പോൾ സുരേന്ദ്രനും ഒപ്പം കൂടി. റിക്ഷയിലായിരുന്നു യാത്ര. പട്ടിണി കിടന്ന് മരിച്ചവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച കുടീരങ്ങൾ, ലവ് ലോക്ക് ബ്രിഡ്ജ്, നൈപ്പർ നദി, അതിന് കുറുകെയുള്ള പാലം, ഇവനോ ഫ്രാങ്ക്വിസ്കി, കപ്പലിന്റെ ആകൃതിയിൽ നിർമിച്ച ഹോട്ടൽ... മനോഹരങ്ങളായ സ്റ്റിൽസെടുക്കാൻ തെരേസയുടെ സാന്നിധ്യം അയാൾക്ക് സഹായകരമായി. ഓരോ ചിത്രങ്ങളും അമൂല്യനിധികളായി തോന്നി അയാൾക്ക്. പെട്ടെന്നാണ് വെടിമരുന്നിലേക്ക് തീ ആളിപ്പടരുന്നതുപോലെ ചിലർ വളഞ്ഞത്. പൊളിറ്റിക്കൽ പാ൪ട്ടിക്കെതിരെ ഗ്രഫിറ്റികൾ വരച്ച ഡിമിട്രസിന്റെ മകളോടായിരുന്നു അവരുടെ ആക്രോശം.

ഡിമിട്രസിന്റെ വരകൾ സരാതോവിലെ ജനങ്ങളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കാലമായാൽ ഡിമിട്രസിന് ചാകരയാണ്. ജനങ്ങൾക്കിടയിലേക്ക് വല വിരിച്ച് കാത്തിരുന്ന രാഷ്ട്രീയ കണ്ണുകളെ നഗരത്തിലെ റോഡുകളിൽ പ്രത്യക്ഷപ്പെട്ട ഗ്രഫിറ്റി വരകൾ നുള്ളി നോവിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡുകളും അഴിമതികളും വെളിപ്പെടുത്തുന്ന വരകൾ ഭരണ പക്ഷത്തിനെതിരെയുള്ള ഒളിയമ്പുകളായി. മറ്റൊരു തെരെഞ്ഞെടുപ്പ് കാലം മുന്നിൽക്കണ്ട് രാഷ്ട്രീയ കഴുകന്മാ൪ ഒരിക്കൽ ഡിമിട്രസിന്റെ ചോരയ്ക്കായി തെരുവിൽ റോന്ത് ചുറ്റി. രൂക്ഷ സ്ഥിതി കണക്കിലെടുത്ത് പൊലീസ് ഡിമിട്രസിനോട് മാറിപ്പാർക്കാൻ ആവശ്യപ്പെട്ടു. നിൽക്കക്കള്ളിയില്ലാതെ കീവിലേക്കുള്ള നാടോടി സംഘത്തോടൊപ്പം ഡിമിട്രസും മകളും നാട് വിടുകയായിരുന്നു.

കുറേക്കാലം അപ്പനും മകളും തെരുവുകൾ തോറും അലഞ്ഞു. എടുത്താൽ പൊങ്ങാത്ത ഭാരത്തിന്റെ ഉദ്ധരണികൾ ഡിമിട്രസ് കറുത്ത ആകാശത്തേക്ക് തൊടുത്ത് വിട്ടു. ഭാര്യ ലോനയുടെ മരണത്തോടെ തികഞ്ഞ മദ്യപാനിയായി. യാറംചേയിലേക്ക് താമസം മാറി. ഏതുസമയവും സിഗാറും ഹൊറിൽക്കയും മൂക്കുമുട്ടെ അകത്താക്കി കുഴഞ്ഞ നാവുമായി നടക്കുന്ന ഡിമിട്രസ് യാറംചേയിലെ ജനങ്ങൾക്കിടയിൽ പരിഹാസ്യ പാത്രമായി. ഒരുദിവസം വീടിന്റെ കോണിപ്പടിയിൽ കാൽ വഴുതി വെള്ളത്താടിയും നീണ്ട മുടിയുമുള്ള കിഴവൻ താഴേക്ക് തെറിച്ച് വീണു. എങ്കിലും തെരേസയിലൂടെ തുടരുന്ന വരയും അഴിമതിക്കെതിരായ പ്രതിഷേധവും മരണ കിടക്കയിലും അയാൾ ആഘോഷിച്ചു.

ഡിമിട്രസിനെ ശുശ്രൂഷിക്കുന്നതായിരുന്നു അതിനുശേഷം തെരേസയുടെ ഏറ്റവും വലിയ ഉത്തരവാദിത്വം. ഡിമിട്രസ്സ് ഇല്ലാതായിക്കഴിഞ്ഞാൽ നല്ലൊരിണയെ കണ്ടെത്തി സരാതോവിലേക്ക് മടങ്ങിപ്പോകുമെന്ന് അവൾ പറഞ്ഞിരുന്നു. കണ്ണുകൾ നനയുമ്പോൾ ആശ്വസിപ്പിക്കാനെന്നവണ്ണം സുരേന്ദ്രൻ അവളെ ചേർത്ത് പിടിച്ചു. വിയർപ്പ് കുമിളകൾ അയാളുടെ നെറ്റിയിൽ വീർപ്പുമുട്ടലുകളുടെ തൊങ്ങൽ സൃഷ്ടിച്ചു. തണുപ്പ് നൈപ്പർ നദിയിലെ പാലവും കടന്ന് ദൂരേയ്ക്കകലുന്നതായി അയാൾക്ക് തോന്നി. അതിഥികളുടെ മുന്നിൽ പുഞ്ചിരിക്കുന്ന പെൺ സുഹൃത്തിന്റെയുള്ളിൽ വലിയൊരു കടലിരമ്പുണ്ടെന്ന് അന്നാണ് അയാൾ ആദ്യമായറിഞ്ഞത്.

രാത്രി കൈയ്യടക്കാൻ സൂര്യൻ കൊതിച്ചതുപോലെ നേരത്തെ വെളിച്ചമുണ്ടാവുകയും പകലിനെ ആവാഹിച്ച് ചന്ദ്രൻ നിലകൊള്ളുകയും ചെയ്ത ദിവസം. സഞ്ചാര സാഹിത്യപരമ്പര തുടരാൻ പത്രാധിപരുടെ മുറവിളി. ഒറ്റ രാത്രി കൊണ്ട് എല്ലാം കെട്ടടങ്ങുമെന്ന പ്രതീതി ഉളവാക്കി വീണ്ടും യുദ്ധത്തിന്റെ സൈറൺ. ആ രാത്രി ലോകം കിടുങ്ങി. ഭയം അടിവേരിളക്കി പുറത്തുവന്നു. നഷ്ടമായത് തിരികെ പിടിക്കുന്നതുവരെ ഉറക്കമില്ലെന്ന പ്രസിഡണ്ടിന്റെ പ്രഖ്യാപനം, യുദ്ധ കാഹളം. പടം പിടിക്കാൻ ചെന്ന കരിങ്കടൽ തീര രാഷ്ട്രത്തിനോട് അനാവശ്യമായ കൂറെന്തിനെന്ന് ചിന്തിച്ചപ്പോൾ മര്യാദകേടിൻറെ മറ്റൊരദ്ധ്യായമെഴുതി രാത്രി തന്നെ ബാഗുമെടുത്ത് ഫ്രാങ്ക്വിസ്കി എയർപോർട്ടിലേക്ക് പുറപ്പെടേണ്ടി വന്നു. അധിനിവേശവും അതിന് കീഴിലായ രാജ്യഭൂപടവും എയർപോർട്ട് ടീവി വരച്ചു കാണിക്കുമ്പോൾ ചെക്കിംഗ് കഴിഞ്ഞ് ബോർഡിംഗിനായി കാത്തിരിക്കുകയായിരുന്നു. എങ്കിലും, കരുതലും സ്നേഹവുമുള്ള നല്ല മനുഷ്യരുടെ യാതനകളുടെയും നിലവിളികളുടെയും ശബ്ദം നാടെത്തും വരെ അയാളെ വീർപ്പുമുട്ടിച്ചു.

'ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണയുണ്ടാവും സുരേന്ദ്രാ' ന്ന് വൈകുന്നേരം തമ്പാനൂരിലേക്ക് പുറപ്പെടാൻ തുടങ്ങുമ്പോൾ പങ്കജാക്ഷിയമ്മ ഓർമിപ്പിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല.
അവർക്ക് പെട്ടെന്ന് ശ്വാസം മുട്ടലുണ്ടായി. 'പെണ്ണേയ്...' അവർക്ക് തൊണ്ട കാറി. സുനിത വെപ്രാളത്തോടെ ഓടിച്ചെന്നു. അടക്കിനിർത്തിയ ചുമ വന്ന് പങ്കജാക്ഷിയമ്മയെ ആർപ്പു വിളികളോടെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടിട്ടാണ് അയാൾ ബസ് സ്റ്റോപ്പിലേക്ക് നടന്നത്. ആനവണ്ടി കയറി റെയിൽവേസ്റ്റേഷനിലെത്തി ഒരിടത്തിരുന്നു. ചിന്തകളിൽ മുഴുകി. ജോലിസംബന്ധമായ സഞ്ചാരപഥങ്ങളിൽ കണ്ടുമുട്ടിയവർ, സ്നേഹിച്ചവർ, സ്നേഹം നടിച്ചവർ, ഗതിപിടിച്ചവർ, ഗതി പിടിക്കാത്തവർ…ഗതിവിഗതികളുടെ നീക്കുപോക്കുകളിൽ ഒരിക്കലും പുനർവിചാരണകളുണ്ടായിട്ടില്ല. മാടിവിളിച്ച മേച്ചിൽപ്പുറങ്ങൾ തേടി പോയിട്ടുമില്ല. ക്യാമറാക്കണ്ണുകൾ കടഞ്ഞെടുക്കുന്നതെന്തും നേർമതയോടെ പാറിപ്പറക്കുന്ന ന്യൂസ് പ്രിൻറ് കടലാസുകളിലെത്തിക്കൽ മാത്രമായിരുന്നു ലക്‌ഷ്യം.

ട്രെയിനുകൾ വന്നുപോയി. ഇടയ്ക്കെപ്പോഴോ അയാൾ തെരേസയോടൊത്തുള്ള ഒരു പഴയ ചിത്രമെടുത്ത് നോക്കി. സ്നേഹവും കാരുണ്യവും തുളുമ്പുന്ന കണ്ണുകൾ. കയ്യിൽ നീല ഞരമ്പുകൾ. അനാരോഗ്യം മൂലം ഡിമിട്രസ് മരണപ്പെട്ടിരിക്കും. സരാതോവിലേക്കുള്ള മടങ്ങിപ്പോക്കിൽ സന്തോഷവതിയായിരിക്കും. മുംബൈയിലോ ബാംഗ്ലൂരിലോ വിമാനമിറങ്ങി തിരുവനന്തപുരത്തേക്കുള്ള യാത്രയിലാകും ഇപ്പോൾ. യുദ്ധക്കെടുതികൾക്കുള്ള മറുമരുന്ന് തേടുന്ന യാത്ര. ആദ്യം മരിച്ച സത്യത്തിനും പിന്നെ ചിതറിയ സിവിലിയൻ തലകൾക്കും കാവൽപ്പട്ടാളങ്ങൾക്കുമിടയിലൂടെയുള്ള യാത്ര. ജീവിതം മാത്രം കൊതിച്ച് അവസാനത്തെ കച്ചിത്തുരുമ്പിലേക്ക് കൈയെത്തിക്കുന്ന യാത്ര.

'കിര ഹാർമിഷ് തെരേസ' എന്നെഴുതിയ ബോർഡുമായി സുരേന്ദ്രൻ പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കാൻ തുടങ്ങിട്ടിപ്പോൾ ഏറെ നേരമായി. വന്നുനിന്ന ട്രെയിനിലെ യാത്രക്കാർ പൂർണ്ണമായും സ്റ്റേഷൻ വിട്ടുപോയി. അടുത്ത ട്രെയിനിന്റെ എത്തിച്ചേരൽ സമയം അന്വേഷിച്ച് നടക്കുമ്പോഴാണ് പിന്നിൽനിന്ന് പരിചിതമായൊരു വിളി കേട്ടത്. അയാൾ തിരിഞ്ഞുനോക്കി. സുനിത..! സുനിതയെന്താ ഇവിടെ? അയാളുടെ ചുണ്ടനക്കം ശ്രദ്ധിക്കാതെ അവൾ അയാളെ ബലമായി പിടിച്ച് പുറത്തേക്ക് നടന്നു. ബസ് സ്റ്റാൻഡിലെത്തി, ഉടൻ പോകുന്ന ബസിൽ കയറിയിരുന്നു. അപ്പോൾത്തന്നെ വന്നെത്തിക്കൊണ്ടിരുന്ന തീവണ്ടിയുടെ സയറണും കേട്ടു. ബസിനകത്തേക്ക് വീശിയ കാറ്റിൽ കണ്ണുകൾ പതിയെ അടച്ച് ചുണ്ടുകൾ നുണഞ്ഞു. നാവിൽ ഉസ്വർ കാപ്പിയുടെ രുചി നിറയുന്ന രസം.
ആരുടേതായിരുന്നു ആ കത്ത്?...
എന്തായിരുന്നു കത്തിലെ ഉള്ളടക്കം?...
കത്തിൽ പറയുന്ന ദിവസമേതാണ്?...
എത്ര ശ്രമിച്ചിട്ടും അതൊന്നും ഓർത്തെടുക്കാൻ പിന്നീട് അയാൾക്കായില്ല.


Summary: ബസിനകത്തേക്ക് വീശിയ കാറ്റിൽ കണ്ണുകൾ പതിയെ അടച്ച് ചുണ്ടുകൾ നുണഞ്ഞു. നാവിൽ ഉസ്വർ കാപ്പിയുടെ രുചി നിറയുന്ന രസം.


വിനോദ് ആനന്ദ്

കഥാകൃത്ത്, നോവലിസ്റ്റ്. (അ)ലിഖിതം എന്ന കഥാസമാഹാരവും കഠ്പുത്ലിവാല എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദുബായിൽ ജോലി ചെയ്യുന്നു.

Comments