ജാതി-സാമ്പത്തിക പിന്നാക്കാവസ്​ഥകൾ​ ​ഒരേ മാനദണ്​ഡം കൊണ്ട്​ അളക്കുന്നതിലെ അപകടങ്ങൾ

ജാതി പിന്നാക്കാവസ്​ഥയും, സാമ്പത്തിക പിന്നാക്കാവസ്​ഥയും ഒന്നാണെന്ന പിൻതിരിപ്പൻ ഫ്യൂഡൽ കണ്ടുപിടുത്തമാണ്, മുന്നാക്ക സംവരണ വിധിയിലൂടെ പരമോന്നത കോടതി നടത്തിയിരിക്കുന്നത്. ഇതൊരു മതനിരപേക്ഷ ജനാധിപത്യവ്യവസ്​ഥിതിക്ക് യോജിച്ചതല്ല. സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്​ഥകൾ ഒരേ മാനദണ്ഡമുപയോഗിച്ച് ചർച്ച ചെയ്യാൻ കഴിയില്ല എന്ന അടിസ്​ഥാന തത്വമാണ്​ ലംഘിക്കപ്പെട്ടിരിക്കുന്നത്​.

103-ാം ഭരണഘടനാ ഭേദഗതിയാണ് രാജ്യത്ത് മുന്നാക്കജാതിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 സംവരണം നൽകുന്നതിന് വഴിയൊരുക്കിയത്. 2019 ജനുവരി 18 നാണ് പ്രത്യക്ഷത്തിൽതന്നെ സംവരണതത്വ വിരുദ്ധമെന്ന് തോന്നാവുന്ന ഭരണഘടനാ ഭേദഗതി നിലവിൽ വന്നത്.
ഭേദഗതിക്കെതിരെ ജനഹിത് അഭയാൻ 2019ൽ തന്നെ സുപ്രീംകോടതിയിൽ റിട്ട് ഫയൽചെയ്തു. വാദം കേൾക്കുന്നതിന്​ 2020 മെയ്​ അഞ്ചിന്​ രൂപീകരിച്ച മൂന്നംഗ ബെഞ്ച്, അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കേസ്​ കൈമാറി. പ്രസ്​തുത അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷവിധിയാണ് 2022 നവംബർ ഏഴിനുണ്ടായത്​.

ഭരണഘടനാബെഞ്ച് പരിശോധിച്ച പ്രധാന ചോദ്യങ്ങൾ:
1. 103–ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്​ഥാനതത്വങ്ങൾക്ക് വിരുദ്ധമായിരുന്നോ?
2. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്കക്കാരെ 10 ശതമാനം സംവരണത്തിൽനിന്ന്​ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണോ?
3. 50 ശതമാനം സീലിങ് എന്ന സുപ്രീംകോടതിയുടെ നിലനിൽക്കുന്ന വിധി 10 ശതമാനം സംവരണത്തെ ബാധിക്കുമോ?

ഇന്ത്യൻ സാമൂഹ്യസാഹചര്യത്തിൽ ജാതിസ്പ​ർദ്ധക്ക് ആക്കം കൂട്ടുന്നതിന് സഹായകമാകുന്ന മുന്നാക്ക ജാതിസംവരണം ഒരുതരത്തിലും സാമൂഹ്യക്ഷേമനടപടിയാകില്ല.

എന്തായിരുന്നു 103–ാം ഭരണഘടനാ ഭേദഗതി? നിലവിലെ ഭരണഘടനയിലെ ആർട്ടിക്കിൾ 15-ന്റെ കൂടെ 15(6) എ, ബി എന്നീ വകുപ്പുകൾ എഴുതിച്ചേർത്തു. അതുപ്രകാരം മറ്റു സംവരണാനുകൂല്യമില്ലാത്ത മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിലും അൺ എയ്ഡഡ് മേഖലകളിലടക്കമുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ പഠിക്കുന്നതിനും പരമാവധി 10 സംവരണം നൽകാൻ കഴിയുമെന്ന് എഴുതിച്ചേർത്തു. ആർട്ടിക്കിൾ 16(6) എയിൽ ഇതിനനുസൃതമായി സ്റ്റേറ്റുകൾക്ക് നിയമം നിർമിക്കാൻ കഴിയുമെന്നും ചേർത്തു. ഇത് ലോകസഭയും രാജ്യസഭയും പാസാക്കി. തുടർന്ന് തമിഴ്നാട്ടിലെ ഡി.എം.കെ അടക്കമുള്ള ഒട്ടേറെ സംഘടനകളും വ്യക്തികളും ഭേദഗതിയുടെ ഭരണഘടനാസാധ്യത ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു.

സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസ്​ ദിനേഷ് മഹേശ്വർ, ജസ്റ്റിസ്​ ബലറാം ത്രിവേദി, ജസ്റ്റിസ്​ ജെ.ബി.പർദിവാല എന്നിവർ ഭരണഘടനാ ഭേദഗതി ശരിവച്ചു. ചീഫ് ജസ്റ്റിസ്​ ഉദയ് ഉമേഷ് ലളിതും എസ്​. രവീന്ദ്രഭട്ടും വിയോജിപ്പ് രേഖപ്പെടുത്തി പ്രത്യേക ജഡ്ജ്മെൻറും തയ്യാറാക്കി.
എന്തായാലും ഭൂരിപക്ഷം ഭേദഗതിയെ അനുകൂലിച്ചതോടെ നിലവിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിലും, വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ലഭിക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലൊഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും സംവരണം നടപ്പാക്കാം. ഭരണഘടന ഇതിനൊന്നും തടസ്സമല്ല.

ജാതിപ്രാതിനിധ്യത്തിലൂടെയുള്ള ശാക്തീകരണമാണ് സംവരണ ലക്ഷ്യം. ഇതിന് കടകവിരുദ്ധമാണ് 103–ാം ഭേദഗതി. സാമ്പത്തിക സംവരണം ഇത്തരം ഉച്ചനീചത്വങ്ങളെ പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭേദഗതി ഭരണഘടനയുടെ അടിസ്​ഥാനതത്വങ്ങളുടെ നിഷേധമാണ് എന്നാണ് രണ്ട് ജസ്റ്റിസുമാരും കണ്ടെത്തിയത്.

ഈ ഭരണഘടനാ ഭേദഗതിയും വിധിയും നിയമജ്ഞരുടേയും മറ്റു സാമാന്യ രാഷ്ട്രീയ തൽപരരുടേയും ഇടയിൽ വ്യാപക ചർച്ചക്ക് വിധേയമായിട്ടുണ്ട്. ചീഫ് ജസ്റ്റിസ്​ അടക്കമുള്ളവരുടെ ന്യൂനപക്ഷവിധി വളരെ പ്രസക്തമാണ്‌. അവർ ഭരണഘടനയിലെ സംവരണതത്വത്തിന്റെ പ്രസക്തി നഷ്​ടപ്പെടുത്തുന്നതാണ് ഭരണഘടനാ ഭേദഗതി എന്നാണ് പ്രസ്​താവിച്ചത്. ഭരണഘടനാ അനുച്ഛേദം 15 ഉം 16 ഉം സമത്വത്തിനായുള്ള പൗരരുടെ അവകാശം സംബന്ധിച്ചും അതു കൈവരിക്കുന്നതിനായി സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകേണ്ട സംവരണത്തെ സംബന്ധിച്ചുള്ളതുമാണ്. പട്ടികജാതി, പട്ടികവർഗത്തിന്റെയും മറ്റ് പിന്നാക്ക ജാതി സമൂഹങ്ങളുടെയും പിന്നാക്കാവസ്​ഥക്കുകാരണം നിലനിലനിന്നിരുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങളാണെന്ന തിരിച്ചറിവിന്റെ ഭാഗമായി സ്വതന്ത്ര ഇന്ത്യയിൽ അത്തരക്കാരെ സംവരണത്തിലൂടെ മറ്റു വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനൊപ്പം എത്തിക്കുക എന്നതാണ് സംവരണ ലക്ഷ്യം. ജാതിപ്രാതിനിധ്യത്തിലൂടെയുള്ള ശാക്തീകരണമാണ് സംവരണ ലക്ഷ്യം. ഇതിന് കടകവിരുദ്ധമാണ് 103–ാം ഭേദഗതി. സാമ്പത്തിക സംവരണം ഇത്തരം ഉച്ചനീചത്വങ്ങളെ പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭേദഗതി ഭരണഘടനയുടെ അടിസ്​ഥാനതത്വങ്ങളുടെ നിഷേധമാണ് എന്നാണ് രണ്ട് ജസ്റ്റിസുമാരും കണ്ടെത്തിയത്.

ഭൂരിപക്ഷ വിധിപറഞ്ഞ ജസ്റ്റിസുമാർ സാമ്പത്തിക പിന്നാക്കാവസ്​ഥ, സാമൂഹ്യ പിന്നാക്കാവസ്​ഥക്ക് കാരണമാകുന്നുണ്ടെന്നും തുല്യത കൈവരിക്കാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേകം പരിഗണന നൽകുന്നതിൽ തെറ്റില്ലെന്നും വ്യാഖ്യാനിച്ചു. അതുകൊണ്ട് ഭരണഘടനയുടെ അടിസ്​ഥാനതത്വങ്ങൾക്ക് പൂരകമാണ് 103–ാം ഭരണഘടനാ ഭേദഗതിയെന്നായിരുന്നു അവരുടെ തീരുമാനം.

ഇവിടെ ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിക്കാതെ വയ്യ. ആരാണ് സാമൂഹ്യ പിന്നാക്കാവസ്​ഥക്ക് ഉത്തരവാദി? ആരാണ് സാമ്പത്തിക പിന്നാക്കാവസ്​ഥക്ക് ഉത്തരവാദി? സാമൂഹ്യ- സാമ്പത്തിക പിന്നാക്കാവസ്​ഥകൾ ഒരേ മാനദണ്ഡമുപയോഗിച്ച് ചർച്ച ചെയ്യാൻ കഴിയുമോ? ഒരിക്കലുമില്ല.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ എന്തായിരുന്നു നമ്മുടെ സാമൂഹ്യ–സാമ്പത്തിക സ്​ഥിതി? ബഹുഭൂരിപക്ഷവും സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നാക്കാവസ്​ഥയിലായിരുന്നു. സാമ്പത്തിക പിന്നാക്കാവസ്​ഥക്ക് പരിഹാരമായാണ് ‘സോഷ്യലിസ്റ്റ് പാറ്റേൺ ഓഫ് സൊസൈറ്റി’ എന്ന ആശയം ഭരണഘടനാപരമായിത്തന്നെ മുന്നോട്ട് വച്ചത്. സോഷ്യലിസത്തിലൂന്നിയും, കാപ്പിറ്റലിസത്തെ വെറുക്കാതെയുമുള്ള സാമ്പത്തിക വികസനതന്ത്രമാണ് നമ്മൾ സ്വീകരിച്ചത്. സമ്പന്ന–ദരിദ്ര വിടവ് ലഘൂകരിക്കാൻ കഴിയുന്ന വികസനപരിപാടികളാണ് നമ്മൾ മുന്നോട്ടുവച്ചത്. ചുരുക്കത്തിൽ ദാരിദ്യ്രം എന്നത് ഒരു സാമൂഹ്യപ്രശ്നമാണെന്നും ദാരിദ്യ്രം ഇല്ലാതാക്കുക എന്നത് ഗവൺമെൻറിന്റെ ഉത്തരവാദിത്വമാണ് എന്നുമാണ് ഇതുവരെ നമ്മൾ മുന്നോട്ട് വച്ച ആശയതലം. സംവരണത്തിലൂടെയുള്ള ദാരിദ്യ്ര നിർമാർജനമല്ല ലക്ഷ്യമിടുന്നത്. അതിന് മറ്റ് ഗവൺമെൻറ്​ നടപടികൾ വേണ്ടിവരും. ദാരിദ്യ്രത്തെ ജാതി തിരിച്ചല്ല വിശകലനം ചെയ്യേണ്ടത്. അതിനുള്ള കാരണങ്ങൾ കണ്ടെത്തി എല്ലാ ദരിദ്രരേയും ഒരുപോലെ കണ്ടുള്ള പരിപാടികളും പദ്ധതിയും ഉണ്ടാകണം.

മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമായുള്ള 10 ശതമാനം സംവരണത്തിന്​ ഏതു പഠനറിപ്പോർട്ടിന്റെ പിൻബലമാണുള്ളത്? കേവലമൊരു തോന്നലിന്റെ ഭാഗമായി സംവരണം കൊണ്ടുവരാൻ കഴിയുമോ? മാത്രവുമല്ല ഇതിനായി നിർദേശിക്കപ്പെട്ട മാനദണ്ഡങ്ങളും ഏറെ വിചിത്രമാണ്.

ഉദാഹരണമായി മഹാത്മാഗാന്ധി തൊഴിൽദാനപരിപാടി. തൊഴിലില്ലാത്തവർക്ക് 100 ദിവസം തൊഴിൽ നൽകുന്ന പരിപാടിയാണിത്. ഇത് നല്ലൊരു ദാരിദ്യ്രനിർമാർജന പദ്ധതിയാണ്. വീടില്ലാത്തവർക്ക് വീട് നൽകുന്ന പരിപാടി മറ്റൊരു ദാരിദ്യ്രനിർമാർജന പരിപാടിയാണ്. ഇതല്ല ഭരണഘടന ഉദ്ദേശിച്ച സംവരണത്തിന്റെ ലക്ഷ്യം, സാമൂഹ്യ പിന്നാക്കാവസ്​ഥ പരിഹരിക്കുക എന്നതാണ്. ജനസംഖ്യാനുപാതികമായി പിന്നാക്കം നിൽക്കുന്ന ജാതിവിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ഇല്ലാതിരിക്കുകയും ജാതിവേർതിരിവും മറ്റു ഉച്ചനീചത്വങ്ങളും അതിന്​ കാരണമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംവരണം ആവശ്യമായി വരുന്നത്. കേവല ദാരിദ്യ്രനിർമാർജന പദ്ധതികൾകൊണ്ട് അവരുടെ സാമൂഹ്യ അംഗീകാരവും ആത്മവിശ്വാസവും ഉയർത്തിക്കൊണ്ടുവരാൻ കഴിയില്ല. അതുകൊണ്ട് ജനസംഖ്യാനുപാതികമായി സർക്കാർ തൊഴിൽ രംഗത്തെങ്കിലും അവർക്ക് ആനുപാതിക പ്രാതിനിധ്യം ഉണ്ടാകുന്നതുവരെയെങ്കിലും സംവരണം തുടരണം. ഈ ആശയമാണ് ഭരണഘടനാ ഉത്തരവാദിത്വമായി സംവരണം ഏറ്റെടുക്കാൻ കാരണമായത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്, സച്ചാർ കമ്മിറ്റി റിപ്പോർട്ട് എന്നിവയുടെ പശ്ചാത്തലത്തിലാണ് മറ്റു പിന്നാക്കജാതി വിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ഇതിനിടയിൽ 50 ശതമാനം സീലിങ് എന്ന നിയന്ത്രണവും സുപ്രീംകോടതി കൊണ്ടുവന്നു.

ഈ ആശയതലങ്ങളിൽ നിന്നൊക്കെ വ്യത്യസ്​തമാണ് ഇപ്പോൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിട്ടുള്ള മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമായുള്ള 10 ശതമാനം സംവരണം. ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ ഏതു പഠനറിപ്പോർട്ടിന്റെ പിൻബലമാണുള്ളത്? കേവലമൊരു തോന്നലിന്റെ ഭാഗമായി സംവരണം കൊണ്ടുവരാൻ കഴിയുമോ? മാത്രവുമല്ല ഇതിനായി നിർദേശിക്കപ്പെട്ട മാനദണ്ഡങ്ങളും ഏറെ വിചിത്രമാണ്. ഒ.ബി.സി ക്രീമിലെയർ റിസർവേഷൻ മാനദണ്ഡങ്ങൾ തന്നെയാണ് ഇതിനു ബാധകമാക്കിയത്. എട്ടു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക കുടുംബവരുമാനം, അഞ്ച്​ ഏക്കറിൽ കൂടുതൽ ഭൂമി, 1000 സ്​ക്വയർ ഫീറ്റിൽ കൂടുതൽ വിസ്​തീർണമുള്ള വീട് – ഇവർ സംവരണത്തിന് അർഹരല്ല. ഈ മാനദണ്ഡത്തിൽനിന്ന് എന്താണ് മനസ്സിലാകുന്നത്? ഉയർന്ന ജാതിയിൽപ്പെട്ട മധ്യവർഗ വിഭാഗങ്ങളും സംവരണ പരിധിയിൽ വരും. വരുമാനനികുതിയടയ്ക്കുന്ന ഉന്നതകുലജാതർക്കും സംവരണ ആനുകൂല്യം ലഭിക്കും. കേവലം ജാതിപ്രീണനത്തിന്റെ ഭാഗമായി ഭരണഘടനാ വ്യവസ്​ഥ അട്ടിമറിക്കുകയാണ് ഭരണകൂടം ചെയ്തിരിക്കുന്നത്. ജാതി പിന്നാക്കാവസ്​ഥയും, സാമ്പത്തിക പിന്നാക്കാവസ്​ഥയും ഒന്നാണെന്ന പിൻതിരിപ്പൻ ഫ്യൂഡൽ കണ്ടുപിടുത്തമാണ് പരമോന്നത കോടതിയിലെ അഞ്ചിൽ മൂന്നുപേർ നടത്തിയിരിക്കുന്നത്. ഇതൊരു മതനിരപേക്ഷ ജനാധിപത്യവ്യവസ്​ഥിതിക്ക് യോജിച്ചതല്ല.

ജസ്റ്റിസ്​ ചന്ദ്രു

യഥാർത്ഥത്തിൽ എന്താണ് വേണ്ടിയിരുന്നത്? നിലവിലെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിന്​ പഠനം നടത്തണം. 70 വർഷത്തിനുള്ളിൽ നടപ്പിലാക്കിയ സംവരണനയങ്ങൾ എത്രമാത്രം സാമൂഹ്യ പിന്നാക്കാവസ്​ഥ പരിഹരിക്കുന്നതിനിടയാക്കി എന്ന് പരിശോധിക്കണം. ജാതിപരമായ പ്രാതിനിധ്യം തൊഴിലിലും വിദ്യാഭ്യാസത്തിലും എത്രമാത്രമുണ്ട് എന്ന് പരിശോധിക്കണം. കണക്കിന്റെയും വിലയിരുത്തലിന്റെയും അടിസ്​ഥാനത്തിൽ സംവരണം തുടരേണ്ടതുണ്ടോ എന്ന് നോക്കണം.

സോഷ്യലിസത്തെ കൈവിട്ട് മുതലാളിത്തത്തെ കൂടുതലായി ആശ്ലേഷിച്ചതും, ആഗോളവൽക്കരണ നടപടികളും, പൊതുമേഖലകൾ വിറ്റുതുലയ്ക്കുന്നതും, കുറഞ്ഞ വരുമാനമുള്ള കാർഷികമേഖലക്ക് വേണ്ടത്ര കൈത്താങ്ങ് നൽകാത്തതുമാണ് ദാരിദ്യ്രമെന്ന പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നത്.

സാമ്പത്തിക സംവരണം ഗവൺമെൻറിന്റെ പരാജയമാണ് സൂചിപ്പിക്കുന്നത്. അർഹമായ തൊഴിലും വിദ്യാഭ്യാസവും ലഭ്യമാക്കുന്നില്ല എന്നുമാത്രമല്ല, ക്ഷേമപദ്ധതികൾ വേണ്ടത്ര ലക്ഷ്യം കാണുന്നില്ല എന്നതിന്റെ സൂചകമായി വേണം മുന്നാക്ക വിഭാഗ സംവരണത്തെ വിലയിരുത്താൻ. സോഷ്യലിസത്തെ കൈവിട്ട് മുതലാളിത്തത്തെ കൂടുതലായി ആശ്ലേഷിച്ചതും, ആഗോളവൽക്കരണ നടപടികളും, പൊതുമേഖലകൾ വിറ്റുതുലയ്ക്കുന്നതും, കുറഞ്ഞ വരുമാനമുള്ള കാർഷികമേഖലക്ക് വേണ്ടത്ര കൈത്താങ്ങ് നൽകാത്തതുമാണ് ദാരിദ്യ്രമെന്ന പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നത്. ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം ഇന്ത്യൻ സാമൂഹ്യസാഹചര്യത്തിൽ ജാതിസ്പ​ർദ്ധക്ക് ആക്കം കൂട്ടുന്നതിന് സഹായകമാകുന്ന മുന്നാക്ക ജാതിസംവരണം ഒരുതരത്തിലും സാമൂഹ്യക്ഷേമനടപടിയാകില്ല.

ജസ്റ്റിസ്​ ചന്ദ്രു അടക്കമുള്ള പരിണിതപ്രജ്ഞരായ ഒ​ട്ടേറെ നിയമജ്ഞർ ഭരണഘടനാ ഭേദഗതിക്കും സുപ്രീംകോടതി വിധിക്കും എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇടതുപക്ഷ പ്രസ്​ഥാനങ്ങൾ ഭരണഘടനാ ഭേദഗതി എതിർത്തില്ലെങ്കിലും, മാനദണ്ഡങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണഘടന പലതരത്തിലും ഭീഷണി നേരിടുന്ന കാലത്ത് ഇന്ത്യയിൽ ബാക്കിയുള്ള സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവരും ഭരണഘടനാ മൂല്യങ്ങളെ ഛിദ്രമാക്കുന്ന ഇത്തരം ഭേദഗതികൾക്കെതിരെ ഒന്നിക്കുകതന്നെ വേണം. ▮


അഡ്വ. കെ.പി. രവിപ്രകാശ്​

എഴുത്തുകാരൻ, കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ സംസ്​ഥാന സമിതി അംഗം. ഇന്ത്യൻ ഭരണഘടന: ചരിത്രം, സംസ്​കാരം, നൈതികത എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments