ഡോ. എം.കെ. ജയരാജ് / Photo: Agastya Soorya

ഭിന്നശേഷി മനുഷ്യരെയും കുടുംബങ്ങളെയും
​കേരളം പരിഗണിക്കുന്നുണ്ടോ?

കേരളത്തിൽ 650-ലധികം കുടുംബങ്ങളിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർ, ഒരു വീട്ടിൽ നാലിലധികമുണ്ട്. ഇത്തരത്തിൽ വലിയൊരു ദുരന്തമുഖത്താണ് നമ്മൾ. അവരുടെ ജീവിതവുമായും മുഖ്യധാരാവത്കരണവുമായും ബന്ധപ്പെട്ട് കേരളം ഒട്ടും ആശാവഹമായ അവസ്ഥയിലല്ല.

ഡോ. എ.കെ. അബ്ദുൾഹക്കീം: കേരളത്തിൽ ഭിന്നശേഷിക്കാരുടെ ശതമാനം ഏതാണ്ട് നാല് ശതമാനം വരുന്നു എന്നാണ് ഇപ്പോഴത്തെ കണക്ക്. പുതിയ നിയമപ്രകാരം 21 കാറ്റഗറി വരുമ്പോൾ, ഈ നിയമത്തിന്റെ സ്‌പെക്​ട്രം വികസിക്കുന്നതോടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ, ഇത്ര ആളുണ്ടായിട്ടും അതിനുമാത്രമുള്ള ഒരു ആലോചന, സെൻസിറ്റൈസേഷൻ കേരളീയ സമൂഹത്തിൽ ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായി ചർച്ച ചെയ്യേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സാമൂഹികനീതി വകുപ്പിലും ആരോഗ്യവകുപ്പിലുമൊക്കെ ഒരുപാട് പദ്ധതികളുണ്ട്. വികലാംഗക്ഷേമത്തിന് തന്നെ വകുപ്പുണ്ട്. വലിയ രീതിയിലുള്ള ഫണ്ട് ഈ മേഖലയിലേക്ക് മാറ്റിവെക്കപ്പെടുന്നുണ്ട്. ഒട്ടേറെ ചാരിറ്റി ഓർഗനൈസേഷൻസ് പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ഇതാണ് നമ്മുടെ അവസ്ഥ. ഇതിനെ എങ്ങനെയാണ് കാണുന്നത്? എന്താണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം?

ഡോ. എം.കെ. ജയരാജ്: കേരളത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നശേഷി മേഖലയിൽ പൊതുവെ അഭിമുഖീകരിക്കുന്ന വലിയൊരു പ്രതിസന്ധി, സമഗ്ര കാഴ്ചപ്പാടോടെ പ്രവർത്തനം ആസൂത്രണം ചെയ്യാൻ പറ്റുന്നില്ല എന്നതാണ്. അതിന് പല കാരണങ്ങളുണ്ട്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ മറ്റു മേഖലകൾ പരിശോധിക്കുകയാണെങ്കിൽ, ഇന്ത്യയിൽ തന്നെ കുറേ ഭേദപ്പെട്ട നിലയിലാണ് നമ്മൾ പ്രവർത്തിക്കുന്നത്. പക്ഷെ ഭിന്നശേഷി മേഖലയിൽ അത്ര ആശാവഹമായ സ്ഥിതിയല്ല. അതെന്തുകൊണ്ട് എന്നത് ഗൗരവമായി പരിശോധിക്കണം. ഭിന്നശേഷിയിൽ തന്നെ മസ്തിഷ്‌ക സംബന്ധമായ പരിമിതി അല്ലെങ്കിൽ പ്രതിസന്ധി അനുഭവിക്കുന്ന വിഭാഗത്തിന് സ്വന്തമായി അവകാശമുന്നയിക്കാൻ ശേഷിയില്ല. അവർക്ക് ഒരിക്കലും അവരുടെ ആവശ്യം ഉന്നയിച്ച്​ സാമൂഹ്യമായി സമ്മർദം ചെലുത്തുന്ന വിഭാഗമായി പ്രവർത്തിക്കാനാവില്ല. അവരുടെ ഈ ശേഷിക്കുറവിനെ എന്തുകൊണ്ടാണ് കേരളം പോലെ നവോത്ഥാനത്തിന് ശേഷമുള്ള ഒരു സമൂഹം, പാർശ്വവത്കരിക്കപ്പെട്ട ജനതയോടൊക്കെ ഐക്യപ്പെടുന്ന പ്രവണത കാണിച്ച ഒരു സമൂഹം ഇങ്ങനെ കാണുന്നത് എന്നത് വലിയ കൗതുകമുള്ള കാര്യമാണ്. ലളിതമായി പറയുകയാണെങ്കിൽ, സംഘടിച്ച് സമ്മർദം ചെലുത്തി സമരം ചെയ്ത് സമൂഹത്തിന്റെ മുഖ്യധാരയിൽ ചർച്ചാവിഷയമാക്കിയാൽ മാത്രമെ അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കേരള സമൂഹം സന്നദ്ധമാകൂ. ബധിരത, അന്ധത, ശാരീരിക പരിമിതി എന്നിവയുള്ള ഭിന്നശേഷി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായി മസ്തിഷ്‌ക സംബന്ധമായ പ്രശ്‌നം നേരിടുന്നവർക്ക് (ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, പഠനപരമായ പിന്നാക്കാവസ്ഥ, ശൈശവ മനോരോഗം) സമൂഹികമായും രാഷ്ട്രീയമായുമുള്ള മുൻഗണന ഒരിക്കലും കിട്ടാനുള്ള സാധ്യതയില്ല. അവരുടെ ജീവിതവുമായും മുഖ്യധാരാവത്കരണവുമായും ബന്ധപ്പെട്ട് കേരളം ഒട്ടും ആശാവഹമായ അവസ്ഥയിലല്ല.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കുടുംബം അനുഭവിക്കുന്ന വലിയൊരു ആശങ്ക അവരുടെ ജീവിതകാലത്തിനുശേഷം ഈ കുട്ടികൾ എന്തുചെയ്യും എന്നതാണ്. / Photo: Yathish Chandra GH IPS, Fb

നേരത്തെ കണ്ടെത്തുക, നേരത്തെ ഇടപെടുക എന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് ആശുപത്രികളിൽ അതിന്​ സംവിധാനമൊരുക്കിയിട്ടുണ്ട്. ഒരുപക്ഷെ ഗർഭാവസ്ഥയിൽ തന്നെ അതൊക്കെ കണ്ടെത്തുന്ന തരത്തിലേക്ക് നമ്മുടെ ആരോഗ്യസംവിധാനം മാറിയിട്ടില്ലേ? ഇപ്പോഴും ആ പ്രശ്‌നം നിലനിൽക്കുന്നുണ്ടോ?

അ​ഞ്ചോ പത്തോ വർഷത്തെ സ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി കാര്യമായ ഇടപെടൽ ആ മേഖലയിൽ നടക്കുന്നുണ്ട്. 10 വർഷം മുമ്പൊക്കെ ഇവരെ കണ്ടെത്തുന്നതുപോലും 12 വയസ്സാകുമ്പോഴാണ്. അവരുടെ ചികിത്സാ കാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ് രക്ഷിതാക്കളുടെ എല്ലാ പ്രവർത്തനങ്ങളും. മസ്തിഷ്‌ക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ കാര്യത്തിലുള്ള പ്രധാന പ്രശ്‌നം, അതിന് പ്രത്യേകിച്ച് മരുന്നില്ല എന്നതാണ്. മെഡിക്കൽ ഇന്റർവെൻഷനല്ല സത്യത്തിൽ വേണ്ടത്. പക്ഷെ നമ്മുടെ നാട്ടിലുള്ള പൊതുബോധം അതൊരു രോഗമാണ്, ചികിത്സിച്ച് മാറ്റേണ്ടതാണ് എന്ന തരത്തിലാണ്. എല്ലാത്തിനും പരിഹാരം നിർദേശിക്കാൻ ശേഷിയുള്ള ആളാണ് വൈദ്യശാസ്ത്ര ഡോക്ടർ എന്ന പൊതുബോധമുണ്ട്. നേരത്തെ കണ്ടുപിടിക്കുന്നില്ല, വിദഗ്ധ ഇടപെടൽ ഉറപ്പുവരുത്താൻ പറ്റുന്നില്ല എന്നതാണ് അതുകൊണ്ട് സംഭവിക്കുന്ന ദുരന്തം. അതുമൂലം ഒരേസമയം ഒന്നിലേറെ ഭിന്നശേഷി സങ്കീർണമായി മാറുകയും രക്ഷിതാക്കളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിനീക്കുകയും ചെയ്യുന്നു. മാത്രമല്ല, നമ്മുടെ നാട്ടിൽ ഒരു ഭിന്നശേഷി കുട്ടിയുള്ള കുടുംബത്തിന്റെ അവസ്ഥ ആലോചിച്ചുനോക്കാം. പ്രത്യേകിച്ച് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കുടുംബം അനുഭവിക്കുന്ന വലിയൊരു ആശങ്ക അവരുടെ ജീവിതകാലത്തിനുശേഷം ഈ കുട്ടികൾ എന്തുചെയ്യും എന്നതാണ്. അതിന് പരിഹാരം നിർദേശിക്കാൻ ആധുനികശാസ്ത്രത്തിനോ സാമൂഹ്യവ്യവസ്ഥയ്‌ക്കോ കഴിഞ്ഞിട്ടില്ല. അത്രയും ആശങ്ക ഒരുപക്ഷെ അന്ധരുടെയോ ബധിരരുടെയോ കാര്യത്തിൽ ഇല്ല.

ഡോക്ടർമാരും ചികിത്സയുമല്ല പരിഹാരം എന്നുപറഞ്ഞു. പിന്നെ എന്താണ് പരിഹാരം? എങ്ങനെയാണ് ഇടപെടൽ നടക്കേണ്ടത്? സാമൂഹിക ഉത്തരവാദിത്തം എന്ന രീതിയിലാണോ?

മസ്തിഷ്‌ക കോശത്തിനാണല്ലോ ക്ഷതം അല്ലെങ്കിൽ അപഭ്രംശം സംഭവിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ ന്യൂറോൺ സെൽസിനെ റിപ്പെയർ ചെയ്യാനുള്ള സാങ്കേതികവിദ്യ രൂപപ്പെട്ടിട്ടില്ല. അതായത് ചികിത്സിക്കാനവില്ല. പക്ഷെ ചികിത്സ അനവരതം തുടരുകയും രക്ഷിതാക്കൾ സാമ്പത്തികമായി പാപ്പരാവുകയും ചെയ്യും, വൈകാരികമായും സാമൂഹികമായും ഒറ്റപ്പെടും. അവർക്ക് വേണ്ടത് നേരത്തെ കണ്ടെത്തിയുള്ള ഇടപെടലാണ്. ഉദാഹരണത്തിന്​, ഒരു കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തെറാപ്യൂട്ടിക് ഇന്റർവെൻഷനാണ് നടത്തേണ്ടത്, ഫിസിയോതെറാപ്പി ചെയ്യണം. സംസാരിക്കാനാണ് ബുദ്ധിമുട്ടെങ്കിൽ സ്പീച്ച് തെറാപ്പി, ദൈനംദിന കാര്യങ്ങളിലുള്ള പ്രതിസന്ധിയാണെങ്കിൽ ഒക്കുപേഷണൽ തെറാപ്പി, പെരുമാറ്റപ്രശ്‌നമാണെങ്കിൽ, സ്വഭാവരൂപീകരണത്തിനും തെറ്റായ സ്വഭാവങ്ങൾ തിരുത്താനുമൊക്കെ സഹായിക്കുന്ന ഇടപെടലുകൾ വേണം. അതിലൂടെ ഇവരുടെ പ്രാഥമികമായ പ്രശ്‌നങ്ങളിൽ നമുക്ക് ഇടപെടാനും പരിഹരിക്കാനും സാധ്യതയുണ്ട്. ഈ സാധ്യത പൂർണമായും നിഷേധിക്കപ്പെടുകയാണ്. ജീവിക്കാനുള്ള ഒരു സംവിധാനമെങ്കിലും ഒരുക്കിയെടുക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. സമൂഹത്തിൽ അതിജീവിക്കാൻ കഴിയുന്ന, ആരോഗ്യപരമായി നിലനിൽക്കാൻ കഴിയുന്ന ഒരു സംവിധാനം. നേരത്തെ ഇടപെട്ട്, നേരത്തെ അതിനുള്ള പരിഹാരം നിർദേശിക്കുന്ന തരത്തിലേക്ക് പോകുന്നതിന് തടസം നിൽക്കുന്നത് ഡോക്ടർമാരിലുള്ള അമിതപ്രതീക്ഷയാണ്. ഡോക്ടർമാർ എല്ലാ കാര്യങ്ങളും പരിഹരിച്ചുതരും എന്ന പ്രത്യാശ ഇവരുടെ മനസ്സിൽ നിലനിൽക്കുമ്പോൾ നഷ്ടപ്പെടുന്നത് കുട്ടിയുടെ അവസരവും സാധ്യതയുമാണല്ലോ. കൂടാതെ സാമ്പത്തികമായും വൈകാരികമായും സാമൂഹികമായും ഒക്കെയുള്ള തകർച്ചയും. കുടുംബത്തിലുണ്ടാകുന്ന പ്രതിസന്ധികളൊക്കെ നമുക്ക് കാണാൻ പറ്റാത്തതാണ്. ഇത്തരത്തിലൊരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാൽ അത് അമ്മയുടെ മാത്രം ബാധ്യതയായി മാറും. പലപ്പോഴും പുരുഷൻമാരിൽ വിവാഹമോചനം നേടാനുള്ള പ്രവണത കൂടുതൽ കാണുന്നുണ്ട്.

ഈ മേഖലയിൽ പ്രവർത്തിക്കുമ്പോൾ നമ്മൾ മനസ്സിലാക്കുന്നുണ്ട്, ഇത്തരത്തിലുള്ള പല കുട്ടികളുടെയും വീടുകളിൽ അമ്മമാർ മാത്രമേയുള്ളൂ. അച്ഛൻമാർ പലയിടത്തും വിട്ടുപോയിട്ടുണ്ട്. ഈയൊരു പ്രവണത നിലനിൽക്കുന്നുണ്ട് എന്ന് ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്.

മലപ്പുറത്തും കണ്ണൂരിലുമൊക്കെ പല സ്ഥലങ്ങളിലും കമ്മീഷൻ സിറ്റിങ്ങിന്റെ ഭാഗമായി ഞാൻ ഏതാണ്ട് 30,000 ത്തോളം ആളുകളെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. ഇത് മുഴുവനും അമ്മമാരുടെ ബാധ്യതായി മാറുന്നത് സത്യത്തിൽ അപ്പോഴാണ് ശ്രദ്ധിച്ചത്. കേരളത്തിൽ 650-ലധികം കുടുംബങ്ങളിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവർ ഒരു വീട്ടിൽ നാലിലധികമുണ്ട്. ഇങ്ങനെയുള്ള ഒരു കുട്ടി ജനിച്ചാൽ തന്നെയുള്ള പ്രശ്‌നം നമുക്ക് ആലോചിക്കാം. അപ്പോൾ ഒരേ വീട്ടിൽ തന്നെ നാലിലധികമുള്ള 650 കുടുംബങ്ങളുടെ കാര്യമോ?. സോഷ്യൽ സെക്യൂരിറ്റി മിഷന്റെ 2013-ലെ സർവേയിലാണ് ഇത് കണ്ടെത്തിയത്. ഇത്തരത്തിൽ വലിയൊരു ദുരന്തമുഖത്താണ് നമ്മൾ. ഇതിന്റെ മറ്റൊരു വലിയ പ്രതിസന്ധി, 1990കളിലൊക്കെ ഈ വിഷയത്തെപ്പറ്റി പരാമർശിക്കുമ്പോൾ പതിനായിരം കുട്ടികളിലൊന്ന് എന്ന നിലയ്ക്കായിരുന്നു. ഇന്ന് യു.എന്നും ലോകാരോഗ്യ സംഘടനയുമൊക്കെ നമ്മെ ഓർമപ്പിക്കുന്നത് ഇതിന്റെ അംഗസംഖ്യ വർധിക്കുന്നു എന്നുമാത്രമല്ല, ഇപ്പോൾ 40 കുട്ടികൾ ജനിക്കുമ്പോൾ അതിലൊന്ന് ഭിന്നശേഷി കുട്ടിയാണ് എന്നാണ്​.

നേരത്തെ കണ്ടെത്തിയുള്ള ഇടപെടലാണ് വേണ്ടത്. ഉദാഹരണത്തിന്​, ഒരു കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തെറാപ്യൂട്ടിക് ഇന്റർവെൻഷനാണ് നടത്തേണ്ടത്, ഫിസിയോതെറാപ്പി ചെയ്യണം. / Photo: Wikimedia Commons

നേരത്തെ പറഞ്ഞതുപോലെ, ഭിന്നശേഷി വിഭാഗത്തെ ഒന്നുകൂടി വിശാലമാക്കിയതുകൊണ്ടുകൂടിയായിരിക്കാം സംഖ്യ വർധിക്കുന്നത്. എങ്കിൽപോലും 40-ൽ ഒന്ന് എന്നത് വളരെ ഗുരുതരമായ മാറ്റമാണ്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുകയാണെങ്കിൽ നമ്മുടെ മുൻകരുതലുകൾ, ഇവർക്കുവേണ്ടി സ്വീകരിക്കുന്ന സമീപനങ്ങൾ, അതിനുവേണ്ടിയുള്ള നയങ്ങൾ എത്രമാത്രം അപര്യാപ്തമാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ പറ്റും.

​കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണ്. അങ്ങനെയുള്ള നിയമനിർമാണങ്ങൾ നടത്തിയിട്ടുണ്ട്. ഒട്ടേറെ വകുപ്പുകളുടെ ഇടപെടലുണ്ട്. പക്ഷെ ഇപ്പോഴും കേരളത്തിൽ ഇത് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ഒന്നായി നിലനിൽക്കുന്നുണ്ട്. അതിന് ചില ഗുണങ്ങളുണ്ടാകും. പക്ഷെ അപകടങ്ങളുമുണ്ടാക്കുന്നില്ലേ?

തീർച്ചയായും വളരെ അപകടകരമായ വിഷയമാണത്. അർഹമായ ഒരു സെൻസിറ്റിവിറ്റി ഇതിനുണ്ടായിട്ടില്ല. അതിന്റെ ഗൗരവം, സാധ്യത, പരിശീലനത്തിലൂടെ രൂപപ്പെടുത്തിയെടുക്കേണ്ട ബാധ്യത തുടങ്ങിയ കാര്യങ്ങളെപ്പറ്റിയൊന്നും സർക്കാരോ സമൂഹമോ ഇപ്പോഴും കൃത്യമായ ധാരണയിലെത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചാരിറ്റബിൾ ആക്റ്റിവിറ്റി എന്ന തരത്തിൽ ഇതിനെ മാറ്റിനിർത്തുമ്പോൾ, സംഭവിക്കുന്നത് സർക്കാരുകൾ ഇതിൽ നിന്ന് കൈകഴുകുകയാണ്. ഇത് വലിയൊരു രാഷ്ട്രീയപ്രശ്‌നമാകേണ്ടതാണ് എന്നാണ് എന്റെയൊരു കാഴ്ചപ്പാട്. കാരണം, ഏതൊരു പ്രശ്‌നവും പരിഹരിക്കപ്പെടേണ്ടത് രാഷ്ട്രീയമായിട്ടാണ്.

പ്രജയിൽ നിന്ന് നമ്മൾ വളർന്നിട്ടില്ല, സിറ്റിസൻ എന്ന അവസ്ഥയിലേക്ക് ഉണർന്നിട്ടുമില്ല. അവർ അങ്ങനെ ജീവിച്ചുപോകും- ഭക്ഷണവും വസ്ത്രവും കൊടുക്കണം, ഒരു കെട്ടിടം വേണം. അങ്ങനെ സാമൂഹികമായി എല്ലാതരത്തിലും എക്‌സ്‌ക്ലൂഡ് ചെയ്യപ്പെട്ട ഒരു വിഭാഗത്തിന് ഔദാര്യത്തിന്റെയും സഹതാപത്തിന്റെയുമൊക്കെ പരികൽപനയിലാണ് കാര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. ഇതങ്ങനെയല്ല സത്യത്തിൽ വേണ്ടത്. ഏതൊരു പൗരനെയും പോലെ അവകാശങ്ങൾ അനുവദിച്ചുകൊടുക്കാൻ ബാധ്യതപ്പെട്ടതാണ്. മനുഷ്യാവകാശമാണ്. ഇൻക്ലൂസീവായ കാഴ്ചപ്പാട് ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കാൻ ബാധ്യതപ്പെട്ടവരാണ്. നമ്മുടെ നാട്ടിൽ ഇത്തരം ചാരിറ്റി ഓർഗനൈസേഷൻസ് സ്ഥാപനങ്ങളും സ്‌കൂളുകളും നടത്തുന്നുണ്ട്. അതിനപ്പുറത്തേക്ക് ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അവർക്ക് ഒരു സങ്കൽപം രൂപപ്പെട്ടിട്ടില്ല. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്, 18 വയസ് കഴിഞ്ഞാൽ പിന്നെ സ്‌കൂളിന് ഒന്നും ചെയ്യാനില്ല. പിന്നെ ആരാണ് ഈ വിഷയത്തിൽ ഇടപെടുന്നത്. സാമൂഹ്യനീതി വകുപ്പാണ് കൈകാര്യം ചെയ്യേണ്ടത്. പക്ഷെ യഥാർഥത്തിൽ ആരും ഇടപെടുന്നില്ല.

ഈ കുട്ടികളുടെ ജീവിതം രക്ഷിതാക്കളുടെ മാത്രം ബാധ്യതയായി മാറുകയാണ്. ഈ 18 വർഷത്തിനിടയ്ക്ക് ഇത്തരത്തിലൊരു കുട്ടി വീട്ടിലുണ്ട് എന്നതുകൊണ്ട് രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷമുണ്ട്, സാമൂഹിക ഒറ്റപ്പെടലുണ്ട്. സാമ്പത്തികമായി അമിതമായി ചെലവഴിക്കേണ്ടിവരുന്നുണ്ട്. അതിനുശേഷം നമ്മൾ വീണ്ടും പറയുകയാണ്, ഈ കുട്ടി നിങ്ങളുടെ ബാധ്യതയാണെന്ന്. ഈ രക്ഷിതാക്കൾക്ക് വേറൊരു മാഗവുമില്ല. കുട്ടിയുമായി ആത്മഹത്യ ചെയ്യുന്ന പ്രവണത കൂടിയിട്ടുണ്ട്. കുറച്ചുകാലം മുമ്പ് കാഞ്ഞങ്ങാട് എൻഡോസൾഫാൻ മേഖലയുമായി ബന്ധപ്പെട്ട് ഒരു കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്തു. കാരണം അവരുടെ മുന്നിൽ ഒരു സാധ്യതയുമില്ല. ചാരിറ്റി ഓർഗനൈസേഷൻ ചാരിറ്റി നടത്തി കൈയൊഴിഞ്ഞു. ചാരിറ്റി നടത്തുന്നവർ ഔദാര്യമായിട്ടാണ് ചെയ്യുന്നത്. അതിന്റെ ബാധ്യത ഏറ്റെടുക്കാനുള്ള സന്നദ്ധത സ്വാഭാവികമായിട്ടും അവർക്കുണ്ടാകില്ല.

രാഷ്ട്രീയ ഉത്തരവാദിത്തം എന്ന രീതിയിൽ ഒരു ഭരണസംവിധാനം എങ്ങനെയാണ് ഉത്തരവാദിത്തമേറ്റെടുക്കുന്നതെന്ന് വികസിത രാജ്യങ്ങളുടെ സംവിധാനങ്ങളുമൊക്കെയായി താരതമ്യം ചെയ്തുനോക്കിയിട്ടുണ്ടോ?

മുമ്പൊക്കെ ഒരു മാതൃക എന്ന രീതിയിൽ അമേരിക്ക, യു.കെ. എന്നൊക്കെ പറയാറുണ്ട്. ഇപ്പോൾ അതൊക്കെ മാറി. ഇപ്പോൾ സ്‌കാൻഡിനേവിയൻ രാജ്യങ്ങളാണ് മാതൃക. അവിടെ ഇത്തരത്തിൽ ഒരു കുട്ടി ജനിച്ചു എന്നതിന്റെ പേരിൽ ഒരമ്മയും വേവലാതിപ്പെടുന്നില്ല. കാരണം ഇത്​ സ്റ്റേറ്റിന്റെ ബാധ്യതയാണ്. അതിന് അവർ ഉന്നയിക്കുന്ന വാദം, ഇത് രക്ഷിതാക്കളുടെ പ്രശ്‌നംകൊണ്ട് സംഭവിക്കുന്നതേയല്ലല്ലോ എന്നതാണ്​. സാമൂഹികമായും അല്ലാതെയുള്ളതും ഒരു കുടുംബത്തിന് ഇടപെടാൻ കഴിയുന്നതിന്റെ അപ്പുറത്തുള്ളതുമായ ഘടകങ്ങളാണ് ഇതിനെ സ്വാധീനിക്കുന്നത്. അതുകൊണ്ട് ഇന്ത്യയിലോ കേരളത്തിലോ ഉള്ളതുപോലെ കുടുംബത്തിന്റെ മാത്രം ബാധ്യതയാകാതെ, സാമൂഹിക ബാധ്യതയാകുന്നു. അതുകൊണ്ട് രക്ഷിതാക്കൾക്ക് സാമൂഹിക- സാമ്പത്തിക പിന്തുണ കൊടുക്കുന്നു. കുട്ടിയെ സ്റ്റേറ്റ് ഏറ്റെടുക്കുന്നു. ആ അമ്മയ്ക്ക് ഒരുപാട് സാധ്യതകളുടെ തുറസ്സാണ് മുന്നിലുള്ളത്. ജോലി കിട്ടാം, ഇവരെ വീട്ടിൽ നിന്ന് പരിശീലിപ്പിക്കുന്നത് തൊഴിലായി പരിഗണിച്ച് സർക്കാർ അംഗീകരിക്കും. ഖലീൽ ജിബ്രാനൊക്കെ പറയുന്നതുപോലെ ഈ കുട്ടി എന്റേതല്ല എന്നുപറയുന്ന ഒരു സങ്കൽപമുണ്ടല്ലോ, അതിൽ ഉൾപ്പെട്ടിരിക്കുന്ന ഫിലോസഫിക്കലായ വലിയ കാര്യങ്ങളുണ്ട്. നമ്മളൊക്കെ നമ്മുടെ കുട്ടിയാണ് എന്ന് ചിന്തിക്കുകയും നമ്മുടെ മാത്രം ബാധ്യതയായി മറ്റുള്ളവരും പരിഗണിക്കുകയും ചെയ്യുന്നു. ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

നമ്മുടെ നാട്ടിൽ ചാരിറ്റി ഓർഗനൈസേഷൻസ് സ്ഥാപനങ്ങളും സ്‌കൂളുകളും നടത്തുന്നുണ്ട്. അതിനപ്പുറത്തേക്ക് ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അവർക്ക് ഒരു സങ്കൽപം രൂപപ്പെട്ടിട്ടില്ല. / Photo: shishusarothi.org

ഇവിടെ പുതിയതായി വരുന്ന സിനിമയിൽ പോലും നമ്മുടെ ബാധ്യത മാത്രമല്ല, മുജ്ജൻമ പാപമാണ്, നമ്മുടെ അച്ഛനും അമ്മയും ചെയ്ത പാപത്തിന്റെ ഫലമാണ് ഇങ്ങനെയുള്ള കുട്ടികളുണ്ടാകുന്നത് എന്നാണ് പറയുന്നത്. അങ്ങനെ വിചാരിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ട്.

എനിക്കുതോന്നുന്നത്, ഇന്ത്യയിൽ ഈ കുട്ടികളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ പറ്റുന്ന സംസ്ഥാനം കേരളമാണെന്നാണ്. മറ്റു സംസ്ഥാനങ്ങളുമായിട്ടൊക്കെ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് ഇത് പറയുന്നത്. നമുക്ക് ഒരുപാട് അനുകൂല ഘടകങ്ങളുണ്ട്. പക്ഷെ അത് കുറേക്കൂടി സമഗ്രമായി ആസൂത്രണം ചെയ്ത്, സംവിധാനം ചെയ്തുകഴിഞ്ഞാൽ കുറേക്കൂടി ഭേദപ്പെട്ട നിലയിലേക്ക് ഇവരുടെ ജീവിതത്തെ വളർത്തിയെടുക്കാം.

നേരത്തെ ചോദിച്ചല്ലോ, എന്തുകൊണ്ടാണ് കേരളത്തിൽ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നതെന്ന്. പല മേഖലകളിലും ഇതിന് പണം ചെലവഴിക്കുന്നുണ്ട്. പക്ഷെ സമഗ്ര സമീപനമില്ല. ഓരോ വകുപ്പുകളും അവരുടേതായ രീതിയിൽ പല കാര്യങ്ങൾ ചെയ്യുന്നു. കുറച്ചുകൂടി റിസൾട്ട് ഓറിയന്റഡായ, കോ-ഓർഡിനേറ്റഡായ, മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമീപനം സ്വീകരിക്കുക എന്നുപറയുന്നത് വളരെ പ്രധാനമാണ്. അങ്ങനെയാണെങ്കിൽ ഇന്ന് നിലനിൽക്കുന്ന വലിയ പ്രതിസന്ധികളെ നമുക്ക് തരണം ചെയ്യാൻ പറ്റും.

സ്റ്റേജസ് ഓഫ് മെയിൻസ്ട്രീമിങ് ഒന്ന് പറയാൻ പറ്റുമോ? അത് എങ്ങനെ ചെയ്യാൻ പറ്റും?

സ്റ്റേജസ് ഓഫ് മെയിൻസ്ട്രീമിങ് എന്നത് വളരെ പ്രധാനപ്പെട്ട, ശാസ്ത്രീയമായ സമീപനമാണ്. ഈ കുട്ടികളൊക്കെ വലിയ ബാധ്യതയാണ്, ഇവരൊന്നും രക്ഷപ്പെടില്ല, ഒന്നും ചെയ്യാൻ പറ്റില്ല എന്നൊരു മുൻവിധി നമ്മളിലുണ്ട്. അത് തെറ്റാണ്. ഇവരെ നമുക്ക് നേരത്തെ കണ്ടുപടിക്കാം. ഉദാഹരണത്തിന്​, മൂന്ന് വയസ്സിനുമുമ്പ് കണ്ടെത്തുകയാണെന്നുവെക്കാം. കണ്ടെത്തുന്നു എന്നുപറഞ്ഞാൽ ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്താൻ കഴിയുന്നു എന്നുകൂടിയാണ് ഉദ്ദേശിക്കുന്നത്. അപ്പോൾ കൃത്യമായ ശാസ്ത്രീയ ഇടപെടൽ ഉറപ്പുവരുത്താം. അതിലൂടെ അവർക്ക് എന്താണോ നഷ്ടപ്പെട്ടത് അത് തിരിച്ചുനൽകാൻ സാധിക്കും. പൂർണാർഥത്തിൽ ചെയ്യാൻ പറ്റിയില്ലെങ്കിലും പരമാവധി ചെയ്യാം. അപ്പോൾ ഭാവിയിൽ ഈ കുട്ടിയെ ശയ്യാവലംബിയായി പരിമിതപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റും. ഇന്ന് 15 ശതമാനം പേർ ശയ്യാവലംബികളാണ്. ഒരു കട്ടിലിൽ കിടന്ന് ഒരു വെളിച്ചം ജനലിലൂടെ കാണുന്ന തരത്തിലേക്ക് അവരുടെ ജൻമം നിശ്ചലമായിക്കിടക്കുകയാണ്. അത് നമുക്ക് ഒഴിവാക്കാം, നേരത്തെ കണ്ടെത്തി വിദഗ്ധമായി ഇടപെടുന്നതിലൂടെ. മസ്തിഷ്‌ക വികാസവുമായി ബന്ധപ്പെട്ട് ആ സമയത്തുള്ള കപ്പാസിറ്റി പിന്നെ ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ. മസ്തിഷ്‌ക കോശങ്ങൾക്ക്​ സ്വാംശീകരണശേഷി കുറയും. ഈയൊരു പ്രായം നിർണായകമാണ്. ഇവിടെ നമ്മൾ എത്രമാത്രം ഗൗരവമായി ഇടപെടുന്നോ അത്രമാത്രം കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ സൃഷ്ടിപരമായ മാറ്റമുണ്ടാകും. നേരത്തെ കണ്ടെത്തുന്നതും, നേരത്തെ ഇടപെടുന്നതും ജീവിതത്തിനെ മുഴുകെ സഹായിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ്.

അടുത്ത സ്റ്റേജ് വിദ്യാഭ്യാസമാണ്. നല്ല രീതിയിൽ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ പറ്റും. താഴെ ഘട്ടം പരിഹരിച്ചില്ലെങ്കിൽ മേലെ ഘട്ടത്തിൽ ഫലപ്രദമായ ഇടപെടൽ പറ്റില്ല. വൈയക്തികമായി ഇടപെട്ട്​ശ്രമിച്ചുകഴിഞ്ഞാൽ കൂടുതൽ ഭേദപ്പെട്ട അവസ്ഥയിലേക്കെത്താം. നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി കുറേക്കൂടി ഫലപ്രദമായി ലക്ഷ്യബോധത്തോടുകൂടിയുള്ള സമീപനം കൊണ്ടുവരാം. ഓരോ വ്യക്തിയുടെയും പരിമിതി കൂടി കണക്കിലെടുത്ത്​ രൂപകൽപന ചെയ്യുമ്പോൾ, വ്യക്തിയിൽ വിദ്യാഭ്യാസം കൊണ്ടുണ്ടാകുന്ന ഗുണം ലഭ്യമാകും. ഇന്ന് നമുക്ക് അത് അവകാശപ്പെടാൻ പറ്റില്ല. അടുത്ത സ്റ്റേജ് തൊഴിൽ പരിശീലനത്തിലേക്കാണല്ലോ പോകേണ്ടത്.

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ നിന്നും

​തൊഴിൽ പരിശീലനം എന്നുപറയുമ്പോൾ നമ്മുടെ മുന്നിലുള്ളത് മെഴുകുതിരി ഉണ്ടാക്കുന്നതൊക്കെയാണ്. ചെവി കേൾക്കാത്ത ഒരാൾക്ക് ശബ്ദമുള്ള ഒരന്തരീക്ഷത്തിൽ തിളങ്ങാൻ പറ്റും. അതായത് പരിമിതിയെ തന്നെ സാധ്യതയാക്കാൻ കഴിയുന്ന തൊഴിൽസാധ്യതകളുണ്ടല്ലോ. ആ രീതിയിലുള്ള ഒരു ഡിസൈനിങ് എങ്ങനെ കൊണ്ടുവരാം? മസ്തിഷ്‌കസംബന്ധമായ പ്രശ്‌നമുള്ളവർക്ക് ഇത്തരം പരിശീലനം കൊടുക്കാൻ സാധിക്കുമോ?

തീർച്ചയായും സാധിക്കും. അവരുടെ സവിശേഷത, ആവർത്തനസ്വഭാവമുള്ള ഏത് ജോലിയും ചെയ്യാം എന്നതാണ്. സങ്കീർണമായ സാങ്കേതികതയൊന്നുമില്ലെങ്കിൽ നല്ലത്. അപകടസാധ്യതയുമുണ്ടാകരുത്. ഇതു മാത്രം പരിഗണിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലെ 85 ശതമാനം ഇന്റലക്ച്വലി ചലഞ്ച്ഡ് ആയ ആളുകൾക്കും ജോലി കൊടുക്കാൻ പറ്റും. അതിനുപറ്റുന്ന തൊഴിലുകൾ ചുറ്റുപാടുമുണ്ട്. പക്ഷെ അതിന് സഹായകരമായ രീതിയിലുള്ള കാഴ്ചപ്പാടും പരിശീലനരീതിയും ശുഭപ്രതീക്ഷയും ഇല്ലാത്തതാണ് ഇവർ അനുഭവിക്കുന്നത്. മൈൽഡ് മോഡറേറ്റ് വിഭാഗമെന്നൊക്കെ പറയുന്ന മൃദുഭിന്നശേഷി വിഭാഗങ്ങളിലൊക്കെ 85 ശതമാനം പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പറ്റുകയാണെങ്കിൽ അതുണ്ടാക്കുന്ന സാമൂഹികമാറ്റം വളരെ വലുതായിരിക്കും.

യു.എൽ.സി.സി.യിലൊക്കെ ഇപ്പോൾ ഏതാണ്ട് അതുപോലെയുള്ള സംഗതികൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടല്ലോ. അങ്ങനെ തെളിയിച്ച ഏതെങ്കിലും ഉദാഹരണങ്ങളുണ്ടോ? ഇത്തരം ആളുകളെ ഏതെങ്കിലും തൊഴിൽമേഖലയിൽ പരിശീലിപ്പിച്ചെടുത്ത് അവരെ സ്വയംപര്യാപ്തരാക്കി മാറ്റിയ ഉദാഹരണങ്ങൾ?

ഈ സ്ഥാപനത്തിൽ ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം, 18 വയസ്സിനുശേഷമുള്ള ബുദ്ധിപരമായ വെല്ലുവിളി, അതായത് ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, പഠനപരമായ പിന്നാക്കാവസ്ഥ, ശൈശവ മനോരോഗം എന്നിവയുള്ളവർക്ക് ഒരു കരിക്കുലം വികസിപ്പിക്കുകയാണ്​. ആ കരിക്കുലം ഫോക്കസ് ചെയ്യുന്നത് തൊഴിൽശേഷിയിലാണ്​. ഇവരെ ഓരോരുത്തരെയും പരിശിലിപ്പിക്കും. ഒരു തൊഴിലിടത്തിലെത്തിക്കഴിഞ്ഞാൽ തൊഴിലാളികൾ തമ്മിലുള്ള ഇടപെടൽ, അച്ചടക്കം, റഗുലാരിറ്റി, സമയനിഷ്ഠ ഒക്കെ വേണം. ഇതൊക്കെ കേന്ദ്രീകരിച്ച കരിക്കുലമാണ് അവിടെയുള്ളത്. എങ്ങനെ ഒരു തൊഴിലിടത്തിൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ പറ്റും എന്നത് പ്രധാനമാണ്. വൈയക്തികമായ പരിശീലനക്രമം രൂപീകരിച്ച് പരിശീലിപ്പിക്കുകയാണ്. അതോടൊപ്പം, ഇവർക്ക് ചെയ്യാൻ പറ്റുന്ന ജോലികൾ കണ്ടെത്തണം. ആശുപത്രികൾ, ക്ലിനിക്കുകൾ, ബാങ്കുകൾ, ഷോറൂമുകൾ തുടങ്ങിയ ഇടങ്ങളിലൊക്കെ ജോലികൾ കണ്ടുപിടിച്ച് അവരുമായി സംസാരിച്ചു. അവരോട് ഞങ്ങൾ പറയുന്നത്, ഇതൊരു സഹതാപത്തിന്റെയോ അനുതാപത്തിന്റെയോ വിഷയമേ അല്ല. അവർ ജോലി ചെയ്താൽ ശമ്പളം കൊടുക്കണം. അല്ലാതെ സഹതാപം തോന്നി ചെയ്യരുത്. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാൽ ആ ജോലിക്ക് ഏതൊക്കെ സ്‌കിൽ പഠിക്കണം എന്ന്​ പരിശോധിക്കും. ശാസ്ത്രീയമായിത്തന്നെ ജോബ് അനാലിസിസ് ചെയ്യും. ഇങ്ങനെയൊരു വിലയിരുത്തൽ നടത്തി ഓൺ ദ ജോബ് ട്രെയിനിങ് കൊടുക്കും. അങ്ങനെ അവരെ അവിടെ പ്ലേസ് ചെയ്യും, അത് ഫോളോ അപ്പ് ചെയ്യും. കേരളത്തിൽ സംഭവിക്കുന്ന വലിയ ഒരു പ്രശ്‌നം, ഭിന്നശേഷി കുട്ടികളെ തൊഴിലിടത്തിലേക്ക് പറഞ്ഞയക്കും. ഒന്നുരണ്ട് ദിവസം കഴിഞ്ഞാൽ അവർക്കവിടെ പല പ്രതിസന്ധികളുമുണ്ടാകും. അപ്പോൾ അവർ തിരിച്ച് വീട്ടിലേക്ക് പോകും. പിന്നെ വീട്ടുകാർക്ക് അത് വലിയ ബാധ്യതയും പ്രയാസവുമായി മാറും. ഞാനവിടെ ചെയ്യുന്നത്, ഫോളോ അപ്പ് നടത്തുകയാണ്​. അതിനുപറ്റുന്ന സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. അവരനുഭവിക്കുന്ന പ്രശ്‌നം അവിടെത്തന്നെ പരിഹരിക്കും.

ബേബി മെമ്മോറിയൽ, മലബാർ ഹോസ്പിറ്റൽ, കെ.എം.സി.ടി. ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ 87 പേർ ജോലി ചെയ്യുന്നുണ്ട്. ഹൗസ് കീപ്പിങ്, ലിഫ്റ്റ് ഓപറേഷൻ തുടങ്ങിയ ജോലികളാണ് പ്രധാനമായും ചെയ്യുന്നത്.
ഇതിന്റെ ഫീഡ്ബാക്കെടുത്ത സമയത്ത് എംപ്ലോയർ തന്നെ പറഞ്ഞത്, അവർ നന്നായി ജോലിചെയ്യുന്നുണ്ട്, അവരെക്കൊണ്ട് ഒരു തലവേദനയുമില്ല എന്നാണ്. ഇത് ചെയ്യാൻ തുടങ്ങിക്കഴിഞ്ഞപ്പോൾ പുതിയ അനുഭവമാണുണ്ടായത്. ഈ വ്യക്തികളിൽ വലിയ മാറ്റമുണ്ടായി. അവരുടെ കുടുംബം ചിന്തിച്ചിരുന്നത് ഇത് ആജീവനാന്ത ബാധ്യതയാണെന്നാണ്. അങ്ങനെ കരുതിയ ഒരു വ്യക്തി പതിനായിരമോ പതിനഞ്ചായിരമോ രൂപ മാസശമ്പളമായി തിരിച്ചുനൽകുമ്പോൾ അവരിലുണ്ടാകുന്ന ഒരു പാരഡൈം ഷിഫ്റ്റുണ്ട്. രക്ഷിതാക്കൾ മാത്രമല്ല, വീട്ടുകാർ, ചുറ്റുമുള്ളവർ, പൊതുസമൂഹം ഒക്കെ ഇവരെ കാണുന്ന കാഴ്ചപ്പാട് തന്നെ മാറി. അവരെന്തോ ആയിക്കോട്ടെ, പക്ഷെ കുടുംബത്തെ സഹായിക്കുന്നുണ്ടല്ലോ. അതൊക്കെ ഈ വ്യക്തികളിൽ സൃഷ്ടിക്കുന്ന ഒരു സെൽഫ് എസ്റ്റീമും സെൽഫ് റെസ്‌പെക്റ്റുമുണ്ട്.

കഴിഞ്ഞ ദിവസം ഒരു രക്ഷിതാവ് എന്നോട് പറഞ്ഞു, ഇവന്റെ പെങ്ങളുടെ കല്യാണമാണ്, ഇവന്റെ അക്കൗണ്ടിൽ ഏതാണ്ട് രണ്ടുലക്ഷം രൂപയുണ്ട്. ജോലിചെയ്തുണ്ടാക്കിയതാണ്. അത് ആർക്കും കൊടുക്കില്ല. ഒരുലക്ഷം കടം മേടിച്ചുതരണം എന്ന്​. അവൻ പറഞ്ഞു പൈസ തരാൻ പറ്റില്ലെന്ന്. എന്റെടുത്ത് ശുപാർശയ്ക്ക് വന്നതാണ്. കൊടുക്കാൻ ഞാൻ പറഞ്ഞു. അവന് കൊടുക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. അവൻ കൊടുത്തു. ആ വീടുകളിലൊക്കെ അന്ന് ചർച്ച ചെയ്തത് ഇവനെപ്പറ്റിയാണ്, ഇവൻ സഹായിച്ചു എന്നുപറഞ്ഞ്. പല കുട്ടികളിലും അതിന്റേതായ ആത്മവിശ്വാസമുണ്ടാകുന്നുണ്ട്. ആത്മവിശ്വാസവും ആത്മബോധവുമൊക്കെ വരുമ്പോൾ വ്യക്തികളിലുണ്ടാകുന്ന ക്രിയേറ്റീവായ കാഴ്ചപ്പാടുണ്ടല്ലോ. അത് പുതിയ പുതിയ സ്‌കില്ലുകൾ പഠിക്കുന്നതിന്​ ശേഷിയുണ്ടാക്കും. ഇപ്പോൾ സ്വന്തമായി യാത്രചെയ്യുന്ന കുട്ടികളുണ്ട്. കൈപിടിച്ച്, സുരക്ഷിതത്വത്തിന്റെ ഒരു വലയം സൃഷ്ടിച്ച് അവരെ കൊണ്ടുനടന്നിരുന്ന അവസ്ഥ മാറി. സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നു. കഴിഞ്ഞ ദിവസം എനിക്ക് രസകരമായ ഒരു അനുഭവമുണ്ടായി. ഒരു കുട്ടി ബസിൽ കയറിയിട്ട്, എന്റെ സീറ്റാണ് എഴന്നേൽക്കണമെന്ന് പറഞ്ഞു. അവന് അവകാശത്തെപ്പറ്റി ബോധമായി. ഇവർക്ക് ഇതൊന്നും അറിയില്ലല്ലോ. നമുക്ക് അതൊക്കെ സൃഷ്ടിച്ചെടുക്കാൻ പറ്റും.

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, പഠനപരമായ പിന്നാക്കാവസ്ഥ, ശൈശവ മനോരോഗം എന്നിവയുള്ളവർക്ക് ഒരു കരിക്കുലം വികസിപ്പിക്കുമ്പോൾ ആ കരിക്കുലം ഫോക്കസ് ചെയ്യുന്നത് അവരുടെ തൊഴിൽശേഷിയിലാണ്​. / Photo: apd-india.org

വിദ്യാഭ്യാസ വകുപ്പ് ഇതിന് സമാനമായ ഒരു പൈലറ്റ് പ്രോഗ്രാം നടത്തിയിരുന്നു. ‘എസ്​റ്റീം’ എന്ന പേരിൽ. അതിൽ 30 പേർക്ക് പരിശീലനം കൊടുത്തതിൽ അഞ്ചാറുപേർക്ക് ആസ്റ്റർ മിംസിലൊക്കെ ജോലി നൽകി. അവിടെ നല്ല റിസൾട്ടാണ്. അവരുടെ പരിശീലനം കഴിഞ്ഞതേയുള്ളൂ. അസസ്‌മെൻറ്​ കഴിഞ്ഞ് എൻ.എസ്.ജി.എഫിന്റെ സർട്ടിഫിക്കറ്റൊക്കെ കൊടുത്തിട്ടുണ്ട്. അവരുടെയൊക്കെ പ്രകടനം വളരെ ഗംഭീരമാണെന്നാണ് റിപ്പോർട്ട്. ജോലി ചെയ്യുന്ന സ്ഥലത്തുനിന്നുള്ള റിപ്പോർട്ടും അങ്ങനെയാണ്. ബാക്കിയുള്ളവർക്ക് പ്ലേസ്‌മെൻറ്​ കൊടുക്കും, രണ്ടാം ബാച്ച് തുടങ്ങും. വിദ്യാഭ്യാസ വകുപ്പൊക്കെ ഇത്തരത്തിലുള്ള സംഗതികളിലേക്ക് കടക്കുന്നുണ്ട്. കേരളത്തിലാണ് ഇതിന്റെ സാധ്യത ഏറ്റവും കൂടുതൽ. അതിന്റെയൊരു മൂവ്‌മെൻറ്​ ഇവിടെ നടക്കുന്നുണ്ട്. പക്ഷെ ഇനിയും തടസങ്ങളുണ്ട്. താങ്കളിപ്പോൾ പറഞ്ഞു, അവർക്ക് സ്വന്തമായി യാത്ര ചെയ്യാൻ പറ്റുന്നുണ്ട്, ബസിൽ കയറുന്നു എന്നൊക്കെ. പക്ഷെ ഇപ്പോഴും നമ്മുടെ ഭൗതികസൗകര്യങ്ങൾ, ബസാവട്ടെ, റോഡാവട്ടെ, മറ്റു വാഹനങ്ങളാവട്ടെ... ഇതിലൊക്കെ അവർക്ക് ഇപ്പോഴും കുറെ തടസങ്ങളുണ്ടല്ലോ. ഇവർക്ക് സ്വതന്ത്രമായി സമൂഹത്തിൽ ജീവിക്കാൻ പറ്റണമെങ്കിൽ ഈ ഭൗതികസാഹചര്യങ്ങൾ കൂടി മാറണ്ടേ?

തീർച്ചയായും ഭരണകൂടം ഗൗരവമായി ഇടപെടേണ്ട മേഖലയാണിത്. ഇവർക്ക്​ഒരുപാട് പരിമിതികൾ സ്വതവേ ഉണ്ട്. അതിനൊപ്പം നമ്മൾ സൃഷ്ടിക്കുന്ന പരിമിതികളും. നമ്മളതിനെ വളരെ ലളിതമായി കാണും. വീൽചെയറിൽ പോകുന്നവർക്ക് എത്താൻ പറ്റാത്ത തരത്തിലുള്ള ഒരു നിർമാണമാണെങ്കിൽ അവിടെ അവരുടെ ജീവിതം വഴിമുട്ടും. എനിക്കറിയുന്ന ഒരു കുട്ടിയുണ്ട്. പത്താം ക്ലാസ്​ തോറ്റ ആ കുട്ടിക്ക് ട്യൂട്ടോറിയൽ കോളേജിൽ ക്ലാസിന് പോകണം. എല്ലാ ട്യൂട്ടോറിയലുകളും മൂന്നാമത്തെയോ നാലമത്തെയോ നിലകളിലാണ്. അതുകൊണ്ട് പഠിക്കാൻ പറ്റുന്നില്ല. ഈ കുട്ടിക്ക് പഠിക്കാൻ ശേഷിയുണ്ട്. പക്ഷെ പശ്ചാത്തല സൗകര്യം തടസമാകുന്നു. എല്ലാ മേഖലയിലും ഇത് കാണാം. ഇതൊക്കെ ഡിസൈൻ ചെയ്യുന്നത്​ മിഡിൽക്ലാസിനെ കണ്ടാണ്​. ഒരു സ്‌കൂളുണ്ടാക്കുമ്പോൾ കുട്ടിക്ക് പ്രകൃതിയൊക്കെ കാണാനും അന്തരീക്ഷത്തിൽ വളരാനുമൊക്കെ പറ്റുന്ന സാഹചര്യമാകണം. പക്ഷെ അഞ്ചടി ആറടി ഉയരത്തിലുള്ള ജനലാണുണ്ടാവുക. അതിനുള്ളിലൂടെ കുട്ടിക്ക് ഒന്നും കാണാനാവില്ല. അതുപോലെയാണ് എല്ലാ നിർമാണങ്ങളും.

പ്രീപ്രൈമറി സ്‌കൂളുകളിലെ വാഷ്‌ബേസിൻ കുട്ടികൾക്ക് ഒരിക്കലും എത്തില്ല. എല്ലാ കാലത്തും അവിടെ വരുന്നത് മൂന്നും നാലും വയസ്സുള്ള കുട്ടികളാണ്. ഇപ്പോൾ മോഡൽ പ്രീപ്രൈമറി എന്നൊക്കെ പറഞ്ഞ് മാറ്റിക്കൊണ്ടുവരുന്നുണ്ട്. നമ്മുടെ കെട്ടിടങ്ങളിലെ മിക്ക ലിഫ്റ്റുകളിലും വീൽചെയർ കയറില്ല. വീൽചെയർ കയറുന്ന ലിഫ്റ്റിന്റെ സ്വിച്ച് ചിലപ്പോൾ മുകളിലായിരിക്കും.

ഇങ്ങനെയാകുന്നതിന്റെ കാരണം അവരുടെ മനോഭാവത്തിലുള്ള പ്രശ്‌നമാണ്. അപ്പോൾ സ്ട്രക്ചറൽ ബാരിയേഴ്‌സ് അതിന്റെ കൂടെയുണ്ടാകും. പശ്ചാത്തലസൗകര്യത്തിൽ ഒരുപാട് തടസങ്ങളുണ്ടാകുന്നത്, ഇവരോടുള്ള സമീപനത്തിൽ, ഒരു ഉൾക്കൊള്ളൽ നമ്മുടെ മനസിലേക്ക് വന്നിട്ടില്ല എന്നതുകൊണ്ടാണ്. അത് വരുത്താൻ മറ്റു മാർഗമൊന്നുമില്ല, നിരന്തരം പറയുക, ഇടപെടുക എന്നതല്ലാതെ. സർക്കാരിനും പൊതുസമൂഹത്തിനും ഇതിൽ വലിയ പങ്കുവഹിക്കാനുണ്ട്. അതൊക്കെ നിരന്തരം പറഞ്ഞും ഇടപെട്ടും സമ്മർദം ചെലുത്തിയുമൊക്കെയെ സാധിക്കൂ. പുറമെയുള്ളയാളുകൾ വേണം അത് ചെയ്യാൻ.

ഏറ്റവും കൂടുതൽ സമ്മർദം ചെലുത്താൻ കഴിയുന്ന ഒരു ഏജൻസിയായി നിൽക്കേണ്ടത് മാധ്യമങ്ങളാണ്. പക്ഷെ മാധ്യമങ്ങൾ ഈ വിഷയത്തെ വളരെ പൈങ്കിളിവത്കരിച്ച്, ചാരിറ്റിയുടെ തലത്തിലൊക്കെയുള്ള റിപ്പോർട്ടുകളും വാർത്തകളുമൊക്കെയാക്കുന്ന രീതിയാണ്. ഗൗരവമായി സമീപിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങളും പിന്നിലാണെന്ന് തോന്നുന്നു.

മാധ്യമങ്ങളെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതിൽ അർഥമില്ല. കാരണം, അവർക്ക് പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടില്ലല്ലോ. പഠനമേഖലയിൽ ഇക്കാര്യങ്ങൾ വേണ്ടതാണ്. എം.ബി.ബി.എസ് കോഴ്‌സിൽ പോലും ഓട്ടിസം വിഷയങ്ങൾ വന്നത് അടുത്ത കാലത്താണെന്ന് ഡോക്​ടർമാർ തന്നെ പറയാറുണ്ട്. ഓട്ടിസ്റ്റിക്കായ കുട്ടിയെ കൊണ്ടുവന്നാൽ എന്തുചെയ്യണമെന്ന് അവർക്കറിയില്ല. മാത്രമല്ല, വളരെ സങ്കീർണമായ ഒട്ടേറെ പ്രശ്‌നങ്ങൾ പുതിയതായി രൂപപ്പെടുന്നുമുണ്ട്. മസ്തിഷ്‌കസംബന്ധമായ പ്രശ്‌നങ്ങളാണ് വർധിക്കുന്നത്. കേൾവി, കാഴ്ച തകരാറുകളൊക്കെ ഇപ്പോൾ വളരെ കുറഞ്ഞുവരുന്നുണ്ട്. അല്ലെങ്കിൽ കൂടുന്നില്ല. പക്ഷെ മസ്തിഷ്‌കപ്രശ്‌നമുള്ളവരുടെ എണ്ണം വർധിക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ വളർച്ച ഏതുവിഭാഗം ആളുകൾക്കും വലിയ സപ്പോർട്ടാണ്. കഴിഞ്ഞദിവസം നമ്മുടെ പരിശീലനപരിപാടിയിൽ വന്ന കാഴ്ചയില്ലാത്ത ഒരു ട്രെയിനർ എന്റെ ഫോൺ നമ്പർ സേവ് ചെയ്തത് നമ്മൾ ചെയ്യുന്നതിനേക്കാൾ വളരെ വേഗത്തിലാണ്. സാങ്കേതികവിദ്യയുടെ വളർച്ച ഇത്തരം ആളുകൾക്കുവേണ്ടി വേണ്ടത്ര ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ടോ? ഇത്തരം ചെറിയ കാര്യങ്ങളിൽ മാത്രമല്ല, തൊഴിൽ മേഖലയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഉപയോഗിക്കാൻ സാധിക്കുമോ?

ഇവരുടെ ജീവിതം അനായാസമാക്കുന്നതിൽ ടെക്‌നോളജി വളരെയധികം സഹായിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. അത് വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കാര്യത്തിൽ മാത്രമല്ല. നേരത്തെ കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായമാകുന്നുണ്ട്. ഫിസിയോതെറാപ്പിയിലൊക്കെ സാങ്കേതികമായി ഒരുപാട് വളർച്ചയുണ്ടായിട്ടുണ്ട്. അത് പൂർണമായി നമുക്ക് പ്രയോജനപ്പെടുത്താൻ പറ്റുന്നില്ല. കാര്യങ്ങൾ കൂറേക്കൂടി ലളിതമായിട്ടുണ്ട്. അതേപോലെ, വിദ്യാഭ്യാസമേഖലയിൽ എന്തൊക്കെ സാധ്യതകൾ നമുക്ക് സൃഷ്ടിച്ചെടുക്കാൻ പറ്റും. അതിലൊക്കെ വളരെ ഗൗരവമായ അന്വേഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തേണ്ടതുണ്ട്. തൊഴിൽമേഖലയിൽ ഇവർക്ക് എന്താണോ പരിമിതി അതിന് പകരം വെക്കാൻ ടെക്‌നോളജി ഉപയോഗിക്കാമല്ലോ.

ആത്മവിശ്വാസവും ആത്മബോധവുമൊക്കെ വരുമ്പോൾ വ്യക്തികളിലുണ്ടാകുന്ന ക്രിയേറ്റീവായ കാഴ്ചപ്പാടുണ്ടല്ലോ. അത് പുതിയ പുതിയ സ്‌കില്ലുകൾ പഠിക്കുന്നതിന്​ ശേഷിയുണ്ടാക്കും. / Photo: The Association of People with Disability - India, Fb

​അത്തരം ഗവേഷണം നടത്തുന്ന സ്ഥാപനങ്ങൾ ഇവിടെയുണ്ടോ? പുതിയ ടെക്‌നോളജിയെ എങ്ങനെ ഇവരെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ഉപയോഗിക്കാം എന്ന തരത്തിലുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ടോ? അതിന്​ സംവിധാനങ്ങളുണ്ടോ?

അത്തരം പരിശ്രമങ്ങളെപ്പറ്റി ആലോചിക്കുന്നുണ്ട് എന്നേ പറയാൻ പറ്റൂ. ഇപ്പോഴും അതിലേക്ക് എത്തിപ്പെട്ടില്ല എന്ന ദയനീയ സാഹചര്യം നിലനിൽക്കുന്നു. പക്ഷെ കേരളം പോലെയൊരു സമൂഹം എത്രയും വേഗം അതേപ്പറ്റി ചിന്തിക്കേണ്ടതുണ്ട്.

നേരത്തെ നമ്മൾ പറഞ്ഞു, ഇത്തരം കുട്ടികൾ സ്ത്രീകളുടെ ബാധ്യതയായി മാറുന്നു, പുരുഷൻമാർ പൊതുവെ ഉപേക്ഷിച്ചുപോകുന്നു എന്ന്. മക്കളുടെ കാര്യത്തിൽ മാത്രമല്ല, സ്വയം തന്നെ കൂടുതൽ പ്രയാസം വരുന്നത് സ്ത്രീകൾക്കാണെന്നാണ് തോന്നുന്നത്. അതിനെ ലിംഗഭേദത്തിന്റെ തലത്തിൽ നോക്കിക്കണ്ടിട്ടുണ്ട്. മക്കളുടെ കാര്യത്തിലല്ലാതെ സ്വയം പ്രശ്‌നം നേരിടുന്നവരിൽ പുരുഷൻമാർക്ക് ഏതെങ്കിലും തരത്തിൽ കൂടുതൽ പരിഗണന കിട്ടുന്നുണ്ടെന്നും സ്ത്രീകൾ കൂടുതൽ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും തോന്നിയിട്ടുണ്ടോ?

ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ പൊതുവെയുള്ള വിവേചനം സങ്കീർണമായും രൂക്ഷമായും ഇവരിലാണ് കാണുന്നത്. അത് സ്വാഭാവികമാണ്. സത്യത്തിൽ ലിംഗവിവേചനത്തിന്റെ കാര്യത്തിൽ വിസിബിലിറ്റി പോലുമില്ല അവർക്ക്. ഉദാഹരണമായി, നമ്മുടെ നാട്ടിൽ ശാരീരിക പരിമിതിയുള്ള ഒരു സ്ത്രീയുണ്ടെന്നുവെക്കുക. അവർ പുറത്തേക്ക് വരുന്നത് കുറവായിരിക്കും. അവരുടെ ജീവിതം വീടുകളിൽ പരിമിതപ്പെടും. അത് നമ്മുടെ കാഴ്ചപ്പാടിന്റെ വിഷയമാണ്. പൊതുവെ ഭിന്നശേഷി മേഖലയിൽ സ്ത്രീകൾ വളരെ ഗുരുതരമായ വിവേചനം അനുഭവിക്കുന്നുണ്ട്, അമ്മ നേരിടുന്ന പ്രശ്‌നത്തേക്കാളുപരിയായി. അതിന് പല കാരണങ്ങളുണ്ട്. നമ്മുടെ സാമൂഹികഘടനയതാണല്ലോ. ഭിന്നശേഷിയുള്ള ഒരു കുട്ടി അഭിമുഖീകരിക്കാൻ സാധ്യതയുള്ള ചൂഷണം വളരെ വിപുലമാണ്. ഇത്തരം ഒരുപാട് കേസുകൾ വരുന്നുണ്ട്. പൊതുവേ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ലൈംഗികചൂഷണത്തിന് പെൺകുട്ടികൾ ഇരകളാക്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ അവർക്ക് അതിനെക്കുറിച്ച് ധാരണയുണ്ടാകില്ല. അവർ ഇതൊരു ചൂഷണമാണെന്ന് തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത കുടുംബത്തിലുള്ള ആളുകൾ പോലും ദുരുപയോഗം ചെയ്യുന്നു. അത്തരം ഒരുപാട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെടേണ്ട ഗൗരവമുള്ള ജീവിതമാണ് ഇവരുടേതെന്ന് ആരും കരുതുന്നില്ല. ഈ സ്ത്രീയെക്കാൾ, ചൂഷണം ചെയ്യുന്നയാളാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നൊരു ധാരണയുണ്ട്.

കുറച്ചുവർഷം മുമ്പ് പൂനെയിൽ ഇതുപോലൊരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഗവൺമെൻറ്​ ഹോമിൽ പ്രായപൂർത്തിയായ, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന സ്ത്രീകൾ താമസിക്കുന്നു. അവിടെ ഒരു സ്ത്രീ വാർഡൻ വന്നപ്പോൾ, അവർക്ക് അവിടത്തെ കാര്യങ്ങൾ കണ്ട്​ വല്ലാത്ത പ്രയാസമുണ്ടായി. അവിടത്തെ എല്ലാ വാർഡൻമാരും പുരുഷൻമാരാണ്. ഈ പെൺകുട്ടികളെ സ്ഥിരമായി ലൈംഗികചൂഷണത്തിന് വിധേയമാക്കുകയാണ്. ഇവർക്ക് രക്ഷിതാക്കളില്ല, കുടുംബമില്ല, ചോദിക്കാനാരുമില്ല. ഇവർ എന്തെങ്കിലും പറഞ്ഞാൽ തന്നെ, ബുദ്ധിയില്ലാത്ത കുട്ടിയല്ലേ എന്നുപറഞ്ഞ് അവഗണിക്കും. ഇന്ത്യ മുഴുവൻ വളരെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട പ്രശ്‌നമായിരുന്നു അത്. ഈ സ്ത്രീ ഇവരോടുള്ള അനുതാപത്തിന്റെ പേരിൽ അവിടെയുള്ള 25 ഓളം ഭിന്നശേഷി പെൺകുട്ടികളെ ഹിസ്​റ്ററെക്ടമിക്ക് വിധേയരാക്കി ഗർഭപാത്രം നീക്കംചെയ്തു. അപ്പോൾ ഗർഭിണിയാകുന്നത് ഒഴിവാകും, മെൻസ്ട്രുഷേൻ കൈകാര്യം ചെയ്യുന്ന പ്രശ്‌നവും ഒഴിവാകും. അപ്പോഴാണ് സാമൂഹ്യപ്രവർത്തകരും പൊതുപ്രവർത്തകരുമൊക്കെ ഇതിന്റെയൊരു ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടിയത്. അപ്പോഴാണ് ജനം ഇതറിയുന്നത്. അപ്പോൾ ചോദ്യം ഇതാണ്- ഇവരെ ഹിസ്‌റ്റെറക്ടമി ചെയ്തത് ആരുടെ സൗകര്യത്തിനുവേണ്ടിയാണ്. നമ്മുടെ സൗകര്യത്തിനുവേണ്ടി. അവരുടെ ജീവിതത്തിനുവേണ്ടിയല്ല. അതോടൊപ്പം, അനുഭവിക്കുന്ന പീഡനങ്ങൾ. ഈ പീഡനത്തിന്റെയൊക്കെ ചിത്രം സമൂഹത്തിൽ പല മേഖലകളിലും നിലനിൽക്കുന്നുണ്ട്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ സ്വകാര്യമായി പലരും പങ്കുവെക്കാറുണ്ട്.

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെ ചൂഷണം ചെയ്യുന്നത്​ അവരെ നേരിട്ട് അറിയുന്നവരാണ്. ഇത്തരത്തിൽ നിസഹായരായവർ അനുഭവിക്കുന്ന ചൂഷണങ്ങളാണ് ഏറ്റവും മറച്ചുവെക്കപ്പെടുന്ന കുറ്റകൃത്യങ്ങളിലൊന്ന്. അതോടൊപ്പം, ഇവർ അനുഭവിക്കുന്ന ഇൻവിസിബിലിറ്റിയുണ്ട്. ഇവരെ സമൂഹത്തിൽ നമ്മൾ കാണുന്നില്ലല്ലോ. അപൂർവമായി കണ്ണുകാണാത്ത, പാട്ടുപാടുന്ന ഒരാളെയൊക്കെ കാണാം. ഇവരുടെ അംഗസംഖ്യയിൽ വ്യത്യാസമൊന്നുമില്ല. എങ്കിൽപോലും സമൂഹത്തിൽ ദൃശ്യത കുറവാണ്​. അവരുടെ പ്രശ്‌നങ്ങൾ, അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതൊന്നും കാണുന്നില്ല. തൊഴിലിടങ്ങളിൽ ഇവരെ കാണുന്നില്ല. ഭിന്നശേഷിസ്ത്രീകൾ സ്വാഭാവികമായും നാട്ടിലുണ്ടാകുമല്ലോ. പക്ഷെ അവർ തൊഴിലെടുക്കുന്നത് ആരും കാണുന്നില്ല. അവർ സാമൂഹിക വിവേചനത്തിന് വിധേയമാകുന്നു എന്നത് വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. ദൃശ്യത വരുത്തുക എന്നതും ഇവരനുഭവിക്കുന്ന വിവേചനവും ചൂഷണവും ഗൗരവമായ പഠനത്തിന് വിധേയമാക്കി പരിഹരിക്കുക എന്നതും അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ്.

കാഴ്ചപരിമിതിയും ബുദ്ധിപരിമിതിയുമുള്ള പെൺകുട്ടികൾ അനുഭവിക്കുന്ന ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. മെൻസ്‌ട്രേഷനുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാര്യങ്ങളൊന്നും സ്വയം കൈകാര്യം ചെയ്യാൻ പറ്റാത്ത പ്രശ്‌നമുണ്ട്. അതും സ്ത്രീകളുടെ പ്രശ്‌നമായി വേറിട്ടുതന്നെ കാണേണ്ടതാണെന്ന് തോന്നുന്നു.

സെക്ഷ്വൽ അട്രാക്ഷൻ ഈ കുട്ടികളിൽ സ്വാഭാവികമായി ഉണ്ടാകും. ഇത്തരം കാര്യങ്ങളൊക്കെ നിഷേധിക്കപ്പെടുമ്പോൾ ആരെയെങ്കിലും കാണുമ്പോൾ സ്വാഭാവികമായി താത്പര്യം പ്രകടിപ്പിക്കും. അങ്ങനെയുണ്ടാകുമ്പോൾ അവരെ പെട്ടെന്ന് ചൂഷണം ചെയ്യാനാകും. അത് ചെയ്യരുത് എന്ന് തോന്നുന്ന തരത്തിലുള്ള സംസ്‌കൃത മനോഭാവമൊന്നും മലയാളി ആർജിച്ചിട്ടില്ല. ആ സാധ്യത കൂടി ഇതിൽ കാണണം. ഇതെങ്ങനെ പരിഹരിക്കും എന്നത് രക്ഷിതാക്കളെ സംബന്ധിച്ച് വലിയ ആശങ്കയാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എപ്പോഴും പറയുന്ന ഒരു കാര്യം, ഞാൻ മരിക്കുന്നതിനുമുമ്പ് ഇവർ മരിച്ചാൽ മതിയെന്നാണ്. തനിക്കുശേഷം ലോകത്ത് ഈ കുട്ടി അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് അവർ പങ്കുവെക്കുന്നത്.

അനുഭവതീവ്രതയിൽ ജൻഡറിനൊപ്പം ജാതിയും സാമ്പത്തികസ്ഥിതി, പ്രാദേശികത്വം തുടങ്ങി ഒരുപാട് ഘടകങ്ങളും കൂടിയുണ്ടെന്ന് തോന്നുന്നു?

തീർച്ചയായും. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള ഒരു കുട്ടിക്ക് നേരത്തെ പറഞ്ഞ തെറാപ്യൂട്ടി ഇടപെടലൊക്കെ സാധ്യമണോ. അല്ലെങ്കിൽ അത്തരം ഇടപെടലൊക്കെ വളരെ വ്യാപകമായി സമൂഹത്തിലുണ്ടാകണം. നിലവിൽ അതില്ലല്ലോ. ഇതിലൂടെയൊന്നും കടന്നുപോകാൻ പറ്റാത്തതിന്റെ പരിമിതി അവരുടെ ജീവിതത്തിലുണ്ടാകും. അതുകൊണ്ടുതന്നെ, പൊതുമേഖലയിലാണ് ഇക്കാര്യത്തിൽ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഉണ്ടാകേണ്ടത്. സ്വകാര്യവത്കരിക്കപ്പെടുന്ന ഏതൊരു വിഷയത്തിലും സംഭവിക്കാവുന്ന എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഈ നിസ്സഹായ ജനത അനുഭവിക്കുന്നുണ്ട്. അതൊരു ക്ലാസ് ഇഷ്യൂ കൂടിയാണെന്നതിൽ സംശയമില്ല.

നഗരത്തിലൊക്കെയുള്ള കുറേ സംവിധാനങ്ങളൊന്നും നാട്ടിൻപുറങ്ങളിലില്ല. മലയോര സ്ഥലങ്ങളിൽ അത്രയും ഇല്ല.

അതോടൊപ്പം പുതിയ കാലഘട്ടത്തിൽ കുടുംബഘടന മാറിയല്ലോ. പണ്ടൊക്കെ കുടുംബത്തിൽ ഒരുപാട് ആളുകളുള്ളതിനാൽ ഇവരുടെ സാന്നിധ്യം വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നില്ല. ഇപ്പോൾ അണുകുടുംബങ്ങളായി. അച്ഛനും അമ്മയും ജോലിക്ക് പോകുന്നു, കുട്ടി വീട്ടിൽ നിൽക്കുന്നു. അത് ഇവരിലുണ്ടാക്കുന്ന സമ്മർദം കൂടുതലാണ്. സാമൂഹികഘടന മാറുന്നതിനനുസരിച്ച് സംഭവിക്കുന്ന പ്രതിസന്ധികളുണ്ട്. അതേപോലെ സാമ്പത്തികമായി പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധിയുണ്ട്. അതോടൊപ്പം ജെൻഡർ പ്രശ്‌നങ്ങളും. ഇക്കാര്യങ്ങളൊന്നും കേരളീയസമൂഹം ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഈ മേഖലയിലുള്ളവർ പോലും ഗൗരവമായി പരിഗണിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

വളരെ ശരിയാണ്. നമ്മൾ ഇതിലേക്ക് ഇറങ്ങാൻ പോകുമ്പോഴാണ് ആഴം വീണ്ടും വീണ്ടും ബോധ്യപ്പെടുന്നത്. ഇതുവരെ പൊതുവായി വിദ്യാഭ്യാസ പ്രശ്‌നമുണ്ട്, തെറാപ്പി പ്രശ്‌നമുണ്ട് എന്നൊക്കെ പറഞ്ഞിടത്തുനിന്ന് ഓരോ വിഭാഗത്തിലേക്കിറങ്ങുമ്പോൾ അതിന്റെ ആഴം കൂടുതൽ വ്യക്തമാകുന്നുണ്ട്. അതിനനുസരിച്ച് നമ്മുടെ ഇടപെടലിന്റെ പോരായ്മയും മനസിലാകുന്നുണ്ട്.

വിഭവവിഹിതത്തിന്റെ വിതരണം വിവേചനരഹിതമാകണമെങ്കിൽ എല്ലാവർക്കും തുല്യനീതി ഉണ്ടാകണമല്ലോ. ആ അർഥത്തിൽ ഇവർക്ക് കിട്ടുന്നില്ല. ഇവർക്കുള്ള വിഭവവിഹിതം കുറവാണ്. അംഗസംഖ്യക്ക് ആനുപാതികമായ വിഭവിഹിതം അവരുടെയടുത്തില്ല, സ്റ്റേറ്റ് മാറ്റിവെക്കുന്നുമില്ല. കുടുംബത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു കൈകഴുകുന്നതും ശരിയല്ല. കാസർകോട് എൻഡോസൾഫാൻ മേഖല പ്രതിസന്ധിയുണ്ടെന്ന് ചർച്ച ചെയ്യപ്പെടുന്ന ഒരു മേഖലയാണ്. അവിടെ എൻഡോസൾഫാൻ എന്ന വിഷം വിതച്ചതിന്റെ ദുരന്തം അനുഭവിക്കുകയാണ്. എൻഡോസൾഫാൻ തളിച്ചത് ലാഭത്തിനുവേണ്ടിയാണ്, കശുവണ്ടിയുടെ എണ്ണം കുറച്ച് കൂട്ടാൻ. ഏരിയൽ സ്​പ്രേ നടത്തിയപ്പോൾ എല്ലാവരും ഈ വിഷമഴയിൽ കുളിച്ചു. അത് ഇവരുടെ ജീവിതത്തിലുണ്ടാക്കിയ അതിക്രൂരമായ കാര്യങ്ങളുണ്ട്. ജനിതക പ്രശ്‌നങ്ങളുണ്ട്. ജനിതകപ്രശ്‌നം ഒരു തലമുറയിൽ തീരുന്നതല്ല, പല തലമുറകളിലേക്ക് വ്യാപിക്കുന്നതാണ്.

ഭിന്നശേഷിക്കാർക്ക് പരിമിതികൾ സ്വതവേ ഉണ്ട്. അതിനൊപ്പം നമ്മൾ സൃഷ്ടിക്കുന്ന പരിമിതികളും. / Photo: Motivation India, Fb

സത്യത്തിൽ ഇതിൽ കുടുംബത്തിന്റെ പങ്കെന്താണ്? കുടുംബമല്ലല്ലോ കാരണക്കാർ. ഭരണകൂടത്തിന്റെ അല്ലെങ്കിൽ പൊതുസമൂഹത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് സാമ്പത്തികലാഭം കൊയ്യാൻ ചെയ്ത കുറുക്കുവഴി ഒരു ജനതയുടെ ജീവിതത്തെ മുഴുവൻ തകർക്കുകയല്ലേ. ഇത് ഒന്നോ രണ്ടോ തലമുറയിൽ തീരുന്നതല്ല. അതിന്റെ ഉത്തരവാദിത്തം നമുക്കാണ് എന്ന തോന്നൽ ഓരോ മനുഷ്യനും ഉണ്ടാകണം. ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യം, വിദ്യാഭ്യാസം, സാമൂഹ്യമായ പരിരക്ഷ... ഇതുണ്ടാകുന്നത് മറ്റെവിടെയോ നഷ്ടപ്പെടുന്നതിന്റെ വിഹിതം നമ്മൾ അവിഹിതമായി പറ്റുന്നു എന്നുള്ളതുകൊണ്ടുകൂടിയാണ്. അതുകൊണ്ടാണ് പറയുന്നത്, ഇത് ഔദാര്യമല്ല, അവകാശത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് ഇതൊരു രാഷ്​ട്രീയ പ്രശ്‌നമാണ്. രാഷ്​ട്രീയമായിത്തന്നെ പരിഹരിക്കപ്പെടേണ്ടതാണ്. കാരണം, ഓരോ വ്യക്തിക്കും അവകാശങ്ങളുണ്ട്. അത് അനുവദിച്ചുകൊടുക്കാൻ ബാധ്യതയുണ്ട്. അവർക്ക് സംഘടിക്കാൻ ശേഷിയില്ല, സമ്മർദം ചെലുത്താൻ ശേഷിയില്ല. അതുകൊണ്ട് നീതിയൊന്നും അവർക്ക് നൽകേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ബോധപൂർവമല്ലെങ്കിലും ഒരു രാഷ്ട്രീയപാതകമാണ്.

ഒരു സ്‌കൂളിൽ ഒരു ചർച്ച നടന്ന സമയത്ത് ഒരു ടീച്ചർ പറഞ്ഞത്, ഇൻക്ലൂഷൻ അവകാശമാണെന്ന് ആ കുട്ടികൾക്ക് അറിയില്ലല്ലോ. പിന്നെന്തിനാ കൊടുക്കുന്നതെന്ന്.

ആ ബോധമുണ്ടാകേണ്ടത് നമ്മൾക്കാണ്. കാരണം, ഒരുപാട് പ്രിവിലേജുകൾ അനുഭവിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ബോധമുണ്ടാവുക എന്നത് എന്റെ ബാധ്യതയാണ്. ഈ പ്രിവിലേജാന്നും ഇല്ലാത്ത ഒരു മനുഷ്യൻ അത് പറയണമെന്ന് പറയുന്നതുതന്നെ സെൻസിറ്റീവല്ല എന്നതിന്റെ ലക്ഷണമാണ്. ഒരു സിവിലൈസ്ഡ് സമൂഹത്തിൽ സെൻസിറ്റീവാവുക എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടാണ് സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ ആ ജനതയ്ക്ക് കൂടുതൽ സുരക്ഷിതത്വം കിട്ടുന്നത്. ▮


ഡോ. എം.കെ. ജയരാജ്​

യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഡയറക്ടർ. സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ മെന്റൽ ചാലഞ്ചസ് മുൻ ഡയറക്ടർ. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ പ്രശ്​നങ്ങളെക്കുറിച്ച്​ പഠിക്കാൻ സംസ്​ഥാന സർക്കാർ നിയോഗിച്ച ഏകാംഗ കമീഷനായിരുന്നു.

ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ (എഡിറ്റർ), എഴുത്ത് അഭിമുഖം നില്ക്കുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments