‘സ്വാതന്ത്ര്യത്തിന്റെ ഉന്മാദം' ചർച്ച ചെയ്യുന്ന റൂമിൽ നേരമ്പോക്കിന് കയറി നോക്കിയപ്പോൾ വാടാപോടാ വിളികൾ കൊണ്ടുള്ള യുദ്ധം. ഒളിഞ്ഞുനോട്ടക്കാരനെപ്പോലെ അൽപനേരം അവിടെ തങ്ങി. വിരട്ടലും വിറപ്പിക്കലും മൂത്തുമൂത്ത് അസ്ഥിക്കു പിടിക്കുമെന്നും അന്നേരം നിഘണ്ടുവിലില്ലാത്ത പൊളിസാധനങ്ങൾ തെറിച്ചുവീഴുമെന്നും കരുതി കാത്തിരുന്നു. പക്ഷേ നാശംപിടിച്ച മോഡറേറ്റർ ഇടപെട്ട് എല്ലാം തണുപ്പിച്ചു കളഞ്ഞു. തണുക്കാൻ കൂട്ടാക്കാത്തവരുടെ മൈക്ക് പിടിച്ചെടുക്കുകയോ സ്പീക്കർ പാനലിൽനിന്ന് ഓഡിയൻസ് റോയിലേക്ക് തള്ളിയിടുകയോ ചെയ്തു. ഒച്ച നഷ്ടപ്പെട്ടവർ കെറുവിച്ച് ഒഴിഞ്ഞു പോയതോടെ റൂം മരിച്ച വീടായി. ആര് ആരോട് എന്തു പറയണമെന്നറിയാത്ത അനിശ്ചിതാവസ്ഥ. അല്പനേരം കഴിഞ്ഞപ്പോൾ, അടിയേറ്റ് ചത്ത പാമ്പിന്റെ വാൽ പതുക്കെ അനങ്ങുന്നതു കണക്കെ മോഡറേറ്റർ മൗനം വെടിഞ്ഞു.
"...അതുകൊണ്ട് ആർക്കും ദാനം ചെയ്യാനോ, പിടിച്ചു വാങ്ങാനോ പറ്റാത്ത ഒന്നാണ് സ്വാതന്ത്ര്യം. ഓരോരുത്തരും അവരവരുടെ ആന്തരികസത്ത തിരിച്ചറിയുന്ന നിമിഷം, സ്വാതന്ത്ര്യത്തിന്റെ വിശുദ്ധവാതായനങ്ങൾ തുറക്കപ്പെടുകയായി...'
സുവിശേഷങ്ങളല്ലാതെ ഇനി ഈ റൂമിൽ നിന്ന് ഒന്നും കിട്ടാനില്ലെന്ന് തീർച്ചപ്പെടുത്തി, ഞാൻ നിശ്ശബ്ദം പുറത്തിറങ്ങി. നേരെ ചെന്നത്
"കേറിവാടാ മക്കളേ, 10K തരാം' എന്ന അടുത്ത റൂമിൽ. അവിടെയാണെങ്കിൽ ഭിക്ഷാംദേഹികളുടെ നീണ്ട ക്യൂ. എങ്കിലും ചുറ്റിപ്പറ്റിനിന്നു. ആദ്യമൊന്നും ആരും മൈൻഡ് ചെയ്തില്ല. ചാഞ്ഞും ചരിഞ്ഞും, മിനുങ്ങിയും തിളങ്ങിയും, ഇളിച്ചും ചിരിച്ചും ഉള്ള പലജാതി മുഖങ്ങൾക്കിടയിൽ, നിഴൽ വീണുമങ്ങിയ മുഖം മോഡറേറ്ററുടെ കണ്ണിനു പിടിക്കണമെന്നില്ല. ഈ മുഖം വച്ചതുകൊണ്ടാവാം 94 ഫോളോവേഴ്‌സിനെ മാത്രമേ ഇക്കാലം കൊണ്ട് തടയാനായുള്ളൂ.
ആരാണ്, എന്താണ് എന്നൊന്നും നോക്കാതെ മുന്നിൽ കാണുന്നവരെല്ലാം തുരുതുരെ പിന്തുടർന്നു. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചാണ്, അങ്ങനെ ചെയ്തത്. എന്നാൽ ഇങ്ങോട്ട് ഫോളോ ചെയ്യാൻ അവരിൽ പലരുടെയും കൈവിറച്ചു. ബുദ്ധനും ക്രിസ്തുവും ഗാന്ധിയും ഒക്കെയായി സ്വയം അവരോധിച്ചു നടക്കുകയാണ്, എല്ലാവരും. വല്ല സിനിമക്കാരോ സെലിബ്രിറ്റികളോ ആണെങ്കിൽ, അപ്പോൾ തന്നെ സാഷ്ടാംഗം വീണു കളയും. ഏതെങ്കിലുമൊരു പോങ്ങൻ ഫേയ്ക്ക് ഐ ഡി ഉണ്ടാക്കി, സിനിമക്കാരുടെയോ മറ്റോ ഡി പി യിട്ടാൽ ഫോളോവേഴ്‌സിന്റെ ചാകരയായിരിക്കും. അത്രയേയുള്ളൂ ഇവന്മാരുടെ നെഗളിപ്പ്. സ്വന്തം പേരും മുഖവും കാട്ടി കാത്തിരുന്നാൽ പെരുമയോ, പൊലിമയോ ഇല്ലാത്തവരാണെങ്കിൽ ഒരുത്തനും തിരിഞ്ഞു നോക്കില്ല. അത്തരക്കാർക്ക് ചില്ലറ അപ്പത്തുണ്ടുകൾ കിട്ടണമെങ്കിൽ "കേറിവാടാ മക്കളേ' പോലുള്ള റൂമുകൾ തന്നെ ശരണം. അവിടെയും അത്ര എളുപ്പമല്ല കാര്യങ്ങൾ. പിച്ചപ്പാത്രവുമായി ഏറെനേരം കാത്തിരിക്കണം. മാത്രമല്ല പത്തു കിട്ടണമെങ്കിൽ നൂറ് ചെലവാക്കുകയും വേണം.
"...ഈ റൂമിൽ വലിയവരില്ല, ചെറിയവരില്ല. പ്രശസ്തരില്ല, അപ്രശസ്തരില്ല. പണക്കാരില്ല, പാവപ്പെട്ടവരില്ല. സുന്ദരന്മാരില്ല, വിരൂപൻമാരില്ല. എല്ലാവരും തുല്യർ. അങ്ങനെയാവാൻ മനസ്സില്ലാത്തവർ ഇവിടെയിരുന്ന് നേരം കളയണമെന്നില്ല. കേറിവരുന്നവർക്കെന്നപോലെ ഇറങ്ങിപ്പോകുന്നവർക്കും വാതിൽ മലർക്കെ തുറന്നിട്ടിരിക്കയാണ്...'
മോഡറേറ്റർ രജിത്ത് ബ്രോ റൂമിന്റെ നയം പ്രഖ്യാപിക്കുകയാണ്.
"...കുറേപ്പേരെ ഫോളോ ചെയ്ത് കാത്തിരിക്കുന്ന അനവധി പേരുണ്ട്, താഴോട്ട്. എല്ലാവരും കണ്ടറിഞ്ഞു സപ്പോർട്ട് ചെയ്യണം. ഫോളോ കിട്ടുന്നവരെല്ലാം ഫോളോബാക്ക് ചെയ്യണം. കൊടുത്താൽ കിട്ടണം. കിട്ടിയാൽ കൊടുക്കണം. അതാണ് നമ്മുടെ റൂമിന്റെ സ്ലോഗൻ. ഒന്നുമില്ലാത്തവന് 1K, 1Kക്കാരന് 2K, 2Kക്കാരന് 3K.... അങ്ങനെയങ്ങനെ ഓരോ Kയും ഈ റൂമിൽ വച്ചുതന്നെ നമുക്ക് സെലിബ്രേറ്റ് ചെയ്യണം. അതിനായി എല്ലാവരും ഒന്നാഞ്ഞു പിടിക്കൂ...'
നാട്ടുമ്പുറത്തെ പഴയ സൈക്കിളോട്ടക്കാരുടെ സംഭാവന പിരിവ് ഓർമ്മിപ്പിക്കുന്ന തരത്തിലാണ് രജിത്ത് ബ്രോ കത്തിക്കയറുന്നത്. അതിന്റെ ഓളത്തിൽ ചെറിയൊരനക്കം കാണാനാവുന്നുണ്ട്. എന്നിട്ടും ഫോളോയിംഗിന്റെ തട്ട് താഴുന്നതിനേക്കാൾ എത്രയോ മടങ്ങ് പൊങ്ങിക്കിടപ്പാണ് ഫോളോവേഴ്‌സിന്റെ തട്ട്.
കഷ്ടിച്ച് മൂന്നക്കം ഒത്തുകിട്ടിയപ്പോൾ "കേറിവാടാ മക്കളേ'യിൽ നിന്ന് ഞാൻ ഇറങ്ങി.
ഹാൾവേയിലൂടെ ചൂണ്ടുവിരൽ കുത്തി നടക്കുമ്പോൾ വൈവിധ്യമാർന്ന ധാരാളം റൂമുകൾ നിരന്നു നിൽക്കുന്നു. വിശാലമായ കമേഴ്‌സ്യൽ കോംപ്ലക്‌സിന്റെ പ്രതീതി. രാഷ്ട്രീയക്കാർക്കും സാഹിത്യകാരൻമാർക്കും മുഖം നോക്കാതെ സംസാരിക്കാൻ പലമാതിരി റൂമുകൾ. പാട്ടുകാർക്ക് പാടിപ്പാടി സ്വരം നന്നാക്കാൻ റൂമുകൾ. നാടകക്കാർക്കും സിനിമക്കാർക്കും അലക്കി വെളുപ്പിക്കാൻ മുക്കിന് മുക്കിന് റൂമുകൾ. മതേതരവാദികൾക്കുള്ളതുപോലെ മതവാദികൾക്കും, മദ്യവിരുദ്ധർക്കുള്ളതുപോലെ മദ്യാസക്തർക്കും, യുക്തിവാദികൾക്കുള്ളതുപോലെ അന്ധവിശ്വാസികൾക്കും റൂമുകൾ.
ജീവിതത്തിൽ തോറ്റവരുടെ ഹൃദയവേദനകളും വിജയിച്ചവരുടെ വീരഗാഥകളും കൈമാറാൻ പ്രത്യേകം റൂമുകൾ. പ്രണയിക്കുന്നവർക്കും പ്രണയിച്ച് പരാജയപ്പെട്ടവർക്കും റൂമുകൾ. ഭർത്താവില്ലാത്ത രാത്രിയിലെയും ഭാര്യയില്ലാത്ത രാത്രിയിലെയും അനുഭവങ്ങൾ പങ്കുവെക്കാൻ വെവ്വേറെ റൂമുകൾ. പായ്യാരത്തിനും പരദൂഷണത്തിനും പരിദേവനത്തിനും റൂമുകൾ. മാമ്പഴ പുളിശ്ശേരിയുടെ രുചിക്കൂട്ട് മുതൽ ഓസോൺ പാളിയിലെ വിള്ളൽ വരെ ചർച്ച ചെയ്യാൻ റൂമുകൾ. കലുങ്ക് വെടിവട്ടം മുതൽ അന്താരാഷ്ട്ര സെമിനാറുകൾ വരെ നടക്കുന്ന റൂമുകൾ...
ഓരോ മുറിയുടേയും പേരു വായിച്ച് നടന്നുനീങ്ങുന്നതിനിടയിലാണ് "മുറിക്കുത്തരം തെറിപ്പത്തല്' എന്ന നെയിം ബോർഡിൽ കണ്ണുടക്കിയത്. പേര് കൊളുത്തി വലിച്ചതു കാരണം അപ്പോൾ തന്നെ വിരൽകുത്തി മുറിക്കകത്തു കയറി.
"നായിന്റെ മോനെ...'
മുറിയിൽ നിന്ന് അപ്രതീക്ഷിതമായി ഒരശരീരി ഉയർന്നു കേട്ടു. നാട്ടുനടപ്പനുസരിച്ച് ആ വിളിയിൽ ഒരു ഉളുത്തു കേറലുണ്ടായെങ്കിലും മുറിയുടെ പേരിലേയ്ക്ക് വീണ്ടും കണ്ണുപായിച്ചപ്പോൾ അതുമാറിക്കിട്ടി. ചിന്തയുടെ ആഴങ്ങളിൽ നിന്ന് പെറുക്കികൊണ്ടുവന്നതുമാതിരിയുള്ള വാക്കുകൾ മുറിയിൽ നിരന്നുതുടങ്ങി.
"മലയാളികൾ അറഞ്ചം പുറഞ്ചം ഉപയോഗിച്ചു വരുന്ന തെറിയാണത്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിട്ടും തേയ്മാനം വന്നില്ലെന്ന് മാത്രമല്ല, മൂർച്ച കൂടുകയുമാണ്, ആ ജനകീയ തെറിക്ക്. ആകർഷണീയവും ആർഭാടരഹിതവും അർത്ഥസമ്പുഷ്ടവുമായ ഇത്തരം തെറികൾ കാലത്തെ അതിജീവിക്കും. അശരണർക്ക് അത് അഭയവും, ആശ്വാസവുമാണ്.'
ഇത്ര സ്ഫുടമയും, ദൃഢമായും ആരാണ് "നായിന്റെ മോൻ' എന്ന വാക്കിനെ സിദ്ധാന്തവൽക്കരിക്കുന്നതെന്നറിയാൻ ഞാൻ വിരൽകൊണ്ട് പരതി. കളത്തിൽ കൊപ്ര ഉണക്കാനിട്ടതുപോലെ നിരന്നു നിൽക്കുന്ന ഡി പികളിൽനിന്ന് ആ മുഖം കണ്ടെത്താൻ ശ്രമിക്കവേ അയാൾ തുടർന്നു.
"ദൈവനാമമാണ് മലയാളി ഏറ്റവും കൂടുതൽ ഉച്ചരിക്കുന്നതെങ്കിൽ അതിനു തൊട്ടുതാഴെയാണ് ആ വിളിക്കുള്ള സ്ഥാനം. കൊച്ചുകുട്ടികൾ മുതൽ പടുവൃദ്ധന്മാർക്കു വരെ പ്രതിസന്ധിയിലെ പിടിവള്ളിയാണത്. ആശ്വാസദായകമായ, അനായാസം നാവിന് വഴങ്ങുന്ന, ആരെയും അടിച്ചിരുത്താൻ പറ്റുന്ന, ആ വിളി ഉപേക്ഷിച്ചാൽ പിന്നെ മലയാളി ഇല്ല.'
ഇഷ്ടിക അടുക്കിവെച്ച് ചുമര് പണിയുന്ന കല്ലാശാരിയുടെ സൂക്ഷ്മതയോടെ അയാൾ വാക്കുകൾ ഓരോന്നും ക്രമപ്പെടുത്തി പുതിയ സിദ്ധാന്തം പണിയുകയാണ്.
"ദാറ്റ് ഈസ് വെരി ട്രൂ...'
ഡയസിൽ നിന്ന് ആരുടെയോ പിന്തുണ.
"ആ തെറിയുടെ ഗ്രേറ്റ്‌നസ് ഇംഗ്ലീഷിൽ വൈഡ് ആയി യൂസ് ചെയ്യുന്ന മറ്റൊരു വേഡിനുണ്ട്. ഐ തിങ്ക് ഇറ്റ് ഈസ് ആൻ ഇന്റർനാഷണൽ ഒബ്‌സീൻ.'
മുറി അൽപനേരം ശാന്തം
"ദാറ്റ് വേർഡ് ഈസ് ഫക്ക്.'
തെറിക്ക് പൊടുന്നനെ ആഗോള പരിവേഷം കൈവന്നതോടെ നാടൻ തെറിയുടെ പൊരുളന്വേഷകൻ സ്വയം മ്യൂട്ടായി.
"ഇറ്റ് ഈസ് വൺ ഓഫ് ദി മോസ്റ്റ് മാജിക്കൽ വേർഡ്‌സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ്. ആ വേർഡിന്റെ അർത്ഥവ്യാപ്തി അൺപ്രഡിക്റ്റബിൾ ആണ്. സെക്‌സിന്റെ വ്യത്യസ്തമായ സൗന്ദര്യഭാവങ്ങൾ കൂടാതെ ഹാപ്പിനസ്, സാഡ്‌നസ്, പാഷൻ, ഫ്രിജിഡിറ്റി, റിലീഫ്, പെയിൻ, ലവ്, ഹേറ്റ്‌റഡ്, പേഷ്യൻസ്, ആംഗർ, ഹോപ്പ്, ഡിസപ്പോയിന്റ്‌മെന്റ്, സേഫ്റ്റി, ഹെൽപ്പ്‌ലസ്‌നസ് അങ്ങനെ നൂറുനൂറ് കോൺട്രഡിക്ടറി ആയ ഇമോഷൻസ് ആ ഒറ്റ വേഡിൽ റിഫ്ളക്റ്റ് ചെയ്യുന്നു. ഇത്രയും പവർഫുൾ ആയ, എനർജറ്റിക് ആയ മറ്റൊരു വേഡ് ഇല്ല. ഫക്ക് ഒരു തെറിയാണെങ്കിൽ ഇഷ്ടമാണ് എനിക്ക് ആ തെറി.'
മുറി ഇപ്പോൾ വർണചിത്രങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിച്ചതുപോലെ തോന്നി. ശബ്ദം, വർണവെളിച്ചമായി മാറുന്ന അനുഭവം.
"അക്കോഡിങ് ടു ഓഷോ എല്ലാ മോർണിംഗിലും നമ്മുടെ കണ്ണുകൾ ക്ലോസ് ചെയ്ത് ഈ വേർഡ് റിപ്പീറ്റ് ചെയ്യുകയാണെങ്കിൽ ദാറ്റ് വിൽ ബി ദ ഗ്രേറ്റ് സാൽവേഷൻ. സ്പീക്കേഴ്‌സിന് മാത്രമല്ല ലിസണേഴ്‌സിനും.'
മുറിയിൽ വീണ്ടും മൗനത്തിന്റെ വെയിൽ പരന്നു. വാക്കുകളേക്കാൾ ഊക്കോടെ അത് ഓരോരുത്തരുടെയും ഉള്ളിൽ ജ്വലിച്ചു.
"മെന്റൽ ഡിപ്രഷൻ അനുഭവിക്കുന്നവരെ സാന്ത്വനിപ്പിക്കാൻ ഇപ്പോൾ വേൾഡ് വൈഡ് ആയി സജസ്റ്റ് ചെയ്യപ്പെടുന്ന വേർഡുകളിലൊന്നാണത്.'
ആരോ മൗനത്തിനിടയിൽ നുഴഞ്ഞുകയറി.
"ഫോർ എക്‌സാമ്പിൾ 'ഡോൺട് ക്രൈ, സേ ഫക്ക് യു, ആൻഡ് സ്‌മൈൽ', "ലൈഫ് ഈസ് എ ബിച്ച് സോ ലേൺ ടു ഫക്ക് ഇറ്റ്', അങ്ങനെയങ്ങനെ ഹൺട്രഡ്‌സ് ഓഫ് സ്ലോഗൻസ്.'
"വളരെ ശരിയാണ്, ആ വാക്കുള്ള സ്ലോഗനുകൾ പ്രിന്റ് ചെയ്ത ടീഷർട്ടുകൾക്ക് മാർക്കറ്റിൽ വൻ ഡിമാന്റാണ്.'
"തെറി ദേവസ്തുതിയായി പാടുമ്പോൾ, പാടുന്നവർക്കും കേൾക്കുന്നവർക്കും വൾഗാരിറ്റി ഫീൽ ചെയ്യുന്നില്ലെന്ന് മാത്രമല്ല, പോസിറ്റീവ് എനർജിയായി മാറുന്നുമുണ്ട് എന്നതിന് എക്‌സാമ്പിൾസ് നമ്മുടെ ഫേയ്മസ് ടെമ്പിളുകളിലുണ്ടല്ലോ.'
"തെറി യുക്തിപൂർവം പ്രയോഗിച്ചാൽ ബ്ലഡ്പ്രഷറിന് മറ്റു മെഡിസിൻസ് വേണ്ട.'
"ആധുനിക ചികിത്സാരംഗത്ത് തെറിതെറാപ്പി ഇപ്പോൾ വ്യാപകമാണ്.'
"ഗ്യാസ് ട്രബിളുകാർക്ക് അധോവായു വിട്ടാൽ വയറിന് ആശ്വാസം ലഭിക്കുന്നതിന്റെ യുക്തി മാത്രമേ ഉള്ളൂ തെറിപ്രയോഗത്തിന്.'
"മാതാപിതാക്കൾ, ശരീരാവയവങ്ങൾ, താമസസ്ഥലങ്ങൾ, തൊഴിലുകൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മൃഗങ്ങൾ... ഇവയുടെ പേരുകളാണ് തെറി എങ്കിൽ ആ തെറി നമുക്ക് ആക്‌സപ്റ്റ് ചെയ്യുന്നതിലെന്തു തെറ്റ്!'
റൂമിൽ ഓരോരുത്തരും വരിവരിയായി അൺമ്യൂട്ട് ചെയ്ത് അവരവരുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും നിരത്തി വയ്ക്കുകയാണ്. സമൂഹത്തിലെ ഉയർന്ന സ്ഥാനത്തിരിക്കുന്നവർ മുതൽ സാധാരണക്കാർ വരെ ഇവിടെ ഒത്തുകൂടിയിട്ടുണ്ട്. വഴിയെ പോയപ്പോൾ എത്തിനോക്കിയ ആളായിരുന്നിട്ടുകൂടി എന്നെ ഇടയ്ക്കിടെ സ്പീക്കേഴ്‌സ് ഡയസിലേക്ക് ക്ഷണിക്കുന്നുണ്ട്. ഒരുപാട് തെറിയനുഭവങ്ങൾ നാക്കിൻ തുമ്പത്ത് ചൊറിഞ്ഞു വന്നതാണെങ്കിലും, മറ്റുള്ളവരുടെ വായിലിരിക്കുന്നത് കേൾക്കാനുള്ള താൽപര്യം കാരണം ക്ഷണം നിരസിച്ചു കൊണ്ടിരുന്നു.
"എല്ലാവർക്കും നമസ്‌കാരം. ഏറെ നേരമായി ഈ റൂമിലെ ഡിസ്‌കഷൻസ് ഞാൻ ശരിക്കും എൻജോയ് ചെയ്യുകയായിരുന്നു...'
പുരുഷ ശബ്ദങ്ങൾക്കിടയിൽ ഇമ്പമാർന്ന ഒരു പെൺശബ്ദം തട്ടിൽ കയറിയപ്പോൾ എല്ലാവരും കാതുകൂർപ്പിച്ചു.
"തെറിവാക്കുകൾ പറയാനോ കേൾക്കാനോ സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു സെറ്റപ്പിൽ നിന്നാണ് ഞാൻ വളർന്നു വന്നത്. പക്ഷേ "ഫോക്ക്ലോർ ആൻഡ് ഒബ്‌സിനിറ്റി' എന്ന സബ്ജക്റ്റിലാണ് എന്റെ പി.എച്ച്.ഡി. അയാം ലിവിങ് ഇൻ ന്യൂയോർക്ക്. വർഷങ്ങളായി നാട്ടിൽ വന്നിട്ടില്ല. നാട് കണ്ണൂര് കല്ലടിത്തോട്, പേര് സുഭാഷിണി നായർ.....'
പൊടുന്നനെ ആരോ നടുപ്പുറത്ത് ആഞ്ഞ് ചവിട്ടിയ അനുഭവം എനിക്കുണ്ടായി. അപ്പോൾത്തന്നെ നിരന്നു കിടക്കുന്ന ഡി പികൾ വിരൽകൊണ്ട് താഴോട്ടും മേലോട്ടും ചിക്കിച്ചികഞ്ഞു. ഒടുവിൽ സ്പീക്കേഴ്‌സ് ഡയസിൽ, സ്പന്ദിക്കുന്ന വെള്ളിവളയത്തിനുള്ളിലെ തിളങ്ങുന്ന ആ മുഖം ഞാൻ കണ്ടുപിടിച്ചു. വലിയ കണ്ണുകൾ, കവിളത്ത് കാക്കപുള്ളി, കല്ലടിത്തോട്ടെ വില്ലേജ് ഓഫീസർ സുകുമാരൻ നായരുടെ മകൾ സുഭാഷിണി.
"കല്ലടിത്തോട് യു.പി.യിൽ പഠിക്കുന്ന കാലത്ത് സ്‌കൂൾ അസംബ്ലിയിൽ പ്രെയർ ചൊല്ലുന്ന സമയത്ത്' ചീത്തവാക്കോതുവാൻ ത്രാണിയുണ്ടാകണം' എന്ന് പാടി ടീച്ചറിൽ നിന്ന് പൊതിരെ തല്ലുവാങ്ങാറുള്ള ഒരു പയ്യനെയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്...'
സുഭാഷിണി നായർ മധുരശബ്ദത്തിൽ മൊഴിയുകയാണ്, എന്റെ ഹൃദയമിടിപ്പ് പെരുക്കിക്കൊണ്ട്.
"അശ്ലീലവും തെറിയും ഡബിൾ മീനിങ് വേർഡ്‌സും മാത്രമേ അവന്റെ നാവിൽ വിളയാടാറുള്ളൂ. ടോയ്ലറ്റ് ചുമരുകളിലെല്ലാം അവന്റെ വൃത്തികെട്ട സാഹിത്യം നിറഞ്ഞു നിന്നിരുന്നു. കൾച്ചേഡ് ആയിട്ടുള്ള ഫാമിലിയിൽ നിന്നും വരുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ആ പയ്യനോട് അറപ്പും വെറുപ്പും തോന്നിയിരുന്നു. ഞങ്ങൾ അവന്റെ അടുത്തു പോകാതിരിക്കാനും പോയാൽത്തന്നെ മിണ്ടാതിരിക്കാനും ശ്രദ്ധിച്ചു. എത്ര അവഗണന ഏറ്റുവാങ്ങിയിട്ടും, എത്ര വഴക്കുകിട്ടിയിട്ടും, എത്ര തല്ലുകൊണ്ടിട്ടും അവന്റെ നാക്ക് എന്തുകൊണ്ടാണ് ശരിയാവാത്തതെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പിൽക്കാലത്ത് റിസർച്ച് വിഷയമായി ഒബ്‌സിനിറ്റി തിരഞ്ഞെടുത്തത് തന്നെ സ്‌കൂൾ പഠനകാലത്തെ ഓർമ്മകൾ സ്വാധീനിച്ചത് കൊണ്ടാണ്. ലോകത്തിലെ തന്നെ പല യൂണിവേഴ്‌സിറ്റികളിലും ഒബ്‌സിനിറ്റിയെക്കുറിച്ച് പേപ്പർ പ്രസന്റ് ചെയ്യാൻ എന്നെ വിളിക്കാറുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് എനിക്ക് പല ബഹുമതികളും പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് കല്ലടിത്തോട് യു.പി. സ്‌കൂളിലെ ആ പയ്യനോടാണ്. ഇപ്പോഴവൻ എവിടെയാണോ എന്തോ?'
ബാർബർ ബാലനെ ഓർത്തെടുക്കുമ്പോൾ താരരാജാവ് അശോക് രാജിനുണ്ടായ വികാരത്തള്ളിച്ച സുഭാഷിണി നായരുടെ വാക്കുകളിൽ പടരുന്നതായി എനിക്ക് തോന്നി. ബാലനെപ്പോലെ ഇറങ്ങിപ്പോകാനൊന്നും എനിക്ക് മനസ്സുവന്നില്ല. ഒരിക്കലും മിണ്ടാനും പറയാനും എന്റടുത്തു വന്നിട്ടില്ലാത്ത, എന്നാൽ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞു പോയാൽ അപ്പോൾ തന്നെ ടീച്ചറിന് കൊണ്ടുക്കൊടുത്ത് എനിക്ക് നല്ല തല്ലു വാങ്ങിത്തരാറുള്ള, സുഭാഷിണിയുടെ പൊങ്ക്‌ളാന്തങ്ങൾ അല്പനേരം കൂടി കേൾക്കണമെന്ന് തോന്നി.
"ആ പയ്യന്റെ വീട്ടിൽ പ്രായംചെന്ന അമ്മൂമ്മ ഉണ്ടായിരുന്നത്രേ. പച്ചത്തെറിയുടെ എൻസൈക്ലോപീഡിയ ആയിരുന്നു അവർ. സന്ധ്യാനാമത്തിനുപകരം തെറിപ്പാട്ടുകളാണവർ ചൊല്ലാറെന്നത് നാട്ടിൽ പാട്ടാണ്. വായിലിരിക്കുന്നത് കേട്ടാൽ ഓക്കാനമുണ്ടാക്കുമെന്നതിനാൽ നാട്ടുകാരാരും അവരെ അടുപ്പിക്കാറില്ല...'
വയസ്സുകാലത്ത് ഞങ്ങളുടെ വീട്ടിൽ താമസമാക്കിയിരുന്ന വല്യപ്പോമ്മയെ കുറിച്ചാണ് സുഭാഷിണി പറയുന്നത്. എന്നെയും വല്യപ്പോമ്മയെയും ചോർത്തിക്കൊണ്ടുപോയാണ് കള്ളത്തി ഗവേഷിച്ചിരിക്കുന്നത്! ഉണ്ണാനും ഉടുക്കാനുമില്ലാതെ നാടുതെണ്ടി ജീവിച്ച വല്യപ്പോമ്മയെ തൂക്കി വിറ്റ് സുഭാഷിണി ധനികയായിരിക്കുന്നു!
എന്തായാലും സുഭാഷിണിയുടെ വാക്കുകൾ വല്യപ്പോമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ഒരിക്കൽ കൂടി തികട്ടി വരാൻ കാരണമായി. ജീവിതത്തിന്റെ അവസാനകാലം ഞങ്ങളുടെ വീടിന്റെ വടക്കോറത്തെ മൂലയിൽ അന്തിയുറങ്ങാറുള്ള വല്യപ്പോമ്മ തെറിയുടെ കുലപതിയായിരുന്നു. നാടൻ കള്ളിന്റെ ഇത്തിരി കനൽ അടുത്തൂടെ പോയാൽ മതി, ചുക്കിച്ചുളിഞ്ഞ ചുണ്ടിൽ നിന്ന് തെറിപ്പാട്ടുകളുടെ മാലപ്പടക്കം പൊട്ടിത്തെറിക്കാൻ തുടങ്ങും. ആവുന്ന കാലത്ത് പലപല ഹോട്ടലുകളിൽ അപ്പപ്പണിയെടുത്തായിരുന്നു ജീവിച്ചത്. ഏറെനേരം അടുപ്പിൻകുണ്ടിൽ ഒറ്റയ്ക്കിരിക്കുമ്പോഴുള്ള എരിച്ചിലും പുകച്ചിലും മാറാനായിരിക്കണം വെള്ളാപ്പം ചുടാൻ കൊണ്ടുവന്ന കള്ള് കട്ടുകുടിക്കുന്നതോടൊപ്പം പാട്ടുപരിപാടിയും തുടങ്ങിയത്. അടുപ്പിലുന്ത് അവസാനിച്ചിട്ടും പഴയതിനേക്കാൾ ചൂടും ചൂരുമുള്ള പാട്ടുകൾ വല്യപ്പോമ്മ പാകപ്പെടുത്തി. തെറി കേൾക്കാതിരിക്കാൻ കുഞ്ഞാപ്പു ചെത്തുകഴിഞ്ഞു പോകുമ്പോൾ വടക്കോറത്തെ മൺചട്ടിയിൽ വെള്ളംതൊടാത്ത കള്ള് ഒഴിച്ചുവെക്കും. അത് അകത്താക്കിയാൽ പിന്നെ പാട്ടിന്റെ ഉത്സവമാണ്. വരികളുടെ താളക്രമവും വാക്കുകളുടെ ഇഴയടുപ്പവും ശ്രദ്ധിച്ചാൽ ആരോ എവിടെയോ ഇരുന്ന് അനവധി വെട്ടിത്തിരുത്തലുകൾ നടത്തി സൃഷ്ടിച്ചതാണെന്നേ തോന്നൂ. എന്നാൽ അപ്പപ്പോൾ നാക്കിൻതുമ്പത്ത് വരുന്ന വാക്കുകളാണ് താളമൊപ്പിച്ചും പ്രാസമൊപ്പിച്ചും വല്യപ്പോമ്മ അനായാസം പാടിയിരുന്നത്. ആലോചിക്കുന്തോറും രസം ഊർന്നുവരുന്ന ദ്വയാർത്ഥ പ്രയോഗം, എഴുത്തും വായനയും അറിയാത്ത ഈ വല്യപ്പോമ്മക്ക് എങ്ങനെ സാധിക്കുന്നു എന്നായിരുന്നു എന്റെ അത്ഭുതം.
"പാരമ്പര്യം ഒബ്‌സിനിറ്റിയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നത് എന്റെ റിസർച്ചിലെ ഒരു ടോപ്പിക്ക് ആണ്. എത്ത്‌നോഗ്രഫി അനുസരിച്ച് ആചാരം,വിശ്വാസം, ഭാഷ, സ്വഭാവം എന്നിവ തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. സംസ്‌കാരത്തിന് കണ്ടിന്യൂയിറ്റിയുണ്ടെന്ന് പറയുന്നത് അതുകൊണ്ടാണ്. "മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല'എന്നൊരു പ്രോവെർബ് നാട്ടിൽ പ്രചാരത്തിലുണ്ടല്ലോ. കല്ലടിത്തോട് സ്‌കൂളിലെ പയ്യന്റെയും അമ്മൂമ്മയുടെയും കഥ ഉദാഹരിച്ചുകൊണ്ടാണ് ഈ തിയറി ഞാൻ പ്രൂവ് ചെയ്തത്...'
സുഭാഷിണി നായരുടെ പ്രബന്ധാവതരണം കേൾക്കവേ എനിക്ക് ചിരിയടക്കാനായില്ല. വരുമാന സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ സുകുമാരൻ നായർ കണക്കുപറഞ്ഞു വാങ്ങാറുള്ള കൈക്കൂലിപ്പണം കൊണ്ട് പഠിപ്പിച്ച് ഇവളെ ന്യൂയോർക്ക് വരെ എത്തിച്ചതിന് അതിന്റേതായ ഗുണം കിട്ടിയിട്ടുണ്ട്.
സത്യത്തിൽ ഈ വല്യപ്പോമ്മയുമായി എനിക്ക് രക്തബന്ധമൊന്നുമില്ല. അച്ഛന്റെ അമ്മൂമ്മയുടെ ആദ്യഭർത്താവിന്റെ രണ്ടാം കെട്ടിലെ മകൾ ആയിരുന്നത്രെ അവർ. മൂന്നോ നാലോ കല്യാണം കഴിച്ചിട്ടുണ്ടെന്നും ഒന്നും അധികകാലം നീണ്ടു നിന്നില്ലെന്നും സംസാരമുണ്ട്. മക്കൾ ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്നു. അപ്പപ്പണി ചെയ്യാൻ വയ്യാത്ത പ്രായമായപ്പോൾ ഹോട്ടലുകാർ ഇറക്കി വിട്ടു. നാടുതോറും തെണ്ടിനടന്ന്, അവസാനം എന്തൊക്കെയോ ബന്ധം പറഞ്ഞ് വീട്ടിലെത്തി. അലമ്പുണ്ടാക്കില്ലെങ്കിൽ വടക്കോറത്തെ മൂലയിൽ ഉറങ്ങിക്കോ എന്ന് അച്ഛൻ പറഞ്ഞു. അതുവരെ സമ്പാദിച്ച് കിഴിയിൽ കെട്ടിവെച്ചിരുന്ന പണം മുഴുവൻ അച്ഛനെ ഏൽപ്പിച്ചുവെന്നും സംസാരമുണ്ട്. വല്യപ്പോമ്മയുടെ മുഖവും ശരീരവും ഓർമ്മയില്ല. എന്നാൽ അവരുടെ ശബ്ദം കാതുകളിൽ ഇന്നും മുഴങ്ങുന്നുണ്ട്. ആരോട് സംസാരിക്കുമ്പോഴും അതിലൊരു പച്ചത്തെറി ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും.
ആരൊക്കെയോ അവരെ വല്ലാതെ ചതിച്ചിട്ടുണ്ട്. ഒരുതരം പക തീർക്കുമ്പോലെയാണ് പാട്ടുകളിലും പറച്ചിലുകളും പച്ചത്തെറി തിരുകി വയ്ക്കുക. പുള്ളിക്കാരത്തി പാടാനോ പറയാനോ വാ തുറക്കുമ്പോഴേക്കും അച്ഛൻ ഓടിവന്ന് ഏട്ടന്റെ ചെവി പൊത്തിപ്പിടിക്കും. "ഇവൻ തീരെ കൊച്ചല്ലേ, ഇമ്മാതിരി സാഹിത്യമൊന്നും കടന്നുപോകാനുള്ള തുള വീണിട്ടുണ്ടാവില്ല' എന്ന മട്ടിൽ അച്ഛൻ എന്റെ കാതുകളെ വെറുതെ വിട്ടു. താരാട്ടു പാട്ടുകൾ മാത്രം കേട്ട് ആലസ്യത്തിലായിപ്പോയ എന്റെ കാതുകൾ വല്യപ്പോമ്മയുടെ തെറിപ്പാട്ടുകൾ കേട്ട് വിജൃംഭിതമാവുകയായിരുന്നുവെന്ന് അച്ഛൻ മനസ്സിലാക്കിയില്ല. പാട്ടുകളും പറച്ചിലുകളും വള്ളിപുള്ളിവിസർഗം വിടാതെ മനസ്സിന്റെ മൂലയിൽ വന്നടിഞ്ഞു. വളക്കൂറുള്ള മണ്ണിൽ വീണ വിത്തുകൾ പോലെ അവയുടെ വേരിറങ്ങുകയായിരുന്നു. ഏട്ടനോടൊപ്പം സ്‌കൂളിൽ പോകുന്ന വഴിയിൽ ആ പാട്ടുകളും പറച്ചിലുകളും പതുക്കെ മുളച്ചു പൊന്താൻ തുടങ്ങി. വെറും നേരമ്പോക്കിന് ആയിരുന്നു തുടങ്ങിയത്. എന്നാൽ ഏട്ടൻ എന്റെ വായ പൊത്തിപ്പിടിക്കാൻ തുടങ്ങിയപ്പോൾ അതിനെ പ്രതിരോധിക്കാൻ വിരൽവിടവിലൂടെ ശക്തമായി അസഭ്യങ്ങൾ തെറിച്ചുവീഴ്ത്താൻ തുടങ്ങി.
സ്‌കൂളിലെത്തിയാൽ കൂട്ടുകാരോടൊത്തുള്ള സംസാരത്തിലും അറിയാതെ തെറി കടന്നുവരും. അച്ഛന് ഒറ്റിക്കൊടുക്കാൻ ഏട്ടനും ടീച്ചർക്ക് ഒറ്റിക്കൊടുക്കാൻ കൂട്ടുകാരും മത്സരിച്ചതിന്റെ ഫലമായി എനിക്ക് കിട്ടിയ തല്ലിന് കണക്കില്ല. ഓരോ തല്ലിന്റെയും ചൂടേറ്റ് പാട്ടുകളും പറച്ചിലുകളും വാടിക്കരിഞ്ഞു പോണേ എന്ന് പ്രാർത്ഥിക്കാറുണ്ടെങ്കിലും അതു പൂർവാധികം ശക്തിയോടെ പച്ചപിടിക്കുകയാണുണ്ടായത്. വഴിപിഴച്ച് പോകാതിരിക്കാൻ ഏട്ടൻ എന്നോടൊപ്പമുള്ള നടത്തവും സംസാരവും അവസാനിപ്പിച്ചു. മറ്റു കുട്ടികൾക്ക് അച്ചടക്കവും അനുസരണയും ഉണ്ടാക്കിക്കൊടുക്കാൻ ടീച്ചർ എന്നെ വെളിയിൽ നിർത്തി. ഓരോ അടിയുടെയും ഓരോ അകറ്റലിന്റെയും ചെളിവെള്ളത്തിൽ തെറിവാക്കുകൾ മുട്ടയിട്ട് പെരുകുകയായിരുന്നു.
"...കല്ലടിത്തോട് സ്‌കൂളിലെ പയ്യൻ ഇപ്പോഴും തെറിയിൽ തലപൂഴ്ത്തി കിടപ്പുണ്ടെന്ന് എനിക്ക് വിശ്വാസമില്ല. ഒന്നുകിൽ കാലം മാറിയപ്പോൾ വളരെ കൾചേഡ് ആയ ജീവിതത്തിലേക്ക് തിരിച്ചുപോയിട്ടുണ്ടാകും. അല്ലെങ്കിൽ അമ്മൂമ്മയെപ്പോലെ നാട്ടുകാരുടെ മുറിപ്പത്തലും വാങ്ങി എവിടേക്കെങ്കിലും ഓടിപ്പോയിട്ടുണ്ടാകും...''
സുഭാഷിണി നായർ തന്റെ വാക്കുകളെ നിലംതൊടാതെ പറത്തിവിടുകയാണ്. കഥാപാത്രം ഒരു റൂമിൽ തൊട്ടടുത്ത് നിറജീവനോടെ ഇരിപ്പുണ്ടെന്നറിയാതെ കഥയെ അജ്ഞാതദ്വീപിലേക്ക് നാടുകടത്തുകയാണ്. വല്യപ്പോമ്മയെ നാട്ടുകാർ അടിച്ചോടിച്ചു എന്നാണ് നായരുടെ കേട്ടറിവ്. മുറിപ്പത്തലിനേക്കാൾ കനമുള്ള തെറികൊണ്ട് ഉത്തരം പറയാറുള്ള വല്യപ്പോമ്മയെ എളുപ്പത്തിലൊന്നും ഓടിക്കാൻ ആർക്കും പറ്റില്ല. നാട്ടുകാരുടെ പരാതി സഹിക്ക വയ്യാതായപ്പോൾ വടക്കോറത്തു നിന്ന് ഇറക്കി വിടണമെന്ന് അച്ഛന് തോന്നിയെന്നത് വാസ്തവമാണ്. എന്നാൽ വല്ല കിണറ്റിലോ പുഴയിലോ ചാടിച്ചത്താൽ ഇക്കണ്ട നാട്ടുകാരെല്ലാം തിരിഞ്ഞുകൊത്തും എന്നോർത്തതിനാൽ അതിനു മെനക്കെട്ടില്ല. പകരം വടക്കോറത്തെ തെങ്ങിൻ തൂണിൽ ഇരുമ്പുചങ്ങലയിൽ പൂട്ടിയിടുകയാണ് ഉണ്ടായത്. ഭ്രാന്തുള്ളവരെ അങ്ങനെ ചെയ്യാറുണ്ടെന്ന് അച്ഛൻ സ്വയം നീതീകരിച്ചു.
നല്ല ഉറക്കത്തിലായിരുന്ന ഒരു രാത്രിയിൽ, വടക്കോറത്ത് എന്തോ ശബ്ദം കേട്ട് ഞാൻ ഞെട്ടി. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ വല്യപ്പോമ്മ പുളിച്ച തെറി തുപ്പുകയാണ്. ആരോടാണെന്ന് ആദ്യം മനസ്സിലായില്ല. നിലാവെട്ടത്തിൽ സൂക്ഷിച്ചുനോക്കിയപ്പോൾ കാലിൽ ബന്ധിച്ച ചങ്ങലയുടെ തടിച്ച പൂട്ട് നോക്കിയാണെന്ന് എനിക്ക് മനസ്സിലായി. അന്നേവരെ കേട്ടിട്ടില്ലാത്ത മുട്ടൻ തെറികൾക്ക് അരത്തിന്റെ മൂർച്ച.
രാവിലെ എണീറ്റുനോക്കിയപ്പോൾ വല്യപ്പോമ്മയെ കാണാനില്ല. വടക്കോറത്തെ തെങ്ങിൻചോട്ടിൽ അറ്റുകിടക്കുന്ന ചങ്ങലപ്പൂട്ട്. കണ്ണെത്തുന്ന ദൂരം മാത്രം പേരിന് നടന്നുനോക്കി, അച്ഛൻ പരതലവസാനിപ്പിച്ചു. ജീവനോടെയോ അല്ലാതെയോ കണ്ടുകിട്ടരുതേ എന്ന ഭാവമായിരുന്നു അപ്പോൾ അച്ഛന്റെ മുഖത്തുണ്ടായിരുന്നത്.
"കാലം മാറിയിട്ടും തെറിയുടെ പണിഷ്‌മെന്റ് ഇപ്പോഴും പഴയ മുറിപ്പത്തല് തന്നെ!'
സുഭാഷിണി നായരുടെ നെടുവീർപ്പ്.
"തെറി പറയുന്നവരെ ഉൾക്കൊള്ളാൻ നമുക്ക് പറ്റണം. വെളിച്ചവും ഇരുട്ടും പോലെ, പകലും രാത്രിയും പോലെ, വെളുപ്പും കറുപ്പും പോലെ, കൾച്ചേഡ് ആന്റ് അൺകൾച്ചേഡ് ആർ പാർട്‌സ് ഓഫ് ദി നേച്വർ, പാർട്‌സ് ഓഫ് ദി സൊസൈറ്റി, പാർട്‌സ് ഓഫ് ദി ഹോം, പാർട്‌സ് ഓഫ് ദി...'
സുഭാഷിണി നായർ വാക്കുകൾകൊണ്ട് ഇടിച്ചുകയറലും പിടിച്ചടക്കലും തുടരവേ ഞാൻ സ്പീക്കേഴ്‌സ് ഡയസിൽ ചാടിക്കയറി, അൺമ്യൂട്ട് ബട്ടണിൽ വിരലമർത്തി. പിന്നെ "ഫ!' എന്ന് ഉച്ചത്തിൽ ഒരാട്ടുകൊടുത്ത് റൂമിൽ നിന്ന് പുറത്തിറങ്ങി. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.