കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 27
തടവുചാട്ടം
എം.ജി.ശശി: ജയിലിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ഒരു തടവുചാട്ട ശ്രമം ഉണ്ടായല്ലോ...
കെ.വേണു: ഞങ്ങൾ നാലുപേരെയാണ് പ്രധാനമായിട്ട് മറ്റു കോടതികളിലേക്ക് കൊണ്ടുപോകാറുള്ളത്.
ഞാനും രാമചന്ദ്രനും ജോയിയും പിന്നെ കുട്ടികൃഷ്ണനും. വേറെ പലരും ഉണ്ടെങ്കിൽത്തന്നെയും പല കേസുകൾക്കായി പോകേണ്ടി വരുന്നത് ഞങ്ങൾക്കാണ് -കണ്ണൂർ ജയിലിൽ നിന്ന്. പിന്നെ കുറേപ്പേര് തിരുവനന്തപുരത്തും വിയ്യൂർ ജയിലിലുമൊക്കെയാണ്. ഹൈക്കോടതീലോ മറ്റു ജില്ലാക്കോടതികളിലോ പതിവായി പോകേണ്ടി വരാറുണ്ട്. വൈകുന്നേരം ആറു മണിയോടെയാണ് പോലീസുകാർ വരിക. കണ്ണൂരിൽ നിന്ന് രാത്രിയിലാണ് യാത്ര. ആ യാത്രയില് രക്ഷപ്പെടണം. അടിയന്തരാവസ്ഥയൊന്നും ഒരിക്കലും പിൻവലിക്കപ്പെടാൻ പോകുന്നില്ല എന്നാണ് അന്നൊക്കെ ചിന്തിക്കുന്നത്. നിലവിലുള്ളത് കപട ജനാധിപത്യമാണ്, ജനാധിപത്യമൊന്നും ഈ സമൂഹത്തിൽ ഇല്ല എന്നതാണ് നിലപാട്. ഈ രാഷ്ട്രീയ സംവിധാനത്തിൽ യഥാർത്ഥ ജനാധിപത്യമൊന്നും ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് നമ്മൾ വിപ്ലവത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അതിന് ജയിലിൽ കിടന്നിട്ട് കാര്യമില്ല. രക്ഷപ്പെടാനുള്ള മാർഗം കണ്ടെത്തണം. ഈ ചിന്ത ഞാൻ മറ്റു മൂന്നു പേരുമായി പങ്കുവെക്കുകയുണ്ടായി. ഒരുമിച്ചേ എന്തെങ്കിലും ചെയ്യാനാകൂ. പക്ഷേ, ജോയി തയ്യാറല്ല എന്ന് ആദ്യമേ പറഞ്ഞു. പാർട്ടിക്കാര്യങ്ങളും രഹസ്യങ്ങളുമൊന്നും ഒരു കാരണവശാലും പോലീസിനോട് പറയില്ല എന്ന ദൃഢനിശ്ചയത്തിലായിരുന്നു ജോയി. പോലീസിനും അധികാരിവർഗത്തിനും കീഴ്പ്പെടാൻ പാടില്ല എന്ന വലിയ സങ്കല്പം ജോയിക്കുണ്ടായിരുന്നു. രണ്ടുമൂന്നു ദിവസം കൊണ്ട് അത് പക്ഷേ തകർന്നു പോയി. പോലീസ് അതിഭീകരമായി മർദ്ദിച്ചു. ഒന്നും മറയ്ക്കാനാകാതെ ജോയിക്കെല്ലാം പറയേണ്ടി വന്നു. എന്തെങ്കിലും പറയേണ്ടി വന്നാൽ, കുറേയൊക്കെ നിയന്ത്രിച്ച്, അപ്രധാനമായ ചിലത് മാത്രം പറയുക എന്നതാണ് ഞങ്ങളൊക്കെ ചെയ്യാറുള്ളത്.

പോലീസിനോട് മുഴുവൻ കാര്യങ്ങളും പറയേണ്ടി വന്നത് ജോയിക്ക് വലിയ കുറ്റബോധം ഉണ്ടാക്കി. തനിക്കിനി വീണ്ടുമൊരു വിപ്ലവകാരിയാകാൻ കഴിയില്ല, രാഷ്ട്രീയ പ്രവർത്തനം ഇനി സാദ്ധ്യമല്ല എന്ന ഒരു വലിയ തീരുമാനത്തിലാണ് ജോയി എത്തിച്ചേർന്നത്. എന്നോട് തന്നെയാണ് ഈ തീരുമാനം പറഞ്ഞത്. ഞാൻ പ്രേരിപ്പിച്ച് നിലപാട് മാറ്റുമോ എന്നൊരു അശങ്ക ആൾക്കുണ്ടായിരുന്നു. തടവുചാട്ട ശ്രമത്തിന് താൻ സഹകരിക്കില്ലായെന്ന് ജോയി നിശ്ചയിച്ചപ്പോൾ 'ആയിക്കോട്ടേ, എതിർക്കാതിരുന്നാൽ മതി'യെന്ന് ഞാനും പറഞ്ഞു. എന്നിട്ട് ഞാനൊരു പദ്ധതി അവതരിപ്പിച്ചു. ആറു മണിക്ക് കണ്ണൂരിൽ നിന്ന് പോന്നാൽ പത്തു മണിയോടെ മലപ്പുറം ഭാഗത്തെത്തും -കാലിക്കറ്റ് യൂണിവേഴ്സിറ്റിയൊക്കെ കഴിഞ്ഞുള്ള സ്ഥലങ്ങളില്. മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ട് പറ്റിയ സ്ഥലത്ത് നിർത്തിക്കണം. ചില ബുദ്ധിയുള്ള ഡ്രൈവർമാര് ഞങ്ങളാണ് കൂടെയുള്ളത് എന്നറിഞ്ഞു കൊണ്ട് കൂടുതൽ ശ്രദ്ധിക്കും. വശങ്ങൾ മതിലുപോലെ ചെത്തിയെടുത്ത് ഉണ്ടാക്കിയ റോഡിൽ, അപ്പുറവും ഇപ്പുറവും ഞങ്ങൾക്ക് രക്ഷപ്പെടാനാകാത്ത വിധം പോലീസുകാർക്ക് കാവൽ നിൽക്കാൻ പറ്റുന്ന സ്ഥലത്തേ അവർ വണ്ടി നിർത്തൂ. ഒരു തവണ തരക്കേടില്ലാത്ത ഒരു സന്ദർഭം ഒത്തുവന്നു. അരയ്ക്കൊപ്പം മാത്രം ഉയരത്തിൽ കല്ലുപെറുക്കി വെച്ചിട്ടുള്ള ഒരു മതിലിന് മുന്നിലാണ് നിർത്തിയത്. ഞാൻ 'റെഡി' എന്നു പറയുന്നതാണ് ഫൈനൽ തീരുമാനം. ജോയി അവിടെത്തന്നെ നിൽക്കും. മറ്റുള്ള എല്ലാവരും രക്ഷപ്പെടാൻ തയ്യാറായിട്ടുണ്ട്.
അങ്ങനെ രക്ഷപ്പെട്ടാൽ പുറത്ത് പാർട്ടി പ്രവർത്തനം തുടരാമല്ലോ അല്ലേ...
അതെ. മൂന്നുപേരും ഓടി. കുട്ടികൃഷ്ണൻ അവിടെത്തന്നെ മതിലിന്മേൽ തട്ടി വീണു. രാമചന്ദ്രനും കുറച്ച് ഓടിയപ്പോഴേക്കും വേറെ എന്തിലോ തട്ടി വീണു. എന്നെ പിടിക്കാൻ കൂടെ ഓടിയ, ഏ.ആർ ക്യാമ്പിൽ നിന്നു വന്ന പോലീസുകാരൻ 'പ്രപഞ്ചവും മനുഷ്യനും' വായിച്ച ആളാണ്. എന്നോട് വലിയ ആരാധനയുണ്ട് അയാൾക്ക്. അതെന്നെ വിഷമിപ്പിച്ചു. 'ചതിച്ചല്ലോ വേണൂ' എന്ന് ആദ്യമേ അയാൾ ഒച്ചവെക്കുന്നുണ്ട്. പക്ഷേ, അന്ന് കുടുംബമോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും പ്രശ്നമല്ലല്ലോ. ആ പോലീസുകാരനെ പരിഗണിക്കേണ്ട എന്ന് തീരുമാനിച്ചു. ഒരു കിലോമീറ്ററിലധികം ഓടിയിട്ടുണ്ടാകും. മരച്ചീനി നട്ടിട്ടുള്ള കൊള്ളിവാരങ്ങളുള്ള പറമ്പുകളിൽക്കൂടിയാണ് ഓടുന്നത്. പിടിക്കാൻ പുറകെയുള്ള ആരാധകനായ പോലീസുകാരൻ ഏ.ആർ ക്യാമ്പിൽ ഓട്ടമത്സരത്തിന് സ്ഥിരമായി സമ്മാനം വാങ്ങുന്ന ആളാണ്. അപ്പോഴേക്കും ഞാനും എവിടെയോ തട്ടി വീണു. അയാൾ എന്നെ പിടികൂടി. ഞങ്ങൾ രണ്ടുപേരും കെട്ടിമറിഞ്ഞ് ഒരു തരം മൽപ്പിടുത്തമായി. അവസാനം നോക്കുമ്പൊ അയാള് മലർന്നു കിടക്കുന്നു. കാല് രണ്ടു വശത്തുമായി ഇട്ട് ഞാനയാളുടെ വയറ്റത്തിരിക്കുകയാണ്. കയ്യ് അയാളുടെ കഴുത്തില്. രണ്ട് തള്ളവിരലും കൊരവള്ളീല്, അമർത്തിയാൽ അയാള് ചാവും. നല്ല നിലാവത്ത് എനിക്കയാളുടെ മുഖം ശരിക്ക് കണാം. വിരലമർത്താൻ സാധിക്കാതെ കയ്യ് വിടുകയാണ് ഞാൻ ചെയ്തത്. അപ്പോൾ അയാൾ വിസിലടിച്ചു. വേറൊരു പോലീസുകാരനും ഓടിയെത്തി. രണ്ടുപേരും കൂടി എന്നെ പിടിച്ചു. എന്റെ തന്നെ മുണ്ടഴിച്ച് പിന്നിലേക്ക് കൈ പിരിച്ചു കെട്ടി. അങ്ങനെയാണ് എന്റെ വലതു കൈമുട്ട് പ്രശ്നമാകുന്നത്. എല്ല് സ്ഥാനം തെറ്റി.

പോലീസ് പിടിയിലായിട്ട് കോട്ടക്കൽ സ്റ്റേഷനിലാണ് ഞങ്ങളെ ആദ്യം കൊണ്ടു പോകുന്നത്. അത് വലിയ ഭാഗ്യമായി. കാരണം കോട്ടക്കൽ സ്റ്റേഷനിലെ പോലീസുകാർക്ക് ഞങ്ങളോട് വലിയ കാര്യമാണ്, അല്പം രാഷ്ട്രീയ ധാരണകളൊക്കെ ഉള്ളവരുണ്ട് അക്കൂട്ടത്തിൽ. പതിനൊന്ന് പന്ത്രണ്ട് മണി വരെയൊക്കെ യാത്ര ചെയ്താൽ ഉറങ്ങാനായിട്ട്, മുമ്പ് പലപ്പോഴും കോട്ടക്കൽ സ്റ്റേഷനില് തങ്ങിയിട്ടുണ്ട്. ഞങ്ങള് ചെന്നു കഴിഞ്ഞാല് ആകാവുന്ന സൗകര്യങ്ങളൊക്കെ അവര് ചെയ്തു തരും. അടിയന്തരാവസ്ഥക്കാലമാണ്. ക്രൈം ബ്രാഞ്ചാണ് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്. നമ്മൾ പോലീസ് വണ്ടിയിൽനിന്ന് പിടികൂടാനാകാത്ത വിധം രക്ഷപ്പെട്ടു പോയി എന്നു പറയാം. എന്നിട്ട് അനധികൃത കസ്റ്റഡിയില് കൊണ്ടുപോയിട്ട് ക്രൈം ബ്രാഞ്ചിന് നമ്മളെ എന്തും ചെയ്യാം. അങ്ങനെ ഒരപകടം മനസ്സിലുണ്ട്. കൊണ്ടുപോകുന്ന സ്റ്റേഷനിലെ ഡയറീല് റിപ്പോർട്ടാക്കിക്കഴിഞ്ഞാപ്പിന്നെ നമ്മൾ സുരക്ഷിതരാണ്. പിന്നെ, സാധാരണ ഗതിയിൽ ക്രൈം ബ്രാഞ്ചിന് നിയമപരമല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. ഒരു പക്ഷേ, വേറെ ഏതെങ്കിലും സ്റ്റേഷനിലാണെങ്കിൽ അവർ ഉടനേ ക്രൈം ബ്രാഞ്ചില് വിളിച്ചു പറയും. എന്താ ചെയ്യേണ്ടതെന്ന് ചോദിക്കും. പക്ഷേ, കോട്ടക്കൽ പോലീസ് അതൊന്നും ചെയ്തില്ല.
സഖാക്കൾ അവിടെ എത്തിയിട്ടുണ്ട് എന്നത് കോട്ടക്കൽ പോലീസ് നിയമപരമായ രേഖയാക്കി അല്ലേ...
അതെ. പക്ഷേ, പിറ്റേ ദിവസം ജയിലിലെത്തിയപ്പൊ ഏറ്റവും വലിയ ശിക്ഷയാണ് കിട്ടിയത്. തടവുചാടുക എന്നത് ഏറ്റവും വലിയ കുറ്റമാണ്. അങ്ങനെ ഞങ്ങളെ നാലുപേരെയും കണ്ടംഡ് സെല്ലിലിട്ടു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ കിടക്കുന്ന സെല്ലാണ് കണ്ടംഡ് സെൽ. മൂന്നു നാല് പേർ -വധശിക്ഷക്ക് വിധിക്കപ്പെട്ടവർ -ആ ബ്ലോക്കിലുണ്ട്. തമ്മിൽ ശബ്ദം പോലും കേൾക്കാനാകാത്ത വിധം അകന്നകന്ന സെല്ലുകളിലാണ് ഞങ്ങളെ ഇട്ടത്, തമ്മിൽ സംസാരിക്കാതിരിക്കാൻ വേണ്ടിയിട്ട്. അടുത്തടുത്ത സെല്ലുകളിലാണെങ്കിൽ തമ്മിൽ വിളിച്ചു പറഞ്ഞ് -റിലേ ചെയ്ത് -കാര്യങ്ങൾ അറിയാനും അറിയിക്കാനും സാധിക്കും. മുമ്പ് ഞങ്ങളങ്ങനെ ചർച്ചകളൊക്കെ നടത്താറുണ്ട്, അടുത്തടുത്ത സെല്ലുകളിൽ കിടന്നുകൊണ്ട്. പക്ഷേ, കണ്ടംഡ് സെല്ലിൽ അതു പറ്റില്ല. കയ്യിൽ നല്ല നീരാണ്. ഡോക്ടർ വന്നപ്പൊ സാധാരണ നീരിനുള്ള മരുന്നുകളൊക്കെ തന്നങ്ങ് പോയി. പിന്നെ ജയിലീന്ന് പൊറത്ത് വന്നപ്പഴാ പ്രശ്നം ശരിക്ക് മനസ്സിലായത്. എഴുതാനൊക്കെ ബുദ്ധിമുട്ടായി. പിന്നെയുള്ള യാത്രകളിൽ ഞാൻ പലയിടത്തും ഡോക്ടർമാരെ കാണിച്ചു. AIMS-ൽ, കൽക്കട്ടയിലെ ഒരു മെഡിക്കൽ കോളേജില്, ശ്രീ ചിത്രയില് -ഒരു രക്ഷേം ഉണ്ടായില്ല. ഒരു സമയത്ത് സർജ്ജറി ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ ഞാനതിന് തയ്യാറായില്ല. കുറച്ചു കഴിഞ്ഞപ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്. തെരഞ്ഞെടുപ്പ് വരുമെന്ന് അല്പം മുമ്പ് അറിഞ്ഞിരുന്നെങ്കിൽ നമ്മൾക്ക് ജയിൽചാട്ടത്തിനുള്ള ശ്രമം ചെയ്യേണ്ടി വരില്ലായിരുന്നല്ലോ എന്ന് പിന്നീട് ആലോചിക്കാറുണ്ട്.
ഭീകര പീഡനമായിരുന്നു ആ ദിവസങ്ങളില്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ഞങ്ങളുടെ രാഷ്ട്രീയ നിലപാട് പഴയതു തന്നെ ആയിരുന്നു. തെരഞ്ഞെടുപ്പു കൊണ്ട് കാര്യമൊന്നുമില്ല, ഇത് കപട ജനാധിപത്യമാണ്. ഏതു പാർട്ടി നേതൃത്വം നൽകുന്ന ഭരണമാണെങ്കിലും ഭരണകൂടത്തിന്റെ സ്വഭാവം ഒന്നുതന്നെയാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പു പ്രഖ്യാപനം വലിയ ആവേശമൊന്നും ഉണ്ടാക്കിയില്ല. തെരഞ്ഞെടുപ്പു പ്രക്രിയ മുന്നോട്ട് പോവുകയും വടക്കേ ഇന്ത്യയിലൊക്കെ വലിയ മാറ്റങ്ങൾ ശ്രദ്ധയിൽ പെടുകയും ചെയ്തപ്പോൾ കുറച്ചൊക്കെ മാറിച്ചിന്തിക്കാൻ തുടങ്ങിയിരുന്നു. അപ്പോഴും ജനാധിപത്യത്തെക്കുറിച്ചുള്ള അടിസ്ഥാന നിലപാടിൽ മാറ്റം വന്നില്ല. മാത്രമല്ല അന്ന് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം അടിയന്തരാവസ്ഥക്ക് അനുകൂലമായിരുന്നല്ലോ. അതുകൊണ്ട് പഴയ സമീപനം തന്നെയാണ് തുടർന്നത്. പുതിയ ഗവൺമെൻറ് വന്നപ്പൊ രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനായുള്ള ചില തീരുമാനങ്ങളെടുത്തു. മിസ തടവുകാരെ വിട്ടയച്ചു. മൂന്ന് ജയിലിലും കൂടി ആയിരത്തി ഇരുനൂറോളം പേരുണ്ട്, നക്സലേറ്റ് അനുഭാവികള്. പുറത്തു വന്ന ഇവരിൽ പലരും പ്രവർത്തനങ്ങൾ പുനരാംരംഭിച്ചു. കണ്ണൂരിൽ നിന്ന് സിവിക് ചന്ദ്രനും മറ്റും പുറത്തു വരുന്നുണ്ട്. സിവിക്കുമായി കുറേയേറെ സംസാരിച്ചിരുന്നു. സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് പഴയ ഭീകരവാദ സമീപനത്തിൽ നിന്ന് കുറച്ച് മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് -പൂർണമായിട്ട് ഇല്ലെങ്കിലും. പക്ഷേ, രാഷ്ട്രീയ വിലയിരുത്തല് പഴയതു തന്നെയാണ്.
എന്നാലും തുറന്ന അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തണം എന്നൊരു ധാരണയിൽ എത്തിച്ചേരുകയുണ്ടായി. ഒരു കോംപ്രമൈസ് പോലെ, ആകെ ചെറിയൊരു വിട്ടുവീഴ്ച്ചയാണ് ചെയ്യുന്നത്. ചെറിയൊരു തുടക്കം എന്ന രീതിയില് സാംസ്കാരിക രംഗത്തും ട്രേഡ് യൂണിയൻ മേഖലയിലുമൊക്കെ പ്രവർത്തിക്കണം. അങ്ങനെയൊരു മാറ്റം വേണമെന്നുണ്ട്. പക്ഷേ, പൂർണമായ ആത്മവിശ്വാസം വരുന്നില്ല. എന്നാൽ സാംസ്കാരിക വേദി എന്നൊരു ആശയം രൂപപ്പെട്ടു. അങ്ങനെയാണ് സിവിക് വയനാട്ടിൽ നിന്നുള്ള നാടകങ്ങളൊക്കെ സംഘടിപ്പിക്കാനും അവതരിപ്പിക്കാനുമൊക്കെ തുടങ്ങുന്നത്. പടയണി, സ്പാർട്ടക്കസ്, ബേബിയുടെ നടുഗദ്ദിക, അമ്മ... അത്തരം നാടകങ്ങളൊക്കെ ഉണ്ടാകുന്നത് ആ കാലത്താണ്. ഓരോ കേസ് കഴിയുന്നതോടെ, അതാതിൽ ഉൾപ്പെട്ടിരുന്നവരൊക്കെ വിട്ടുപോരുന്നു. കായണ്ണ കേസാണ് ആദ്യം തീരുന്നത്. സോമശേഖരൻ, മുരളി തുടങ്ങിയവരൊക്കെ കായണ്ണ കേസിലാണ്. പുറത്തു വന്നിട്ട് പാർട്ടി പുനസംഘടനാ ശ്രമങ്ങളുമായി അവർ മുന്നോട്ട് പോയി.

സിവിക് ചന്ദ്രനും സോമശേഖരനും മറ്റും സാംസ്കാരിക മേഖലയിൽ കുറേ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയി അല്ലേ...
അതെ. അവര് രണ്ടുപേരും മുൻകയ്യെടുത്തിട്ടാണ് കുറേ കാര്യങ്ങൾ നടക്കുന്നത്. പക്ഷേ, സോമൻ പാർട്ടി രംഗത്ത് തന്നെയാണ് കൂടുതലായി ഉള്ളത്. 1979-ൽ ഞാൻ പുറത്ത് വരുമ്പഴേക്കും ഒരു സംഘടനാ സംവിധാനം പുറത്ത് രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.
തുടരും...