രാക്ഷസകാണ്ഡം

വി. ഷിനിലാൽ

പത്തു തലൈ രാവണൻ എഴുന്താർ തുടൈകളിൽ തട്ടിനാർ കരകാട്ടം കാട്ടിനാർ

ഹംസഭംഗിയുള്ള പുഷ്പകവിമാനം ആകാശത്ത് പ്രത്യക്ഷപ്പെട്ടു.
ജനകന്റെ കനകമയമായ കൊട്ടാരത്തെ അത് വട്ടം കറങ്ങി.

മരങ്ങളെ ഉലക്കുന്ന കാറ്റ് വീശി. കാറ്റിന് സുഗന്ധമുണ്ടായി. അതിനുള്ളിൽ നിന്ന്​മരതകവളകൾ കിലുങ്ങുന്ന ഒച്ച കേട്ടു. സുവർണ കിരീടങ്ങളിൽ സൂര്യൻ പലതായി പ്രതിഫലിച്ചു. കൊട്ടാരത്തിന്റെ ഗംഭീര എടുപ്പുകളെ അത് നിഷ്​പ്രഭമാക്കി.
പ്രഭു വരുന്നു, രാവണപ്രഭു.

കൊട്ടാരത്തിന്റെ അകത്തളത്തിലായിരുന്നു നവയുവതി. സീത.
വിമാനത്തിന്റെ ഒച്ച അവൾക്ക് അപരിചിതമായിരുന്നു.
ജനൽക്കലേക്ക് ഓടിവന്ന് അവൾ ആകാശത്തേക്ക് നോക്കി.
അവളുടെ മാൻകണ്ണുകൾ വിടർന്നു, ‘അതാരാണ്?' അവൾ ഉറക്കെ ചോദിച്ചു. ഉടലാകെ മഞ്ഞളും ചന്ദനവും അരച്ചുതേച്ച്​ അർദ്ധനഗ്‌നയായി നിൽക്കുകയായിരുന്നു സീത.

ചിത്രീകരണം: രാജേഷ് ചിറപ്പാട്

‘രാവണ പ്രഭു’, ഒരു തോഴി പറഞ്ഞു.

‘അതാരാണ്? ഞാൻ കേട്ടിട്ടില്ലല്ലോ, തോഴീ.'

‘കേൾക്കണം. ദക്ഷിണാപഥത്തിനും തെക്ക്, മൂന്ന് സമുദ്രങ്ങൾ സന്ധിക്കുന്ന ഒരിടമുണ്ട്. അവിടെ മരതകം പോലൊരു ദ്വീപുണ്ട്. അവിടത്തെ രാജാവാണ്.'

‘ദേവനോ? മനുഷ്യനോ?'

‘രണ്ടുമല്ല. അസുരനാണ്.'

ഇത് കേട്ടപ്പോൾ സീത നിരാശയോടെ തോഴിയെ നോക്കി.

‘ഒന്നുകൂടി അറിയണം. അസുരനെങ്കിലും അദ്ദേഹം സകല വേദങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.'

‘അതുകൊണ്ട് എന്താണ് പ്രയോജനം?'

‘പിന്നെ സംഗീതജ്ഞനാണ്. നാരദനെക്കാൾ നന്നായി വീണ മീട്ടും.'

‘ഹാ!'

‘ഒന്നുകൂടി കേൾക്കണം. അയാൾ സ്വയംവരത്തിന് വന്നതാണത്രെ.'

ഇപ്പോൾ സീത ഒന്ന് കൂമ്പി. അവളുടെ അടിവയർ കാരണമില്ലാതെ തുടിച്ചു.

‘ഒരു വിശേഷം കൂടി ഉണ്ട്. അയാൾക്ക് പത്ത് തലകളും ഇരുപത് കൈകളും ഉണ്ട്. ശിവപ്രീതനാണ്. ചന്ദ്രഹാസം എന്ന നിഗ്രഹായുധം കൈകളിൽ ഏന്തിയിട്ടുണ്ട്.'

‘ഇരുപത് കൈകളോ? അയാളുടെ വിരലുകൾ ദീർഘമാണോ? സുന്ദരമാണോ?'

‘ആയിരിക്കണം. ഒരേസമയം വാളും വീണയും ഉപയോഗിക്കുന്ന വിരലുകളല്ലേ?'

‘ഹാ! ഇരുപത് കൈകൾ. നൂറ് വിരലുകൾ! എന്നാലും സ്വയംവര പ്രാപ്തി നേടണമെങ്കിൽ ആ വില്ലെടുത്ത് കുലയ്ക്കണ്ടേ? പരമേശ്വരന്റെ വില്ല്.'

‘ഒരു രസം കേൾക്കണോ? ഒരിക്കൽ അദ്ദേഹം കൈലാസ പർവതത്തെത്തന്നെ എടുത്തുയർത്തി കരകാട്ട നൃത്തം ചെയ്തു കളഞ്ഞു.'

‘അതിനർത്ഥം?'

‘പുല്ലു പോലെ അദ്ദേഹം ആ വില്ലെടുത്ത് കുലയ്ക്കും​ എന്നാണ്.'

‘എനിക്ക് ധൃതി തോന്നുന്നുണ്ട്. ഞാൻ വേഗത്തിൽ കുളിച്ചിട്ട് വരാം. മറ്റ് കാമുകർ ആരാണെന്ന് തോഴി ഒന്നന്വഷിച്ച് വക്കൂ.'

‘ശരി. ദേവീ.'

പതിവിലേറെ ഉത്സാഹത്തോടെ സീത നീരാട്ട് കടവിലേക്ക് പോയി.
അപ്പോഴും ആ വിമാനം ആകാശത്ത് ചുറ്റിയടിച്ചുകൊണ്ടിരുന്നു. വിമാനത്തിന്റെ സ്ഫടിക വാതിലിലൂടെ അവൾ ഒറ്റനിമിഷത്തേക്ക് രാവണപ്രഭുവിനെ കണ്ടു.
മടിയിൽ വീണ വച്ച് നൂറുവിരലുകൾ കൊണ്ട് മീട്ടാൻ തുടങ്ങുകയായിരുന്നു അയാൾ. ആ രാജധാനിയുടെ ആകാശമാകെ സംഗീതം വന്നു നിറഞ്ഞു.

വേഗത്തിൽ നീരാട്ട് കഴിച്ച് ദേവതയെപ്പോലെ അണിഞ്ഞൊരുങ്ങി സീത സ്വയംവര പന്തലിൽ വന്നു നിന്നു.
നിശ്ശബ്ദമായിരുന്നു അവിടം.
അവളുടെ സാന്നിധ്യം അർത്ഥികളായ രാജാക്കൻമാരെ ഭ്രമിപ്പിച്ചു.
അവർ അസൂയയോടെ പരസ്പരം നോക്കി. പരിചയഭാവത്തിൽ ചിലർ തമ്മിൽ നോക്കി ചിരിച്ചെങ്കിലും ഉള്ളിലെ ആന്തൽ ആർക്കും ഒളിപ്പിച്ചു വക്കാനായില്ല. അക്ഷമ കൊണ്ട് അവരുടെ കാൽപാദങ്ങൾ വിറക്കാൻ തുടങ്ങി.

പുഞ്ചിരിച്ചുകൊണ്ടാണ് സീത നിന്നത്.
പകിടച്ചൂത് പോലെ അവളുടെ മുലകൾ കൂമ്പിച്ചു നിന്നു.
‘അവർ ആരൊക്കെയാണ്?', അവൾ തോഴിമാരോട്‌ ചോദിച്ചു.

‘എല്ലാവരും വീരൻമാരായ ക്ഷത്രിയൻമാരാണ്. യുദ്ധങ്ങൾ ജയിച്ച് വലിയ രാജ്യങ്ങൾ സ്വന്തമാക്കിയിട്ടുള്ള കേമൻമാർ. കാംബോജത്തിലെ, കലിംഗത്തിലെ, ഗാന്ധാരത്തിലെ, പ്രാഗ് ജ്യോതിർപുരത്തെ ഒക്കെ വീരൻമാർ.'

‘ആഹാ! ആ നടുവിലിരിക്കുന്ന കോമളഗാത്രൻ ആരാണ്? സ്‌ത്രൈണൻ.'

‘അറിയില്ലേ, ദശരഥപുത്രൻ രാമനാണത്. കഥകൾ പ്രകാരം സീതയെ വരിക്കേണ്ടത് ആ കുമാരനാണ്.'

‘എന്നാലും?'

‘ഒരെന്നാലുമില്ല. കഥകളിൽ അങ്ങനെയാണ്.'

‘കഥകളൊക്കെ കാലത്തിനനുസരിച്ച് മാറേണ്ടതല്ലേ തോഴീ. ഒരേ കഥയിൽ എത്ര നൂറ്റാണ്ടുകളായി നമ്മളിത് ആവർത്തിച്ചു കൊണ്ടിരിക്കുന്നു.'

‘നമുക്ക് നിർണയാവകാശം ഒന്നും ആരും തന്നിട്ടില്ലല്ലോ. ഞാൻ എത്ര കാലമായി തോഴിയായി കഴിയുന്നു.'

‘നമുക്ക് നിർണ്ണയാവകാശം വേണം. ഒരു കാര്യം ചെയ്യ്. നീ ആ രാമനെ കെട്ടിക്കോ. എനിക്കയാളെ വേണ്ട.'

‘അയ്യയ്യോ. എന്ത് വമ്പാണീ പറയുന്നത്. ജാതി, കുലം, അതിന്റെ ധർമ്മം, വർണം. വർണസങ്കരം പാപമാണെന്നല്ലേ കൃഷ്ണൻ പോലും പറയുന്നത്. കുലസ്ത്രീകളല്ലേ അതൊക്കെ സംരക്ഷിക്കേണ്ടത്. അങ്ങനെ കലരാൻ പാടുള്ളതാണോ?'

‘തോഴീ, കാലം മാറുന്നു. ചിന്തകളും മാറുന്നു. നോക്കൂ, ആ രാവണൻ ഭരിച്ച ലങ്കയുടെ അവസ്ഥ.'

‘ശരിയാണ്. ലങ്കക്ക് ഒരേയൊരു നാഥനേ ഉണ്ടായിരുന്നുള്ളു. ലങ്കാധീശൻ.'

രാജമന്ദിരം ആഢംബരത്തിന്റെ പ്രദർശനശാലയായിത്തീർന്നു. കനക വജ്രാഭരണധാരികളായ രാജാക്കൻമാരെ ജനകമഹാരാജാവ് സഭയിലേക്ക് സ്വാഗതം ചെയ്തു. ചാപവാഹകൻമാർ അയ്യായിരം പേർ ചേർന്ന് ത്രൈയംബക വില്ല് ചുമന്ന് സഭാതളത്തിലേക്ക് കൊണ്ടുവന്നു. വമ്പൻ തൂണുകൾക്കിടയിൽ അവർ മൃത്യുശാസന ചാപം സ്ഥാപിച്ചു. യോജനകൾ വിസ്താരമുള്ള സംഹാരായുധം കണ്ടപ്പോൾ തന്നെ പകുതി രാജാക്കൻമാർക്ക് ഉടൽ തളർന്നു. ഏറെപ്പേർ പിൻമാറി. എന്നിട്ടും ബാക്കിയായവർ വില്ലിൽ തൊട്ടപ്പോഴേ മോഹാലസ്യരായി. ഓരോ പരാജയവും പൊട്ടിച്ചിരികളോടെയാണ് സഭ ആഘോഷിച്ചത്. സീതയും ചിരി അടക്കിവച്ചില്ല.

വില്ലെടുക്കാൻ ഇനി രാമനേ ബാക്കിയുള്ളു.
വിശ്വാമിത്രന്റെ അനുമതി കാത്ത് അയാൾ അക്ഷമനായി ഇരിക്കുകയാണ്. ഇപ്പോൾ സീതയുടെ ഉള്ളൊന്ന് പിടഞ്ഞു. ആവർത്തനകഥയുടെ വിരസതയിൽ അവൾ അസ്വസ്ഥയായി. ഇയാൾക്കൊപ്പമാണെങ്കിൽ, വീണ്ടും അതേ ജീവിതം. മന്ഥര, മാരീചൻ, ജടായു, ഹനുമാൻ, ലങ്ക, അലക്കുകാരൻ, ലവകുശൻമാർ, ചാരിത്ര്യാപമാനം, മണ്ണിലൊടുങ്ങൽ. അവൾ ഒരു നെടുമൂച്ച് പുറപ്പെടുവിച്ചു. അതിൽ നൂറ്റാണ്ടുകളുടെ വിങ്ങൽ നിറഞ്ഞു നിന്നു. അവളുടെ കണ്ണുകൾ, കോട്ടവാതിലോളം ചെന്ന് പരതി.

അപ്പോൾ, രാജസഭക്ക് വെളിയിൽ ഭൂമി കിടുക്കുന്ന ഒരട്ടഹാസം കേട്ടു. ദശശിരസ്സിയുടെ സഭാപ്രവേശം. സംഹാരായുധങ്ങളും വീണയും ധരിച്ച് ഗജമസ്തകതുല്യമായ ശിരസ്സുകളുയർത്തി ഉറപ്പോടെ കാൽകൾ ആഞ്ഞു പതിപ്പിച്ച് രാവണപ്രഭു സഭയിലേക്ക് എഴുന്നള്ളി. ഗംഭീരമായ ഒരട്ടഹാസത്താൽ അയാൾ സഭാവാസികളെ വിറപ്പിച്ചു. കഥയുടെ പരിണതി നിശ്ചയിക്കപ്പെട്ടിരുന്നതിനാൽ രാമൻ അയാളെ ഗൗനിച്ചതേയില്ല. അയാളുടെ മുഖത്ത് സർവ്വജ്ഞനായ ഒരൊന്നാം സ്ഥാനക്കാരന്റെ പുച്ഛം മാത്രം നിറഞ്ഞു നിന്നു. തുള്ളാൻ മാത്രമാണ് നിനക്ക് വിധി. ഒരുപക്ഷേ, നീ വില്ലെടുത്തുയർത്തിയേക്കാം, കുലച്ചേക്കാം. പക്ഷേ, നിനക്ക് മേൽ വാൽമീകിയുടെ ദൃഷ്ടിയുണ്ട്. ഏതു വിജയത്തിൽ നിന്നും നിന്നെ പിടിച്ചു മാറ്റാൻ പോന്ന ശക്തിയാണത്.

സീതയുടെ കണ്ണുകൾ നിറഞ്ഞു, രാമന്റെ അലസത കണ്ടിട്ടായിരുന്നു അത്. ദൈവമേ, ഇപ്പോഴും അതേ വിധി തന്നെയല്ലോ എനിക്ക്.

എന്നാൽ, നൂറ്റാണ്ടുകളായി കണ്ടുമടുത്ത രാവണനായിരുന്നില്ല അയാൾ. സഭാമധ്യത്ത് അയാൾ വന്നുനിന്നു. ഇരുപത് കൈകളുയർത്തി അയാൾ മുഷ്ടി ചുരുട്ടി വായുവിൽ ഊക്കിനിടിച്ചു. ജനകരാജധാനി പ്രകമ്പനം കൊണ്ടു. തുടകളിൽ അടിച്ച് മല്ല് വിളിച്ചു. നെഞ്ചത്തടിച്ച് അലറി. രാജാക്കൻമാരെ നോക്കി പൊട്ടിച്ചിരിച്ചു. അതിപ്രാകൃതമായ തമിഴ് മൊഴിയിൽ താളം പറഞ്ഞു. അയാൾ കരകാട്ടം തുടങ്ങി. ജഘനങ്ങൾ മുൻപിൻ ചലിപ്പിച്ച് നെഞ്ച് മുന്നോട്ടാഞ്ഞ് തല വെട്ടിച്ച് ഉറപ്പോടെ അയാൾ നിലത്ത് ചവിട്ടിയപ്പോൾ ഭൂമി കിടുകിടാ വിറച്ചു. നൂറുവിരലുകൾ കൊണ്ട് അയാൾ വായുവിൽ അസംഖ്യം ചിത്രങ്ങൾ വരച്ചു. അപ്പോൾ ആ വിരലുകൾ തന്റെ മേനിയിൽ കാമസൂത്രം വരക്കുന്നതായി സീത അനുഭവിച്ചു. അവൾ പുളകം കൊണ്ടു.

ആനന്ദോൻമാദത്തോടെ അയാൾ കരകാട്ടം ചവിട്ടിക്കൊണ്ടേയിരുന്നു. അയാളുടെ ഓരോ ചുവടിലും ഓരോ രാജാക്കൻമാർ സ്വയംവരവേദിയിൽ നിന്ന്​ പിൻമാറി. ചിലർ ഭയന്നുനിലവിളിച്ചു കൊണ്ടാണ് ഓടിയത്. രാവണൻ അതൊന്നും ശ്രദ്ധിച്ചില്ല. ഉന്മാദിയുടെ ഊക്കോടെ അയാൾ നടനം തുടർന്നു.

പിന്നെയയാൾ വില്ലിനെ സമീപിച്ചു. അതുവരെ നിശ്ശബ്ദനായിരുന്നു ശ്രീരാമകുമാരൻ. മുഖത്തും ശരീരഭാഷയിലും നിറഞ്ഞുനിന്ന അയാളുടെ ആത്മവിശ്വാസം ഒന്ന് താണതുപോലെ കണ്ടു. വില്ലെടുക്കാൻ വരുമ്പോഴുള്ള പതിവ് ഭാവമല്ല, രാവണന്. അയാൾക്ക് ഒരുവിധ ഭക്തിയുമില്ല. ഒരു വിധേയത്വവുമില്ല. അയാൾ വില്ലിനെ നമസ്‌കരിക്കുന്നുമില്ല. പരമേശ്വരന്റെ വില്ലല്ലേ?

രാവണൻ മുന്നോട്ട് വന്നു.
കണ്ണുകൊണ്ട് വില്ലിന്റെ വ്യാപ്തിയും ഭാരവും ഗരിമയും അളന്നു.
ഇരുപത് കൈകൾ കൊണ്ട് വില്ലിൽ തൊട്ടു. വീരന്റെ വിരൽ സ്പർശമേറ്റ വില്ല് വീണ പോലെയപ്പോൾ വിജൃംഭിച്ചു. അത് ദീർഘമായ ഒലിയുയർത്തി. നിസ്സാരമായ ഒരു പാവ എന്നപോലെ അയാൾ വില്ലെടുത്തുയർത്തി. അതിനെ ആദ്യന്തം തഴുകി. അത് സ്‌ത്രൈണഭാവം പൂണ്ട് കുമ്പി നിന്നു. അയാൾ ഞാൺ വലിച്ചു മുറുക്കിക്കെട്ടി. പെൺവ്യാഘ്രത്തിന്റെ ശബ്ദത്തിൽ ഞാണൊലിയുയർന്നു. ഉരഗങ്ങളെപ്പോലെ മഹാരാജാക്കൻമാർ നടുങ്ങി. സംഭവിക്കുന്നത് എന്തെന്നറിയാതെ രാമൻ വിറ പൂണ്ടു.

കാമാർത്തയായ പെൺകടുവയുടെ ക്രൗര്യഭംഗി കൈക്കൊണ്ട സീത സ്വയം കൂമ്പി നിന്നു. അവളുടെ അടിവയർ അനവധി കമ്പനങ്ങൾ കൊണ്ടു. ഭഗങ്ങളിൽ നിന്നും രതിനീരുത്ഭവിച്ചു. എത്രയും വേഗം അയാളെ പ്രാപിക്കണം എന്നുചിന്തിച്ച് വരണമാല്യമുയർത്തി അവൾ സ്വപ്നാടനം ചെയ്ത് മുന്നോട്ട് നടന്നു.

കരകാട്ടത്തിൽ സ്വയമിളകി ആടുകയായിരുന്നു രാവണപ്രഭു.
ത്രൈയംബക വില്ലും ശിരസ്സിന് മേലേന്തി അയാൾ ഭൂഗോളത്തിനുമുകളിൽ നിന്ന് നൃത്തം ചെയ്തു. വില്ല് കരകമായി. വില്ലിനും ഞാണിനുമിടയിൽ ഉടലും ശിരസുകളും കടത്തി പുറത്തിറങ്ങി. ആ വില്ലിനെ സ്ത്രീയെ എന്ന പോലെ ഉയർത്തിയും പത്തു ചുണ്ടുകളാൽ ചുംബിച്ചും നൂറ് വിരലുകളാൽ തലോടിയും ഇക്കിളി കാട്ടിയും ചെവികളിൽ കാറ്റൂതിയും ചെറുകഥ പറഞ്ഞ് ചിരിച്ചും പരിഹസിച്ചും ഘോരജഘനങ്ങളാൽ താഡിച്ചും മുഖം വിറപ്പിച്ചും ശ്യംഗാര ഹാസ്യ കരുണങ്ങളെന്ന വിധം നവരസങ്ങൾ അഭിനയിച്ചും അയാൾ രാജധാനി ഇളക്കിമറിച്ചു വിളയാടി.

ഏറെനേരം സീതക്ക് പിടിച്ചു നിൽക്കാനായില്ല. വരണമാല്യവുമെടുത്ത് അവൾ അയാളുടെ അടുക്കലേക്ക് ഓടിയടുത്തു. അയാളുടെ അസാമാന്യ വക്ഷസ്സിന്റെ രോമവനത്തിൽ മുഖമമർത്തി. അവൾ ഒരു വില്ലായി വളഞ്ഞുനിന്നു.

പിന്നെ, ചിനപ്പുലിയെപ്പോലെ അയാൾക്കൊപ്പം നടന്നു. കൊട്ടാരം വിട്ടിറങ്ങുന്നതിന് മുമ്പ് സീത രാമന്റെ അടുക്കലേക്ക് ഒരിക്കൽക്കൂടി ചെന്നു. എന്നിട്ട് പറഞ്ഞു, ‘ക്ഷമിക്കണം. ഞാൻ രാമായണം വിട്ടിറങ്ങുകയാണ്’, അയാളതുകേട്ട് തല കുമ്പിട്ടിരുന്നു.

പുഷ്പകവിമാനത്തിലേക്കുള്ള നടത്തക്കിടയിൽ പുരാതന രൂപിയായ വാൽമീകി ഇരുവരുടെയും വഴി തടഞ്ഞ്​ മുന്നിൽ വന്നുനിന്നു. കാലത്തിനൊപ്പം മാറാത്ത വിധം ഒരു പുറ്റ് അയാളെ വളഞ്ഞിരുന്നു. ഉരഞ്ഞു തീർന്ന നാരായവും മലപ്പൊക്കമുള്ള എഴുത്തോലക്കെട്ടും അയാൾ കൈയിൽ പിടിച്ചിരുന്നു.

‘നിൽക്ക. നിൽക്ക. ഇങ്ങനെയല്ല ഈ കഥ. ഇങ്ങനെയല്ല, ഇതിന്റെ തുടർച്ച. ഇങ്ങനെയാണെങ്കിൽ എങ്ങനെ യുദ്ധമുണ്ടാവും? എങ്ങനെ ഞാൻ എന്റെ തത്ത്വങ്ങളെ ലോകർക്ക് പറഞ്ഞു കൊടുക്കും?'

‘ആദികവി എന്ന നിലയിൽ അങ്ങയെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ. കഥ ആരുടെയും കുത്തകയല്ല’, രാവണൻ പറഞ്ഞു.

‘അതെ. അതാണ് എനിക്കും പറയാനുള്ളത്’, സീത പറഞ്ഞു.

എന്നിട്ടവർ പരസ്പരം കൈപിടിച്ച് പുഷ്പകവിമാനമേറി ദക്ഷിണ ദിക്ക് നോക്കി പറന്നു പോയി.

അപ്പോൾ, ശ്രീപാർവതി പരമേശ്വരനോട് ഇപ്രകാരം ചോദിച്ചു: ‘എടോ, തന്റെ വില്ല് അവൻ തൊടുത്തല്ലോ.'

‘തൊടുക്കട്ടെന്നേ. വില്ലുകളൊക്കെ എടുത്ത് കുലക്കാനുള്ളതല്ലേ?'

‘ആ പെണ്ണിനെയും അവൻ കൊണ്ടുപോയി.'

‘കൊണ്ടു പോട്ടെടോ, എത്ര കാലമായി അവൾ ഒരേ കഥയിൽ ദുഃഖകഥാപാത്രമായി ജീവിക്കുന്നു.'

‘എടാ, എന്നാൽ നീയെനിക്ക് രാവണന്റെയും സീതയുടെയും കഥ ഒന്ന് പറഞ്ഞു താ.'

ശിവൻ അൽപനേരം കണ്ണടച്ച് ധ്യാനസ്ഥനായി.
അയാൾക്ക് ആവേശം തോന്നി. അയാൾ തുടകളിൽ തട്ടി. എണീറ്റുനിന്ന് ചുവടുവച്ചു. എന്നിട്ട് പാടാൻ തുടങ്ങി.

‘പത്തു തലൈ രാവണൻ എഴുന്താർ തുടൈകളിൽ തട്ടിനാർ കരകാട്ടം കാട്ടിനാർ.'


വി. ഷിനിലാൽ

കഥാകൃത്ത്, നോവലിസ്റ്റ്. അടി, 124, സമ്പർക്കക്രാന്തി, ബുദ്ധപഥം, തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ

Comments