പ്രസംഗം പലതരമുണ്ട്. ഹരികഥാകാലക്ഷേപത്തിന്റെയും ചാക്യാർ കൂത്തിന്റെയുമൊക്കെ പാരമ്പര്യത്തിൽ വരുന്നതാണ് നമ്മുടെ ഏറ്റവും ജനപ്രിയമായ പ്രസംഗരീതിയെന്നു തോന്നുന്നു. ചാഞ്ഞും ചെരിഞ്ഞും അംഗചലനങ്ങളോടെ ആസ്വദിച്ചാനന്ദിച്ചുമുള്ള പ്രസംഗങ്ങൾ. പലതും നമ്മെ രസിപ്പിക്കും. ചിലത് നമ്മെ ആനന്ദത്തിലാറാടിപ്പിക്കും. ചിലതു ചിന്തിപ്പിക്കും. ചിലത് ഒന്നും മനസ്സിലാകില്ലെങ്കിലും മനോഹരമെന്നു തോന്നിക്കും. ഗീർവ്വാണം എന്നാണ് അത്തരം പ്രസംഗങ്ങളെക്കുറിച്ചുള്ള പഴയൊരു പരിഹാസം. താടകാവധം ആട്ടക്കഥ പോലെയുള്ള ഹിംസാത്മക-ത്രില്ലർ പ്രസംഗങ്ങൾ, തട്ടുകയും തലോടുകയും ചെയ്യുന്ന പ്രസംഗങ്ങൾ, നാടകത്തിലെന്നപോലെ പഞ്ചസന്ധി പാലിച്ചു പടരുന്ന പ്രസംഗങ്ങൾ, മൈക്കിനു മുന്നിൽ നിന്നു സാധാരണവർത്തമാനം പറച്ചിൽ നടത്തുന്ന മട്ടിലുള്ള പ്രസംഗങ്ങൾ, കൊലവിളിപ്രസംഗങ്ങൾ, ന്യായീകരണപ്രസംഗങ്ങൾ, ആത്മരതിയിലാനന്ദിക്കുന്ന പ്രസംഗങ്ങൾ, ഉദ്ബോധനപ്രവണമായ പ്രസംഗങ്ങൾ, നവോത്ഥാനപ്രഹസനങ്ങൾ - ഇങ്ങനെ പ്രസംഗം പല തരത്തിൽ വർഗ്ഗീകരിച്ചു പഠിക്കാവുന്ന ഒരു ഗവേഷണവിഷയമാണ്. ഴെട്ടൊറിക്കിന്റെ മേഖലയിൽ വരുന്ന ഗവേഷണം.
പ്രസംഗത്തെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിലേക്കു വരുന്നത് ഗാന്ധിയുടെ പ്രസംഗങ്ങളും അംബേദ്കറുടെ ജാതിനിർമ്മൂലനം എന്ന പേരിൽ പ്രസിദ്ധമായ പ്രസംഗവും മറ്റുമാണ്. ജോർജ്ജ് മാത്തൻ കൊല്ലത്തു ഹജൂർ കച്ചേരിയിൽ 1865-ൽ നടത്തിയ ബാലാഭ്യസനം എന്ന പ്രസംഗവും ഓർക്കേണ്ടതുതന്നെ. ഇതിന്റെയൊക്കെ അച്ചടിപ്പാഠം കുറേ നോക്കിയിട്ടുണ്ട്. ഭാവനയിൽ കണ്ടു- കേട്ടുനോക്കിയിട്ടും ഉണ്ട്. ചിന്തിച്ചുയരുന്നതും തെളിയുന്നതുമായ പ്രസംഗങ്ങൾ എന്നൊക്കെയാണ് അതിൽ ചിലതിനെയെങ്കിലും വിശേഷിപ്പിക്കാൻ തോന്നുന്നത്.
എഴുത്തും ജീവിതവും കൊണ്ട് സ്വധർമ്മം മറക്കാത്ത എഴുത്തുകാരായി സ്വയം നിർവ്വചിക്കുക. അത് വലിയ കാര്യമാണ്. എം. ഗോവിന്ദനിലും ഒ.വി. വിജയനിലും നാമതു കാണുന്നു. അത്ര പ്രസിദ്ധിയൊന്നും ആർജ്ജിച്ചില്ലെങ്കിലും, അത്ര കനപ്പെട്ട പുസ്തകങ്ങൾ രചിച്ചില്ലെങ്കിലും കൊടുങ്ങല്ലൂരിലും അതിന്റെ തിളക്കമുണ്ട്.
ഗാന്ധി വാരാണസി സർവ്വകലാശാല ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു നടത്തിയ ഒരു പ്രസംഗമുണ്ട്. അതിൽ, തന്റെ പ്രസംഗത്തെ ഉറക്കെ ചിന്തിക്കൽ എന്നാണ് ആമുഖമായി അദ്ദേഹം വിശേഷിപ്പിച്ചത്. സദസ്സിനെ മുൻനിർത്തി ചിലത് ഉറക്കെ ചിന്തിക്കുവാനാണത്രേ ശ്രമം. ഗാന്ധിയുടെ ഉറക്കെയുള്ള ചിന്തയിൽ സഭാദ്ധ്യക്ഷയായിരുന്ന ആനി ബസന്റു പോലും വിളറി. അവസാനം സംസാരം മുഴുമിക്കാതെ ഗാന്ധി ഇറങ്ങിപ്പോരികയും ചെയ്തു. ഒരു തരത്തിൽ താനും തീവ്രവാദിയാണെന്നും തന്റെ മാർഗ്ഗം വ്യത്യസ്തമാണെന്നേയുള്ളുവെന്നും, നിലവിലെ തീവ്രവാദങ്ങൾ സാദ്ധ്യമാക്കിയതിന്റെ യഥാർത്ഥ കർതൃത്വം വെള്ളക്കാർക്കാണെന്നുമൊക്കെ ഗാന്ധി സംസാരത്തിന്റെ ഭാഗമായി പറയുന്നുണ്ട്. കോട്ടുധാരികളായ സായ്പ്പുമാരും തലപ്പാവുവെച്ച രാജകുലോത്തമരും നിറഞ്ഞ വേദിയിൽനിന്നാണ് അർദ്ധനഗ്നന്റെ പൂർണ്ണനഗ്നമായ സംസാരം. പ്രസംഗത്തെ പുനർനിർവ്വചിക്കുന്ന പ്രസംഗമായിരുന്നു അത്. ഇക്കിളിവർത്തമാനമല്ല പ്രസംഗം. ഉറക്കെ ചിന്തിക്കലാണ് പ്രസംഗം.

2024 ജനുവരിയിൽ, ഡി.സി ബുക്സിന്റെ കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനവേദിയിൽ എം.ടി. വാസുദേവൻ നായർ നടത്തിയ പ്രസംഗവും അതിനാധാരമായ ലേഖനവും ചിന്തിച്ചുറച്ച ചില വിചാരങ്ങൾ ചിന്തിച്ചുറച്ച് പങ്കുവെയ്ക്കുന്ന തരത്തിലായിരുന്നു. ഒരുതരത്തിൽ, വിചിത്രമാണ് ആ പ്രസംഗം. സാമാന്യഗതിയിൽ, പ്രമുഖരിൽ പ്രമുഖർ ഇടംപിടിച്ചിട്ടുള്ള ഒരു വലിയ സദസ്സിൽ സകലരെയും സാഷ്ടാംഗം പ്രണമിച്ച് പ്രസംഗം പറയേണ്ട നേരത്ത്, പ്രസിദ്ധനായ ഒരെഴുത്തുകാരൻ എഴുന്നേറ്റുചെന്ന് വർഷങ്ങൾക്കു മുമ്പെഴുതി പ്രസിദ്ധപ്പെടുത്തിയ ലേഖനം വള്ളിപുള്ളിവിടാതെ നിസ്സംഗമായി വായിക്കുന്നു! തമാശ തോന്നാം.
എം.ടി.യുടെ മിതവും സാരവത്തുമായ നിശ്ശബ്ദതയോടടുത്ത ഭാഷണം ഒരു ബോംബിട്ടതിനു തുല്യമെന്ന് പതുക്കെ ബോദ്ധ്യപ്പെട്ടു. അധികാരികളുടെ സാന്നിദ്ധ്യത്തിൽ അധികാരത്തിന്റെ ദൂഷ്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയായിരുന്നു എം.ടി ചെയ്തത്. പ്രസംഗം തീരുമ്പോഴേയ്ക്ക് ആരവങ്ങൾ നിലച്ചിരുന്നു. സർവ്വത്ര അടക്കിപ്പിടിച്ച നിശ്ശബ്ദത ഊറിവന്നു. പിന്നെ പതുക്കെ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. വലിയ ചർച്ചയായി. ഒരു പിടി വെടിമരുന്ന്. ഒരല്പം തീ.
സ്വതന്ത്രചിന്തയുടെ വെളിച്ചവും വാക്കിന്റെ വീര്യവും തെളിയിച്ചുകാണിച്ച ഒരു സന്ദർഭമായിരുന്നു അത്. അധികാരികളിരിക്കെ, സാധാരണ ഗതിയിൽ ഒരെഴുത്തുകാരനു സാധിക്കാത്ത ചിലതു പറയുക, ചെവിയുള്ളവർ കേൾക്കട്ടെ എന്ന മട്ടിൽ. നിർമ്മാല്യത്തിലെ പി.ജെ ആന്റണിയുടെ ചലനചിത്രം ഓർമ്മയിൽ വന്നു. ടി.വിയിൽ കണ്ടിരിക്കെ ഹിഗ്വിറ്റയിലെ ഗീവർഗ്ഗീസച്ചനെ ഓർത്തു, അച്ചൻ ടി.വിയിൽ ഹിഗ്വിറ്റയുടെ കളികാണുന്നതോർത്തു. ളോഹ ഊരിവെച്ചു വണ്ടിയെടുത്തു കുതിച്ചുപോകുന്ന ഗീവർഗ്ഗീസിനെ ഓർത്തു.
വിയോജിപ്പിന്റെ ഏങ്കോണിപ്പോടെ വേദിയിൽ എം.ടി ഇരിക്കുന്നത്, ആദ്യമായി പ്രസംഗം പറയാനെണീറ്റടുത്ത ഭയചകിതനായ കുട്ടിയെപ്പോലെ മൈക്കിനുമുമ്പിൽ വന്നു നിൽക്കുന്നത്, ആമുഖമായി ഒരേയൊരു വാക്യം പറഞ്ഞിട്ട് നേരെ കൈയിൽ കണക്കാക്കിക്കൊണ്ടുവന്ന പഴയ ലേഖനമെടുത്തു പാരായണം ചെയ്യുന്നത് ഒക്കെ വീണ്ടും വീണ്ടും കണ്ടു.
വിയോജിപ്പിന്റെ ഏങ്കോണിപ്പോടെ വേദിയിൽ എം.ടി ഇരിക്കുന്നത്, ആദ്യമായി പ്രസംഗം പറയാനെണീറ്റടുത്ത ഭയചകിതനായ കുട്ടിയെപ്പോലെ മൈക്കിനുമുമ്പിൽ വന്നു നിൽക്കുന്നത്, ആമുഖമായി ഒരേയൊരു വാക്യം പറഞ്ഞിട്ട് നേരെ കൈയിൽ കണക്കാക്കിക്കൊണ്ടുവന്ന പഴയ ലേഖനമെടുത്തു പാരായണം ചെയ്യുന്നത് ഒക്കെ വീണ്ടും വീണ്ടും കണ്ടു. അവസാനം ഒന്നും പറയാ(ചെയ്യാ)ത്ത ഒരു പാവത്തെപ്പോലെ (ഉൾ)വലിഞ്ഞും കൃതാർത്ഥമായ് ഉള്ളുലഞ്ഞുവലിഞ്ഞുമുറുകിയും പഴയ ഏങ്കോണിപ്പു വീണ്ടെടുക്കുന്നത് ശ്രദ്ധിച്ചു- സൂക്ഷ്മമാണ് ആ ശരീരഭാഷ. ചിലങ്കയും തായമ്പകയും ചേർന്ന അശ്രാവ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്. നക്ഷത്രദീപങ്ങൾ പൊലിഞ്ഞു. മാനവികമായ മുഖം നഷ്ടപ്പെട്ട അധികാരം ധിക്കാരമാണെന്ന് അന്തരീക്ഷം കനത്തു. ജനാധിപത്യത്തിനകത്ത് രാജാധിപത്യം നുഴച്ചു കയറ്റുന്ന അനുഷ്ഠാനങ്ങൾ വിളറി.
ചിലതു പറയേണ്ടതുണ്ടെന്ന് ഉറച്ച്, നന്നായി ഗൃഹപാഠം ചെയ്ത്, ഔചിത്യദീക്ഷാപരിപാകം വരുത്തി, സ്വരം ഉള്ളത്തിൽ പതിയും മട്ടിലാകണമെന്ന് -ഉച്ചത്തിലാകരുതെന്ന്- നിനച്ച്, ഇല പൊഴിയുംപോലെ പെയ്തൊഴിഞ്ഞ പ്രസംഗം. സത്യം സത്യമായി സ്വതന്ത്രചിന്തകനായ എഴുത്തുകാരനാണ് താനെന്നു വെളിപ്പെടുത്തുകയായിരുന്നു എം.ടി ആ പ്രസംഗത്തിലൂടെ. വാക്കുകളുടെ ധോരണിയല്ല, ധിഷണാപരമായ സ്വതന്ത്രതയാണ് ഒരാളെ ധീരനും ശക്തനുമായ എഴുത്തുകാരനാക്കുന്നതെന്ന് ആ പ്രസംഗം വ്യക്തമാക്കി. എഴുതിവെച്ച വാക്യങ്ങൾ അതിന്റെ വിചാരഗതി വെളിപ്പെടുത്തുന്നത് പിന്നീടൊരു സന്ദർഭത്തിലാകുമെന്ന് അതു കാണിച്ചു. ഭരണകൂടത്തിനും മീതെ ഉയർന്നുനിൽക്കുന്ന ശിരസ്സാണ് എഴുത്തുകാരനെ മഹത്വപ്പെടുത്തുന്നതെങ്കിൽ അത്തരം മഹത്വത്തിന്റെ ഒരംശം എം.ടിയിലുണ്ട് എന്നു പറയാൻ ഞാൻ ഇഷ്ടപ്പെടുന്നു. എപ്പോഴും പ്രതികരിച്ച് സാന്നിദ്ധ്യമറിയിക്കുന്ന പ്രതികരണത്തൊഴിലാളിയായ എഴുത്തുകാരനല്ല എം.ടി പക്ഷേ, തന്റെ കർമ്മമണ്ഡലത്തെക്കുറിച്ച് അദ്ദേഹത്തിന് ഒട്ടും മറവി പറ്റിയില്ല. മറവി ഒരു നയതന്ത്രമായി മാറിയ കാലത്ത് ഇതിന് അസാധാരണമായ ഒരു ഭംഗിയുണ്ട്.

കല്പറ്റ നാരായണന്റെ ഒരു കവിതയുണ്ട്. മനുഷ്യനോടൊപ്പം നടന്നുനടന്ന് പട്ടി താനൊരു പട്ടിയാണെന്ന കാര്യം മറന്നതിനെക്കുറിച്ചാണ് കവി അതിൽ വിചിന്തനം ചെയ്യുന്നത്. ഈ പട്ടിയെക്കുറിച്ചാണ് പണ്ട് ‘നമ്മെക്കാക്കും നലമതു കാട്ടും’ എന്ന് ഒരു കവി എഴുതിയത്. ആ പട്ടിയുടെ അച്ചാച്ചനൊക്കെ ശ്വാനനിദ്ര എന്നു പറയുന്ന ഒരു പ്രത്യേക തരം ഉറക്കം പരിശീലിച്ചിരുന്നതായും പഴമക്കാർക്ക് അറിയാം. പട്ടി മനുഷ്യനൊപ്പം കൂടി ജനിതകമായി ഉണ്ടായിരുന്ന സകലതും മറന്നു. മെരുങ്ങി. നല്ല നായായി രൂപാന്തരപ്പെട്ടു. ഇത്തരമൊരു പരിണാമം എഴുത്തുകാർക്കും കലാകാരർക്കും സംഭവിക്കാറുണ്ട്. എന്തുകൊണ്ടോ എം.ടി ആ പരിണാമത്തിനു വശംവദനായില്ല.
സ്വതന്ത്രചിന്തയെ സംബന്ധിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും നല്ല വ്യക്തതയുള്ള ആളായിരുന്നു എം.ടി എന്ന എഴുത്തുകാരൻ. 25 വർഷം മുമ്പ് വാരാദ്യമാധ്യമത്തിൽ അദ്ദേഹം എഴുതിയ ഒരു ലേഖനം അതിനു തെളിവാണ്. ‘സ്വതന്ത്രചിന്തയ്ക്ക് എന്തു സംഭവിച്ചു’ എന്നായിരുന്നു ലേഖനത്തിനു കൊടുത്തിരുന്ന തലക്കെട്ട്. കോഴിക്കോട്ടെ സാംസ്കാരികലോകത്തിനു സുപരിചിതനായ കെ. എ. കൊടുങ്ങല്ലൂരിനെ അനുസ്മരിച്ചുകൊണ്ടുള്ളതായിരുന്നു ആ ലേഖനം. കൊടുങ്ങല്ലൂർ അത്ര കേൾവിപ്പെട്ട എഴുത്തുകാരനായിരുന്നില്ല. എന്നാൽ അദ്ദേഹം നിലകൊണ്ട ഒരു നിലപാടുതറയുണ്ട്. അത് അന്യം നിന്നുപോകുന്ന സ്വതന്ത്രചിന്തയുടെ കൊടിക്കൂറ പേറുന്നതായിരുന്നു. അത് അദ്ദേഹത്തിന്റെ എഴുത്തിനും ജീവിതത്തിനും വിശേഷമായൊരു സൗന്ദര്യം നൽകുന്നുണ്ട്. എഴുത്തും ജീവിതവും കൊണ്ട് സ്വധർമ്മം മറക്കാത്ത എഴുത്തുകാരായി സ്വയം നിർവ്വചിക്കുക. അത് വലിയ കാര്യമാണ്. എം. ഗോവിന്ദനിലും ഒ.വി. വിജയനിലും നാമതു കാണുന്നു. അത്ര പ്രസിദ്ധിയൊന്നും ആർജ്ജിച്ചില്ലെങ്കിലും, അത്ര കനപ്പെട്ട പുസ്തകങ്ങൾ രചിച്ചില്ലെങ്കിലും കൊടുങ്ങല്ലൂരിലും അതിന്റെ തിളക്കമുണ്ട്. ആ തെളിച്ചത്തെ ആസ്വദിച്ചുകൊണ്ടും അദ്ദേഹത്തിന്റെ വേർപാട് ഉളവാക്കുന്ന സാംസ്കാരികവ്യഥ പങ്കുവെച്ചുകൊണ്ടും ഉറക്കെ സ്മരിക്കുകയായിരുന്നു എം.ടി.
എഴുത്തുകാർ സ്വതന്ത്രരായിരിക്കുക എന്ന സ്വധർമ്മം മറന്നുപോകുന്നത്, അതോ സൗകര്യപൂർവ്വം പുനർനിർവ്വചിക്കുന്നതോ തടുക്കാനാവാത്തവിധം സാധാരണമായ ഒരു കാര്യമായി തുടരുകയാണ്. എന്നിരിക്കിലും ചില എഴുത്തുകാർ സ്വധർമ്മം മറക്കാതെ ബാക്കിയുണ്ടാകും.
എഴുത്തുകാരും കലാകാരരും സ്വധർമ്മം മിക്കവാറും മറന്ന് അധികാരദല്ലാൾപ്പണി ഏറ്റെടുത്തു നിലകൊള്ളുന്നതിനെ മുൻനിർത്തിയുള്ള വിചാരങ്ങളാണ് ലേഖനത്തിൽ പ്രകാശിപ്പിക്കപ്പെട്ടത്. ഇത്തരം വിമർശനങ്ങൾ ധാരാളമുണ്ട്. സത്യം പറയുന്നുവെന്നു ഭാവിച്ചുകൊണ്ട് ഭരണകൂടാധികാരത്തിനു വിടുവേല ചെയ്യുന്ന അമേരിക്കൻ ബുദ്ധിജീവികളെ നോം ചോംസ്കി വിമർശിച്ചതൊക്കെ ഇവിടെ ഓർക്കാം. ഇപ്പോഴും ഇത്തരം വിമർശനങ്ങൾ സംഗതമാണ്. കാരണം, എഴുത്തുകാർ സ്വതന്ത്രരായിരിക്കുക എന്ന സ്വധർമ്മം മറന്നുപോകുന്നത്, അതോ സൗകര്യപൂർവ്വം പുനർനിർവ്വചിക്കുന്നതോ തടുക്കാനാവാത്തവിധം സാധാരണമായ ഒരു കാര്യമായി തുടരുകയാണ്. എന്നിരിക്കിലും ചില എഴുത്തുകാർ സ്വധർമ്മം മറക്കാതെ ബാക്കിയുണ്ടാകും. എം.ടി.യുടെ പ്രസംഗം ആ വഴിയിൽ അവസാനം വന്നതെന്നു ഞാൻ കരുതുന്നു.
എം.ടി സ്വതന്ത്രചിന്തകനായ ഒരെഴുത്തുകാരനായിരുന്നു. ബുദ്ധിജീവിനാട്യങ്ങളില്ലാതെ ജീവിച്ച എഴുത്തുകാരനെങ്കിലും സ്വതന്ത്രബുദ്ധിജീവിയുടെ (മുൾ)കിരീടം എം.ടി വഹിക്കുന്നുണ്ട്. അനുസ്മരിച്ച് ആദരിച്ചു സ്വന്തമാക്കാൻ വെമ്പുന്നവർ സൂക്ഷിക്കുക, മുള്ളുണ്ട്.