ജാനുവും ലോകവും ഒരു പോലെ ഭയക്കുന്നു

ഭഗവതിയോ പ്രേതമോ പിശാചോ ഒക്കെ കുളിയ്ക്കാൻ വരുന്നതാണന്നും ബീഡിക്കനൽ അവയുടെ കണ്ണെരിയുന്നതാണെന്നുമൊക്കെ പല കഥകൾ നാട്ടിൽ പ്രചരിച്ചു. മുതിർന്ന ജാനു അവൾക്കും കുടുംബത്തിനും നാടിനുമൊക്കെ പലവിധ കൗതുകങ്ങളും ഉത്കണ്ഠകളും സമ്മാനിച്ചുകൊണ്ടിരുന്നു. പെണ്ണിനകത്തുള്ള ഒരാണിനെ ആദ്യ കാലങ്ങളിൽ ഉൾക്കൊള്ളാൻ ജാനുവിന് പോലും ആയിട്ടുണ്ടാവില്ല.

കൊറോണാനന്തര ലോകത്ത് ജാനുവിനും ഡൊണാൾഡ് ട്രംപിനും ഇടമുണ്ടാകുമോ? പാതിചാരിയ ഒരു വാതിൽപ്പടിയിൽ നിന്ന് പുറത്തെ വെളിച്ചവും അകത്തെ ഇരുട്ടും ഒന്ന് കണ്ടു നോക്കൂ. ശുഭാപ്തി വിശ്വാസിയാണെങ്കിൽ പുറത്തെ വെളിച്ചത്തിലേയ്ക്ക് തുറക്കുന്ന വാതിലായി അതിനെ മനസ്സിലാക്കും.
തിരിച്ചാണെങ്കിലോ ഇരുട്ടിന്റെ അകങ്ങളിലേയ്ക്ക് അടഞ്ഞു കൊണ്ടിരിയ്ക്കുന്ന ഒരു വാതിലായും.

ഇതു പോലെയാണ് കൊറോണക്കാലത്തേക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചകൾ. ചിലരൊക്കെ പറയുന്നത്. 'ഒന്നുമില്ലന്നേയ്. ഇത് പോലെ എത്ര ദുരന്തങ്ങളെ കണ്ടിരിയ്ക്കുന്നു ലോകം. ഇതൊക്കെ നാം പുഷ്പം പോലെ അതിജീവിയ്ക്കും. എല്ലാം പഴയപടിയാകും. നുര കുത്തി' ഒഴുകുന്ന ഒരു പുഴ പോലെ ലോകം ഇനിയും കുതിച്ചുപായും'. ഇനി മറ്റു ചിലർ പറയുന്നത് കേട്ടാലോ 'ലോകം അതിന്റെ അന്ത്യനാളുകളിലേയ്ക്ക് അടുക്കുകയാണ്. അതിന്റെ ലക്ഷണങ്ങൾ എല്ലാം കണ്ടുതുടങ്ങിയല്ലേ? കലികാലത്തേക്കുറിച്ചും ലോകാവസാനത്തെക്കുറിച്ചുമൊക്കെ ദൈവങ്ങളും പ്രവാചകന്മാരുമൊക്കെ പറഞ്ഞത് എത്ര ശരി! ' മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ കറുപ്പും വെളുപ്പുമായി, തെറ്റും ശരിയുമായി, കാര്യങ്ങളെ മനസ്സിലാക്കുന്നതാണ് നമ്മുടെ രീതിശാസ്ത്രം.

നാട്ടുഭാഷയിൽ പറഞ്ഞാൽ 'ഒന്നുകിൽ കളരിയ്ക്ക് പുറത്ത് അല്ലങ്കിൽ ആശാന്റെ നെഞ്ചത്ത്' ഇങ്ങനെയേ നമുക്ക് ഒന്നിനെ അറിയാനും മനസ്സിലാക്കാനും കഴിയൂ. ഒന്നുകിൽ ശുഭാപ്തി വിശ്വാസം (Optimisam) വെച്ചു പുലർത്തും. അല്ലെങ്കിൽ ദുരന്തദുഷ്ചിന്തകളുമായി ( Pessimisam) കഴിയും. ഇതു രണ്ടും കൂടി ചേർന്ന പെസോപ്റ്റിമിസം(Pessoptimisam) എന്നൊരു കാഴ്ചയിൽ നിന്ന് വേണം നാം കൊറോണക്കാലത്തെ മനസ്സിലാക്കാൻ.

ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പാണ് 'ഭൂമിയിൽ മനുഷ്യകുലത്തിന്റെ അന്ത്യം വൈറസ്സുകൾ കൊണ്ടായിരിയ്ക്കാം' എന്ന പ്രവചനം ദർശിനികനും സർഗ്ഗധനനുമായ ഒ.വി.വിജയൻ നടത്തിയത്. നമ്മുടെ ചരിത്ര കാലഘട്ടത്തിലെ ഏറ്റവും വലിയ ശാസ്ത്ര പ്രതിഭയായ സ്റ്റീഫൻ ഹോക്കിംഗ്‌സും സമാനമായ ഒരു പ്രസ്താവന നടത്തുകയുണ്ടായി. 'മനുഷ്യൻ ഇന്ന് വരെ വികസിപ്പിച്ചതും ഒരു വീണ്ടുവിചാരത്തിനും തയറാകാതെ അവിരാമം തുടരുന്നതുമായ ആധുനിക നാഗരികതാ സങ്കൽപ്പങ്ങളെ പൊളിച്ചുപണിയാൻ സന്നദ്ധമാകുന്നില്ലങ്കിൽ, ഭൂമിയുടെ അന്തരീക്ഷോഷ്മാവ് ക്രമാതീതമായി ഉയരുകയും വൈറസ്സ് പോലുള്ള സൂഷ്മ ജൈവരൂപങ്ങൾ പെരുകുകയും അതുവഴി ജൈവമണ്ഡലം തന്നെ ഇല്ലാതാകുകയും ചെയ്താൽ അതൊരത്ഭുതമായിരിക്കില്ല.' മനുഷ്യന്റെ അനിവാര്യമായ ആവശ്യങ്ങൾ എന്നതിലുപരി വ്യവസായവൽക്കരണത്തിനും മുതലാളിത്ത ആധുനികതയ്ക്കും ലാഭത്തിനും വേണ്ടി സാങ്കേതിക വിദ്യകളെ അവിരാമം വികസിപ്പിച്ചതാണ് മനുഷ്യന്റെ ചരിത്രം. ശാസ്ത്രവും സാങ്കേതിക വിദ്യകളും അനാവശ്യമായിരുന്നു എന്നല്ല വിവക്ഷ. അവയെ നിയന്ത്രിച്ച സാമൂഹ്യ വിഭാഗങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങളാണ് വില്ലനായത്. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്, ഊർജ്ജോല്പാദനത്തിന് ഹൈഡ്രോകാർബണുകളെ (പെട്രോളിയം കൽക്കരി) അന്തമില്ലാതെ കത്തിച്ച് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് നിയന്ത്രണമില്ലാതെ വർദ്ധിപ്പിച്ചതാണ് ആഗോളതാപനത്തിനും കാലാവസ്ഥയിലെ താളപ്പിഴകൾക്കുമൊക്കെ കാരണമായതെന്ന് ആധുനിക ശാസ്ത്രം അച്ചട്ടായി വ്യക്തമാക്കിയിട്ടുണ്ട്.

വ്യവസായ വിപ്ലവം ആരംഭിക്കുന്ന കാലത്ത് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 200 പി.പി.എം(Parts Per Million) ആയിരുന്നെങ്കിൽ ഇന്നത് 420 ൽ അധികമായിരിക്കുന്നു. ഇത് 440 എന്ന ലക്ഷ്മണരേഖ (Deadline) കടന്നാൽ ഒരു തിരിച്ചു പോക്ക് അസാദ്ധ്യമാകും വിധം കാലാവസ്ഥാ ദുരന്തങ്ങൾക്ക് കാരണമാകും എന്നും ശാസ്ത്ര സമൂഹം മുന്നറിയിപ്പ് നൽകുന്നു.

പ്രതിവർഷം 1.6 എന്ന തോതിലാണ് കാർബൺ ഉത്സർജനം വർദ്ധിക്കുന്നത് എന്നതുകൂടി കണക്കിലെടുത്താൽ ഒരു പക്ഷേ ജൈവ മണ്ഡലത്തിന്റെ സർവനാശത്തിന് തന്നെ കാരണമായേക്കാവുന്ന ഒരു ദുരന്തഗർത്തത്തിന്റെ വക്കിലാണ് നാം എന്ന് മനസ്സിലാകും. അതിവേഗം ജനിതക വ്യതിയാനത്തിന് (Mutation) ഇടയാക്കുന്ന ജൈവ രൂപങ്ങൾ എന്ന നിലയ്ക്ക് അപകടകാരികളായ പുതിയ ഇനം വൈറസുകളുടെ ആക്രമണത്തിന് മനുഷ്യരാശി നിരന്തരം ഇരയാകുകയും ചെയ്യുന്നു. കൊറോണാ വൈറസ് കുലത്തിൽ സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങളേയും അതുവഴിയുണ്ടായ മഹാമാരിയേയും (Pantamic )
നാം ഈയർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. പക്ഷേ മനുഷ്യൻ ഇപ്പോഴെങ്കിലും തീരുമാനിച്ചാൽ വരാനിരിക്കുന്ന സർവ്വനാശം ഒഴിവാക്കാവുന്നതേയുള്ളൂ. ഹൈഡ്രോകാർബണുകളുടെ അനന്തമായ ദഹനം നിയന്ത്രിച്ച് ഊർജ വിനിയോഗം കുറച്ചാൽ അത് സാദ്ധ്യമാകും. അതുകൊണ്ട് മനുഷ്യരാശിയ്ക്ക് പൊതുവായി ദോഷമൊന്നും സംഭവിയ്ക്കാനില്ല. കോർപ്പറേറ്റുകളുടെ ലാഭവും ചൂഷണവും കൊള്ളയും സ്വകാര്യ സ്വത്തിന്റെ കുന്നുകൂട്ടലുമൊക്കെ നിയന്ത്രിക്കേണ്ടി വരുമെന്ന് മാത്രം. ആഗോള സമൂഹം രൂപം കൊടുത്ത ഭൗമ ഉച്ചകോടികളും കാലാവസ്ഥാ ഉച്ചകോടികളുമൊക്കെ ഈ ദിശയിലുള്ള നീക്കങ്ങളായിരുന്നു. അതിനെയൊക്കെ അട്ടിമറിയ്ക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സാമ്രാജ്യത്വ രാഷ്ട്രങ്ങൾ ശ്രമിക്കുന്നത്. അവർ പറയുന്നത് കോർപ്പറേറ്റുകളുടെ ലാഭത്തിനും അമേരിക്കൻ ആധിപത്യത്തിനും പൂട്ടു വീഴുന്ന ഒരു പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനും തങ്ങളില്ല എന്നാണ്.

ഹൈഡ്രോകാർബണുകളുടെ ദഹനം വെട്ടിക്കുറച്ചാൽ അത് ലോകത്ത് ഊർജ പ്രതിസന്ധിയ്ക്ക് കാരണമാകും എന്നാണവർ പുറമെ പറയുന്നത്. ഇത് വസ്തുതയുമല്ല. 3500 കി.മി. ഒരു കാറിന് സഞ്ചരിക്കാനാവശ്യമായ ഊർജം സംഭരിക്കാവുന്ന ബാറ്ററികൾ ശാസ്ത്രലോകം ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. മലിനീകരണം ഒട്ടുമില്ലാത്ത സോളാർ എനർജി, ഓഫ്‌ഷോർ വിന്റ് എനർജി, എന്നിവയൊക്കെ വ്യാവസായികാടിസ്ഥാനത്തിൽ കുറഞ്ഞ ചിലവിൽ നിർമ്മിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യകളും ലോകം ഇതിനകം വികസിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഹൈഡ്രോകാർബണുകൾക്ക് പകരം ഇത്തരം ഊർജ സ്രോതസ്സുകളിലേയ്ക്ക് മറിയാൽ കാർബൺ ഉത്സർജനം ഒഴിവാക്കാനും മലിനീകരണമില്ലാത്ത ഊർജ വിനിയോഗം സാദ്ധ്യമാക്കാനും കഴിയും. ട്രംപിനെ പോലുള്ളവർ ഇതിനെ എതിർക്കുന്നതിന് ഒരു കാരണമേയുള്ളൂ. മേൽ സൂചിപ്പിച്ച സാങ്കേതിക വിദ്യകളുടെയൊന്നും ഉടമസ്ഥർ അമേരിക്കൻ കോർപ്പറേറ്റുകളല്ല. പ്രധാനമായും ചൈനയാണ് ഇത്തരം സാങ്കേതിക വിദ്യകൾ വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തത്. ഇവയുടെ പ്രയോഗവൽക്കരണം, ഇപ്പോൾ തന്നെ വെല്ലുവിളിയ്ക്കപ്പെട്ട അമേരിക്കയുടെ ലോക മേധാവിത്വത്തെ നിലംപരിശാക്കും. ചൈന പുതിയ ലോകശക്തിയായി അവരോധിക്കപ്പെടുകയും ചെയ്യും.

ചൈനയുടെ ആധിപത്യത്തിന്റെ വരുംവരായ്കൾ എന്തൊക്കെയായിരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. അപ്പോഴും ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും. ഹൈഡ്രോകാർബൺ കത്തിച്ചുള്ള കാർബൺ ഉത്സർജനം നിയന്ത്രിക്കപ്പെടും. അതു വഴി അന്തരീക്ഷ താപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിച്ച് ലോകത്തെ പരിസ്ഥിതിദുരന്തത്തിൽ നിന്ന് രക്ഷിച്ചെടുക്കാം. അപകടകാരികളായ വൈറസ്സുകളുടെ പെരുക്കം നിയന്ത്രിക്കാനുമാവും. ഇതിനനുബന്ധമായി ഒരു പുതിയ ലോകവും ലോകക്രമവും ഉയർന്നു വന്നേയ്ക്കാം.

വർത്തമാനകാല ലോകത്തെക്കുറിച്ചുള്ള ഒരമൂർത്ത ചിത്രവും ഭാവിയെക്കുറിച്ചുള്ള ചില അമൂർത്ത സ്വപ്നങ്ങളുമാണ് ആമുഖമായി ഇവിടെ പങ്കുവെച്ചത്. ഇനി ഞാനെന്റെ നാട്ടിൻ പുറത്തെ മൂർത്തവും കഠിനവുമായ ചില ജീവിത ചിത്രങ്ങൾ അവതരിപ്പിക്കട്ടെ. എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതി സ്വന്തം ജീവിതത്തെ അധ്വാനം കൊണ്ട് വെട്ടിപ്പിടിച്ച് ഉള്ളം കയ്യിൽ കൊണ്ടു നടന്ന എന്റെ നാട്ടിൻ പുറത്തെ ഒരു ലൈംഗിക ന്യൂനപക്ഷക്കാരിയുടെ ജീവിതം പറഞ്ഞ്, കൊറോണക്കാലത്തെ അവരുടെ കിതപ്പുകളറിഞ്ഞ്, കേരളത്തിൽ നിന്ന് നമുക്ക് ലോക യാഥാർത്ഥ്യങ്ങളെ കണ്ടു നോക്കാം.

ജാനു ഞങ്ങളുടെ നാട്ടിലെ ഒരാണാണ്. ദൃഢമായ പേശികളും ഉറച്ച കൈകാലുകളും പൗരുഷം കത്തിനിൽക്കുന്ന നോട്ടവുമൊക്കെയായി ഒരു ആണ്. മീശ രോമങ്ങൾ അത്ര പ്രകടമല്ല. ഉള്ളവയ്ക്ക് അത്രയ്ക്ക് പൗരുഷവുമില്ല. ഷർട്ടിന്റെ നിയന്ത്രണങ്ങളെ അതിലംഘിച്ച് ആരുടേയും ശ്രദ്ധയിലേയ്ക്ക് കയറി നിൽക്കുന്നുണ്ട് സ്തനങ്ങൾ. പിന്നിപ്പറിഞ്ഞ് കിടക്കുന്ന മുടിയിഴകൾ നോക്കി ആണോ പെണ്ണോ എന്ന് നിശ്ചയിക്കാനാവില്ല. ശബ്ദത്തിന് സ്‌ത്രൈണത കുറവാണെങ്കിലും പുരുഷന്റേത് എന്ന് പറയാനുമാവില്ല. ഞങ്ങളെ നാട്ടിലെല്ലാവർക്കും ജാനുവിനോട് അൽപ്പം ഭയത്തിൽ പൊതിഞ്ഞ ബഹുമാനമാണ്. ഒരു ഒത്ത പുരുഷന് ചെയ്യാൻ കഴിയാത്ത ജോലികൾ ജാനു അനായാസം ചെയ്ത് തീർക്കും. അത് തെങ്ങുകയറ്റമായാലും മരംകയറ്റമായാലും വിറക് കീറലായാലും ചുമടെടുപ്പ് ആയാലും വെള്ളത്തിലും കിണറിലുമൊക്കെ മുങ്ങിയുള്ള പണികളായാലും കൊത്തും കിളയുമൊക്കെയായാലും ജാനുവിനോട് മത്സരിക്കാൻ ശേഷിയുള്ളവരാരും ഞങ്ങളുടെ നാട്ടിലില്ല.

എന്റെ വീട്ടിനടുത്തായി താമസിച്ചിരുന്ന വണ്ടിക്കാരൻ ചോയിയുടെ മകളാണ് ജാനു. കണയങ്കോട് പാലമൊന്നുമില്ലാത്തക്കാലത്ത് കിഴക്കൻ മേഖലയിലെ മലഞ്ചരക്കുകൾ കാളവണ്ടിയിൽ നിറച്ച്, വണ്ടിയും കാളകളുമൊരുമിച്ച് ചങ്ങാടം കടത്തി കോഴിക്കോട്ടെ പാണ്ടികശാലകളിൽ എത്തിക്കുന്ന വണ്ടിക്കാരനായിരുന്നു ചോയി. പേരിൽപ്പോലും വലിയ പൊരുത്തമായിരുന്നു ചോയിയും കെട്ട്യോളും തമ്മിൽ. അവരുടെ പേര് ചോയിച്ചി. സന്ധ്യയോടെ തിരിച്ചെത്തി വണ്ടിത്താവളത്തിൽ കാളകളെ അഴിച്ചിട്ട് സാമാനങ്ങളൊക്കെ വാങ്ങി നന്നായി കള്ളടിച്ച്, വഴുക്കുന്ന വയൽ വരമ്പിലൂടെ ചോയി വീട്ടിലേയ്ക്ക് നടക്കും. മാടിക്കുത്തുന്ന ശീലമില്ല. മുണ്ടിന്റെ ഒരു തൊയിൽ കക്ഷത്ത് ഇറുക്കിപ്പിടിയ്ക്കും. കയ്യിൽ കപ്പയും മീനുമൊക്കെ ഉയർത്തിപ്പിടിയ്ക്കും. നിരത്തിൽ നിന്ന് വയൽ വരമ്പിലേയ്ക്ക് പ്രവേശിയ്ക്കുമ്പോഴേക്കും കള്ള് നന്നായി തലയ്ക്ക് പിടിച്ചിട്ടുണ്ടാവും.

നാഴികയ്ക്കപ്പുറത്തെ വീട്ടിലുള്ള ചോയിച്ചിയെ നല്ല ഈണത്തിൽ നീട്ടി വിളിയ്ക്കും. 'ചോയിച്ചിയേ.... ചോയ്ച്ചിയെ.. നീ എന്താടീ നായിന്റെ മോളെ മിണ്ടാത്തെ..' ഒരു നാഴിക അപ്പുറത്തുള്ള അവരെങ്ങിനെ കേൾക്കാൻ! പക്ഷേ ചോയി തുടരെ തുടരെ വിളിച്ചുകൊണ്ടിരിയ്ക്കും ' ചോയിച്ചിയേ... ചോയ്ച്ചിയെ...' കുട്ടിയായിരിക്കുമ്പോൾ ചോയിയുടെ വായ്ത്താരിയും പാട്ടുമൊക്കെ കേട്ട് പിറകെ നെൽപ്പാടത്തു കൂടെ നടന്ന ഓർമ്മകൾ ഒരുപാടുണ്ട് ഈയുള്ളവന്. വീട്ടിലെത്തി ചോയിച്ചിയെ നാല് തെറി വിളിച്ചാൽ കള്ളിന്റെ കട്ട് പതിയെ ഇറങ്ങാൻ തുടങ്ങും. പിന്നെ പാട്ടും കീർത്തനവുമൊക്കെയല്ലാതെ ഭാര്യാമർദ്ദനവും ലഹളയുമൊന്നും ആ വീട്ടിൽ പതിവുണ്ടായിരുന്നില്ല. ചോയിയ്ക്ക് ഒൻപത് മക്കളുള്ളതിൽ അഞ്ചാമത്തെതായിരുന്നു ജാനു. അഞ്ചാം കക്ഷി. മദ്യപിച്ചു കഴിഞ്ഞാൽ 'കക്ഷി' എന്നാണ് ചോയി മക്കളെ വിളിയ്ക്കുക. ഒന്നാം കക്ഷി, രണ്ടാം കക്ഷി എന്നിങ്ങനെ. അഞ്ചാം കക്ഷിയായ ജാനു ചെറുപ്പത്തിലേ വേറിട്ട ജീവിതമാണ് നയിച്ചത്. പേരിനെങ്ങാനും സ്‌കൂളിൽ പോയതല്ലാതെ വലിയ പഠിപ്പൊന്നുമില്ല. മറ്റു പെൺകുട്ടികൾക്കെല്ലാം അവളെ പേടിയായിരുന്നു. ആൺകുട്ടികളുമായെല്ലാം മല്ലയുദ്ധത്തിലേർപ്പെടും. അവരെയൊക്കെ മലർത്തിയടിയ്ക്കും. അയൽപ്പക്കങ്ങളിലെ ഉഗ്രപ്രതാപികളായ വളർത്തുനായ്ക്കളുമായി എളുപ്പം ചങ്ങാത്തത്തിലാകും. വയലിറുമ്പിലെ കുളത്തിലാണ് നനയും കുളിയുമൊക്കെ. സന്ധ്യ മയങ്ങിയാലെ കുളിയ്ക്കാൻ വരൂ. ഒരമ്മുമ്മയും കൊച്ചുമകനും മുങ്ങി മരിച്ച കുളമായത് കൊണ്ട് സന്ധ്യ മയങ്ങിയാൽ അങ്ങോട്ടു പോകാൻ ഞങ്ങൾക്ക് പേടിയായിരുന്നു. പക്ഷേ ജനുവിന് ഭയമൊന്നുമുണ്ടായിരുന്നില്ല. അലക്കുകല്ലിലിരുന്ന് ബീഡി വലിയ്ക്കുന്ന ജാനുവിനെ കണ്ട് പലരും ഭയന്നോടിയിട്ടുണ്ട്. ഭഗവതിയോ പ്രേതമോ പിശാചോ ഒക്കെ കുളിയ്ക്കാൻ വരുന്നതാണന്നും ബീഡിക്കനൽ അവയുടെ കണ്ണെരിയുന്നതാണെന്നുമൊക്കെ പല കഥകൾ നാട്ടിൽ പ്രചരിച്ചു. മുതിർന്ന ജാനു അവൾക്കും കുടുംബത്തിനും നാടിനുമൊക്കെ പലവിധ കൗതുകങ്ങളും ഉത്കണ്ഠകളും സമ്മാനിച്ചുകൊണ്ടിരുന്നു. പെണ്ണിനകത്തുള്ള ഒരാണിനെ ആദ്യ കാലങ്ങളിൽ ഉൾക്കൊള്ളാൻ ജാനുവിന് പോലും ആയിട്ടുണ്ടാവില്ല. എല്ലാം മറച്ചുവെച്ച് എത്ര കാലം പോകാൻ നാട്ടിൻ പുറത്തെ ഒരു സാധാരണ കുടുംബത്തിനു കഴിയും? താളപ്പിഴകളും പൊരുത്തക്കേടുകളുമൊക്കെ പതിയെപതിയെ പൊരുത്തപ്പെടലുകൾക്ക് വഴിമാറി. അച്ഛനും അമ്മയുമൊക്കെ തിരോഭവിച്ചു. സഹോദരങ്ങൾ സ്വന്തം വഴികളും ജീവിതവുമൊക്കെ അന്വേഷിച്ചു പോയി. അപ്പോഴൊക്കെ അല്പം പോലും പതറാതെ ജാനു സ്വന്തം ജീവിതത്തെ കൊണ്ടു നടന്നു. തന്നെപുറത്തു നിർത്തുന്ന സമൂഹത്തിന്റെ ആചാരമര്യാദകളെ സദാചാരങ്ങളെ ഒക്കെ അതിലംഘിച്ചുകൊണ്ട് അവൾ വളർന്നു. ആർക്കു മുമ്പിലും അവൾ, സ്വന്തം സ്വാതന്ത്ര്യം അടിയറ വെച്ചില്ല. എല്ലാ പ്രമാണിമാർക്കു മുമ്പിലും കടിച്ചു പിടിച്ച ബീഡിയിൽ നിന്ന് പുകയൂതി കൂലിയ്ക്ക് പേശി. എല്ലാവർക്കും അവളെ പണിയ്ക്ക് വിളിയ്ക്കാൻ താല്പര്യമായിരുന്നു.

അയൽപ്പക്കങ്ങളിലെ ഉഗ്രപ്രതാപികളായ വളർത്തുനായ്ക്കളുമായി എളുപ്പം ചങ്ങാത്തത്തിലാകും. വയലിറുമ്പിലെ കുളത്തിലാണ് നനയും കുളിയുമൊക്കെ. സന്ധ്യ മയങ്ങിയാലെ കുളിയ്ക്കാൻ വരൂ. ഒരമ്മുമ്മയും കൊച്ചുമകനും മുങ്ങി മരിച്ച കുളമായത് കൊണ്ട് സന്ധ്യ മയങ്ങിയാൽ അങ്ങോട്ടു പോകാൻ ഞങ്ങൾക്ക് പേടിയായിരുന്നു. പക്ഷേ ജനുവിന് ഭയമൊന്നുമുണ്ടായിരുന്നില്ല.

തരികിടകളൊന്നുമില്ലാതെ പറഞ്ഞ കൂലിയനുസരിച്ചുള്ള പണി അവൾ ചെയ്യുമെന്ന് അവർക്ക് തീർച്ചയുണ്ടായിരുന്നു. മുതിർന്നു വന്നപ്പോൾ അവൾ മറ്റൊരു പെൺകുട്ടിയെ പണികൾക്കും ജീവിതത്തിലും കൂടെക്കുട്ടി. ജാനുവിന്റെ ഭാര്യ എന്ന് നാട്ടുകാർ അവളെ പരിഹസിച്ചെങ്കിലും അതൊന്നും അവരിരുവരും പരിഗണിച്ചതേയില്ല. കുടുംബസ്വത്തിലെ വിഹിതത്തിനൊന്നും കാത്തു നിൽക്കാതെ മൂന്നരസെന്റ് സ്ഥലം സ്വന്തമായി വാങ്ങി അവിടെ അവർ വൃത്തിയും വെടിപ്പുമുള്ള ഒരു കൂരയുണ്ടാക്കി. തന്റെ കൂട്ടുകാരിയോടൊത്ത് ആ വീട്ടിൽ സന്തോഷത്തോടെ ജോലിയെടുത്ത് ജീവിച്ചു വന്നു.

ആർക്കു മുമ്പിലും അനുകമ്പകൾക്കും സഹായത്തിനുമായി കൈ നീട്ടിയിട്ടില്ല. സർക്കാർ സഹായങ്ങൾക്കു പോലും അപേക്ഷയുമായി പോയിട്ടുമില്ല. സ്വന്തമായി റേഷൻ കാർഡുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ട്. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് ആരുടേയും സഹായമില്ലാതെ കൃത്യമായി വിഹിതമടയ്ക്കുന്നുണ്ട്. സൗജന്യ സഹായ വാഗ്ദാനങ്ങളുമായി എത്തുന്ന എല്ലാവരേയും ഇവർ തിരിച്ചയക്കും. ജോലി ചെയ്ത് ജീവിയ്ക്കാൻ കഴിയാത്ത കാലത്ത് എന്ത് ചെയ്യും എന്ന ചോദ്യത്തിന് കൂസലില്ലാതെ മറുപടി പറയും. 'അതപ്പോഴല്ലേ അപ്പോൾ നോക്കാം'.
കഴിഞ്ഞ ദിവസം ജാനു വീട്ടിലന്വേഷിച്ചു വന്നു. ആരേയും കൂസാത്ത ആ മുഖത്ത് ദൈന്യതയുടെ, ഭീതിയുടെ കാർമേഘങ്ങൾ കൂടുവെച്ച് തുടങ്ങിയിരിക്കുന്നു. അവർക്കറിയേണ്ടത് ഈ അടച്ചു പൂട്ടി വീട്ടിലിരിയ്ക്കൽ ഇനിയെത്ര കാലം തുടരേണ്ടി വരും എന്നാണ്. 'പണിയെടുക്കാൻ പോയില്ലങ്കിൽ ശരീരം ചടയ്ക്കും വെറുതെയിരുന്ന് തിന്നാൻ വയ്യ. അതിനുള്ള വകയും കയ്യിലില്ല. ഇങ്ങനെ പോയാൽ പിന്നെ പണിയെടുക്കാനേ വയ്യാതാവും.പിന്നെ ജീവിയ്ക്കുന്നതിലും ഭേദം മരിയ്ക്കുന്നതാണ്. ഇനി അങ്ങിനെ ആലോചിക്കേണ്ടി വരുമോ?'

ഭയം തോന്നി. പോരാട്ടങ്ങളെക്കുറിച്ചുള്ള കാൽപ്പനികതകളിലേയ്‌ക്കൊന്നും എത്തിനോക്കാൻ പോലും അവസരമില്ലാതിരുന്ന ഒരാളാണ് ജാനു. സ്വന്തം ജീവിതം കൊണ്ട് ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ കപട ധാർമ്മികതയെ, നൈതികതയെ, സംസ്‌കാരത്തെ, സദാചാരത്തെ, ഒക്കെ വെല്ലുവിളിച്ച് സ്വന്തം കൊടിനാട്ടിയ ഒരാൾ. അവർ പോലും കൊറോണയ്ക്ക് മുമ്പിൽ പതറുന്നുണ്ടെങ്കിൽ സാധാരണ മനുഷ്യരുടെ ജീവിതത്തെ അതെങ്ങിനെയൊക്കെയാവും ബാധിക്കുക?

ജാനു ഒരു പ്രതീകമാണ്. സ്വയം നിർമ്മിച്ചെടുത്ത ഇടങ്ങൾ നഷ്ടപ്പെട്ടു പോകുന്ന മനുഷ്യരുടെ പ്രതീകം.
കേരളത്തിലെ മനുഷ്യർക്ക് കൊറോണയുടെ ആരോഗ്യപരമോ സാമൂഹ്യമോ ആയ വിശ്വരൂപം ഇനിയും പ്രകടമായിട്ടില്ല. വുഹാനിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥികളിലൂടെ രോഗമെത്തിയ ഒന്നാം ഘട്ടവും ഇറ്റലിയിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നും രോഗമെത്തിയ രണ്ടാം ഘട്ടവും മലയാളികളുടെ അസ്ഥിയിൽ തൊട്ടൊരു വരവായിരുന്നില്ല. രോഗം കൈകാര്യം ചെയ്യുന്നതിൽ നമ്മുടെ ആരോഗ്യ വകുപ്പും മന്ത്രിയും കാണിച്ച പ്രവർത്തന മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. നിപയെ നേരിട്ടതിന്റെ അനുഭവങ്ങൾ ചെറുതായൊന്നുമല്ല അതിന് സഹായിച്ചത്. ലോകത്തെയാകെ വിഴുങ്ങാൻ പോന്ന ഒരു മഹാമാരിയായി കൊറോണ മാറുമ്പോഴേയ്ക്കും അതിനെ പഴുതടച്ച് നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും കേരളത്തിന് പൂർത്തീകരിക്കാനായി. തായ്‌ലാന്റ്, സിംഗപ്പൂർ, ഹോങ്കോംഗ് ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് സമാനതകളില്ലെങ്കിലും ഇത്തരമൊരു ശേഷി പ്രകടിപ്പിക്കാനായത്. ശാസ്ത്രവും സാങ്കേതിക വിദ്യകളും വൻതോതിൽ വികസിച്ച ഒന്നാം ലോക രാഷ്ട്രങ്ങളുടെ വീരവാദങ്ങളും അന്ധാളിപ്പും കിതപ്പും മറയില്ലാതെ തുറന്നു കാട്ടപ്പെട്ട ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും ഒരു പക്ഷേ കൊറോണ. മരുന്നും ഡോക്ടറുമല്ല രോഗത്തെ ചികിത്സിക്കുന്നത്, സമൂഹവും അത് വികസിപ്പിച്ചെടുത്ത സാമൂഹ്യവസ്ഥയുമാണ് എന്ന് ബോദ്ധ്യപ്പെടുത്തുകയാണീ കാലം. മുതലാളിത്ത ആധുനികത 'റൊക്കം പണം' എന്ന അടിക്കല്ലിൽ പണിതുയർത്തിയ നാഗരികതയുടെ അകം എത്ര പൊള്ളയാന്നെന്ന് അത് നമ്മെ നന്നായി പഠിപ്പിച്ചു.

കേരളത്തിന്റെ ചരിത്രപരമായ സവിശേഷതകളും കൊറോണയെ നേരിടുന്ന കാര്യത്തിൽ നമുക്ക് സഹായകമായി എന്ന് കരുതുന്നു.1930 കളിലെ മഹാമാന്ദ്യ (Great Dipression) ത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തെ ഗ്രസിച്ച ക്ഷാമം, വസൂരി കോളറ പോലുള്ള മഹാമാരികൾ, എന്നിവയെ നേരിടുന്നതിൽ ജനങ്ങൾക്കൊപ്പം നിന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കിളിർത്തു പൊന്തിയത്. പട്ടിണി കിടന്ന് മരിക്കുന്ന ജനങ്ങൾക്ക്, ജന്മിമാരുടെ പത്തായപ്പുരകൾ കുത്തിത്തുറന്ന് നെല്ലെടുത്ത് വിതരണം ചെയ്തത് (വടക്കേ മലബാറിലെ നെല്ലെടുപ്പു സമരങ്ങൾ) കമ്യൂണിസ്റ്റുകാരായിരുന്നു. വസൂരിയും കോളറയും താണ്ഡവമാടിയ ഗ്രാമങ്ങളിൽ രോഗികളെ ശുശ്രൂഷിക്കാനെത്തിയതും മറ്റാരുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ സദ്പാരമ്പര്യത്തിലെ ഒട്ടുമിക്കതും കൈമോശം വരുത്തിയെന്ന അക്ഷേപം ശക്തമാണല്ലോ. അപ്പോഴും അടിക്കല്ലിലെ ഇത്തരം മഹത്തായ ഓർമ്മകൾ ഇപ്പോഴും മലയാളികളുടെ രക്തത്തിലുണ്ട് എന്ന് കരുതണം. മലവെള്ളത്തിൽ ഉറുമ്പിൻ കൂട്ടം പന്തുപോലെ ഉരുണ്ട് കൂടിനിന്ന് കരപറ്റുന്ന നിലയിൽ പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കാനുള്ള ആത്മബോധം നമുക്ക് കൈമോശം വന്നിട്ടില്ലെന്നും കോവിഡ് പ്രതിരോധം തെളിയിക്കുന്നുണ്ട്. ഏതായാലും സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നപ്പോൾ രോഗ പ്രതിരോധം സാദ്ധ്യമാക്കുക മാത്രമല്ല പട്ടിണിയെ വലിയൊരളവിൽ പ്രതിരോധിക്കാനും രണ്ടാം ഘട്ടത്തിലും കേരളത്തിന് സാധിച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയിലും നമ്മുടെ ശാരീരിക സവിശേഷതകളിലും ഭക്ഷണ ശീലങ്ങളിലുമൊക്കെ ഒരു പക്ഷേ രോഗവ്യാപനത്തെ തടയുന്ന ഘടകങ്ങളുണ്ടാവാം.

ജാനു ഒരു പ്രതീകമാണ്. സ്വയം നിർമ്മിച്ചെടുത്ത ഇടങ്ങൾ നഷ്ടപ്പെട്ടു പോകുന്ന മനുഷ്യരുടെ പ്രതീകം.

അപ്പോഴും നാം കാണേണ്ടത് കോവിഡ് ഏതാനും ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ തിരോഭവിക്കുന്ന പ്രതിഭാസമല്ല എന്ന വസ്തുതയാണ്. മനുഷ്യർക്കിടയിൽ സ്വാഭാവിക പ്രതിരോധം (Herd lmmunity) വികസിക്കുകയോ പ്രതിരോധ കുത്തിവെപ്പുകൾ വിജയം കാണുകയോ ചെയ്യുന്നത് വരെ ഏറിയും കുറഞ്ഞും രോഗവ്യാപനം നിലനിൽക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രവാസികളുടെ ഒന്നിച്ചുള്ള തിരിച്ചൊഴുക്ക് സാമൂഹ്യമായും സാമ്പത്തികമായും ആരാഗ്യപരമായും കേരളത്തിന് ഇനിയും നേരിടേണ്ടി വരും. നമ്മുടെ ജാഗ്രതയുടെ വലക്കണ്ണികൾ തകർത്ത്, അതിർത്തിളിലൂടെയുള്ള അരിച്ചിറക്കങ്ങൾ(Infiltration) സംഭവിച്ചുകൊണ്ടിരിയ്ക്കുന്നുമുണ്ട്. അപ്പോൾ ഒരുപക്ഷേ വർഷങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകമാകെയും നമ്മളും നിർബന്ധിതമായേക്കാം. അത് നമ്മുടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളെ മാത്രമല്ല പരിസ്ഥിതി ബോധത്തേയും സാമൂഹ്യ സാമ്പത്തിക ഘടനകളയും വരെ പുതുക്കിപ്പണിതേയ്ക്കാം.

നാട്ടിൻ പുറത്തെ ജാനുവിന്റെ ജീവിതത്തെ പശ്ചാത്തലമാക്കി വർത്തമാന കേരളത്തിന്റെ സവിശേഷതകളിലൂടെ ഒരോട്ട പ്രദിക്ഷണം നടത്താനാണ് മുകളിൽ ശ്രമിച്ചത്. എന്നാൽ ഇതേപോലെ ഇന്ത്യയേയും ലോകത്തേയും നമുക്ക് മാനസ്സിലാക്കാനാവില്ല.

ഒരു ദിവസം 100 രൂപ പോലും വരുമാനമില്ലാത്ത 80 കോടിയിലധികം മനുഷ്യരുണ്ട് ഇന്ത്യയിൽ. ആദിവാസികൾ, ദളിതർ മറ്റ് പിന്നോക്കക്കാർ സ്ത്രീകൾ തുടങ്ങി മഹാഭൂരിപക്ഷം വരുന്ന ജനത കടുത്ത ചൂഷണത്തിനിരയാവുകയാണ്. അപ്പോഴും ആധുനികമായ തൊഴിലാളി മുതലാളി ബന്ധങ്ങളോ ശാസ്ത്രാഭിമുഖ്യമോ ഒന്നുമല്ല അവരുടെ ബോധത്തെ നിർണ്ണയിക്കുന്നത്. പകരം മധ്യകാലഘട്ടത്തിലെ ജാതിയും പ്രാകൃത ചിന്തകളും സെമിറ്റിക് മതബോധവും ഒക്കെയാണ്

കേരളത്തിലെ ഒരു ശരാശരി മനുഷ്യന് ലഭിക്കുന്ന ജനക്ഷേമ -സാമൂഹ്യക്ഷേമ - പരിരക്ഷകളുടെ പത്തിലൊന്നു പോലും ഒരു ശരാശരി ഇന്ത്യക്കാരന് ലഭിക്കുന്നുണ്ടാവില്ല. ഒരു ദിവസം പണിയക്ക് പോകാൻ കഴിഞ്ഞില്ലങ്കിൽ താനും തന്നെയാശ്രയിച്ച് കഴിയുന്ന വലിയൊരു കുടുംബവും മുഴു പട്ടിണിയിലാവുന്ന അവസ്ഥ.

ഒരു ദിവസം 100 രൂപ പോലും വരുമാനമില്ലാത്ത 80 കോടിയിലധികം മനുഷ്യരുണ്ട് ഇന്ത്യയിൽ. ആദിവാസികൾ, ദളിതർ മറ്റ് പിന്നോക്കക്കാർ സ്ത്രീകൾ തുടങ്ങി മഹാഭൂരിപക്ഷം വരുന്ന ജനത കടുത്ത ചൂഷണത്തിനിരയാവുകയാണ്.

ഈ അവസ്ഥയിൽ നമ്മുടെ സമ്പദ് വ്യവസ്ഥ തകരാതെ എങ്ങിനെ സംരക്ഷിക്കണം, പട്ടിണിയാവുന്നവർക്ക് എങ്ങിനെ ഭക്ഷണവും കുടിവെള്ളവും നൽകണം, തെരുവിലുള്ളവരെ എവിടെക്കിടത്തി ഉറക്കണം, അതിനുള്ള സമ്പത്ത് പണമുള്ളവരിൽ നിന്ന് എങ്ങിനെ വസൂലാക്കണം, എന്നൊക്കെ ചടുലമായി തീരുമാനിയ്ക്കാനാണ് നമുക്ക് സർക്കാരുകളുണ്ടാവേണ്ടത്. എന്നാൽ സമ്പത്ത് സമ്പന്നർക്കും അല്പം ജാതിയും മതവും വേണ്ടുവോളം അന്ധവിശ്വാസങ്ങളും ജനങ്ങൾക്കും എന്ന നിലയിലാണ് ഇവിടെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. പട്ടിണിയേക്കാൾ വലുതല്ല മറ്റൊരു മഹാമാരിയും. ലോക് ഡൗൺ നീട്ടുന്നതായി പ്രഖ്യാപിച്ചതോടെ ആയിരങ്ങൾ തൊഴിലും കൂലിയും ജീവിതവും ചോദിച്ച് തെരുവിലിറങ്ങുന്നതിന്, മുംബൈ ബാന്ദ്ര സാക്ഷിയായി.

ലോകത്തിന്റെ ചിത്രവും വ്യത്യസ്ഥമല്ല.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അക്കരപ്പച്ചകൾ തേടി പലായനം ചെയ്യുന്ന അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞതാണ് കഴിഞ്ഞ പതിറ്റാണ്ടുകളിലെ ലോകം. അലൻകുർദിമാരുടെ ചിത്രങ്ങളാണ് മനുഷ്യരുടെ പൂമുഖങ്ങളെ അലങ്കരിക്കുന്നത്. നമ്മുടെ കാലങ്ങളെ പ്രതിനിധീകരിക്കുന്ന സാഹിത്യവും കലയും സിനിമയുമൊക്കെ അറ്റമില്ലാത്ത പലായനങ്ങളുടെ പൊള്ളലിൽ പഴുത്തവയാണ്. അങ്ങിനെയുള്ള ഒരു ലോകത്തിലേയ്ക്കാണ് കൊറോണ വന്നത്. വരുന്ന രണ്ടോ മൂന്നോ വർഷം കൊണ്ട് ലോകത്തിന്റെ ചിത്രം ഈ മഹാമാരി പുതുക്കി വരക്കാൻ പോകുന്നത്. ലോക്ഡൗണിലൂടെ ഭയനാകമായ രീതിയിൽ വിഭവശോഷണം വന്നു കഴിഞ്ഞ ഒരു ലോകത്ത്, അവശേഷിക്കുന്ന വിഭവങ്ങൾ കയ്യടക്കാനാണ് അതിന് കരുത്തുള്ളവർ പരിശ്രമിക്കുക. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്നതാണ് മുതലാളിത്തത്തിന്റെ ലോക നീതി. ശവങ്ങളെ വിററായാലും സമ്പത്ത് വെട്ടിപ്പിടിയ്ക്കാനാണ് കോർപ്പറേറ്റ് ലോകം പരിശ്രമിക്കുക. അസമത്വം മാനംമുട്ടെ വളർന്ന ഒരു ലോക പശ്ചാത്തലത്തിൽ കൊറോണ എന്തൊക്കെ വെട്ടിത്തിരുത്തലുകൾക്ക് കാരണമാകും?

ഭക്ഷ്യോദ്പാദനത്തെ അത് ഇതിനകം തന്നെ വളരെയേറെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. രണ്ടോ മൂന്നോ മാസം ലോകം ലോക്ഡൗണിലാകുന്നതോടെ ഭക്ഷ്യധാന്യശേഖരത്തിലുണ്ടാവുന്ന കുറവ് ഭയാനകമായിരിക്കും. ധാന്യക്കമ്മി മാത്രമല്ല വിഷയം. വിതരണത്തിലെ അസമത്വം കൂടിയാണ്. മൂന്നു വർഷം ഇന്ത്യൻ ജനതയെ മൊത്തം ഊട്ടാനുള്ള ധാന്യം ഇപ്പോൾ നമ്മുടെ ധാന്യപ്പുരകളിലുണ്ട്. ലോകത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

രണ്ടോ മൂന്നോ മാസം ലോകം ലോക്ഡൗണിലാകുന്നതോടെ ഭക്ഷ്യധാന്യശേഖരത്തിലുണ്ടാവുന്ന കുറവ് ഭയാനകമായിരിക്കും. ധാന്യക്കമ്മി മാത്രമല്ല വിഷയം. വിതരണത്തിലെ അസമത്വം കൂടിയാണ്. പക്ഷേ അത് പാവങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടും എന്നതിന് ഒരുറപ്പുമില്ല. പണിയില്ലാത്തവർക്ക് സാജന്യമായാണ് അത് നൽകേണ്ടത്. അതവിടെ നിൽക്കട്ടെ. ന്യായവില ഈടാക്കിയെങ്കിലും വിതരണം ചെയ്യുമോ?

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനവിഹിതം നൽകാതെ അവരെ പ്രതിസന്ധിയിലാക്കുകയാണ് 'ദി പ്രസിഡണ്ട്' ഡൊണാൾഡ് ട്രംപ്. ലോക്ഡൗൺ പിൻവലിയ്ക്കാൻ ഫെഡറൽ ഭരണാധികാരികളിൽ സമ്മർദ്ദം ചെലുത്തുകയാണദ്ദേഹം. ഇതൊരു സാധാരണജലദോഷപ്പനി മാത്രം; അടച്ചു പൂട്ടൽ സാദ്ധ്യമല്ല എന്ന നിലപാടെടുത്ത ബ്രിട്ടനിലെ ബോറീസ് ജോൺസണും സ്വന്തം ആരോഗ്യ മന്ത്രിയെ പുറത്താക്കിക്കൊണ്ട് കൊറോണ പരിരക്ഷകൾ അനാവശ്യമാണ്; ഉല്പാദനം മുടങ്ങാതെ നോക്കുകയാണ് വേണ്ടത് എന്ന് വിളിച്ചു കൂവുന്ന ബ്രസീലിലെ ജെയർ ബോൾസനാരോയും പാട്ടകൊട്ടിയും വിളക്കണച്ചും ഗോമൂത്രം വിതരണം ചെയ്തുമൊക്കെ ഇന്ത്യക്കാരെ രക്ഷിക്കാനിറങ്ങിയ നരേന്ദ്ര മോദിയുമൊക്കെയാണ് പുതിയ കാലത്തെ ലോകനേതാക്കൾ എന്നത് മറക്കരുത്. പിന്നെ യാരാണ് ലോകത്തെ മുന്നോട്ട് നയിക്കാൻ പോകുന്നത്? ചൈനീസ് രാഷ്ട്രത്തലവൻ സീ ജിംഗ്പിംഗ് ആണോ? അവിടെ വ്യക്തിഗത ഉടമസ്ഥതയും കോർപ്പറേറ്റുകളുമില്ല. അത്രത്തോളം നല്ലത്. പക്ഷേ ജനാധിപത്യം ഒട്ടുമില്ലാത്ത സ്‌റേററ്റ് ക്യാപ്പിറ്റലിസത്തിന്റെ ഒരടഞ്ഞ വ്യവസ്ഥ ലോകത്തിന് പ്രതീക്ഷയുടെ വഴികൾ തുറക്കുമോ?


എൻ. വി. ബാലകൃഷ്ണൻ

എഴുത്തുകാരൻ. 'മതം ലൈംഗികത മൂലധനം പരിസ്ഥിതി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments