ഗുരു ഇരുന്നു.
ഉള്ളൂർ എസ് പരമേശ്വരയ്യർ ഒപ്പം ഇരുന്നു.
കമ്പളമിട്ട കസേരയിൽ നിന്ന് പുൽപ്പായയിലേക്ക് ഇരിപ്പ് മാറിയപ്പോൾ ദിവാൻ പേഷ്കാർക്ക് ചെറിയൊരു മുട്ടുവേദന തോന്നി. തൊടുകറികളും ചോറും വിളമ്പിയപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്, ഉണ്ണാൻ തൊട്ടടുത്ത് മൂന്നാല് വേടക്കിടാത്തൻമാർ. അർദ്ധനഗ്നർ. അത്ര വൃത്തിയില്ലാത്തവർ. കറുപ്പൻമാർ. ചേറിന്റെ മണമുള്ളവർ. അറിയാതെ ഒരസഹനീയത മഹാകവിയുടെ ഉള്ളിൽ വന്നു പൊള്ളി. ആ പൊള്ളലിന് പപ്പടത്തിന്റെ ആകൃതി. പലതരം പൊള്ളിച്ചകൾ. പല വലിപ്പങ്ങൾ. അപ്പോഴാണ് ഗുരുവിന്റെ സൗമ്യഗംഭീരമായ ശബ്ദം കേട്ടത്: ‘പരമേശ്വര അയ്യർ ഉള്ളൂർക്കാരനോ, വെളിയൂർക്കാരനോ?’
‘ഉള്ളൂർ തന്നെ.’
‘ഇവരും ഉള്ളൂർ തന്നെ’, കവി ഗുരുവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. വല്ലാത്തൊരു കൃത്യതയാണവിടെ. ശാന്തിയും. ആന്തരമായ പുഞ്ചിരിയും. അയാൾ സ്വപ്നത്തിലെന്ന പോലെ ഗുരുവിനെ നോക്കിയിരുന്നു.
‘പപ്പടം പൊടിക്കണ്ടേ?’
‘വേണം. വേണം’, തെല്ല് പരിഭ്രമത്തോടെ ഉള്ളൂർ പറഞ്ഞു.
‘നമുക്ക് ഒന്നിച്ച് പൊട്ടിക്കാം. അല്ലേ?’
‘ആ, എന്നാലങ്ങനെ തന്നെ’.
‘ദാ നോക്കൂ’, ഗുരു പപ്പടവട്ടിയിൽ കൈയിട്ട് ഒരു പപ്പടമെടുത്തു. എന്നിട്ട് എഴുന്നേറ്റുനിന്നു. ചൂണ്ടുവിരലറ്റത്ത് സുദർശനചക്രം പോലെ അതിനെ ഉയർത്തിപ്പിടിച്ചു. പതിയെ ചുഴറ്റാൻ തുടങ്ങി. പിന്നെ, പരശുരാമസൃഷ്ടമായ കേരളത്തിലേക്ക് വീശിയെറിഞ്ഞു.
‘എഴുന്നേൽക്കൂ’.
മഹാകവിയും പപ്പടവുമായി എണീറ്റു.
‘ദാ, ഇങ്ങനെ ഇടതുകൈയിൽ പപ്പടം താങ്ങി, വലതു കൈ കൊണ്ട്…’, ഗുരു മറ്റൊരു പപ്പടം എടുത്തുകൊണ്ട് പറഞ്ഞു.
‘ടപ്’, പപ്പടം ഒരുമിച്ച് പൊട്ടി.
‘ആവശ്യത്തിന് പപ്പടം ഉണ്ടല്ലോ, അല്ലേ?’, ഗുരു വിളമ്പുകാരോട് ചോദിച്ചു.
‘ഉണ്ട് സാമീ’, ഭണ്ഡാരി അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
അയ്യർ വരുമെന്നറിഞ്ഞ് ശിവഗിരി ആശ്രമത്തിലെ അടുക്കളയിൽ ആ ദിവസം സദ്യക്ക് ധാരാളം പപ്പടം ഉണ്ടാക്കിയിരുന്നു, കുട്ടക്കണക്കിന്.
‘ഇങ്ങോട്ട് എടുത്തോളൂ’.
വിളമ്പുകാർ നാലുകാതൻ കുട്ടകളിൽ പപ്പടം ചുമന്ന് ഊട്ടുപുരയിൽ കൊണ്ടുവച്ചു.
പുൽപ്പായയിൽ നിന്നെണീറ്റ ഗുരു പുരയുടെ മധ്യഭാഗത്ത് വന്നു. കുട്ടയിൽ നിന്ന് പപ്പടങ്ങളെടുത്ത് അടിച്ചുപൊടിക്കാൻ തുടങ്ങി. ചെറുതാളത്തിലാണ് അടി തുടങ്ങിയത്. ക്രമേണ താളം ചടുലമായി. ദിക്ക് പൊട്ടുന്ന ഒച്ചയിൽ പപ്പടം പൊട്ടാൻ തുടങ്ങി. ഉള്ളൂരും നോക്കിനിന്നില്ല. കുട്ടയിൽ നിന്ന് പപ്പടങ്ങളെടുത്ത് അയാളും പൊട്ടിക്കാൻ തുടങ്ങി. പപ്പടം പൊട്ടുന്ന ഒച്ച കേരളരാജ്യം ആകമാനം കേട്ടു. അടിച്ചു തകർക്കുന്നതിന്റെ ആരവം മുഴങ്ങി. ശിവഗിരി മലയിൽ നിറഞ്ഞു നിന്ന് താണ്ഡവമാടുകയാണ് ഗുരു.
ജടാകടാഹ സംഭ്രമഭ്രമ
ന്നിലമ്പി നിർത്ധരി
ഉള്ളൂർ അതേറ്റുപാടി. അവരുടെ പപ്പടം പൊട്ടിക്കൽ പെട്ടെന്നൊരു കേളിയായി മാറി.
ഹുറേ എന്ന് അലറിക്കൊണ്ട് ഉള്ളൂർ ഒരു പപ്പടമെടുത്ത് ഗുരുവിനെ എറിഞ്ഞു. ഇരുകൈകളും കൊണ്ട് ഗുരു ആ പപ്പടത്തെ വായുവിൽ വച്ചുതന്നെ തവിടുപൊടിയാക്കി.
ഹിയാ എന്നലറിക്കൊണ്ട് ഗുരു രണ്ട് പപ്പടം എടുത്ത് കവിയുടെ നേർക്കെറിഞ്ഞു.
പിന്നെ ക്രമവും നിയമവും തെറ്റി. നൂറുകണക്കിന് പപ്പടങ്ങൾ പടപടാ പൊടിഞ്ഞു. വേടക്കുട്ടികൾക്കും അതുകണ്ട് ആവേശം കൂടി. കുട്ടയിൽ നിന്നും പപ്പടങ്ങൾ വാരി അവർ ചുററുപാടും എറിയാൻ തുടങ്ങി.
വിലോല വീചിവല്ലരീ
വിരാജമാന മൂർദ്ധനി
ഗുരു താണ്ഡവമാടുകയാണ്.
നൂറ്റാണ്ടുകളുടെ കനകാഭരണങ്ങളണിഞ്ഞ് വിരാടമാർന്നുനിന്ന ബ്രാഹ്മണ്യത്തിന്റെ ഉള്ളുകള്ളികളിൽ കയറിനിന്ന് ഗുരു നർത്തനം ചെയ്തു. ഓരോ ചുവടിലും അയ്യരുടെ ഉള്ളിൽ നിന്നും ഓരോ അലങ്കാരങ്ങൾ ഇളകിവീണു.
ധിമിദ്ധിമിദ്ധിമിധ്വനൻ
മൃദംഗതുംഗമംഗല
ധ്വനിക്രമപ്രവർത്തിത
പ്രചണ്ഡതാണ്ഡവ: ശിവ:
‘സ്തോത്രം ആരെഴുതി എന്നറിയാമോ?’ ഗുരു ചോദിച്ചു.
‘രാവണകൃതം എന്നാണ്’.
‘ആ’.
ഗുരുവിന്റെ സംഹാരനടനം കഴിഞ്ഞു.
ഉള്ളൂരും ഒപ്പമാടി തളർന്നു. പിന്നെയയാൾ ഗുരുവിനോട് മുഖാമുഖം നിന്നു. കിതച്ചു.
'വലിയ മലകൾ നടന്നുകയറിയിട്ടില്ല. അല്ലേ?', ഗുരു ചിരിച്ചുകൊണ്ട് ചോദിച്ചു.
അപ്പോൾ അവിടെയൊരു കാറ്റ് വീശി.
ഉള്ളൂർ തണുത്തു.
‘ടം ടം പപ്പടം’, ഗുരു പതിയെ പാടി, ‘ഇങ്ങനെ ഒരു പാട്ടറിയാമോ?’
‘കൊല്ലത്തെ പപ്പടം,
കെണ്ടൻ പപ്പടം’, ഉള്ളൂരും വിട്ടു കൊടുത്തില്ല.
‘വർക്കല പപ്പടം…’ ഗുരു ഒരു സമസ്യ പറഞ്ഞു.
‘കുണ്ഠലിനി പപ്പടം’, ഉള്ളൂർ പൂരിപ്പിച്ചു.
‘കേരള പപ്പടം’ - ഗുരു.
‘ഭ്രാന്തൻ പപ്പടം’ - ഉള്ളൂർ.
‘ട്രാവൻകൂർ പപ്പടം’ - ഗുരു.
‘ജാതി പപ്പടം’ - ഉള്ളൂർ.
‘പച്ചപ്പപ്പടം തിന്നാൽ?’ - ഗുരു.
‘പല്ലിലൊട്ടി ചേരും’ - ഉള്ളൂർ.
അപ്പോഴേക്കും പൊട്ടിച്ചുകൂട്ടിയ പപ്പടങ്ങൾക്ക് ശിവഗിരിയോളം പൊക്കം കൈവന്നിരുന്നു.
‘ഇനി എന്താണ് സ്വാമീ ചെയ്യേണ്ടത്?’ ഉള്ളൂർ ചോദിച്ചു.
‘നമ്മൾ എല്ലാവരും ചേർന്ന് ഇത് തിന്നുകയാണ്’, ഗുരു പറഞ്ഞു.
‘ഇത്രയും പപ്പടം തിന്നാൽ ദഹിക്കുമോ?’
‘അത് ദഹിക്കണമെങ്കിൽ ബ്രഹ്മം എന്താണെന്നറിയണം’.
‘പപ്പടം ദഹിക്കാൻ ബ്രഹ്മത്തെയൊക്കെ അറിയണമെന്നോ?’
‘അതെ’.
‘അങ്ങു തന്നെയല്ലേ, പറഞ്ഞിട്ടുള്ളത്, പൂമലരോനും തിരുമേനിമാരും പൂമേനി കണ്ടില്ലെന്നാടു പാമ്പേ, എന്ന്’.
‘ശരിയാണ്. പൂമലരോനും തിരുമേനിമാരും പൂമേനി കണ്ടിട്ടുണ്ടാവില്ല. പക്ഷേ, ഈ കിടാത്തനിൽ ഈശ്വരനെ കണ്ടവനല്ലേ കവി’.
‘എന്നാലും പപ്പടമല്ലേ? ഉഴുന്നുമാവല്ലേ?’
‘അതെ. എല്ലാ പപ്പടവും ഉഴുന്നുമാവല്ലേ?’
‘വേടക്കിടാത്തനിലും ബ്രാഹ്മണനിലും...’ ഉള്ളൂരിനെ പറഞ്ഞു മുഴുമിപ്പിക്കാൻ ഗുരു അനുവദിച്ചില്ല. ഒരു പൊണ്ണൻ പപ്പടം എടുത്ത് അദ്ദേഹം ഉള്ളൂരിന്റെ വായിൽ കുത്തിക്കയറ്റി.
‘അത് ദഹിക്കാൻ ശിവനെ പ്രാർത്ഥിക്കണം. എല്ലാം ദഹിപ്പിക്കുന്ന നീലകണ്ഠൻ. അവനൊരു ദ്രാവിഡമൂപ്പനാണ്. അതിനാലാണ് നാം അരുവിപ്പുറത്ത് ആ കാടനെ പ്രതിഷ്ഠിച്ചത്’.
ഇരുവരും ശിവനെ പ്രാർത്ഥിച്ചു. തുടർന്ന് പപ്പടം കഴിക്കാൻ തുടങ്ങി. പപ്പടക്കുന്നിനു ചുറ്റും വേടക്കിടാങ്ങളും പുലയക്കുട്ടികളും ഈഴവരും നായൻമാരും ക്രിസ്ത്യാനികളും ജോനകൻമാരും ചെട്ടിമാരും ചണ്ഡാളൻമാരും നായാടികളും മലങ്കുറവരും. ഓരോ വശത്തും വന്നിരുന്ന് പപ്പടം തിന്നാൻ തുടങ്ങി. ക്രമേണ പപ്പടക്കുന്നടങ്ങി. ഇരുവരും കുറെ വെള്ളം കുടിച്ചു.
'നികൃഷ്ട ജാതിയിൽ ജനിച്ചവൻ ഉൽകൃഷ്ട ജാതിയിൽ ജനിച്ചവനോട് ഒര് ആസനത്തിൽ കൂടി ഒന്നിച്ചിരിക്കണമെന്ന് ഭാവിച്ചാൽ ആയവന്റെ കടി പ്രദേശത്തിൽ എന്നും കാണത്തക്കവണ്ണമുള്ള അടയാളം വച്ച് ആയവനെ വെളിയിൽ തള്ളിക്കളക എങ്കിലും ആസന പ്രദേശത്തെ ഛേദിക്ക എങ്കിലും ചെയ്യണം എന്നല്ലേ വ്യവഹാരമാലയിൽ?'
'അതെ സ്വാമീ’.
'ആ ഗ്രന്ഥം കവിയല്ലേ, സംശോധന ചെയ്തത്’.
'അതെ’.
'ബ്രാഹ്മണ ക്ഷത്രിയ വൈശ്യൻമാർക്ക് ശൂദ്രനായിട്ടുള്ളവൻ അഹങ്കാരം കൊണ്ട് ധർമ്മോപദേശം ചെയ്തുവെങ്കിൽ ആ ശൂദ്രന്റെ വായിലും ചെവിയിലും എണ്ണ തിളപ്പിച്ച് ഒഴിക്കണം. എന്നും അതിൽ പറയുന്നില്ലേ?'
'ഉണ്ട്’.
'എന്നാൽ കേട്ടോളൂ. നമുക്ക് ഈ ആസനം തന്നത് വെള്ളക്കാരൻമാരാണ്. തിരുവിതാംകൂർ രാജസ്ഥാനമല്ല’.
'എന്നാലും ഗുരോ, ഉഴുന്നുമാവല്ലേ?' വയറിനുള്ളിൽ ഒരുരുണ്ട് കേറ്റമുണ്ടായപ്പോൾ ഉള്ളൂർ ഒന്ന് സംശയമുന്നയിച്ചു.
'നമുക്ക് നടക്കാം’, ഗുരുവിനൊപ്പം ഉള്ളൂരും നടന്നു. 'നാം വേറൊരു മാവ് കാണിച്ചു തരാം’.
'ഇനിയും മാവ് തിന്നണമെന്നോ?' ഉള്ളൂർ ചോദിച്ചു. ഗുരു അതുകേട്ട് ചിരിച്ചു.
നടന്നു നടന്ന് അവർ ഒരു കൂറ്റൻ മാഞ്ചുവട്ടിലെത്തി. നൂറ്റാണ്ടുകളുടെ നിരന്തര വളർച്ച കൊണ്ട് ആ മാവ് ശിവഗിരിക്കുന്നിന്റെ ഒരു ഭാഗം മുഴുവൻ പടർന്നു പന്തലിച്ചു കിടന്നിരുന്നു. ചുറ്റിപ്പിണഞ്ഞു കിടന്ന കനത്ത വേരുകളിലൊന്നിൽ ഇരുവരും ഇരുന്നു. കുന്നു കയറിയതിന്റെ ക്ഷീണത്തിൽ ഉള്ളൂർ ചെറുതായി ഒന്ന് ആയ്ച്ചു.
'നന്നായി അണക്കുന്നുണ്ടല്ലോ’, ഗുരു ചോദിച്ചു. 'ആദ്യമായിട്ടാണ് ഇത്രയും ഉയരം കയറുന്നത്. അങ്ങേക്ക് എന്നെക്കാൾ പ്രായമുണ്ടല്ലോ…’
'നമുക്ക് ഇത് ശീലമാണ്. ഇനി ഇവിടെ നിന്നും ഇറക്കമില്ല’, ഗുരു ചിരിച്ചു.
'പിന്നെ, ഈ നിൽക്കുന്ന മാവ് ഏതാണെന്നറിയാമോ?'
ഉള്ളൂർ തലയുയർത്തി നോക്കി. ലക്ഷക്കണക്കിന് ഇലകളുമായി ആ വൻമരം വിടർന്നു വിലസി നിൽക്കുകയാണ്. ഇലകളെയാണ് ആദ്യം കാണുക. പിന്നെ ചെറുകമ്പുകൾ. ശാഖകൾ. തായ്ത്തടി. തങ്ങളിരിക്കുന്ന വേര്. മണ്ണിനടിയിലെ അതിന്റെ ഊറ്റം.
'ഈ നിൽക്കുന്ന മാവ് ഏതാണെന്നറിയാമോ?' ഗുരു വീണ്ടും ചോദിച്ചു.
'അറിയാം. ഇവിടെയിട്ടല്ലേ, സ്വാമി, മഹാത്മാഗാന്ധിയെ പപ്പടമാക്കിയത്’.
ഇപ്പോൾ ശ്രീനാരായണ ഗുരുവും പൊട്ടിച്ചിരിച്ചു. 'ഇപ്പോൾ തനിക്ക് ദഹിച്ചിരിക്കുന്നു. നാം പറഞ്ഞില്ലേ, ദഹനത്തിന്റെ സൂക്കേടുള്ളവർക്ക് മാവ് നല്ലതാണ്’.
ഉള്ളൂർ മാവിൽ നിന്ന് ഒരു ചെറുകമ്പ് പൊട്ടിച്ചെടുത്തു. അതുകൊണ്ട് പല്ല് തേയ്ച്ചു. പിന്നെ യാത്ര പറഞ്ഞ് കുന്നിറങ്ങി നടന്നു.
താഴെ, പരിവാരങ്ങൾ അദ്ദേഹത്തെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
സന്ധ്യയായി.
ഉള്ളൂർ ഒരിക്കൽക്കൂടി ശിവഗിരിക്കുന്നിലേക്ക് നോക്കി. അവിടെ നിറച്ചും വെളിച്ചം. മലക്കുമുകളിൽ പപ്പടവട്ടത്തിൽ ചന്ദ്രൻ നിൽക്കുന്നു. മല മഞ്ഞ നിറത്തിൽ പ്രകാശിക്കുന്നു.
ഉള്ളൂരിന്റെ ഉള്ളിൽ നിന്ന് ഒരു കിളി പറന്നുപോയി.
ബിലാത്തിയിൽ നിന്ന് ഇറക്കുമതി ചെയ്ത മോട്ടോർ കാറിന്റെ പിൻസീറ്റിൽ അയാൾ കയറിയിരുന്നു. 'വേഗം കവടിയാർ എത്തിക്കൂ’, ഉള്ളൂർ ആജ്ഞാപിച്ചു.
കവടിയാർ കൊട്ടാരത്തിന്റെ വാതിൽക്കൽ എത്തിയപ്പോൾ, അയാൾ കാറിൽ നിന്ന് ഒരിരുമ്പ് ചുറ്റിക പുറത്തെടുത്തു. കൊട്ടാരവാതിൽ അപ്പോഴേക്കും പൂട്ടിക്കഴിഞ്ഞിരുന്നു. ചുറ്റിക കൊണ്ടയാൾ വാതിലിൽ മുട്ടി. എന്നിട്ട് ഉറക്കെ ഇങ്ങനെ വിളിച്ചു ചോദിച്ചു: 'പപ്പടം പൊട്ടിക്കാനുണ്ടോ? പപ്പടം’.
അർദ്ധരാത്രിയായിരുന്നു. അകത്തുള്ളവരാരും അതു കേട്ടില്ല. ആരും വാതിൽ തുറന്നില്ല. അയാൾ കോട്ടും തലപ്പാവും ഊരിമാറ്റി. ചുറ്റികയുമായി പുറത്തേക്കിറങ്ങി. ഹജൂർ കച്ചേരിക്കുമുന്നിലും പത്മനാഭസ്വാമി ക്ഷേത്രത്തിനുമുന്നിലും അലഞ്ഞു നടന്നു. കണ്ണിൽ കണ്ടവരോടെല്ലാം ഇങ്ങനെ വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു: 'പപ്പടം പൊട്ടിക്കാനുണ്ടോ? പപ്പടം’.
(കടപ്പാട്: ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’- കെ.പി .അപ്പൻ)