90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
രണ്ടാംവഴി
▮
ഓർമകളിൽ ഒരുപാട് മൈതാനങ്ങളുണ്ട്. ഒന്നുമൊന്നും ആരും ആർക്കുവേണ്ടിയും പണിത കളിസ്ഥലങ്ങളല്ല. കെട്ടിത്തിരിച്ച ടർഫുകളെപ്പോൽ, വലകെട്ടിതിരിച്ച നെറ്റ്സുകളെപ്പോൽ മികവും തികവുമില്ല. ഡികാത്ലോൺ ഡിസൈനുകളുടെ ഏഴകലത്തെത്തില്ല. മത്സരം നടന്നതുകൊണ്ടുമാത്രം മൈതാനങ്ങളായവയാണെല്ലാം.
വീട്ടുമുറ്റങ്ങൾ, പാടങ്ങൾ, പറമ്പുകൾ, സ്കൂൾ ഗ്രൗണ്ടുകൾ, അമ്പലമുറ്റങ്ങൾ, കല്ലുവെട്ടുകളങ്ങൾ, ഒരു പിച്ചിന് നീളം കണ്ടയിടങ്ങൾ എന്നിവയെല്ലാം കളിക്കളങ്ങളായി. വെയിലും മഴയും തടസമായില്ല. അതിരും മതിലും കളിമുടക്കിയില്ല. വിയർത്തും നനഞ്ഞും കളിയിൽ ലയിച്ചു. വീണും മുറിഞ്ഞും കളി തുടർന്നു. ചേറും ചെറുചോരയും കുപ്പായത്തിൽ കറയായൊട്ടി. കളി കഴിഞ്ഞുള്ള കുളിയുടെ നേരത്തുമാത്രം മുറിവുകൾ നീറ്റലായി. മുട്ടിൽ പൊട്ടോളം കീറാത്ത കുപ്പായമില്ലാതെയായി. മതിയാവോളം മദിച്ചുകളിച്ചാണ് ഒരവധി ദിവസത്തിന് അറുതിയാകുക. എന്തെല്ലാം കളികൾ എന്നതിന് പ്രസക്തിയേയില്ല. തിമിർത്തുകളിച്ചു. ആവോളം ആർത്തുകളിച്ചു. കളിയോർമകളിലേക്കാണ് ഓർമോപനിഷത്തിന്റെ രണ്ടാംവഴി.
കേൾക്കുന്നില്ലേ, കളിക്കാൻ വരുന്നോയെന്ന ആ നീട്ടിവിളി! വാതിൽ തുറന്നോടാനെന്തേയിത്ര താമസം!
പലകാലം
പലപ്രായം
ഒരു പ്രാന്ത്,
ഒരേയൊരു പ്രാന്ത്
കുട്ടിക്കാല അനുസരണക്കേടിലാദ്യമേതാണ്? കളിച്ചതുമതിയെന്ന അമ്മയുടെ കൽപ്പനകളുടെ ലംഘനങ്ങളാകും. വിളക്ക് കത്തിക്കും മുൻപെങ്കിലും വീട്ടിൽ കയറെടാ എന്ന ശാസനയെ നിരന്തരം വെല്ലുവിളിച്ചു. കളിക്കാൻ വാടാ എന്ന കൂട്ടുകാരന്റെ വിളിക്ക് കാതോർത്തുകാത്തിരുന്ന്, കളി മതിയാക്കെടാ എന്ന വീട്ടുകാരുടെ വിളി കേൾക്കാതെ കളിതുടർന്നുകൊണ്ടേയിരുന്ന കാലം.
90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി
പലപ്രായം. പലകാലം, പലതരം കളികൾ.
കളിപ്പാട്ട ലഹരിക്കധികമാരും അടിപ്പെട്ടില്ല. നാട്ടിൽ കളിപ്പാട്ട കടകൾ പോലും വിരലിലെണ്ണാവുന്ന മാത്രമായിരുന്നു. ഉത്സവങ്ങൾ കളിപ്പാട്ടകൂടാരം കാട്ടി. അപ്പോഴും ഒരു പമ്പരത്തിലോ പീപ്പിയിലോ സംതൃപ്തിയടഞ്ഞു.
ഏതായിരുന്നു ആദ്യത്തെ കളിപ്പാട്ടം?
ഓർക്കാൻ ആർക്കും ഒരുപാട് സമയം വേണ്ടിവന്നേക്കില്ല. കളികളെന്നാൽ കളിപ്പാട്ടങ്ങളായിരുന്നില്ല, കളിക്കൂട്ടുകാർ മാത്രമായിരുന്നു. ഊഞ്ഞാലുകെട്ടിയും അപ്പം ചുട്ടും തുടങ്ങി. കക്കും കല്ലും കളിച്ചു. തൊട്ടും തൊങ്കിയും കളിച്ചു. ഓടിയും ഒളിച്ചും വഴിമാറ്റി. കള്ളനായി, പൊലീസായി, രാജാവായി, റാണിയായി. തോറ്റതാരെന്നോ ജയിച്ചതാരെന്നോ ഓർക്കാത്ത മട്ടിൽ കൂട്ടിന്റെ ഇഴയടുപ്പം കൂട്ടിയ കൊടിയിറക്കങ്ങൾ മാത്രമായിരുന്നു ഓരോ കളിയവസാനവും.
ഒടുവിൽ കളിയുടെ കൌമാരം ക്രിക്കറ്റിന്, ക്രിക്കറ്റിന് മാത്രമായി നയന്‍റീസ് കിഡ് തീറെഴുതി. കാൽപ്പന്തുകളിയെ തഴയുന്നില്ല. ഒരു പൊടിക്ക് ത്രാസൊന്നു താഴുന്നുവെന്ന് മാത്രം. ക്രിക്കറ്റ് ആരാധനയുടെ പേരിൽ അൽപം കണ്ണടയ്ക്കുന്നുവെന്ന് മാത്രം.
ലാസ്റ്റ്മാന് ബാറ്റില്ല,
ലാസ്റ്റ് ബോളിൽ ഓടില്ല,
ഐസിസിയൻ നിയമങ്ങൾ അറബിക്കടലിൽ…

▮
ക്രിക്കറ്റിനോളം നമ്മളെ കൊതിപ്പിച്ച ഒരു കായികയിനമുണ്ടോ?
ഒരു ഓല വീണാൽ അതിലൊരു എം.ആർ.എഫ് കൊത്തിയെടുത്തകാലം. അക്കാലം, ശീമക്കൊന്നകൾക്ക് ഒരേയൊരു ജന്മോദേശ്ശ്യമേയുണ്ടായിരുന്നൂള്ളൂ.
സ്റ്റംപായി മാറുക.
ഒരു കുട്ടിപ്പട കൊടുവാളുമായെത്തി കൊത്തി- ചെത്തി മിനുക്കി മൂന്നായി മണ്ണിൽ നാട്ടുന്നകാലമേതോ, അന്ന്, നിനക്ക് ശാപമോക്ഷമെന്നുചൊല്ലി ഭൂമിയിലേക്ക് പറഞ്ഞുവിട്ടതാകും ശീമക്കൊന്നകളെ. പിന്നുകുത്തി മാത്രമേ പെപ്സിപ്പന്തെറിയാവൂ എന്നത് ആരുടെ കണ്ടുപിടുത്തമായിരിക്കും. കളിനിയമങ്ങൾ സ്റ്റംപ് കുത്തുന്ന മണ്ണ് നിശ്ചയിക്കുന്നതായിരുന്നു. കാട്ടിലടിച്ചാൽ ഔട്ടായി മടങ്ങേണ്ടിവന്നു. കാട്ടിലടിച്ചാൽ അടിച്ചവൻ തന്നെ പോയി പെറുക്കണമെന്ന് ബൈലോ പുതുക്കി. ലാസ്റ്റ്മാന് ബാറ്റില്ലാതായി. ലാസ്റ്റ്ബോളിൽ സിംഗിൾ എടുക്കാൻ പാടില്ലെന്നതും അലിഖിത നിയമമായി. പരിമിതികളിൽ പലയിടങ്ങളിലായി പിറന്ന പുതിയ നിയമങ്ങളുടെ പുസ്തക താളെണ്ണിയാൽ തീരില്ല. ഇടം പോലെ, തരം പോലെ ഐസിസിയുടെ ഭരണഘടന ആയിരം ഗ്രാമങ്ങളിൽ പതിനായിരം തവണ പരിഷ്കരിക്കപ്പെട്ടു.
പുല്ലും ചരലും നിറഞ്ഞ കണ്ണെത്താ ദൂരം നീളമുള്ള ഒരു കുന്നിൻ മൈതാനമായിരുന്നു ഞങ്ങളുടെ ഈഡൻ ഗാർഡൻ. ഏക്കറുകണക്കിന് നീളത്തിൽ കെ.ടി.സി കമ്പനി വാങ്ങിയിട്ട ഭൂമി. അതിനോരം ചേർന്ന് അവർക്കൊരു സ്കൂളുമുണ്ടായിരുന്നു. അക്കാലം ആ നാട് മുഴുവൻ അവിടെ പഠിച്ചിറങ്ങിയവരായിരുന്നു. എല്ലാവർക്കും പഠനമുറികളേക്കാൾ, അധ്യാപകരേക്കാൾ പ്രിയം സ്കൂൾ മൈതാനത്തോടായിരുന്നു. പഠിക്കുന്നവർ, പഠിച്ചിറങ്ങിയവർ, പഠിച്ചുപലപണിയും പയറ്റി ജീവിക്കുന്നവർ എല്ലാവരും വൈകുന്നേരങ്ങളിൽ കുന്നിൻമുകളിലെത്തും. സംഘബലം പോലെ മൈതാനത്തെയവർ മുറിച്ചെടുക്കും. നാലോ അഞ്ചോ പിച്ചുകളായി ആ കുന്നാകെ മുറിയും. മുതിർന്നവർ നടുക്കഷ്ണം നോക്കി സ്റ്റംപ് നാട്ടും. അതിനതിരുന്നുചേർന്ന് അടുത്തവർ. അവരോടൊട്ടി അടുത്ത ഗണം. ഒരു സമയം ഒരഞ്ചുകളിക്കുള്ള ടോസ് വീഴും. ഇടയിലെവിടെയങ്കിലും രണ്ടു വെട്ടുകല്ല് കുത്തനെ നിർത്തി സ്റ്റംപാക്കി ഞങ്ങളൊരു പിച്ച് അളന്നൊപ്പിക്കും. പകൽവെളിച്ചം താഴുമ്പോൾ പന്തു കാണാതെയാകും. കൊതിയൊട്ടും തീരാതെ നാളത്തെ കളിക്കുവേണ്ടി പിരിയാതെ പിരിഞ്ഞുപോകും.
പട്ടിക കൊണ്ടുണ്ടാക്കിയ ബാറ്റിലും സ്റ്റംപർ ബോളിലുമായിരുന്നു ഏറെക്കാലം കളി മുന്നോട്ടുകൊണ്ടുപോയത്. സമയം പോലെ ആറോവറോ എട്ടോവറോ നീളുന്ന മത്സരം. ഔട്ടായാൽ സമ്മതിക്കാത്തവൻ, ആദ്യം ബോളും ബാറ്റും വേണ്ടവൻ, ഫീൽഡിനിറങ്ങാൻ മടിയുള്ളവൻ, തുഴഞ്ഞു തോൽപ്പിക്കുന്നവൻ, ആദ്യമെത്തുന്നവൻ, കളിതീരാകാലം ഓടിയെത്തുന്നവൻ സകലഭ്യാസികളുടേയും ഡ്രീം ഇലവൻ.
ആളെണ്ണം പോലെ ഓഫ് സൈഡിലോ, ലെഗ് സൈഡിലോ മാത്രം റണ്ണൊഴുക്കാം. ആളു കുറവെങ്കിൽ ബാറ്റിംഗ് ടീമും ഫീൽഡിനിറങ്ങും. ബാറ്റുചെയ്യുന്ന ടീമിൽ നിന്ന് ഒരാൾ അമ്പയറാകും. അമ്പയറുടെ തീരുമാനങ്ങളെല്ലാം തർക്കങ്ങൾക്ക് തിരികൊളുത്തും. ഹെൽമറ്റോ, പാഡോ, ഗ്ലൌസോ മൈതാനം കണ്ടതേയില്ല. കിറ്റൊരു കിനാവായി തന്നെ തുടർന്നു.
റണ്ണൊരുപാട് ഒഴുകി കാലം മുന്നോട്ടുനടന്നപ്പോൾ മൈതാനത്തിന്റെ സിംഹഭാഗം ഞങ്ങളുടെ സ്വത്തായി. കട്ടയ്ക്ക് പണമിട്ട് ടെന്നീസ് ബോളിലേക്കും എസ്എസിന്റെ ഒരു ഒന്നാന്തരം ബാറ്റിലേക്കും കളി അപ്ഗ്രേഡായി. സ്വന്തമായൊരു കുഞ്ഞൻ കിറ്റുവാങ്ങാവുന്ന സാഹചര്യത്തിലേക്ക് ഞങ്ങളെത്തി. ക്രിക്കറ്റ് പ്രാന്തിന്റെ ഗ്രാഫ് ഉയരുന്നതിനനുസരിച്ച് ഉയർന്ന ക്ലാസുകളിലേക്കും പന്തുരുളും വേഗത്തിൽ ഞങ്ങളെത്തി. ഹോം ഗ്രൌണ്ട് വിട്ട്, സൈക്കിളേറി വിദേശടൂറിന് പോയി. സകല സമീപ വില്ലേജിലും പര്യടനം പൂർത്തിയാക്കി. പഞ്ചായത്തോത്സവം വരെ പോരാട്ടം നീണ്ടു. ജയിച്ചതിനേക്കാൾ തോറ്റു. മൈതാനപരീക്ഷകളിൽ മാത്രമല്ല, ഓണ- ക്രിസ്മസ് പരീക്ഷകളിലും തോൽക്കുന്നുണ്ടെന്ന് വീട്ടുകാർ ഓർമിപ്പിച്ചു.

അരി പൊടിപ്പിച്ചാൽ കളിക്കാൻ വിടാമെന്നതുമാറി, പഠിച്ചുതീർത്താൽ കളിക്കാൻ പോകാമെന്നായി. പഠനം, അരി പൊടിപ്പിക്കുന്ന അത്ര എളുപ്പമല്ലാത്ത ടാസ്ക്കായതുകൊണ്ടുതന്നെ പലരും പ്രായമെത്തും മുൻപേ വിരമിച്ചു. നിർബന്ധിത വിരമിക്കലെന്നുപറയാം. പിന്നെ പയ്യെപ്പയ്യെ പലരും പലവഴി പിരിഞ്ഞു. കളിച്ചുനടന്നാൽ ജീവിതം മുന്നോട്ടുപോകില്ലെന്ന് മനസിലാക്കി മൈതാനമോർമയെ തന്നെ മായ്ച്ചുകളഞ്ഞവരെത്ര. ഏതെങ്കിലുമൊരു ഇടവേള നോക്കി കറങ്ങിയും തിരിഞ്ഞും പഴയ മൈതാനത്തെത്തുമ്പോൾ പുതിയ സംഘം കളിസ്ഥലം കയ്യേറിയിരുന്നു. പ്രായം നോക്കാതെ അവരുടെ കീപ്പറായും അമ്പയറായും ചിലർ പഴയാവേശത്തോടെ നിന്നു.
കൂടുതൽ സൌകര്യങ്ങളുണ്ടായിരുന്നുവെങ്കിൽ കൂടെ കളിച്ച പലരും താരങ്ങളാകുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അതിനുള്ള മരുന്നുള്ളവർ ഏറെയുണ്ടായിരുന്നു. ഏത് പന്തും വന്നതിലും വേഗത്തിൽ തിരിച്ചയക്കുന്നവർ. പന്തിന്റെ വേഗം കൊണ്ടും വ്യതിയാനം കൊണ്ടും ഞെട്ടിക്കുന്നവർ. ഒന്നാന്തരം ഓൾറൌണ്ടർമാർ. ഇന്നും റീലുകളിൽ ലോക്കൽ ടൂർണമെന്റുകളിൽ ഹിറോയായി അവരിൽ ചിലരെ കാണാം.
കളി മടുക്കാത്തവർ. കളം വിടാത്തവർ. കിട്ടാതെ പോയ കിറ്റ്, കുട്ടിക്ക് വാങ്ങി നൽകി കുഞ്ഞിലേയവനെ പ്രൊഫഷണൽ ക്രിക്കറ്ററാക്കാൻ നടക്കുന്നുണ്ട് മറ്റ് ചിലർ.
യേ ദിൽ മാംഗേ മോർ!
ഈ ഹൃദയം ഇനിയുമാഗ്രഹിക്കുന്നു…
▮
കളിപ്രാന്തിന്റെ കാര്യത്തിൽ ഒരു സന്തോഷത്തെ രണ്ടുവഴിയിലൂടെ അറിഞ്ഞവരാണ് നയന്റീസ് കിഡ്സെന്ന് തോന്നും. അർമാദിച്ച് കളിക്കേണ്ട കാലത്ത്, വീട്ടിലും വഴിയിലും പാടത്തും പറമ്പിലും ആഘോഷമാക്കി കളിച്ചുവളർന്നു. കുട്ടി- പെട്ടി റോളിലേക്ക് മാറി കുടുംബവേഷം കെട്ടിയ കാലത്ത് ടർഫിലേക്കും നെറ്റ്സിലേക്കും കളി മാറ്റാനായി. സകല വഴിവക്കിലും പോയി കളി കണ്ടവർക്ക്, സമയമില്ലാക്കാലത്ത്, സാവകാശത്തിൽ ഓടിച്ചും നിർത്തിയും കാണാൻ സാങ്കേതികത പലവിധ പ്ലാറ്റ്ഫോമുകളെ പോക്കറ്റിലിട്ടുകൊടുത്തു.
ദൂരദർശനിലൂടെ കണ്ട ക്രിക്കറ്റ് മത്സരങ്ങളായിരുന്നു, ക്രിക്കറ്റ് ഒരു ലഹരിയായി തീർത്തത്. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ അഞ്ചു ദിവസവുമെറിഞ്ഞ അഞ്ഞൂറോളം പന്തുകളും കണ്ടുതീർത്തിട്ടുണ്ട്. മൈതാനത്ത് പുല്ലുവെട്ടി ഒതുക്കാൻ ആളെത്തുന്ന ഒൻപതുമണി മുതൽ ടിവിക്കുമുന്നിൽ അറ്റൻഡൻസ് ഉറപ്പിക്കും. പിച്ച് റിപ്പോർട്ടിൽ തുടങ്ങി, ഇരുട്ട് വീണ്, അവസാനപന്തും എറിഞ്ഞ് ആളെല്ലാം തിരികെ കയറുംവരെ സുഖദർശനം. ഏകദിനങ്ങളും അതേലഹരി. എന്തിന് പരസ്യങ്ങൾപ്പോലും കണ്ണിമ ചിമ്മാതെ കണ്ടു. തേർഡ് അംപയർ ചർച്ചകൾക്ക് വരെ ചെവിനൽകി.
ലെജൻഡുകളുടെ മഹാമൈതാനസമ്മേളനം കണ്ട ക്രിക്കറ്റ് കാലം കൂടിയായിരുന്നു അത്. സകല രാജ്യങ്ങളിലും ഒന്നുമുതൽ പതിനൊന്നുവരെ പ്രതിഭകൾ. ആരായിരുന്നു നമുക്ക് ആരാധനയിലാദ്യം.
ലാറ?
വോൺ?
മുരളി?
സ്വദേശത്ത് സച്ചിനുള്ളപ്പോൾ മറ്റാരെ തിരയണമെന്ന് ചോദിക്കാം. തലയിലേറ്റിയ ഒരേയൊരു താരം സ്വദേശിയെങ്കിലും സച്ചിനല്ലായിരുന്നു. ഗാംഗുലി കഴിഞ്ഞേ എന്റെ ക്രിക്കറ്റ് സ്നേഹം സച്ചിനിലേക്ക് എത്തൂ. ഗാംഗുലി കഴിഞ്ഞ് എപ്പോൾ എത്തുമെന്ന് ചോദിച്ചാൽ ഗാംഗുലി കഴിയുന്നില്ലെന്നാകും ഉത്തരം. !! 'ദൈവ'വിശ്വാസികൾ പൊറുക്കുക. ഇനിയങ്ങോട്ട് നിങ്ങളുടെ വികാരം വ്രണപ്പെട്ടേക്കും! 'ദൈവ'ത്തേക്കാൾ ദേവിയുടെ ദാസനെ (ചണ്ഡീദാസ്) സ്മരിക്കാം.
ഒരേയൊരു ദാദ,
ഓഫ്സൈഡിലെ ദൈവം…

▮
ഓർക്കുന്നുണ്ടോ, ആ ഇൻട്രോ, ഒരു രാജ്യമാകെ തലകുനിച്ച് നിൽക്കുന്ന കോഴ വിവാദം, ആരോപണ - പ്രത്യാരോപണങ്ങൾ, തുടർതോൽവികൾ, ഒന്നുമാകാതെ പാളുന്ന പരീക്ഷണ പരമ്പരകൾ, നയിക്കാനെത്തിയ ദൈവത്തിന് പോലും കാലിടറിയ കാലം. അങ്ങനെയൊരു കെട്ടകാലത്താണയാൾ, സൌരവ് ചണ്ഡീദാസ് ഗാംഗുലിയെന്ന കൊൽക്കത്തക്കാരൻ, ടീം ഇന്ത്യയുടെ നായകക്കുപ്പായമണിയുന്നത്.
നമ്മൾ, നയന്‍റീസ് കിഡ്സ് അക്കാലം വീട്ടിലും വഴിയിലും കളിപഠിച്ച്, പാടത്തോ പറമ്പിലോ അരങ്ങേറ്റം കുറിക്കാനിരിക്കുന്നു. സിദ്ദു ആരെയോ ബാറ്റുകൊണ്ട് തലക്കടിച്ചു കൊന്നിട്ടുണ്ടെന്നും ജയസൂര്യയുടെ ബാറ്റിൽ സ്പ്രിംഗുണ്ടെന്നും വിശ്വസിച്ചിരിക്കുന്നു. ഇൻഡിപെൻഡസ് കപ്പിലെ കനിത്കറുടെ കലാശക്കൊട്ടും ഇന്ത്യ- ലങ്ക സെമിഫൈനലിലെ കാംബ്ലിയുടെ കരച്ചിലുമൊക്കെ കേട്ടറിഞ്ഞ നാം ആദ്യം കണ്ട കളി തൊണ്ണൂറ്റിയൊൻപതിലെ ലോകകപ്പായിരിക്കും. അതാകട്ടെ ആശാന്റെ ആറാട്ടുകണ്ട പൂരവുമായിരുന്നു. ഡൊണാൾഡിനേയും പൊള്ളോക്കിനേയും നേരിട്ട് സെഞ്ച്വറിക്കരികെ, വാസിനേയും മുരളിയേയും നേരിട്ട് ഇരട്ട സെഞ്ചുറിക്കരികെ, ബാറ്റുകൊണ്ടും ബോളുംകൊണ്ടും തിളങ്ങി ഇംഗ്ലണ്ടിനെതിരെ, ആദ്യം കണ്ട ലോകകപ്പിൽ തന്നെ ഇഷ്ടം കൂടിയ ഇന്നിംഗ്സുകളെ തുടരെത്തുന്നിച്ചേർത്തു ദാദ.
ഏതു പന്തിലും പുറത്തായേക്കുമെന്ന ഒരു ഭീതി എക്കാലവും ഗാംഗുലി എനിക്ക് തന്നിട്ടുണ്ടായിരുന്നു. അലസമായി ക്രീസ് വിട്ടിറങ്ങിയോ, ഒരു ഔട്ട് സ്വിംഗറിന് ഒരാവശ്യമില്ലാതെ ബാറ്റ് നീട്ടിയോ, സ്റ്റംപിന് കണക്കാക്കി വരുന്നൊരു പന്തിന് കാലുനീട്ടിനൽകിയോ ദേ ഇപ്പോൾ ഇന്നിംഗ്സ് തീരുമെന്ന് പലകുറി, പലവട്ടം തോന്നിയിട്ടുണ്ട്. എങ്കിലും ക്രീസിലുറച്ച നേരമത്രയും അതൊരു കൊടിയേറ്റുപോൽ കണ്ടിട്ടുണ്ട്.
കണ്ണിമ ചിമ്മിചിമ്മി കാത്തിരുന്ന്, വരുന്ന പന്തിനെയളന്നു കുറിച്ച്, ലോങ്ങോണിനും ലോങ്ങോഫിനുമിടയിലേക്ക് അതിനെ പറത്താനുദ്ദേശിച്ച്, ക്രീസും കടന്നിറങ്ങി, കണക്കുതെറ്റാതെ കൃത്യം നടത്തി തിരികെ പോകുന്ന ഗാംഗുലി, അതാണ് ഞാനെന്റെ ജീവിതത്തിൽ ഉള്ളാലെ ഉത്സവമാക്കിയ കാഴ്ചകളിൽ ഒന്ന്. ഒരുപാട് ആംഗിളുകളിലൊന്നും ക്യാമറയില്ലാത്ത, ഒരു ചിയർ ഗേളുമില്ലാത്ത, ഒരു പൂക്കുറ്റിയും പൂത്തിരിയും കത്താത്ത കാലത്ത് അയാൾ കാണിച്ച മാസൊന്നും മറ്റാരും കാണിച്ചില്ലെന്ന് കട്ടായം പറയാം.
ടീം ഇന്ത്യയുടെ നീലാകാശം പൊതിഞ്ഞ കാർമേഘങ്ങളെ ധീരത കൊണ്ടു പൊടിച്ചുകളഞ്ഞതാണ് കളിമികവിനപ്പുറം ഗാംഗുലിയെ പ്രിയങ്കരനാക്കിയത്. ചിന്നിയും ചിതറിയും നിന്ന, മൈതാനം കണ്ടാൽ മനോധൈര്യം മറക്കുന്ന സംഘത്തെ തലയുയർത്തി നിൽക്കാൻ പഠിപ്പിച്ചു. ഇനിയെന്ത് ഇന്ത്യയെന്ന് നിസാരവത്കരിച്ച മഹാരഥന്മാരുടെ മുന്നിലേക്ക് പോരാട്ടവീര്യത്തിന്‍റെ പുതിയ പടയെത്തി. ടീവിക്ക് അകത്തും ടീവിക്ക് പുറത്തും ആത്മവിശ്വാസമുള്ള ടീം ഇന്ത്യ പിറന്നു.ഗാംഗുലിയുടെ ഇന്ത്യ പിറക്കുന്ന കാലം കളർ ടി.വികളും കേബിൾ നെറ്റ് വർക്കുകളും സജീവമാകുന്ന കാലത്തുടക്കം കൂടിയായിരുന്നു.
കളി രണ്ടർത്ഥത്തിലും കളറായി. അയാളുടെ ടാലന്‍റ് ഹണ്ടിൽ പുതുരക്തങ്ങൾ ആദ്യ പതിനൊന്നിൽ സ്ഥിരം സാന്നിധ്യമായി. സേവാഗ്- യുവരാജ്- കൈഫ്-സഹീർ- ഹർഭജൻ; ഇവരുടെ പേരിനപ്പുറം കുറിക്കേണ്ടതില്ലല്ലോ. സച്ചിനും രാഹുലും സർവസ്വതന്ത്രരായി. നാറ്റ്‍വെസ്റ്റിൽ പുതിയ ഇന്ത്യ വരവറിയിച്ചു. ചാംപ്യൻസ് ട്രോഫിയും ബോർഡർ - ഗവാസ്കർ ട്രോഫിയും ഇങ്ങെത്തി. പോരിന് വരുന്ന പടയുടെ യോദ്ധാക്കളോ അവരുടെ ആയുധങ്ങളോ ഗാംഗുലിയുടെ വിഷയങ്ങളായിരുന്നില്ല.
വില്ലാളിവീരന്മാരെ വെല്ലുവിളിച്ചു. വീരഗാഥകളേറെ രചിച്ചു. സ്റ്റീവോയുടെ ഓസിസ്, സ്റ്റീഫൻ ഫ്ലെമിംഗിന്റെ കീവിസ്, ക്രോണ്യയുടെ ആഫ്രിക്ക, ഇൻസമാമിന്റെ പാകിസ്താൻ, നാസർ ഹുസൈന്റെ ഇംഗ്ലണ്ട്, ജയസൂര്യയുടെ ലങ്ക, ആൻഡി ഫ്ലവറിന്റെ സിംബാവെ തുടങ്ങി സകലരും പോരിന്റെ ചൂടറിഞ്ഞു. കർണനെ വായിച്ച സ്നേഹത്തോടെ ഞാൻ ഗാംഗുലിയുടെ കളി കണ്ടുറങ്ങി. ജയിച്ചേ മടങ്ങൂ എന്ന ആത്മവിശ്വാസമോ അഹങ്കാരമോ അയാളിൽ കണ്ടിട്ടില്ല. തോൽക്കില്ലെന്ന വാശിയാവോളം കണ്ടു. ഞങ്ങളുടെ മൈതാനത്തും ഗാംഗുലീയൻ മാനറിസങ്ങൾ പകർത്തപ്പെട്ടു. പല വലതരും ഇടതരായി. സകല പന്തിനേയും ക്രീസുവിട്ടിറങ്ങി പറത്താനാഗ്രഹിച്ചു. വിജയം ഷർട്ടൂരി കറക്കിയാഘോഷിച്ചു. കളത്തിൽ കോർത്താൽ കൊമ്പുകോർക്കാമെന്നായി.
2003- ലെ ലോകകപ്പ് ഫൈനൽ അക്ഷരാർത്ഥത്തിൽ കുരുക്ഷേത്രഭൂമിയിൽ രഥം പൂണ്ട കർണനെപ്പോലെ ഗാംഗുലിയെ ഏകനാക്കി. ഓർക്കുന്നുണ്ടോ, ആ കലാശക്കളി. സഹീറിന്റെ ആദ്യ പന്തൊരു നോബാളായിരുന്നു. 15 റൺ കണ്ട ആദ്യ ഓവർ തന്നെ അപായ മണിമുഴക്കി. ഒടുവിൽ അപ്രാപ്യമായൊരു റൺമല താണ്ടാനാവാതെ നാം കരഞ്ഞുകളം വിട്ടു.
പിന്നാലെയുള്ള വർഷങ്ങളിൽ ദാദയുടെ മോശംകാലം പിറന്നു. അശ്വമേധങ്ങളുടെ അന്ത്യ അത്താഴം കണ്ടു. ഗാംഗൂലിയൻസ് ഗ്യാലറി വിട്ടു. കൈവിട്ട വിശ്വകിരീടം പിന്നെ കൈവന്നുചേരുന്നത് കണ്ടെങ്കിലും ഗാംഗുലിയുടെ ടീം ഇന്ത്യയോളം പിൽക്കാലത്തെ ടീം ഇന്ത്യയോട് സ്നേഹം തോന്നിയിട്ടില്ല.
സൌരവ് ഗാംഗുലി,
സിനദിൻ സിദാൻ,
ലിയാണ്ടർ പേസ്
▮
ഗാംഗുലി, സിദാൻ, പേസ്…
കായികലഹരിയിലാറാടിയ കാലം ഇവർക്കപ്പുറമേ ആരേയും കണ്ടിട്ടുള്ളൂ. 2003 ക്രിക്കറ്റ് ലോകകപ്പ് പോലെ തന്നെയായിരുന്നു, 2006 ഫുട്ബോൾ ലോകകപ്പ്.
പ്രാർത്ഥന സിദാനിലേക്ക് മാറ്റി കാത്തിരുന്നു. കലാശക്കളിയിൽ സിദാനൊരു തവളകണക്കെ ചാടി തലകൊണ്ടുതൊടുത്ത പന്ത് ബഫൺ തട്ടിമാറ്റുന്ന നട്ടപ്പാതിരാനേരം, നെഞ്ചിലൊരു കല്ലുകണക്കെ ഭാരമടിഞ്ഞു. അത് ഇറങ്ങിപ്പോകും മുൻപ്, അയാളെ കളിക്കളത്തിൽ നിന്നേ കാണാതായി. മെറ്റരാസിയുടെ നെഞ്ചുംകൂടിലേക്ക് നിറയൊഴിച്ച് നിരാശയുടെ നെരിപ്പോടൂതികത്തിച്ച് സിദാനന്ന് മൈതാനം വിട്ടു. പിന്നെ ഷൂട്ടൗട്ട് വന്നു. പിർലോയിൽ തുടങ്ങി ഗ്രോസോയിൽ തീർന്ന കിക്കെടുക്കലിൽ കപ്പ് ഇറ്റലിയെടുത്തു. അരണ്ട വെളിച്ചത്തിലിരുന്ന് കരഞ്ഞ് കിടന്നുറങ്ങിയിട്ടുണ്ട്.
ലിയാണ്ടർ പേസും അതുപോലെ തന്നെ. പ്രായമൊരു നമ്പർ മാത്രമെന്ന് പേസിന്റെ പോരാട്ടവീര്യം ഓർമിപ്പിച്ചു. അയാളൊരു പൂമ്പാറ്റ പോലെ പറന്നുപോരാടിയ അങ്കങ്ങളെത്ര. സച്ചിൻ മുതൽ സൂര്യവംശി വരെ, ബാറ്റിസ്റ്റ്യൂട്ടോ മുതൽ മെസി വരെ, ആനന്ദ് മുതൽ പ്രാഗ്യാനന്ദ വരെ, പേസിൽ തുടങ്ങി ജോക്കോവിച്ച് വരെ, ആസിഫ് സഹീർ മുതൽ സി.കെ.വിനീത് വരെ, അനന്തപത്മനാഭൻ മുതൽ സച്ചിൻ ബേബി വരെ, കണ്ടും വായിച്ചും ആരാധിച്ച ആയിരങ്ങളുണ്ടെങ്കിലും ഈ ത്രയം തന്നെയാണ് ത്രസിപ്പിച്ചവരിൽ എന്നും മുന്നിൽ.

ഒടുവിൽ നമ്മൾ എഴുതി തൂക്കുന്നു,
ഇത് പ്ലേ ഏരിയ അല്ല…
▮
കുട്ടിക്കാലത്തെ കളിയിടങ്ങളിൽ കാവിനോട് ചേർന്നൊരു കൊച്ചുമൈതാനമുണ്ടായിരുന്നു. കോവിൽ മതിലകം വീഴുന്ന പന്തുകൾ പോലും തിരിച്ചുകിട്ടാതിരുന്നിട്ടില്ല. ശാസിക്കുമെങ്കിലും ശാന്തി കുട്ടികളുടെ സന്തോഷം ദൈവത്തിന്റെ സന്തോഷമെന്ന് കരുതിക്കാണും. ചില്ലുപൊട്ടിച്ചതിന് ചീത്തപറഞ്ഞാലും കളി കാലാകാലത്തേക്ക് വിലക്കിയിട്ടില്ല ഒരയൽക്കാരനും. എന്റെ തൊടിയിൽ വേണ്ട നിന്റെ പന്തുകളിയെന്ന് പറഞ്ഞ പ്രായം ചെന്നവരും പന്തുതപ്പാനെല്ലാം കൂടുമായിരുന്നു. വിളക്കുകത്തുന്നതിന് മുൻപ് കളി മതിയാക്കി ഓടി വീട്ടിൽ കയറാറില്ലെങ്കിലും കളിക്കാൻ അനുമതി കിട്ടാതിരുന്നിട്ടേയില്ല.
ആ കുട്ടികളായ നമ്മൾ, നമ്മുടെ കുട്ടികൾ വായിക്കാൻ ചിൽഡ്രൻസ് പ്ലേ ഏരിയയെന്നും ചിൽഡ്രൻസ് മസ്റ്റ് നോട്ട് പ്ലേ ഇൻ ദിസ് ഏരിയയെന്നും ബോർഡുകൾ എങ്ങുമെങ്ങും എഴുതിതൂക്കുന്നത് എന്തിനാവോ…
(അവസാനിക്കുന്നില്ല, അടുത്ത പാക്കറ്റിൽ തുടരും)
