അടൂരിനുശേഷം പ്രളയമല്ല; തലയെടുപ്പോടെ തുടരും കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​

ജാതീയതയും സംവരണ അട്ടിമറിയും ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളും ശരിയെന്നു ധരിച്ചിരിക്കുന്ന സവർണ തമ്പുരാക്കൻമാരും അവരെ അവസരത്തിലും അനവസരത്തിലും പിന്തുണച്ച കേരള സർക്കാരുമാണ്​ കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ എന്ന സ്ഥാപനത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത്. മറിച്ച്​, നിലനിൽപ്പിനും അവകാശ സംരക്ഷണത്തിനും പൊരുതിയ വിദ്യാർത്ഥികളും ജീവനക്കാരും അല്ല. ഈ തിരിച്ചറിവിനുള്ള വിവേകം കൂടി അടൂർ ഗോപാലകൃഷ്ണനുണ്ടാകട്ടെ.

കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വിഷ്വൽ സയൻസ്​ ആൻറ്​ ആർട്​സിൽനിന്ന്​ രാജിവച്ച ചെയർമാൻ അടൂർ ഗോപാലകൃഷ്​ണന്റെ വൈകി വന്ന വിവേകത്തിന്​ നന്ദി. ചെയ്ത എല്ലാ കൊള്ളരുതായ്മകളെയും ന്യായീകരിച്ചും ഇൻസ്റ്റിറ്റ്യൂട്ട് കുട്ടിച്ചോറാക്കിയ ഡയറക്ടർക്ക് സമ്പൂർണ പിന്തുണ നൽകിയും സമരക്കാരെ പഴിച്ചും നശിക്കുന്ന സ്ഥാപനത്തിന്റെ ചെയർമാനായി തുടരാൻ താൽപ്പര്യമില്ലെന്ന് പരസ്യമായി, തെല്ലും കുറ്റബോധമില്ലാതെ, പ്രസ്താവിച്ചുമാണ്​ അദ്ദേഹം ഇറങ്ങിപ്പോയത്​. ഡയറക്​ടറുടെയും ചെയർമാ​ന്റെയും രാജികൾ വിദ്യാർത്ഥികളും വിദ്യാർത്ഥി കൗൺസിലും ജീവനക്കാരും നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്​. ഇതിന്റെ പൂർണ ക്രെഡിറ്റ് വിദ്യർത്ഥികൾക്കും സമരക്കാർക്കുമാണ്.

ചെയ്തത് എല്ലാം ശരിയായിരുന്നുവെന്ന ധാർഷ്ട്യം അസഹനീയമാണ്. അതിലും പ്രധാനപ്പെട്ടതാണ്, ‘നശിക്കാൻ പോകുന്ന സ്ഥാപനം’ എന്ന അടൂർ ഗോപാലകൃഷ്ണന്റെ വിടവാങ്ങൽ ‘ശാപവാക്കു’കൾ.

ആരാണ് ഈ സ്ഥാപനത്തെ നശിപ്പിച്ചതെന്ന്​ അന്വേഷിക്കേണ്ടിയിരിക്കുന്നു. ജാതീയതയും സംവരണ അട്ടിമറിയും ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളും ശരിയെന്നു ധരിച്ചിരിക്കുന്ന സവർണ തമ്പുരാക്കൻമാരും അവരെ കൂടാതെ കേരളം പോലും നിലനിൽക്കില്ലെന്ന വിശ്വാസത്തിൽ അവരെ അവസരത്തിലും അനവസരത്തിലും പിന്തുണച്ച കേരള സർക്കാരുമാണ്​ ഈ മഹത്തായ സ്ഥാപനത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത്. മറിച്ച്​, നിലനിൽപ്പിനും അവകാശ സംരക്ഷണത്തിനും പൊരുതിയ വിദ്യാർത്ഥികളും ജീവനക്കാരും അല്ല ആ സ്ഥാപനത്തെ നശിപ്പിച്ചത്. ഈ തിരിച്ചറിവിനുള്ള വിവേകം കൂടി അടൂർ ഗോപാലകൃഷ്ണനുണ്ടാകട്ടെ.

എല്ലാ കുറ്റവും സമരക്കാരിലും അവരെ പിന്തുണച്ചവരിലും കെട്ടിയേല്പിക്കുക വഴി ഈ സവർണ തമ്പുരാക്കന്മാരുടെ തനി ഫ്യൂഡൽ മാടമ്പിത്തരമാണ് പുറത്തുവന്നിരിക്കുന്നത്. ഏതായാലും വിദ്യാർത്ഥികളും സമരം ചെയ്​തവരും അടൂർ ഗോപാലകൃഷ്ണന്റെ ഈ നിലപാടുകൾ തള്ളിക്കളഞ്ഞിട്ടുണ്ട്. വിദ്യാർഥികൾ നടത്തിയ ധീരമായ ഈ സമരം ഇല്ലായിരുന്നുവെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള ‘നവോത്ഥാന അവധൂതന്മാരുടെ’ തൊലി അൽപം നീക്കിയാൽ പുറത്ത്​ വ്യക്തമായി തെളിയുന്ന മഹത്തായ കേരള മാതൃകയിലെ പ്രതിലോമ ഉള്ളടക്കം പൊതു സമൂഹത്തിന്​ ഒരിക്കൽ കൂടി വെളിപ്പെട്ടുവരുമായിരുന്നില്ല. ഒരുപക്ഷെ, ഈ സമരം നിറവേറ്റിയ ചരിത്രപരമായ സാമൂഹ്യ ധർമവും അതുതന്നെയാണ്. ഈ സമരത്തിലൂടെ, ‘കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്ത്​ വിശാലമായി വിരിക്കുന്നതിൽ’ അഭിരമിക്കുന്ന മലയാളിയുടെ ഇരട്ട വ്യക്തിത്വം വീണ്ടും വീണ്ടും അനാവരണം ചെയ്യപ്പെട്ടു. മാത്രമല്ല, ഡയറക്ടറുടെ ചെയ്തികളുടെ ന്യായീകരണം പുരോഗമിക്കും തോറും ഈ പിന്തിരിപ്പൻ സ്വഭാവം ശക്തമായി വെളിപ്പെട്ടുവരുകയും ചെയ്തു.

വിദ്യാർഥികളും ജീവനക്കാരും നടത്തിയ സമരത്തോടൊപ്പം നിൽക്കുകയും സ്​ഥാപനത്തിലെ പ്രശ്​നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ​ ശ്രമിക്കുകയും ചെയ്​ത സംഘടനയാണ്​ അംബേദ്​കർ പ്രോഗ്രസ്സീവ്​ ഡെമോക്രാറ്റിക്​ ഫോറം (എ.പി.ഡി.എഫ്​). ഞങ്ങളുടെ അനുഭവത്തിൽനിന്ന്, ഈ സമരത്തിന്റെ അർദ്ധവിരാമവും അർദ്ധവിജയവും നൽകുന്ന പാഠങ്ങൾ എന്താണെന്നു പരിശോധിക്കാം.

ഒന്ന്: മുൻപ് സൂചിപ്പിച്ച കേരള മാതൃകയുടെ അന്തഃസാരശൂന്യതയും ആ ഓട്ട നാണയം വിനിമയം ചെയ്​ത്​ ഇന്നും കേരളത്തിലെ പൊതുസമൂഹത്തെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടതു രാഷ്ട്രീയത്തിന്റെ പൊള്ളത്തരവും അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ അടിസ്ഥാന പ്രശ്‌നം. ഈ വിഷയം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായി ചർച്ച ചെയ്യേണ്ടതാണ്.

രണ്ട്: കുറ്റവാളികൾ രാജിവയ്ക്കുന്നതു കൊണ്ടോ സർക്കാർ നിയമിച്ച സമിതികൾ അവരുടെ മേൽ ആരോപിച്ച വിഷയങ്ങൾ അന്വേഷിച്ചതുകൊണ്ടോ തീർപ്പാക്കാൻ കഴിയാത്തതാണ് ജാതിവിവേചനവും, സംവരണ അട്ടിമറിയും, സ്ത്രീജീവനക്കാരോട് കാട്ടിയ മനുഷ്യാവകാശ ധ്വംസനവും. ഇവയെല്ലാം പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതും തീർപ്പാക്കേണ്ടതും സർക്കാരോ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയോ അല്ല, കോടതിയാണ്. ഇവയെല്ലാം കുറ്റകൃത്യങ്ങളാണ്. അവയെ സംബന്ധിച്ച് കൃത്യവും വ്യക്തവുമായ നിയമങ്ങൾ നിലവിലുണ്ട്. ശക്തമായ നിയമനടപടിയാണ് ആവശ്യം, അല്ലാതെ സർക്കാരിനെ പ്രതിനിധീകരിച്ച്​ മന്ത്രി പറയുന്നതുപോലെയുള്ള അന്വേഷണമോ പരിശോധനയോ അല്ല. നിയമ നടപടികളുമായി മുന്നോട്ടു പോകുവാൻ പൊതു സമൂഹത്തിനു വേണ്ടി ജനാധിപത്യവാദികളായ സംഘടനകൾ മുന്നോട്ടു വരണം. അല്ലാത്ത പക്ഷം ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്നത് തീർച്ചയാണ്.

മൂന്ന്: ഇത്തരം സംഭവങ്ങളുണ്ടാകാൻ ഇട നൽകിയ സാഹചര്യം പരിശോധിക്കണം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്​റ്റാറ്റ്യൂട്ട്​ പരിശോധിക്കുകയും നിയമനവും അച്ചടക്ക നടപടികളും ഉൾപ്പെടെയുള്ള അതിന്റെ ഭരണനിർവഹണത്തിന്റെ വ്യവസ്ഥകൾ പഴുതടച്ച്​ പരിഷ്‌ക്കരിക്കുകയും വേണം. അടൂർ ഗോപാലകൃഷ്ണനെയും ശങ്കർ മോഹനെയും പോലെയുള്ള ‘സാമൂഹ്യ കുറ്റവാളികൾ’ ഈ സ്ഥാപനത്തിൽ ഇനിയുമൊരിക്കലും ഭരണത്തിൽ എത്തരുതെന്നത് ഉറപ്പാക്കണം. തൊഴിൽ മാന്യതയും ജീവനക്കാരുടെ അന്തസ്സും ആത്മാഭിമാനവും പരിഗണിക്കുന്നവയാണോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭരണ നിർവ്വഹണ സംവിധാനം എന്ന് കൃത്യമായി പരിശോധിക്കണം. മനുഷ്യാവകാശ ലംഘന പരിഹാര സംവിധാനം- grievance reddressal mechanism- കുറ്റമറ്റതായി പ്രവർത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. അർധ ജുഡീഷ്യൽ സ്വഭാവമുള്ള, സ്വയം പ്രവർത്തനക്ഷമതയുള്ള internal compliance mechanism പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇൻസ്റ്റിറ്റ്യൂട്ട്​ നടത്തിപ്പുമായി ബന്ധപ്പെട്ട സമസ്ത വിഷയങ്ങളും ഒരു പൗരസമിതി സ്വതന്ത്രമായി വിലയിരുത്തണം. ഇത് ഈ നാട്ടിലെ പൊതുസമൂഹത്തോട് അക്കൗണ്ടബ്​ളായ ഒരു സ്ഥാപനമാണെന്ന് ഉറപ്പാക്കണം.

നാല്​: സർക്കാർ രണ്ടു കമീഷനുകളെ അന്വേഷണത്തിന്​ നിയോഗിച്ചതായി അറിയുന്നു. വാർത്താസമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്, നാളിതുവരെ ആ കമീഷനുകളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നാണ്. ആ റിപ്പോർട്ടുകളിലെ ഉള്ളടക്കം അറിയാൻ കേരളത്തിലെ നികുതിദായകരായ പൗരന്മാർക്ക്​ അവകാശമുണ്ട്. ആ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്കുവേണ്ടി ഗസറ്റ് വിജ്ഞാപനമായി പ്രസിദ്ധീകരിക്കാൻ സർക്കാർ ആർജ്ജവം കാട്ടണം. ഒപ്പം അവയിൽ കൈക്കൊണ്ട നടപടികളും പുറത്തുവിടണം.

അഞ്ച്: ഡയറക്ടറും ചെയർമാനും ‘വലിയ' വ്യക്തിത്വങ്ങളാണെന്നും അവരുടെ അഭിപ്രായവും സർക്കാർ പരിഗണിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്​. ഭരണഘടനയും അതിന്റെ കീഴിൽ നിർമിക്കപ്പെടുന്ന നിയമങ്ങളുമാണ് ഈ രാജ്യത്തെ ഭരണത്തെ നിയന്ത്രിക്കുന്നത്. ഡോ. അംബേദ്കർ ജനാധിപത്യം പാലിക്കപ്പെടാൻ വേണ്ട മുന്നുപാധികളിൽ ഒന്നായി പരിഗണിച്ച റൂൾ ഓഫ്​ ലോ എന്ന പ്രമാണത്തിന്റെ പരസ്യ ലംഘനമാണ് ചെയർമാനെയും ഡയറക്ടറെയും സംരക്ഷിക്കാൻ നടത്തിയ മന്ത്രിയുടെ പരാമർശം. ഇത് ഒരു ജനാധിപത്യ പ്രശ്‌നം കൂടിയാണെന്ന് ചുരുക്കം. നിയമത്തിന്റെ മുന്നിൽ ഇവർ ഇമ്മിണി വലിയ സമന്മാരാണോ?

ആറ്: സ്വയംഭരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന സർക്കാർ നിയമങ്ങൾ ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കണം. അത്തരം നിയമങ്ങളുടെ പഴുതടയ്ക്കുന്ന വിധം അവ പരിഷ്‌ക്കരിക്കപ്പെടുന്നത് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമല്ല, സമാന സ്വഭാവമുള്ള ഇതര പ്രസ്ഥാനങ്ങളിലും അധികാര ദുർവിനിയോഗവും മേധാവിത്ത ഹുങ്കും അവസാനിപ്പിക്കാൻ ആവശ്യമായി വരുന്നു.

ഏഴ്: ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസംവിധാനം അഴിച്ചുപണിയുകയും പ്രാദേശിക ജന പ്രതിനിധികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും ഭരണസംവിധാനത്തിൽ ആവശ്യമായ പങ്കാളിത്തം ഉണ്ടാവുകയും അത്തരം സമിതികൾ കൃത്യമായി പ്രവർത്തിക്കുന്നെന്ന്​ ഉറപ്പാക്കുകയും വേണം.

എട്ട്: സിനിമയുടെ ഭാഷയും സങ്കേതങ്ങളും ഇന്ന് അതിവേഗം മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക സ്​റ്റാറ്റ്യൂട്ടിന്​ പുറമെ അതിന്റെ വിഷൻ ചർച്ച ചെയ്യുന്ന ഒരു ഡോക്യുമെൻറ്​ ഉണ്ടോ? ഏതു ദിശയിലാണു അതിന്റെ പ്രവർത്തങ്ങൾ നടത്തപ്പെടേണ്ടതെന്നു നിർവചിക്കുന്ന strategic paper ഉണ്ടോ? ഇവയെല്ലാം പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. അത്തരം രേഖകൾ പൊതുസമൂഹത്തിനു ലഭ്യമാണോ? അത്തരം രേഖകൾ ഉണ്ടെങ്കിൽ അവയുടെ അന്തസത്തയോട് നീതി പുലർത്തുന്നവർ വേണം അധ്യാപക- അനധ്യാപക തസ്തികകളിലേക്ക് പരിഗണിക്കപ്പെടാൻ. അവയിൽ വിശ്വാസവും അവയോട് കൂറും പുലർത്തുന്നവയിരിക്കണം ഈ സ്ഥാപനത്തിൽ ഭരണാധികാരികളായി പ്രവർത്തിക്കുവാൻ കണ്ടെത്തപ്പെടുന്നവർ.

ഒൻപത്: അത്തരം രേഖകളിൽ പറയുംവിധം പ്രവർത്തിക്കാനാവശ്യമായ ഭൗതിക (physical infrastructure) സാഹചര്യം ഈ സ്ഥാപനത്തിൽ ഉണ്ടോയെന്നും പരിശോധിക്കണം. ഒപ്പം, അതിനനുസരിച്ചുള്ള അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും വേണം.

പത്ത്: വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ട സ്ഥാപനമാണിത്. അവരുടെ ആശയ, ഭാവന പരിപോഷണവും അവയുടെ സ്വതന്ത്ര ആവിഷ്‌കാരവും സമൃദ്ധമായി നടക്കേണ്ട സ്ഥലം എന്നതാണ് ഈ സ്ഥാപനത്തെ മറ്റു അക്കാദമിക് സ്ഥാപനങ്ങളിൽനിന്ന് വ്യതിരിക്തമാക്കുന്നത്. പഠനക്രമവും ബോധനരീതിയും ഇവിടെ വ്യത്യസ്തമായിരിക്കും. വിദ്യാർത്ഥി പ്രതിനിധികൾ എല്ലാ ഭരണ നിർവഹണ സമതികളിലും ഉണ്ടായിരിക്കണം. അതുപോലെ, പ്രധാനപ്പെട്ടതാണ് വിദ്യാർത്ഥികൾക്ക് തക്കതായ പ്രാതിനിധ്യമുള്ള അക്കാദമിക് കൗൺസിലും ആ കൗൺസിലിന്റെ സജീവമായ പ്രവർത്തനങ്ങളും. വിദ്യാർത്ഥികളുടെ അക്കാദമിക് അഭിലാഷങ്ങൾ ചർച്ച ചെയ്യാനുള്ള സ്ഥിരം സംവിധാനമായി അക്കാദമിക് കൗൺസിൽ വിഭാവന ചെയ്യപ്പെടണം. ഒരു സാധാരണ വിദ്യാലയമായി ഇതിനെ അധഃപതിപ്പിക്കരുതെന്ന്​ ചുരുക്കം.

വിഖ്യാതമായ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ മുൻ സാരഥിയുടെ പേരിലുള്ള ഈ സ്ഥാപനം അദ്ദേഹത്തോടൊപ്പം തലയെടുപ്പോടെ ഉയർന്നു നിൽക്കണം എന്ന അദമ്യമായ ആഗ്രഹമാണ് ഈ നിർദേശങ്ങൾക്കുപുറകിൽ.


ഷാജു വി. ജോസഫ്​

ദലിത്​ സാമൂഹിക- രാഷ്​ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്നു. അംബേദ്‌കർ പ്രോഗ്രസീവ്​ ഡെമോക്രാറ്റിക്‌ ഫോറം ജനറൽ സെക്രട്ടറി. കേരളത്തിലെ ദലിത് ക്രൈസ്തവർ: ചരിത്രം, സ്വതം, പ്രത്യക്ഷ രക്ഷാദൈവസഭ- സാമൂഹിക ചരിത്രപ്രസക്തി എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments