ബി. അജിത്കുമാർ

ഇൻസ്​റ്റിറ്റ്യൂട്ടുകൾ അറിയുന്നുണ്ടോ,
​സിനിമ മാറുകയാണ്​...

പത്തും ഇരുപതും കൊല്ലം അസിസ്റ്റ് ചെയ്ത് ആളുകൾ ഒരു പടമെടുത്തിരുന്ന കാലത്തുനിന്ന് വ്യത്യസ്തമായി ഇപ്പോൾ ഒന്നോ രണ്ടോ കൊല്ലം കൊണ്ട് കുട്ടികൾ നേരെവന്ന്​ സിനിമയെടുക്കുന്ന കാലമാണിതെന്ന് ഓർക്കണം. അപ്പോൾ, അതിനനുസരിച്ച് പെഡഗോജി മാറ്റണം.

മ്മുടെ സിനിമാ പഠനവുമായും അതിന്റെ ബോധനശാസ്ത്രവുമായും (Pedagogy) അക്കാദമിക് അഡ്മിനിസ്ട്രേഷനുമായും ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടക്കം മുതൽ അഭിമുഖീകരിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നതുതന്നെ, ഇത്തരമൊരു സ്ഥാപനത്തിന് വേണ്ട പഠനാന്തരീക്ഷമില്ലാത്ത ഒരിടത്താണ്. സിനിമയെപ്പോലെ, ചുറ്റുപാടുകളുമായുള്ള സമ്പർക്കത്തിലൂടെയും ചലച്ചിത്രപ്രവർത്തകരുമായുള്ള ആശയവിനിമയങ്ങളിലൂടെയും പഠിക്കേണ്ട ഒരു വിഷയം ഇതുപോലൊരു സ്ഥലത്തുവന്ന് പഠിക്കാനും പഠിപ്പിക്കാനും കഴിയുമോ എന്ന് പരിശോധിക്കപ്പെട്ടില്ല. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വരാതെ പോയതിനു പുറകിലും ഇതൊരു കാരണമാണ്.

പൂനെയിലും കൊൽക്കത്തയിലും അഡയാറിലും അവിടുത്തെ ലോക്കൽ ഫിലിം ഇൻഡസ്ട്രിയൽ ഏരിയകളിലാണ് ഇൻസ്റ്റിറ്റ്യൂട്ടുകളുള്ളത്. കേരളത്തിലെ ആദ്യത്തെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്തോ എറണാകുളത്തോ തുടങ്ങാമായിരുന്നു. തിരുവനന്തപുരത്ത് ചിത്രാഞ്ജലിയുണ്ടല്ലോ. വിദ്യാർഥികൾക്ക് സിനിമാ പ്രാക്ടീഷണർമാരുമായി ബന്ധപ്പെടാനും അവിടെ സൗകര്യമുണ്ട്. സിനിമ എന്നാൽ ലൈവ് ആയി പ്രാക്ടീസ് ചെയ്യേണ്ട വിഷയമാണ്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുള്ള തെക്കുംതലയിൽ സിനിമ കാണാൻ ഒരു തിയേറ്റർ പോലുമില്ല, തിയറ്ററുള്ളത് പാലായിലാണ്. ഒരു അർബൻ ബേസ്ഡ് ഇൻഡസ്ട്രി കൂടിയായതിനാൽ, അർബൻ സെന്ററുമായി ബന്ധപ്പെട്ട സ്ഥലം വേണമായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്. അതിൽനിന്നുതന്നെ കുഴപ്പം തുടങ്ങി.

ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നതുതന്നെ, ഇത്തരമൊരു സ്ഥാപനത്തിന് അനിവാര്യമായ പഠനാന്തരീക്ഷമില്ലാത്ത ഒരിടത്താണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുക എന്ന ലക്ഷ്യമാണോ ഈ സ്ഥലം തെരഞ്ഞെടുത്തതിനുപുറകിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വിഷൻ ഇല്ലാത്ത തുടക്കം

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു വിഷൻ ആവശ്യമാണ്, അത് പബ്ലിക് ഡൊമെയ്നുകളിലൊന്നും ലഭ്യമായിരുന്നില്ല. മൊത്തം ആശയക്കുഴപ്പമായിരുന്നു. കുറച്ചുപേരുടെ സ്വകാര്യമായ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ഇടമാണെന്ന തോന്നലാണ് ആദ്യം മുതലേ ഉണ്ടായിരുന്നത്. ഒരു പദവി നൽകാൻ വേണ്ടി ആളുകളെ കുടിയിരുത്തുന്ന ഒരു സ്ഥാപനമായി ഇത് മാറി. തുടക്കത്തിൽ ജാതിവിവേചന പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ല.

ഞാൻ അക്കാദമിക് കൗൺസിൽ അംഗമാണ്. കഴിഞ്ഞ മൂന്ന് കൊല്ലത്തിനുള്ളിൽ രണ്ട് യോഗങ്ങളാണ് വിളിച്ചിട്ടുള്ളത്. അതിലൊന്നും, ഇപ്പോൾ പ്രശ്നമായ കട്ട് ഓഫ് മാർക്ക് ചർച്ചക്കുവന്നിട്ടില്ല. അക്കാദമിക് കൗൺസിലിൽ മുമ്പ് വിദ്യാർഥി പ്രാതിനിധ്യമുണ്ടായിരുന്നുവെങ്കിലും ഇപ്പോഴില്ല. ഞാൻ പങ്കെടുത്ത ആദ്യ കൗൺസിലിൽ വിദ്യാർഥി പ്രാതിനിധ്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇലക്ഷൻ നടന്നിട്ടില്ല എന്നാണ് ഡയറക്ടർ മറുപടി പറഞ്ഞത്. അക്കാദമിക് കൗൺസിലിലടക്കം വിദ്യാർഥി പ്രാതിനിധ്യമുണ്ടായിരുന്നുവെങ്കിൽ ഇത്തരം പ്രശ്നങ്ങൾ അവിടെ തന്നെ ചർച്ച ചെയ്യാൻ കഴിയുമായിരുന്നു. സബ്സിഡൈസ്ഡ് വിദ്യാഭ്യാസം എന്നത് വിദ്യാർഥികളുടെ അവകാശം തന്നെയാണ്. അതിനെ ഔദാര്യമായി കണ്ടാൽ വിദ്യാർഥികൾ പ്രതികരിക്കും, പ്രതികരിച്ചില്ലെങ്കിലാണ് കുഴപ്പം. പ്രതികരിക്കുന്ന വിദ്യാർഥികളെ ശത്രുക്കളായി കാണുകയാണ്. അവർക്കെതിരെ ഗൂഢാലോചന നടത്തുന്നു, അവരെ ‘ഒതുക്കാൻ' ശ്രമിക്കുന്നു. ഈയൊരു സമീപനം വച്ചുകൊണ്ട് ഇതേപോലൊരു സ്ഥാപനത്തിന് മുന്നോട്ടുപോകാനാകുമോ? തല്ലിപ്പഠിപ്പിക്കേണ്ട പരിപാടിയല്ല സിനിമ. ഇവിടെ പഠിക്കാനെത്തുന്നവർ വളരെ ബ്രില്യന്റായവരാണ്. ഇത് ഒരു പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സ് ആണ്. അവരെ കൊച്ചുകുട്ടികളെപ്പോലെ കണക്കാക്കുന്ന രീതി മാറ്റേണ്ടതുണ്ട്. സമരം ചെയ്യുന്ന വിദ്യാർഥികളെയും പരാതി പറയുന്ന ജീവനക്കാരെയും ആരോ കുത്തിയിളക്കി വിടുകയാണ് എന്നാണ് ചെയർമാനും ഡയറക്ടറും പറയുന്നത്. സ്വന്തമായി തീരുമാനമെടുക്കാനും പ്രവർത്തിക്കാനും ചിന്തിക്കാനും കഴിവുള്ളവില്ലാത്തവരാണ് താഴെത്തട്ടിലുള്ള തൊഴിലാളികളും വിദ്യാർത്ഥികളും എന്ന ‘എലീറ്റിസ്​റ്റ്​’ മനോഭാവമാണ് ഈ ചിന്തയ്ക്കു പിന്നിൽ.

പത്തും ഇരുപതും കൊല്ലം അസിസ്റ്റ് ചെയ്ത് ആളുകൾ ഒരു പടമെടുത്തിരുന്ന കാലത്തുനിന്ന് വ്യത്യസ്തമായി ഇപ്പോൾ ഒന്നോ രണ്ടോ കൊല്ലം കൊണ്ട് കുട്ടികൾ നേരെവന്ന്​ സിനിമയെടുക്കുന്ന കാലമാണിതെന്ന് ഓർക്കണം.

വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും പുറത്തുള്ള ചലച്ചിത്രപ്രവർത്തകരെയും വിദഗ്ധരെയുമെല്ലാം ഉൾപ്പെടുത്തി, വിപുലമായ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ ഒരു ബോധനരീതിശാസ്ത്ര മുണ്ടാക്കുകയാണ് വേണ്ടത്.

ഫിനാൻഷ്യലും മറ്റുമായ ഓട്ടോണമി മറ്റൊരു പ്രധാന സംഗതിയാണ്. ഇവിടെ അതില്ല. ഒരു ഫിനാൻസ് ഓഫീസർ പാസാക്കിയാലേ എല്ലാ കാര്യങ്ങളും നടക്കൂ. അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായി വന്നശേഷം സ്വയംഭരണാവകാശം കൊടുക്കുന്ന ഒരു ഉത്തരവ് വന്നിരുന്നു. ഡയറക്ടറുടെ കയ്യിലേക്ക് പരമാവധി അധികാരങ്ങൾ കേന്ദ്രീകരിക്കുന്ന ഒരു ഉത്തരവാണത്. സ്വയംഭരണാവകാശം വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്ഥാപനത്തിനാണ് സ്വയംഭരണാവകാശം വേണ്ടത്. ഫ്ലെക്സിബിളായ രീതിയിൽ തീരുമാനമെടുക്കുവാനുള്ള അധികാരവും പ്രധാനമാണ്. അല്ലാതെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അക്കാദമിക്കായ സ്വാതന്ത്ര്യത്തിനുമുകളിൽ ഡയറക്ടറുടെ അധികാരം ഉറപ്പിക്കുക എന്നതല്ല, സ്വയംഭരണാവകാശത്തിന്റെ അർത്ഥം.

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായി സംവദിക്കുന്ന രാജീവ് രവി, ബി. അജിത്ത് കുമാർ, സഞ്ജു സുരേന്ദ്രൻ എന്നിവർ

നമ്മുടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കാലോചിതമായ നവീകരണപ്രക്രിയ നടന്നിട്ടില്ല. മാറ്റങ്ങൾക്ക് ശ്രമിച്ചാൽ തുടക്കത്തിൽ അത് കോഴ്‌സിൽ വെള്ളം ചേർക്കാനാണ് എന്നൊരു ഭീതി വിദ്യാർഥികളിലുണ്ടാകും. കാരണം മാറ്റങ്ങൾ പലപ്പോഴും വ്യക്തികളുടെ Whims and Fancies അനുസരിച്ചാണ് കൊണ്ടുവരിക. പൂനെയിൽ ഞങ്ങളുടെ പഠനകാലത്തും അതുണ്ടായിട്ടുണ്ട്. ഈ പ്രശ്നം ഒഴിവാക്കാൻ വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും പുറത്തുള്ള ചലച്ചിത്രപ്രവർത്തകരെയും വിദഗ്ധരെയുമെല്ലാം ഉൾപ്പെടുത്തി, വിപുലമായ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ ഒരു ബോധനരീതിശാസ്ത്ര മുണ്ടാക്കുകയാണ് വേണ്ടത്. ഫിലിം മേക്കിംഗ് പഠനത്തിന് ഒരു ‘പെഡഗോജി ’ ഇന്ത്യയിലും ആഗോളതലത്തിലും കൃത്യമായി വികസിച്ചുവന്നിട്ടില്ല. ബേസിക് എക്സസൈസുകളുടെയും പരിചയസമ്പന്നരായ ഫിലിം മേക്കേഴ്സുമായുള്ള ഇന്ററാക്ഷനുകളിലൂടെയുമാണ് പഠനം കൂടുതലും നടക്കുന്നത്. തിയറി പഠിക്കുന്നതിനേക്കാൾ, പ്രാക്ടീഷണർമാരുമായുള്ള ഇന്ററാക്ഷനാണ് ഈ അവസ്ഥയിൽ പ്രധാനം. ഞങ്ങളും അങ്ങനെയാണ് പഠിച്ചത്. ഞാൻ പൂനെയിൽ പഠിക്കാൻ പോകുന്ന കാലത്ത് ക്യാമറ കണ്ടിട്ടുപോലുമില്ല, എഡിറ്റിംഗ് എന്താണ് എന്നറിയില്ല. ആ കാലത്തുണ്ടാക്കിയ പഠനരീതി ഇപ്പോഴും തുടരുന്നതിൽ അർഥമില്ല. ഇപ്പോൾ വരുന്ന കുട്ടികൾക്ക് കൂടുതൽ കാര്യങ്ങളറിയാം, അവർക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാനുമുണ്ട്. തിയേറ്ററിൽ മാത്രം പോയി സിനിമ കണ്ടിരുന്ന ഒരു കാലത്താണ് ഞങ്ങൾ സിനിമ പഠിക്കുന്നത്. അത് മാറി ഇമേജുകൾ ഇപ്പോൾ ഏറ്റവും സമീപസ്ഥമാണ്. അതിനനുസരിച്ച് പഠനരീതിശാസ്ത്രം മാറേണ്ടേ? ഇവിടെ, കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത് പൂനെയിലെയും കൊൽക്കത്തയുടെയും മാതൃകയിലാണ്.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വേണ്ടത്ര ഫാക്കൽറ്റി ഇല്ല. ഉള്ളവരിൽ പലരും സാങ്കേതികമായി അപ്ഡേറ്റഡല്ല. ഇപ്പോൾ, സാങ്കേതികവിദ്യ യിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിനൊത്തുപോകാൻ പലർക്കും കഴിഞ്ഞെന്നുവരില്ല.

ഇങ്ങനെയുള്ള വലിയ മാറ്റങ്ങളെക്കുറിച്ചൊന്നും അക്കാദമിക് കൗൺസിലിൽ ചർച്ച ചെയ്യുന്നില്ല. ചെയർമാനോ അക്കാദമിക് കൗൺസിലിലെ ആരെങ്കിലുമോ ഒരഭിപ്രായം പറയും, അതുവച്ച് തീരുമാനമെടുക്കും, അത് അടിച്ചേൽപ്പിക്കും എന്നതല്ലാതെ ഫാക്കൽറ്റികൾക്കോ വിദ്യാർഥികൾക്കോ ഇതിൽ ഒരു പങ്കുമില്ല. മറ്റ് സർക്കാർ സ്ഥാപനങ്ങളിലും കോർപറേഷനുകളിലും ആളുകളെ കുത്തിനിറയ്ക്കുന്നതുപോലെയാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിനെയും സർക്കാർ കാണുന്നത്. ബ്യൂറോക്രാറ്റുകളെ മാത്രം വച്ച് ഒരു ‘സെന്റർ ഓഫ് എക്സലൻസ്’ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഇതൊരു ജനാധിപത്യ സ്ഥാപനമല്ലേ. ഗുരുകുല സമ്പ്രദായത്തിലല്ലല്ലോ വിദ്യാഭ്യാസം. സംസ്ഥാന സർക്കാർ, ഫിലിം ഇൻഡസ്ട്രി, ചലച്ചിത്ര പ്രവർത്തകർ, അക്കാദമിക്കുകൾ, വിദ്യാർഥികൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി വിവിധ തലങ്ങളിലുള്ള സ്റ്റൈയ്ക് ഹോൾഡേഴ്സിനെ ഉൾപ്പെടുത്തി, ജനാധിപത്യപരമായി കൃത്യമായ വിഷനും രൂപരേഖയുമുള്ള ഒരു ‘പെഡഗോജി ’ രൂപപ്പെടുത്തുകയാണ് അടിയന്തര ആവശ്യം.

വേണം, സമൂല നവീകരണം

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വേണ്ടത്ര ഫാക്കൽറ്റി ഇല്ല. ഉള്ളവരിൽ പലരും സാങ്കേതികമായി അപ്ഡേറ്റഡല്ല. ഇപ്പോൾ, സാങ്കേതികവിദ്യയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റത്തിനൊത്തുപോകാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. ഞങ്ങൾ പഠിക്കുന്ന കാലത്ത്, ബേസിക് ടെക്നോളജിയിൽ വലിയ മാറ്റങ്ങളില്ലാത്ത കാലമാണ്. അതേസമയം, സൗന്ദര്യശാസ്ത്രപരമായോ ഫിലിം മേക്കിംഗ് പ്രാക്ടീസുമായി ബന്ധപ്പെട്ടോ ഫാക്കൽറ്റിക്കും വലിയ പിടിപാടുണ്ടായിരുന്നില്ല..

ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോകാതെ കുട്ടികൾ നേരെ സിനിമയെടുക്കുന്ന കാലമാണിതെന്ന് ഓർക്കണം. അപ്പോൾ, അതിനനുസരിച്ച് പഠനരീതി മാറ്റണം.

അന്ന് വർക്ക്‌ഷോപ്പുകൾക്കായി യൂറോപ്പിൽനിന്നുള്ള പ്രമുഖരായ ഫിലിം മേക്കേഴ്സ് പൂനെയിലെത്തി ഒരു മാസം താമസിച്ചിട്ടാണ് പോകുന്നത്. കൂടാതെ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ പല ചലച്ചിത്രകാരൻമാരും സാങ്കേതിക വിദഗ്ദ്ധരും വരും. വിദ്യാർത്ഥികളാണ് പലപ്പോഴും അതൊക്കെ കോ- ഓർഡിനേറ്റ് ചെയ്തിരുന്നത്. അവിടെനിന്നാണ് ഞങ്ങളൊക്കെ എന്തെങ്കിലും പഠിക്കുന്നത്.

ഇങ്ങനെ പുറത്തിറങ്ങുന്ന ഒരാൾക്ക് സിനിമ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ പറ്റണം. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നിറങ്ങിയാൽ, ആരെയും അധികകാലം അസിസ്റ്റ് ചെയ്യാതെ സ്വതന്ത്രമായി ഒരു പടം സംവിധാനം ചെയ്യാനോ ക്യാമറ ചെയ്യാനോ ഒക്കെ പറ്റും എന്ന വിശ്വാസം വിദ്യാർത്ഥികൾക്കും പുറത്തുള്ള സംവിധായകർക്കും നിർമാതാക്കൾക്കും ഉണ്ടാവുന്ന രീതിയിലായിരിക്കണം വിദ്യാഭ്യാസത്തിന്റെ നിലവാരം. പത്തും ഇരുപതും കൊല്ലം അസിസ്റ്റ് ചെയ്ത് ആളുകൾ ഒരു പടമെടുത്തിരുന്ന കാലത്തുനിന്ന് വ്യത്യസ്തമായി ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോകാതെ കുട്ടികൾ നേരെ സിനിമയെടുക്കുന്ന കാലമാണിതെന്ന് ഓർക്കണം. അപ്പോൾ, അതിനനുസരിച്ച് ‘പെഡഗോജി ’ മാറ്റണം. അതേസമയം, ഇവിടെനിന്ന് പുറത്തിറങ്ങുന്ന ഒരാളെടുക്കുന്ന പടം യൂറ്റ്യൂബിൽ നാം കാണുന്ന ‘മീഡിയോക്കർ’ ഷോർട്ട് ഫിലിമുകളുടെ പോലെ ആകരുത്. ഡെപ്തും ഈസ്തെറ്റിക് മെരിറ്റുമുള്ള പടങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കണം. അങ്ങനെയൊരു ലക്ഷ്യം അവർക്കുവേണം. അതിനനുസരിച്ച് പഠനരീതി മാറ്റിയെഴുതണം. ഇതിന് സമൂലമായ ഒരു നവീകരണപ്രക്രിയ അനിവാര്യമാണ്.

പത്തു കിലോമീറ്ററിനുള്ളിൽ മാത്രമേ ഫിലിം ഷൂട്ട് ചെയ്യാൻ പാടുള്ളൂ എന്നാണ് കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വ്യവസ്​ഥ. ഇവിടെ, പത്തു കിലോമീറ്ററിനുള്ളിലുള്ളത് റബർ തോട്ടമാണ്. പൂനെയിൽ പഠിക്കുന്ന വിദ്യാർഥിക്ക് 250 കിലോമീറ്റർ ഷൂട്ട് ചെയ്യാമായിരുന്നു.

ഇതിന് അക്കാദമിക് സ്വാതന്ത്ര്യം അതിപ്രധാനമാണ്. കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ കമ്മിറ്റികൾ വന്നശേഷം ചില നിബന്ധനകളുണ്ടാക്കിയിരുന്നു. പത്തു കിലോമീറ്ററിനുള്ളിൽ മാത്രമേ ഫിലിം ഷൂട്ട് ചെയ്യാൻ പാടുള്ളൂ എന്നാണ് അതിലൊന്ന്. ഇവിടെ, പത്തു കിലോമീറ്ററിനുള്ളിലുള്ളത് റബർ തോട്ടമാണ്. പാലായിലേക്കാണെങ്കിൽ 14 കിലോമീറ്ററുണ്ട്. പൂനെയിൽ പഠിക്കുന്ന വിദ്യാർഥിക്ക് 250 കിലോമീറ്റർ ഷൂട്ട് ചെയ്യാമായിരുന്നു. ഇത്തരം കർശനമായ ചട്ടങ്ങൾക്കുപകരം, ക്രെഡിറ്റ് സിസ്റ്റത്തിലൂടെയൊക്കെ കുറെക്കൂടി ഫ്ലെക്​സിബിളായ വ്യവസ്ഥകൾ കൊണ്ടുവരാൻ കഴിയും. ഇത്തരം വ്യവസ്ഥകൾ തീരുമാനിക്കുന്നതിൽ ഫാക്കൽറ്റികൾക്ക് കാര്യമായ റോളില്ല.

ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോഴുള്ള ഫാക്കൽറ്റിയും വിദ്യാർഥികളും തമ്മിലുള്ള ഹാർമണി നഷ്ടപ്പെട്ടുവെന്നാണ് കരുതേണ്ടത്. ഇപ്പോൾ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങളിൽ, ഫാക്കൽറ്റി നിഷ്പക്ഷത പുലർത്തുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാം, എന്നാൽ അഡ്മിനിസ്‌ട്രേഷനോടൊപ്പം നിൽക്കുകയാണ് അവർ ചെയ്തത്

ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോഴുള്ള ഫാക്കൽറ്റിയും വിദ്യാർഥികളും തമ്മിലുള്ള ഹാർമണി നഷ്ടപ്പെട്ടുവെന്നാണ് കരുതേണ്ടത്. ഇപ്പോൾ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളിൽ, ഫാക്കൽറ്റി നിഷ്പക്ഷത പുലർത്തുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാം, എന്നാൽ റിസർവേഷനെ അട്ടിമറിച്ച അഡ്മിനിസ്ട്രേഷനോടൊപ്പം നിൽക്കുകയാണ് അവർ ചെയ്തത്. സംവരണം എന്നത് ഭരണഘടനാപരമായ, അതിനപ്പുറം ധാർമ്മികമായ ഒരു പ്രശ്‌നമാണ്. അതിൽ തെറ്റായ പക്ഷത്തിനൊപ്പം നിന്ന ഫാക്കൽറ്റിയുടെ അവസ്ഥ പരിതാപകരമാണ്. ഫാക്കൽറ്റി കരാർ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. അവരുടെ സേവനവേതനവ്യവസ്ഥകൾ മോശമാണ്. അഡ്മിനിസ്ട്രേറ്റർമാർ പറയുന്നതിനപ്പുറത്തേക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അവർക്ക് അക്കാദമിക് സ്വാതന്ത്ര്യമില്ല. അവരോട് ചോദിച്ചിട്ടല്ല കോഴ്സ് പരിഷ്‌കരണം നടത്തുന്നത്. അഭിപ്രായം പറഞ്ഞാൽ ജോലി പോകും എന്നതാണ് അവസ്ഥ.

അടൂർ ഗോപാലകൃഷ്ണൻ ഉത്തമബോധ്യത്തോടെയാണ് കാര്യങ്ങൾ ചെയ്തിട്ടുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഉത്തമബോദ്ധ്യവും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ട് റിയാലിറ്റിയും തമ്മിൽ പൊരുത്തപ്പെടുന്നില്ല.

കോഴ്സ് കാലാവധി മൂന്നുവർഷത്തിൽനിന്ന് രണ്ടുവർഷമാക്കാനുള്ള തീരുമാനമുണ്ടായത് ഗവേണിംഗ് കൗൺസിലിലാണ്. കോഴ്സ് രണ്ടുവർഷമാക്കാൻ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ നല്ല കോ-ഓർഡിനേഷൻ വേണം. ഓരോ ഡിപ്പാർട്ടുമെന്റും അവരുടേതയാ സിലബസുണ്ടാക്കിയാൽ നടക്കില്ല. പുതിയ ബാച്ചിന് ആദ്യ സെമസ്റ്റർ സിലബസ് മാത്രമാണ് ഉണ്ടാക്കാൻ കഴിഞ്ഞത്. പിന്നെ ഓരോ പ്രായോഗിക പ്രശ്നങ്ങൾ വന്നു. ഇത്തരമൊരു ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ വകുപ്പുകളുടെ കീഴിലാക്കുന്നതിന്റെ പ്രശ്നമാണിത്. ഗ്രൗണ്ട് ലെവൽ റിയാലിറ്റി എന്താണ് എന്ന പരിശോധനയുണ്ടായിട്ടില്ല.

അടൂർ ഗോപാലകൃഷ്ണൻ ഉത്തമബോധ്യത്തോടെയാണ് കാര്യങ്ങൾ ചെയ്തിട്ടുള്ളത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഉത്തമബോധ്യവും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രൗണ്ട് റിയാലിറ്റിയും തമ്മിൽ പൊരുത്തപ്പെടുന്നില്ല. അതിനിടയ്ക്ക് വിദ്യാർത്ഥികളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും തിരിച്ചറിയാൻ ശ്രമിക്കാത്ത ഡയറക്ടറും, വിദ്യാർത്ഥികളെ ഒരുവിധത്തിലും ഇൻസ്​പയർ ചെയ്യാൻ കഴിയാത്ത ഫാക്കൽറ്റിയും. ഇതിനിടയിലൂടെ കടന്നുവരുമ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ വിഷൻ വളരെ വളച്ചൊടിച്ച രീതിയിലും വിദ്യാർത്ഥിവിരുദ്ധമായിട്ടും ആണ് താഴേത്തട്ടിലെത്തിയത്. ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടും ഒരു കൗൺസിലിലും ചർച്ച നടന്നിട്ടില്ല. പ്രശ്‌നങ്ങൾ ഉരുണ്ടുകൂടി വന്നപ്പോഴും ചർച്ചയിലൂടെ പരിഹരിക്കാൻ ഒരു ശ്രമവും നടന്നിട്ടില്ല. സമവായത്തിന്റെ ഭാഷയല്ല, അടിച്ചമർത്തലിന്റെയും മാനിപ്പുലേഷന്റെയും തന്ത്രങ്ങാണ് അധികാരികൾ പ്രയോഗിക്കാൻ ശ്രമിച്ചത്.

സമരം ചെയ്യുന്ന വിദ്യാർഥികളെയും പരാതി പറയുന്ന ജീവനക്കാരെയും ആരോ കുത്തിയിളക്കി വിടുകയാണ് എന്ന പറച്ചിലിനുപുറകിൽ, സ്വന്തമായി തീരുമാനമെടുക്കാനും പ്രവർത്തിക്കാനും ചിന്തിക്കാനും കഴിവുള്ളവില്ലാത്തവരാണ് തൊഴിലാളികളും വിദ്യാർത്ഥികളും എന്ന ‘എലീറ്റിസ്​റ്റ്​​’ മനോഭാവമാണുള്ളത്​.

ജാതിമനുഷ്യർ പഠിപ്പിക്കുന്ന സിനിമ

ജാതീയത എന്നത് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല, അത് കേരളീയ സമൂഹത്തിൽ തന്നെയുള്ളതാണ്. ജാതിവാൽ കളഞ്ഞതുകൊണ്ട് ജാതീയത ഇല്ലാതാകില്ല എന്ന ബോധ്യം പോലും ഇവർക്കില്ല എന്നതാണ് ഖേദകരം. അങ്ങനെയുള്ളവരാണ് സിനിമ പഠിപ്പിക്കുന്നത് എന്നതാണ് അതിലും ഖേദകരം! സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർക്ക് ജെൻഡർ, കാസ്റ്റ് സെൻസിറ്റൈസേഷൻ പരിശീലനം കൊടുക്കണം. മറ്റു രാജ്യങ്ങളിലെല്ലാം ഇതുണ്ട്. നമ്മുടെ ഔദ്യോഗിക സംവിധാനങ്ങൾക്ക് ഇപ്പോഴും ജെൻഡർ - കാസ്റ്റ് വിഷയം മനസ്സിലായിട്ടില്ല.

പ്രിവിലേജുകൾക്കുപുറത്തുള്ള മനുഷ്യരുമായി സംവദിക്കാൻ കഴിയുന്ന രീതിയിൽ ഒരു സെൻസിറ്റൈസേഷൻ ഇല്ല. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും ഇതേ മനോഭാവമുണ്ട് എന്നാണ്, ഈ പ്രശ്നങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

സ്ത്രീകൾക്കും പട്ടികജാതി - പട്ടിക വർഗക്കാർക്കും സിനിമ എടുക്കാൻ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുണ്ടല്ലോ. അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ പോലും ഒട്ടും സംതൃപ്തരല്ല. കാരണം, ഇതിനെ ഔദ്യോഗിക സംവിധാനം ഒരു ഔദാര്യമായാണ് കണക്കാക്കുന്നത്. ഇവർക്ക് സിനിമ എടുക്കാൻ പണം കൊടുക്കുമ്പോൾ, അല്ലെങ്കിൽ സിനിമ പഠിക്കാൻ സർക്കാർ പണം ചെലവാക്കുമ്പോൾ അവർ താണുവണങ്ങി നിൽക്കണം എന്ന രീതിയിലുള്ള പെരുമാറ്റമാണ് പ്രശ്‌നം. പ്രിവിലേജുകൾക്കുപുറത്തുള്ള മനുഷ്യരുമായി സംവദിക്കാൻ കഴിയുന്ന രീതിയിൽ ഒരു സെൻസിറ്റൈസേഷൻ ഇല്ല. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും ഇതേ മനോഭാവമുണ്ട് എന്നാണ്, ഈ പ്രശ്നങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

കേവലം വൈയക്തിക ദർശനങ്ങൾക്കപ്പുറത്ത്‌ അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പുവരുത്തി, വിദ്യാർത്ഥികളുടെ അഭിവാഞ്ഛകളെ മുഖവിലയ്‌ക്കെടുത്ത്, സാമൂഹ്യ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ച്, സുതാര്യമായ ജനാധിപത്യ പ്രക്രിയകളിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന നയങ്ങളും അവയുടെ ആത്മാർത്ഥമായ പ്രയോഗവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിനാവശ്യം. ▮


ബി. അജിത്​കുമാർ

ഫിലിം എഡിറ്റർ, സംവിധായകൻ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പഠനം. ‘ഈട' എന്ന സിനിമ സംവിധാനം ചെയ്തു. നാലു പെണ്ണുങ്ങൾ, നിഴൽക്കുത്ത്, ഭാവം, അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗിന് ദേശീയ- സംസ്ഥാന സർക്കാർ അവാർഡുകൾ നേടി. നിരവധി ഡോക്യുമെന്ററികളുടെ സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിട്ടുണ്ട്.

Comments