‘ഡിപ്ലോമ രോഗി’കളുടെ വിപണി

നൂറുകണക്കിന് ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തിയിട്ടുള്ള എന്റെ അനുഭവത്തിൽ, സ്വന്തം മേഖലയെക്കുറിച്ചു വ്യക്‌തമായി സംസാരിക്കാനോ, എന്തിന്, അഞ്ചക്ക സംഖ്യകൾ വായിക്കാനോ കഴിയാത്ത നിരവധി ബിരുദാനന്തര ബിരുദധാരികളെ ഞാൻ കണ്ടിട്ടുണ്ട്-

നൂറു ശതമാനം അഭ്യസ്‌തവിദ്യരുള്ള കേരളത്തിൽ കുറച്ചുവർഷങ്ങളായി തൊഴിലില്ലായായ്മ വർദ്ധിക്കുന്നുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 2021- ലെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ - 10.9 ശതമാനമാണ്; ദേശീയ ശരാശരിയായ 4.8%- ത്തിന്റെ ഇരട്ടിയിലധികം. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും ജോലി ചെയ്യാനാവശ്യമായ പ്രാഥമിക കഴിവുകൾ വിദ്യാർഥികൾ സ്വായത്തമാക്കുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ശേഖരിക്കാനായി അവർ പഠിക്കുന്ന കാര്യങ്ങൾ ജോലി ചെയ്യാനാവശ്യമായ കഴിവുകളുമായി ക്രമീകരിക്കാത്തതുകൊണ്ടാണിത്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ സിവിൽ സർവീസുകാരെ നിയമിച്ചിരുന്ന കാലം മുതൽ തുടങ്ങിയതാണ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ശേഖരിക്കുന്നതിനുള്ള നമ്മുടെ ഭ്രമം. ഒരു തലമുറ മുമ്പുവരെ ജോലിയിൽ ചേരുന്നവർ ജീവിതകാലം മുഴുവനും അതിൽതന്നെ തുടരുകയായിരുന്നു പതിവ്. ഇന്ന് അതാണോ കുട്ടികളുടെ സ്ഥിതി? സാമ്പത്തിക സാഹചര്യങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുന്നതനുസരിച്ചു ഇന്നത്തെ ചെറുപ്പക്കാർ അവരുടെ കരിയറിൽ 5-8 തവണ എങ്കിലും ജോലികൾ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ, ജോലിക്കാര്യങ്ങൾ കുറെയൊക്കെ മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതും ബാക്കിയുള്ളത് പെട്ടെന്നുതന്നെ പഠിച്ചെടുക്കേണ്ടതും ആണ്. പുസ്‌തകപഠനവും ജോലിയും തമ്മിലുള്ള ബന്ധം വിദ്യാർത്ഥികൾക്ക് അവ്യക്‌തമാകുമ്പോൾ ഇത്തരം ചലനാത്മകത അവരിൽനിന്ന് പ്രതീക്ഷിക്കാനാവില്ല. ഇതവരുടെ ജോലിസാധ്യതകളെ കുറയ്ക്കുകയും വിഷാദംപോലുള്ള മാനസികപ്രശ്നങ്ങളിലേക്കു അവരെ തള്ളിവിടുകയും ചെയ്യുന്നു.

2021- ലെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ - 10.9 ശതമാനമാണ്; ദേശീയ ശരാശരിയായ 4.8%- ത്തിന്റെ ഇരട്ടിയിലധികം.
2021- ലെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ - 10.9 ശതമാനമാണ്; ദേശീയ ശരാശരിയായ 4.8%- ത്തിന്റെ ഇരട്ടിയിലധികം.

ഈ പ്രവണതയുടെ അനന്തരഫലമാണ് വിദഗ്ധർ ‘ഡിപ്ലോമ രോഗം’ എന്ന് വിളിക്കുന്ന പ്രതിഭാസം. തൊഴിൽരഹിതരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച്, കമ്പനികൾ ജോലിക്കാവശ്യമായ യോഗ്യതകളും വർദ്ധിപ്പിക്കുന്നു, തിരഞ്ഞെടുക്കാൻ കൂടുതൽ പേരുള്ളപ്പോൾ ഏറ്റവും മികച്ചവരെതന്നെയല്ലേ ഏവരും ഇഷ്ടപ്പെടുക. ഇത് വിദ്യാർത്ഥികളെ കൂടുതൽ സർട്ടിഫിക്കറ്റുകൾ ശേഖരിക്കാൻ നിർബന്ധിക്കുന്നു. ജോലി ചെയ്യുന്നതുമായി ഇവയ്ക്കു യാതൊരു ബന്ധവും ഉണ്ടായിക്കൊള്ളണമെന്നില്ല. ഈ ഓട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഉദ്ദേശ്യം - ജീവിക്കാനാവശ്യമായ കഴിവുകൾ നേടിയെടുക്കൽ - അവർക്ക് നഷ്ടമാകുന്നു. അങ്ങനെ സർട്ടിഫിക്കറ്റ് ശേഖരിക്കാൻ മാത്രമായി വിദ്യാർത്ഥികൾ വിമുഖതയോടെ ചെയ്യുന്ന വെറും ഒരു ചടങ്ങായി വിദ്യാഭ്യാസം തരംതാഴുന്നു.

കേരളത്തിലെ 14 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പകുതിയോളം പേർക്ക് മാത്രമേ ചെറിയ ക്ലാസുകളിൽ പഠിപ്പിക്കുന്ന വിഭജനം (long division) ചെയ്യാൻ കഴിയുന്നുള്ളൂ. 17-നും 18-നുമിടയിലുള്ളവരിൽ, 40% പേർക്ക് വിഭജിക്കാൻ അറിയുന്നില്ല. ഇവരിൽ 12% പേർക്ക് രണ്ടാം ക്ലാസിലെ പാഠപുസ്‌തകം വായിക്കാൻപോലും കഴിയുന്നില്ല.

ഈ രോഗത്തിന് അനന്തരഫലങ്ങൾ വേറെയുമുണ്ട്. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ നേടുന്നതിന് വിജയിക്കേണ്ട പരീക്ഷകളിൽ മാത്രം ശ്രദ്ധിക്കുന്നു. അതുപോലെ, കുട്ടികളെ പരീക്ഷയിൽ വിജയിപ്പിക്കുക എന്നതുമാത്രമാകുന്നു അധ്യാപകരുടെ ലക്‌ഷ്യം. മുൻവർഷത്തെ ചോദ്യപേപ്പറുകൾ നോക്കി വീണ്ടും ചോദിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ പഠിപ്പിക്കുക, ബാക്കിയുള്ളവ അപ്രധാനമെന്നുപറഞ്ഞു കുട്ടികൾ അവ വായിക്കുന്നത് നിരുത്സാഹപ്പെടുത്തുക, അറിയാവുന്ന കുറച്ചു കാര്യങ്ങൾ ആവർത്തിച്ച് ചൊല്ലിക്കുക എന്നിവ ഇതിനുള്ള ചില വഴികൾ മാത്രം.

പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളോടുള്ള നമ്മുടെ അങ്ങേയറ്റത്തെ ശ്രദ്ധയും അതിനിടയിലുള്ള എല്ലാ ക്ലാസുകളോടുമുള്ള അവഗണനയും ഇങ്ങനെ ഉണ്ടാകുന്നതാണ്. പരീക്ഷക്കുവേണ്ടി മാത്രം പഠിക്കുമ്പോൾ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പഠനം തീർന്നുവെന്ന ചിന്ത ഉണ്ടാകുന്നത് സ്വാഭാവികം. ജോലിയിൽ പ്രവേശിക്കുമ്പോൾ വീണ്ടും പുതിയ കാര്യങ്ങൾ പഠിക്കേണ്ടിവന്നാൽ ഈ നീരസം വീണ്ടുമുണ്ടാകും. ഇത്തരം അധികാരാവകാശത്തോടെ ജോലിയെ സമീപിക്കുമ്പോൾ അവർ സന്തുഷ്ടരും ഉൽപ്പാദനക്ഷമരുമായ ജീവനക്കാരാകുന്നതെങ്ങിനെയാണ്?

പരീക്ഷയെ കേന്ദ്രീകരിച്ചുള്ള ഇപ്പോഴത്തെ അദ്ധ്യാപനം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൈപുണ്യക്കുറവിന് കാരണമാകുന്നു. അത് കോളേജിൽ പോകുമ്പോഴും അവർ തുടരുന്നു.
പരീക്ഷയെ കേന്ദ്രീകരിച്ചുള്ള ഇപ്പോഴത്തെ അദ്ധ്യാപനം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൈപുണ്യക്കുറവിന് കാരണമാകുന്നു. അത് കോളേജിൽ പോകുമ്പോഴും അവർ തുടരുന്നു.

പരീക്ഷയെ കേന്ദ്രീകരിച്ചുള്ള ഇപ്പോഴത്തെ അദ്ധ്യാപനം സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൈപുണ്യക്കുറവിന് കാരണമാകുന്നു. അത് കോളേജിൽ പോകുമ്പോഴും അവർ തുടരുന്നു. നൂറുകണക്കിന് ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തിയിട്ടുള്ള എന്റെ അനുഭവത്തിൽ, സ്വന്തം മേഖലയെക്കുറിച്ചു ചോദ്യങ്ങൾ നേരിടാനോ, എന്തിന്, വ്യാകരണപ്പിഴവുകളില്ലാതെ രണ്ടുവാചകം ഇംഗ്ലീഷ് സംസാരിക്കാനോ കഴിയാത്ത നിരവധി ബിരുദാനന്തര ബിരുദധാരികളെ കണ്ടിട്ടുണ്ട്. 2023 ലെ Annual State of Education റിപ്പോർട്ടിൽ നിന്നുള്ള കണ്ടെത്തലുകൾ എന്റെ അനുഭവത്തെ സാധൂകരിക്കുന്നു: കേരളത്തിലെ 14 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പകുതിയോളം പേർക്ക് മാത്രമേ ചെറിയ ക്ലാസുകളിൽ പഠിപ്പിക്കുന്ന വിഭജനം (long division) ചെയ്യാൻ കഴിയുന്നുള്ളൂ. 17-നും 18-നുമിടയിലുള്ളവരിൽ, 40% പേർക്ക് വിഭജിക്കാൻ അറിയുന്നില്ല. ഇവരിൽ 12% പേർക്ക് രണ്ടാം ക്ലാസിലെ പാഠപുസ്‌തകം വായിക്കാൻപോലും കഴിയുന്നില്ല എന്നത് നമ്മുടെ സമൂഹത്തിന് ഏറെ ലജ്ജാവഹമാണ്.

അതിനാൽ, നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതും ജീവിക്കാനാവശ്യമായ കഴിവുകൾ സ്കൂളിൽവച്ചുതന്നെ കുട്ടികൾക്കു പകർന്നു നല്കേണ്ടതും കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണ്. പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാൻമാത്രം പരിശീലിപ്പിക്കുന്നതിനുപകരം ശരിയായ ട്രെയിനിങ്ങിലൂടെ വിദ്യാർഥികളെ ആഗോളവിജ്ഞാന സമ്പദ്‌വ്യവസ്ഥയ്ക്കായി സജ്ജരാക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതിനായി അടിയന്തര പരിഷ്കരണം ആവശ്യമായ മൂന്ന് കാര്യങ്ങൾ വിശദീകരിക്കാം:
-വിദ്യാഭ്യാസത്തെ തൊഴിലുമായി യോജിപ്പിക്കുക. -കുട്ടികൾക്ക് പ്രയോഗികപരിജ്ഞാനം നല്കുക. -ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള റെപ്പോസിറ്റോറികളിൽ നിന്നുള്ള അറിവുനേടാൻ ലൈബ്രറികളിൽ സൗകര്യമൊരുക്കുക.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണമായും പരിവർത്തനം ചെയ്യുക ദുഷ്കരമാണ്. എന്നാൽ അതിന്റെ അടിസ്ഥാനതത്വം മാറ്റേണ്ട സമയമായി.

പരമ്പരാഗത വിഷയങ്ങളിൽ അടിസ്ഥാനപരമായ അറിവ്, ഇത് ലളിതമായി പ്രയോഗിക്കാനുള്ള മനഃസാന്നിദ്ധ്യം, വ്യക്‌തമായ ആശയവിനിമയ നൈപുണ്യം - ഇവയുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതായിരിക്കണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇവ വളർത്തിയെടുക്കാനായി ചെറിയ പ്രോജക്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താം. ഉദാഹരണത്തിന്, പാഠപുസ്തകത്തിൽ നിന്ന് അക്കങ്ങൾ കൂട്ടാനും കുറക്കാനും പഠിപ്പിക്കുമ്പോൾ തന്നെ, മാതാപിതാക്കളോടൊപ്പം ചെന്ന് ഒരു കടയിൽ നിന്ന് കുറച്ചു സാധനങ്ങൾ വാങ്ങാനുള്ള മിനി പ്രോജക്റ്റ് നൽകുക. ചെറിയ സംഖ്യകൾ കൂട്ടാനും കുറയ്ക്കാനും അതവരെ പഠിപ്പിക്കും. ക്ലാസിൽ തിരിച്ചെത്തുമ്പോൾ ഇതിനെക്കുറിച്ചു ചെറിയൊരു റിപ്പോർട്ട് എഴുതുക.
മറ്റൊരുദാഹരണം പറയാം. ഭൂമിശാസ്ത്ര ക്ലാസിനോടൊപ്പം സ്വന്തം നാട്ടിൽ വളർത്താൻ പറ്റിയ ചെടികളേതെന്ന് കണ്ടുപിടിക്കാനുള്ള പ്രോജക്റ്റ് നൽകുക. അതനുസരിച്ചു ചെറിയൊരു പൂന്തോട്ടം ഉണ്ടാക്കുന്നതാവട്ടെ മറ്റൊരു പ്രൊജക്റ്റ്. സ്വന്തം കൈകൊണ്ടു നട്ടുവളർത്തിയ ചെടികൾ കാണുമ്പോഴുണ്ടാകുന്ന സന്തോഷം, അവയെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കുമ്പോഴുള്ള അഭിമാനം - ഇവയൊക്കെയും അറിവിന്റെ പ്രയോഗികതയെ കുഞ്ഞുമനസ്സുകളിൽ ഉറപ്പിക്കുന്നു. റിപ്പോർട്ടുകൾ എഴുതുന്നത് ഇംഗ്ലീഷിലോ ഹിന്ദിയിലോ കൂടി ആയാൽ ഈ ഭാഷകളിലുള്ള പ്രാവീണ്യം ക്രമേണ വർദ്ധിക്കും. കേരളത്തിനകത്തും പുറത്തും ജോലിതേടുവാൻ ഈ ഭാഷകൾ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. പുസ്‌തകവും ദൈനംദിനജീവിതവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുമ്പോൾ വിദ്യാഭ്യാസത്തിൽ താല്പര്യം തോന്നുന്നത് സ്വാഭാവികം മാത്രം.

സമൂഹത്തിൽ ജീവിക്കാനാവശ്യമായ പ്രയോഗിക പരിജ്ഞാനം (life skills) സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവശ്യഘടകമാകേണ്ടതാണ്. വീടും പരിസരവും വൃത്തിയാക്കൽ, എളുപ്പമായ പാചകം, തുന്നൽ, ചെറിയ മരപ്പണി, വീട്ടിലെ കണക്കെഴുത്ത് എന്നിങ്ങനെ പ്രായത്തിനനുയോജ്യമായ പല പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്താം.
ശാരീരികാദ്ധ്വാനമുള്ള ജോലികൾ ചെയ്യുന്നതിനോടുള്ള വിമുഖത മാറ്റാൻ ഇത് സഹായകമാണ്.
സ്വയം ഇത്തരം ജോലികൾ ചെയ്യുമ്പോൾ ചെറിയ വെല്ലുവിളികൾ നേരിട്ടേക്കാം; അതിനെ മറികടക്കാനുള്ള വഴികളെക്കുറിച്ച് കുട്ടികൾ ചിന്തിച്ചു തുടങ്ങും.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കരിയർ സംബന്ധമായ കൗൺസിലിംഗ് നൽകേണ്ടത് അത്യാവശ്യമാണ്.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കരിയർ സംബന്ധമായ കൗൺസിലിംഗ് നൽകേണ്ടത് അത്യാവശ്യമാണ്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുറത്തിറക്കിയ ‘Kerala Perspective Plan 2030’- ന്റെ ഒരു സ്തംഭമായ സംരംഭകത്വ മനോഭാവത്തിന്റെ തുടക്കം ഇവിടെയാണ്. ഇതിൽ താല്പര്യം വളർത്തുവാനായി സംരംഭകരെ സ്കൂളിലേക്ക് ക്ഷണിക്കുകയും അവരുടെ ആശയങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ചെറിയ ഡെമോകൾ നടത്തുകയുമൊക്കെയാവാം. പല രംഗങ്ങളിലുള്ള തൊഴിൽസാധ്യതകൾ മനസ്സിലാക്കാനും അവയിൽ വിജയകരമായി പ്രവർത്തിക്കുന്നവരെ കുട്ടികൾക്ക് പരിചയപ്പെടാനും ഇത്തരം കൂടിക്കാഴ്ചകൾ സഹായകമാണ്. കുറഞ്ഞ ബജറ്റിൽ സംരംഭങ്ങൾ ആരംഭിക്കാനും ഘട്ടം ഘട്ടമായി വികസിപ്പിക്കാനും കുട്ടികളെ സജ്ജമാക്കുന്ന നിരവധി മാർഗ്ഗങ്ങൾ ലഭ്യമാണ്.

സർട്ടിഫിക്കറ്റുകൾ കൈവശമുള്ള തൊഴിൽരഹിതരെ സൃഷ്ടിക്കുന്നതിനുപകരം, സമ്പദ്‌വ്യവസ്ഥക്ക് ഉപകാരപ്രദമായ കരിയറുകൾ കെട്ടിപ്പടുക്കുന്ന, സർഗ്ഗാത്മകരായ, ഒരു കൂട്ടം ചെറുപ്പക്കാരെയാണ് നാം വളർത്തിയെടുക്കേണ്ടത്.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കരിയർ സംബന്ധമായ കൗൺസിലിംഗ് നൽകേണ്ടതും അത്യാവശ്യമാണ്. എഞ്ചിനീയറിംഗ്, മെഡിസിൻ, ബിസിനസ് എന്നിവക്കുപുറമെ പുതിയതും അല്ലാത്തതുമായ തൊഴിൽരംഗങ്ങൾ അനേകമുണ്ട്: ഗവേഷണം, നിയമം, കൃത്രിമബുദ്ധി, കല, പത്രപ്രവർത്തനം, അദ്ധ്യാപനം, മെക്കാനിക് എന്നിവ ഇവയിൽ ചിലതുമാത്രം. കുട്ടികളുടെ താല്പര്യമനുസരിച്ചും അവരുടെ മാതാപിതാക്കളോടൊപ്പവും ആകണം ഇത്തരം കൗൺസിലിംഗ്. ഉന്നതപഠനത്തിൽ സ്കൂൾപഠനത്തേക്കാൾ സമ്മർദങ്ങൾ ഉണ്ടാകാനിടയുണ്ട് - പ്രത്യേകിച്ച് കുട്ടികൾ ഹോസ്റ്റലിലും മറ്റും താമസിച്ചു പഠിക്കുമ്പോൾ. ഇഷ്ടമില്ലാത്ത വിഷയങ്ങൾ നിർബന്ധിച്ചു പഠിപ്പിക്കുന്നത് ആത്‍മഹത്യ പോലുള്ള ദുരന്തങ്ങളിലേക്ക് കുട്ടികളെ നയിക്കുന്ന വാർത്തകൾ സ്ഥിരമായി മാധ്യമങ്ങളിൽ കാണാറില്ലേ? ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി കോഴ്‌സുകൾ വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നല്കുന്നുണ്ട്. ഇത്തരം അവസരങ്ങൾ ഏതെന്നു മനസ്സിലാക്കി അവ ലക്ഷ്യമാക്കി പഠനം കേന്ദ്രീകരിച്ചാൽ താല്പര്യവും ജോലിസാദ്ധ്യതയും ഒത്തുചേരുന്ന ഒരുത്തമസാഹചര്യം ഒരുക്കാവുന്നതാണ്.

ഈ അദ്ധ്യാപന മാതൃകയുടെ കേന്ദ്ര ഘടകമായിരിക്കണം സ്കൂൾ ലൈബ്രറി. കേരളത്തിലെ പല സ്കൂളുകളിലും ലൈബ്രറികൾ ഇല്ല, ഉള്ളതു പലതും ജീർണാവസ്ഥയിലാണ്. വിദ്യാർഥികൾക്ക് ആകർഷകമായ തരത്തിൽ ലൈബ്രറികൾ പുനർരൂപകൽപ്പന ചെയ്യുക. ലോകമെമ്പാടുമുള്ള വിജ്ഞാന സ്രോതസ്സുകളിലേക്ക് ഇൻറർനെറ്റിലൂടെ കണക്റ്റു ചെയ്യുന്നതിന് സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ടാബ്‌ലെറ്റുകൾ പോലുള്ള ആധുനിക ഡിജിറ്റൽ ഉപകരണങ്ങൾ ലൈബ്രറികളിൽ സജ്ജീകരിക്കുക. ലൈബ്രറിയുമായി ബന്ധിപ്പിച്ചിരിക്കേണ്ട Open Educational Resources (OER) പോലുള്ള സൗജന്യ പാഠപുസ്തകങ്ങളുടെ നിരവധി ഓൺലൈൻ ശേഖരങ്ങൾ ലഭ്യമാണ്. ഇതിന് പ്രാരംഭ നിക്ഷേപം ആവശ്യമെങ്കിലും, വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ രൂപപെടുത്തിയെടുക്കുന്നതിനായി ലഭിക്കുന്ന വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രയോജനങ്ങൾ ഏറെയാണ്. മാത്രമല്ല, ഈ മാദ്ധ്യമങ്ങളിലൂടെ അവരവർക്കു താല്പര്യമുള്ള വിഷയങ്ങളിൽ MOOC-കൾ പോലുള്ള സൗജന്യ ഓൺലൈൻ കോഴ്‌സുകൾ എടുക്കാനും വിദ്യാർത്ഥികൾക്ക് കഴിയുന്നു.

‘Kerala Perspective Plan 2030’ നയരേഖ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി 2015-ൽ നിതി ആയോഗ് അംഗം ഡോ. ​​ബിബേക് ദെബ്രോക്ക് നൽകുന്നു.
‘Kerala Perspective Plan 2030’ നയരേഖ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി 2015-ൽ നിതി ആയോഗ് അംഗം ഡോ. ​​ബിബേക് ദെബ്രോക്ക് നൽകുന്നു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണമായും പരിവർത്തനം ചെയ്യുക ദുഷ്കരമാണ്. എന്നാൽ അതിന്റെ അടിസ്ഥാനതത്വം മാറ്റേണ്ട സമയമായി. സർട്ടിഫിക്കറ്റുകൾ കൈവശമുള്ള തൊഴിൽരഹിതരെ സൃഷ്ടിക്കുന്നതിനുപകരം, സമ്പദ്‌വ്യവസ്ഥക്ക് ഉപകാരപ്രദമായ കരിയറുകൾ കെട്ടിപ്പടുക്കുന്ന, സർഗ്ഗാത്മകരായ, ഒരു കൂട്ടം ചെറുപ്പക്കാരെയാണ് നാം വളർത്തിയെടുക്കേണ്ടത്. സ്വയംതൊഴിൽ കണ്ടെത്താനും, താല്പര്യമുള്ള വിഷയങ്ങളിൽ പ്രയോഗികപരിജ്ഞാനം നേടാനും, ഇന്ത്യക്കകത്തും പുറത്തും ആരോടും ആശയവിനിമയം നടത്താനും, കഴിയുമെങ്കിൽ മറ്റുള്ളവർക്ക് ജോലി നല്കാനും നമ്മുടെ വിദ്യാർഥികളെ പ്രാപ്‌തരാക്കാം. സർട്ടിഫിക്കറ്റ് ശേഖരണം കുറയ്ക്കാം. ജീവിതപ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടുപോകാൻ കഴിയുന്ന, ഊർജസ്വലരായ ചെറുപ്പക്കാരെയല്ലേ 2030-ലെ കേരളത്തിനാവശ്യം? അല്ലാതെ സർട്ടിഫിക്കറ്റും പിടിച്ച് തൊഴിൽരഹിതർ വരിനിൽക്കുന്ന എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളാണോ?

Comments