ലുഡ്‌വിഗ് വിത്ഗിൻസ്റ്റെയ്ൻ (Ludwig Wittgenstein) ഒരിക്കൽ പറഞ്ഞു; ഗൗരവമുള്ള, മെച്ചപ്പെട്ട ഒരു ദാർശനിക ഗ്രന്ഥം തമാശകൾ കൊണ്ടു മാത്രം എഴുതാവുന്നതാണ്. (‘A serious and good philosophical work could be written consisting entirely of jokes.’) അതാണ് തമാശകളുടെ ശക്തി. ഒരുതലത്തിൽ സമൂഹത്തിന്റെയും മനുഷ്യരുടെയും കോട്ടങ്ങളെയും കാഴ്ചപ്പാടിലെ വൈരുധ്യങ്ങളെയും നമ്മെ കാട്ടിത്തരാൻ തമാശകൾക്ക് കഴിയും; ഇരുത്തിച്ചിന്തിപ്പിക്കാനും. ഒരു നിമിഷം കൊണ്ട് കേട്ട് തള്ളിക്കളയുന്ന തമാശകളിലേയ്ക്ക് തിരിച്ചുവന്നാൽ നമുക്ക് കിട്ടുന്ന അനുഭവം ഇതാണെന്നു കാണാം. മലയാള സിനിമാഗാനങ്ങൾ സത്യത്തിൽ ഇത്തരം തമാശപ്പാട്ടുകളുടെ സ്വർണഖനിയാണെന്ന് പറയാം. ആദ്യകാല സിനിമയായ നീലക്കുയിൽ തൊട്ടിങ്ങോട്ട് നൂറുകണക്കിന് പാട്ടുകളാണ് നമുക്കുള്ളത്.
അവയിൽ വയലാർ രചിച്ച രണ്ടുഗാനങ്ങളെടുക്കാം. രണ്ടും തമാശപ്പാട്ടുകൾ; അങ്ങെനെതന്നെ കേട്ടുമറന്നവ. ആദ്യത്തേത് 1968- ൽ റിലീസ് ചെയ്ത 'തിരിച്ചടി', രണ്ടാമത്തേത് 1972-ൽ പുറത്തുവന്ന 'പോസ്റ്റുമാനെ കാണ്മാനില്ല’.
തിരിച്ചടിയിലെ ‘കടുകോളം തീയുണ്ടെങ്കിൽ...' എന്ന പാട്ടിന്റെ രചന വയലാറും സംഗീതം ആർ. സുദർശനവുമാണ്.
ആദ്യവരികൾ ഇങ്ങനെ:
'കടുകോളം തീയുണ്ടെങ്കിൽ
കുളിരും മഞ്ഞും കുടവെട്ടപ്പാടകലേ
കഞ്ചാവൊരു പുകയുണ്ടെങ്കിൽ
ഹൃദയവും ബുദ്ധിയും അഞ്ചര -
നാഴികയകലേ - അകലേ - അകലേ...'
'ഹൃദയമെന്നളിയനിനി പറഞ്ഞാൽ
ഇവിടെക്കിടന്നു ഞാൻ കരയും
കൈയ്യിലൊരെണ്ണമുണ്ടായിരുന്നത്
കാലത്തെണീറ്റപ്പം കണ്ടില്ലാ
കണ്ടില്ലാ - കണ്ടില്ലാ - കണ്ടില്ലാ..'
വരികൾ ശ്രദ്ധിച്ചാൽ ഒരുകാര്യം വ്യക്തമാകും. അതിൽ ചില നാട്ടുപ്രയോഗങ്ങൾ ഒളിഞ്ഞിരിക്കുന്നു. 'കടുകോളം തീ', 'കുളിരും മഞ്ഞും', 'കുടവട്ടം', 'ഒരു പുക', എന്നിവ പഴയകാല ഗ്രാമ്യഭാഷയെ ഓർമിപ്പിക്കുന്നു.
അറുപതുകളിലെ
ദരിദ്ര കേരളം
അറുപതുകളിലെ ജനജീവിതം മനസ്സിലാക്കിയാൽ മാത്രമേ ഈ പദപ്രയോഗങ്ങളുടെ സാംസ്കാരിക ചുറ്റുപാടുകൾ വെളിവാകൂ. അക്കാലം ശരിക്കും ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. അത് വിളിച്ചുപറയുന്ന പ്രയോഗങ്ങളാണിവ. തീ പുകയാത്ത കുടിലുകൾ വിരളമായിരുന്നില്ല. ഒന്നുരണ്ടുനാൾ തീകൂട്ടാനായില്ലെങ്കിൽ അടുപ്പിലെ തീ കെട്ടുപോകും. പിന്നീട് തീയുണ്ടാക്കണമെങ്കിൽ തീ കടം വാങ്ങേണ്ടിവരും; അപ്പോൾ കടുകോളം തീ ഒരുണങ്ങിയ തൊണ്ടിനുള്ളിൽ വാങ്ങി പുതുതായി തീയൂയർത്താൻ കഴിയും. കൃഷിയിടങ്ങളിൽ തൊപ്പിക്കുട ചൂടി കൃഷി തൊഴിലാളികൾ പോകുന്നതും കാണാനാകുമായിരുന്നു. തണുപ്പുമാസങ്ങളിൽ രാത്രി തൊഴിലിടങ്ങളിൽ പോകേണ്ടിവരുന്നവർക്ക് കുളിരും മഞ്ഞും ഒന്നിച്ചനുഭവവേദ്യമായിരുന്നു. കുളിരും മഞ്ഞും കുടിലുകളിലും പുറം ഇടങ്ങളിലും ഉണ്ടാകുന്ന അനുഭവമാണ്. ഈ കുളിരിനെയും മഞ്ഞിനെയും ഒരു തൊപ്പിക്കുടയകാലത്തിൽ നിർത്താൻ കടുകോളം തീ തെളിച്ചത് മതി. ഒരു കാലഘട്ടത്തിലെ സാമൂഹിക ജീവിതാനുഭവം നമ്മെ ഓർമ്മിപ്പിക്കാൻ പാട്ടിന്റെ ആദ്യവരികൾക്ക് കഴിയുന്നു. ഇന്നുനാം പാട്ടുകേൾക്കുമ്പോൾ അറുപതുകളിലൂടെ കടന്നുപോയ ചരിത്രം നമ്മെ ഓർമിപ്പിക്കും.
നാമിന്നത് ഓർക്കുന്നില്ലായിരിക്കും.
അറുപതുകളിലെ ജനജീവിതം തീർത്തും കഷ്ടപ്പാടുകളുടെ കാലമായിരുന്നു. അക്കാലത്തെ കണക്കുകൾ ഇക്കഥ പറഞ്ഞുതരും.
ഡ്രഗ്‌സിനെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ആധുനിക കാലത്ത് ബലപ്രയോഗം, കനത്ത ശിക്ഷ എന്നിവ ഫലപ്രദമാവണമെന്നില്ല. ശരിയായ തീരുമാനങ്ങളെടുക്കാൻ കൗമാരക്കാരെ സജ്ജമാക്കുകയാണ് കൂടുതൽ ഫലപ്രദം.
കേരളം 1960- ൽ ഇന്ത്യയിലെ ദരിദ്ര സംസ്ഥാനമായിരുന്നു. ജനസംഖ്യയിൽ 67% ദാരിദ്ര്യ രേഖയ്ക്ക് കീഴെ. മൂന്നിൽ ഒരു കുടുംബത്തിന്റെ പ്രതിശീർഷ വരുമാനം എട്ട് രൂപയിൽ താഴെയും. ദണ്ഡേക്കർ, റാഥ് (Dandekar and Rath) എന്നീ ഗവേഷകരുടെ അഭിപ്രായത്തിൽ 91% പട്ടണവാസികൾക്കും 89% ഗ്രാമവാസികൾക്കും വേണ്ടത്ര ഭക്ഷണം വാങ്ങാൻ കഴിയുമായിരുന്നില്ല. സാക്ഷരത 47% ആയിരുന്നു. അക്കാലത്തെ സിനിമകളും പാട്ടുകളും ആസ്വദിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇങ്ങനൊരു കാലം ഉണ്ടായിരുന്നെന്നോ ഇത്തരം ചരിത്രവഴികളിലൂടെയാണ് നാം ഇന്നത്തെ വികസനം കൈവരിച്ചതെന്നോ വിശ്വസിക്കാൻ പോലും പ്രയാസമാകും. ഒരുപക്ഷെ നമ്മുടെ പഴയ പാട്ടുകളാവും ചരിത്രബോധം നല്കാൻ സഹായിക്കുക.
അറുപതുകളിൽ സാധാരണക്കാരുടെ ഗ്രാമ്യഭാഷയിൽ കേട്ടിരുന്ന പദങ്ങളായിരുന്നു, 'കടുകോളം തീ', 'കുളിരും മഞ്ഞും', 'കുടവട്ടപ്പാട്' എന്നിവ. അക്കാലത്തെ ജീവിതാനുഭവങ്ങളെ വിവരിക്കുന്ന മൂന്ന് പദങ്ങൾ. തീയണഞ്ഞ അടുക്കളയിൽ തീപൂട്ടണമെങ്കിൽ കടുകോളം തീ അടുത്തവീട്ടിൽ നിന്ന് വാങ്ങേണ്ടിവരും. വിദ്യുച്ഛക്തി ആഡംബരമായിരുന്ന കാലത്ത് തീ കായുകയല്ലാതെ കുളിരിനെയും മഞ്ഞിനേയും അകറ്റിനിർത്താൻ മറ്റെന്തുവഴി? ഒരു കുടയുടെ വ്യാസം സമ്മാനിക്കുന്നതെത്രയോ അത്രയുമിടമാണ് കുടവട്ടം. തൊപ്പിക്കുട ചൂടി പണിക്കുപോകുന്നവർക്ക് അതിന്റെ ഉദാരത നന്നേ മനസ്സിലാകും. തമാശയെന്ന് തോന്നിപ്പിക്കുന്ന മൂന്ന് പദങ്ങൾ കോർത്തിണക്കി യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുകയാണ് വയലാർ ചെയ്തത്.
എന്നാൽ പാട്ടിന്റെ കാതൽ ഇതുമാത്രമല്ല. പാട്ട് വന്നത് 1968 - ലായിരുന്നെന്ന് സൂചിപ്പിച്ചല്ലോ. അവിടെനിന്ന് ഭാവിയിലേയ്ക്ക് നോക്കുന്ന പാട്ടാണിത് എന്നുകൂടി വായിക്കുമ്പോഴാണ് ‘വയലാർ ക്രാഫ്റ്റി’ന്റെ അതിശയം നാമനുഭവിക്കുന്നത്.

വിമതത്വവും നിഷേധവും
നോർമൽ
അറുപതുകളുടെ അവസാനകാലം സാഹിത്യം, സിനിമ, സംസ്കാരം, രാഷ്ട്രീയം എന്നിവയിൽ സമൂലമായ മാറ്റങ്ങൾ വന്നിരുന്നു. വിദ്യാർത്ഥിരാഷ്ട്രീയം തിളച്ചുമറിയുകയായിരുന്നു; കാമ്പസുകളിലെ കാല്പനികത അല്പംകൂടി രൂക്ഷമായിവന്നു. കേരളത്തിലും ഇന്ത്യയിലും ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല മാറ്റങ്ങൾ. രണ്ടാം ലോകയുദ്ധത്തിനുശേഷമുണ്ടായ ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും യുവാക്കളെ സാരമായി ബാധിച്ചുവെന്ന് കാണാം. അവർ പ്രതിരോധം തീർത്തത് നാശോന്മുഖമായ ചിന്തകളിലൂടെ ആയിരുന്നു. അധികാരികളും ചെറുപ്പക്കാരും തമ്മിൽ പലേടത്തും ചെറുതും വലുതുമായ ഏറ്റുമുട്ടലും സാധാരണമായി. ചെറുപ്പക്കാരുടെ സർഗ്ഗശക്തിയെ ഉത്തേജിപ്പിക്കാനും ഇതിന് കഴിഞ്ഞു. കവിത, നാടകം, നോവൽ എന്നിവയിലൂടെ അരാജകത്വം ഒരു സാംസ്കാരിക ചിഹ്നമായി വികസിപ്പിച്ച കൃതികൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. സമൂഹത്തെ നിശിതമായി വിമർശിക്കുകയും തങ്ങളുടെ അവസ്ഥയ്ക്ക് സമൂഹത്തെ കുറ്റാരോപിതമായി നിർത്തുകയും ചെയ്യുക എന്നത് സാംസ്കാരിക ദൗത്യമായി ഏറ്റെടുത്തായി നമുക്ക് തോന്നും. ഇതിന്റെ പ്രതിഫലനം ഓരോ നാട്ടിലും ഓരോ രീതിയിൽ വികസിക്കുകയും ചെയ്തു.
സംഗീതത്തിൽ നടന്ന പരീക്ഷണങ്ങൾക്ക് പ്രതിസംസ്കാരത്തിൽ വലിയ സ്ഥാനമുണ്ട്. നാടോടി സംഗീതം, റോക്ക്, ജാസ്സ്, തുടങ്ങി അനവധി പരീക്ഷണങ്ങൾ സംഗീതത്തിലുണ്ടായി. സൈക്കഡലിയ, പോപ്പ് റോക്ക്, ഫങ്ക് റോക്ക് എന്നിവ ഹിപ്പിക് കാലഘട്ടത്തിന്റെ സംഭാവനയാണ്.
അമേരിക്കയിൽ ബീറ്റ് ജനറേഷൻ (Beat generation) എന്നറിയപ്പെടുന്ന സാമൂഹികവിപ്ലവം സമൂലമാറ്റങ്ങളെ സൂചിപ്പിക്കുന്നു. കവിയായ അലൻ ജിൻസ്ബെർഗ് (Allen Ginsberg), നോവലിസ്റ്റ് ജാക്ക് കെറുആക് (Jack Kerouac) എന്നിവർ പ്രസിദ്ധരും വിവാദമനുഷ്യരുമായി. മുഖ്യധാരയിൽ നിന്ന് പുറംതള്ളപ്പെട്ട മനുഷ്യരുടെ ഉന്മാദരോദനമായി 'നിലവിളി' (The Howl, 1956) എന്ന കവിത പ്രസിദ്ധമായി. 'പാതകളിലൂടെ' (On the Road, 1957) എന്ന നോവൽ അമേരിക്കയുടെ ചെറുപ്പക്കാർ നടത്തുന്ന സമാന്തര ജീവിതത്തെ പ്രഘോഷിക്കുന്നു. ഇതിൽ സംഗീതം (ജാസ്, jazz), കവിത, പാട്ട്, മയക്കുമരുന്നുകൾ എല്ലാം ചേർത്ത് സംഘർഷഭരിതമായ അനുഭവകാലത്ത് ജീവിതത്തെ ആഘോഷമാക്കി മാറ്റുകയാണ് ലക്‌ഷ്യം.
ഇരുപതാം നൂറ്റാണ്ടിലെ ലോകകവിത എന്ന് വിശേഷിക്കപ്പെട്ട 'നിലവിളി' (Howl) ക്ഷുഭിത യൗവ്വനത്തിന്റെ അലർച്ചയായി വായിക്കാം. ഒത്തിരി വിവാദങ്ങൾക്കത് കാരണമായി; നാടാകെ വാഴ്ത്തപ്പെട്ടു. യുദ്ധാനന്തര അമേരിക്കൻ സമൂഹത്തിന്റെ മർദ്ദനമുറകൾ, അടിച്ചമർത്തലുകൾ, എന്നിവ സമൂഹത്തോടകന്നുനിൽക്കുന്ന കലാകാരരെയും ചിന്തകരെയും ലക്ഷ്യമിടുന്നു. സമൂഹമാകട്ടെ, പഴമയുടെ മുൻവിധികളാൽ ചുറ്റപ്പെട്ട് അത്യാഗ്രഹവും അക്രമസ്വഭാവവുമായി ചലനശേഷി നഷ്ട്ടപ്പെട്ട് കഴിയുന്നു. ജിൻസ്ബെർഗ് അന്നത്തെ സമൂഹത്തിൽ ഭ്രാന്ത് കല്പിക്കപ്പെട്ട വിമതരും നിഷേധികളും മാത്രമാണ് 'നോർമൽ' എന്ന് വിളിക്കാവുന്നത്.

അമ്പതുകളിൽ അംഗീകരിക്കപ്പെടാൻ ഇടയില്ലാത്ത ശ്ലീലാശ്ലീല വരമ്പുകളെ അതിലംഘിക്കുന്ന പ്രയോഗങ്ങളും മെറ്റഫറുകളും നിറഞ്ഞതാണ് കവിതയുടെ ഘടന. ഏതാനും വരികൾ വായിച്ചാൽ എത്ര ശക്തമായാണ് രചന നിർവഹിച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും:
“I saw the best minds of my generation destroyed by madness, starving hysterical naked,
dragging themselves through the negro streets at dawn looking for an angry fix,
angelheaded hipsters burning for the ancient heavenly connection to the starry dynamo
in the machinery of night,
who poverty and tatters and hollow-eyed
and high sat up smoking in the supernatural darkness of cold-water flats floating across the tops of cities contemplating jazz…,
“Visions! omens! hallucinations!
miracles ecstasies!
gone down the American river…
Dreams! adorations! illuminations! religions!
the whole boatload of sensitive bullshit!
Breakthroughs! over the river!
flips and crucifixions!
gone down the flood! Highs! Epiphanies! Despairs! Ten years’ animal screams and suicides! Minds! New loves! Mad generation!
down on the rocks of Time”
ഹിപ്പി എന്ന പ്രതിസംസ്കാരം
അമ്പതുകളിലെ ബീറ്റ് ജനറേഷൻ അറുപതുകളിലെ ഹിപ്പി പ്രസ്ഥാനത്തിന് രൂപം നൽകി; അതായത് ഹിപ്പി പ്രസ്ഥാനത്തിൽ കാണുന്ന ചിഹ്നങ്ങൾ ബീറ്റ് ജനറേഷൻ പിന്തുടർന്നതും അരാജകത്വം നിറഞ്ഞ തങ്ങളുടെ ജീവിത ദർശനത്തിൽ ഉൾപ്പെടുത്തപ്പെട്ടതും ആയിരുന്നു. ബീറ്റ് ജനറേഷൻ തുടങ്ങിവെച്ച പ്രതിസംസ്കാരം (counterculture) സ്ഥാപിച്ചെടുക്കാൻ ഹിപ്പിപ്രസ്ഥാനത്തിന് അതിവേഗം കഴിഞ്ഞു. മുഖ്യധാരയിൽ നിന്ന് പുറംതള്ളപ്പെട്ട ചെറുപ്പക്കാരുടെ വിലാപമാണ് ബീറ്റ് കവി ജിൻസ്ബെർഗ് ആവിഷ്കരിച്ചതെങ്കിൽ ഹിപ്പികളുടെ പ്രതിസംസ്കാരമാകട്ടെ, മുഖ്യധാരാ മൂല്യസങ്കല്പങ്ങളെ അമ്പേ തള്ളിക്കളയുകയാണ് ചെയ്യുന്നത്. സാമൂഹിക ഘടനയും സ്ഥാപനങ്ങളും അവയുല്പാദിപ്പിക്കുന്ന സാമൂഹികനിയമങ്ങളും ചട്ടക്കൂടുകളും അവർ ഉപേക്ഷിക്കുന്നു. ലോകസമാധാനം, സാഹോദര്യം, സ്നേഹം, പ്രണയം, ആത്മീയത, സൗഹൃദ ജീവിതം എന്നിവ പകരം വയ്ക്കാനാണ് ഉദ്യമം. യുദ്ധരഹിത ലോകത്തെ സ്വപ്നം കാണുന്ന ഹിപ്പി സംസ്കാരത്തിന് ഏതുരീതിയിലുമുള്ള അടിച്ചമർത്തലും പീഡനവും അംഗീകരിക്കാനാവില്ല.
സ്വതന്ത്ര ലൈംഗികതയും ജീവിതവും ഹിപ്പി പ്രതിസംസ്കാരത്തിലേയ്ക്ക് എത്തിയതോടെ ലഹരി മരുന്നുകളേയും കൂട്ടുജീവിതത്തെയും സ്വാഗതം ചെയ്യപ്പെട്ടു. കൂടുതലും മിഡിൽ ക്ലാസ് സമൂഹവുമായാണ് ഹിപ്പികൾക്ക് സംഘർഷമുണ്ടായത്.
യുദ്ധരാഹിത്യം എളുപ്പത്തിൽ ആക്രമണവിരുദ്ധതയും സസ്യാഹാരാഭിമുഖ്യവും ഹോളിസ്റ്റിക് വൈദ്യശാസ്ത്രവും എന്നിവയിലേയ്ക്ക് കടന്നു. അല്ലെങ്കിൽ ഇതെല്ലാം ഹിപ്പികളുടെ സംഭാവനയാണെന്ന് തോന്നിപ്പിക്കുന്നുണ്ടാവും. വിചിത്രമായ നിറങ്ങളും കീറിയ വസ്ത്രങ്ങളും ബെൽ-ബോട്ടം പാന്റുകളും യുദ്ധവിരുദ്ധതയുടെ അടയാളമാക്കി. പ്രണയവും ലൈംഗികതയുമാണ് ഹിപ്പി പ്രസ്ഥാനത്തിന്റെ ശ്രദ്ധപതിഞ്ഞിരുന്ന മറ്റൊരു വിഷയം. സാമൂഹിക ചട്ടക്കൂടുകളാൽ നിയന്ത്രിതമായ ദീർഘകാല പ്രണയമല്ല, അയഞ്ഞ പ്രതിബദ്ധതയുടെ സ്വാതന്ത്ര്യം നൽകുന്ന പ്രണയ ലൈംഗിക കൂട്ടായ്മകളാണ് അഭിമതമായതെന്നും അവർ കരുതി. അത്തരം ചിന്തകളിൽ ചില പുതുമകളും ഇല്ലാതില്ല. ലൈംഗികതയോടുള്ള പരമ്പരാഗത നിലപാടുകളെ തള്ളിക്കളയാൻ അവർക്ക് കഴിഞ്ഞു; ഒപ്പം സാമ്പ്രദായികമായ ജൻഡർ റോളുകളും (gender role) വർജ്യമായി.

സ്വതന്ത്ര ലൈംഗികതയും ജീവിതവും ഹിപ്പി പ്രതിസംസ്കാരത്തിലേയ്ക്ക് എത്തിയതോടെ ലഹരി മരുന്നുകളേയും കൂട്ടുജീവിതത്തെയും സ്വാഗതം ചെയ്യപ്പെട്ടു. സഹകരണാടിസ്ഥാനത്തിൽ പങ്കാളികളായി ജീവിക്കുന്ന കമ്മ്യൂണുകൾ അവർ സ്ഥാപിച്ചു; ഇത്തരം ജീവിതം വ്യക്തമായ സാമൂഹിക ഘടനകളോടെ ജീവിക്കുന്ന മുഖ്യധാരാ സമൂഹത്തെ ചൊടിപ്പിച്ചിരിക്കണം. കൂടുതലും മിഡിൽ ക്ലാസ് സമൂഹവുമായാണ് ഹിപ്പികൾക്ക് സംഘർഷമുണ്ടായത്. കർശനമായ ചട്ടക്കൂടുകളിൽ ജീവിക്കുന്നവർ ഏതു സമൂഹത്തിലും മധ്യവർത്തികൾ ആയിരിക്കുമല്ലോ. സംഘർഷങ്ങൾ ആത്മീയതയിലേയ്ക്കവരെ നയിച്ചു. അവിടെയുണ്ടായിരുന്ന ക്രിസ്തുമതത്തെ ഉപേക്ഷിച്ചുകൊണ്ട് കൂടുതൽ കാല്പനികാനുഭവങ്ങൾ നൽകുന്ന പൗരസ്ത്യ മതങ്ങളിൽ അഭയംകണ്ടു തങ്ങളുടെ പ്രയാണം തുടങ്ങി. ഇന്ത്യ, ചൈന (ടിബറ്റ്), നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ വിമോചനത്തിന്റെ പുതിയ ലക്ഷ്യങ്ങളായി മാറി. മതത്തോടൊപ്പം അന്തർബോധത്തിന്റെയും പ്രജ്ഞയുടെയും അനുഭവങ്ങൾ വികസിപ്പിക്കാൻ പുതിയ മയക്കുമരുന്നുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. മാറൂആന (marijuana), എൽ എസ് ഡി (LSD) എന്നിവ പ്രചാരത്തിലെത്തുന്നത് ഇക്കാലത്താണ്.
പുതിയയിനം ലഹരികൾ ഒരുതരം മസ്തിഷ്‌ക യാത്രാനുഭൂതി (head trips) ഉളവാക്കാൻ ഉതകുമെന്നവർ കണ്ടെത്തി. ഇത് പ്രജ്ഞയുടെ വ്യാപ്തി വർധിപ്പിച്ച് തങ്ങളുടെ ചേതനയിൽ പുതിയ ഭാവുകത്വം സൃഷ്ടിക്കാമെന്നവർ കരുതി. ഈ അനുഭവങ്ങളാവണം പിൽക്കാലത്ത് പ്രസിദ്ധി നേടിയ ഹിപ്പി കാല്പാടുകൾ (hippie trail) രൂപപ്പെടാൻ കാരണമായത്. അമേരിക്കയിൽ നിന്നാരംഭിച്ച് പടിഞ്ഞാറൻ യൂറോപ്പ്, യുഗോസ്ലാവിയ, ബൾഗേറിയ, ഗ്രീസ്, തുർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ, നേപ്പാൾ ഇങ്ങനെയാണ് പ്രധാന ഹിപ്പി പാത പോയത്. ഇന്ത്യയിലെത്തിയവർ പ്രബോധോദയം മാത്രമല്ല, സാഹസികതയും വിചിത്രാനുഭവങ്ങളും തേടിയിരുന്നു.
ഡൽഹി, കാശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സ്ഥലങ്ങൾ ഹിപ്പികളുടെ ആദ്യകാല താല്പര്യങ്ങളായിരുന്നു. ക്രമേണ ഗോവ, കർണാടക, വഴി കേരളത്തിലും എത്തുകയുണ്ടായി. ഗോവയുടെ അത്രയും ആകർഷകമായിരുന്നില്ല കേരളമെങ്കിലും മെല്ലെ, കോവളം ഹിപ്പി സംസ്കാരത്തിന്റെ അടയാളമായിമാറി.
ബോബ് ഡിലൻ, ബീറ്റിൽസ്…
സംഗീതത്തിൽ നടന്ന പരീക്ഷണങ്ങൾക്ക് പ്രതിസംസ്കാരത്തിൽ വലിയ സ്ഥാനമുണ്ട്. നാടോടി സംഗീതം, റോക്ക്, ജാസ്സ്, തുടങ്ങി അനവധി പരീക്ഷണങ്ങൾ സംഗീതത്തിലുണ്ടായി. സൈക്കഡലിയ, പോപ്പ് റോക്ക്, ഫങ്ക് റോക്ക് (Psychedelia, pop rock, funk rock) എന്നിവ ഹിപ്പിക് കാലഘട്ടത്തിന്റെ സംഭാവനയാണ്. പിൽക്കാലത്ത് നോബൽ സമ്മാനം ലഭിച്ച ബോബ് ഡിലൻ (Bob Dylan) പ്രതിസംസ്കാരവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ബീറ്റിൽസ് (Beatles), കൃത്യമായി പറഞ്ഞാൽ ഹിപ്പി ബാൻഡ് ആയിരുന്നില്ല. പക്ഷെ അറുപതുകളിൽ പ്രതിസംസ്കാരത്തിന്റെ വക്താക്കളായി എക്കാലവും അറിയപ്പെട്ടിരുന്നു. വിഭ്രമോത്തേജക (psychedelic) ഉപസംസ്കാരം പിന്തുടർന്ന് വ്യത്യസ്ത ജീവിതശൈലി പിന്തുടരുന്നവർക്ക് ഒപ്പം നിന്നിരുന്നു. ജിമി ഹെൻഡ്രിക്സ് (Jimi Hendrix) ശബ്ദഘോഷം കൊണ്ട് മാസ്മരികത സൃഷ്ടിച്ചിരുന്നു. സൈക്കഡലിക് കാലഘട്ടത്തിലെ നിറസാന്നിധ്യമായി ബാൻഡ് ഓർമയിൽ വരും. ഹെൻഡ്രിക്സ് സൃഷ്ടിച്ച രണ്ടാം ആൽബം വിവാദത്തിൽ ('Axis: Bold as Love') പെട്ടു. ആൽബം പുറത്തുവന്നത് ഇന്ത്യൻ ദേവതകളെ ഹാസ്യാത്മകമായി ചിത്രീകരിച്ചാണ്.
"ചിന്തിക്കുന്ന കേരളത്തിൽ" അറുപതുകൾ ചിന്തയുടെ ബഹുസ്വരത ശക്തിപ്പെടുത്തി. കുടുംബബന്ധങ്ങളിലെ മാറ്റം, കാമ്പസ് രാഷ്ട്രീയം, ഇടതുപക്ഷ ദർശനം, യുക്തിവാദം, പ്രബലമായ മുൻകാല ചിന്തകളുടെ പുനരാഖ്യാനം എന്നിങ്ങനെ അനവധി സാധ്യതകളാണ് കാലം തുറന്നുവെച്ചത്.
കേരളത്തിന്റെ
ഹിപ്പി ലൈഫ്
തിരിച്ചടി എന്ന സിനിമയിലെ (1968) വയലാർ ഗാനത്തിന്റെ പശ്ചാത്തലം ഇങ്ങനെയൊക്കെയായിരുന്നു ഏറെക്കുറെ. ഭാഷയ്ക്ക് ഹിപ്പി എന്ന പുതിയ പദം ലഭിച്ചു; ജനങ്ങൾ ഹിപ്പി സംസ്കാരത്തെ കുറേശെ മനസ്സിലാക്കിത്തുടങ്ങി. വിചിത്ര നിറങ്ങളും, ബെൽ-ബോട്ടം പാൻറ്റ്സും, കഞ്ചാവും മറ്റു ലഹരിമരുന്നുകളും ചെറുപ്പക്കാരുടെ സാമൂഹികജീവിതത്തിൽ അങ്ങനെ സാന്നിധ്യമറിയിച്ചു. പ്രണയത്തോടൊപ്പം നിർവികാരതയും, കൂട്ടായ്‌മയ്‌ക്കൊപ്പം അരക്ഷിതത്വവും, സാഹസികതയ്‌ക്കൊപ്പം ലഹരിമരുന്നുകളും കൗമാരക്കാരുടേയും യുവാക്കളുടെയും ജീവിതങ്ങളിൽ കാണപ്പെട്ടു. പട്ടണങ്ങളിൽ കോളേജ് ജീവിതങ്ങൾ കലുഷിതമായി. വയലാർ ഗാനം ചരിത്രപരമായ മുഹൂർത്തം അടയാളപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഈ വരികൾ നോക്കാം:
"കഞ്ചാവൊരു പുകയുണ്ടെങ്കിൽ
ഹൃദയവും ബുദ്ധിയും
അഞ്ചര - നാഴികയകലേ - അകലേ..."
അല്പം തീയുണ്ടെങ്കിൽ കുളിരേയും മഞ്ഞിനേയും അകത്തിനിർത്താൻ പാട്ടും പോലെ, കഞ്ചാവ് പുകയ്ക്ക് ഹൃദയത്തെയും ബുദ്ധിയെയും അകലത്തേയ്ക്ക് തള്ളിമാറ്റാം. കേരളത്തിന്റെ അറുപതുകളിൽ ഉടലെടുത്ത ആധുനിക ആശയമാണിത്. തുടർന്നുവരുന്ന വരികൾ ഇതേ ആശയത്തിനെ പുഷ്ടിപ്പെടുത്തുന്നതും കാണാം.
‘‘ഹൃദയമെന്നളിയനിനി പറഞ്ഞാൽ
ഇവിടെക്കിടന്നു ഞാൻ കരയും
കൈയ്യിലൊരെണ്ണമുണ്ടായിരുന്നത്
കാലത്തെണീറ്റപ്പം കണ്ടില്ലാ
കണ്ടില്ലാ - കണ്ടില്ലാ - കണ്ടില്ലാ’’.
ഹിപ്പിജീവിതം കേരളസമൂഹത്തിൽ എത്തുന്ന കാലഘട്ടമാണ് വയലാർ സൂചിപ്പിക്കുന്നത്. തമാശയായി, അതിലേറെ അസംബന്ധമായി (absurd) മാറ്റത്തെ അവതരിപ്പിക്കുന്നു: അസംബന്ധം, ഏകാന്തത (loneliness), അന്യവത്കരണം (existentialism), എന്നിവ അറുപതുകളിലെ സാമൂഹിക മാറ്റങ്ങളുടെ ചാലകശക്തിയി മാറിയ ചിന്തകളിൽ ഇടം നേടിയിരുന്നു.
"ചിന്തിക്കുന്ന കേരളത്തിൽ" അറുപതുകൾ ചിന്തയുടെ ബഹുസ്വരത ശക്തിപ്പെടുത്തി. കുടുംബബന്ധങ്ങളിലെ മാറ്റം, കാമ്പസ് രാഷ്ട്രീയം, ഇടതുപക്ഷ ദർശനം, യുക്തിവാദം, പ്രബലമായ മുൻകാല ചിന്തകളുടെ പുനരാഖ്യാനം എന്നിങ്ങനെ അനവധി സാധ്യതകളാണ് കാലം തുറന്നുവെച്ചത്. അതിലേയ്ക്ക് ഹിപ്പി പ്രതിസംസ്കാരവുമായി യുവാക്കൾ സാന്നിധ്യമറിയിച്ചപ്പോൾ അന്നത്തെ മുതിർന്നവർക്ക് തോന്നുന്ന വികാരമാണ് വയലാർ പാട്ടിലൂടെ അവതരിപ്പിച്ചത്. യുവാക്കളിലെ ഹിപ്പിജീവിതത്തെ കണ്ടിരുന്നത് സാമൂഹിക കാരിക്കേച്ചറായി (caricature) മാത്രമാണ്.

അസംബന്ധ ദർശനത്തിന്റെ സാമൂഹിക സാധ്യത അന്വേഷിച്ച ആദ്യ കൃതി ഒരുപക്ഷെ സി.ജെ. തോമസ് രചിച്ച 1128- ൽ ക്രൈം 27 (1954) എന്ന നാടകമായിരിക്കും. പലവിധ പുനർവായനകൾക്കും മെറ്ററീഡിങ്ങിനും സാധ്യത നൽകുന്ന നാടകമാണിത്. കുട്ടികൃഷ്ണമാരാർ ഇതേക്കുറിച്ച് 1957- ൽ തന്നെ ഇങ്ങനെ പറഞ്ഞുവെച്ചു: ‘‘നാം തങ്ങിനിൽക്കുന്ന ജീവിതപ്രമാണങ്ങളുടെ അടിയിലുള്ള മൗഢ്യങ്ങളേയും വൈരുധ്യങ്ങളേയും കാപട്യങ്ങളേയും ചിരി വരാൻ തക്കവണ്ണം വലുതാക്കിക്കാണിക്കുന്ന വകുപ്പിൽപ്പെട്ടത് - തീർച്ചയായും അത്തരം ഹാസ്യസാഹിത്യം ഒരു ഭാഷയിലും സുലഭമാവുക വയ്യ’’.
കഞ്ചാവ്, എൽ എസ് ഡി എന്നിവ കടന്നുവരുന്നതും അവ യുവാക്കളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നതും ഒരു ചരിത്രകാരന്റെ ദൃഷ്ടിയിലൂടെ വയലാർ അദ്ദേഹത്തിന്റെ പാട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അന്നത്തെ യുവാക്കൾ ഇന്നത്തെ മുതിർന്ന പൗരരാണ് എന്ന് നാം മറക്കരുത്.
വീണ്ടുമൊരിക്കൽ കൂടി ഹിപ്പികളെക്കുറിച്ച് വയലാർ പാട്ടെഴുതി.
പോസ്റ്റുമാനെ കാണ്മാനില്ല എന്ന സിനിമയിൽ "ഹിപ്പികളുടെ നഗരം" എന്ന പാട്ട് ഹിപ്പിസംസ്കാരത്തിന് വേരോട്ടം കിട്ടിയപ്പോൾ രചിച്ചതാണ്. സംഘർഷഭരിതമായ സാമൂഹികാന്തരീക്ഷമാണ് സിനിമയിൽ ചർച്ചചെയ്യുന്നത്. പുതിയ സാമൂഹികനീതി സ്ഥാപിക്കാൻ ശ്രമിക്കുന്ന വിപ്ലവചിന്തകൾ, നക്സലിസം എന്ന പേരിൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. സാമൂഹിക ചട്ടക്കൂടുകളെ നിരസിച്ചുകൊണ്ട് അതിനു പുറത്ത് വിരാജിക്കുന്ന ഹിപ്പിസംസ്കാരം, പകൽമാന്യതയുടെ വേഷംകെട്ടിയ സമൂഹത്തിന്റെ പരിച്ഛേദം എന്നിവയും സിനിമ പ്രശ്നവത്കരിക്കുന്നു. സാധാരണ കച്ചവട സിനിമയ്ക്കപ്പുറം പ്രാധാന്യമില്ലെങ്കിലും ചരിത്രപരമായ ഈ വസ്തുതകൾ കാണാതെ പോകുകയുമരുത്.
ഇന്ത്യയിലെ നാർക്കോട്ടിക് നിയമം (1985) നിലവിൽ വന്നതിനുശേഷം രാസലഹരി പദാർഥങ്ങളെക്കുറിച്ചു പഠിക്കുക എളുപ്പമല്ലാതായി. ഉദ്ദേശം 14.6% പേർ ഇന്ത്യയിൽ മദ്യപിക്കുന്നവരാണ്; 5.2% പേർ മദ്യാസക്തിയുള്ളവരും.
എഴുപതുകളിൽ കേരളത്തിൽ ഹിപ്പി ജീവിതം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ഹിപ്പി പ്രതിസംസ്കാരത്തിൽ അമേരിക്കയിലും മറ്റും കണ്ടിരുന്ന ചിഹ്നങ്ങൾ നമ്മുടെ നാട്ടിലും കാണാമായിരുന്നെന്ന് വയലാറിന്റെ വരികൾ കാണിക്കുന്നുണ്ട്.
പാട്ടിലെ വരികൾ ഇങ്ങനെ പോകുന്നു:
'ഹിപ്പികളുടെ നഗരം
ലഹരിക്കുപ്പികളുടെ നഗരം
സ്വർഗം ഭൂമിയിൽ സ്വർഗം തിരയും
സ്വപ്നാടകരുടെ നഗരം...'
‘ലുങ്കിയും ജുബ്ബയുമണിഞ്ഞുനടക്കും പെൺകുട്ടികളുടെ നഗരം
പ്രേമം നിശാസദനങ്ങളിലാക്കിയ
കാമുകരുടെ നഗരം
യുവകാമുകരുടെ നഗരം
ചുണ്ടിൽ കഞ്ചാവുബീഡികളെരിയും
ചിന്തകന്മാരുടെ നഗരം
ധ്യാനമമേരിക്കൻ മോഡലിലാക്കിയ
യോഗികളുടെ നഗരം -
യുവ യോഗികളുടെ നഗരം…’
ഇതേ കാലത്താണ് ജനപ്രിയ കാർട്ടൂൺ പരമ്പരയായ 'ബോബനും മോളിയും' അപ്പിഹിപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അപ്പിഹിപ്പിയെയും അയാളുടെ പെരുമാറ്റ വൈചിത്ര്യങ്ങളെയും അയാളുടെ സംഗീതത്തെയും വേഷത്തേയുമൊക്കെ വായനക്കാർ വളരെ സൗഹാർദത്തോടെ നെഞ്ചിലേറ്റി.
എഴുപതുകളുടെ രണ്ടാം ഘട്ടത്തിൽ ലഹരിയുമായി വന്നിരുന്ന ഹിപ്പി സഞ്ചാരം ഗണ്യമായി കുറഞ്ഞു. 'ഉത്തരായനം' എന്ന അരവിന്ദൻ സിനിമയിലെ "ഹൃദയത്തിൻ രോമാഞ്ചം" (1975) എന്ന ഗാനം മാനസിക വിഭ്രാന്തിയും ഉത്തേജനവും സൂചിപ്പിക്കുന്നതായി ബാലസുബ്രമണ്യ പറയുന്നു. 'വിജയനും വീരനും' എന്ന (1979) സിനിമയിലെ "മരിജുവാന വിരിഞ്ഞുവന്നാൽ മനസ്സൊരു മായാ പുഷ്പവനം" എന്ന പാട്ടിലും മയക്കുമരുന്നുകൾ വാഴ്ത്തപ്പെടുന്നു. ഡ്രഗ്സ് എന്ന വിഷയം സിനിമ ഉപേക്ഷിച്ചിട്ടില്ല എങ്കിലും എൺപതുകൾ മുതൽ പുറത്തുവന്നവ നന്മ / തിന്മ എന്ന ബൈനറിയിൽ കാണാനാണ് ശ്രമിച്ചത്. സീസൺ എന്ന പദ്മരാജൻ സിനിമ കോവളത്തും കിളിപോയി എന്ന വിനയ് ഗോവിന്ദ് സിനിമ ഗോവയിലും ലൊക്കേറ്റ് ചെയ്തു.
എൺപതുകളിൽ ഹിപ്പി പ്രതിസംസ്കാരം ക്ഷയോന്മുഖമായി. ഹിപ്പി യാത്രാവഴികൾ അടയ്ക്കപ്പെട്ടു; ലഹരിമരുന്നുകൾക്കെതിരെ പൊതു നിലപാട് ശക്തിപ്പെടുകയും നിയന്ത്രണങ്ങൾ ഉണ്ടാവുകയും ചെയ്തു. ഹിപ്പികളുടെ ദർശനം ഉണ്ടായത് അമേരിക്കയിലാണെങ്കിലും അവരെ സ്വാധീനിച്ചത് പൗരസ്ത്യ മത, ദാർശനിക ചിന്തകളായിരുന്നു. ഭൗതികമായ ആഗ്രഹങ്ങളിൽ നിന്ന് മാറി ജനനമരണ ഭ്രമണത്തിൽ നിന്ന് പുറത്തുവരിക എന്നത് പ്രതിസംസ്കര പ്രസ്ഥാനവും അനുവർത്തിച്ചിരുന്നതാണ്. മുൻവഴക്കങ്ങളിൽ നിന്ന് മാറിനിൽക്കുക, മുഖ്യധാരയെ നിരസിക്കുക, അതേത്തുടർന്ന് ആഴത്തിലുള്ള ആന്തരിക സമാധാനം കണ്ടെത്തുക, അതുവഴി യുദ്ധാനന്തര അമേരിക്കൻ മൂല്യങ്ങളിൽ നിന്നകലുക - ഇതൊക്കെയാണ് ഹിപ്പി പ്രസ്ഥാനം സങ്കല്പിച്ചിരുന്നത്. ഹിപ്പി പ്രസ്ഥാനം എല്ലാ യുവാക്കളെയും ഒരുപോലെ ആകർഷിച്ചിരുന്നില്ല. അവരെയും വെള്ളക്കാരും മധ്യവർത്തികളുമായിരുന്നു. യുദ്ധാനന്തരം ഉണ്ടായ സാമ്പത്തിക വികസനം അവർക്ക് മാറിച്ചിന്തിക്കാനും, പ്രതിഷേധിക്കാനും ഡ്രഗ്സ് ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം നൽകിയെന്ന് പറയുന്നതാവും ശരി. അവരുടെ മാതാപിതാക്കൾ പ്രതിനിധീകരിക്കുന്ന സദാചാര മൂല്യങ്ങൾ തള്ളിക്കളഞ്ഞാൽ സമാധാനം, പ്രണയം, സ്വതന്ത്ര ലൈംഗികത, ഡ്രഗ്‌സ് എന്നിവ ചേർന്ന് ജീവിതശൈലി എളുപ്പമാകും. അറുപതുകളിൽ LSD ഉൾപ്പടെ ഡ്രഗ്‌സ് കൊണ്ടുനടക്കുന്നതിന് നിയമതടസ്സമുണ്ടായിരുന്നില്ല. ഹിപ്പികളുടെ യാത്രകൾ നിബിഢമാകാൻ മറ്റൊരു കാരണമുണ്ട്: ഗർഭനിരോധന ഗുളികയുടെ കണ്ടുപിടുത്തമായിരുന്നു അത്. ഗർഭനിരോധനത്തിനായി ഗുളിക (പിൽ) അമേരിക്കയിൽ അംഗീകരിച്ചത് 1960- മാത്രമാണ്; ഹിപ്പിയാത്രകളിൽ അതുകൂടി കരുതിയിരുന്നതിനാൽ, അവർ തങ്ങിയ പ്രദേശങ്ങളിലും ഡ്രഗ്‌സും പിൽസും അവതരിപ്പിക്കപ്പെട്ടു.
നാട്ടിലെ ലഹരിയുപയോഗത്തിന് രസകരമായ സാംസ്കാരിക പശ്ചാത്തലമുണ്ട്. അറുപതുകളിലും എഴുപതുകളിലും പുതുതായെത്തിയ രാസലഹരികൾ ഇന്നും ലഭ്യമാണ്. പുറത്തു കാണാത്തത് ലഹരിപദാർഥങ്ങളുടെ ക്രയവിക്രയങ്ങൾ നിയമം മൂലം നിയന്ത്രിച്ചിരിക്കുന്നതിനാലാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. കർശനമായ നിയമങ്ങൾ നിയമത്തിൽ നിരോധിച്ചാൽ അവരെ നമുക്ക് കണ്ടെത്താനായെന്നു വരില്ല. ഇന്ത്യയിലെ നാർക്കോട്ടിക് നിയമം (1985) നിലവിൽ വന്നതിനുശേഷം രാസലഹരി പദാർഥങ്ങളെക്കുറിച്ചു പഠിക്കുക എളുപ്പമല്ലാതായി. ഉദ്ദേശം 14.6% പേർ ഇന്ത്യയിൽ മദ്യപിക്കുന്നവരാണ്; 5.2% പേർ മദ്യാസക്തിയുള്ളവരും. കന്നാബിസ് (cannabis) ഉപയോഗിക്കുന്ന മൂന്നു കോടി പേരുള്ളതിൽ 72 ലക്ഷം പേർ കന്നാബിസ് അനുബന്ധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. ഇഞ്ചക്ഷൻ വഴി ലഹരിമരുന്നുപയോഗിക്കുന്നവർ ഏതാണ്ട് എട്ടര ലക്ഷം പേരുണ്ടാവും. ഇത് 2019-ലെ കണക്കാണ്.
ലഹരിക്കെതിരായ
പ്രതിരോധവഴികൾ
ഹിപ്പി പ്രസ്ഥാനം വലിയ തരംഗമായി ലോകമെമ്പാടും വ്യാപിച്ചത് ബീറ്റ് ജനറേഷനിലൂടെയാണ്. രണ്ടാം ലോകായുധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ യുവമനസ്സുകളിൽ നിറഞ്ഞ പ്രക്ഷുബ്‌ധത ഇതിനു കാരണമായി. അങ്ങനെയെങ്കിൽ കോവിഡ് പാൻഡെമിക്കിന് ശേഷം ഉണ്ടാകുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാറ്റങ്ങൾ യുവാക്കളെ ബാധിക്കുന്നുണ്ടോ എന്ന അന്വേഷണം തീർത്തും അത്യാവശ്യമാണ്. കോവിഡിന് ശേഷം 2023- ലെ കണക്കനുസരിച്ച് അമേരിക്കയിൽ രാസലഹരിയുപയോഗം കുറഞ്ഞതായിക്കാണുന്നു; എന്നാലിത് മുൻകാലത്തേതു പോലെ ആയിട്ടില്ല. പണ്ടെത്തെതുപോലെ മദ്യം, കൊക്കയ്ൻ, എന്നിവയ്ക്ക് ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. പകരം കന്നാബിസ്, ഹാലുസിനോജൻ (LSD, mescaline, psilocybin, and PCP) എന്നിവയ്ക്കാണ് പ്രിയം.
ഡ്രഗ്‌സിനെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ആധുനിക കാലത്ത് ബലപ്രയോഗം, കനത്ത ശിക്ഷ എന്നിവ ഫലപ്രദമാവണമെന്നില്ല. ശരിയായ തീരുമാനങ്ങളെടുക്കാൻ കൗമാരക്കാരെ സജ്ജമാക്കുകയാണ് കൂടുതൽ ഫലപ്രദം. രാസലഹരികൾ ഉപയോഗിക്കുന്നവരിൽ കുറെപ്പേർക്കെങ്കിലും അതിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകുന്നു. ലഹരിപദാർത്ഥത്തോട് അമിതാസക്തി, ചൂതുകളി, മറ്റു അപകടകരമായ ഓൺലൈൻ ഗെയ്മുകൾ, അക്രമവാസന, കലഹം, അമിതാവേശത്തോടെ മത്സരം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, എന്നിവ ഒപ്പമുണ്ടാകാം. ഇതെല്ലാം കൂടി പരിഹരിക്കാനുള്ള മാർഗമാണ് ആരായേണ്ടത്.
ചില രോഗാവസ്ഥയിൽ സൈക്കഡലിക് ഡ്രഗ്ഗുകൾ ഉപയോഗിക്കാറുണ്ട്. ഇതേക്കുറിച്ചു പഠനങ്ങളൊന്നും ഇന്ത്യയിൽ നടക്കുന്നതായി തോന്നുന്നില്ല. ലഹരി ഉപയോഗിക്കാൻ ഓരോ വ്യക്തിക്കും സ്വന്തമായ കാരണങ്ങൾ ഉണ്ടാകും. വ്യക്തിത്വ വികാസത്തിന് സഹായിക്കുമെന്ന തോന്നലായിരുന്നു ചിലർക്ക്, വെറുതെ ജിജ്ഞാസ കൊണ്ട് മറ്റു ചിലർ. ആത്മീയാനുഭൂതിക്ക് വേണ്ടിയാണ് ചിലർ ഡ്രഗ്ഗ് ഉപയോഗിച്ചത്. ഡ്രഗ്ഗുകളുമായുള്ള ആദ്യാനുഭവം പോസിറ്റീവ് ആയിരുന്നെന്ന് വിലയിരുത്തപ്പെട്ടു. പലരും ഒരു ചെറു കൂട്ടമായിരുന്ന് ഡ്രഗ് ഉപയോഗിക്കുന്നതാണ് ഇഷ്ടമെന്ന് പറയുന്നു.
കൂടുതൽ പഠനം ആവശ്യമുള്ള വിഷയമാണിത്. രാസലഹരികൾ ഉപയോഗിക്കുന്നതിന് വളരെയേറെ അനുബന്ധ ഘടകങ്ങളുണ്ട്; ജീവിതരീതി, സൗഹൃദങ്ങൾ, സാമൂഹിക ഘടന, മാനസിക പ്രശ്നങ്ങൾ, സംസ്കാരം തുടങ്ങി നമുക്ക് ചിന്തിക്കാവുന്നതിലും കൂടുതൽ വിഷയങ്ങൾ അതിലടങ്ങിയിരിക്കുന്നു. നിയമം അവയിലൊന്ന് മാത്രം.
▮
Reference:
1.Nilakantha Rath, V M Dandekar - Poverty in India: EPW; Vol. 6, Issue No. 2, 09 Jan, 1971
2.Ginsberg, Allen - Howl – (Howl and Other Poems): 1956
3.Hip-Hip(pie) Hurray! Where is India on the hippie map? TOI, Nov 3, 2023
4.Brooks, Alex: Hippies, Hallucinogens and Hinduism – The Fieldstone New; June 29, 2021
5.കുട്ടികൃഷ്ണമാരാർ - 1128-ൽ ക്രൈം 27 (ഹാസ്യസാഹിത്യം): 1957
6.Balasubrahmanya, K R - NEE-NA: Movie Review - Kerala Journal of Psychiatry // 28(2) July –December 2015
7.Menon, Neelima - The demon of drugs: How Malayalam directors have grappled with 'getting high' portrayals: The NEWS Minute; 26 May 2017
8.https://www.nisd.gov.in/drug_abuse_prevention.html#:~:text=About%203.1%20crore%20individuals%20(2.8,people%20suffer%20from%20cannabis%20problems.&text=1.18%20crore%20(1.08%25)%20are,(non%2Dmedical%20use).&text=1.7%25%20of%20children%20and%20adolescents,need%20help%20for%20inhalant%20use.
9.Raj G. Psychedelic use in India, its pattern and personal significance - findings from an online survey. Indian J Psychiatry. 2022 Jul-Aug;64(4):428-429. doi: 10.4103/indianjpsychiatry.indianjpsychiatry_447_21. Epub 2022 Jul 13. PMID: 36060724; PMCID: PMC9435611.
10.Abrams, Zara - More teens than ever are overdosing. Psychologists are leading new approaches to combat youth substance misuse: March 1, 2024
11.Raj G. Psychedelic use in India, its pattern and personal significance - findings from an online survey. Indian J Psychiatry. 2022 Jul-Aug;64(4):428-429. doi: 10.4103/indianjpsychiatry.indianjpsychiatry_447_21. Epub 2022 Jul 13. PMID: 36060724; PMCID: PMC9435611.