തർക്കങ്ങൾ നിന്നിടത്തു നിൽക്കും; സംവാദമേ മുന്നോട്ടു നീങ്ങൂ

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

രു രാജ്യം ജനാധിപത്യപരമായിത്തീരുന്നത് അവിടെ എതിർസ്വരങ്ങൾക്കും വിഭിന്ന വീക്ഷണങ്ങൾക്കും എത്രത്തോളം നിലനിൽക്കാൻ കഴിയുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതല്ലാതെ ഭൂരിപക്ഷഹിതത്തിന്റെ നടപ്പാകലല്ല ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഇത് പലപ്പോഴും വളരെ confusing ആയി മാറിയിട്ടുള്ളൊരു ആശയമാണ്- ഭൂരിപക്ഷാഭിപ്രായത്തിന്റെ നിർവഹണമാണ് ജനാധിപത്യം എന്നത്. വാസ്തവത്തിൽ അത് majoritarianism എന്നു പറയുന്ന ഒന്നാണ്. ആ majortiarianism ആകട്ടെ പലപ്പോഴും fascist potential ഉള്ളതുമാണ്. അതുകൊണ്ടു തന്നെ, ജനാധിപത്യഭരണകൂടത്തെ തെരഞ്ഞെടുക്കാനോ, അല്ലെങ്കിൽ അത്തരം സംവിധാനങ്ങളിലേക്ക് എത്തിച്ചേരാനോ ഉള്ള പ്രായോഗികവഴി എന്നതിനപ്പുറം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമായി ഭൂരിപക്ഷഹിതത്തെ കാണാൻ പറ്റില്ല.

അംബേദ്കർ ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോൾ പറയുന്നൊരു കാര്യം, വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതകളുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള അവകാശമാണ് ജനാധിപത്യം എന്നാണ്. അങ്ങനെ വ്യത്യസ്തരായിരിക്കുക എന്നത്, വേറിട്ടുനിൽക്കുക എന്നത്, വിഭിന്നസ്വരങ്ങൾ ഉയർത്തുക എന്നത്, ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. ആ വിഭിന്നസ്വരങ്ങൾ സാമൂഹികവിനിമയങ്ങളിൽ പ്രതിഫലിക്കുന്നതാണ് സംവാദങ്ങൾ. വ്യത്യസ്തങ്ങളായ ആശയാവലികൾ ഉന്നയിക്കപ്പെടുക, ആ ആശയാവലികളെച്ചൊല്ലി സാമൂഹികമായ ആശയരൂപീകരണം നടക്കുക, അതിലൂടെ പുതിയ ബോധ്യങ്ങളിലേക്കും പുതിയ വീക്ഷണങ്ങളിലേക്കും സമൂഹം എത്തിച്ചേരുക; ഇതാണ് സംവാദത്തിന്റെ അടിസ്ഥാനസ്വഭാവം. ഈ സംവാദാത്മകത ഒരു സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലേ അത് ജനാധിപത്യപരമാണ് എന്നു പറയാൻ പറ്റൂ. അപ്പോൾ മാത്രമാണ്, തന്റേതല്ലാത്ത സ്വരങ്ങളെ കൂടി ഉൾക്കൊള്ളുന്നൊരു അന്തരീക്ഷം ഒരാളുടെ ജീവിതത്തിലും ഒരു രാഷ്ട്രത്തിന്റെ ജീവിതത്തിലും ഉണ്ടാവുക. അതല്ലാതെ ഭൂരിപക്ഷഹിതത്തെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഒരു രാഷ്ട്രവും അടിസ്ഥാനപരമായി ജനാധിപത്യപരമല്ല. അവിടെ സംവാദങ്ങൾ സാധ്യവുമല്ല.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിന്റെ ഭാഷയുടെ അടിസ്ഥാനസ്വഭാവം അതിന്റെ തുറസ്സ് ആണെന്ന് ഞാൻ കരുതുന്നു. വ്യത്യസ്ത ആശയങ്ങളിലേക്ക് തുറന്നിരിക്കാനുള്ള ശേഷിയാണത്. വാസ്തവത്തിൽ, സംവാദം എന്നതിനെ നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കുന്നത്, തെറ്റായി ഉപയോഗിച്ചുവരുന്നത്, തർക്കം എന്ന നിലയിലാണ്. തർക്കവും സംവാദവും തമ്മിൽ വലിയ അകലമുണ്ട്.

തർക്കത്തിൽ നാം എതിരാളിയെയാണ്, ശത്രുവിനെയാണ് നേരിടുന്നത്. അയാളുടെ വാദഗതികളെ സമ്പൂർണ്ണമായി റദ്ദാക്കാനാണ് ശ്രമിക്കുന്നത്. ആ അർത്ഥത്തിൽ അത് ഭാഷണരൂപങ്ങളിലെ ഒരു ഫാസിസ്റ്റ് പ്രവണതയാണെന്നു പറയാം-annihilation of the other. അത് അപരത്തിന്റെ നിർമാർജനമാണ്. അപരത്തെ ഇല്ലാതാക്കലാണ്. അതിനുതകുന്ന ഹിംസാത്മകമായ ഭാഷ, അപവാദങ്ങൾ, അധിക്ഷേപങ്ങൾ, നിന്ദ്യമായ പരിഹാസങ്ങൾ, ചാപ്പകുത്തലുകൾ-branding എന്ന് നമ്മൾ പറയുമല്ലോ-ഇങ്ങനെയുള്ള ധാരാളം ഭാഷണതന്ത്രങ്ങൾ തർക്കത്തിൽ ഏർപ്പെടുന്നവർ ഉപയോഗിക്കാറുണ്ട്. ഒരു black and white terminology കൊണ്ട് യാഥാർഥ്യങ്ങളെ മറച്ചുപിടിക്കലാണവിടെയുള്ളത്.

നിങ്ങളോട് സംസാരിക്കുന്നയാളെ ഈ black and white categoryയിൽ എവിടെയെങ്കിലും fix ചെയ്ത് അയാളുടെ വാദഗതികളെ മുഴുവൻ അപ്രസക്തമാക്കാൻ ശ്രമിക്കുക, ഹീനമായ പദപ്രയോഗങ്ങൾ ആവർത്തിച്ചാവർത്തിച്ച് ഉപയോഗിച്ച് ഭാഷണ രീതികളെ മലീമസമാക്കിത്തീർക്കുക... ഇതൊക്കെ തർക്കത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന രീതികളാണ്. സംവാദത്തിന്റെ രീതി തീർത്തും വ്യത്യസ്തമാണ്. ഒന്നാമതായി, അപ്പുറത്ത് നിൽക്കുന്നയാളെ മാനിച്ചുകൊണ്ടേ അത് നിർവഹിക്കാൻ പറ്റൂ. അപരവിദ്വേഷത്തിലോ അപരഹിംസയിലോ സംവാദത്തിന് ഒരു ഇടവുമില്ല. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന് ശ്രീനാരായണഗുരു പറഞ്ഞത് ഒരു സമ്മേളനത്തിന്റെ നടപടിക്രമനിർദേശം എന്ന നിലയ്ക്കല്ല. അതിനൊക്കെ അപ്പുറം പോകുന്ന വലിയ പ്രാധാന്യം ആ ആശയത്തിനുണ്ട്. കാരണം, വാദിച്ച് ജയിക്കുമ്പോൾ, അപ്പുറത്തുള്ളയാളെ സമ്പൂർണ്ണമായി നിരാകരിക്കുകയാണ് നമ്മൾ ചെയ്യുന്നത്. അത് അപരനിരാസമാണ്. അപരവിദ്വേഷവും അപരഹിംസയുമാണ്. മറിച്ച്, അറിയാനും അറിയിക്കാനുമാണ് എന്നു പറയുമ്പോൾ, അതിൽ അപരത്തിന്റെ സാന്നിധ്യം അനിവാര്യമാണ്.

അറിയണമെങ്കിൽ അപരത്തിൽ നിന്ന് ഉൾക്കൊള്ളണം. അറിയിക്കണമെങ്കിൽ അപരത്തിലേക്ക് സംക്രമിക്കണം. അപരത്തിൽ നിന്നുള്ള സ്വാംശീകരണവും അപരത്തിലേക്കുള്ള സംക്രമണവുമാണ് സംവാദത്തിന്റെ അടിസ്ഥാനം. അത്തരമൊരു സംവാദഭാഷയ്ക്ക് ജനാധിപത്യപരമായ ഒരു തുറസ്സ്, മറുപുറത്തുള്ളയാളുടെ വാദഗതികളോട് സഹിഷ്ണുതാപൂർവ്വം വിനിമയത്തിലേർപ്പെടാനുള്ള സന്നദ്ധത, ആവശ്യമുണ്ട്.

തർക്കത്തെക്കുറിച്ച് മിഷേൽ ഫൂക്കോ പറയുന്നൊരു കാര്യമുണ്ട്. ചർച്ചയിലേർപ്പെടുന്ന രണ്ട് പേർ പരസ്പരവിനിമയത്തിലൂടെ കൂടുതൽ സൂക്ഷ്മമായ സത്യബോധത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു സാധ്യതയും തർക്കത്തിലില്ല. കാരണം, തർക്കത്തിൽ നമ്മൾ നിന്നിടത്തുതന്നെ നിൽക്കുന്നു, നമ്മോട് വിനിമയത്തിലേർപ്പെടുന്നയാളെ ഇല്ലാതാക്കാൻ പരമാവധി ശ്രമിക്കുന്നു. സംവാദത്തിലാകട്ടെ നാം നിന്നിടത്തുനിന്ന് പടിപടിയായി മുമ്പോട്ടു പോകുന്നു. രണ്ടു പേരും നിന്നിടത്തു നിന്ന് മാറുന്നു. ആ മാറ്റത്തിലൂടെ രണ്ടു പേരും മൂന്നാമതൊരു നിലയിലേക്ക് എത്തിച്ചേരുന്നു. ഈ ആയിത്തീരലിന്റെ സാധ്യത, ഈ ചലനാത്മകത-ഭാഷണരൂപങ്ങളിലുള്ള ചലനാത്മകത-ആണ് സംവാദഭാഷയുടെ അടിസ്ഥാനസ്വഭാവം. അതാവശ്യപ്പെടുന്ന ഒന്നാമത്തെ കാര്യം അപരോന്മുഖത്വമാണ്. അതിനോടുള്ള വിദ്വേഷമല്ല. വിദ്വേഷത്തിന്റെ ഭാഷ നമ്മുടെ തർക്കങ്ങളിലൊക്കെ എത്ര ഭീകരമായാണ് നിലനിൽക്കുന്നത് എന്ന് ചുറ്റും നോക്കിയാൽ കാണാൻ പറ്റും. അത് ഒരർത്ഥത്തിൽ ഫാസിസത്തിന്റെ ബീജരൂപമാണെന്നാണ് ഞാൻ കരുതുന്നത്. കാരണം, മറുപുറത്തുള്ളതിനെ ഇല്ലാതാക്കുകയെന്ന, നിലീനമായൊരു ഫാസിസ്റ്റ് വാസന അതിലുണ്ട്. വേറൊരു നിലയിൽ അതൊരു ആണത്തഹുങ്ക് കൂടിയാണ്. കാരണം, aggressive masculinity എന്നു പറയുന്നത് മറുപുറത്തെ സമ്പൂർണ്ണമായി റദ്ദാക്കുന്ന, അധികാരത്തിന്റെ മാരകപ്രയോഗമാണ്. ആ പ്രയോഗത്തിന്റെ ഒരു miniature ആണ് വാസ്തവത്തിൽ തർക്കങ്ങളിൽ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

അവരവരെക്കൊണ്ട് പറ്റുന്നതു പോലുള്ളൊരു ഫാസിസ്റ്റ് ആവിഷ്‌ക്കാരമാണ് തർക്കത്തിലേർപ്പെടുന്നവർ നടത്തുന്നത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മറുപുറത്തേക്ക് സംവാദാത്മകമായി നീങ്ങാൻ അതിന് ഒരു നിലയ്ക്കും കഴിയില്ല. ആണത്തഹുങ്കിന്റെ ഒരു അധികാരപ്രദർശനശാലയായിട്ടാണ് നമ്മുടെ തർക്കവേദികൾ.

സൈബർ സ്പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബർസ്പേസിന് ജനാധിപത്യത്തെ ഉൾക്കൊള്ളാൻ ശേഷിയില്ല എന്നൊന്നും ഞാൻ കരുതുന്നില്ല. പക്ഷേ നമ്മുടെ സൈബർ സ്പേസിലെ ഇടപെടലുകളിൽ, ഏറിയ പങ്കും ജനാധിപത്യമൂല്യങ്ങളെ മാനിച്ചുകൊണ്ടല്ല എന്നാണ് തോന്നുന്നത്. പകരം ഒരുതരത്തിലുള്ള ആൾക്കൂട്ട ആക്രമണ ലഹരി അവിടെ നമുക്ക് പലപ്പോഴും കാണാൻ പറ്റും. വർഗീയ ലഹളകളിലൊക്കെ ആളുകളെ നയിക്കുന്ന അടിസ്ഥാനവികാരം തന്നെ ആൾക്കൂട്ടഭ്രാന്ത് ആണല്ലോ. അതിന്റെ അനുരണനങ്ങൾ നമുക്ക് സൈബർ സ്പേസിലെ പല തർക്കങ്ങളിലും കാണാൻ പറ്റും.

ഒരാൾ ഒരു അഭിപ്രായം ഉന്നയിച്ചാൽ ആ അഭിപ്രായത്തോടു പ്രതികരിക്കുന്നതിനു പകരം, അതിന്റെ വിശദാംശങ്ങളോട് സംവദിക്കുന്നതിനു പകരം, അയാളെ പരിഹസിക്കുക, അപവദിക്കുക, പുച്ഛവും പരിഹാസവും നിറഞ്ഞ ഭാഷയിൽ അയാളെ അഭിസംബോധന ചെയ്യുക, അതുവഴി ഉന്നയിക്കപ്പെട്ട ആശയത്തെ ആ ചർച്ചാമണ്ഡലത്തിൽ റദ്ദാക്കിക്കളയുക.... ഇതൊരു സംവാദരീതിയേ അല്ല. നിർഭാഗ്യവശാൽ ഈ ആൾക്കൂട്ടഭ്രാന്ത് നമ്മുടെ ചർച്ചകളെ വലിയതോതിൽ കീഴടക്കിയിട്ടുണ്ട് എന്നാണ് എനിക്കു തോന്നുന്നത്.

തർക്കത്തെക്കുറിച്ച് ഫൂക്കോ പറയുന്നൊരു കാര്യം, a parasitic figure of discussion എന്നാണ്. ചർച്ചയിലെ ഒരു പരാന്നജീവിയാണ് തർക്കം. ഒരു ഇത്തിൾക്കണ്ണി. ഒരു മരത്തിൽ പറ്റിപ്പടർന്ന് അതിന്റെ ഊർജ്ജം വലിച്ചെടുത്ത് അതിനെത്തന്നെ ഇല്ലാതാക്കുന്നൊരു പരാദം. അതുപോലെയാണ് ചർച്ചയുടെ ചിലവിൽ തർക്കങ്ങൾ നിലനിൽക്കുന്നത്. ഇത്തരം തർക്കങ്ങളാണ് നമ്മുടെ സൈബർ സ്പേസിലെ ആൾക്കൂട്ട ചർച്ചകളെയും ആക്രമണങ്ങളെയും മുന്നോട്ടുകൊണ്ടുപോകുന്നത്. ഏറ്റവും ഹീനമായ രൂപത്തിൽ വരുമ്പോൾ അത് പച്ചയായ തെറിപറയലുകളായും വ്യക്തിപരമായ അപമാനപ്പെടുത്തലുകളായും ലൈംഗികമായ ദുസ്സൂചനകൾ കുത്തിനിറയ്ക്കലായും ഗോസിപ്പ് പറയലായും ഒക്കെ വരും. അങ്ങനെയല്ലാതെയും ഇരരങ്ങേറാം.

കഴിഞ്ഞ ദിവസങ്ങളിൽ, ഇത്തരം ചില വിമർശനങ്ങളുടെ പരാധീനത ചൂണ്ടിക്കാണിച്ചപ്പോൾ സമയത്ത് പല സുഹൃത്തുക്കളും എന്നോടു വിയോജിക്കുകയുണ്ടായി. അവർ പറഞ്ഞത് അവയെ എല്ലാം cyber attack എന്നൊന്നും പറയാനില്ല, കുറെ പരിഹാസമുണ്ട്, ട്രോളുകളുണ്ട് എന്നല്ലാതെ അതിനപ്പുറം ആക്രമണം ഒന്നുമില്ല എന്നാണ്. അതിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. പച്ചത്തെറി പറഞ്ഞാലേ സൈബർ ആക്രമണമാവൂ എന്നു കരുതരുത്. ഞാനതിനെ കാണുന്നത് തുടക്കത്തിൽ സൂചിപ്പിച്ച ആശയവുമായി ബന്ധിപ്പിച്ചാണ്. ഒരാൾ ഒരു വാദഗതി ഉന്നയിക്കുക, ആ വാദഗതിയുടെ വിശദാംശങ്ങളിൽ ഊന്നിക്കൊണ്ട് അതിന്റെ സൂക്ഷ്മസത്യത്തിലേക്കു നീങ്ങാനുള്ള സാധ്യത നിലനിർത്തുക- അതാണ് സംവാദത്തിന്റെ രീതി. അതിനു പകരം പരിഹാസം കൊണ്ടോ പുച്ഛം കൊണ്ടോ അധിക്ഷേപങ്ങൾ കൊണ്ടോ ബ്രാൻഡിംഗ് കൊണ്ടോ ഒരാളുടെ വാദഗതിയെ റദ്ദാക്കാനുള്ള ശ്രമം അംഗീകരിക്കാവുന്നതല്ല. സംവാദങ്ങൾക്കു മേലെയുള്ളൊരു ബലപ്രയോഗമാണ് അത്. വിഭിന്നമായ സ്വരങ്ങൾ ഉയർന്നുകേൾക്കാതിരിക്കാനാണ് അതു വഴിവെക്കുക. അങ്ങനെ വ്യത്യസ്ത സ്വരങ്ങൾ ഉയർന്നുകേൾക്കാത്ത സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. അതൊരു വലതുപക്ഷ രീതിയാണെന്നും ഞാൻ പറയും. അത് സമൂഹത്തിന്റെ സംവാദാത്മകതയ്ക്കു മുകളിൽ വ്യക്തിയെയും തർക്കത്തെയും പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. ആ വലതുപക്ഷ രീതിയുടെ രാഷ്ട്രീയപ്രയോഗമാണ് ഫാസിസമായിത്തീരുന്നത്. ജനാധിപത്യം എന്നു പറയുന്നത് വ്യത്യസ്ത ശബ്ദങ്ങൾ, ഉയരാതിരിക്കലല്ല, ഉയരുന്ന ശബ്ദങ്ങളോട് സംവാദാത്മകമായ വിനിമയത്തിൽ ഏർപ്പെടലാണ്.

അത്തരം ശബ്ദങ്ങൾ ഉയരാതിരിക്കാൻപല രീതികൾ സ്വീകരിക്കാം. തെറിവിളിക്കലുകളോ അധിക്ഷേപങ്ങളോ ഒക്കെയാണ് അതിന്റെ കഠിന രീതികൾ. പരിഹാസവും പുച്ഛവും നിന്ദയും അധിക്ഷേപവും ഒക്കെ മൃദുരീതികളും. ഫലത്തിൽ രണ്ടും എത്തിച്ചേരുന്നത് ഒരേ തലത്തിലേക്കാണ്. അത് മനുഷ്യർക്കിടയിലെ അർത്ഥവത്തായ ആശയവിനിമയങ്ങളെ റദ്ദാക്കുകയും സമൂഹത്തെ വിഭജിക്കുകയും ചെയ്യും. സംവാദങ്ങൾ സമൂഹത്തെ വിഭജിക്കുകയല്ല, മറിച്ച് ഈ വിഭജനത്തിനപ്പുറത്തേക്ക് പുതിയ പുതിയ ബോധ്യങ്ങളിലേക്ക് സമൂഹത്തെ വികസിപ്പിക്കുകയാണ് ചെയ്യുക.

ഡിജിറ്റൽ സ്പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

Digital space ലെ ആൾക്കൂട്ട ആക്രമണങ്ങളും മാരകം തന്നെയാണ്. പുറത്തെ ആക്രമണവുമായി അതിന് ഹൃദയബന്ധമുണ്ട്. ഒരു വ്യക്തിയുടെ മാനസികജീവിതത്തെയും അയാളുടെ അഭിമാനത്തെയുമൊക്കെ വലിയതോതിൽ തകർക്കാൻ ഇത്തരം ആക്രമണങ്ങൾക്ക് കഴിയുന്നുണ്ട്. പലപ്പോഴും നമ്മൾ പുറത്തുള്ള കയ്യേറ്റങ്ങളെ കുറ്റകരമായി കാണുകയും സൈബർ സൈബർ സ്‌പേസിൽ നടക്കുന്ന കയ്യേറ്റങ്ങളെ സ്വാഭാവികമായി പരിഗണിക്കുകയും ചെയ്യുന്ന രീതിയുണ്ട്. മനുഷ്യരുടെ ആന്തരികജീവിതം അപ്രധാനമാണ് എന്ന ഒരു പഴയ യുക്തി അതിനുള്ളിലുണ്ട്. സൈബർ സ്പേസിനു പുറത്തുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ ഏറിയപങ്കും ശാരീരികമായിരിക്കും. അല്ലെങ്കിൽ അപവാദപ്രചാരണത്തിന്റെയോ മറ്റോ രൂപത്തിലായിരിക്കും. അതിന്റെ മറ്റൊരു ആവിഷ്‌ക്കാരം തന്നെയാണ് സൈബർ സ്പേസിലെ ആൾക്കൂട്ട ആക്രമണവും.

അടിസ്ഥാനപരമായി മനുഷ്യാന്തസ്സിനും മനുഷ്യരുടെ സ്വാതന്ത്ര്യബോധത്തിനും അവരുടെ ജനാധിപത്യപരമായ നിലനിൽപിനും എതിരായ കടന്നാക്രമണം തന്നെയാണിത്. ഞാനത് കുറെയേറെ നേരിട്ട ഒരാളാണ്. ശാരീരികമല്ല എന്നത് ശരിയാണ്. പക്ഷേ അത് സൈബർ ആക്രമണത്തിലെ കുറ്റകൃത്യത്തെ ഇല്ലാതാക്കുന്നു എന്നു ഞാൻ കരുതുന്നില്ല. ഹീനമായൊരു മനോനിലയുടെ ആവിഷ്‌ക്കാരമാണ് അതിലുള്ളത് എന്നാണ് എനിക്കു തോന്നുന്നത്. നിർഭാഗ്യകരമായൊരു കാര്യം, നമ്മുടെ സാമൂഹികജീവിതത്തിൽ ജനാധിപത്യത്തിന്റെയും നീതിബോധത്തിന്റെയും പരസ്പരാദരവിന്റെയും മറ്റും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഉത്തരവാദപ്പെട്ട ആളുകൾ തന്നെ ഇത്തരത്തിലുള്ള ആക്രമണത്തിന്റെ നടത്തിപ്പും നിർവഹണവുമൊക്കെ ഏറ്റെടുത്ത് മുമ്പോട്ടു പോകുന്നത് നമുക്ക് കാണാൻ പറ്റും എന്നതാണ്.

ഫാസിസ്റ്റ് വിരുദ്ധപോരാളികളായി സ്വയം കരുതുന്ന മഹാപണ്ഡിതർ തന്നെ ഫാസിസത്തിന്റെ ബീജരൂപമായ, അപരത്തെ ഹിംസാത്മകമായി ഇല്ലാതാക്കുന്ന, ഈ നിഷേധയുക്തിയുടെ ഒന്നാന്തരം നടത്തിപ്പുകാരായി സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു കാണാം. വാസ്തവത്തിൽ തങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന് അവർ തന്നെ കരുതുന്ന ജനാധിപത്യം എത്രമേൽ പൊള്ളയാണെന്നും, ആന്തരികമായി എത്ര ഹിംസാത്മകമായൊരു അധികാരത്തെയാണ് തങ്ങൾ ആവിഷ്‌ക്കരിക്കുന്നത് എന്നും അവർ തിരിച്ചറിയുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.

സി.വി.കുഞ്ഞിരാമനുമായുള്ളൊരു സംഭാഷണത്തിൽ നാരായണഗുരു പറയുന്നുണ്ട്: "വാദിക്കാൻ വേണ്ടി വാദിക്കരുത്. സംശയനിവൃത്തിക്കും, ആശയം വിശദീകരിക്കാനും വേണ്ടി മാത്രമേ വാദിക്കാവൂ.' അത് ആശയവിനിമയത്തിലെ ഒരു ethical position ആണ്. ഒരു നൈതിക നിലപാടാണ്. നീതിബോധം എന്നു പറയുന്നത് ഒരു അമൂർത്തമായ ഏതോ ഒരു മൂല്യമൊന്നുമല്ല. നമ്മുടെ മുമ്പിലുള്ള, നാം സംവദിക്കുന്ന ഒരാളോട്, പുലർത്തുന്ന സഹഭാവം കൂടിയാണ് നീതി എന്നു പറയുന്നത്. ആ ethical ആയ മൂല്യത്തെ നമ്മുടെ ഭാഷണത്തിൽ നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, നാം നീതിയെക്കുറിച്ച് സംസാരിക്കുന്നത് നിരർത്ഥകമാണ്. നമ്മുടെ പല സാമൂഹ്യമാധ്യമചർച്ചകളും നോക്കിയാൽ, അവരവരെക്കൊണ്ട് കഴിയാവുന്നത്ര ഫാസിസ്റ്റുകളാവാൻ തർക്കത്തിൽ ഏർപ്പെടുന്ന മഹാഭൂരിപക്ഷം പേരും ശ്രമിക്കുന്നതായാണ് എനിക്കു തോന്നിയിട്ടുള്ളത്. അത്രയേ കഴിയുന്നുള്ളൂ, അതുകൊണ്ട് അത്രയും ചെയ്ത് തൃപ്തിയടയുന്നു. കൂടുതൽ എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നുവെങ്കിൽ അതും ചെയ്‌തേനേ എന്നു തോന്നിക്കുന്ന രൂപത്തിലാണ് ഈ ചർച്ചകൾ മുമ്പോട്ടു പോകുന്നത്.

ഇത്തരം സൈബർ ചർച്ചകളുടെ ഒരു പൊതുസ്വഭാവം നോക്കിയാൽ, വിഷയകേന്ദ്രീകൃതമായ ആലോചനകളേക്കാൾ അത് വ്യക്തികേന്ദ്രീകൃതമായിത്തീരുന്നത് കാണാൻ പറ്റും. വ്യക്തികളെ അധിക്ഷേപിക്കുന്നതിന്റെയും brand ചെയ്യുന്നതിന്റെയും അപവദിക്കുന്നതിന്റെയുമൊക്കെ വഴികളിലൂടെയാണ് അത് ഏറിയപങ്കും സഞ്ചരിക്കുക. പ്രമേയങ്ങളിൽ നിന്ന് വ്യക്തികളിലേക്കു തിരിയുക, സംവാദങ്ങളിൽ നിന്ന് തർക്കങ്ങളിലേക്ക് തിരിയുക, ആശയരൂപീകരണത്തിൽ നിന്ന് സാമൂഹികവിഭജനത്തിലേക്ക് മാറുക... ഇതൊക്കെ നമ്മുടെ സൈബർ ചർച്ചകളിൽ ധാരാളം കാണാൻ പറ്റും. അതുകൊണ്ടാണ് അടിസ്ഥാനപരമായി അത് വലതുപക്ഷപരമാണെന്ന് പറയുന്നത്.

ഇങ്ങനെ പറഞ്ഞതിന്റെ അർത്ഥം സൈബർ സ്പേസിൽ ഗുണപരമായി ഒന്നുമില്ല എന്നല്ല. നിശ്ചയമായും സംവാദാത്മകമായ ഇടങ്ങൾ അതിനകത്തുണ്ട്. അതിനെ ഈ ആൾക്കൂട്ടബോധം പലപ്പോഴും വിഴുങ്ങുന്നുണ്ട്. എങ്കിലും അതിനുള്ളിലും ചർച്ചയുടെ അന്തരീക്ഷമുണ്ട്. ഏറ്റവും ഗുണകരമായി എനിക്ക് തോന്നിയിട്ടുള്ളത്, മുഖ്യധാരാമാധ്യമങ്ങളുടെ സർവ്വാധിപത്യത്തെ അത് വലിയതോതിൽ ഇളക്കിക്കഴിഞ്ഞു എന്നതാണ്. മുഖ്യധാരാമാധ്യമങ്ങളിൽ ഒരു കള്ളം പ്രത്യക്ഷപ്പെട്ടാൽ അര മണിക്കൂറിനുള്ളിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവരുന്ന മട്ടിൽ ഇന്ന് സാമൂഹികമാധ്യമമണ്ഡലം സജീവമാണ്. ആ നിലയിൽ സത്യാന്വേഷണത്തിന്റെയും സൂക്ഷ്മധാരണകളുടെയും രൂപപ്പെടലിനുള്ള ഒരു പ്രധാനപ്പെട്ട ഇടം അത് വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ ആ സാധ്യതയെ വിഴുങ്ങിക്കൊണ്ട് ആൾക്കൂട്ട ബഹളത്തിന്റെയും ആൾക്കൂട്ട ആക്രമണത്തിന്റെയും ഒരു അന്തരീക്ഷം സൈബർ സ്പേസിൽ നിലനിൽക്കുന്നു. അത് ജനാധിപത്യത്തെ ഇല്ലാതാക്കുന്ന ഒന്നായി മാറും എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മൂലധനാധിപത്യം പബ്ലിക്ക് സ്ഫിയറിനെ വിഴുങ്ങിയ കാര്യം ഹെബർമാസ് പറയുന്നുണ്ടല്ലൊ. അതിന് സദൃശമായ ഒരു മാറ്റമാണിത്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

കഴിഞ്ഞ നാലഞ്ചുവർഷമായി പല തവണ സൈബർആക്രമണം നേരിട്ടിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ ഇടപെട്ട് സംസാരിച്ചുതുടങ്ങിയ ശേഷമാണ് തീവ്രമായ തോതിൽ ഇത്തരം ആക്രമണങ്ങൾ വന്നത്. ഒരുവിധം എല്ലാ തരക്കാരുടെയും ആക്രമണങ്ങൾക്ക് ഇരയായി. അതിൽ സംഘപരിവാറുകാരുണ്ട്, പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുണ്ട്, കേവല യുക്തിവാദികളുണ്ട്, സിപിഎമ്മിൽ നിന്നും തെറ്റിപ്പിരിഞ്ഞുപോയ ആളുകളുണ്ട്, വലിയ അക്കാദമിക് പണ്ഡിതരുണ്ട്, ഉത്തരാധുനികരുണ്ട്. ഇവരെല്ലാം ചേർന്ന് പലതരത്തിലുള്ള ആക്രമണങ്ങൾ പല ഘട്ടങ്ങളിൽ അഴിച്ചുവിട്ടിട്ടുണ്ട്.

ആദ്യമൊക്കെ അത് കുറച്ച് പ്രയാസങ്ങളുണ്ടാക്കിയിരുന്നു. എങ്കിലും ഇപ്പോൾ ഞാനതിനെ ഒട്ടൊക്കെ മറികടന്നു കഴിഞ്ഞിട്ടുണ്ട്. ഞാനതിന് അൽപ്പം പോലും വില കൊടുക്കാറില്ല. അത്തരത്തിലുള്ള ആക്രമണങ്ങളിൽ കക്ഷിചേർന്ന് അതിന്റെ ഭാഗമാകാൻ ഞാനൊട്ടും സന്നദ്ധനാകാറുമില്ല. തീവണ്ടിയിലൊക്കെ യാത്ര ചെയ്യുമ്പോൾ ടോയ്ലറ്റിലൊക്കെ ആളുകൾ അശ്ലീലം എഴുതിവെച്ചിട്ടുണ്ടാവുമല്ലൊ. അതെല്ലാം കണ്ട് അപ്പോളപ്പോൾ ക്ഷോഭിക്കുകയും, നമ്മുടെ സ്വസ്ഥത കളയുകയുമല്ലല്ലോ നമ്മൾ ചെയ്യുക. അങ്ങനെ ചെയ്യുന്നവരുടെ മനോവൈകൃതം എന്നു കരുതുകയല്ലേ ഉള്ളൂ. ആ നിലയിലാണ് ഞാനിപ്പോൾ ഇത്തരം ആക്രമണങ്ങളെയും കാണാറുള്ളത്.

എനിക്കു തോന്നുന്നത്, സാമൂഹ്യമാധ്യമങ്ങളെ ജനാധിപത്യപരമായ ഒരു വിനിമയമണ്ഡലമായി രൂപപ്പെടുത്തുക എന്നത് വളരെ പ്രധാനമാണെന്നാണ്. സാമൂഹികമാധ്യമങ്ങൾ വലിയൊരു സാധ്യതയാണ്. നേരത്തേ പറഞ്ഞതുപോലെ മൂലധനാധികാരത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും വൻകിട പത്രങ്ങളുടെ സ്വേച്ഛാധികാരത്തിന്റെയുമൊക്കെ ലോകത്തെ വലിയ തോതിൽ ഉലയ്ക്കാനും, ജനങ്ങളുടെ അഭിലാഷങ്ങളെ വലിയതോതിൽ പുറത്തുകൊണ്ടുവരാനും, വസ്തുതാന്വേഷണത്തിന്റെയും സത്യാന്വേഷണത്തിന്റെയുമൊക്കെ വഴി നമുക്കു മുമ്പിൽ തുറന്നുതരാനും, പുതിയ സൗഹാർദ്ദമണ്ഡലങ്ങൾ തുറക്കാനും, മനുഷ്യർക്കിടയിലുള്ള ഗാഢമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനുമൊക്കെ സാമൂഹികമാധ്യമങ്ങൾ വഴിവെക്കുന്നുണ്ട്. ആ നിലയിൽ മാനുഷികതയുടെ വലിയൊരു സാധ്യതയായി, അതിന്റെ വലിയൊരു പ്രകാശനസ്ഥാനമായി, സാമൂഹിക മാധ്യമങ്ങൾ മാറുന്നുണ്ട്. എത്രയോ കൂട്ടായ്മകൾ വന്നു, ആ കൂട്ടായ്മകളിലൂടെ വലിയ വലിയ ഹൃദയബന്ധങ്ങൾ രൂപപ്പെടുന്നുണ്ട്. പണ്ട് പാബ്ലോ നെരൂദ കവിതയിൽ പറഞ്ഞതു പോലെയാണത്. "അജ്ഞാതരായ മനുഷ്യരുമായി നീ എനിക്ക് സാഹോദര്യം നൽകി' എന്ന് പാർട്ടിയെക്കുറിച്ചെഴുതിയ കവിതയിൽ നെരൂദ പറയുന്നുണ്ട്. ഇതുപോലെ, തമ്മിൽ തമ്മിൽ അറിയാതിരുന്ന എത്രയോ മനുഷ്യർ ഇത്തരം കൂട്ടായ്മകളിലുൾപ്പെട്ട് സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ, സഹഭാവത്തിന്റെ, ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ വഴികളിലേക്ക് കടക്കുന്നുണ്ട്. അതൊരു വലിയ സാധ്യതയാണ്. ഈ സാധ്യതകൾ നിലനിൽക്കെത്തന്നെ ഇന്ന് ഇതിന്റെ പ്രയോഗത്തിൽ വരുന്നത് മറുപുറത്തുള്ള ചില രീതികളാണ്. ആദ്യത്തേതിനെ വിഴുങ്ങിക്കൊണ്ട് രണ്ടാമത്തെ വഴി കൂടുതൽ പ്രബലമാകുന്നുണ്ട്. ഏറ്റവും പ്രബലമായതാണ് ആൾക്കൂട്ട ആക്രമണം. അത് പച്ചയ്ക്ക് തെറിപറയുന്നു എന്ന അർത്ഥത്തിൽ മാത്രം ചുരുക്കിക്കാണേണ്ട ഒന്നല്ല. വ്യത്യസ്തമായൊരു വീക്ഷണം ഉന്നയിക്കാനും അതിന്റെ വിശദാംശങ്ങളിലേക്ക് സഞ്ചരിക്കാനുമുള്ള സാധ്യതയെ ഇല്ലാതാക്കി, വ്യത്യസ്ത വീക്ഷണങ്ങൾ ഉന്നയിക്കാനുള്ള ഇടത്തെ ഇല്ലാതാക്കലുമാണ്. ഞാനൊരു അഭിപ്രായവ്യത്യാസം പറഞ്ഞാൽ ഞാൻ പരിഹസിക്കപ്പെടുമോ ആക്രമിക്കപ്പെടുമോ അപഹസിക്കപ്പെടുമോ എന്ന ഭീതി എന്നിൽത്തന്നെ ഉളവായാൽ ഞാനൊരു സെൽഫ് സെൻസറിംഗിന് സ്വയം വിധേയനാവും. അങ്ങനെ ഒരു വ്യക്തി തന്റെ ആശയാഭിലാഷങ്ങളെ പ്രകടിപ്പിക്കാൻ മടിക്കുന്ന ഒരു അന്തരീക്ഷം നമ്മുടെ സാമൂഹ്യമാധ്യമങ്ങളിൽ ഈ ആൾക്കൂട്ട ആക്രമണം വഴി രൂപപ്പെട്ടിട്ടുണ്ട്.

ഹിംസാത്മകത എന്നു പറയുന്നത് ശാരീരികമായ കയ്യേറ്റമെന്നതുപോലെ ഒരു വ്യക്തിയുടെ ആന്തരികജീവിതത്തെ തകർക്കുന്ന ഭാഷണങ്ങളും ആശയവിനിമയരീതികളുമാണ്. അതുപോലെ, സൈബർ ആക്രമണം എന്നു പറയുന്നത് തെറിപറയലോ, അസഭ്യവർഷം ചൊരിയലോ അപവാദം പ്രചരിപ്പിക്കലോ മാത്രമല്ല. മറിച്ച് ഒരു വ്യക്തിക്ക് തന്റെ ഇടത്തിൽ, സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ മടി തോന്നിക്കുന്ന മട്ടിൽ, താൻ വളഞ്ഞുവെക്കപ്പെട്ടിട്ടുണ്ട് എന്ന് അയാൾക്ക് തോന്നുന്നതും ഈ ആക്രമണത്തിന്റെ അടിസ്ഥാനപ്രകൃതത്തെ ഉൾക്കൊള്ളുന്നു. ഭിന്നാഭിപ്രായങ്ങൾ ഉയരാതിരിക്കാനുള്ള അദൃശ്യമായൊരു സമ്മർദം അവിടെ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? അത് ദുരധികാരത്തിനെതിരെ സ്വയംസെൻസറിങ്ങിന് വിധേയമാകുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടാധികാരം സെൻസർഷിപ്പ് ഏർപ്പെടുത്തിയ രൂപത്തിലല്ല ഇപ്പോൾ സെൻസറിങ്ങ് നടക്കുന്നത്. മറിച്ച്, ഭരണകൂടത്തിന് അപ്രിയങ്ങളായ സത്യങ്ങൾ പറയാതിരിക്കാൻ സ്വയമേവ ശ്രദ്ധിക്കുന്ന മുഖ്യധാരാമാധ്യമങ്ങളാണ് ഏറിയ പങ്കും. അതുപോലെ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ ഒരഭിപ്രായം ഉന്നയിക്കാൻ പലരും മടിക്കുന്ന മട്ടിൽ പരിഹാസത്തിന്റെയും നിന്ദയുടെയും അധിക്ഷേപങ്ങളുടെയും പുച്ഛത്തിന്റെയുമൊക്കെ ഹിംസാത്മകരൂപങ്ങൾ അവിടെ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. അത് ജനാധിപത്യപരമായൊരു സംവാദരീതിയെ ഇല്ലാതാക്കും. ഭിന്നവീക്ഷണങ്ങൾ ഉയരാതിരിക്കാനുള്ള അദൃശ്യമായൊരു സമ്മർദ്ദം അത് രൂപപ്പെടുത്തും. ഈ പുതിയ മാധ്യമമണ്ഡലത്തെ തന്നെ അത് ആന്തരികമായി ജീർണിപ്പിക്കും. പൊതുമണ്ഡലത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഹേബർമാസ് പറയുന്നൊരു കാര്യം, അതിന്റെ അടിസ്ഥാന
പരമായൊരു തുറസ്സിനെ, അത് നൽകുന്ന ജനാധിപത്യപരമായ സംവാദശേഷിയെ, പിൽക്കാലത്ത് മൂലധനവളർച്ച ഇല്ലാതാക്കി എന്നാണ്.

മാധ്യമമണ്ഡലം മൂലധനക്കുത്തകകളുടെ പിടിയിൽ പെട്ടതോടെ വ്യത്യസ്ത വീക്ഷണങ്ങൾ സംവാദാത്മകമായി ഇടപെടുന്നൊരു മണ്ഡലം എന്ന പദവി public sphereന് നഷ്ടപ്പെടുകയും അത് മുൻകൂട്ടി തയ്യാറാക്കപ്പെട്ട ആശയങ്ങളുടെ വിക്ഷേപണസ്ഥാനങ്ങളായി മാറുകയും ചെയ്തു. ഇതു പോലൊരു തലതിരിയൽ സാമൂഹികമാധ്യമങ്ങളുടെ മണ്ഡലത്തിലും സംഭവിക്കുന്നുണ്ട്. ഉള്ളു പൊള്ളയായ rhetoricന്റെ, അല്ലെങ്കിൽ ആക്രോശങ്ങളുടെ, അപവാദപ്രചരണത്തിന്റെ ഒക്കെ ഒരു ലോകം മേൽക്കൈ നേടുന്നതോടെ ആ സ്ഥിതിവിശേഷം അതിന്റെ പോസിറ്റീവായ സാധ്യതകളെ ഇല്ലാതാക്കും. അങ്ങനെ ഇല്ലാതാകുന്നതിന്റെ പല അടയാളങ്ങളും നമുക്ക് കാണാൻ പറ്റുന്നുണ്ട്.

നമ്മുടെ ടെലിവിഷൻ സംവാദങ്ങളിലൊക്കെ കാണുന്ന കേവല തർക്കങ്ങളുണ്ടല്ലോ-എല്ലാ ടെലിവിഷൻ ചർച്ചകളും നിരർത്ഥകമാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഭൂരിപക്ഷവും ഒരർത്ഥവും ഉളവാക്കാത്ത, ഒരു വസ്തുതാബോധത്തിലേക്കും പോവാത്ത, അന്നന്നത്തെ ജനപ്രീതിയുള്ള സെൻസേഷണലിസത്തിന്റെ വലിയൊരു ആവിഷ്‌ക്കാരമായി മാറുന്നുണ്ട്-അതിന്റെ ഒരു മിനിയേച്ചർ നമ്മുടെ സാമൂഹ്യമാധ്യമചർച്ചകളിലും വരുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. പൊള്ളയായ അഭിപ്രായങ്ങൾ കൂടുതൽ കൂടുതൽ ശക്തിയിൽ പറഞ്ഞ്, സംശയരഹിതമായ അന്തിമപ്രഖ്യാപനങ്ങൾ നിരന്തരം നടത്തി, സംവാദാത്മകമായ സൂക്ഷ്മയാഥാർഥ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള എല്ലാ ഇടങ്ങളെയും റദ്ദാക്കുന്ന മട്ടിലുള്ള ഒരു അന്തരീക്ഷം അവിടെ വളർന്നു വരുന്നുണ്ട്. public sphereനെ മൂലധനം വിഴുങ്ങിയെന്ന് ഹേബർമാസ് പറയുന്നതു പോലെ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകളെ ഇത് വിഴുങ്ങിക്കളയും. അങ്ങനെ വിഴുങ്ങുന്ന സ്ഥിതി ഇപ്പോൾ രൂപപ്പെടുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് നിയന്ത്രിക്കാൻ എങ്ങനെയാണ് കഴിയുക എന്നത് ഈ മാധ്യമങ്ങളെ ഗൗരവത്തോടെ കാണുന്ന ആളുകൾ ആലോചിക്കേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളെ സംബന്ധിക്കുന്നൊരു പെരുമാറ്റരീതി എന്നത് പ്രധാനമാണ്. നേരത്തേ പറഞ്ഞതു പോലെ വിശാലാർത്ഥത്തിൽ ഇതൊരു ethicopolitical issue ആണ്. ഒരു നൈതിക-രാഷ്ട്രീയ പ്രശ്നമാണ്. സമൂഹമാധ്യമങ്ങൾ അപരവുമായുള്ള വിനിമയത്തിന്റെ ഇടമാണ്; അപരഹിംസയുടെ ഇടമല്ല എന്ന് ഉറപ്പിച്ചെടുക്കേണ്ടതുണ്ട്.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments