ഡൽഹി വിറയ്ക്കുന്നു, കർഷകരുടെ സമരവീര്യത്തിൽ

ആഭ്യന്തര മന്ത്രാലയവും ഇന്റലിജൻസ് ഏജൻസികളുമായല്ല, രാഷ്ട്രീയ ഭരണനേതൃത്വവുമായി മാത്രമേ തങ്ങൾ ചർച്ചക്ക് തയ്യാറുള്ളൂ എന്ന് കർഷകർ ഉറപ്പിച്ചു കഴിഞ്ഞു. ഡൽഹിയുടെ പ്രവേശന കവാടങ്ങൾ അവരുടെ നിയന്ത്രണത്തിലാണ്. കേന്ദ്ര സർക്കാറിന്റെ എല്ലാവിധ കബളിപ്പിക്കൽ തന്ത്രങ്ങളെയും അവർ നെഞ്ചൂക്കോടെ നേരിടുകയാണ്, അവർ പറയുന്നു; 'ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ പഠിച്ചിരിക്കുന്നു; ഉത്തരം നൽകാൻ അധികാരികൾ തയ്യാറായേ മതിയാകൂ.'

ൽഹിയിൽ തണുപ്പുകാലം ആരംഭിച്ചിരിക്കുന്നു. രാത്രിയിലെ താപനില 9-10 ഡിഗ്രിയിലാണ്​. അഞ്ച് ദിവസമായി ലക്ഷക്കണക്കിന് കർഷകർ റോഡരികിലും മൈതാനങ്ങളിലുമായി രാപ്പാർക്കുകയാണ്. അഹന്തപൂണ്ട ഭരണകൂടം ജലപീരങ്കികൾ ഉപയോഗിച്ച് വെള്ളം ചീറ്റിയും കണ്ണീർ വാതക ഷെല്ലുകളെറിഞ്ഞും മാർഗ്ഗതടസ്സം സൃഷ്ടിച്ചും കർഷക പ്രക്ഷോഭം അടിച്ചമർത്താൻ നോക്കുകയാണ്. കൊടുംചൂടിലും അതിശൈത്യത്തിലും കടുത്ത മഴയിലും കഠിനാധ്വാനം ചെയ്ത് 130 കോടിയോളം വരുന്ന ജനതയെ പശിയറിയിക്കാതെ പോറ്റുന്ന കർഷക ജനതയുടെ സമരവീര്യത്തെ ഈ രീതിയിൽ അടിച്ചമർത്താമെന്ന ഭരണകൂട മൗഢ്യത്തിന് കിട്ടിയ ആദ്യ തിരിച്ചടിയാണ് ഡൽഹിയിലെ രാജപാതകളിൽ തമ്പടിച്ചിരിക്കുന്ന കർഷക ലക്ഷങ്ങൾ.

കർഷക വിരുദ്ധ നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി നവംബർ 26നാണ് ദില്ലി ചലോ മാർച്ച് തുടങ്ങിയത്. 21ഓളം കർഷക സംഘടനകളുടെ മുൻകൈയ്യിൽ രൂപീകരിച്ച അഖിലേന്ത്യാ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച മാർച്ചിൽ ലക്ഷക്കണക്കിന് കർഷകരാണ് അണിചേർന്നിരിക്കുന്നത്. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നാണ് കർഷകർ വൻതോതിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഘണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ കർഷകർ ഡൽഹിയിൽ എത്തിച്ചേർന്നിരിക്കുന്നു.

പതിനായിരക്കണക്കിന് ട്രാക്റ്ററുകൾ, മൂന്നുമാസത്തേക്കുള്ള ഭക്ഷണം...

ഡൽഹിയിലേക്കുള്ള ഈ അഞ്ചുനാളത്തെ യാത്ര കർഷകരെ സംബന്ധിച്ച് നിരവധി യാതനകൾ നിറഞ്ഞതായിരുന്നുവെന്ന് മാധ്യമങ്ങളിലൂടെ നാം കണ്ടുകഴിഞ്ഞു. അറസ്റ്റുകൾ, കണ്ണീർവാതക ഷെൽ വർഷങ്ങൾ, ലാത്തിച്ചാർജ്ജുകൾ. യാത്രമുടക്കാൻ ദേശീയപാതകൾ വെട്ടിമുറിച്ചും, വലിയ കണ്ടെയ്‌നർ ലോറികളും മരങ്ങളും കല്ലുകളും കൂട്ടിയിട്ട് മാർഗ്ഗ തടസ്സം സൃഷ്ടിച്ചും കേന്ദ്ര സർക്കാർ കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ ശ്രമിച്ചു.

ജലപീരങ്കികളെയും ലാത്തികളെയും കൂസാതെ, വെടിയൊച്ചകളിൽ ഭയപ്പെടാതെ, കിടങ്ങുകൾ കുഴിച്ച് യാത്രാമാർഗം തടയുന്ന ഭരണകൂടഭയത്തെ പരിഹസിച്ചുകൊണ്ടുതന്നെ മണ്ണിന്റെ കാവലാളുകൾ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ഡൽഹി നഗരത്തെ വളഞ്ഞുകൊണ്ടിരിക്കുന്നു. കർഷക മാർച്ചിനെ ഡൽഹിയിൽ പ്രവേശിപ്പിക്കില്ലെന്ന് ശപഥം ചെയ്തും അതിർത്തികളിൽ പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങളെ വൻതോതിൽ വിന്യസിച്ചും ഈ മുന്നേറ്റം തടയാൻ ശ്രമിച്ച ഭരണകൂടനീക്കങ്ങൾ കർഷകരുടെ ദൃഢനിശ്ചയങ്ങൾക്കു മുൻപിൽ നിഷ്പ്രഭമായിക്കൊണ്ടിരിക്കുകയാണ്​.

സമരത്തിനെതിരായ  പൊലീസ്​ നടപടിക്കിടെ പരിക്കേറ്റ കർഷകർ
സമരത്തിനെതിരായ പൊലീസ്​ നടപടിക്കിടെ പരിക്കേറ്റ കർഷകർ

സമീപകാല ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിലുള്ള ക്ഷമയോടും വീര്യത്തോടും കൂടിയായിരുന്നു കർഷക ലക്ഷങ്ങളുടെ മാർച്ച്. മുന്നിലുള്ള എല്ലാ തടസ്സങ്ങളെയും അവർ ധൈര്യപൂർവ്വം നേരിട്ടു. ജലപീരങ്കികളെയും ഇരുമ്പ് മുൾവേലികളെയും കണ്ണീർവാതക ഷെല്ലുകളെയും തൃണവൽഗണിച്ച് അവർ ഡൽഹിയിലെത്തിച്ചേരാനുള്ള ശപഥം ഓരോ നിമിഷവും പുതുക്കിക്കൊണ്ടിരുന്നു.

പതിനായിരക്കണക്കിന് ട്രാക്ടറുകളിലായി മൂന്ന് മാസക്കാലത്തേക്കുള്ള ഭക്ഷണസാധാനങ്ങളും വെള്ളവുമായാണ് അവർ തിരിച്ചിരിക്കുന്നത്. ലക്ഷ്യം നേടാതെ തിരിച്ചുപോകില്ലെന്ന ദൃഢനിശ്ചയം അവരുടെ ഈ കരുതലുകളിൽ കാണാൻ കഴിയും.

80കളിൽ മഹേന്ദ്രസിംഗ് ടികായത്തിന്റെ നേതൃത്വത്തിൽ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനിയിൽ നടന്ന കർഷക പ്രക്ഷോഭത്തിന് സമാനമായ മുന്നേറ്റമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

വേണം, ഉപാധികളില്ലാത്ത ചർച്ച

ഇനിയുള്ള ദിവസങ്ങൾ കേന്ദ്ര ഗവൺമെന്റിനെ സംബന്ധിച്ച് നിർണ്ണായകമായിരിക്കും. കർഷക മാർച്ചിനെ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഗവൺമെന്റിന് തങ്ങളുടെ മർക്കട മുഷ്ടിയിൽ നിന്ന് പിൻവലിയേണ്ട അവസ്ഥ വന്നിരിക്കുന്നു. ബുരാഡി മൈതാനിയിലേക്ക് പ്രക്ഷോഭ സ്ഥലം മാറ്റണമെന്നും ഡിസംബർ മൂന്നിന് കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയത് കർഷക പ്രക്ഷോഭത്തിന്റെ ആദ്യവിജയമായി കണക്കാക്കാം.

സമരത്തിനിടെ റോഡിൽ കുത്തിയിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രക്ഷോഭകർ
സമരത്തിനിടെ റോഡിൽ കുത്തിയിരുന്ന് ഭക്ഷണം കഴിക്കുന്ന പ്രക്ഷോഭകർ

എന്നാൽ, ഈ ആവശ്യം തള്ളിക്കളഞ്ഞ കോ-ഓർഡിനേഷൻ കമ്മറ്റി ഉപാധികളില്ലാതെ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് ആവശ്യപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയവും ഇന്റലിജൻസ് ഏജൻസികളുമായല്ല രാഷ്ട്രീയ ഭരണനേതൃത്വവുമായി മാത്രമേ തങ്ങൾ ചർച്ചക്ക് തയ്യാറുള്ളൂ എന്ന് കർഷകർ ഉറപ്പിച്ചു കഴിഞ്ഞു. രാജ്യത്ത് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് പ്രധാനമന്ത്രിയാണ്. ഉത്തരവാദപ്പെട്ട കാബിനറ്റ് സമിതി വന്നാൽ മാത്രമേ സമരസമിതി ചർച്ചയ്ക്ക് സന്നദ്ധമാകൂ എന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹരിയാന- ദില്ലി അതിർത്തിയായ സിംഘുവിലടക്കം വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ച പതിനായിരക്കണക്കിന് കർഷകർ കൂടി നവംബർ 30 ന് ഡൽഹിയിലെത്തും. ഉത്തർപ്രദേശ്, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷക പ്രക്ഷോഭകരും ഡൽഹിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.

‘ചരിത്രപരമായ താങ്ങുവില വർദ്ധനവ്'

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമ ഭേദഗതികൾ കർഷകരെ സംബന്ധിച്ച് മരണക്കെണിയാണെന്ന വ്യക്തമായ ബോധ്യത്തിൽ നിന്നുതന്നെയാണ് അന്തിമ സമരത്തിന് അവർ ഇറങ്ങിയത്. നിയമം പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അതിന്റെ പ്രത്യക്ഷ അനുഭവങ്ങൾ അവർക്ക് നേരിടേണ്ടിയും വന്നു. ‘ഒരു രാജ്യം ഒരു വിപണി’ എന്ന് സർക്കാർ ആണയിടുമ്പോഴും ഉത്തർപ്രദേശിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ ഹരിയാനയിലെത്തിയ കർഷകരെ APMCയിൽ വിൽക്കാൻ അനുവദിക്കാത്തതിൽ നിന്നുതന്നെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കർഷകർക്ക് ബോദ്ധ്യമായിക്കഴിഞ്ഞു.

പൊലീസ് ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് നീങ്ങുന്ന പ്രക്ഷോഭകർ
പൊലീസ് ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് നീങ്ങുന്ന പ്രക്ഷോഭകർ

കാർഷിക മേഖലയെ കോർപറേറ്റുകളുടെ കൈകളിലെത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ റദ്ദാക്കാനും തങ്ങളുടെ ഉൽപന്നങ്ങൾക്ക് മതിയായ താങ്ങുവില ലഭ്യമാക്കണം എന്നാവശ്യപ്പെട്ടും കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഈ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധങ്ങൾ നടന്നു വന്നിരുന്നു. ഇതിനിടയിൽ കർഷക പ്രതിഷേധം കണക്കിലെടുത്ത് ഒക്ടോബർ 20 നു ചേർന്ന പഞ്ചാബ് നിയമസഭയുടെ പ്രത്യേക സെഷൻ, കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയുകയും മൂന്നു ഫാം അമെൻഡ്‌മെന്റ് ബില്ലുകൾ പാസാക്കുകയും ചെയ്തു. ഇതേ ആവശ്യം ഉന്നയിച്ച്​ ഹരിയാനയിലെ കർഷകർ അവരുടെ സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അതിനു വഴങ്ങിയില്ല. ഈ രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തമ്മിൽ തുറന്ന വാക്‌പോരിലേക്കു കാര്യങ്ങൾ നീങ്ങവേ, പഞ്ചാബിൽ നിന്നുള്ള കർഷകരുടെ കൂടി പിന്തുണയോടെസമരം ശക്തിയാർജ്ജിച്ചു ഡൽഹിയിലേക്ക് മുന്നേറുകയായിരുന്നു.

ഈ പ്രതിഷേധങ്ങൾക്കിടയിലും പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽ പുതിയ കാർഷിക നിയമങ്ങൾ പുതിയ അവകാശങ്ങളും പുതിയ അവസരങ്ങളും കർഷകർക്ക് നൽകും എന്ന പല്ലവി ആവർത്തിക്കുക തന്നെയാണ് ചെയ്തത്. കാർഷിക ബില്ലിന്റെ പ്രഖ്യാപനത്തോടെ വൻതോതിൽ ഉയർന്നു വന്ന കർഷക രോഷം തണുപ്പിക്കാൻ ആറോളം റാബി വിളകൾക്ക് 2020 -21 കാലയളവിലേക്ക് മിനിമം താങ്ങുവില ഉയർത്തിയിരുന്നു.

സെപ്റ്റംബർ 21 ന് മോദിയുടെ നേതൃത്വത്തിൽ ചേർന്ന Cabinet Committee on Economic Affairs (CCEA) ൽ ആയിരുന്നു ഈ തീരുമാനം എടുത്തത്. ഈ മിനിമം താങ്ങുവില വർദ്ധനവ് ‘ചരിത്രപരവും' കോടിക്കണക്കിന് കർഷകർക്ക് ഉപകാരമായി തീരും എന്നൊക്കെയാണ് മോദി അന്ന് പറഞ്ഞത്.

യഥാർത്ഥത്തിൽ അത് കർഷകർക്ക് യാതൊരു പ്രയോജനവും നൽകുന്നില്ലെന്ന് സംസ്ഥാനങ്ങളിൽ നിന്ന് പരാതി ഉയർന്നിരുന്നു. തങ്ങൾക്ക് ആ ‘ചരിത്രപരമായ താങ്ങുവില വർദ്ധനവ് ' വേണ്ടെന്ന് ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കർഷകർ പറയുന്നു. രാജ്യത്തിന്റെ ഗോതമ്പുൽപാദനത്തിൽ നല്ലൊരു ശതമാനം സംഭാവന ചെയ്യുന്ന (31.5 %) ഉത്തർപ്രദേശ് ഗോതമ്പിനു നിശ്ചയിച്ച താങ്ങുവില കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാൾ 735 രൂപ കൂടുതലാണ്. ജാർഖണ്ഡ് 2020 -21 കാലയളവിലേക്ക്​ ഗോതമ്പിന്റെ താങ്ങുവില നിശ്ചയിച്ചത് ക്വിന്റലിന് 4254 രൂപയായിരുന്നു. ഉയർന്ന താങ്ങുവില നിരക്ക് എന്ന് വിശേഷിപ്പിച്ച് മോദി പ്രഖ്യാപിച്ചതാകട്ടെ ക്വിന്റലിന് 1975 രൂപയും. ബിഹാറിൽ സംസ്ഥാന സർക്കാർ നിശ്ചയിച്ച വില 2583 രൂപയാണ്. 608 രൂപ വ്യത്യാസം.

മറ്റു വിളകളുടെ കാര്യത്തിലും സമാന അവസ്ഥയാണുള്ളത്. ജാർഖണ്ഡ് , ഉത്തർപ്രദേശ്, ബീഹാർ, ചണ്ഡീഗഡ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രം തീരുമാനിച്ച മിനിമം താങ്ങുവിലക്ക് പകരം സംസ്ഥാനങ്ങൾ നിശ്ചയിച്ച നിരക്ക് പരിഗണയിലെടുക്കണം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ഓരോ സംസ്ഥാനങ്ങളുടെയും കാർഷികോൽപാദന ചെലവുകൾ, ഉൽപാദന നിരക്ക് എന്നിവ വ്യത്യസ്തമായിരിക്കും എന്നതുകൊണ്ട് തന്നെ, ആ സാഹചര്യങ്ങളെ പരിഗണയിൽ എടുക്കാതെ കേന്ദ്രം ഒരേ താങ്ങുവില സംസ്ഥാങ്ങൾക്കായി നിശ്ചയിക്കുന്നത് കർഷക വിരുദ്ധമായ തീരുമാനം തന്നെയാണ്. ഈ സാഹചര്യങ്ങളെല്ലാമാണ് കർഷകരെ തെരുവിലേക്കിറങ്ങാൻ നിർബന്ധിതമാക്കിയത്.

വിളവെടുപ്പിന്റെയും അടുത്ത കാർഷിക സീസണിലേക്കുള്ള വിത്തൊരുക്കലിന്റെയും സമയമായിട്ടും യാതനകളും ഭരണകൂട അതിക്രമങ്ങളും വകവെക്കാതെ കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത് തങ്ങളുടെ കൃഷിയും കൃഷിഭൂമിയും സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. രാജ്യത്തെ അന്നമൂട്ടുന്ന ആ കർഷകർക്കെതിരെ രാജ്യദ്രോഹികൾ എന്ന നിലക്കാണ് മോദി ഭരണകൂടം അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നത്.

ചിട്ടയായ സംഘാടനം

ഇടതു കർഷക സംഘടനകളുടെയും ഭാരതീയ കിസാൻ യൂണിയന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സംഖ്യത്തിന്റെയും സ്വരാജ് അഭിയാനിന്റെയും അടക്കം നിരവധി ദേശീയ നേതൃത്വങ്ങൾ കാര്യക്ഷമമായാണ് കർഷക പ്രക്ഷോഭത്തെ മുൻനിരയിൽ നിന്ന് നിയന്ത്രിക്കുന്നത്. സ്ത്രീ കർഷകരുടെ വലിയ പിന്തുണയും കർഷക സമരത്തെ സമാനതകളില്ലാത്ത മുന്നേറ്റമാക്കി മാറ്റുന്നു. കിസാൻ മസ്ദൂർ സമന്വയ് സമിതി, അഖിൽ ഭാരതീയ കിസാൻ സംഘർഷ് സമിതി, ആൾ ഇന്ത്യ കിസാൻ സഭ, ആൾ ഇന്ത്യ കിസാൻ മഹാസഭ, രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘടൻ, ഭാരതീയ കിസാൻ യൂണിയൻ, മസ്ദൂർ കിസാൻ സംഗ്രാം സമിതി, മസ്ദൂർ കിസാൻ ശക്തി സംഘടൻ, ജയ് കിസാൻ ആന്ദോളൻ, കൃഷക് മുക്തി സംഗ്രാം സമിതി, രാഷ്ട്രീയ കിസാൻ മഹാസംഘ്, മസ്ദൂർ കർമചാരി സമന്വയ് സമിതി, കിസാൻ മസ്ദൂർ സംഘർഷ് സമിതി, നാഷണൽ അലയൻസ് ഓഫ് പീപ്പ്ൾസ് മൂവ്‌മെന്റ്, ഭാരതീയ കിസാൻ ഖേത് സംഘടൻ, സ്വരാജ് അഭിയാൻ, തരായ് കിസാൻ സംഘടൻ, സ്വാഭിമാൻ ശേത്കാരി സംഘടൻ, ലോക് സംഘർഷ് മോർച്ച, നാഷണൽ- സൗത്ത് ഇന്ത്യ റിവർ ഇന്റർലിങ്കിംഗ് അഗ്രികൾച്ചറിസ്റ്റ് അസോസിയേഷൻ, കർണാടക രാജ്യ റെയ്ത സംഘം, റെയ്തു സ്വരാജ്യ വേദികെ എന്നീ സംഘടനകൾക്കൊപ്പം ആയിരക്കണക്കിന് സർവീസ് സംഘടനകൾ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസമ്പർ ഒന്നു മുതൽ ദേശീയതലത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോ-ഓർഡിനേഷൻ കമ്മറ്റി അഭ്യർത്ഥിച്ചിരിക്കുകയാണ്.
നവംബർ 30ന് ഡൽഹി-യു.പി പ്രവേശന കവാടമായ ഗാസിപ്പൂർ ഗേറ്റിലും, ഡൽഹി ബാഗ്പത് ദേശീയപാതയിലും അടക്കം ഡൽഹിയിലേക്കുള്ള പ്രവേശനകവാടങ്ങളിലൂടെ കർഷകർ മാർച്ച് ആരംഭിക്കും.

രാജ്യസഭാ എം.പി കെ.കെ രാകേഷിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിക്കുന്ന കർഷകർ
രാജ്യസഭാ എം.പി കെ.കെ രാകേഷിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിക്കുന്ന കർഷകർ

പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കുശേഷം രാജ്യം അതിശക്തമായ മറ്റൊരു മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഒരു കർഷക നേതാവ് പറഞ്ഞതുപോലെ, 'ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ പഠിച്ചിരിക്കുന്നു; ഉത്തരം നൽകാൻ അധികാരികൾ തയ്യാറായേ മതിയാകൂ.'


Summary: ആഭ്യന്തര മന്ത്രാലയവും ഇന്റലിജൻസ് ഏജൻസികളുമായല്ല, രാഷ്ട്രീയ ഭരണനേതൃത്വവുമായി മാത്രമേ തങ്ങൾ ചർച്ചക്ക് തയ്യാറുള്ളൂ എന്ന് കർഷകർ ഉറപ്പിച്ചു കഴിഞ്ഞു. ഡൽഹിയുടെ പ്രവേശന കവാടങ്ങൾ അവരുടെ നിയന്ത്രണത്തിലാണ്. കേന്ദ്ര സർക്കാറിന്റെ എല്ലാവിധ കബളിപ്പിക്കൽ തന്ത്രങ്ങളെയും അവർ നെഞ്ചൂക്കോടെ നേരിടുകയാണ്, അവർ പറയുന്നു; 'ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ പഠിച്ചിരിക്കുന്നു; ഉത്തരം നൽകാൻ അധികാരികൾ തയ്യാറായേ മതിയാകൂ.'


Comments