"It takes much time to kill a tree
Not a simple jab of the knife... "
- Nissim Ezekiel.
▮
ഒന്ന്
ജനുവരിക്കാറ്റ് മലകളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ അമ്മയെയും ഞങ്ങളെയും കൂട്ടി അച്ഛൻ വന്നിരിക്കാറുള്ള പാറക്കൂട്ടത്തിനു ചുവട്ടിലെ പൊത്തും, ചില്ലിത്തോട്ടിലെ നിരന്ന പാറയും, കരിങ്കുറിഞ്ഞിപ്പൂക്കളും ടോം ഐഫോണിൽ പകർത്തി റീൽസുണ്ടാക്കുമ്പോൾ ഓർമ്മകൾ വീർപ്പാടിലെ പൊതുശ്മശ്ശാനം വരെ ചെന്നു. അച്ഛൻ്റെ സ്വപ്നങ്ങളും ആശകളും ചിന്തകളും അടക്കം ചെയ്ത മണ്ണ് അവിടെയായതുകൊണ്ടാവാം.
ജനുവരിക്കാറ്റിൻ്റെ മൂളിച്ചകൾ ചില്ലിത്തോട്ടിലെ മുള്ളൻ മരത്തിൽ തട്ടി പ്രതിധ്വനിക്കുമ്പോൾ അച്ഛൻ പറയും, ആ മരമാണ് നമ്മളെ രക്ഷിക്കുന്നത്. അറത്തെടുക്കാത്ത കാട്ടുമരങ്ങളും ഒരങ്കോലും കൊണ്ട് മേൽക്കുരയുണ്ടാക്കിയ വീടിനു മുകളിൽ നിന്നും മേഞ്ഞ പുല്ലുകൾ ആകാശത്ത് വട്ടം കറങ്ങുമ്പോൾ അച്ഛൻ ഞങ്ങളെ ചേർത്തുപിടിക്കും. വാരിക്കും ഉരങ്കോലിനുമിടയിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിക്കിടന്ന രാത്രികളെ ഓർക്കുമ്പോൾ ഇന്ന് സങ്കടവും ഒപ്പം സന്തോഷവും കയറി വരുന്നു. ആ മുള്ളൻമരത്തെക്കുറിച്ച് മുതിർന്നപ്പോഴും പലവട്ടം ഓർക്കാതില്ല. അത്രയും വലിയ മരം പിന്നിട് കണ്ടിട്ടുമില്ല.
മുള്ളൻമരം മുറിക്കുന്നതിന് തലേദിവസം കൊന്നക്കലെ അപ്പിച്ചിയും, കരിക്കൻ പെരുമനും അടുത്തുള്ള വീടുകളിൽ അറിയിപ്പ് കൊടുത്തു. ഞങ്ങളെ, കുട്ടികളെ പുറത്തിറക്കാതെ വീട്ടിൽ തന്നെയിരുത്താനുള്ള നിർദ്ദേശം. കുട്ടിപ്പണിക്കൻ കാച്ചിച്ച് കൊടുത്ത മഴുവും കൈക്കോടാലികളും, കൊണ്ടുവന്ന് ചില്ലിത്തോട്ടിലെ നിരന്ന പാറയിൽ വെച്ച് മരം മുറിക്കാനുള്ള പദ്ധതികൾ ജോസ് മുതലാളി ആസൂത്രണം ചെയ്തു. മുറിക്കാനുള്ള ചുമതല കരിക്കൻ പെരുമനായിരുന്നു. പെരുമൻ്റെ പറമ്പിൽ നിന്ന ആ മരത്തിന് മുതലാളി വില കൊടുത്തോ എന്നത് ഇന്നും സംശയമാണ്. മരം മുറിക്കലും ചെത്തലുമൊക്കെയായി കുറച്ചു ദിവസത്തെ പണി കിട്ടുമെന്ന സന്തോഷത്തിലാവാം ആ സാധു മുറിക്കാൻ അനുവാദം കൊടുത്തത്.
മരം മുറിക്കാൻ തുടങ്ങുന്നതിൻ്റെ അന്ന് രാവിലെ കരിക്കൻ പെരുമൻ അച്ഛൻ്റെയടുത്തെത്തി. മുറുക്കാൻ വാങ്ങി അടക്ക ചിരണ്ടി കഷ്ണങ്ങളാക്കി പൊതിയിൽ വെച്ചു.
"ശരിക്കും പറഞ്ഞാൽ ഇഷ്ടമുണ്ടായിട്ടല്ല, കുടിലിൽ മക്കമാർക്ക് ഒന്നുമില്ല, കുറച്ച് പണി കിട്ടട്ടെ", കരിക്കൻ പെരുമൻ പറയുമ്പോൾ അച്ഛൻ ഒന്നും മിണ്ടിയില്ല. എന്തോ ആലോചനയിലായിരുന്നു.
"ഒരു സഹായി ഇല്ലാതെ ഈ മരത്തിന് നീ തന്നെ മട വെക്കുമോ പെരുമാ? എനിക്കിഷ്ടമല്ല, പക്ഷെ മരം നിൻ്റെ പറമ്പിലല്ലേ, ഇത് നിലംപതിച്ചാൽ ഈ വർഷത്തെ ജനുവരിക്കാറ്റിനെ തടഞ്ഞു നിർത്താൻ മറ്റെന്താണുള്ളത്?"
അതിൽനിന്ന് മരം മുറിക്കലിൻ്റെ ഇഷ്ടമില്ലായ്മ അച്ഛനിൽ സപഷ്ടമായിരുന്നു. ജനുവരിക്കാറ്റിൻ്റെ വലിയ സിൽക്കാരവും ഭയപ്പെടുത്തലും തലയുയർത്തി നിൽക്കുന്ന മുള്ളൻ മരത്തിൻ്റെ പ്രതിരോധവും ഓർമ്മകളിലെത്തിച്ച അച്ഛൻ്റെ സംസാരം എന്നിൽ മലപോലെ മൗനത്തെ സൃഷ്ടിച്ചു.
കരിക്കൻ പെരുമൻ്റെ മരംമുറി ദിവസങ്ങൾ നീണ്ടു പോയി. മഴു വിഴുന്ന ശബ്ദം കാതുകളിലെത്തുമ്പോൾ ഞങ്ങൾ കുട്ടികൾ മലയ്ക്കൊപ്പം തലയെടുപ്പോടെ നിൽക്കുന്ന മരത്തിൻ്റെ ചലനങ്ങൾ ദൂരെ നിന്ന് വീക്ഷിക്കും. ചുവട്ടിൽ മഴു വീഴുമ്പോഴും ചില്ലകളിൽ കിളികളും അണ്ണാരക്കണ്ണൻമാരും കരഞ്ഞും ശബ്ദമുണ്ടാക്കിയും ആപകടത്തിൻ്റെ സൂചനകൾ നൽകി.

"കരിക്കൻ മട വെച്ചിരിക്കുന്നത് വടക്കോട്ടാ, പക്ഷേ കാറ്റങ്ങാനും തിരിഞ്ഞ് വീശിയാൽ അതിങ്ങ് പോരും സൂക്ഷിക്കണം", രാത്രി അമ്മയോട് അച്ഛൻ പറയുന്നത് വലിയ ഭയത്തോടെയാണ് കേട്ടത്.
പിറ്റേദിവസം കാച്ചിച്ച കോടാലികൾ മാറിമാറി മരത്തിൻ്റെ മൂട്ടിൽ വിണു കൊണ്ടിരുന്നു.മരത്തിൻ്റെ ചലനങ്ങൾ നോക്കി അച്ഛൻ എതിർദിശയിലെ ഒരു പാറയിലായിരുന്നു. ഞങ്ങൾ കുട്ടികൾ വളരെ ദൂരെ നിന്ന് അത് വീക്ഷിച്ചു. പെട്ടെന്ന് മരത്തിലെ പക്ഷികൾ കൂട്ടത്തോടെ ആകാശത്തിലേക്ക് പറന്നു പൊങ്ങി. അച്ഛൻ മരത്തിൻ്റെ മുകളിൽ ഒരു മാറ്റം കണ്ടു.
"മരം ഞെട്ടിയടാ.... അച്ഛൻ വിളിച്ചു പറഞ്ഞു, കരിക്കാ മാറ്... മാറ്… മാറിക്കോ..."
അച്ഛൻ അലറുകയായിരുന്നു. മുടി കുടയുന്നതു പോലെ മരത്തിൻ്റെ തലയൊന്ന് ഉലഞ്ഞു. വലിയ ശബ്ദത്തോടെ ചില്ലിത്തോട്ടിലെ നിരന്ന പാറയിലേക്ക് നിലംപതിച്ചു. ഇരുവശത്തുമുള്ള ചെറു വൃക്ഷങ്ങളെയും വളളിപ്പടർപ്പുകളെയും നിലംപരിശാക്കി അതിൻ്റെ ശിഖരങ്ങൾ തോടിൻ്റെ കരയിലേക്ക് കൈ വിരിച്ച് കിടന്നു.
മരം വീണുവെന്ന് ഉറപ്പായപ്പോൾ ഞങ്ങൾ കുട്ടികൾ അവിടേക്കെത്താൻ കാട്ടുവള്ളികളിൽ തൂങ്ങി തോടിനരികിലേക്ക് നീങ്ങി. നൂറ്റാണ്ടുകളായി സൂര്യപ്രകാശവും മഴയും കാറ്റും കൊണ്ട മഹാവൃക്ഷത്തിൻ്റെ കടമുറിയ്ക്ക് മുകളിൽ മഴുവും പിടിച്ച് പെരുമൻ ഇരിക്കുകയായിരുന്നു. തകർന്നു വീണ മരത്തിൽ നിന്നും കാണാതായ കുഞ്ഞുങ്ങളെയും കൂടും തേടിയുള്ള കിളികളുടെ നിലവിളയിലേക്കാണ് ഞങ്ങൾ ഇറങ്ങിച്ചെന്നത്. അപ്പോൾ സന്ധ്യ ആകാറായിരുന്നു. പക്ഷികൾ, അണ്ണാൻ, തേനീച്ച തുടങ്ങി ധാരാളം ജീവികളുടെ ആവാസമായിരുന്നു ആ മുള്ളൻ മരം. ചത്ത് കിടക്കുന്ന പക്ഷിക്കുഞ്ഞുങ്ങളെക്കണ്ട ഞങ്ങൾ സങ്കടപ്പെട്ടു.ഇരുട്ട് വീണ വഴിയെ വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ കിളിക്കുഞ്ഞുങ്ങളുടെ നിലവിളികളായിരുന്നു ചുറ്റും.
▮
രണ്ട്
കരിക്കൻ പെരുമൻ്റെ മഴു വീഴുന്ന ശബ്ദം രാവിലെ തന്നെ മല കയറിയെത്തി. തോട്ടിലെത്തുമ്പോൾ പെരുമൻ കൈക്കോടാലി കൊണ്ട് കമ്പുകൾ മുറിച്ചു മാറ്റുകയായിരുന്നു.
"ചുറുമാ, ഒരു മൊന്ത കൊണ്ടുവാ. ഒരു സാധനങ്ങൊണ്ട്" (മോനെ ഒരു പാത്രം കൊണ്ടുവാ. ഒരു സാധനം ഉണ്ട്), പെരുമൻ കമ്പുകൾ വെട്ടിക്കൊണ്ട് പറഞ്ഞു.
തിരികെ വീട്ടിൽചെന്ന് പാത്രം കൊണ്ടുവരുമ്പോൾ കിളിക്കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന ചിന്തയായിരുന്നു മനസ്സുനിറയെ. അപ്പോൾ പെരുമൻ ഒരു ഉണങ്ങിയ ശാഖ മഴുകൊണ്ട് വെട്ടിപ്പിളർന്ന് അതിൽനിന്ന് ചെറുതേനിച്ചയുടെ അറകൾ അടർത്തിയെടുത്ത് പാളയിൽ നിരത്തിവെച്ചിരുന്നു. കുട്ടികളായ ഞങ്ങൾക്ക് വലിയ സന്തോഷമായി.തേനറകൾ വായിലിട്ട് പിഴിഞ്ഞ് കുടിച്ചു. പെരുമനും അച്ഛനും കൂടി മരം പിളർന്ന് തേനറകൾ മുഴുവൻ ഒരു വലിയ കലത്തിൽ നിറച്ചു.
"ചുറുമ നിനക്കൊരു സമ്മാനങ്ങുണ്ട്’’ (മോനേ നിനക്കൊരു സമ്മാനമുണ്ട്), കരിക്കൻ പെരുമൻ പറഞ്ഞപ്പോൾ എന്താന്നറിയാൻ വലിയ കൗതുകമായി. മരത്തിൻ്റെ ഒടിഞ്ഞ കമ്പുകൾക്കിടയിൽ നിന്ന് പെരുമൻ ഒരു അണ്ണാൻ കൂട് എടുത്തു കൊണ്ടുവന്നു. അതിൽ എലിക്കുഞ്ഞുപോലെ ഒന്നുണ്ടായിരുന്നു.
"മൂന്നെണ്ണം ഉണ്ടായിരുന്നു രണ്ടെണ്ണം ചത്തുപോയി. ഇത് ചത്തിട്ടില്ല. ആട്ടിൻ പാല് കുറേശ്ശെ തൊട്ടുകൊടുത്താൽ മതി ചാകൂല’’, പെരുമൻ പറഞ്ഞപ്പോൾ അച്ഛന് എന്തോ ഇഷ്ടക്കേടുണ്ടായിരുന്നു.
"വീട്ടിലൊന്നും സ്ഥലമില്ല പെരുമാ. ഇതിനെ എവിടെവെക്കാനാ’’, അച്ഛൻ അങ്ങനെ പറഞ്ഞെങ്കിലും അണ്ണാൻ കൂട് ഞാൻ കയ്യിലെടുത്തു.
"ഞാനൊരു കൂടുണ്ടാക്കിതരാം’’, കരിക്കൻ പെരുമൻ്റെ മകൻ വെള്ളൻ അണ്ണാനെ നോക്കി പറഞ്ഞു.
വെള്ളൻ എന്നെ കൂട്ടിക്കൊണ്ട് തോട്ടുവക്കിലൂടെ നടന്നു.അവിടെ നിന്നും ഒരു ചുണ്ണാമ്പു ഞർളയുടെ വള്ളിമുറിച്ചെടുത്തു .എൻ്റെ കയ്യിലെ അണ്ണാൻ കൂട്ടിൽ നിന്നും ചെറിയ ശബ്ദത്തിൽ കരച്ചിൽ പുറത്തുവരുന്നുണ്ടായിരുന്നു.
"ഒരു പാളകൂടി വേണം. എന്നാൽ നമുക്കൊരു കൂടുണ്ടാക്കാം. ഇവനെ സുരക്ഷിതമായി വീടിനരികിൽ തൂക്കിയിട്ടാൽ മതി’’.
വെള്ളൻ അടുത്ത പറമ്പിൽ നിന്നും അടർന്നു വീഴാറായ ഒരു പാള കയറിയെടുത്തു. ചില്ലിത്തോട്ടിൽ തകർന്നുകിടന്ന മരക്കമ്പിലിരുന്ന് ഞർള വളച്ചുകെട്ടി. അവൻ തന്നെ ഓട വെട്ടി അടർത്തിയെടുത്ത് പാളയിലൂടെ ഞർളയിൽ നിരനിരയായി കുത്തിയിറക്കി. മുകൾഭാഗം കൂട്ടിക്കെട്ടിയപ്പോൾ മനോഹരമായ ഒരു കൂട് അണ്ണാൻ കുഞ്ഞിനുവേണ്ടി തയ്യാറായി. അതിൽ ചടച്ചിൽ വള്ളി കൊണ്ട് ഒരു കെട്ട് കെട്ടി എനിക്ക് നേരെ നീട്ടി.
ഞങ്ങൾ കുട്ടികൾ കൂട്ടത്തോടെ അണ്ണാൻ കൂടുമായി വീട്ടിലെത്തി. അത് ഇറയത്ത് കെട്ടിത്തൂക്കി. പിന്നെ കുറച്ചുകാലത്തെ ജീവിതം അതിനെ ചുറ്റിപ്പറ്റിയായിരുന്നു.
കരിക്കൻ പെരുമൻ ജോസു മുതലാളി അളവ് കാണിച്ചു കൊടുത്ത പോലെ മരം പല കഷ്ണങ്ങളാക്കി. ആനയാണ് മരം വലിക്കുന്നതെന്നറിഞ്ഞ ഞങ്ങൾ, കുട്ടികൾക്ക് വലിയ സന്തോഷമായി. മരത്തിൻ്റെ തോലുചെത്തി കൈക്കോടാലി കൊണ്ട് കടത്തല ഒതുക്കി കൊത്തിക്കൊത്തി ഉറപ്പുള്ള ഒരു ദ്വാരം പെരുമൻ എല്ലാ കഷ്ണങ്ങൾക്കുമിട്ടു. അത് എന്തിനാണന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. ആനക്ക് വലിക്കാനുള്ള വടം കെട്ടാനാണന്ന് പിന്നിട് പെരുമൻ പറഞ്ഞു തന്നു.
ചെറിയ കഷ്ണങ്ങൾ കാട്ടുവള്ളിയിട്ട് കെട്ടി പെരുമൻമാർ തന്നെ വലിച്ചു കയറ്റി. ബൈബിളിലെ സാംസൺ എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുമാറ് കരിക്കൻ പെരുമൻവലിച്ചു കയറ്റുന്ന മരക്കഷ്ണങ്ങൾ നോക്കി കുട്ടികളായ ഞങ്ങൾ പാറപ്പുറത്തിരുന്നു. അവർ മരം വലിക്കുമ്പോൾ പാടുന്ന പാട്ടിനൊപ്പം ഞങ്ങൾ താളം പിടിക്കും. കൂപ്പിലെ മറ്റ് മരങ്ങൾ കൊണ്ടിടാറുള്ള ഈന്തുംകരിയിലേക്ക് ചെറുകഷ്ണങ്ങൾ വെള്ളത്തിലൂടെ തന്നെ തട്ടിവിട്ടു.
വാറ്റുപുരത്തോട്ടിൽ വെച്ച് വെള്ളത്തിൽനിന്ന് മരങ്ങൾ പിടിച്ച് കരക്കടുപ്പിക്കുന്ന കഥ അച്ഛൻ രാത്രി പറയുന്നത് കേൾക്കാൻ ഉറക്കൊഴിച്ചിരിക്കും. എസ്റ്റേറ്റ് പടിക്കലും, ഉരുപ്പും കുറ്റിയിലുള്ള ആനച്ചാപ്പകളുടെ മറവിലും രൂപപ്പെടുന്ന കഥകൾ അമ്മക്കൊപ്പം ഞാനും കേൾക്കും.

വേലായുധൻ ചേട്ടനും, അപ്പിച്ചിയും, അച്ഛനും കൂടി ഓടക്കാനത്ത് വെച്ച് ചൂടാക്കിയെടുക്കുന്ന സാധനത്തിൻ്റെ ശക്തിയിലാണ് ഈ കഥകൾ മൊത്തം വരാറ്. കൂപ്പിൽ ഇടഞ്ഞ ആനയുടെ പിടിയിൽ നിന്ന് കറുപ്പൻ പെരുമൻ രക്ഷപ്പെട്ട കഥ അതിലൊന്നാണ്. മുതലാളിയുടെ അടി കിട്ടി പക ഒളിപ്പിച്ച ആന പെരുമനെ ചുരുട്ടിയെടുക്കുകയായിരുന്നു. നിലത്തടിക്കാൻ ഉയർത്തിയ പെരുമൻ ആനയുടെ കവിളിൽ ആഞ്ഞു കടിച്ചു. അപ്രതീക്ഷിത കടിയേറ്റ ആന പെരുമനെ ഇഞ്ചക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഒരു ചവിട്ടിന് തീരണ്ട പെരുമനെ ഒരു ഏറു കൊണ്ട് രക്ഷപ്പെടുത്തി.
കുറച്ചുദിവസം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ ഞങ്ങൾ നേരെ മുള്ളൻ മരം മുറിച്ചിട്ട തോട്ടിലേക്കോടും. ചെറുകഷ്ണങ്ങൾ വെള്ളത്തിലൂടെ ഒഴിക്കിവിട്ടെങ്കിലും ആന പിടിക്കേണ്ട വൻമരങ്ങൾ അവിടെത്തന്നെ ഉണ്ടായിരുന്നു.
ചെത്തു പൂളുകൾക്കും മുറിച്ചിട്ട ശിഖിരങ്ങൾക്കുമപ്പുറം പൊന്തയിൽ എന്തോ അനക്കം കണ്ട വെള്ളൻ എന്നെ തടഞ്ഞു നിർത്തി. ചെത്തിയ മരത്തിൻ്റെ മുകളിൽ ഒരു ജോഡി ചെരിപ്പ് ഇരിപ്പുണ്ടായിരുന്നു. ആരോ കരയുന്നതുപോലെ തോന്നി. ഞങ്ങടെ സംസാരം അടുത്തെത്തിയപ്പോൾ അടിക്കാടുകൾക്കിടയിലൂടെ ആരോ ഓടുന്നതു പോലെ തോന്നി. അത് ഒരു സ്ത്രീരൂപമായിരുന്നു. അവർ ചില്ലിത്തോട്ടിലെ വെള്ളച്ചാട്ടം കുറുകെ കടക്കുമ്പോൾ കാൽ വഴുതി പായലു പിടിച്ച പാറയിലൂടെ ഊർന്നുപോയി. അവരുടെ കാറിച്ചക്കൊപ്പം ഞങ്ങൾ കുട്ടികളും നിലവിളിച്ചു. അപ്പോൾ ചെത്തു പൂളുകൾക്കു മുകളിൽ നിന്നും മുണ്ട് കുടഞ്ഞുടുത്ത് മുതലാളി ഇറങ്ങിവന്നു.
"വീട്ടി പോടാ പിള്ളേരെ, എന്തിനാ നിലവിളിക്കുന്നേ! പോ....പൊക്കേ"
ഭയത്തോടെ ഞങ്ങൾ തിരിഞ്ഞുപോയി.
രാത്രി ഓടപ്പന്തവുമായി കരിക്കൻ പെരുമൻ അച്ഛനെത്തേടി വന്നു.
"കൂപ്പിൽ കഞ്ഞി വെക്കുന്ന ശാന്ത തോട്ടിൽ വീണു. ജീവനില്ല. മുതലാളി വക്കത്തൊള* നോക്കാൻ പോയപ്പം കണ്ടതാത്രെ. ആളുകൾ കൂടിയിട്ടുണ്ട് വാ പോയി നോക്കാം."
പുറത്ത് ചാരിവെച്ചിരുന്ന ഓടപ്പന്തത്തിൽ മണ്ണെയൊഴിച്ച് ഉമ്മറത്തെ വിളക്കിൽനിന്ന് കത്തിച്ച് പെരുമനുപിറകെ അച്ഛൻ തോട്ടിലേക്ക് പോയി. ചില്ലിത്തോടിൻ്റെ അരികിൽ പന്തങ്ങൾ ചലിക്കുന്നത് തിണ്ണയിൽ ഇരുന്ന് അമ്മയും ഞാനും കണ്ടു.ശാന്തേച്ചിയെ ഓർത്തുകൊണ്ട് അമ്മയുടെ അരിക് ചേർന്നിരുന്നു.
പിന്നിട് അച്ഛൻ പറഞ്ഞറിഞ്ഞു, അവരുടെ ഭർത്താവിനെ ആന ചവിട്ടിക്കൊന്നതായിരുന്നെത്രെ! അനാഥരായ കുട്ടികളെ നോക്കാൻ കൂപ്പിൽ കഞ്ഞി വെക്കുന്ന പണി മമ്മു ഹാജിയാണ് കൊടുത്തത്. പക്ഷേ കുട്ടികളെ അനാഥത്വത്തിലേക്ക് കൈവിട്ട് യാത്രയായ ശാന്തേച്ചിയുടെ ശരീരം വെള്ളത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ കണ്ണീരുവറ്റിയ കണ്ണുകളുമായ് ആ കുട്ടികൾ ചേർത്ത് പിടിച്ച് നിലവിളിച്ച കഥ അച്ഛൻ പറഞ്ഞപ്പോൾ മുതലാളിയുടെ ചുവന്ന കണ്ണുകൾ ഉള്ളിൽ തെളിഞ്ഞുവന്നു. ചില്ലിത്തോടിൻ്റെ അരികിൽ തന്നെയെടുത്ത ഒരു കുഴിയിൽ ശരീരം മറവു ചെയ്തത്രെ.
കുട്ടികളെ കൂപ്പിൽ സാധനം കൊണ്ടുവന്ന കാളവണ്ടിയിൽ ആരോ ഇരിട്ടിക്ക് കൊണ്ടുപോയി.
പനി പിടിച്ച് കിടന്ന രണ്ട് ദിവസത്തിനുശേഷം തോട്ടിലേക്ക് പോകാൻ തോന്നിയില്ല. ജോസു മുതലാളിയെ കാണുമ്പോൾ ഞങ്ങൾ ഭയന്ന് കാട്ടിലൊളിക്കുമായിരുന്നു.
ശാന്തേച്ചിയെ അടക്കം ചെയ്ത അടയാളങ്ങൾ മായ്ച്ചുകളഞ്ഞ് കാട് അതിൻ്റെ അതിർത്തി വ്യാപിപ്പിച്ചിരിക്കുന്നു. വളർന്നുനിൽക്കുന്ന മുള്ളൻ മരത്തിൻ്റെ പുതിയ ചുവടുകളും ഓടക്കാടും പഴയ ഓർമ്മകളിലേക്ക് മനസ്സിനെ വഴി തിരിച്ചുവിട്ടു.
ടോം നിരന്ന പാറയിൽ തൻ്റെ ലാപ് തുറന്ന് എടുത്ത ഫോട്ടോകളുടെ ക്ലാരിറ്റി ചെക്ക് ചെയ്യുകയാണ്.
"ഈ കൊല്ലിയ്ക്ക് എന്തെങ്കിലും പേരെണ്ടോ? ഒരു റീൽസിട്ടാൽ എത്ര കെ ലൈക്ക് വരുമെന്ന് നോക്കാം"
അവൻ ചോദിച്ചപ്പോൾ "കരിക്കൻ കൊല്ലി" എന്നാണ് ഉള്ളിൽനിന്ന് വന്നത്.
"കൊള്ളാലോ, എന്നാ ഇത് പറത്തിവിടുവാ, ലോകം കാണട്ടെ നിൻ്റെ കരിക്കൻ കൊല്ലി"- അവൻ ലാപ്പിൽ പണിതുകൊണ്ട് ഒരോന്ന് ചോദിച്ചു. പക്ഷെ എൻ്റെ ഓർമ്മകൾ പലതും പിന്നെയും ഒപ്പിയെടുത്തു. ശാന്തേച്ചിയെ അടക്കം ചെയ്തിടത്ത് ഒരു കാട്ടുമരം പൂക്കൾ നിറച്ച് നിന്നിരുന്നു.

▮
മൂന്ന്
"ഇവിടെ ആരെങ്കിലും വീണു മരിച്ചിട്ടുണ്ടോ?", ചില്ലിത്തോടിൻ്റെ താഴത്തെ വലിയ കൊക്കയിലേക്ക് നോക്കി ടോം ചോദിച്ചു.
"ഉവ്വ്. മൂന്ന് മരണങ്ങൾ", ശാന്തേച്ചിയിൽ ഉടക്കിക്കിടന്ന ചിന്തയിൽ നിന്ന് ഞാൻ വിളിച്ചു പറഞ്ഞു.
"ടോം ഇവിടെ ഒരു മഹാവൃക്ഷമുണ്ടായിരുന്നു. ബോധിവൃക്ഷം പോലെയൊന്ന്’’, അങ്ങനെ പറയാൻ മനസ്സ് പറഞ്ഞെങ്കിലും ശബ്ദം പുറത്തുവന്നില്ല.
പിന്നെയും മനസ്സ് സ്വയം ചോദിച്ചു,
"ആ മൂന്നു പേർ ആരെക്കെ?"
ആനപ്പന്തിയിൽനിന്ന് മമ്മുഹാജി അയച്ച ആനകളിലേക്കും ആജാനുബാഹുവായ കരിക്കൻ പെരുമനിലേക്കും ചിന്ത പിന്നെയും നീണ്ടുപോയി.
ശാന്തേച്ചിയുടെ മരണത്തിനുശേഷം ചില്ലിത്തോട്ടിൽ പോകുന്നത് തനിയെ നിലച്ചുപോയിരുന്നു. ജോസു മുതലാളിയെ കാണുമ്പോൾ ഒരു ഭയം കുട്ടികളായ ഞങ്ങളിൽ കടന്നുകൂടി. ശാന്തേച്ചിയുടെ നിലവിളിയും മുതലാളിയുടെ ശകാരവും ഞങ്ങളെ പിൻതുടർന്നുകൊണ്ടിരുന്നു. മരം വലിക്കാൻ ആന വരുന്ന വിവരം അറിഞ്ഞിട്ടും ഒരു ഉത്സാഹവും ഉണ്ടായില്ല. ശാന്തേച്ചിയുടെ മരണത്തിനുപുറമെ ഉരുപ്പുംകുറ്റിലെ ആനച്ചാപ്പയിൽ വെച്ച് കൊല്ലപ്പെട്ട മറ്റൊരു സ്ത്രിയുടെ കഥ അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കാനിടയായിരുന്നു. നിയമമില്ലാത്ത ഒരു കാലത്തെ വീണ്ടും ഓർക്കുമ്പോൾ ഒരു അരക്ഷിതാവസ്ഥ തനിയെ കയറിവന്നു. അടയാളമില്ലാത്തവരുടെ ഒടുക്കം അങ്ങനെയാവുന്നു.
വെള്ളൻ ചുറുമൻ്റെ നിർബന്ധത്തിനു വഴങ്ങിയാണ് ആന മരം വലിക്കുന്നത് കാണാൻ തോട്ടിലേക്ക് പോയത്. മമ്മു ഹാജിയുടെയും ജോസു മുതലാളിയുടെയും പണിക്കാർ തെറി പറഞ്ഞതുകൊണ്ട് ദൂരെയുള്ള ഒരു പാറയിൽ കയറിയിരുന്നു. അവിടെനിന്ന് നോക്കിയാൽ താഴെ ആനയും ആളുകളും മരം വലിച്ചടിപ്പിക്കുന്നത് കാണാൻ കഴിയും. വക്കത്തൊളയിൽ കെട്ടിയ വടത്തിൽ പാപ്പാൻമാരുടെ ആജ്ഞക്കനുസരിച്ച് അടിമപ്പെട്ട ആ ജീവിയുടെ കാലിൽ വീഴുന്ന അടിയും, പിറകിൽ നിന്നുള്ള കുത്തും ഞങ്ങളിൽ സങ്കടം നിറച്ചു. ഇരുമ്പു കൊളുത്തുകൊണ്ട് വീഴുന്ന കുത്തിൽ വക്കത്തൊള പോലെ അതിൻ്റെ കാലിലും വലിയ തുളകൾ കാണപ്പെട്ടിരുന്നു.കാലിലെ അടർന്ന മാംസവും വെച്ച് ഏന്തി ഏന്തി പോകുന്ന ആ ജീവിയുടെ കാഴ്ച നൊമ്പരപ്പെടുത്തുന്നതായി.
ശാന്തേച്ചി കാലു വഴുതി വീണ പാറക്കെട്ടുകൾക്കു മുകളിൽ വക്കത്തൊളയിൽ തൂങ്ങി നിന്ന മരക്കഷ്ണങ്ങൾ പിടിവിടാതെ കരയ്ക്കടുപ്പിക്കുമ്പോൾ, വേഗത പോരാ എന്നു പറഞ്ഞ് പാപ്പാനെ തെറി വിളിക്കുന്ന മുതലാളിയെ കാണുമ്പോൾ, ശാന്തേച്ചി തെന്നിപ്പോയതുപോലെ തെന്നിയിരുന്നെങ്കിലെന്ന് ഞങ്ങൾ അടക്കം പറഞ്ഞു. മുള്ളൻ മരത്തിൻ്റെ കടമുറിയൊഴിച്ച് ബാക്കിയെല്ലാം വലിച്ചിറക്കി ഉരുപ്പും കുറ്റിയിലെത്തിച്ചു.
രണ്ട് ആനകൾ രണ്ട് വടത്തിൽ പിടിച്ചാണ് മരത്തിൻ്റെ കടമുറി കരയ്ക്കടുപ്പിക്കാൻ നോക്കിയത്. പാറയുടെ ചെറിയ വിള്ളലിൽ കാലുറപ്പിച്ച് തികഞ്ഞ ബുദ്ധിയോടെ ആ ജീവികൾ മരം പതുക്കെ അടുപ്പിക്കുകയായിരുന്നു.
കരിക്കൻ പെരുമൻ എന്തോ അപകടം കണ്ടപോലെ തോടിനരികിലേക്ക് ചാടിയിറങ്ങി. പാപ്പാനും ഒന്നും മനസ്സിലായില്ല. വടം പൊട്ടുന്നത് പിന്നിടാണ് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടത്. ചുവടിളകിയ ആന ചിന്നം വിളിയോടെ താഴത്തെ പൊട്ടിലേക്ക് മറിഞ്ഞു വീണു. പിടിവിട്ട മരക്കഷ്ണവും പിറകെ വലിയ ശബ്ദത്തോടെ കൊക്കയിലേക്ക് ഉരുണ്ടു പോയി. ചിന്നം വിളിക്കൊപ്പം ആ വലിയ ജീവി മരത്തിനിടയിൽ പെട്ടു പോയി. ജോസു മുതലാളി കരിക്കനെയും, പാപ്പാൻമാരെയും തെറി വിളിച്ചു. ഭയപ്പെട്ട മറ്റേ ആന ചിന്നം വിളിച്ചുകൊണ്ട് വട്ടം കറങ്ങി. ഞങ്ങൾ പാറപ്പുറത്തു നിന്ന് ചാടി വീട്ടിലേക്കോടി.
രാത്രി അച്ഛൻ പറഞ്ഞറിഞ്ഞു ആന ചരിഞ്ഞെന്ന്.
"മരണംകൊണ്ട് രക്ഷപ്പെടുന്ന ജീവിയാണ് ആനകൾ", അച്ഛൻ അന്ന് പറഞ്ഞത് തിരിച്ചറിയാൻ കുറേ വർഷങ്ങളെടുത്തു.
ആറളം ഫാമിൽ പിടികൂടിയ ചുള്ളിക്കൊമ്പനെ മെരുക്കുന്ന അനുഭവം അത് ശരിവെച്ചു. തോട്ടിക്കൊളുത്തു കൊണ്ട് മുറിവ് വീഴ്ത്തി, അതിൽ ഇടവിട്ട് കുത്തി, പഴുത്ത് വേദനയേൽപിച്ച് മെരുക്കുന്ന രീതി. നഖത്തിൽ ഇരുമ്പ് റിംഗ് കൊണ്ട് അടിച്ച് വെള്ളവും ഭക്ഷണവുമില്ലാതെ മനുഷ്യന് അടിമപ്പെട്ട ജീവി. മനുഷ്യൻ്റെ സഹായമില്ലാതെ ജിവിക്കാൻ പോലും കഴിയില്ലന്ന ചിന്ത ആ വലിയ ജീവിയിൽ ജനിപ്പിച്ച് അടിമപ്പെടുത്തുകയാണ്. ഒരു തോട്ടികൊണ്ട് സഹ്യപുത്രൻമാരെ വരുതിയിലാക്കുന്ന മനുഷ്യൻ. ഇവിടെ മരണം കൊണ്ട് അടിമത്ത്വത്തിൽ നിന്ന് മോചിപ്പിക്കപ്പെടുന്നു.

ശാന്തേച്ചിയും ആനയെയും മറവ് ചെയ്ത കരിക്കൻ കൊല്ലിയിലെ കാഴ്ചകൾ കണ്ട് ഫോളോവേഴ്സിൻ്റെ ചോദ്യങ്ങൾ ടോമിൻ്റെ ഇൻബോക്സിൽ വന്ന് നിറഞ്ഞു.
ആനയോടൊപ്പം കൊക്കയിലേക്ക് പോയ മരം അങ്ങനെ കിടന്നു.
മഴയും വേനലും കാറ്റും തണുപ്പും പിന്നേയും വന്നു.
പുരയിലെ മേച്ചിൽ കാറ്റ് പലവട്ടം എടുത്തു. അച്ഛൻ ഞങ്ങളെ പാറച്ചോട്ടിൽ എത്തിക്കും. കാറ്റ് പിടിച്ച മരത്തിൻ്റെ സിൽക്കാരത്തിനായി കാതോർത്തു.ചെറുമരങ്ങളെ കടപുഴക്കി പുൽമേടുകളിൽ തിരകൾ തെളിച്ച് കാറ്റ് വട്ടം കറങ്ങും. അച്ഛൻ നിശ്ശബ്ദം ഞങ്ങളെ ചേർത്തു പിടിച്ച് മുള്ളൻമരത്തിൻ്റെ ശൂന്യതയിലേക്ക് മിഴികൾ തെളിക്കും. മരത്തിൻ്റെ കൈക്കമ്പുകൾ വിറകിനായി പലരും പെറുക്കിക്കൊണ്ടുപോയി. ഉണങ്ങിയ ചപ്പുകളും കാട്ടുവള്ളികളും വെള്ളപ്പാച്ചിലിൽ ഒഴുകി നിൽക്കും.
വെള്ളനും ഞാനും മുതിർന്ന ക്ലാസ്സുകളിലായി.
മഴയുള്ള ഒരു ദിവസം വെള്ളൻ്റെ "അപ്പാ... അപ്പാ" എന്ന നിലവിളി കേട്ടാണ് ഞങ്ങൾ ഉണർന്നത്. അച്ഛനും ഞാനും തോട്ടിലേക്കോടി.
"അപ്പയെ കണെ" (അച്ഛനെ കാണാനില്ല), വെള്ളൻ പറഞ്ഞു.
പാറയിടുക്കുകളിലും അരികിലുമെല്ലാം നോക്കി. കണ്ടില്ല. വെള്ളൻ ഒരു കല്ലൻ ഞർളയിൽ തൂങ്ങി ആന വീണ പൊട്ടിലേക്ക് ഊർന്നിറങ്ങി. പിറകെ അച്ഛനും ഞാനും. ഉപേക്ഷിക്കപ്പെട്ട മുള്ളൻ മരത്തിൻ്റെ മൂട്ടുമുറിയിൽ ഒരു ചുവപ്പ് അടയാളം കണ്ടു. വെള്ളൻപാറയിൽ കൂടി തെന്നിത്തെന്നി അവിടെയെത്തി. പിന്നാലെ ഞങ്ങളും.
വക്കത്തൊളയിൽ കൈ പിടിച്ച് നിശ്ചലമായി കിടക്കുന്ന പെരുമൻ്റെ മൃതദേഹത്തിൽ തൊട്ട് വെള്ളൻ നിലവിളിച്ചു. പിന്നിട് ഞങ്ങൾക്കവിടം ഭയമായി. വെള്ളത്തിൽ കിടന്ന ആ മരത്തിൻ്റെ വലിയ വിള്ളലുകളിൽ ആരലും, കൊഞ്ചും വാഴക്കാവരയനും, കല്ലേ മുട്ടിയും, ഞണ്ടും താമസമാക്കി. ജീവിച്ചാലും മരിച്ചാലും ആശ്രയമാകുന്ന മരങ്ങളെക്കുറിച്ചുള്ള അനുഭവമായിരുന്നു അത്. കാലമേറെ കഴിഞ്ഞിട്ടും മരത്തിൻ്റെ അസ്ഥികൂടം പാറകൾക്കും കല്ലുകൾക്കുമിടയിൽ ഒരു ആവാസവ്യവസ്ഥയായി നിന്നു. ആരും കാണാതെ കരിക്കൻ കൊല്ലിയിൽ ചെന്ന് അതിൽ ചെവി വെച്ച് നോക്കിയിട്ടുണ്ട്, കാറ്റിൻ്റെ ചുളം വിളികൾ കേൾക്കാൻ. അച്ഛൻ ഓർമ്മയായിട്ടും വാക്കുകൾ ചെവിയിൽ പ്രതിധ്വനിക്കും.
"മരമാണ് നമ്മളെ രക്ഷിക്കുന്നത്’’, ടോമിൻ്റെ ഐ ഫോൺ ഒപ്പിയെടുത്ത കുറിഞ്ഞിപ്പൂക്കളും ചില്ലിത്തോട്ടിലെ കൊക്കയിൽ പറന്നുകളിക്കുന്ന ചിത്രശലഭങ്ങളും ഓർമ്മയിലെ ആത്മാക്കളായി. അതാ ആനയുടെ ചിന്നം വിളി.

തേനീച്ച, അണ്ണാൻ… എല്ലാം മാടിവിളിക്കുന്നു. നാമ്പിട്ട മുള്ളൻമരത്തിൻ്റെ തൈകൾ ആകാശംമുട്ടെ വളർന്നു പന്തലിക്കുന്നു. കാറ്റിൻ്റെ സിൽക്കാരം. കാലത്തിൻ്റെ മുന്നിൽ ഒരു കൊച്ചുകുട്ടിയായി കിതച്ചുനിൽക്കെ, ടോമിൻ്റെ ആഹ്ലാദം നിറഞ്ഞ കൂവൽ റീൽസുകളായ് പിന്നെയും രൂപപ്പെട്ടു.
ടോമിനെയും പരിസരത്തെയും മറന്ന് വെള്ളനും കൂട്ടുകാർക്കുമൊപ്പം അപ്പോഴും ഞാൻ നടന്നു. പ്രകൃതിയെ ചേർത്തുവെച്ച ഒരു സാധാരണ ജീവി. അല്ലങ്കിൽ ജലാശയത്തിൽ അടക്കം ചെയ്ത വൃക്ഷത്തിൻ്റെ വക്കത്തൊളയിൽ ജീവിച്ചിരിക്കുന്ന ഒരു പരമാണു. അതിൽനിന്ന് മനുഷ്യനിലേക്കുള്ള മാറ്റമറിയാതെ പാറയിൽ കണ്ണടച്ചുകിടന്ന എന്നെ ടോം പിന്നെയും ഏതോ അജ്ഞാതദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ശാന്തേച്ചിയും, കരിക്കൻ പെരുമനും നടന്ന വഴികൾ. കാഴ്ചകൾ മാഞ്ഞ കണ്ണുകൾ ആരെയോ പരതി. ടോമിൻ്റെ റീൽസിൽ ഒരു ആദിമ മനുഷ്യൻ രൂപം കൊള്ളുകയായിരുന്നു.
▮
(*വക്കത്തൊള: വലിയ മരങ്ങളിൽ ആനകൾക്ക് കെട്ടിവലിക്കാൻ കൈക്കോടാലി കൊണ്ടിടുന്ന തുള).
