പട്ടികജാതിക്കാർക്ക് ചീഫ് സെക്രട്ടറിയാകാനാകാത്ത കേരളത്തിൽനിന്ന് ജാതിസെൻസസിനെക്കുറിച്ച് ഒരാലോചന

കേരളത്തിൽ സമുദായ സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് പ്രഫ. (ഡോ) ജി. മോഹൻ ഗോപാലിന്റെ നേതൃത്വത്തിൽ, പ്രമുഖർ ഒപ്പിട്ട നിവേദനം, 2023 ഒക്ടോബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിരുന്നു. അതിനൊരു മറുപടി നൽകാനോ നിവേദകസംഘവുമായി കൂടിക്കാഴ്ച നടത്താനോ പോലും മുഖ്യമന്ത്രി തയ്യാറല്ല- ജാതി സെൻസസിനെ പ്രധാന രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും എന്തുകൊണ്ട് നിസ്സംഗതതോടെ സമീപിക്കുന്നു എന്ന ആലോചന- സുദേഷ് എം. രഘു എഴുതുന്നു.

2021- ൽ നടക്കേണ്ടിയിരുന്ന ദശവത്സര സെൻസസ് ഇതുവരെയായിട്ടും നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. അതിനുള്ള നീക്കം പോലും ആരംഭിച്ചിട്ടില്ല. രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും കണക്കെടുക്കുന്ന സമഗ്ര സമുദായ സെൻസസ് നടത്തണം എന്ന ആവശ്യം ശക്തമായതോടെയാണ് കേന്ദ്ര ഭരണകക്ഷി, സെൻസസ് നടത്താൻ മടിക്കുന്നതെന്ന് എല്ലാവർക്കും അറിയാം.

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തെരഞ്ഞെടുപ്പു സമയത്തും ശേഷവും ജാതിസെൻസസ് നടത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നുണ്ടെങ്കിലും കോൺഗ്രസ് പാർട്ടിയോ ‘ഇന്ത്യ’ മുന്നണിയിലെ ഇതര കക്ഷികളോ അത്തരമൊരു ആവശ്യത്തിനുപിന്നിൽ തുറന്ന മനസ്സോടെ അണിനിരന്നിട്ടില്ല. കേരളത്തിലെ കോൺഗ്രസാണെങ്കിൽ അക്കാര്യത്തെക്കുറിച്ച് കമാന്ന് മിണ്ടാൻ തയ്യാറാകുന്നില്ല. അഖിലേന്ത്യാ തലത്തിൽ ജാതിസെൻസസിന് അനുകൂലമെന്നു പറയുന്ന സി പി എം, അവർ ഭരിക്കുന്ന കേരളത്തിൽ ബീഹാർ മോഡലിൽ ജാതിസെൻസസ് നടത്താൻ തയ്യാറല്ല.

ജാതിസെൻസസ് നടത്തേണ്ടതിന്റെ ആവശ്യം രാഹുൽഗാന്ധി ഊന്നിപ്പറയുന്നുണ്ടെങ്കിലും കോൺഗ്രസോ ‘ഇന്ത്യ’ മുന്നണിയിലെ ഇതര കക്ഷികളോ ഈ ആവശ്യത്തിനുപിന്നിൽ അണിനിരന്നിട്ടില്ല.
ജാതിസെൻസസ് നടത്തേണ്ടതിന്റെ ആവശ്യം രാഹുൽഗാന്ധി ഊന്നിപ്പറയുന്നുണ്ടെങ്കിലും കോൺഗ്രസോ ‘ഇന്ത്യ’ മുന്നണിയിലെ ഇതര കക്ഷികളോ ഈ ആവശ്യത്തിനുപിന്നിൽ അണിനിരന്നിട്ടില്ല.

ചുരുക്കത്തിൽ, ഇന്ത്യയിലെ പ്രധാന രാഷ്ട്രീയപ്പാർട്ടികൾക്കൊന്നിനും ജാതിസെൻസസ് വിഷയത്തിൽ ശക്തവും സ്പഷ്ടവുമായ നിലപാടില്ലാത്തതിനാലാണ് കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ നിസ്സംഗത പുലർത്തുന്നതെന്നു തോന്നുന്നു.

കേരളത്തിലെയും ഇന്ത്യയിലെയും ഭരണകൂട സ്ഥാപനങ്ങളിൽ അർഹമായതും മതിയായതുമായ പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളാണ് ഇന്നാട്ടിലെ ബഹുഭൂരിപക്ഷം സമുദായങ്ങളും. എന്നാൽ ഏതാനും ചില സമുദായങ്ങൾക്ക് ഈ രംഗങ്ങളിലെല്ലാം അമിത പ്രാതിനിധ്യമുണ്ട്.

ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ

ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറുന്ന സമയത്തുതന്നെ, ഡോ. ബി.ആർ. അംബേദ്കർ ഇതുസംബന്ധമായ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാതിനിധ്യ ജനാധിപത്യം (representative democracy) നടപ്പാക്കിയില്ലെങ്കിൽ ഏതാനും സമുദായങ്ങളുടെ ഒലിഗാർക്കി ഭരണമായിരിക്കും സ്വതന്ത്ര ഇന്ത്യയിലുണ്ടാവുക എന്ന മുന്നറിയിപ്പാണ് നൂറ്റാണ്ടുമുൻപേ അദ്ദേഹം നൽകിയത്. പിൽക്കാല ഇന്ത്യൻ ഭരണകൂടങ്ങളെയും സംസ്ഥാന ഭരണകൂടങ്ങളെയും നിരീക്ഷിച്ചാൽ അദ്ദേഹത്തിന്റെ ആ അപകടസൂചന പൂർണമായും ശരിയായിരുന്നു എന്നു മനസ്സിലാകും.

ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി- ഈ മൂന്ന് അധികാര സ്ഥാപനങ്ങളിലും പിടിമുറുക്കിയിട്ടുള്ളത് ഏതാനും സമുദായക്കാരാണ്. കേന്ദ്രത്തിലത് ബ്രാഹ്മണ- ക്ഷത്രിയ- ബനിയ- കായസ്ത എന്ന ചാതുർവർണികരാണെങ്കിൽ കേരളത്തിൽ ബ്രാഹ്മണ- നായർ- സുറിയാനി ക്രൈസ്തവ വിഭാഗക്കാരാണ്. പാർട്ടികളും മുന്നണികളും മാറിയിട്ടും ഈ വിഭാഗങ്ങളുടെ ആധിപത്യത്തിൽ മാറ്റം വന്നില്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഈ ഒലിഗാർക്കി ഭരണത്തെക്കുറിച്ച് ഇതിനകം പലരും എഴുതിക്കഴിഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകരിലെയും കേന്ദ്ര സെക്രട്ടറിമാരിലെയും ഒ.ബി.സി അസാന്നിധ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചപ്പോഴാണ് മുഖ്യധാരയിൽ അത്തരം കാര്യങ്ങൾ കുറച്ചെങ്കിലും ചർച്ചയായതെന്നു മാത്രം. പട്ടികജാതിക്കാരിൽ നിന്ന് നിരവധി ഐ എ എസ് ഓഫീസർമാരുണ്ടായിട്ടുണ്ടെങ്കിലും കേരളത്തിൽ പട്ടികജാതിക്കാരായ ചീഫ് സെക്രട്ടറിമാരുണ്ടായിട്ടില്ല. ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് ആകെ ഒരു ഈഴവനും ഒരു നാടാരും മാത്രമാണ് ചീഫ് സെക്രട്ടറിമാരായിട്ടുള്ളത്. ആകെ 49 ചീഫ് സെക്രട്ടറിമാരുണ്ടായതിൽ 44 പേരും നായർ- സുറിയാനി ക്രൈസ്തവ- ബ്രാഹ്മണ വിഭാഗങ്ങളിൽ നിന്നു മാത്രമാണ്. 90 കേന്ദ്ര സെക്രട്ടറിമാരിൽ ഒ.ബി.സിക്കാർ കേവലം 3 പേരാണുള്ളത്.

ബീഹാർ ജാതിസർവേ റിപ്പോർട്ട് വെളിപ്പെടുത്തിയത്, ആ സംസ്ഥാനത്തെ സവർണ /മുന്നാക്ക സമുദായക്കാർ, ജനസംഖ്യയിൽ 15.56 ശതമാനം മാത്രമാണെന്നും എന്നാൽ അധികാരസ്ഥാനങ്ങളിൽ അവർക്ക് അമിത പ്രാതിനിധ്യമുണ്ടെന്നുമായിരുന്നു.
ബീഹാർ ജാതിസർവേ റിപ്പോർട്ട് വെളിപ്പെടുത്തിയത്, ആ സംസ്ഥാനത്തെ സവർണ /മുന്നാക്ക സമുദായക്കാർ, ജനസംഖ്യയിൽ 15.56 ശതമാനം മാത്രമാണെന്നും എന്നാൽ അധികാരസ്ഥാനങ്ങളിൽ അവർക്ക് അമിത പ്രാതിനിധ്യമുണ്ടെന്നുമായിരുന്നു.

ഈ സ്ഥിതിക്ക് മാറ്റം വരണമെന്നു പറയുന്നവരെ സ്വത്വവാദികളെന്നും സമുദായവാദികളെന്നും വിളിച്ച് ആക്ഷേപിക്കലാണ് പൊതുവിൽ സവർണ സമുദായക്കാരും അവരുടെ മാധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ചെയ്തുപോരുന്നത്. അത്തരക്കാർക്ക് വർഷങ്ങൾക്കു മുൻപേ സഹോദരൻ അയ്യപ്പൻ മറുപടി നൽകിയിട്ടുണ്ട്: ‘സമുദായ പ്രാതിനിധ്യം കൊണ്ടു മാത്രം ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം സാധിക്കാവുന്ന സ്ഥിതിയിൽ സമുദായക്രമമുള്ള രാജ്യത്ത് സമുദായ പ്രാതിനിധ്യമാണ് യഥാർഥമായ ദേശീയത്വം’. (കെ.എം. സുബ്രഹ്മണ്യം - മൈത്രി ബുക്സ്, 2024, പേജ് 569). കേരളത്തിലുൾപ്പെടെ സവർണ സമുദായങ്ങളുടെ അമിത പ്രാതിനിധ്യം ചോദ്യം ചെയ്യപ്പെടാതെ അഭംഗുരം തുടരുന്നത് സമുദായങ്ങളുടെ യഥാർഥ സ്ഥിതിയെ സംബന്ധിച്ച വസ്തുതകൾ ജനങ്ങൾക്ക് അറിയാത്തതുകൊണ്ടാണ്.

തദ്ദേശഭരണസ്ഥാപനങ്ങളിലെ പകുതി മെമ്പർമാർ സ്ത്രീകളായിരിക്കുന്നത് അവർക്ക് 50 ശതമാനം സംവരണമുള്ളതുകൊണ്ടാണ്. സ്വാഭാവികമായ രീതിയിൽ സ്ത്രീകൾക്ക് കയറിപ്പറ്റാൻ സാധിക്കുന്ന ഇടമായിരുന്നെങ്കിൽ അവിടങ്ങളിൽ സ്ത്രീകൾക്കു സംവരണം ഏർപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നല്ലോ. പ്രാതിനിധ്യത്തിനുള്ള പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയില്ലെങ്കിൽ സവർണ സ്ത്രീകൾക്കുപോലും നിയമനിർമാണസഭകളിൽ കടന്നുവരാൻ സാധിക്കില്ലെന്നതിന് ഉദാഹരണമാണ് ഇന്ത്യൻ പാർലമെന്റും സംസ്ഥാന നിയമസഭകളും. 10-15 ശതമാനം മാത്രമാണ് അവിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും. ഒ.ബി.സി- മുസ്‍ലിം- പിന്നാക്ക ക്രിസ്ത്യൻ പ്രാതിനിധ്യത്തിന്റെ കാര്യവും വ്യത്യസ്തമല്ല. പ്രത്യേക വ്യവസ്ഥയില്ലാത്തതിനാൽ ജനസംഖ്യാനുപാതത്തിൽ ഇവർക്കാർക്കും നിയമസഭകളിലോ പാർലമെന്റിലോ പ്രാതിനിധ്യം കിട്ടുന്നില്ല.

ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി- ഈ മൂന്ന് അധികാര സ്ഥാപനങ്ങളിലും പിടിമുറുക്കിയിട്ടുള്ളത് ഏതാനും സമുദായക്കാരാണ്. കേന്ദ്രത്തിലത് ബ്രാഹ്മണ- ക്ഷത്രിയ- ബനിയ- കായസ്ത എന്ന ചാതുർവർണികരാണെങ്കിൽ കേരളത്തിൽ ബ്രാഹ്മണ- നായർ- സുറിയാനി ക്രൈസ്തവ വിഭാഗക്കാരാണ്.

സ്ത്രീകളുടെ ജനസംഖ്യ എടുക്കാതെ അവർക്ക് പ്രാതിനിധ്യക്കുറവുണ്ടോ എന്ന് ആർക്കെങ്കിലും നിശ്ചയിക്കാനാവുമോ? വനിതാ സംവരണബിൽ പാസാക്കുന്നത് സ്ത്രീപ്രാതിനിധ്യക്കുറവുണ്ട് എന്നു ബോധ്യപ്പെട്ടതുകൊണ്ടല്ലേ? ജനസംഖ്യ കണക്കെടുക്കാത്തതിനാൽ ഒ.ബി.സികൾ ജനസംഖ്യയുടെ എത്ര ശതമാനമുണ്ടെന്ന് ആർക്കും അറിഞ്ഞുകൂടാ. മണ്ഡൽ കമ്മീഷൻ 52 ശതമാനത്തിന്റെ കണക്കു പറഞ്ഞത് സാമ്പിൾ സർവേയുടെ അടിസ്ഥാനത്തിലാണ്. നാഷനൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ പോലുള്ള ഏജൻസികളും സാമ്പിൾ സർവേ എടുത്താണ് ഒ.ബി.സി ജനസംഖ്യ എത്രയുണ്ടെന്നു പറയുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം മാറിമാറി വന്ന ഒരു സർക്കാറും അവർണ- പിന്നാക്ക സമുദായങ്ങളുടെയും സവർണ- മുന്നാക്ക സമുദായങ്ങളുടെയും കണക്കെടുത്തിട്ടില്ല. സംവരണം ഉൾപ്പെടെയുള്ള ചില നയങ്ങൾ തീരുമാനിക്കാൻ, സമുദായങ്ങളുടെ ജനസംഖ്യ എത്രയാണെന്ന കണക്ക് വേണം. 2011ൽ യു പി എ സർക്കാർ നടത്തിയ സോഷ്യോ ഇക്കണോമിക് സർവേയിൽ ആ കണക്കെടുത്തിരുന്നെങ്കിലും ആ സർക്കാരോ അതിനുശേഷം വന്ന എൻ ഡി എ സർക്കാരുകളോ വിവരം പുറത്തുവിട്ടില്ല.

നിതീഷ് കുമാർ
നിതീഷ് കുമാർ

ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് അടുത്തകാലത്ത് സംസ്ഥാനത്ത് സമുദായ സർവേ നടത്തി വിവരം പുറത്തുവിട്ടത്. കർണാടകയിൽ നടത്തിയ സർവേയുടെ വിവരം പുറത്തുവിടാൻ, ജാതിസെൻസസിനുവേണ്ടി മുറവിളി നടത്തുന്ന രാഹുൽഗാന്ധി പോലും ഒന്നും ചെയ്യുന്നില്ല.

ജാതിസെൻസസ് എടുക്കുന്നതിനെ ഭരണാധികാരികൾ ഇത്ര ഭയക്കുന്നത് എന്തുകൊണ്ടാണ്? ജാതിസെൻസസ് എടുത്താൽ ജനങ്ങളിൽ ഭിന്നത വർധിക്കും എന്ന ഭയം കൊണ്ടാണോ?

അതൊന്നും കൊണ്ടല്ല അവർ ഭയപ്പെടുന്നതെന്ന് ചിന്താശേഷിയുള്ള അവർണബഹുജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. കഴിഞ്ഞവർഷം പ്രസിദ്ധീകരിക്കപ്പെട്ട ബീഹാർ ജാതിസർവേ റിപ്പോർട്ട് വെളിപ്പെടുത്തിയത്, ആ സംസ്ഥാനത്തെ സവർണ /മുന്നാക്ക സമുദായക്കാർ, ജനസംഖ്യയിൽ 15.56 ശതമാനം മാത്രമാണെന്നും എന്നാൽ അധികാരസ്ഥാനങ്ങളിൽ അവർക്ക് അമിത പ്രാതിനിധ്യമുണ്ടെന്നുമാണല്ലോ. മുഖ്യമന്ത്രി പിന്നാക്ക സമുദായക്കാരനാണെങ്കിലും ജനസംഖ്യയിൽ 65 ശതമാനത്തിലധികം വരുന്ന ഒ.ബി.സിക്കാർക്ക് അധികാരത്തിലുള്ള പങ്കാളിത്തം തുലോം തുച്ഛമാണെന്ന യാഥാർഥ്യവും ആ റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണ വിഹിതം വർധിപ്പിച്ച തീരുമാനത്തെ പക്ഷേ കോടതി ഇടപെട്ടു തടഞ്ഞു. 50 ശതമാനം സീലിങ്ങിനെ മറികടക്കുന്നു എന്ന വാദമുയർത്തി പിന്നാക്ക സംവരണം വർധിപ്പിക്കുന്നതിനെ തടയുന്ന കോടതികൾക്ക് പക്ഷേ ആ സീലിങ് മറികടന്ന് മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ യാതൊരു പ്രശ്നവുമില്ല.

പ്രാതിനിധ്യത്തിനുള്ള പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയില്ലെങ്കിൽ സവർണ സ്ത്രീകൾക്കുപോലും നിയമനിർമാണസഭകളിൽ കടന്നുവരാൻ സാധിക്കില്ലെന്നതിന് ഉദാഹരണമാണ് ഇന്ത്യൻ പാർലമെന്റും സംസ്ഥാന നിയമസഭകളും. 10-15 ശതമാനം മാത്രമാണ് അവിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും. ഒ.ബി.സി- മുസ്‍ലിം- പിന്നാക്ക ക്രിസ്ത്യൻ പ്രാതിനിധ്യത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

സുപ്രീം കോടതി ഉൾപ്പെടെയുള്ള ഹയർ ജുഡീഷ്യറിയിൽ പിന്നാക്ക വിഭാഗക്കാർക്ക് തുലോം തുച്ഛമായ പ്രാതിനിധ്യം മാത്രമേയുള്ളൂ. സുപ്രീംകോടതിയിലെ 73 ശതമാനം ജഡ്ജിമാരും സവർണരാണ്; അതിൽത്തന്നെ 40 ശതമാനവും ബ്രാഹ്മണരാണ്. ഈ കണക്കിൽ നമുക്കാർക്കും പ്രശ്നം തോന്നാത്തത്, സമുദായ പ്രാതിനിധ്യം എന്ന സങ്കൽപ്പനത്തിനു സംഭവിച്ച പരിണാമം മൂലമാണ്. സഹോദരൻ അയ്യപ്പനും മറ്റും സമുദായ പ്രാതിനിധ്യം എന്ന വാദത്തിലൂടെ ഉന്നയിച്ചത് ഇപ്പോൾ ഹിന്ദു-ക്രിസ്ത്യൻ- ഇസ്‍ലാം മതങ്ങളിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്ന വ്യത്യസ്ത സമുദായങ്ങളുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടണം എന്ന അർഥത്തിലായിരുന്നു. എന്നാൽ സമുദായങ്ങളുടെ ഐഡന്റിറ്റി നശിപ്പിച്ച് എല്ലാവരെയും ഓരോ മതക്കള്ളിയിൽ ഉൾപ്പെടുത്തുന്ന തന്ത്രമാണ് സെൻസസിൽ സമുദായം രേഖപ്പെടുത്താൻ തയ്യാറാകാതെ ഇന്ത്യൻ ഭരണകൂടം സ്വീകരിച്ചത്. ഹിന്ദു- ക്രിസ്ത്യൻ- ഇസ്‍ലാം മതക്കാരുടെ പേരിൽ അതതു വിഭാഗങ്ങളിലെ സവർണർ / മുന്നാക്ക സമുദായങ്ങൾ മാത്രം അധികാരം കൈയാളുന്ന അവസ്ഥ നിലനിർത്താൻ വേണ്ടിയാണ് ഈ തന്ത്രം ഭരണകൂടം സ്വീകരിച്ചത്.

50 ശതമാനം സീലിങ്ങിനെ മറികടക്കുന്നു എന്ന വാദമുയർത്തി പിന്നാക്ക സംവരണം വർധിപ്പിക്കുന്നതിനെ തടയുന്ന കോടതികൾക്ക് പക്ഷേ ആ സീലിങ് മറികടന്ന് മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ യാതൊരു പ്രശ്നവുമില്ല.
50 ശതമാനം സീലിങ്ങിനെ മറികടക്കുന്നു എന്ന വാദമുയർത്തി പിന്നാക്ക സംവരണം വർധിപ്പിക്കുന്നതിനെ തടയുന്ന കോടതികൾക്ക് പക്ഷേ ആ സീലിങ് മറികടന്ന് മുന്നാക്ക സംവരണം നടപ്പാക്കിയപ്പോൾ യാതൊരു പ്രശ്നവുമില്ല.

സുപ്രീംകോടതിയിലായാലും മന്ത്രിസഭകളിലായാലും ഉദ്യോഗസ്ഥപ്രമുഖരിലായാലും ഹിന്ദുവായ ആൾ വന്നാൽ തങ്ങൾ പ്രതിനിധീകരിക്കപ്പെട്ടു എന്ന വ്യാജ പ്രതീതി ഹിന്ദു വിഭാഗങ്ങളിൽ ബ്രാക്കറ്റ് ചെയ്യപ്പെട്ടിട്ടുള്ള അവർണ ഒ.ബി.സികൾക്കും ദലിതർക്കും തോന്നും. സമുദായങ്ങൾ എന്ന രീതിയിൽ തങ്ങൾ പ്രതിനിധീകരിക്കപ്പെടുന്നില്ല എന്ന തിരിച്ചറിവ് അവർക്കുണ്ടാകണമെങ്കിൽ ഓരോരുത്തർക്കും അവരവരുടെ ജനസംഖ്യ എത്രയെന്ന വിവരം ആദ്യം അറിയേണ്ടതുണ്ട്. ആ അറിവ് നിഷേധിക്കാനാണ് മാറിമാറി ഭരിച്ചിട്ടുള്ള കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുള്ളത്. ഇപ്പോഴും അവരുടെ ആ നിലപാടിൽ മാറ്റമില്ല.

കേരളത്തിൽ സമുദായ സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും ശ്രീനാരായണ മാനവധർമം ട്രസ്റ്റ് ചെയർമാനുമായ പ്രഫ. (ഡോ) ജി. മോഹൻ ഗോപാലിന്റെ നേതൃത്വത്തിൽ, പ്രമുഖർ ഒപ്പിട്ട നിവേദനം, 2023 ഒക്ടോബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിരുന്നു. അതിനൊരു മറുപടി നൽകാനോ നിവേദകസംഘവുമായി കൂടിക്കാഴ്ച നടത്താനോ പോലും മുഖ്യമന്ത്രി തയ്യാറല്ല.

ജി. മോഹൻ ഗോപാൽ
ജി. മോഹൻ ഗോപാൽ

ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്, ജാതി സെൻസസ് നടത്താൻ പാടില്ലെന്നുള്ള നായർ സർവീസ് സൊസൈറ്റിയുടെ ഭീഷണി. എൻ.എസ്.എസിന്റെ താത്പര്യത്തിനു വിരുദ്ധമായി ജാതിസെൻസസ് നടത്താൻ ഇടതുപക്ഷ സർക്കാർ തയ്യാറാകുമെന്ന് കരുതുന്നില്ലെങ്കിലും രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കന്മാരുടെ ഈ വിഷയത്തിലുള്ള കൺസിസ്റ്റൻസി നിലനിൽക്കുമെങ്കിൽ ജാതിസെൻസസ് നടത്താതിരിക്കാൻ കേന്ദ്ര സർക്കാരിനു കഴിയില്ലെന്നാണു തോന്നുന്നത്. ജാതിസെൻസസ് എന്നത് തടയാനാവാത്ത ആശയമാണെന്ന രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ പ്രസ്താവന* അതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ജാതിസെൻസസ് അനുകൂലിയായ നിതീഷ് കുമാറിന്റെ പാർട്ടി കൂടി ഭരണമുന്നണിയിലുള്ളതും പ്രതീക്ഷ തന്നെ.

(*The caste census is now an unstoppable idea. The critical question of whether 90% of our population is meaningfully represented in India’s institutional structure - economy, government, education - demands an answer. At its core, this is an issue of fairness and justice. Anything less than a comprehensive caste census, along with an economic and institutional survey is unacceptable).


Summary: Activist Sudesh M Raghu writes about the State and Central government's uninterested attitude towards caste census


സുദേഷ് എം. രഘു

എഴുത്തുകാരൻ. പി.എസ്.സി. നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബ്രാഹ്‌മണ മാർക്‌സിസം എന്ന പുസ്തകത്തിന്റെ വിവർത്തകൻ

Comments