‘‘മുടിയൊക്കെ പെയ്യല്ലോടേയ്, ഇപ്പഴ് ശരിക്കും ദാസനെ പോലെന്നയുണ്ട്’’, അപ്പുമേശ്ശരിയുടെ ചെല്ലം പറച്ചില് കേട്ട് സതി വെറുതെ വെളുക്കനെ ചിരിച്ചു.
പൂശിയത് പൊളിഞ്ഞ് വെട്ടുകല്ല് തെളിഞ്ഞ് കിടക്കണ കടയിറമ്പിലോട്ട് കയറിനിന്ന് സതി വീട്ടീന്ന് ഇറങ്ങിയതെന്തിനെന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു, പറ്റണില്ലാ. അപ്പഴ് താഴേ റോട്ടിലൂടെ തിളങ്ങണ സില്‍ക്കുടുപ്പും, പാന്റും, ഷൂസുമിട്ട് സൈക്കിളില്‍ ഷീബേടെ മൂത്ത മകന്‍ മിന്നല് കണക്ക് കടന്നു പോയി, അമ്മാവനെ കണ്ട് പയല് ബെല്ലൊന്ന് കിണുക്കി.
''മുറുക്കാനിരിക്കണാ മാമാ?'' സതി അപ്പു മേശ്ശരിയോട് ചോദിച്ചു.
ഉണ്ടെന്ന് തലയാട്ടി പൊതിയഴിച്ച് നിവര്‍ത്തണേനിടയില് മേശ്ശരി ഒരു ലോഹ്യം കൂടി ചോദിച്ചു; ''നീ ഇപ്പഴ് പാടാറൊന്നുമില്ലേടേയ്?''.
കാലിപ്പൊയ്‌ല ചുണ്ണാമ്പു കൂട്ടി കൈവെള്ളയിലിട്ട് തിരുമ്മണേനിടയില് മേശ്ശരിക്കുള്ള മറുപടി സതി ചിന്തിച്ചു. പൊകല ചുരുട്ടി അണയിലിട്ട് ചവച്ചമര്‍ത്തി, പുകലനീരിന്റെ എരിക്കൊപ്പം കാതുകള്‍ രണ്ടിലേക്കും ചൂട് നീറി പടര്‍ന്നു. ഒന്ന് നീട്ടി തുപ്പി, ഒരു ചിരി ചിരിച്ച് സതി ഇറങ്ങിനടന്നു. റോഡ് മുറിച്ചു കടക്കാന്‍ നേരം മടുത്ത് കുത്തിയ പേശയുടെ താഴറ്റം കൈകൊണ്ട് മേലോട്ട് വകഞ്ഞ് കയറ്റിയതില്‍നിന്ന് മേശ്ശരിക്കുള്ള ഉത്തരം പിടികിട്ടിയ ആരോ കടയെറമ്പിലിരുന്ന് ആര്‍ത്ത് ചിരിച്ചു.
ചെവിയിലെ ചൂടുരുകി ചെന്നിയിലൂടെ ഒലിച്ചിറങ്ങി, ചാനലിന്റെ കരയിലൂടെ താഴോട്ടിറങ്ങണേനിടയില് സതിക്ക് കാലൊന്ന് ചറക്കി, ''വെറ്റമുറുക്കിയിട്ട് തോനെ കാലങ്ങളായി,'' സതി ഓര്‍ത്തു; അടുത്ത് കണ്ട വേലിത്തൂണില്‍ പിടിച്ച് പാതിയരഞ്ഞ വെറ്റയും പാക്കും പുകയിലയും സതി തുപ്പി കളഞ്ഞു, ഓക്കാനിക്കുമെന്ന് തോന്നി, രണ്ടുവട്ടം ഉറക്കെ കൊക്കിയെങ്കിലും പുറത്തോട്ടൊന്നും വന്നില്ല. മെല്ലെ തല നേരെ പിടിച്ചുനോക്കി, പയ്യെ വീട്ടിലേക്ക് നടന്നു. കഴുത്തിനുമീതേ ഉരുളുന്ന തല, ചെവിട്ടില്‍ അപ്പുമേശ്ശരിയുടെ ചോദ്യം ആവര്‍ത്തിക്കുന്നു, ''ഇപ്പഴ്, പാടാറൊന്നുമില്ലേടേയ്?''
കിണറ്റുവക്കിലെത്തി വെള്ളം കോരി മുന്നാലിറക്ക് കുടിച്ചു, പരവേശം ഒന്നടങ്ങി, തല നേരെ പിടിച്ച് ശ്രദ്ധിച്ചു, ഇല്ല, ഇപ്പോ കേള്‍ക്കുന്നില്ല. വായ കൊപ്പിളിച്ച്, മുഖം കഴുകി, ''എന്തണ്ണാ മുറുക്കാന്‍ ചൊരുക്കിയാ?'' തൊട്ടിയനങ്ങണത് കേട്ടുവന്ന ഷീബ സതിയുടെ കൈക്ക് പിടിച്ച് നടത്തി.
''വെറ്റമുറുക്കി… പാക്ക്… ചൊരുക്ക്'', ഓണപരിപാടിക്ക് പോകാനൊരുങ്ങി സിറ്റൌട്ടിലിറങ്ങി നില്‍ക്കണ ഉദയന്‍ മച്ഛ്നനെ കടന്ന് പോകുമ്പോള്‍ തളര്‍ന്ന ചുണ്ടത്ത് ചിരി വരുത്തി സതി പറഞ്ഞു.
അണ്ണനെ തെക്കേ മുറിയില്‍ കൊണ്ട് കിടത്തി ഫാനുമിട്ട് കൊടുത്ത് ഷീബയും അളിയനും ഇറങ്ങി. സതി മച്ചേല് നോക്കി കിടന്നു, അവര് വാതില് പൂട്ടി ഇറങ്ങണതിന് ചെവി വട്ടം പിടിച്ചു, ‘അളിയന്‍ മരുന്ന് സമയത്ത് കഴിപ്പില്ലെണ്ണേ?’, ഉദയന്‍ മച്ഛ്‌നന്റെ ചോദ്യവും ഷീബയുടെ മറുപടിയും പടികടക്കണത് സതി കേട്ടു കിടന്നു. അപ്പു മേശ്ശരിയുടെ ചോദ്യം തലയ്ക്കകത്ത് വീണ്ടും നുരച്ചു പൊന്തും മുന്നേ മയക്കം വന്ന് സതിയെ മൂടി.
അയനിമുക്കിലെ മിനര്‍വ്വ തോട്ടത്തിലാണ് സര്‍ഗ്ഗവേദിയുടെ ഓണാഘോഷം, ഏലാവാരം പരിപാടി സ്ഥലത്തേക്ക് നടക്കണതിനിടയില് എന്തോ ഓര്‍ത്തിട്ടെന്നപോലെ ഉദയന്‍ ചോദിച്ചു, ''സതിയളിയന് എപ്പഴ് പെണ്ണേ ഇത് തൊടങ്ങിയത്?''.
ഷീബ അത് കേള്‍ക്കാത്തപോലെ ഭാവിച്ചെങ്കിലും, നടപ്പിനിടയില്‍ മനസ്സിലത് തെളിഞ്ഞുവന്നു; താനന്ന് മിനര്‍വ്വ ട്യൂട്ടോറിയത്സില് എസ്.എസ്.എല്‍.സി സെഷന് പഠിക്കുന്നു, പെട്ടെന്നുരുണ്ട് കൂടിയ മഴക്കാറില്‍ അന്നത്തെ വൈകുന്നേരം വിയര്‍ത്തൊലിച്ചു, വെയിലത്തിട്ടിരുന്ന പൊറ്റയും മടലും തിടുക്കപ്പെട്ട് പെറുക്കി കൂട്ടുന്നതിനിടയിലാണ് ഷീബ മറപ്പുരയില്‍ നിന്നത് കേട്ടത്, ഓടിച്ചെന്ന് നോക്കമ്പോളുണ്ട് സതിയണ്ണന്‍ പാടണ്!, പിറന്ന പടി നിന്ന് പാടണ്!, അണ്ണനല്ല, സാക്ഷാല്‍ ദാസേട്ടന്‍ പാടുന്നു!
''ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുലതരളപദചലനനടനമുതിരൂ... ദേവീ...'' എന്ന് ഒറ്റശ്വാസത്തില്‍ ദാസേട്ടന്‍ പാടിയത് അതേപോലെ നാക്കുളുക്കാതെ, ശ്വാസംമുറിയാതെ സതിയണ്ണനും പാടുന്നു!
ദാസന്‍ ഭാഗവതരുടെ മൂന്ന് ആണ്മക്കളില്‍ മൂത്തവന്മാര് സേനനും, ശിശുവും പാടും. അവര് പാടണമെന്നും, അവരിലൂടെ പി.എസ്.എന്‍ ഭജന സമിതി നിലനിന്ന് പോണമെന്നും ഭാഗവതര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
‘പിളളര് പാടുവല്ലേ?’ എന്ന അഭ്യുദയകാംക്ഷികളുടെ ചോദ്യം താളത്തിലൊരു തലയാട്ടോടെ ഭാഗവതര് ആസ്വദിച്ചിരുന്നെങ്കിലും ‘എളേവന്‍ പാടുവാ?’ എന്ന് ആരും അന്നേവരെ ചോദിച്ചിട്ടുമില്ല, ഭാഗവതരതന്വേഷിച്ചിട്ടുമില്ല! പെട്ടിയും, തബലയും കെട്ടിപ്പെറുക്കാനും, സൈക്കിളേല്‍ വെച്ച് കെട്ടാനും, ഭജനക്ക് പിറകിലിരുന്ന് ജാല്‍റയില്‍ താളമിടാനുമായി ചെറുതിലെ തുടങ്ങി ചെറുക്കനുണ്ടാകാറുള്ളത് തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചതിനിടെ ദാസന്‍ ഓര്‍ത്തു.
പ്രത്യേകിച്ച് കാരണമൊന്നുമില്ലേലും ഭജനക്കായാലും ജീവിതത്തിലായാലും ഇളയ ചെറുക്കനെ എന്നും താന്‍ രണ്ടാം വരിയിലെ ഇരുത്തിയിട്ടുള്ളുവെന്നത് ആ രാത്രി ദാസനൊരു തിരിച്ചറിവായി. കാര്യങ്ങള്‍ രണ്ടാലൊന്നറിയും വരെ വീട്ടി കെടത്തണത് പന്തിയല്ല, ചെറുക്കനെ വെളുപ്പിനെ തന്നെ ഭാഗവതര് ആറ്റിനക്കരെ മൂത്ത ഒടപെറന്നോളുടെ വീട്ടിലേക്ക് കൂട്ടി. മാമിയോടല്ലാതെ വേറാരോടും ഒന്നും പറഞ്ഞേക്കരുതെന്ന് പ്രത്യേകം ചട്ടം കെട്ടി. പെങ്ങള് അനത്തിക്കൊടുത്ത കട്ടന്‍ വെള്ളവും കുടിച്ച്, ഒന്ന് മുറുക്കി, വേലിക്കലിറങ്ങി ഭാഗവതരൊന്ന് നീട്ടി തുപ്പി, പൊകലേടെ ചപ്പും, അടക്കാ ചവറും വേറുതിരിഞ്ഞ് കിടക്കുന്നു, പതം ചേര്‍ന്നില്ല, ചുവന്നിട്ടുമില്ല!
പതിവില്ലാതെ സതി ചെറുക്കെനെ അവിടെ കണ്ട മാമീടെമോള് ശ്രീദേവി ചെറുക്കന് ഏനക്കേടെന്തരോ തട്ടിയെന്ന് ഊഹിച്ചെങ്കിലും, എന്താണെന്ന് പിടി കിട്ടിയില്ല. തെരുവില് ഉച്ചച്ചന്തക്ക് പോണ വഴി മൂത്തമാമന്റെ വീട്ടില് കയറി ഷീബ പെണ്ണിനെ കണ്ട് കാര്യം മനസിലാക്കിയ ശ്രീദേവിക്ക് തിടുക്കമായി, ഒരുവിധം സമയം കഴിച്ച് രാത്രിക്ക് രാത്രി തന്നെ സതിയെ വിളിച്ചെണീപ്പിച്ചു, ഇരുട്ടത്ത് റബ്ബറ് പണയ്ക്ക് നടുവിലെ ഷീറ്റ്‌പെരേലേക്ക് കൂട്ടികൊണ്ട് പോയി. ''താലിപ്പൂ.. പീലിപ്പൂ.. താഴം പൂ ചൂടി വരും'' എന്ന പാട്ട് പാടിച്ചു, (ഭാഗ്യം, സതിക്ക് ആ പാട്ടറിയാമായിരുന്നു). കഴിഞ്ഞപ്പോള്‍ ''ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലമൃതോ'' പാടാന്‍ പറഞ്ഞു, സതി പാടി, പാടി കൊണ്ടിരിക്കുമ്പോള്‍ ശ്രീദേവി കരഞ്ഞു. പാട്ട് കഴിഞ്ഞതും ശ്രീദേവി ചോദിച്ചു, ''ഞാനൊന്നുമ്മ വെയ്ക്കട്ടാ?'', ശ്രീദേവി സതീടെ അലവില് അമര്‍ത്തി ചുംബിച്ചു, ശ്വാസത്തിന്റെ ചൂട് അലവില് തൊട്ടതും ശരീരത്ത് രോമങ്ങളോരോന്നും എഴുന്ന് വരണത് സതിയറിഞ്ഞു. പിന്നങ്ങോട്ട് അവസരം കിട്ടുമ്പോഴൊക്കെയും ശ്രീദേവി അവനെ കൊണ്ട് പാടിച്ചു, പാട്ടിന് ഉമ്മം പകരം കൊടുത്തു.
തുടര്‍ന്നുളള ദിവസങ്ങളില്‍ അണ്ണന്മാര് വൈകുന്നേരത്ത് പണി കഴിഞ്ഞ് വന്ന് സതിയെ കൊണ്ട് ദാസേട്ടന്റെ പാട്ടുകളോരോന്നും പാടിച്ച് പരീക്ഷിച്ച് നോക്കി. ശനിയാഴ്ച വൈകിട്ട് വിശ്വസിക്കാവുന്ന കൂട്ടുകാര് ചിലരെയും കൂട്ടി വന്നു, അവരും കേട്ട് അന്തം തള്ളി എണീറ്റ് പോയി! സാവകാശം സംഭവം പിള്ളേടെ കൈയ്യിലുള്ളത് തന്നെയെന്ന് അണ്ണന്മാര്‍ക്ക് വിശ്വാസമായി, ശിശുവണ്ണന്‍ ഭക്തിഗാനങ്ങളെഴുതിയ ഡയറിയും, ടേപ്പ് റെക്കോഡറും കാസ്റ്റുകളും കൊണ്ട് കൊടുത്തു, സതി പെട്ടുപെട്ടെന്ന് ഒക്കെയും പഠിച്ച് പാടി. അടുത്ത ഭജനസീസണില്‍ അനിയനെ അരങ്ങത്തിറക്കാന്‍ അണ്ണന്മാര് നിശ്ഛയിച്ചു, ദാസേട്ടന്റെ ഇന്റര്‍വ്യൂ വന്ന സണ്‍ഡേ സപ്ലിമെന്റ് കാട്ടി അനിയന് അണ്ണന്‍ ഡയറ്റ് പറഞ്ഞ് കൊടുത്തു, ഏറ്റവും പ്രിയപ്പെട്ട പഴങ്കഞ്ഞിയില്‍ കാന്താരിയുടച്ച് മോരൊഴിച്ചത് അന്നു മുതല്‍ക്ക് സതിക്ക് നിഷിദ്ധമായി. സപ്ലിമെൻറ് മൂന്നാല് വട്ടം വായിച്ച സതിക്ക് 'ശബ്ദം അടിനാഭിയില്‍ നിന്നും പിറവിയെടുത്ത് സ്വരശുദ്ധമായ തൊണ്ടയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതാണ് സംഗീതം' എന്ന ദാസേട്ടന്റെ പാഠം ഒരു തിരിച്ചറിവായി. ഒറ്റക്കിരിക്കണനേരം ഈ ശബ്ദവിദ്യ സതി സ്വയം പരിശീലിക്കാന്‍ തുടങ്ങി, അടിനാഭിയില്‍ നിന്ന് പുറത്തേക്ക് നിര്‍ഗമ്മിക്കണ മന്ത്രധ്വനിയില്‍ സതി തന്നത്താന്‍ പുളകിതനായി. അന്നേരം ചിലപ്പോഴെങ്കിലും ദാസന്‍ ഭാഗവതരുടെ പാട്ടിനെ പറ്റി സതി ആലോചിച്ചു, തൊണ്ടയില്‍ കൂടെയല്ലാ മൂക്കിലൂടെയാണ് അച്ഛന്റെ പാട്ട്!, ഈര്‍ച്ചവാളിന്റെ മൂര്‍ച്ചയുള്ള ഒരു തരം മൂളിച്ചയാണ് ദാസന്‍ ഭാഗവതരുടെ പാട്ടെന്ന് സതിക്ക് തോന്നി.
സതീടെ മെലിഞ്ഞെല്ലുന്തിയ ശരീരവും, അലവൊട്ടി കൂര്‍ത്ത മുഖവും, ഗന്ധര്‍വ്വസ്വരധാരയും തമ്മിലുള്ള പൊരുത്ത പ്രശ്‌നം പക്ഷേ അണ്ണന്മാരെ വലച്ചു. സേനനണ്ണന്‍ ഒരു വൈകുന്നേരം അനിയനെ ഉപദേശിച്ചു, ''ടേയ്, നീ ഇനി ഷേവ് ചെയ്യണ്ട കേട്ടാ''. ആഴ്ച മൂന്ന് കഴിഞ്ഞിട്ടും പക്ഷേ ചെക്കന് താടി നീണ്ടില്ല, താടിയുടെ മുകളെല്ലിന്റെ ഭാഗത്ത് ഒരു വരി രോമവും പിന്നെ കീഴ്ത്താടിയിലെ കുരുപ്പും മാത്രമേ വളരുന്നുള്ളു. മലയ്ക്ക് പോകാന്‍ വ്രതമെടുത്ത സമയത്തെ സ്വന്തം മുഖരോമ വളര്‍ച്ച ഓര്‍മ്മിച്ചെടുത്ത പ്രസേനന് പ്രതീക്ഷ മങ്ങി. ഒടുക്കം പരിപാടികള്‍ക്ക് സതി വെള്ള ജൂബയും സ്വര്‍ണ്ണ കരയന്‍ കോടി മുണ്ടും, ചന്ദനകുറിയുമിടാന്‍ ധാരണയായി, 'ഭജന' പരിഷ്‌ക്കരിച്ച് 'ഭക്തിഗാനസുധ' എന്നാക്കി, ഇലക്ട്രോണിക്ക് ഓര്‍ഗനും, ട്രിപ്പിള്‍ ഡ്രമ്മും വെച്ച് പെട്ടിയും ഗിഞ്ചറയും സൈഡാക്കി. മണ്ഡലകാലത്ത് കുന്നിലെ അയ്യന്‍കോവിലില് ആദ്യ പ്രോഗ്രാം നടന്നു, പരിപാടിക്ക് പോകാന്‍ നേരം ശ്രീദേവി ചേച്ചി പൊന്നനിയന് ഒരു ഉപഹാരം വെച്ചുകൊടുത്തു, ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജെന്‍സി വേളാങ്കണ്ണിക്ക് പോയപ്പോള്‍ പറഞ്ഞ് വാങ്ങിപ്പിച്ച 'വെള്ള സ്ട്രാപ്പുള്ള റിസ്റ്റ് വാച്ച്'!.
സമ്പ്രദായം മുടക്കാതെ വിനായക സ്തുതിയും, ''സ്വര്‍ഗ്ഗ നന്ദിനി..'' എന്ന സരസ്വതിവന്ദനവും ദാസന്‍ ഭാഗവതര് തന്നെ പാടി. ''കാനനവാസാ.. കലിയുഗവരദാ'' പാടിയാണ് സതിയുടെ അരങ്ങേറ്റം, അത് ഗംഭീരമായി, ഭജനകള്‍ക്ക് പതിവില്ലാത്ത വിധം പാട്ടുകാരന് മുന്നില്‍ ശ്രോതാക്കളന്ന് ഇരുന്ന് കേട്ടു, സതി ദാസേട്ടന്റെ രണ്ട് പാട്ടുകള്‍ കൂടി പാടി; ആളുകള്‍ ആവശ്യപ്പെട്ട പ്രകാരം 'കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി' എന്ന സിനിമാപാട്ടും പാടി. അന്നാദ്യമായി സതി ചെറുക്കന്റെ പാട്ടിന് ആളുകള്‍ കൈയ്യടിച്ചു, തന്നെയുമല്ല പരിപാടി കഴിഞ്ഞ് സ്റ്റേജിന്റെ പിറകില്‍ പൊതിയഴിച്ച് മുറുക്കി നിന്ന ദാസന്‍ ഭാഗവതരുടെ അടുക്കല് വന്ന് കമ്മറ്റിക്കാരും, സെക്രട്ടറി സുകുമാരന്‍ സാറും അഭിനന്ദനമറിയിച്ചു, ചെറുക്കന്റത് യേശുദാസന്റെ സ്വരം തന്നെയെന്ന് പ്രശംസിച്ചു.
അപ്പനപ്പൂപ്പന്മാരുടെ കാലം തുടങ്ങി ഭജനസംഘം ദാസന്റെ കുടുംബത്തിന്റെ മേല്‍വിലാസമാണ്. അപ്പന്റെ കാലം വരെ മരിപ്പിനും, ആണ്ടിനും വീടുകളില്‍ പാടണ ഏര്‍പ്പാട് പിന്നീട് നവരാത്രിക്ക് ക്ഷേത്രങ്ങളില്‍ പാടാന്‍ തുടങ്ങി, മണ്ഡലകാല പൂജകള്‍ നാട്ടില്‍ പ്രചാരത്തിലായ ദാസന്റെ യൌവ്വനകാലം തുടങ്ങിയാണ് ഭജന അവര്‍ക്കൊരു ജീവനോപാധിയായത്. പറയണത്ര നേരം പാടിയാല്‍ പൈസ കിട്ടും, പ്രശംസയും കൈയ്യടിയുമൊന്നും കിട്ടാറുമില്ല, അതേ കുറിച്ച് ഭജനക്കാര്‍ക്ക് വേവലാതിയുമില്ല. കമ്മറ്റിക്കാരുടെ അഭിനന്ദനത്തിന് മറുപടിയായി ഭാഗവതര് ചെറുതായി ചിരിച്ച് അവര് പോയ പാടെ ട്യൂബിന്റെ വെളിച്ചത്തേക്ക് ഒന്ന് നീട്ടി തുപ്പി.
അവിടുന്നങ്ങോട്ട് ദാസന്‍ ഭാഗവതരുടെ മകന്‍ നാട്ടുകാരുടെ 'അനുഗൃഹീത ഗായകന്‍ മൈലക്കര സതീഷ് ദാസ്' ആയി, നാടെമ്പാടും പരിപാടികളായി. പരിപാടിയുടെ കെട്ടിലും മട്ടിലും പരിഷ്‌ക്കാരങ്ങള്‍ പിന്നെയും വന്നു, ഇരുന്ന് പാട്ട് മാറ്റി നിന്നുകൊണ്ടാക്കി, ഒരു ഗായികയെ കൂടി ഉള്‍പ്പെടുത്തി സംഘം വിപുലപ്പെടുത്തി. വിനായക, സരസ്വതി വന്ദനങ്ങള്‍ പതിവുപോലെ ദാസന്‍ ഭാഗവതര്‍ക്കായി മാറ്റിവെച്ചെങ്കിലും, നിന്നോണ്ടുള്ള ഏര്‍പ്പാട് ഭഗവതര്‍ക്ക് പറ്റിയില്ല. ആദ്യവേദിയില്‍ തന്നെ ഗണപതി സ്തുതി കഴിഞ്ഞയുടന്‍ മൈക്ക് ശിശുവിനെ ഏല്പിച്ച് ദാസന്‍ ഭാഗവതര് സ്റ്റേജീന്നിറങ്ങി. പത്ത് പതിനഞ്ചു കൊല്ലം താന്‍ പാടിയ 'സ്വര്‍ഗനന്ദിനി' മിഷ്യന്‍കട്ട് ഉരുപ്പിടിയുടെ ഭംഗിയില്‍ മകന്‍ സതി പാടണത് ഭാഗവതര് പിറകില് കേട്ട് നിന്നു, സ്റ്റേജില് പാടണ നേരം വയറ്റിലുരുണ്ട് കൂടിയത് ഒരു എരിച്ചിലായി ഭാഗവതര്‍ക്ക് മേലോട്ട് തികട്ടി. താമസിയാതെ സമിതിയുടെ പേരും പരിഷ്‌ക്കരിക്കപ്പെട്ടു 'ശ്രുതിലയം ഓര്‍ക്കെസ്ട്ര' എന്നായി, ഷോ കാര്‍ഡ് പ്രിന്റ് ചെയ്യണം, ഫോട്ടോയെടുക്കാന്‍ ആളുമായി വന്ന മക്കളെ ഭാഗവതര് തടഞ്ഞു.
സമിതിയുടെ സാമഗ്രികളുടെ കൂട്ടത്തില്‍ നിന്നും പി.എസ്.എന്‍ ഭജന സമിതി മൈലക്കരയെന്ന് 'റ' മട്ടില്‍ എഴുത്തുള്ള നീലപ്പെട്ടി ദാസന്‍ ഭാഗവതര് തന്റെ കിടപ്പമുറിയില്‍ കൊണ്ട് വെച്ചു. സൈക്കിളിലെത്തിപ്പെടാവുന്ന ദൂരത്ത് പഴയ കുടുംബക്കാരുടെ വീടുകളില്‍ മരണങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും, മാത്രം ദാസന്‍ ഭാഗവതരുടെ പഴയ സമിതി ഇരുന്ന് പാടി, ശ്രുതി ലയം ഓര്‍ക്കെസ്ട്രാ നാടൊട്ടുക്ക് നിന്ന് പാടി.
മൈലക്കര സതീഷ് ദാസെന്ന അത്ഭുതത്തെ കേട്ടറിഞ്ഞ് പുറം ട്രൂപ്പുകളും ഗാനമേളക്കാരും സമീപിച്ചെങ്കിലും, അണ്ണന്മാര് അനിയനെ വിലക്കി. സംഗീതം ഈശ്വരാനുഗ്രഹമാണെന്നും അത് ഭഗവാന് തന്നെ അര്‍ച്ചനയായി നല്‍കാനുള്ളതാണെന്നും ശിശു അനിയനെ ഉപദേശിച്ചു, പരിഷ്‌ക്കാരങ്ങളെന്തെല്ലാം വന്നാലും ദാസന്‍ ഭാഗവതരുടെ മക്കളത് മറക്കരുതെന്ന് താക്കീതും കൊടുത്തു. ഭക്തിഗാനസുധകള്‍ക്ക് പുറത്ത് ആദ്യമായി സതി പാടണത് പഞ്ചായത്ത് മേളയ്ക്കാണ്. സര്‍ഗ്ഗവേദി ക്ലബ്ബിന്റെ അക്കൊല്ലത്തെ സെക്രട്ടറി കൂടി ആയിരുന്ന സേനനണ്ണന്‍ തന്നെയാണ് ലളിതഗാനത്തിന് അനിയന്റെ പേര് എഴുതിച്ചത്, സതി തരംഗണിയുടെ വസന്തഗീതങ്ങള്‍ കേട്ട് പഠിച്ചുതയ്യാറെടുത്തു. ശ്രീദേവി ചേച്ചിയുടെ നിര്‍ബന്ധത്തിന് വഴങ്ങി സതി ശാസ്ത്രീയ സംഗീതത്തിനും പേര് കൊടുത്തു.
''അരയന്നമേ ആരോമലെ, ദമയന്തിക്കായ് ദൂതുമായ് പോകയോ..'', തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ സതി പാടി, കൈയ്യടിച്ചാര്‍ത്ത് ആളുകള് സതിയെ തോളിലെടുത്തു. വേദിക്കുപുറകില്‍ പൊട്ടിക്കരഞ്ഞ് നിന്ന സ്ഥിരം ഒന്നാം സമ്മാനക്കാരി ഓമനക്കുട്ടിയമ്മ സാറിന്റെ മകള്‍ രാജലക്ഷ്മിയെ ജഡ്ജസ്സും അമ്മയും ചേര്‍ന്ന് സാന്ത്വനിപ്പിച്ചു. ശാസ്ത്രീയ സംഗീതത്തിന് ''വിനായക നനു വിനാ'' എന്ന കൃതി രാജലക്ഷ്മി ചെറിയ രാഗ സ്വര വിസ്താരങ്ങളോടെ വാശിക്ക് പാടി. പിന്നാലെ സതിയുടെ ഊഴമായി, ''ക്ഷീര സാഗര ശയന'' എന്ന ത്യാഗരാജകൃതി സ്വരപ്രസ്ഥാനത്തോടെ ദാസേട്ടന്‍ കാസറ്റില് പാടിയത് ചെത്തിമിനുക്കി അഞ്ച് മിനിറ്റിലേക്കൊതുക്കി അതേ പടി സതി പാടി നിറുത്തി.
ഫലപ്രഖ്യാപനം വന്നതോടെ ജനം ജഡ്ജസ്സിന് നേര്‍ക്ക് തിരിഞ്ഞു, പക്ഷേ വിധികര്‍ത്താക്കള്‍ നിലപാടിലുറച്ച് നിന്നു, ചെസ്റ്റ് നമ്പര്‍ 43- നു താഴെ ജ്ഞാനക്കുറവ്, സ്വരശുദ്ധിയില്ലായ്മ, ഉച്ഛാരണ വൈകല്യം എന്നീ മൂന്ന് റിമാര്‍ക്കുകള്‍ അവര്‍ എഴുതിവെച്ചു. ജനത്തിനത് ബോധിച്ചില്ലെങ്കിലും ജഡ്ജസ്സ് പറഞ്ഞതില്‍ വാസ്തവമുണ്ടെന്നൊരു തോന്നല്‍ സതിക്കുണ്ടായി, അടുത്ത രാത്രി റബ്ബറ് പുരയില് വെച്ച് കണ്ടപ്പോള്‍ സതി ശ്രീദേവിയോട് പറഞ്ഞു, ''ഞാന്‍ സംഗീതം പഠിക്കാന്‍ പോണ്''.
ചെമ്പൂരെ അരുണാധരന്‍ ആശാന്റെ മുമ്പില് സതി ദക്ഷിണവെച്ചു, ആശാന്‍ സതിയെ കൊണ്ട് സാ..പാ..സാ മൂളിച്ച് അന്നത്തെ ക്ലാസ് പിരിഞ്ഞു, പിരിഞ്ഞതും കാത്ത് നിന്ന ആരാധകര്‍ സതിയെ വളഞ്ഞു, അവര്‍ക്ക് ദാസേട്ടന്റെ പാട്ട് കേള്‍ക്കണം! പാട്ടേത് വേണമെന്നുള്ള സതിയുടെ ശങ്ക കൃത്യമായി പിടിച്ചെടുത്ത നീണ്ട കണ്ണുള്ള ഹാഫ് സാരിക്കാരി- ആശാന്റെ മൂത്ത അനന്തിരവള്‍ ശ്രീകല, ''പാടാത്ത വീണയും പാടും'' എന്ന നിര്‍ദ്ദേശം വെച്ചു. പാടണതിനിടയില് സതി അവളെ പാളി നോക്കി ചിരിച്ചു, അവള്‍ തിരിച്ചും. പിന്നങ്ങോട്ട് ആശാനുള്ളപ്പഴും ഇല്ലാത്തപ്പഴുമൊക്കെ സതി ചെമ്പൂരെ വീട്ടില്‍ ചെന്ന് പാടി, ശ്രീകല നീള്‍മിഴി കോണിലൂടെ ചിരി പൊഴിച്ചു. മറ്റാരുമില്ലാത്ത നേരത്ത് ഒരു ദിവസം പാട്ടിന് പ്രതിഫലമായി സതി മുത്തം ചോദിച്ചു, ശ്രീകല മനസ്സറിഞ്ഞ് കൊടുത്തു. തിരികെ വീട്ടിലേക്ക് സൈക്കിള് ചവിട്ടുന്ന നേരം ശ്രീദേവിചേച്ചിയുടെ രാത്രി മുത്തങ്ങളുമായി ശ്രീകലയുടേതിനെ സതി താരതമ്യപ്പെടുത്തി, ചുണ്ടിന്റെ നനവും ഉച്ഛ്വാസത്തിന്റെ ചൂടും കലര്‍ന്ന് ദേഹമാകെ കുളിര് പൊഴിക്കണ ആ മുത്തങ്ങളോളം ലഹരി കലയുടേതിനില്ലെന്ന് സതിക്ക് തോന്നി. പക്ഷേ ശ്രീദേവിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശോഭന്‍ സാറിന്റെ ആലോചന വന്ന മുതല്‍ക്ക് റബ്ബര്‍പ്പണയിലെ രാത്രിസംഗമങ്ങള്‍ക്ക് മുറതെറ്റിയിരുന്നു, ഒന്ന് രണ്ട് രാത്രികള്‍ ഷീറ്റ് പെരയിലിരുന്ന് കൊതുക് കടി കൊണ്ട് സതി തിരിച്ചുപോയി.
പകല്‍നേരത്ത് ശ്രീദേവിയെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും, മാമീടെ ചെനത്തുളള നോട്ടവും താക്കീത് കലര്‍ന്ന മൂളക്കവും കണ്ട് സതി പിന്തിരിഞ്ഞു. സര്‍വ്വോത്സാഹവും ചോരുന്നുവെന്ന് തോന്നിയ രാത്രികളില്‍ സതി ചെമ്പൂരെ വിറക് പുരയിലിരുന്ന് കലക്ക് വേണ്ടി പാടി, പാട്ടോരോന്നിനും മുത്തങ്ങള്‍ പകരം സ്വീകരിച്ച് അലവിന്റെ ദാഹം തീര്‍ത്തു. ശിഷ്യന്റെ വരവ് പോക്കും, രാത്രി പാട്ടും നാട്ടുകാര് വര്‍ത്തമാനമാക്കും മുന്നേ അരുണാധരനാശാന്‍ ദാസന്‍ഭാഗവതരെ പോയി കണ്ട് സംസാരിച്ചു, അനിയത്തി പെണ്ണിന് വാക്കുറപ്പിച്ച് നിക്കണത് കൊണ്ട് ആറ് മാസത്തെ സാവകാശം ഭാഗവതര് ചോദിച്ചെങ്കിലും മുന്നിലിരിക്കണ ആശാന്റെ കണ്ണിലെ ആധി കണ്ട് പെട്ടെന്ന് തന്നെ കല്ല്യാണത്തിന് സമ്മതിച്ചു.
ശ്രീകല മൈലക്കരക്കല്ലാ, പകരം സതി ചെമ്പൂരാണ് പൊറുതിയായത്, ആദ്യരാത്രി മണിയറയ്ക്കുള്ളില്‍ കടന്ന് വാതില് ചാരിയ ശ്രീകല മുറിയുടെ മൂലയ്ക്കല്‍ചെന്ന് ഒരു പഴയ പച്ച ട്രങ്ക് പെട്ടി തുറന്നു. അകത്ത് നിന്ന് ഒരു തടിച്ച പുസ്തകം പുറത്തെടുത്ത് ഇടയ്‌ക്കെവിടുന്നോ കണ്ണടച്ച് ഒരു പേജ് തുറന്ന് വെച്ചു, 60കള്‍ മുതല്‍ക്കുള്ള പാട്ടുപുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്തതില്‍ നോക്കി അറിയുന്ന പാട്ടുകളൊക്കെയും പുലര്‍ച്ച വരെയും അടഞ്ഞ സ്വരത്തില്‍ സതി പാടിക്കൊടുത്തു. ഓരോ പാട്ടു തീരുമ്പോഴും ഈര്‍പ്പമുള്ള ഒരു മുത്തത്തിന് സതിയുടെ അലവ് കൊതിച്ചു, പക്ഷേ തടിച്ച പുസ്തകം കണ്ണടച്ചുംകൊണ്ട് തുറക്കാന്‍ നേരം തടയുന്ന പുതിയ പാട്ടേതെന്ന് അറിയാനുള്ള കൌതുകമായിരുന്നു കലക്ക്. നാലിന്റന്ന് തിരികെ മൈലക്കരക്ക് പോകണ അവസരത്തിനായി സതി കരുതിയിരുന്നു, വീരണകാവ് ക്ഷേത്രത്തില് ട്രൂപ്പിന്റെ പരിപാടി കഴിഞ്ഞ് പാതിരയ്ക്ക് വീടെത്തിയ സതിക്ക് ശ്രീകലയുടെ കൈയ്യിലെ പച്ച ബൈന്‍ഡ് കണ്ട് കലി കയറി. കണ്ണടച്ച് താള് മറിച്ചിരുന്ന ശ്രീകലയെ സതി കടന്നുപിടിച്ചു, മുഖത്തും മാറിലും തെരുതെരെ ഉമ്മ വെച്ചു, പൊടുന്നനെയുള്ള കയ്യേറ്റത്തില്‍ ആദ്യം പകച്ചെങ്കിലും, ശ്രീകല വഴങ്ങി. സംഭോഗശേഷം മെല്ലെ അടര്‍ന്ന് മാറാന്‍ ഒരുമ്പെട്ട സതിയെ തന്നിലേക്ക് ചേര്‍ത്തടുക്കി ശ്രീകല ചെവിട്ടില്‍ പറഞ്ഞു ''അണ്ണാ..പുഴയോരഴകുള്ള പെണ്ണ് … ഇത്തിരി പാടുവോ?''
കലേടെ വല്ല്യമാമമീടെ മോന്‍- ആര്യനാട്ടെ ഗിരിയണ്ണന്‍ സിറ്റീല് 'ട്രിവാന്‍ഡ്രം ഹൈ ഇലവന്‍സ്' ട്രൂപ്പില് ട്രിപ്പിള് വായിക്കണ കലാകാരനായിരുന്നു, വിരുന്നിന് ചെന്ന സതിയെ അണ്ണന്‍ ഗാനമേളക്ക് പാടാന്‍ ട്രൂപ്പിലേക്ക് ക്ഷണിച്ചു. ''അച്ഛ്ന്റൂടെയും അണ്ണന്മാരൂടെയും കേട്ട് നോക്കണം'' എന്ന് സതിയുടെ ഉള്ള് പറഞ്ഞുവെങ്കിലും ശ്രീകല ഒറ്റാവേശത്തില്‍ ഗിരിയണ്ണന് വാക്ക് കൊടുത്തു. സതിയണ്ണന്റെ പ്രതിഭ ഇങ്ങനെ ഈ മലമൂട്ടില് ഭജന പാടി തീരണ്ടതല്ലായെന്ന ബോധ്യം കലക്ക് ഉണ്ടായിരുന്നു, അവളുടെ കിനാവുകള്‍ സിനിമയിലെ പിന്നണി പാട്ടോളം ചെന്നെത്തിയിരുന്നു, സതിയണ്ണന്‍ പാടിയ ചലച്ചിത്ര ഗാനം റേഡിയോയിലൂടെ കേള്‍ക്കണത് കലയുടെ അങ്ങറ്റത്തെ സ്വപ്നമായിരുന്നു. സതിക്ക് അവളെ മറുത്ത് ഒന്നും പറയാന്‍ കഴിഞ്ഞില്ലാ. ഹൈ ഇലവന്‍സിന്റെ വേദികളില്‍ ഭക്തിഗാനങ്ങളില്‍ തുടങ്ങി, സെമിക്ലാസിക്കലുകള്‍ ഓരോന്നായി പാടി, പിന്നാലെ ''ഏഴ് സ്വരങ്ങള്‍'', ''ഒറ്റക്കമ്പി നാദം'', തുടങ്ങിയ ദാസേട്ടന്‍ സ്‌പെഷ്യലുകള്‍ പാടി ഗാനമേളകളിലെ താരമായി സതി അതിവേഗം മാറി. അനിയന്‍ ഗാനമേളക്ക് പാടണ വിവരം അറിഞ്ഞെങ്കിലും ശിശു അണ്ണന്‍ കേട്ട മട്ട് ഭാവിച്ചില്ലാ, 'ശ്രുതിലയം ഓര്‍ക്കസ്ട്ര'യുടെ വല്ലപ്പോഴുമുളള പരിപാടികള്‍ക്ക് ആ ഘട്ടത്തില്‍ സതി മുടക്കമില്ലാതെ എത്തുന്നുമുണ്ടായിരുന്നു.
താമസിയാതെ റിഹേഴ്‌സലുകളും, പ്രോഗ്രാമുകളുമായി സതിക്ക് തിരക്കേറി, കേരളമെമ്പാടും മൈലക്കര സതീഷ് ദാസ് നയിക്കുന്നതെന്ന വിശേഷണത്തൊടെ ഹൈ ഇലവന്‍സ് ഗാനമേളകള്‍ അരങ്ങേറി. പരിപാടികള്‍ തെക്കന്‍ കേരളവും കടന്ന് വടക്കോട്ടും വ്യാപിച്ചതോടെ ശ്രുതിലയം ഓര്‍ക്കസ്ട്രയുടെ പരിപാടികളില്‍ പങ്കെടുക്കുക സതിക്ക് പ്രായോഗികമല്ലാതായി. കൊമ്പനില്ലാത്ത മോഴകളുടെ എഴുന്നളളത്ത് പോലെ ശ്രുതിലയം ഓര്‍ക്കസ്ട്രയുടെ വേദികള്‍ക്ക് പകിട്ടില്ലാണ്ടായി, പരിപാടികള്‍ കുറഞ്ഞ് തുടങ്ങി, ''സതീഷ് ദാസ് കാണൂല്ലേ?'' എന്ന സംഘാടകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാതെ സേനന്‍ കുഴങ്ങി. സേനന്‍ പതിയെ അച്ഛന്റെ കൂടെ വീണ്ടും ഭജനകള്‍ക്ക് ഹാര്‍മോണിയം വായിച്ചു പാടി തുടങ്ങി, ശിശു സംഗീതമേ ഉപേക്ഷിച്ചു, മസ്‌ക്കറ്റില് മരപ്പണിക്ക് പോയി.
പഴയ കുടുംബക്കാരുടെ മരണാടിയന്തരങ്ങള്‍ക്ക് മാത്രമേ ഇപ്പോ ഭജനകളുളളു, അതും എപ്പഴാ, ഏതാന്ന് ഒന്നും ഒരു നിശ്ച്ചയവുമില്ലാ, വന്നാല്‍ പോണം. അങ്ങനെ ചെമ്പൂരടുത്ത് ഒരു മരണത്തിന് പെട്ടെന്ന് ഭജനയേറ്റതാണ് ദാസന്‍ ഭാഗവതര്, സേനനും പെണ്ണും കൂടി അവളെ ബന്ധുക്കളാരോ മെഡിക്കല്‍ കോളേജില് കിടക്കണത് അറിയാന്‍ സിറ്റീലോട്ട് പോയ സമയം, ഭാഗവതര്‍ക്കാണേ കുറച്ച് കാലം കൊണ്ട് ബുദ്ധിമുട്ടിക്കണ തൊണ്ടവേദന ഇപ്പോള്‍ കലശലായി, പാട്ട് പാടാനൊക്കണില്ലാ. മറ്റൊരു മാര്‍ഗ്ഗവും കാണാതെ തബലക്കാരനെയും കൂട്ടി സതിയെ അന്വേഷിച്ച് ഒരുച്ചനേരം ഭാഗവതര് കലയുടെ വീട്ടില് ചെന്നു കേറി. പ്രോഗ്രാം കഴിഞ്ഞ് വെളുപ്പിനെ തിരിച്ചെത്തിയ സതി ഉറക്കമാണ്, പെണ്ണ് കൊണ്ട് കൊടുത്ത ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കണതിനിടയില് ഭാഗവതര് കാര്യം പറഞ്ഞു. ''അയ്യോ അച്ഛാ അണ്ണന് വയ്യൂട്ട് ശാര്‍ക്കര ക്ഷേത്രത്തില് ഗാനമേളയുണ്ടല്ലാ...നല്ല ഉറങ്ങീല്ലെങ്കില് ശബ്ദമടയും'', മരുമകളുടെ മറുപടി കേട്ട ഭാഗവതര് പതുക്കെ എണീച്ച് പോകാന്‍ ഭാവിച്ചപ്പോള്‍ ശ്രീകല തടഞ്ഞു; ''അച്ഛാ ചോറ് തിന്നിറ്റ് പൂവാം..സതിയണ്ണന്‍ എഴിക്കട്ട്''. ഭാഗവതര് അതിന് വഴങ്ങീല്ലാ, മുറുക്കാനുദ്ദേശിച്ച് ഞെരമ്പും ഞെട്ടും കിള്ളിയ വെറ്റ തട്ടത്തിലേക്ക് തിരികെയിട്ട് ഇറങ്ങിനടന്നു.
ഓര്‍മ്മവെച്ച കാലം തുടങ്ങി, ദാസേട്ടന് താന്‍ അര്‍പ്പിച്ച ആരാധനയുടെ ഫലമാണ് സതിയണ്ണനെന്ന് ശ്രീകല ഉറച്ചുവിശ്വസിച്ചു. എന്നെങ്കിലുമൊരിക്കല്‍ സാക്ഷാല്‍ ദാസേട്ടനു മുന്നില്‍ സതിയണ്ണന്‍ സ്റ്റേജില്‍പാടണതും, ദാസേട്ടന്റെ കാലില്‍ വണങ്ങി അനുഗ്രഹം വാങ്ങണതും, കല സ്വപ്നം കണ്ടിരുന്നു. അക്കൊല്ലം അതിനും അവസരമുണ്ടായി, ബോംബൈ മലയാളി സമാജത്തിന്റെ ഓണാഘോഷത്തിന് ഹൈ ഇലവന്‍സിന്റെ ഗാനമേള ബുക്കിംഗുണ്ട്, ആഘോഷത്തിന് മുഖ്യാതിഥി ദാസേട്ടനും! ദാസേട്ടനു മുന്നില്‍ പാടാം. ഗിരിയണ്ണനോട് പറഞ്ഞ് സതിയ്‌ക്കൊപ്പം കലയും ബോബെക്ക് ടിക്കറ്റ് ഒപ്പിച്ചു. ഒരു കാലവും തോന്നാത്തൊരു പകപ്പ് മനസ്സില്‍ തോന്നിയ സതി പോണതിനു മുന്നേ അച്ഛന് ദക്ഷിണ വെയ്ക്കണമെന്നും തെക്കതിലെ ദേവിക്ക് വഴിപാട് കഴിയ്ക്കണമെന്നും ആഗ്രഹിച്ചെങ്കിലും റിഹേഴ്‌സലിന്റെ തിരക്കില്‍ ഒന്നിനും പറ്റിയില്ല. അവിട്ടത്തിന്റന്ന് വൈകീട്ടാണ് പരിപാടി, മുഴുന്നേരം ഇരിക്കില്ലെങ്കിലും ഒന്ന് രണ്ട് പാട്ടുകള്‍ ദാസേട്ടന്‍ കേള്‍ക്കും, തെരഞ്ഞെടുത്ത പാട്ടുകള്‍ വൃത്തിക്ക് പാടിയുറപ്പിച്ച് സതി വൈകുന്നേരത്തിന് തയ്യാറെടുത്തു.
പരിപാടി ദിവസം ഉച്ചയോടെ നാട്ടില്‍ നിന്നും സംഘാടകര്‍ക്ക് അറിയിപ്പ് വന്നു. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനാവാതെ ഗിരിയണ്ണനും ട്രൂപ്പ് മാനേജരും കൂടി കലയെ കണ്ട് കാര്യമറിയിച്ചു. ''അണ്ണനറിയണ്ടാ, പരിപാടി കഴിയട്ട്'', കല നിര്‍ദ്ദേശം വെച്ചു.
സദസ്സിന്റെ മുന്‍ നിരയിലേക്ക് നോക്കാതെ സതി ആദ്യ ഗാനം പാടി തീര്‍ത്തു, കൈയ്യടികള്‍ക്ക് മുന്നില്‍ശിരസ്സ് നമിച്ച് കൈ കൂപ്പി പിന്‍വാങ്ങും നേരം സതി അങ്ങോട്ടേക്കൊന്ന് പാളി നോക്കി, ദാസേട്ടന്‍ പ്രഭേച്ചിയുടെ കാതിലെന്തോ കുശലം പറയുകയാണ്. 'ശ്രീലതികകളുടെ' മുന്നോടിയായുളള രാഗാലാപനം തീര്‍ന്നതും സദസ്സ് അപ്ലാസ് കൊടുത്തു, ആത്മവിശ്വാസത്തോടെ പാടിയ സതിക്ക് ദാസേട്ടന് നേര്‍ക്ക് നോക്കാമെന്നായി, ഇടയ്‌ക്കെപ്പഴോ ദാസേട്ടന്റെ വിരലുകള്‍ തന്റെ പാട്ടിന് താളമിടുന്നത് കണ്ട് സതിക്ക് മേലാസകലം കുളിര്‍ത്തു. മൂന്നാല് പാട്ടുകള്‍ കൂടി ദാസേട്ടന്‍ കേട്ടിരുന്നു. പക്ഷേ പരിപാടിക്കിടയില്‍ തന്നെ സതിക്കും പെണ്ണിനും ട്രെയിന്‍ പിടിക്കാനായി പായേണ്ടി വന്നു, ദാസേട്ടന്റെ അനുഗ്രഹവും ഒത്തുളെളാരു ഫോട്ടോയും ആഗ്രഹമായി തുടര്‍ന്നു.
മരിപ്പ് കഴിഞ്ഞ് മൂന്നിന്റെ അന്നാണ് സതിയും കലയും നാടെത്തിയത്, മസ്‌ക്കറ്റിലായിരുന്ന ശിശു വരാനായി ഒരു ദിവസം കാത്ത ശേഷമാണ് അടക്കം നടന്നത്. വീടിന്റെ തെക്കെ മൂലക്ക് അച്ഛന്റെ പട്ടടയ്ക്കരികില്‍ പോയി കൈ തൊഴുത് നിന്ന സതിക്ക് ചെവിട്ടില്‍ മെല്ലെ ഒരു മൂളക്കം പോലെ തോന്നി, ഈര്‍ച്ചവാളിന്റെ മൂളക്കം പോലെ അച്ഛന്റെ ശബ്ദം!
ഏഴെട്ട് ദിവസത്തെ ഉറക്കക്ഷീണവുമായിട്ടാണ് രാത്രി കിടന്നതെങ്കിലും ചെവിട്ടിലെ മൂളക്കം കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല, മൂളല് മാത്രമല്ല, ദാസേട്ടന്റെ ശബ്ദത്തില്‍ 'അടിനാഭിയില്‍ നിന്നും പിറവിയെടുക്കുന്ന ശബ്ദം സ്വരശുദ്ധമായ തൊണ്ടയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതാണ് സംഗീതം' എന്ന് ആരോ നിര്‍ത്താതെ ചെവിട്ടില്‍ പറയുന്ന പോലെ. കിടന്നകിടപ്പില്‍ വെട്ടിവിയര്‍ക്കുന്ന പോലെ സതിക്ക് തോന്നി, എഴുന്നേറ്റ് ലൈറ്റിട്ട് നോക്കിയപ്പോള്‍ ശരീരത്ത് വിയര്‍പ്പേയില്ലാ! വാതില് തുറന്ന് സാവധാനം മുറ്റത്തിറങ്ങി, അച്ഛന്റെ മുറുക്കാന്‍ തട്ട് പുറത്ത് പന്തലില്‍ ഇരിപ്പുണ്ട്, സതി കുറച്ച് പുകയില കീറിയെടുത്ത് ചുണ്ണാമ്പു കൂട്ടി തിരുമ്മി അണയിലേക്ക് തിരുകി. നടന്ന് പട്ടടയുടെ അരികിലെത്തി, മണ്ണില്‍ കുന്തിച്ചിരുന്നു. ചെവിട്ടിലേക്ക് പുകയില ചൂട് പടര്‍ന്ന് കയറണത് സതിയറിഞ്ഞു, പതുക്കെ മണ്ണിലേക്ക് മൂടുറപ്പിച്ച് പട്ടടയുടെ കാല്‍ ഭാഗത്തേക്ക് തലകയറ്റി വെച്ച് ചരിഞ്ഞ് കിടന്നു, ഇടയ്‌ക്കെപ്പഴോ ഉറങ്ങി.
ഗാനമേള വേദികളില്‍ രവീന്ദ്രന്‍- ദാസേട്ടന്‍ കൂട്ടുകെട്ടില്‍ ഉണ്ടാകുന്ന കുനിഷ്ഠ് പിടിച്ച പാട്ടുകളായിരുന്നു എന്നും സതിയുടെ മാസ്റ്റര്‍പീസ്. വാശിയോടെയവ പഠിച്ചെടുത്ത് ചൂടോടെ പാടി ഫലിപ്പിക്കുന്നത് സതിക്കൊരു ലഹരിയായിരുന്നു. റെക്കോര്‍ഡുകള്‍ ഇറങ്ങുമ്പോള്‍ തന്നെ വാങ്ങി പാട്ട് കേട്ട് പഠിക്കും, പിന്നെ ഊണിലും ഉറക്കിലും ആ പാട്ട് ചെവിട്ടിലങ്ങനെ മൂളും, സ്റ്റേജിലത് പാടി സദസ്സിന്റെ കൈയ്യടി വീഴുവോളം ആ ബാധ തുടരും. തൊണ്ണുറുകളുടെ അന്ത്യപാദത്തില്‍ പ്രായം ദാസേട്ടന്റെ സംഗീതത്തെ ബാധിച്ചെന്ന പൊതുധാരണ തെറ്റെന്ന് സ്ഥാപിക്കാനായാണ് ആറാം തമ്പുരാനിലെ 'ഹരിമുരളീരവം' രവീന്ദ്രന്‍ മാഷ് ചിട്ടപ്പെടുത്തിയത്. പതിവുപോലെ തനിക്ക് മുന്നില്‍ ഒരു വെല്ലുവിളിയായി 'ഹരിമുരളീരവം' വന്നപ്പോള്‍ സതിക്ക് പരിഭ്രമമേ തോന്നിയില്ലാ. പഴയ വാശിക്കും അത്യുത്സാഹത്തിനും പകരം അവധാനതയും പാകതയും തനിക്ക് കൈവന്നുവെന്ന് സതി തിരിച്ചറിഞ്ഞു. എങ്കിലും മിനിറ്റുകള്‍ നീളുന്ന ഒറ്റശ്വാസത്തിലുള്ള ദാസേട്ടന്റെ മേല്‍സ്ഥായി സഞ്ചാരത്തെ അനുകരിക്കാന്‍ വേണ്ടുന്ന തയ്യാറെടുപ്പുകളൊക്കെയും സതി നടത്തി. നിരവധി തവണ പാടിയിട്ടുള്ള മലയന്‍കീഴ് ക്ഷേത്രത്തിലാണ് ഗാനമേള, 'ഹരിമുരളീരവം' എന്ന പാട്ട് അനൌണ്‍സ് ചെയ്തപ്പഴെ കാതടപ്പിക്കുന്ന കരഘോഷം മുഴങ്ങി. സതി മൈക്ക് കൈയ്യിലെടുത്ത് ടൈമിംഗിനായി കാത്തു, സദസ്സ് പ്രതീക്ഷാപൂര്‍വ്വം ഒന്നിളകിയിരുന്നു. തുടക്കത്തിലെ ഹമ്മിങില്‍ ചെറിയ ശ്രുതിചേരായ്ക തോന്നിയ സതി മനസ്സ് കൂടുതല്‍ ഏകാഗ്രമാക്കി, ഉള്ളില്‍ പിറവിയെടുത്ത ശബ്ദത്തെ തൊണ്ടയിലെ ശ്രുതിയോട് സസൂക്ഷ്മം ചേര്‍ക്കുന്നതിനിടെ സതിയുടെ ചെവിട്ടില്‍ പെട്ടെന്നാ ഈര്‍ച്ചവാളിന്റെ ശബ്ദം ഒന്നു മിന്നി, എങ്കിലും കാര്യമായ കോട്ടം കൂടാതെ ഹമ്മിങ് ഒപ്പിച്ചു. പല്ലവിയിലേക്ക് കടക്കുന്നതിനു മുന്നേയുള്ള ഞൊടിയിടയില്‍ മനസ്സൊന്നു കൂര്‍പ്പിച്ചു, വീണ്ടും ആ മൂളിച്ച!.. അത് തീര്‍ച്ചപ്പെടുത്തും മുന്നേ പല്ലവിക്കുള്ള ടൈമിംഗ് വീണു ''ഹരി മുരളി രവം…'' തുടക്കത്തിലെ നേരിയ പതര്‍ച്ചയില്‍ നിന്നും സതി കരകയറിയതോടെ സദസ്സിന് പാട്ട് ആസ്വാദ്യമായി.
അനുപല്ലവിയുടെ തുടക്കത്തില്‍ തന്നെ രവീന്ദ്രന്‍ മാഷ് ഒരുക്കിവെച്ചിരുന്ന കെണിയെ കരുതി അതിസൂക്ഷമതയോടെ സതി 'മധുമൊഴി രാധേ നിന്നെ തേടീ...'' എന്ന നീട്ടിലേക്ക് പ്രവേശിച്ചു, ഇകാരത്തെ ശ്രുതിയില്‍ വിലയിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തില്‍ മനസ്സിനെ കൂടുതല്‍ലയിപ്പിച്ചു മുന്നേറവെ, ഒരു പൊരി തെറിക്കും പോലെ ആ മുളക്കം ഒന്നൂടെ മുളി, മനസ്സ് തിരിച്ചു പിടിക്കാന്‍ സതി ഒരു ശ്രമം നടത്തി, കഴിഞ്ഞില്ല, അത് വീണ്ടും മൂളി, വീണ്ടുമൊരു ശ്രമത്തിനുള്ള നേരമില്ലെന്ന് കണ്ട സതി മനസ്സിനെ ഒന്നയച്ചു, തൊണ്ടയില്‍ നിന്ന് വരേണ്ടുന്ന ശബ്ദത്തിനു പകരം ഒരു ഇര്‍ച്ചവാളൊച്ച മൂക്കിലൂടെ നിര്‍ഗ്ഗമിക്കുന്നത് സതി അറിഞ്ഞു, നിസ്സാഹയനായി നിന്നു, പിന്നാലെ സംഭവിച്ചതൊന്നും അറിഞ്ഞില്ല എന്നത് നേര്.
പിന്നീടൊരു വേദിയിലും 'ഹരിമുരളീരവം' പരീക്ഷിക്കാനുള്ള ധൈര്യം സതിക്കുണ്ടായില്ല, 'ഹരിമുരളീരവം' ഒഴികെയുള്ള മറ്റ് പാട്ടുകള്‍ പാടുന്ന പ്രഹസനം പല വേദികളില്‍ പിന്നീടുണ്ടായെങ്കിലും, അത് സതിയുടെ അപകര്‍ഷതയെ കൂടുതലാക്കി, പരാജയബോധം സതിയിലെ ചൊടിയും ഉത്സാഹവും ചോര്‍ത്തി. 'ഹരിമുരളീരവം' പാടാന്‍ ട്രൂപ്പ് മറ്റ് ഗായകരെ തിരഞ്ഞതോടെ സതിയുടെ പതനം പൂര്‍ണ്ണമായി. രാത്രികളില്‍ അച്ഛന്റെ മൂക്കിലൂടെയുളള ഈര്‍ച്ചവാളൊച്ചയും ദാസേട്ടന്റെ സാരോപദേശവും കൂടി കലര്‍ന്ന് സതിയുടെ തല തിന്നുന്നത് പതിവായി. കുറവങ്കോട്ടെ വൈദ്യര് നെയ്യും, പാലിലരച്ച് കഴിയ്ക്കാന്‍ വടകവും, നെറുകയില്‍ വെയ്ക്കാന്‍ നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബലയും സതിക്ക് കുറിപ്പെഴുതി. അല്പകാലം ശമനമുണ്ടായെങ്കിലും, ഉറക്കമൊഴിച്ചുള്ള പരിപാടികള്‍ക്ക് പിറ്റേന്ന് പകലുകളും അത് കേട്ടു തുടങ്ങി. കൂട്ടുകാര്‍ക്കൊപ്പം ബ്രാണ്ടി കഴിച്ച് കിടന്നപ്പോള്‍ മാത്രം നല്ല ഉറക്കം കിട്ടി. മരുന്നിന് തുടങ്ങി അത് പിന്നെ പതിവായി, കുടി പാട്ടിനെ ബാധിച്ചു തുടങ്ങിയതോടെ സതിയെ പരിപാടികള്‍ അറിയിക്കാതെയായി, ക്രമേണ ഇല്ലാതായി.
മൈലക്കര സതീഷദാസ് എന്ന അനുഗ്രഹീത ഗായകന്‍ കുടിച്ചുനശിച്ചെന്ന് ലോകം തീരുമാനത്തിലെത്തി. സതിയാകട്ടെ ആദ്യമാദ്യം സ്വകാര്യമായും പോകെ പോകെ അവസരഭേദമില്ലാതെ എവിടെവെച്ചും 'മധുമൊഴി രാധേ നിന്നെത്തേടീ..''യുടെ ഇകാരത്തിലുള്ള നീട്ടിനെ ശ്രുതിചേര്‍ക്കാന്‍ ശ്രമം തുടര്‍ന്നു, ഓരോ ശ്രമവും വഴിമധ്യത്തിലെവിടെയോ മൂര്‍ച്ചയുള്ള അനുനാസികത്തിലേക്ക് വഴുതുന്നതറിഞ്ഞ് സ്വയം ശപിച്ചും, പ്രാകിയും കാലം കഴിച്ചു. ഒന്നു രണ്ടു വട്ടം ആശുപത്രി വാസവും തുടര്‍ച്ചയായുളള മരുന്ന് പ്രയോഗവും കൊണ്ട് പുറമേക്ക് മൌനിയായി എങ്കിലും മനസ്സിലയാള്‍ ആ ഇകാരത്തെ ശ്രുതിചേര്‍ക്കാന്‍ ശ്രമിച്ച് നിരന്തരം പരാജയപ്പെട്ടു കൊണ്ടിരുന്നു.
അനുഗ്രഹമൊഴിഞ്ഞവനായി ഈ ലോകത്തെ മുഴുവനും നേരിട്ടാലും കലയുടെ മുന്നില്‍ താന്‍ ശൂന്യനായെന്ന വസ്തുത സതിക്ക് താങ്ങാനായില്ലാ. കലയാണെങ്കിലോ അകാലവൈധവ്യം വന്നവളെ പോലെ സദാ ചിന്താഗ്രസ്തയും വിഷണ്ണയുമായി, പൊതു ഇടങ്ങളില്‍ നിന്നും പാടെ ഉള്‍വലിഞ്ഞു, സതിയും കലയും ഒത്തുളള യാത്രകള്‍ ആശുപത്രികളിലേക്ക് മാത്രമായി. കലയും താനും മാത്രമല്ലാ ഗന്ധര്‍വ്വ നാദത്തില്‍ ഒരശ്ശരീരിയും ചേര്‍ന്നതായിരുന്നു തങ്ങളുടെ ദാമ്പത്യം എന്ന് സതി തിരിച്ചറിഞ്ഞു, ആ മൂന്നാമന്റെ അഭാവം അവര്‍ക്കിടയില്‍ വെളള പുതച്ച് മലച്ച് കിടന്നു. അത് സതിയെ ഏറ്റവും ബുദ്ധിമുട്ടിച്ചത് കിടപ്പറയിലായിരുന്നു, മുറിയുടെ മൂലയ്ക്കലെ പച്ച ട്രങ്ക് പെട്ടിയ്ക്കുളളില്‍ ബൈന്‍ഡിട്ട, തടിച്ച പാട്ടുപുസ്തകം മരണപ്പെട്ടവന്റെ ആത്മാവ് പോലെ ഗതികെട്ടുറങ്ങി. ഒരു വരി പാട്ടിന് പോലും തനിക്കാവതില്ലെന്ന ബോധ്യവുമായി തലച്ചോറിനെ കാര്‍ന്ന് തിന്നുന്ന അച്ഛന്റെ മൂളക്കത്തോടും ദാസേട്ടന്റെ സാരോപദേശത്തോടും പടവെട്ടി സതി രാത്രികള്‍ നീക്കി.
''നീയിപ്പഴ് പാടാറില്ലേടേയ്?'' അപ്പു മേശ്ശരിയുടെ ചോദ്യം ദൂരേന്ന് കേട്ട് സതി ഞെട്ടിയുണര്‍ന്നു, എഴുന്നേറ്റിരുന്നയിരിപ്പില്‍ ജനാലയിലൂടെ നോക്കി. പുറത്ത് നേരമിരുളാനുളള തത്രപ്പാടിലാണ്, പരിപാടി സ്ഥലത്ത് നിന്നുളള അനൌന്‍സ്‌മെന്റുകള്‍ കേള്‍ക്കുന്നുണ്ട്. പെങ്ങള് തലയ്ക്കല്‍ കൊണ്ടുവെച്ചുപോയ മൊന്തയില്‍ നിന്നും രണ്ട് കവിള്‍ വെളളമിറക്കിയപ്പോള്‍ ഒരാശ്വാസം തോന്നി. മുറ്റത്തിറങ്ങി വേലിയ്ക്കലെ പെരുമരച്ചോട്ടില്‍ പെടുക്കാന്‍ നിന്നനില്പില്‍ സതി 'മധുമൊഴി രാധ'യുടെ ഇകാരമൊന്ന് പിടിച്ച് നോക്കി, പുറപ്പെട്ടത് ദാസേട്ടന്റെ ശബ്ദമോ ഈര്‍ച്ചവാള്‍ മൂളലോ എന്ന് സതിക്ക് തീര്‍ച്ചപ്പെടുത്താനായില്ല, ഇറങ്ങിനടന്നു. സര്‍ഗ്ഗവേദി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മൈലക്കരയുടെ, 2004- ലെ ഓണാഘോഷ പരിപാടികളുടെ സമാപന വേദിയിലേക്ക് സതി എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു, സമ്മേളനവും സമ്മാനവിതരണവും കഴിഞ്ഞ് കലാപരിപാടികള്‍ തുടങ്ങാറായി. സദസ്സിന്റെ പിന്നിലായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് സതി കടന്നിരുന്നു. സതിയെ തിരിച്ചറിഞ്ഞ ആരോ ഒരു പിടി വറുത്ത കപ്പലണ്ടി അയാള്‍ക്ക് നേരെ നീട്ടി, അതും കൊറിച്ചിരിക്കെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനൊരു പരിപാടി സ്ഥലത്തെന്ന് സതി ഓര്‍മ്മിച്ചു.
'ഹൈ ഇലവന്‍സിന്റെ' ഗാനമേളയാണ് പ്രധാന പരിപാടി, അതിന് മുന്നേ ക്ലബ്ബിലെ പിളേളരുടെ തെരഞ്ഞെടുക്കപ്പെട്ട ചില ഐറ്റങ്ങളുമുണ്ട്. ആദ്യ ഇനം സിനിമാറ്റിക്ക് ഡാന്‍സാണ്, തിളങ്ങണ ഉടുപ്പും, പാന്‍സും, തൊപ്പിയും ധരിച്ച് ഷീബേടെ മകന്‍ സജുവും, വേറൊരു പയ്യനും, സ്റ്റേജിലേക്ക് കയറി. സ്റ്റേജിന്റെ ഒത്തനടുവിലായി പിളേളര് രണ്ടും തലകുനിച്ച് വീര്‍പ്പടക്കിനിന്നു, അനന്തരവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ സതിക്ക് ഒരു തരിപ്പ് അനുഭവപ്പെട്ടു, അന്ന് വരേക്കും തോന്നാത്തൊരു സാദൃശ്യം അവനില്‍ സതിക്ക് തോന്നി, ചെക്കന് ദാസന്‍ ഭാഗവതരുടെ ഛായ!
പൊടുന്നനെ പാട്ട് തുടങ്ങി, ''വാച്ച് ഓണ്‍ വാച്ച് ഓണ്‍വാച്ച് ഓണ്‍ വാച്ച്'' ആദ്യത്തെ നാല് വരികള്‍ എന്താണെന്ന് സതിക്ക് പിടികിട്ടിയില്ല, അതറിയാനായി മനസ്സ് കൂടുതല്‍ കൂര്‍പ്പിച്ചു, ശരിക്കും പാട്ടാണോ? അതോ തന്റെ കേള്‍വിയോ? സതിക്ക് ശങ്കയായി, ചെവിട്ടിലെ മൂളക്കമൊഴിക്കാന്‍ പതിവുളള മാതിരി തലയൊന്ന് കുടഞ്ഞ് എഴുന്നിരുന്നു. തൊട്ടുപിറകെ വന്ന അകാരാലാപനത്തോടെ സംഗതി പാട്ട് തന്നെയെന്ന് സതി ഉറപ്പിച്ചു. പിന്നാലെ മൂര്‍ച്ഛയുളള അനുനാസിക സ്വരത്തില്‍ 'ലജ്ജാവതിയെ നിന്റെ കള്ള കടക്കണ്ണില്‍' എന്ന് പല്ലവി തുടങ്ങി. പല്ലവിയില്‍ തന്നെ സതി വശപ്പെട്ടു, ആലാപനത്തിലെ അലസലാസ്യതയും സ്വരത്തിലെ നാസികാതിപ്രസരവും സതിയെ ഉന്മത്തനാക്കി, ചെവിട്ടില്‍ ചെറു ചൂട് തട്ടുന്ന പോലെ സതിക്ക് തോന്നി, താളത്തില്‍ കൈയ്യടിയോടെ അയാള്‍ സ്വയം മറന്നു. പാട്ട് അനുപല്ലവിയിലേക്ക് കടന്നതോടെ മനസ്സിലെന്നപോലെ ഉടലാകെ വിറ പടരും പോലെ അയാള്‍ക്ക് തോന്നി, എഴുന്നേല്‍ക്കാതെ തരമില്ലെന്നായി. താളം മുറിയാതെ സദസ്സിനു നടുവില്‍ എഴുന്നേറ്റ് നിന്നു, വല്ലാത്ത ഭാരക്കുറവ്, അരക്കെട്ടും ഉടലും താളത്തില്‍ ആടുന്നുണ്ട്, പാട്ടിന്റെ ഈണമൊപ്പിച്ച് സതി മൂളുന്നുമുണ്ട്. ചെറുപ്പക്കാര്‍ ചുറ്റും കൂടി സതിയെ കൈയ്യടിയോടെ പ്രോഹത്സാഹിപ്പിച്ചു. ആയിരങ്ങളുടെ നടുവില്‍ ഏതോ സ്റ്റേജില്‍ നിന്ന് പാടുകയാണെന്ന് സതിക്ക് തോന്നി, ഒന്ന് ചെവി കൂര്‍പ്പിച്ചു, ഈര്‍ച്ചവാള്‍ മൂര്‍ച്ചയുള്ള ശബ്ദം മൂക്കിലൂടെ നിര്‍ഗ്ഗമിക്കുന്നു! തടയണ മുറിഞ്ഞൊഴുകുന്ന കുത്തൊഴുക്ക് പോലെ അത് തന്നില്‍ നിന്നും പുറപ്പെടുന്നു. ശബ്ദം ഉച്ചത്തിലാവുന്നത് സതിയറിഞ്ഞു, ഉറക്കെ, കഴിയാവതുമുറക്കെ പാടാന്‍ അയാള്‍ക്ക് തോന്നി.
സ്റ്റേജിലെ പാട്ട് നിലച്ചത് സതി അറിഞ്ഞില്ല, ആള്‍ക്കൂട്ടനടുവില്‍ ആകാവുന്ന ഉറക്കെ അയാള്‍ പാടി ആടുകയാണ്, 'വാച്ച് ഓണ്‍ വാച്ച് ഓണ്‍ വാച്ച് ഓണ്‍ വാച്ച്'. പരിപാടി സ്ഥലത്തെ മുഴുവന്‍ കാണികളും ഇപ്പോള്‍ സതിക്ക് ചുറ്റുമാണ്, ഒപ്പം കൂടിയാടിയവര്‍ ഓരോരുത്തരായി കെട്ടടങ്ങി, ഒത്തനടുവില്‍ തെക്കതിലമ്മന്റെ കോമരം കണക്ക് ഇരുകൈകളും മേലോട്ട് ഉയര്‍ത്തി സതി മാത്രം ഉറഞ്ഞാടി. അകമേ നുരഞ്ഞ ലഹരി അയാളുടെ ഇരുകണ്ണുകളിലും ഉന്മാദത്തിന്റെ തിരി കൊളുത്തി, മുഖ പേശികളിലും ചുണ്ടത്തും ആനന്ദത്തിരയിളകി, ഉന്മാദമൂര്‍ച്ഛയില്‍ ഇടയ്ക്കിടെ അയാള്‍ അലറി വിളിച്ചു. മുരണ്ടു. കാഴ്ചക്കാര് അടുക്കാന്‍ കൂട്ടാക്കുന്നില്ല, അമ്പരന്ന് നിന്ന കൂട്ടരെ വകഞ്ഞ് ഷീബ മുന്നോട്ട് വന്നു, അണ്ണനെ പൂണ്ടടക്കം കയറി പിടിച്ചു, അളിയനും സംഘാടകരും ഒപ്പം ചേര്‍ന്ന് സതിയെ ഒരു വിധം പിടിച്ചൊതുക്കി. അണ്ണന്റെ വായ പൊത്തിയ ഷീബയുടെ ഉളളം കൈയ്യില്‍ 'വാച്ച് ഓണ്‍ വാച്ച് ഓണ്‍' എന്ന് ഈരടിയുടെ പിടച്ചിലറിഞ്ഞു.
തെക്കേതിലമ്മന്റെ മുന്നില്‍ ബാധ ഒഴിപ്പിക്കണോ, ആശുപത്രിക്ക് പോണോ എന്ന് അവര്‍ക്കിടയില്‍ ആശയക്കുഴപ്പമായി. അമ്മായിയെ ഫോണ്‍ ചെയ്ത് മടങ്ങി വന്ന സജു അത് പരിഹാരമാക്കി, ''ആശുപത്രീലേക്ക് കൊണ്ട് പൂവാന്‍ കലമാമി പറഞ്ഞ്''. എല്ലാരും ചേര്‍ന്ന് സതിയെ ഓട്ടോയിലേക്ക് കയറ്റി, തോട്ടത്തില്‍ നിന്നും കുത്തനെയുളള കയറ്റം കയറി റോഡിലെത്തി, അയനിമുക്കിലെ വളവെടുത്ത് പാഞ്ഞ ഓട്ടോയില്‍ നിന്നും മൂര്‍ച്ചയുള്ള ഈര്‍ച്ച വാള്‍ ശബ്ദം പിറകിലേക്ക് ഒഴുകി പരന്നു 'വാച്ച് ഓണ്‍ വാച്ച് ഓണ്‍വാച്ച് ഓണ്‍ വാച്ച്'.
മുക്കിലെ കടയിറമ്പില്‍ ഇരുന്ന അപ്പു മേശ്ശരി ആരോടോ ചോദിച്ചു, ''ആരെടേയ് അത്? ദാസന്റെ തനി ശബ്ദം!''.