കീഴാള ചരിത്രപഠനങ്ങൾ​ കേരളത്തിൽ ഇന്നും
​അദൃശ്യമാക്കപ്പെടുന്നത്​ എന്തുകൊണ്ട്​?

ഇവിടെയുള്ള പല ചരിത്രകാരന്മാരും ചരിത്രാന്വേഷികളും പല രാജ്യങ്ങളിലെയും ദേശങ്ങളിലെയും അടിമചരിത്രത്തെക്കുറിച്ച്​ അന്വേഷിച്ച്​എഴുതിയപ്പോൾ, എന്തുകൊണ്ട് കേരളത്തെ സൗകര്യപൂർവ്വം നിശബ്ദമാക്കിവെച്ചു?

കേരളത്തിലെ അടിമക്കച്ചവട ചരിത്രത്തിന്റെ അക്ഷരങ്ങളിലൂടെയുള്ള ദൃശ്യത- അതാണ് ഡോ. വിനിൽ പോളിന്റെ ചരിത്ര പുസ്തകം ‘അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം'. ‘കേരളം പതിനഞ്ചാം നൂറ്റാണ്ട് മുതൽ ആഗോള അടിമക്കച്ചവട ശൃംഖലയിൽ കണ്ണിയായിരുന്ന പ്രദേശമായിരുന്നു, അതെപോലെ, തിരുവിതാംകൂറിൽ മനുഷ്യരെ വിൽക്കുന്നത് സാധാരണമായ ഒരു പ്രക്രിയയായിരുന്നു’- ഈ വാചകത്തിലൂടെ കണ്ണോടിക്കുന്ന ഓരോ വായനക്കാരന്റെ ഉള്ളിലും ഒരു നടുക്കം അനുഭവപ്പെടും. കാരണം ഇന്നും നമ്മുടെ സമൂഹത്തിലുള്ള ചില അടക്കംപറച്ചിലുകളാണല്ലോ കേരളത്തിൽ അടിമക്കച്ചവടം ഇല്ലെന്നുള്ളത്. എന്നാൽ അത്തരത്തിലുള്ള വസ്തുതാവിരുദ്ധമായ അടക്കം പറച്ചിലുകളെ കൃത്യമായ വസ്തുതകൾ നിരത്തി നിശബ്ദമാക്കുകയാണ് ഡോ. വിനിൽ പോൾ ചെയ്യുന്നത്.

ദൈവത്തിന്റെ സ്വന്തം നാടായി വാഴ്ത്തിപ്പാടുന്ന കേരളത്തിൽ അടിമക്കച്ചവടത്തെ ക്കുറിച്ച് അല്ലെങ്കിൽ അടിമവ്യവസ്ഥിതിയെക്കുറിച്ച് ഉരുവിടുമ്പോൾ ആർക്കും വ്യക്തമായ ഉത്തരമുണ്ടയിരുന്നില്ല എന്നുവേണം പറയാൻ. അതൊക്കെ സവർണ്ണർക്കിടയിലെ ആചാരങ്ങളായും അനുഷ്ഠാനങ്ങളായും മാത്രമായാണ് നോക്കിക്കണ്ടിരുന്നത്. ഒരർത്ഥത്തിൽ, പ്രത്യക്ഷത്തിൽ ആചാരാനുഷ്ഠാനങ്ങൾ എന്ന വ്യജേന പാവപ്പെട്ട കീഴാളരെ പരോക്ഷമായി അടിമകളാക്കി വിടുവേല ചെയ്യിച്ചു. അതൊക്കെ അടിമവ്യവസ്ഥിതിയായിരുന്നുവെന്ന് പറയാൻ മടിക്കും, ഇന്നും സമൂഹത്തിലെ പലരും.

അടിമകൾ, അടിമക്കച്ചവടം, അടിമ വ്യവസ്ഥിതി എന്നൊക്കെ നമ്മളിൽ പലരും വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമൊക്കെ ആഫ്രിക്കൻ അടിമകളെക്കുറിച്ചായിരിക്കും. അവരാണ് എറ്റവും കൂടുതൽ ദുരിത ജീവിതം നയിച്ചവർ എന്നാണ്​ നമ്മുടെ അറിവ്​. പക്ഷെ കേട്ട അറിവിനെയൊക്കെ പൊളിച്ചെഴുതുകയാണ് ഇവിടെ എഴുത്തുകാരൻ. ആഫ്രിക്കൻ അടിമകളെക്കാൾ ഇരട്ടി ദുരിതപൂർണമായ ജീവിതം പേറിയിരുന്നത് കേരളത്തിലെ കീഴാളരായ അടിമകളാണെന്ന് വിനിൽ പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ അടയാളപ്പെടുത്തുന്നു. പൊള്ളയായ അക്ഷരങ്ങളിലൂടെയുള്ള ധാരാളിത്തത്തിലൂടെയല്ല, മറിച്ച് വസ്തുനിഷ്ഠ തെളിവുകളോടെ ബോധ്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.

എന്നെ സംബന്ധിച്ച്​, ഈ പുസ്തകത്തിലെ ഓരോ താളുകൾ മറിക്കുമ്പോഴും ഒരുതരം ഭീതിയായിരുന്നു. സിനിമകളിലും പുസ്തകങ്ങളിലും മാത്രം കണ്ടും വായിച്ചറിഞ്ഞതുമൊക്കെ ലോകത്തിന്റെ ഏതോ ഒരു കോണിൽ മാത്രമാണ് അടിമക്കച്ചവടവും അടിമവ്യവസ്ഥിതിയുമൊക്കെ എന്നായിരുന്നു വിചാരം. എന്നാൽ ഞാൻ കൂടി ഭാഗമായ ഈ കുഞ്ഞുകേരളത്തിൽ ചങ്ങലകളാൽ ബന്ധിതരായി ദുരിതപൂർണമായ ജീവിതം നയിച്ചവർ ഉണ്ടായിരുന്നുവെന്നത് എന്നെ ഭയപ്പെടുത്തി. നാൽക്കാലികൾക്കൊപ്പം പ്രത്യക്ഷമായി ലേലം ചെയ്യപ്പെടുന്ന മനുഷ്യർ, കാളകൾക്കും പോത്തുകൾക്കുമൊപ്പം വയലുകളിൽ നിലമുഴുതേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യവർഗങ്ങൾ, ചന്തകളിൽ കുട്ടികളെ വിൽക്കാൻ വരുന്ന രക്ഷിതാക്കൾ, വളരെ തുച്ഛമായ രൂപയ്ക്ക് വിൽപ്പനക്ക്​ ചന്തയിൽ വച്ചിരിക്കുന്ന മനുഷ്യർ... ഇതൊക്കെ വായിച്ചറിയുമ്പോൾ ഭൂതകാല കുളിരിനെ വാഴ്ത്തുന്ന പലരുടെയും നാവിടറുമെന്നെനിക്ക് തോന്നുന്നു.

മനുഷ്യരായിരുന്നിട്ടും അടിമകളായി ചോരപൊടിയേണ്ടി വന്ന അടിയാള വർഗം. അവിടെ അവർക്ക്​ മനുഷ്യരല്ല, അടിമകൾ എന്ന ലേബലായിരുന്നു ചാർത്തിക്കൊടുത്തിരുന്നത്. എത്ര പരിതാപകരമാണ് ഈ ദുരവസ്ഥ. കേരളത്തിലെ കീഴാളരായ അടിമകളെ നാടുകടത്തിക്കൊണ്ടുപോയിരുന്ന ഡച്ചുകാരും പോർച്ചുഗീസുകാരുമൊക്കെ അവരുടെ തോട്ടങ്ങളിലും മറ്റും അടിമപ്പണി ചെയ്യിപ്പിച്ചു, അതിന്റെ കൂടെ അടിമക്കച്ചവടത്തിനു വെച്ചതൊക്കെ വിനിൽ പോൾ നേർച്ചിത്രമായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.

എഴുത്തുകാരൻ പറയുന്നത്​, കേരളത്തിന്റെ അദൃശ്യമായ അടിമചരിത്രത്തിന്​ ദൃശ്യത വരുത്താൻ ഇന്നും ഒട്ടനവധി വെട്ടെഴുത്തുകളും കോലെഴുത്തു രേഖകളും ശിലാലിഖിതങ്ങളും ഗ്രന്ഥവരികളും വായ്‌മൊഴികളും ഉണ്ടെന്നാണ്. കേരളത്തിൽ നിന്ന്​ നാടുകടത്തിപ്പോയ അടിമകളെക്കുറിച്ച് വായിച്ചറിയുമ്പോൾ അമ്പരന്നെങ്കിലും ചങ്ങലകളാൽ ബന്ധിതരായി ചോര വാർന്ന പീഡനങ്ങൾ ഏറ്റു വാങ്ങിയ അടിമകളുടെ ശിക്ഷകൾ വായിച്ചറിയുമ്പോൾ ഓരോ വായനക്കാരന്റെ ഉള്ളും ഒന്ന് പിടയുമെന്നെനിക്ക് തോന്നുന്നു. അത്ര നീചമായിരുന്നു അവയൊക്കെതന്നെ. പ്രധാനമായും, ക്രിസ്ത്യാനികളാണ് അടിമ കച്ചവടത്തിലുണ്ടായിരുന്നതെങ്കിലും ഹിന്ദു, മുസ്​ലിം എന്നീ സംഘടിത മതങ്ങളും അടിമക്കച്ചവടത്തിൽ അവരുടേതായ പങ്ക് വഹിച്ചിട്ടുള്ളതായി കാണാം. കൊച്ചിയിലെ ക്രിസ്ത്യൻ പള്ളികൾ ആറു ദിവസവും അടിമകളെ കെട്ടിയിടുന്ന ഗോഡൗണായും ഏഴാം ദിവസം ആരാധനക്കുമായിട്ടാണ്​ ഉപയോഗിച്ചിരുന്നത് എന്നൊക്കെ പറഞ്ഞു പോവുന്നുണ്ട്. അവയൊക്കെ അവിശ്വസനീയമായ യഥാർത്ഥ്യങ്ങൾ കൂടിയാണ്.

ഈ പുസ്​തകത്തിൽ ‘അടിമ കേരളം', ‘മിഷനറി പ്രസ്ഥാനം' എന്നീ രണ്ടു ഭാഗങ്ങളിലായി 11 ലേഖനങ്ങളുണ്ട്​. ഒന്നാം ഭാഗത്ത്, കേരള ചരിത്രത്തിൽ അദൃശ്യമായിരുന്ന അടിമ ചരിത്രത്തിന്​ ഒരു തെളിച്ചവും വെളിച്ചവും നൽകുന്നു.
രണ്ടാം ഭാഗത്ത്​, മിഷനറി പ്രസ്ഥാനങ്ങളെക്കുറിച്ചാണ് പറയുന്നത്. മിഷനറി പ്രസ്ഥാനവും റോഡുകളുടെ സമൂഹ്യചരിത്രവും എല്ലാം വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്ന ലേഖനങ്ങളാണ്​. തെളിവുകൾ നിരത്തിയുള്ള പല സാക്ഷ്യപ്പെടുത്തലുകളും വായനക്കാരെ ഞെട്ടിപ്പിക്കുമെങ്കിലും എന്റെ ഹൃദയത്തെ അങ്ങേയറ്റം വേദനിപ്പിച്ച സംഭവം ചുവടെ ചേർക്കുന്നു.

‘തേവാള താലൂക്കിലെ വിളക്കുടി ഗ്രാമത്തിലെ ഒരു വയലിന്റെ നടുവിൽ നിറവയറുള്ള ഒരു സ്ത്രീയെ പോത്തിനൊപ്പം ഒരു നുകത്തിൽ ബന്ധിച്ചു നിർത്തിയിരിക്കുന്നു. അതിനേക്കാൾ മൃഗീയം പിന്നിൽ നിൽക്കുന്ന മനുഷ്യൻ വേഗത്തിൽ ഓടാൻ വേണ്ടി പോത്തിനെ ഭയങ്കരമായി അടിക്കുന്നു. അടിയേറ്റ മൃഗം ദ്രുതഗതിയിൽ മുന്നോട്ട് കുതിച്ചു. അവശയായ സ്ത്രീ പിന്നിലായി പോയി. ഉഴവുകാരൻ വടി അവളുടെ ശരീരത്തിൽ കുത്തിയിറക്കി. അല്പദൂരം മാത്രം നടക്കാൻ സാധിച്ച സ്ത്രീ അവിടെ കുഴഞ്ഞു വീണു മരിച്ചു.’
ഞെട്ടലോടെയല്ലാതെ ഇതൊന്നും വായിച്ചു പോവാൻ കഴിയില്ല.

വിനിൽ പോൾ / Photo: Truecopy Webzine

ഞാൻ എന്ന വ്യക്തിയെ അങ്ങേയറ്റം നിശബ്ദമാക്കിയതും ഞെട്ടലുളവാക്കിയതും അഞ്ചരക്കണ്ടിയിലെ അടിമക്കച്ചവടത്തെ പറ്റി വായിച്ചറിഞ്ഞപ്പോഴായിരുന്നു, അവിടെയുള്ള തോട്ടത്തിലെ തൊഴിലാളികളുടെ ദുരവസ്ഥ അറിഞ്ഞപ്പോഴായിരുന്നു. കാരണം എന്റെ വീട് സ്ഥിതി ചെയ്യുന്നതിന്​ തൊട്ടടുത്ത പ്രദേശമാണ് അഞ്ചരക്കണ്ടി.

ഇതിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്, ബ്രിട്ടീഷ് മിഷണറിമാരുടെ പങ്ക്. കീഴാള വർഗത്തിന്റെ യാതനകളും കഷ്​ടപ്പാടുകളും ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാൻ കിണഞ്ഞു പരിശ്രമിച്ചത് ബ്രിട്ടീഷ് മിഷനറിയാണ്. അതിന്റെ പരിണിതഫലമായാണ് 1843ൽ മലബാറിലും 1855 ൽ കൊച്ചിയിലും തിരുവിതാംകൂറിലും അടിമത്ത നിരോധനം പ്രാവർത്തികമായത്.

ചരിത്രം സത്യത്തിന്റെയും നേരിന്റെയും പക്ഷത്തുനിന്നുകൊണ്ട് അടയാളപ്പെടുത്തണം. എന്നാൽ മാത്രമേ, പല അസത്യങ്ങളെയും ഉച്ചനീചത്വങ്ങളെയും അനീതികളെയും പുറത്തുകൊണ്ടുവരാനും ചർച്ചയാക്കാനും കഴിയൂ. നാളിന്നുവരെ ജാതിസമൂഹമെന്നുമാത്രം വിളിച്ചിരുന്ന ഒരു ജനസമൂഹത്തെ അടിമകളെന്ന് അടയാളപ്പെടുത്തി ജനസമക്ഷം അവരുടെ യാതനകളും ദുരിത മുഖവും ചൂഷണങ്ങളൊക്കെ തുറന്നിടാൻ മുതിർന്ന ഡോ. വിനിൽ പോളിന്റെ ശ്രമം അഭിനന്ദനീയമാണ്​. കേരളത്തിന്റെ ഭൂതകാലത്തെക്കുറിച്ച് അഭിമാനികളും പുളകിതരുമാകുന്നവരും ഇന്നിന്റെ സൗഭാഗ്യങ്ങൾ രുചിച്ച്​ ഇന്നത്തെ കാലഘട്ടത്തെ കുറ്റം പറയുന്നവരും കേരളത്തിന്റെ ഭൂതകാലക്കുളിരിന്റെ ചൂടുകാറ്റ് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. മൂടിവെക്കപ്പെട്ട കേരളീയാടിമത്ത ചരിത്രം തെളിവുകളുടെ സാക്ഷ്യത്തിൽ രേഖ​പ്പെടുത്തുന്ന, ഡോ. വിനിൽപോൾ, വരേണ്യചരിത്രകാരൻമാരെ പൊളിച്ചെഴുതുക കൂടിയാണ് ചെയ്യുന്നത്​. ഡോ. സനൽ മോഹന്റെ ‘The Modernity Of Caste ' എന്ന പുസ്തകവും ഈ ഗണത്തിൽപ്പെട്ടതുതന്നെയാണ്. പി. എഫ്. മാത്യൂസിന്റെ ‘അടിയാളപ്രേതം’ എന്ന പുസ്തകത്തിലും ചരിത്രത്തിലെങ്ങും വരച്ചിടാത്ത അടിമയായ കീഴാള ജീവിത കഥയാണ് പറയുന്നത്.

ഡോ. വിനിൽ പോളിന്റെ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴുണ്ടായ ചില സംശയങ്ങൾ:

1. എന്തുകൊണ്ടാണ് കീഴാള ചരിത്ര പഠനങ്ങൾക്ക് അക്കാദമിക തലത്തിൽ വേണ്ട പരിഗണന നൽകാത്തത്? അത്​ അവരോട് ചെയ്യുന്ന അവഗണനയല്ലേ?

2. ഇവിടെയുള്ള പല ചരിത്രകാരന്മാരും ചരിത്രാന്വേഷികളും പല രാജ്യങ്ങളിലെയും ദേശങ്ങളിലെയും അടിമചരിത്രത്തെക്കുറിച്ച്​ അന്വേഷിച്ച്​എഴുതിയപ്പോൾ, എന്തുകൊണ്ട് കേരളത്തെ സൗകര്യപൂർവ്വം നിശബ്ദമാക്കിവെച്ചു?

3. ചരിത്രത്തിന്റെ ഭാഗമായിരുന്ന കീഴാളരെ എന്തുകൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയി? തൊഴിലാളിവർഗമെന്നും തൊഴിൽവ്യവസ്ഥിതി എന്നും പറഞ്ഞ്​ അടിമകളെയും അടിമവ്യവസ്ഥിതിയെയും എന്തുകൊണ്ട് നിസ്സാരവൽക്കരിച്ചു?

മനുഷ്യവിരുദ്ധമായൊരു ലോകം നമുക്കുചുറ്റിലുമുണ്ടായിരുന്നെന്നും, കീഴാളവിരുദ്ധമായ ആ ലോകം ഇന്നും പരോക്ഷമായി നിഴലിക്കുന്നുവെന്നുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു ഡോ. വിനിൽ പോളിന്റെ ‘അടിമ കേരളത്തിന്റെ അദൃശ്യചരിത്രം.’


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ദൃശ്യ പത്​മനാഭൻ

കണ്ണൂർ ജി.പി.ടി.സിയിൽ ടെക്​സ്​റ്റൈൽ ടെക്​നോളജിയിൽ ഡിപ്ലോമ, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർഥി.

Comments