ഇന്ത്യയിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികൾ ധാരാളമായി കടന്നുവരുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവർക്കെതിരെ ബോധപൂർവമായ ആക്രമണം നടക്കുന്നുണ്ടെന്നും ഈ പാശ്ചാത്തലത്തിൽ വേണം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങളെയും വിലയിരുത്തേണ്ടത് എന്നും അശോകൻ ചെരുവിൽ. ട്രൂകോപ്പി തിങ്കിനുവേണ്ടി വി.കെ. ബാബുവുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2016 ജനുവരി 17നാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ജാതി മേധാവിത്വത്തിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധതിരിച്ച് രോഹിത് വെമുല എന്ന വിദ്യാർഥി ആത്മഹത്യ ചെയ്യുന്നത്. ""ഈ സമയത്ത് ആർ.എസ്.എസ് മുഖമാസികയായ കേസരിയിൽ ഒരു ലേഖനം വന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഴുവൻ തകർന്നിരിക്കുന്നു എന്നായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം. മുൻ മാനവവിഭവശേഷി മന്ത്രിയായിരുന്ന അർജുൻ സിംഗ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പിന്നാക്ക, ദലിത് സംവരണം കൊണ്ടുവന്നതിന്റെ ഫലമായി, പല ഗ്രാമങ്ങളിൽ നിന്നും ഈ വിഭാഗക്കാരായ വിദ്യാർഥികൾ, ആർ.എസ്.എസിന്റെ ഭാഷയിൽ പറഞ്ഞാൽ
"ചട്ടമ്പികളും ഗുണ്ടകളുമായി നടന്ന ആളുകൾ', ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തിയതോടെ അവിടുത്തെ സമാധാനാന്തരീക്ഷം തകർന്നു, വിദ്യാസരസ്വതിയുടെ ഇടമാകെ മോശപ്പെട്ടു എന്ന രീതിയിലായിരുന്നു ലേഖനം. ഈ ചിന്താഗതിയുടെ തുടർച്ചയായി ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന ദലിതർക്കെതിരെ ബോധപൂർവ ആക്രമണം ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും എതിരായ ജാതിവിവേചനത്തെ കാണേണ്ടത്.''
‘‘ആദ്യം ആരോപണം ഡയറക്ടർ ശങ്കർ മോഹനെതിരെയായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അതിൽ ഇടപെടും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. അടൂർ ഗോപാലകൃഷ്ണനെ പോലൊരു കലാകാരനെ അവഗണിച്ചുകൊണ്ടാണ് ഡയറക്ടർ ഇങ്ങനെയൊരു തീരുമാനമെടുത്തത് എങ്കിൽ അത് അത്ര നല്ല കാര്യമല്ല. പക്ഷേ, ഡയറക്ടറെ ന്യായീകരിച്ചുകൊണ്ടുള്ള അടൂരിന്റെ പ്രസ്താവന ഞെട്ടിച്ചു. അത് വളരെ ദുഃഖകരമായ കാര്യമാണ്’’- അഭിമുഖത്തിൽ അശോകൻ ചരുവിൽ പറഞ്ഞു.
സംസ്ഥാന സർക്കാർ സ്ഥാപനമായ കോട്ടയത്തെ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിൽ ജാതി വിവേചനത്തിനും സംവരണ അട്ടിമറിക്കും എതിരെ വിദ്യാർഥികളും ജീവനക്കാരും പ്രക്ഷോഭത്തിലാണ്. ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നയാളല്ല എന്ന് ശങ്കർ മോഹനെ ന്യായീകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
(അശോകൻ ചരുവിലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ട്രൂ കോപ്പി തിങ്കിൽ ഉടൻ കാണാം.)