കെ. വേണുവിന്റെ
ജനാധിപത്യ അന്വേഷണങ്ങൾ - 23
അങ്ങാടിപ്പുറം ബാലകൃഷ്ണൻ
എം.ജി.ശശി: കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം വളരെ ബുദ്ധിമുട്ടിയാണല്ലോ കേവി അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ അടുത്തെത്തിയത്. ബി.രാജീവൻ മാഷിന്റെ വീട്ടിലും അങ്ങാടിപ്പുറത്തും എത്തിയതിനെക്കുറിച്ച്... സഖാവ് ബാലകൃഷ്ണന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച്...
കെ.വേണു: ഭരണകൂടത്തിന്റെ മർദ്ദനോപാധികളെ തകർക്കാനുള്ള ആത്മസമർപ്പണമായിരുന്നു, ബലിയായിരുന്നു അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്വം. ബാലകൃഷ്ണനുമായിട്ട് നേരത്തേ ബന്ധമുണ്ട്. അവിടെ ബീഡിത്തൊഴിലാളികളുടെ ഒരു സഹകരണ സംഘത്തിൽ സഖാവ് സജീവമായിരുന്നു. രാഷ്ട്രീയമായി നമ്മളോട് ബന്ധപ്പെട്ടിരുന്ന ബാലകൃഷ്ണൻ ഒരു സർവെയറായി തഹദിൽദാർ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു. നേരത്തേ പറഞ്ഞ പ്രഭാകരൻ മാഷ് വഴിയാണ് സഖാവ് വരുന്നത്. മാഷിന്റെ വീടിന് തൊട്ടടുത്താണ് ബീഡിക്കമ്പനി ഉള്ളത്. ബാലകൃഷ്ണന്റെ വീടും അടുത്തു തന്നെയാണ്. കായണ്ണ ആക്ഷൻ കഴിഞ്ഞ് ഞാൻ ആദ്യമെത്തുന്നത് രാജീവന്റെ വീട്ടിലാണ്. ബി.രാജീവൻ അന്ന് മലപ്പുറം കോളേജിൽ അദ്ധ്യാപകനാണ്. കോളേജിനടുത്തുള്ള ഒരു വാടക വീട്ടിൽ ഭാര്യ സാവിത്രിയുമൊത്ത് താമസിക്കുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. അഭ്യൂഹങ്ങളും പെരുപ്പിച്ച് കാട്ടലുകളും കള്ളവാർത്തകളും മാത്രമേ ജനങ്ങളിലെത്തുന്നുള്ളൂ. റീജിയണൽ എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള നമ്മുടെ മുറിയിൽ ഒരു സൈക്ലോസ്റ്റൈൽ മെഷീൻ ഉണ്ടായിരുന്നത് പറഞ്ഞിരുന്നല്ലോ. കോഴിക്കോട് റിപ്പയർ ചെയ്യാൻ കൊടുത്തിട്ടുള്ള ആ മെഷീൻ എടുക്കണം. അന്ന് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയായിരുന്ന വാസു എന്തിനുമൊരുങ്ങി നിൽക്കുകയാണ്. പഠിത്തമൊക്കെ ഉപേക്ഷിച്ച് ഒളിവിൽ പ്രവർത്തിക്കുന്ന അയാളെ കോഴിക്കോട്ടേക്ക് അയക്കാം. തയ്യാറായി എത്തിയ വാസുവിന് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. പക്ഷേ, വാസു പിടിക്കപ്പെട്ടാലോ? സൈക്ലോസ്റ്റൈൽ മെഷീൻ കോഴിക്കോട്ടുള്ളത് സ്വാഭാവികമായി ആ സമയത്ത് പോലീസ് അറിഞ്ഞിട്ടുണ്ടാകും. പക്ഷേ, മെഷീൻ എടുക്കുക തന്നെ വേണം.കായണ്ണയുടെ രാഷ്ടീയം പുറത്തെത്തിക്കണം. ചിലപ്പോൾ വാസു അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്. അപ്പോ വിവരങ്ങളറിയാൻ കൂടെ ഒരാളെ വിടണം; വാസു അറിയാതെ, വാസുവിനെ നേരിട്ട് ബന്ധപ്പെടുത്താതെ... അങ്ങനെ അച്ചു എന്നൊരു വിദ്യാർത്ഥിയെയാണ് വാസു കോഴിക്കോട്ടേക്ക് പോകുന്ന ബസ്സിൽ കൂടെ കയറ്റിവിട്ടത്.

കാലങ്ങളായി വിദേശത്ത് ബിസിനസ്സു ചെയ്യുന്ന, കേരളത്തിലെ സാംസ്കാരിക രംഗത്ത് സജീവമായ ഉള്ളാട്ടിൽ അച്ചു അല്ലേ...
അതെ. അച്ചുവിനെ അന്ന് എനിക്ക് പരിചയമില്ല. രാജീവന്റെ സ്റ്റുഡൻ്റാണ്. എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്നുണ്ട്. രാജീവനാണ് അച്ചുവിനെ നിർദ്ദേശിക്കുന്നത്. കോഴിക്കോട് എത്തുന്നതിനു മുമ്പുതന്നെ വാസുവിനെ പോലീസ് പിടിച്ചു. നേരത്തേ തീരുമാനിച്ചതിനനുസരിച്ച് വാസു മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. അതിനിടയിൽ അച്ചു പോലീസിന്റെ കണ്ണിൽപ്പെടാതെ ആദ്യ ബസ്സിനു തന്നെ തിരിച്ചു കയറി രാജീവന്റെ വീട്ടിലെത്തി വിവരമറിയിച്ചു. പിടിക്കപ്പെട്ടാലും ഞാൻ രാജീവന്റെ വീട്ടിലുണ്ട് എന്നത് വാസു പെട്ടെന്ന് പറയില്ല എന്നാണ് വിചാരിച്ചത്. അതുകൊണ്ട് രാജീവന്റെ വീട്ടിൽ നിന്നു പോരാൻ ഞാൻ തിരക്കു കൂട്ടുന്നില്ല. പെട്ടെന്ന് ഇറങ്ങുകയാണ് വേണ്ടത്. പക്ഷേ, രണ്ടുമൂന്നു മണിക്കൂറൊക്കെ രാജീവനുമായി സംസാരിച്ചുകൊണ്ട് ഞാനിരുന്നു.
വാസു പിടിക്കപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ രാജീവൻ മാഷിന്റെ വീട്ടിൽ സമയം കളയാൻ പാടില്ലായിരുന്നു അല്ലേ...
അതെ. പക്ഷേ, വാസു ഉടനെ തന്നെ വിവരങ്ങളൊക്കെ പോലീസിനോട് പറയുമെന്ന് കരുതിയതേയില്ലല്ലോ. വാസു അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ തുടർന്ന് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ രാജീവനോട് ചർച്ച ചെയ്ത്, സാവിത്രിയെ സമയമെടുത്ത് ബോദ്ധ്യപ്പെടുത്തിയിട്ടാണ് ഞാൻ അവിടന്ന് പോരുന്നത്. എന്നിട്ടാണ് അങ്ങാടിപ്പുറത്ത് ബീഡിക്കമ്പനിയിൽ എത്തിയത്. 'സഖാവ് ഇരിയ്ക്ക്. ഈ കണക്കൊന്നു ശരിയാക്കട്ടെ'യെന്നു പറഞ്ഞ ബാലകൃഷ്ണനേയും കൂട്ടി പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞ് വൈകീട്ട് ആറര-ഏഴ് മണി ആയിട്ടുണ്ടാകും അവിടന്ന് ഇറങ്ങിയപ്പൊ. ബാലകൃഷ്ണന്റെ വീട്ടിലേക്ക് രണ്ട് വഴികളുണ്ട്. കുളത്തിന്റെ സൈഡീക്കൂടി-ള്ള വഴിയിലൂടെയാണ് സാധാരണ പോകാറുള്ളത്. ഇന്ന് മറ്റേ വഴി പോകാംന്ന് ഞാൻ പറഞ്ഞു. എന്തോ അങ്ങനെ തോന്നി. അതാണ് നമ്മൾ നേരത്തേ സംസാരിച്ച വിഷയം -യാദൃച്ഛികത. ചുറ്റിവളഞ്ഞ് വീടിനടുത്തുള്ള പാടത്ത് മറുകരയിൽ എത്തിയപ്പൊ ബാലകൃഷ്ണന്റെ വീട്ടിലാകെ സെർച്ച് ലൈറ്റ്. സാധാരണ പോകുന്ന വഴിക്കായിരുന്നെങ്കിൽ അപ്പഴേ രണ്ടു പേരും പിടിക്കപ്പെട്ടേനെ. 'ഇനി ഒരു കാരണവശാലും കുറച്ച് ദിവസം വീട്ടിൽ പോകരുത്. പിന്നീട് എന്തു ചെയ്യണമെന്ന് നമുക്കാലോചിക്കാം, തീരുമാനിക്കാം' എന്ന് ബാലകൃഷ്ണനോട് കർശനമായിത്തന്നെ ഞാൻ പറഞ്ഞു. 'രണ്ടു ദിവസം കഴിഞ്ഞിട്ട് ഞാൻ വരാം.' സമയം തീരുമാനിച്ചു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ കാണാമെന്ന് നിശ്ചയിച്ചു. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് തിരുമാനിച്ച പ്രകാരം ഞാനെത്തി കുറേ നേരം കാത്തുനിന്നിട്ടും ബാലകൃഷ്ണനെ കാണാനില്ല.
പിന്നീടാണ് കാര്യങ്ങൾ അറിഞ്ഞത്. വീട്ടിൽ പോകരുത് എന്ന് പറഞ്ഞിരുന്നെങ്കിലും ബാലകൃഷ്ണൻ പിറ്റേന്നു തന്നെ പോയി, പോലീസിന്റെ പിടിയിലാവുകയും ചെയ്തു. അവിടത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഒരു ദിവസം ചോദ്യം ചെയ്ത് രണ്ടാം ദിവസമാണ് കക്കയത്തേക്ക് കൊണ്ടുപോകുന്നത്. പ്രഭാകരൻ മാഷുമുണ്ട് ജീപ്പില്. ആ യാത്രയിലാണ് ചേളാരി വെച്ചിട്ട്... മാഷ് പറഞ്ഞിട്ടുള്ള കഥയാണ് പിന്നീട് അറിയുന്നത്. ബാലകൃഷ്ണൻ ബീഡി കത്തിക്കാൻ പോലീസുകാരന്റെ കയ്യിൽ നിന്ന് തീപ്പെട്ടി വാങ്ങി. ബീഡി കത്തിക്കുന്നതിനൊപ്പം ജീപ്പിലുണ്ടായിരുന്ന പെട്രോൾ ടിൻ കാലുകൊണ്ട് മറിച്ചിട്ട് തീയിട്ടു. മുന്നിലിരുന്ന ഡി.വൈ.എസ്.പിയെ, ആമംവെച്ച കൈ പിന്നിൽ നിന്ന് അയാളുടെ തലയിലൂടെയിട്ട്, ചാടിപ്പോകാൻ അനുവദിക്കാത്ത വിധം വരിഞ്ഞുമുറുക്കി ഇരുന്നു. തീ പടർന്നപ്പൊ മറ്റുള്ളവരൊക്കെ ചാടി. പോലീസ് ഉദ്യോഗസ്ഥനും ബാലകൃഷ്ണനും മാത്രം ജീപ്പിൽ. രണ്ടു പേരും മരിച്ചു... വെന്തുമരിച്ചു. സ്വയം വരിച്ച, സമാനതകളില്ലാത്ത രക്തസാക്ഷിത്വമായിരുന്നു ബാലകൃഷ്ണൻ്റേത്.

ബി.രാജീവൻ വീട്ടുതടങ്കലിൽ
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നിട്ട്, ബാലകൃഷ്ണനെ കാണാനാവാതെ പിന്നെ എന്താണ് ചെയ്തത്?
പിന്നീട് വീണ്ടും രാജീവന്റെ വാടക വീട്ടിലേക്കാണ് പോകുന്നത്. രാജീവൻ അറസ്റ്റ് ചെയ്യപ്പെട്ടോ എന്നറിയണം. നക്സലേറ്റുകളെക്കുറിച്ചുള്ള എന്തെങ്കിലും വാർത്തയുണ്ടോ എന്നറിയാനായി ഒരു ഇന്ത്യൻ എക്സ്പ്രസ് പത്രം വാങ്ങി. ഒന്ന് കണ്ണോടിച്ചു നോക്കി. പിന്നെ മടക്കി കയ്യിൽ വെച്ചു. രാജീവന്റെ വീട്ടിലേക്ക് മെയിൻ റോഡിൽ നിന്ന് പോകുന്ന ഒരു വഴിയുണ്ട്. ആ വഴിയിൽ പോലീസ് ഉണ്ടാകുമെന്ന സംശയം കാരണം മറ്റൊരു വളഞ്ഞ വഴിയിലൂടെ അയാളുടെ വീട്ടിലെത്തി. ഒതുക്കുകൾ കയറിച്ചെന്നാൽ ഒരു പൂമുഖമൊക്കെയുള്ള പഴയ വീടാണ്. ഞാൻ ചുറ്റി വളഞ്ഞ് ചെല്ലുന്നത് അകത്തുനിന്ന് സാവിത്രി കാണുന്നുണ്ട്. പക്ഷേ, സാവിത്രി പെട്ടെന്ന് അപ്രത്യക്ഷയായി. എനിക്കാകെ സംശയം തോന്നി. ഞാൻ ഒതുക്കുകൾ കയറിച്ചെല്ലുമ്പൊ പൂമുഖത്തൊരു പരിചയമില്ലാത്ത ആളിരിക്കുന്നു. കാഴ്ചയിൽത്തന്നെ മനസ്സിലാകും ആളൊരു പോലീസുകാരനാണെന്ന്. മറ്റൊരാള് അവിടെ ഒരു ബഞ്ചിൽ കിടന്നുറങ്ങുന്നുണ്ട്. രാജീവൻ വീടിനകത്തു തന്നെ ഉണ്ടാകും.
എന്തു ചെയ്യും? 'രാജീവൻ ഇവിടെയില്ലേ' എന്ന് ഒട്ടും അസ്വാഭാവികതയില്ലാതെ ഞാൻ ചോദിച്ചു. പോലീസുകാരൻ എന്നെ ചുഴിഞ്ഞു നോക്കി നിൽപ്പാണ്. രാജീവൻ വീട്ടുതടങ്കലിലാണെന്ന് ഉടൻ തന്നെ മനസ്സിലായി. ഞാനൊന്ന് വെറുതെ ചിരിച്ചുകൊണ്ട് തിരിച്ചു നടന്നു, കൂടുതലൊന്നും പറയാതെ, ഒട്ടും ധൃതി കാണിക്കാതെ. കുറച്ചു ദൂരം നടന്നു, അവരുടെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ടു. ബസ്റ്റാൻഡിലെത്തുന്ന മലപ്പുറം കയറ്റം ഉണ്ട് അവിടെ. ഏതൊക്കെയോ ഊടുവഴിയിലൂടെ അവിടെയെത്തി കിട്ടിയ ബസ്സിൽ കയറി. തിരൂർക്കുള്ള ബസ്സാണ്. സോമശേഖരൻ പോയിട്ടുള്ള കല്പകഞ്ചേരി ആ വഴിക്കാണ്. അപ്പൊ അവിടെ ഇറങ്ങി സോമനെ അന്വേഷിക്കാമെന്ന് തോന്നി. കല്പകഞ്ചേരീല് ഇറങ്ങി. അവിടെ പാർട്ടിയുമായി ബന്ധമുള്ള ആളുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. അങ്ങോട്ടുള്ള വഴിയിലെ ചായപ്പീടികയില് കയറി. ചായക്ക് പറഞ്ഞ് കാത്തിരിക്കുമ്പൊ അപ്പുറത്ത് ഒരാള് എന്നെത്തന്നെ നോക്കിയിരിക്കുന്നു. ചായ വാങ്ങിക്കുടിച്ചു. ചായ വീത്തണ ആൾക്കടുത്തു ചെന്ന് 'പ്രഭാകരൻ ഇങ്ങോട്ട് വന്നില്ലേ'ന്ന് ഞാൻ ചോദിച്ചു. ചായക്കാരന്റെ മുഖം വല്ലാതെയായി. അയാൾ എന്നെ നോക്കിക്കൊണ്ടിരുന്ന ആളെ പാളി നോക്കി. ചായക്കടക്കു മുന്നിലുള്ള റോഡിന്റെ നേരെ മുന്നിൽ പോലീസ് സ്റ്റേഷനാണ്. ഞാൻ റോഡിലിറങ്ങി സ്പീഡില് നടന്നു. ഒട്ടും വൈകിയില്ല, പുറകിൽ പോലീസ് ജീപ്പ് വരുന്നു. ചായക്കടേല് എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആൾ മുൻസീറ്റിൽ ഇരിക്കുന്നുണ്ട്. ജീപ്പ് എന്നെക്കടന്ന് കുറച്ച് മുന്നിൽ നീക്കി നിർത്തി. ഞാൻ പിന്തിരിഞ്ഞ് സൈഡില് കണ്ട ചെറിയൊരു വഴിയിലേക്ക്, ഒരു മണ്ണു റോഡിലേക്ക് കയറി ഓടി. 'നിക്കടാ നിക്കടാ'ന്ന് പറഞ്ഞ് പോലീസുകാര് ഒരു പത്തിരുപതു മീറ്ററ് പൊറകേം. കൊറച്ചു മുന്നില് മുള്ള് വേലി കെട്ടി ചെരിഞ്ഞു കെടക്കണ ഒരു കുന്നിൻ ചെരിവാണ്, തെങ്ങിൻ പറമ്പുകളാണ് താഴെ. കയ്യിലിരുന്ന പത്രം ചുരുട്ടി ഞാൻ പോലീസുകാരുടെ നേരെ വലിച്ചെറിഞ്ഞു. വേലി എടുത്തു ചാടി. വേലീടെ ഒരു ഭാഗം എന്റെ കൂടെയങ്ങ് പോന്നു. ഞാൻ താഴേക്കോടി.
ചുരുട്ടി എറിഞ്ഞത് ബോംബാണെന്ന് പോലീസുകാര് വിചാരിച്ചിട്ടുണ്ടാവും...
അതെ. അവര് പേടിച്ചു പോയി. അതിരുകെട്ടി വേർതിരിക്കാത്ത വീടുകൾക്കിടയിലൂടെ ഞാൻ ഓടുമ്പൊ കൊറേ സ്ത്രീകള് നോക്കി നിൽക്കുന്നു. എന്നെപ്പോലെ ഒരാളിങ്ങനെ ഓടണ കണ്ടിട്ട് അവരാകെ അന്തം വിട്ടു. ദൂരെ പോലീസുകാര് നിൽക്കുന്നത് കാണാം. പിന്നെ കൊറേ കുണ്ടനിടവഴികള്... ഏതൊക്ക്യോ വഴികളിലൂടെ നടന്ന്... ഓടി... കുറ്റിപ്പുറത്തെത്തി.

പ്രൊഫ. അരവിന്ദാക്ഷൻ
തൃശൂരില് അരവിന്ദാക്ഷൻ മാഷ് ഷെൽട്ടർ തന്നിരുന്നല്ലോ അല്ലേ...
കുറ്റിപ്പുറത്തു നിന്ന് പിന്നെ തൃശൂരിൽ എത്തീട്ടാണ് സി.പി.എം നേതാവ് പ്രൊഫസർ അരവിന്ദാക്ഷന്റെ വീട്ടിലേക്ക് ചെല്ലണത്. മാഷടെ വീടെനിക്ക് കൃത്യായിട്ട് അറിയുമായിരുന്നില്ല. തൃശൂര് റൗണ്ടിലെ ഒരു പെട്രോൾ പമ്പുണ്ട്. അവടെ ജോലി ചെയ്യണ ജോസ് യുക്തിവാദി സംഘത്തിന്റെ നേതാവാണ്. എനിക്ക് നല്ല പരിചയോം അടുപ്പവുമുള്ള ആളാണ്. എന്നെ വല്യേ കാര്യാണ്. ഞാൻ ജോസിൻ്റടുത്ത് എത്തി. അയാളെന്നെ കണ്ടപ്പൊ ആകെ പേടിച്ചുപോയി. കായണ്ണ ആക്ഷൻ കഴിഞ്ഞിരിക്കയല്ലേ... പോരാത്തതിന് അടിയന്തരാവസ്ഥയും. 'എടോ, താനെന്നെ ഒന്ന് സഹായിക്കണം. ഒരു സ്ഥലം സംഘടിപ്പിച്ചു തരണം' എന്ന് ജോസിനോട് ഞാൻ ആവശ്യപ്പെട്ടു. 'അരവിന്ദാക്ഷൻ മാഷടെ വീട്ടില് വേണെങ്കി കൊണ്ടാക്കിത്തരാം' എന്ന് ജോസിന്റെ മറുപടി. അരവിന്ദാക്ഷൻ മാഷ് വളരെ മാന്യമായിട്ടാണ് പെരുമാറീത്.
കുശലാന്വേഷണങ്ങൾക്ക് ശേഷം ഭക്ഷണത്തിന് ക്ഷണിച്ചു. പക്ഷേ, ഞാൻ കഴിച്ചിരുന്നു. കിടക്കാൻ സ്ഥലം തന്നു. 'രാവിലെ അഞ്ചു മണിക്ക് എണീറ്റ് പൊയ്ക്കോളാം' എന്ന് മാഷോട് ഞാൻ പറഞ്ഞു. എതിർരാഷ്ട്രീയ നിലപാടുകളെ സഹിഷ്ണുതയോടെ മനസ്സിലാക്കുന്ന വലിയ മനസ്സായിരുന്നു പ്രൊഫസർ അരവിന്ദാക്ഷൻ്റേത്. അരവിന്ദാക്ഷൻ മാഷടെ വീട്ടിൽ നിന്ന് പോന്ന ശേഷമാണ് പിന്നീട് തിരുവനന്തപുരത്തേക്ക് പോകുന്നത്. റെയിൽവേ സ്റ്റേഷനില് കാലത്ത് ചെന്നെറങ്ങീട്ട് പി.ഗോവിന്ദപ്പിള്ളേടെ സുഭാഷ് നഗറിലെ വീട്ടിലേക്കെത്തി.
പാർട്ടി നൽകിയ ശിക്ഷ
ചിക്കൻ പോക്സ് തുണയായ -ഷെൽട്ടർ തന്ന അവസരവുമുണ്ടായല്ലോ...
അതുണ്ടായിരുന്നു. രാവിലെ ആറ്-ആറേകാലായിട്ടുണ്ടാവും ഞാൻ ഗോവിന്ദപ്പിള്ളേടെ വീട്ടിലെത്തുമ്പൊ. ഗേറ്റ് തുറക്കുമ്പഴേക്കും പത്രങ്ങൾ എടുക്കാനായിട്ട് പീജി പുറത്തേക്ക് വന്നു. 'വേണൂ, വാ... വാ. നല്ല സമയത്താ വന്നേ' എന്ന് വലിയ സന്തോഷത്തിൽ ചേട്ടൻ എന്നെ അകത്തേക്ക് വിളിച്ചു. പീജിക്ക് ചിക്കൻ പോക്സ് മാറീട്ട് രാജമ്മച്ചേച്ചിക്ക് തൊടങ്ങീരിക്കുണൂ. അതുകാരണം പാർട്ടിക്കാര് അങ്ങോട്ട് കടക്കില്ല. പോലീസും അന്വേഷിച്ച് വരില്ല. അതാണ് നല്ല സമയമാണെന്ന് ചേട്ടൻ പറഞ്ഞത്. അടുത്ത യാത്രക്ക് തയ്യാറാകുന്നതുവരെ നാലഞ്ചു ദിവസം സുരക്ഷിതമായി അവിടെ താമസിക്കാം. പീജിയുടെ നല്ലൊരു ലൈബ്രറിയുണ്ട്. മുകളിലത്തെ നിലയില്. കുറേ വായിക്കാം. 'ഇന്നൊരു മീറ്റിംഗുണ്ട്. എന്തെങ്കിലും തമാശ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.' ചേട്ടൻ പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മീറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തുമ്പൊ ഗേറ്റ് തുറന്ന പീജിക്ക് ചിരി നിർത്താനാകുന്നില്ല, ചിരി അടക്കാനാകുന്നില്ല. അടിയന്തരാവസ്ഥ ആയതുകൊണ്ട് പത്രത്തില് ഒന്നും പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല എന്ന് പത്രാധിപന്മാര് പരാതി കൊടുത്തിരുന്നു. അപ്പൊ അന്തരീക്ഷം എന്താണെന്ന് അവർക്ക് വിശദീകരണം നൽകാൻ അഭ്യന്തര മന്ത്രി വിളിച്ചു കൂട്ടിയ മീറ്റിംഗാണ്. 'കെ.വേണുവിനെ അറസ്റ്റ് ചെയ്തോ'യെന്ന് ആരോ ചോദിച്ചപ്പൊ കരുണാകരൻ ഉടൻതന്നെ മറുപടി പറഞ്ഞു, 'വേണുവിനെ അറസ്റ്റ് ചെയ്തു. ഞങ്ങടെ കസ്റ്റഡിയിലുണ്ട്.' പീജീടെ വീട്ടിലുള്ള ഞാൻ കരുണാകരന്റെ കസ്റ്റഡീലാണെന്ന്!
പിന്നീട് പാർട്ടിക്കകത്തും പി.ഗോവിന്ദപ്പിള്ള ഏറെ പ്രശ്നങ്ങള് നേരിടേണ്ടി വന്നില്ലേ?
ഞാനവിടന്ന് പോന്ന ശേഷം ദേശാഭിമാനീല് ഒരു വാർത്ത വന്നിരുന്നു, പത്രാധിപർ പി.ഗോവിന്ദപ്പിള്ള ലീവിലാണെന്ന്. അപ്പൊ എനിക്ക് സംശയമായി. പി.ജിയുടെ അടുത്തേക്ക്, എറണാകുളത്തെ ദേശാഭിമാനിയിലേക്ക് ഒരു സഖാവിന്റെ കയ്യില് കത്തു കൊടുത്തു വിട്ടു. പി.ജി ടൈപ്പ് ചെയ്ത ഒരു മറുപടിയാണ് കൊടുത്തയച്ചത്. 'സൂക്ഷിക്കണം' എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്. പീജി അറസ്റ്റ് ചെയ്യപ്പെടാൻ ഇടയുണ്ട് എന്ന അർത്ഥത്തിൽ. യഥാർത്ഥത്തിൽ അതു തന്നെയാണ് സംഭവിച്ചത്. സാധാരണ പോലുള്ള അറസ്റ്റല്ല. പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള ഒരാളല്ലേ. ജയറാം പടിക്കൽ ചോദ്യം ചെയ്യാൻ വിളിപ്പിക്ക്യാണ് ചെയ്യണത്. രാവിലെ മുതൽ രാത്രി വരെ മൂന്നു ദിവസം തുടർച്ചയായി പടിക്കലിന്റെ കസ്റ്റഡിയിൽ ഇരുത്തി. അതിനെത്തുടർന്നാണ് പാർട്ടി പീജിയെ കർണാടകയിലൊരു ഗവേഷണത്തിന് എന്നു പറഞ്ഞുകൊണ്ട്, നിർബന്ധിത ലീവെടുപ്പിച്ച് പറഞ്ഞയക്കുന്നത്.

ഒരു ശിക്ഷ തന്നെ ആയിരുന്നു അല്ലേ?
തീർച്ചയായും ശിക്ഷയായിരുന്നു. പാർട്ടി നൽകിയ ശിക്ഷ.
തുടരും...